ചന്ദ്രാശ്രയരാശിഫലം

ചന്ദ്രാശ്രയരാശിഫലം
   മേടം രാശിയില്‍ ചന്ദ്രന്‍ നില്‍ക്കുമ്പോള്‍ ജനിച്ചാല്‍ വൃത്തമായും ചുവന്നും ഇരിക്കുന്ന കണ്ണുകളോടുകൂടിയവനായും, വേഗത്തില്‍ നടക്കുന്നവനായും, ചൂടുള്ള ഇലക്കറി സാധനങ്ങള്‍ ഭക്ഷിക്കുന്നവനായും, ക്ഷിപ്രപ്രസാദിയായും, സഞ്ചാരശീലനായും, കാമിയായും, മുട്ടുകള്‍ക്ക് ബാലമില്ലാത്തവനായും സ്ഥിരമില്ലാത്ത സമ്പത്തുകളോട് കൂടിയവനായും, ശൂരനായും സ്ത്രീകള്‍ക്ക് വല്ലഭനായും സേവയെ അറിയുന്നവനായും, കുഴിനഖമുള്ളവനായും, തലയില്‍ തഴമ്പുള്ളവനായും, അഭിമാനിയായും, സഹോദന്മാരില്‍ മുമ്പനായും, കയ്യില്‍ ശക്തിരേഖയുള്ളവനായും, ഏറ്റവും ചപലനായും, വെള്ളത്തില്‍ ഭയമുള്ളവനായും ഭവിക്കും.

   ഇടവത്തില്‍ ചന്ദ്രന്‍ നില്‍ക്കുമ്പോള്‍ ജനിക്കുന്നവന്‍, സൗന്ദര്യവും വിലാസത്തോടുകൂടിയ നടപ്പും ഉള്ളവനായും, വിശാലങ്ങളായ തുടകളും മുഖവും ഉള്ളവനായും, പൃഷ്ഠത്തിലും മുഖത്തും പാര്‍ശ്വഭാഗത്തും അടയാളങ്ങളോടുകൂടിയവനായും, ത്യാഗിയായും, സഹനശക്തിയുള്ളവനായും, പ്രഭുവായും, തടിച്ച കഴുത്തോടുകൂടിയവനായും, സ്ത്രീസന്താനം ഏറിയിരിക്കുന്നവനായും, കഫപ്രകൃതിയായും, പൂര്‍വ്വബന്ധുക്കള്‍ പൂര്‍വ്വധനം പുത്രന്മാര്‍ എന്നിവരോട് വേര്‍പ്പെട്ടവനായും, സൗഭാഗ്യവും ക്ഷമയും ഉള്ളവനായും, ജഠരാഗ്നി വര്‍ദ്ധിച്ചവനായും, സ്ത്രീപ്രിയനായും, ഉറപ്പുള്ള ബന്ധുക്കളോടുകൂടിയവനായും, ജീവിതകാലത്തിന്റെ മദ്ധ്യത്തില്‍ സുഖം അനുഭവിക്കുന്നവനായും ഭവിക്കും.

  മിഥുനത്തില്‍ ചന്ദ്രന്‍ നില്‍ക്കുമ്പോള്‍ ജനിക്കുന്നവന്‍, സ്ത്രീലോലനായും, സുരതോപചാരകുശലനായും കറുത്ത കണ്ണുകളോടുകൂടിയവനായും, ശാസ്ത്രങ്ങളെ അറിയുന്നവനായും, ഭൂതവൃത്തികളെ ചെയ്യുന്നവനായും, ചുരുണ്ടതലമുടിയോട് കൂടിയവനായും, ബുദ്ധിമാനായും, ഹാസ്യരസപ്രിയനായും, ചൂതുകളികളില്‍ സാമര്‍ത്ഥ്യം ഉള്ളവനായും, സുന്ദരനായും ആരെയും വശപ്പെടുത്തുന്ന വര്‍ത്തമാനത്തോടുകൂടിയവനായും, വളരെ ഭക്ഷിക്കുന്നവനായും, സംഗീതാദികളിലും നൃത്താദികളിലും പ്രിയമുള്ളവനായും, ക്ലീബന്മാരില്‍ ആഗ്രഹമുള്ളവനായും, ഉയര്‍ന്ന മൂക്കോടുകൂടിയവനായും ഭവിക്കും.

  കര്‍ക്കിടകത്തില്‍ ചന്ദ്രന്‍ നില്‍ക്കുമ്പോള്‍ ജനിക്കുന്നവന്‍, ഒരുപുറം ചരിഞ്ഞു വേഗത്തില്‍ നടക്കുന്നവനായും, ഉയര്‍ന്ന കാലടി പ്രദേശത്തോടുകൂടിയവനായും, സ്ത്രീകള്‍ക്ക് അധീനനായും, നല്ല ബന്ധുക്കളും ജ്യോതിശാസ്ത്രത്തില്‍ അറിവും വളരെ ഗൃഹങ്ങളുടെ ഉടമസ്ഥാവകാശവും ഉള്ളവനായും, ചന്ദ്രനെ പോലെ ധനാദികള്‍ക്ക് വൃദ്ധിക്ഷയങ്ങള്‍ ഉള്ളവനായും, പൊക്കംകുറഞ്ഞ ശരീരവും കഴുത്തിനു തടിപ്പും നല്ലവാക്കുകൊണ്ടുവശപ്പെടുന്ന സ്വഭാവമുള്ളവനായും ബന്ധുക്കളെ സ്നേഹിക്കുന്നവനായും ജലക്രീഡയിലും, ഉദ്യാനക്രീഡയിലും താല്പര്യമുള്ളവനായും ഭവിക്കും.

  ചിങ്ങത്തില്‍ ചന്ദ്രന്‍ നില്‍ക്കുമ്പോള്‍ ജനിക്കുന്നവന്‍, ക്രൂരനായും, വിശാലങ്ങളായ കവിള്‍ത്തടങ്ങളും മുഖവും ഉള്ളവനായും, കപിലവര്‍ണ്ണമുള്ള കണ്ണുകളോട് കൂടിയവനായും, പുത്രന്മാര്‍ കുറവുള്ളവനായും, സ്ത്രീകളെ ദ്വേഷിക്കുന്നവനായും, മാംസത്തിലും കാട്ടിലും പര്‍വ്വതത്തിലും താല്പര്യമുള്ളവനായും, വൃഥാ കോപവും അധികമായ വിശപ്പും ദാഹവും ഉദരരോഗവും ദന്തരോഗവും ഉള്ളവനായും, ദാനം ചെയ്യുന്നവനായും പരാക്രമിയായും, സ്ഥിരബുദ്ധിയായും, ഏറ്റവും അഭിമാനിയായും, മാതാവിന് വശംവദനായും ഭവിക്കും.

  കന്നിമാസത്തില്‍ ചന്ദ്രന്‍ നില്‍ക്കുമ്പോള്‍ ജനിക്കുന്നവന്‍, ലജ്ജകൊണ്ട് അലസങ്ങളായ വീക്ഷണങ്ങളും സഞ്ചാരമുള്ളവനായും, ശിഥിലങ്ങളായ ചുമലുകളും കൈകളും ഉള്ളവനായും, സുഖാനുഭവവും മൃദുത്വവും നിത്യനിഷ്ഠയും കലാകൌശലവും ശാസ്ത്രജ്ഞാനവും ധര്‍മ്മനിഷ്ഠയും ബുദ്ധിസാമര്‍ത്ഥ്യം ഉള്ളവനായും, സ്ത്രീഭോഗത്തില്‍ അത്യാവേശവും ഉള്ളവനായും പരദ്രവ്യങ്ങളും പരഗ്രഹങ്ങളും ലഭിക്കുന്നവനായും, വിദേശവാസിയായും, സ്ത്രീസന്താനങ്ങള്‍ ഏറിയും പുത്രന്മാര്‍ കുറഞ്ഞും ഉള്ളവനായും ഭവിക്കും.

  തുലാത്തില്‍ ചന്ദ്രന്‍ നില്‍ക്കുമ്പോള്‍ ജനികുന്നവന്‍, ദേവന്മാരേയും ഗുരുക്കന്മാരേയും സ്വജനങ്ങളേയും പൂജിക്കുന്നവനായും, ബുദ്ധിമാനായും, ശുചിത്വമുള്ളവനായും, സ്ത്രീജിതനായും, ദീര്‍ഘദേഹനായും, നാസികയ്ക്ക് ഉന്നതത്വവും ശരീരത്തിന് ദൃഡതയും ദൌര്‍ബല്യവും നടക്കുന്നതിന് ഉത്സാഹവുംഉള്ളവനായും അര്‍ത്ഥവാനായും, അംഗങ്ങള്‍ക്ക് എവിടെയെങ്കിലും അപരിപൂര്‍ണ്ണതയും ക്രയവിക്രയങ്ങളില്‍ സാമര്‍ത്ഥ്യം ഉള്ളവനായും രണ്ടുപേരുള്ളവനായും, രോഗിയായും സ്വകുടുംബത്തിന് ഉപകാരത്തെ ചെയ്യുന്നവനായും, ബന്ധുക്കളാല്‍ കോപത്താലോ നിന്ദയാലോ ഉപേക്ഷിക്കപ്പെടുന്നവനായും ഭവിക്കും.

  വൃശ്ചികത്തില്‍ ചന്ദ്രന്‍ നില്‍ക്കുമ്പോള്‍ ജനിക്കുന്നവന്‍, വിശാലമായ കണ്ണുകളും മാറിടവും തടിച്ചുരുണ്ട കണങ്കാലുകളും തുടകളും കാല്‍മുട്ടുകളും ഉള്ളവനായും, മാതാപിതാക്കന്മാരോടും ആചാര്യന്മാരോടും അല്ലെങ്കില്‍ മറ്റ് ഗുരുത്വം കാട്ടേണ്ട ജ്യേഷ്ഠാദികളായ കുടുംബാംഗങ്ങളോടും വേര്‍പ്പെട്ടവനായും, ബാല്യത്തില്‍ രോഗാദികളാല്‍ പീഡിതനായും, രാജവംശത്തില്‍ പൂജ്യനായും പിംഗളവര്‍ണ്ണമുള്ളവനായും ക്രൂരപ്രവര്‍ത്തികളോട് കൂടിയവനായും, വജ്രരേഖ, മത്സ്യരേഖ, പക്ഷിരേഖ എന്നീ അടയാളങ്ങളോട് കൂടിയവനായും, പാപകര്‍മ്മങ്ങളെ മറച്ചുവെയ്ക്കുന്നവനായും ഭവിക്കും.

   ധനുവില്‍ ചന്ദ്രന്‍ നില്‍ക്കുമ്പോള്‍ ജനിക്കുന്നവന്‍, മുഖവും കഴുത്തും ഏറ്റവും നീണ്ടിരിക്കുന്നവനായും പിതൃധനത്തോടുകൂടിയവനായും, ത്യാഗിയായും കവിയായും ബലവാനായും വാക്പതിയായും പല്ലുകളും കാതുകളും ചുണ്ടും മൂക്കും തടിച്ചിരിക്കുന്നവനായും എല്ലാ കാര്യത്തിലും ഉത്സാഹമുള്ളവനായും ശില്പവിദ്യയെ അറിയുന്നവനായും, കറുത്തു കൂനിയോ ഇടുങ്ങിയോ ഇരിക്കുന്നവനായും കുത്സിതങ്ങളായ നഖങ്ങളും തടിച്ചിരിക്കുന്ന കൈകളും ഉള്ളവനായും ഏറ്റവും പ്രതിഭാശാലിയായും ധര്‍മ്മജ്ഞനായും, ബന്ധുക്കളെ ദ്വേഷിക്കുന്നവനായും, ബലാല്‍ക്കാരേണ വശീകരിക്കാന്‍ കഴിയാത്തവനായും നല്ലവക്കുകൊണ്ട് എല്ലാപേര്‍ക്കും അധീനനായിരിക്കുന്നവനായും ഭവിക്കും.

  മകരത്തില്‍ ചന്ദ്രന്‍ നില്‍ക്കുമ്പോള്‍ ജനിക്കുന്നവന്‍, തന്റെ ഭാര്യാപുത്രന്മാരെ എപ്പോഴും ലാളിച്ചുകൊണ്ടിരിക്കുന്നവനായും, ധാര്‍മ്മികനാണെന്ന് നടിക്കുന്നവനായും, നല്ല കണ്ണുകളും ഒതുങ്ങിയ അരകെട്ടും ഉള്ളവനയും, ബുദ്ധിമാനായും, സൗഖ്യവും മടിയും ഉള്ളവനായും തണുപ്പിനെ സഹിക്കുവാന്‍ വയ്യാത്തവനായും, സഞ്ചാരിയായും ഏറ്റവും ബലാധിക്യമുള്ളവനായും, കാവ്യകര്‍ത്താവായും പിശുക്കനായും, അഗമ്യകളും വൃദ്ധകളുമായ സ്ത്രീകളില്‍ താല്‍പര്യമുള്ളവനായും, ലജ്ജയില്ലാത്തവനായും, നിര്‍ദ്ദയനായും ഭവിക്കും.

  കുംഭത്തില്‍ ചന്ദ്രന്‍ നില്‍ക്കുമ്പോള്‍ ജനിക്കുന്നവന്‍, ഒട്ടകത്തെപ്പോലെ നീണ്ടിരിക്കുന്നകഴുത്തും പൊന്തിയിരിക്കുന്ന ചെറുഞരമ്പുകളും പരുഷങ്ങളായ രോമങ്ങളും നീണ്ട ശരീരവും തടിച്ചിരിക്കുന്ന കാലുകളും തുടയും പൃഷ്ഠവും നിതംബസ്ഥാനവും മുഖവും അരക്കെട്ടും ഉള്ളവനായും, ചെവി കേള്‍ക്കാത്തവനായും, പരസ്ത്രീയേയും പരദ്രവ്യത്തേയും ആഗ്രഹിക്കുന്നവനായും, പാപകര്‍മ്മങ്ങളില്‍ തല്‍പരനായും, വര്‍ദ്ധനയും ക്ഷയവും ഇടയ്ക്കിടെ ഉണ്ടായികൊണ്ടിരിക്കുന്നവനായും, നല്ല പുഷ്പങ്ങളിലും സുഗന്ധദ്രവ്യങ്ങളിലും ബന്ധുക്കളിലും താല്‍പര്യമുള്ളവനായും, സഞ്ചാരക്ലേശത്തെ സഹിക്കുന്നവനായും ഭവിക്കും.

   മീനത്തില്‍ ചന്ദ്രന്‍ നില്‍ക്കുമ്പോള്‍ ജനിക്കുന്നവന്‍, ജലോല്‍പന്നങ്ങളായ ദ്രവ്യങ്ങളെ ക്രയവിക്രയം ചെയ്തു ലഭിക്കുന്ന ധനമുള്ളവനായും, ഭാര്യാപുത്രാദികളില്‍ അതീവ താല്‍പര്യമുള്ളവനായും, പരിപൂര്‍ണ്ണവും സുന്ദരവുമായ ശരീരത്തോടുകൂടിയവനായും, ഉയര്‍ന്ന മൂക്കോടുകൂടിയവനായും, ശത്രുക്കളെ തോല്‍പ്പിക്കുന്നവനായും, സ്ത്രീകള്‍ക്കധീനനായും, നല്ല കണ്ണുകളോടുകൂടിയവനായും, കാന്തിയും നിധിദ്രവ്യവും സമ്പത്തും ഭോഗവും പാണ്ഡിത്യവും ഉള്ളവനായും, ഇന്ദ്രിയവര്‍ദ്ധനയും ഭവിക്കും.

കുജാശ്രയരാശിഫലം എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.