VIVAHA PORUTHAM


ദേശവിധപ്പൊരുത്തങ്ങളില്‍ ഓരോ പൊരുത്തത്തിനുള്ള ഫലങ്ങള്‍

ദിനം ഗണംച മാഹേന്ദ്രം
സ്ത്രീ ദീര്‍ഘം യോനിരേവച
രാശി രാശ്യാധിപോവശ്യം
രജ്ജുര്‍വേധം തഥൈവച.
1. ദിനം, 2. ഗണം, 3. മാഹേന്ദ്രം, 4. സ്ത്രീ ദീര്‍ഘം, 5. യോനി, 6. രാശി, 7. രാശ്യാധിപന്‍, 8. വശ്യം, 9. മദ്ധ്യമരജ്ജു, 10. വേധം, എന്നിവയാണ് പ്രധാനപ്പെട്ട പത്ത് വിവാഹ പൊരുത്തങ്ങള്‍ (മദ്ധ്യമരജ്ജു, വേധം എന്നീ പൊരുത്തങ്ങള്‍ ദോഷപ്രദങ്ങളാകയാല്‍ വര്‍ജ്ജിയ്ക്കേണ്ടവയുമാകുന്നു.)

ദിനദായുഷ്യമാരോഗ്യം
ശോഭനം ഗണമേവച
മാഹേന്ദ്രാല്‍ പുത്രവൃദ്ധിസ്യാല്‍
സ്ത്രീ ദീര്‍ഘാല്‍ സര്‍വ്വസമ്പദഃ
യോനിദേ ദമ്പതിസ്നേഹ
രാശീനാം വംശവൃദ്ധിക്യല്‍
സന്താനം രാശ്യാധിപതി
വശ്യാദന്യോന്യവശ്യതേ
രജ്ജുമംഗല്യവൃദ്ധിസ്യാല്‍
വേധയാശോകനാശനം
(കാലവിധാനം)
സാരം : ദിനപ്പൊരുത്തംകൊണ്ട് ആയുസ്സും ആരോഗ്യവും വര്‍ദ്ധിക്കുകയും സ്ത്രീ പുരുഷന്മാരുടെ ഗണം ഒന്നായിരുന്നാല്‍ സര്‍വ്വവിധശോഭനവും ദമ്പതികള്‍ക്കുണ്ടാവുകയും മാഹേന്ദ്രപ്പൊരുത്തത്താല്‍ പുത്രവൃദ്ധി ഉണ്ടാവുകയും ചെയ്യുമെന്നാണ് പറയുന്നതെങ്കിലും മാഹേന്ദ്രപ്പൊരുത്തത്തിന്റെ പദ്യം വ്യക്തമാക്കുന്നത്.

യാതേ മാഹേന്ദ്രയോഗസ്യാല്‍
മംഗല്യായുഷ്യവര്‍ദ്ധനം. എന്നുമാണ്.
സ്ത്രീ ദീര്‍ഘപ്പൊരുത്തംകൊണ്ട് സര്‍വ്വസമ്പത്തുകളും ഉണ്ടാകുന്നതാണെന്നും യോനിപ്പൊരുത്തം കൊണ്ട് ദമ്പതികള്‍ക്ക് യോജിപ്പും സ്നേഹവും ഉണ്ടാകുമെന്നും രാശിപ്പൊരുത്തം ഉണ്ടായിരുന്നാല്‍ ബന്ധുക്കള്‍ക്ക് യാതൊരു ആപത്തും ഉണ്ടാകാതെ അഭിവൃദ്ധിയെ ചെയ്യുന്നതാണെന്നും രാശ്യാധിപപ്പൊരുത്തം കൊണ്ട് ദമ്പതികള്‍ തമ്മിലുള്ള ചേര്‍ച്ചയില്‍ ഉത്തമസന്താനങ്ങള്‍ ജനിക്കാനിടയാകുമെന്നും, വശ്യപ്പൊരുത്തം ഉണ്ടായിരുന്നാല്‍ പരസ്പരം രണ്ടുപേരും തമ്മില്‍ വശ്യപ്പെടുകയും (പരസ്പരം ആകര്‍ഷിക്കപ്പെടുകയും) സ്നേഹിക്കപ്പെടുകയും ചെയ്യുന്നതാണെന്നും രജ്ജുപ്പൊരുത്തം ഉത്തമമായാല്‍ ദീര്‍ഘമംഗല്യം ഉണ്ടാകുന്നതാണെന്നും വേധപ്പൊരുത്തം ഉത്തമമായാല്‍ ദമ്പതികള്‍ക്ക് ദുഃഖശാന്തിവരുമെന്നും ദശവിധപ്പൊരുത്തങ്ങളില്‍ ഓരോന്നിനും പ്രത്യേകം പ്രത്യേകം ഫലം കൊടുത്തുകൊണ്ട് കാലവിധാനത്തില്‍ പറഞ്ഞിരിക്കുന്നു.

ഇപ്രകാരം ദശവിധപ്പൊരുത്തം ദാമ്പത്യജീവിതത്തിന്റെ സുപ്രധാനമായ 10 ഘടകങ്ങളായിതീരുന്നു. അതുകൊണ്ടാണ് ഋഷിവര്യന്മാര്‍ പൊരുത്തശോധനയ്ക്ക് പ്രാധാന്യത കല്‍പിച്ചിട്ടുള്ളത്.

മുന്‍കാണിച്ചിട്ടുള്ള കാലവിധാന ശ്ളോകത്തിന്റെ അടിസ്ഥാനത്തില്‍ പൊരുത്തങ്ങളുടെ അനുക്രമം വ്യക്തമാകുകയാണ്. ഇപ്രകാരമുള്ള ദശവിധപ്പൊരുത്തങ്ങളുടെ ക്രമം അനുസരിച്ചുള്ള പദ്യമാണ് ഈ അദ്ധ്യായത്തിന്റെ പ്രാരംഭത്തില്‍ കാണിച്ചിട്ടുള്ളത്.

ഇതില്‍ നിന്നും ദിനപ്പൊരുത്തമാണ് ആദ്യത്തെപ്പൊരുത്തമെന്ന് വ്യക്തമാകുന്നത്. സ്ത്രീ പുരുഷന്മാരുടെ ജന്മനക്ഷത്രങ്ങള്‍ പൊരുത്തശോധനയ്ക്കായി കിട്ടിക്കഴിഞ്ഞാല്‍ സ്ത്രീ നാള്‍ മുതല്‍ എത്രാമതാണ് പുരുഷനാള് വരുന്നതെന്ന് നോക്കുകയാണല്ലോ ആദ്യത്തെ ജോലി. അതില്‍ നിന്നും ദിനപ്പൊരുത്തമാണ്, ഒന്നാമതായി എടുക്കേണ്ടതെന്ന് വ്യക്തമാകുന്നു. ആയതിനാല്‍ ദിനപ്പൊരുത്തം മുതല്‍ നോക്കുന്നതാണ് വ്യക്തമായ കാര്യമെന്ന് കരുതുന്നു.


(1) ദിനപ്പൊരുത്തം
സ്ത്രീജന്‍മര്‍ഷാത് പ്രഥമാത്
തൃതീയഭേ, പഞ്ചമേ ച, സപ്തമഭേ,
ജാതോ വര്‍ജ്ജ്യഃ പുരുഷഃ
ക്രമാത് തു തേഷു ദ്വിതീയജന്മര്‍ക്ഷാത്
പ്രഥമാന്ത്യതൃതീയാംശേ
ജാതോ നിന്ദ്യ സ്തൃതീയജന്മര്‍ക്ഷാത്,തേഷു ക്രൂരാംശഭവോ
നിന്ദ്യശ്ചൈവം, ദിനാഖ്യമപി വിദ്യാത്.
(ജാതകാദേശം)
സ്ത്രീയുടെ ആദ്യത്തെ ജന്മനക്ഷത്രത്തില്‍ നിന്ന് 3-5-7 ഈ നക്ഷത്രങ്ങളില്‍ ജനിച്ച പുരുഷന്‍ വര്‍ജ്ജ്യനാകുന്നു. രണ്ടാമത്തെ ജന്മനക്ഷത്രത്തില്‍ നിന്ന് 3-ാം നാളിന്റെ ആദ്യത്തെ കാലിലും, 5-ാം നാളിന്റെ 4-ാം കാലിലും, 7-ാം നാളിന്റെ 3-ാം കാലിലും ജനിച്ച പുരുഷന്‍ നിന്ദ്യനാകുന്നു. 3-ാം മത്തെ ജന്മനക്ഷത്രത്തില്‍ നിന്ന് 3-5-7 ഈ മൂന്നു നാളുകളിലും പാപാംശം ഉണ്ടെങ്കില്‍ അതില്‍ ജനിച്ച പുരുഷനും നിന്ദ്യനാകുന്നു. ഇതാണ് ദിനം എന്ന പൊരുത്തം
പ്രഥമാത് സ്ത്രീജന്മര്‍ക്ഷാത്
സപ്തമജോ വാ തൃതീയജോ വാപി
കഷ്ടതരഃ, പഞ്ചമജാതഃ
വിശേഷതഃ ഇതി പ്രോക്തഃ
(ജാതകാദേശം)
സ്ത്രീയുടെ ആദ്യത്തെ ജന്മനക്ഷത്രത്തില്‍ നിന്ന് 3-7 ഈ നക്ഷത്രങ്ങളില്‍ ജനിച്ച പുരുഷന്‍ ആണ് മേല്‍പ്പറഞ്ഞതില്‍വെച്ച് അധികം ദോഷപ്രദനായിട്ടുള്ളത്. 5-ാം നക്ഷത്രത്തില്‍ ജനിച്ച പുരുഷന്‍ ഇതില്‍വെച്ചും എത്രയോ അധികം ദോഷപ്രദനുമാകുന്നു.

ഇതിനും പുറമേ സ്ത്രീ ജനിച്ചപാദം മുതല്‍ 88-ം, 108-ം പാദങ്ങളില്‍ ജനിച്ച പുരുഷനും വര്‍ജ്ജ്യമാണ്.

കന്യാപിറന്നകാല്‍ തൊട്ടങ്ങെമ്പത്തെട്ടാമതും തഥാ
നൂറ്റെട്ടാം കാലുമാവും ജന്മക്കാലെങ്കില്‍ വര്‍ജ്ജ്യയേല്‍
(കാലദീപം)
ദിനാദായുഷ്യമാരോഗ്യം എന്ന് കാലവിധാനത്തില്‍ പറഞ്ഞിരിക്കുന്നതിനാല്‍ ദമ്പതികള്‍ക്ക് ആയുരാരോഗ്യവൃദ്ധി ഉണ്ടാകാനിടയാക്കുന്നതാണ് ദിനപ്പൊരുത്തം.

(2) ഗണപ്പൊരുത്തം
പൂരോത്രാദ്യങ്ങള്‍ മൂന്നാംതിര ഭരണിയുമാ
രോഹണീ മര്‍ത്ത്യരോവം

ചിത്ര തൃക്കേട്ട മൂലം മകചതയവിട്ടം
കാര്‍ത്തികായില്യവും,
ശംഖം താന്‍ രാക്ഷസന്മാര്‍.

പുണര്‍തവുമനിഴം
പൂയ്യമത്തം തിരോണം
രേവത്യശ്വം മകീരം സുരഗണമിവയില്‍
ചോതിയും ചേര്‍ത്തിടേണം
(ജാതകാദേശം)
പൂരോത്രാദ്യങ്ങള്‍ - പൂരം, പൂരാടം, പൂരോരുട്ടാതി, ഉത്രം, ഉത്രാടം, ഉത്രട്ടാതി.

ഗണമൊന്നാകിലോ മുഖ്യം
മദ്ധ്യമം ദേവ മാനുഷം
ദേവാസുര ഗണം നിന്ദ്യം
ആകാ മാനുഷ രാക്ഷസം
(ജ്യോതിഷദീപമാല)
പൂരം, പൂരാടം, പൂരോരുട്ടാതി, ഭരണി, രോഹിണി തിരുവാതിര, ഉത്രാടം, ഉത്രം, ഉത്രട്ടാതി എന്നീ ഒമ്പത് നക്ഷത്രങ്ങള്‍ മനുഷ്യഗണങ്ങളും.

കാര്‍ത്തിക, ആയില്യം, മകം, ചിത്രം, വിശാഖം, തൃക്കേട്ട, മൂലം, അവിട്ടം, ചതയം എന്നീ ഒമ്പത് നക്ഷത്രങ്ങളും അസുരഗണങ്ങളുമാകുന്നു.

പുണര്‍തം, അനിഴം, പൂയ്യം, അത്തം, തിരുവോണം, രേവതി, അശ്വതി, മകീര്യം, ചോതി എന്നീ ഒമ്പത് നക്ഷത്രങ്ങള്‍ ദേവ ഗണങ്ങളുമാകുന്നു.

ശുഭദം ഗണൈക്യ.മിതര-
ന്നിന്ദ്യം, പ്രായോ, വിശേഷമിഹ വക്ഷ്യേ
ദേവഗണോത്ഥേ പുരുഷേ
മാനുഷഗണസംഭവാപി ശുഭദാ സ്ത്രീ
(ജാതകാദേശം)
സ്ത്രീ പുരുഷന്‍മാര്‍ ഒരേ ഗണത്തില്‍ ജനിച്ചവരാണെങ്കില്‍, ശുഭപ്രദമാകുന്നു. രണ്ടുപേരും രണ്ടു ഗണത്തില്‍ ജനിച്ചവരാണെങ്കില്‍ പ്രായേണ നിന്ദ്യവുമാണ്. എന്നാല്‍ ഇവിടെ കുറച്ചു ചില വിശേഷമുള്ളതും പറയാം. ദേവഗണത്തില്‍ ജനിച്ച പുരുഷനാണെങ്കില്‍ മനുഷ്യഗണനക്ഷത്രത്തില്‍ ജനിച്ച സ്ത്രീ ആയാലും ശുഭപ്രദം തന്നേയാകുന്നു.

അസുരഗണോത്ഥേ പുരുഷേ
മദ്ധ്യാ സ്യാത് സ്ത്രീ മനുഷ്യഗണജാതാ
ദേവഗണസംഭവായാം
യോഷിതി നൃഗണോത്ഭവഃ പുമാന്‍ നിന്ദ്യഃ.
(ജാതകാദേശം)
പുരുഷന്‍ അസുരഗണത്തില്‍ ജനിച്ചവനാണെങ്കില്‍, മനുഷ്യഗണത്തില്‍ ജനിച്ച സ്ത്രീയെ മദ്ധ്യമമായി എടുക്കാം.

മനുഷ്യഗണത്തില്‍ ജനിച്ച പുരുഷന്‍ ദേവഗണത്തില്‍ ജനിച്ച സ്ത്രീയെ എടുക്കുന്നത് നിന്ദ്യവുമാകുന്നു. (ചില ജ്യോതിശാത്രജ്ഞര്‍ മദ്ധ്യമമായി എടുക്കുന്നുണ്ട്. കാരണം, മനുഷ്യന്‍ ദേവതകളെ പൂജിയ്ക്കുന്നതു പോലെ പുരുഷന്‍ സ്ത്രീയെ പൂജിയ്ക്കുമെന്ന് കരുതുന്നു.).

അസുരഗണോക്ത നാരീ
കഷ്ടതരാ മാനുഷോത്ഭവേ പുരുഷേ
നാത്യശുഭാ സാപി സ്യാത്
സ്ത്രീദീര്‍ഘേ വാപി, സൂക്ഷമഗണൈക്യേ.
(ജാതകാദേശം)
മാനുഷഗണജാതനായ പുരുഷന്‍ അസുരഗണജാതയായ സ്ത്രീയെ വിവാഹം ചെയ്യുന്നത് അത്യന്തം ദേഷപ്രദമാകുന്നു. സ്ത്രീദീര്‍ഘമോ സൂക്ഷമനക്ഷത്രഗണൈക്യമൊ ഉണ്ടെങ്കില്‍, ഒടുവില്‍ പറഞ്ഞ ഈ ദോഷത്തിന്റെ ശക്തി കുറച്ചു കുറയുകയും ചെയ്യും.

സ്ത്രീ രാക്ഷസം പുമാന്‍ മര്‍ത്ത്യഗണമെങ്കില്‍ വിവര്‍ജ്ജ്യയേല്‍ എന്നും

സ്ത്രീ രാക്ഷസസ്യദോഷസ്യ
ചതുര്‍ദശ വിനാഫലം എന്നും ശാസ്ത്രവചനമുണ്ട്.
ആയതിനാല്‍ സ്ത്രീ രാക്ഷസഗണവും പുരുഷന്‍ മാനുഷഗണവും ആയാല്‍ അധമമാണ്.
എന്നാല്‍ സ്ത്രീ രാക്ഷസഗണമായാല്‍ സ്ത്രീനാള്‍ മുതല്‍ 14 നക്ഷത്രത്തിന് മേലുള്ള മറ്റു ഗണങ്ങളില്‍ പുരുഷന്‍ ജനിച്ചാല്‍ ദോഷമല്ലാത്തതാകുന്നു.

സ്ത്രീ ദീര്‍ഘതയാല്‍ സ്ത്രീയുടെ അസുരഗണദോഷം മാറുന്നതാണെന്ന് താല്‍പര്യം.

സൂക്ഷമനക്ഷത്രഗണൈക്യ മാണ് ഇനി പറയുവാന്‍ പോകുന്നത്.
ദമ്പതി ലഗ്നോത്ഭവയോ-
ശ്ചന്ദ്രസ്യ നവാംശകോത്ഥയോര്‍വ്വാപി
നക്ഷത്രയോര്‍ഗ്ഗണൈക്യം
സൂക്ഷമര്‍ക്ഷഗണൈക്യ ശബ്ദഗദിതമിഹ
(ജാതകാദേശം)
സ്ത്രീയുടേയും പുരുഷന്റേയും ലഗ്നസ്ഫുടത്തെ വേറെ വെച്ച് രണ്ടില്‍ നിന്നു നാള് കാണുക. അല്ലെങ്കില്‍ ഇരുവരുടേയും ചന്ദ്രന്റെ നവാംശക സ്ഫുടം വരുത്തി അതില്‍ നിന്നായാലും മതി. ഇങ്ങനെ കാണുന്ന നക്ഷത്രങ്ങളെയാണ് സൂക്ഷ്മ നക്ഷത്രങ്ങള്‍ എന്നു പറയുന്നത്. ഈ സൂക്ഷമനക്ഷത്രങ്ങളുടെ ഗണം ഒന്നായി വന്നാല്‍, അതിനെയാണ് സൂക്ഷ്മനക്ഷത്രഗണൈക്യം എന്നു പറയുന്നത്.


(3) മാഹേന്ദ്രപ്പൊരുത്തം
സ്ത്രീജന്മര്‍ക്ഷത്രിതയാത്
ചതുര്‍ത്ഥദിക് സപ്തമേഷ്വഥര്‍ക്ഷേഷു
ജാതഃ ശുഭകൃത് പുരുഷോ,
മാഹേന്ദ്രാഖ്യഃ പ്രകീര്‍ത്തിതശ്ചൈവം.
(ജാതകാദേശം)
സ്ത്രീയുടെ മൂന്ന് ജന്മനക്ഷത്രങ്ങളില്‍ നിന്നും, 4-7-10 ഈ നാളുകളില്‍ ജനിച്ച പുരുഷന്‍ ശുഭപ്രദനാകുന്നു. ഈ യോഗത്തെയാണ് മാഹേന്ദ്രം എന്നു പറയുന്നത്. (സ്ത്രീ ജനിച്ച നക്ഷത്രം 1-ാമത്തെ ജന്മനക്ഷത്രവും , അതില്‍ നിന്നു 10-ാ മത്തെ നക്ഷത്രം 2-ാ മത്തേയും, 19-ാമത്തെ നക്ഷത്രം മൂന്നാമത്തേയും ജന്മനക്ഷത്രങ്ങളാകുന്നു.)

ഇപ്രകാരമുള്ള മാഹേന്ദ്രപ്പൊരുത്തത്താല്‍ ദമ്പതികള്‍ക്ക് മംഗല്യവും ആയുസും വര്‍ദ്ധിക്കുന്നതാണ്. ദീര്‍ഘമംഗല്യമുണ്ടാകുമെന്ന് സാരം. മറ്റുള്ള നാളുകള്‍ മദ്ധ്യമമായിട്ടും കണക്കാക്കുന്നു. ഇതില്‍ അധമം ഇല്ല.


(4) സ്ത്രീ ദീര്‍ഘപ്പൊരുത്തം
പ്രശ്നമാര്‍ഗ്ഗം 21-ാം അദ്ധ്യായം 207-ാം പേജില്‍ ഗണയേല്‍ സ്ത്രീജന്മര്‍ഷാല്‍.... എന്നുതുടങ്ങുന്ന ശ്ളോകപ്രകാരം, സ്ത്രീയുടെ ജന്മനക്ഷത്രം മുതല്‍ പുരുഷനാല്‍ വരെ എണ്ണിയാലുള്ള സംഖ്യ 15-ല്‍ അധികമുണ്ടെങ്കില്‍ സ്ത്രീ ദീര്‍ഘപ്പൊരുത്തമുണ്ട്. അത് ശുഭമാകുന്നു. എന്നാല്‍ മാധവീയത്തില്‍ 8 അദ്ധ്യായം 21-ാം ശ്ളോകം കൂടുതല്‍ യോജിപ്പാണെന്ന് കാണുന്നതിനാല്‍ അത് താഴെ ചേര്‍ക്കുന്നു.

സ്ത്രീ താരകാദി നവകത്രിതയേ വരസ്യ
ജന്മര്‍ക്ഷമ്യക്ഷനവകേ പ്രഥമേ നദീഷ്ടം
മദ്ധ്യേയ മദ്ധ്യമലം ചരമേ പ്രശസ്തം
ന്യായം ദിനാദിഷുച കേപിദിരം വദന്തി.
സാരം- സ്ത്രീയുടെ ജന്മനക്ഷത്രമാദിയായി എണ്ണിയാല്‍ ആദ്യത്തെ ഒന്‍പത് നാളിനകം പുരുഷന്റെ ജന്മനക്ഷത്രം വരുന്നത് അശുഭവും രണ്ടാമത്തെ ഒന്‍പത് നാളിനകം വന്നാല്‍ മദ്ധ്യമവും മൂന്നാമത്തെ ഒന്‍പത് നാളിനകം വന്നാല്‍ സ്ത്രീ ദീര്‍ഘപ്പൊരുത്തം ഉത്തമവുമാകുന്നു. ഏതായാലും സ്ത്രീയുടെ ജന്മനക്ഷത്രത്തില്‍ നിന്ന് പുരുഷന്റെ ജന്മനക്ഷത്രം വളരെ അകന്നു വരുന്നത് ഏറ്റവും ഉത്തമമാണ്.

മാധവാചാര്യരുടെ ഇപ്രകാരമുള്ള അഭിപ്രായത്തിന് മറ്റുള്ളവയെക്കാള്‍ ഏറെ പ്രാധാന്യം കാണുന്നു.

സ്ത്രീ ദീര്‍ഘാല്‍ സര്‍വ്വ സമ്പദാ എന്നുള്ള കാലവിധാന ശാസ്ത്രപ്രകാരം സ്ത്രീ ദീര്‍ഘപ്പൊരുത്തത്താല്‍ ദമ്പതികള്‍ക്ക് സര്‍വ്വവിധമായ സമ്പത്തുകളും ഉണ്ടാകുന്നതാണ്.

(5) യോനിപ്പൊരുത്തം
പൂരോരട്ടാതിയോണം ഭരണിയഹി ഹയം
പൂയ്യമുത്രാടമുത്രം
പൂരാടം കേട്ട ചോതീ മകവുമഥ വിശാ-
ഖാഖ്യമൂലം പുമാന്മാര്‍.

ഉത്രട്ടാദ്യതിരാ കേള്‍ ചതയമനിഴവും
രേവതീ കാര്‍ത്തികാത്തം.
ചിത്രാവിട്ടം മകീരം പുണര്‍തവുമതുപോല്‍
രോഹണീ പൂരവും സ്ത്രീ.
അശ്വതി, ഭരണി, പൂയ്യം, ആയില്യം, മകം, ഉത്രം, ചോതി, വിശാഖം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, പൂരോരുട്ടാതി. എന്നീ നക്ഷത്രങ്ങള്‍ പുരുഷ യോനി നക്ഷത്രങ്ങള്‍ ആകുന്നു.

കാര്‍ത്തിക, രോഹിണി, മകീരം, തിരുവാതിരം, പുണര്‍തം, പൂരം, അത്തം, ചിത്ര, അനിഴം, അവിട്ടം, ചതയം, ഉത്രട്ടാതി, രേവതി എന്നീ നക്ഷത്രങ്ങള്‍ സ്ത്രീ യോനി നക്ഷത്രങ്ങള്‍ ആകുന്നു.

ഇതില്‍ പുരുഷന്‍, പുരുഷയോനി നക്ഷത്രത്തിലും സ്ത്രീ സ്ത്രീയോനിനക്ഷത്രത്തിലുമായാല്‍ ഉത്തമവും സ്ത്രീ പുരുഷയോനി നക്ഷത്രത്തിലും പുരുഷന്‍ സ്ത്രീയോനി നക്ഷത്രത്തിലും ആയാലും രണ്ടുപേരും പുരുഷയോനി നക്ഷത്രത്തിലായാലും യോനിപ്പൊരുത്തം അധമമാകുന്നു. രണ്ടുപേരും സ്ത്രീ യോനിനക്ഷത്രങ്ങളിലായാല്‍ മദ്ധ്യമമാകുന്നു.

മേല്‍പ്പറഞ്ഞ പ്രകാരം വിപരീതയോനി നക്ഷത്രങ്ങളില്‍ ജനിച്ചാല്‍ കഷ്ടായോനിവിരുദ്ധതാ എന്ന് പ്രശ്നമാര്‍ഗ്ഗം 21-അദ്ധ്യായം 36-ാം ശ്ളോകം പറയുന്നുണ്ട്.

യോനിപ്പൊരുത്തം ഉത്തമമായിരുന്നാല്‍ യോനിതേദമ്പതിസ്നേഹ എന്ന് കാലവിധാനത്തില്‍ പറഞ്ഞിരിക്കുന്നു. യോനിപ്പൊരുത്തം ഉണ്ടായിരുന്നാല്‍ ദമ്പതികള്‍ക്ക് സ്നേഹവും ഐക്യവും സംജാതമാകുമെന്നുള്ളത് പ്രസ്തുത പദ്യത്താല്‍ വ്യക്തമാകുന്നു. മാത്രമല്ല യോനിപ്പൊരുത്തം ഉത്തമമായാല്‍ സ്നേഹത്തിനു പുറമേ സമ്പത്തും കൂടിയുണ്ടാകുമെന്നാണ് മുന്‍പറഞ്ഞ പ്രശ്നമാര്‍ഗ്ഗ പദ്യം വ്യക്തമാക്കുന്നത്.

(6) രാശിപ്പൊരുത്തം
സ്ത്രീജന്മതോ രണ്ടഥ മൂന്നുമഞ്ചുമാറും വിവര്‍ജ്ജ്യതേ
എന്നുള്ള കാലദീപശാസ്ത്രം അനുസരിച്ച് സ്ത്രീ ജനിച്ച രാശി മുതല്‍ 2, 3, 5, 6 എന്നീ രാശികളില്‍ പുരുഷന്‍ ജനിച്ചാല്‍ രാശിപ്പൊരുത്തം അധമവും 4-ാം രാശി മദ്ധ്യമവും 7 മുതലുള്ള രാശികളില്‍ പുരുഷന്‍ ജനിച്ചാല്‍ രാശിപ്പൊരുത്തം ഉത്തമവുമാകുന്നു. രാശിപ്പൊരുത്തത്തെപ്പറ്റി മാധവീയത്തില്‍ പറയുന്നത്.

സ്ത്രീ ജന്മഭാല്‍ ഭവതിപുംസികുടുംബജാതേ
വിത്തക്ഷയ സ്തനയഹാനിരപത്യ ജാതേ
ഷഷ്ടോല്‍ ഭവേ വ്യസന രോഗ വിപദ്വിയോഗാ
ദുഖംസഹോദരഭവേ സുഖജേവിരാേേധഃ
(മാ. അ 8, ശ്ളോ. 14)
സാരം - സ്ത്രീയുടെ 2-ാം കൂറില്‍ പുരുഷരാശിക്കൂറുവന്നാല്‍ ദ്രവ്യനാശവും 3-ാം കൂറിന് ദുഃഖവും 4-ാം കൂറില്‍ വന്നാല്‍ അന്യോന്യവിരോധും (സുഖജോവിരോധ) 5-ാം കൂറില്‍ വന്നാല്‍ പുത്രനാശവും 6-ാം കൂറില്‍ ജനിച്ചാല്‍ ഷഷ്ടാഷ്ടമത്താല്‍ വ്യസനം, രോഗം, ആപത്ത്, വിയോഗം എന്നീ കഷ്ടാനുഭവങ്ങളും ഉണ്ടാകുന്നതാണ്. ഷഷ്ഠാഷ്ടമദോഷത്തെപ്പറ്റി മുഹൂര്‍ത്തരത്നം എന്ന ഗ്രന്ഥത്തില്‍ നിന്നും പ്രശ്നമാര്‍ഗ്ഗത്തില്‍ ചേര്‍ത്തിട്ടുള്ളത്.

യുഗ്മാദ് സ്ത്രീജന്മര്‍ക്ഷാദ്
ഷഷ്ഠേ ജാതോ വിവര്‍ജ്ജ്യതേ പുരുഷഃ
ഓജാത് സ്ത്രീജന്മര്‍ക്ഷാദ്
മദ്ധ്യഃ ഷഷ്ഠരക്ഷജോ ഭവതി.
(ജാതകാദേശം)
സ്ത്രീയുടെ കൂറ് ഇടവം, കര്‍ക്കിടകം ഇങ്ങനെ യുഗ്മ (ഇരട്ടപ്പെട്ട) രാശിയാണെങ്കില്‍, അതിന്റെ ആറാം കൂറില്‍ ജനിച്ച പുരുഷന്‍ വര്‍ജ്ജ്യനാകുന്നു. നേരെ മറിച്ച് , മേടം, മിഥുനം ഇങ്ങനെ ഒറ്റപ്പെട്ട രാശിയാണ് സ്ത്രീയുടെ കൂറ് എങ്കില്‍, അതിന്റെ ആറാം രാശിയില്‍ ജനിച്ച പുരുഷന്‍ മദ്ധ്യമനുമാകുന്നു.


ഷഷ്ടാഷ്ടമേ മരണ വൈരവിയോഗദോഷാ
ദ്വിദ്വാദശേ വധനത പ്രജതാത്രികോണേ
ശേഷോഷ്വനേകവിധസൌഖ്യസുതാര്‍ത്ഥസമ്പല്‍
ഷഷ്ഠാഷ്ടമപ്രഭൃതികേഷ്വപി വൈരവേധേ
(പ്ര.മാ. 21 അ 10 ശ്ളോ)
സാരം - സ്ത്രീ ജനിച്ചകൂറിന്റെ 6-ാം കൂറില്‍ പുരുഷന്‍ ജനിച്ചാല്‍ അന്യോന്യം വൈരവും വിരഹദുഃഖവും അല്ലെങ്കില്‍ മരണവും സംഭവിക്കും. 2-ാം കൂറില്‍ ജനിച്ചാല്‍ ദാരിദ്യ്രം ഫലം. 5-ാം കൂറില്‍ ജനിച്ചാല്‍ പുത്രനാശം അനുഭവിക്കും. മറ്റുള്ള കൂറുകളില്‍ ജനിച്ചാല്‍ അനേകവിധ സൌഖ്യവും സന്താനാഭിവൃദ്ധിയും ധനസമ്പത്തും ഫലം. ഇരുവരുടേയും കൂറുകള്‍ അന്യോന്യം ശത്രുക്കളാകുകയോ വേധമുണ്ടാകുകയോ ചെയ്താല്‍ 2, 5, 6 എന്നീ കൂറുകള്‍ക്ക് പറഞ്ഞ ഫലം എത്രയും വേഗം അനുഭവിക്കുന്നതാണ്. ഇരുവരുടേയും കൂറുകളുടെ അധിപന്മാര്‍ ഒന്നിക്കുകയോ അന്യോന്യം ബന്ധുക്കളായോ വരുകയും വശ്യപ്പൊരുത്തം ഉണ്ടാകുകയും ചെയ്താല്‍ ഈ ദോഷം അനുഭവപ്പെടുന്നതല്ല.
വശ്യഭാവേതഥാന്യോന്യം താരാശുദ്ധാ പരസ്പരം
നചേല്‍ ഷഷ്ഠാഷ്ടമേദോഷസ്തദാഷഷ്ഠാഷ്ടമ ശുഭം.
(പ്ര.മാ 21.അ.7-ാം ശ്ളോകം)
ഇരുവരുടേയും കൂറുകള്‍ തമ്മില്‍ വശ്യമായിരിക്കുകയും വേധമില്ലാതിരിക്കുകയും ചെയ്താല്‍ കൂറുകള്‍ തമ്മിലുള്ള ഷഷ്ഠാഷ്ടമത്വം ദോഷമല്ലാ. ശുഭമാകുന്നു.

ജന്മര്‍ക്ഷ വേധേ കഥിതേത്രജാതേ
യുക്തോപിവശ്യാദിഗുണൈര്‍ബലിഷൈഠഃ
പതിഞ്ചകന്യാംപ സമുഖ ഘാതം
നിഹന്തിഷഷ്ഠാഷ്ടമരാശിയോഗഃ
(മാ. 8. അ. 17. ശ്ളോ)
ഇവിടെപറഞ്ഞ ജന്മര്‍ക്ഷ വേധം ഉണ്ടെങ്കില്‍ വശ്യം മുതലായ മറ്റു പൊരുത്തങ്ങള്‍ പ്രബലങ്ങളായി ഉണ്ടായിരുന്നാലും അവരുടെ വിവാഹം ദോഷവും ദമ്പതിമാരുടെ രണ്ടുപേരുടേയും വംശത്തിനുകൂടി നാശവും സംഭവിക്കുന്നതുമാകുന്നു. ഈ വേധത്തില്‍ ഷഷ്ഠാഷ്ടമം കൂടി ഉണ്ടെങ്കില്‍ ഈ ഫലം ഉടനെ തന്നെ അനുഭവിക്കുന്നതുമാകുന്നു.

ഏകോപിദോഷോവേദാഖ്യോ ഗുണാല്‍ ഹന്തി ബഹുന്യ പിതസ്മാദ്വി വര്‍ജ്ജേയേ, ദ്വേധം മദ്ധ്യരജ്ജുശ്ച തത്സമഃ എന്നു പ്രമാണാന്തരവുമുണ്ട്.

ഷഷ്ഠാഷ്ടമദോഷത്തിനു പരിഹാരമാര്‍ഗ്ഗം
അസതിജനനതാരാ വേധദോഷേയദിസ്യാദ്
ഭവനപതിസുഹൃത്വം വശ്യതൈ കാധിപ്ത്യം
ഭവതിനഖലൂദോഷസ്തര്‍ഹി ഷഷ്ഠാഷ്ടമത്വാല്‍
സതികഥികഗുണേ സ്മിന്നാശുഭോ രാശിയോഗഃ
(മാ. 8. ഐഅ. 15. ശ്ളോ)
സാരം - സ്ത്രീ പുരുഷന്മാരുടെ നക്ഷത്രങ്ങള്‍ക്ക് അന്യോന്യം വേധമില്ലാതിരിക്കുകയും രണ്ടുപേരുടേയും രാശ്യാധിപന്മാര്‍ അന്യോന്യം ബന്ധുക്കളായിരിക്കുകയും അതല്ലെങ്കില്‍ ഏകാധിപത്യം ഉണ്ടായിരിക്കുകയും രാശ്യാധിപവും വശ്യവും പൊരുത്തങ്ങള്‍ അനുകൂലമായിരിക്കുകയും ചെയ്താല്‍ ഷഷ്ഠാഷ്ടമദോഷം ഉണ്ടാകുന്നതല്ല.

മുന്‍പറഞ്ഞ ഷഷ്ഠാഷ്ടമദോഷത്തോടുകൂടി വേധ ദോഷമോ രാശ്യാധിപ ശത്രുതയോ ഉണ്ടായിരുന്നാല്‍ ഷഷ്ഠാഷ്ടമദോഷത്തിന്റെ ഫലം എത്രയും വേഗം അനുഭവപ്പെടാനിടയുള്ളതും ഒരിക്കലും ബന്ധപ്പെടുത്താന്‍ പാടില്ലാത്തതുമാകുന്നു. വേധദോഷമില്ലെങ്കില്‍ ഏകാധിപത്യം വന്നാല്‍ ഷഷ്ഠാഷ്ടമത്തിന് പരിഹാരമുണ്ടാകുന്നതാണ്.

ഒരേ രാശിയില്‍ രണ്ടുപേരുടേയും നക്ഷത്രങ്ങള്‍ വരുമ്പോള്‍ ഉണ്ടാകുന്ന ഫലവും മറ്റും
ഏകരാശി ദ്വിനക്ഷത്രം
പുത്രപൌത്രാദിവൃദ്ധിക്യല്‍
(പ്ര.മാ. 21. അ. 17 ശ്ളോ)
സാരം - സ്ത്രീ പുരുഷന്മാരുടെ ജന്മനക്ഷത്രങ്ങള്‍ രണ്ടും ഒരേ കൂറില്‍ വന്നാല്‍ പുത്രപൌത്രാദി അഭിവൃദ്ധി ഉണ്ടാകുന്നതാണ്.

(7) രാശ്യാധിപപ്പൊരുത്തം
ജീവോഅര്‍ക്കസ്യ, ഗുരുജ്ഞൌെ
ശശിനോ, ഭൌെമസ്യ ശുക്രശശിപുത്രൌെ.
ജ്ഞസ്യ ആദിത്യവിഹീനാ,
ഭൌെമവിഹീനാഃ സുരേന്ദ്രപൂജ്യസ്യ.

സുഹൃദഃ സ്യു, ര്‍ഭ്യഗുസുനോഃ
ക്ഷണദാകരഭാനുവര്‍ജ്ജിതാ വിഹഗാഃ
അര്‍ക്കേന്ദുഭൌെമഹീനാ
രവിസുനോര്‍ ഭാധിപാഖ്യമിതി ചിന്ത്യം.
സൂര്യന് വ്യാഴവും, ചന്ദ്രന് വ്യാഴവും ബുധനും, കുജന് ശുക്രബുധന്മാരും, ബുധന് സൂര്യന്‍ ഒഴിച്ച് മറ്റെല്ലാ ഗ്രഹങ്ങളും , വ്യാഴത്തിന് കുജന്‍ ഒഴിച്ച് മറ്റെല്ലാ ഗ്രഹങ്ങളും ബന്ധുക്കളാണ്.
ശുക്രന് സൂര്യചന്ദ്രന്മാരൊഴിച്ച് മറ്റു ഗ്രഹങ്ങളും, ശനിയ്ക്ക് സൂര്യചന്ദ്രകുജന്മാരൊഴിച്ച് മറ്റു ഗ്രഹങ്ങളും ബന്ധുക്കളാകുന്നു. ഇങ്ങനെയാണ് രാശ്യാധിപത്യത്തെ വിചാരിയ്ക്കേണ്ടത്.

സ്ത്രീപുരുഷന്മാരുടെ ചന്ദ്രരാശ്യാധിപന്മാര്‍ ഒരു ഗ്രഹമായാലും രണ്ടും പരസ്പരം ഇഷ്ടഗ്രഹങ്ങളായാലും രാശ്യാധിപപ്പൊരുത്തം ഉത്തമമാകുന്നു.

പൊരുത്തങ്ങള്‍ക്കെല്ലാം സ്ത്രീ രാശിമുതല്‍ നോക്കുന്നതില്‍ പ്രാധാന്യം കല്‍പിക്കുന്നതിനാല്‍ സ്ത്രീയുടെ രാശ്യാധിപന്റെ ശത്രുവായി പുരുഷ രാശ്യാധിപന്‍ വന്നാലും പരസ്പരം ശത്രുക്കളായി വന്നാലും രാശ്യാധിപപ്പൊരുത്തം അധമമാകുന്നു.

സ്ത്രീയുടെ രാശ്യാധിപന്റെ സമനായി പുരുഷ രാശ്യാധിപന്‍ ഭവിച്ചാല്‍ രാശ്യാധിപപ്പൊരുത്തം മദ്ധ്യമം. രണ്ടു ഗ്രഹങ്ങളും തമ്മില്‍ ഒരു പ്രകാരത്തില്‍ ശത്രുവും മറുപ്രകാരത്തില്‍ ബന്ധുവും ആയിവന്നാലും ആഗ്രഹങ്ങളെ തമ്മില്‍ സമന്മാരായി കണക്കാക്കേണ്ടത് ശാസ്ത്രനിയമമാകയാല്‍ അതനുസരിച്ചും രാശ്യാധിപപ്പൊരുത്തം മദ്ധ്യമം ആകുന്നു.

സന്താനം രാശ്യാധിപതി എന്ന് കാലവിധനം പറയുന്നതിനാല്‍ അതിനുകാരണം രണ്ടുപേരുടേയും രക്തം തമ്മിലുള്ള ഗ്രൂപ്പുകളുടെ യോജിപ്പിനാലാണെന്ന് തെളിയുന്നു. രണ്ടുപേരുടേയും രാശ്യാധിപന്മാര്‍ ഒന്നാകുകയോ തമ്മില്‍ ഇഷ്ടഗ്രഹളാകുകയോ ചെയ്താല്‍ അവരുടെ രക്തഗ്രൂപ്പുകള്‍ക്ക് തമ്മില്‍ യോജിപ്പ് ഉണ്ടാകുകയും തദ്വാരാ അവര്‍ തമ്മില്‍ സ്നേഹമുള്ളവരായി തീരുകയും അവര്‍ക്ക് ആശയപ്പൊരുത്തം ഭവിക്കാനിടയാകുകയും ചെയ്യുന്നതാണ്. ആയതിനാല്‍ സല്‍സന്താനഭാഗ്യവും സ്നേഹവായ്പും ഉണ്ടാകാനിടയാകുന്നതുമാണ്.

യോനിപ്പൊരുത്തവും വശ്യപ്പൊരുത്തവും പോലെ രാശ്യാധിപപ്പൊരുത്തവും സ്നേഹത്തെക്കുറിക്കുന്നതാണ്.

(8) വശ്യപ്പൊരുത്തം
മേഷസ്യവശ്യസിംഹളീ
വൃഷഭേ കര്‍ക്കിതുലാമതും
മിഥുനസ്യ വശ്യവനിതാ
കര്‍ക്കടേ വൃശ്ചികം ധനു
ചിങ്ങത്തിന് തുലാം വശ്യം
കന്നിയ്ക്ക് മിഥുന മീനവും
മകരം കന്നി തുലാത്തിന്
വൃശ്ചികേ വശ്യ കര്‍ക്കിയാം
ധനുസിന്ന് മീനം വശ്യം
മകരേ രേഷ കുംഭവും
കുംഭത്തിന് മേടം വശ്യം
മീനേ മകര രാശിയാം
രാശീനാം വശ്യമീവണ്ണംട
വശ്യാതന്യോന്യ വശ്യതേ.
മേടത്തിന് വൃശ്ചികവും ചിങ്ങവും, ഇടവത്തിന് കര്‍ക്കിടകവും തുലാവും, മുഥുനത്തിന് കന്നിയും, കര്‍ക്കിടകത്തിന് തുലാവും ധനുവും, ചിങ്ങത്തിന് തുലാവും, കന്നിയ്ക്ക് മിഥുനവും മീനവും, തുലാത്തിന് മകരവും കന്നിയും, വൃശ്ചികത്തിന് കര്‍ക്കിടകവും, ധനുവിന് മീനവും, മകരത്തിന് കുംഭവും മേടവും, കുംഭത്തിന് മേടവും, മീനത്തിന് മകരവും, വശ്യരാശികളാകുന്നു.

സ്ത്രീയുടെ ചന്ദ്രരാശിയില്‍ നിന്നോ പുരുഷന്റെ ചന്ദ്രരാശിയില്‍ നിന്നോ ഇപ്രകാരം വശ്യ രാശി വന്നാല്‍ വശ്യപ്പൊരുത്തം ഉണ്ടാകുന്നു. അതുകൊണ്ടാണ് വശ്യാതന്യോന്യവശ്യതേ എന്നുള്ള പ്രയോഗം കൊടുത്തിട്ടുള്ളത്.

ദ്വയാര്‍ത്ഥ പ്രയോഗത്താലുള്ള ഈ വരിയ്ക്ക് രണ്ടുപ്രകാരത്തില്‍പ്പെടുന്ന അര്‍ത്ഥ വ്യാഖ്യാനങ്ങളുള്ളതിനാല്‍ വശ്യപ്പൊരുത്തത്താല്‍ ദമ്പതികള്‍ക്ക് അന്യോന്യം മനോരമ്യത (പരസ്പരാകര്‍ഷണം) ഭവിയ്ക്കാനിടയാകുന്നു.

സമസപ്തമോ വശ്യഃ എന്നുള്ളതിനാല്‍ ലഗ്നാലോ ചന്ദ്രാലോ ഉണ്ടാകാവുന്ന സമസപ്തമം കൊണ്ട് (പരസ്പരം വശ്യം ആകര്‍ഷിക്കപ്പെടുന്ന സ്നേഹം) ഉണ്ടാകുന്നതാണ്.

സംപ്രീതിസമസപ്തമേ എന്ന് രാശിപ്പൊരുത്തത്തില്‍ (പ്ര.മാ. 21-ാം അദ്ധ്യായം) സൂചിപ്പിക്കുന്നതനുസരിച്ച് ദമ്പതികള്‍ തമ്മില്‍ സ്നേഹത്തിനിടയാകുന്നതാണ്.

ഇപ്രകാരം വശ്യം ഭവിച്ചില്ലെങ്കില്‍ ദോഷത്തിന് പ്രാധാന്യം ഇല്ലാത്തതിനാല്‍ മദ്ധ്യമവുമാണ്.
സിംഹകീടൌെ കര്‍ക്കിതൌെലീ കന്യാചാപാളിനൌെ തുലാ
നൃയുങ്മീനാ വേണ കന്യേ കര്‍ക്കടോന്ത്യോ ഘടക്രിയൌെ
മേഷോമൃഗശ്ച വശ്യാഖ്യാ മേഷാദീനാം പദൈഃ ക്രമാല്‍
സ്ത്രീ ജന്മഭസൃ വശ്യാഖൃ രാശൌെ ജാതഃ പൂമാന്‍ ശുഭഃ
പ്ര. മാ. 21. അ. 20 ശ്ളോ.
(9) രജ്ജുപ്പൊരുത്തം
മൂന്ന് വിരലുകളില്‍ ക്രമാനുക്രമങ്ങളായിട്ട് അശ്വതി മുതല്‍ രേവതി വരെ ഉള്ള നക്ഷത്രങ്ങളെ അശ്വതി, ഭരണി, കാര്‍ത്തിക എന്ന് ഒരുവശത്തോട്ടും, രോഹിണി, മകയിരം, തിരുവാതിര എന്നു മറുവശത്തോട്ടും അനുലോമ പ്രതിലോമങ്ങളായി എണ്ണുമ്പോള്‍ രണ്ടുപേരുടേയും നക്ഷത്രങ്ങള്‍ രണ്ട് വിരലുകളിലായി വന്നാല്‍ രജ്ജുപ്പൊരുത്തം ഉത്തമമാകുന്നു.

പക്കവിരലുകളില്‍ ഏതെങ്കിലും ഒന്നില്‍ സ്ത്രീ പുരുഷന്മാരുടെ രണ്ടു നക്ഷത്രവും വന്നാല്‍ അധമമാണെങ്കിലും അത്യധമമല്ലാത്തതും നടുവിരലില്‍ വന്നാല്‍ ഏറ്റവും അധമമായിട്ടും ഭവിക്കുന്നു. മദ്ധ്യമരജ്ജു ദോഷമെന്നാണ് ഇതിനെ പറയുന്നത്.

മകയിരവുമവിട്ടം പൂരപൂരാട പൂഷ്യം
ഭരണിയനിഴം മുത്രിട്ടാതിയും ചിത്രനാളും
ഇരവരുമിതുതന്നേ നാളുയോഗം വരുമ്പോള്‍
തനയരുമുളവാകാ മദ്ധ്യമം രജ്ജുദോഷം
(ജ്യോ. ഭീ.മാ. ചതുര്‍ത്ഥാധ്യായം)
സാരം - ഭരണി, മകയിരം, പൂയം പൂരം, ചിത്തിര, അനിഴം, പൂരാടം, അവിട്ടം, ഉത്രട്ടാതി എന്നീ നാളുകളില്‍ ഏതെങ്കിലും ദമ്പതികളുടെ നക്ഷത്രങ്ങള്‍ വന്നാല്‍ മദ്ധ്യമരജ്ജുദോഷം ഭവിക്കുന്നു. ഇപ്രകാരം മദ്ധ്യമ രജ്ജുദോഷം വന്നാല്‍ സന്താനങ്ങള്‍ ഉണ്ടാകാതിരിക്കുകയോ ഉണ്ടായാല്‍ അവരില്‍ നിന്നുമുള്ള അനുഭവം കുറയുകയോ ചെയ്യാനിടയുള്ളതാണ്.

രജ്ജുദോഷഫലം
ഏകാംഗുലിഗതേ വര്‍ജ്ജ്യേ
ദമ്പത്യോര്‍ ജന്മതാരകേ
മദ്ധ്യാംഗുലി ഗതേ താരൌ
മൃതിരുക് വൈരമിതൃതി
(പ്ര.മാ.21. അ. 61. ശ്ളോ)
ഇപ്രകാരം രണ്ടുപേരുടേയും നക്ഷത്രങ്ങള്‍ ഒരു പക്കവിരലില്‍ത്തന്നെ വന്നാല്‍ അത് വര്‍ജ്ജ്യമാണെന്നും രണ്ടു നക്ഷത്രങ്ങളും മദ്ധ്യവിരലില്‍ വരുകയാണെങ്കില്‍ വൈരം, രോഗം, മരണം എന്നീ ഫലങ്ങള്‍ ഉണ്ടാകുമെന്നും സാരം.

രണ്ടുപേരുടേയും നക്ഷത്രങ്ങള്‍ രണ്ട് വിരലുകളിലായി വരുകയാണെങ്കില്‍ രജ്ജുപ്പൊരുത്തം ഉത്തമമാണ്. എന്നാല്‍ മുകളില്‍ കാണിച്ചിരിക്കുന്നതനുസരിച്ച് ജ്യോതിഷദീപമാലയില്‍ പറയുന്നത് തനയരുമുളവാകാ മദ്ധ്യമം രജ്ജുദോഷം എന്നുമാണ്.

കാലദീപത്തില്‍ പറയുന്നത്.
നടുവിരലിലേറ്റവും വരികിലഴകല്ലേംതും എന്നു പറഞ്ഞിരിക്കുന്നു.

ഇപ്രകാരമുള്ള ഫലപ്രവചനങ്ങളില്‍ മദ്ധ്യമരജ്ജുദോഷത്തില്‍പ്പെടുന്ന വധൂവരന്മാര്‍ക്ക് ഇതില്‍ ഏതെങ്കിലും ഒന്നോ അതിലധികമോ ആയ ദോഷഫലങ്ങള്‍ അനുഭവപ്പെടാതിരിക്കുകയില്ല. എന്നാല്‍ വധൂവരന്മാരില്‍ ഏതെങ്കിലും ഒരാള്‍ക്ക് മാരകമോ അല്ലെങ്കില്‍ തുടര്‍ച്ചയായുള്ള രോഗങ്ങള്‍ക്കോ ഇടയായിക്കൊണ്ടിരിക്കുന്നതും അനുഭവമുള്ള കാര്യമാണ്.

രോഗം, വൈരം അഥവാ മരണം എന്നീ കഷ്ടാനുഭവങ്ങളും സന്താനങ്ങളില്‍ നിന്നും അതൃപ്തമായ അനുഭവങ്ങളും ദമ്പതികളില്‍ ഏതെങ്കിലും ഒരാള്‍ രോഗിയായിതീരുക മുതലായ അനുഭവങ്ങളുമുണ്ടാകും.

ഇപ്രകാരം മദ്ധ്യമരജ്ജുദോഷം ബാധകമാകാതിരിക്കണമെങ്കില്‍ ഏകാധിപത്യരാശികളില്‍ രണ്ടുപേരും ജനിച്ചതായിരിക്കണം.
ചുരുക്കിപ്പറഞ്ഞാല്‍


(10) വേധപ്പൊരുത്തം
അശ്വതിക്കിഹതൃക്കേട്ട
ഭരണിയക്കനിഷ്ടം തഥാ
ഓണവും തിരുവാതിര
വിശാഖത്തൊട്ടു കാര്‍ത്തിക
ചോതി രോഹിണിയും പിന്നെ
മൂല മായില്യവും തഥാ
മകവും രേവതീം തമ്മില്‍
പൂയമൊടു പൂരാടവും
പുണര്‍ത്തിന്നഥ ഉത്രാടം
ഇത്രിട്ടാതിക്ക് പൂരവും
അത്തവും ചതം തമ്മില്‍
പുരുരുട്ടാതി ഉത്രവും
ശ്രവിഷ്ടാചിത്തരാമാനും
തമ്മില്‍ ചേരുക വേധമാം.
ഇപ്രകാരം വേധം സംഭവിച്ചാല്‍ ആ ദമ്പതികളുടെ ബന്ധത്തിന് വേര്‍പാടും ദുഃഖവും ഉണ്ടാകുന്നതാണ്. ഇതേകാര്യം പ്രശ്നമാര്‍ഗ്ഗത്തിലും

വേദമുള്ള നക്ഷത്രങ്ങള്‍
അശ്വതി - തൃക്കേട്ട
ഭരണി - അനിഴം
തിരുവോണം - തിരുവാതിര
വിശാഖം - കാര്‍ത്തിക
ചോതി - രോഹിണി
മൂലം - ആയില്യം
മകം - രേവതി
പൂയ്യം - പൂരാടം
പുണര്‍തം - ഉത്രാടം
ഉത്രട്ടാത - പൂരം
അത്തം - ചതയം
പൂരുരുട്ടാതി - ഉത്രം

മേല്‍ എഴുതിയ ഈരണ്ട് നക്ഷത്രങ്ങള്‍ക്കു തമ്മിലും
അവിട്ടം  -  മകീര്യം  -  ചിത്ര

എന്നീ മൂന്ന് നക്ഷത്രങ്ങള്‍ക്കു തമ്മിലും, വേധമുണ്ട്, വേധ മുള്ള ആ നക്ഷത്രങ്ങളില്‍ ജനിച്ച സ്ത്രീപുരുഷന്മാര്‍ തമ്മില്‍ നടത്തുന്ന വിവാഹം അശുഭപ്രദമാകുന്നു.

ഒരേ നക്ഷത്രങ്ങള്‍
രോഹിണ്യാര്‍ദ്ര ശ്രവിഷ്ഠാ ച തിഷ്യമൂലമഘാനി ഷട് ദമ്പത്യോര്‍ജ്ജന്മനക്ഷത്രമേകതാരം സുദുഃഖദം.
രോഹിണി, തിരുവാതിര, അവിട്ടം, പൂയ്യം, മൂലം, മകം - മേല്‍പറഞ്ഞ ആറു നക്ഷത്രങ്ങളില്‍ ഒരേ നക്ഷത്രം തന്നെ സ്ത്രീയുടേയും പുരുഷന്റേയും ജന്മനക്ഷത്രം തന്നെ സ്ത്രീയുടേയും പുരുഷന്റെയും ജന്മനക്ഷത്രം ആയിരിയ്ക്കുന്നത് രണ്ടുപേര്‍ക്കും വളരെ ദുഃഖപ്രദമാകുന്നു.

ആഷഢഭരണീഹസ്തസാര്‍പ്പേന്ദ്രവരുണാനി ഷട്,
ദമ്പത്യോര്‍ജ്ജന്മതാരൈക്യം നഷ്ടായുഃശ്രീവിയോഗദം.
പൂരാടം, ഭരണി, അത്തം, ആയില്യം, തൃക്കേട്ട, ചതയം, മേല്‍പറഞ്ഞ ആറു നക്ഷത്രങ്ങളില്‍ ഒരേ നക്ഷത്രം തന്നെ സ്ത്രീയുടേയും പുരുഷന്റെയും ജന്‍മനക്ഷത്രമെങ്കില്‍, ധന നാശവും വിയോഗവും, അകാല മരണവും കൂടിയും സംഭവിയ്ക്കുന്നതാകുന്നു.

ആയവ്യയങ്ങളെ അറിയുവാന്‍ പറയുന്നു.
സ്ത്രീഭാദ്വരര്‍ക്ഷാന്തം ഗണയിത്വാ ശരൈര്‍ഹതേ
മുനിഭിര്‍ഭാജിതേ, ശേഷോ വ്യയ, ആയോ നൃജന്മഭാത്.
സ്ത്രീയുടെ ജന്മനക്ഷത്രം മുതല്‍ വരന്റെ ജന്മനക്ഷത്രം വരെ എണ്ണിയാല്‍ കിട്ടുന്ന സംഖ്യയെ 5 - ല്‍ പെരുക്കി 7- ല്‍ ഹരിച്ച് കളയുക. ബാക്കി കാണുന്ന സംഖ്യ വ്യയമാകുന്നു. നേരെമറിച്ച് പുരുഷന്റെ ജന്മനക്ഷത്രം മുതല്‍ സ്ത്രീയുടെ ജന്മനക്ഷത്രം വരെ എണ്ണി 5-ല്‍ പെരുക്കി 7-ല്‍ ഹരിച്ചാല്‍ ബാക്കികാണുന്ന ഫലം ആയവുമാകുന്നു. ആയം വ്യയത്തെക്കാള്‍ അധികമുണ്ടായിരിയ്ക്കുന്നത് ശുഭപ്രദവുമാകുന്നു. ഇവിടെ ഏഴില്‍ പൂര്‍ണ്ണമായി (ശിഷ്ടമില്ലാതെ) ഹരിച്ചാല്‍ ബാക്കി 7 എന്നു കല്‍പിയ്ക്കുക.


നക്ഷത്രങ്ങള്‍ ദശാനാഥന്മാര്‍ ദശാസംവത്സരം
അശ്വതി മകം മൂലം കേതു 7
ഭരണി പൂരം പൂരാടം ശുക്രന്‍ 20
കാര്‍ത്തിക ഉത്രം ഉത്രാടം ആദിത്യന്‍ 6
രോഹിണി അത്തം തിരുവോണം ചന്ദ്രന്‍ 10
മകീര്യം ചിത്ര അവിട്ടം ചൊവ്വ 7
തിരുവാതിര ചോതി ചതയം രാഹു 18
പുണര്‍തം വിശാഖം പുരോരുട്ടാതി വ്യാഴം 16
പൂയം അനിഴം ഉത്രട്ടാതി ശനി 19
ആയില്യം തൃക്കേട്ട രേവതി ബുധന്‍ 17

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.