ചിലന്തിവിഷ ചികിത്സയ്ക്ക് ഒരു ക്ഷേത്രം

  പത്തനംതിട്ട ജില്ലയിലെ അടൂരിന് സമീപം കൊടുമണ്ണില്‍ ചിലന്തികള്‍ക്ക് ഒരമ്പലം ഉണ്ട്. ചിലന്തി വിഷത്തില്‍ നിന്നുള്ള മോചനത്തിനായി ജാതിമതഭേദമന്യേ നിരവധി ഭക്തന്മാര്‍ പള്ളിയറ ക്ഷേത്രത്തിലെത്തി മലര്‍ നിവേദ്യം നടത്തി വരുന്നു.

ചെന്നീര്‍ക്കര രാജ കുടുംബത്തിന്‍റെ തേവാരമൂര്‍ത്തികളായിരുന്നു ശ്രീ വൈകുണ്ഠ ക്ഷേത്രത്തിലെ മഹാവിഷ്ണുവും പള്ളിയറ ക്ഷേത്രത്തിലെ ദേവിയും. ഈ ക്ഷേത്രങ്ങള്‍ക്ക് സമീപമുള്ള കോയിക്കല്‍ കൊട്ടാരമായിരുന്നു തമ്പൂരാക്കന്മാരുടെ പാര്‍പ്പിടം. കൊട്ടാരത്തിലെ അംഗങ്ങള്‍ അകാല മൃത്യുവിന് ഇരയായി കൊണ്ടിരുന്നു. അവസാനം ഒരു തമ്പുരാട്ടി മാത്രം അവശേഷിച്ചു. ദുഃഖം സഹിക്കാന്‍ വയ്യാതെ ആ തമ്പുരാട്ടിയും അറയില്‍ കയറി കതകടച്ച് തപസ്സില്‍ മുഴുകി സമാധിയായി. തമ്പുരാട്ടിയെ അന്വേഷിച്ചെത്തിയ ബന്ധുക്കള്‍ കണ്ടത് സമാധിയിലാണ്ട തമ്പുരാട്ടിയുടെ ദേഹസകലം ചിലന്തികളെ കൊണ്ട് മൂടിയ കാഴ്ചയാണ്. തമ്പുരാട്ടി പള്ളിയറ ദേവിയില്‍ വിലയം പ്രാപിച്ചു. ദേവി ചിലന്തി തമ്പുരാട്ടിയായി. ഈ പ്രദേശത്ത് ജനിച്ചവര്‍ക്ക് ചിലന്തി വിഷം എല്ക്കാരില്ല. ചിലന്തികളെ കൊല്ലാറുമില്ല. വൃശ്ചികമാസത്തിലെ കാര്‍ത്തികയ്ക്കാണ് ഉത്സവം.

ഹിന്ദുവിന് പ്രത്യേകം ആചാര്യന്മാരില്ല


 ത്രികാലജ്ഞാനികളായ അനേകം ആചാര്യന്മാര്‍ ജനിച്ച നാടാണ് ഭാരതം. ഓരോരുത്തരും സ്വയം അറിയുന്നവരായിത്തീരണം. ഈശ്വരന്‍ എല്ലായിടത്തും എല്ലാവരിലും തുല്യമായി തിളങ്ങുന്നുണ്ട്. അതറിയുമ്പോള്‍ ആരും ആരില്‍ നിന്നും കുറവോ കൂടുതലോ ഉള്ളവരായി മാറുന്നില്ല. സമത്വം, സമചിത്തത ഇവയാണിവിടെ. എല്ലാവരും അന്യോന്യം ബഹുമാനിതരാകുന്നു. അംഗീകൃതരാകുന്നു, സ്നേഹി ക്കേണ്ടവരും ആദരിക്കേണ്ടവരും ആയിത്തീരുന്നു. ഏറ്റകുറച്ചിലുകള്‍ മനുഷ്യര്‍ക്കിടയില്‍ സംഭവിക്കുന്നതേയില്ല.

  എല്ലാറ്റിനേയും സ്നേഹിയ്ക്കുക, ഓരോന്നിലും ഈശ്വരന്‍ മാത്രമേയുള്ളൂ. ഇതൊക്കെ മനസ്സിലാക്കി തരുന്നതിന് ഒരു ഗുരുവിനെ ആദരിച്ച് സ്വീകരിച്ചു കൊള്ളേണ്ടതാകുന്നു. പ്രകൃതിയേയും, പ്രകൃതിയിലെ ജീവികളേയും, സസ്യജാലങ്ങളേയും, ജലാശയങ്ങളേയും, മഴമേഘങ്ങളേയും ഗുരുതുല്യരായികാണുന്ന സംസ്ക്കാരം നമുക്കുള്ളപ്പോള്‍ പ്രത്യേകം ആചാര്യന്മാര്‍ ആവശ്യമായി വരുന്നില്ല.

അറിവ് തികയുമ്പോള്‍ ആരും ആചാര്യന്മാരായി മാറുന്നതാണ്.

സര്‍വ്വ ഐശ്വര്യത്തിന് ഉദയാസ്തമനപൂജ


   ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഏറ്റവും വലുതും ചെലവേറിയതുമായ ഒരു വഴിപാടാണ് ഉദയാസ്തമനപൂജ. ഒരു ദിവസത്തെ ഇരുപത്തിയൊന്നു (21) പൂജകളും ഉള്‍പ്പെടുന്ന ഈ പൂജ നടത്തുവാന്‍ വഴിപാടുകാരന് വര്‍ഷങ്ങളോളം കാത്തിരിക്കേണ്ടിവരും. ഗുരുവായൂരപ്പന്‍റെ ഭക്തനായ ചെമ്പൈ വൈദ്യനാഥ ഭാഗവതരാണ് ഉദയാസ്തമനപൂജയ്ക്ക് വന്‍ പ്രചാരം കൊടുത്തത്.

ഭക്തന്‍ ചിന്തിയ്ക്കുന്നതുപോലെയാകും ഈശ്വരന്‍


  ഒരു മനുഷ്യന്‍റെ വിചാരവികാരങ്ങള്‍ക്കനുസരിച്ച് ശരീരത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതാണ്. കോപിയ്ക്കുന്നയാള്‍ക്ക് രക്തപ്രവാഹവും ശരീരപ്രവര്‍ത്തനവും പ്രത്യേക വിധത്തിലായിരിയ്ക്കും. ശാന്തിയും സമാധാനവും ഉള്ള മനസ്സില്‍ രക്തത്തിന്‍റെ കുതിപ്പിന് വ്യത്യാസം ഉണ്ടാകുന്നു. ശരീരത്തിന്‍റെ പ്രവര്‍ത്തനം അതിന്നനുസരിച്ച് മാറുന്നതാണ്. ഈശ്വരന്‍റെ വിവിധ ഭാവങ്ങളും രൂപങ്ങളും മനുഷ്യനിലെ മാറ്റങ്ങള്‍ പോലെത്തന്നെയാകുന്നു.

  ശാന്തം, രൗദ്രം ഈ ഭാവങ്ങള്‍ മനുഷ്യനിലുണ്ടാകാറുണ്ട്. അതുപോലെയുള്ള മാറ്റങ്ങളുടെ രൂപങ്ങളാണ് ദേവന്മാര്‍ക്കും കല്പിച്ചിട്ടുള്ളത്. ഈ മാറ്റങ്ങള്‍ ഒരാളുടെ പല ഭാവങ്ങള്‍ തന്നെയാണ്. ശിശുവും ബാലനും യുവാവും  അച്ഛനും അമ്മാവനും അപ്പൂപ്പനുമാകുന്നു ഒരു മനുഷന്‍. ഒരാളിലാണ് ഈ വ്യതിയാനങ്ങള്‍ അനുഭവപ്പെടുന്നത്. എന്നാല്‍ പലര്‍ക്കും പലതാണ് അയാള്‍. ഈ ഒരു മനുഷ്യന്‍ അമ്മയ്ക്ക് മകനും ജ്യേഷ്ഠന് സഹോദരനും ഭാര്യയ്ക്ക് ഭര്‍ത്താവും ശേഷക്കാരന് അമ്മാവനും ഒരാളുടെ സഹോദരി മറ്റൊരാള്‍ക്ക് ഭാര്യയും ആയിതീരുന്നതാണ്. ഇതെല്ലാം ഒന്നിലെ പല ഭാവമാറ്റങ്ങള്‍ മാത്രം. ഈശ്വരന്‍ ഇതുപോലെ ഒന്നുമാത്രമേയുള്ളൂ. പല ഭാവങ്ങളില്‍ നാം ഈശ്വരനെ ആരാധിക്കുകയാണെന്ന് മനസ്സിലാക്കണം.

തുമ്പപ്പൂ അര്‍ച്ചന - കാര്യസാദ്ധ്യത്തിന്

  എറണാകുളം ജില്ലയില്‍ തൃപ്പുണിത്തുറ വൈക്കം റോഡില്‍ നടക്കാവിലാണ് ശ്രീനരസിംഹ ശ്രീകൃഷ്ണ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഒരേ ശ്രീകോവിലിലാണ് ശ്രീനരസിംഹമൂര്‍ത്തിയേയും ശ്രീഭഗവതിയേയും പ്രതിഷ്ഠിച്ചിരിക്കുന്നത്. പടിഞ്ഞാറ് അഭിമുഖമായി മറ്റൊരു ശ്രീകോവിലില്‍ ശ്രീകൃഷ്ണനേയും പ്രതിഷ്ഠിച്ചിട്ടുണ്ട്. കാര്യസിദ്ധിയ്ക്കും, വിവാഹതടസ്സങ്ങള്‍ മാറുന്നതിനും പന്ത്രണ്ട് വെള്ളിയാഴ്ചകളില്‍ തുമ്പപ്പൂ അര്‍ച്ചന നടത്തിയാല്‍ ഫലസിദ്ധി വരുമെന്നാണ് വിശ്വാസം. 

ഈശ്വരനെ അറിയുവാന്‍

രൂപം, സ്വരൂപം, വിരൂപം, അരൂപം ഇങ്ങനെ നാല് അവസ്ഥകളെ മറികടക്കുന്നവര്‍ മാത്രമേ ഈശ്വരനെ അറിയുന്നുള്ളൂ. രൂപത്തെ വച്ച് ആരാധിയ്ക്കുന്നതാണ് ആദ്യപടി. ഈശ്വരനെന്ന സങ്കല്‍പത്തില്‍ രൂപമുണ്ടാക്കി തങ്ങളുടെ ഭാവനകളിലൂടെ ഈശ്വരനെ ആരാധന നടത്തുന്ന സമ്പ്രദായം പൊതുവേ കാണുന്നതാണ്. ഭഗവാന് ഇഷ്ടമാകുന്നു എന്ന വിചാരത്തില്‍ നിവേദ്യങ്ങള്‍ നല്‍കുകയും ചെയ്യും. രൂപം കൊടുത്തിട്ട് നമ്മെപ്പോലെയാകുന്നുവെന്ന തിരിച്ചറിവുണ്ടാകുന്ന രണ്ടാമത്തെ അവസ്ഥയെ സ്വരൂപമായി ഭാവിക്കുന്നു. ഭഗവാന്‍ തന്നെപ്പോലെയാണ് എന്ന് കാണുകയായാണിവിടെ.

ഈ തലം കഴിഞ്ഞാല്‍ ഈശ്വരവിജ്ഞാനം ഏത് രൂപത്തിലാണെന്ന് അറിയുവാനാകാതെ മനസ്സ് ഉഴലുന്നു. ഭാവനകളില്‍ ഒതുങ്ങാതെ തന്നെപ്പോലെയല്ല എന്ന് മനസ്സിലാക്കി  ഏതോരൂപമാണ്‌ അതേത് വിധത്തിലാണെന്ന് തെരച്ചിലാണ് മൂന്നാം ഘട്ടത്തില്‍. ആ അന്വേഷണത്തിനൊടുവില്‍ രൂപമില്ലാത്തത്താണ് ഈശ്വരന്‍ എന്ന് കണ്ടെത്തുന്നു. അതാണ്‌ അരൂപം. ഈശ്വരന്‍ രൂപമില്ല, ഭാവമില്ല, ഗുണമില്ല, മണമില്ല, സ്ഥിതി മാത്രമാണുള്ളത്, എന്നും നില നില്‍ക്കുന്ന എല്ലാം അറിയുന്ന എല്ലാം ദര്‍ശിയ്ക്കുന്ന എല്ലാം അടങ്ങിയിരിക്കുന്ന എല്ലാറ്റിനേയും സൃഷ്ടിക്കുന്ന നിലനിര്‍ത്തുന്ന തന്നിലേയ്ക്കൊതുക്കുന്ന മഹാശക്തിയാണ് മഹാബ്രഹ്മം.

താനാരാണെന്ന് സ്വയം മനസ്സിലാക്കുന്നയാള്‍ ഈശ്വരനോടടുക്കുന്നതാണ്. തുടര്‍ന്ന് ബ്രഹ്മശക്തിയെ തിരിച്ചറിഞ്ഞ് ജ്ഞാനിയാവുകയും ചെയ്യുന്നു.

ബാലരിഷ്ടതകള്‍ക്കും ആസ്തമക്കും തവിട് ആടിക്കല്‍

  കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ ശിവന്‍റെ വടക്ക് ഭാഗത്ത് പ്രദക്ഷിണ വഴിയില്‍ കിഴക്കോട്ട് ദര്‍ശനമായി തവിട് മുത്തിയുടെ വിഗ്രഹമുണ്ട്. ഏകദേശം ഒന്നരയടിയോളം ഉയരമുള്ള അതിപുരാതനമായ ഒരു ദേവി വിഗ്രഹമാണത്. ഇടത്തേക്കാല്‍ ചുവട്ടിലേയ്ക്ക് നീട്ടിയിട്ട്‌ വലത്തേകാല്‍ മടക്കിവച്ച് ഇരിക്കുന്ന നിലയിലാണ് വിഗ്രഹം. ദിവസവും രണ്ട് നേരം വിളക്ക് വയ്ക്കല്‍ മാത്രമേ ഉള്ളൂ. ബാലാരിഷ്ടതകള്‍ക്കും ആസ്തമക്കും പരിഹാരമായിട്ടാണ്‌ അരിവറുത്തു പൊടിച്ച് തവിട് ആടിക്കുന്നത്. താലപ്പൊലി, ഭരണി മുതലായ വിശേഷ ദിവസങ്ങളില്‍ ധാരാളം തവിട് ആടിക്കാറുണ്ട്. തവിട് അടിക്കാനുള്ള അവകാശം ശാലീയ സമുദായാത്തിനാണ്.

ആത്മാവ് ആശ്ചര്യവസ്തു

  ആത്മാവ് ഈശ്വരശക്തിയാണ്. മരണാന്ത്യംവരെ ഒരാളില്‍ അത്മാവുണ്ടാകും. "ആദതി ഇതി ആത്മ" എന്ന് പറയും. മരണമടയുമ്പോള്‍ ശരീരത്തെവിട്ട് അകലുന്നതാണ് ആത്മാവ്. പലരും പല അഭിപ്രായത്തില്‍ ആത്മാവിനെ അറിയുകയാണെന്ന് ഭഗവത്ഗീത പറയുന്നു. ആശ്ചര്യവസ്തുവായി ആത്മാവിനെ കാണുന്നവരുണ്ട്. ആശ്ചര്യവസ്തുവായി പറയുന്നവരുണ്ട്. ആശ്ചര്യവസ്തുവിനെപ്പോലെ കേള്‍ക്കുന്നവരുണ്ട്. ഇങ്ങനെ കാണുകയും പറയുകയും കേള്‍ക്കുകയും ചെയ്യുമ്പോഴും ആത്മാവെന്നറിയുന്ന സാക്ഷാല്‍ ഈശ്വരന്‍റെ പരമാര്‍ത്ഥത്തെ അറിയുന്നവര്‍ ആരുമില്ല.

  അന്ധന്മാര്‍ ആനയെ കണ്ടതുപോലെ പലരൂപത്തിലും ഭാവത്തിലുമാണ് ഈശ്വരന്‍ ഇന്നും മനുഷ്യന്‍റെ ഭാവനയിലുള്ളത്.

തുലാഭാരം

   ക്ഷേത്രങ്ങളില്‍ ഒരു പ്രധാന വഴിപാടാണ് തുലാഭാരം. വഴിപാടുകാരന്‍ ത്രാസിന്‍റെ ഒരു തട്ടിലും നേര്‍ച്ചദ്രവ്യം മറുതട്ടിലും വെച്ച് തൂക്കം ശരിയാക്കുന്നു. നേര്‍ച്ച വസ്തു ക്ഷേത്രത്തിലേയ്ക്ക് സംഭാവന ചെയ്യുന്നു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പഞ്ചസാര, ശര്‍ക്കര, കടലീപഴം, വെണ്ണ തുടങ്ങിയവ കൊണ്ടും തുലാഭാരം നടത്താറുണ്ട്‌. പ്രമേഹരോഗത്തിന് പഞ്ചസാരകൊണ്ടും, രോഗവിമുക്തി കദളിപ്പഴം കൊണ്ടും. ആസ്ത്മാരോഗത്തിന് കയറുകൊണ്ടും നീരുമാറുവാന്‍ വെള്ളം കൊണ്ടും, ചര്‍മ്മരോഗത്തിന് ചേനകൊണ്ടും, ഉദരരോഗത്തിന് ശര്‍ക്കരകൊണ്ടും, മൂത്രരോഗത്തിന് ഇളനീര്‍ കൊണ്ടും വാതരോഗത്തിന് പൂവന്‍പഴം കൊണ്ടും ഹൃദ്രോഹത്തിന് നാണയം കൊണ്ടും വസൂരി രോഗത്തിന് കുരുമുളക് കൊണ്ടും വിശപ്പിന്‌ ഉപ്പ് കൊണ്ടും തുലാഭാരം നടത്തിയാല്‍ രോഗശമനം ഉണ്ടാകാറുണ്ട്.

ദൃശ്യാര്‍ദ്ധഹരണം


ദൃശ്യാര്‍ദ്ധഹരണം

ലഗ്നത്തില്‍നിന്ന് 12 ല്‍ ഏതെങ്കിലും ഒരു പാപന്‍ നില്‍ക്കുന്നുണ്ടെങ്കില്‍ മുന്‍പ് 3 ഹരണവും ചെയ്തുകഴിഞ്ഞ ദശാസംവത്സരാദികള്‍ മുഴുവന്‍ കളയണം. 12 ല്‍ നില്‍ക്കുന്നത് ശുഭനാണെങ്കില്‍ ആ ദശയുടെ പകുതി കളഞ്ഞാല്‍ മതി. ലഗ്നാല്‍ 11 ല്‍ ഒരു പാപന്‍ നിന്നാല്‍ ആ പാപന്റെ ദശയുടെ പകുതിയും, ഒരു ശുഭന്‍ നിന്നാല്‍ ആ ശുഭന്റെ ദശയുടെ 4 ല്‍ ഒരു ഭാഗവും കളയണം. 10 ല്‍ നില്‍ക്കുന്ന പാപന്റെ ദശയുടെ മൂന്നില്‍ ഒരു ഭാഗവും, 10 ല്‍  നില്‍ക്കുന്ന ശുഭന്റെ ദശയുടെ 6 ല്‍ ഒരു ഭാഗവും കളയണം. 9 ല്‍  നില്‍ക്കുന്ന പാപന്റെ ദശയുടെ 4 ല്‍ ഒരു ഭാഗവും അവിടെ നില്‍ക്കുന്ന ശുഭന്റെ ദശയുടെ 8 ല്‍ ഒരു ഭാഗവും കളയണം. 12 മുതലായ ഭാവങ്ങളില്‍ ഒന്നില്‍ത്തന്നെ ഒന്നിലധികം ഗ്രഹങ്ങള്‍ നില്‍ക്കുന്നുണ്ടെങ്കില്‍ അവരില്‍ ആര്‍ക്കാണോ ബാലാധിക്യം ആ ഗ്രഹത്തിന് മാത്രമേ ദൃശ്യാര്‍ദ്ധഹരണം ബാധകമാകൂ; എന്നാണ് പൊതുവായ അഭിപ്രായം. 12, 11 മുതലായവ ഭാവങ്ങളുടെയും, അവിടെ നില്‍ക്കുന്ന ഗ്രഹങ്ങളുടെയും സ്ഫുടങ്ങള്‍ തുല്യകലകളായി വന്നാലും ക്രിയാവിശേഷമാണ് ഈ പറഞ്ഞത്. തുല്യമല്ലാതിരുന്നാല്‍ ത്രൈരാശികം ചെയ്തു സൂക്ഷിക്കണം.

ലഗ്നഭാവത്തിന്റെ സ്ഫുടം വെച്ച് അതില്‍നിന്നും ഹരണം ചെയ്യേണ്ട ഗ്രഹസ്ഫുടത്തെ വാങ്ങുക. അപ്പോള്‍ ശേഷിക്കുന്ന സ്ഫുടത്തില്‍ 6 രാശിയില്‍ കുറയുമെന്ന് കണ്ടാല്‍ മാത്രമേ ഈ ദൃശ്യാര്‍ദ്ധഹരണം നടത്തേണ്ടതുള്ളൂ. 6 രാശിയില്‍ കുറഞ്ഞുവരുമെങ്കില്‍ രാശിയെ 30 ല്‍ പെരുക്കി തിയ്യതിയില്‍ ചേര്‍ത്ത് തിയ്യതി 60 ല്‍ പെരുക്കി കലയില്‍ ചേര്‍ത്തുകിട്ടുന്ന സംഖ്യ 1800 ല്‍ കുറവാണെങ്കില്‍ അത് ഗുണകാരവും 1800 ഗുണഹാരവുമാണ്. 1800 ല്‍ കൂടുതലാണ് സ്ഫുടക്രിയ ചെയ്ത സംഖ്യയെങ്കില്‍ അത് ഗുണഹാരവും, 1800 ഗുണകാരവുമാണ്.

ആദ്യം മൌഡ്യഹരണംകൂടി കഴിച്ചുവെച്ചിട്ടുള്ള ദശയെ രണ്ടിടത്തു വെച്ച് ഒന്നിനെ 12 ല്‍ പെരുക്കി മാസമാക്കി അതിനെ 30 ല്‍  പെരുക്കി  തിയ്യതി ആക്കി അതിനെ 60 ല്‍ പെരുക്കി നാഴികയാക്കി ഗുണകാരസംഖ്യകൊണ്ട് പെരുക്കി ഗുണഹാരസംഖ്യകൊണ്ട് ഹരിക്കണം. ഹരണഫലം നാഴികയാകുന്നു. ആ നാഴികയെ 60 ല്‍ ഹരിച്ച ഫലം ശിഷ്ടത്തിന് മുകളില്‍ വച്ച് അതിനെ 30 ല്‍ ഹരിച്ച ഫലം അതിന്റെ മുകളില്‍ വച്ച് വര്‍ഷവുമുണ്ടാക്കണം. ഇതിനെ ഒന്നുകൂടി വിശദീകരിക്കാം. ആദ്യം 60 ല്‍ ഹരിച്ചുകിട്ടിയ സംഖ്യയെ വീണ്ടും 60 ല്‍ ഹരിച്ചാല്‍ ശിഷ്ടം വരുന്നത് നാഴിക. ആ ഹരണഫലത്തെ 30 ല്‍ ഹരിച്ചാല്‍ ശിഷ്ടം വരുന്നത് ദിവസം. അതിലെ ഹരണഫലത്തെ 12 ല്‍ ഹരിച്ചാല്‍ ശിഷ്ടം വരുന്നത് മാസവും, ഹരണഫലം വര്‍ഷവുമാകുന്നു. ഈ വര്‍ഷമാസാദികള്‍ വേറെ വെച്ചതില്‍നിന്നു കളയുകയും ചെയ്യുക. ഇത് പാപഗ്രഹത്തിനു ചെയ്യേണ്ട ക്രിയയാണ്. ശുഭാഗ്രഹമാണെങ്കില്‍ ഹരിച്ചുകിട്ടിയതിന്റെ പകുതി മാത്രം രണ്ടാമത് വെച്ചതില്‍നിന്നു കളഞ്ഞാല്‍ മതി. ഈ ത്രൈരാശിക്രിയയോടുകൂടി മാത്രമാണ് ദൃശ്യാര്‍ദ്ധഹരണം പൂര്‍ത്തിയാകുന്നത്. ഇതാണ് ദൃശ്യാര്‍ദ്ധഹരണക്രിയ. ഒന്നോ രണ്ടോ തവണ പ്രായോഗികമായി ക്രിയ ചെയ്‌താല്‍ സുഗമമായി ഗ്രഹിക്കാവുന്നതേയുള്ളൂ.

ക്രൂരോദയഹരണം എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക. 

ജ്യോതിഷം എന്തിനാണ് എന്തിനല്ല Part - 11 Malayalam


വയസ്സ് കണക്കാക്കുന്നത് എങ്ങനെ?

പ്രശ്നവശാല്‍ വയസ്സ് കണക്കാക്കുന്നത് എങ്ങനെ?

വാച്യാഃ സുതാദയോ ഭാവാഃ പരോക്ഷസ്യാപി  പൃച്ഛതഃ
സുവചാസ്തേ വയോ ജ്ഞ്വാത്വാ യതസ്തദപി കഥ്യതേ.

സാരം :- 
പ്രഷ്ടാവിനെ കാണുന്നതിനോ പ്രഷ്ടവിന്റെ വയസ്സ് അറിയുന്നതിനോ ദൈവജ്ഞന് സാധിക്കാതെ പോയാലും പ്രഷ്ടാവിന്റെ സന്താനഫലം മുതലായ ഭാവഫലങ്ങള്‍ പറയേണ്ടതാണ്. അതിന്നു പ്രഷ്ടാവിന്റെ വയസ്സുതന്നെയാണ് ആദ്യമായി അറിയേണ്ടത്. അതുകൊണ്ട് പ്രശ്നവശാല്‍ പ്രഷ്ടാവിനു ഇത്രവയസ്സ് പ്രായമുണ്ടെന്നു അറിയാനുള്ള രീതിയെ കാണിക്കുന്നു.

ലഗ്നേശേ ക്ഷിതിജേ ബാലഹിമഗൌ നോ പഞ്ചസംവത്സരാഃ
പൂര്‍ണ്ണാഃ പ്രഷ്ടുരേഥന്ദുജേƒഷ്ടഭൃഗുജേ ഷട്സംയുതാ വാ ദശ 
ത്രിംശദ്ദേവഗുെരൗ രവൌ ദശഗുണാഃ ശൈലാശ്ച വൃദ്ധോഡുപേ
പ്രഷ്ടാ വൃദ്ധതരോര്‍ക്കജേ ഫണിനി വാ 
ചൈഷാം തൈഥവോദയേ- ഇതി.  


സാരം :- 
ചൊവ്വായും ബാലചന്ദ്രനും ലഗ്നാധിപന്മാരായാലും അവര്‍ ലഗ്നത്തില്‍ നിന്നാലും പ്രഷ്ടാവിനു അഞ്ചു വയസ്സ് പൂര്‍ത്തിയായില്ല എന്ന് പറയണം. ചന്ദ്രന്‍ കറുത്തവാവ് കഴിഞ്ഞു ഉദിച്ചാല്‍ വെളുത്ത പഞ്ചമി വരെ ബാലനാകുന്നു. ബുധന്‍ ലഗ്നാധിപനായാലും ബുധന്‍ ലഗ്നത്തില്‍ നിന്നാലും പ്രഷ്ടാവിനു എട്ടു വയസ്സ് തികഞ്ഞിട്ടില്ല എന്ന് പറയണം. അഞ്ചുവയസ്സ് കഴിഞ്ഞു എന്ന് സിദ്ധിക്കുമല്ലോ. ശുക്രന്‍ ലഗ്നാധിപനായി വരികയോ ശുക്രന്‍ ലഗ്നത്തില്‍ വരികയോ ചെയ്‌താല്‍ പ്രഷ്ടാവിന്  പതിനാറു വയസ്സ് പൂര്‍ണ്ണമായിട്ടില്ല എന്ന് പറയണം. വ്യാഴം ലഗ്നാധിപനായി വരികയോ ലഗ്നത്തില്‍ നില്‍ക്കുകയോ ചെയ്‌താല്‍ മുപ്പതു പൂര്‍ണ്ണമായിട്ടില്ല എന്ന് പറയണം.  ആദിത്യനോ വൃദ്ധചന്ദ്രനോ ലഗ്നാധിപന്മാരാകുകയോ  ലഗ്നത്തില്‍ വരികയോ ചെയ്താല്‍ എഴുപതു വയസ്സ് പൂര്‍ണ്ണമായിട്ടില്ല എന്നും പറയണം, ശനി ലഗ്നാധിപനായാലും ശനി രാഹുവും ലഗ്നത്തില്‍ നിന്നാലും പ്രഷ്ടാവ് ഏറ്റവും വൃദ്ധനാണെന്നും അതായത് എഴുപത് വയസ്സിനുമേല്‍പ്രായമുണ്ടെന്നും പറയണം. കൃഷണപക്ഷത്തിലെ ദശമിമുതല്‍ കറുത്തവാവുവരെയുള്ള ചന്ദ്രന്‍ വൃദ്ധനാണ്. ഇവിടെ ബാലചന്ദ്രനെക്കൊണ്ട് അഞ്ചുവയസ്സും വൃദ്ധചന്ദ്രനെക്കൊണ്ട് എഴുപത് വയസ്സുമാണല്ലോ പറഞ്ഞിട്ടുള്ളത്. അപ്പോള്‍ ബാലതയുടെയും വൃദ്ധതയുടെയും മദ്ധ്യം കൊണ്ട് മദ്ധ്യവയസ്സിനെയും ഊഹിക്കാം.  ഇതുപോലെ മറ്റുള്ള ഗ്രഹങ്ങള്‍ക്കു പറഞ്ഞിട്ടുള്ള വയസ്സിന്റെ ഏറ്റകുറച്ചിലുകള്‍  ഊഹിക്കേണ്ടതാണ്. എങ്ങിനെയെന്നാല്‍ ചൊവ്വയ്ക്ക്‌ ആദ്യംമുതല്‍ അഞ്ചുവയസ്സുവരെ പറയാം. ചൊവ്വാ അതിബാലനാണെങ്കില്‍ പ്രസവിച്ചിട്ട് കുറച്ചു ദിവസമേ ആയിട്ടുള്ളുവെന്നും പൂര്‍ണ്ണബലവാനായോ മൌഡ്യം അടുത്തിരിക്കുകയോ ചെയ്യുന്നു എങ്കില്‍ അഞ്ചുവയസ്സ് തികയാറായിരിക്കുന്നുവെന്നും ഇതിന്റെ മദ്ധ്യാവസ്ഥയുടെ താരതമ്യം അനുസരിച്ച് ഇതിനുള്ളിലുള്ള വയസ്സുകളുടെ നിര്‍ണ്ണയം ചെയ്തുകൊള്ളണം 

ഏകര്‍ഷഗോƒര്‍ദ്ധമപഹൃത്യ ദദാതി തു സ്വം 
ത്രൃംശം ത്രികോണഗൃഹഗഃ സ്മരഗഃ സ്വരാംശം
പാദം ഫലസ്യ ചതുരശ്രതതസ്സഹോരാ
സ്ത്വേവം പരസ്പരഗതാഃ പരിപാചയന്തി. 

ഇത്യാദി വചനങ്ങളുടെ സാരമനുസരിച്ചു മറ്റുഗ്രഹങ്ങളുടെ യോഗം. ദൃഷ്ടി, കേന്ദ്രത്രികോണങ്ങളിലെ സ്ഥിതി മുതലായവ കൊണ്ട് തന്റെ അവസ്ഥയെ അല്പം ഭേദപ്പെടുത്തുമെന്നു കാണുന്നു. അതനുസരിച്ച് ലഗ്നാധിപന്‍, ലഗ്നത്തില്‍ നില്‍ക്കുന്ന ഗ്രഹം ഇവരോട് മേല്‍പ്പറഞ്ഞപ്രകാരം ബന്ധമുള്ള ഗ്രഹങ്ങളെക്കൊണ്ടുകൂടി വയസ്സിനെ നിര്‍ണ്ണയിക്കുന്ന ഘട്ടത്തില്‍ വയസ്സിന്റെ നിര്‍ണ്ണയത്തെ  ചെയ്തുകള്ളണം. അല്ലാതെ ഉദയത്തെയും ലഗ്നാധിപത്യത്തെയും മാത്രം അടിസ്ഥാനമാക്കി വയസ്സ് നിര്‍ണ്ണയിക്കരുത്.

ആരാധന

  മനുഷ്യമനസ്സിന് സംതൃപ്തിയും സന്തോഷവും എങ്ങനെ കൈവരുന്നുവെന്നുവെച്ചാല്‍ ആ രീതിയില്‍ ആരാധനാ ദേവതകളെ സങ്കല്‍പ്പിക്കാം. കലുഷചിന്തയുള്ളവര്‍ ശാന്തമായും സമാധാനമായും ജീവിതത്തെ കണ്ടെത്തണം. ഭഗവാന്‍ പറയുന്നു തന്നെ ഏതുരൂപത്തിലും ഭാവത്തിലും പ്രാര്‍ഥിയ്ക്കാം സങ്കല്‍പ്പിക്കാം. പിതൃവിനേയും ഭൂതത്തേയും പ്രാര്‍ഥിയ്ക്കുന്നവനും ഈശ്വരന്‍ അനുഗ്രഹം നല്‍കുന്നു. പ്രാര്‍ഥിയ്കുന്നവര്‍ക്ക് അവരുടെ ആത്മാവിന്‍റെ ബന്ധം പിതൃവിലോ ഭൂതശക്തിയിലോ ലയിച്ചുനില്‍ക്കുകയുള്ളൂ. സാക്ഷാല്‍ പരാശക്തിയെ ആരാധിക്കുന്നവര്‍ അവിടെ വിലയിയ്ക്കുന്നതാണ്.

കലികാലത്ത് രുദ്രനായും, വിഷ്ണുവായും, ഗണേശനായും ഭഗവാനെ ആരാധിയ്ക്കാം. ശാസ്താവായും ഷണ്‍മുഖനായും കിരാതനായും ഭക്തജനങ്ങളുടെ ഇഷ്ടപ്രകാരം പരമപുണ്യവാനായ ഈശ്വര ശക്തിയെ ആരാധിയ്ക്കുന്നത് പുണ്യം തന്നെയാകുന്നു. എങ്ങനെയായാലും ഈശ്വരചിന്തയാണ് പരമശക്തി നല്‍കുന്നത്.

കുടുംബഐശ്വര്യത്തിന് "പാളനമസ്ക്കാരം"

തിരുവല്ല ശ്രീ വല്ലഭമഹാക്ഷേത്രത്തില്‍ ഭക്തജനങ്ങള്‍ കുടുംബത്തില്‍ സന്തോഷവും ഐശ്വര്യവും ഉണ്ടാകാന്‍ പാളനമസ്ക്കാരം വഴിപാട് നടത്തുന്നു. പൂജയോട് കൂടി ക്രിയാംഗമായി ബ്രാഹ്മണര്‍ക്ക് ഭോജനം നല്‍കുന്നതിനാണ് നമസ്ക്കാരം എന്ന് പറയുന്നത്. പാളനമസ്ക്കാരം ശ്രീ വല്ലഭക്ഷേത്രത്തിലെ ഒരു പ്രത്യേകതയാണ്. ഈ നമസ്ക്കാരത്തിന് ആഹാരം വിളമ്പിയിരുന്നത് കാമുകിന്‍ പാളയിലാണ്. നമസ്ക്കാരത്തിനുശേഷം അതിഥിയെ മണ്ഡപത്തില്‍ ഇരുത്തി ദക്ഷിണ കൊടുക്കുന്നു. ശങ്കരമംഗലത്തമ്മയുടെ ആതിഥ്യം സ്വീകരിക്കുവാനെത്തിയ ബ്രഹ്മചാരിരൂപിയായ വിഷ്ണുഭഗവാന് അമ്മ പാളയിലായിരുന്നു ആഹാരം നല്‍കിയതെന്നാണ് ഐതിഹ്യം. അതിന്‍റെ ഓര്‍മ്മയേ നിലനിറുത്തുന്ന ഒരു ചടങ്ങാണ് പാളനമസ്ക്കാരം.

ഭക്തി ഉറയ്ക്കുവാന്‍ ദേവാലയങ്ങള്‍ വേണം

ഭക്തജനങ്ങള്‍ക്ക് ഒത്തുകൂടി പ്രാര്‍ഥിയ്ക്കുവാനാണ് ദേവാലയങ്ങള്‍. തന്‍റെ ഭക്തന്മാര്‍ കൂടിനിന്ന് പ്രാ൪ത്ഥിയ്ക്കുന്നിടത്ത് താന്‍ സന്നിധാനം ചെയ്യുമെന്ന് ഭഗവത് വചനം കാണുന്നു. ദേവാലയങ്ങള്‍ക്കാണ് ഇക്കാര്യത്തില്‍ പ്രാധാന്യം വളരെയുള്ളത്.

കുടുംബാംഗങ്ങള്‍ക്ക് ഒന്നിച്ചു പ്രാ൪ത്ഥിയ്ക്കുന്നതിന് ധര്‍മ്മദേവസ്ഥാനങ്ങളുണ്ട്. അതാണ്‌ പരദേവതകള്‍. "ധര്‍മ്മ ദൈവം പ്രസാദിച്ചേ കുളിര്‍പ്പൂ തറവാടുകള്‍" എന്നാണ്. കുടുംബ ദേവന്മാര്‍ക്ക് പ്രാധാന്യം ഉണ്ട്. അവിടുത്തെ പ്രീതിയില്ലാതായാല്‍ കുടുംബനാശം ഭവിയ്ക്കുന്നു. മറ്റു ദേവന്മാരുടെ പ്രസാദം അനുഭവിയ്ക്കുകയുമില്ല.

ഗ്രാമവാസികള്‍ക്ക്‌ ഒത്തുകൂടുവാന്‍ ദേവാലയങ്ങള്‍ ഉണ്ടാകും. ദേശവാസികള്‍ക്കു ദേശനാഥനായ ദേവന്‍ കുടിക്കൊള്ളുന്ന ആരാധനാസ്ഥാനങ്ങള്‍ കാണുന്നുണ്ട്. നാടിനെയൊക്കെ കാത്തു സൂക്ഷിയ്ക്കുന്ന ദേവസ്ഥാനങ്ങളും പ്രാധാന്യമുള്ളതായി അറിയുന്നു.

ഇവിടെയെല്ലാം  ദേവശക്തി വര്‍ദ്ധിയ്ക്കുന്നതിന് കൂട്ട പ്രാര്‍ത്ഥനയും ആചാരാനുസാരമുള്ള കര്‍മ്മങ്ങളും നടന്നിരിയ്ക്കണം. ആചാരവിഹീനത ദേവശാപത്തെ വരുത്തുന്നതാണ്.

കാര്യസാദ്ധ്യത്തിന് "കൊട്ടിച്ചിരി"

  ഗുരുവായൂര്‍ മമ്മിയൂരിനടുത്തുള്ള ഗുരുവായൂര്‍ ദേവസ്വം കീഴേടം ശ്രീനരായണംകുളങ്ങര ഭഗവതിക്ഷേത്രം നാരായണത്തു ഭ്രാന്തനാല്‍ പ്രതിഷ്ഠിക്കപ്പെട്ടതാണ്‌. ഇവിടെ രണ്ട് ഭഗവതിമാരുടെ സങ്കേതമാണ്. മേലേക്കാവില്‍ ശാന്തഭാവത്തില്‍ ജ്യേഷ്ഠത്തിയും താഴെക്കാവില്‍ (കീഴേക്കാവില്‍) രൗദ്രഭാവത്തില്‍ അനുജത്തി ഭദ്രകാളിയുമാണ്. മേലേക്കാവില്‍  ആജ്ഞകള്‍ കീഴേക്കാവിലമ്മയാണ് നടത്തി കൊടുക്കുന്നത്. കീഴ്ക്കാവ് "ചിരിച്ചികൊട്ടിക്കാവ്" എന്ന പേരിലും അറിയപ്പെടുന്നു.

   കാര്യ സാദ്ധ്യത്തിനും, എന്തെങ്കിലും നഷ്ടപ്പെടുകയോ, കളവ് പോകുകയോ ചെയ്താലും ഭഗവതിക്ക് കൊട്ടിച്ചിരി വഴിപാട് നടത്തിയിരുന്നു. ഇത് വീട്ടില്‍ വച്ചാണ് നടത്തുക. വിളക്ക് വച്ച് കിണ്ണത്തില്‍ ഗുരുതി കൂട്ടി വീട്ടിലെ എല്ലാവരുംകൂടി കൈകൊട്ടിച്ചിരിച്ച് പ്രാ൪ത്ഥിക്കുന്നു. പ്രാ൪ത്ഥനാ പണം യഥാശക്തി ഉഴിഞ്ഞു വയ്ക്കുന്നു. കാര്യസാദ്ധ്യം നടന്നാല്‍ വഴിപാട് സംഖ്യ ക്ഷേത്രത്തില്‍ എത്തിക്കുന്നു. ഇങ്ങനെ ഭക്തിപൂര്‍വ്വം ചെയ്യുന്നവര്‍ക്ക് ഫലം ഉറപ്പാണ്. ക്ഷിപ്രകോപിയും ക്ഷിപ്രപ്രസാദിനിയുമാണ് കീഴ്കാവിലമ്മ. പണ്ട് കാലത്ത് അന്തര്‍ജ്ജനങ്ങള്‍ ഭഗവതിയെ വീട്ട് പടിക്കല്‍വച്ച് കൈകൊട്ടിച്ചിരിച്ച് പ്രാ൪ത്ഥിച്ചിരുന്നു എന്ന് ഐതീഹ്യം. അതുപോലെ കോടതികളില്‍ തീര്‍പ്പാക്കാത്ത കേസുകളില്‍ ക്ഷേത്രനടയില്‍ വച്ച് സത്യം ചെയ്യിച്ച് തീര്‍പ്പാക്കിയുരുന്നു. ഈ ക്ഷേത്രസന്നിധിയില്‍ വന്ന് കളവ് പറയാന്‍ ആരും ധൈര്യപ്പെട്ടിരുന്നില്ലത്രേ. കീഴ്ക്കാവില്‍ ഭദ്രകാളിയെ കൂടാതെ ഖണ്ഡാകര്‍ണ്ണനും പാലമരച്ചുവട്ടില്‍ ഭൂതഗണങ്ങളുമുണ്ട്. സര്‍വ്വഐശ്വര്യത്തിനായി പൂമൂടലും, ശത്രുദോഷത്തിന് ഗുരുതിയും, ചുറ്റവിളക്കും തൃകാലപൂജയുമാണ് മറ്റ് പ്രധാന വഴിപാടുകള്‍.

ജ്യോതിഷം എന്തിനാണ് എന്തിനല്ല Part - 10 Malayalam



നമുക്ക് വേണ്ടി നടത്തുന്ന പൂജയില്‍ നാം തന്നെ പങ്കെടുക്കണം

 ആര്‍ക്കുവേണ്ടിയാണോ ഭഗവത് സന്നിധിയില്‍ പൂജാദികള്‍ നടക്കുന്നത് അവര്‍ അവിടെ നിന്ന് പ്രാര്‍ഥിയ്ക്കണം. പൂജാസമയത്ത് ഭഗവാനെ മനസ്സില്‍ ധ്യാനിച്ച്‌ നില്‍ക്കണം.

 ഭഗവാന്‍റെ തിരുമുമ്പിലെത്തി പൂജാദികള്‍ നടത്തിയ്ക്കുന്നവരിലേയ്ക്ക് ഭഗവാന്‍ അനുഗ്രഹം ചൊരിയുന്നതാണ്. തങ്ങളുടെ പേരിലുള്ള പൂജകളില്‍ സാഹചര്യങ്ങള്‍ കൊണ്ടെത്തുവാനാകാതെ വന്നാല്‍ ഭഗവത്സ്മരണയോടെയായിരിക്കണം അയാള്‍. കുഞ്ഞുങ്ങള്‍ക്കും ദേഹശക്തിയില്ലാതാകുന്നവര്‍ക്കും പൂജാസമയത്ത് ഭഗവാന്‍റെ തിരുമുമ്പില്‍ പോകാതെ  ഭവനങ്ങളിലിരിക്കാം. ദേവന്‍റെ മുമ്പില്‍ പ്രാര്‍ഥിക്കുന്നത് പൂജിയ്ക്കുന്ന ആളാണ്‌. അയാള്‍ക്ക്‌ ആറില്‍ ഒരു ഭാഗം ഈശ്വരാനുഗ്രഹം ലഭിയ്ക്കുന്നു. നാട്ടിനും, നാട്ടരചനും, ദേശത്തിനും, ദേശവാസികള്‍ക്കും പൂജയുടെ അംശം പങ്ക് വച്ച് ലഭിക്കുന്നതാണ്. നേരായി ജീവിയ്ക്കുന്നവര്‍ക്ക് നേരായ കര്‍മ്മങ്ങള്‍ നടക്കുന്ന ദേവാലയങ്ങളിലെ അനുഗ്രഹം ലഭിച്ചുകൊണ്ടിരിക്കും.

മുടിവളരാന്‍ "ചൂല് " വഴിപാട്

  ഏറണാകുളം ജില്ലയില്‍ പെരുമ്പാവൂരില്‍ നിന്നും പത്ത് കിലോമീറ്റര്‍ അകലെയാണ് കല്ലില്‍ ശ്രീ ഭഗവതിക്ഷേത്രം. കുന്നിന്‍ മുകളിലുള്ള ഈ ഗുഹാ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ദുര്‍ഗ്ഗയാണ്. കിഴക്കോട്ട് ദര്‍ശനം. പാറയുടെ മുകള്‍ഭാഗത്ത് ബ്രഹ്മാവിന്‍റെ രൂപം കൊത്തിവച്ചിട്ടുണ്ട്. ബ്രഹ്മാവിനെ ഇവിടെ പൂജിക്കുന്നു. രണ്ട് പൂജയുണ്ടെങ്കിലും രാവിലെ മാത്രമേ നട തുറക്കു. അത്താഴപ്പൂജ ഇന്നും കല്ലില്‍ പിഷാരത്താണ് നടത്തുന്നത്. തലമുടി സമൃദ്ധമായി വളരാന്‍ സ്ത്രീകള്‍ നാല്‍പത്തിയൊന്നു ദിവസത്തെ വ്രതാനുഷ്ഠാനത്തോടെ "ചൂല് " ക്ഷേത്ര നടയില്‍ സമര്‍പ്പിക്കുന്നു. "ഇടിതൊഴല്‍" എന്ന ഒരു അപൂര്‍വ്വ വഴിപാടും ഇവിടെയുണ്ട്. വൃശ്ചികമാസത്തിലെ കാര്‍ത്തിക നാളില്‍ വ്രതാനുഷ്ഠാനത്തോടെ മാരാര്‍ ഉണക്കലരി വെറ്റില, പാക്ക്, ചുണ്ണാമ്പ്, മഞ്ഞള്‍, എന്നിവ ഉരലില്‍ ഇടിച്ച് ഉണ്ടാക്കുന്ന സാധനം ദേവിക്ക് സമര്‍പ്പിച്ച്‌ ഭക്തജനങ്ങള്‍ക്ക് പ്രസാദമായി നല്‍കുന്നു. വൃശ്ചികമാസത്തിലെ കാര്‍ത്തികനാള്‍ കൊടിയേറി എട്ട് ദിവസത്തെ ഉത്സവം നടത്തുന്നു.

മൌഡ്യഹരണം

മൌഡ്യഹരണം
  ചന്ദ്രന്‍ മുതലായ  ഗ്രഹങ്ങള്‍ക്ക്‌  മൌഡ്യമുണ്ടായാല്‍ ഉച്ചനീചഹരണം, ശത്രുക്ഷേത്രഹരണം മുതലായവ വേണ്ടിവന്നിട്ടുണ്ടെങ്കില്‍ അതിനെ മുഴുവന്‍ നടത്തിയ ശേഷമുള്ള വര്‍ഷമാസദിനാദി നാഴികകളെ രണ്ടിടത്തുവച്ച് ഒന്നിനെ 2 ല്‍ ഹരിച്ച ഫലം രണ്ടാമത്തേതില്‍ നിന്ന് കളയണം. ശുക്രനും ശനിക്കും  മൌഡ്യഹരണം നടത്താറില്ല.

പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് ഫലം എങ്ങനെ വരുന്നു

ഭഗവാനെ എപ്പോഴും പ്രാര്‍ത്ഥിക്കുന്നവര്‍ക്കും ഭഗവത് ദര്‍ശ്ശനം നടത്തുന്നവരിലും പാപത്വം നശിച്ച് പോകുന്നു. ആത്മാര്‍ത്ഥമായ ഈശ്വരവിചാരം ഒരാളെ ശുദ്ധനാക്കുന്നതാണ്. അയാളില്‍ ശുദ്ധരക്തപ്രവാഹം വര്‍ദ്ധിയ്ക്കുന്നു. തന്‍റെ മനസ്സും ചിന്തയും ഒരേ ലകഷ്യത്തിലേയ്ക്ക് സമര്‍പ്പിച്ചുകൊണ്ട് ദേവസന്നിധിയില്‍ നില്‍ക്കുമ്പോള്‍ താന്‍ തന്നെ ദേവനാകുമ്പോള്‍ നമ്മില്‍ നിന്നും പ്രസരിക്കുന്ന ശക്തിവിശേഷം ആഗ്രഹ നിവര്‍ത്തിയ്ക്ക് പാകമാകുന്നതാണ്. ആ സമയം ഒരാളുടെ ചിന്തയും വിചാരങ്ങളും ആവശ്യങ്ങളും സാധിതമാക്കുവാന്‍ അതാതു  ലകഷ്യങ്ങളിലെയ്ക്ക് നമ്മിലെ ചൈതന്യം ചെന്നെത്തുന്നതായിരിക്കും. അപ്പോള്‍ ശത്രുവിനെ നശിപ്പിക്കാം മറ്റുള്ളവരുടെ സ്നേഹം സമ്പാദിക്കാം. വിചാരിയ്ക്കുന്ന കാര്യങ്ങള്‍ സാധിചെടുക്കാം, ശപിയ്ക്കാം. എല്ലാം നമ്മുടെ മനസ്സുകൊണ്ട് നേടിയെടുക്കാവുന്നതായിരിക്കും.

മഹര്‍ഷീശ്വരന്മാര്‍ അനുഗ്രഹിക്കുമ്പോഴും ശപിക്കുമ്പോഴും ഉടനെ ഫലം ഭവിയ്ക്കുന്നു. കാരണം അവരുടെ തപസ്സും ധ്യാനവും കൊണ്ട് അവരിലുറപ്പിച്ച ഈശ്വരനെ തങ്ങളുടെ ശക്തിയാക്കിയിരിക്കുക്കയാണ് അവര്‍. അഭീഷ്ടസാദ്ധ്യതയുള്ള അനുഗ്രഹകലകള്‍ ഭക്തന്‍റെ ആഗ്രഹത്തിനനുസരിച്ച് ഭക്തനില്‍നിന്നു പ്രസരിക്കുന്നത് അടിയുറച്ച ഈശ്വരബന്ധംകൊണ്ടാകുന്നു.

ചര്‍മ്മരോഗങ്ങള്‍ മാറാന്‍ ആമയൂട്ട്

  കാസര്‍കോഡ് ജില്ലയിലെ മേലോത്തുംകാവ്  അടുക്കത്ത് ഭഗവതി ക്ഷേത്രത്തില്‍ മഹിഷാസുരമര്‍ദ്ദിനിയാണ് പ്രധാന പ്രതിഷ്ഠ. കിഴക്കോട്ട് ദര്‍ശനം, ക്ഷേത്രത്തിന് തെക്ക് വശം ആമപ്പള്ളം ഉണ്ട്. ഏകദേശം മുന്നൂറോളം ആമകള്‍ തടാകത്തില്‍ ഉണ്ട്. ചര്‍മ്മരോഗങ്ങള്‍ മാറാന്‍ ആമയ്ക്ക് ആഹാരം കൊടുക്കുന്ന ഒരു പതിവ് ഇവിടെ ഉണ്ട്. ഉച്ചപൂജകഴിഞ്ഞ് നിവേദ്യ ചോറ് വാങ്ങി ഭക്തന്മാര്‍ ആമപ്പള്ളത്തില്‍ കൊണ്ട് വച്ചാല്‍ ആമകള്‍ വന്ന് അത് കഴിക്കും. അതോടെ ചര്‍മ്മരോഗങ്ങള്‍ മാറും എന്നാണ് വിശ്വാസം. ഇവിടെ ഉപദേവതകളായി സരസ്വതി, വനശാസ്താവ്, ബ്രഹ്മരക്ഷസ്സ്, രക്തേശ്വരി, ഗുളികന്‍, നാഗങ്ങള്‍ എന്നിവരുണ്ട്. ചിങ്ങത്തില്‍ നിറപുത്തരി, കാന്നിമാസത്തിലെ നവരാത്രി ഉത്സവം, വുശ്ചികത്തിലെ കാര്‍ത്തിക ഉത്സവം, മേടം 29 പ്രതിഷ്ഠ ദിനം തുടങ്ങിയവ വിശേഷദിവസങ്ങളാണ്.

ശത്രുക്ഷേത്രഹരണം


  നൈസര്‍ഗ്ഗികമായോ താത്കാലികമായോ ശത്രുക്ഷേത്രസ്ഥിതിയുള്ള ഗ്രഹത്തിന് ശത്രുക്ഷേത്രഹരണക്രിയ ചെയ്യണം. കുജന് മാത്രം ശത്രുക്ഷേത്രഹരണം ബാധകമല്ല. ആദ്യം ഉച്ചനീചഹരണം ചെയ്ത വര്‍ഷ മാസാദികളെ രണ്ടിടത്തുവെച്ച് ഒന്നിനെ 3 ല്‍ ഹരിച്ചു കിട്ടിയ ഫലം രണ്ടാമത്തേതില്‍നിന്നു കളഞ്ഞ്‌ (കുറച്ച്) ബാക്കി സ്വീകരിക്കണം.

മൌഡ്യഹരണം എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക. 

ജ്യോതിഷം എന്തിനാണ് എന്തിനല്ല Part - 9 Malayalam

സ്വര്‍ഗ്ഗം

  നന്മയുടെ പ്രതീകമായാണ് സ്വര്‍ഗ്ഗത്തെ കണക്കാക്കുന്നത്. ഭൂമിയില്‍ നന്മ ചെയ്യുന്നവര്‍ക്ക് ശേഷിച്ചകാലം സ്വര്‍ഗ്ഗത്തില്‍ വസിക്കാം എന്നത് നന്മയിലേയ്ക്കുള്ള തിരിച്ചുവരവിന് പ്രേരിപ്പിക്കുന്നു. ഭൂമിയില്‍ വസിക്കുന്നതിനേക്കാള്‍ ഏറെക്കാലം സ്വര്‍ഗ്ഗത്തില്‍ കഴിയാമെന്നും അവിടെ സുഖജീവിതം നയിക്കാമെന്നും പറയുന്നതോടെ ഭൂമിയിലെ മനുഷ്യന്‍ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ക്കൂടി  തിരിച്ചുവരാനുള്ള സാധ്യതയേറെയാണ്‌. അല്ലെങ്കില്‍ തിന്മയുടെ പ്രതീകമായി കരുതുന്ന പാതാളത്തിലെത്തി കഷ്ടതയേറെ സഹിക്കേണ്ടി വരുമെന്നതും മനുഷ്യനെ നന്മ ചെയ്യാന്‍ പ്രേരിപ്പിക്കുന്നു.

നീചഹരണം




നീചഹരണം


  സപ്തഗ്രഹങ്ങളുടെയും സ്ഫുടങ്ങള്‍കൊണ്ട് ദശവരുത്തിക്കഴിഞ്ഞാല്‍ അതില്‍ ഏതെങ്കിലും ഗ്രഹത്തിന് നീചസ്ഥിതിയുണ്ടെങ്കില്‍ ആ ഗ്രഹത്തിന് നീചഹരണം ചെയ്യണം. ആ ഗ്രഹത്തിന് കിട്ടിയ ആയുര്‍വര്‍ഷത്തില്‍നിന്ന് പകുതി കുറയ്ക്കണം. (നീചസ്ഥനായ ഗ്രഹത്തിന് പകുതി മാത്രമെ ആയുര്‍ദ്ദായമായി സ്വീകരിക്കുന്നുള്ളൂ.)

ശത്രുക്ഷേത്രഹരണം എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക. 

ശകുനം എന്താണ്?

   വരാനുള്ള സുഖദുഃഖങ്ങളുടെ പ്രതീകമായിട്ടാണ്‌ ഭാരതീയര്‍ ശകുനത്തെ കണക്കാക്കിയിരുന്നത്. ആദികാലം മുതല്‍ക്കു തന്നെ ഒരു ശാസ്ത്രീയശാഖയായിട്ടാണ് ശകുനത്തെ ഭാരതം വീക്ഷിച്ചുപോന്നിരുന്നത്. അവയെ ദീപ്തങ്ങളെന്നും ശാന്തങ്ങളെന്നും രണ്ടായി വിഭജിച്ചിരുന്നു. ദീപ്തങ്ങള്‍ ശുഭഫലത്തെയും ശാന്തം അശുഭഫലത്തെയും പ്രദാനം ചെയ്യും. ആദ്യകാലത്ത് ശകുനത്തിന് അമിതപ്രാധാന്യം നല്‍കിയാണ്‌ രാജാവ് പോലും കഴിഞ്ഞിരുന്നത്. യാത്രികന്‍റെ മുന്‍ഭാഗത്തു നിന്നും വരൂ എന്ന ശബ്ദം കേള്‍ക്കുന്നത് നല്ലതാണ്. എന്നാല്‍ പിന്നില്‍ നിന്നായാല്‍ ശുഭമല്ല. വെളുത്ത പുഷ്പങ്ങള്‍ കാണുന്നതും, നിറകുടമേറ്റിയിരിക്കുന്നതും ശുഭശകുനമാണ്. മാംസം, മത്സ്യം, വൃദ്ധപുരുഷന്‍, ഏകപുരുഷന്‍, ദൂരത്തുനിന്നുള്ള ശബ്ദം, പശു, ആട്, കാളകള്‍, കുതിരകള്‍, ഗജങ്ങള്‍, കത്തുന്ന തീ, കറുക, പച്ചചാണകം, വേശ്യാസ്ത്രീ, സ്വര്‍ണ്ണം, വെള്ളി, രത്നം, കണ്ണാടി, തേന്‍, അക്ഷതം, കരച്ചിലൊന്നും കൂടാതെ കൊണ്ടുപോകുന്ന ശവം തുടങ്ങിയവ ശുഭശകുനങ്ങളുടെ പട്ടികയില്‍ പെടുന്നു.

ലഗ്നദശാ കണ്ടുപിടിക്കുന്നത് എങ്ങനെ?


ലഗ്നദശാ കണ്ടുപിടിക്കുന്നത് എങ്ങനെ?

 ജനനലഗ്നത്തിന്‍റെ നവാംശകാധിപന് ലഗ്നത്തെക്കാള്‍ ബലം കൂടുമെങ്കില്‍ ലഗ്നസ്ഫുടംവെച്ച് രാശി കളഞ്ഞ് തിയ്യതിയെ 60 ല്‍ പെരുക്കി കലയില്‍ ചേര്‍ത്ത് അതിനെ 200 ല്‍ ഹരിച്ച ഫലം സംവത്സരവും, ശിഷ്ടത്തെ 12 ല്‍ പെരുകി 200 ല്‍ ഹരിച്ച ഫലം മാസവും 30 ല്‍ പെരുക്കി 200 ല്‍ ഹരിച്ച ഫലം ദിവസവും, 60 ല്‍ പെരുക്കി 200 ല്‍ ഹരിച്ച ഫലം നാഴികയുമാകുന്നു. ഇങ്ങനെയാണ് ലഗ്നദശാ കണ്ടുപിടിക്കുന്നത്.

 ലഗ്നനവാംശകാധിപനെക്കാള്‍ ലഗ്നാധിപന് ബലം കൂടുമെങ്കില്‍ ലഗ്നസ്ഫുടം വെച്ച് രാശിസംഖ്യയെ 30 ല്‍ പെരുക്കി തിയ്യതിയില്‍ ചേര്‍ത്ത്, തിയ്യതിയെ 60 ല്‍ പെരുക്കി ഇലിയില്‍ (കലയില്‍) ചേര്‍ത്ത് അതിനെ 200 ല്‍ ഹരിച്ച ഫലം സംവത്സരവും, ശിഷ്ടത്തെ 12 ല്‍ പെരുക്കി 200 ല്‍ ഹരിച്ച ഫലം മാസവും. 30 ല്‍ പെരുക്കി 200 ല്‍ ഹരിച്ച ഫലം ദിവസവും 60 ല്‍ പെരുക്കി 200 ല്‍ ഹരിച്ച ഫലം നാഴികയുമായി സ്വീകരിക്കണം. ഇത് ലഗ്നബലമുണ്ടായാല്‍ ചെയ്യുന്ന ലഗ്നദശാക്രിയയാണ്.

ജ്യോതിഷം എന്തിനാണ് എന്തിനല്ല Part - 8 Malayalam


കുടുംബിനികള്‍ എന്തിന് സിന്ദൂരം ധരിക്കണം?

  വിവാഹിതയായാല്‍ സിന്ദൂരം ധരിക്കണമെന്നത് ഒരു അലിഖിത നിയമമായി ആധുനിക സ്ത്രീകളും കണക്കാക്കിപ്പോരുന്നുണ്ട്.

  സീമന്തരേഖയില്‍ കുങ്കുമം ചാര്‍ത്തുന്നതിനെ പഴമക്കാര്‍ ഗൌരവമേറിയ ഒന്നായാണ് കണ്ടിരുന്നത്. വിവാഹശേഷം ആദ്യഗര്‍ഭം ഉണ്ടായി നാലാം മാസം സീമന്തനം അഥവാ കുങ്കുമം ചാര്‍ത്ത് എന്ന ചടങ്ങ് തന്നെ നേരത്തെ ഉണ്ടായിരുന്നു. വിവാഹിതരായിക്കഴിഞ്ഞാല്‍ ഭൂരിപക്ഷം സ്ത്രീകളും തലമുടി പകുത്ത് അതിന് നടുവിലൂടെയുള്ള സീമന്തരേഖയില്‍ കുങ്കുമം അണിയണമെന്ന് ഒരു വിധി തന്നെ ഉത്തരേന്ത്യയില്‍ നിലനില്‍ക്കുന്നുണ്ട്. ചില സ്ഥലങ്ങളില്‍ ഗര്‍ഭവതിയായ ശേഷം ഈ ചടങ്ങ് ആഘോഷിക്കാറുമുണ്ട്.

  താന്‍ ഭര്‍തൃമതിയാണെന്നും മറ്റുള്ളവര്‍ക്ക് തന്നോട് ആസക്തി വേണ്ടെന്നുമാണ് ഇത് തെളിയിക്കുന്നതെന്ന് കളിയാക്കുന്നവരുമുണ്ട്. എന്നാല്‍ തന്ത്രശാസ്ത്രപ്രകാരം ഇതിന് മറ്റൊരര്‍ത്ഥമുണ്ടെന്ന് ആചാര്യന്മാര്‍ വിധിയെഴുതിയിട്ടുണ്ട്. ശിരസ്സിലെ മുടി പകുത്ത് വയ്ക്കുന്നത് സ്ത്രീയുടെ ജനനേന്ദ്രിയത്തിന് തുല്യമാണെന്ന് തന്ത്രശാസ്ത്രം പറയുന്നു. അവിടെ ചുവന്ന കുങ്കുമം അണിയുന്നതാകട്ടെ തന്‍റെ കന്യകാത്വം ഒരു പുരുഷനാല്‍ ഭേദിക്കപ്പെട്ടു എന്ന് കാണിക്കാനുമാണ്.

ഗ്രഹദശ കണ്ടുപിടിക്കുന്നത് എങ്ങന?




ഗ്രഹദശ കണ്ടുപിടിക്കുന്നത് എങ്ങന?


   ജനനസമയത്തിന് കൃത്യമായി ഗണിച്ചെടുത്ത ഗ്രഹസ്ഫുടത്തില്‍ നിന്ന് പരമോച്ചദശ കളഞ്ഞ് (കുറച്ച്) ബാക്കി വരുന്നതില്‍ 6 രാശിയില്‍ അധികമുണ്ടെങ്കില്‍ രാശിയെ 30 ല്‍ പെരുക്കി (ഗുണിച്ച്‌) തിയ്യതിയില്‍ ചേര്‍ത്ത് ആ തിയ്യതി 60 ല്‍ പെരുക്കി കലയില്‍ ചേര്‍ത്തുവയ്ക്കുക. പരമോച്ചദശ കളഞ്ഞശേഷം ശിഷ്ടം വരുന്നതില്‍ 6 രാശിയില്‍ കുറവാണെങ്കില്‍ അത് 12 രാശിവെച്ച് അതില്‍നിന്ന് കളഞ്ഞ ശിഷ്ടത്തെ മേല്‍പ്രകാരം രാശിയെ 30 ല്‍ പെരുക്കി തിയ്യതിയില്‍ ചേര്‍ത്ത് തിയ്യതി 60 ല്‍ പെരുക്കി കലയാക്കി വയ്ക്കുക. ഇവയെ പിണ്ഡായുര്‍ദ്ദായംകൊണ്ട് പെരുക്കി 21600 കൊണ്ട് ഹരിച്ചുകിട്ടുന്ന ഫലം സംവത്സരവും, ശിഷ്ടത്തെ 12 ല്‍ പെരുക്കി 21600 കൊണ്ട് ഹരിച്ച ഫലം മാസവും, ശിഷ്ടത്തെ 30 കൊണ്ട് പെരുക്കി 21600 കൊണ്ട് ഹരിച്ച ഫലം ദിവസവും, ശിഷ്ടം വരുന്നതിനെ 60 ല്‍ പെരുക്കി 21600 കൊണ്ട് ഹരിച്ച ഫലം നാഴികയുമായി സ്വീകരിക്കണം. ഇങ്ങനെ സപ്തഗ്രഹങ്ങളുടേയും ദശാസംവത്സരാദികള്‍ വരുത്തിവയ്ക്കണം.  

ലഗ്നദശാ കണ്ടുപിടിക്കുന്നത് എങ്ങനെ? എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക. 

വ്യാഴാഴ്ച വ്രതനാളില്‍ സ്ത്രീകള്‍ തല നനയ്ക്കാതെ കുളിക്കണം

  ബൃഹസ്പതി പൂജയ്ക്കായി വ്രതമനുഷ്ടിക്കുന്ന വ്യാഴാഴ്ച ദിവസം സ്ത്രീകള്‍ തല നനയ്ക്കാതെ കുളിച്ച് കദളിവാഴയെ പൂജിക്കണമെന്ന് ഭാരതീയ അനുഷ്ടാന സംസ്ക്കാരസംഹിത വെളിപ്പെടുത്തുന്നു. വ്യാഴാഴ്ച ദിവസങ്ങളില്‍ പുരുഷന്മാര്‍ ക്ഷൌരം ചെയ്യാനും പാടില്ലത്രെ. മഞ്ഞപ്പൂക്കള്‍, മഞ്ഞപ്പഴങ്ങള്‍, മഞ്ഞപ്പരിപ്പ്, കളഭം എന്നിവ കൊണ്ട് അര്‍പ്പിക്കുന്ന വ്യാഴാഴ്ച ദിവസത്തില്‍ മഞ്ഞപ്പട്ടാണ് ദാനം ചെയ്യുന്നത്. വിധിപ്രകാരം ശുദ്ധിവൃത്തിയോടുകൂടി വ്യാഴാഴ്ച വ്രതമനുഷ്ടിച്ചാല്‍ ശുഭഫലം ലഭിക്കുന്നതായിരിക്കും.

നീചദശാകാലം



നീചദശാകാലം


ആദിത്യന് തുലാത്തില്‍              10 തിയ്യതി 9 വര്‍ഷം 1 മാസം

ചന്ദ്രന് വൃശ്ചികത്തില്‍               3 തിയ്യതി 12 വര്‍ഷം 6 മാസം

കുജന് കര്‍ക്കിടകത്തില്‍              28 തിയ്യതി 7 വര്‍ഷം 6 മാസം

ബുധന് മീനത്തില്‍                      15 തിയ്യതി 6 വര്‍ഷം 

വ്യാഴത്തിന് മകരത്തില്‍              5 തിയ്യതി 7 വര്‍ഷം 6 മാസം

ശുക്രന് കന്നിയില്‍                       27 തിയ്യതി 10 വര്‍ഷം 6 മാസം

നവജാതശിശു ചിരിച്ചാല്‍ അമ്മയുടെ മുടി കൊഴിയുമോ?

  നവജാതശിശു മാതാവിന്‍റെ മുഖത്തു നോക്കി ചിരിച്ചാല്‍ അമ്മയുടെ മുടികൊഴിയുമെന്ന വിശ്വാസത്തിന് ഏറെ പഴക്കമുണ്ട്. മാത്രമല്ല, പല സ്ഥലത്തും ഇന്നും ഇത് പ്രചാരത്തിലിരിക്കുകയും ചെയ്യുന്നു.

  തന്‍റെ മുഖത്തുനോക്കി ചിരിക്കുന്ന സ്വന്തം കുഞ്ഞിനെ മാനസികവിക്ഷോഭത്തോടെയാണെങ്കിലും, തലമുടി കൊഴിഞ്ഞുപോകുമല്ലോ എന്നോര്‍ത്ത് നിലത്തുകിടത്തുകയോ മറ്റാരുടെയെങ്കിലും കൈയിലേയ്ക്ക് മാറ്റുകയോ ചെയ്യുന്ന മാതാക്കളും കുറവല്ല.

  സ്ത്രീസൗന്ദര്യത്തിന് തലമുടി അന്ത്യന്താപേക്ഷിതമായിരിക്കെ സ്വന്തം മുടി കൊഴിഞ്ഞുപോകുന്നത് ഏത് മാതാവിനാണ് സഹിക്കാന്‍ കഴിയുക.

  തീരെ ചെറിയ കുഞ്ഞുങ്ങള്‍ ദൈവത്തിന്‍റെ വരദാനമാണെന്നും അതുകൊണ്ടവര്‍ക്ക് ദിവ്യശക്തി ഉണ്ടായിരിക്കുമെന്നും; അതിനാലാണ് കുഞ്ഞ് മാതാവിന്‍റെ മുഖത്തുനോക്കി ചിരിക്കുന്നതോടെ മുടികൊഴിഞ്ഞു തുടങ്ങുന്നതെന്നും കരുതപ്പെട്ടിരിന്നു. സ്വമാതാവിന്‍റെതല്ലാതെ കുഞ്ഞ് ആരുടെ മുഖത്തുനോക്കി ചിരിച്ചാലും അവരുടെ മുടി കൊഴിയാറില്ലന്നും വിശ്വസിക്കപ്പെട്ടിരുന്നു.

  യഥാര്‍ത്ഥത്തില്‍ വിശ്വസിക്കപ്പെട്ടിരുന്നു എന്നല്ല വിശ്വസിക്കപ്പെടുന്നു എന്നാണ് പറയേണ്ടത്. കാരണം, കുഞ്ഞ് മാതാവിന്‍റെ മുഖത്തുനോക്കി ചിരിക്കാന്‍ തുടങ്ങുമ്പോള്‍ മാതാവിന്‍റെ മുടി കൊഴിയാന്‍ തുടങ്ങും എന്നത് വെറും അന്ധവിശ്വാസമല്ല; മറിച്ച് യാഥാര്‍ത്ഥ്യമാണ്.

  ഗര്‍ഭകാലത്തുള്ള അമിതമായ ഹോര്‍മോണ്‍ പ്രവര്‍ത്തനം മൂലം സ്ത്രീയുടെ മറ്റു പല ശരീര ഭാഗങ്ങളുമെന്ന പോലെ തലമുടിയുടെ വളര്‍ച്ചയിലും വര്‍ദ്ധന കാണുന്നുണ്ട്. പ്രസവശേഷവും കുറച്ച് കാലത്തേയ്ക്ക് മുടി വളര്‍ച്ച തുടരും.

  എന്നാല്‍ പ്രസവം കഴിഞ്ഞ് ഏതാണ്ട് മൂന്നുമാസം ആകുന്നതോടെ ഹോര്‍മോണ്‍ പ്രവര്‍ത്തനം പഴയ രീതിയില്‍ ആയി മാറും. ഇതോടെ കൂടുതല്‍ വളര്‍ന്ന മുടി കൊഴിഞ്ഞു തുടങ്ങുകയും ചെയ്യുന്നു. കുഞ്ഞ് ചിരിക്കാന്‍ തുടങ്ങുന്നതും മൂന്ന് മാസം പ്രായമാകുന്നതോടെയാണെന്ന യാഥാര്‍ത്ഥ്യം ഇവിടെ കൂട്ടിവായിക്കേണ്ടതുണ്ട്.

  ഇതുകൊണ്ടാണ് കുഞ്ഞ് മാതാവിന്‍റെ മുഖത്തുനോക്കി ചിരിക്കാന്‍ തുടങ്ങുമ്പോള്‍ അമ്മയുടെ മുടി കൊഴിഞ്ഞു തുടങ്ങുമെന്ന വിശ്വാസം അരക്കിട്ടുറപ്പിച്ചത്.

പരമോച്ചദശാകാലം


പരമോച്ചദശാകാലം

ആദിത്യന്     ---------  10 ദിവസം

ചന്ദ്രന്         1 മാസം 3 ദിവസം

കുജന്          9 മാസം 3 ദിവസം

ബുധന്         5 മാസം 15 ദിവസം

വ്യാഴത്തിന്  3 മാസം 5 ദിവസം

ശുക്രന്        11 മാസം 27 ദിവസം

ജ്യോതിഷം എന്തിനാണ് എന്തിനല്ല Part - 7 Malayalam


ശുക്രനസ്തമിച്ചാല്‍ യാത്ര പറഞ്ഞിറങ്ങരുത്


  വരവിനും പോക്കിനും ശുഭ കാര്യങ്ങള്‍ക്കുമൊക്കെ കാലവും സമയവും നോക്കിയിരുന്ന നമ്മുടെ പഴമക്കാര്‍ ചില സങ്കല്‍പ്പങ്ങളില്‍ അടിയുറച്ചു വിശ്വസിച്ചിരുന്നുവെന്നുവേണം പറയാന്‍. ഇതിലൊന്നാണ് ശുക്രനസ്തമിച്ചാല്‍ യാത്ര പറഞ്ഞിങ്ങരുതെന്നത്. സര്‍വ്വശാസ്ത്രങ്ങളുടെ അധിപനെന്ന് വിശേഷിപ്പിക്കുന്ന ശുക്രന്‍ ഉദിച്ച ശേഷമേ ശുഭകാര്യങ്ങള്‍ എന്തും ചെയ്യാന്‍ അവര്‍ അനുവദിച്ചിരുന്നുള്ളൂ. ദേവസങ്കല്പാനുഷ്ടാനങ്ങള്‍ പോലും ശുക്രനുദിച്ച ശേഷമേ ചെയ്യാവു എന്നാണ് ആചാര്യന്മാര്‍ പറഞ്ഞിട്ടുള്ളത്. വിവാഹശേഷം രണ്ടാമത് ഭര്‍തൃഗൃഹത്തില്‍ പോകുന്നതുവരെ സ്ത്രീ ശുക്രഗ്രഹത്തിന്‍റെ  സംരക്ഷണയിലാണെന്നൊരു സങ്കല്പവും ഉണ്ട്. അതിനാല്‍ ഭാര്യമാരെ ശുക്രഗ്രഹം ഉദിച്ച ശേഷമേ സ്വന്തം ഭവനത്തിലേയ്ക്ക് കൂട്ടിക്കൊണ്ട് വരാറുണ്ടായിരുന്നുള്ളൂ.

പിണ്ഡായുര്‍ദ്ദായം അഥവാ ഉച്ചായുസ്സ്

പിണ്ഡായുര്‍ദ്ദായം അഥവാ ഉച്ചായുസ്സ്


മേടത്തില്‍ 10 തിയ്യതി തികഞ്ഞ ആദിത്യന്                       19 വര്‍ഷം.

ഇടവത്തില്‍ 3 തിയ്യതി തികഞ്ഞ ചന്ദ്രന്                             25 വര്‍ഷം.

മകരത്തില്‍ 28 തിയ്യതി തികഞ്ഞ കുജന്                            15 വര്‍ഷം.

കന്നിയില്‍ 15 തിയ്യതി തികഞ്ഞ ബുധന്                             12 വര്‍ഷം.

കര്‍ക്കിടകത്തില്‍ 5 തിയ്യതി തികഞ്ഞ വ്യാഴത്തിന്             15 വര്‍ഷം.

മീനത്തില്‍ 27 തിയ്യതി തികഞ്ഞ ശുക്രന്                              21 വര്‍ഷം.

തുലാത്തില്‍ 20 തിയ്യതി തികഞ്ഞ ശനിക്ക്‌                           20 വര്‍ഷം.

ഉപ്പുപാത്രം വീണുടഞ്ഞാല്‍ ദുശ്ശകുനമാകുമോ?

  ഭൂമിയുടെ ആത്മാവെന്നു വിശേഷിപ്പിക്കുന്ന ഉപ്പ് ചേരാത്തതൊന്നും മനുഷ്യന് സ്വീകാര്യമല്ല. രുചികരമല്ലാത്ത ഭക്ഷണത്തിന് ഉപ്പ് കൂടിയേ തീരുവെന്നതും എല്ലാവരും അംഗീകരിച്ച കാര്യമാണ്. ഭക്ഷണത്തിലെ ഉപ്പ് നമ്മുടെ ജീവിതത്തേയും രുചികരമാക്കുന്നുവെന്നു സാരം.

  പ്രകൃതി മനുഷ്യനായി കനിഞ്ഞരുളിയ ദാനങ്ങളിലൊന്നാണ് ഉപ്പ്. മറ്റൊന്ന് വെള്ളവും. ഇത് രണ്ടു അനാവശ്യമായി ഉപയോഗിക്കരുതെന്ന ആചാര്യന്മാരുടെ ഉപദേശത്തില്‍ നിന്നുതന്നെ ഇവ എത്രമാത്രം പ്രധാനപ്പെട്ടതെന്ന് മനസ്സിലാക്കാവുന്നതാണ്. പകരം വയ്ക്കാനാകാത്തവിധം മനുഷ്യജീവിതത്തിലാകട്ടെ ഇവ അലിഞ്ഞു ചേര്‍ന്നിരിക്കുകയാണ്.

  ഇത്രയും പവിത്രവും ജീവിതോദ്ധാരണത്തിനാവശ്യവുമായ ഉപ്പ് സംഭരിച്ചിരിക്കുന്ന പാത്രം തറയില്‍ വീണുടഞ്ഞാല്‍ അതു ജീവന്‍റെ നിലനില്‍പ്പിനെ തന്നെ ബാധിക്കും. ഇതുകൊണ്ടാണ് പൂര്‍വ്വികര്‍ ചൊല്ലിലൂടെ അതു വെളിവാക്കിയിരുന്നതും.

ആയുര്‍ദ്ദായം


ആയുര്‍ദ്ദായം

  ഒരു ജന്മകര്‍ത്താവിന്റെ ജനനസമയത്തെ ആദിത്യാദിസപ്തഗ്രഹങ്ങളും, ലഗ്നവും അവരുടെ ബലത്തെ അനുസരിച്ച് ഇത്ര ഇത്ര വീതം ആയുസ്സിനെ കൊടുക്കുമെന്ന് നിയമമുണ്ട്. ഓരോ ഗ്രഹത്തിന്റെയും ബലമനുസരിച്ചുള്ള ദശാകാലങ്ങളെല്ലാം കൂട്ടിയാല്‍ കിട്ടുന്ന വര്‍ഷം, മാസം, ദിവസം, നാഴികയോളം ജന്മകര്‍ത്താവിനു ജീവിതകാലമുണ്ടാകുമെന്ന അടിസ്ഥാനത്തിലാണ് ആയുര്‍ദ്ദായഗണിതം സ്വീകരിച്ചിരിക്കുന്നത്.

പിണ്ഡായുര്‍ദ്ദായം അഥവാ ഉച്ചായുസ്സ് എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക.  വിടെ ക്ലിക്ക് ചെയ്യുക. 

ജ്യോതിഷം എന്തിനാണ് എന്തിനല്ല Part - 6 Malayalam



വൈദ്യര്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നത് ദുര്‍നിമിത്തമാണോ?

  രോഗവിവരം പറയാന്‍ എത്തുമ്പോള്‍ വൈദ്യര്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നത് ദുര്‍നിമിത്തങ്ങളുടെ പട്ടികയില്‍ ഉള്ളതാണെന്നാണ് കണക്കാക്കിപ്പോരുന്നത്.

  രോഗി അവശനിലയിലാണെങ്കില്‍ രോഗം അറിയിക്കാനെത്തുന്ന ആളിനെ ദൂതനായി സങ്കല്‍പ്പിച്ച് ദൂതലക്ഷണത്തിന്‍റെ അടിസ്ഥാനത്തില്‍ വൈദ്യര്‍ രോഗിയുടെ ഭാവി നിര്‍ണ്ണയിക്കുന്ന പതിവുണ്ട്. അതുപോലെ തന്നെ വൈദ്യര്‍ ചെയ്തുകൊണ്ടിരിക്കുന്ന ജോലിയുടെ അടിസ്ഥാനത്തില്‍ രോഗിയുടെ ആള്‍ക്കാര്‍ രോഗിയുടെ മരണം നിര്‍ണ്ണയിക്കുന്ന രീതിയും നിലനിന്നിരുന്നു. അക്കൂട്ടത്തില്‍പ്പെട്ടതാണ് വൈദ്യരുടെ ഭക്ഷണം കഴിക്കല്‍.

  ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന വൈദ്യരെ കണ്ടാല്‍ ഇനി രോഗവിവരം പറഞ്ഞിട്ട് പ്രയോജനമില്ലയെന്നും രോഗി മരിക്കുമെന്നും ഉറപ്പിച്ച്, യാതൊന്നും പറയാതെ മടങ്ങിപ്പോകുന്ന ദൂതന്മാര്‍ വരെ ഉണ്ടാരിന്നുവെന്നതിന് ഉദാഹരണമായി പ്രാചീന കേരളത്തിലെ നാടോടിക്കഥകള്‍ പരിശോധിച്ചാല്‍ മതിയാകും.

  വൈദ്യരുടെ ഭക്ഷണവും രോഗിയുടെ ആരോഗ്യവും തമ്മിലെന്തു ബന്ധമാണുള്ളതെന്ന് ആശ്ചര്യപ്പെടാമെങ്കിലും രോഗവും സമയവും തമ്മിലുള്ള ബന്ധത്തെപ്പറ്റി ആധുനിക ലോകത്തിനു പോലും സംശയമില്ല.

  ഭക്ഷണം കഴിക്കുന്നതിന് ചില ചിട്ടവട്ടങ്ങളും മര്യാദകളുമൊക്കെ ഭാരതീയത വിഭാവനം ചെയ്യുന്നുണ്ട്. അതിലൊന്ന് ആഹാരം കഴിക്കുമ്പോള്‍ സംസാരിക്കരുതെന്നതാണ്. മറ്റൊന്ന് ഭക്ഷണം കഴിക്കുന്നതിനിടയില്‍ മറ്റെന്ത് അത്യാവശ്യം വന്നുപെട്ടാലും കഴിച്ച് തീര്‍ന്നിട്ടേ എഴുന്നേല്‍ക്കാവു എന്നതാണ്.

  ഇത്തരത്തിലുള്ള ആചാരമര്യാദകള്‍ പാലിക്കുന്നതില്‍ വൈദ്യന്മാര്‍ പിന്നിലല്ല. ഭക്ഷണം കഴിച്ച് തുടങ്ങിയാല്‍ തീര്‍ന്നിട്ടേ വൈദ്യര്‍ എഴുന്നേല്‍ക്കൂ എന്നുള്ളതുകൊണ്ടാണ് രോഗം അറിയിക്കാനെത്തുമ്പോള്‍, അദ്ദേഹം ഭക്ഷണം കഴിച്ചുകൊണ്ടിരുന്നാല്‍ ദുര്‍നിമിത്തം ആണെന്ന വിശ്വാസം ബാലപ്പെട്ടത്. ചികിത്സയ്ക്ക് അത്രയുംകൂടെ കാലതാമസം വരുമെന്ന് ചുരുക്കം.

അംശകദശ കണ്ടുപിടിക്കുന്നത് എങ്ങനെ?


അംശകദശ കണ്ടുപിടിക്കുന്നത് എങ്ങനെ?

  ജനനസമയത്തിനു സൂക്ഷ്മീകരിച്ച സൂര്യാദിസപ്തഗ്രഹങ്ങളുടെ സ്ഫുടങ്ങള്‍ പ്രത്യേകം പ്രത്യേകം രാശി 30 ല്‍ പെരുക്കി (ഗുണിച്ച്‌)  തിയ്യതിയില്‍ ചേര്‍ത്ത് ആ തിയ്യതിയെ 60 ല്‍ പെരുക്കി ഇലിയില്‍ ചേര്‍ത്ത് (കലയില്‍) അതിനെ 2400 കൊണ്ട് ഹരിച്ച്‌ ഫലം കളയണം. അതില്‍ ശിഷ്ടത്തെ 200 ല്‍ ഹരിച്ച ഫലം സംവത്സരമായും, ശിഷ്ടം വരുന്നതിനെ 12 ല്‍ പെരുക്കി 200 ല്‍ ഹരിച്ച ഫലം മാസമായും, ശിഷ്ടത്തെ 30 ല്‍ പെരുക്കി 200 ല്‍ ഹരിച്ച ഫലം ദിവസമായും, ശിഷ്ടം വരുന്നതിനെ 60 ല്‍ പെരുക്കി 200 ല്‍ ഹരിച്ച ഫലം നാഴികയും, വീണ്ടും ശിഷ്ടമുണ്ടെങ്കില്‍ 60 ല്‍ പെരുക്കി 200 ല്‍ ഹരിച്ച ഫലം വിനാഴികയായും അംഗീകരിക്കണം. ഇതേവിധം ഓരോ ഗ്രഹത്തിന്റെയും അംശകദശകള്‍ വരുത്തണം. അതിനുശേഷം ആയുര്‍ദ്ദായത്തില്‍ നിര്‍ദ്ദേശിക്കും പ്രകാരം നീചഹരണം, ശത്രുക്ഷേത്രഹരണം, മൗഡ്യഹരണം, ദൃശ്യാര്‍ദ്ധഹരണം എന്നിവയും നടത്തണം. ഇതിനുശേഷം ദശാനാഥന്മാര്‍ക്ക് ഉച്ചസ്ഥിതിയും വക്രഗതിയുമുണ്ടെങ്കില്‍ അവരുടെ ദശയെ 3 ല്‍ പെരുക്കണം. വര്‍ഗ്ഗോത്തമാംശകം, സ്വര്‍ക്ഷേത്രാംശകം സ്വര്‍ക്ഷേത്രസ്ഥിതി, സ്വദ്രേക്കാണസ്ഥിതി മുതലായവയുള്ള ഗ്രഹങ്ങളുടെ ദശയെ 2 ല്‍ പെരുക്കണം. ഇവിടെ ഒരു കാര്യം ശ്രദ്ധേയമായിട്ടുണ്ട്, ഉച്ചവും വക്രഗതിയുമുള്ള ഗ്രഹത്തില്‍ വര്‍ഗ്ഗോത്തമാംശകാദി സ്ഥിതിഗതികളുണ്ടെങ്കില്‍ ഉച്ചസ്ഥിതിക്ക് പറഞ്ഞ 3 കൊണ്ട് മാത്രം ദശയെ പെരുക്കിയാല്‍ മതി. 2 കൊണ്ട് പെരുക്കേണ്ടതില്ല. ഈ സവിശേഷത പ്രത്യേകം ഓര്‍ത്തുവെക്കേണ്ടതും അനുഷ്ഠിക്കേണ്ടതുമാണ്. 


ആയുര്‍ദ്ദായം എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക. 

ജ്യോതിഷം എന്തിനാണ് എന്തിനല്ല Part - 5 Malayalam

മരണവീട്ടില്‍പ്പോയി വന്നാല്‍ അടിച്ചുനനച്ചു കുളിക്കണമോ?

  മരണവീട്ടില്‍ അന്വേഷണം നടത്തി തിരികെ വരുന്ന ആളിനെ അടിച്ചുനനച്ച് കുളിക്കാതെ സ്വന്തം വീട്ടില്‍ കയറ്റാത്ത കാലമുണ്ടായിരുന്നു. ഇപ്പോളതൊക്കെ മാറി.

  ഇക്കഥ ആരോടെങ്കിലും ഇപ്പോള്‍ പറഞ്ഞാല്‍ അതൊക്കെ വെറും പഴഞ്ചന്‍ ആചാരങ്ങള്‍ എന്ന് പറയാനാണ് യുവതലമുറയ്ക്ക് താല്പര്യം.

  മരിച്ച ആളിന്‍റെ പ്രേതം, മരണമന്വേഷിച്ചു ചെല്ലുന്ന ആളില്‍ ആവേശിക്കുമെന്നും അതൊഴിവാക്കാനാണ് സ്വഭവനത്തില്‍ കയറുന്നതിനുമുമ്പ് ഇട്ടിരിക്കുന്ന തുണികള്‍ സഹിതം നനച്ച് കുളിക്കുന്നതെന്നുമായിരുന്നു ചിലരുടെ വിശ്വാസം. എന്നാല്‍ ഇത്തരത്തില്‍ ആരെങ്കിലും കരുതുന്നുവെങ്കില്‍ അത് അന്ധവിശ്വാസം തന്നെയാണ്.

  പക്ഷേ ഇതിന്‍റെ പിന്നിലെ രഹസ്യം മറ്റൊന്നാണ്.

  ഒരാള്‍ മരിച്ചു കഴിഞ്ഞാല്‍ അയാളുടെ മൃതമായ ശരീരത്തില്‍ നിന്നും ധാരാളം വിഷാണുക്കള്‍ അന്തരീക്ഷത്തിലേയ്ക്ക് വ്യാപിക്കുകയാണ് പതിവ്. മൃതശരീരത്തില്‍ തൊടുകയോ മൃതദേഹത്തിന്‍റെ സമീപം ചെല്ലുകയോ ചെയ്യുന്നവരില്‍ ഈ വിഷാണുക്കള്‍ സ്വാഭാവികമായും ബാധിക്കാന്‍ സാധ്യതയുണ്ട്. ഇങ്ങനെ ബാധിക്കുന്ന അണുക്കളെ ശരീരത്തില്‍ നിന്നും തുരത്തേണ്ടതാണ്. ഇവയെ തുരത്തുന്നതിന് ശരീരത്തിന് സ്വയം പ്രതിരോധശക്തിയുണ്ടാക്കാനാണ് തണുത്ത വെള്ളത്തില്‍ കുളിക്കുന്നത്.

  ശരീരത്തില്‍ വെള്ളം വീണ് തണുക്കുമ്പോള്‍ മസ്തിഷ്ക്കത്തില്‍ നിന്നും വൈദ്യുതി തരംഗങ്ങള്‍ പുറപ്പെട്ട് ശരീരമാസകലം ഊര്‍ജ്ജം പുനസ്ഥാപിക്കും. ഈ ഇലക്ട്രിക് ഷോക്കില്‍ വിഷാണുക്കളാകട്ടെ നശിപ്പിക്കപ്പെടുകയും ചെയ്യും. വസ്ത്രത്തില്‍ പറ്റിപ്പിടിച്ചിരിക്കുന്ന വിഷാണുക്കള്‍, നനയ്ക്കുകയും ശരീരത്തില്‍ തോര്‍ത്തുകയും ചെയ്യുന്നതോടെ നശിക്കുകയാണ് ചെയ്യുന്നത്.

  ഇക്കാരണത്താലാണ് മരണവീട്ടില്‍ പോയി വന്നാല്‍ വീട്ടില്‍ കയറുന്നതിനു മുമ്പ് അടിച്ചു നനച്ച് കുളിക്കണമെന്നു പറയുന്നത്.

ഉത്പന്നാധാനദശകള്‍ / ആധാനദശകള്‍ / മഹാദശകള്‍

ഉത്പന്നാധാനദശകള്‍ / ആധാനദശകള്‍ / മഹാദശകള്‍

  ജന്മനക്ഷത്രത്തിന്റെ അഞ്ചാം നക്ഷത്രദശയ്ക്കു ഉത്പന്നദശയെന്നും, എട്ടാമത്തെ നക്ഷത്രദശയ്ക്കു ആധാനദശയെന്നും, നാലാം നക്ഷത്രദശയ്ക്കു മഹാദശയെന്നും പറയുന്നു. ഈ ദശകളുടെ അന്ത്യകാലം മൃത്യുപ്രദങ്ങളാണ്. അല്പായുര്‍യോഗത്തിന് മൂന്നാമത്തെ നക്ഷത്രദശയും, മദ്ധ്യായുര്‍യോഗത്തിന് അഞ്ചാമത്തെ നക്ഷത്രദശയും, ദീര്‍ഘയുര്‍യോഗത്തിന് ഏഴാമത്തെ നക്ഷത്രദശയും അന്ത്യകാലം മരണപ്രദമാണ്.

 അംശകദശ കണ്ടുപിടിക്കുന്നത് എങ്ങനെ? എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.  

ജ്യോതിഷം എന്തിനാണ് എന്തിനല്ല Part - 4 Malayalam


കാലും മുഖവും വൃത്തി ആക്കിയേ ഗൃഹത്തിനുള്ളില്‍ പ്രവേശിക്കാവു.

  വീട് അഭയസ്ഥാനമാണ്. അതുകൊണ്ടാണ് ആരാധനാലയത്തിന്‍റെ പവിത്രത, അറിവുള്ളവര്‍ വീടിനും നല്‍കിയിരിക്കുന്നത്.

  കാലും മുഖവും വൃത്തിയാക്കി പാദരക്ഷകള്‍ പുറത്തിട്ട ശേഷമേ വീടിനുള്ളില്‍ കയറാവു എന്ന് കേള്‍ക്കുമ്പോള്‍ ഏതോ കര്‍ക്കശ്യക്കാരനായ കാര്‍ന്നോരുടെ അന്ധവിശ്വാസമാണെന്നേ പുത്തന്‍ തലമുറ കരുതൂ. എന്നാല്‍ ഈ വൃത്തികാക്കലിന്‍റെ കാര്യത്തിലേക്ക് കടക്കുമ്പോള്‍ വീടിന്‍റെ പവിത്രതയെക്കുറിച്ച് മാത്രമല്ല സ്വന്തം മലിനതയെപ്പറ്റിയും ബോധ്യപ്പെടും.

  പലവിധ മാലിന്യങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന അന്തരീക്ഷത്തില്‍ നിന്നുമാണ് നാം വീടിനുള്ളിലേക്ക് പ്രവേശിക്കുന്നത്. പാദത്തിലാണെങ്കില്‍ അഴുക്കും രോഗാണുക്കളും എളുപ്പത്തില്‍ പറ്റിക്കൂടുകയും ചെയ്യും.

  ശുദ്ധജലം കൊണ്ട് കാലും മുഖവും കഴുകുന്നതോടെ ഒരാള്‍ സ്വന്തം ശരീരത്തിലെ മാലിന്യങ്ങള്‍ മാറ്റുന്നതോടൊപ്പം അവയെ വീട്ടിലേയ്ക്ക് കയറ്റാതെ തുരത്തുകയുമാണ്.

  പരിഷ്ക്കാരങ്ങള്‍ ഏറെയൊന്നും എത്താത്ത ചില കേരള ഗ്രാമത്തിലെ ഭവനങ്ങളില്‍ മുന്‍ വശത്തായി പുറത്തുനിന്നു വരുന്നവര്‍ക്ക് കാല്‍, മുഖം എന്നിവ കഴുകാനായി ശുദ്ധജലം പാത്രത്തില്‍ സൂക്ഷിച്ചിരിക്കുന്നത് ഇന്നും കാണാം.

നൈസര്‍ഗ്ഗികദശ കണ്ടുപിടിക്കുന്നത് എങ്ങനെ?




നൈസര്‍ഗ്ഗികദശ കണ്ടുപിടിക്കുന്നത് എങ്ങനെ?

  ജനനം മുതല്‍ ഒന്നാമതായി വരുന്ന നൈസര്‍ഗ്ഗികദശാനാഥന്‍ ചന്ദ്രന്‍ - 1 വര്‍ഷം. രണ്ടാം നൈസര്‍ഗ്ഗികദശാനാഥന്‍ കുജന്‍ - 2 വര്‍ഷം. മൂന്നാം നൈസര്‍ഗ്ഗികദശാനാഥന്‍ ബുധന്‍ - 9 വര്‍ഷം. നാലാം നൈസര്‍ഗ്ഗികദശാനാഥന്‍ ശുക്രന്‍ - 20 വര്‍ഷം. അഞ്ചാം നൈസര്‍ഗ്ഗികദശാനാഥന്‍ വ്യാഴം - 18 വര്‍ഷം. ആറാം നൈസര്‍ഗ്ഗികദശാനാഥന്‍ ആദിത്യന്‍ - 24 വര്‍ഷം. ഏഴാം നൈസര്‍ഗ്ഗികദശാനാഥന്‍ ശനി - 50 വര്‍ഷം. ഈ ദശാനാഥന്മാരായ ഗ്രഹങ്ങള്‍ ബലവാന്മാരായി ഉപചയസ്ഥാനങ്ങളില്‍ നിന്നാല്‍ അവരുടെ ദശാകാലങ്ങളില്‍ ശുഭഫലങ്ങള്‍ അനുഭവിക്കാന്‍ ഇടവരും. ബലഹീനന്മാരായി മറ്റു സ്ഥാനങ്ങളില്‍ നിന്നാല്‍ ഫലം അനുഭവയോഗ്യമല്ല. നക്ഷത്രദശയും നൈസര്‍ഗ്ഗികദശയും കൂടിയ കാലത്ത് - രണ്ടും ഒത്തുചേര്‍ന്നു വന്നാല്‍ - ആ ദശാകാലം കഴിയുംവരെ അവയുടെ ഫലങ്ങള്‍ സമ്പൂര്‍ണ്ണമായി അനുഭവിക്കും.

ഉത്പന്നാധാനദശകള്‍ / ആധാനദശകള്‍ / മഹാദശകള്‍ എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ  ക്ലിക്ക് ചെയ്യുക.   

സ്ത്രീകള്‍ മലര്‍ന്നു കിടന്നുറങ്ങാമോ?

   ഉറക്കത്തിന് നിഷ്ഠകള്‍ കല്‍പ്പിച്ചിരുന്ന പഴയ തലമുറ, സ്ത്രീകള്‍ മലര്‍ന്നു കിടന്നുങ്ങിയിരുന്നതിനെ വിലക്കിയിരുന്നു. ഇടതുവശം ചരിഞ്ഞു കിടന്നുങ്ങാനാണ് അവര്‍ പ്രേരിപ്പിച്ചത്. എന്നാല്‍ കമിഴ്ന്നു കിടക്കുന്നതിനും വിലക്കുണ്ടായിരുന്നു. അതുകാരണം ഗര്‍ഭപാത്രം, സ്തനങ്ങള്‍ എന്നിവയ്ക്ക് ക്ഷതമേല്‍ക്കാനുള്ള സാധ്യത കൂടുതലാണെന്ന് അവര്‍ മനസ്സിലാക്കിയിരുന്നു. മലര്‍ന്നു കിടന്നതുകൊണ്ടു പ്രപഞ്ചത്തിലെ നിഗൂഡ ശക്തികള്‍ സ്ത്രീയില്‍ ആവേശിച്ചേയ്ക്കുമെന്നാണ് മുന്‍പ് ഉണ്ടായിരുന്ന വിശ്വാസം. എന്നാല്‍ സ്ഥിരമായി മലര്‍ന്നു മാത്രം കിടന്നാല്‍ നട്ടെല്ലിന് ദോഷമാണെന്ന് സിദ്ധവൈദ്യം പറയുന്നു.

നക്ഷത്രദശാ കണ്ടുപിടിക്കുന്നത് എങ്ങനെ?




നക്ഷത്രദശാ കണ്ടുപിടിക്കുന്നത് എങ്ങനെ?


ചന്ദ്രസ്ഫുടംനാള്‍ കണ്ട് എത്ര വിനാഴിക ലഭിച്ചിട്ടുണ്ടോ അത്ര നാഴിക വിനാഴികകള്‍ 60 ല്‍ നിന്ന് കളഞ്ഞ് (കുറച്ച്) ശിഷ്ടം ലഭിക്കുന്ന നാഴിക വിനാഴികകളെ ജന്മനക്ഷത്രനാഥന്റെ ദശാസംവത്സരംകൊണ്ട് പെരുക്കി (ഗുണിച്ച്‌) 60 ല്‍ ഹരിച്ച്‌ കിട്ടുന്ന ഫലം ജനനാനന്തരം ആ ദശാനാഥന്റെ സംവത്സരത്തില്‍ കഴിവാനുള്ള വത്സരമാകുന്നു. അതില്‍ ശിഷ്ടത്തെ 12 ല്‍ പെരുക്കി (ഗുണിച്ച്‌) 60 ല്‍ ഹരിച്ചാല്‍ കിട്ടുന്ന ഫലം ദിവസവും അതില്‍ ശിഷ്ടം വരുന്നത് നാഴികയാകുന്നു. ഇതാണ് ജനനാന്തരം ജന്മനക്ഷത്രംകൊണ്ട് നക്ഷത്രദശവരുത്തുവാനുള്ള ക്രിയ. 
ഉദാഹരണം :-
ചന്ദ്രസ്ഫുടം 7-1-58  (7 രാശി, 1 ദിവസം, 58 കല (നാഴിക))
മേല്‍വിവരിച്ച ചന്ദ്രസ്ഫുടത്തില്‍ വിശാഖം നാളില്‍ ചെന്ന നാഴിക 53. വിനാഴിക 51. ഇത് 60 ല്‍ നിന്ന് കളഞ്ഞാല്‍ കിട്ടുന്നത് 6 നാഴിക 9 വിനനാഴികയാണ്. വിശാഖം നാളില്‍ ജനാനന്തരം കഴിയുവാനുള്ളതാണ്. ഇതിനെ വിശാഖം നക്ഷത്രനാഥനായ വ്യാഴത്തിന്റെ നക്ഷത്രദശാസംവത്സരമായ 16 പെരുക്കണം (ഗുണിക്കണം). 6 നാഴിക 9 വിനാഴിക x 16 = 96 നാഴിക 144 വിനാഴിക. ഇതിലെ വിനാഴികയായ 144 നെ 60 ല്‍ ഹരിച്ച്‌ നാഴികയായ 96 ല്‍ കൂട്ടി അതിനെ 60 ല്‍ ഹരിക്കണം. ആ ഫലമാണ് ദശാസംവത്സരം.

അതായത്  
144 ÷ 60 = ഹരണഫലം 2. ശിഷ്ടം 24.

ഹരണഫലം സംഖ്യ 2 നെ 96 ല്‍ കൂട്ടിയാല്‍ 98 ആകുന്നു.
98 നെ 60 ല്‍ ഹരിച്ചാല്‍ 
98 ÷ 60 = ഹരണഫലം 1 ശിഷ്ടം 38
അപ്പോള്‍ ജനനശിഷ്ടം വ്യാഴദശ കഴിയുവാന്‍ ഒരു കൊല്ലം എന്ന് ലഭിച്ചു.

ശിഷ്ടസംഖ്യകളായ  38, 24 നെ 12 ല്‍ പെരുക്കി (ഗുണിച്ച്‌) 60 ല്‍ ഹരിക്കണം.  
38 x 12 = 456
24 x 12 = 288
288 ÷ 60 = ഹരണഫലം 4 ശിഷ്ടം 48. 

ഹരണഫലസംഖ്യ 4 നെ 456 ല്‍ കൂട്ടിയാല്‍ 460 ആകും. 460 നെ 60 ല്‍ ഹരിച്ചാല്‍ ഹരണഫലം 7. ശിഷ്ടം 40. ഹരണഫല സംഖ്യയ 7 നെ നക്ഷത്രദശയില്‍ കഴിയുവാനുള്ള 7 മാസമാകുന്നു.

ശിഷ്ട സംഖ്യകളായ 40, 48 നെ 30 ല്‍ പെരുക്കിയാല്‍ 
അതായത് 
40 x 30 = 1220
48 x 30 = 1440

1440 നെ 60 ല്‍ ഹരിച്ചാല്‍ ഹരണഫലം 24. ശിഷ്ടമില്ല. ഹരണഫലം 24 നെ 1200 ല്‍ കൂട്ടിയാല്‍ 1224 ആകുമല്ലോ. 1224 നെ 60 ല്‍ ഹരിച്ചാല്‍ 1224 ÷ 60 = ഹരണഫലം 20. ഇത് ദിവസമാകുന്നു. ശിഷ്ടമുള്ള 24 നാഴികയുമാകുന്നു. അപ്പോള്‍ ജനാനന്തരം കഴിവാന്‍ ജന്മതാരാധിപനായ വ്യാഴദശാകാലം 1 വയസ്സ് 7 മാസം 20 ദിവസം 24 നാഴികയുമാകുന്നു.

തുടര്‍ന്ന് മുന്‍പ് ദശാനാഥന്മാരെയും ദശാസംവത്സരത്തെയും കാണിച്ചപ്രകാരം ദശാസംവത്സരങ്ങള്‍ ഇതില്‍ കൂട്ടികൊണ്ടാല്‍ മതി. 1 വര്‍ഷം 7 മാസം 20 ദിവസം 24 നാഴിക ജനനശിഷ്ടം വ്യാഴദശ കിട്ടിയല്ലോ. തുടര്‍ന്ന് വ്യാഴം കഴിഞ്ഞാല്‍ ശനി ദശ 19 കൊല്ലം കൂട്ടണം. അപ്പോള്‍ 20 വര്‍ഷം 7 മാസം 20 ദിവസം 24 നാഴിക കഴിയും വരെ ശനിദശ. പിന്നെ ബുധദശാകാലം 17 കൂട്ടണം. അപ്പോള്‍ 37 വര്‍ഷം 7 മാസം 20 ദിവസം 24 നാഴിക കഴിവോളം ബുധദശ. പിന്നീട് കേതു ദശാകാലം 7 കൊല്ലം കൂട്ടിയാല്‍ 44 വര്‍ഷം 7 മാസം 20 ദിവസം 24 നാഴിക വരെ കേതുദശ. തുടര്‍ന്ന് 20 കൊല്ലം ശുക്രദശ ചേര്‍ത്താല്‍ 64 വര്‍ഷം 7 മാസം 20 ദിവസം 24 നാഴിക വരെ ശുക്രദശാകാലം. തുടര്‍ന്ന് ആദിത്യദശാവര്‍ഷം 6 ചേര്‍ത്താല്‍ 70 വര്‍ഷം 7 മാസം 20 ദിവസം 24 നാഴിക ആദിത്യദശാകാലം. തുടര്‍ന്ന് ചന്ദ്രദശാകാലം 10 കൊല്ലം ചേര്‍ത്താല്‍ 80 വര്‍ഷം 7 മാസം 20 ദിവസം 24 നാഴിക ചന്ദ്രദശാകാലം. തുടര്‍ന്ന് 7 കൊല്ലം ചൊവ്വാദശ ചേര്‍ത്താല്‍ 87 വര്‍ഷം 7 മാസം 20 ദിവസം 24 നാഴിക കുജദശാകാലം. അവസാനം രാഹുദശാകാലം 18 കൂട്ടിയാല്‍ 105 വര്‍ഷം 7 മാസം 20 ദിവസം 24 നാഴിക രാഹുദശ. തുടര്‍ന്ന് വ്യാഴദശയില്‍ ജനനാദുപരി ലഭിച്ച വ്യാഴദശാകാലം കഴിച്ച് ബാക്കിയുള്ള 14 വര്‍ഷം 4 മാസം 9 ദിവസം 36 നാഴിക കൂടി ഇതില്‍ ചേര്‍ത്താല്‍ 120 വയസ്സായി. ഒരു പുരുഷായുസ്സ് തികഞ്ഞു. ഇങ്ങനെയാണ് നക്ഷത്രദശാകാലമുണ്ടാക്കി ദശാകാലം അറിയേണ്ടത്.

നൈസര്‍ഗ്ഗികദശ കണ്ടുപിടിക്കുന്നത് എങ്ങനെ? എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക. 

ജ്യോതിഷം എന്തിനാണ് എന്തിനല്ല Part - 3 Malayalam


നാരി നടിച്ചാല്‍ നാട് മുടിയുമോ?


  നാരി നടിച്ചാല്‍ നാട് മുടിയുമെന്നൊരു മിഥ്യാസങ്കല്‍പം നേരത്തെ ഉണ്ടായിരുന്നു. എന്നാല്‍ ശാസ്ത്രീയമായ ഒരടിത്തറയും ഇതിനില്ലെങ്കിലും അനുഭവമായിരിക്കാം പഴമക്കാരെക്കൊണ്ട് ഇങ്ങനെ പറയിപ്പിച്ചത്. നാരി നടിച്ചിടം എന്നാല്‍ സ്ത്രീകള്‍ നൃത്ത - നാട്യാദികളില്‍ ഏര്‍പ്പെടുന്നിടം എന്നുമാത്രമല്ലാതെ സ്ത്രീകള്‍ ഭരിക്കുന്നിടം എന്നും ഒരര്‍ത്ഥം കാണുന്നുണ്ട്. സ്ത്രീകള്‍ തന്‍പോരിമ കാട്ടി അഹങ്കരിച്ച്‌ മറ്റുള്ളവരുടെ ഉപദേശം ശ്രവിക്കാതെ ജീവിക്കുന്നത് ദോഷം വരുത്തുമെന്നതില്‍ ആധുനികലോകത്തിനും സംശയം വേണ്ട. 

തെക്കോട്ടടിച്ച കാറ്റ് തിരിച്ചടിക്കില്ലേ?

   തെക്കോട്ടടിച്ച കാറ്റെന്നു പഴമക്കാര്‍ അര്‍ത്ഥമാക്കിയിരുന്നത് മരണത്തെയാണ്‌. മരണം അടുത്താല്‍ അത് തിരിച്ചു പോകില്ലെന്ന് സാരം. ഇതാണ് സങ്കല്പമെങ്കിലും ഇതിന് പിന്നില്‍ പ്രകൃതിശാസ്ത്രപരമായ ഒരു രഹസ്യം ഒളിഞ്ഞിരിക്കുന്നു. വടക്കുഭാഗം ഉയര്‍ന്നും തെക്കുഭാഗം താഴ്ന്നുമാണ് മലയാളനാടിന്‍റെ കിഴക്കേ അതിരായ സഹ്യപര്‍വ്വതം നിലകൊള്ളുന്നത്. അതുകൊണ്ടാണ് തെക്കോട്ടടിച്ച കാറ്റ് തിരിച്ചടിക്കില്ലെന്നു പറയുന്നത്. ഈ പ്രകൃതിരഹസ്യം കേരളത്തിന് മാത്രം സ്വന്തം.

കാലചക്രദശ കണ്ടുപിടിക്കുന്നത് എങ്ങനെ?


   ജനനസമയത്തിനു സംസ്ക്കരിച്ചെടുത്ത ചന്ദ്രസ്ഫുടത്തിലെ രാശിസംഖ്യയെ 30 ല്‍ പെരുക്കി (ഗുണിച്ച്‌) തിയ്യതിയില്‍ ചേര്‍ത്ത് അതിനെ 60 ല്‍ പെരുക്കി കലയില്‍ ചേര്‍ത്ത് 4800 കൊണ്ട് അതിനെ ഹരിക്കണം. ശിഷ്ടം വരുന്ന സംഖ്യയെ 200 കൊണ്ട് ഹരിച്ച ഫലവും, ശിഷ്ടവും പ്രത്യേകം, പ്രത്യേകം സൂക്ഷിച്ചുവെക്കണം. അതിനുശേഷം ഹരണഫലത്തില്‍ ഒന്ന് കൂട്ടികിട്ടിയ സംഖ്യയെ 8 ല്‍ അധികമാണെങ്കില്‍ 8 കളഞ്ഞ് (കുറച്ച്) ശിഷ്ടവും, 12 ല്‍ അധികമാണെങ്കില്‍ അതില്‍ നിന്ന് 4 കളഞ്ഞ ശിഷ്ടവും, 20 ല്‍ അധികമാണെങ്കില്‍ അതില്‍ നിന്ന് 12 കളഞ്ഞ ശിഷ്ടവും സ്വീകരിക്കണം. ഈ സംഖ്യയാണ് കാലചക്രദശാവാക്യസംഖ്യ. ഈ ദശാസംഖ്യ എത്രയോ അത്രാമത്തെ വാക്യം ഉപയോഗിച്ച് കാലചക്രദശാനാന്മാരെ അറിയണം.  കാലചക്രദശാവാക്യത്തിലെ ഒന്നാമത്തെ അക്ഷരസംഖ്യ എത്രയാണോ, മേടം മുതല്‍ അത്രാമത്തെ രാശിയുടെ അധിപന്റെ കാലചക്രദശാസംവത്സരംകൊണ്ട് 200 ല്‍ ഹരിച്ച ശിഷ്ടത്തെ 200 ല്‍ നിന്ന് കളഞ്ഞ ശേഷം (കുറച്ചശേഷം) സംഖ്യയെ പെരുക്കണം (ഗുണിക്കണം). പെരുക്കിയശേഷം (ഗുണിച്ചശേഷം) 200 കൊണ്ട് തന്നെ ആ സംഖ്യയെ ഹരിക്കണം. ഹരണഫലം ജനനത്തിനുശേഷം കാലചക്രദശയില്‍ ആ രാശ്യാധിപന് കഴിവാനുള്ള കൊല്ലമാണ്. ശിഷ്ടത്തെ 12 ല്‍ പെരുക്കി 200 ല്‍ ഹരിച്ച്‌ കിട്ടുന്ന ഹരണഫലം ആ ദശയില്‍ കഴിവാനുള്ള ദിവസമാണ്.  അതില്‍ ശിഷ്ടം 60 ല്‍ പെരുക്കി 200 ല്‍ ഹരിച്ചാല്‍ വരുന്ന സംഖ്യ കലയുമാണ് (നാഴിക). ഇതാണ് കാലചക്ര നിര്‍മ്മാണരീതി.



ഉദാഹരണം :-
ചന്ദ്രസ്ഫുടത്തെ നാഴികയാക്കുക

ചന്ദ്രസ്ഫുടം 7-1-58  (7 രാശി, 1 ദിവസം, 58 കല (നാഴിക))
 7 രാശി (മാസം) യെ ദിവസമാക്കുന്നതിന്
രാശിസംഖ്യയായ 7 നെ 30 ല്‍ പെരുക്കിയാല്‍ 7 രാശി (മാസം) x 30 ദിവസം = 210 കിട്ടും.  (210 ദിവസം)

അതില്‍ തിയ്യതി (ദിവസം) 1 കൂട്ടിയാല്‍ 210 + 1 = 211 കിട്ടുന്നു.  (211 ദിവസം)

211 ദിവസത്തെ നാഴികയാക്കുന്നതിന്
211 നെ 60 ല്‍ പെരുക്കണം (ഗുണിക്കണം)  211 ദിവസം x 60 നാഴിക = 12660 നാഴിക.

ഇതില്‍ ചന്ദ്രസ്ഫുടത്തിലെ കല ചേര്‍ത്താല്‍ 12660 നാഴിക + 58 നാഴിക = 12718 നാഴിക.
ചന്ദ്രസ്ഫുടം 7-1-58  (7 രാശി, 1 ദിവസം, 58 കല (നാഴിക)) ചന്ദ്രസ്ഫുടത്തെ നാഴികയാക്കിയാല്‍ കിട്ടുന്നത് 12718 നാഴികയാണ്.
മേല്‍പ്പറഞ്ഞ പ്രകാരമാണ് ചന്ദ്രസ്ഫുടത്തെ നാഴികയാക്കുന്നത്.

12718 നാഴികയെ 4800 കൊണ്ട് ഹരിക്കണം.  12718 ÷ 4800
ശിഷ്ടം 3118 കിട്ടും.

3118 നെ 200 കൊണ്ട് ഹരിക്കണം.  3118 ÷ 200
ഹരണഫലം 15 ശിഷ്ടം 118.

ഹരണഫലസംഖ്യ 15 ല്‍ 1 കൂട്ടിയാല്‍ 16 ആയി.
12 ല്‍ അധികം വന്നതുകൊണ്ട് അതില്‍ നിന്ന് 4 കളഞ്ഞാല്‍ (കുറച്ചാല്‍) ശിഷ്ടം വരുന്നത് 12. ഇതാണ് (12) കാലചക്രദശാവാക്യസംഖ്യ.

കാലചക്രദശാവാക്യസംഖ്യ 12 നെ "പ്രായോരാഗീ ശീവതെ സാഹി" എന്നും ഇതിന്റെ സംഖ്യ 12-1-2-3-5-4-6-7-8 എന്നതുമാകുന്നു. ഇതിലെ ഒന്നാമത്തെ സംഖ്യ 12 ആകയാല്‍ മേടം മുതല്‍ പന്ത്രണ്ടാമത്തെ രാശി മീനം. ഈ മീനത്തിന്റെ അധിപന്‍ വ്യാഴം. വ്യാഴത്തിന്റെ കാലദശാസംവത്സരം 10.  

118 നെ 200 ല്‍ നിന്ന് കളഞ്ഞാല്‍ ശിഷ്ടം 82. 

82 നെ വ്യാഴത്തിന്റെ ദശാവത്സരം കൊണ്ട് പെരുക്കിയാല്‍ (ഗുണിച്ചാല്‍) 82 x 10 = 820 കിട്ടുന്നു.

820 നെ 200 കൊണ്ട് ഹരിച്ചാല്‍ 820 ÷ 200 =  ഹരണഫലം 4. ശിഷ്ടം 20.

ജനനശിഷ്ടം മീനം രാശ്യാധിപനായ വ്യാഴത്തിന്റെ കാലചക്ര ദശയില്‍ കഴിവാനുള്ളത് 4 കൊല്ലം. 

20 നെ 12 ല്‍ പെരുക്കിയാല്‍ (ഗുണിച്ചാല്‍) 20 x 12 = 240

240 ÷ 200 = ഹരണഫലം 1. ശിഷ്ടം 40.

വ്യാഴദശയില്‍ കഴിവാനുള്ള മാസം 1.

40 നെ 30 കൊണ്ട് പെരുക്കിയാല്‍ 40 x 30 = 1200

1200 ÷ 200 = ഹരണഫലം 6. ശിഷ്ടം ഇല്ല.

വ്യാഴദശയില്‍ കഴിയുവാനുള്ള ദിവസം 6.

മേല്‍പ്പറഞ്ഞ പ്രകാരം  ചന്ദ്രസ്ഫുടം 7-1-58 പ്രകാരം ജനനാന്തരം 4 കൊല്ലം - 1 മാസം - 6 ദിവസം മീനം രാശ്യാധിപനായ വ്യാഴത്തിന്റെ കാലചക്രദശാകാലമാണ് എന്ന് ലഭിച്ചു.

കാലചക്രദശാവാക്യസംഖ്യ 12 നെ "പ്രായോരാഗീ ശീവതെ സാഹി" എന്നും ഇതിന്റെ സംഖ്യ 12-1-2-3-5-4-6-7-8 എന്നതുമാകുന്നു. ഇനി അടുത്ത ദശാകാലം അറിയാന്‍ കാലചക്രദശാവാക്യസംഖ്യയിലെ രണ്ടാമത്തെ സംഖ്യ 1 ആകയാല്‍ മേടം രാശിയാകുന്നു. മേടം രാശിനാഥന്‍ ചൊവ്വ. ചൊവ്വയുടെ കാലചക്രദശാസംവത്സരം 7 കൊല്ലം. ഇത് മേല്‍പ്പറഞ്ഞ വ്യാഴത്തിന്റെ ജനനാന്തരം കാലചക്രദശാകാലമായ  4 കൊല്ലം - 1 മാസം - 6 ദിവസത്തില്‍ കൂട്ടിയാല്‍  11 കൊല്ലം - 1 മാസം - 6 ദിവസമാകുന്നു മേടം രാശ്യാധിപ കുജദശാകാലം.

മൂന്നാമത്തെ കാലചക്രവാക്യസംഖ്യ 2. ഇടവം രാശി. രാശിനാഥന്‍ ശുക്രന്‍. ശുക്രന്റെ കാലചക്രദശാസംവത്സരം 16 കൊല്ലം. ഇത് 11-1-6 ല്‍ കൂട്ടിയാല്‍ 27 വര്‍ഷം - 1 മാസം - 6 ദിവസം കിട്ടും ഇടവം രാശ്യാധിപ ശുക്രദശ.

  നാലാമത്തെ സംഖ്യ 3. മിഥുനം രാശി. രാശിനാഥന്‍ ബുധന്‍. ബുധന്റെ കാലചക്രദശാ സംവത്സരം 9 കൊല്ലം. ഇത് ചേര്‍ത്താല്‍ 36 വര്‍ഷം1 മാസം 6 ദിവസം മിഥുനം രാശ്യാധിപ ബുധദശ. അഞ്ചാമത്തെ സംഖ്യ  5. ചിങ്ങം രാശി. ചിങ്ങം രാശ്യാധിപന്‍ സൂര്യന്‍. സൂര്യന്റെ കാലചക്രസംവത്സരം 5 കൊല്ലം. ഇത് കൂട്ടിയാല്‍ 41 വര്‍ഷം1 മാസം 6 ദിവസം ചിങ്ങം രാശ്യാധിപ സൂര്യദശ. ആറാമത്തെ സംഖ്യ 4. നാലിന് കര്‍ക്കിടകം രാശി. കര്‍ക്കിടകം രാശ്യാധിപന്‍ ചന്ദ്രന്‍. ചന്ദ്രന്റെ കാലചക്രദശാസംവത്സരം 21 കൊല്ലം. ഇത് ചേര്‍ത്താല്‍ 62 വര്‍ഷം1 മാസം 6 ദിവസം കര്‍ക്കിടകരാശ്യാധിപ ചന്ദ്രദശ. ഏഴാമത്തെ സംഖ്യ 6. ആറിന് കന്നിരാശി. രാശിനാഥന്‍ ബുധന്‍.  ബുധന് കാലചക്രദശാസംവത്സരം 9 കൊല്ലം. ഇത് കൂട്ടിയാല്‍ 71 വര്‍ഷം1 മാസം 6 ദിവസം കന്നി രാശ്യാധിപ ബുധദശ. എട്ടാമത്തെ സംഖ്യ 7. ഏഴാമത്തെ രാശി തുലാം. രാശിനാഥന്‍ ശുക്രന്‍. ശുക്രന്റെ കാലചക്രദശാസംവത്സരം 16 കൊല്ലം. ഇത് കൂട്ടിയാല്‍ 87 വര്‍ഷം1 മാസം 6 ദിവസം തുലാം രാശ്യാധിപ ശുക്രദശ. ഒന്‍പതാമത്തെ കാലചക്രദശാ സംഖ്യ 8. എട്ടാമത്തെ രാശി വൃശ്ചികം. വൃശ്ചികം രാശ്യാധിപന്‍ ചൊവ്വ (കുജന്‍). കാലചക്രദശാസംവത്സരം 7 കൊല്ലം. ഇത് കൂട്ടിയാല്‍ 94 വര്‍ഷം1 മാസം 6 ദിവസം വൃശ്ചികം രാശ്യാധിപന്‍ കുജ ദശ. ഇങ്ങനെ സംഖ്യയ്ക്കൊത്ത രാശിയും രാശിനാഥനും കണ്ട് രാശിനാഥന്റെ ദശാസംവത്സരം ജനനശിഷ്ടദശയില്‍ ചേര്‍ത്ത് ദശാകാലം കാണണം.

  മേല്‍ പറഞ്ഞതില്‍ ഒരു കാര്യം പ്രത്യേകം ശ്രദ്ധിച്ചിരിക്കണം. മിഥുനത്തില്‍നിന്ന് ചിങ്ങത്തിലേക്കും, കര്‍ക്കിടകത്തില്‍ നിന്ന് കന്നിയിലേയ്ക്കും ദശമാറിയതായി കണ്ടു. ഇതിന് "മണ്ഡൂകപ്ലുതി" എന്നാണ് ശാസ്ത്രനാമം. ചിങ്ങത്തില്‍ നിന്ന് കര്‍ക്കിടകത്തിലേയ്ക്ക് മാറിയതിന് "പശ്ചാത് ഗമനം" എന്നും പേരാകുന്നു. ഇത്തരത്തില്‍ കാലചക്രദശാകാലത്തിന് സവിശേഷഫലമുണ്ടെന്ന തത്ത്വം പ്രത്യേകം ഗ്രഹിച്ച് ഫലാദേശം ചെയ്യണം.

നക്ഷത്രദശാ കണ്ടുപിടിക്കുന്നത് എങ്ങനെ? എന്ന പോസ്റ്റ്‌ തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക. 

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.