ഷോഡശാംശകം കണ്ടുപിടിക്കുന്നത് എങ്ങനെ?


ഷോഡശാംശകം കണ്ടുപിടിക്കുന്നത് എങ്ങനെ?

   ഒരു രാശിയുടെ 16 ല്‍ ഒരു ഭാഗത്തിനാണ് ഷോഡശാംശകം എന്ന് പറയുന്നത്. ഒരു ഷോഡശാംശകം 1 തിയ്യതി 52 കല 30 വികലയാണ്. ഓജരാശിയില്‍ നില്‍ക്കുന്ന ഗ്രഹത്തിന് നില്‍ക്കുന്ന രാശിയില്‍ നിന്നും ഷോഡശാംശകം കണക്കാക്കണം. ആ രാശിയില്‍ തുടങ്ങി പന്ത്രണ്ടാമത്തെ രാശിവരെ കണക്കാക്കി പതുമൂന്നു മുതല്‍ക്കു ബ്രഹ്മാവ്‌, വിഷ്ണു, ശിവന്‍, സൂര്യന്‍ എന്നിങ്ങനെ അധിപന്മാരെ കണക്കാക്കണം. മറ്റൊരു പക്ഷത്തില്‍ ഗ്രഹം നില്‍ക്കുന്ന രാശി മുതല്‍ക്കുതന്നെ വീണ്ടും നാല് രാശിവരെ കണക്കാക്കണമെന്നും പറയുന്നുണ്ട്.

ഉദാഹരണം :-

   4-15-23 വ്യാഴസ്ഫുടം എന്ന് വിചാരിക്കുക, വ്യാഴസ്ഫുടത്തില്‍ 15 തിയ്യതിയും 23 കലയുമുള്ളതുകൊണ്ട് അതില്‍ നിന്ന് ഒന്നേമുക്കാലരയ്ക്കാല്‍ 8 തവണപോകും. അതിനാല്‍ വ്യാഴം 8 ഉം കഴിഞ്ഞ് ഒന്‍പതാമത്തെ ഷോഡശാംശകത്തില്‍ നില്‍ക്കുന്നു. ചിങ്ങം ഓജാരാശിയായതുകൊണ്ട്‌ അതിന്റെ ഒന്‍പതാമത്തെ രാശിയായ മേടത്തിലാണ് വ്യാഴത്തിന്റെ ഷോഡശാംശകം വരിക.

   ഗ്രഹം നില്‍ക്കുന്നത് യുഗ്മരാശിയാണെങ്കില്‍ ഷോഡശാംശകം കണക്കാക്കേണ്ടത് വ്യുത്ക്രമമായി സൂര്യന്‍, ശിവന്‍, വിഷ്ണു, ബ്രഹ്മാവ്‌ എന്നും; പിന്നെ നില്‍ക്കുന്ന രാശിയുടെ പന്ത്രണ്ടാമത്തെ രാശി തുടങ്ങി 12-11-10-9 എന്നീ ക്രമത്തില്‍ ഗ്രഹം നില്‍ക്കുന്ന രാശിവരെയും കണക്കാക്കണം. രണ്ടാമത്തെ പക്ഷത്തില്‍ പന്ത്രണ്ടാമത്തെ രാശിമുതല്‍ ഗ്രഹം നില്‍ക്കുന്ന രാശിവരെയും, വീണ്ടും പന്ത്രണ്ടാമത്തെ രാശിമുതല്‍ 12-11-10-9 എന്നീ രാശികളെയും കണക്കാക്കണം.

ഉദാഹരണം :-

  11-29-30 കുജസ്ഫുടം എന്ന് വിചാരിക്കുക. കുജസ്ഫുടം യുഗ്മരാശിയായ മീനത്തില്‍ 29 തിയ്യതിക്കും 30 കലയിലും നില്‍ക്കുന്നു. ഒന്നേമുക്കാലരയ്ക്കാല്‍ വീതം 15 തവണ പോകുന്നതുകൊണ്ട്‌ 15 ഉം കഴിഞ്ഞ് പതിനാറാമത്തെ ഷോഡശാംശകത്തിലാണ് കുജന്‍ നില്‍ക്കുന്നത്. സൂര്യന്‍, ശിവന്‍, വിഷ്ണു, ബ്രാഹമാവ്‌ എന്നും 4 ഉം കഴിഞ്ഞ് അഞ്ചാമത്തെ അംശകം മീനത്തിന്റെ പന്ത്രണ്ടാമത്തെ രാശിയായ കുംഭത്തില്‍ നിന്ന് തുടങ്ങിയാല്‍ പതിനാറാമത്തെ അംശകം മീനത്തില്‍ അവസാനിക്കും. രണ്ടാമത്തെ പക്ഷത്തിലാണെങ്കില്‍ ഒന്നാമത്തെ അംശകം കുംഭത്തില്‍ നിന്ന് തുടങ്ങി 12 അംശകം മീനത്തിലവസാനിച്ച് വീണ്ടും പതിമൂന്നാമത്തെ അംശകം കുംഭത്തില്‍നിന്നു പിന്നോക്കം എണ്ണിയാല്‍ പതിനാറാമത്തെ അംശകം വൃശ്ചികത്തിലവസാനിക്കുന്നു.

   ഓജരാശിയില്‍ നില്‍ക്കുന്ന ഗ്രഹത്തിന് നില്‍ക്കുന്ന രാശിമുതല്‍ ക്രമമായും; യുഗ്മരാശിയില്‍ നില്‍ക്കുന്ന ഗ്രഹത്തിന് പന്ത്രണ്ടാമത്തെ രാശിമുതല്‍ വ്യുത്ക്രമമായും കണക്കാക്കേണ്ടവിധം ഉദാഹരണസഹിത പറഞ്ഞുകഴിഞ്ഞു. 

ഇനി മറ്റൊരു വിധം പറയുന്നു.

    മേടം, കര്‍ക്കിടകം, തുലാം, മകരം എന്നീ ചരരാശികളില്‍ നില്‍ക്കുന്ന ഗ്രഹങ്ങള്‍ക്ക്‌ മേടം മുതല്‍ മീനം വരെ 12 രാശികളിലും, വീണ്ടും മേടം മുതല്‍ കര്‍ക്കിടകം വരെ 4 രാശികളിലുമായി 16 അംശകം കണക്കാക്കണം. ഇടവം, ചിങ്ങം, വൃശ്ചികം, കുംഭം ഈ സ്ഥിര രാശികളില്‍ നില്‍ക്കുന്ന ഗ്രഹങ്ങള്‍ക്ക്‌ ചിങ്ങം മുതല്‍ കര്‍ക്കിടകം വരെ പന്ത്രണ്ടംശകങ്ങളും വീണ്ടും ചിങ്ങം മുതല്‍ വൃശ്ചികം വരെ നാലംശകങ്ങളും കണക്കാക്കണം. മിഥുനം, കന്നി, ധനു, മീനം ഈ ഉഭയരാശികളില്‍ നില്‍ക്കുന്ന ഗ്രഹങ്ങള്‍ക്ക്‌ ധനു മുതല്‍ വൃശ്ചികം വരെ നാല് രാശികളിലും കണക്കാക്കണം. ഇവിടെ ബ്രഹ്മ വിഷ്ണു മഹേശ്വരന്മാര്‍ക്ക് രാശ്യാധിപത്യമില്ലത്തതുകൊണ്ട് ഫലസിദ്ധി സംഭവിക്കുന്നതല്ലായ്കയാല്‍ അവസാനം പറഞ്ഞ പക്ഷമാണ് യുക്തതരമായി തോന്നുന്നത്.

 നക്ഷത്രദശാക്രമം എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.