വയസ്സ് കണക്കാക്കുന്നത് എങ്ങനെ?

പ്രശ്നവശാല്‍ വയസ്സ് കണക്കാക്കുന്നത് എങ്ങനെ?

വാച്യാഃ സുതാദയോ ഭാവാഃ പരോക്ഷസ്യാപി  പൃച്ഛതഃ
സുവചാസ്തേ വയോ ജ്ഞ്വാത്വാ യതസ്തദപി കഥ്യതേ.

സാരം :- 
പ്രഷ്ടാവിനെ കാണുന്നതിനോ പ്രഷ്ടവിന്റെ വയസ്സ് അറിയുന്നതിനോ ദൈവജ്ഞന് സാധിക്കാതെ പോയാലും പ്രഷ്ടാവിന്റെ സന്താനഫലം മുതലായ ഭാവഫലങ്ങള്‍ പറയേണ്ടതാണ്. അതിന്നു പ്രഷ്ടാവിന്റെ വയസ്സുതന്നെയാണ് ആദ്യമായി അറിയേണ്ടത്. അതുകൊണ്ട് പ്രശ്നവശാല്‍ പ്രഷ്ടാവിനു ഇത്രവയസ്സ് പ്രായമുണ്ടെന്നു അറിയാനുള്ള രീതിയെ കാണിക്കുന്നു.

ലഗ്നേശേ ക്ഷിതിജേ ബാലഹിമഗൌ നോ പഞ്ചസംവത്സരാഃ
പൂര്‍ണ്ണാഃ പ്രഷ്ടുരേഥന്ദുജേƒഷ്ടഭൃഗുജേ ഷട്സംയുതാ വാ ദശ 
ത്രിംശദ്ദേവഗുെരൗ രവൌ ദശഗുണാഃ ശൈലാശ്ച വൃദ്ധോഡുപേ
പ്രഷ്ടാ വൃദ്ധതരോര്‍ക്കജേ ഫണിനി വാ 
ചൈഷാം തൈഥവോദയേ- ഇതി.  


സാരം :- 
ചൊവ്വായും ബാലചന്ദ്രനും ലഗ്നാധിപന്മാരായാലും അവര്‍ ലഗ്നത്തില്‍ നിന്നാലും പ്രഷ്ടാവിനു അഞ്ചു വയസ്സ് പൂര്‍ത്തിയായില്ല എന്ന് പറയണം. ചന്ദ്രന്‍ കറുത്തവാവ് കഴിഞ്ഞു ഉദിച്ചാല്‍ വെളുത്ത പഞ്ചമി വരെ ബാലനാകുന്നു. ബുധന്‍ ലഗ്നാധിപനായാലും ബുധന്‍ ലഗ്നത്തില്‍ നിന്നാലും പ്രഷ്ടാവിനു എട്ടു വയസ്സ് തികഞ്ഞിട്ടില്ല എന്ന് പറയണം. അഞ്ചുവയസ്സ് കഴിഞ്ഞു എന്ന് സിദ്ധിക്കുമല്ലോ. ശുക്രന്‍ ലഗ്നാധിപനായി വരികയോ ശുക്രന്‍ ലഗ്നത്തില്‍ വരികയോ ചെയ്‌താല്‍ പ്രഷ്ടാവിന്  പതിനാറു വയസ്സ് പൂര്‍ണ്ണമായിട്ടില്ല എന്ന് പറയണം. വ്യാഴം ലഗ്നാധിപനായി വരികയോ ലഗ്നത്തില്‍ നില്‍ക്കുകയോ ചെയ്‌താല്‍ മുപ്പതു പൂര്‍ണ്ണമായിട്ടില്ല എന്ന് പറയണം.  ആദിത്യനോ വൃദ്ധചന്ദ്രനോ ലഗ്നാധിപന്മാരാകുകയോ  ലഗ്നത്തില്‍ വരികയോ ചെയ്താല്‍ എഴുപതു വയസ്സ് പൂര്‍ണ്ണമായിട്ടില്ല എന്നും പറയണം, ശനി ലഗ്നാധിപനായാലും ശനി രാഹുവും ലഗ്നത്തില്‍ നിന്നാലും പ്രഷ്ടാവ് ഏറ്റവും വൃദ്ധനാണെന്നും അതായത് എഴുപത് വയസ്സിനുമേല്‍പ്രായമുണ്ടെന്നും പറയണം. കൃഷണപക്ഷത്തിലെ ദശമിമുതല്‍ കറുത്തവാവുവരെയുള്ള ചന്ദ്രന്‍ വൃദ്ധനാണ്. ഇവിടെ ബാലചന്ദ്രനെക്കൊണ്ട് അഞ്ചുവയസ്സും വൃദ്ധചന്ദ്രനെക്കൊണ്ട് എഴുപത് വയസ്സുമാണല്ലോ പറഞ്ഞിട്ടുള്ളത്. അപ്പോള്‍ ബാലതയുടെയും വൃദ്ധതയുടെയും മദ്ധ്യം കൊണ്ട് മദ്ധ്യവയസ്സിനെയും ഊഹിക്കാം.  ഇതുപോലെ മറ്റുള്ള ഗ്രഹങ്ങള്‍ക്കു പറഞ്ഞിട്ടുള്ള വയസ്സിന്റെ ഏറ്റകുറച്ചിലുകള്‍  ഊഹിക്കേണ്ടതാണ്. എങ്ങിനെയെന്നാല്‍ ചൊവ്വയ്ക്ക്‌ ആദ്യംമുതല്‍ അഞ്ചുവയസ്സുവരെ പറയാം. ചൊവ്വാ അതിബാലനാണെങ്കില്‍ പ്രസവിച്ചിട്ട് കുറച്ചു ദിവസമേ ആയിട്ടുള്ളുവെന്നും പൂര്‍ണ്ണബലവാനായോ മൌഡ്യം അടുത്തിരിക്കുകയോ ചെയ്യുന്നു എങ്കില്‍ അഞ്ചുവയസ്സ് തികയാറായിരിക്കുന്നുവെന്നും ഇതിന്റെ മദ്ധ്യാവസ്ഥയുടെ താരതമ്യം അനുസരിച്ച് ഇതിനുള്ളിലുള്ള വയസ്സുകളുടെ നിര്‍ണ്ണയം ചെയ്തുകൊള്ളണം 

ഏകര്‍ഷഗോƒര്‍ദ്ധമപഹൃത്യ ദദാതി തു സ്വം 
ത്രൃംശം ത്രികോണഗൃഹഗഃ സ്മരഗഃ സ്വരാംശം
പാദം ഫലസ്യ ചതുരശ്രതതസ്സഹോരാ
സ്ത്വേവം പരസ്പരഗതാഃ പരിപാചയന്തി. 

ഇത്യാദി വചനങ്ങളുടെ സാരമനുസരിച്ചു മറ്റുഗ്രഹങ്ങളുടെ യോഗം. ദൃഷ്ടി, കേന്ദ്രത്രികോണങ്ങളിലെ സ്ഥിതി മുതലായവ കൊണ്ട് തന്റെ അവസ്ഥയെ അല്പം ഭേദപ്പെടുത്തുമെന്നു കാണുന്നു. അതനുസരിച്ച് ലഗ്നാധിപന്‍, ലഗ്നത്തില്‍ നില്‍ക്കുന്ന ഗ്രഹം ഇവരോട് മേല്‍പ്പറഞ്ഞപ്രകാരം ബന്ധമുള്ള ഗ്രഹങ്ങളെക്കൊണ്ടുകൂടി വയസ്സിനെ നിര്‍ണ്ണയിക്കുന്ന ഘട്ടത്തില്‍ വയസ്സിന്റെ നിര്‍ണ്ണയത്തെ  ചെയ്തുകള്ളണം. അല്ലാതെ ഉദയത്തെയും ലഗ്നാധിപത്യത്തെയും മാത്രം അടിസ്ഥാനമാക്കി വയസ്സ് നിര്‍ണ്ണയിക്കരുത്.