അതിഥിപൂജ

      "അതിഥി ദേവോ ഭവ" എന്നതാണ് ഭാരതീയ വീക്ഷണം. മുന്നറിയിപ്പില്ലാതെ ഭാവനത്തിലെത്തുന്ന അതിഥി ഈശ്വരനെപ്പോലെ പൂജനീയനാണ് എന്ന് പുരാണങ്ങള്‍ സൂചിപ്പിക്കുന്നു. ഒരു തിഥിയില്‍ അധികം ആതിതെയഗൃഹത്തില്‍ പാര്‍ക്കാത്തവന്‍ എന്നും പതിഞ്ചുദിവസത്തിനുള്ളില്‍ വീണ്ടും വരാത്തവന്‍ എന്നും തിഥി നോക്കാതെ ഗൃഹത്തില്‍ ആഗതനായവന്‍ എന്നും  "അതിഥി" എന്ന ശബ്ദത്തിന് അര്‍ത്ഥം കല്‍പ്പിക്കപ്പെടുന്നു. ഗൃഹസ്ഥന്റെ അതേ ഗ്രാമത്തില്‍ത്തന്നെ സ്ഥിരതാമസമുള്ളവനെ അതിഥിയായി പരിഗണിക്കാറില്ല. ഒരു രാത്രിയില്‍ കൂടുതല്‍ അതിതേയ ഗൃഹത്തില്‍ പാര്‍ക്കുന്നവനും അതിഥിയല്ല. "അതിഥിയും മീനും രണ്ട് ദിവസം കഴിഞ്ഞാല്‍ ചീഞ്ഞു തുടങ്ങും" എന്നൊരു പഴഞ്ചൊല്ലുതന്നെ ചിലയിടങ്ങളില്‍ ഉണ്ട്.

           അതിഥി ആരായാലും അദ്ദേഹത്തെ യഥാവിധി ആദരിച്ച് സല്‍ക്കരിക്കണമെന്നും ഗൃഹത്തില്‍ നിന്നും നിരാശനായി മടക്കി അയക്കരുതെന്നും പുരാണങ്ങള്‍ അടിവരയിട്ടു സൂചിപ്പിച്ചിട്ടുണ്ട്. ഒരു അതിഥി ആരുടെ ഗൃഹത്തില്‍നിന്ന് നിരാശനായി മടങ്ങുന്നുവോ ആ ഗൃഹസ്ഥനു അതിഥിയുടെ പാപങ്ങള്‍ ലഭിക്കുന്നു. ഗൃഹസ്ഥന്റെ പുണ്യങ്ങള്‍ അതിഥി കൊണ്ടുപോവുകയും ചെയ്യുന്നു. അതിഥിയെ യഥാവിധി സല്‍ക്കരിക്കാതെ മടക്കി അയച്ചാല്‍ അത് ഗൃഹസ്ഥനു ദോഷമാണെന്ന് ഇതില്‍നിന്ന് വ്യക്തമാകുന്നു. ഭാരതീയ സംസ്കാരത്തിന്റെ ദീപ്തമായ മറ്റൊരു മുഖമാണ് ഇവിടെയും വെളിപ്പെടുന്നത്.

കണി കാണുന്നതിന്റെ പ്രാധാന്യം

      രാവിലെ ഉറക്കമുണരുമ്പോള്‍ ആദ്യം കാണുന്ന കാഴ്ചയ്ക്കാണ് കണി എന്നുപറയുന്നത്. ആ കാഴ്ച ശുഭമായിരുന്നാല്‍ ആ ദിവസം ശുഭമായി. സാധാരണ ദിനങ്ങളില്‍ കണികണ്ടാല്‍ ആ ദിവസവും, മാസാരംഭത്തില്‍ അതായത്, സൂര്യസംക്രമദിനത്തില്‍ കണികണ്ടാല്‍ ആ മാസവും, വിഷുവിന് കണികണ്ടാല്‍ ആവര്‍ഷവും കണിയുടെ ഫലങ്ങള്‍ അനുഭവവേദ്യമാകുന്നു.

     രാവിലെ ഉണര്‍ന്ന് കിടക്കയില്‍ ഇരുന്ന് തന്റെ കൈപ്പടങ്ങളില്‍ ദേവദര്‍ശനം നടത്തേണ്ടവിധവും, മന്ത്രവും ഈ വെബ് സൈറ്റില്‍ മുന്‍പ് പറഞ്ഞത്  നോക്കുക. പവിത്രമായ ദേവതാ സാന്നിദ്ധ്യം കരങ്ങളിലുണ്ട് എന്ന് നാം സങ്കല്‍പ്പിക്കുമ്പോള്‍ അപവിത്രമായ ഒന്നും ആ കരങ്ങള്‍കൊണ്ട് ചെയ്യരുത് എന്ന തിരിച്ചറിവും നമുക്കുണ്ടാവേണ്ടതാണ്.

           ഒന്നാം തിയ്യതി കയറുക എന്നോരാചാരം നമ്മുടെ ഇടയില്‍ പ്രചാരത്തിലുണ്ട്. ഒരു ഭവനത്തില്‍ ചില വ്യക്തികള്‍ ഒന്നാം തിയ്യതി കയറിയാല്‍ ശുഭവും ചിലര്‍ കയറിയാല്‍ അശുഭവും സംഭവിക്കും എന്നാണ് വിശ്വാസം. ആ വ്യക്തിയുടെ സ്വഭാവഗുണമോ ഐശ്വര്യമോ മൂലമല്ല കയറുന്ന വീട്ടില്‍ ശുഭാശുത്വങ്ങളുണ്ടാവുക.  വേശ്യാസ്ത്രീയെ ശകുനം കാണുന്നത് ശുഭം എന്നാണ് ശകുനശാസ്ത്രം.  ആ ശുഭത്വം വേശ്യാസ്ത്രീയുടെ സ്വഭാവഗുണം കൊണ്ടാണ് എന്ന് പറയുവാനൊക്കുമോ?. ഗൃഹനാനുമായി ശുഭനക്ഷത്രബന്ധമുള്ള വ്യക്തി ഒന്നാം തിയ്യതി ആദ്യമായി ഭവനത്തില്‍ എത്തുന്നത് ശുഭകരമായിരിക്കും. ഗൃഹനാഥന്റെ നക്ഷത്രത്തിന്റെ 2,4,6,8,9 നക്ഷത്രങ്ങളില്‍ ജനിച്ച വ്യക്തി ആ ഭവനത്തില്‍ ഒന്നാം തിയ്യതി കയറുന്നത് ശുഭം. 3,5,7 നാളുകള്‍, അഷ്ടമരാശിയില്‍പ്പെട്ട നക്ഷത്രങ്ങള്‍ എന്നിവയില്‍ ജനിച്ചവര്‍ ആ ഭവനത്തില്‍ കയറുകയോ അവരെ കണികാണുന്നത് അശുഭം. ഇത്തരത്തില്‍ പ്രതികൂല നക്ഷത്രത്തില്‍പ്പെട്ടവരെ കണികാണുകയോ അവര്‍ ഒന്നാം തിയ്യതി ഭവനത്തില്‍ കയറുകയോ ചെയ്യുന്ന സാഹചര്യം ഒഴിവാക്കുന്നത് നന്നായിരിക്കും. അതോടൊപ്പം നാം ഓര്‍മ്മിക്കേണ്ട മറ്റൊരു വസ്തുത ശുഭനക്ഷത്രമുള്ള ഒരാളിനെ കണികാണുന്നത് കൊണ്ടുമാത്രം ഒരു വ്യക്തിയുടെ ദോഷങ്ങള്‍ പരിഹരിക്കപ്പെട്ട് അയാള്‍ക്ക്‌ ശുഭാനുഭവങ്ങള്‍ സിദ്ധിക്കുന്നില്ല. അത് അനവധി ഘടകങ്ങളില്‍ ഒന്നുമാത്രമാണ്. അതുകൊണ്ടുതന്നെ പ്രതികൂല നക്ഷത്രത്തില്‍പ്പെട്ട ഒരു സുഹൃത്തോ, ബന്ധുവോ, അയല്‍വാസിയോ ഒന്നാം തിയ്യതി ഭവനത്തില്‍ വന്നുപോയാല്‍ അതില്‍ അത്രയധികം ഗൌരവം കാണേണ്ടതില്ല. കണികാണല്‍  സാമാന്യമായ ഒരു അനുഷ്ഠാനം മാത്രമായി കണ്ടാല്‍ മതിയാകും. പ്രായോഗിക ബുദ്ധിമുട്ടുകളില്ലെങ്കില്‍ ഒരു ശുഭ നക്ഷത്രജാതനെ ഒന്നാം തിയ്യതി കയറാനായി ക്ഷണിക്കുക. അയാള്‍ക്ക്‌ കൈനീട്ടം നല്‍കി യഥാവിധി സല്‍ക്കരിച്ച് അയയ്ക്കുക. സംതൃപ്തിയോടെ അയാള്‍ മടങ്ങുമ്പോള്‍ ആ സംതൃപ്തി കുടുംബത്തിന് ഒരു അനുഗ്രഹമായി പരിണമിക്കുന്നു. ഗൃഹനാഥന്റെ ജാതകവശാല്‍ ചന്ദ്രാഷ്ടവര്‍ഗ്ഗമിട്ടുകഴിഞ്ഞാല്‍ നാലില്‍ അധികം സംഖ്യ വരുന്ന രാശികളില്‍ (കൂറുകളില്‍) പ്പെട്ട നക്ഷത്രത്തില്‍ ജനിച്ചവരെ കണികാണുന്നത് ഉത്തമമാണ്.


      പ്രഭാതത്തില്‍ പശുവിനെ കണി കാണുന്നത് ഐശ്വര്യപ്രദമാണ്. ദീപത്തോട് കൂടിയ നിലവിളക്ക്, സ്വര്‍ണ്ണം, കൊന്നപ്പൂക്കള്‍, വലംപിരിശംഖ്, ഗ്രന്ഥം തുടങ്ങിയവയും മംഗളപ്രദങ്ങളായ കണികളായി   കരുതി വരുന്നു. പൂര്‍ണ്ണ കുംഭം, വാല്‍ക്കണ്ണാടി തുടങ്ങിയവയും നല്ല കണികാഴ്ചകളാണ്. സംക്രമം തുടങ്ങിയ പുണ്യദിവസങ്ങളില്‍ മനസ്സില്‍ നന്മയും ഈശ്വരഭാവവും വളര്‍ത്തുക എന്നതാണ് കണികാണല്‍ തുടങ്ങിയ ചടങ്ങുകളുടെ ലക്‌ഷ്യം. അന്ന് മനസ്സില്‍ നിറയുന്ന നന്മയും വിശുദ്ധിയും ഈശ്വരഭാവവും എന്നും നിലനിര്‍ത്തുക എന്നത് നമ്മുടെ കടമ ആയിരിക്കണം.

പറമ്പുകളുടെ ആകൃതിയും അവയുടെ ഫലങ്ങളും / കുറ്റിയടിക്കല്‍

  വൃത്താകാരത്തിലുള്ള പറമ്പില്‍ വീട് പണിതു പാര്‍ത്താല്‍ കടുത്ത ദാരിദ്ര്യമായിരിക്കും ഫലം.

    അര്‍ദ്ധചന്ദ്രാകാരത്തിലുള്ള പറമ്പില്‍ ഗൃഹം പണിത് പാര്‍ത്താല്‍ ദുഖമായിരിക്കും ഫലം.

      മൂന്നു, അഞ്ച്, ആറ് കോണുകളോടുകൂടിയ പറമ്പില്‍ പുരപണിത് താമസിച്ചാല്‍ രാജഭീതിയും ധനക്ഷയവുമായിരിക്കും ഫലം.

               മത്സ്യത്തിന്റെയോ ആമയുടെയോ പുറം പോലെ ഉയര്‍ന്നിരിക്കുന്ന പറമ്പില്‍ വീട് പണിതു താമസിച്ചാല്‍ നാല്‍ക്കാലിനാശമായിരിക്കും  ഫലം.

       മുറത്തിന്റെ ആകൃതിയിലുള്ള പറമ്പില്‍ ഗൃഹം ചമച്ചു പാര്‍ത്താല്‍ ഗൃഹവാസികള്‍ക്ക് വാതരോഗം ഉണ്ടാകുമത്രെ.

  കുടത്തിന്റെ ആകൃതിയില്‍ പറമ്പില്‍ വീട് പണിതു പാര്‍ത്താല്‍ കുഷ്ഠരോഗം പിടിപെടുന്നതാണത്രെ.

നാഗപ്രുഷ്ഠത്തില്‍ ഗൃഹനിര്‍മ്മാണം അശുഭകരം

         കിഴക്ക്പടിഞ്ഞാറ്  നീളത്തില്‍ തെക്കുവടക്ക് വീതികുറഞ്ഞ ഭൂപ്രദേശത്തെ നാഗപ്രുഷ്ടം എന്ന പേരിലറിയപ്പെടും. അതില്‍ വീട് പണിതു പാര്‍ത്താല്‍ പുത്രനാശം, ധനനാശം, ഭാര്യാഹാനി, ദുര്‍മരണം ഇവയായിരിക്കും ഫലം.

     എന്നാല്‍ തെക്കുവടക്ക് നീളത്തിലുള്ള പറമ്പില്‍ വസതി നിര്‍മ്മിച്ച്‌ പാര്‍ക്കുന്നത് സര്‍വ്വസിദ്ധിക്കും നീളത്തില്‍ മൂന്നിലൊന്ന് വീതി കുറഞ്ഞാല്‍ ധനാഗമനത്തിനും ചതുരമായ ഭൂമി ബുദ്ധിവൃദ്ധിക്കും കാരണമാകും.

കുറ്റിയടിക്കല്‍

     ഗൃഹം നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന ഭൂമി അളന്നു തിട്ടപ്പെടുത്തി ഗൃഹനാഥന്റെ ആവശ്യമനുസരിച്ച്‌ ശാസ്ത്രിയമായി പ്ലാനുകള്‍ തയ്യാറാക്കി ഗൃഹത്തിനുള്ള സ്ഥാനനിര്‍ണ്ണയം നടത്തുന്ന പ്രവൃത്തിയെയാണ് കുറ്റിയടിക്കല്‍ചടങ്ങ് എന്ന് പറയുന്നത്. 

ശകുനങ്ങള്‍

        രണ്ട് ബ്രാഹ്മണരെ ഒന്നിച്ചുകാണുക, വേശ്യാസ്ത്രീ, തേന്‍, കരിമ്പ്‌, കുതിരപൂട്ടിയതേര്, രാജാവ്, പശു, മദ്യം, പച്ചയിറച്ചി, മണ്ണ്, കത്തുന്നതീയ്, ശവം, വെളുത്തപുഷ്പം, അക്ഷതം, ചന്ദനം, നെയ്യ്, കയറിട്ടകാള, മുതലായവ കണ്ടുകൊണ്ട്‌ പുറപ്പെടുന്നത് ശുഭകരമാണ്.

     ചാരം, വിറക്, എണ്ണ, കഴുത, ചൂല്, മുറം, ദര്‍ഭ, പോത്ത്, എള്ള്, ഉപ്പ്, കയറ്, കോടാലി, അരിവാള്‍, വിവസ്ത്ര, തലമുണ്ഡനം ചെയ്തയാള്‍, അംഗഹീനന്‍, വിധവ, പാമ്പ്, ഇരുമ്പ്, പൂച്ച, ബലിപുഷ്പം, മുതലായവ കണ്ടുകൊണ്ട്‌ യാത്രപുറപ്പെടുന്നത് അശുഭകരമാണ്. കൂടാതെ പിന്നില്‍നിന്ന് വിളിക്കുന്നതും, നില്‍ക്കാന്‍ പറയുന്നതും, ഞാനും വരുന്നുണ്ട് എന്ന് പറയുന്നതും, നിലവിളി, വഴക്ക്, എവിടെപ്പോകുന്നു എന്നാ ചോദ്യവും യാത്ര തുടങ്ങുമ്പോള്‍ അനുഭവപ്പെട്ടാല്‍ എത്ര ഗൌരവമേറിയ കാര്യത്തിനായ് പുറപ്പെടുന്നതാണെങ്കില്‍കൂടിയും ആ യാത്ര മാറ്റിവയ്ക്കുന്നതായിരിക്കും നല്ലത്. അല്ലായെങ്കില്‍ അനര്‍ത്ഥമായിരിക്കും ഫലം.

യാത്ര തിരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടവ 

        സൂര്യോദയം യാത്രയ്ക്ക് ഉത്തമം. മദ്ധ്യാഹ്നത്തില്‍ നടപ്പ് ഒഴിവാക്കുക. ത്രിസന്ധ്യയ്ക്ക്‌ യാത്രയും തിരിച്ചുവരവും ഒഴിവാക്കുക. മറ്റുള്ളവര്‍ ഭക്ഷണം കഴിക്കുമ്പോള്‍ ഇറങ്ങിപ്പോകരുത്. ദൂരസ്ഥലത്തേയ്ക്കോ, പരിചയം ഇല്ലാത്തിടത്തേയ്ക്കോ ഒറ്റയ്ക്ക് യാത്രപോകരുത്. സ്ത്രീകള്‍ തനിയെ യാത്രചെയ്യാതിരിക്കുവാന്‍ ശ്രദ്ധിക്കുക.

പറമ്പുകളുടെ സ്വഭാവങ്ങളും ഫലങ്ങളും

     ഭൂനിരപ്പിന്റെ വിത്യാസങ്ങളനുസരിച്ച് പറമ്പുകളെ എട്ട് വിത്യസ്ത രീതികളിലും പേരുകളിലുമായി തരംതിരിച്ചിരിക്കുന്നു. അവയില്‍ ഗൃഹം പണിതു പാര്‍ത്താല്‍ വിവിധ ഫലങ്ങളെ ഉളവാക്കുന്നതാണ്. 

1. ഗോവീഥി :- കിഴക്ക് ദിക്ക് താഴ്ന്ന് പടിഞ്ഞാറ് ദിക്ക് ഉയര്‍ന്ന ഭൂമിയെ ഗോവീഥി എന്ന് പറയും. ഇവിടെ ഗൃഹം പണിതു പാര്‍ത്താല്‍ അഞ്ഞൂറ് വര്‍ഷക്കാലം അഭിവൃദ്ധിയുണ്ടാകുന്നതാണ്. 

2. ജലവീഥി :- കിഴക്ക്ദിക്ക് ഉയര്‍ന്ന് പടിഞ്ഞാറ് ദിക്ക് താഴ്ന്ന ഭൂമിയെ ജലവീഥി. ഇവിടെ വീട് പണിത് താമസിച്ചാല്‍ കേവലം പത്ത് വര്‍ഷക്കാലത്തെ അഭിവൃദ്ധിയേ ലഭിക്കു. ദാരിദ്ര്യം, പുത്രനാശം, വിപത്തുകള്‍ മുതലായവയായിരിക്കും പിന്നീടുള്ള ഫലങ്ങള്‍.

3. അഗ്നിവീഥി :- തെക്ക് കിഴക്ക് ദിക്കിനെ അഗ്നികോണ്‍ എന്നും വടക്ക് പടിഞ്ഞാറ് ദിക്കിനെ വായു കോണ്‍ എന്നും പറയും. അഗ്നികോണ്‍ താഴ്ന്ന് വായുകോണ്‍ ഉയര്‍ന്നഭൂമിയെ അഗ്നിവീഥി എന്ന് പറയും. ഈ സ്വഭാവത്തിലുള്ള ഭൂമിയില്‍ ഗൃഹം പണിത് പാര്‍ത്താല്‍ പന്ത്രണ്ട് വര്‍ഷക്കാലത്തേക്ക്‌ മാത്രമേ ഐശ്വര്യം ലഭിക്കുകയുള്ളൂ. ദാരിദ്രവും അഗ്നിബാധയുമായിരിക്കും മറ്റ് ഫലങ്ങള്‍.

4. കാലവീഥി :-  തെക്ക് ദിക്ക് താഴ്ന്ന് വടക്ക് ദിക്ക്  ഉയര്‍ന്ന ഭൂമിയെ അന്തകവീഥി അഥവാ കാലവീഥി എന്ന് വിളിക്കും. കേവലം മൂന്ന് വര്‍ഷത്തേക്ക് മാത്രം സമാധാനവും സുഖവും നല്‍കുന്ന ഇത്തരം ഭൂമിയില്‍ പാര്‍ത്താല്‍, ഭാവിയില്‍ അപമൃത്യു, ധനനഷ്ടം എന്നീ ദുഷ്ഫലങ്ങള്‍ അനുഭവിക്കേണ്ടിവരുന്നതാണ്.

5. ഗജവീഥി :- തെക്ക് ദിക്ക് ഉയര്‍ന്ന് വടക്ക് ദിക്ക് താഴ്ന്ന ഭൂമിയാണ്‌ ഗജവീഥി. ഗജവീഥിയില്‍ വീട് പണിതു പാര്‍ത്താല്‍ നൂറ് വര്‍ഷക്കാലത്തേയ്ക്ക് അഭിവൃദ്ധിയുണ്ടാകുന്നതാണ്.

6. ഭൂതവീഥി :- തെക്കുപടിഞ്ഞാറ് ദിക്കിനെ നിറുതികോണ്‍ എന്നും വടക്ക് കിഴക്ക് ദിക്കിനെ ഈശകോണ്‍ എന്നും പറയുന്നു. നിറുതികോണ്‍ താഴ്ന്ന് ഈശകോണ്‍ ഉയര്‍ന്ന ഭൂമിയാണ്‌ ഭൂതവീഥി. ഈ ഭൂമിയില്‍ വീട് പണിത് പാര്‍ത്താല്‍ കേവലം ആറ് വര്‍ഷക്കാലത്തേക്ക്‌ മാത്രമേ സുഖവും സമാധാനവും ലഭിക്കുകയുള്ളൂ. അനന്തരം കഷ്ടതയായിരിക്കും.

7. ധാന്യവീഥി :- നിറുതികോണ്‍ ഉയര്‍ന്ന് ഈശകോണ്‍ താഴ്ന്ന ഭൂമി ധാന്യവീഥി എന്ന് പറയുന്നു. ധാന്യവീഥിയിലെ വാസം ആയിരം വര്‍ഷക്കാലത്തേയ്ക്ക് അഭിവൃദ്ധിയും ഐശ്വര്യവും പ്രദാനം ചെയ്യുന്നു.

8. സര്‍പ്പവീഥി :- വായുകോണ്‍ താഴ്ന്ന് അഗ്നികോണ്‍ ഉയര്‍ന്ന ഭൂമിയെ സര്‍പ്പവീഥി എന്ന് വിളിക്കും. സര്‍പ്പവീഥിയില്‍ ഗൃഹം നിര്‍മ്മിച്ച്‌ പാര്‍ത്താല്‍ സന്താനനാശമായിരിക്കും ഫലം.

കുട്ടിയുടെ തൊട്ടിലുകെട്ടല്‍ / മുടിമുറിക്കല്‍ / കാത് കുത്ത് / വാതില്‍പ്പുറപ്പാട്

തൊട്ടിലുകെട്ടല്‍ :- കുട്ടിജനിച്ച് 56 ദിവസം കഴിഞ്ഞ് കുട്ടിയെ തൊട്ടില്‍ കെട്ടി അതില്‍ കിടത്തുന്ന ഒരു പതിവുണ്ട്. വീടിന്റെ തെക്ക് കിഴക്കേ മൂലയില്‍ തൊട്ടില്‍ കെട്ടാന്‍ യോഗ്യമല്ല. തെക്ക് പടിഞ്ഞാറ് ഭാഗത്ത് തൊട്ടിലുകെട്ടുന്നത് ഉത്തമമാണ്. തൊട്ടിലില്‍ കിടത്തുമ്പോള്‍ കുട്ടിയുടെ തല കിഴക്കോട്ടോ, തെക്കോട്ടോ ആവുന്നതാണ് നല്ലത്. തെക്കുനിന്നും പടിഞ്ഞാറ് നിന്നും തൊട്ടില്‍ ആട്ടരുത്. കറുത്തനിറമുള്ള വസ്ത്രങ്ങള്‍ കൊണ്ട് ഒരിക്കലും തൊട്ടില്‍ കെട്ടരുത്. തൊട്ടിലില്‍ മറ്റുതുണികള്‍ വലിച്ചുവാരി ഇടുന്നത് ശുഭമല്ല. വെളുത്ത പക്ഷത്തിലെ വ്യാഴാഴ്ച ദിവസം കുട്ടിയെ തൊട്ടിലില്‍ കിടത്തുന്നതാണ് ഉത്തമം.
വാതില്‍പ്പുറപ്പാട് :- കുട്ടി ജനിച്ച് മൂന്നാം മാസത്തില്‍ പൌര്‍ണമി പക്ഷത്തിലെ ആദ്യ ഞായറാഴ്ച കുട്ടിയെ വീടിന് പുറത്ത് കൊണ്ടുവന്ന് സൂര്യനെ കാണിക്കണം. ഈ പതിവാണ് വാതില്‍പ്പുറപ്പാട് എന്നറിയപ്പെടുന്നത്. നാലാം മാസത്തില്‍ പൌര്‍ണമി ദിവസം കുട്ടിയെ പൂര്‍ണ്ണചന്ദ്രനെ കാണിക്കുന്നതും ഉത്തമമാണ്.

മുടിമുറിക്കല്‍ :- ജനിച്ചപ്പോള്‍ തന്നെയുള്ള മുടി കുട്ടിയ്ക്ക് മൂന്ന് വയസ്സ് തികയുന്നതിന് മുന്‍പ് തന്നെ മുറിക്കണം എന്നതാണ് ആചാരം. പലരും കുട്ടിയെ ആറാം മാസത്തില്‍ തന്നെ മുടിയെടുപ്പിക്കുന്നുണ്ട്. ഇത് കുട്ടിയുടെ തലയ്ക്ക് ഹാനികരമാണ്. കുട്ടിയുടെ ജന്മമാസത്തിലോ, ജന്മനക്ഷത്രം വരുന്ന ദിവസങ്ങളിലോ മുടിമുറിക്കുന്നത് നല്ലതല്ല.

കാത് കുത്ത് :- പെണ്‍കുട്ടികള്‍ക്ക് കാത് കുത്തുന്നതിനും മുഹൂര്‍ത്തം നോക്കിക്കുന്ന പതിവുണ്ട്. സാധാരണയായി ഒറ്റവയസ്സുകളില്‍ അതായത് ഒന്ന്, മൂന്ന്, അഞ്ച് വയസ്സുകളില്‍ മാത്രമേ കാതുകുത്താറുള്ളൂ. വലതുകാതില്‍ വേണം ആദ്യം കമ്മലിടാന്‍ അതിനുശേഷം മാത്രമേ ഇടതുകാതില്‍ കമ്മല്‍ ധരിക്കാവു. 

മരണം

     നാനാജാതി മതസ്ഥരും മരണാനന്തര കര്‍മ്മങ്ങള്‍ ചെയ്യുന്നത് വ്യത്യസ്ത രീതിയിലാണെങ്കിലും അവയുടെ സാരം ആത്മാവിന് മോക്ഷം ലഭിക്കുന്നതരത്തിലാണ്. പഞ്ചഭൂതങ്ങളായ ആകാശം, വായു, അഗ്നി, ജലം, ഭൂമി എന്നിവ ചേര്‍ന്നാണ് മനുഷ്യശരീരം നിര്‍മ്മിതമായിരിക്കുന്നത്. പുനര്‍ജനി തേടിയുള്ള യാത്രയാണ് മനുഷ്യന്റെത്. നന്മതിന്മകള്‍ ചെയ്യുന്നവര്‍ക്ക് യഥാക്രമം സ്വര്‍ഗ്ഗവും നഗരവും ലഭിക്കുമെന്ന നമ്മുടെ വിശ്വാസം അതിനുത്തമ ഉദാഹരണമാണ്. ആത്മാവിന് സ്ഥായിയായ ഒരു ഭാവമുണ്ട്. അതിനാല്‍ തന്നെയാണ് അതിന് വ്യക്തത കൈവരുന്നതും. ആത്മാവിന്റെ യാത്ര പഞ്ചഭൂതങ്ങളില്‍ പുറകില്‍ നിന്ന് മുന്നോട്ടാണ്. (ഭൂമി, ജലം, അഗ്നി, വായു, ആകാശം എന്നിങ്ങനെയുള്ള ക്രമത്തിലാണ്). അതായത് മരണശേഷം ശരീരത്തെ ഭൂമിയില്‍ കിടത്തി ജലത്താല്‍ കഴുകി അഗ്നിയില്‍ ദഹിപ്പിച്ച് പുകയായി വായുവില്‍ കലര്‍ന്ന് ആകാശത്ത്‌ ലയിക്കുന്നു. ഇതിനാല്‍ ആത്മാവ് പഞ്ചഭൂതങ്ങളെ ത്യജിച്ച് പരലോകപ്രാപ്തി നേടുന്നു എന്നതാണ് വിശ്വാസം. അതിനാലാണ് ഹിന്ദുക്കള്‍ മൃതശരീരം ദഹിപ്പിക്കുന്നത്. മരണദിവസം വീട്ടില്‍ ഉള്ളവര്‍ ഒരിക്കല്‍ ആചരിക്കുന്ന പതിവ് പുണ്യദായകമാണ്. മൃതശരീരത്തില്‍ പുഷ്പങ്ങള്‍ അര്‍പ്പിക്കുന്നതും, നമസ്കരിക്കുന്നതും ആശുഭമാണ്. മൃതശരീരത്തിന്റെ നേരെ കാല്‍ക്കല്‍ നില്‍ക്കരുത്. മരണവീട് സന്ദര്‍ശിക്കുകയോ ശരീരം കാണുകയോ ചെയ്‌താല്‍ കുളിക്കാതെ ഗൃഹത്തില്‍ പ്രവേശിക്കരുത് എന്നാണ് ശാസ്ത്രം.

ഉത്തമഗൃഹനിര്‍മ്മാണത്തിന് അനുയോജ്യമായ ഭൂമിയുടെ സ്വഭാവം.

           വീട് നിര്‍മ്മിക്കാനുദ്ദേശിക്കുന്ന ഭൂമിയുടെ വടക്കുകിഴക്ക്‌ ഭാഗം സാമാന്യം താഴ്ന്നിരിക്കണം. പ്രസ്തുത സ്വഭാവത്തിലുള്ള ഭൂമിയില്‍ ഗൃഹം നിര്‍മ്മിച്ചാല്‍ ആ വീട്ടില്‍ ആയിരം വര്‍ഷക്കാലം ഐശ്വര്യത്തോടെ ജീവിക്കാവുന്നതാണ്.

          പ്രസ്തുത ഗൃഹത്തിന്റെ പരിസരത്ത് ഉത്തമവൃക്ഷങ്ങളും ജലാശയവും ഉണ്ടായിരിക്കണം. കൂടാതെ ആ പറമ്പിലേയ്ക്ക് നല്ല വഴിസൌകര്യം ഉണ്ടായിരിക്കണം.

           എല്ലാറ്റിനുംപുറമേ, കാഴ്ചയ്ക്ക് ഭംഗിയും മനസ്സിന് തൃപ്തിയും നല്‍കുന്ന ഭൂമി. അതത്രെ ഉത്തമഗൃഹം നിര്‍മ്മിക്കാന്‍ അനുയോജ്യമായത്.

വാസ്തുശാസ്ത്രവും മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള ബന്ധം

          സമാധാനത്തോടും അഭിവൃദ്ധിയോടും കൂടിയുള്ള ഒരു ജീവിതം. ഏതൊരു മനുഷ്യന്റെയും ന്യായമായ ആഗ്രഹമാണത്. ഏറെ ശ്രേയസ്ക്കരവും ഐശ്വര്യപ്രദവുമായ അത്തരമൊരു ജീവിതം ലഭ്യമാക്കുന്നതിന് വാസ്തുശാസ്ത്രവിധി പ്രകാരം നിര്‍മ്മിച്ചിട്ടുള്ള കെട്ടിടങ്ങളില്‍ പാര്‍ക്കുന്നത് ഗുണകരമായിരിക്കും.

            മനുഷ്യന് സാധാരണയായി ദോഷങ്ങള്‍ നാലുവിധത്തിലാണ് സംഭവിക്കുക. ഒന്ന് ഗൃഹദോഷം, രണ്ടു ഗൃഹത്തിന്റെ സ്ഥാനദോഷം, മൂന്ന് കര്‍മ്മദോഷം, നാല് ജാതകദോഷം. മേല്‍പ്പറഞ്ഞ ദോഷങ്ങള്‍ നാലും ഒരു പരിധിവരെ തിരുത്താനാവും. സത്പ്രവൃത്തികള്‍ മാത്രമാണ് അതിനു പരിഹാരം. മനുഷ്യരെ ആശ്രയിച്ച് ജീവിക്കുന്ന മൃഗങ്ങള്‍ക്കും മേല്‍പ്പറഞ്ഞവ ബാധകമാണ്.

വിദ്യാരംഭം

          ഹരിശ്രീ കുറിക്കുക്ക, വിദ്യാരംഭം നടത്തുക എന്നത് വളരെ പാവനമായ ഒരു സരസ്വതി പൂജയാണ്. ഇതിന് പല നിയമങ്ങളും പാലിക്കേണ്ടതായിട്ടുണ്ട്. മൂന്ന് വയസ്സില്‍ വിദ്യാരംഭം നടത്തണം. തിരുവാതിര, ഊണ്‍ നാളുകളായ അശ്വതി, രോഹിണി, മകീര്യം, പുണര്‍തം, പൂയ്യം, ഉത്രം, അത്തം, ചിത്ര, ചോതി, അനിഴം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, ഉത്രട്ടാതി, രേവതി എന്നീ നാളുകള്‍ വിദ്യാരംഭത്തിന് അനുയോജ്യമാണ്. സരസ്വതിയോഗമുള്ള സമയം വിദ്യാരംഭത്തിന് യോജ്യമാണ്. വിദ്യാരംഭം നടത്തുന്ന കുട്ടിക്ക് ഒറ്റവയസ്സ് മാത്രമേ പാടുള്ളൂ. (ഉദാഹരണം 3 വയസ്സ്, 5 വയസ്സ് ), സ്ഥിരരാശികളും മീനം രാശിയും ബുധന് മൌഡ്യം ഉള്ള കാലവും വിദ്യാരംഭത്തിന് ശുഭമല്ല. ചൊവ്വ, ശനി എന്നീ ദിവസങ്ങളിലും ജന്മനക്ഷത്രം വരുന്ന ദിനങ്ങളിലും വിദ്യാരംഭം നടത്തരുത്. സരസ്വതി പ്രീതിയുള്ള ബുധനാഴ്ച വിദ്യാരംഭത്തിന് ഏറെ ഉത്തമമാണ്. തിങ്കളാഴ്ചയും വിദ്യാരംഭത്തിന് ഉത്തമമാണ്.
      ക്ഷേത്രാങ്കണത്തില്‍ വെച്ചും മറ്റ് പാവനമായ സന്നിധികളിലും വിദ്യ നല്‍കാം. കൊല്ലൂര്‍ മുകാംബിക, തിരുവുള്ളക്കാവ്,  ചോറ്റാനിക്കര, പറവൂര്‍ മൂകാംബിക, പനച്ചിക്കാട് എന്നീ ക്ഷേത്രങ്ങളില്‍ വിദ്യാരംഭം കുറിക്കുന്ന ചടങ്ങ് ഉണ്ട്. 

      വിദ്യ നല്‍കാന്‍ ഏറ്റവും ഉത്തമന്‍ ദക്ഷിണാമൂര്‍ത്തിയാണ് എന്ന് പലര്‍ക്കും അറിയില്ല. കാരണം സതി വിയോഗത്തിനുശേഷം ധ്യാനനിരതനായി കല്‍പവൃക്ഷച്ചുവട്ടില്‍ തെക്കോട്ട്‌ തിരിഞ്ഞിരിക്കുന്ന ദക്ഷിണാമൂര്‍ത്തിക്കുമുന്നില്‍ നിന്നാണ് ദേവഗുരു ബ്രുഹസ്പതിയും, ദേവി മൂകാംബികയും വിദ്യ ഗ്രഹിച്ചത് എന്നാണ് ഐതീഹ്യം. അതിനാലാണ് ദക്ഷിണാമൂര്‍ത്തി വിദ്യാദായകന്‍ ആകുന്നത്. ശിവന്റെ സന്യാസരൂപമാണ് ദക്ഷിണാമൂര്‍ത്തി. വൈക്കം ക്ഷേത്രത്തില്‍ രാവിലെ ശിവന് ദക്ഷിണാമൂര്‍ത്തി രൂപമാണ്. കണ്ടിയൂര്‍ ശിവക്ഷേത്രം, ചേന്ദമംഗലം പുതിയ തൃക്കോവില്‍ എന്നിവടങ്ങളിലും വിദ്യാരംഭം കുറിയ്ക്കാന്‍ ഉത്തമാങ്ങളാകുന്നു. 
     ആചാര്യന്‍, പിതാവ്, അമ്മാവന്‍ തുടങ്ങി സരസ്വതി പ്രീതിയുള്ള ആര്‍ക്കുവേണമെങ്കിലും വിദ്യാരംഭം നല്‍കാനാവും. വിദ്യനല്‍കുന്ന വ്യക്തിയും കുട്ടിയും തമ്മില്‍ അഷ്ടമരാശികൂറു (ജനിച്ച നക്ഷത്രം അടങ്ങിയ നക്ഷത്രകൂറിന്റെ  എട്ടാമത്തെ നക്ഷത്രകൂറില്‍ ഉള്ള നക്ഷത്രത്തില്‍ ജനിച്ചവര്‍ പരസ്പരം) വരാതിരിക്കുന്നത് ഉത്തമം . വിദ്യനല്‍കുന്നയാള്‍ കുട്ടിയെ മടിയിലിരുത്തി ദേവതയ്ക്ക് അഭിമുഖമായി ഇരുന്ന് കുഞ്ഞിന്റെ നാക്കില്‍ സ്വര്‍ണ്ണം കൊണ്ട് ഹരിശ്രീ ഗണപതയെ നമഃ എന്നെഴുതണം. ശേഷം ഉരുളിയില്‍ നിരത്തിയിട്ടിരിക്കുന്ന ഉണക്കലരിയില്‍ ഹരിശ്രീ തുടങ്ങിയ അക്ഷരങ്ങള്‍ കുട്ടിയുടെ മോതിരവിരല്‍ കൊണ്ട് എഴുതിപ്പിക്കണം. കുട്ടിയെ എഴുതിക്കാന്‍ ഉപയോഗിച്ച ഉണക്കലരി പൊടിച്ച് അപ്പം ഉണ്ടാക്കി പ്രസാദമാക്കി കുടുംബത്തിലുള്ളവര്‍ കഴിക്കണമെന്നും ആചാരം നിലനില്‍ക്കുന്നുണ്ട്. സരസ്വതിവ്രതദിനങ്ങളായ നവരാത്രിയിലെ അവസാനദിനമായ വിജയദശമി വിദ്യാരംഭം നടത്തുന്നത് ഏറെ ഉത്തമമാണ്. വിദ്യാരംഭം നടന്നതിനു ശേഷം ദിവസവും സരസ്വതി കീര്‍ത്തനങ്ങള്‍ ആലപിക്കുന്നത് ഗുണം വര്‍ദ്ധിപ്പിക്കുന്നതാണ്. ജാതകത്തില്‍ ബുധന്റെ അഷ്ടവഗ്ഗം ഇട്ടതില്‍ കൂടുതല്‍ അഷ്ടവര്‍ഗ്ഗം ഉള്ള രാശികളില്‍ ബുധന്‍ ചാരവശാല്‍ വരുന്ന സമയം വിദ്യാരംഭത്തിന് ഉത്തമമാണ്.

മുഴക്കോല്‍

            തച്ചുശാസ്ത്രത്തിന്റെ അടിസ്ഥാനം അളവാകുന്നു. പരമാനുവില്‍ നിന്നാണ് അളവിന്റെ ഉത്ഭവം. മുഴക്കോലാണ് തച്ചുശാസ്ത്രത്തിന്റെ അളവിന്റെ മാനദണ്ഡം.

          വാസ്തുശാസ്ത്രത്തില്‍ മാനനിര്‍ണ്ണയത്തിന് അളവുകോലാണ് മുഴക്കോല്‍. പരമാണുവില്‍ നിന്നാണ് മുഴക്കോലിന്റെ ഉല്‍പ്പത്തി.

             സൂര്യപ്രകാശത്തിന്റെ പാതയില്‍ കാണുന്ന പൊടിപടലങ്ങളില്‍ ഒരെണ്ണത്തിനെ മുപ്പത് ആയി ഭാഗിച്ചാല്‍ കിട്ടുന്ന ഒരു ഭാഗമാണ് ഒരു പരമാണു. യോഗികള്‍ക്ക് മാത്രമേ പരമാണുവിനെ നഗ്നനേത്രങ്ങള്‍കൊണ്ട് കാണാനാവു.

            ആ പരമാണു ക്രമേണ വര്‍ധിച്ച് യവമായും പിന്നെ അംഗുലമായും വിതസ്തിയായും പിന്നെ കോല്‍ ആയും ഒടുവില്‍ ദണ്ഡു ആയും പരിണമിക്കുന്നു.

         പരമാണുവില്‍ നിന്ന് മുഴക്കോലിലെത്താനുള്ള കണക്ക് താഴെ പറയുന്നു.

8 പരമാണു                        = 1  ത്രസരേണു

64 പരമാണു                      = 1 രോമാഗ്രം 

512 പരമാണു                    = 1 ലീക്ഷ 

4096 പരമാണു                  = 1 യൂകം 

32,768 പരമാണു               = 1 യവം 

           അങ്ങിനെ എട്ട് യവം കൂടിയാല്‍, അതായത് 2,62,144 പരമാണു കൂടിയാല്‍ ഒരു അംഗുലമായി. അത്തരം 12 അംഗുലം ചേര്‍ന്നാല്‍ ഒരു വിതസ്തിയായി. രണ്ടു വിതസ്തി = ഒരു കോല്‍.

       അതായത് 62,91,456 പരമാണു ചേര്‍ന്നാല്‍ ഒരു കോല്‍ ആയി. ഈ കോല്‍ ആണ് ഗൃഹനിര്‍മ്മാണത്തിനായി ഉപയോഗിക്കുന്ന മാനദണ്ഡം.

ദക്ഷിണ

                  ഹിന്ദുമതാചാരത്തിന്റെ പൂര്‍ത്തീകരണത്തില്‍ ദക്ഷിണ എന്നാ വാക്കിന് മതിയായ സ്ഥാനമുണ്ട്. ഏത് കര്‍മ്മത്തിന്റെയും അവസാനം ആചാര്യന് ദക്ഷിണ നല്‍കണം എന്നതാണ് വിധി. യജ്ഞപുരുഷനായ വിഷ്ണുവിന്റെ പത്നിയായ ദക്ഷിണാദേവിയെ സങ്കല്‍പ്പിച്ചാണ് നാം ദക്ഷിണ നല്‍കിവരുന്നത്. ദക്ഷിണ നല്‍കാത്ത ഒരു പൂജയും കര്‍മ്മവും ഫലപ്രാപ്തി കൈവരില്ല. ദക്ഷിണ നല്‍കാനായി എടുക്കുന്ന വെറ്റില ത്രിമൂര്‍ത്തി സ്വരൂപത്തെയും പാക്കും പണവും അതിലെ ലക്ഷ്മി സ്വരൂപത്തെയും കാണിക്കുന്നു. വെറ്റിലയുടെ തുമ്പ് അര് കൊടുക്കുന്നുവോ ആ വ്യക്തിക്ക് നേരെപിടിച്ചാണ് ദക്ഷിണ നല്‍കേണ്ടത്. ഇത്  പൂജകനില്‍ നിന്നുള്ള പുണ്യം നമ്മളിലെയ്ക്ക് വരുവാന്‍ ഇടയാകുന്നു. ദേവപൂജയ്ക്ക് ശേഷം ദക്ഷിണ നല്‍കുമ്പോള്‍ വെറ്റിലതുമ്പ് ദക്ഷിണ കൊടുക്കുന്ന ആളിന് നേരെ വരണം. ദക്ഷിണ സ്വീകരിക്കാന്‍ ദേവനും, ദൈവീക കാര്യങ്ങള്‍ ചെയ്യുന്ന വ്യക്തിക്കും മാത്രമേ അവകാശമുള്ളൂ. യഥാശക്തി ദക്ഷിണ നല്‍കുക. ദക്ഷിണ ഒരിക്കലും ചോദിച്ചു വാങ്ങുവാന്‍ പാടില്ല. ദക്ഷിണ കിട്ടിയതിനു ശേഷം അത് എത്രയുണ്ട് എന്ന് എണ്ണി നോക്കുവാന്‍ പോലും പാടില്ല.

തച്ചുശാസ്ത്രവും ജ്യോതിഷവും

             തച്ചുശാസ്ത്രത്തില്‍ ജ്യോതിഷത്തിന് ഏറെ സ്വാധീനമുണ്ട്. സ്ഥാനം (രാശി), നേരം (മുഹൂര്‍ത്തം) ഈ രണ്ട് ഘടകങ്ങളാണ് പ്രധാനമായും തച്ചുശാസ്ത്രത്തില്‍ ജ്യോതിശാസ്ത്രത്തിന്റെ സ്വാധീനത്തെ പ്രകടമാക്കുന്നത്. മനുഷ്യരാശിയുടെ ജീവിതസുഖത്തിന് ഉതകത്തക്കതരത്തിലുള്ള വസതികളെ നിര്‍മ്മിക്കുന്നതിലേക്ക് ജ്യോതിഷവും വാസ്തുശാസ്ത്രവും മൈത്രി എന്ന നിലയില്‍ തോളോടു തോളുരുമ്മി നിലകൊള്ളുന്നു എന്നതാണ് വസ്തുത. ജ്യോതിശാസ്ത്രത്തില്‍ നിന്ന് ശില്പി ശാസ്ത്രോപയുക്തമായ പല ഭാഗങ്ങളെയും തെരഞ്ഞെടുത്ത് കോര്‍ത്തിണക്കേണ്ടതുണ്ട്. ചുരുക്കിപറഞ്ഞാല്‍, തച്ചുശാസ്ത്രവും ജ്യോതിശാസ്ത്രവും ; രണ്ടും രണ്ടായി കാണണ്ട. ഒന്നുതന്നെയാണ്.

തച്ചുശാസ്ത്രപ്രകാരം 'വാസ്തു' എന്നതാണ് ഭൂമിയുടെ പേര്.

കിണര്‍ കുഴിക്കുന്നതിനുള്ള മുഹൂര്‍ത്തം

           കിണറു കുഴിക്കുവാനുള്ള മുഹൂര്‍ത്തം ഗൃഹാരംഭമുഹൂര്‍ത്തം തന്നെയാണ്. ഗൃഹാരംഭത്തിന്നു പറഞ്ഞ നിഷിദ്ധങ്ങളായ ചരരാശികളും കാര്‍ത്തിക  നക്ഷത്രത്തില്‍ ആദിത്യന്‍ നില്‍ക്കുന്ന കാലവും മിഥുനം, കന്നി, ധനു, മീനം, കര്‍ക്കിടകം മാസങ്ങളും ശുഭമാണ്‌. ഇതുകൊണ്ട് സൌരമാസങ്ങള്‍ കിണറുകുഴിക്കാന്‍ സാമാന്യേനശുഭമെന്നുവരുന്നു. ഗൃഹാരംഭത്തിന്നു വിധിച്ച 18 നാളുകളില്‍ - ചോതി, വിശാഖം, മൂലം അശ്വതി നാളുകള്‍ ഒഴിവാക്കി ശിഷ്ടം വരുന്ന 13 നാളുകളും പൂരാടവും കിണറുകുഴിക്കാന്‍ ശുഭങ്ങളാണ്. ധനു രാശി സമയം സ്വീകാര്യമല്ല. ശുക്രദൃഷ്ടി - മുഹൂര്‍ത്ത ലഗ്നത്തിന്റെ ഏഴില്‍ ശുക്രന്‍ നില്‍ക്കുന്നത് ശുഭമാണ്‌. മുഹൂര്‍ത്തലഗ്നം തുലാം, വൃശ്ചികം, ഇടവം, കുംഭം, മകരം, മീനം, കര്‍ക്കിടകം എന്നീ ജലരാശികളിലൊന്നായി വരുന്നത് ഉത്തമം. ഈ മുഹൂര്‍ത്തലഗ്നത്തിന്നു വേലിയേറ്റം ഉണ്ടായിരിക്കണം. നിത്യ ദോഷങ്ങളും ഷള്‍ദോഷങ്ങളും കര്‍ത്തൃദോഷങ്ങളും ജന്മാഷ്ടമിരാശിയും അവിടെ നില്‍ക്കുന്ന ചന്ദ്രനും മൂന്ന്, അഞ്ച്, ഏഴ് നക്ഷത്രങ്ങളും ജന്മനക്ഷത്രങ്ങളും വര്‍ജിക്കണം.

      മരം മുറിക്കല്‍ :- ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, ഭരണി, തിരുവോണം, ചതയം എന്നിവ ഒഴികെ മറ്റുനക്ഷത്ര ദിവസം ഗൃഹ നിര്‍മ്മാണത്തിന്നു മരം മുറിക്കാന്‍ ഉത്തമം. ഗുളിക വിഷ്ടിഗണ്ഡാന്തങ്ങള്‍ വര്‍ജിക്കണം.

ഊണ്‍ നാളുകള്‍ / കുട്ടികള്‍ക്ക് ചോറൂണിനു പറ്റിയ നക്ഷത്രങ്ങള്‍ (മുഹൂര്‍ത്തം)

      അശ്വതി, രോഹിണി, മകീര്യം, പുണര്‍തം, പൂയ്യം, ഉത്രം, അത്തം, ചിത്ര, ചോതി, അനിഴം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, ഉത്രട്ടാതി, രേവതി ഇവ 16 ഉം ചോറൂണിന്നുത്തമം.(ഊണ്‍ നാളുകള്‍)
      തൃക്കേട്ട, തിരുവാതിര, ഭരണി, കാര്‍ത്തിക, ആയില്യം, മകം, പൂരം, പുരോരുട്ടാതി, വിശാഖം, മൂലം ഏവ 11 ഉം ചോറൂണിന്നു അശുഭം. തിങ്കള്‍, ബുധന്‍, വ്യാഴം, വെള്ളി എന്നീ ദിവസങ്ങള്‍ ശുഭവും, ചൊവ്വ, ശനി, ഞായര്‍ എന്നീ ദിവസങ്ങള്‍ മധ്യമവുമാണ്.

      മേടം, വൃശ്ചികം, മീനം ഒഴികെ ശേഷം 9 രാശികളിലൊന്നിന്റെ ലഗ്നസമയം വരണം. ആ ലഗ്നത്തില്‍ ചന്ദ്രനും, നാലില്‍ വ്യാഴവും, ഒമ്പതില്‍ ബുധച്ചന്ദ്രന്മാരും അഷ്ടമത്തില്‍ ചൊവ്വയും പത്തില്‍ എല്ലാഗ്രഹങ്ങളും വര്‍ജിക്കണം.(ആദിത്യനെ മുഹൂര്‍ത്തലഗ്നത്തില്‍ വര്‍ജിക്കണമെന്നൊരഭിപ്രായമുണ്ട്). രാത്രിയില്‍ ആദ്യകാലം രണ്ടു നാഴിക വര്‍ജിക്കണം. മുഹൂര്‍ത്ത സമയത്ത് വരുന്ന ലഗ്നരാശിയുടെ വിഷമ ദ്രേക്കാണവും വൃശ്ചികം രാശിക്ക് അന്ത്യദ്രേക്കാണം,  ഇടവും, മിഥുനം, തുലാം, കുംഭം, മീനം രാശികള്‍ക്ക് മധ്യദ്രേക്കാണം, മേടം, കര്‍ക്കിടകം, ചിങ്ങം, കന്നി, ധനു, മകരം രാശികള്‍ക്ക് ആദിദ്രേക്കാണം വിഷമദ്രേക്കാണങ്ങളാണ്. ശരാശരി ഒരു നാഴിക 40 വിനനാഴിക ഒരു ദ്രേക്കാണ സമയമായി കണക്കാക്കണം. 

       ജന്മനക്ഷത്രം വര്‍ജിക്കണം. പൌര്‍ണമി വര്‍ജിക്കുന്നത് ഉത്തമം തന്നെ. 6 ഉം 8 ഉം മാസങ്ങളില്‍ ചോറൂണ് നടത്താന്‍ കഴിയാതെ വന്നാല്‍ ആണ്ടുപിറന്നാളില്‍ ചോറ് കൊടുപ്പാന്‍ ശുഭം.

ഗൃഹാരംഭം / ഗൃഹപ്രവേശ മുഹൂര്‍ത്തം

                        ആദിത്യന്‍ മകരം തുടങ്ങിയും കര്‍ക്കിടകം തുടങ്ങിയും ചരരാശികളില്‍ നില്‍ക്കുന്ന സമയം കിഴക്ക് മുതലായ ദിക്കുകളില്‍ ഗൃഹാരംഭത്തിനു ശുഭം. അങ്ങനെ വരുമ്പോള്‍ മകരം, കുംഭം, കര്‍ക്കിടകം, ചിങ്ങം ഈ മാസങ്ങളില്‍ കിഴക്കേതും പടിഞ്ഞാറും ദിക്കുകളില്‍ ആരംഭിക്കാം. മേടം, ഇടവം, തുലാം, വൃശ്ചികം ഈ മാസങ്ങളില്‍ വടക്കേതും തെക്കേതും ആരംഭിക്കാം. ഇതില്‍ കര്‍ക്കിടകമാസം വര്‍ജിക്കുന്നത് ഉത്തമം.

        മകം, മൂലം ചോറുണിന്നുവിധിച്ച പതിനാറു നക്ഷത്രങ്ങളും ഗൃഹാരംഭത്തിനു ശുഭമാണ്‌. മേടം, കര്‍ക്കിടകം, തുലാം, മകരം രാശികളൊഴികെ മറ്റു എട്ടുരാശികളും ഗൃഹാരംഭമുഹൂര്‍ത്തത്തിന് ശുഭമാണ്‌. ഇതില്‍ സ്ഥിര രാശികളും മൂര്‍ദ്ധോദയവും ഒത്തുവന്നാല്‍ അത്യുത്തമമാണ്.

         ആദിത്യന്‍ കാര്‍ത്തിക നക്ഷത്രത്തിലും ഉഭയരാശികളിലും കര്‍ക്കിടക്കത്തിലും നില്‍ക്കുന്നകാലം ഗൃഹാരംഭം ചെയ്യരുത്. സിംഹക്കരണവും വ്യാഘ്രക്കരണവും വര്‍ജ്യമാണ്‌. ഗൃഹാരംഭാത്തിന്നു നാലാമേടത്ത് പാപന്മാര്‍ നില്‍ക്കരുത്. അഷ്ടമത്തില്‍ കുജന്‍ ഒട്ടും നല്ലതല്ല. ലഗ്നത്തില്‍, ആദിത്യനെ വര്‍ജിക്കണം.

        ഞായറും ചൊവ്വയും ഗൃഹാരംഭം പാടില്ല. പ്രതിഷ്ഠാമുഹൂര്‍ത്തത്തില്‍ പറഞ്ഞവിധം ഇവിടെയും വേദനക്ഷത്രം വര്‍ജിക്കണം. പൂര്‍വ്വരാത്രങ്ങള്‍രണ്ടും അപരാഹ്നവും നിന്ദ്യമാണ്. ഇപ്രകാരമുള്ള ദോഷങ്ങളും നിത്യദോഷങ്ങളും ഗൃഹനാഥന്റെ കര്‍ത്തൃദോഷവും ജന്മനക്ഷത്രം ജന്മാഷ്ടമരാശി തച്ചന്ദ്രന്‍, മൂന്ന് അഞ്ച്, ഏഴ് നക്ഷത്രങ്ങള്‍ പ്രത്യേകം വര്‍ജിക്കണം.

ഗൃഹപ്രവേശം :- 
     ഗൃഹപ്രവേശത്തിന്‌ കര്‍ക്കിടകം, കന്നി, കുംഭം രാശികളില്‍ ആദിത്യന്‍ നില്‍ക്കുന്ന സമയം ആശുഭമാണ്. അതായത് കര്‍ക്കിടകം, കന്നി, കുംഭം മാസങ്ങള്‍ ഒഴിവാക്കണം. ശിഷ്ടം ഒമ്പത് മാസങ്ങളും ഉത്തമങ്ങളാണ്. മറ്റെല്ലാനിയമങ്ങളും ഗൃഹാരംഭവിധിപോലെ തന്നെ.

വാസ്തുപുരുഷന്‍

         ത്രേതായുഗത്തില്‍ സര്‍വ്വലോകവ്യാപിയായി ഒരു പ്രത്യക്ഷപ്പെട്ട മഹാഭൂതമാണ് വാസ്തുപുരുഷന്‍. പരമശിവനും അന്ധകാരന്‍ എന്ന രാക്ഷസനുമായുണ്ടായ യുദ്ധത്തിനിടെ പരമശിവന്റെ ശരീരത്തില്‍ നിന്നും ഉതിര്‍ന്നുവീണ വിയര്‍പ്പുത്തുള്ളിയില്‍ നിന്നാണ് വാസ്തുപുരുഷന്റെ ഉത്ഭവം. മഹാപരാക്രമശാലിയായ ആ ഭൂതത്തിന്റെ അതിക്രമങ്ങളെ സഹിക്കാനാവാതെ ദേവന്മാരെല്ലാവരും ചേര്‍ന്ന് പ്രാര്‍ഥിച്ചു  ബ്രഹ്മദേവനെ പ്രത്യക്ഷപ്പെടുത്തി.

       ദേവന്മാരുടെ സങ്കടങ്ങള്‍ കേട്ട ബ്രഹ്മാവ്‌ അവരോട് പറഞ്ഞു. ആ ഭൂതവുമായി യുദ്ധം ചെയ്ത് ഒടുവില്‍ അതിനെ എടുത്ത് ഭൂമിയിലേക്ക്‌ എറിയുവാന്‍.

        ദേവന്മാരുമായുണ്ടായ യുദ്ധത്തില്‍ തോറ്റ് ഭൂമിയില്‍ പതിച്ച വാസ്തുപുരുഷന്റെ ശിരസ്സ് ഈശ (വടക്ക് കിഴക്ക്) കോണിലും കാല്‍പ്പാദങ്ങള്‍ നിറുതി (തെക്ക് പടിഞ്ഞാറ്) കോണിലും കൈകള്‍ രണ്ടും അഗ്നികോണിലും (തെക്ക് കിഴക്ക്) ലും വായു കോണി (വടക്ക് പടിഞ്ഞാറ്) ലുമായി  ഭൂമി മുഴുവനായി വ്യാപിച്ചു കിടക്കുന്ന വാസ്തുപുരുഷന്‍ പിന്നീട് ഭൂമിയിലുള്ളവരെ ശല്ല്യം ചെയ്യുവാന്‍ തുടങ്ങി. ഉടനെ ഭൂവാസികള്‍ ബ്രഹ്മാവിനെ പ്രാര്‍ഥിച്ചു. ബ്രഹ്മാവ്‌ പ്രത്യക്ഷപ്പെട്ടു. വാസ്തുപുരുഷന്റെ ശക്തിയെ ക്ഷയിപ്പിക്കാനായി അന്‍പത്തിമൂന്നുദേവന്മാരോടും ആ കൂറ്റന്‍ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലായി നിലകൊള്ളുവാനായി ബ്രഹ്മദേവന്‍ ഉപദേശിച്ചു.

         അതെതുടര്‍ന്ന് ശക്തി ക്ഷയിച്ച വാസ്തുപുരുഷന്‍ ബ്രഹ്മാവിനെ പ്രാര്‍ഥിച്ചു. മനസ്സലിഞ്ഞ ബ്രഹ്മാവ്‌ വാസ്തുപുരുഷനെ അനുഗ്രഹിച്ച് ഇപ്രകാരം അരുളിച്ചെയ്തു. "ശിലാന്യാസം (കല്ലിടീല്‍), കട്ടളവെയ്പ്പ്, ഗൃഹപ്രവേശം ഈ മൂന്ന് അവസരങ്ങളിലും മനുഷ്യര്‍ നിന്നെ പൂജിക്കുന്നതാണ്. ഇതിനെ വാസ്തുപൂജ എന്ന് വിളിക്കുന്നു. വാസ്തുപൂജ ചെയ്യാതെ ഗൃഹനിര്‍മ്മാണം നടത്തിയാല്‍ ആ ഗൃഹത്തില്‍ പലവിധ അനര്‍ങ്ങളും സംഭവിക്കുന്നതാണ്". ബ്രഹ്മദേവന്റെ ആശീര്‍വാദത്തില്‍ സംതൃപ്തനായ വാസ്തുപുരുഷന്‍ മനുഷ്യരാശിയില്‍നിന്നും പൂജകള്‍ ഏറ്റുവാങ്ങി ഭൂമിയില്‍ നിലകൊള്ളുന്നതായിട്ടാണ് വിശ്വാസം.

ക്ഷേത്രത്തില്‍ വിളക്ക് തെളിയിക്കുന്നതിന്റെ പ്രാധാന്യം

       വിളക്ക് കത്തിക്കുന്നതിലൂടെ കത്തിക്കുന്ന വ്യക്തിയുടെ മനസികാന്ധകാരം ഇല്ലാതാകുന്നു. നെയ്‌വിളക്ക് കത്തിക്കുന്നതിലൂടെ നേത്രസംബന്ധമായ രോഗങ്ങള്‍ ശമിക്കുമെന്നും ശാരീരികമായ അവശതകള്‍ മാറികിട്ടുമെന്നും വിശ്വസിക്കുന്നു.എള്ളെണ്ണവിളക്ക് വാതരോഗശാന്തിക്കും ഐശ്വര്യത്തിനും വേണ്ടിയാണ്. ശനിദോഷ പരിഹാരത്തിനായി ശാസ്താക്ഷേത്രങ്ങളില്‍ എള്ളെണ്ണ വിളക്ക് നടത്താറുണ്ട്‌. ശനിദോഷപരിഹാരത്തിനുള്ള മറ്റൊരു വഴിപാടാണ് നീരാഞ്ജനം.

വാസ്തുശാസ്ത്രവും തച്ചുശാസ്ത്രവും

     സൃഷ്ടികര്‍ത്താവായ ബ്രഹ്മാവാണ് വാസ്തുശാസ്ത്രത്തിന്റെ ഉപജ്ഞാതാവ്. വാസ്തുശാസ്ത്രം തന്നെയാണ് തച്ചുശാസ്ത്രം. ഈ ശാസ്ത്രത്തെ വിശ്വകര്‍മ്മാവിന് ഉപദേശിച്ചുകൊടുത്തു.
           പരമശിവന്റെ തൃക്കണ്ണില്‍ നിന്നാണ് വിശ്വകര്‍മ്മാവിന്റെ ജനനം. പൂണൂല്‍, ഗ്രന്ഥം, കുട, ദണ്ഡു, അഷ്ടഗന്ധം, കലശം, മുഴക്കോല്‍, ചിത്രപുല്ല് ഇവയോടുകൂടി ഉത്ഭവിച്ച വിശ്വകര്‍മ്മാവിനും മറ്റ് ദേവന്മാര്‍ക്കും വേണ്ടി ബ്രഹ്മാവ്‌ ഉപദേശിച്ച ശാസ്ത്രത്തില്‍ നിന്ന് ഭോജരാജാവ് രചിച്ച മഹത്തായ ഗ്രന്ഥമാണ് സമരാങ്കണസൂത്രധാര. ക്ഷേത്രനിര്‍മ്മാണം, ഗൃഹനിര്‍മ്മാണം തുടങ്ങി വിമാന നിര്‍മ്മാണത്തെകുറിച്ചുള്ള വിവരങ്ങള്‍ വരെ ആ ഗ്രന്ഥത്തില്‍ പ്രതിപാദിച്ചിരിക്കുന്നു.

പാദസ്പര്‍ശവും കവച്ചുകടക്കലും

   വിശിഷ്ടവസ്തുക്കളൊന്നും  തന്നെ കാലടികൊണ്ട് തൊടരുത്. കവച്ചു കടക്കുകയുമരുത്. അമ്പലത്തില്‍ പെരുമാറുമ്പോള്‍ ഈ വിഷയത്തില്‍ സത്വരശ്രദ്ധ എപ്പോഴും എല്ലാവര്‍ക്കും വേണം. തിരുമുറ്റത്തിനകത്തും പുറത്തുമുണ്ട് അനേകം ബലിപീടങ്ങള്‍ അഥവാ ബലിക്കല്ലുകള്‍. മന്ത്രപൂര്‍വം പ്രതിഷ്ഠയുടെ ക്രിയകള്‍ ചെയ്തിട്ടുള്ള ദേവതാസ്ഥാനങ്ങളാണവ എന്നോര്‍ക്കുക. ശ്രദ്ധിക്കാതെ നടന്നാല്‍ കാലടി ബലിക്കല്ലില്‍ തട്ടാം.ക്ഷേത്രത്തില്‍ രക്തസ്രാവം സംഭവിച്ചാല്‍ പുണ്യാഹവിഷയമുണ്ടെന്ന വസ്തുത മറക്കരുത്. മുറിവ് പറ്റുന്നത് ഒന്നുകൊണ്ടും നല്ലതുമല്ല. അപ്പോള്‍ നല്ലവണ്ണം മനസ്സിരുത്തുകതന്നെ വേണം. ഇനി അഥവാ കാലുതട്ടിപോയി എന്നുതന്നെയിരിക്കട്ടെ ആ കൈ മൂര്‍ദ്ധാവില്‍ തൊടുകയും വേണം. തിരക്കുണ്ടാകുമ്പോള്‍ മറ്റുള്ളവരുടെമേല്‍ നമ്മുടെ കാല്‍ തൊട്ടുപോകാനുമിടയുണ്ട്. അങ്ങിനെ സംഭവിച്ചാല്‍ ഉടനെ, "ശിവ ശിവ" എന്നോ, "ഹരി ഹരി" എന്നോ തുഷ്ണിയായിട്ടു ജപിച്ച് (മറ്റുള്ളവര്‍ കേള്‍ക്കാനിടവരാത്തവിധം പതുക്കെ എന്നാണ് ഈ വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്. "ഉപാംശു" എന്നാണ് ഈ ഉച്ചാരണസമ്പ്രദായത്തിന്റെ ശരിയായ സംജ്ഞ. ചുണ്ടനങ്ങണം; ശബ്ദം തൊട്ടടുത്തുള്ള ഒരാള്‍ കേട്ടാലും അസ്തു; മൂന്നാമതൊരാള്‍ കേള്‍ക്കാനിടവരരുത്) ആ വ്യക്തിയെ തോട്ടുതലയില്‍ വയ്ക്കണം.

    അമ്പലത്തിന്റെ നാലമ്പലത്തിലേയ്ക്ക് പ്രവേശിക്കുമ്പോള്‍ ഉമ്മറപ്പടി തൊട്ടു തലയില്‍ വയ്ക്കുന്നത് നല്ലതുതന്നെ. 

നവീകരണകലശം

     നവീകരണകലശത്തിന് മൂന്ന് ഘട്ടങ്ങളുണ്ടെന്ന് പറയാവുന്നതാണ്. സാമാന്യം നവീകരണകലശം പതിനൊന്നു ദിവസംകൊണ്ടാണ് കഴിക്കുക പതിവ്. ഇവിടെയും ക്ഷേത്രത്തിന്റെ മഹത്വവും സാമ്പത്തീക സ്ഥിതിയുമനുസരുച്ചു ദിവസം കൂട്ടുവാനും കുറയ്ക്കുവാനും സാധിക്കുന്നതാണ്. ഇതില്‍ ആറാം ദിവസം രാവിലെ വരെയുള്ള ക്രിയ ദ്രവ്യകലശത്തിന്റെ ക്രിയകള്‍ തന്നെയാണ്. ആറാം ദിവസം പകല്‍ അനുജ്ഞാബലിയോടുകൂടിയാണ് നവീകരണത്തിന്റെ ക്രിയകള്‍ തുടങ്ങുക. ആ ക്രിയ തുടങ്ങിയാല്‍ എട്ടാം ദിവസം മുഹൂര്‍ത്ത സമയത്ത് പ്രതിഷ്ഠയുടെ ക്രിയകള്‍ കഴിയുന്നതുവരെയുള്ള എല്ലാ ക്രിയകളും തുടര്‍ച്ചയായി ചെയ്യണം. ഏഴാം ദിവസമാണ് ബിംബചൈതന്യം കലശത്തിലേക്ക് ആവാഹിച്ച് മണ്ഡപത്തിലോ വലിയബലത്തിലോ കൊണ്ടുവന്നുവച്ച് ധ്യാനാധിവാസം മുതലായ പ്രാധാന്യമുള്ളതും ക്ലേശകരവുമായ ക്രിയകള്‍ ചെയ്യുക. 

      ബിംബചൈതന്യം കലശത്തിലേക്ക് ഉദ്വസിച്ചാല്‍ ബിംബം, പീഠം മുതലായവയെല്ലാം വൃത്തിയാക്കുവാന്‍ ഉള്ള അവസരമാണ്. എട്ടാം ദിവസം പ്രതിഷ്ഠയുടെ ക്രിയകള്‍ കഴിഞ്ഞാല്‍ നട അടയ്ക്കുകയായി. ഒമ്പതാം ദിവസം പരിവാരപ്രതിഷ്ഠയും പത്താം ദിവസം ഹോമങ്ങളും ചെയ്തു പതിനൊന്നാം ദിവസം നട തുറന്ന് കലശാഭിഷേകത്തോടുകൂടി നവീകരണകലശക്രിയകള്‍ അവസാനിക്കുന്നു. നട അടച്ച ദിവസങ്ങളില്‍ നടയ്ക്കല്‍ പത്മമിട്ട് ദേവനെ സങ്കല്‍പ്പിച്ച് ആ പത്മത്തിലാണ് മൂന്നുനേരവും പൂജ പതിവ്.

      പഴയ ബിംബം മാറ്റി പുതിയ ബിംബം പ്രതിഷ്ഠിക്കേണ്ടതായി വരുമ്പോള്‍ പുതിയ ബിംബത്തിന്റെ ക്രിയകള്‍ കൂടുമെന്നേ നവീകരണക്രിയകളില്‍ നിന്ന് വ്യത്യാസമുള്ളൂ. ഇതിന്ന് ജീര്‍ണ്ണോദ്ധാരണമെന്ന് പേര് പറയും. 

     പുതിയതായി ക്ഷേത്രം നിര്‍മ്മിക്കുമ്പോള്‍ ഉചിതമായ സ്ഥലത്ത് വാസ്തുബലി മുതലായ കര്‍മ്മങ്ങള്‍ ചെയ്ത്, ആധാരശില മുതലായ ഷഡാധാരങ്ങള്‍ പ്രതിഷ്ഠിച്ചു, പുതിയ ബിംബം പ്രതിഷ്ഠിക്കാവുന്നതാണ്. മറ്റു ക്രിയകളെല്ലാം ജീര്‍ണ്ണോദ്ധാരണക്രിയകള്‍ പോലെതന്നെയാണ് മിക്കവാറും വരുക.

അഷ്ടബന്ധകലശം

       അഷ്ടബന്ധകലശത്തിന്നും ദ്രവ്യകലശത്തിന്റെ ക്രിയകള്‍ മുഴുവന്‍ ചെയ്യേണ്ടതുണ്ട്. അഷ്ടബന്ധത്തിന്റെ ക്രിയകള്‍ ചെയ്ത്, മുഹൂര്‍ത്ത സമയത്ത് പീഠം ബിംബസന്ധിയില്‍ അഷ്ടബന്ധമിട്ട് ഉറപ്പിക്കുന്ന ക്രിയ കൂടുമെന്ന് മാത്രമേ സാമാന്യമായി പറയുവാനുള്ളു.

ദ്രവ്യകലശം

     ദ്രവ്യങ്ങള്‍ കലശത്തില്‍ നിറച്ച്, പൂജിച്ച്, ദേവന്നു അഭിഷേകം ചെയ്യുന്നതുകൊണ്ടാകാം ദ്രവ്യകലശമെന്ന പേര് വന്നത്. പാല്, തൈര്, തേന്‍, പഞ്ചഗവ്യം തുടങ്ങി നിരവധി ദ്രവ്യങ്ങള്‍ കലശത്തില്‍ നിറയ്ക്കാനുണ്ട്. എല്ലാ ക്ഷേത്രങ്ങളിലും കൊല്ലംതോറും ചുരുങ്ങിയതോതിലെങ്കിലും ദ്രവ്യ കലശം നടന്നാല്‍ നന്ന്.

    സാമാന്യമായി ആറു ദിവസംകൊണ്ട് ദ്രവ്യകലശം കഴിക്കാവുന്നതാണ്. ക്ഷേത്രത്തിന്റെ മഹത്വവും സാമ്പത്തികസ്ഥിതിയുമാനുസരിച്ചു കലശത്തിന്റെ ക്രിയകള്‍ വലുതാക്കുകയോ ചെറുതാക്കുകയോ ആവശ്യമായി വരാം. അപ്പോള്‍ ദിവസത്തിലും ഏറ്റകുറിച്ചിലുകള്‍ വന്നേക്കാം.

     ഒന്നാം ദിവസം ആചാര്യവരണവും അങ്കുരാരോപണവും പ്രസാദശുദ്ധിയുമാണ് പ്രധാനക്രിയകള്‍. രണ്ടാം ദിവസം ബിംബശുദ്ധിയും ഹോമങ്ങളും, മൂന്നും, നാലും ദിവസം പ്രായശ്ചിത്തഹോമങ്ങള്‍, അഞ്ചാം ദിവസം തത്ത്വ ഹോമവും തത്വകലശാഭിഷേകവും, ആറാം ദിവസം ദ്രവ്യകലശാഭിഷേകവുമാണ് പ്രധാന ക്രിയകള്‍. അഞ്ചാം ദിവസവും ആറാം ദിവസവും ക്ഷേത്രദര്‍ശനത്തിന് പ്രാധാന്യമധികമുണ്ട്. കലശാഭിഷേകസമയങ്ങള്‍ മുഴുവന്‍ ദര്‍ശനത്തിന് പ്രാധാന്യമുള്ളവയാണ്. മൂന്ന് ദിവസം കൊണ്ടും ദ്രവ്യകലശം കഴിച്ചുകൂട്ടാം.

കലശവിധികള്‍

           ദ്രവ്യകലശം, അഷ്ടബന്ധകലശം, നവീകരണകലശം എന്നിങ്ങനെ സാമാന്യമായി കലശങ്ങള്‍ മൂന്നുവിധത്തിലാണ്. കലശങ്ങളെല്ലാംതന്നെ ചൈതന്യവര്‍ദ്ധകങ്ങളായ ക്രിയകളാണ്. ദേവന്നു ചൈതന്യക്ഷയമില്ലെങ്കിലും ആദിത്യ ബിംബം മഴക്കാറുകൊണ്ട് മൂടുമ്പോള്‍ ഉണ്ടാവുന്ന മങ്ങലുപോലെ പൂജാദികര്‍മ്മങ്ങളിലുള്ള ലോപം കൊണ്ടും മറ്റും ബിംബചൈതന്യക്ഷയം സംഭവിക്കുന്നതാണ്. ആ ന്യൂനതകള്‍തീര്‍ത്ത്‌  ചൈതന്യം വര്‍ദ്ധിപ്പിക്കുകയാണ് കലശത്തിന്റെ ലക്ഷ്യം.

ദേവപ്രശ്നവും പരിഹാരങ്ങളും

      ഏത് അമ്പലത്തിലും, നിത്യനിദാനാദികള്‍ എത്ര നിഷ്കര്‍ഷിച്ചാലും ചൈതന്യഹാനി വരും എന്നാണു ശാസ്ത്രവിധി. 12 കൊല്ലം കൂടുമ്പോള്‍ അമ്പലങ്ങളില്‍ ദേവപ്രശ്നം നടത്തണം. പ്രശ്നവശാല്‍ കാണുന്ന ദോഷപരിഹാരങ്ങള്‍ ചെയ്യണം. ചൈതന്യം പൂര്‍ണമായി നിലനിന്നില്ലെങ്കില്‍ പ്രതിഷ്ഠാമൂര്‍ത്തിയുടെ നിഗ്രഹാനുഗ്രഹശക്തിയ്ക്ക് കോട്ടംതട്ടും.  പ്രാര്‍ത്ഥന ഫലിക്കുകയില്ല. ഓരോ വ്യാഴവട്ടം തോറും ദേവന്റെ സൂക്ഷ്മശരീരമായ ബിംബത്തിനും സ്ഥൂലശരീരമായ ക്ഷേത്രവാസ്തുശില്പസമുച്ചയത്തിനും ഉള്ള ദോഷങ്ങള്‍ പരിഹരിച്ചുകൊണ്ടിരുന്നാല്‍, ദേവന്റെ ചൈതന്യം വര്‍ദ്ധിച്ചുകൊണ്ടിരിക്കും

      തന്ത്രി ഓരോ ക്ഷേത്രത്തിലും സ്ഥിരമാണ്. മാറ്റമില്ല. എന്നാല്‍ മാന്ത്രികന്‍ സ്ഥിരമായിട്ടില്ല. പ്രശ്നത്തില്‍ "ഒഴിവുകാണുന്ന" മാന്ത്രികനെ കൊണ്ടാണ് പരിഹാരകര്‍മ്മങ്ങള്‍ ചെയ്യിക്കേണ്ടത്.

        ക്ഷേത്രം പണിയാന്‍ ആലോചിച്ചാല്‍ ആചാര്യനെ വരിക്കലാണ് (തന്ത്രിയെ നിശ്ചയിക്കലാണ്) ആദ്യത്തെ ചടങ്ങ്. പിന്നെ ആ ക്ഷേത്രത്തില്‍ തന്ത്രിസ്ഥാനം ആചാര്യകുടുംബ പരമ്പരയ്ക്കുള്ളതാണ് എന്നെന്നും. ദേവന് പിതൃസ്ഥാനീയനാണ് തന്ത്രി.

ദീപാരാധന

       പൂജാവേളയിലെ ഏറ്റവും വിശേഷപ്പെട്ട ഒരു ചടങ്ങാണ് ദീപാരാധന. ദീപാരാധനയെന്നാല്‍ ദീപങ്ങള്‍കൊണ്ടുള്ള ആരാധനയാണ്. താന്ത്രികമായും മാന്ത്രികമായും വൈദീകകര്‍മ്മങ്ങളിലൂടെ സകല ചൈതന്യവും ഭഗവല്‍പാദത്തിലേയ്ക്ക് അര്‍പ്പിക്കുകയാണ് ദീപാരാധനയുടെ മുഖ്യലക്ഷ്യം. ദീപാരാധന എന്നതുകൊണ്ട്‌ സാധാരണ അര്‍ത്ഥമാക്കുന്നത് സന്ധ്യാവേളയില്‍ നടത്തുന്ന ദീപാരാധനയാണ്. ദീപാരാധനയ്ക്കു സാധാരണയായി തട്ടുവിളക്ക്, പര്‍വ്വതവിളക്ക്, നാഗപത്തി വിളക്ക്, ഏകാങ്ക വിളക്ക് എന്നിങ്ങനെ വിവിധ വിളക്കുകള്‍ ഉപയോഗിച്ച് ഭഗവാനെ ഉഴിയുന്നു. അവസാനം കല്‍പ്പൂരദീപം കാട്ടി പൂവുഴിഞ്ഞ് ദേവപാദത്തില്‍ സമര്‍പ്പിക്കുന്നു. ഈ ചടങ്ങാണ് ദീപാരാധന. ദീപാരാധന തന്നെ പലവിധത്തിലുണ്ട്. അലങ്കാര ദീപാരാധന, പന്തീരടി ദീപാരാധന ഉച്ചപൂജാ ദീപാരാധന, സന്ധ്യാദീപാരാധന, അത്താഴപൂജ ദീപാരാധന എന്നിങ്ങനെ ദീപാരാധനയ്ക്കു വിവിധ പേര്‍ നല്‍കിയിരിക്കുന്നു. ഓരോ ദീപാരാധനയുടെയും സവിശേഷതകള്‍ താഴെ കൊടുക്കുന്നു. 

അലങ്കാര ദീപാരാധന :- രാവിലെ അഭിഷേകം നടത്തിയശേഷം ദേവനെ അലങ്കരിച്ച് ത്രിമധുരം നേദിച്ച് പ്രീതിപ്പെടുത്തിയ ശേഷം നടത്തുന്ന ദീപാരാധനയാണിത്‌. ഈ ദീപാരാധന തൊഴുതാല്‍ മുന്‍ജന്മദോഷങ്ങള്‍ ഒക്കെ മാറുമെന്നാണ് വിശ്വാസം.

ഉഷപൂജാ ദീപാരാധന :- ഉഷപൂജയുടെ അന്ത്യത്തില്‍ നടത്തുന്ന ഈ ദീപാരാധന തൊഴുന്നത് വിദ്യാവിജയത്തിനും ഉദ്യോഗലബ്ധിക്കും സഹായിക്കുന്നു.

എതൃത്തപൂജാ ദീപാരാധന :- ക്ഷേത്രങ്ങളിലെ രണ്ടാമത്തെ പൂജയാണ് എതൃത്തപൂജ എന്നറിയപ്പെടുന്നത്. ഇതിന്റെ സമാപനവേളയില്‍ നടത്തുന്ന ദീപാരാധന ദര്‍ശനംകൊണ്ട് രോഗശാന്തിയും ആരോഗ്യസിദ്ധിയും ഉണ്ടാവുന്നു. 

പന്തീരടിപൂജാ ദീപാരാധന :- പന്തീരടിപൂജയ്ക്കൊടുവില്‍ നടത്തുന്ന ഈ ദീപാരാധന ദര്‍ശിച്ചാല്‍ ഐശ്വര്യ  സമൃദ്ധിയും, ദാരിദ്ര്യശാന്തിയും, ധനലബ്ധിയും ഉണ്ടാകുന്നു.

ഉച്ചപൂജാ ദീപാരാധന :- ഉച്ചയ്ക്ക് ദേവങ്കല്‍ അര്‍പ്പിക്കുന്ന ദീപാരാധനയാണ് ഉച്ച ദീപാരാധന. ഈ ദര്‍ശനം സര്‍വ്വ പാപങ്ങളും മാറ്റി നമുക്ക് ഐശ്വര്യം പ്രദാനം ചെയ്യുന്നു. 

സന്ധ്യാ ദീപാരാധന :- സന്ധ്യാനേരത്ത് നടത്തുന്ന ദീപാരാധനയാണിത്‌ ഈ ദീപാരാധന തൊഴുതാല്‍ സര്‍വ്വഐശ്വര്യങ്ങളും ലഭിക്കുമെന്നാണ് വിശ്വാസം.

അത്താഴപൂജാ ദീപാരാധന :- അത്താഴപൂജ നടത്തികഴിഞ്ഞ് നടത്തുന്ന ദീപാരാധനയാണിത്‌.  ഈ ദീപാരാധന ദര്‍ശനപുണ്യം ദാമ്പത്യസൗഖ്യം പ്രദാനം ചെയ്യുന്നു.

കുഞ്ഞിന് പേരിടല്‍ / നാമകരണം

       കുഞ്ഞിന് പേരിടുന്ന ചടങ്ങ് വളരെ ആഘോഷപൂര്‍വ്വമായിട്ടാണ് ഇന്ന് ആഘോഷിച്ചുവരുന്നത്. കുട്ടിജനിച്ച്  പന്ത്രണ്ടാമത്തെ ദിവസമാണ് പേരിടല്‍ നടത്തുന്നത് ഉത്തമമാണ്. എന്നാല്‍ സാധാരണയായി ഇരുപത്തിയെട്ടാമത്തെ ദിവസമാണ് പേരിടുന്നത്. കിഴക്ക് ദര്‍ശനമായി അച്ഛനോ, മുത്തച്ഛനോ, മുത്തശ്ശിയോ, അമ്മാവനോ കുട്ടിയെ മടിയിലിരുത്തി വേണം പേരിടെണ്ടത്. കുട്ടിയുടെ ഇടതുചെവി  വെറ്റില കൊണ്ട് അടച്ചു വച്ച് വലതുചെവിയില്‍ മൂന്ന് തവണ പേര് വിളിക്കണം. ശേഷം വലതുചെവി അടച്ചുപിടിച്ച് ഇടത് ചെവിയില്‍ മൂന്നുതവണ പേര് വിളിക്കണം. ചെവി അടച്ചുപിടിക്കാന്‍ ഉപയോഗിക്കുന്ന വെറ്റിലയുടെ ഞെട്ട് മുകളിലും വാല്‍ താഴെയുമായിട്ട് വേണം പിടിക്കുവാന്‍. ചെവിയില്‍ വിളിക്കുന്ന പേര് ഒരിക്കലും മാറ്റരുത്. 
      ചിത്തിര, വിശാഖം, തൃക്കേട്ട, പൂരം, പൂരാടം, പൂരോരുട്ടാതി, അശ്വതി, ആയില്യം, ഭരണി, കാര്‍ത്തിക എന്നീ നക്ഷത്രങ്ങള്‍ പേരിടുന്നതിനു (നാമകരണത്തിന്) ഒഴിവാക്കണം (വര്‍ജിക്കണം). ശിഷ്ടം വരുന്ന 17 നക്ഷത്രങ്ങള്‍ നാമകരണത്തിനും ശുഭങ്ങളാകുന്നു. 

        മേടം, തുലാം, മകരം ഈ രാശിസമയങ്ങള്‍ നാമകരണത്തിന് കൊള്ളരുത്. ശിഷ്ടം 9 രാശിയും സ്വീകാര്യങ്ങളാണ്. ഇതില്‍ സ്ഥിരരാശികള്‍ സര്‍വ്വോത്തമങ്ങളും  ഉഭയരാശികള്‍ ഉത്തമങ്ങളും കര്‍ക്കിടകം രാശി മധ്യമവുമാകുന്നു.

          ആഴ്ചകളില്‍ ചൊവ്വയും ശനിയും വര്‍ജിക്കണം. ശേഷം 5  ദിനങ്ങളും ഉത്തമങ്ങളാണ്. മുഹൂര്‍ത്ത സമയത്തെ ഗ്രഹസ്ഥിതിവശാല്‍ പന്ത്രണ്ടില്‍ എല്ലാ ഗ്രഹങ്ങളേയും  വര്‍ജിക്കണം. അഷ്ടമത്തില്‍ ചൊവ്വ നില്‍ക്കരുത്. ലഗ്നത്തില്‍ ആദിത്യന്‍ നില്‍ക്കരുത്. ചന്ദ്രന്‍ ലഗ്നത്തില്‍ നിന്നാല്‍ ദോഷമില്ല. കുട്ടിയുടെ ജന്മനക്ഷത്രം വര്‍ജിക്കണം. അനുജന്മനക്ഷത്രം സ്വീകരിക്കാം. നിത്യദോഷങ്ങളും കര്‍ത്തൃദോഷങ്ങളും വര്‍ജിക്കണം.  അചഛനമ്മമാരുള്ള കുട്ടികള്‍ക്ക് അവര്‍ ബന്ധപ്പെടാതെ ബന്ധുക്കള്‍ നാമകരണം നടത്തരുത്.

പുഷ്പാഞ്ജലി

          മാനസികവും ശാരീരികവുമായ ശുദ്ധി വരുത്തുന്നതിന് വേണ്ടിയാണ് പുഷ്പം കൊണ്ട് അര്‍ച്ചന നടത്തുന്നത്. ഇതിലൂടെ ദീര്‍ഘായുസ്സും ശത്രുദോഷനിവാരണവും സമ്പല്‍സമൃദ്ധിയുമുണ്ടാകുന്നു. രക്തപുഷ്പാഞ്ജലി ആഗ്രഹസഫലീകരണത്തിനും ശത്രുദോഷത്തിനും വേണ്ടിയും കുങ്കുമാര്‍ച്ചന മംഗല്യസിദ്ധിക്കും വേണ്ടി നടത്തുന്നു. സഹസ്രനാമാര്‍ച്ചന, അഷ്ടോത്തരശതനാമാര്‍ച്ചന മുതലായവ ഐശ്വര്യത്തിനും വേണ്ടിയാണ് നടത്തുന്നത്. ഭാഗ്യസൂക്താര്‍ച്ചന, ശ്രീസൂക്താര്‍ച്ചന തുടങ്ങിയവ ധനം, ഐശ്വര്യവര്‍ദ്ധനവ്‌ എന്നിവയ്ക്കുവേണ്ടി നടത്തുന്നു. ത്രിമധുരം, ജ്ഞാനം വര്‍ദ്ധിക്കുന്നതിനുവേണ്ടി നടത്തുന്ന വഴിപാടാണ്. മനശാന്തിക്കും ആഗ്രഹസഫലീകരണത്തിനും വേണ്ടി നിറമാല ചാര്‍ത്തുന്നു. മനശാന്തിക്കും ഐശ്വര്യത്തിനും വേണ്ടി ചുറ്റുവിളക്ക് നടത്തുന്നു.  

അഭിഷേകം

        സര്‍വ്വപാപനാശമാണ് അഭിഷേകം കൊണ്ടുദ്ദേശിക്കുന്നത്. അഭിഷേകത്തിനായി പൊതുവേ എട്ടുവസ്തുക്കളാണ് ഉപയോഗിക്കുന്നത്. ശുദ്ധജലം, പാല്‍, തൈര്, തേന്‍, നെയ്യ്, കരിമ്പ്‌ നീര്, ഇളനീര്, കളഭം എന്നിവയാണ്. സുബ്രഹ്മണ്യക്ഷേത്രങ്ങളില്‍ പഞ്ചാമൃത അഭിഷേകം ഏറ്റവും പ്രാധാന്യമുള്ളതാണ്. ശുദ്ധജലം കൊണ്ട് അഭിഷേകം ചെയ്താല്‍ പത്തും പാല്‍ കൊണ്ടാണെങ്കില്‍ നൂറും തൈരുകൊണ്ടാണെങ്കില്‍ ആയിരവും തേന്‍ കൊണ്ടാണെങ്കില്‍ പതിനായിരവും നെയ്യ് കൊണ്ടാണെങ്കില്‍ ലക്ഷവും കരിമ്പ്‌ നീര് കൊണ്ടാണെങ്കില്‍ പത്തുലക്ഷവും ഇളനീര്‍ കൊണ്ടാണെങ്കില്‍ കോടിയും കളഭം കൊണ്ടാണെങ്കില്‍ അനന്തകോടി അപരാധങ്ങളും സര്‍വ്വപാപങ്ങളും നശിക്കുമെന്നും മോക്ഷപദത്തിലെത്തിചേരുമെന്നും  വിശ്വസിച്ചുവരുന്നു. 

അര്‍ച്ചനയും ഫലസിദ്ധിയും

കുമാരസൂക്ത അര്‍ച്ചന                             :-  സുബ്രഹ്മണ്യ പ്രീതി 

സാരസ്വതാര്‍ച്ചന                                    :- വിദ്യാഭിവൃദ്ധി

സ്വസ്തി അര്‍ച്ചന                                   :- യാത്രകളില്‍ കാര്യസിദ്ധി 

ഭാഗ്യ അര്‍ച്ചന                                          :- കാര്യസാധ്യം, ധനസമ്പാദനം

ആയുര്‍ അര്‍ച്ചന                                       :- രോഗശമനം, ദീര്‍ഘായുസ് 

സംവാദ അര്‍ച്ചന                                     :- ഐക്യമത്യം, സൗഹാര്‍ദ്ദം

ദേവി അര്‍ച്ചന                                          :- ദേവി പ്രീതി

ത്രിഷ്ടുപ്പ് മന്ത്രാര്‍ച്ചന                              :- ആപല്‍നിവൃത്തി, അഭിഷ്ടസിദ്ധി 

ശ്രീവിദ്യാമന്ത്രാര്‍ച്ചന                               :- വിദ്യയില്‍ ഉന്നതി 

സ്വയംവര മന്ത്രാര്‍ച്ചന                            :- വിവാഹതടസ്സം നീങ്ങാന്‍ 

സര്‍വ്വരോഗശാന്തി മന്ത്രാര്‍ച്ചന              :- രോഗശാന്തി 

ശത്രുസംഹാര മന്ത്രാര്‍ച്ചന                      :-ശത്രുസംഹാരത്തിന്

ഗുരുതി പുഷ്പാഞ്ചലി                              :- ആഭിചാരദോഷം നീങ്ങികിട്ടാന്‍ 

ഗ്രഹപൂജകള്‍                                           :- ഗ്രഹപിഴ ദോഷശാന്തിക്ക് 

രാഹുപൂജ                                                  :- സര്‍പ്പദോഷശമനം 

    നാവുകൊണ്ട് ഉറക്കെ ഭഗവനാമം ഉച്ചരിക്കുമ്പോള്‍ നമ്മുടെ എല്ലാ ശരീര അംഗങ്ങളും പുഷ്ടിയുള്ളതായിത്തീരും. നാമജപവും ഭജനയും വീടുവീടാന്തരം ഉണ്ടെങ്കില്‍ അമംഗളമായവ ദൂരെ മാറിപോവുകതന്നെ ചെയ്യും. നിരന്തര അധ്വാനം ശരീരത്തിനു പുഷ്ടിനല്കുന്നതുപോലെ കഠിനപരീക്ഷണങ്ങള്‍ മനസ്സിനുബലം നല്‍കും. നീചവും അധമവുമായ ചിന്തകളും പ്രവൃത്തികളും മനസ്സില്‍നിന്ന് നീക്കം ചെയ്യണം.  അതിനു കരളുരുകി പ്രാര്‍ത്ഥിക്കുക തന്നെ വേണം.

പിതൃതര്‍പ്പണം / ബലി

       ഹിന്ദുആചാരപ്രകാരം പുരുഷപ്രജയുടെ കര്‍ത്തവ്യമാണ് പിതൃകര്‍മ്മം ചെയ്യുക എന്നത്. പിതൃകര്‍മ്മം ചെയ്യാതിരുന്നാല്‍ അതിന്റെ ദോഷം പിതൃക്കള്‍ക്ക് മാത്രമല്ല, കുടുംബത്തിനും തലമുറയ്ക്കുമാണ്‌. പരേതാത്മാക്കളെ കര്‍മ്മങ്ങളാല്‍ നാരായണ ലോകത്തിലേക്ക് എത്തിക്കുക എന്നതാണ് ബലികര്‍മ്മങ്ങളുടെ ലക്‌ഷ്യം. ഈശ്വരസാന്നിധ്യം ഉള്ള സ്ഥലങ്ങളില്‍ എവിടെ വേണമെങ്കിലും ബലിയിടാം. കാശിയിലോ രാമേശ്വരത്തോ പോയി ബലിയിട്ട് നിര്‍ത്തി എന്ന രീതി ശരിയല്ല. പിതൃക്കളുടെ മോക്ഷത്തിന് അഞ്ച് തലമുറ ബലിമുടങ്ങാതെ ഇടണം എന്നാണ് ശാസ്ത്രം. ബലി മുടക്കം വരുത്തി നടത്താത്തതുമൂലം പരേതാത്മാക്കളുടെ പുണ്യം കുറയുകയും അവ സ്വജനങ്ങളെ തേടി വരികയും ചെയ്യുന്നു. അത് പിന്നീട് ബാധയായി തീരുന്നു.

ബലി ഇടുന്നത്

       പത്മമിട്ട് പരദേവതകളെ പൂജ ചെയ്യുന്ന അതേ ചടങ്ങുതന്നെയാണ് ബലികര്‍മ്മത്തിന്റെയും. പിതൃക്കളെ ദേവതുല്യമായി സങ്കല്‍പ്പിച്ച് നടത്തുന്ന പൂജയാണിത്. തറ തളിച്ച് മെഴുകി ശുദ്ധിവരുത്തി ദര്‍ഭ നിരത്തി ഗുച്ചം കെട്ടി വിഗ്രഹം സങ്കല്‍പ്പിച്ച് ജലാദിജലാന്തം പൂജചെയ്ത് ആവാഹിച്ച്‌ പിണ്ഡം വച്ച്, എള്ളുതിരുമ്മി, എണ്ണയൊഴിച്ച് ജലം ചേര്‍ത്ത് അഭിഷേകം ചെയ്തിട്ട് വസ്ത്രത്തിന്റെ നൂല്‍ വസ്ത്രമായി സങ്കല്‍പ്പിച്ച് ചാര്‍ത്തി, ചന്ദനം, പൂവ് എന്നിവ ചാര്‍ത്തി വീണ്ടും പൂജകള്‍ ചെയ്ത് പിതൃകളെ ഉദ്വസിച്ചു മാറ്റുന്ന ശരിയായ പൂജയാണ് ബലികര്‍മ്മം. നാരായണ മന്ത്രത്താല്‍ പിതൃക്കളെ വിഷ്ണുലോകത്തിലെത്തിക്കുന്നതാണ് ബലി. ബ്രാഹ്മണരുടെ നിത്യകര്‍മ്മത്തില്‍ പിതൃക്കള്‍ക്ക് തര്‍പ്പണം ചെയ്യുന്ന ചടങ്ങ് ശ്രദ്ധേയമാണ്.
     ബ്രാഹ്മണര്‍ ബലികര്‍മ്മങ്ങളില്‍ ദര്‍ഭയാണ് ഉപയോഗിക്കിന്നത് എങ്കില്‍ മറ്റുജാതിക്കാര്‍ കറുകയാണ് ഉപയോഗിക്കുന്നത്. ബലി കര്‍മ്മങ്ങളില്‍ ഏറെ പ്രാധാന്യം എള്ളിനും നീരിനുമാണ്. വിഷ്ണുവിന്റെ ദേഹത്തില്‍ നിന്നും ഉത്ഭവിച്ച എള്ളിന് സര്‍വ്വപാപങ്ങളെയും ഇല്ലാതാക്കാന്‍ കഴിയുമെന്നതാണ് വിശ്വാസം. ആചാര്യന്റെ ഉപദേശം സ്വീകരിച്ചുകൊണ്ട് സ്വന്തമായി ബലിയിടാം. കറുകകൊണ്ട് പവിത്രംകെട്ടി വലതുകയ്യിലെ അണിവിരലില്‍ ഇടുക. കിണ്ടിയില്‍ ചെറുളയും ചന്ദനവും ചേര്‍ത്തശേഷം പവിത്ര വിരല്‍ കിണ്ടിയില്‍ മുക്കി ഇടതുകരം മീതേ വച്ച് ഗംഗാദേവിയെ മനസ്സില്‍ സ്മരിച്ച് തീര്‍ത്ഥം വിധിപ്രകാരം നിര്‍മ്മിക്കാം. ശുദ്ധമാക്കിയ തറയില്‍ കറുകത്തല തെക്കോട്ട്‌ വച്ച് നിരത്തി അതില്‍ സ്വന്തം വംശത്തിലുള്ള പിതൃക്കളേയും പിതൃപിതാമഹന്മാരെയും ആവാഹിച്ച് പിണ്ഡം വെയ്ക്കുകയും, നീരും എള്ളും, പൂവും ജലാദിജലാന്തം നല്‍കി പിതൃക്കളെ തൃപ്തിപ്പെടുത്തി പരലോകത്തില്‍ അയയ്ക്കുകയും ചെയ്യുന്നു. ഭൂമിയ്ക്ക് മുകളിലുള്ള പിതൃലോകത്ത് ആത്മാവ് ജലത്വമാണ് അതിനാലാണ് പിതൃതര്‍പ്പണം നാം ജലത്തില്‍ നല്‍കുന്നത്.

സഞ്ചയനമുഹൂര്‍ത്തം

          അസ്ഥിസഞ്ചയനം കരുത്തപക്ഷത്തില്‍ ഒന്ന്, മൂന്ന്, അഞ്ച് എങ്ങനെ വരുന്ന ഓജതിഥികളില്‍ ചെയ്യണം. ഓജ തിഥികളില്‍ തന്നെ പ്രഥമയും തൃതീയയും വര്‍ജിക്കേണ്ടതാണ്. രണ്ടുരാശികൂറുകളായി വരുന്ന കാര്‍ത്തിക, മകീര്യം, പുണര്‍തം മുതലായ പൂരോരുട്ടാതിയന്ത്യം നക്ഷത്രങ്ങള്‍ സ്വീകാര്യങ്ങളല്ല. വെള്ളി, ചൊവ്വ എന്നീ ദിനങ്ങള്‍ സഞ്ചയനത്തിനു നന്നല്ല. മറ്റ് വാരങ്ങള്‍ ശുഭങ്ങളാണ്. 

     പിണ്ഡം വെക്കുന്നവരുടെയെല്ലാം ജന്മനക്ഷത്രങ്ങള്‍ വര്‍ജിക്കണം. അനുജന്മനക്ഷത്രം വര്‍ജ്യമല്ല. മരിച്ച വ്യക്തിയുടെ ജന്മരാശികൂറിന്റെ അഷ്ടമരാശിയും അതില്‍ വരുന്ന നക്ഷത്രങ്ങളും വിഷ്ടിക്കരണവും ഗണ്ഡാന്തവും വര്‍ജിക്കണം. പ്രേതവിഷയകമായ സര്‍വ്വകര്‍മ്മങ്ങള്‍ക്കും ഇടവം രാശി ഒരിക്കലും സ്വീകാര്യമല്ല.

        ബ്രാഹ്മണരുടെ സഞ്ചയനത്തിനു നാലാംദിവസമാണ് വിധിക്കപ്പെട്ടിരിക്കുന്നത്. അഞ്ചാംദിവസം കൊള്ളരുത്‌. അതിനുശേഷം എല്ലാ ദിവസവും വിഹിതമാണ്.

ശ്രാദ്ധം

       ശ്രാദ്ധം കണക്കാക്കുന്നത് മരിച്ച മാസത്തിലെ മരണനാളാണ്. ഒരു ദിവസം അസ്തമയത്തിന് മുന്‍പ് 6 നാഴിക വരെ മരണനക്ഷത്രം വന്നാലും അന്ന് ശ്രാദ്ധം നടത്താം. മലയാളമാസമാണ് മാസമായി എടുക്കുക. ഒരു മാസത്തില്‍ രണ്ടുതവണ മരണനക്ഷത്രം വന്നാല്‍ ആദ്യത്തെതാണെടുക്കുക. മക്കള്‍, ഭാര്യ, ഇളയസഹോദരങ്ങള്‍, ചെറുമക്കള്‍ എന്നിവര്‍ക്ക് ശ്രാദ്ധമൂട്ടാം. ശ്രാദ്ധമൂട്ടുന്നവര്‍ അന്യഭക്ഷണങ്ങള്‍ കഴിക്കാന്‍ പാടില്ല, രണ്ടുനേരം കുളിക്കണം, മറ്റുള്ളവരെ സ്പര്‍ശിക്കരുത്, ഭസ്മലേപനങ്ങള്‍ അണിയരുത്. എണ്ണതേച്ച് കുളിക്കരുത്. ഒരുനേരം മാത്രം ഭക്ഷണം കഴിക്കുക.  പകലുങ്ങുക, ചൂതുകളി, പുകവലി, മറ്റുള്ളവരുമായി കലഹിക്കുക എന്നിവ വര്‍ജ്ജ്യമാണ്‌. പായ മാത്രം കിടക്കാന്‍ ഉപയോഗിക്കുക, ബ്രഹ്മചര്യം പാലിക്കുക, മത്സ്യമാംസാദികള്‍ ഉപയോഗിക്കരുത്. ശുഭവസ്ത്രം മാത്രം ധരിക്കുക. കുളിക്കാത്തവരെയും പഴകിയ വസ്ത്രം ഉടുത്തവരെയും സ്പര്‍ശിക്കരുത്. കായം, പെരിഞ്ചീരകം, കൂണ്‍, പപ്പായ, മസാല, ഉഴുന്നുപരിപ്പ്, ഉള്ളി, തലേദിവസത്തെ ഭക്ഷണം, പപ്പടം, മുരിങ്ങയ്ക്ക, കടച്ചക്ക എന്നിവ കലര്‍ന്ന ഒരു ഭക്ഷണവും കഴിക്കരുത്.

     ബലിയിടാനുള്ള സ്ഥലം ചാണകം മെഴുകി വൃത്തിയാക്കി വയ്ക്കണം. എണ്ണതേക്കാതെ മുങ്ങികുളിച്ച് ഈറന്‍ ഉടുത്ത് വേണം പിണ്ഡം സമര്‍പ്പിക്കേണ്ടത്. എള്ള്, കറുക, ചെറുള എന്നിവ പുരുഷന്മാര്‍ക്കും എള്ള്, ചീന്തില, തുളസിപ്പു എന്നിവ സ്ത്രീകളും ശ്രാദ്ധത്തിനുപയോഗിക്കുന്നു. പുരുഷന്മാര്‍ തെക്കോട്ട്‌ തിരിഞ്ഞിരുന്നും സ്ത്രീകള്‍ കിഴക്കോട്ട് തിരിഞ്ഞിരുന്നും വേണം ബലിയിടാന്‍. ബലികാക്ക വന്ന് പിണ്ഡം കഴിച്ച ശേഷമേ കര്‍മ്മം ചെയ്യുന്നവര്‍ ഭക്ഷണം കഴിക്കാന്‍ പാടുള്ളൂ. ശ്രാദ്ധശേഷം പുരാണപാരായണം, ക്ഷേത്രദര്‍ശനം എന്നിവ നടത്താം. സംക്രാന്തി, ഗ്രഹണം എന്നിവ ശ്രാദ്ധമൂട്ടാന്‍ ഉത്തമദിവസങ്ങളാണ് എന്നാല്‍ കൃഷ്ണപക്ഷ ചതുര്‍ദ്ദശിയില്‍ ശ്രാദ്ധമൂട്ടരുത്.

     സൂര്യനുദിച്ച്‌ 4 മണിക്കൂര്‍ കഴിഞ്ഞേ ശ്രാദ്ധമൂട്ടാവു എന്ന് ബ്രാഹ്മണര്‍ക്കിടയില്‍ ചിട്ടയുണ്ട്. മറ്റുള്ളവര്‍ക്ക് സൂര്യോദയത്തിനു മുന്‍പ് ശ്രാദ്ധം ചെയ്യരുതെന്നാണ് ചിട്ട. മദ്ധ്യാഹ്നത്തിന് മുന്‍പ് ശ്രാദ്ധം കഴിഞ്ഞിരിക്കണം. 

ശ്രാദ്ധം മുടങ്ങിയാല്‍ 
        ശ്രാദ്ധം ഒരു കാരണവശാലും മുടക്കാന്‍ പാടില്ല. പിറന്നാള്‍, ഏകാദശി, മുപ്പെട്ടുവെള്ളിയാഴിച്ച (ഒരു കാരണവശാലും  അത്താഴം മുടക്കരുത്താത്ത  ദിവസം) എന്നീ ദിവസങ്ങളില്‍പ്പോലും ശ്രാദ്ധമനുഷ്ഠിക്കണം. പക്ഷെ ശ്രാദ്ധ ദിവസം പുലവരികയാണെങ്കില്‍..... പുലയില്‍ ശ്രാദ്ധമൂട്ടാന്‍ പാടില്ലാത്തതിനാല്‍ പുല വീടുന്ന ദിവസം ശ്രാദ്ധമൂട്ടാമെന്നുണ്ട്. ചിലര്‍ അടുത്ത അമാവാസി ദിവസമാണ് ശ്രാദ്ധമൂട്ടാന്‍ തെരഞ്ഞെടുക്കാറ്. പുല പോലെ തന്നെ, സ്ത്രീകള്‍ക്ക് മെന്‍സസ് പിരീഡില്‍ ശ്രാദ്ധമൂട്ടാന്‍ പാടില്ലെന്നുണ്ട്. അവര്‍ക്ക് പുലയിലെ ചിട്ടതന്നെയാണ്.

വഴിപാട് ഫലങ്ങള്‍

       സര്‍വ്വൈശ്വര്യത്തിനും അഭിഷ്ടസിദ്ധിക്കും വേണ്ടി ഭഗവാന്റെ തിരുസന്നിധിയില്‍ സമര്‍പ്പിക്കുന്ന ഉപഹാരമാണ് വഴിപാട്. വഴിപാടിന്റെ ശരിയായ അര്‍ത്ഥം ആരാധന എന്നാണെന്നും ഈശ്വരസന്നിധിയില്‍ വെച്ച് ചെയ്യുന്ന ത്യാഗമാണതെന്നും പരക്കെ വിശ്വസിക്കപ്പെടുന്നു. യഥാര്‍ത്ഥത്തില്‍ വഴിപാട് പൂജയുടെ തന്നെ ഒരു ഭാഗമാണ്. ഭക്തനെ പൂജയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള ഒരു ഉപാധികൂടിയാണത്. ഭക്തിസാന്ദ്രമായ മനസ്സ് ദേവനില്‍ കേന്ദ്രീകരിച്ചുകൊണ്ടും നിരന്തരം പ്രാര്‍ത്ഥിച്ചുകൊണ്ടും നടത്തുന്ന വഴിപാടുകള്‍ക്ക് പൂര്‍ണ്ണഫലം കിട്ടുമെന്നുതന്നെയാണ് ഭക്തജനവിശ്വാസം. വെറുതെ പ്രാര്‍ത്ഥിച്ചുകൊണ്ട്‌ കിട്ടുന്നതിനേക്കാള്‍ നൂറിരട്ടിഫലം വഴിപാട് കഴിച്ചുകൊണ്ട് പ്രാര്‍ത്ഥിച്ചാല്‍ കിട്ടുമെന്നാണ് ആചാര്യമതം. ക്ഷേത്രങ്ങളില്‍ നടത്തുന്ന വഴിപാടുകളെ ആറുവിഭാഗങ്ങളായി തരംതിരിച്ചിട്ടുണ്ട്.

അര്‍ച്ചന :- വിധിപ്രകാരമുള്ള മന്ത്രങ്ങള്‍ ജപിച്ചുകൊണ്ട്‌ ദേവന്, ദേവതയ്ക്ക് പൂജാപുഷപങ്ങളാല്‍ അര്‍ച്ചനയും അഞ്ജലിയും നടത്തുന്ന വഴിപാടാണിത്.

അഭിഷേകം :- ദാരു - കടുശര്‍ക്കര എന്നീ ബിംബങ്ങള്‍ക്കൊഴിച്ച് മറ്റുള്ളവയ്ക്കെല്ലാം അഭിഷേകം പതിവാണ്. ശുദ്ധജലം, പാല്‍, നെയ്യ്, ഇളനീര്‍, എണ്ണ, കളഭം, പഞ്ചാമൃതം, പനിനീര്‍ തുടങ്ങിയവയെല്ലാം അതതു ദേവതകള്‍ക്കായി അഭിഷേകം ചെയ്യപ്പെടുന്നു. കൊടുങ്ങല്ലൂര്‍ മുതലായ ദാരുബിംബങ്ങള്‍ പ്രതിഷ്ടിച്ചിട്ടുള്ള ക്ഷേത്രങ്ങളില്‍ അഭിഷേകത്തിനു പകരം ചാന്താട്ടമാണ് നടത്താറുള്ളത്. തേക്കിന്‍തടി കൊത്തിനുറുക്കി തിളപ്പിച്ച്‌ വാറ്റിയെടുക്കുന്ന ചാറാണ് ചാന്താട്ടത്തിന് ഉപയോഗിക്കുന്നത്. ഔഷധക്കൂട്ടുകള്‍ നിറഞ്ഞ ചാന്ത് ദാരുബിംബത്തെ കേടുകൂടാതെ സംരക്ഷിക്കുന്നതിനുള്ള ഒരു വിധി കൂടിയാണത്. 

നിവേദ്യം :- ദേവി ദേവന്മാര്‍ക്കനുസരിച്ച് നിവേദ്യങ്ങള്‍ വ്യത്യാസപ്പെട്ടിരിക്കും. വെള്ളനിവേദ്യം, പായസനിവേദ്യം, മലര്‍നിവേദ്യം, അപ്പ നിവേദ്യം, ത്രിമധുരം, എന്നിവയൊക്കെ പ്രധാനപ്പെട്ട നിവേദ്യങ്ങളാണ്. പായസം തന്നെ പാല്‍പായസം, നെയ്പായസം, എള്ള്പായസം, കാടു പായസം എന്നിങ്ങനെ പലതരത്തിലുണ്ട്.

ചന്ദനം ചാര്‍ത്തല്‍ :-  ശുദ്ധമായ ചന്ദനം കല്ലില്‍ അരച്ച് വിഗ്രഹത്തില്‍ മുഖം മാത്രമായോ, അരകെട്ട് വരെയോ, വിഗ്രഹം പൂര്‍ണ്ണമായോ ചന്ദനം ചാര്‍ത്തണം.

വിളക്ക് :- വിളക്കുകളില്‍ പ്രധാനപ്പെട്ടത് നെയ്യ് വിളക്കാണ്. നെയ്യ് വിളക്ക് തെളിക്കുന്നത് പ്രധാനമായും ശ്രീകോവിലിനകത്താണ്. കൊടുങ്ങല്ലൂര്‍ തുടങ്ങിയ ചില പ്രധാന ക്ഷേത്രങ്ങളില്‍ പുറത്തെ വലിയവിളക്കില്‍ ഭക്തന്മാര്‍ക്ക് എണ്ണയും നെയ്യും ഒഴിക്കാം. ഏറ്റുമാനുരബലത്തിലെ കെടാവിളക്കില്‍ എണ്ണ പകരുന്നത് പ്രധാനപ്പെട്ടൊരു വഴിപാടാണ്. എള്ളെണ്ണയും വെളിച്ചെണ്ണയും പ്രധാനമായും ഉപയോഗിക്കുന്നു. 

മറ്റുള്ളവ :-  മേല്‍പറഞ്ഞവ കൂടാതെ ഇനിയും വഴിപാടുകളുണ്ട്. ദേവീദേവന്മാരുടെ പ്രത്യേകതയനുസരിച്ച്  ഓരോ ക്ഷേത്രത്തിലും ചില വഴിപാടുകള്‍ പ്രാധാന്യമേറുന്നു. വെടി വഴിപാട്, മീനൂട്ട്, തുലാഭാരം, നാളികേരമുടയ്ക്കല്‍, ഗണപതിഹോമം, മൃത്യുഞ്ജയഹോമം, കറുകഹോമം, ശത്രുസംഹാരം തുടങ്ങിയ പട്ടിക ഓരോ ക്ഷേത്രത്തിലും നിരവധിയുണ്ട്. ഓരോ വഴിപാടുകള്‍ക്കും ഫലങ്ങളും പ്രത്യേകമുണ്ട്. 

കണ്ണെഴുത്ത്

        കുട്ടിയെ കണ്ണെഴുതിക്കുന്ന ചടങ്ങ് ചിലരെങ്കിലും കൊണ്ടാടാറുണ്ട്‌. കുട്ടി ജനിച്ച് ഒമ്പതാം ദിവസം രാവിലെ കുളിപ്പിച്ച് കണ്ണെഴുതിക്കാം. ഇതിന് സാധാരണ കണ്‍മഷി ഉപയോഗിക്കാന്‍ പാടുള്ളതല്ല. കണ്ണില്‍ ആദ്യം പുരട്ടേണ്ട കണ്‍മഷി ഉണ്ടാക്കുന്നതിന് ചില പ്രത്യേകതകള്‍ ഉണ്ട്. കയ്യോന്നിനീരും നാരങ്ങനീരും തുല്യമായി ചേര്‍ത്തതില്‍ വെള്ളമുണ്ടിന്റെ കഷ്ണം മുക്കി ഉണക്കി അത്   പ്ലാവിന്‍ വിറക് കത്തിക്കുന്ന നാളത്തില്‍ കത്തിച്ച് കിട്ടുന്ന കരിയില്‍ നെയ്യ് ചേര്‍ത്ത് കണ്മഷി തയ്യാറാക്കാം. കുഞ്ഞിനെ തെക്കോട്ട്‌ തലവരുന്ന രീതിയില്‍ മടിയില്‍ കിടത്തി കിഴക്ക് ദര്‍ശനമായി തിരിഞ്ഞുനിന്ന് വലതുകൈയ്യിലെ മോതിരവിരല്‍ ആദ്യം ഇടതുകണ്ണിലും പിന്നീട് വലതുകണ്ണിലും മഷിയെഴുതണം.

ഉത്തമമായ പ്രാര്‍ത്ഥന

     പ്രാര്‍ത്ഥനകളും ജപങ്ങളും മൂന്നുരീതിയില്‍ ഭക്തര്‍ അനുഷ്ഠിക്കുന്നു. ചുണ്ടുകള്‍ ചലിക്കാതെ മനസ്സുകൊണ്ട് പ്രാര്‍ത്ഥിക്കുന്നതാണ്  ഒന്നാമത്തെ രീതി ഇത് ഉത്തമം. ചുണ്ടുകള്‍ ചലിപ്പിച്ചുകൊണ്ട്  ചെയ്യുന്ന പ്രാര്‍ത്ഥന മാധ്യമം. മറ്റുള്ളവര്‍ കേള്‍ക്കുന്നവിധം ശബ്ദംവച്ചുള്ള പ്രാര്‍ത്ഥന അധമം. ചുണ്ടുകള്‍ ചലിപ്പിക്കാതെ മനസ്സിനുള്ളില്‍ പ്രാര്‍ത്ഥിക്കുന്നതാണ് അത്യുത്തമം.

പുരാണപാരായണം

      പുരാണഗ്രന്ഥങ്ങളൊക്കെ തന്നെ അധ്യാത്മിക ഗ്രന്ഥങ്ങളാണ്. ആത്മാവിനെ അറിയാനും അത്മോദ്ധാരണത്തിനുതകുന്നതുമായ ജ്ഞാനമാര്‍ഗ്ഗങ്ങളുണ്ട്. അത് മനസ്സിലാക്കി അത്മോദ്ധാരണം കൈവരിക്കുന്നതിന് പുരാണപാരായണം തന്നെയാണ് ഉത്തമമായ മാര്‍ഗ്ഗം. പുരാണപാരായണങ്ങളില്‍ കൂടി മാതമേ ഇത്തരം ജ്ഞാനം കൈവരിക്കാന്‍ കഴിയുകയുള്ളൂ. മറ്റൊരു ഗ്രന്ഥത്തില്‍ നിന്നും ഈയൊരു അറിവ് ലഭിക്കില്ല. പുരാണപാരായണം വ്യക്തികള്‍ അനുഷ്ടിക്കേണ്ട പഞ്ചയജ്ഞങ്ങളില്‍ ഒന്നാണ്. പുണ്യസഞ്ചയത്തിലേക്കുള്ള ഒരുത്തമമാര്‍ഗ്ഗം കൂടിയാണ് പുരാണപാരായണം. പുരാണേതിഹാസഗ്രന്ഥങ്ങള്‍ വായിക്കുകയും കേള്‍ക്കുകയും ചെയ്യുന്നതിലൂടെ ആയുരാരോഗ്യം വര്‍ദ്ധിക്കും. പാപം നശിക്കും. ധനധാന്യസമൃദ്ധിയുണ്ടാകും. കുടുംബൈശ്വര്യമുണ്ടാകും. നിത്യപാരായണത്തിലൂടെ ഭഗവത് സാന്നിദ്ധ്യം ലഭിച്ച പുണ്യംകിട്ടും.

വെള്ളനിവേദ്യം

          അന്നമയമായ ശരീരത്തിന്റെ ദോഷങ്ങള്‍ തീരുന്നതിനും ചിന്താശുദ്ധിക്കും ശത്രുദോഷ നിവാരണത്തിനും വേണ്ടിയാണ് വെള്ളനിവേദ്യം വഴിപാടായി നടത്തുന്നത്. കൂടാതെ കുടുംബൈശ്വര്യത്തിനും വെള്ളനിവേദ്യം നടത്താറുണ്ട്‌.

ഗോ മാഹാത്മ്യം

     ഹിന്ദുധര്‍മ്മത്തിന്റെ അടിസ്ഥാനഘടകമാണ് ഗോരക്ഷ. വേദങ്ങളിലും പുരാണങ്ങളിലും ഗോക്കള്‍ക്കുള്ള സ്ഥാനം മഹത്തരമാണെന്ന് പറയുന്നു. ഋഷിമാര്‍ ഗോക്കളെ പരിപാലിച്ച് അവയുടെ പാലില്‍നിന്ന് കിട്ടുന്ന നെയ്യ് എടുത്താണ് ലോകനന്മാക്കായി യജ്ഞകര്‍മ്മങ്ങള്‍ നടത്തിയിരുന്നത്. ഗോവിന്റെ നെറ്റിയില്‍ ശിവനും, കഴുത്തില്‍ പാര്‍വ്വതിയും, കൊമ്പുകളില്‍ ഇന്ദ്രനും വിഷ്ണുവും ചുണ്ടില്‍ വസുക്കളും ദന്തങ്ങളില്‍ മരുത്തുക്കളും നാക്കില്‍ സരസ്വതിയും നിശ്വാസത്തില്‍ നാല് വേദങ്ങളും ആറ് വേദാംഗങ്ങളും വായില്‍ അഗ്നിയും കണ്ണില്‍ സൂര്യചന്ദ്രന്മാരും മദ്ധ്യത്തില്‍ ബ്രഹ്മാവും ചര്‍മ്മത്തില്‍ പ്രജാപതിയും ചെവികളില്‍ ആശ്വനീദേവന്മാരും കക്ഷത്തില്‍ സാധുദേവതകളും മുതുകില്‍ നക്ഷത്രങ്ങളും അപാനത്തില്‍ സര്‍വ്വതീര്‍ത്ഥങ്ങളും മൂത്രത്തില്‍ ഗംഗയും ചാണകത്തില്‍ ലക്ഷ്മിയും വക്ഷസ്സില്‍ സുബ്രഹ്മണ്യനും വാലില്‍ രമയും പാര്‍ശ്വത്തില്‍ വിശ്വദേവന്മാരും കാല്, മുട്ട്, തുട എന്നിവടങ്ങളില്‍ പഞ്ചവായുക്കളും കുളമ്പിന്റെ അംഗത്തില്‍ സര്‍പ്പങ്ങളും മധ്യത്തില്‍ ഗന്ധര്‍വ്വന്മാരും അകിടില്‍ ചതുര്‍സ്സമുദ്രങ്ങളും സ്ഥിതിചെയ്യുന്നു. അങ്ങനെയുള്ള ഗോമാതാവിനെ നിത്യം വണങ്ങുന്നത് അഭീഷ്ടഫലസിദ്ധി പ്രദാനം ചെയ്യും.

നാളീകേരം ഉടയ്ക്കല്‍

     നാളീകേരമുടയ്ക്കല്‍  ഇന്ന് സാധാരണയായി നടന്നുവരാറുള്ള ഒരു ആചാരമാണ്. ഗണപതി ഭഗവാനാണ് സാധാരണയായി നാളീകേരം ഉടയ്ക്കുന്നത്. നാളീകേരം തലയ്ക്കുഴിയുമ്പോള്‍ സര്‍വ്വപാപങ്ങളും ദോഷങ്ങളും മാറി കിട്ടുന്നു. നാളീകേരം ഒരിയ്ക്കല്‍ പോട്ടിയില്ലെങ്കില്‍ അത് വീണ്ടും എടുത്ത് ഉടയ്ക്കരുത്. വേറെ തേങ്ങ വാങ്ങി വീണ്ടും ഉടയ്ക്കുന്നതാണ് ഉത്തമം. തേങ്ങ എറിഞ്ഞുടയ്ക്കാന്‍ താന്‍ അശക്തനാണ് എന്ന് തോന്നിയാല്‍ വേറൊരു വ്യക്തി വശം തേങ്ങ നല്‍കി ഉടപ്പിക്കാം. മംഗല്യതടസ്സം മാറാന്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലെ വനഗണപതിയ്ക്കും സന്താനസൌഭാഗ്യത്തിന് മലയാലപ്പുഴക്ഷേത്രത്തിലെ ഗണപതിയ്ക്കും തേങ്ങ ഉടയ്ക്കുന്നത് ഉത്തമമാണ്.

പ്രധാന ഹോമങ്ങളും ഫലങ്ങളും

        നിത്യജീവിതത്തില്‍ നമ്മള്‍ ഓരോരുത്തരും നിരവധി പ്രശ്നങ്ങളെ അഭിമുഖീകരിച്ചിട്ടുണ്ട്. ഏതൊരു പ്രശ്നങ്ങള്‍ക്കും പരിഹാരമായി ചില വൈദീകകര്‍മ്മങ്ങളും വിധിച്ചിട്ടുണ്ട്. അത്തരം കര്‍മ്മങ്ങളില്‍ പ്രധാനമാണ് ഹോമം. പ്രധാനഹോമങ്ങളും പുണ്യഫലങ്ങളും.

ഗണപതിഹോമം :- പുതിയ വീട് വച്ച് താമസിക്കുക, തൊഴില്‍ സ്ഥാപനം തുടങ്ങുക, പുതിയ പദ്ധതികള്‍ ആരംഭിക്കുക തുടങ്ങിയ എല്ലാ മംഗളകര്‍മ്മങ്ങള്‍ക്കും മുന്നോടിയായി ഗണപതിഹവനം നടത്തിയാല്‍ തടസ്സങ്ങള്‍ മാറി എല്ലാം ശുഭമായി പര്യവസാനിക്കും. സര്‍വ്വവിഘ്നങ്ങള്‍ക്കും പരിഹാരം വിഘ്നേശ്വരനെ പ്രീതിപ്പെടുത്തുക തന്നെയാണ്.

ലക്ഷ്മികുബേരഹോമം :- സമ്പത്തിന്റെ ദേവതയാണ് മഹാലക്ഷ്മി. ലക്ഷ്മികുബേരഹോമം നടത്തിയാല്‍ ഒരു പരിധിവരെ സാമ്പത്തിക അഭിവൃദ്ധിയും ക്ഷേമൈശ്വര്യങ്ങളും അനുഭവഫലങ്ങളാകും.

സുദര്‍ശനഹോമം :- ഏതൊരു വ്യക്തിക്കും ചില ലക്ഷ്യങ്ങളും ആശങ്കകളുമുണ്ടായിരിക്കും. ആശങ്കളകറ്റി ലക്ഷ്യസ്ഥാനത്തെത്താന്‍ വേണ്ടിയാണ് സുദര്‍ശനഹോമം നടത്തുന്നത്.

മൃത്യുഞ്ജയഹോമം :- ശിവനെ പ്രീതിപ്പെടുത്തി മരണഭയത്തില്‍ നിന്ന് മോചനം നേടി സമാധാനത്തോടെയും ദീര്‍ഘായുസ്സോടെയും ജീവിക്കാന്‍ ശിവങ്കല്‍ മൃത്യുഞ്ജയഹോമം നടത്തുന്നു.

നവഗ്രഹഹോമം :- രോഗാദി ദുരിതങ്ങളില്‍ നിന്ന് ശാന്തി നേടാനും കാലദോഷപരിഹാരമായി നവഗ്രഹഹോമം നടത്തി നവഗ്രഹങ്ങളെ പ്രീതിപ്പെടുത്തുന്നു. 

ആയുര്‍ഹോമം :-  ആയുര്‍ഹോമം നടത്തുന്നത് ദീര്‍ഘായുസ്സിനുവേണ്ടിയാണ്.

സ്വയംവരഹോമം :- വിവാഹതടസ്സങ്ങള്‍ നീങ്ങുവാനും നല്ല ദാമ്പത്യജീവിതം നയിക്കുവാനും വേണ്ടി ശ്രീപാര്‍വ്വതീപരമേശ്വരന്മാരെ പ്രീതിപ്പെടുത്താനായി സ്വയംവരഹോമം നടത്തുന്നു.

ചണ്‍ഡികാഹോമം :- ജീവിതപാതയിലെ തടസ്സങ്ങളെയും ശത്രുക്കളെയും നീക്കുവാനായി ചണ്‍ഡികാഹോമം നടത്തുന്നു. 

ഐക്യമത്യഹോമം :- അഭിപ്രായഭിന്നതകളും കുടുംബകലഹങ്ങളും അകറ്റി കുടുംബാംഗങ്ങള്‍ക്ക് ഐക്യവും ശാന്തിയും പുരോഗതിയുമുണ്ടാകാനായി ഐക്യമത്യഹോമം നടത്തുന്നു.

സീമന്തം

         വിവാഹാനന്തരം ആദ്യമായി ഉണ്ടാകുന്ന ഗര്‍ഭത്തിന്റെ നാലാംമാസത്തിലാണ് സ്ത്രീകള്‍ സീമന്തരേഖയില്‍ കുങ്കുമം അണിയേണ്ടത്. എന്നാല്‍ സാധാരണയായി വിവാഹസമയത്ത് തന്നെ വരന്‍ വധുവിനെ കുങ്കുമം അണിയിക്കുന്നു. ഇത് സ്ത്രീകള്‍ക്കൊരു രക്ഷാകവചമാണ് കാരണം മറ്റുപുരുഷന്മാരാല്‍ താന്‍ നോക്കപ്പെടുന്നത് ഇതില്‍നിന്ന് ഒഴിവാക്കാം. താന്‍ ഭര്‍ത്താവുള്ള സ്ത്രീയാണ് എന്ന് വിളിച്ചോതുന്ന തരത്തില്‍ സ്ത്രീകള്‍ തങ്ങളുടെ കറുത്തമുടി രണ്ടായി പകുത്തെടുത്ത് അവിടെ സിന്ദൂരം അണിയുന്നു. ഇതാണ് സീമന്തം എന്ന പേരില്‍ അറിയപ്പെടുന്നത്.

വരണമാല്യം

       വരണമാല്യം ചാര്‍ത്തുന്നതിലൂടെ സ്ത്രീയും പുരുഷനും പരസ്പരം ബന്ധം പുലര്‍ത്തുന്നു എന്നതിന് തെളിവാണ്. വരന്‍ അണിയിക്കുന്ന മാല്യത്തിലൂടെ വധു തന്റെ സര്‍വ്വസ്വവും വരനായി നല്‍ക്കണമെന്നും, വധു അണിയിക്കുന്ന മാല്യത്തിലൂടെ വരന്റെ സര്‍വ്വസ്വവും വധുവിനാകണമെന്നുമാണ് വ്യവസ്ഥ. വരണമാല്യം വധുവിന്റെയും വരന്റെയും ചെവി, ചുണ്ട്, കഴുത്ത്, ഹൃദയം, നാഭി, ലിംഗം എന്നിവയിലൂടെ കടന്നുപോകണം. ഇതിനര്‍ത്ഥം ചെവി ഞാനസ്വരൂപമായും, ചുണ്ട് വാക്ദേവതയായും, കഴുത്ത് പ്രാര്‍ത്ഥനയേയും, ഹൃദയം പരിശുദ്ധിയേയും, നാഭി പൂര്‍വ്വകാലബന്ധങ്ങളെയും, ലിംഗം അടുത്ത സംസ്കാരത്തേയും സൂചിപ്പിക്കുന്നു. വരണമാല്യം ചാര്‍ത്തുന്നതിലൂടെ സ്ത്രീയ്ക്ക് പുരുഷനും, പുരുഷന് സ്ത്രീയും സ്വന്തമാകുന്നു. ഈ ആറംഗങ്ങള്‍ കാമക്രോധമോഹ ലോഭമതമാല്‍സര്യത്തെ സൂചിപ്പിക്കുന്നു. 

താലിചാര്‍ത്തല്‍

         വിവാഹം എന്ന വ്യവസ്ഥയിലെ പരമപ്രധാനമായ ഒരു ചടങ്ങാണ് താലി ചാര്‍ത്തല്‍. വരന്‍ വധുവിന്റെ കഴുത്തില്‍ അണിയുന്ന താലിയ്ക്ക് മംഗല്യസൂത്രം എന്നും പേരുണ്ട്. ആലിലയുടെ ആകൃതിയിലോ ത്രികോണാകൃതിയിലോ ഉള്ള താലി മഞ്ഞച്ചരടില്‍ ഇട്ടാണ് താലി ചാര്‍ത്തുന്നത്. ഇതുവഴി അവര്‍ക്ക് ഭാര്യ - ഭര്‍തൃബന്ധം സ്ഥാപിക്കാം. താലിയുടെ ചുവട്ടില്‍ ശിവസാന്നിധ്യവും, മധ്യത്തില്‍ വിഷ്ണുസാന്നിധ്യവും, തുമ്പത്ത് ബ്രഹ്മസാന്നിധ്യവുമുണ്ട്. അതിനാല്‍ ഭാരതിയാചാരപ്രകാരം താലിയ്ക്ക് വലിയ വിലയാണ് സ്ത്രീകള്‍ നല്‍കുന്നത്. സത്വരജതമഗുണങ്ങള്‍ വഹിക്കുന്ന താലി ചരടില്‍ വീഴുന്ന കെട്ടില്‍ മായാശക്തി സ്ഥിതിചെയ്യുന്നു. താലിയുടെ പവിത്രമായ ആശയം ഭാരതീയ സംസ്ക്കാരത്തിന്റെ മുഖമുദ്രയാണ് എന്ന്‍ തന്നെ പറയാം.

പുടവകൊടുക്കല്‍

        വിവാഹം എന്ന ആചാരത്തിന്റെ ഒരു പ്രധാന ചടങ്ങാണ് മന്ത്രകോടി കൊടുക്കല്‍ എന്ന പുടവ കൊടുക്കല്‍. വസ്ത്രത്തിന് നിരവധി ധര്‍മ്മങ്ങളുണ്ട്. നാണം മറയ്ക്കുക, തണുപ്പ്, ചൂട് എന്നിവയില്‍ നിന്ന് രക്ഷിക്കുക, സൗന്ദര്യം സൃഷ്ടിക്കുക, വ്യക്തിത്വം പ്രകടിപ്പിക്കുക, ആശ്രയം നല്‍കുക. ഈവിധ ഗുണങ്ങള്‍ നിര്‍വഹിക്കുന്ന പുടവ വരന്‍ വധുവിന് നല്‍കുന്നതിലൂടെ അവളെ എല്ലാ നിലയിലും സംരക്ഷിക്കും എന്ന ഉറപ്പാണ് സാക്ഷാത്കരിക്കുന്നത്. ഗൃഹസ്ഥാശ്രമിയായ പുരുഷന്‍ ഒരു സ്ത്രീയെ ഭാര്യയായി സ്വീകരിക്കുമ്പോള്‍ ഈ അഞ്ച് ധര്‍മ്മവും പാലിക്കണം എന്ന് ആണ് വ്യവസ്ഥ.

മോതിരമണിയല്‍

       വിവാഹസമയത്തെ മറ്റൊരു പ്രധാന ചടങ്ങാണ് മോതിരമണിയല്‍. പുരുഷന്റെ ശക്തമായ വലതുകൈയിലും സ്ത്രീയുടെ ശക്തമായ ഇടതുകൈയിലും ഉള്ള മോതിരവിരലിലാണ് മോതിരം ധരിക്കുന്നത്. ഇത് ആത്മീയ ദാമ്പത്യത്തിന്റെ പ്രതീകമാണ്.

       പഞ്ചഭൂതങ്ങളാല്‍ നിര്‍മ്മിതമായിരിക്കുന്ന മനുഷ്യശരീരത്തില്‍ മോതിരവിരല്‍ ജലത്തെ പ്രതിനിധാനം ചെയ്യുന്നു. ജലത്തില്‍നിന്നു ഉരുത്തിരിഞ്ഞ ജ്ഞാനെന്ദ്രിയം നാവും, കര്‍മ്മേന്ദ്രിയം ലൈംഗീകാവയവുമാണ്. അതിനാല്‍ സ്ത്രീപുരുഷ ബന്ധത്തെയും ലൈംഗീകജീവിതാഭിലാഷത്തെയും സൂചിപ്പിക്കാനാണ്   മോതിരം മോതിരവിരലില്‍ അണിയുന്നത്.  

കന്യാദാനം

       വിവാഹസമയത്തെ പ്രധാന ചടങ്ങാണ് കന്യാദാനം. പിതാവ് തന്റെ പുത്രിയുടെ വലതുകരം വരന്റെ വലതുകരത്തില്‍ വെറ്റിലസമേതം പിടിപ്പിക്കുന്നതാണ് ഈ കര്‍മ്മം. തന്റെ പുത്രിയുടെ ഇനിയുള്ളകാലം നിനക്കായി നല്‍കിയിരിക്കുന്നു എന്നാണ് ഈ കീഴ്വഴക്കത്തിനാധാരം. സ്ത്രീയ്ക്ക് പുരുഷനും, പുരുഷന് സ്ത്രീയും തുണയായി ഇരുവരും സന്തോഷപൂര്‍വ്വം സുഖപ്രദമായി ജീവിതം നയിച്ച്‌ പുത്തന്‍തലമുറയിലൂടെ അവരുടെ പാരമ്പര്യം നിലനിര്‍ത്തും എന്നതാണ് വ്യവസ്ഥ. ഭാരതീയ ആചാരപ്രകാരം ഇത് പിതൃപുത്രി ബന്ധത്തിന്റെ മഹത്വവും പാവനവുമായ ധര്‍മ്മമാണ്. വിവാഹനാള്‍വരെ പുത്രിക്ക് പിതാവ് എത്ര വലുതാണോ അതിനേക്കാള്‍ വലുത് ഭര്‍ത്താവ് എന്നത് കന്യാദാനത്തിന്റെ മഹത്വമാണ്. അച്ഛന്‍ മകള്‍ക്ക് എപ്രകാരം തുണ നല്‍കി പോറ്റി വളര്‍ത്തി സംരക്ഷിച്ചോ അതുപോലെതന്നെ ഭര്‍ത്താവും ഭാര്യയെ നോക്കുമെന്ന വിശ്വാസത്തിനടിസ്ഥാനമാണ് കന്യാദാനം. പിതൃസ്ഥാനത്തു നിന്ന് സഹോദരനും കന്യാദാനം നടത്താം. 

കര്‍ക്കിടക സങ്ക്രാന്തി

     സങ്ക്രമത്തിന്റെ തലേദിവസം, ഭവനം അകവും പുറവും, സാധിക്കുന്നെടത്തോളം പറമ്പ്മുഴുവനും, വെടുപ്പാക്കണം. ഈ ചടങ്ങ് ഇന്നേറെക്കുറെ വിസ്മൃതമായിക്കാണുന്നത്‌  ഖേദകരം തന്നെ. അടിക്കാടുകളെല്ലാം അടിച്ചുകൂട്ടി ഒരു പോട്ടകലത്തിലാക്കി,നാറത്തുണികളും കീറത്തുണികളുമുണ്ടെങ്കില്‍ അതൊക്കെകൂടി ഒരു കീറപ്പായിലെടുത്തു ചുരുട്ടി, ഈ കലവും പായും കൊണ്ട് ഒരാള്‍ സങ്ക്രമ ദിനത്തിന്റെ തലേന്ന് സന്ധ്യക്ക്‌, ഭവനത്തിലെ ആര്‍ക്കും ശല്യമില്ലാത്ത ഏതെങ്കിലും ഒരൊഴിഞ്ഞ സ്ഥലത്തുകൊണ്ടിടണം. കലത്തില്‍ കനത്തിലൊരു പച്ചത്തിരി (എണ്ണനനയ്ക്കാത്ത തിരി) കത്തിച്ചുവചിരിക്കും. "അശ്രീകര" ത്തിന്റെ പ്രതീകമാണ് ഈ പായും കലവും. ചേട്ടാഭഗവതിയാണ് അശ്രീകരം. "ചേട്ടയെക്കയല്‍" എന്നാണീ ചടങ്ങിന്റെ പേര്. "പൊട്ടിയെകളയല്‍" എന്നും പ്രാദേശികഭേദത്തില്‍ പ്രയോഗമുണ്ട്. ഈ യാത്രയില്‍ "ഫാ" "ഫൂ" ചേട്ടാഭഗവതി പുറത്ത്; ശ്രീഭഗവതി അകത്ത്" എന്നാര്‍ത്തുവിളിച്ചുകൊണ്ട് കുട്ടികള്‍ പിന്നാലെ കൂടും. ആശ്രിത ജനങ്ങളിലാരെങ്കിലുമാണ് ചേട്ടയെകളയുന്നതെങ്കില്‍ അവര്‍ക്ക് ഈ കൃത്യം കഴിഞ്ഞു കുളിച്ചുവന്നാല്‍ (കുളി, ആരായാലും നിര്‍ബന്ധം തന്നെ.) ഒരു കോടിമുണ്ട് കൊടുക്കും. തറവാട്ടില്‍ കാരണവത്തിയാണ് കൊടുക്കുക. കൂട്ടുകുടുംബത്തിന്റെ അഭാവത്തില്‍ ഈ വക പതിവുകളുടെ പ്രാധാന്യം കുറഞ്ഞുപോകുന്നത് സ്വാഭാവികം തന്നെ. എന്നാലും സങ്ക്രാന്തിത്തലേന്നുള്ള ശുചീകരണം അണ്കുടുംബക്കാരും  ഒഴിവാക്കരുതാത്തതാണ്. മുറ്റം മുഴുവന്‍ ചാണകം മെഴുകലും ഈ ശുചീകരണത്തിന്റെ ഭാഗംതന്നെ.

     കര്‍ക്കിടകമാസം മുഴുവന്‍ "ചീപോതിയ്ക്കു വയ്ക്കല്‍" എന്നൊരാചാരമുണ്ട്. ബ്രഹ്മമുഹൂര്‍ത്തത്തിലെഴുനേറ്റു കുളിച്ചുവന്നാല്‍ അഷ്ടമംഗല്യത്തിനടുത്ത് ഒരു നിലവിളക്ക് കിഴക്കോട്ടു തിരിയിട്ടു കത്തിച്ചുവയ്ക്കുന്നതാണ് 'ശ്രീഭഗവതിയ്ക്ക് വയ്ക്കലിന്റെ' ചടങ്ങ്. ഒരു കിണ്ടി വെള്ളവും വിളക്കിന്റെ അടുത്തു വയ്ക്കാറുണ്ട്.

തൃക്കാര്‍ത്തിക

   വൃശ്ചികമാസത്തിലെ തൃക്കാര്‍ത്തിക നാളില്‍ അനുഷ്ഠിക്കുന്ന ഒരു കര്‍മ്മം. ഒരു വ്രതാനുഷ്ഠാനത്തെക്കാളുപരി ഒരു ആഘോഷമാണ്. ലക്ഷ്മികടാക്ഷത്തിനായി സന്ധ്യാനേരത്ത് മണ്ചെരാതുകളില്‍ ദീപങ്ങള്‍ കൊളുത്തി വിടും പരിസരവും പ്രകാശപൂര്‍ണ്ണമാക്കുന്നു. ഇതിന് കാര്‍ത്തിക വിളക്ക് എന്നറിയപ്പെടുന്നു. വീടുകളില്‍ തിരികൊളുത്തി ഭക്തജനങ്ങള്‍ തൃക്കാര്‍ത്തികയാഘോഷിക്കുമ്പോള്‍ പല ദേവീക്ഷേത്രങ്ങളിലും സുബ്രഹ്മണ്യക്ഷേത്രങ്ങളിലും തൃക്കാര്‍ത്തിക ഉത്സവമായി ആഘോഷിച്ചു തുടങ്ങിയിട്ടുണ്ട്.

ശനിദോഷത്തിന് ശനീശ്വരപൂജ

    നൈഷ്ഠിക ബ്രഹ്മചര്യത്തിന്റെ പ്രതീകമാണ് ശ്രീധര്‍മ്മശാസ്താവ്. അയ്യപ്പനും ധര്‍മ്മശാസ്താവും രണ്ടാണ്. മഹാവിഷ്ണുവിന്റെ മോഹിനിരൂപത്തെ കാമിച്ച് മഹേശ്വരനുണ്ടായ പുത്രനാണ് ധര്‍മ്മശാസ്താവ്. ധര്‍മ്മശാസ്താവിന്റെ അംശാവാതാരമാണ് ശ്രീഅയ്യപ്പന്‍. തീരാദുരിതങ്ങള്‍ക്കും ശനിദോഷശമനത്തിനുമായി കലിയുഗവരദനായ അയ്യപ്പനെ ശരണം പ്രാപിക്കാം... ഈ ഭൂമിയില്‍ പിറന്നുവീണ എല്ലാ മനുഷ്യരുടെ ജീവിതത്തിലും ശനിദോഷം കടന്നുവരും. ജനനസമയം അനുസരിച്ച് ശനിദോഷത്തിന്റെ ശക്തി കൂടിയും കുറഞ്ഞുമിരിക്കും. ചിലരുടെ ജീവിതത്തിലെ പ്രധാനസംഭവങ്ങളെല്ലാം നടക്കുന്നത് ഒരു പക്ഷെ ഈ കാലഘട്ടത്തിലായിരിക്കും. യൌവനത്തിലെ ശനിദശയ്ക്കയിരിക്കും കാഠിന്യം. ബാല്യത്തിലും വാര്‍ദ്ധ്യക്യത്തിലും വരുന്ന ശനിദശയ്ക്ക് ശക്തികുറവായിരിക്കും. എന്നാല്‍ ചില വ്യക്തികളെ ഈശ്വരാനുഗ്രഹം കുറവായ സന്ദര്‍ഭങ്ങളില്‍ ശനിദോഷം ശരിക്കും ബാധിക്കുകയും കഷ്ടപ്പെടുത്തുകയും ചെയ്യും. ഒരുവന്റെ പൂര്‍വ്വ ജന്മ പ്രാരാബ്ധങ്ങളെല്ലാം അവനവന്‍ അനുഭവിച്ചു തന്നെ തീര്‍ക്കണം. എന്നിരുന്നാലും നവഗ്രഹ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളില്‍ ശനീശ്വരപൂജ ചെയ്യുന്നതും അയ്യപ്പസ്വാമിക്ക് എള്ള്തിരി കത്തിക്കുന്നതും എള്ള്പായസം കഴിക്കുന്നതും അതിലുപരി അയ്യപ്പസ്വാമിക്ഷേത്രങ്ങളില്‍ ശനിയാഴ്ചകളില്‍ ദര്‍ശനം നടത്തുന്നതും ശനിദോഷശാന്തിക്ക് ഉത്തമമാണ്. ധര്‍മ്മശാസ്താവിന് മുമ്പില്‍ മുട്ടിയുടച്ച നാളികേരം മുറിയില്‍ എണ്ണയൊഴിച്ച് നീരാഞ്ജനം കത്തിക്കുന്നത് അത്യന്തം ശ്രേയസ്കരമാണ്. 

" നീലാഞ്ജന സമാഭാസം  - രവിപുത്രം യാമാഗ്രജം ച്ഛായ
മാര്‍ത്താണ്ഡസംഭൂതം തം നമാമി ശനൈശ്ചര്യം."

          ശനിയാഴ്ച കാക്കയ്ക്ക് പച്ചരിയും എള്ളും കലര്‍ത്തി നനച്ച് കൊടുക്കാം. പാവപ്പെട്ടവര്‍ക്ക് ഒരു നേരത്തെ ആഹാരം കൊടുക്കുന്നതും കറുപ്പോ നീലയോ വസ്ത്രം ദാനം ചെയ്യുന്നതും നല്ലതാണ്.

നക്ഷത്രമെന്താണെന്ന് അറിയേണ്ടേ?

                ഒരു കുഞ്ഞ് ജനിച്ചാലുടനെതന്നെ നക്ഷത്രമെന്താണെന്ന് നോക്കുന്നത് പതിവാണല്ലോ. സ്വന്തം നക്ഷത്രം എന്താണെന്നറിയാത്തവരും ഉണ്ടാകില്ല. ജ്യോതിഷത്തില്‍ നക്ഷത്രം അല്ലെങ്കില്‍ നാള്‍ എന്നുപറയുന്നത് എന്താണെന്നാണ് ഈ ലേഖനത്തിന്റെ വിഷയം.

           മേടം, ഇടവം തുടങ്ങിയ 12 രാശികള്‍ ചേര്‍ന്നതാണ് രാശിചക്രമെന്ന് അറിയാമല്ലോ. ഇതേ രാശിചക്രത്തെത്തന്നെ 27 സമഭാഗങ്ങളായി വിഭജിച്ചാല്‍ കിട്ടുന്ന ഓരോ ഭാഗത്തേയും ഓരോ നക്ഷത്രമെന്ന് പറയുന്നു. മേടം മുതല്‍ വലത്തോട്ടാണ് രാശിചക്രത്തില്‍ നക്ഷത്രങ്ങള്‍ തുടങ്ങുന്നത്.

               മേടം മുതല്‍ 12 രാശികളിലായി അശ്വതി തുടങ്ങി 27 നക്ഷത്രങ്ങളെ വിന്യസിച്ചിരിക്കുന്നു. ഓരോ രാശിയിലും രണ്ടേകാല്‍ നക്ഷത്രം വീതമാണുള്ളത്. നക്ഷത്രങ്ങളെ സൂചിപ്പിക്കാന്‍ അവയുടെ പേരിന്റെ ആദ്യാക്ഷരമാണ് ഉപയോഗിക്കുന്നത്.

നക്ഷത്രങ്ങളുടെ ക്രമം ഇങ്ങനെയാണ്

1. അശ്വതി, 2. ഭരണി, 3. കാര്‍ത്തിക, 4. രോഹിണി, 5. മകയിരം, 6. തിരുവാതിര, 7. പുണര്‍തം, 8. പൂയം, 9. ആയില്യം, 10. മകം, 11. പൂരം, 12. ഉത്രം, 13. അത്തം, 14. ചിത്തിര, 15. ചോതി, 16. വിശാഖം, 17. അനിഴം, 18. തൃക്കേട്ട, 19. മൂലം, 20. പൂരാടം, 21. ഉത്രാടം, 22. തിരുവോണം, 23. അവിട്ടം, 24. ചതയം, 25. പൂരുരുട്ടാതി, 26. ഉത്രട്ടാതി, 27. രേവതി

ഓരോ രാശിയിലുമുള്ള നക്ഷത്രങ്ങള്‍
1. അശ്വതി, ഭരണി, കാര്‍ത്തിക 1/4
2. കാര്‍ത്തിക 3/4,  രോഹിണി, മകയിരം 1/2 
3. മകയിരം1/2, തിരുവാതിര, പുണര്‍തം 3/4
4. പുണര്‍തം 1/4, പൂയം, ആയില്യം .
5. മകം, പൂരം, ഉത്രം 1/4,
6. ഉത്രം 3/4, അത്തം, ചിത്തിര 1/2
7. ചിത്തിര 1/2, ചോതി, വിശാഖം 3/4
8. വിശാഖം 1/4, അനിഴം, തൃക്കേട്ട
9. മൂലം, പൂരാടം, ഉത്രാടം 1/4.
10. ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2
11. അവിട്ടം 1/2, ചതയം, പൂരോരുട്ടാതി 3/4
12. പൂരോരുട്ടാതി 1/4 ഉത്രട്ടാതി, രേവതി

          ഇതില്‍ 1/4 എന്നത് 60  നാഴികയുടെ നാലില്‍ ഒരു ഭാഗമായ 15 നാഴികയെന്നും, 1/2 എന്നത് 60 നാഴികയുടെ പകുതിഭാഗമായ 30 നാഴികയെന്നും, 3/4 എന്നത് 60 നാഴികയുടെ 3/4 ഭാഗമായ 45 നാഴിക എന്നും ഗ്രഹിക്കണം.  
        ഓരോ ഗ്രഹവും രാശിയുടെ ഏതേതു ഭാഗങ്ങളില്‍ നില്‍ക്കുന്നുവെന്ന് കണ്ടുപിടിക്കാനുള്ള ഗണിതരീതികള്‍ ജ്യോതിഷത്തിലുണ്ടെന്ന് പറഞ്ഞല്ലോ. അതുപോലെതന്നെ ഒരു നിശ്ചിത സമയത്ത് ഓരോ ഗ്രഹവും ഏത് നക്ഷത്രത്തിലൂടെയാണ് സഞ്ചരിക്കുന്നതെന്നും കണ്ടുപിടിക്കാം. സാധാരണ ഇത്തരം നക്ഷത്രസ്ഥിതികളും പഞ്ചാംഗത്തില്‍ ഉണ്ടായിരിക്കും.

          എല്ലാഗ്രഹങ്ങളും ഓരോ നക്ഷത്രങ്ങളിലൂടെ സഞ്ചരിക്കുന്നുണ്ടെങ്കിലും അവയില്‍ ചന്ദ്രന്റെ സ്ഥാ‍നം ജ്യോതിഷത്തില്‍ വളരെ പ്രധാനപ്പെട്ടതാണ്. സൂര്യന്‍ ഏകദേശം 30 ദിവസം (ഒരു മാസം) കൊണ്ട് ഒരു രാശിയിലൂടെ കടന്നുപോകുന്നുണ്ടെന്ന് പറഞ്ഞല്ലോ. ചന്ദ്രന് ഒരു രാശിയിലൂടെ കടന്നുപോകാന്‍ 27 ദിവസമാണ് വേണ്ടിവരുന്നത്.

            അതായത് രാശിചക്രത്തെ 27 ആയി ഭാഗിച്ചതിലെ ഒരു ഭാഗമായ ഒരു നക്ഷത്രത്തിലൂടെ കടക്കാന്‍ ചന്ദ്രന് ഏകദേശം ഒരു ദിവസം (24 മണിക്കൂര്‍ / 60 നാഴിക) വേണം. ചന്ദ്രന്‍ ഓരോ നക്ഷത്രത്തിലും എപ്പോഴൊക്കെയാണ് കടക്കുന്നത് എന്ന് കണ്ടുപിടിക്കാനുള്ള ഗണിതക്രിയകളും നിലവിലുണ്ട്. സൂര്യന്റെ ഉദയാസ്തമനങ്ങളുമായി ചന്ദ്രന്റെ ഈ സഞ്ചാരത്തിന് ബന്ധമൊന്നുമില്ല എന്നകാര്യം ഇവിടെ ഓര്‍ക്കേണ്ടതാണ്.

           ഒരു കുട്ടിയുടെ ജനനസമയത്ത് ചന്ദ്രന്‍ ഏതു നക്ഷത്രത്തിലൂടെയാണ് സഞ്ചരിക്കുന്നത്; ആ നക്ഷത്രമാണ് കുട്ടിയുടെ നാള്‍ അല്ലെങ്കില്‍ ജന്മ നക്ഷത്രം.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.