ദിവസത്തിന്റെ അധിപതികളായ നാഗങ്ങള്‍

   ബ്രഹ്മാവ്‌ ഓരോ നാഗങ്ങളെയും ഓരോ ദിവസത്തിന്റെ അധിപതികളായി നിശ്ചയിച്ചിട്ടുണ്ട്. ഇവരെ സ്മരിച്ചുകൊണ്ട് ആ ദിവസം ആരംഭിച്ചാല്‍ ഐശ്വര്യം ഉണ്ടാകുമെന്ന് കരുതുന്നു.

ഞായര്‍               :-  അനന്തന്‍ 

തിങ്കള്‍                :- വാസുകി 

ചൊവ്വ                :- തക്ഷകന്‍ 

ബുധന്‍                :- കാര്‍ക്കോടകന്‍ 

വ്യാഴം                :- പത്മന്‍

വെള്ളി                :- മഹാപത്മന്‍ 

ശനി                    :- കാളിയന്‍, ശംഖപാലന്‍ 

നിത്യയോഗഫലം


  വിഷ്കംഭയോഗത്തില്‍ ജനിക്കുന്നവന്‍, ദീര്‍ഘദര്‍ശിയായും ശത്രുക്കളെ ജയിക്കുന്നവനായും കൂനുള്ള ശരീരത്തോടും കാമപരവശ്യത്തോടും കൂടിയവനായും സ്വതന്ത്രനായും പശുക്കളുള്ളവനായും മന്ത്രനിപുണനായും ഭവിക്കും.

  പ്രീതിനിത്യയോഗത്തില്‍ ജനിക്കുന്നവന്‍, കര്‍മ്മകുശലനായും ഗുണവാനായും പരസ്ത്രീരതനായും എല്ലാ പേര്‍ക്കും ഇഷ്ടനായും ഗുരുപൂജയിലും ദൈവപൂജയിലും താല്‍പര്യമുള്ളവനായും സമ്പത്തും വളരെ ബന്ധുക്കളും ഉള്ളവനായും ഭവിക്കും.

  ആയുഷ്മദ്യോഗത്തില്‍ ജനിക്കുന്നവന്‍, ദീര്‍ഘായുസ്സായും വിസ്താരമേറിയ കണ്ണുകളോട് കൂടിയവനായും ധന്യനായും പശുക്കളും ബന്ധുക്കളും പുത്രന്മാരും ഉള്ളവനായും രാജമന്ത്രിയായും കീര്‍ത്തിയും പാണ്ഡിത്യവും സുഖവും ഉള്ളവനായും ഭവിക്കും.

  സൗഭാഗ്യനിത്യയോഗത്തില്‍ ജനിക്കുന്നവന്‍, കൈകാലുകളില്‍ മത്സ്യരേഖ, ശംഖുരേഖ, ഹലരേഖ തുടങ്ങിയുള്ള അടയാളങ്ങളോടുകൂടിയവനായും, കോമളനായും കാമിയായും കഫപ്രകൃതിയായും ധനവും അന്യദേശവാസവും ഉള്ളവനായും മൃഷ്ടാന്നഭോജനത്തോടുകൂടിയവനായും സുഖിയായും ഭവിക്കും.

  ശോഭനനിത്യയോഗത്തില്‍ ജനിക്കുന്നവന്‍, സമ്പത്തും സുഖവും മൃഷ്ടാന്നഭോജനവും ഉള്ളവനായും കാമിയായും അല്പകാര്യങ്ങളെ ചെയ്യുന്നവനായും ഏറ്റവും ഉത്സാഹിയായും ദേവകാര്യത്തില്‍ താല്പര്യമുള്ളവനായും ധീരനായും ബന്ധുക്കളോടുകൂടിയവനായും ഭവിക്കും. 

  അതിഗണ്ഡനിത്യയോഗത്തില്‍ ജനിക്കുന്നവന്‍, കാമശീലവും കലാവിദ്യകളില്‍ ജ്ഞാനവും കോപാധിക്യവും ഉള്ളവനായും ശരീരവും മുഖവും നീണ്ടിരിക്കുന്നവനായും ശഠപ്രകൃതിയായും അന്യന്മാരുടെ ആശയങ്ങളെ അറിയുന്നവനായും കലഹപ്രിയനായും ഹിംസാശീലമുള്ളവനായും ഭവിക്കും.

  സുകര്‍മ്മനിത്യയോഗത്തില്‍ ജനിക്കുന്നവന്‍, ഏറ്റവും ഗുണവനായും സുഖവും പുത്രന്മാരും ബന്ധുക്കളും ഭാര്യയും ഉള്ളവനായും സല്ക്കര്‍മ്മങ്ങളില്‍ തല്‍പരനായും സ്ത്രീസുഖങ്ങളെ അനുഭവിക്കുന്നവനായും ഏറ്റവും ധര്‍മ്മിഷ്ടനായും ഭവിക്കും.

  ധൃതിനിത്യയോഗത്തില്‍ ജനിക്കുന്നവന്‍, ശാസ്ത്രജ്ഞനായും  വാഗ്മിയും ശ്രീമാനായും സുഭഗനായും കാമശീലമുള്ളവനായും പണ്ഡിതനായും ധൈര്യമുള്ളവനായും പരദ്രവ്യത്തെ ആഗ്രഹിക്കുന്നവനായും ശഠപ്രകൃതിയായും ഭവിക്കും.

  ശൂലനിത്യയോഗത്തില്‍ ജനിക്കുന്നവന്‍, അധികമായ കോപവും പരാക്രമവും കലഹത്തില്‍ പ്രിയവും ഉള്ളവനായും ഒത്ത ശരീരത്തോടുകൂടിയവനായും കാമിയായും ധനവും അഭിമാനവും ഉള്ളവനായും നല്ല പ്രഭുത്വത്തോടുകൂടിയവനായും ഭവിക്കും.

  ഗണ്ഡനിത്യയോഗത്തില്‍ ജനിക്കുന്നവന്‍, നീണ്ട ശരീരത്തോടുകൂടിയവനായും വൈരാഗ്യബുദ്ധിയുള്ളവനായും വ്യസനമുള്ളവനായും ദുര്‍ജ്ജനങ്ങളെ സ്നേഹിക്കുന്നവനായും ദൂതവൃത്തിയോടുകൂടിയവനായും കുലനാശത്തെ ചെയ്യുന്നവനായും ദുരാചാരങ്ങളോടുകൂടിയവനായും ഭവിക്കും.

  ധ്രുവയോഗത്തില്‍ ജനിക്കുന്നവന്‍, സമശരീരത്തോടും ഏറ്റവും ഉത്സാഹത്തോടും കൂടിയവനായും സ്ഥിരമായ വാക്കിനെ പറയുന്നവനായും കഫപ്രകൃതിയായും പ്രഭുവായും ക്ഷമയും സ്ഥിരസമ്പത്തും അഭിമാനവും അനേക ഗുണങ്ങളും ഉള്ളവനായും ഭവിക്കും.

  വ്യാഘാതയോഗത്തില്‍ ജനിക്കുന്നവന്‍. ക്ഷിപ്രകോപിയായും കൃതജ്ഞതയുള്ളവനായും വളരെ ഭക്ഷിക്കുന്നവനായും കോങ്കണ്ണ് ഉള്ളവനായും ചപലനായും കഠിനനായും മാന്യനായും ഭവിക്കും.

  ഹര്‍ഷണയോഗത്തില്‍  ജനിക്കുന്നവന്‍, കാലങ്ങളെ അറിയുന്നവനായും കുലമുഖ്യനായും സത്യം പറയുന്നവനായും ഇന്ദ്രിയങ്ങളെ ജയിക്കുന്നവനായും അന്യാഭിപ്രായങ്ങളെ അറിയുന്നവനായും കഫപ്രകൃതിയായും ഭവിക്കും.

  വജ്ജ്രനിത്യയോഗത്തില്‍ ജനിക്കുന്നവന്‍, ഉപകാരസ്മരണയുള്ളവനായും ധനവാനായും സുന്ദരനായും ദോഷത്തെ മാത്രം തിരിച്ചറിയുന്നവനായും വ്യര്‍ത്ഥമായി സംസാരിക്കുന്നവനായും ആരാലും ജയിക്കപ്പെടുവാന്‍ കഴിയാത്തവനായും ഭവിക്കും.

  സിദ്ധി നിത്യയോഗത്തില്‍ ജനിക്കുന്നവന്‍, സങ്കല്പസിദ്ധനായും പരിശുദ്ധശരീരനായും തണുപ്പുള്ളപ്രദേശത്ത് സഞ്ചരിക്കുന്നതിന് ആഗ്രഹമുള്ളവനായും ഐശ്വര്യവും ബുദ്ധിയും ബലവും കാമശീലവും ഉള്ളവനായും സന്താനങ്ങളോട് കൂടിയവനായും ഭവിക്കും.

  വ്യതീപാതയോഗത്തില്‍ ജനിക്കുന്നവന്‍, വളരെ അനര്‍ത്ഥങ്ങളോടുകൂടിയവനായാലും എല്ലായിടത്തും ജയം ലഭിക്കുന്നവനായും ധൈര്യമില്ലാത്തവനായും വീഢിയായും അറിവില്ലാത്തവനായും പ്രഭുത്വമുള്ളവനായും ശൌര്യത്തെചെയ്യുന്നവനായും ശത്രുക്കളെ ജയിക്കുന്നവനായും ഏറ്റവും ഉത്സാഹിയായും തേജസ്വിയായും ഭവിക്കും.

  വരീയാന്‍ നിത്യയോഗത്തില്‍ ജനിക്കുന്നവന്‍, പരാക്രമിയായും ധൈര്യശാലിയും സദാചാരങ്ങളെ അനുഭവിക്കുന്നവനും ധനവാനും അഭിമാനിയും പിത്തപ്രകൃതിയായും ബന്ധുക്കള്‍ക്ക് ഉപകാരത്തെ ചെയ്യുന്നവനായും നല്ല ഭാര്യയോടുകൂടിയവനായും ഭവിക്കും.

 പരിഘനിത്യയോഗത്തില്‍ ജനിക്കുന്നവന്‍, സ്വതന്ത്രനായും അന്യന്മാരെ ദ്വേഷിക്കുന്നവനായും ആയുധാഭ്യാസത്തില്‍ താല്പര്യമുള്ളവനായും നിന്ദ്യനായും ചടച്ച ശരീരത്തോടുകൂടിയവനായും നിര്‍ദ്ധനനായും കാര്യങ്ങള്‍ക്ക് വിഘ്നത്തെ ചെയ്യുന്നവനായും ഭവിക്കും.


  ശിവഃ നിത്യയോഗത്തില്‍ ജനിക്കുന്നവന്‍, ശാന്തശീലനായും സജ്ജനങ്ങളില്‍ സന്തോഷമുള്ളവനായും ദേവപൂജയില്‍ തല്പരനായും ധര്‍മ്മവും ധനവും ഉള്ളവനായും ഇന്ദ്രിയങ്ങളെ ജയിക്കുന്നവനായും കഫപ്രകൃതിയായും ഭവിക്കും.

  സിദ്ധഃ നിത്യയോഗത്തില്‍ ജനിക്കുന്നവന്‍, സിദ്ധനായും പരിശുദ്ധഹൃദയനായും സദാചാരവും യശസ്സും ലഭിക്കുമെന്ന് ആഗ്രഹിക്കുന്നവനായും ത്രിദോഷപ്രകൃതിയായും ധനവും അനുഭവസുഖവും പാണ്ഡിത്യവും ഉള്ളവനായും ഭവിക്കും.

  സാദ്ധ്യഃ നിത്യയോഗത്തില്‍ ജനിക്കുന്നവന്‍, ധാര്‍മ്മികനായും ഏഷണിക്കാരനായും വിദ്വാനായും വാദ്യങ്ങളില്‍ പ്രിയമുള്ളവനായും ധനവാനായും സുഖമനുഭവിക്കുന്നവനായും പരസ്ത്രീനിരതനായും കാമിയായും ശരീരത്തില്‍ രോമാധിക്യമുള്ളവനായും ഭവിക്കും.

  ശുഭഃ നിത്യയോഗത്തില്‍ ജനിക്കുന്നവന്‍, ശുഭാത്മാവായും രാജസേവകനായും നല്ല ഭാര്യയും രത്നങ്ങളും സമ്പത്തും വസ്ത്രങ്ങളും ഉള്ളവനായും സുഭഗനായും സുഖവും ഭോഗവും വിദ്വത്തവും ഉള്ളവനായും ഏറ്റവും പൂജിതനായും ഭവിക്കും.

  ശുഭ്രഃ നിത്യയോഗത്തില്‍ ജനിക്കുന്നവന്‍, അഭിമാനവും വിദ്വത്തവും ധനവും ഉള്ളവനായും മൂര്‍ഖനായും ചപലനായും അന്യന്മാരെ ഉപദ്രവിക്കുന്നവനായും ദുഃസ്വഭാവിയായും വാതകഫപ്രകൃതിയായും പ്രഭുത്വമുള്ളവനായും ഭവിക്കും.

  ബ്രാഹ്മഃ നിത്യയോഗത്തില്‍ ജനിക്കുന്നവന്‍, ബ്രഹ്മജ്ഞാനിയായും പണ്ഡിതനായും അഭിമാനിയായും കാര്യങ്ങളെ വെളിപ്പെടുത്താത്തവനായും വിവേകമുള്ളവനായും കഫവാതപ്രകൃതിയായും ത്യാഗവും ഭോഗവും ധനവും ഉള്ളവനായും ഭവിക്കും.

  മാഖാതഃ (മഹേന്ദ്ര) നിത്യയോഗത്തില്‍ ജനിക്കുന്നവന്‍, പരോപകാരിയായും സര്‍വ്വജ്ഞനായും വരാനിരിക്കുന്ന കാര്യങ്ങളെ അറിയുന്നവനായും ബുദ്ധിമാനായും വാതപ്രകൃതിയായും മുന്‍കോപിയായും ശ്രീമാനായും വീര്യവാനായും ഭവിക്കും.

  വൈധൃതഃ നിത്യയോഗത്തില്‍ ജനിക്കുന്നവന്‍, ജലക്രീഡയിലും ഉദ്യാനക്രീഡയിലും താല്‍പര്യവും സൗന്ദര്യവും ഉള്ളവനായും സ്വര്‍ണ്ണാഭരണങ്ങളെ അണിയുന്നവനായും സത്യവാനായും ധനവാനായും വികടമായ ദൃഷ്ടിയോടുകൂടിയവനായും ഭവിക്കും.

ചന്ദ്രക്രിയ, ചന്ദ്രാവസ്ഥ, ചന്ദ്രവേല എന്നിവ കണ്ടുപിടിക്കുന്നത് എങ്ങിനെ? എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.

സര്‍പ്പദോഷം

   സര്‍പ്പക്കാവ് വെട്ടി തെളിക്കുക, സര്‍പ്പത്തിന്റെ മുട്ട നശിപ്പിക്കുക, സര്‍പ്പക്കാവ് ആശുദ്ധമാക്കുക തുടങ്ങിയ കാരണങ്ങളാല്‍ സര്‍പ്പദോഷം ഉണ്ടാകും. ഭൂമിയുടെ അവകാശികളായ നാഗങ്ങള്‍ക്കോ അവരുടെ വാസസ്ഥാനത്തിനോ നാശം വരുത്തുക, അവരെ കൊല്ലുകയോ, മുറിവേല്‍പ്പിക്കുകയോ ചെയ്യുക, പാരമ്പര്യമായി ആരാധിച്ചു വരുന്ന നാഗബിംബങ്ങള്‍ നശിപ്പിക്കുകയോ, ആരാധന മുടക്കുകയോ ചെയ്യുക, വേണ്ട രീതിയില്‍ പൂജിക്കാതിരിക്കുക തുടങ്ങിയവ നാഗകോപത്തിന് കാരണമാകുന്നു. ജന്മാന്തരങ്ങള്‍ കൊണ്ടനുഭവിച്ചാലും തീരാത്ത പ്രയാസങ്ങള്‍ നാഗകോപത്താല്‍ ഉണ്ടാകുമെന്നാണ് വിശ്വാസം. അല്പായുസ്സ്, വംശനാശം, മഹാരോഗം, ദാരിദ്രം, ഭ്രാന്ത്, സന്താനമില്ലായ്മ എന്നിവ നാഗകോപത്താല്‍ സംഭവിക്കുന്നു.

നിത്യയോഗം അഥവാ രവീന്ദുയോഗം


നിത്യയോഗം അഥവാ രവീന്ദുയോഗം

1. വിഷ്കംഭം                                  15. വജ്ജ്ര 

2. പ്രീതി                                           16. സിദ്ധി 

3. ആയുഷ്മാന്‍                               17. വ്യതീപാത്ത 

4. സൗഭാഗ്യം                                  18. വരീയാന്‍ 

5. ശോഭനം                                     19. പരീഘ

6. അതിഗന്ധം                                20. ശിവഃ

7. സുകര്‍മ്മാ                                   21. സിദ്ധഃ

8. ധൃതി                                            22. സാദ്ധ്യഃ

9. ശൂലം                                          23. ശുഭഃ

10. ഗണ്ഡ                                       24. ശുഭ്രഃ

11. വൃദ്ധി                                          25. ബ്രാഹ്മഃ

12. ധ്രുവം                                         26. മാഖാതഃ (മഹേന്ദ്ര)

13. വ്യാഘാതം                                27. വൈധൃതഃ

നിത്യയോഗസ്ഫുടം കണ്ടുപിടിക്കുന്നത് എങ്ങിനെ?


  ചന്ദ്രസ്ഫുടവും ആദിത്യസ്ഫുടവും തമ്മില്‍ കൂട്ടിച്ചേര്‍ത്താല്‍ കിട്ടുന്ന സ്ഫുടമാണ് നിത്യയോഗസ്ഫുടം.

  ജനനസമയത്തിനു സൂക്ഷ്മപ്പെടുത്തിയ ചന്ദ്രസ്ഫുടവും ആദിത്യസ്ഫുടവും കൂട്ടിച്ചേര്‍ത്ത് കിട്ടുന്നതിനെ നിത്യയോഗസ്ഫുടം എന്നുപറയുന്നു.

  ഇങ്ങനെ സംയോജിപ്പിച്ചെടുത്ത സ്ഫുടത്തില്‍ കലയില്‍ 60 ല്‍ അധികമുണ്ടെങ്കില്‍ 60 കളഞ്ഞ് (കുറച്ച്) ഒന്ന് തിയ്യതിയില്‍ കൂട്ടണം. തിയ്യതിയില്‍ 30 ല്‍ അധികമുണ്ടെങ്കില്‍ 30 കളഞ്ഞ് (കുറച്ച്) ഒന്ന് രാശിയില്‍ കൂട്ടണം. രാശിയില്‍ 12 ല്‍ അധികമുണ്ടെങ്കില്‍ 12 കളഞ്ഞ് (കുറച്ച്) ശിഷ്ടം സ്വീകരിക്കണം. അതിനുശേഷം ചന്ദ്രനെ നാളുകണ്ടവിധം ഈ സ്ഫുടത്തെ നാളുകണ്ട് കിട്ടുന്ന നാള്‍ അശ്വതി മുതല്‍ എണ്ണി എത്രാമത്തെ നാളെന്നു കണക്കാക്കി, വിഷ്കംഭം മുതല്‍ എത്രാമത്തെ നിത്യയോഗത്തിലാണ് യോഗസ്ഫുടം നില്‍ക്കുന്നതെന്നറിയണം.




ഉദാഹരണം :-

  1152 വൃശ്ചികം 6 നു (ആറാം) തിയ്യതിക്കുള്ള ചന്ദ്രസ്ഫുടം 7-1-58 ഉം സൂര്യസ്ഫുടം 7-5-39 ഉം, രണ്ടും കൂട്ടിച്ചേര്‍ത്താല്‍ 14-6-97 കിട്ടും. ഇതിലെ കലയില്‍ നിന്ന് 60 കളഞ്ഞ് (കുറച്ച്) 1 തിയ്യതിയില്‍ ചേര്‍ക്കുകയും, രാശിയില്‍ നിന്ന് 12 കളയുകയും (കുറച്ച്) ചെയ്‌താല്‍ ശിഷ്ടം കിട്ടുന്ന 2-7-37 ആണ് നിത്യയോഗസ്ഫുടം.

  ഇതിനെ നാളുകാണുമ്പോള്‍ രണ്ടു രാശിക്ക് മകീര്യം നക്ഷത്രത്തില്‍ 1/2 ക്ക് 30 ഉം, 7 തിയ്യതിക്ക് 31 1/2 (മുപ്പത്തിഒന്നര) യും 37 കലയ്ക്ക് 2.46 1/2 യും കൂട്ടിച്ചേര്‍ത്താല്‍ 64 നാഴിക 16 1/2 വിനാഴിക ലഭിക്കും. ഇതില്‍ നിന്ന് മകീര്യത്തിന്റെ 60 നാഴിക കളഞ്ഞാല്‍ (കുറച്ചാല്‍) തിരുവാതിര നക്ഷത്രത്തില്‍ 4 നാഴിക 16 1/2 വിനാഴിക കഴിഞ്ഞിരിക്കുന്നു എന്ന് അറിവായല്ലോ. അശ്വതി മുതല്‍ക്ക്‌ ആറാമത്തെ നക്ഷത്രമാണ് തിരുവാതിര. വിഷ്കംഭം  മുതല്‍ ആറാമത്തെ നിത്യയോഗസ്ഫുടം "അതിഗണ്ഡവുമാണ് ". അതിനാല്‍ നിത്യോഗസ്ഫുടം 2-7-37 ഉം നിത്യയോഗം അതിഗണ്ഡവുമാണ്. (നിത്യയോഗം അഥവാ രവീന്ദുയോഗം എന്ന പോസ്റ്റ്‌ വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക) 




നിത്യയോഗം അഥവാ രവീന്ദുയോഗം എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.


ആചമനം (സന്ധ്യാവന്ദനം)

  ആചമനം മൂന്നു വിധത്തിലുണ്ട്. (1). ശ്രൗതം (2). സ്മാര്‍ത്തം (3). പൗരാണികം. ഇതിലെ സ്മാര്‍ത്താചമനമാണ് സന്ധ്യാവന്ദനകര്‍മ്മത്തിന് വിധിച്ചിട്ടുള്ളത്. വലതുകൈ മലര്‍ത്തിപിടിച്ചു മദ്ധ്യഭാഗത്ത് നില്‍ക്കുന്ന ജലം കുടിക്കണം. പെരുവിരലും ചെറുവിരലും ഒഴിവാക്കേണ്ടതാണ്. പിന്നെ വലത്തെ കാതുമുതല്‍ ഇടത്തെ കാതുവരെ വിലങ്ങനെ പെരുവിരലും കീഴ്ഭാഗവും തൊടുവിച്ച് മുഖം തുടയ്ക്കുക. രണ്ടുപ്രാവശ്യം വേണം. അതിനുശേഷം ചുണ്ടാണിവിരല്‍ മുതല്‍ പെരുവിരല്‍ കൂടിയ ഭാഗം തൊടുവിച്ച് പുരികം മുതല്‍ താഴോട്ട് ഒരു പ്രാവശ്യം തുടയ്ക്കണം. പിന്നെ പെരുവിരലും മോതിരവിരലും കൂട്ടി രണ്ടു കണ്ണുകളും പെരുവിരലും ചുണ്ടാണിവിരലും കൂട്ടി മൂക്കിലെ ദ്വാരങ്ങളും, ചെറുവിരലും പെരുവിരലും കൂട്ടി കാതുകളും, ചെറുവിരല്‍ ഒഴികെ ബാക്കി വിരലുകള്‍കൊണ്ട്‌ ഹൃദയവും അഞ്ചുവിരലുകളും കൂട്ടി മൂര്‍ദ്ധാവും തൊടുക. ഓരോ തുടയ്ക്കലും തൊടലും കഴിയുമ്പോള്‍ കൈ കഴുകേണ്ടതാണ്. ഇങ്ങനെ രണ്ടു പ്രാവശ്യം ആചാമിച്ച് കാല് കഴുകണം. ആചമിക്കുമ്പോള്‍ മന്ത്രം വേണമെന്ന് നിര്‍ബന്ധമില്ല. പാരമ്പര്യമനുസരിച്ച് ചെയ്യാവുന്നതാകുന്നു.

കരണഫലം


  സിംഹക്കരണത്തില്‍ ജനിക്കുന്നവന്‍, സാഹസിയായും പ്രസിദ്ധനായും ഏറ്റവും ബലവും പരാക്രമവും ഉള്ളവനായും ഗുണവാനായും വനപര്‍വ്വതങ്ങളില്‍ സഞ്ചരിക്കുന്നവനായും ദീര്‍ഘായുസ്സായും അരിഷ്ടതയുള്ളവനായും ഭവിക്കും.

  പുലിക്കരണത്തില്‍ ജനിക്കുന്നവന്‍, ഹിംസാശീലവും പരോപദ്രവബുദ്ധിയും ഉള്ളവനായും തേജസ്വിയായും അല്‍പായുസ്സായും ബന്ധുക്കള്‍ കുറഞ്ഞവനായും സ്വാതന്ത്ര്യശീലമുള്ളവനായും ഭവിക്കും.

  പന്നിക്കരണത്തില്‍ ജനിക്കുന്നവന്‍, ചിലപ്പോള്‍ സുഖവും ചിലപ്പോള്‍ ദുഃഖവും ചിലപ്പോള്‍ രാജ്യവും ചിലപ്പോള്‍ യശസ്സും ഉള്ളവനായും പശുക്കളും വീര്യവും ഉള്ളവനായും ഭവിക്കും.

  കഴുതക്കരണത്തില്‍ ജനിക്കുന്നവന്‍, ചപലനായും ധാരണാശക്തിയുള്ളവനായും ഒരിടത്തും സ്ഥിരവസമില്ലാത്തവനായും പരാധീനനായും സ്വാതന്ത്ര്യശീലമില്ലാത്തവനായും അല്‍പബുദ്ധിയായും ഭവിക്കും.

  ആനക്കരണത്തില്‍ ജനിക്കുന്നവന്‍, വിശാലമായ മുഖത്തോടുകൂടിയവനായും വൈരാഗ്യമുള്ളവനായും ബലവാനായും വളരെ ഭക്ഷിക്കുന്നവനായും സുന്ദരനായും പ്രസിദ്ധനായും വ്രതങ്ങളെ മുടക്കുന്നവനായും ഭവിക്കും.

  വിഷ്ടിക്കരണത്തില്‍ ജനിക്കുന്നവന്‍, തന്റെ ബന്ധുക്കളുമായി കലഹിക്കുന്നവനായും കോപിയായും ഉപജീവനമാര്‍ഗ്ഗം കുറഞ്ഞവനായും നിന്ദ്യങ്ങളായ വസ്തുക്കളെ ഭക്ഷിക്കുന്നവനായും ചുമടെടുക്കുന്നവനായും വിഷമനേത്രനായും അല്‍പബുദ്ധിയായും മടിയനായും ഭവിക്കും.

  പുള്ളുക്കരണത്തില്‍ ജനിക്കുന്നവന്‍, ത്രികാലജ്ഞാനമുള്ളവനായും അല്പമായ ധനത്തോടുകൂടിയവനായും എപ്പോഴും ദുഃഖമുള്ളവനായും എല്ലാകാര്യത്തിലും ഉത്സാഹമുള്ളവനായും ഭവിക്കും.

  ചതുഷ്പാത് (നാല്‍ക്കാലി) കരണത്തില്‍ ജനിക്കുന്നവന്‍, എല്ലാ ശാസ്ത്രങ്ങളിലും സമര്‍ത്ഥനായും രോഗിയായും വളരെ പറയുന്നവനായും ബുദ്ധിമാനായും വിദ്വാനായും വളരെ പശുക്കളും ദീര്‍ഘായുസ്സുള്ളവനായും ഭവിക്കും.

  നാഗ (പാമ്പ്) കരണത്തില്‍ ജനിക്കുന്നവന്‍, എല്ലായിടത്തും പ്രസിദ്ധനായും ബുദ്ധിയും വിദ്യയും ഉള്ളവനായും എപ്പോഴും കോപിക്കുന്നവനായും പാപകര്‍മ്മങ്ങളെ മറച്ചുവെയ്ക്കുന്നവനായും സ്വതന്ത്രനായും ഭവിക്കും.

  പുഴുക്കരണത്തില്‍ ജനിക്കുന്നവന്‍, ബലവാനായും സ്തബ്ധനായും തന്റേയും അന്യന്മാരുടേയും കാര്യങ്ങളെ ചെയ്യുന്നവനായും അല്പായുസ്സായും അനുഭവസുഖമുല്ലാത്തവനായും പാപപ്രവൃത്തികളെ മറച്ചുവെയ്ക്കുന്നവനായും ഭവിക്കും.

***************

  ശുക്ലപക്ഷത്തിലുള്ള (വെളുത്തപക്ഷത്തിലുള്ള) കരണങ്ങളില്‍ ജനിക്കുന്നവന്റെ ഫലങ്ങള്‍ക്ക് പുഷ്ടിയും, കൃഷ്ണപക്ഷത്തിലെ (കറുത്തപക്ഷത്തിലെ) കരണങ്ങളില്‍ ജനിക്കുന്നവന്റെ ധനം ബന്ധു മുതലായ ഫലങ്ങള്‍ക്ക് ഹാനിയും സംഭവിക്കും.

  പുള്ള്, നാല്‍ക്കാലി, പാമ്പ്, പുഴു ഇവ നാലും സ്ഥിരകരണങ്ങളും അതില്‍ ജനിക്കുന്നവന്‍ സ്ഥിരകര്‍മ്മങ്ങളില്‍ താല്പര്യമുള്ളവനായും ഭവിക്കും.

  സിഹം, പുലി, പന്നി, കഴുത, ആന, പശു, വിഷ്ടി ഇവ ഏഴും " ചരകരണങ്ങളും " അവയില്‍ ജനിക്കുന്നവന്‍ പല കാര്യങ്ങള്‍കൊണ്ട് ഉപജീവിക്കുന്നവനുമായും ഭവിക്കും.

 നിത്യയോഗസ്ഫുടം കണ്ടുപിടിക്കുന്നത് എങ്ങിനെ? എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.

അന്ത്യകാലത്തെ അനുഷ്ഠാനങ്ങള്‍

  ജനിച്ചാല്‍ മരിക്കുമെന്ന കാര്യം ഉറപ്പാണെങ്കിലും അന്ത്യസമയത്ത് എന്ത് ചെയ്യണമെന്നറിയാതെ മരിച്ച ആളുടെ ഉറ്റവരും ഉടയവരും വിഷമിച്ചു നില്‍ക്കുന്ന കാഴ്ച സാധാരണ കണ്ടുവരാറുണ്ട്. അന്ത്യ വേളയില്‍ എന്ത് ചെയ്യണമെന്ന് ചുരുക്കത്തില്‍ വിവരിക്കാം.

  രോഗംബാധിച്ച് കിടക്കുന്ന ആളെ ഭാഗവതം വായിച്ചു കേള്‍പ്പിക്കുന്നത് വിശേഷമാകുന്നു. പ്രഥമസ്കന്ദത്തിലെ ഭീഷ്മസ്തുതി വളരെ പ്രധാനമാകുന്നു. കൂടാതെ വിഷ്ണുസഹസ്രനാമം, ഭഗവത്ഗീത, നാരായണീയം എന്നിവ ചൊല്ലുന്നതും " ഓം നമോ നാരായണായ " എന്ന അഷ്ടാക്ഷരമന്ത്രം ജപിക്കുന്നതും നല്ലതാണ്. അത്യാസന്നനിലയിലാണെങ്കില്‍ അടുത്തുള്ള ശിവക്ഷേത്രത്തില്‍ മഹാമൃത്യുജ്ജയഹോമം നടത്തുകയും വിഷ്ണുക്ഷേത്രത്തില്‍ നിന്ന് കൊണ്ടുവന്ന തീര്‍ത്ഥജലമോ തുളസീതീര്‍ത്ഥമോ ഗംഗാജലമോ നല്‍കേണ്ടതാണ്. ശാന്തമായ അന്തരീക്ഷം സൃഷ്ടിക്കലാണ് വേണ്ടപ്പെട്ടവരുടെ ചുമതലയാണ്. എല്ലാവരും തിരക്കുപിടിച്ചവരാണ്. ആര്‍ക്കും ഒന്നിനും സമയമില്ല. അതില്‍ ആരേയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. കാലത്തിന്റെ ആ മാറ്റം ഉള്‍കൊള്ളാന്‍ എല്ലാവരും ശ്രമിക്കണം. പല കുടുംബങ്ങളിലും മാതാപിതാക്കളെ സംരക്ഷിക്കേണ്ട ഭാരം നഴ്സിനെ ഏല്പിച്ചുപോകുന്നതായി കാണാം. അവര്‍ രോഗശയ്യയില്‍ കിടക്കുന്ന ആളെ കാസറ്റിലൂടെ  (സി ഡി യിലൂടെ) നാമങ്ങളും പുരാണങ്ങളും സ്തുതികളും കേള്‍പ്പിക്കുന്നതായാല്‍ രോഗിയുടെ മനസ്സിന് ശാന്തത കൈവരുകയും മരണഭയം അകലാന്‍ കാരണമാകുകയും ചെയ്യും. പഴയ കാലത്ത് പവമാനസൂക്തം അഥവാ മോക്ഷമന്ത്രം ചൊല്ലി കേള്‍പ്പിക്കുന്ന പതിവുണ്ടായിരുന്നു. അത് പിന്നീട് 'ചെവിലോത്തെന്ന' ചടങ്ങായി മാറി. ഇന്ന് ആ ചടങ്ങ് നിര്‍വഹിക്കുന്നത് മരണത്തിനു ശേഷമാണ്.

  മരിച്ചതായി ഉറപ്പുവരുത്തിയാല്‍ കട്ടിലില്‍ നിന്ന് താഴേക്ക് എടുത്ത് കിടത്തണം. നിലത്ത് പേരാറ്റിലെ മണലോ, തുളസിയുടെ കടയ്ക്കലെ മണ്ണോ വിരിച്ച് അതിനുമുകളില്‍ തെക്ക് അഗ്രമായി ദര്‍ഭവിരിച്ച് പ്രേതത്തെ തെക്ക് തലയായി മലര്‍ത്തി കിടത്തണം. കഴിയുമെങ്കില്‍ മോക്ഷമന്ത്രം അചാര്യനെകൊണ്ട് ജപിപ്പിക്കുന്നത് ഉത്തമമാകുന്നു. മോക്ഷമന്ത്രം ഋഗ്വേദത്തിലുള്ളതാണ്. ഏകത്വത്തില്‍ ബുദ്ധിയുറച്ചവര്‍ക്കുമാത്രമേ ജനനമരണചക്രത്തില്‍നിന്നു മുക്തിയുള്ളൂ  എന്നാണ് മന്ത്രസാരം.

  പ്രേതത്തെ ശുദ്ധമായ വസ്ത്രംകൊണ്ടു മൂടണം. നാലുപുറത്തും വെണ്ണീറുകൊണ്ടും അക്ഷതംകൊണ്ടും വളയ്ക്കണം. തലയ്ക്കല്‍ നിലവിളക്കും ഒരിടങ്ങഴി നെല്ലും അല്പം ഉണക്കല്ലരിയും വെച്ചിരിക്കണം. തേങ്ങാമുറി വിളക്ക് വെയ്ക്കുന്നതും ഉത്തമമാകുന്നു. മറ്റു സംസ്കാരകാര്യങ്ങളെല്ലാം ബന്ധുമിത്രാദികള്‍ എല്ലാം എത്തി കൂടിയാലോചിച്ച് ചെയ്യാവുന്നതാണ്.

  ഷോഡശസംസ്കാരങ്ങളില്‍ ഒടുവിലത്തെ ചടങ്ങാണ് സംസ്കാരം. ശരീരം ഭസ്മമായിത്തീരുന്നതുവരെയാണ് സംസ്കാരം. അന്ത്യേഷ്ടിയെന്നും സംസ്കാരത്തിന് പേരുണ്ട്. ഇഷ്ടിയെന്നാല്‍ യാഗം. ഒരു മനുഷ്യന്റെ അവസാനത്തെ യാഗമായിട്ടതിനെ കണക്കാക്കാം. ജീവനറ്റുപോയാല്‍ ശരീരം അശുദ്ധമാണ്. അതിനെ ശുദ്ധീകരിക്കുന്ന പ്രക്രിയയാണ് സംസ്കാരം. അഗ്നി ശരീരത്തെ ശുദ്ധീകരിച്ച് ഭസ്മമാക്കുന്നു. പ്രാദേശികമായി സംസ്കാരച്ചടങ്ങുകളില്‍ വ്യത്യാസങ്ങള്‍ കാണാം.

തിഥിഫലം


  പ്രതിപദത്തുംനാള്‍ (പ്രഥമയില്‍)  ജനിച്ചാല്‍, ദേവാരാധനയില്‍ താല്‍പര്യമുള്ളവനായും അറിവും ശില്പശാസ്ത്രജ്ഞാനവും മന്ത്രാദികളിലും ആഭിചാരങ്ങളിലും സാമര്‍ത്ഥ്യം ഉള്ളവനായും ഭവിക്കും.

  ദ്വിതീയയില്‍ ജനിച്ചാല്‍, ശത്രുക്കളെ ഹനിക്കുന്നവനായും യോദ്ധാവായും വളരെ പശുക്കളും പരാക്രമവും അഭിമാനവും സമ്പത്തും പ്രഭുത്വവും ഐശ്വര്യവും ഉള്ളവനായും ഭവിക്കും.

  തൃതീയയില്‍ ജനിച്ചവന്‍, ഉദാരശീലനായും ഗര്‍വ്വിതനായും വിദ്വാനായും ബന്ധുക്കളുടെ കാര്യങ്ങളില്‍ താല്‍പര്യമുള്ളവനായും സുന്ദരനായും ഭവിക്കും.

  ചതുര്‍ത്ഥിയില്‍ ജനിച്ചവന്‍, എല്ലാകാര്യത്തിലും വിഘ്നമുണ്ടാക്കുന്നവനായും ക്രൂരനായും പരപീഡനത്തിനുള്ള മാര്‍ഗ്ഗങ്ങളെ അന്വേഷിക്കുന്നവനായും ശഠപ്രകൃതിയായും ഏറ്റവും കാമിയായും തടിച്ച ശരീരത്തോടുകൂടിയവനായും വ്യസനമുള്ളവനായും ഭവിക്കും.

  പഞ്ചമിയില്‍ ജനിച്ചാല്‍, സൗഭാഗ്യവും പാണ്ഡിത്യവും സമ്പത്തും ഉള്ളവനായും വസ്ത്രാഭരണാദി അലങ്കാരങ്ങളില്‍ താല്‍പര്യമുള്ളവനായും അന്യന്മാര്‍ക്കു ഉപകാരം ചെയ്യുന്നവനായും ഭവിക്കും.

  ഷഷ്ഠിനാളില്‍ ജനിച്ചാല്‍, ബലവും വളരെ ഭൃത്യന്മാര്‍ ഉള്ളവനായും കോപിഷ്ഠനായും അറിവുള്ളവനായും ദേവപൂജയില്‍ താല്‍പര്യമുള്ളവനായും ക്ഷേമത്തോടുകൂടിയവനായും ഗുണങ്ങളെ ആഗ്രഹിക്കുന്നവനായും ഭവിക്കും.

  സപ്തമിയില്‍ ജനിച്ചാല്‍, ദുഷ്ടന്മാരായ ഭൃത്യന്മാരോട് കൂടിയവനായും ക്രൂരമായി പറയുന്നവനായും കഫപ്രകൃതിയായും ശുഭകര്‍മ്മങ്ങളില്‍ താല്‍പര്യമുള്ളവനായും പ്രഭുവായും ഇന്ദ്രിയങ്ങളെ ജയിച്ചവനായും ബലവാനായും രോഗപീഡിതനായും ഭവിക്കും.

  അഷ്ടമിയില്‍ ജനിച്ചാല്‍, പരാക്രമിയായും സ്വാതന്ത്ര്യം ഉള്ളവനായും അന്യന്മാരെ പീഡിപ്പിക്കുന്നവനായും മുന്‍കോപിയായും സുന്ദരനായും കാമശീലമുള്ളവനായും ഭവിക്കും.

  നവമിയില്‍ ജനിച്ചാല്‍, ഏറ്റവും കോപവും സ്വകാര്യത്തില്‍ താല്‍പര്യവും ഉള്ളവനായും അന്യന്മാരെ ദ്വേഷിക്കുന്നവനായും നിന്ദ്യമായ ശില്പവൃത്തിചെയ്യുന്നവനായും കുത്സിതന്മാരായ ഭാര്യാപുത്രന്മാരോടുകൂടിയവനായും മന്ത്രജ്ഞനായും തസ്കരന്മാരുടെ നാഥനായും ഭവിക്കും.

  ദശമിയില്‍ ജനിച്ചാല്‍, ധര്‍മ്മശീലവും സുഖവും സത്സ്വഭാവവും സമ്പത്തും വാക്സാമര്‍ത്ഥ്യം ഉള്ളവനായും, സുഭഗനായും കാമുകനായും ബന്ധുക്കളെ സ്നേഹിക്കുന്നവനായും പരസ്ത്രീസക്തനായും ഭവിക്കും.

  ഏകാദശിയില്‍ ജനിച്ചാല്‍, കുലശ്രേഷ്ഠനായും ഏറ്റവും ശുഭാചാരത്തോടുകൂടിയവനായും നല്ല ഭൃത്യന്മാരും സൗഭാഗ്യവും വിദ്വത്വവും സമ്പത്തും സത്സ്വഭാവവും ഉള്ളവനായും ഭവിക്കും.

  ദ്വാദശിയില്‍ ജനിച്ചാല്‍, ദൈവഭക്തനായും ധനവാനായും ത്യാഗവും പ്രഭുത്വവും ഉള്ളവനായും സകല ജനങ്ങള്‍ക്കും ഇഷ്ടനായും നിര്‍മ്മലനായും പുണ്യവാനായും വിദ്വാനായും ഭവിക്കും. 

ത്രയോദശിയില്‍ ജനിച്ചാല്‍, കാമിയായും ദുര്‍ബ്ബലമായ ശരീരത്തോടുകൂടിയവനായും സത്യം പറയുന്നവനായും മനോഹരനായും ശഠപ്രകൃതിയായും ലുബ്ധനായും ധനഹീനനായും ഭവിക്കും.

  ചതുര്‍ദ്ദശിയില്‍ ജനിച്ചാല്‍, പരസ്ത്രീകളേയും പരദ്രവ്യത്തേയും കാമിക്കുന്നവനായും അറിവില്ലാത്തവനായും എല്ലാപേര്‍ക്കും ശത്രുവായും കോപവും ദുഃസ്വഭാവവും കഠിനമായ കാമശീലവും ശഠതയും ഭയങ്കരത്വവും ഉള്ളവനായും ഭവിക്കും.

  വെളുത്തവാവുനാളില്‍ ജനിക്കുന്നവര്‍, പരപൂ൪ണ്ണാംഗനായും കാമിയായും വിദ്യയും വിനയവും യശസ്സും ഉള്ളവനായും ശാസ്ത്രങ്ങളെ അറിയുന്നവനായും പ്രധാനിയായും ഭവിക്കും.

  അമാവാസി ദിവസം ജനിക്കുന്നവന്‍, ദേവന്മാരേയും പിതൃക്കളേയും പൂജിക്കുന്നവനായും കാമിയായും, പശു കാള മുതലായ നാല്‍ക്കാലിമൃഗങ്ങളെ ഹാനിയെ ചെയ്യുന്നവനായും രോഗിയായും ദരിദ്രനായും ബലമില്ലാത്ത ശരീരത്തോടുകൂടിയവനായും ഭവിക്കും.

**************

 മേല്‍വിവരിച്ച ഫലങ്ങളില്‍ വെളുത്തപക്ഷത്തിലെ തിഥികള്‍ക്കാണെങ്കില്‍  ശുഭഫലങ്ങള്‍ക്ക് പുഷ്ടിയും, അശുഭഫലങ്ങള്‍ക്ക് ഹാനിയും, കറുത്തപക്ഷത്തിലെ തിഥികള്‍ക്കാണെങ്കില്‍ ശുഭഫലങ്ങള്‍ക്ക് കുറവും, അശുഭഫലങ്ങള്‍ക്ക് പുഷ്ടിയും സംഭവിക്കുന്നതാണ്. അതായത്, തിഥിഫലങ്ങളെല്ലാംതന്നെ ചന്ദ്രന്റെ ബലാബലങ്ങള്‍ക്കനുസരിച്ച് ശുഭാശുഭഫലങ്ങളെ അറിഞ്ഞുകൊള്ളേണ്ടതാണ്.

കരണഫലം എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.

വലിയ ചന്ദ്രനെ വരുത്തല്‍

    കോലോത്തുനാട്ടിലുള്ള ഒരാചാരമാണിത്. കാസര്‍ഗോഡു ഭാഗത്തെ ബ്രാഹ്മണരുടെ ഇടയിലാണ് ഈ അനുഷ്ഠാനം. സ്ത്രീകളാണ് കര്‍മ്മികള്‍. വേറിട്ട ഈ മഹാബലിപൂജയുടെ ആചാരത്തെക്കുറിച്ച് വ്യക്തമായ അറിവുകള്‍ ഇല്ല. തുലാമാസവാവിനോടനുബന്ധിച്ചാണ് ഈ മഹാബലിപൂജ അരങ്ങേറുന്നത്. പാതാളത്തിലേക്കാണല്ലോ മഹാബലി പോയത്. ചടങ്ങില്‍ പാതാളത്തില്‍ നിന്ന് മഹാബലിയെ ആവാഹിക്കുന്ന സങ്കല്‍പ്പമാണ് കാണുന്നത്. വാവ് തുടങ്ങുന്നതിന് മുമ്പ്  കിണറ്റില്‍ നിന്ന് വെള്ളമെടുത്ത് സൂക്ഷിച്ചുവെച്ച് വാവ് ആകുമ്പോള്‍ സ്ത്രീകള്‍ പൂജ ആരംഭിക്കും. പിറ്റേന്ന് പൂജ കഴിഞ്ഞാല്‍ വെള്ളം കിണറ്റിലേക്ക്തന്നെ ഒഴിക്കുകയും ചെയ്യും. ഉദ്ധ്വസിക്കലും പാതാളത്തിലേക്ക് തന്നെയാണ്. പൂജയ്ക്ക് കളമിടുന്നത് ചുവന്നകല്ല്, മണ്ണോട് എന്നിവ അരച്ച ചാന്ത് ഉപയോഗിച്ചാകുന്നു. കളത്തില്‍ മഹാവിഷ്ണുവും മഹാബലിയുമാണെനാണ് സങ്കല്പം. മത്തങ്ങകൊണ്ട് ഉണ്ടാക്കിയ അപ്പമാണ് പ്രധാന നിവേദ്യദ്രവ്യം. കൂടാതെ പുന്നെല്ലരി ചോറും പാലും ഉണ്ടായിരിക്കും. വാവിനോട് അനുബന്ധിച്ചാകയാല്‍ പിതൃബന്ധം എവിടെയോ ഒളിഞ്ഞുകിടപ്പില്ലേയെന്നും തോന്നിപ്പോകുന്നു.

തിഥി കാണുവാന്‍


ഒന്നിന്                    തൃതീയ അരയ്ക്കു                               30

രണ്ടിന്                    പഞ്ചമി പോയി                                  00

മൂന്നിന്                     അഷ്ടമി അരയ്ക്കു                           30

നാലിന്                   ദശമി പോയി                                      00

അഞ്ചിന്                  ത്രയോദശി അരയ്ക്കു                        30

ആറിന്                    വാവ് പോയി                                       00

ഏഴിന്                     അപരപക്ഷതൃതീയ അരയ്ക്കു           30

എട്ടിന്                     പഞ്ചമി പോയി                                    00

ഒന്‍പതിന്              അഷ്ടമി അരയ്ക്കു                             30

പത്തിന്                  ദശമി പോയി                                       00

പതിനൊന്നിന്      ത്രയോദശി അരയ്ക്കു                           30

പന്ത്രണ്ടിന്            വാവ് പോയി                                         00

    ഈ ക്രമത്തില്‍ തിഥിസ്ഫുടത്തിലെ രാശി സംഖ്യയ്ക്കനുസരിച്ച് തിഥി നാഴിക വെച്ച് ഒരു തിയ്യതിക്ക്  5 നാഴിക കണ്ടും വെച്ച സംഖ്യയില്‍ കൂട്ടി വെച്ച തിഥി മുതല്‍ 60 ല്‍ കളയാനുണ്ടെങ്കില്‍ (കുറയ്ക്കാനുണ്ടെങ്കില്‍) കളഞ്ഞ് (കുറച്ച്) ശേഷമുള്ളത് പോകാത്ത തിഥിയില്‍ ചെന്ന നാഴിക വിനാഴികകളാണ്.

പൂര്‍വ്വപക്ഷം  (വെളുത്തപക്ഷം)

പ്രതിപദം                           പുഴ, സിംഹം 

ദ്വിതീയ                               പുലി, പന്നി 

തൃതീയ                                കഴുത, കരി 

ചതുര്‍ഥി                              പശു, വിഷ്ടി

പഞ്ചമി                               സിംഹം, പുലി 

ഷഷ്ഠി                               പന്നി, കഴുത 

സപ്തമി                                ആന, പശു 

അഷ്ടമി                             വിഷ്ടി,  സിംഹം 

നവമി                                  പുലി, പന്നി 

ദശമി                                   കഴുത,  കരി 

ഏകാദശി                            പശു, വിഷ്ടി 

ദ്വാദശി                                സിംഹം, പുലി 

ത്രയോദശി                         പന്നി, കഴുത 

ചതുര്‍ദ്ദശി                            ആന, പശു 

പൗര്‍ണമി                          വിഷ്ടി, സിംഹം 

അപരപക്ഷം (കറുത്തപക്ഷം)

ഒന്നില്‍                               പുലി, പന്നി

രണ്ടില്‍                               കഴുത, കരി 

മൂന്നില്‍                               പശു, വിഷ്ടി 

നാലില്‍                              സിംഹം, പുലി

അഞ്ചില്‍                            പന്നി, കഴുത

ആറില്‍                              ആന, പശു 

ഏഴില്‍                              വിഷ്ടി,  സിംഹം 

എട്ടില്‍                               പുലി, പന്നി

ഒന്‍പതില്‍                         കഴുത, കരി 

പതിനൊന്നില്‍                  സിംഹം, പുലി

പന്ത്രണ്ടില്‍                        പന്നി, കഴുത 

പതിമൂന്നില്‍                       ആന, പശു 

പതിനാലില്‍                     വിഷ്ടി, പുള്ള് (ശകുനി)

പതിനഞ്ചില്‍                    ചതുഷ്പാത്, പാമ്പ്

      തിഥിസ്ഫുടം തിഥികണ്ട് നാഴിക അറിഞ്ഞാല്‍ ആദ്യത്തെ 30 നാഴിക ആദ്യത്തെ കാരണവും, ശേഷം 30 നാഴിക രണ്ടാമത്തെ കാരണവുമാണ്.

തിഥിഫലം എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.

തിഥിസ്ഫുടം കണ്ടുപിടിക്കുന്നത് എങ്ങിനെ?


  ചന്ദ്രനില്‍ സ്ഫുടത്തില്‍ നിന്ന് സൂര്യസ്ഫുടം നീക്കിയാല്‍ (കുറച്ചാല്‍) തിഥിസ്ഫുടം വരും. ഇതാണ് നിയമം. 

    ജനനസമയത്തിനു സൂക്ഷ്മപ്പെടുത്തിയ ചന്ദ്രസ്ഫുടത്തില്‍നിന്നും സൂര്യസ്ഫുടം കുറച്ചാല്‍ ശിഷ്ടം വരുന്നതാണ് തിഥിസ്ഫുടം. ചന്ദ്രസ്ഫുടത്തില്‍ നിന്ന് സൂര്യസ്ഫുടം പോകാതെ വരുമ്പോള്‍ ചന്ദ്രസ്ഫുടരാശിയില്‍ 12 കൂട്ടി അതില്‍നിന്നും സൂര്യസ്ഫുടം കളയണം (കുറയ്ക്കണം). ഈ തിഥിസ്ഫുടത്തെ തിഥികണ്ടാല്‍ ജനനസമയത്തിനുള്ള തിഥിയും ആ തിഥിയില്‍ ചെന്ന നാഴികയും ലഭിക്കും.

ഉദാഹരണം :-

1152 വൃശ്ചികം 6 (ആറാം) തിയ്യതിക്കുള്ള സൂര്യസ്ഫുടം 7-5-30 ഉം ചന്ദ്രസ്ഫുടം 7-1-58 ഉം ആണല്ലോ ലഭിച്ചിരിക്കുന്നത്. 



ഈ ചന്ദ്രസ്ഫുടത്തില്‍ നിന്ന് സൂര്യസ്ഫുടം കളയണം. സൂര്യസ്ഫുടത്തെക്കാള്‍ കുറവായതുകൊണ്ട് ചന്ദ്രസ്ഫുടരാശിയില്‍ 12 കൂട്ടി അതില്‍നിന്ന് സൂര്യസ്ഫുടം കളഞ്ഞാല്‍ (കുറച്ചാല്‍) (19.1.58 - 7.5.39) = 11-26 = 19 കിട്ടും. ഇതാണ് തിഥിസ്ഫുടം. 

എങ്ങനെയെന്നാല്‍ 58 ല്‍ നിന്ന് 39 പോയാല്‍ ശിഷ്ടം 19.

 1 ല്‍ നിന്ന് 5 പോകാത്തതിനാല്‍ രാശിയില്‍ നിന്ന് ഒരു രാശി തിയ്യതിയില്‍ ചേര്‍ത്താല്‍ 31 ആയി. അതില്‍ നിന്ന് 5 കളഞ്ഞാല്‍ (കുറച്ചാല്‍) ശിഷ്ടം 26. രാശി സംഖ്യ 18 ല്‍ നിന്ന് 7 കളഞ്ഞാല്‍ (കുറച്ചാല്‍) ശിഷ്ടം 11. ഇങ്ങനെയാണ് ക്രിയ ചെയ്യേണ്ടത്.

ഇനി തിഥിയില്‍ ചെന്ന നാഴികയും തിഥിയും അറിയുവാന്‍ പറയുന്നു.


11 രാശിക്ക് ത്രയോദശി 1/2 യ്ക്ക് 30 നാഴിക.

1 തിയ്യതിക്ക് 5 നാഴിക പ്രകാരം 26 തിയ്യതിക്ക് 130 നാഴിക.

ഒരു കലയ്ക്ക് 5 വിനാഴിക പ്രകാരം 19 കലയ്ക്ക് 1 നാഴിക 35 വിനാഴിക.

ഇവ ഒന്നിച്ചു ചേര്‍ത്താല്‍ 30 + 130 + 1.35 = 161.35 നാഴിക കിട്ടുന്നു.

  ഇതില്‍ നിന്ന് ത്രയോദശിക്കും ചതുര്‍ദ്ദശിക്കും കൂടിയുള്ള പൂര്‍ണ്ണ നാഴികകളായ 120 നാഴിക കളഞ്ഞാല്‍ (കുറച്ചാല്‍) ശിഷ്ടം വരുന്ന 41 നാഴിക 35 വിനാഴികയാണ് ജനനസമയത്ത് വാവില്‍ ചെന്ന നാഴികകള്‍. വാവിന് ചതുഷ്പാത്തും നാഗവുമാണ് കരണങ്ങള്‍. 30 നാഴിക കഴിവോളം ചതുഷ്പാത് കരണവും, പിന്നെ 30 നാഴിക കഴിവോളം നാഗവും ആണ് കരണം. അതിനാല്‍ 41 നാഴിക 35 വിനാഴിക ചെന്നതുകൊണ്ട് ജനനസമയത്തെ കരണം നാഗമാണ്. കരണത്തില്‍ 11 നാഴിക 35 വിനാഴികയും കഴിഞ്ഞിരിക്കുന്നു എന്നും അറിയണം.

തിഥി കാണുവാന്‍ എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.

ശനിദോഷം കുറയ്ക്കാന്‍ പ്രത്യേക അനുഷ്ഠാനങ്ങള്‍

   മൂന്ന് പ്രധാന അനുഷ്ഠാനങ്ങള്‍ ശനിദോഷശാന്തിക്കുവേണ്ടി നടത്തിവരുന്നു. അവ ഇവയാണ്.

1). കറുത്തതുണിയില്‍ എള്ളുകെട്ടി നല്ലെണ്ണ ഒഴിച്ച് ദീപം തെളിയിച്ച് വീട്ടില്‍ സന്ധ്യക്ക്‌ ആ ദീപത്തെ വണങ്ങി അയ്യപ്പനെയോ ശാസ്താവിനെയോ ശനീശ്വരനെയോ വന്ദിച്ച് ഇഷ്ടപ്പെട്ട ദേവന്മാരുടെ സ്തോത്രങ്ങള്‍ ചൊല്ലുക.

2). ശനിയാഴ്ച രാവിലെ ആറുമണി മുതല്‍ ഏഴുമണിവരെ ശനിഹോരയാണ്. ഈ സമയത്ത് ചോറില്‍ എള്ളു ചേര്‍ത്ത് കുഴച്ച് ഏഴ് ചെറിയ ഉരുളയുരുട്ടി കാക്കയ്ക്ക് നല്‍കുക.

3). ശനിദോഷമുള്ളവര്‍ ദിവസവും ആഹാരം കഴിക്കും മുമ്പ് ഒരു ഉരുള ചോറ് ശനീശ്വരനെ സങ്കല്‍പ്പിച്ച് കാക്കയ്ക്ക് നല്‍കിയശേഷം ഭക്ഷണം കഴിക്കുക.

   സൂര്യപുത്രനാണ് ശനി, സൂര്യന്‍ പകല്‍ സമയത്ത് വാഴുമ്പോള്‍ ശനി തന്റെ ശക്തി മുഴുവന്‍ പുറത്തു കാണിക്കില്ലത്രേ! രാത്രിയായാല്‍ ശനി ശക്തനായിത്തീരും. ഏഴരശ്ശനി അപകടങ്ങള്‍ രാത്രിയാണ് കൂടുതല്‍ കണ്ടുവരുന്നത്. കഴിയുന്നതും രാത്രി യാത്ര ഒഴിവാക്കുന്നതാണ് അത്തരക്കാര്‍ക്ക് നല്ലത്. എന്നാല്‍ വ്യാഴം ഇഷ്ടഭാവത്തില്‍ ചാരവശാല്‍ നിന്നാല്‍ ശനിദോഷം താരതമ്യേന കുറയുന്നതാകുന്നു.

ദശപുഷ്പം ചൂടല്‍

   തിരുവാതിരനാളിലെ പാതിരാപൂചൂടലിനും പിറന്നാളിനും മറ്റും ദശപുഷ്പം ചൂടുന്ന ചടങ്ങ് ഇന്നുമുണ്ട്. കൂടാതെ ക്ഷേത്രത്തിലെ പല മംഗളാനുഷ്ഠാനങ്ങള്‍ക്കും ദശപുഷ്പം ഒരുക്കിവെയ്ക്കുന്ന പതിവും കാണാം. ദശപുഷ്പങ്ങളും ദേവതകളും ഫലവും പൊതുവായിട്ടറിയുന്നത് ഉപകാരപ്രദമായിരിക്കും.

പുഷ്പം                      - ദേവത               - ഫലം 

1. കറുക            -         ആദിത്യന്‍           - ആരോഗ്യസിദ്ധി 

2. കൃഷ്ണക്രാന്തി    -  മഹാവിഷ്ണു      - ശാന്തി, സമാധാനം

3. തിരുതാളി       -        ലക്ഷ്മീദേവി        - ഐശ്വര്യം

4. പൂവാംകുറുന്തല   -   ബ്രഹ്മാവ്‌           - ദാരിദ്രമോചനം 

5. കയ്യോന്നി        -        ശിവന്‍             - പാപനാശം 

6. മുക്കുറ്റി             - ശ്രീപാര്‍വ്വതി            - കുടുംബസൗഖ്യം

7. നിലപ്പന         -    ഭൂമീദേവി            - വിവേകം, ഔദാര്യം

8. ഉഴിഞ്ഞ        -         ഇന്ദ്രന്‍                - അഭീഷ്ടസിദ്ധി 

9. ചെറുള         -        യമരാജന്‍               - ആയുര്‍വര്‍ദ്ധന 

10. മുയല്‍ചെവിയന്‍  - കാമദേവന്‍          - സൗന്ദര്യസിദ്ധി 

ധൂമാദി പഞ്ചസ്ഫുടം കണ്ടുപിടിക്കുന്നത് എങ്ങിനെ?


  ജനനസമയത്തിനു ഗണിച്ചെടുത്ത സൂര്യസ്ഫുടത്തില്‍ 4 രാശിയും 13 തിയ്യതിയും ചേര്‍ത്താല്‍ ധൂമസ്ഫുടമായി.

  ധൂമസ്ഫുടം 12 രാശിയില്‍ നിന്ന് കളഞ്ഞാല്‍ (കുറച്ചാല്‍) ശിഷ്ടം വരുന്നതാണ് വ്യതീപാതസ്ഫുടം.

  വ്യതീപാതസ്ഫുടത്തില്‍ 6 രാശിമാത്രം ചേര്‍ത്താലുണ്ടാകുന്നതാണ് പരീവേഷസ്ഫുടമാണ്

  പരീവേഷസ്ഫുടം 12 രാശിയില്‍നിന്നും കളഞ്ഞാല്‍ (കുറച്ചാല്‍) ഇന്ദ്രചാപസ്ഫുടം ലഭിക്കും.

  ഇന്ദ്രചാപസ്ഫുടത്തില്‍ 17 തിയ്യതിമാത്രം കൂട്ടിയാല്‍ ധൂമകേതുസ്ഫുടം ഉണ്ടാകുന്നു.

   ഈ ധൂമകേതുസ്ഫുടത്തില്‍ ഒരു രാശി കൂട്ടിയാല്‍ ആദ്യം ക്രിയയ്ക്കെടുത്ത സൂര്യസ്ഫുടമാകും. ഇങ്ങനെ ഒരു രാശി കൂട്ടിയാല്‍ സൂര്യസ്ഫുടം വന്നാലേ പഞ്ചസ്ഫുടഗണിതം കൃത്യമായിട്ടുള്ളൂ എന്ന് ധരിക്കുക.

 തിഥിസ്ഫുടം കണ്ടുപിടിക്കുന്നത് എങ്ങിനെ? എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. എവിടെ ക്ലിക്ക് ചെയ്യുക.

ധൂമാദി പഞ്ചസ്ഫുടം


ധൂമാദി പഞ്ചസ്ഫുടം

    ധൂമം, വ്യതീപാതം, പരിവേഷം, ഇന്ദ്രചാപം, ധൂമകേതു ഇങ്ങനെ അഞ്ചാണ് പഞ്ചധൂമങ്ങള്‍. ഇവ മറ്റു നവഗ്രഹജ്യോതിസ്സുകളെപ്പോലെ ബഹിരാകാശത്തില്‍ പ്രകാശിതങ്ങളാണോ? ചില പ്രത്യേക കാലയളവില്‍ ബഹിരാകാശത്ത് പ്രത്യക്ഷപ്പെടുന്നവയും, ജീവജാലങ്ങളില്‍ സദാ മാരകമായ അനുഭവവിശേഷങ്ങള്‍ ഉളവാക്കത്തക്ക ശക്തിവിശേഷമുള്‍ക്കൊണ്ട് സൂര്യനെ ചുറ്റിപ്പറ്റി കഴിയുന്നവയുമായ സൂര്യജ്യോതിസ്സുകളായി പരിഗണിക്കപ്പെടുന്നവയുമാണ്. അധൂനിക ശാസ്ത്രജ്ഞന്മാരുടെ ചിന്താഗതിയില്‍ അള്‍ട്രാ - വയലെറ്റ് (Ultra - Violet) പോലെ മാരകശക്തിയുള്‍ക്കൊള്ളുന്ന സൂര്യരശ്മികളാണവയെന്നു സങ്കല്‍പ്പിക്കത്തക്കവയാണ്. ഇവ ഗണിച്ച് രാശിസ്ഥാനാദികള്‍ കല്പിച്ചെടുക്കുന്നത് സൂര്യസ്ഫുടംകൊണ്ടായതിനാല്‍ ഇവയഞ്ചും സൂര്യാംശങ്ങളാണെന്നതിന് സംശയത്തിനവകാശമില്ലെന്നു തോന്നുന്നു. അതിനാല്‍ ഭാരതീയ ശാസ്ത്രദൃഷ്ട്യാ ഈ പഞ്ചധൂമാദികളെ ഭാരതീയനാമത്തില്‍ അര്‍ക്കാത്മജന്മാരെന്നു (സൂര്യപുത്രന്മാര്‍) വിളിക്കാം.

ധൂമാദി പഞ്ചസ്ഫുടം കണ്ടുപിടിക്കുന്നത് എങ്ങിനെ? എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.

ദശപുഷ്പമാല

   ദശപുഷ്പമാല ശിവന് ഏറെ പ്രിയങ്കരമാണ്. പാര്‍വ്വതി തപസ്സനുഷ്ഠിക്കുമ്പോള്‍ ശിവവിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്നുപോലും. ദീര്‍ഘമംഗല്യത്തിനും ഐശ്വര്യത്തിനും സ്ത്രീകള്‍ ദശപുഷ്പമാല ചൂടുന്നത് നല്ലതാണ്. മാലകെട്ടാന്‍ അറിയാത്തത്തുകൊണ്ടാണോ  ദശപുഷ്പം ചൂടുന്നത് ചടങ്ങായിത്തീര്‍ന്നത്?. മാല കെട്ടുന്ന ക്രമം താഴെ പറയുന്നു.

    വള്ളിക്ക് പകരം വാഴയിലയാണ്. "വാഴയിലയുടെ വീതി കുറഞ്ഞ ഇലക്കഷ്ണം വാട്ടി, ഒരു വിരല്‍ വീതിയില്‍ കീറുക. കീറിയ ഇലത്തുമ്പുകള്‍ രണ്ടായി മടക്കി, ആദ്യം മൂന്നിഴ കറുകവെച്ച് ഇലയുടെ കട മുന്നോട്ടും ചുവട് പിറകോട്ടുമായി തിരിക്കുക. രണ്ടാമത് കറുകയും ചെറുളയും കൂട്ടിപ്പിരിക്കണം. മൂന്നാമത് കൃഷ്ണക്രാന്തിയും പൂവ്വാംകുറുന്തലയും ചേര്‍ത്ത് കൂട്ടിപ്പിരിക്കണം. നാലാമതായി മുയല്‍ച്ചെവിയനും മുക്കുറ്റിയും ചേര്‍ത്ത് കെട്ടുക.  അഞ്ചാമത് കയ്യോന്നിയും നിലപ്പനയും ചേര്‍ത്ത് തിരിക്കുക. ആറാമത് ഉഴിഞ്ഞ, തിരുതാളി, കറുക മൂന്നിഴ എന്നിവ ചേര്‍ത്താണ് കെട്ടേണ്ടത്. ഏഴാമത് മൂന്നിഴ കറുകമാത്രം ചേര്‍ത്ത് പിരിക്കുക. ഇപ്രകാരമാണ് ദശപുഷ്പമാല കെട്ടേണ്ടത്. പത്തു പൂക്കളില്‍ ഏതെങ്കിലും കുറവുണ്ടെങ്കില്‍ തുളസി മതിയെന്ന് വിശ്വാസം."

മന്ദാശ്രയരാശിഫലം

   നീചരാശിയായ മേടത്തില്‍ ശനി നില്‍ക്കുമ്പോള്‍ ജനിക്കുന്നവന്‍, അറിവില്ലാത്തവനായും സഞ്ചാരിയായും കപടമുള്ളവനായും ബന്ധുക്കളില്ലാത്തവനായും ഭവിക്കും.

  മിഥുനത്തിലോ കന്നിയിലോ ശനി നില്‍ക്കുമ്പോള്‍ ജനിക്കുന്നവന്‍, ലജ്ജയും സുഖവും ധനവും പുത്രന്മാരും കുറഞ്ഞവനായും, എഴുത്തുവിഷയമായ കാര്യങ്ങളില്‍ തെറ്റുപറ്റുന്നവനായും രക്ഷാധികാരിയായും, പ്രധാന നായകത്വമുള്ളവനായും ഭവിക്കും.

  വൃശ്ചികത്തില്‍ ശനി നില്‍ക്കുമ്പോള്‍ ജനിക്കുന്നവന്‍, ബന്ധനം താഡനം വധം ഇവകള്‍ അനുഭവിക്കുന്നവനായും, ചപലനായും ദയാശീലമില്ലാത്തവനായും, ലജ്ജയില്ലാത്തവനായും ഭവിക്കും.

  ഇടവത്തില്‍ ശനി നില്‍ക്കുമ്പോള്‍ ജനിക്കുന്നവന്‍, അഗമ്യകളായ സ്ത്രീകളില്‍ ആഗ്രഹമുള്ളവനായും സമ്പത്തുക്കള്‍ കുറഞ്ഞവനായും സ്ത്രീജിതനായും അനേകം ഭാര്യമാരുള്ളവനായും ഭവിക്കും.

  ഉച്ചരാശിയായ തുലാത്തില്‍ ശനി നില്‍ക്കുമ്പോള്‍ ജനിക്കുന്നവന്‍, പ്രസിദ്ധനായും സംഘം പുരം ഗ്രാമം ദേശം സൈന്യം ഇതുക്കളുടെ നാഥനായും പൂജ്യതയുള്ളവനായും, ധനവാനായും ഭവിക്കും.

  കര്‍ക്കിടകത്തില്‍ ശനി നില്‍ക്കുമ്പോള്‍ ജനിക്കുന്നവന്‍, ധനഹീനനായും പല്ലുകള്‍ക്ക്  വൈകല്യമുള്ളവനായും മാതാവിനോട് വേര്‍പ്പെട്ടവനായും പുത്രന്മാരും അറിവും കുറഞ്ഞവനായും ഭവിക്കും.

  ചിങ്ങത്തില്‍ ശനി നില്‍ക്കുമ്പോള്‍ ജനിക്കുന്നവന്‍, പൂജ്യത കുറഞ്ഞവനായും, സുഖവും, പുത്രന്മാരും ഇല്ലാത്തവനായും ഭാരങ്ങളെ വഹിക്കുന്നവനായും ഭവിക്കും.

  ധനുവിലോ മീനത്തിലോ ശനി നില്‍ക്കുമ്പോള്‍ ജനിക്കുന്നവന്‍, ശോഭനമായ അന്തഃകരണവും പര്യന്തപ്രദേശങ്ങളും ഉള്ളവനായും ശോഭനമായ ചരമകാലത്തോടുകൂടിയവനായും രാജഭവനങ്ങളില്‍ വിശ്വസ്ഥനായും നല്ല പുത്രന്മാരും ഭാര്യയും ധനവും ഉള്ളവനായും സൈന്യപുരഗ്രാമാദികളുടെ നാഥനായും ഭവിക്കും.

  സ്വക്ഷേത്രമായ മകരത്തിലോ കുംഭത്തിലോ ശനി നില്‍ക്കുമ്പോള്‍ ജനിക്കുന്നവന്‍, പരസ്ത്രീധനാദികളുള്ളവനായും ഗ്രാമപുരാദികളുടെ നാഥനായും, ചെറിയ കണ്ണുകളുള്ളവനായും മലിനനായും സ്ഥിരമായ ധനവും ഐശ്വര്യവും ഭോഗവും ഉള്ളവനായും ഭവിക്കും.

*************

  ഇങ്ങനെ സൂര്യാദികളുടെ ആശ്രയ രാശിഫലങ്ങള്‍ പറഞ്ഞു  എന്നുവരികിലും എല്ലാ ഫലങ്ങളും ഗ്രഹങ്ങളുടെ ബലാബലങ്ങളേയും കാലദേശാവസ്ഥകളേയും അറിഞ്ഞ് പറഞ്ഞുകൊള്ളണം. അതായത്, ഗ്രഹങ്ങള്‍ പൂര്‍ണ്ണബലത്തോടുകൂടി നില്‍ക്കുമ്പോള്‍ മാത്രമേ മേല്പറഞ്ഞ ഫലങ്ങള്‍ പൂര്‍ണ്ണമായി അനുഭവപ്പെടുകയുള്ളൂ.

ധൂമാദി പഞ്ചസ്ഫുടം എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.

വാതില്‍ ചവിട്ടിത്തുറക്കല്‍ (വിവാഹം)

  കേട്ടാല്‍ ധിക്കാരമാണെന്ന് തോന്നും.അല്ല, ഇതൊരാചാരമാണ്. വിവാഹം കഴിഞ്ഞാല്‍ നല്ല ഒരു മുഹൂര്‍ത്തം നോക്കി വധു ഭര്‍ത്തൃഗൃഹത്തിലേക്ക് പ്രവേശിക്കുന്നു. അതിന് "കുടിവെയ്പ്" എന്ന് ബ്രാഹ്മണഭാഷ. 

    കുടിവെയ്പിന് പുറപ്പെട്ടുകഴിഞ്ഞാല്‍ വധു ജന്മഗൃഹത്തിലെ കലവറയില്‍ കടന്ന് ഒരു കൈക്കുടന്ന നിറയെ ഉണക്കല്ലരി വാരിയെടുത്ത് പുറത്തുകടക്കുന്നു. ധര്‍മ്മദൈവങ്ങളേയും പാര്‍വ്വതീപരമേശ്വരന്മാരേയും മനസ്സില്‍ ധ്യാനിച്ച്‌ വധു കൈയിലുള്ള ഉണക്കല്ലരി മുഴുവന്‍ മുല്ലയ്ക്കല്‍ ഭഗവതിയുടെ മുമ്പില്‍ ചൊരിഞ്ഞ് അവിടെ നില്പുള്ള മുല്ലയ്ക്ക് നനയ്ക്കുന്നു. ജന്മഗൃഹത്തിലെ അവസാനത്തെ ചടങ്ങാണിത്‌. ജന്മഗൃഹത്തിലെത്തിയാല്‍ ഇനി യാതൊരു അവകാശവുമില്ല. കലവറയില്‍ നിന്ന് ഇനി ചോദിക്കാതെ ഒന്നും എടുത്തുകൂടാ. വരാം അച്ഛനമ്മമാരെ കാണാം, ഭക്ഷണം കഴിക്കാം, മുല്ലയ്ക്കല്‍ ഭഗവതിയെ വന്ദിക്കാം. അത്രമാത്രം.

    വധു ജന്മഗൃഹത്തില്‍ നിന്ന് പുറത്തുകടന്നാല്‍ മറ്റൊരു ആചാരംകൂടി കാണാം. പുറത്ത് നില്പുള്ള ഒരു വാഴ വെട്ടിവീഴ്ത്തുന്നു. ആ ചടങ്ങ് ഇവിടെ ഇനി ജന്മഗൃഹവുമായി പുല ബന്ധംപോലും അവശേഷിക്കുന്നില്ലെന്നുള്ളതിന്റെ സൂചനയാണ്.

   ഭര്‍ത്തൃഗൃഹത്തിലേക്ക് പ്രവേശിക്കാനുള്ള സമയമായാല്‍ കൂടിനില്‍ക്കുന്നവര്‍ കുരവയിടും. ആര്‍പ്പുവിളികള്‍ ഉയരും. അഷ്ടമംഗലവും താലവും എത്തും. രണ്ടും വധൂവരന്മാരെ എതിരേല്‍ക്കാനുള്ളതാണ്‌.

    രണ്ടുപേരും ബന്ധുക്കളോടൊപ്പം പടികടന്ന് ഭര്‍ത്തൃഗൃഹത്തിന്റെ ഉമ്മറത്തെത്തുന്നു. ഒരു നിമിഷം! വരന്‍ പെട്ടെന്ന് വീടിന്റെ അകത്തു കടക്കും. തുടര്‍ന്ന് വരന്റെ മാതാവ് ഉടന്‍ വീടിന്റെ വാതിലടയ്ക്കും. വധു പരിഭ്രമിക്കേണ്ടതില്ല. അവള്‍ വാതില്‍ ചവിട്ടിത്തുറന്ന് അകത്തുകടക്കണമെന്നാണ് ആചാരം. അത് ധിക്കാരമല്ല. അധികാരം ഉറപ്പിക്കുന്ന ചടങ്ങാണ്. ഭര്‍ത്തൃഗൃഹത്തില്‍ താന്‍ സര്‍വ്വാധികാരങ്ങളോടെ എത്തികഴിഞ്ഞുവെന്ന് വെളിവാക്കുന്നു. പിന്നെ ഭര്‍ത്തൃഗൃഹത്തിലെ സ്ത്രീജനങ്ങള്‍ വധുവിനെ നടുമുറ്റത്തുള്ള മുല്ലത്തറയ്ക്ക് അടുത്ത് കൊണ്ടുപോയി ഇരുത്തുന്നു. കാരണവത്തിയമ്മ ഗണപതിയെ നിവേദിക്കും; കൂടെ ശിവനും പാര്‍വ്വതിക്കും നിവേദിക്കും. പൂജകഴിയുന്നതിനു മുമ്പായി വധു ഒരപ്പമെടുത്ത് ഒരുണ്ണിയെ (കുട്ടിയെ) പിടിച്ച് മടിയിലിരുത്തി നല്‍കുന്നു. അത് കണ്ട് മറ്റുണ്ണികളും ഓടി എത്തും. പിന്നെ നിവേദിക്കാന്‍ സമ്മതിക്കാതെ ഓരോരുത്തരും അപ്പം എടുത്തുകൊണ്ടോടി പോകുന്നതാണ് ചടങ്ങ്. പൂജിക്കാന്‍ പോലും തന്റെ അനുവാദം വേണമെന്നും ഭക്ഷണം നല്‍കുന്നതിന് തന്റെ സമ്മതം വേണമെന്നും ധ്വനിക്കുന്നതാണ് ചടങ്ങുകള്‍. ഒടുവില്‍ വധുവിന്റെ സഹായത്തോടെ നിവേദിക്കല്‍ പൂര്‍ത്തിയാക്കുന്നു. അതില്‍ സന്തോഷിച്ച് വരന്റെ സഹോദരിയോ അമ്മയോ വധുവിനെ പൊന്നണിയിക്കുന്നതോടെ ചടങ്ങ് അവസാനിക്കുന്നു. പിന്നെ മംഗല്യസ്ത്രീകള്‍ എല്ലാവരും ചേര്‍ന്ന് മുല്ലത്തറയ്ക്ക് പ്രദക്ഷിണംവെച്ച് അകത്തു കയറുന്നു. വരനേയും വധുവിനേയും അകത്തിരുത്തി അമ്മ പാലും പഴവും നല്‍കുന്നു. പിന്നീട് ബന്ധുക്കള്‍ ഓരോരുത്തരായി പാലും പഴവും നല്‍കുന്നു. പാലും പഴവും നല്‍കാന്‍ വിധവകള്‍ക്കും അവകാശമുണ്ട്‌. 

ശുക്രാശ്രയരാശിഫലം


  മേടത്തിലോ വൃശ്ചികത്തിലോ ശുക്രന്‍ നില്‍ക്കുമ്പോള്‍ ജനിക്കുന്നവന്‍, പരസ്ത്രീസക്തനായും തന്നിമിത്തം സകലസ്വത്തും നശിക്കുന്നവനായും തന്റെ വംശത്തിനും തനിക്കും കളങ്കത്തെ ജനിപ്പിക്കുന്നവനായും ഭവിക്കും.

  സ്വക്ഷേത്രമായ ഇടവത്തിലോ തുലാത്തിലോ ശുക്രന്‍ നില്‍ക്കുമ്പോള്‍ ജനിക്കുന്നവന്‍, സ്വപ്രയത്നത്താല്‍ ലഭിക്കപ്പെടുന്ന ധനത്തോടുകൂടിയവനും രാജപൂജ്യനായും സംഗീതജ്ഞനായും സ്വജനപ്രധാനിയായും നിര്‍ദ്ദയനായും ഭവിക്കും.

  ശുക്രന്‍ കര്‍ക്കിടകത്തില്‍ നില്‍ക്കുമ്പോള്‍ ജനിക്കുന്നവന്‍, രണ്ടുഭാര്യമാരുള്ളവനായും യാചിക്കുന്നവനായും ദയയും ഗര്‍വും ദുഃഖവും കാമപാരവശ്യവും ഉള്ളവനായും ഭവിക്കും.

  ശുക്രന്‍ ചിങ്ങത്തില്‍ നില്‍ക്കുമ്പോള്‍ ജനിക്കുന്നവന്‍, സ്ത്രീകളില്‍ നിന്നും ലഭിക്കപ്പെട്ട ധനവും ശ്രേഷ്ഠതയുള്ള ഭാര്യയും ഉള്ളവനായും അല്‍പപുത്രനായും ഭവിക്കും.

  ശുക്രന്‍ ധനുവില്‍ നില്‍ക്കുമ്പോള്‍ ജനിക്കുന്നവന്‍, അന്യന്മാരാല്‍ പൂജിക്കപ്പെടുന്നവനായും ധനവാനായും ഭവിക്കും.

   ശുക്രന്‍ ഉച്ചരാശിയായ മീനത്തില്‍ നില്‍ക്കുമ്പോള്‍ ജനിക്കുന്നവന്‍, വിദ്വാനായും പണ്ഡിതനായും, പ്രഭുവായും രാജാക്കന്മാരാല്‍ സല്‍ക്കരിക്കപ്പെടുന്നവനായും വളരെ ഭാഗ്യമുള്ളവനായും ഭവിക്കും.

    ശുക്രന്‍ മിഥുനത്തില്‍ നില്‍ക്കുമ്പോള്‍ ജനിക്കുന്നവന്‍, രാജാവിന്റെ കൃത്യങ്ങളെ ചെയ്യുന്നവനായും ധനവാനായും കലാവിദ്യകളില്‍ പണ്ഡിത്യമുള്ളവനായും ഭവിക്കും.

  ശുക്രന്‍ നീചരാശിയായ കന്നിയില്‍ നില്‍ക്കുമ്പോള്‍ ജനിക്കുന്നവന്‍, ഏറ്റവും നീചവും നിന്ദ്യവും കുലത്തിന് അനുചിതമായ പ്രവര്‍ത്തികളെ ചെയ്യുന്നവനായും ഭവിക്കും.

  ശുക്രന്‍ മകരത്തിലോ കുംഭത്തിലോ നിന്നാല്‍, സുഭഗനായും സ്ത്രീകള്‍ക്ക് അധീനനായും കുത്സിതസ്ത്രീകളില്‍ താല്‍പര്യമുള്ളവനായും ദുര്‍മ്മാര്‍ഗ്ഗിയായും ഭവിക്കും.

മന്ദാശ്രയരാശിഫലം എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.

വധു ഭര്‍ത്തൃഗൃഹത്തിലേക്ക്

  ഭര്‍ത്തൃഗൃഹത്തിലേക്ക് പ്രവേശിക്കുന്ന സമയത്ത് ആചാര്യന്‍ ചൊല്ലുന്ന മന്ത്രം അര്‍ത്ഥവത്താണ്. ഈ മന്ത്രം ചൊല്ലി പണ്ട് ബ്രാഹ്മണര്‍ക്കിടയില്‍ ഹോമം നടത്തുന്ന പതിവുണ്ട്.

വേദമന്ത്രം :-

"ആനഃ പ്രജാം ജനയതു പ്രജാപതി-
രാജരസായ സമനക്ത്വര്യമാ-
അതുര്മങ്ഗളീഃ പതിലോകമാവിശ-
ശംനോ ഭവദ്വിപദേശം ചതുഷ്പദേ"

  ബ്രഹ്മാവ്‌ ദമ്പതികള്‍ക്ക് സന്തതി വര്‍ദ്ധിപ്പിക്കട്ടെ! ആര്യമാവ്‌ വാര്‍ദ്ധക്യകാലംവരെ രണ്ടുപേരെയും ശോഭനമായ ജീവിതം നയിക്കാന്‍ അനുഗ്രഹിക്കട്ടെ! വധുവിന്റെ പ്രവേശനം ഗൃഹത്തില്‍ മംഗളമുണ്ടാക്കട്ടെ! കുലത്തിന് ശുഭം വരുത്തുന്നവളും പശുക്കള്‍ക്ക് നന്മ വരുത്തുന്നവളുമായിരിക്കണം.

   ശുഭമുഹൂര്‍ത്തത്തില്‍ ഭര്‍ത്താവിനോടൊപ്പം എത്തിച്ചേരുന്ന വധുവിനെ സ്വീകരിക്കുന്നത് നിലവിളക്കും നിറപറയും വെച്ചുകൊണ്ടായിരിക്കണം. താലവും അഷ്ടമംഗലവസ്തുക്കളും കൈയിലേന്തിയവരോടൊപ്പം കത്തിച്ച നിലവിളക്ക് പിടിച്ച് പ്രവേശിക്കുന്നത് ഉത്തമമാകുന്നു.

ഗുരുവാശ്രയരാശിഫലം


   വ്യാഴം മേടത്തിലോ വൃശ്ചികത്തിലോ നില്‍ക്കുമ്പോള്‍ ജനിക്കുന്നവന്‍, സേനാനായകനായും വളരെ പുത്രന്മാരും ധനവും ഭാര്യമാരും നല്ല ഭൃത്യന്മാരും ഉള്ളവനായും ദാനശീലനായും ക്ഷമയും തേജസ്സും ഭാര്യാഗുണവും യശസ്സും ഉള്ളവനായും ഭവിക്കും.

  ഇടവത്തിലോ തുലാത്തിലോ വ്യാഴം നില്‍ക്കുമ്പോള്‍ ജനിക്കുന്നവന്‍, ശരീരസുഖവും അനുഭവഗുണവും സമ്പത്തും ബന്ധുക്കളും പുത്രന്മാരും ഔദാര്യവും ഉള്ളവനായും സകലജനപ്രിയനായും ഭവിക്കും.

  മിഥുനത്തിലോ കന്നിയിലോ വ്യാഴം നില്‍ക്കുമ്പോള്‍ ജനിക്കുന്നവന്‍, ഗൃഹോപകരണസാധനങ്ങളും പുത്രന്മാരും ബന്ധുക്കളും ഉള്ളവനായും രാജസചിവനായും സുഖമുള്ളവനായും ഭവിക്കും.

  വ്യാഴം കര്‍ക്കിടകത്തില്‍ നില്‍ക്കുമ്പോള്‍ ജനിക്കുന്നവന്‍, ധനധാന്യസമൃദ്ധിയും സുഖവും സല്‍ക്കളത്രവും ബുദ്ധിശക്തിയും ഗൃഹോപകരണങ്ങളും ഉള്ളവനായും കീര്‍ത്തിയുള്ളവനായും ഭവിക്കും.

  വ്യാഴം ചിങ്ങത്തില്‍ നില്‍ക്കുമ്പോള്‍ ജനിക്കുന്നവന്‍, സൈന്യങ്ങളുടെ നായകനായും സുഖസമൃദ്ധിയോടുകൂടിയവനായും ഭവിക്കും.

  ധനുവിലോ മീനത്തിലോ വ്യാഴം നില്‍ക്കുമ്പോള്‍ ജനിക്കുന്നവന്‍, ധനവാനായും ദേശനാഥനായും പ്രഭുവായും ഭവിക്കും.

 കുംഭത്തില്‍ വ്യാഴം നില്‍ക്കുമ്പോള്‍ ജനിക്കുന്നവന്‍, കര്‍ക്കിടകത്തില്‍ വ്യാഴം നില്‍ക്കുമ്പോഴുള്ളതുപോലുള്ള ഫലങ്ങളെ വിചാരിച്ചുകൊള്ളണം.

  നീചരാശിയായ മകരത്തില്‍ വ്യാഴം നില്‍ക്കുമ്പോള്‍ ജനിക്കുന്നവന്‍, ധനപുഷ്ടി ഇല്ലാത്തവനായും, ഉചിതമല്ലാത്ത കര്‍മ്മങ്ങളെ ചെയ്യുന്നവനായും സുഖമില്ലാത്തവനായും ഭവിക്കും.

ശുക്രാശ്രയരാശിഫലം എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.

വിവാഹകര്‍മ്മത്തിലെ മാലയിടല്‍

  വരണമാല്യം വാടാത്ത പൂക്കള്‍കൊണ്ട് കെട്ടിയുണ്ടാക്കിയതായിരിക്കണം. നിഷിദ്ധപുഷ്പങ്ങള്‍ ഉപയോഗിക്കരുത്.

"സച്ഛിദ്രം മുകുളം ജീര്‍ണ്ണം
പതിതം പാതവര്‍ജ്ജിതം 
ഭുക്തശേഷമഗന്ധഞ്ച
കേശകീടാദി മിശ്രിതം"

  ആദ്യം വരന്റെ കഴുത്തില്‍ വധുവാണ് മാല ഇടേണ്ടത്. അതിനുശേഷം വരന്‍ വധുവിന്റെ കഴുത്തിലും മാല ഇടണം. മാല എടുത്തുകൊടുക്കേണ്ടത് ആചാര്യനാണ്. ആചാര്യന്‍ ഇഷ്ടദേവതകളോട് പ്രാര്‍ഥിച്ച് വേണം മാല നല്‍കാന്‍. മാല മറഞ്ഞുപോകാതിരിക്കാന്‍ ശ്രദ്ധിക്കണം. പിന്നെ മോതിരം മാറലും പുടവകൊടുക്കലുമാകാം. മോതിരം പരസ്പരം മോതിരവിരലുകളിലാണ് അണിയേണ്ടത്.  തുടര്‍ന്ന് ആചാര്യന്റെ ഉപദേശത്തോടെ വലതുവശം തിരിഞ്ഞ് മണ്ഡപത്തില്‍ ഇരുവരും കൈപിടിച്ച് പ്രദക്ഷിണം വെയ്ക്കണം. താലവും അഷ്ടമംഗലവും അകമ്പടി സേവിക്കാം. വിവാഹശേഷം പാര്‍വ്വതീപരമേശ്വരന്മാര്‍ സന്തോഷത്തോടെ വിരാജിക്കുന്നുയെന്ന് സങ്കല്പം. പീഠങ്ങളില്‍ ഇരിക്കാവുന്നതാണ്. അനുഗ്രഹാശിസ്സുകള്‍ സ്വീകരിച്ചതിനുശേഷം ഇരുവരും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കണം. ശുഭമുഹൂര്‍ത്തത്തില്‍ ഭര്‍ത്തൃഗൃഹത്തിലേക്ക് യാത്രയാകാം.

ബുധാശ്രയരാശിഫലം


  ബുധന്‍ മേടത്തിലോ വൃശ്ചികത്തിലോ നില്‍ക്കുമ്പോള്‍ ജനിക്കുന്നവന്‍, ചൂതുകളിയിലും കടംവാങ്ങുന്നതിലും മദ്യപാനത്തിലും  താല്‍പര്യമുള്ളവനായും, വേദശാസ്ത്രങ്ങളെ ദ്വേഷിക്കുന്നവനായും, ചൌര്യത്തെ പ്രവര്‍ത്തിക്കുന്നവനായും, ധനഹീനനായും, കുത്സിതമായ ഭാര്യയോടുകൂടിയവനായും, കപടവിദ്യയില്‍ സമര്‍ത്ഥനായും, അസത്യവാനായും ഭവിക്കും.

  ഇടവത്തിലോ തുലാത്തിലോ ബുധന്‍ നില്‍ക്കുമ്പോള്‍ ജനിക്കുന്നവന്‍, അദ്ധ്യാപകനായും വളരെ പുത്രന്മാരും ഭാര്യയും ഉള്ളവനായും, ധനസമ്പാദ്യക്കാരനായും, ഔദാര്യവും ഗുരുഭക്തിയും ഉള്ളവനായും ഭവിക്കും.

  മിഥുനത്തില്‍ ബുധന്‍ നില്‍ക്കുമ്പോള്‍ ജനിക്കുന്നവന്‍, വാചാലനായും ശാസ്ത്രങ്ങളിലും നൃത്തഗീതാദികലാവിദ്യകളിലും വിദഗ്ദ്ധനായും, ഇഷ്ടവാക്കുകളെ പറയുന്നവനായും സുഖാസക്തനായും ഭവിക്കും.

  കര്‍ക്കിടകത്തില്‍ ബുധന്‍ നില്‍ക്കുമ്പോള്‍ ജനിക്കുന്നവന്‍, ജലം കൊണ്ട് ധനം സമ്പാദിക്കുന്നവനായും സ്വജനങ്ങള്‍ക്ക് ശത്രുവായും ഭവിക്കും.

  ശനിക്ഷേത്രമായ മകരത്തിലോ കുംഭത്തിലോ ബുധന്‍ നില്‍ക്കുമ്പോള്‍ ജനിക്കുന്നവന്‍, അന്യന്മാര്‍ക്കുവേണ്ടി ദാസ്യംചെയ്യുന്നവനായും ദരിദ്രനായും ശില്പകര്‍മ്മങ്ങളെ ചെയ്യുന്നവനായും കടമുള്ളവനായും വൃഥാ ഭാരം ചുമക്കുന്നവനായും ഭവിക്കും.

  ധനുവില്‍ ബുധന്‍ നില്‍ക്കുമ്പോള്‍ ജനിക്കുന്നവന്‍, രാജധനം ലഭിക്കുന്നവനായും പണ്ഡിതനായും വ്യവഹാരകാര്യങ്ങളെ അറിയുന്നവനായും ഭവിക്കും.

  നീചരാശിയായ മീനത്തില്‍ ബുധന്‍ നില്‍ക്കുമ്പോള്‍ ജനിക്കുന്നവന്‍, അന്യാഭിപ്രായങ്ങളെ അറിയുന്നവനായും നിന്ദ്യങ്ങളായ ശില്പകര്‍മ്മങ്ങളെ ചെയ്യുന്നവനായും ഭവിക്കും.

  ചിങ്ങത്തില്‍ ബുധന്‍ നില്‍ക്കുമ്പോള്‍ ജനിക്കുന്നവന്‍, സ്ത്രീകളാല്‍ നിഷേധിക്കപ്പെടുന്നവനായും ധനവും സുഖവും പുത്രന്മാരും ഇല്ലാത്തവനായും സഞ്ചാരപ്രിയനായും മൂര്‍ഖനയും സ്ത്രീകളില്‍ താല്പര്യമുള്ളവനായും പരാജയത്തെ പ്രാപിക്കുന്നവനായും ഭവിക്കും..

  ഉച്ചരാശിയായ കന്നിയില്‍ ബുധന്‍ നില്‍ക്കുമ്പോള്‍ ജനിക്കുന്നവന്‍, ത്യാഗശീലവും, അറിവും അനേക ഗുണങ്ങളും സുഖവും ക്ഷമയും നല്ലയുക്തിയും ഉള്ളവനായും ഭയമില്ലാത്തവനായും ഭവിക്കും.

ഗുരുവാശ്രയരാശിഫലം എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക. 

വിവാഹവേളയിലെ സപ്തപദി

    വിവാഹവേളയില്‍ ബ്രാഹ്മണര്‍ക്കിടയില്‍ നടന്നുവരുന്ന 'സപ്തപദി' എന്ന അനുഷ്ഠാനച്ചടങ്ങ്‌ വളരെ അര്‍ത്ഥവത്താണ്. അത് മറ്റു സമുദായക്കാര്‍ക്ക് പകര്‍ത്താവുന്നതാണ്. വേദമന്ത്രാടിസ്ഥാനത്തിലാണ് അത് രൂപംകൊണ്ടിട്ടുള്ളത്. വേദമന്ത്രങ്ങള്‍ രഹസ്യമാക്കി വെച്ചിരുന്ന കാലത്ത് അത് ബ്രാഹ്മണര്‍ക്കിടയിലാണ് ആരംഭിച്ചത്. പത്നിയോടൊപ്പം വരന്‍ അഗ്നിക്ക് ചുറ്റും നടന്ന് ഏഴടിവെയ്ക്കലാണ് ചടങ്ങ്‌. ഭാര്യാഭര്‍ത്താക്കന്മാര്‍ അഗ്നിയുടെ മുമ്പില്‍വന്നാല്‍ വരന്‍ വലതുകൈകൊണ്ട് പത്നിയുടെ ഇടതുകാലുപിടിച്ച് സപ്തപദം വെയ്പിക്കലാണ് ചടങ്ങ്‌. വലതുകാല്‍ ഒരടിവെപ്പിച്ചാല്‍ പത്നി ഇടതുകാല്‍ ഒപ്പം വെയ്ക്കണമെന്നാണ് ചിട്ട. ഏഴു പാദങ്ങളും മന്ത്രം ചൊല്ലി വെയ്ക്കുന്നതാണ് ചടങ്ങ്‌. അടിവെച്ച് ആറ് ലോകങ്ങളും കടന്ന് ഏഴാം ലോകത്ത് രണ്ടുപേരും എത്തിച്ചേരുന്നുവെന്നാണ് സങ്കല്‍പം.

   ബ്രാഹ്മണര്‍ക്ക് താലികെട്ടിനേക്കാള്‍ പ്രധാനം പാണിഗ്രഹണമാണ്‌. എന്നാല്‍ മറ്റുള്ളവര്‍ക്ക് താലികെട്ടും മാലയിടലുമാകുന്നു.

   വധു കിഴക്കുഭാഗത്തും വരന്‍ പടിഞ്ഞാറുഭാഗത്തും പരസ്പരം തിരിഞ്ഞുനിന്നോ, മണ്ഡപത്തില്‍ അഗ്നിസാക്ഷിയായി ഇരുന്നോ വധുവിനെ താലികെട്ടുന്നതാണ് രീതി. മഞ്ഞള്‍ പുരട്ടിയ ചരടിലായിരിക്കണം താലി കോര്‍ക്കേണ്ടത്. താലി ഇഷ്ടദേവതയ്ക്ക് സമര്‍പ്പിച്ച്‌ പൂജിച്ചുവാങ്ങി മറഞ്ഞുകിടക്കാത്തവിധം താലി കെട്ടണം. വരന്‍ കെട്ടുമ്പോള്‍ ആരും വരനെ തൊടേണ്ടതില്ല. ഒരു കെട്ട് കെട്ടികഴിഞ്ഞാല്‍ വരന്റെ സഹോദരിക്കോ അമ്മയ്ക്കോ സഹായിക്കാവുന്നതാണ്. ഭര്‍ത്താവിന്റെ ബന്ധുക്കള്‍ക്കാണ് അതില്‍ പ്രാതിനിധ്യമുള്ളത്.

കുജാശ്രയരാശിഫലം


   സ്വക്ഷേത്രമായ മേടത്തിലോ വൃശ്ചികത്തിലോ ചൊവ്വനില്‍ക്കുമ്പോള്‍ ജനിക്കുന്നവന്‍, രാജപൂജിതനായും, സഞ്ചാരിയായും, സേനാനായകനായും, ക്രയവിക്രയങ്ങളെ ചെയ്യുന്നവനായും, ധനവാനായും, ശരീരത്തില്‍ മുറിവോ വ്രണമോ നിമിത്തം അടയാളപ്പെട്ടവനായും, ശൌര്യം ഉള്ളവനായും ഭവിക്കും.

   ശുക്രക്ഷേത്രമായ ഇടവത്തിലോ തുലാത്തിലോ ചൊവ്വ നില്‍ക്കുമ്പോള്‍ ജനിക്കുന്നവന്‍, സ്ത്രീജിതനായും, ബന്ധുക്കള്‍ക്ക് അനുകൂലനല്ലാത്തവനായും, പരസ്ത്രീസക്തനായും, ജാലവിദ്യക്കാരനായും അലങ്കാരപ്രിയനായും ഭീരുവായും ഭവിക്കും.

   ബുധക്ഷേത്രമായ മിഥുനത്തിലോ കന്നിയിലോ ചൊവ്വ നില്‍ക്കുമ്പോള്‍ ജനിക്കുന്നവന്‍, തേജ്ജസ്സും പുത്രന്മാരും ഉള്ളവനായും, ബന്ധുക്കളില്ലാത്തവനായും ഉപകാരസ്മരണയുള്ളവനായും, സംഗീതത്തിലും യുദ്ധത്തിലും സാമര്‍ത്ഥ്യം ഉള്ളവനായും പിശുക്കനായും, ഭയമില്ലാത്തവനായും, യാചിക്കുന്നവനായും ഭവിക്കും.

  ചന്ദ്രക്ഷേത്രമായ കര്‍ക്കിടകത്തില്‍ ചൊവ്വ നില്‍ക്കുമ്പോള്‍ ജനിക്കുന്നവന്‍, ധനവാനായും, ജലവാഹനങ്ങളില്‍ കൂടിയുള്ള സഞ്ചാരംകൊണ്ട് ധനസമ്പാദനം ചെയ്യുന്നവനായും, ബുദ്ധിമാനായും, അംഗവൈകല്യവും ദുഷ്ടതയും ഉള്ളവനായും ഭവിക്കും.

  ആദിത്യക്ഷേത്രമായ ചിങ്ങത്തില്‍ ചൊവ്വ നില്‍ക്കുബോള്‍ ജനിക്കുന്നവന്‍, ക്ലേശങ്ങളെ സഹിക്കുന്നവനായും, ധനമില്ലാത്തവനായും, വനമദ്ധ്യത്തില്‍ സഞ്ചരിക്കുന്നവനായും ഭൃത്യന്മാര്‍ക്കും ഭാര്യക്കും കുറവുള്ളവനായും ഭവിക്കും.

  വ്യാഴക്ഷേത്രമായ ധനുവിലോ മീനത്തിലോ ചൊവ്വ നില്‍ക്കുബോള്‍ ജനിക്കുന്നവന്‍, വളരെ ശത്രുക്കളുള്ളവനായും, രാജമന്ത്രിയായും, പ്രസിദ്ധനായും, ഭയമില്ലാത്തവനായും, പുത്രന്മാര്‍ കുറഞ്ഞിരിക്കുന്നവനായും ഭവിക്കും.

  കുംഭത്തില്‍ ചൊവ്വ നില്‍ക്കുമ്പോള്‍ ജനിക്കുന്നവന്‍, പലവിധ ദുഃഖങ്ങള്‍ അനുഭവിക്കുന്നവനായും, ധനഹീനനായും, സഞ്ചാരിയായും അസത്യവാനായും, ക്രൂരനായും, നിരപേക്ഷകനായും ഭവിക്കും.

  ഉച്ചരാശിയായ മകരത്തില്‍ ചൊവ്വ നില്‍ക്കുമ്പോള്‍ ജനിക്കുന്നവന്‍, വളരെ സമ്പത്തും പുത്രന്മാരും ഉള്ളവനായും, രാജതുല്യനായും ഭവിക്കും.

ബുധാശ്രയരാശിഫലം എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.

പാണിഗ്രഹണം

  ബ്രഹ്മചര്യം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം, സന്യാസം എന്നീ നാല് ആശ്രമങ്ങളിലൂടെ ജീവിതം നയിക്കപ്പെടുന്നു. ഈ നാല് ആശ്രമങ്ങളില്‍ ഏറ്റവും പ്രധാനം വിവാഹജീവിതമാണ്. ഗൃഹസ്ഥജീവിതത്തില്‍നിന്നാണല്ലോ രാഷ്ട്രത്തിന്റെ ആരംഭം.

  വിവാഹത്തോടെ ഗാര്‍ഹസ്ഥ്യം തുടങ്ങുന്നു. വിവാഹകര്‍മ്മങ്ങള്‍ അനുഷ്ഠിക്കപ്പെടുമ്പോള്‍ പാണിഗ്രഹണസമയത്ത് ചൊല്ലുന്ന മന്ത്രം ശ്രദ്ധിക്കുക.

"ഗൃഭ് ണാമിതേ സൗഭഗത്വയഹസ്തം
മയാ പത്യാജരാദഷ്ടിര്യഥാസഃ
ഭഗോ ആര്യമാ സവിതാപുരന്ധി 
ന്മര്‍ഹ്യം ത്വാദുര്‍ഗ്ഗാര്‍ഹപത്യായ ദേവാഃ"

  (സുഖകരമായ ഭാവിക്കുവേണ്ടി നിന്റെ പാണി ഞാന്‍ പിടിക്കുന്നു. നിന്റെ ഭര്‍ത്താവായ എന്നോട് ചേര്‍ന്ന് നീ ദീര്‍ഘായുഷ്മതിയായിഭവിക്കട്ടെ! നാം രണ്ടുപേരും ഗൃഹസ്ഥാശ്രമത്തിലേക്ക് പ്രവേശിക്കുന്നതിനുവേണ്ടി ഭഗല്‍, ആര്യമാവ്‌, സവിത, പുരന്ധി എന്നിവര്‍ നിന്നെ എനിക്ക് സമര്‍പ്പിച്ചിരിക്കുന്നു. മന്ത്രസാരം പാണിഗ്രഹണത്തിന്റെ മഹത്വം വെളിവാക്കുന്നു.)

  വിവാഹവേളയില്‍ വൃദ്ധജനങ്ങള്‍ ഭാര്യാഭര്‍ത്താക്കന്മാരെ അനുഗ്രഹിക്കുന്ന മന്ത്രവും ഗര്‍ഭസ്ഥശിശുവിനെ ആശീര്‍വാദിക്കുന്ന മന്ത്രവും അനുഷ്ഠാനങ്ങളിലൂടെ ജീവിതത്തെ ഉന്നതപദവിയിലേക്ക് ഉയര്‍ത്തുന്നവയാകുന്നു.

ചന്ദ്രാശ്രയരാശിഫലം

ചന്ദ്രാശ്രയരാശിഫലം
   മേടം രാശിയില്‍ ചന്ദ്രന്‍ നില്‍ക്കുമ്പോള്‍ ജനിച്ചാല്‍ വൃത്തമായും ചുവന്നും ഇരിക്കുന്ന കണ്ണുകളോടുകൂടിയവനായും, വേഗത്തില്‍ നടക്കുന്നവനായും, ചൂടുള്ള ഇലക്കറി സാധനങ്ങള്‍ ഭക്ഷിക്കുന്നവനായും, ക്ഷിപ്രപ്രസാദിയായും, സഞ്ചാരശീലനായും, കാമിയായും, മുട്ടുകള്‍ക്ക് ബാലമില്ലാത്തവനായും സ്ഥിരമില്ലാത്ത സമ്പത്തുകളോട് കൂടിയവനായും, ശൂരനായും സ്ത്രീകള്‍ക്ക് വല്ലഭനായും സേവയെ അറിയുന്നവനായും, കുഴിനഖമുള്ളവനായും, തലയില്‍ തഴമ്പുള്ളവനായും, അഭിമാനിയായും, സഹോദന്മാരില്‍ മുമ്പനായും, കയ്യില്‍ ശക്തിരേഖയുള്ളവനായും, ഏറ്റവും ചപലനായും, വെള്ളത്തില്‍ ഭയമുള്ളവനായും ഭവിക്കും.

   ഇടവത്തില്‍ ചന്ദ്രന്‍ നില്‍ക്കുമ്പോള്‍ ജനിക്കുന്നവന്‍, സൗന്ദര്യവും വിലാസത്തോടുകൂടിയ നടപ്പും ഉള്ളവനായും, വിശാലങ്ങളായ തുടകളും മുഖവും ഉള്ളവനായും, പൃഷ്ഠത്തിലും മുഖത്തും പാര്‍ശ്വഭാഗത്തും അടയാളങ്ങളോടുകൂടിയവനായും, ത്യാഗിയായും, സഹനശക്തിയുള്ളവനായും, പ്രഭുവായും, തടിച്ച കഴുത്തോടുകൂടിയവനായും, സ്ത്രീസന്താനം ഏറിയിരിക്കുന്നവനായും, കഫപ്രകൃതിയായും, പൂര്‍വ്വബന്ധുക്കള്‍ പൂര്‍വ്വധനം പുത്രന്മാര്‍ എന്നിവരോട് വേര്‍പ്പെട്ടവനായും, സൗഭാഗ്യവും ക്ഷമയും ഉള്ളവനായും, ജഠരാഗ്നി വര്‍ദ്ധിച്ചവനായും, സ്ത്രീപ്രിയനായും, ഉറപ്പുള്ള ബന്ധുക്കളോടുകൂടിയവനായും, ജീവിതകാലത്തിന്റെ മദ്ധ്യത്തില്‍ സുഖം അനുഭവിക്കുന്നവനായും ഭവിക്കും.

  മിഥുനത്തില്‍ ചന്ദ്രന്‍ നില്‍ക്കുമ്പോള്‍ ജനിക്കുന്നവന്‍, സ്ത്രീലോലനായും, സുരതോപചാരകുശലനായും കറുത്ത കണ്ണുകളോടുകൂടിയവനായും, ശാസ്ത്രങ്ങളെ അറിയുന്നവനായും, ഭൂതവൃത്തികളെ ചെയ്യുന്നവനായും, ചുരുണ്ടതലമുടിയോട് കൂടിയവനായും, ബുദ്ധിമാനായും, ഹാസ്യരസപ്രിയനായും, ചൂതുകളികളില്‍ സാമര്‍ത്ഥ്യം ഉള്ളവനായും, സുന്ദരനായും ആരെയും വശപ്പെടുത്തുന്ന വര്‍ത്തമാനത്തോടുകൂടിയവനായും, വളരെ ഭക്ഷിക്കുന്നവനായും, സംഗീതാദികളിലും നൃത്താദികളിലും പ്രിയമുള്ളവനായും, ക്ലീബന്മാരില്‍ ആഗ്രഹമുള്ളവനായും, ഉയര്‍ന്ന മൂക്കോടുകൂടിയവനായും ഭവിക്കും.

  കര്‍ക്കിടകത്തില്‍ ചന്ദ്രന്‍ നില്‍ക്കുമ്പോള്‍ ജനിക്കുന്നവന്‍, ഒരുപുറം ചരിഞ്ഞു വേഗത്തില്‍ നടക്കുന്നവനായും, ഉയര്‍ന്ന കാലടി പ്രദേശത്തോടുകൂടിയവനായും, സ്ത്രീകള്‍ക്ക് അധീനനായും, നല്ല ബന്ധുക്കളും ജ്യോതിശാസ്ത്രത്തില്‍ അറിവും വളരെ ഗൃഹങ്ങളുടെ ഉടമസ്ഥാവകാശവും ഉള്ളവനായും, ചന്ദ്രനെ പോലെ ധനാദികള്‍ക്ക് വൃദ്ധിക്ഷയങ്ങള്‍ ഉള്ളവനായും, പൊക്കംകുറഞ്ഞ ശരീരവും കഴുത്തിനു തടിപ്പും നല്ലവാക്കുകൊണ്ടുവശപ്പെടുന്ന സ്വഭാവമുള്ളവനായും ബന്ധുക്കളെ സ്നേഹിക്കുന്നവനായും ജലക്രീഡയിലും, ഉദ്യാനക്രീഡയിലും താല്പര്യമുള്ളവനായും ഭവിക്കും.

  ചിങ്ങത്തില്‍ ചന്ദ്രന്‍ നില്‍ക്കുമ്പോള്‍ ജനിക്കുന്നവന്‍, ക്രൂരനായും, വിശാലങ്ങളായ കവിള്‍ത്തടങ്ങളും മുഖവും ഉള്ളവനായും, കപിലവര്‍ണ്ണമുള്ള കണ്ണുകളോട് കൂടിയവനായും, പുത്രന്മാര്‍ കുറവുള്ളവനായും, സ്ത്രീകളെ ദ്വേഷിക്കുന്നവനായും, മാംസത്തിലും കാട്ടിലും പര്‍വ്വതത്തിലും താല്പര്യമുള്ളവനായും, വൃഥാ കോപവും അധികമായ വിശപ്പും ദാഹവും ഉദരരോഗവും ദന്തരോഗവും ഉള്ളവനായും, ദാനം ചെയ്യുന്നവനായും പരാക്രമിയായും, സ്ഥിരബുദ്ധിയായും, ഏറ്റവും അഭിമാനിയായും, മാതാവിന് വശംവദനായും ഭവിക്കും.

  കന്നിമാസത്തില്‍ ചന്ദ്രന്‍ നില്‍ക്കുമ്പോള്‍ ജനിക്കുന്നവന്‍, ലജ്ജകൊണ്ട് അലസങ്ങളായ വീക്ഷണങ്ങളും സഞ്ചാരമുള്ളവനായും, ശിഥിലങ്ങളായ ചുമലുകളും കൈകളും ഉള്ളവനായും, സുഖാനുഭവവും മൃദുത്വവും നിത്യനിഷ്ഠയും കലാകൌശലവും ശാസ്ത്രജ്ഞാനവും ധര്‍മ്മനിഷ്ഠയും ബുദ്ധിസാമര്‍ത്ഥ്യം ഉള്ളവനായും, സ്ത്രീഭോഗത്തില്‍ അത്യാവേശവും ഉള്ളവനായും പരദ്രവ്യങ്ങളും പരഗ്രഹങ്ങളും ലഭിക്കുന്നവനായും, വിദേശവാസിയായും, സ്ത്രീസന്താനങ്ങള്‍ ഏറിയും പുത്രന്മാര്‍ കുറഞ്ഞും ഉള്ളവനായും ഭവിക്കും.

  തുലാത്തില്‍ ചന്ദ്രന്‍ നില്‍ക്കുമ്പോള്‍ ജനികുന്നവന്‍, ദേവന്മാരേയും ഗുരുക്കന്മാരേയും സ്വജനങ്ങളേയും പൂജിക്കുന്നവനായും, ബുദ്ധിമാനായും, ശുചിത്വമുള്ളവനായും, സ്ത്രീജിതനായും, ദീര്‍ഘദേഹനായും, നാസികയ്ക്ക് ഉന്നതത്വവും ശരീരത്തിന് ദൃഡതയും ദൌര്‍ബല്യവും നടക്കുന്നതിന് ഉത്സാഹവുംഉള്ളവനായും അര്‍ത്ഥവാനായും, അംഗങ്ങള്‍ക്ക് എവിടെയെങ്കിലും അപരിപൂര്‍ണ്ണതയും ക്രയവിക്രയങ്ങളില്‍ സാമര്‍ത്ഥ്യം ഉള്ളവനായും രണ്ടുപേരുള്ളവനായും, രോഗിയായും സ്വകുടുംബത്തിന് ഉപകാരത്തെ ചെയ്യുന്നവനായും, ബന്ധുക്കളാല്‍ കോപത്താലോ നിന്ദയാലോ ഉപേക്ഷിക്കപ്പെടുന്നവനായും ഭവിക്കും.

  വൃശ്ചികത്തില്‍ ചന്ദ്രന്‍ നില്‍ക്കുമ്പോള്‍ ജനിക്കുന്നവന്‍, വിശാലമായ കണ്ണുകളും മാറിടവും തടിച്ചുരുണ്ട കണങ്കാലുകളും തുടകളും കാല്‍മുട്ടുകളും ഉള്ളവനായും, മാതാപിതാക്കന്മാരോടും ആചാര്യന്മാരോടും അല്ലെങ്കില്‍ മറ്റ് ഗുരുത്വം കാട്ടേണ്ട ജ്യേഷ്ഠാദികളായ കുടുംബാംഗങ്ങളോടും വേര്‍പ്പെട്ടവനായും, ബാല്യത്തില്‍ രോഗാദികളാല്‍ പീഡിതനായും, രാജവംശത്തില്‍ പൂജ്യനായും പിംഗളവര്‍ണ്ണമുള്ളവനായും ക്രൂരപ്രവര്‍ത്തികളോട് കൂടിയവനായും, വജ്രരേഖ, മത്സ്യരേഖ, പക്ഷിരേഖ എന്നീ അടയാളങ്ങളോട് കൂടിയവനായും, പാപകര്‍മ്മങ്ങളെ മറച്ചുവെയ്ക്കുന്നവനായും ഭവിക്കും.

   ധനുവില്‍ ചന്ദ്രന്‍ നില്‍ക്കുമ്പോള്‍ ജനിക്കുന്നവന്‍, മുഖവും കഴുത്തും ഏറ്റവും നീണ്ടിരിക്കുന്നവനായും പിതൃധനത്തോടുകൂടിയവനായും, ത്യാഗിയായും കവിയായും ബലവാനായും വാക്പതിയായും പല്ലുകളും കാതുകളും ചുണ്ടും മൂക്കും തടിച്ചിരിക്കുന്നവനായും എല്ലാ കാര്യത്തിലും ഉത്സാഹമുള്ളവനായും ശില്പവിദ്യയെ അറിയുന്നവനായും, കറുത്തു കൂനിയോ ഇടുങ്ങിയോ ഇരിക്കുന്നവനായും കുത്സിതങ്ങളായ നഖങ്ങളും തടിച്ചിരിക്കുന്ന കൈകളും ഉള്ളവനായും ഏറ്റവും പ്രതിഭാശാലിയായും ധര്‍മ്മജ്ഞനായും, ബന്ധുക്കളെ ദ്വേഷിക്കുന്നവനായും, ബലാല്‍ക്കാരേണ വശീകരിക്കാന്‍ കഴിയാത്തവനായും നല്ലവക്കുകൊണ്ട് എല്ലാപേര്‍ക്കും അധീനനായിരിക്കുന്നവനായും ഭവിക്കും.

  മകരത്തില്‍ ചന്ദ്രന്‍ നില്‍ക്കുമ്പോള്‍ ജനിക്കുന്നവന്‍, തന്റെ ഭാര്യാപുത്രന്മാരെ എപ്പോഴും ലാളിച്ചുകൊണ്ടിരിക്കുന്നവനായും, ധാര്‍മ്മികനാണെന്ന് നടിക്കുന്നവനായും, നല്ല കണ്ണുകളും ഒതുങ്ങിയ അരകെട്ടും ഉള്ളവനയും, ബുദ്ധിമാനായും, സൗഖ്യവും മടിയും ഉള്ളവനായും തണുപ്പിനെ സഹിക്കുവാന്‍ വയ്യാത്തവനായും, സഞ്ചാരിയായും ഏറ്റവും ബലാധിക്യമുള്ളവനായും, കാവ്യകര്‍ത്താവായും പിശുക്കനായും, അഗമ്യകളും വൃദ്ധകളുമായ സ്ത്രീകളില്‍ താല്‍പര്യമുള്ളവനായും, ലജ്ജയില്ലാത്തവനായും, നിര്‍ദ്ദയനായും ഭവിക്കും.

  കുംഭത്തില്‍ ചന്ദ്രന്‍ നില്‍ക്കുമ്പോള്‍ ജനിക്കുന്നവന്‍, ഒട്ടകത്തെപ്പോലെ നീണ്ടിരിക്കുന്നകഴുത്തും പൊന്തിയിരിക്കുന്ന ചെറുഞരമ്പുകളും പരുഷങ്ങളായ രോമങ്ങളും നീണ്ട ശരീരവും തടിച്ചിരിക്കുന്ന കാലുകളും തുടയും പൃഷ്ഠവും നിതംബസ്ഥാനവും മുഖവും അരക്കെട്ടും ഉള്ളവനായും, ചെവി കേള്‍ക്കാത്തവനായും, പരസ്ത്രീയേയും പരദ്രവ്യത്തേയും ആഗ്രഹിക്കുന്നവനായും, പാപകര്‍മ്മങ്ങളില്‍ തല്‍പരനായും, വര്‍ദ്ധനയും ക്ഷയവും ഇടയ്ക്കിടെ ഉണ്ടായികൊണ്ടിരിക്കുന്നവനായും, നല്ല പുഷ്പങ്ങളിലും സുഗന്ധദ്രവ്യങ്ങളിലും ബന്ധുക്കളിലും താല്‍പര്യമുള്ളവനായും, സഞ്ചാരക്ലേശത്തെ സഹിക്കുന്നവനായും ഭവിക്കും.

   മീനത്തില്‍ ചന്ദ്രന്‍ നില്‍ക്കുമ്പോള്‍ ജനിക്കുന്നവന്‍, ജലോല്‍പന്നങ്ങളായ ദ്രവ്യങ്ങളെ ക്രയവിക്രയം ചെയ്തു ലഭിക്കുന്ന ധനമുള്ളവനായും, ഭാര്യാപുത്രാദികളില്‍ അതീവ താല്‍പര്യമുള്ളവനായും, പരിപൂര്‍ണ്ണവും സുന്ദരവുമായ ശരീരത്തോടുകൂടിയവനായും, ഉയര്‍ന്ന മൂക്കോടുകൂടിയവനായും, ശത്രുക്കളെ തോല്‍പ്പിക്കുന്നവനായും, സ്ത്രീകള്‍ക്കധീനനായും, നല്ല കണ്ണുകളോടുകൂടിയവനായും, കാന്തിയും നിധിദ്രവ്യവും സമ്പത്തും ഭോഗവും പാണ്ഡിത്യവും ഉള്ളവനായും, ഇന്ദ്രിയവര്‍ദ്ധനയും ഭവിക്കും.

കുജാശ്രയരാശിഫലം എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.