പഞ്ചലോഹത്തില്‍ പേരുമണി

    കുട്ടികള്‍ ജനിച്ച് പന്ത്രണ്ടാം ദിവസവും 28 നും ചോറൂണിനും മറ്റും ആചാരമനുസരിച്ച് പേരിടാറുണ്ട്‌. ചിലര്‍ അപ്പോഴും മറ്റുചിലര്‍ അതിനുശേഷവും കുട്ടിയുടെ അരയില്‍ പേരുമണി കെട്ടിക്കുന്ന ആചാരം  ഇന്നും കാണാം. സ്വര്‍ണം, വെള്ളി, ചെമ്പ്, ഇരുമ്പ്, ഈയം എന്നിവയാണ് പഞ്ചലോഹങ്ങള്‍. ഈ ലോഹങ്ങളില്‍ നിര്‍മ്മിച്ച അഞ്ചുമണികള്‍ ചരടില്‍ കോര്‍ത്ത്‌ കെട്ടുന്നതിനെയാണ് പേരുമണിയെന്ന് പറയുന്നത്. ഇവയ്ക്ക് സ്വര്‍ണാഭരണത്തെക്കാളും വെള്ളിയാഭരണത്തെക്കാളും  ഗുണമുണ്ട്. പഞ്ചലോഹം മനുഷ്യശരീരത്തിന് ചുറ്റും നിലകൊള്ളുമ്പോള്‍, പ്രാണോര്‍ജ്ജത്തെ ശക്തിപ്പെടുത്തും. തന്മൂലം ലോഹാംശം കുറഞ്ഞ ശരീരമാണെങ്കില്‍ ആരോഗ്യം പ്രദാനം ചെയ്യും. അഞ്ചു കോശങ്ങളാണ് ആത്മാവിനെ ആവരണം ചെയ്യുന്നത്. അവ അന്നമയകോശം, പ്രാണമയകോശം, മനോമയകോശം, വിജ്ഞാനമയകോശം, ആനന്ദമയകോശം എന്നിവയാണ്. പഞ്ചലോഹങ്ങളുടെ പ്രവര്‍ത്തനം ഈ അഞ്ചുകോശങ്ങള്‍ക്കും ശക്തിപകരുമെന്ന് പറയപ്പെടുന്നു. പഞ്ചകദോഷം ഏല്ക്കാതിരിക്കാനും പഞ്ചലോഹധാരണം ഉത്തമമാകുന്നു.

ചന്ദ്രഭാവഫലം

   ലഗ്നത്തില്‍ ക്ഷീണചന്ദ്രന്‍ നിന്നാല്‍, ചെവികേള്‍ക്കാത്തവനായും അംഗഹീനനായും ദാസനായും ക്ഷീണചന്ദ്രന് പാപസംബന്ധം കൂടിയുണ്ടായിരുന്നാല്‍ ആയുസ്സറ്റവനായും ലഗ്നത്തില്‍ പൂര്‍ണ്ണചന്ദ്രന്‍ നിന്നാല്‍ ദീര്‍ഘായുസ്സായും വിദ്വാനായും ലഗ്നം ഇടവമോ കര്‍ക്കിടകമോ ആയാല്‍ ധനികനായും കീര്‍ത്തിമാനായും സുന്ദരനായും ഭവിക്കും.

   രണ്ടാമെടത്ത് ചന്ദ്രന്‍ നിന്നാല്‍, വിഷയസുഖവും ധനവും ഉള്ളവനായും മനോഹരമായി സംസാരിക്കുന്നവനായും സുന്ദരനായും വിദ്യയും ശാസ്ത്രജ്ഞാനവും കാമശീലവും ഉള്ളവനായും ഭവിക്കും.

  മൂന്നാമെടത്ത് ചന്ദ്രന്‍ നിന്നാല്‍, ധനവും വിദ്യയും അന്നപാനസാധനങ്ങളും ശൂരതയും ബലാധിക്യവും മദവും ഉള്ളവനായും സഹോദരന്മാരോടുകൂടിയവനായും പിശുക്കനായും ഭവിക്കും.

  നാലാമെടത്ത്‌ ചന്ദ്രന്‍ നിന്നാല്‍ സുഖവും സമ്പത്തും ഗൃഹോപകരണങ്ങളും ബന്ധുക്കളും യശസ്സും വാഹനങ്ങളും ഉള്ളവനായും പരസ്ത്രീസക്തനായും ഒന്നിലും അധികമായ ആഗ്രഹമില്ലാത്തവനായും വളരെ ദാനം ചെയ്യുന്നവനായും ഭവിക്കും.

  അഞ്ചാമെടത്ത് ചന്ദ്രന്‍ നിന്നാല്‍, പുത്രന്മാരും സുഖവും ബന്ധുക്കളും ഉള്ളവനായും ബുദ്ധിമാനായും മന്ത്രിത്വത്തില്‍ തല്‍പരനായും ബുദ്ധിക്കു തീഷ്ണതയില്ലാത്തവനായും നിര്‍മ്മലാത്മാവായും എല്ലാവരിലും ദയവുള്ളവനായും ഭവിക്കും.

  ആറാമെടത്ത് ചന്ദ്രന്‍ നിന്നാല്‍, ക്രൂരബുദ്ധിയായും ഉദരരോഗമുള്ളവനായും നിന്ദ്യനായും എല്ലായിടത്തും തോല്‍വി പറ്റുന്നവനായും മടിയനായും ആയുര്‍ബലം കുറഞ്ഞവനായും  ഭവിക്കും.

  ഏഴാമെടത്ത്  ചന്ദ്രന്‍ നിന്നാല്‍, സമ്പത്തും സൌഭാഗ്യവും സൗന്ദര്യവും ഉള്ളവനായും കളത്രസുഖവും  (ഭാര്യാസുഖവും) കാമോപഭോഗവും ധനവും ഉള്ളവനായും സ്ത്രീജിതനായും കാമാധിക്യവും ദയാശീലവും ഉള്ളവനായും ഭവിക്കും.

  എട്ടാമെടത്ത് ചന്ദ്രന്‍ നിന്നാല്‍, കലഹപ്രിയനായും വിദ്യയും ഔദാര്യവും ഇല്ലാത്തവനായും രോഗപീഡിതനായും സുന്ദരനായും ആയുര്‍ബലം കുറഞ്ഞവനായും ശരീരത്തില്‍ വ്രണാദി അടയാളങ്ങള്‍ ഉള്ളവനായു ഭവിക്കും.

  ഒന്‍പതാമെടത്ത് ചന്ദ്രന്‍ നിന്നാല്‍, പുത്രന്മാരും പുണ്യവും ധര്‍മ്മവും സദാചാരവും ഔദാര്യവും ഉള്ളവനായും പിതൃജനങ്ങളില്‍ ഭക്തിയും സുഖവും ധനവും ബന്ധുക്കളും ഉള്ളവനായും സ്ത്രീകള്‍ക്ക് കാമത്തെ ജനിപ്പിക്കുന്നവനായും ഭവിക്കും.

  പത്താമെടത്ത് ചന്ദ്രന്‍ നിന്നാല്‍, കൃഷിഗുണവും ധനധാന്യാഭിവൃദ്ധിയും സ്ത്രീസുഖവും വിശേഷവസ്ത്രാഭരണാദിസുഖങ്ങളും ബലവും ഔദാര്യംകൊണ്ടുള്ള ഉല്‍കൃഷ്ടതയും ഏറ്റവും യശസ്സുള്ളവനായും ഭവിക്കും.

  പതിനൊന്നാമെടത്ത് ചന്ദ്രന്‍ നിന്നാല്‍, വളരെ പുത്രന്മാരും സമ്പത്തും ഭൃത്യന്മാരും വിദ്യയും ആയുസ്സും ഓജസ്സും അനേകഗുണങ്ങളും പ്രബലതയും ബുദ്ധിശക്തിയും ദാനശീലവും ഏറ്റവും ശൂരതയും ഉള്ളവനായും ഭവിക്കും.

  പന്ത്രണ്ടാമെടത്ത് ചന്ദ്രന്‍ നിന്നാല്‍, നയനരോഗിയായും മടിയനായും ധനഹീനനായും അംഗവൈകല്യമുള്ളവനായും നിന്ദ്യനായും കുലഭ്രഷ്ഠനായും സലകകാര്യങ്ങളിലും വൈകല്യവും തോല്‍വിയും സംഭവിക്കുന്നവനായും ദുഃഖിതനായും നീച്ചനായും അന്യദേശവാസിയായും ഭവിക്കും.

കുജഭാവഫലം എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക

ഭക്ഷണം കഴിക്കുന്നതിനുള്ള അനുഷ്ഠാനങ്ങള്‍

    ഭക്ഷണം കഴിക്കുന്നതിനുമുണ്ട് അനുഷ്ഠാനവിധികള്‍. ഭക്ഷണം കഴിക്കുന്നതിന് കിഴക്കോട്ടോ പടിഞ്ഞാട്ടോ തിരിഞ്ഞിരിക്കുന്നതാണ് ഉത്തമം. തെക്കോട്ടും വിരോധമില്ല. വടക്കോട്ട്‌ പാടില്ല. ഭക്ഷണ സാധനങ്ങള്‍ വിളമ്പികഴിഞ്ഞാല്‍ കുടിക്കുനീര്‍ വീഴ്ത്തണം.  ഉപ്പും ഉപ്പിലിട്ടതും പപ്പടവും കുടിക്കുനീര്‍ കഴിഞ്ഞതിനുശേഷമാണ് വിളമ്പേണ്ടത്.

   വലതുകൈയില്‍ വെള്ളമെടുത്ത് 'സത്യന്ത്വര്‍ത്തേന പരിഷിഞ്ചാമി' എന്ന് മന്ത്രം ചൊല്ലി വലത്തുഭാഗത്തുകൂടി പ്രദക്ഷിണമായി വെള്ളം വീഴ്ത്തികൊണ്ട് കൈ വളയ്ക്കുന്നു. വീണ്ടും വെള്ളം തൊട്ട് 'ഭൂര്‍ ഭുവസ്വരോം' എന്ന് ചൊല്ലി ചോറ് തൊടുക. വീണ്ടും വെള്ളമെടുത്ത് 'അമൃതോപ്സ്തരണമസി' എന്ന് ചൊല്ലി വെള്ളം കുടിക്കുക. അതിനുശേഷം പ്രാണാഹുതി! ഇലയില്‍നിന്ന് വറ്റ് എടുത്ത് ഭക്ഷിക്കണം.

പ്രാണാഹുതി മന്ത്രം :-
(1). പ്രാണായ സ്വാഹ 
(2). അപാനായ സ്വാഹ 
(3). വ്യാനായ സ്വാഹ 
(4). ഉദാനായ സ്വാഹ 
(5). സമാനായ സ്വാഹ 

  അതിനുശേഷം യഥേഷ്ടം ഊണ് കഴിക്കാം. ഒടുവില്‍ 'അമൃതാപിധാനമസി' എന്ന് ചൊല്ലി കൈയിലെ വെള്ളം കുടിക്കണം. എഴുന്നേറ്റ് കൈ കഴുകാം.

സൂര്യഭാവഫലം

 കുജന്‍ മുതല്‍ കേതുവരെയുള്ള ഗ്രഹങ്ങളുടെ സ്ഫുടം കണ്ടുപിടിക്കുന്നത് എങ്ങിനെ? എന്ന പോസ്റ്റിന്റെ തുടര്‍ച്ചയാണ് താഴെകൊടുത്തിരിക്കുന്നത്. ഇവിടെ ക്ലിക്ക് ചെയ്യുക.

സൂര്യഭാവഫലം
   ആദിത്യന്‍ ലഗ്നത്തില്‍ നിന്നാല്‍; തലമുടി കുറഞ്ഞവനായും പ്രവര്‍ത്തികളില്‍ മടിയുള്ളവനായും കോപിയായും ക്രൂരതയും ഔന്നത്യവും അഭിമാനവും ദൃഷ്ടികള്‍ക്ക് രൂക്ഷതയും ശരീരത്തിന് കൃശത്വവും ഉള്ളവനായും ശൂരനായും ക്ഷമയും ദയയും ഇല്ലാത്തവനായും ഭവിക്കും.

    മേടം ലഗ്നമായി അവിടെ ആദിത്യന്‍ നിന്നാല്‍; തിമിരം എന്ന നേത്രരോഗമുള്ളവനായും ഏറ്റവും ഗുണവും വിദ്യയും ആചാരവും സമ്പത്തും പ്രഭുത്വവും പ്രസിദ്ധിയുള്ളവനായും ഭവിക്കും.

   കര്‍ക്കിടകം ലഗ്നമായി അവിടെ ആദിത്യന്‍ നിന്നാല്‍; നായനരോഗമുള്ളവനായി ഭവിക്കും.

   ചിങ്ങം ലഗ്നമായി അവിടെ ആദിത്യന്‍ നിന്നാല്‍ മാലകണ്ണുള്ളവനായി ഭവിക്കും.

    തുലാം ലഗ്നമായി അവിടെ ആദിത്യന്‍ നിന്നാല്‍; ദാരിദ്രവും സന്താനഹാനിയും ദുഃഖവും അന്ധത്വവും സംഭവിക്കും.

    മീനം ലഗ്നമായി അവിടെ ആദിത്യന്‍ നിന്നാല്‍; സ്ത്രീജനങ്ങളാല്‍ സേവിക്കപ്പെടുന്നവനായി ഭവിക്കും. 

മേല്‍പ്പഞ്ഞവ ആദ്യം വിവരിച്ചത് കൂടാതെയുള്ള വിശേഷഫലങ്ങളാണ്. 

   രണ്ടാമെടത്ത് ആദിത്യന്‍ നിന്നാല്‍; ധനവും വിനയവും വിദ്യയും ഇല്ലാത്തവനായും ദാനശീലമുള്ളവനായും ശത്രുക്കളെ സ്നേഹിക്കുന്നവനായും മുഖരോഗമുള്ളവനായും രാജാവിനാലോ (സര്‍ക്കാരിനാലോ) കള്ളന്മാരാലോ അപഹരിക്കപ്പെട്ട ധനത്തോടുകൂടിയവനായും ഭവിക്കും.

   മൂന്നാമെടത്ത് ആദിത്യന്‍ നിന്നാല്‍; നാല്‍ക്കാലിസമ്പത്തും പരാക്രമവും ഐശ്വര്യവും ബലവും സൗന്ദര്യവും സുഖവും ത്യാഗശീലവും ഉള്ളവനായും ശത്രുക്കളെ ജയിക്കുന്നവനായും ജ്യേഷ്ഠസഹോദരദോഷമുള്ളവനായും ഭവിക്കും.

   നാലാമെടത്ത്‌ ആദിത്യന്‍ നിന്നാല്‍; ഹൃദ്രോഗമുള്ളവനായും സുഖവും ഭൂസ്വത്തും ബന്ധുക്കളും വാഹനവും ഇല്ലാത്തവനായും പരസ്ത്രീകളില്‍ താല്‍പര്യമുള്ളവനായും അധമന്മാരെ ആശ്രയിക്കുന്നവനായും രണ്ടു ഭാവനങ്ങളുള്ളവനായും പിതൃസ്വത്തിനു ഹാനിചെയ്യുന്നവനായും ഒരിക്കലും മനസ്സുഖമില്ലാത്തവനായും ഭവിക്കും.

  അഞ്ചാമെടത്ത് ആദിത്യന്‍ നിന്നാല്‍; സുഖവും ധനവും ബന്ധുക്കളും ആയുസ്സും പുത്രന്മാരും കുറഞ്ഞിരിക്കുന്നവനായും ഏറ്റവും ബുദ്ധിമാനായും രാജപ്രിയനായും വനവാസിയായും ഭവിക്കും 

  ആറാമെടത്ത് ആദിത്യന്‍ നിന്നാല്‍; സമ്പത്തും വിജയവും യശസ്സും ഉള്ളവനായും കാമിയായും ജഠരാഗ്നി വര്‍ദ്ധിച്ചവനായും പ്രഭുവായും പടനായകനായും ഏറ്റവും ഗുണവാനായും ഭവിക്കും.

  എഴാമെടത്ത് ആദിത്യന്‍ നിന്നാല്‍; കുത്സിതശരീരനായും തോല്‍വിയും കോപവും വ്യാധികളാല്‍ പീഡയും കളത്രസുഖഹീനതയും സഞ്ചാരവും രാജകോപത്താല്‍ പീഡയും മാനഹാനിയും ഉള്ളവനായി ഭവിക്കും.

  എട്ടാമെടത്ത് ആദിത്യന്‍ നിന്നാല്‍; വികലദൃഷ്ടിയായും ധനവും ആയുസ്സും ബന്ധുക്കളും കുറഞ്ഞിരിക്കുന്നവനായും തോല്‍വിയുള്ളവനായും കലഹപ്രിയനായും ഒരിക്കലും തൃപ്തിയില്ലാത്തവനായും ദുഃഖിതനായും ഭവിക്കും.

  ഒന്‍പതാമെടത്ത് ആദിത്യന്‍ നിന്നാല്‍; പുത്രന്മാരും സമ്പത്തും ബന്ധുക്കളും ഉള്ളവനായും ദേവന്മാരിലും ബ്രാഹ്മണരിലും ഭക്തിയുള്ളവനായും സ്ത്രീദ്വേഷിയായും പിതാവിന് ദോഷം ചെയ്യുന്നവനായും ധര്‍മ്മം ഇല്ലാത്തവനായും ഭവിക്കും.

  പത്താമെടത്ത് ആദിത്യന്‍ നിന്നാല്‍; പിതൃസ്വത്തും ബലവും വിദ്യയും യശസ്സും ബുദ്ധിയും വാഹനങ്ങളും ഉള്ളവനായും പ്രഭുത്വം ഉള്ളവനായും ഏറ്റവും തേജസ്വിയായും തുടങ്ങുന്ന കാര്യങ്ങള്‍ പൂര്‍ത്തിയാകുന്നവനായും ഏറ്റവും സുഖിയായും ഭവിക്കും.

  പതിനൊന്നാമെടത്ത്  ആദിത്യന്‍ നിന്നാല്‍; വളരെ ധനവും പുത്രന്മാരും ഭാര്യയും യശസ്സും വിദ്യയും ആയുസ്സും പ്രഭുത്വവും നല്ല ഭൃത്യന്മാരും  ഏറ്റവും കര്‍മ്മശലതയും വളരെ തേജസ്സും സ്വശക്തിയും ഉള്ളവനായും ഭവിക്കും.

  പന്ത്രണ്ടാമെടത്ത് ആദിത്യന്‍ നിന്നാല്‍; കണ്ണിനു വൈകല്യമുള്ളവനായും പുത്രന്മാരും ധനവും ഇല്ലാത്തവനായും പിതാവിന് ശത്രുവായും ബലഹീനനായും പതിതനായും വൃഥാ വഴിനടക്കുന്നവനായും അംഗവൈകല്യമുള്ളവനായും, ദുഃസ്വഭാവിയായും ഭവിക്കും.

  [ലഗ്നം നില്‍ക്കുന്ന രാശി എപ്പോഴും ഒന്നാമത്തെ രാശിയായി കണക്കാക്കണം, അതിനുശേഷം വലതുവശത്ത്‌ വരുന്ന രാശി രണ്ടാമത്തെ രാശിയായി തുടര്‍ന്ന് കണക്കാകണം].

 ചന്ദ്രഭാവഫലം എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.

നാമംചൊല്ലി നമസ്കരിക്കല്‍

  കുട്ടിക്കാലത്ത് രാവിലെയും വൈക്കുന്നേരവും നാമം ചൊല്ലി നമസ്കരിക്കുന്ന പതിവ് നിര്‍ബന്ധമായിരുന്നു. ഇന്നും ചില കുടുംബങ്ങളില്‍ അത് തുടര്‍ന്ന് വരുന്നുണ്ട്. സീരിയലിന്റെയും ടി.വി. പ്രോഗ്രാമുകളുടേയും സ്വാധീനം അതിനെ ദുര്‍ബലപ്പെടുത്തുന്നുണ്ടെങ്കിലും കാലത്തിനെ അനുസരിച്ചുള്ള മാറ്റം ഉള്‍കൊണ്ടുകൊണ്ട് സന്ധ്യക്ക്‌ ഒരു നിശ്ചിതസമയം അതിന് നീക്കിവെയ്ക്കുന്നത് ഹൈന്ദവസംസ്കാരം നിലനിര്‍ത്തുന്നതിനും ഈശ്വരീയചിന്ത കുട്ടികളില്‍ വളര്‍ത്തുന്നതിനും വളരെ ഉപകാരപ്രദമാകുന്നു. അക്കാര്യത്തില്‍ മാതാപിതാക്കളുടെ സഹകരണം വളരെ പ്രധാനമാണ്. ഇന്നത്തെ സാഹചര്യത്തില്‍ രാവിലെ അതിന് സമയം കണ്ടെത്താന്‍ വളരെ ബുദ്ധിമുട്ടുണ്ടാകും. അതുകൊണ്ട് വൈകുന്നേരമെങ്കിലും കുറച്ച് സമയം കണ്ടത്തേണ്ടതാകുന്നു.

   നാമംചൊല്ലി നമസ്കരിക്കുന്ന കാര്യത്തില്‍ എല്ലാവര്‍ക്കും പ്രായഭേദമന്യേ പങ്കെടുക്കാം. അതില്‍ ആണ്‍കുട്ടികള്‍ എന്നോ പെണ്‍കുട്ടികളെന്നോ തരംതിരിവും ആവശ്യമില്ല. എന്നാല്‍ പെണ്‍കുട്ടികള്‍ അല്പം വലുതായാല്‍ മുട്ടുകുത്തി തല ഭൂമിയില്‍ മുട്ടിച്ച് നമസ്കരിച്ചാല്‍ മതി.

    ശിവന്‍, വിഷ്ണു തുടങ്ങിയ ഇഷ്ടദേവതകളേയും, പരദേവതകളേയുമാണ് നമസ്കരിക്കേണ്ടത്. ഓരോ കുടുംബത്തിലും ഓരോ പരദേവതകള്‍ ഉണ്ടാകും. അത് ആ കുടുംബത്തില്‍ തലമുറകളായി ആരാധിച്ചുവരുന്ന ദേവതയാണ്. സ്തുതികള്‍ ചൊല്ലുന്നതിനും ഈ മാനദണ്ഡംതന്നെ സ്വീകരിക്കാവുന്നതാണ്.

കുജന്‍ മുതല്‍ കേതുവരെയുള്ള ഗ്രഹങ്ങളുടെ സ്ഫുടം കണ്ടുപിടിക്കുന്നത് എങ്ങിനെ?

   ജനനസമയത്തിന് കുജന്‍ മുതല്‍ കേതുവരെയുള്ള  ഗ്രഹങ്ങളെ സംസ്കരിച്ചെടുക്കേണ്ട ക്രിയകളാണ് ഇനി പറയുന്നത്. ഒന്നാം തിയ്യതി മുതല്‍ 30 തിയ്യതിവരെ ഓരോ ദിവസത്തിനും ഉദയസമയത്തിന് ഗ്രഹസ്ഫുടങ്ങള്‍ പഞ്ചാംഗത്തില്‍ കാണും. അതില്‍നിന്നും ജനനദിവസം ഉദയത്തിനും, അടുത്ത ദിവസം ഉദയത്തിനും ഉള്ള സ്ഫുടങ്ങളിലെ അന്തരം (വ്യത്യാസം) വേര്‍തിരിച്ചെടുത്ത് അതിനെ ഉദയം മുതല്‍ ജനനസമയം വരെയുള്ള നാഴിക വിനാഴികകള്‍ കൊണ്ട് പെരുക്കി 60 ല്‍ ഹരിച്ച്‌ കിട്ടുന്ന ഫലം ജനനദിവസത്തെ സ്ഫുടത്തില്‍ കൂട്ടിയാല്‍ ജനനസമയത്തുള്ള സ്ഫുടം ലഭിക്കും. 

   രാഹുകേതുക്കളുടെയും വക്രമുള്ള ഗ്രഹങ്ങളുടെയും സ്ഫുടത്തില്‍ കൂട്ടുന്നതിനുപകരം കളയണം (കുറയ്ക്കണം). രാഹുസ്ഫുടത്തില്‍ 6 രാശിമാത്രം കൂട്ടിയാല്‍ കേതുവിന്റെ സ്ഫുടമായി. 

  പഴയ പഞ്ചാംഗങ്ങളില്‍ നിത്യസ്ഫുടം ഉണ്ടായെന്നുവരില്ല. ഒന്നാം തിയ്യതിക്കുള്ള സ്ഫുടങ്ങളും, ഗതി, വിഗതികളുമായിരിക്കും കാണുക. അവയെ സംസ്കരിക്കുമ്പോള്‍ ഗതിസംഖ്യവെച്ച് ഒന്നാം തിയ്യതി മുതല്‍ ജനനദിവസത്തോളം ചെന്ന തിയ്യതികൊണ്ടും ജനനനാഴികകൊണ്ടും പെരുക്കി 60 - ല്‍ ഹരിച്ച ഫലം സ്ഫുടത്തില്‍ ചേര്‍ത്താല്‍മതി. വിഗതിയാണെങ്കില്‍ സ്ഫുടത്തില്‍നിന്നു കളയണം.

 സൂര്യഭാവഫലം എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.

ഗുളികസ്ഫുടം കണ്ടുപിടിക്കുന്നത് എങ്ങിനെ?

   ലഗ്നം ഗണിക്കുന്നപോലെതന്നെയാണ് ഗുളികസ്ഫുടം ഗണിക്കുന്നതും. ജനനം പകലാണെങ്കില്‍ അന്നത്തെ പകല്‍ നാഴികവെച്ച്  പഞ്ചാംഗത്തില്‍ ഓരോ ദിവസത്തിനും ഗുളികന്‍ നില്‍ക്കുന്ന രാശിയും ഗുളികനാഴികയും കൊടുത്തിരിക്കും. ആ നാഴികയില്‍ നിന്ന് ഉദയാല്‍പരം വാങ്ങി (കുറച്ച്) അടുത്തരാശി നാഴികകള്‍ കളഞ്ഞു (കുറച്ച്) പൂര്‍ണ്ണമായും പോകാത്ത രാശിനാഴികയേതോ ആ രാശിയിലാണ് അന്ന് പകല്‍ ഗുളികന്‍ ഉദിച്ചതെന്നറിയണം. ആ രാശിയില്‍ ചെന്ന് നില്‍ക്കുന്ന ശിഷ്ടനാഴികയെ 60 - ല്‍ പെരുക്കി (ഗുണിച്ച്‌) അതില്‍ വിനാഴിക ചേര്‍ത്ത് 30 - ല്‍ പെരുക്കി (ഗുണിച്ച്‌) ഗുളികന്‍ ഉദിച്ച രാശി ഹാരകസംഖ്യകൊണ്ട് അതിനെ ഹരിച്ചുകിട്ടുന്ന ഫലം തിയ്യതിയും, ശിഷ്ടത്തെ 60 - ല്‍ പെരുക്കി (ഗുണിച്ച്‌) അതേ ഹാരകസംഖ്യകൊണ്ട് ഹരിച്ചുകിട്ടുന്ന ഫലം കലയുമാകുന്നു. മേടം മുതല്‍ ഉദിച്ച രാശിവരെയുള്ള സംഖ്യ (ഉദിച്ച രാശി കൂട്ടരുത്) രാശിസ്ഥാനത്തും കൂട്ടിയാല്‍ അന്നേക്കുള്ള ഗുളികസ്ഫുടമായി.

   രാത്രിക്കാണ് ഗുളികസ്ഫുടം ഗണിക്കുന്നതെങ്കില്‍ അന്നേക്ക് അഞ്ചാമത്തെ ദിനനാഴികവെച്ച് അതില്‍നിന്ന് അസ്തമനാല്‍പരവും തുടര്‍ന്നുള്ള രാശിനാഴികകളും കളഞ്ഞ് (കുറച്ച്) ശിഷ്ടം വരുന്ന നാഴിക വിനാഴികകള്‍ പോകാനിരിക്കുന്ന രാശിയില്‍ചെന്ന് കഴിഞ്ഞവയാണെന്നറിയണം. ആ രാശിയില്‍ ഗുളികന്‍ ഉദിച്ചുകഴിഞ്ഞ നാഴികവിനാഴികകളാണ്. അതിലെ നാഴികയെ 60 - ല്‍ പെരുക്കി (ഗുണിച്ച്‌) വിനാഴിക ചേര്‍ത്ത് (കൂട്ടി) വീണ്ടും  30 - ല്‍ പെരുക്കി (ഗുണിച്ച്‌) അതേ രാശി ഹാരകം കൊണ്ട് ഹരിച്ചുകിട്ടുന്ന ഫലം തിയ്യതിയും; ശിഷ്ടത്തെ 60 - ല്‍ പെരുക്കി (ഗുണിച്ച്‌) അതേ ഹാരകസംഖ്യകൊണ്ട് ഹരിച്ചുകിട്ടുന്ന ഫലം കലയുമാണ്. അതിനുപോലെ രാശി സംഖ്യയും ചേര്‍ത്താല്‍ അന്ന് രാത്രിക്കുള്ള ഗുളികസ്ഫുടമായി.

    ഗുളികനാഴികകളെക്കാള്‍ അധികം ഉദയാല്‍പരവും അസ്തമനാല്‍പരവും വരുമ്പോള്‍ അവയില്‍ നിന്ന് ഗുളിക നാഴിക കളഞ്ഞ് ശിഷ്ടംകൊണ്ട് ഗുളികനെ ഗണിക്കണം.


ഉദാഹരണം:-
   1152 വൃശ്ചികം 6 ന് ഞായറാഴ്ചയാകയാല്‍ പകല്‍ സമയത്തെ ഗുളിക നാഴിക 26. അന്നത്തെ ഉദയാല്‍പരനാഴിക 4-45 പോയാല്‍ ശിഷ്ടം 21.25. ഇതില്‍ നിന്ന് ഉദയരാശിയുടെ രണ്ടാമത്തെ രാശിയായ ധനു രാശി നാഴിക 5.23 കളഞ്ഞാല്‍ ശിഷ്ടം 15 നാഴിക 52 വിനാഴിക വരും. 

   15 നാഴിക 52 വിനാഴികയില്‍ നിന്ന് മകരം രാശിനാഴിക 4.51 ഉം, കുംഭം രാശി നാഴിക 4.21 ഉം, മീനം രാശിനാഴിക 4.13 ഉം കൂടി കളഞ്ഞാല്‍ ശിഷ്ടം 2 നാഴിക 21 വിനാഴിക ഉണ്ടാകും. 


  2 നാഴിക 21 വിനാഴിക, മേടം രാശിയില്‍ ഗുളികന്‍ പ്രവേശിച്ചു കഴിഞ്ഞ നാഴിക വിനാഴികകളാണ്. ഇതിനെ 2.60 പെരുക്കി 27 ചേര്‍ത്താല്‍ 147 കിട്ടും. 147 നെ 30 ല്‍ പെരുക്കിയാല്‍ 4410 കിട്ടും. ഇതിനെ മേടം രാശിയുടെ ഹാരകസംഖ്യയായ 270 കൊണ്ട് ഹരിച്ചാല്‍ കിട്ടുന്ന ഫലം 16. ശിഷ്ടം 90. ഈ ഫലസംഖ്യ ഗുളികസ്ഫുടത്തിലെ തിയ്യതിയാണ്. ശിഷ്ടസംഖ്യയായ 90 നെ 60 ല്‍ പെരുക്കിയാല്‍ 90 x 60 = 5400 ÷ 270 ഫലം 20 ശിഷ്ടമില്ല. ഈ ഫലസംഖ്യ ഗുളികസ്ഫുടത്തിലെ കലയാണ്‌. അപ്പോള്‍ ഗുളികസ്ഫുടം 00-16-20 എന്ന് വരുന്നു. ജനനസമയത്തേക്ക് മേടം രാശിയില്‍ ഗുളികന്‍ പകര്‍ന്നു 16 തിയ്യതിയും 20 കലയും എത്തിയിരിക്കുന്നു.

    രാത്രി സമയത്തിന് ഞായറാഴ്ചയുടെ അഞ്ചാംദിവസമായ വ്യാഴാഴ്ചയിലെ ഗുളികനാഴികയായ 10 ല്‍ നിന്ന് അന്നത്തെ അസ്തമനാല്‍പരനാഴികകളും, തുടര്‍ന്നുള്ള രാശിനാഴികകളും കളഞ്ഞ് വരുന്ന ശിഷ്ടത്തെ മേല്‍ പ്രകാരം ക്രിയ ചെയ്തു ഗുളികനുദിച്ച രാശിഹാരകംകൊണ്ട് ഹരിച്ച്‌ തിയ്യതിയും, കലയും ഉണ്ടാക്കി രാശിസ്ഥാനത്ത് രാശിസംഖ്യയും ചേര്‍ത്താല്‍ രാത്രിക്കുള്ള ഗുളികസ്ഫുടമായി.

കുജന്‍ മുതല്‍ കേതുവരെയുള്ള ഗ്രഹങ്ങളുടെ സ്ഫുടം കണ്ടുപിടിക്കുന്നത് എങ്ങിനെ? എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.

ജപത്തിലെ ഹംസം

     മന്ത്രജപം എന്നത് കേവലം മൗഖികമായ ഒരു വ്യായാമാമാല്ലെന്നു കൂടി നാം മനസ്സിലാക്കണം. കുണ്ഡലിനീശക്തി ഉണരുന്നതോടെ ഇഡപിംഗള നാഡികളിലേക്കുള്ള ചലനങ്ങള്‍ അവസാനിക്കും. അപ്പോള്‍ സുഷുമ്ന തുറന്ന് കുണ്ഡലിനീശക്തി വിവിധ ആധാരങ്ങളിലൂടെയും പത്മങ്ങളിലൂടെയും ചലിക്കുവാന്‍ തുടങ്ങും. ഈ അവസ്ഥയില്‍ കേവലകുംഭകം ഉണ്ടാകും. അതായത് ശ്വാസം നിലയ്ക്കുന്ന അഥവാ ശ്വാസനിരോധം സംഭവിക്കുന്ന ഘട്ടം സമാഗതമാകുമെന്നു സാരം.

    മന്ത്രശാസ്ത്രസംബന്ധമായ കൃതികളില്‍ ഇഡയിലൂടെയുള്ള സ്വാഭാവികചലനം "സഃ" എന്ന അക്ഷരമാണെന്നും പിംഗളയിലൂടെയുള്ളത് 'ഹം' എന്ന അക്ഷരമാണെന്നും വ്യക്തമായി പറയുന്നുണ്ട്. സമസ്തജീവികളും സദാസമയവും ഈ തരത്തില്‍ ജപിച്ചുകൊണ്ടിരിക്കുകയാണെന്ന് ശിവസൂത്രം എന്ന ഗ്രന്ഥത്തില്‍ പറയുന്നത് കാണാം. നാം ബോധപൂര്‍വമല്ല ഈ ജപം നടത്തുന്നത്. ഇതാണ് ഹംസഃജപം. അഥവാ 'അജപാമന്ത്രജപം' ഇത് ആര്‍ക്കും ആരും ഉപദേശിക്കുന്ന ഒന്നല്ല. സ്വാഭാവികമായി നാം അനുവര്‍ത്തിച്ചു വരാറാണ്‌ പതിവ്. ഉറങ്ങികിടക്കുന്ന കുണ്ഡലിനീശക്തിയുടെ നേരിയ ചലനങ്ങള്‍ മാത്രമാണിവ. ഈ ചലനങ്ങള്‍ ശ്വാസച്ച്ച്വാസം നടത്തിക്കുന്നു. ഇത് അവസാനിക്കുന്നതോടെ നാം ഇഹലോകവാസം വെടിയുകയും ചെയ്യുന്നു. ഉറങ്ങിക്കിടക്കുന്ന ഈ അനന്തചൈതന്യത്തെ ഉണര്‍ത്താന്‍ ഹംസമന്ത്രത്തോടുകൂടി മൂലമന്ത്രം ജപിക്കണമെന്നു പറയാറുണ്ട്‌.

എന്താണ് അക്ഷരലക്ഷം ജപിക്കല്‍?

   മനസ്സിനെ ഏകാഗ്രമാക്കി ധ്യാനോക്തമായ ദേവതാരൂപത്തെ മനസ്സിലുറപ്പിച്ചു ജീവന്റെ ശ്വാസോച്ചാസത്തെ മന്ത്രസ്പന്ദനരൂപത്തിലാക്കിത്തീര്‍ക്കലാണ് യഥാര്‍ത്ഥജപം. ഇതു നിരവധി തവണ ആവര്‍ത്തിക്കുമ്പോള്‍ സ്വാഭാവികമായി നാം കേവലകുംഭകാവസ്ഥ, അഥവാ ശ്വാസനിരോധം എന്നാ അവസ്ഥയിലെത്തും. യോഗസൂത്രത്തില്‍ പതഞ്ജലി പറയുന്നു:

'യോഗശ്ചിത്തവൃത്തി നിരോധഃ' എന്ന അവസ്ഥ.

   യോഗം ചിത്തവൃത്തികളെ നിരോധിക്കലാണെന്നര്‍ത്ഥം അപ്പോള്‍ സുഷുമ്നയിലുള്ള ചൈതന്യം നേരായ വഴിക്ക് ചലിക്കാന്‍ തുടങ്ങുന്നു.

ജപം എത്രതരം?

    ജപം പ്രധാനമായും മൂന്നുതരത്തിലാണെന്ന് തന്ത്രശാസ്ത്രങ്ങളില്‍ വിശദീകരിച്ചിട്ടുണ്ട്. വാചികം, ഉപാംശു, മാനസികം എന്നിങ്ങനെ. വാചികം എന്നാല്‍ ഉച്ചത്തില്‍ ഉച്ചരിച്ചുകൊണ്ടുള്ളത്. വാചികത്തേക്കാള്‍ ശ്രേഷ്ഠം ഉപാംശുവാണ്. ഉപാംശു ശബ്ദം പുറത്തേയ്ക്ക് വരാതെ ചുണ്ടുമാത്രം ചലിപ്പിച്ചുചെയ്യുന്ന ജപമാണ്. ഉപാംശുവിനേക്കാള്‍ ഉത്തമം  മാനസികമാണ്. ശാരീരികമായ ചലനങ്ങള്‍ ക്രമേണ അവസാനിപ്പിക്കണം. തുടര്‍ന്ന് മനസ്സുമാത്രം ചലിക്കുന്ന ഒരു ക്രമം രൂപപ്പെടും.

ജപം കൊണ്ടുണ്ടാകുന്ന മാറ്റം എന്ത്?

    ജപിക്കാന്‍ തുടങ്ങിയാല്‍ ക്രമേണ മറ്റു ചലനങ്ങളെല്ലാം മാറി മനസ്സ് നിശ്ചലമായി വരുന്നതായും ഈ പ്രക്രിയയില്‍ ഒരു ലയം അനുഭവപ്പെടുകയും ചെയ്യും. സാധാരണഗതിയില്‍ നാം ചെയ്യുന്ന ശ്വാസോച്ഛാസം ക്രമേണ നേര്‍ത്തുനേര്‍ത്തു വരികയും അങ്ങനെ അവസാനം സ്വാഭാവികമായി ശ്വാസചലനം നില്‍ക്കുന്നതായും സാധകന്മാര്‍ക്ക് അനുഭവപ്പെടാറുണ്ട്. ജപത്തിന്റെ ഉച്ചകോടിയാണിത്. ശ്വാസവും ജപവും തമ്മില്‍ ബന്ധമുണ്ട്. സാധാരണ ശ്വാസത്തില്‍ നാം ബോധവന്മാരല്ല. നമ്മുടെ ഇച്ഛക്കതീതമായി നമ്മുടെ ദേഹത്തിന്റെ സ്വാഭാവികസ്പന്ദനത്തിനനുസൃതമായി അത് നടന്നുകൊള്ളും. ഈ ശ്വാസവും മന്ത്ര ജപകാലവും ഏകതാനമായി വരുവാനും ശ്രദ്ധിക്കേണ്ടതാണ്. ശ്വാസചലനത്തോടൊത്തുവേണം ജപിക്കുവാന്‍. ജപത്തിന്റെ ഇടയില്‍ ശ്വാസം മുറിയരുത്. ശ്വാസം ഇല്ലാതെയുള്ള അവസരത്തില്‍ ജപം നടത്തുകയെന്നത് എത്രയോ കൂടുതല്‍ അഭ്യാസത്തിന് ശേഷം വരേണ്ട ഒരു അവസ്ഥയാണ്. ആദ്യകാലത്ത് അതിനാല്‍ ഒരു പ്രാവശ്യത്തെ മന്ത്രജപത്തില്‍ ശ്വാസം മുറിയാതെ നോക്കണം. വൈദിക ഋക്കുകള്‍ ഒരൊറ്റ ശ്വാസത്തില്‍ തന്നെ ചൊല്ലിത്തീരണമെന്നും ഒരു ഋക്ക് ചൊല്ലുന്നതിനിടയ്ക്ക് മറ്റൊരു ശ്വാസചലനം വരാന്‍ പാടില്ലെന്നും പഴയ ആളുകള്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നതിന്റെ രഹസ്യം ഇതാണ്. അപ്പോള്‍ സാധാരണ ഉച്ചജപം അഥവാ വൈഖരീജപം നമ്മുടെ നിശ്വാസത്തില്‍ മാത്രമേ സാധിക്കുകയുള്ളുവെന്നും ഉച്ച്ച്വാസത്തില്‍ (ശ്വാസം മേലോട്ട് വലിക്കുമ്പോള്‍) സാധ്യമല്ലെന്നും പ്രായോഗികമായി ചെയ്തുനോക്കിയാല്‍ അറിയാം. മാനസിക ജപത്തിനിത് ബാധകമല്ല. ഉച്ച്ച്വാസത്തിലും നിശ്വാസത്തിലും അതായത് രേചകങ്ങളിലും കുംഭകങ്ങളിലും മാനസിക ജപത്തിന് പ്രസക്തിയുണ്ട്. അത് വൈഖരിക്ക് സാധ്യമല്ല. 

ജപം / പ്രാര്‍ത്ഥന എത്ര രൂപത്തില്‍?

     ജപത്തിന്റെ ഉച്ചാരണത്തില്‍ നാം ശ്രദ്ധിക്കേണ്ട ചില അവസരങ്ങളുണ്ട്. ജപിക്കുമ്പോള്‍ ഉണ്ടാകുന്ന ശബ്ദം വൈഖരീ, മാധ്യമഃ പശ്യന്തി, പരാ എന്നീ തട്ടുകളില്‍ ചെന്നെത്തുന്നു. ഈ ശബ്ദതത്വങ്ങള്‍ അത്മതത്ത്വത്തില്‍ പ്രകമ്പനം സൃഷ്ടിക്കുന്നു. നാം സ്വയം ആ ദേവതയായി തീരുമ്പോള്‍, ഒപ്പം മന്ത്രം ജപിക്കുക കൂടി ചെയ്യുമ്പോള്‍ അസാധാരണമായ ഊര്‍ജ്ജമണ്ഡലം സൃഷ്ടിക്കപ്പെടുന്നു. ഇത് നമ്മുടെ നാഡീശക്തിയും പ്രാണശക്തിയും ഉണര്‍ത്തുന്നു. ഈ അസാധാരണപ്രവൃത്തിയാണ്‌ ജപം.

ജപിക്കുന്നതെങ്ങനെ?/പ്രാര്‍ത്ഥിക്കുന്നത് എങ്ങനെ?

   പലരും ഒരു ദേവതയെ കണ്ണടച്ച് ഉള്ളില്‍ കാണാന്‍ പരിശ്രമിക്കാറുണ്ട്. പക്ഷേ അങ്ങനെ ആര്‍ക്കും ഏറെനേരം കാണാനുള്ള ഏകാഗ്രത ഉണ്ടാവില്ലതാനും. അപ്പോള്‍പ്പിന്നെ ഈ സ്ഥൂല ദേവതാസങ്കല്‍പം കൊണ്ട് എന്താണ് പ്രയോജനം? വാസ്തവത്തില്‍ ഇങ്ങനെയല്ല ജപിക്കേണ്ടത്? മന്ത്രസ്പന്ദനത്തില്‍ രൂപംകൊള്ളുന്ന സ്ഥൂലദേവതാരൂപം താന്‍തന്നെയാണെന്ന് ഓരോരുത്തരും ഉള്‍കൊള്ളേണ്ടതുണ്ട്. അതായത് ശിവനെ ജപിക്കുന്നവന്‍ സ്വയം ധ്യാനസ്വരൂപത്തിലുള്ള ശിവനാകേണ്ടതുണ്ട്. ഗണപതിയെ ഉപാസിക്കുന്നവന്‍ സ്വയം ഗണപതിയാകേണ്ടതുണ്ട്. ഭദ്രകാളിയെ  ജപിക്കുന്നവന്‍ സ്വയം ഭദ്രകാളിയാകേണ്ടതുണ്ട്. ഇങ്ങനെ ഏതു ദേവതയെ ഉപാസിക്കുന്നവനും സ്വയം ആ ദേവതയായി തീരേണ്ടതുണ്ട്.

  ദേവതയെ മനുഷ്യന്റെ രൂപത്തില്‍ കല്‍പ്പിക്കുന്നതും തികച്ചും മനഃശാസ്ത്രപരമായ ഒരു താന്ത്രീകസമീപനമാണ്. ദേവത കേവലം ജഡമായ ഒന്നല്ലെന്നും മറിച്ച് നമ്മുടെ ഓരോരുത്തരേയും പോലെ സ്വന്തം ജീവനും ചൈതന്യവുമുള്ള ശക്തിയാണെന്നുമുള്ള അറിവ് സംജാതമാകും. മാത്രമല്ല, നാം ബാഹ്യരൂപം മാത്രമല്ലല്ലോ. കൃഷ്ണന്‍ എന്നുപേരുള്ള ഒരാള്‍ അയാളുടെ ഭൗതികശരീരം മാത്രമല്ലല്ലോ. കൃഷ്ണന്‍ എന്നയാളുടെ ജീവന്‍ വേറിട്ടുപോയാല്‍ കുറച്ചുനേരം മാത്രമേ ആ ശരീരം എന്ന നിലയില്‍ നിലനില്‍ക്കുകയുള്ളൂ. എന്നാല്‍ യഥാര്‍ത്ഥ കൃഷ്ണന്‍ ഇതിനെല്ലാം ഉപരിയാണ്. നിരവധി സദ്ഗുണങ്ങളും ദുര്‍ഗുണങ്ങളും അതിനുള്ളിലുണ്ട്. ഈ ഗുണങ്ങള്‍ക്ക് ഒരു രൂപം നല്‍കുകയാണെങ്കില്‍ അത് കൃഷ്ണന്‍ എന്നയാളിന്റെ ഭൗതികരൂപത്തിന് സമാനമായിരിക്കും. ഇങ്ങനെ ആന്തരികമായ ശക്തിയുടെ പ്രതിരൂപമാണ് ഭൗതികമായ രൂപമെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് മന്ത്രസാധനയ്ക്ക് ഋശീശ്വരന്മാര്‍ പദ്ധതി തയ്യാറാക്കിയത്. ഈ ആന്തരികചോദന വ്യത്യസ്തമായിരിക്കാം. അതുകൊണ്ടാണ് ശിവന്‍, ഗണപതി, സുബ്രഹ്മണ്യന്‍, വിഷ്ണു, ഭദ്രകാളി എന്നീ ദേവതകള്‍ക്കൊക്കെ വ്യത്യസ്തസ്പന്ദനങ്ങള്‍ ഉണ്ടായത്. ഈ വ്യത്യസ്ത സ്പന്ദനങ്ങളാണ് ദേവതകളുടെ വ്യത്യസ്ത രൂപങ്ങള്‍. ഇങ്ങനെ മന്ത്രം ചൊല്ലുമ്പോള്‍ ഉണ്ടാകുന്ന സ്പന്ദനവിശേഷമാണ് രൂപമായി മാറുന്നത്.

ഗുളികസ്ഫുടം / ഗുളികനാഴികകള്‍

നാള് (നക്ഷത്രം) ഗണിച്ച്  കണ്ടുപിടിക്കുന്നത് എങ്ങിനെ? എന്ന പോസ്റ്റിന്റെ തുടര്‍ച്ചയാണ് താഴെകൊടുത്തിരിക്കുന്നത്. ഇവിടെ ക്ലിക്ക് ചെയ്യുക.

ഗുളികസ്ഫുടം / ഗുളികനാഴികകള്‍
   ഗുളികന്‍ ഓരോ ദിവസവും വ്യത്യസ്തങ്ങളായ നാഴികകളിലാണ് ഉദിക്കുന്നത്. ഞായറാഴ്ച സൂര്യോദയരാശി മുതല്‍ ആറാമത്തെ രാശിയില്‍  അസ്തമിക്കുന്നു. ഇങ്ങനെ പ്രതിദിനം ഓരോ രാശിക്കുള്ള നാഴിക വിനാഴികകള്‍ കുറഞ്ഞ് ശനിയാഴ്ച സൂര്യോദയരാശിയില്‍ത്തന്നെ ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുന്നു.

      ഉദയദിനത്തിന്റെ അഞ്ചാമത്തെ ദിനനാഴികയാണ് രാത്രി ഗുളിക നാഴികയായി സ്വീകരിക്കേണ്ടത് എന്ന നിയമപ്രകാരം രാത്രിക്ക് സൂര്യോദയദിനത്തില്‍ അഞ്ചാം ദിനത്തിനുള്ള നാഴികകൊണ്ട് ഉദിക്കുന്നു. ഞായറാഴ്ച മുതലുള്ള ഓരോ ദിനത്തിലെയും ഗുളികോദയനാഴികകള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു. അവയില്‍ നിന്ന് അല്പസ്വല്പം ഏറ്റക്കുറവുകള്‍ പഞ്ചാംഗത്തില്‍ കൊടുത്തിരിക്കുന്ന നാഴികകളില്‍ കാണാനിടവരുന്നതാണ്. അവ അയന ചലനപ്രകാരമുണ്ടാകുന്ന വ്യതിയാനങ്ങളാണ്. അതിനാല്‍ പഞ്ചാംഗത്തില്‍ കൊടുത്തിരിക്കുന്ന നാഴികകള്‍ സ്വീകരിക്കുന്നത് ഉത്തമമല്ലെന്നില്ല. ഇവിടെ ചേര്‍ക്കുന്നത് ഉദാഹരണമായി സ്വീകരിക്കുന്നതിലും ഉത്തമമെന്നു കണക്കാക്കിയാല്‍ മതി.

ഗുളികനാഴികകള്‍ :-
ദിനം                   ദിനനാഴിക (പകല്‍)   -         നിശിനാഴിക (രാത്രി)
ഞായര്‍                   26                                                     10
തിങ്കള്‍                     22                                                      6
ചൊവ്വ                     18                                                      2
ബുധന്‍                    14                                                     26
വ്യാഴം                      10                                                    22
വെള്ളി                      6                                                     18
ശനി                          2                                                     14

ദേവന്മാരുടെ രൂപം ഉണ്ടാകുന്നതെങ്ങനെ?

    മന്ത്രത്തിന് ഒരുപാട് പ്രാധാന്യം കല്‍പ്പിക്കുന്നവരാണ് ഭാരതീയര്‍. "മനനാല്‍ ത്രായതേ ഇതിമന്ത്ര" എന്നാണ് മന്ത്രമെന്നതിന്റെ നിര്‍വചനം. മനനം ചെയ്യുന്നതിലൂടെ നമ്മെ രക്ഷിക്കുന്നത് എന്തോ അതാണ്‌ "മന്ത്രം". അപ്പോള്‍പ്പിന്നെ വായില്‍ തോന്നിയതൊക്കെ ഉച്ചരിക്കുകയും അതെല്ലാം മന്ത്രജപമാണെന്ന മട്ടില്‍ പരിഹസിക്കുകയും ചെയ്യുന്ന ഒരു സ്വഭാവം ഇപ്പോള്‍ നിലവിലുണ്ട്. എത്രയോ വലിയ ഒരു ഉദാത്ത കാഴ്ചപ്പാടിനെ കേവലം പുച്ഛത്തോടുകൂടി അതിന്റെ അനന്തരഗാമികള്‍ കൈകാര്യം ചെയ്യുന്നത് കാണുമ്പോള്‍ ഒരു പക്ഷേ നമ്മുടെ പൂര്‍വസൂരികന്‍ ദുഃഖിക്കുന്നുണ്ടാകും. ഇക്കാണുന്ന നാടകങ്ങളിലും മിമിക്രികളിലും സിനിമകളിലും മൊക്കെ മന്ത്രമെന്നമട്ടില്‍ കാട്ടികൂട്ടുന്ന കോപ്രായങ്ങള്‍ ഇതിന്റെ ഉത്തമഉദാഹരണങ്ങളാണ്.

     അര്‍ത്ഥമറിയാതെ മന്ത്രങ്ങള്‍ ചൊല്ലുന്നത് വ്യര്‍ത്ഥമാണ്‌. അഗ്നിയില്ലാത്ത ചാമ്പലില്‍ ഹോമിക്കുന്ന ഹവിസ്സ് കത്താത്തതുപോലെയാണ് അര്‍ത്ഥജ്ഞാനമില്ലാത്ത മന്ത്രോച്ചാരാണവുമെന്ന് വരിവസ്യാരഹസ്യത്തില്‍ ഭാരസ്കരരായര്‍ പറയുന്നുണ്ട്. എന്നാല്‍ ചില മന്ത്രങ്ങളുണ്ട്. അതിന് ഉപരിതലത്തില്‍ നിന്ന് നോക്കിയാല്‍ യാതൊരു അര്‍ത്ഥവും തോന്നില്ല. ശ്രീം, ഹ്രീം, ഗ്ലൌം തുടങ്ങിയ ശബ്ദങ്ങള്‍ മന്ത്രങ്ങളാണ്. എന്താണ് ഇവയുടെ അര്‍ഥം? ഇവിടെ മന്ത്രത്തിന്റെ അര്‍ഥം ദേവതയുടെ സ്വരൂപമാണ്. ദേവതയുടെ സൂക്ഷ്മ രൂപം മന്ത്രസ്പന്ദനമാണ്. മന്ത്രം നാം സൂക്ഷ്മരൂപത്തില്‍ ജപിക്കുമ്പോള്‍, ആ ശബ്ദസ്പന്ദനങ്ങളുടെ ഉള്ളില്‍ തപ്തമായിരിക്കുന്ന ഊര്‍ജ്ജപ്രവാഹമാണ്‌ ദേവത. ജപിക്കുമ്പോള്‍ നമ്മുടെ ഉള്ളില്‍ ഈ ഊര്‍ജ്ജപ്രവാഹം മാറ്റം ഉണ്ടാക്കും.

     ഈ ഊര്‍ജ്ജപ്രവാഹത്തിന് കൈയും കാലുമൊക്കെയുള്ള ഒരു മനുഷ്യന്റെ രൂപം കല്‍പ്പിച്ചാല്‍ ഇന്നു നാം കാണുന്ന ദേവതയായി.

ചന്ദ്രസ്ഫുടം കണ്ടുപിടിക്കുന്നത് എങ്ങിനെ?

   പഞ്ചാംഗത്തില്‍ ജനനദിവസം ഉദയത്തിനുള്ള ചന്ദ്രസ്ഫുടം വെച്ച് നാളുകണ്ടാല്‍ അന്നുദയത്തിന് ചന്ദ്രന്‍ നില്‍ക്കുന്ന നക്ഷത്രത്തില്‍ എത്ര നാഴിക കഴിഞ്ഞിരിക്കുന്നു എന്നും, ജനനസമയത്തിലേക്ക് ജന്മനക്ഷത്രത്തില്‍ ഇനി എത്ര നാഴികകൂടി വേണമെന്നും, അഥവാ എത്ര നാഴിക കുറയണമെന്നും അറിയാന്‍ കഴിയും.

   അതിനുശേഷം നാഴികയുടെ ഏറ്റക്കുറവുകള്‍ക്കനുസരിച്ച് നാലര (4 1/2) നാഴികയ്ക്ക്  ഒന്ന് (1) തിയ്യതി കണ്ടു നാലര (4 1/2) വിനാഴികയ്ക്ക് ഒരു (1) കല കണ്ടും ഉദയസ്ഫുടത്തില്‍ കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യണം. ഇപ്രകാരം നാഴിക വിനാഴികകളെ അനുയോജ്യം ജനനസമയത്തിന് സംസ്കരിച്ച് ചന്ദ്രസ്ഫുടം തയ്യാറാക്കിയെടുക്കാം.

  നാളുകണ്ട നാഴികയില്‍ 60 ല്‍ കുറവാണെങ്കില്‍ ആദ്യനക്ഷത്രത്തിലും, 60 ല്‍ ഏറി 120തിനോളമുണ്ടെങ്കില്‍ രണ്ടാമത്തെ നക്ഷത്രത്തിലും, 120 ല്‍ കൂടിയാല്‍ മൂന്നാമത്തെ നക്ഷത്രത്തിലും ചന്ദ്രന്‍ നില്‍ക്കുന്നുവെന്നറിയണം. 60 ല്‍ കൂടിയാല്‍ 60 കളഞ്ഞ ശിഷ്ടവും, 120 ല്‍ കൂടിയാല്‍ 120 കളഞ്ഞ ശിഷ്ടവും സ്വീകരിക്കണം. (135 നാഴിക നേരം 2 1/4 (രണ്ടേകാല്‍) നക്ഷത്രം കഴിവോളം 60 നാഴിക ഒരു നക്ഷത്രസമയം എന്നെല്ലാം ആദ്യം പറഞ്ഞതോര്‍ത്തിരിക്കണം.)

*************************************************
ഉദാഹരണം :-

  1152 വൃശ്ചികം ആറാം (6) തിയ്യതിക്ക് വിശാഖം നക്ഷത്രം 25 നാഴിക 34 വിനാഴിക പുലരും വരെ ഉണ്ടെന്നു കരുതുക. ഉദയം മുതല്‍ ജനനസമയം വരെയുള്ള നാഴിക അതായത് 19-22 ഇതില്‍ (25 നാഴിക 34 വിനാഴികയില്‍) നിന്ന് കളയണം (കുറയ്ക്കണം).

25-34
19-22
  6-12   = 6 നാഴിക 12 വിനാഴിക

  6 നാഴിക 12 വിനാഴികയെ വിശാഖം നക്ഷത്രത്തിന്റെ പരമനാഴികയായ 60 ല്‍ നിന്ന് കളഞ്ഞാല്‍ (കുറച്ചാല്‍) എത്ര നാഴികയുണ്ടെന്നു നോക്കാം. 

60-00
  6-12
53-48  = 53 നാഴിക 48 വിനാഴിക

  53 നാഴിക 48 വിനാഴികയാണ് ജനനസമയത്തിന് കൃത്യമായി നാളില്‍ (നക്ഷത്രത്തില്‍) - വിശാഖത്തില്‍ - ചെന്നുകഴിഞ്ഞ നാഴിക.

53 നാഴിക 48 വിനാഴിക ആ സമയത്തിനുള്ള ചന്ദ്രസ്ഫുടം നാളു കണ്ടാല്‍ ലഭിക്കണം.

  1152 വൃശ്ചികം ആറ് (6) നുള്ള ഉദയസമയത്തെ ചന്ദ്രസ്ഫുടം 6 രാശി 26 തിയ്യതി 18 കല (നാഴിക) യാണ്. ഇതിനെ നാള് (നക്ഷത്രം) കാണുമ്പോള്‍ 


1 തിയ്യതിക്ക് 4 1/2 (നാലര നാഴിക = 4 നാഴിക 30 വിനാഴിക) നാഴിക പ്രകാരം 

26 തിയ്യതിക്ക് 26 x 4 1/2 (4 നാഴിക  30 വിനാഴിക) = 117 നാഴിക.

1 കലയ്ക്ക്  4 1/2 (നാലര നാഴിക = 4 നാഴിക 30 വിനാഴിക) നാഴിക പ്രകാരം 

18 കലയ്ക്ക്  18 x 4 1/2 (4 നാഴിക  30 വിനാഴിക) = 1 നാഴിക 21 വിനാഴിക,

  (18 കലയെ 4 നാഴിക  30 വിനാഴിക കൊണ്ട് ഗുണിച്ചപ്പോഴാണ് 1 നാഴിക 21 വിനാഴിക ലഭിച്ചത്. ഗുണിച്ച രീതി രാഴെ കൊടുത്തിരിക്കുന്നു.

 1 നാഴിക 21 വിനാഴിക എങ്ങിനെ കിട്ടിയെന്നാല്‍ 18 x 4 = 72 വിനാഴിക = 1 നാഴിക 12 വിനാഴിക

18 x 30 = 540 വിനാഴിക = 9 വിനാഴിക
1-12
0-  9
1-21    = 1 നാഴിക 21  വിനാഴിക ലഭിച്ചു)


കൂടി കൂട്ടിയാല്‍ 

  30-00
117-00
    1-21
148-21  = 148 നാഴിക 21 വിനാഴിക  കിട്ടും.

ഇതില്‍ നിന്ന് 

  ചിത്ര, ചോതി നക്ഷത്രങ്ങള്‍ക്കുള്ള 120 നാഴിക കളഞ്ഞാല്‍ (കുറച്ചാല്‍). ഒരു നക്ഷത്രത്തിന്‌ 60 നാഴികയാണ് ഉള്ളത്. അതുകൊണ്ട് ചിത്ര നക്ഷത്രത്തിന്‌ 60 നാഴിക, ചോതി നക്ഷത്രത്തിന്‌ 60 നാഴിക, രണ്ടു കൂടി കൂട്ടിയപ്പോള്‍ 120 നാഴിക ലഭിച്ചു. ആ നാഴികയാണ് താഴെ കുറച്ചിരിക്കുന്നത്.

148-21
120-00
  28-21  = 28 നാഴിക 21 വിനാഴിക

 28 നാഴിക 21 വിനാഴികയാണ് ഉദയസമയത്തിന്‌ വിശാഖത്തില്‍ ചെന്ന നാഴിക.


  ശിഷ്ടം ജനനസമയത്തിനു ചന്ദ്രസ്ഫുടത്തില്‍ ചെല്ലേണ്ട നാഴിക വിനാഴിക എത്രയെന്നറിയണമെങ്കില്‍ 53-48 ല്‍ നിന്ന് 28-21 കുറച്ചാല്‍ കിട്ടുന്ന ശിഷ്ടമാണെന്നറിയുക.

അതായത് 

53-48
28-21
25-27  = 25 നാഴിക 27 വിനാഴിക

  25 നാഴിക 27 വിനാഴിക ലഭിക്കത്തക്കവണ്ണം ഉദയസ്ഫുടം സംസ്കരിക്കണം. അതിനായി നാലര (4 1/2) നാഴികയ്ക്ക് 1 തിയ്യതികണ്ട് വര്‍ദ്ധിപ്പിച്ചാല്‍ 5 തിയ്യതിയും 40 കലയും ഉദയസ്ഫുടത്തില്‍ - (6 രാശി 26 തിയ്യതി 18 കല (നാഴിക)) - ചേര്‍ക്കേണ്ടിവരും. അപ്പോള്‍ ഉദയസ്ഫുടം 7 രാശി 1 തിയ്യതി 58 കല (നാഴിക) യായി മാറും.

 എങ്ങനെയെന്നാല്‍ ഉദയസ്ഫുടത്തിലെ 18 കലയില്‍ 40 നാഴിക കൂട്ടിയാല്‍ 58 നാഴിക.

തിയ്യതിയിലെ 26 ല്‍ 5 തിയ്യതി കൂട്ടിയാല്‍ 31 തിയ്യതി കിട്ടും.

  30 തിയ്യതിക്ക് 1 രാശി (മാസം) ആകുന്നതിനാല്‍ 30 കളഞ്ഞ് (കുറച്ച്) 1 രാശിയില്‍ ചേര്‍ക്കണം. അപ്പോള്‍ തിയ്യതിയില്‍ 1 ഉം, രാശിയില്‍ 7 ഉം ഉണ്ടാകും. ഇങ്ങനെയാണ് ജനനസമയത്തിന് 7 രാശി 1 തിയ്യതി 58 കല (നാഴിക) (7-1-58) എന്ന ചന്ദ്രസ്ഫുടം ലഭിക്കുക.

  ഉദയസ്ഫുടത്തില്‍ രാശിയില്‍ 1 അധികമായി വന്നതിനാല്‍ വിശാഖം നക്ഷത്രത്തിന്റെ നാലാം പാദത്തിലാണ് ജനനം എന്ന് സൂക്ഷ്മമായി മനസ്സിലാക്കാം.

  ചിത്രനക്ഷത്രത്തിന്റെ അവസാനത്തെ രണ്ട് പാദവും, ചോതി നക്ഷത്രത്തിന്റെ നാല് പാദവും വിശാഖം നക്ഷത്രത്തിന്റെ മൂന്ന് പാദവും ചേര്‍ന്ന് 9 പാദങ്ങളിലായാണ് തുലാത്തില്‍ ചന്ദ്രന്‍ സഞ്ചരിക്കുക്ക. ഇത്രയും കഴിഞ്ഞ സമയമായതുകൊണ്ടും , വിശാഖം നക്ഷത്രത്തിലെ നാലാം പാദത്തിലേക്ക് ജനനം വന്നതുകൊണ്ടും ഉദയസമയത്തെ ചന്ദ്രസ്ഫുടം സംസ്കരിച്ചെടുത്തപ്പോള്‍ ഒരു രാശി പ്രസ്തുത സ്ഫുടത്തില്‍ കൂടിയാണെന്ന് ചിന്തിച്ചാലറിയാവുന്നതാണല്ലോ.

  7-1-58 (7 രാശി 1 തിയ്യതി 58 കല (നാഴിക)) ആണല്ലോ സംസ്കരിച്ചെടുത്ത ചന്ദ്രസ്ഫുടം. ഈ സ്ഫുടം നാളുകണ്ടാല്‍ 


1 തിയ്യതിക്ക് =  4-30  

58 കലയ്ക്ക് 4-21 ഉം കൂട്ടിയാല്‍ 53 നാഴിക 51 വിനാഴിക കിട്ടും

45-00
  4-30
  4-21
53-51  =  53 നാഴിക 51 വിനാഴിക

  53 നാഴിക 51 വിനാഴിക ജനനസമയം വിശാഖത്തില്‍ ചെന്ന നാഴിക. ഇപ്രകാരം അതാത് സമയത്തിന്‌ ചന്ദ്രസ്ഫുടം സംസ്കരിച്ചെടുക്കണം. പഞ്ചാംഗത്തില്‍ കാണുന്ന നക്ഷത്ര നാഴികകളെ കൃത്യമായി ഗ്രഹിച്ച് ഏറ്റക്കുറവുകള്‍ കണക്കിലെടുത്ത് ചന്ദ്രസ്ഫുടം സൂക്ഷ്മമാക്കുക.

നാള് (നക്ഷത്രം) ഗണിച്ച്  കണ്ടുപിടിക്കുന്നത് എങ്ങിനെ? എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.

നാള് (നക്ഷത്രം) ഗണിച്ച് കണ്ടുപിടിക്കുന്നത് എങ്ങിനെ?

നാള് (നക്ഷത്രം) ഗണിച്ച്  കണ്ടുപിടിക്കുന്നത് എങ്ങിനെ?

ഒന്നിന്                            - കാര്‍ത്തിക കാല്‍ക്ക്             - 15 

രണ്ടിന്                            - മകീര്യത്തിലരയ്ക്ക്              - 30

മൂന്നിന്                            - പുണര്‍തംമുക്കാല്‍ക്ക്           - 45

നാലിന്                          - ആയില്യംപോയി                  - 00

അഞ്ചിന്                        - ഉത്രം കാല്‍ക്ക്                      - 15

ആറിന്                           - ചിത്തിര അരയ്ക്ക്               - 30

ഏഴിന്                            - വിശാഖം മുക്കാല്‍ക്ക്           - 45

എട്ടിന്                            - തൃക്കേട്ട പോയി                   - 00

ഒന്‍പതിന്                     - ഉത്രാടം കാല്‍ക്ക്                  - 15

പത്തിന്                         - അവിട്ടത്തിലരയ്ക്ക്             - 30

പതിനൊന്നിന്              - പുരോരുട്ടാതി മുക്കാല്‍ക്ക്     - 45

പന്ത്രണ്ടിന്                    - രേവതി പോയി                    - 00 

  ഈ ക്രമത്തിലാണ് ചന്ദ്രന്‍ നില്‍ക്കുന്ന രാശി സംഖ്യക്ക് ആദ്യം കണക്കാകേണ്ട നാഴികകള്‍. പിന്നെ ഒരു തിയ്യതിക്ക് 4 1/2 (4 നാഴിക  30 വിനാഴിക) നാഴികയും ഒരു കലയ്ക്കു നാലര ( 4 1/2) വിനാഴിക കണ്ടും ഇതില്‍ ചേര്‍ത്താല്‍ ഒരു നാളിന് (നക്ഷത്രത്തിന്) 60 നാഴിക വീതം ചന്ദ്രന്‍ നില്‍ക്കുന്ന രാശിയില്‍ ആദ്യം വെച്ച നാളുമുതല്‍ (നക്ഷത്രം മുതല്‍) കളയണം (കുറയ്ക്കണം). 60 വീതം കളഞ്ഞതില്‍ (കുറച്ചതില്‍) ബാക്കിവരുന്ന നാഴിക വിനാഴികകളാണ് ശിഷ്ട നക്ഷത്രത്തില്‍ ചെന്ന നാഴിക വിനാഴികകള്‍.

   ചന്ദ്രസ്ഫുടം ഉപയോഗിച്ച് നക്ഷത്രം (നാള്) കണ്ടുപിടിക്കുന്നതിനാണ് പ്രധാനമായും മേല്‍പ്പറഞ്ഞ വിവരങ്ങള്‍ ഉപയോഗിക്കുന്നത്. ചന്ദ്രസ്ഫുടം കണ്ടുപിടിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക

ഗുളികസ്ഫുടം / ഗുളികനാഴികകള്‍ എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.

അത്തിപ്പെറ്റ നാഗകന്യകാക്ഷേത്രം

     മണ്ണാര്‍ക്കാട് പെരിന്തല്‍മണ്ണ റൂട്ടിലെ കരിങ്കല്ലത്താണിയില്‍ നിന്ന് പത്ത് കിലോമീറ്റര്‍ ദൂരം അത്തിപ്പെറ്റ മനയോട് ചേര്‍ന്ന് ക്ഷേത്രം സ്ഥിതിചെയ്യുന്നു. പഴയകാലത്ത് അത്തിപ്പെറ്റമനയിലെ കാരണവര്‍ വൈക്കത്ത് ഭജനമിരിക്കാന്‍ പോയിരുന്നു.  ഒരാഴ്ചത്തെ ഭജനം കഴിഞ്ഞ് തിരിച്ച് ഇല്ലത്തെത്തിയപ്പോള്‍ കൂടെ കൊണ്ടുപോയിരുന്ന ഓലക്കുടയില്‍ നാഗമിരിക്കുന്നു.  നാഗത്തെ കാരണവര്‍ യഥാവിധി നടുമുറ്റത്ത് പ്രതിഷ്ഠ ചെയ്ത് ആരാധിച്ചു പോന്നു. പ്രസ്തുത നാഗപ്രതിഷ്ഠയാണ് ഇപ്പോള്‍ മനയുടെ നടുമുറ്റത്ത് കാണുന്ന പുറ്റും ഒങ്ങുമരവും. നിത്യപൂജക്കായി ഇല്ലത്തിന്റെ വടക്കുഭാഗത്ത് നാഗകന്യകാക്ഷേത്രവും കാരണവര്‍ പണികഴിപ്പിച്ചു. ദിവസവും രാവിലെ മാത്രമാണ് പൂജ. സര്‍പ്പദോഷം കൊണ്ടുണ്ടാവുന്ന ചൊറിച്ചില്‍, പാണ്ട്, തുടങ്ങിയ രോഗങ്ങള്‍ക്ക് ക്ഷേത്രത്തില്‍ നിന്നും പ്രസാദമായി നല്‍കുന്ന കണ്മഷി ഉത്തമമായ ഔഷധമാണ്. കണ്ണിലെ അസുഖം മാറാന്‍ കണ്മഷി കണ്ണിലെഴുതുന്നതിന് പുറമേ സ്വര്‍ണ്ണം, വെള്ളി എന്നിവകൊണ്ട് കണ്ണ് വഴിപാടായി സമര്‍പ്പിക്കുന്നതും ഇവിടെ പ്രധാനാണ്. വിവാഹ തടസ്സം മാറാന്‍ മംഗല്യപൂജയും സ്വര്‍ണ്ണംകൊണ്ട് താലി, പട്ട് എന്നിവയോ ഇണസര്‍പ്പം വഴിപാടോ ശ്രേഷ്ഠമാണ്. 

ബഹുദൈവാരാധന എന്ത്?

  ഹിന്ദുമതപ്രകാരം, ഈശ്വരചൈതന്യം തന്നെയാണ് ഈ പ്രപഞ്ചത്തില്‍ നിര്‍ലീനമായിരിക്കുന്നത്. ഈ പ്രപഞ്ചചൈതന്യത്തില്‍ നിറഞ്ഞുനില്‍ക്കുന്നത് ഈശ്വരന്‍ തന്നെയാണ്. അങ്ങനെ സര്‍വത്ര ഈശ്വരചൈതന്യം നിറഞ്ഞുനിക്കുന്നു. അപ്പോള്‍ നിറഞ്ഞുനില്‍ക്കുന്ന ഈശ്വരന്‍, അതുനില്‍ക്കുന്ന പ്രപഞ്ചവും ഉണ്ടെന്നു മനസ്സിലാക്കാം. ഈശ്വരന്‍ നിറഞ്ഞുനില്‍ക്കുന്ന ഈ പ്രപഞ്ചത്തെ ഉപഭോഗിക്കാന്‍ നിങ്ങളും ഉണ്ട്. ഇതാണ് ഈശാവാസ്യോപനിഷത്തില്‍ ഈശ്വരനാല്‍ ഈ പ്രപഞ്ചം മൂടപ്പെട്ടിരിക്കുന്നു. അതിനാല്‍ ത്യജിച്ചുകൊണ്ട് ഇവയെല്ലാം ഉപഭോഗിക്കുക്ക എന്ന് പറഞ്ഞത്. നിങ്ങള്‍ക്ക് ആസ്വദിക്കാന്‍ വേണ്ടിയാണ് ഈശ്വരന്‍ ഈ പ്രപഞ്ചം സൃഷ്ടിച്ചത്. ഈശ്വരന്‍ സര്‍വ്വച്ചൈതന്യവും വഴിഞ്ഞൊഴുകുന്ന ഈ പ്രപഞ്ചം ഒരു സൂപ്പര്‍ മാര്‍ക്കറ്റാണ്. ഒരു സൂപ്പര്‍ മാര്‍കെറ്റില്‍ ഇല്ലാത്ത ഒന്നും ഉണ്ടാവില്ല. ഒരു ദേശത്തിന് വേണ്ടതെല്ലാം അവിടെയുണ്ടാകും. ഒരു കല്യാണത്തിനു വേണ്ടതെല്ലാം അവിടെയുണ്ടാകും. എന്നാല്‍ ഇതെല്ലാം ഒരു വ്യക്തിക്കുവേണ്ടിവരില്ല. ഒരു സാധാരണ വീട്ടില്‍ വേണ്ട സാധനസാമഗ്രികള്‍ക്കൊരു കണക്കുണ്ടാകും. അതനുസരിച്ചായിരിക്കും അവിടെ സാധനങ്ങള്‍ വാങ്ങുക, ഒരു കിലോ പഞ്ചസാര, 500 ഗ്രാം പരിപ്പ് എന്നിങ്ങനെ ഓരോ വീട്ടിലേക്കും ആവശ്യമുള്ളത് വാങ്ങും. ഇതേ പോലെ തന്നെയാണ് ദേവതകളും, ഈശ്വരന്‍ അനന്തചൈതന്യമാണ്. ആ അനന്തചൈതന്യത്തിലെ ഓരോ പ്രത്യേക ഗുണങ്ങള്‍ ഓരോരുത്തര്‍ക്കും വേണ്ടിവരുന്നു.

    ഉദാഹരണത്തിന് വീട്ടില്‍ ഒരു പെണ്‍കുട്ടി വിവാഹപ്രായമെത്തി നില്‍ക്കുകയാണെന്ന് കരുതുക. വിവാഹം കഴിയുന്നില്ല. വീട്ടുകാരുടെ പ്രാര്‍ത്ഥന മുഴുവന്‍ വിവാഹം നടക്കാനായിരിക്കും. അവരുടെ മുന്നില്‍ ഈശ്വരന്‍ വരേണ്ടത് വരന്റെ രൂപത്തിലാണ്. ഇതാണ് സ്വയംവര ശ്രീപാര്‍വ്വതീദേവിക്ക് പൂജകഴിക്കുന്നത്. 'സ്വയംവരശ്രീപാര്‍വ്വതീ' എന്നത് ഈശ്വരന്റെ വിവാഹസാധ്യത്തിനുള്ള പ്രത്യേകശക്തിവിശേഷതയാണ്. ഈ ശക്തിവിശേഷത സാക്ഷാത്കരിക്കുന്നതിനുള്ള 'ടെക്നിക്ക് (techinic)' ആണ് 'തന്ത്രം' എന്ന് പറയുന്നത്. അതിനായി ഉപയോഗിക്കുന്ന ശബ്ദപ്രയോഗത്തെ 'മന്ത്രം' എന്നുപറയുന്നു.

  ഇതേപോലെയാണ് പണമില്ലാത്തവര്‍ക്ക് പണമാണ് ദൈവം. വിശക്കുന്നവന് ഭക്ഷണമാണ് ഈശ്വരന്‍ എന്നുപറയുന്നതുപോലെ, പണമുണ്ടാക്കാന്‍ ഈശ്വരനെ ഭജിക്കുന്നു. ആ ഈശ്വരചൈതന്യമാണ് ലക്ഷ്മീദേവിയും, ശ്രീദേവിയുമൊക്കെ ഈ തരത്തില്‍ ഈശ്വരചൈതന്യത്തെ തനിക്ക് അനുകൂലമാക്കി മാറ്റുന്നതിനുള്ള പദ്ധതികളാണ്. ഈ ലോകം മുഴുവന്‍ നിറഞ്ഞുനിക്കുന്ന അനന്തചൈതന്യത്തിലെ തനിക്ക് വേണ്ടത് മാത്രം ഉണ്ടാക്കി എടുക്കുന്നതിനുള്ള പദ്ധതികളാണ് ക്ഷേത്രവും കാവുകളുമൊക്കെ.

ജാതകത്തിലെ ഗ്രഹക്ഷേത്രഫലങ്ങള്‍

  ലഗ്നഫലങ്ങള്‍ എന്ന പോസ്റ്റിന്റെ തുടര്‍ച്ചയാണ് താഴെകൊടുത്തിരിക്കുന്നത്. ഇവിടെ ക്ലിക്ക് ചെയ്യുക.

ജാതകത്തിലെ ഗ്രഹക്ഷേത്രഫലങ്ങള്‍
   സൂര്യക്ഷേത്രത്തില്‍ ജനിക്കുന്നവര്‍, ശ്രീമാനായും മനോരഹമായ അവയവങ്ങളോടുകൂടിയവനായും പിതൃഭക്തനായും കുലശ്രേഷ്ഠനായും ഉഷ്ണരോഗത്താല്‍ പീഡിതനായും ഭവിക്കും.

  ചന്ദ്രക്ഷേത്രത്തില്‍ ജനിക്കുന്നവര്‍, പ്രസന്നമായ മുഖത്തോടും കണ്ണുകളോടും കൂടിയവനായും ഏറ്റവും സുമുഖനായും ജ്ഞാനിയായും സ്ത്രീകളില്‍ പ്രിയവും ഭോഗവും ഉള്ളവനായും ഭവിക്കും.

  ചോവ്വാക്ഷേത്രത്തില്‍ ജനിക്കുന്നവര്‍ ദ്വേഷാര്‍ഹാനായും ഭൃത്യവൃത്തികള്‍ ചെയ്യുന്നവനായും ക്രൂരനായും കലഹവും വ്യസനത്തില്‍ പ്രിയവും ഉത്സാഹവും ഉള്ളവനായും സാഹസിയായും ഭവിക്കും.

  ബുധക്ഷേത്രത്തില്‍ ജനിക്കുന്നവര്‍, ഗുണവാനായും ഏറ്റവും ബുദ്ധിയും പ്രസിദ്ധിയും ഉള്ളവനായും സത്യവാനായും ധര്‍മ്മവാനായും അറിവുള്ളവനായും ശില്പകലകളില്‍ നിപുണനായും ലോകപ്രിയനായും ഭവിക്കും.

  വ്യാഴക്ഷേത്രത്തില്‍ ജനിക്കുന്നവര്‍, ദേവന്മാരിലും ഗുരുക്കന്മാരിലും ഭക്തിയുള്ളവനായും സല്‍ക്കര്‍മ്മങ്ങളെ ചെയ്യുന്നവനായും സദാചാരനിഷ്ഠയുള്ളവനായും പ്രഭുസമ്മതനായും ഗുണവാനായും സ്വര്‍ണ്ണലാഭമുള്ളവനായും ഭവിക്കും.

  ശുക്രക്ഷേത്രത്തില്‍ ജനിക്കുന്നവര്‍, ശുദ്ധാത്മാവായും സുഖഭോഗിയായും നല്ല സ്ത്രീകളും വിശേഷവസ്ത്രങ്ങളും ഉള്ളവനായും അഭിമാനിയായും മനോഹരമായ ശരീരത്തോടുകൂടിയവനായും ഭവിക്കും.

  ശനിക്ഷേത്രത്തില്‍ ജനിക്കുന്നവര്‍, ഭൃത്യവൃത്തി ചെയ്യുന്നവനായും കപിലവര്‍ണ്ണമുള്ള കണ്ണ് കളോടുകൂടിയവനയും ചോരവൃത്തിയില്‍ താല്‍പര്യമുള്ളവനായും ശഠപ്രകൃതിയായും വലിയ പല്ലുകളോടുകൂടിയവനായും ദുഷ്കര്‍മ്മങ്ങള്‍ ചെയ്യുന്നവനായും ഭവിക്കും.
ചന്ദ്രസ്ഫുടം കണ്ടുപിടിക്കുന്നത് എങ്ങിനെ? എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക.ഇവിടെ ക്ലിക്ക് ചെയ്യുക.

ഏകദൈവം ആദ്യമുണ്ടായത് വേദത്തില്‍

   പലരും ഹിന്ദുമതത്തെ ബഹുദേവതകളുടെ പേരില്‍ കളിയാക്കാറുണ്ട്, മുപ്പത്തിമുക്കോടി ദേവതകളുണ്ടല്ലോ  എന്ന് പറഞ്ഞു പലരും കളിയാക്കാറുണ്ട്. നിരവധി ദേവതകള്‍ ഹിന്ദുമതത്തിലുണ്ട്, പക്ഷേ ഈശ്വരന്‍ ഒന്നേയുള്ളൂ. ഈശ്വരന്‍ പ്രപഞ്ചത്തില്‍ നിര്‍ലീനമായിരിക്കുന്നുവെന്നതാണ് സത്യം. ദേവതകള്‍ എന്നാല്‍ ഈശ്വരന്‍ എന്നല്ല അര്‍ഥം. 'ദിവ്' എന്നൊരു ധാതു സംസ്കൃതത്തിലുണ്ട്. പ്രകാശിക്കുന്നതോ, പ്രകാശിപ്പിക്കുന്നതോ ആയതെല്ലാം ദേവതയാകുന്നു. കാരണം 'ദിവ്' എന്നാല്‍ പ്രകാശിപ്പിക്കുക എന്നാണ് അര്‍ഥം. അപ്പോള്‍ പ്രകാശിക്കുന്ന എത്ര വസ്തുക്കളുണ്ടോ അതെല്ലാം ദേവതകളാണ്. അപ്പോള്‍പിന്നെ ഈശ്വരന്‍ ഒന്നേയുള്ളുവെന്നു പറയുന്നതോ എന്നൊരു ചോദ്യം വരാം. ശരിയാണ്, ഈശ്വരന്‍ ഒന്നേയുള്ളൂ. ഈശ്വരന്‍ ഇലക്ട്രിക് കറന്റ്‌ പോലെയാണ്. ഈ പറഞ്ഞതിനര്‍ത്ഥം കറന്റ്‌ ആണെന്നല്ല. ചില സാരൂപ്യങ്ങളുണ്ടെന്നര്‍ത്ഥം. കറന്റിന്റെ രൂപമെന്താണ്? രൂപമില്ല എന്ന സത്യം എല്ലാവര്‍ക്കും അറിയാം. കറന്റ്‌ എവിടെയാണ് ഉണ്ടാകുക? അത് എല്ലായിടത്തുമുണ്ട്. ഇവിടെ കറന്റ്‌ ഈശ്വരനാണെന്ന് സങ്കല്‍പ്പിക്കുക. ഈ ഈശ്വരന്‍ പ്രാകാശിക്കുന്നത് ഏതെല്ലാം രൂപത്തിലാണ്? ടി. വി. യില്‍ നിങ്ങള്‍ക്കത് ചലച്ചിത്രത്തെ കാട്ടിത്തരുന്നു. ഫാനിലൂടെ കാറ്റ് നല്‍കുന്നു. എ. സി. യിലൂടെ തണുപ്പും, മിക്സിയില്‍ അത് അരകല്ലായും തീരുന്നു. എന്നാല്‍ ഇതെല്ലാം കറന്റിന്റെ രൂപമാണോ? ഒരര്‍ഥത്തില്‍ ആണെന്ന് പറയാം. മറ്റൊരു അര്‍ത്ഥത്തില്‍ അല്ലായെന്നും.  

ലഗ്നഫലങ്ങള്‍

   ജാതകത്തില്‍ മേടം മുതല്‍ പന്ത്രണ്ട്‌ രാശികളില്‍ ലഗ്നം (ല) വന്നാലുള്ള ഫലങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്. ഓരോരുത്തരുടെ ജാതകത്തില്‍ ലഗ്നം ഏതുരാശിയിലാണോ നില്‍ക്കുന്നത് ആ ലഗ്നരാശിയുടെ ഫലങ്ങള്‍ അനുഭവത്തില്‍ വരും അവ താഴെ കൊടുത്തിരിക്കുന്നു. ജാതകത്തില്‍ ലഗ്നരാശിക്കും ലഗ്നരാശ്യാധിപനായ ഗ്രഹത്തിനും ബലമുണ്ടെങ്കില്‍ മാത്രമേ താഴെപറയുന്ന ഫലങ്ങള്‍ പൂര്‍ണ്ണമായും അനുഭവത്തില്‍ വരുകയുള്ളു.

മേടലഗ്നഫലം :-
   മേടലഗ്നത്തില്‍ ജനിക്കുന്നവര്‍, ബന്ധുക്കളെ ദ്വേഷിക്കുന്നവനായും സഞ്ചാരപ്രീയനായും, കൃശമായ ശരീരത്തോടുകൂടിയവനായും കോപവും അഭിമാനവും വിവാദങ്ങളില്‍ പ്രിയവും ശുഭത്വവും ഉള്ളവനായും ബലം കുറഞ്ഞ മുട്ടുകളോടുകൂടിയവനായും അസ്ഥിരമായ ധനത്തോടുകൂടിയവനായും കാമിയായും സ്ത്രീകള്‍ക്ക് പ്രിയനായും വൃത്തവും താമ്രനിറവുമുള്ള കണ്ണുകളോടുകൂടിയവനായും അസത്യത്തില്‍ തല്‍പരനായും വെള്ളത്തില്‍ ഭയമുള്ളവനായും വേഗത്തില്‍ ഭക്ഷിക്കുന്നവനായും ക്രൂരനായും മുറിവോ വൃണമോ ഉള്ള ശരീരത്തോടുകൂടിയവനായും ഭവിക്കും.

ഇടവലഗ്നം :-
  ഇടവലഗ്നത്തില്‍ ജനിക്കുന്നവര്‍, ത്യാഗിയായും ക്ലേശങ്ങളെ സഹിക്കുന്നവനായും ക്ഷമയുള്ളവനായും വിസ്താരമായ മുഖവും ഊരുപ്രദേശവും ഉള്ളവനായും കൃഷിഭൂമിയും വസ്തുക്കളും ഉള്ളവനായും ദേവന്മാരെയും ഗുരുക്കന്മാരേയും പൂജിക്കുന്നവനായും ജീവിതകാലത്തിന്റെ മദ്ധ്യത്തിലും അന്ത്യത്തിലും സുഖം അനുഭവിക്കുന്നവനായും വിദ്വാനായും ശാസ്ത്രീയവാദങ്ങളില്‍ തല്‍പരനായും സുന്ദരനായും പുറകില്‍ ഒരു ഭാഗത്ത് അടയാളത്തോടുകൂടിയവനായും സ്ത്രീപ്രജകള്‍ ഏറിയും പുരുഷസന്താനങ്ങള്‍ കുറഞ്ഞും ഇരിക്കുന്നവനായും ഭവിക്കും.

മിഥുനലഗ്നം :-
  മിഥുനലഗ്നത്തില്‍ ജനിക്കുന്നവര്‍, സ്ത്രീസക്തനായും, വെള്ളകണ്ണനായും അന്യഹൃദയത്തെ അറിയുന്നവനായും അഭിജ്ഞനായും നല്ല ബന്ധുക്കളോടുകൂടിയവനായും തത്വജ്ഞാനിയായും ഗുണവാനായും ചുരുണ്ട തലമുടിയോടുകൂടിയവനായും നീളമുള്ള മൂക്കോടുകൂടിയവനായും വിദ്വാനായും ശ്രീമാനായും ദയാലുവായും സുന്ദരനായും നൃത്തഗീതങ്ങളില്‍ താല്‍പര്യമുള്ളവനായും യോഗാഭ്യാസിയായും സജ്ജനസമ്മതനായും ഭവിക്കും.

കര്‍ക്കിടകലഗ്നം :-
  കര്‍ക്കിടകലഗ്നത്തില്‍ ജനിക്കുന്നവര്‍, ഹ്രസ്വകായനായും തടിച്ച കണ്ഠപ്രദേശത്തോടുകൂടിയവനായും ധനവാനായും അന്യഗൃഹവും അന്യധനവും ലഭിക്കുന്നവനായും ബന്ധുക്കളോടും ധാരണാബുദ്ധിയോടും കൂടിയവനായും സ്ത്രീജിതനായും ജലക്രീഡയില്‍ തല്‍പരനായും തടിച്ച ശരീരത്തോടുകൂടിയവനായും ധര്‍മ്മനിഷ്ഠനായും മൃഷ്ടാന്നഭോജനവും ഉത്തമവസ്ത്രാഭരണാദികളും ഉള്ളവനായും തടിച്ചിരിക്കുന്ന കടി (ശരീരത്തിലെ അരകെട്ട്) പ്രദേശത്തോടുകൂടിയവനായും അല്‍പപുത്രന്മാര്‍ മാത്രം ഉള്ളവനായും ഒരു വശം ചരിഞ്ഞു വളവോടുകൂടി വേഗത്തില്‍ നടക്കുന്നവനായും ഭവിക്കും.

ചിങ്ങലഗ്നം :-
 ചിങ്ങം ലഗ്നത്തില്‍ ജനിക്കുന്നവര്‍, പിംഗലവര്‍ണ്ണമുള്ള കണ്ണുകളോടുകൂടിയവനായും പുത്രന്മാര്‍ കുറഞ്ഞവനായും ശത്രുക്കളെ ജയിക്കുന്നവനായും അഭിമാനിയായും രാജവംശത്തെ (സര്‍ക്കാരിനെ) ആശ്രയിക്കുന്നവനായും ശൂരനായും ഏറ്റവും സ്ഥിരചിത്തനായും വിശാലമായ മുഖത്തോടുകൂടിയവനായും ഹിംസാശീലവും മാംസത്തില്‍ പ്രിയവും വനങ്ങളിലും പര്‍വ്വതങ്ങളിലും സഞ്ചരിക്കുന്നതില്‍ താല്‍പര്യവും വിശപ്പും ദാഹവും ആധിക്യമുള്ളവനായും വൃഥാ കോപിക്കുന്നവനായും ത്യാഗിയായും മാതാവിന്റെ ഇഷ്ടാനുസരണം പ്രവര്‍ത്തിക്കുന്നവനായും ഭവിക്കും. പരിചയമില്ലാത്തവരുടെ അടുത്ത് ചെന്നാല്‍ പാവത്താനെപോലെ പെരുമാറുകയും പരിചയപ്പെട്ടുകഴിഞ്ഞാല്‍ അവരുടെ മുന്നില്‍ സാമര്‍ത്ഥ്യം കാണിക്കുകയും ചെയ്യും.

കന്നിലഗ്നം :-
  കന്നിലഗ്നത്തില്‍ ജനിക്കുന്നവര്‍, ഏറ്റവും സ്ത്രീസക്തനായും പ്രവര്‍ത്തികളില്‍ സാമര്‍ത്ഥ്യം ഉള്ളവനായും ചുമലും കൈകളും താണിരിക്കുന്നവനായും പരദ്രവ്യവും പരഭവനവും ലഭിക്കുന്നവനായും ലജ്ജകൊണ്ട് അലസങ്ങളായ കണ്ണുകളോടുകൂടിയവനായും വിദ്വാനായും ശ്രീമാനായും ബന്ധുക്കളില്‍ താല്‍പര്യമുള്ളവനായും ഇഷ്ടമായ വാക്കുകളെ പറയുവാന്‍ സാമര്‍ത്ഥ്യം ഉള്ളവനായും ശാസ്ത്രാര്‍ത്ഥങ്ങളെ അറിയുന്നവനായും, സ്ത്രീപ്രജകള്‍ ഏറിയും പുരുഷസന്താനങ്ങള്‍ കുറഞ്ഞും ഇരിക്കുന്നവനായും സാത്വികനായും സുഖിയായും ഭവിക്കും.

തുലാം ലഗ്നം :-
  തുലാം ലഗ്നത്തില്‍ ജനിക്കുന്നവര്‍, ദേവന്മാരെയും സജ്ജനങ്ങളേയും ഗുരുജനങ്ങളേയും പൂജിക്കുന്നവനായും വിദ്വാനായും വ്യവഹാരപ്രിയനായും ചഞ്ചലഹൃദയത്തോടുകൂടിയവനായും സ്ത്രീജനകാമകേളികളില്‍ സാമര്‍ത്ഥ്യം ഉള്ളവനായും ഭംഗിയുള്ള കണ്ണുകളോടുകൂടിയവനായും രാജപ്രിയനായും സഞ്ചാരിയായും പുത്രന്മാര്‍ കുറഞ്ഞവനായും രണ്ടു പേരുകള്‍ (Name) ഉള്ളവനായും ക്രയവിക്രയങ്ങളില്‍ സാമര്‍ത്ഥ്യം ഉള്ളവനായും, ഭയചഞ്ചലനായും സമാധാനശീലമുള്ളവനായും ചടച്ചു നീണ്ട ശരീരത്തോടുകൂടിയവനായും ഭവിക്കും.

വൃശ്ചികലഗ്നം :-
    വൃശ്ചികലഗ്നത്തില്‍ ജനിക്കുന്നവര്‍, മൂര്‍ഖനായും വളരെ ചാപല്യമുള്ളവനായും മാനിയായും ധനികനായും സജ്ജനങ്ങളെ ദ്വേഷിക്കുന്നവനായും വിശാലവും ക്രൂരവുമായ കണ്ണുകളോടുകൂടിയവനായും രാജസേവകനായും പാപങ്ങളെ മറയ്ക്കുന്നവനായും ദുഷ്ടനായും ബാല്യത്തില്‍ രോഗിയായും പിതാവിന്റെ അല്ലെങ്കില്‍ ഗുരുജനങ്ങളെ വേര്‍പ്പെട്ടവനായും തുടയും കണങ്കാലും തടിച്ചിരിക്കുന്നവനായും കൈകാലുകളില്‍ താമരരേഖയുള്ളവനായും തീഷ്ണബുദ്ധിയായും ക്രൂരകര്‍മ്മങ്ങളെ ചെയ്യുന്നവനായും ഭവിക്കും.

ധനുലഗ്നം :-
  ധനുലഗ്നത്തില്‍ ജനിക്കുന്നവര്‍, ഐശ്വര്യവും വിദ്യയും സമ്പത്തും യശസ്സും ഉള്ളവനായും കഴുത്തും മുഖവും നീണ്ടിരിക്കുന്നവനായും കൂനുള്ളവനായും രാജപ്രിയനായും ശത്രുക്കളെ ജയിക്കുന്നവനായും സാമോപായം കൊണ്ട് വശപ്പെടുന്നവനായും ബാലവാനായും വിദ്വാനായും കര്‍മ്മങ്ങളില്‍ സാമര്‍ത്ഥ്യം ഉള്ളവനായും വലിയ ചെവികളും മൂക്കും ഉള്ളവനായും ഏറ്റവും പ്രതിഭാശാലിയായും പിതൃസ്വത്ത് ലഭിക്കുന്നവനായും പ്രസിദ്ധനായും അനേകം ഗുണങ്ങളുള്ളവനായും ഭവിക്കും.

മകരലഗ്നം :-
  മകരലഗ്നത്തില്‍ ജനിക്കുന്നവര്‍, ദീനവാക്കായും സ്വാത്വികനായും കൃശമായ ശരീരാധഃപ്രദേശത്തോടുകൂടിയവനായും മടിയനായും ആഗമ്യകളും വൃദ്ധകളുമായ സ്ത്രീകളില്‍ താല്‍പര്യമുള്ളവനായും, ദുഃഖിയായും ഉപജീവനാര്‍ത്ഥം ജടാവല്‍ക്കലാദികളെ ധരിക്കുന്നവനായും ശഠപ്രകൃതിയായും വാതപീഡിതനായും ഭാഗ്യവാനായും ഭവിക്കും.


കുംഭലഗ്നം :-
    കുംഭലഗ്നത്തില്‍ ജനിക്കുന്നവര്‍, പിശുക്ക് പരസ്ത്രീസക്തി ദാരിദ്രം ഹിംസാശീലം വൃഥാ സഞ്ചാരം ദുഃഖം കോപം ഇതുകളോടുകൂടിയവനായും പാപങ്ങളെ മറച്ചുവയ്ക്കുന്നവനായും കുടംപോലുള്ള ശരീരത്തോടുകൂടിയവനായും സുഗന്ധദ്രവ്യങ്ങളില്‍ പ്രിയവും നിര്‍ദ്ദയത്വവും ലജ്ജയില്ലായ്മയും ഉള്ളവനായും ഭവിക്കും.

മീനലഗ്നം :-
    മീനലഗ്നത്തില്‍ ജനിക്കുന്നവര്‍, തേജസ്സ് യശസ്സ് വിഭവങ്ങള്‍ ധാന്യസമൃദ്ധി ധനസമൃദ്ധി വിദ്യ സൗന്ദര്യം ഇതുകളോടുകൂടിയവനായും ഇഷ്ടബന്ധുക്കളോടുകൂടിയവനായും വളരെ വെള്ളം കുടിക്കുന്നവനായും നല്ല കണ്ണുകളോടുകൂടിയവനായും തന്റെ ഭാര്യയില്‍ വളരെ സ്നേഹമുള്ളവനായും ജലജങ്ങളായ ദ്രവ്യങ്ങളെ ലഭിക്കുന്നവനായും പുണ്യകര്‍മ്മങ്ങളെ ചെയ്യുന്നവനായും കൃതജ്ഞത ഉള്ളവനായും ഭവിക്കും.

 ജാതകത്തിലെ ഗ്രഹക്ഷേത്രഫലങ്ങള്‍ എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക.ഇവിടെ ക്ലിക്ക് ചെയ്യുക.

നാഗചരിത്രം കേരളത്തില്‍

  പരശുരാമനാണ് കേരളത്തില്‍ നാഗാരാധനക്ക് തുടക്കം കുറിച്ചതെന്നാണ് ഐതിഹ്യം. പരശുരാമന്‍ കേരളം സൃഷ്ടിച്ചപ്പോള്‍ പാമ്പുകളുടെ ആധിക്യം മൂലവും ജലത്തിലെ ലവണാംശവും നിമിത്തം ഭൂമി വാസയോഗ്യമല്ലാതായി. ഈ മണ്ണ് മനുഷ്യവാസത്തിന് ഉചിതമല്ലെന്ന് കണ്ട് പരശുരാമന്‍ ശ്രീ പരമേശ്വരനെ തപസ്സ് ചെയ്തു. ശിവഉപദേശത്താല്‍ നാഗരാജാവായ അനന്തനേയും സര്‍പ്പശ്രേഷ്ഠനായ വാസുകിയേയും പരശുരാമന്‍ തപസ്സ് ചെയ്ത് പ്രത്യക്ഷപ്പെടുത്തി. ഭൂമിയുടെ രക്ഷകരും കാവല്‍ക്കാരും എന്ന നിലയില്‍ സര്‍പ്പങ്ങളെ പൂജിക്കുകയും അവര്‍ക്ക് പ്രത്യേകം വാസസ്ഥാനം നല്‍കിയാല്‍ സര്‍പ്പശല്യം അവസാനിക്കുമെന്നും അവര്‍ അരുളി ചെയ്തു. ഉച്ചാസവായുകൊണ്ട് ജലത്തിലെ ലവണാംശം നശിപ്പിക്കാന്‍ സര്‍പ്പങ്ങളെ നിയോഗിക്കുകയും ചെയ്തു. ഭൂമി കൃഷിക്കും താമസത്തിനും യോഗ്യമാക്കിയതില്‍ സന്തുഷ്ടനായ പരശുരാമന്‍ നാടിന്റെ രക്ഷയ്ക്കുവേണ്ടി നാഗങ്ങളെ പ്രതിഷ്ഠിച്ചു എന്നാണ് ഐതിഹ്യം.

   പ്രാചീന കേരളത്തെ വിളിച്ചിരുന്നത് 'അഹിഭൂമി' (നാഗങ്ങളുടെ നാട്) എന്നാണ്. ചില തമിഴ് കൃതികളിലാകട്ടെ കേരളത്തെ നാഗലോകം എന്നാണ് പരാമര്‍ശിക്കപ്പെടുന്നത്. നാഗങ്ങളെവെച്ചാരാധിച്ചാല്‍ അവ മനുഷ്യനെ സംരക്ഷിക്കുമെന്ന് വിശ്വസിക്കുന്നു. പഴയകാലത്തെ സ്ത്രീകള്‍ സര്‍പ്പഫണതാലിയും സര്‍പ്പത്തിന്റെ രൂപം കൊത്തിയുണ്ടാക്കിയ വളകളും, മോതിരവും ധരിചിരുന്നതായി കാണാം. പിന്‍കുടുമ മാറ്റി പത്തിയും വാലുമുള്ള പാമ്പിന്റെ ആകൃതിയുള്ള മുന്‍കുടുമ ഇവിടെയെത്തിയ ബ്രാഹ്മണര്‍ സ്വീകരിച്ചത് നാഗപ്രീതിക്ക് വേണ്ടിയാണെന്ന് അനുമാനിക്കുന്നു. കേരളത്തിലെ ഭൂരിഭാഗവും ധര്‍മ്മദൈവങ്ങളായി നാഗങ്ങളെ ആരാധിച്ചിരുന്നു. തറവാടുകളില്‍ ഒരു ഭാഗത്ത് സര്‍പ്പക്കാവും സന്ധ്യക്കുള്ള വിളക്കുവെക്കലും പതിവാണ്. ഇവയൊക്കെ പുരാതനകാലം മുതല്‍ പ്രബലമായിരുന്ന നാഗാരാധനയുടെ സൂചകങ്ങളാണ്.

സാളഗ്രാമപൂജയുടെ പിന്നിലെ രഹസ്യം എന്താണ്?

     സാളഗ്രാമങ്ങള്‍ വൈഷ്ണവ പ്രതീകമാണ്. തീ൪ത്ഥാടന സമയത്താണ് അധികവും ഇവ പൂജിക്കാറുള്ളത്. വീടുകളില്‍ വച്ച് പൂജിക്കുന്നവരും ഉണ്ട്. പ്രത്യേകം പാത്രങ്ങളില്‍ വെള്ളത്തിലാണ് സൂക്ഷിക്കുക. പൂജയ്ക്ക് പൂക്കളും തുളസിയും ഉപയോഗിക്കാറുണ്ട്. ജലാംശം നിശ്ശേഷം വറ്റിപോകരുതെന്ന് വിശ്വാസം.
  നേപ്പാളാണ് സാളഗ്രാമത്തിന്റെ ഉറവിടം. നദിയുടെ ശക്തിയായ ഒഴുക്കില്‍പെട്ട് ഉരുളന്‍ കല്ലുകളാകുന്നു. ഒരിനം പ്രാണികള്‍ കല്ലുതുളച്ച്  പലതരം ചക്രങ്ങള്‍ കൊത്തിയുണ്ടാകുന്നു. ചക്രങ്ങളുടെ ആകൃതിക്കനുസരിച്ചും നിറം നോക്കിയും ഓരോ ഈശ്വരനാമങ്ങള്‍ നല്‍കിയിരിക്കുന്നു.

ലഗ്നസ്ഫുടക്രിയ സാമാന്യനിയമം

ലഗ്നസ്ഫുടക്രിയ സാമാന്യനിയമം
     പകല്‍ ഉദയം മുതല്‍ ജനനസമയം വരെ ചെന്ന നാഴികയും വിനാഴികയും; ജനനം മുതല്‍ അസ്തമനം വരെ ചെന്ന നാഴികയും വിനാഴികയും വേറെ വേറെ വെച്ച് ഉദയാല്‍പരം മുതല്‍ മുന്നോട്ടുള്ള രാശിനാഴികകള്‍ വാങ്ങി കിട്ടുന്ന ലഗ്നവും; അസ്തമനം വരെ ചെന്ന നാഴികയില്‍ നിന്ന് അസ്തമനാല്‍പൂര്‍വ്വം മുതല്‍ പിന്നോക്കം വാങ്ങി കിട്ടുന്ന ലഗ്നവും ഒന്നുതന്നെയായിരിക്കും. ഇപ്രകാരം അസ്തമനം മുതല്‍ മുന്നോട്ടും ഉദയം മുതല്‍ പിന്നോട്ടും വാങ്ങിയാല്‍ കിട്ടുന്ന ലഗ്നരാശിയും ഒന്നുതന്നെയായിരിക്കും. എന്നാല്‍ ഉദയാല്‍പരം കൊണ്ടും അസ്തമനാല്‍പരംകൊണ്ടും ലഗ്നരാശി സൂക്ഷ്മപ്പെടുത്തി ലഗ്നസ്ഫുടം നിര്‍മ്മിച്ചാല്‍ പോരെ? ഈ ചോദ്യത്തിന് ഉത്തരം ഒന്നേയുള്ളൂ "അതുപോരാ" എന്ന് മാത്രം.

      പകല്‍ 15 നാഴികക്കുള്ളിലാണ് ജനനം എങ്കില്‍ ഉദയാല്‍പരവും 15 നാഴിക അസ്തമനത്തിനു മുന്‍പാണെങ്കില്‍ അസ്തമനാല്‍പൂര്‍വ്വവും, അസ്തമനം മുതല്‍ 15 നാഴിക രാത്രി ചെല്ലുന്നതിനുമുമ്പാണെങ്കില്‍ അസ്തമാനാല്‍പരവും, 15 നാഴിക പുലരുവാനകണമെങ്കില്‍ ഉദയാല്‍പൂര്‍വ്വവും ഉപയോഗിച്ച് ലഗ്നം ഗണിക്കണം. ഇപ്രകാരമാണ് ശാസ്ത്രീയ ലഗ്നഗണിതക്രിയ.

ലഗ്നഫലങ്ങള്‍ എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.

നാഗങ്ങളുടെ ഉത്ഭവ കഥ

   മഹാഭാരതം ആദിപര്‍വ്വത്തില്‍ നാഗങ്ങളുടെ ഉത്ഭവ കഥ വിവരിക്കുന്നുണ്ട്. ബ്രഹ്മാവിന്റെ മാനസപുത്രന്മാരില്‍ ഒരാളായ മരീചിയുടെ പുത്രനാണ് അതിതേജസ്വിയായ കശ്യപന്‍. ദക്ഷപ്രജാപതിയുടെ പുത്രിമാരായ കദ്രുവും വിനിതയുമാണ് അദ്ദേഹത്തിന്റെ പത്നിമാര്‍. പത്നിമാരുടെ ശുശ്രൂഷയില്‍ സംപ്രീതനായ കശ്യപന്‍ അവര്‍ക്ക് ഇഷ്ടപ്പെട്ട വരം ചോദിച്ചുകൊള്ളുവാന്‍ ആവശ്യപ്പെട്ടു. ഉടനെ കദ്രു അതിശക്തിയോടുകൂടിയ ആയിരം നാഗങ്ങള്‍ തനിക്ക് പുത്രന്മാരായി ഉണ്ടാകണമെന്ന വരം ചോദിച്ചു. വിനിതയാകട്ടെ കദ്രുവിന്റെ മക്കളേക്കാള്‍ വീര്യവും പരാക്രമവും ഓജസ്സുമുള്ള രണ്ടു പുത്രന്മാരുണ്ടായാല്‍ മതി എന്ന വരമാണ് ചോദിച്ചത്. വരബലത്താല്‍ കദ്രു ആയിരം മുട്ടകള്‍ ഇടുകയും, അഞ്ഞൂറ് വര്‍ഷങ്ങള്‍ക്ക് ശേഷം അവ വിരിഞ്ഞ് ആയിരം നാഗങ്ങള്‍ ഉത്ഭവിക്കുകയും ചെയ്തു. ക്ഷമയില്ലാത്ത വിനിത തന്റെ രണ്ട് മുട്ടകളില്‍ ഒന്ന് പൊട്ടിച്ച് നോക്കുകയും അതില്‍ നിന്ന് പൂര്‍ണ്ണ വളര്‍ച്ചയെത്തിയിട്ടില്ലാത്ത അരുണന്‍ പിറക്കുകയും ചെയ്തു. പൂര്‍ണ്ണ വളര്‍ച്ച എത്തുന്നതുവരെ ക്ഷമിക്കാന്‍ കഴിയാത്ത വിനിതയെ അരുണന്‍ ശപിച്ചു. ഇനി മുതല്‍ കദ്രുവിന്റെ ദാസിയായി അഞ്ഞൂറുകൊല്ലം ജീവിക്കണമെന്നും, ഇനിയുള്ള അണ്ഡത്തില്‍ നിന്നും പുറത്തുവരുന്ന മകന്‍ അമ്മയെ ദാസ്യത്തില്‍ നിന്നും രക്ഷിക്കുമെന്ന് പറഞ്ഞ് ആകാശത്തിലേക്ക് ഉയര്‍ന്ന് ആദിത്യസാരഥിയായി പ്രശോഭിച്ചു. സമയമായപ്പോള്‍ രണ്ടാമത്തെ മുട്ട വിരിഞ്ഞ് ഗരുഡന്‍ പുറത്തുവന്നു. കദ്രു പുത്രന്മാരായ ആയിരം നാഗങ്ങളില്‍ നിന്നാണ് ഇന്ന് ലോകത്തില്‍ കാണപ്പെടുന്ന നാഗങ്ങളൊക്കെ ഉത്ഭവിച്ചത്.

അസ്തമനാല്‍ പൂര്‍വ്വലഗ്നം കണ്ടുപിടിക്കുന്നത് എങ്ങിനെ?

    അസ്തമിപ്പാന്‍ 15 നാഴിക പകല്‍ ഉള്ളതിനുള്ളില്‍ ഒരു ജനനം ഉണ്ടായാല്‍ ജനനസമയം മുതല്‍ അസ്തമിക്കും വരെയുള്ള നാഴികവിനാഴികകള്‍വെച്ച് അതില്‍ നിന്ന് അസ്തമനാല്‍ പൂര്‍വ്വം കളഞ്ഞ് (കുറച്ച്) തുടര്‍ന്നുപോകാവുന്ന രാശി വിനാഴികകള്‍ പ്രതിലോമമായി കളഞ്ഞ് (അസ്തമനരാശി മുതല്‍) പൂര്‍ണ്ണ നാഴിക വിനാഴികകള്‍ പോകാത്ത രാശി ലഗ്നമായി കണക്കാക്കണം. ആ ശിഷ്ട നാഴിക വിനാഴികയും; ലഗ്നരാശി നാഴികയും വിനാഴികയും വെച്ച് അതില്‍ നിന്ന് കളഞ്ഞ് ശിഷ്ടം വരുന്ന നാഴികവിനാഴികകള്‍ ലഗ്നരാശിയില്‍ ജനനസമയത്തിനു കഴിഞ്ഞവയെന്ന് അറിയണം. ഇതിലെ നാഴികയെ 60 ല്‍ പെരുക്കി വിനാഴികകൂട്ടി 30 കൊണ്ട് പെരുക്കി ലഗ്നരാശി ഹാരകസംഖ്യകൊണ്ട് ഹരിച്ചുകിട്ടുന്നത് തിയ്യതിയും. ശിഷ്ടത്തെ 60 ല്‍ പെരുക്കി ലഗ്നരാശി ഹാരകസംഖ്യകൊണ്ട് ഹരിച്ചു കിട്ടുന്നത് കലയുമാകുന്നു. ഇതാണ് ലഗ്നസ്ഫുടത്തിലെ തിയ്യതിയും നാഴികയും. ലഗ്നസ്ഫുടം മേല്‍വിവരിച്ച വിധം സൂക്ഷ്മപ്പെടുത്തണം.

ലഗ്നസ്ഫുടക്രിയ സാമാന്യനിയമം എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.

ഉമാമഹേശ്വരവ്രതം

 ഭാദ്രപദ പൂര്‍ണ്ണിമ (വെളുത്തവാവ്) നാള്‍ അനുഷ്ഠിക്കുന്ന വ്രതമാണ് ഉമാമഹേശ്വര വ്രതം. രാവിലെ കുളിച്ച് ശുദ്ധിവരുത്തി ശിവപ്രതിമയില്‍ അഭിഷേകം ചെയ്ത് കൂവളത്തിലമാല ചാര്‍ത്തി പാര്‍വ്വതീപരമേശ്വരന്മാരെ പൂജിക്കണം. പൂജിക്കാന്‍ കഴിയാത്തവര്‍ ശിവക്ഷേത്രത്തില്‍ പോയി ദര്‍ശനം ചെയ്ത് പ്രാര്‍ഥിക്കണം. രാത്രി ഉറങ്ങരുത്. ശിവപുരാണം പാരായണം ചെയ്യുന്നതും ശിവസ്തുതികള്‍ ചൊല്ലുന്നതും ശിവപ്രീതികരങ്ങളാകുന്നു. പതിനഞ്ച് വര്‍ഷം വ്രതം അനുഷ്ഠിക്കണമെന്നാണ് വിധി. അവസാനം ബ്രാഹ്മണന് ദക്ഷിണ നല്‍കി അനുഗ്രഹം വാങ്ങി വ്രതം അവസാനിപ്പിക്കാം. സകലവിധ ഐശ്വര്യങ്ങളുമുണ്ടാകും.

      വ്രതത്തിന് അടിസ്ഥാനമായ കഥ ഇങ്ങനെ : ഒരിക്കല്‍ ദുര്‍വാസാവ് മഹര്‍ഷി വിഷ്ണുഭഗവാന് ശിവന്‍ നല്‍കിയ ദിവ്യമായ മാല നല്‍കി. ഭഗവാന്‍ തനിക്ക് ലഭിച്ച മാല ഗരുഡനെ അണിയിച്ചു. അത് ദുര്‍വാസാവിന് സഹിച്ചില്ല. മഹര്‍ഷി രോഷാകുലനായി മഹാവിഷ്ണുവിനോട്‌ പറഞ്ഞു -.

     സ്ഥിതിയുടെ കര്‍ത്താവായ അങ്ങ് സത്വഗുണമൂര്‍ത്തിയാണ്. പ്രപഞ്ചത്തെ നിലനിര്‍ത്തുവാനും സംരക്ഷിക്കുന്നവനുമാണ്. പക്ഷേ, സംഹാരകനായ പരമശിവനെ അപമാനിച്ചത് ഒരിക്കലും ശരിയായില്ല. അതുകൊണ്ട് അങ്ങേക്ക് ലക്ഷ്മീദേവിയുടെ സാമീപ്യം നഷ്ടപ്പെടും. ദേവി അപ്രത്യക്ഷയാകും. ക്ഷീരസാഗരത്തില്‍ അവലംബമില്ലാത്തവനായി കഴിയേണ്ടിവരും. ശേഷന്‍പോലും സഹായിക്കുകയില്ല. സത്യം! സത്യം! സത്യം! ദുര്‍വാസാവിന്റെ വാക്കുകള്‍കേട്ട് വിഷ്ണു ഭഗവാന്‍ ഞെട്ടി. ഒരിക്കലും പ്രതീക്ഷിക്കാത്ത അനുഭവമായിരുന്നു അത്. മഹാവിഷ്ണു മഹര്‍ഷിയുടെ അടുത്ത്ചെന്ന് ചെയ്തുപോയ തെറ്റ് ക്ഷമിക്കാന്‍ അപേക്ഷിച്ചു. രക്ഷപ്പെടാനുള്ള ഉപായം ആരാഞ്ഞു. മഹര്‍ഷി തെല്ലുനേരം ആലോചിച്ചുകൊണ്ട്‌ വിഷ്ണുവിനോട് ഉമാമഹേശ്വര വ്രതമനുഷ്ഠിക്കാന്‍ ഉപദേശിച്ചു.

     അതിനുശേഷം മഹാവിഷ്ണു ഉമാ-മഹേശ്വര വ്രതം അനുഷ്ഠിച്ചു. കൈവിട്ട് പോയത് എല്ലാം കൈവന്നു.

     ഉമാമഹേശ്വര വ്രതം അനുഷ്ഠിച്ചാല്‍ ഐശ്വര്യത്തോടുകൂടിയ ദാമ്പത്യജീവിതം നയിക്കാന്‍ കഴിയുമെന്നും ദീര്‍ഘയുസ്സുള്ളവരായി ജീവിക്കാന്‍ ശിവനും പാര്‍വ്വതിയും അനുഗ്രഹിക്കുമെന്നും വിശ്വസിക്കപ്പെടുന്നു.

  'ഓം നമഃ ശിവായ' - എന്ന മൂലമന്ത്രം 108 തവണ (ഉരു) ജപിക്കുന്നതും താഴെ പറയുന്ന പ്രാര്‍ഥനാ  മന്ത്രം ചൊല്ലുന്നതും ഉത്തമമാകുന്നു.

"ശിവം ശിവകരം ശാന്തം
ശിവാത്മാനം ശിവോത്തമം 
ശിവമാര്‍ഗ പ്രണേതാരം
പ്രണതോസ്മി സദാശിവം"

അസ്തമനാല്‍പരലഗ്നം കണ്ടുപിടിക്കുന്നത് എങ്ങിനെ?

അസ്തമനാല്‍പരലഗ്നം കണ്ടുപിടിക്കുന്നത് എങ്ങിനെ?
   അസ്തമിച്ചശേഷം 15 നാഴിക രാവ് ചെല്ലുന്നതിനുള്ളില്‍ ജനനമുണ്ടായാല്‍ തത്സമയത്തെ നാഴിക വിനാഴികകള്‍വെച്ച് അതില്‍നിന്ന് അസ്തമനാല്‍പരം വാങ്ങി (കുറച്ച്) മറ്റു തുടര്‍ന്നുള്ള രാശി നാഴികകളും കുറയ്ക്കണം. തുടര്‍ന്ന് പൂര്‍ണ്ണമായും രാശി നാഴികകള്‍ പോകാത്ത രാശി ലഗ്നമായി കണക്കാക്കി ലഗ്നം ഗണിക്കണം. ഇതിലെ ശിഷ്ടം വരുന്ന നാഴികയും വിനാഴികയും ജനനസമയം ലഗ്നത്തില്‍ കഴിഞ്ഞവയായതുകൊണ്ട് അതിലെ നാഴികയെ 60 ല്‍ പെരുകി വിനാഴിക കൂട്ടി ച്ചേര്‍ത്തു 30 ല്‍ പെരുക്കി ലഗ്നരാശി ഹാരകം കൊണ്ട് ഹരിച്ചാല്‍ കിട്ടുന്നത് തിയ്യതിയും ശിഷ്ടത്തെ 60 ല്‍ പെരുകി അതേ ഹാരകം കൊണ്ട് ഹരിച്ചാല്‍ കിട്ടുന്നത് ലഗ്നസ്ഫുടത്തിലെ നാഴികയും ആകുന്നു. ഗണിതക്രിയ മുന്‍ ഉദാഹരണംപോലെയാകയാല്‍ ഉദാഹരണം കാണിക്കുന്നില്ല.

ഓരോ ദിവസത്തെ അസ്തമനാല്‍പരം പഞ്ചാംഗത്തില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിക്കും.
അല്ലെങ്കില്‍ അസ്തമനാല്‍പരം കണ്ടുപിടിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

അസ്തമനാല്‍ പൂര്‍വ്വലഗ്നം കണ്ടുപിടിക്കുന്നത് എങ്ങിനെ? എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.

നവരാത്രിവ്രതം / നവരാത്രി ആഘോഷങ്ങള്‍

    ആശ്വിനത്തിലെ (കന്നി, തുലാം) ശുക്ലപക്ഷ പ്രഥമ മുതല്‍ ഒമ്പത് ദിവസങ്ങളിലായി നവരാത്രി കൊണ്ടാടുന്നു. ഒന്നാം ദിവസത്തിന്റെ തലേദിവസംതന്നെ ഒരിക്കലൂണോടെ വ്രതം ആരംഭിക്കുന്നു. ഗൃഹങ്ങളിലും ക്ഷേത്രങ്ങളിലും ദേവീപൂജകള്‍ പതിവുണ്ട്. രണ്ടു വയസ്സ് മുതല്‍ പത്തുവയസസ് വരെയുള്ള കുട്ടികളെ ദേവിയുടെ പ്രതിനിധികളായി പല ഭാവങ്ങളില്‍ സങ്കല്‍പ്പിച്ച് നടത്തുന്ന കുമാരിപൂജ പ്രധാന ഇനമാണ്. വ്രതാനുഷ്ഠാനവേളയില്‍ അരിയാഹാരം ഉപേക്ഷിക്കുകയോ ഒരു നേരം മാത്രമാക്കുകയോ ചെയ്ത് ക്ഷേത്രത്തില്‍ കഴിച്ചുകൂട്ടുന്നത് നന്ന്. പഴം, കരിക്ക് എന്നിവ കഴിക്കുന്നതിന് വിരോധമില്ല. ഒമ്പത് ദിവസങ്ങളിലായി ഒമ്പത് ഭാവങ്ങളില്‍ ദേവിയെ ആരാധിക്കപ്പെടുന്നു. എന്നാല്‍ കേരളത്തില്‍ ഒടുവിലത്തെ മൂന്നു ദിവസമാണ് പ്രാധാനം. കൂടുതല്‍ ആളുകളും ആ മൂന്നു ദിവസങ്ങളില്‍ മാത്രം വ്രതമനുഷ്ഠിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നു. ആ മൂന്നു നാളുകള്‍ അഷ്ടമി, നവമി, ദശമി എന്നിവയാണ്. അഷ്ടമി പൂജവെയ്പും നവമി അടച്ചുപൂജയും വിജയദശമി വിദ്യാരംഭവുമായി കൊണ്ടാടുന്നു.  അഷ്ടമിനാളില്‍ ആയുധപൂജയും പതിവുണ്ട്. നീണ്ട ദിവസങ്ങള്‍ മുഴുവന്‍ വ്രതമനുഷ്ഠിക്കാന്‍ കഴിയാത്തവര്‍ ദേവിക്ക് പഴം, അവില്‍, മലര്‍, ശര്‍ക്കര എന്നിവ നിവേദിച്ച് ഭക്ഷിച്ച്‌ ഒരിക്കല്‍ ഊണ് കഴിച്ച് പൂര്‍ണ്ണ ഉപവസമല്ലാതെയും വ്രതമനുഷ്ഠിക്കുക പതിവുണ്ട്.
    കേരളത്തില്‍ വിജയദശമി നാള്‍ നടക്കുന്ന വിദ്യാരംഭത്തിനാണ് കൂടുതല്‍ പ്രാധാന്യം കാണുന്നത്. അന്ന് ആചാര്യന്‍ സരസ്വതീദേവിയെ ആരാധിച്ചും സ്വര്‍ണ്ണംകൊണ്ട് കുട്ടിയുടെ നാവിലും വിരലുകൊണ്ട് മുമ്പില്‍ വെച്ച അരിയിലും ആദ്യാക്ഷരങ്ങള്‍ കുറിക്കുന്നു.

  'ഹരി ശ്രീ ഗണപതയേ നമഃ' എന്നാണ് ആരംഭം. ഏതു പ്രവൃത്തിയും ഈശ്വര പ്രാര്‍ഥനയോടെ തുടങ്ങണമെന്നാണ് വിധി. ഹരി നമ്മെ സംരക്ഷിക്കുന്ന മഹാവിഷ്ണുവാണ്. ശ്രീയോ? മഹാലക്ഷ്മിയും. ജ്ഞാനസമ്പാദനം യാതൊരു തടസ്സവും കൂടാതെ മുന്നോട്ടുപോകാന്‍ ഗണപതിയുടെ അനുഗ്രഹം വേണം. ഗണപതിയെകൂടി സ്മരിച്ചുകൊണ്ട് മുന്നേറാനുള്ള ശക്തി സമ്പാദിക്കുന്നുവെന്ന് കരുതാം. വ്രതാനുഷ്ഠാനത്തിനുള്ള പ്രായമായിട്ടില്ലെങ്കിലും കുട്ടികളെ അവസാന മൂന്നുനാളിലെങ്കിലും കൊണ്ടുവന്ന് ദേവീക്ഷേത്രത്തില്‍ ദര്‍ശനം ചെയ്യിക്കേണ്ടതാകുന്നു.
   നവരാത്രിവേളയില്‍, ഓരോ ദിവസവും ദേവിയെ താഴെ പറയും പ്രകാരം ധ്യാനിച്ച്‌ ആരാധിക്കേണ്ടതാകുന്നു. എങ്കില്‍ ശക്തിസ്വരൂപിണിയായ ദേവി ആപത്തുകളില്‍ നിന്ന് ഏവരേയും കരകയറ്റുമെന്ന കാര്യത്തില്‍ സംശയമില്ല.

1. ബാലസ്വരൂപണീഭാവത്തില്‍, ശൈലപുത്രിയായി പാര്‍വ്വതിദേവിയെ സങ്കല്‍പ്പിച്ച് ആരാധിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. പൂര്‍വ്വജന്മത്തിലെ സതീദേവിയെപ്പോലെ ദേവി ഈ ജന്മത്തിലും പരമശിവന്റെ അര്‍ദ്ധാംഗിനിയാണ്. വൃഷഭസ്ഥിതിയായി ത്രിശൂലവും താമരപ്പൂവും ധരിച്ച് മരുവുന്നു.

2. ബ്രഹ്മചാരിണിസങ്കല്‍പ്പത്തില്‍ പൂജിക്കുന്നു. ബ്രഹ്മശബ്ദത്തിന് തപസ്സ് എന്നര്‍ത്ഥമുണ്ട്. ദേവി തപസ്സുചെയ്ത് ഭഗവാനെ പ്രീതിപ്പെടുത്തുകയാണ്. ജപമാലയും കമണ്ഡലുവും ധരിച്ചിരിക്കുന്നു. ഇലഭക്ഷണംപോലും ത്യജിച്ചുകൊണ്ടാണ് തപസ്സ് ചെയ്യുന്നതെന്നാണ് വിശ്വാസം. അതുകൊണ്ട് ദേവിക്ക് അപര്‍ണ്ണ എന്ന പേരുണ്ടായി.

3. മൂന്നാമത്തെ ഭാവം ചന്ദ്രഘണ്‍ടയായിട്ടറിയപ്പെടുന്നു. ദേവിയുടെ തിരുനെറ്റിയില്‍ അര്‍ദ്ധചന്ദ്രരൂപത്തില്‍ ഒരു മണിയുണ്ട്. ആ മണിയാണ് ചന്ദ്രഘണ്‍ടാരൂപിണിയായ ദേവീ സങ്കല്‍പ്പത്തിനാധാരം. സ്വര്‍ണ്ണവര്‍ണ്ണമുള്ള ശരീരവും പത്തു കൈകളുമുണ്ട്. എല്ലാകൈകളിലും ദിവ്യായുധങ്ങള്‍ ധരിച്ചിരിക്കുന്നു. സിംഹവാഹിനിയുടെ മണിനാദം കേട്ടാല്‍ ദുഷ്ടന്മാര്‍ക്ക് ഭയവും ശിഷ്ടന്മാര്‍ക്ക് ശാന്തിയും ലഭിക്കും. യുദ്ധത്തിന് ഒരുങ്ങി നില്‍ക്കുന്ന ഭാവമാണ്.

4. നാലാമത്തെ ദേവീസ്വരൂപം 'കുഷ്മാണ്ഡം' എന്ന പേരില്‍ അറിയപ്പെടുന്നു. പ്രപഞ്ച സൃഷ്ടിയുടെ ആദിസ്വരൂപവും ശക്തിയും ദേവിയാണല്ലോ.  സൃഷ്ടിക്ക് മുമ്പ് ദേവിയില്‍നിന്നും ഉദ്ഭവിച്ച ദിവ്യപ്രകാശം സര്‍വ്വത്ര വ്യാപിച്ചു. പിന്നീട് ആ പ്രകാശം സര്‍വ്വവസ്തുക്കളിലും പ്രവേശിച്ച് തിളങ്ങി തേജസ്വിനിയായി ദേവിക്ക് അഷ്ടഭുജങ്ങളുണ്ട്. കമണ്ഡലു, ധനുസ്സ്, ബാണം, പുഷ്പം, അമൃതകലശം, ചക്രം, ഗദ, ജപമാല എന്നിവ ധരിച്ച് സിംഹവാഹിനിയായി ദേവി പരിലസിക്കുന്നു.

5. ദേവിയുടെ അഞ്ചാമത്തെ ഭാവം സ്കന്ദമാതാവാണ്. അമ്മയുടെ മടിയില്‍ പുത്രന്‍ സുബ്രഹ്മണ്യന്‍ സാന്നിദ്ധ്യമരുളുന്നു എന്നാണ് സങ്കല്പം. സ്കന്ദമാതാവായ പരാശക്തി ചതുര്‍ഭുജയാണ്. രണ്ടു കൈകളിലും താമരപ്പൂവും താഴത്തെ ഒരു കൈ പുത്രനെ വാത്സല്യപൂര്‍വ്വം തഴുകുന്ന തരത്തിലും, മറ്റേ കൈയില്‍ വരദമുദ്രയും ധരിച്ചിരിക്കുന്നു. സ്കന്ദമാതാവിനെ ആരാധിക്കുന്നതിലൂടെ സുബ്രഹ്മണ്യനെ പൂജിക്കുന്ന ഫലം കൂടി ലഭിക്കുന്നു. സുബ്രഹ്മണ്യപ്രീതിക്കും സ്കന്ദമാതാവാരാധന ഫലപ്രദമാകുന്നു.

6. ആറാമത്തെ സ്വരൂപം 'കാത്യായനി' യുടെതാണ്. കാത്യായന മഹര്‍ഷി ദേവിയെ തപസ്സുചെയ്ത് ദേവിതന്നെ ഗൃഹത്തില്‍ പിറക്കണമെന്നു പ്രാര്‍ഥിച്ചു. ദേവി മഹര്‍ഷിയുടെ ആഗ്രഹം സ്വീകരിച്ചു. അതിനുശേഷം മഹിഷാസുരനെ വധിച്ചു ദേവന്മാര്‍ക്ക് ആശ്വാസമരുളിയെന്നു പുരാണം പറയുന്നു. ചതുര്‍ഭുജയായ ദേവി പുഷ്പവും വാളും അഭയമുദ്രകളും ധരിച്ച് സിഹവാഹിനിയായി സര്‍വ്വര്‍ക്കും അനുഗ്രഹാശിസ്സുകളേകി മരുവുന്നു.

7. ഈ രൂപമാണ് ഏറ്റവും ഭയാനകം. ദേവി ശക്തിരൂപം പൂണ്ട് കാളരാത്രിയായി ശോഭിക്കുന്നു. ധൈര്യം സമ്പാദിച്ച് ജീവിതത്തില്‍ മുന്നേറാന്‍ കഴിയുന്നതിനു വേണ്ടിയാണ് ദേവി ഭയാനകരൂപം ധരിച്ച് വര്‍ത്തിക്കുന്നത്. ആ രൂപം ശരീരത്തിലേക്ക് പ്രതിഫലിക്കുമ്പോള്‍ മനുഷ്യന്‍ ഭയത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടുമെന്നാണ് വിശ്വാസം. ദേവിയുടെ ഭയാനകരൂപം മനോ ദൌര്‍ബല്യം പരിഹരിച്ച് മനുഷ്യനെ കര്‍മ്മനിരതനാക്കാന്‍ വഴി തെളിയിക്കുന്നു. കറുത്ത നിറവും ചിന്നി ചിതറിയ മുടിയും തൃക്കണ്ണുകളില്‍നിന്നു പ്രവഹിക്കുന്ന അഗ്നിയും ആരെയാണ് ഭയപ്പെടുത്താത്തത്? ബ്രഹ്മാണ്ഡത്തെ ഭസ്മമാക്കാന്‍ പോലും ആ ജ്വാലകള്‍ക്ക് ശക്തിയുണ്ട്. കഴുതയാണ്‌ വാഹനം. വരദമുദ്രയും അഭയമുദ്രയും വാളും മറ്റൊരു ദിവ്യായുധവും ധരിച്ച് ചതുര്‍ഭുജയായി 'ശുഭങ്കരി' എന്ന പേരില്‍ അറിയപ്പെടുന്നു.

8. 'മഹാഗൗരി' യാണ് എട്ടാമത്തെ ഭാവം. ദേവി ശാന്തസ്വരൂപിണിയും ശുഭ്രവര്‍ണ സ്വരൂപിണിയുമാണ്. പരമശിവനെ ആഗ്രഹിച്ച് കഠിനതപസ്സു ചെയ്ത് ദേവിയുടെ ശരീരം കറുത്തു. സൗന്ദര്യം നശിച്ചു. പക്ഷേ, അത് കണ്ടുനില്‍ക്കാന്‍ ശിവന് കഴിഞ്ഞില്ല. ദേവന്‍ പ്രത്യക്ഷപ്പെട്ട് ദേവിയെ ഗംഗാസ്നാനം കഴിപ്പിച്ച് ശുഭ്രവര്‍ണയാക്കി തീര്‍ത്തു.  ദേവിയുടെ വസ്ത്രങ്ങളും ആഭരണങ്ങളും വെളുത്തതായിരുന്നു. വെള്ളക്കാളയുടെ പുറത്ത് കയറി ദേവി സര്‍വ്വര്‍ക്കും ദര്‍ശനം നല്‍കി. ചതുര്‍ഭുജങ്ങളില്‍ ത്രിശൂലം, അഭയമുദ്ര, ഡമരു, വരദമുദ്ര എന്നിവ ധരിച്ച് ഉപാസകന് അക്ഷയപുണ്യം നല്‍കി പരിലസിച്ചു.

9. സിദ്ധിധാത്രീരൂപമാണ് അവസാനദിവസത്തേത്. അന്ന് ദേവി സര്‍വ്വാഭീഷ്ടസിദ്ധികളോടെ എല്ലാവര്‍ക്കും ദര്‍ശനം നല്‍കുന്നു. അണിമ, മഹിമ, ഗരിമ, ലഘിമ, പ്രാപ്തി, പ്രാകാവ്യം, ഈശിത്വം, വശിത്വം എന്നീ സിദ്ധികള്‍ ഈ സങ്കല്‍പ്പത്തിലൂടെ ആരാധിച്ചാല്‍ കൈവരുമെന്നാണ് വിശ്വാസം. ദേവന്മാര്‍ക്ക്പോലും സിദ്ധികള്‍ നല്‍കുന്നത് ദേവിയാണ്. ചതുര്‍ഭുജങ്ങളില്‍ ഗദയും ചക്രവും ശംഖും താമരയും ധരിച്ച് ദേവി വിരാജിക്കുന്നു.

 ബ്രഹ്മാണ്ഡപുരാണത്തിലെ ലളിതസഹസ്രനാമവും, ശങ്കരാചാര്യവിരചിതമായ സൗന്ദര്യലഹരിയും, മാര്‍ക്കാണ്ടെയപുരാണത്തിലെ ദേവീ മഹാത്മ്യവും ദേവിയെ ആരാധിക്കുന്നതിനുള്ള അമൂല്യ ഗ്രന്ഥങ്ങളാണ്. നവരാത്രികാലങ്ങളില്‍ അവ ചൊല്ലി സ്തുതിക്കുന്നത് അതീവ പുണ്യമാകുന്നു.

ഉദയാല്‍ പൂര്‍വ്വലഗ്നം കണ്ടുപിടിക്കുന്നത് എങ്ങിനെ?

    15 നാഴിക രാത്രി കഴിഞ്ഞ് സൂര്യോദയത്തിനു മുന്‍പാണ് ജനനമെങ്കില്‍ ജനനം മുതല്‍ ഉദയം വരെയുള്ള നാഴികയും വിനാഴികയും വെച്ച് അതില്‍ നിന്നും അന്നത്തെ ഉദയാല്‍പൂര്‍വ്വനാഴിക കുറയ്ക്കണം. പിന്നെ ഉദയരാശിയില്‍  നിന്ന് പ്രതിലോമമായി പിന്നോട്ട് പിന്നോട്ടുള്ള രാശികളുടെ നാഴികകള്‍ കളഞ്ഞ് (കുറച്ച്) പോരണം. പൂര്‍ണ്ണനാഴികയും വിനാഴികയും പോകാത്ത രാശിയെതോ അതാണ്‌ ആ സമയത്തേക്കുള്ള ലഗ്നരാശി. ശിഷ്ടമുള്ള നാഴികകള്‍ ലഗ്നരാശിയില്‍ ജനനം മുതല്‍ കഴിവാനുള്ള നാഴികകളാണ്. ഈ ശിഷ്ട നാഴിക വിനാഴികകള്‍ ലഗ്നരാശിനാഴികയും വിനാഴികയും വെച്ച് അതില്‍ നിന്ന് കളഞ്ഞാല്‍ (കുറച്ചാല്‍) ശേഷം കിട്ടുന്ന നാഴിക വിനാഴികകളാണ്. ജനനസമയത്തിന് ആ രാശിയില്‍ കഴിഞ്ഞു നില്‍ക്കുന്നവ. ഇതുകൊണ്ട് ലഗ്നസ്ഫുടം ഗണിക്കണം. ശേഷം ഗണിതം ഉദയാല്‍പരനാഴികകൊണ്ടു ലഗ്നം ഗണിക്കേണ്ട ഉദാഹരണം കൊടുത്തപോലെയാണ്. അതുകൊണ്ട് ഉദാഹരിക്കുന്നില്ല.

പവിത്രാരോപണം

    ഇത് ഒരു പൂജാവിധിയാണ്. പവിത്രാരോപണം എന്ന പൂജ നടത്തിയാല്‍ ശ്രീമഹാവിഷ്ണുവിനെ ഒരു വര്‍ഷം പൂജിക്കുന്ന ഫലം സിദ്ധിക്കുന്നതാണ്. ആഷാഢം, ശ്രാവണം, പ്രൌഷ്ഠപദം, ആശ്വിനം, കാര്‍ത്തികം എന്നീ മാസങ്ങളിലാണ് ഈ പൂജ നടത്തേണ്ടത്. സ്വര്‍ണ്ണം കൊണ്ടോ, വെള്ളികൊണ്ടോ, ചെമ്പുകൊണ്ടോ, പരുത്തിനൂലുകൊണ്ടോ, പട്ടുനൂലുകൊണ്ടോ ഒരു ചരട് നിര്‍മ്മിക്കണം. അപ്രകാരമുള്ള ചരട് ലഭിക്കാത്തപക്ഷം പ്രത്യേകം സംസ്കരിക്കപ്പെട്ട സൂത്രം ആയാലും മതി. മൂന്നിഴയായി പിരിച്ചാണ് ചരട് (പവിത്രം) ഉണ്ടാക്കേണ്ടത്. ആ പവിത്രത്തെ നൂറ്റിയെട്ടിലധികമോ, അതില്‍ പകുതിയോ ഗായത്രീമന്ത്രം ജപിച്ചുകൊണ്ട്‌ മണ്ഡലങ്ങളില്‍ ബന്ധിക്കണം. ഗായത്രീമന്ത്രം 108 ഉരുവില്‍ അധികം ജപിച്ചിട്ടു ചെയ്യുന്നത് ഉത്തമവും അതില്‍ പകുതിയായാല്‍ മാദ്ധ്യമവും അതില്‍ കുറയുന്നത് അധമവും ആകുന്നു.

പവിത്രബന്ധത്തിനുള്ള മന്ത്രം:
"ഓം നാരായണായ വിദ്മഹേ
വായുദേവായ ധീ മഹി തന്നോഃ
വിഷ്ണു പ്രചോദയാത്"

ലഗ്നസ്ഫുടം കണ്ടുപിടിക്കുന്നത് എങ്ങിനെ?

    ഓജം, യുഗ്മം, ചരം, സ്ഥിരം, ഉഭയം, വിഷമം (ക്രൂരം), സൗമ്യം  രാശികള്‍ എന്ന പോസ്റ്റിന്റെ തുടര്‍ച്ചയാണ് താഴെകൊടുത്തിരിക്കുന്നത്. ഇവിടെ ക്ലിക്ക് ചെയ്യുക.

ലഗ്നസ്ഫുടം കണ്ടുപിടിക്കുന്നത് എങ്ങിനെ?
      ഉദയം മുതല്‍ 15 നാഴികയ്ക്കകമാണ് ജനനമെങ്കില്‍ ആ ജനനനാഴികയും വിനാഴികയും വെച്ച് അതില്‍ നിന്ന് ഉദയാല്‍പരം കളഞ്ഞ് --- ശേഷം അടുത്ത രാശി മുതല്‍ കളയാവുന്ന രാശി നാഴികകള്‍ കളഞ്ഞ് --- പൂര്‍ണ്ണമായും നാഴിക വിനാഴികകള്‍ പോകാത്ത രാശിയേതോ അതാണ്‌ ആ സമയത്ത് ഉദിച്ച രാശിയെന്നും, ആ രാശിയിലാണ് ജനിച്ച ശിശുവിന്റെ "ജാതകലഗ്നമെന്നും" അറിയണം .

   ഓരോ ദിവസത്തെ ഉദയാല്‍പരവും അസ്തമനാല്‍പരവും പഞ്ചാംഗത്തില്‍ കൊടുത്തിട്ടുണ്ട്. പഞ്ചാഗം നോക്കി മനസ്സിലാക്കുക. 

അല്ലെങ്കില്‍ 



     ഉദയാല്‍പരം മുതല്‍ പോയി കഴിഞ്ഞതില്‍ ശിഷ്ടമുള്ള നാഴികകള്‍ ആ ലഗ്നരാശിയില്‍ ആ ജനനസമയത്തിന് ഉദിച്ചുകഴിഞ്ഞ നാഴിക വിനാഴികകളാണ്. ആ ലഗ്നരാശി പ്രമാണ നാഴികകള്‍ വെച്ച് ഉദിച്ചുകഴിഞ്ഞ നാഴിക വിനാഴികകള്‍ കളഞ്ഞാല്‍ കിട്ടുന്ന നാഴിക വിനാഴികകള്‍ ലഗ്നരാശിയില്‍ ഉദിക്കാന്‍ ബാക്കിയുള്ളവയാണെന്നും അറിയണം. ആ രാശിയില്‍ ചെന്ന നാഴിക വിനാഴികകള്‍കൊണ്ടാണ് --- ഉദിച്ചുകഴിഞ്ഞ നാഴിക വിനാഴികകള്‍കൊണ്ടാണ് --- ലഗ്നം ഗണിക്കേണ്ടത്. 

   ഉദയാല്‍പരവും ശിഷ്ട രാശി നാഴികകളും പൂര്‍ണ്ണമായി പോയിക്കഴിഞ്ഞതില്‍ ശേഷിച്ച നാഴികയെ അതായത് ലഗ്നരാശിയില്‍ ചെന്ന നാഴികയെ 60 ല്‍ പെരുക്കി വിനാഴികയാക്കി, അതില്‍ വിനാഴിക ചേര്‍ത്ത് 30 ല്‍ പെരുക്കി ലഗ്നരാശി ഹാരകംകൊണ്ട് ഹരിച്ച്‌ കിട്ടുന്ന ഫലം തിയ്യതിയും (ദിവസം), ശിഷ്ടത്തെ 60 ല്‍ പെരുക്കി ലഗ്നരാശി ഹാരകംകൊണ്ട് ഹരിച്ച്‌ കിട്ടുന്ന ഫലം നാഴികയുമായി സ്വീകരിച്ച് അതിന്റെ മേലെ രാശിസ്ഥാനത്ത് മേടം മുതല്‍ ലഗ്നരാശിവരെ കഴിഞ്ഞുപോയ രാശികളുടെ സംഖ്യ (ലഗ്നരാശി സംഖ്യ കൂടാതെ) വെച്ചാല്‍ അത് ലഗ്നസ്ഫുടമായി. 

    ലഗ്നം സൂക്ഷ്മപ്പെടുത്തുമ്പോള്‍ പുരുഷജാതകലഗ്നമാണെങ്കില്‍ ലഗ്നനവാംശകം, ദ്വാദശാംശകം ഇവ രണ്ടും ഓജ രാശിയില്‍ വരണമെന്ന് നിര്‍ബന്ധമാണ്‌. ദ്വാദശാംശകം ഓജവും മനുഷ്യരാശിയുമായിവരുവാന്‍ ചില ജാതകങ്ങളില്‍ അല്പം പ്രയാസം അനുഭവപ്പെട്ടെന്നുവരാം. അത്തരം സന്ദര്‍ഭങ്ങളില്‍ നവാംശകം ഓജ രാശിതന്നെയാവണമെന്നു നിര്‍ബന്ധമാണ്‌. ജനന സമയം കൃത്യമായി ലഭിച്ചാല്‍ അംശകവും, ദ്വാദശാംശകവും ഗണിതത്തില്‍ കൃത്യമായിതന്നെ ലഭിക്കും. നവാംശക ദ്വാദശാംശകങ്ങള്‍ കൃത്യപ്പെടുത്തുവാന്‍ ജനനസമയത്തില്‍ അല്പം വിനാഴികകളുടെ ഏറ്റക്കുറവുകള്‍ ചെയ്യുന്നത് അനുവദനീയമാണ്. ഭൂസ്പര്‍ശസമയം കൃത്യമായി ആരും നോക്കാറില്ല. അതുകൊണ്ടാണ് മാറ്റം അനുവദനീയമാകുന്നത്. 

    സ്ത്രീജാതകത്തില്‍ യുഗ്മാരാശിയില്‍ നാവാംശകം വരണം. അതും ചിലതില്‍ സമയത്തില്‍ ഭേദഗതി വരുത്തി ശരിപ്പെടുത്തിയെടുക്കേണ്ടിവരും. ജനനസമയം കുറിക്കുമ്പോള്‍ ഉണ്ടാകുന്ന അജ്ഞത --- ജ്യോതിശാസ്ത്രത്തെ അറിയുന്നവരല്ലല്ലോ സമയ നിര്‍ണ്ണയം നടത്തുന്നത് ----- ഗണിതംകൊണ്ട് അറിയാന്‍ കഴിയും. അപ്പോള്‍ അത് ശരിപ്പെടുത്തിയെടുക്കേണ്ടത് ജ്യോതിശാസ്ത്രജ്ഞന്റെ കടമയാണ്.

(അംശകങ്ങളെ കുറിച്ച് പിന്നീട് വിശദമായി പറയുന്നതായിരിക്കും)

ഉദാഹരണം :-
    1152 വൃശ്ചികം ആറാം (6)  തിയ്യതി  12 നാഴിക 47 വിനാഴിക പുലര്‍ന്ന സമയത്തേക്ക് 4 നാഴിക 45 വിനാഴികയാണ് ഉദയാല്‍പരം. 

   12 നാഴിക 47 വിനാഴികയില്‍ നിന്ന് ഉദയാല്‍പരം  4 നാഴിക 45 വിനാഴിക കളഞ്ഞാല്‍ ശിഷ്ടം 8 നാഴിക 2 വിനാഴിക ഉണ്ടാകും.

12 - 47
  4 - 45
  8 - 02  =    8 നാഴിക 2 വിനാഴിക.

  8 നാഴിക 2 വിനാഴികയില്‍ നിന്ന് വൃശ്ചികം രാശിയുടെ രണ്ടാമത്തെ രാശിയായ ധനുരാശി നാഴിക  5 നാഴിക 23 വിനാഴിക കളയണം. അത് കളഞ്ഞാല്‍ ശിഷ്ടം  2 നാഴിക 39 വിനാഴിക ഉണ്ടാകും.


8 - 02
5 - 23
2 - 39  =  2 നാഴിക 39 വിനാഴിക

  2 നാഴിക 39 വിനാഴികയില്‍ നിന്ന് മകരം രാശി നാഴികയായ 4 നാഴിക 51 വിനാഴിക കുറയ്ക്കുവാന്‍ സാധിക്കാത്തതുകൊണ്ട്  ആ സമയത്തിന് മകരം രാശിയാണ് ലഗ്നം.

   മകരം രാശിയില്‍ 2 നാഴിക 39 വിനാഴിക ഉദിച്ചുകഴിഞ്ഞപ്പോഴാണ് ശിശു കുട്ടിജനിച്ചത് എന്ന് മനസ്സിലാക്കണം. 

   2 നാഴിക 39 വിനാഴിക ഉദിച്ചുകഴിഞ്ഞതിലെ, 2 നാഴികയെ 60 വിനാഴികയില്‍ പെരുക്കി 39 വിനാഴിക കൂട്ടിയാല്‍ (2 നാഴിക x 60 വിനാഴിക = 120 വിനാഴിക,  120 വിനാഴിക + 39 വിനാഴിക = 159) 159 വിനാഴിക കിട്ടും. [2 നാഴിക 39 വിനാഴികയെ വിനാഴികയാക്കുകയാണ് ചെയ്തത്].

  159 നെ 30 തിയ്യതി കൊണ്ട് പെരുക്കണം 159 x 30 = 4770. ഈ സംഖ്യയെ മകരം രാശി ഹാരകമായ 291 കൊണ്ട് ഹരിക്കണം. 4770 ÷ 291 = ഹരണഫലം 16. ശിഷ്ടം 114.


ഹരണഫലം സംഖ്യയായ 16 മകരം ലഗ്നത്തില്‍ ജനനസമയത്തിനുചെന്ന തിയ്യതിയാണ്.

ശിഷ്ടമായ 114 എന്ന സംഖ്യയെ 60 ല്‍ പെരുക്കണം. 114 x 60 = 6840

6840 നെ മകരം രാശിയുടെ ഹാരകസംഖ്യായ 291 കൊണ്ട് ഹരിക്കണം.

6840 ÷ 291 = ഹരണഫലം 23., ശിഷ്ടം 147

    മകരം രാശിയുടെ ഹാരകസംഖ്യായ 291 ന്റെ പകുതിയിലധികം ശിഷ്ടത്തില്‍ വരുകയാല്‍ ഹരണഫലത്തില്‍ 1 നാഴികകൂടി കൂട്ടണം. അപ്പോള്‍ ലഗ്നസ്ഫുടത്തില്‍ ചെന്ന തിയ്യതി 16.;  24 നാഴിക. 

     ഇതിന്റെ രാശിസംഖ്യ മേടം മുതല്‍ മകരം വരെ എണ്ണിയാല്‍ കിട്ടുന്ന 9 രാശിസ്ഥാനത്ത് കൂട്ടിയാല്‍ ലഗ്നസ്ഫുടം 9 - 16 - 24 എന്ന് സൂക്ഷ്മമായി കിട്ടും.

   മേടം മുതല്‍ ധനുവരെയുള്ള രാശികള്‍ ഉദിച്ച് അസ്തമിച്ചുകഴിഞ്ഞു. ഇപ്പോള്‍ ഉദിച്ച് നില്‍ക്കുന്നത് മകരം രാശി സമയമാണ്. അതുകൊണ്ടാണ് ലഗ്നസ്ഫുടത്തില്‍ മേടം മുതല്‍ ധനുവരെ എണ്ണിയാല്‍ കിട്ടുന്ന രാശിസംഖ്യയായ 9 ലഗ്നസ്ഫുടത്തില്‍ എഴുതിയിരിക്കുന്നത്.
ഉദയാല്‍ പൂര്‍വ്വലഗ്നം കണ്ടുപിടിക്കുന്നത് എങ്ങിനെ? എന്ന പോസ്റ്റ്‌ തുടര്‍ന്നു വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.