ചൂര്‍ണ്ണം മുതലായ ആഭിചാരപദാര്‍ത്ഥം അവന്‍റെ വാസഭാവനത്തിലോ മറ്റോ കുഴിച്ചുവച്ചാല്‍

മാരണോച്ചാടനാദ്യര്‍ത്ഥം രിപുഭിര്‍യന്നിധീയതേ
ചൂര്‍ണ്ണാദികം തദുദ്ധാരപ്രകാരോഥ നിഗദ്യതേ.

സാരം :-

ഒരാളിനെ മരിപ്പിക്കുന്നതിനായോ നാട്ടില്‍ നിന്ന് കളയുവാനായോ മറ്റോ വേണ്ടി അവന്‍റെ ശത്രുക്കള്‍ ബുദ്ധിയേയും മനസ്സിനേയും മറ്റും വികലതപ്പെടുത്തി തീര്‍ക്കത്തക്കതായ ചൂര്‍ണ്ണം മുതലായ ആഭിചാരപദാര്‍ത്ഥം അവന്‍റെ വാസഭവനത്തിലോ മറ്റോ കുഴിച്ചുവച്ചാല്‍ അതിനെ എടുത്തുകളയാതെ മിക്കവാറും രോഗശാന്തി ഉണ്ടാകുന്നതല്ല.

ആഭിചാര ലക്ഷണം

ഹോരാനാഥയുതേ ഭൌമേ ലഗ്നകേന്ദ്രഗതേƒഥവാ
രിപുനാഥേ വിലഗ്നസ്ഥേ ചാഭിചാര ഉദീര്യതാം.

സാരം :-

ചൊവ്വാ ലഗ്നാധിപനോട് ചേര്‍ന്ന് നില്‍ക്കുകയോ ലഗ്നകേന്ദ്രത്തില്‍ വരികയോ ആറാം ഭാവാധിപന്‍ ലഗ്നത്തില്‍ നില്‍ക്കുകയോ ചെയ്‌താല്‍ ആഭിചാരമുണ്ടെന്നു പറയണം.

***************************************************

ശത്രുസ്ഥാനാധിപേ ലഗ്നേ കര്‍മ്മണ്യസ്തംഗതേƒഥവാ
ലഗ്നേ ഭൌമയുതേ ദൃഷ്ടേ വാഭിചാര ഉദീര്യതാം

സാരം :-

ആറാം ഭാവാധിപന്‍ ലഗ്നത്തിലോ ഏഴാം ഭാവത്തിലോ പത്താം ഭാവത്തിലോ നില്‍ക്കണം. അപ്പോള്‍ ചൊവ്വ ലഗ്നത്തില്‍ നില്‍ക്കുകയോ ലഗ്നത്തെ നോക്കുകയോ ചെയ്താലും ആഭിചാരദോഷമുണ്ടെന്നു പറയണം.


******************************************************

സുഖഭാവഗതേ കേതൗ കര്‍മ്മലഗ്നഗതേƒഥവാ
ലഗ്നേ ഭൌമയുതേ ദൃഷ്‌ടേ വാഭിചാര ഉദീര്യതാം.

സാരം :- 

കേതു ലഗ്നത്തിലോ നാലാം ഭാവത്തിലോ  പത്താം ഭാവത്തിലോ നില്‍ക്കുമ്പോള്‍ ലഗ്നത്തിലേക്ക് ചൊവ്വയുടെ ദൃഷ്ടിയോ യോഗമോ ഉണ്ടായാല്‍ ആഭിചാരമുണ്ടെന്നു പറയണം.

**********************************************************

സുഖഭാവഗതേ കേതൗ കര്‍മ്മലഗ്നഗതേƒഥവാ
കേന്ദ്രേ മാന്ദിസമായുക്തേ രോഗഃ ക്ഷുദ്രാഭി ചാരജഃ ഇതി

സാരം :-

കേതു ലഗ്നത്തിലോ നാലാം ഭാവത്തിലോ പത്താം ഭാവത്തിലോ നില്‍ക്കുകയും അപ്പോള്‍ ഗുളികന്‍ കേന്ദ്രത്തില്‍ വരികയും ചെയ്‌താല്‍ രോഗത്തിന്‍റെ കാരണം ശത്രുകൃതമായ ക്ഷുദ്രാഭിചാരമാണെന്ന് പറയണം. 

പിതൃമാതൃകാരകത്വത്തെക്കുറിച്ചുള്ള വിശേഷത്തേയും സ്ത്രീപുരുഷന്മാരുടെ അരിഷ്ടാന്തരത്തേയും പറയുന്നു

ദിവാര്‍ക്കശുക്രൗ പിതൃമാതൃസംജ്ഞിതൗ
ശനൈശ്ചരേന്ദു നിശി തദ്വിപര്യയാത്
പിതൃവ്യമാതൃഷ്വസൃസംജ്ഞിതൗ ച താ-
വഥോജയുഗ്മര്‍ക്ഷഗതൗ തയോഃ ശുഭൗ.

സാരം :-

ആധാനലഗ്നമോ ഗര്‍ഭഗുണദോഷപ്രശ്നലഗ്നമോ ദിനരാശിയാണെങ്കില്‍ സൂര്യന്‍ പിതാവിന്‍റെയും, ശുക്രന്‍ മാതാവിന്‍റെയും, ശനി പിതൃസഹോദരന്‍റെയും, ചന്ദ്രന്‍ മാതൃസഹോദരിയുടേയും കാരകന്മാരാകുന്നു.

ഈ ലഗ്നം രാത്രി രാശിയാണെങ്കില്‍ പിതൃകാരകത്വം ശനിയ്ക്കും, മാതൃകാരകത്വം ചന്ദ്രനും, സഹോദരകാരകത്വം ആദിത്യനും, മാതൃസഹോദരിയുടെ കാരകത്വം ശുക്രനുമായിരിക്കുന്നതാണ്. 

പിതൃപിതൃവ്യഗ്രഹങ്ങള്‍ ഓജരാശിയില്‍ നില്‍ക്കുന്നത് പിതാവിനും പിതൃസഹോദരനും മറ്റു കാരകന്മാര്‍ യുഗ്മരാശിയില്‍ നില്‍ക്കുന്നത് മാതൃമാതൃസഹോദരിമാര്‍ക്കും ശുഭപ്രദമാകുന്നു. ഈ ഗ്രഹങ്ങള്‍ ഈ പറഞ്ഞതിന് വിപരീത സ്ഥാനങ്ങളില്‍ നിന്നാല്‍ അവരവര്‍ക്ക് ആപത്തുകളെ ഉണ്ടാക്കുകയും ചെയ്യും. ഇതിനും  പുറമേ അതാതാളുകളുടെ കാരകന്മാര്‍ക്ക് ഉച്ചസ്വക്ഷേത്രബന്ധുഗൃഹാദിശുഭസ്ഥിതിയുണ്ടാവുന്നതും ശുഭകരമാകുന്നു. നീചക്ഷേത്രാദി അനിഷ്ടസ്ഥാനസ്ഥിതികൊണ്ട് അനിഷ്ടഫലവും ഉണ്ടാവും.

വ്യാധി (രോഗം) ശത്രുക്കളുടെ ആഭിചാരം നിമിത്തം ഉണ്ടായിട്ടുള്ളതാണെന്നു പറയണം

ചരേ വിലഗ്നേ രിപുനാഥദൃഷ്‌ടേ
കുജേ ച ലാഭേ സ്ഥിരഭേ ച ധര്‍മ്മേ
ദ്വന്ദ്വേƒസ്തരാശൌ പ്രവദേന്നരാണാം
രോഗം രിപൂണാം കൃതമാഭിചാരൈഃ


സാരം :-

ചരരാശി ലഗ്നമായി വരിക, ആറാം ഭാവാധിപന്‍ ലഗ്നത്തിലേയ്ക്ക് നോക്കുക. ചൊവ്വ പതിനൊന്നാം ഭാവത്തില്‍ നില്‍ക്കുക ഇതു ഒരു യോഗം.

സ്ഥിരരാശി ലഗ്നം വരിക, ആറാം ഭാവാധിപന്‍  ലഗ്നത്തിലേയ്ക്ക് നോക്കുക, ചൊവ്വ ഒന്‍പതാം ഭാവത്തില്‍ നില്‍ക്കുക ഇതു ഒരു യോഗം.

ഉഭയരാശി ലഗ്നം വരിക, ആറാം ഭാവാധിപന്‍ ലഗ്നത്തിലേയ്ക്ക് നോക്കുക, ചൊവ്വ ഏഴാം ഭാവത്തില്‍ നില്‍ക്കുക ഇങ്ങനെ ശത്രുയോഗ സൂചകങ്ങളായ ഈ മൂന്നു യോഗങ്ങളില്‍ ഏതെങ്കിലും ഒന്നുണ്ടായാല്‍ പ്രഷ്ടാവിനുള്ള വ്യാധി (രോഗം) ശത്രുക്കളുടെ ആഭിചാരം നിമിത്തം ഉണ്ടായിട്ടുള്ളതാണെന്നു പറയണം.

ലഗ്നത്തില്‍ ശത്രുസ്ഥാനാധിപന്‍റെ ദൃഷ്ടി വരിക ബാധാരാശിയില്‍ ശത്രുകാരകനായ ചൊവ്വ നില്‍ക്കുക ഇതാണത്രേ ഈ യോഗത്തിന്‍റെ ലക്ഷണം.

ഗര്‍ഭാദാനം ചെയ്ത പുരുഷന്‍റെയും ഗര്‍ഭം ധരിച്ച സ്ത്രീയുടേയും മരണത്തെ പറയുന്നു

ദിവാകരേന്ദ്വോഃ സ്മരഗൗ കുജാര്‍ക്കജൗ
ഗദപ്രദൗ പുംഗളയോഷിതോസ്തദാ
വ്യയസ്വഗൗ മൃത്യുകരൗ യുതൗ തഥാ
തദേകദൃഷ്ട്യാ മരണായ കല്പിതൗ


സാരം :-

ഗര്‍ഭാധാനസമയത്തേയോ അത് നിശ്ചയമില്ലെങ്കില്‍ ഗര്‍ഭത്തിന്‍റെ ഗുണദോഷം അറിവാന്‍ വെച്ച പ്രശ്നസമയത്തേയോ സൂര്യന്‍റെ ഏഴാം മേടത്താണ് കുജനും ശനിയും നില്‍ക്കുന്നതെങ്കില്‍ ആധാനകര്‍ത്താവിനും തത്സമയത്തെ ചന്ദ്രന്‍റെ ഏഴാമേടത്താണ് കുജനും ശനിയും നില്‍ക്കുന്നതെങ്കില്‍ ഗര്‍ഭിണിയ്ക്കും രോഗം ഉണ്ടാവുമെന്ന് പറയണം. അപ്രകാരം തന്നെ കുജമന്ദന്മാര്‍ ആദിത്യന്‍റെ രണ്ടും പന്ത്രണ്ടും ഭാവങ്ങളില്‍ നിന്നാല്‍ പുരുഷനും, ചന്ദ്രന്‍റെ രണ്ടും പന്ത്രണ്ടും ഭാവങ്ങളില്‍ നിന്നാല്‍ സ്ത്രീക്കും മരണമുണ്ടാവുമെന്നും പറയണം. കുജമന്ദന്മാരില്‍ ഒന്ന് ആദിത്യനോടുകൂടി നില്‍ക്കുകയും മറ്റേത് സൂര്യനെ നോക്കുകയും ചെയ്‌താല്‍ പുരുഷനും, കുജമന്ദന്മാരില്‍ ഒന്ന് ചന്ദ്രനോട് കൂടുകയും മറ്റേതു ചന്ദ്രനെ നോക്കുകയും ചെയ്‌താല്‍ സ്ത്രീയും പ്രസവത്തിനുമുമ്പ് തീര്‍ച്ചയായും മരിയ്ക്കുകയും ചെയ്യും.

പിതൃമാതൃകാരകന്മാരായ സൂര്യചന്ദ്രന്മാരേക്കൊണ്ട് ഇങ്ങനെ പറഞ്ഞതിന് ഇത്രമാത്രമല്ല അര്‍ത്ഥമുള്ളത്. ഇത് ഒരു ദൃഷ്ടാന്തം മാത്രമാണെന്ന് കരുതിയാല്‍ മതി. സൂര്യന്‍റെ സ്ഥാനത്തു ഒമ്പതാം ഭാവം അതിന്‍റെ അധിപന്‍ ഇതുകളില്‍ നിന്നും - എന്നതുമാത്രമല്ല പ്രശ്നജാതകാദികളിലൊക്കെയും ഭാവം, ഭാവാധിപന്‍, കാരകന്‍ ഇതു മൂന്നില്‍ നിന്നും - മേല്‍പറഞ്ഞ യോഗങ്ങളെ വിചാരിക്കാവുന്നതാണ്. "പ്രോക്തം ത്വിദം ചിന്തനം ഭാവാനാം തദധീശകാരകവിഹംഗാനാം ത്രയാണാമപി" എന്ന് പ്രമാണമുണ്ട്. കേതുവിന് കുജനോടും, രാഹുവിന് ശനിയോടും തുല്യഫലത്വമുണ്ടാകയാലും സംജ്ഞാപ്രകരണത്തില്‍ രാഹുകേതുക്കളെ കൂടി ഉള്‍പ്പെടുത്തിയിരിയ്ക്കയാലും, മന്ദകുജന്മാരുടെ സ്ഥാനത്ത് രാഹുകേതുക്കളേയും ചിന്തിയ്ക്കാമെന്ന് ഒരു പക്ഷാന്തരവും കാണുന്നുണ്ട്. 

സ്ത്രീപുരുഷന്മാര്‍ക്ക് പുത്രപ്രദമായുള്ള ഗ്രഹസ്ഥിതിയേയും മറ്റും പറയുന്നു

രവീന്ദു ശുക്രാവനിജൈസ്സ്വഭാഗഗൈര്‍
ഗ്ഗുരൗ ത്രികോണോദയ ധര്‍മ്മഗേപി വാ
ഭവത്യപത്യം ഹി വിബീജിനാമിമേ
കരാ ഹിമാം ശോര്‍വ്വിദൃശാമിവാഫലാഃ

സാരം :-

പുരുഷന്മാര്‍ക്കുള്ള ഗര്‍ഭധാനസമര്‍ത്ഥമായ വായുവിന്‍റെ ആനുഗുണ്യത്തിന്‍റെ ആധിപത്യം ആദിത്യനും, ശുക്ലഗുണദോഷത്തിന്‍റെ ആധിപത്യം ശുക്രനും, സ്ത്രീകള്‍ക്ക് ഗര്‍ഭഗ്രഹണസമര്‍ത്ഥമായ വായുവിന്‍റെ ആനുഗുണ്യത്തിന്‍റെ ആധിപത്യം ചന്ദ്രനും, രക്തഗുണദോഷത്തിന്‍റെ ആധിപത്യം ചൊവ്വയ്ക്കും, ജീവാത്മാവിന്‍റെ ആധിപത്യം വ്യാഴത്തിനുമാകുന്നു.

പുരുഷജാതകത്തില്‍ സൂര്യശുക്രന്മാര്‍ ബലവാന്മാരായി ഓജരാശിയില്‍ ഓജരാശിനവാംശകത്തില്‍ നിന്നാല്‍ പുരുഷനും, സ്ത്രീജാതകത്തില്‍ ചന്ദ്രകുജന്മാര്‍ ബലവാന്മാരായി യുഗ്മരാശിയില്‍ യുഗ്മരാശിനവാംശകത്തില്‍ നിന്നാല്‍ സ്ത്രീക്കും പുരുഷസന്താനമുണ്ടാവുന്നതാണ്. ഈ ലക്ഷണങ്ങള്‍ വിപരീതമായാല്‍ രണ്ടുപേര്‍ക്കും പുരുഷസന്താനമുണ്ടാകുന്നതല്ല. മിശ്രമായാല്‍ ഫലം മിശ്രമായിരിയ്ക്കയും ചെയ്യും.

ഗര്‍ഭാധാനസമര്‍ത്ഥതാ തരണിനാ, രേതഃ സിതേനോച്യതാം,
തൌ ചേത് പുംഭവനാംശഗൌ ച ബലിനൌ പുംസാം ഭവേത് സന്തതിഃ
സ്ത്രീണാം രക്തഗുണോസൃജാഥ ശശിനാ ഗര്‍ഭസ്യ സന്ധാരണാ-
ശക്തി, സ്തൌ യദി യുഗ്മഗൌ ച ബലിനൌ തദ്വത്, ന ച വ്യത്യയേ.

എന്ന് പ്രമാണമുണ്ട്.

സ്ത്രീപുരുഷജാതകങ്ങളില്‍ രണ്ടിലും സന്താനപ്രദമായി ഗ്രഹസ്ഥിതിയ്ക്കും പുറമേ 5, ലഗ്നം, 9 എന്നീ ഭാവങ്ങളിലൊന്നില്‍ വ്യാഴത്തിന്‍റെ സ്ഥിതികൂടി ഉണ്ടായിരിയ്ക്കയും വേണം. ഏതിനും പുറമേ പുത്രപ്രദങ്ങളായി മേല്‍പറഞ്ഞ ഗ്രഹസ്ഥിതിയുണ്ടെന്നിരുന്നാലും ശരി, പുരുഷജാതകത്തില്‍ ബീജബലവും, സ്ത്രീജാതകത്തില്‍ ക്ഷേത്രബലവും ഇല്ലെങ്കില്‍ അന്ധന്മാര്‍ക്ക് ചന്ദ്രകിരണമെന്നപോലെ അതുകൊണ്ട് പ്രയോജനം ഉണ്ടാകുകയുമില്ല.

ഈ ശ്ലോകത്തിലെ - രവീന്ദുശുക്രാവനിജൈഃ സ്വഭാഗഗൈര്‍ഗ്ഗുരൗ ത്രി - എന്ന പദങ്ങളെക്കൊണ്ട് ബീജക്ഷേത്രവിചാരവും സൂചിപ്പിച്ചിട്ടുണ്ട്. ബീജക്ഷേത്രസ്ഫുടങ്ങളെ മൂന്നു വിധത്തില്‍ ഉണ്ടാക്കാവുന്നതാണ്.

1). പുരുഷജാതകത്തിലെ സൂര്യന്‍റെയും ശുക്രന്‍റെയും വ്യാഴത്തിന്‍റെയും സ്ഫുടങ്ങളെ ഒന്നിച്ചുകൂട്ടിയത് ബീജസ്ഫുടമാകുന്നു.

അല്ലെങ്കില്‍

2). സൂര്യസ്ഫുടത്തിലെ നാലുകൊണ്ടും, ശുക്രന്‍റെയും വ്യാഴത്തിന്‍റെയും സ്ഫുടങ്ങളെ മുമ്മൂന്നുകൊണ്ടും പെരുക്കി മൂന്നിനേയും ഒന്നിച്ചുകൂട്ടിയതും, അതുമല്ലെങ്കില്‍

3). ജാതകത്തിലെ മേല്‍പറഞ്ഞ മൂന്നു സ്ഫുടങ്ങളെയും 27 ല്‍ പെരുക്കി ഒന്നിച്ചു കൂട്ടിയതും  ബീജസ്ഫുടം തന്നെയാകുന്നു. അപ്രകാരം തന്നെ

1). സ്ത്രീജാതകത്തിലെ ചന്ദ്രന്‍, കുജന്‍, വ്യാഴം ഈ മൂന്നു സ്ഫുടങ്ങളേയും ഒന്നിച്ചു കൂട്ടിയതും 2). ചന്ദ്രസ്ഫുടത്തെ നാലുകൊണ്ടും മറ്റു രണ്ടും മുമ്മൂന്നുകൊണ്ടും പെരുക്കി ഒന്നിച്ചുകൂട്ടിയതും, 3). ഇതു മൂന്നും 27 ല്‍ പെരുക്കി ഒന്നിച്ചു കൂട്ടിയതും ക്ഷേത്രസ്ഫുടമാകുന്നു. ഇങ്ങനെ മുമ്മൂന്നുവിധം പറഞ്ഞ ബീജക്ഷേത്രസ്ഫുടങ്ങളില്‍ ഒടുവ് പറഞ്ഞതിന് പ്രാധാന്യം ഏറുംമെന്നും മറ്റേതു രണ്ടും അപ്രധാനങ്ങളാകയാല്‍ സംവാദാര്‍ത്ഥമാണെന്നും അറിയേണ്ടതാണ്.

പുംസാം ബീജം സൂര്യശുക്രാര്യയോഗ-
സ്ത്രീണാം ക്ഷേത്രം ചന്ദ്രഭൌമേഡ്യയോഗഃ
ബീജക്ഷേത്രേ 'ഭൂ' 'ബ' 'ല' ഘ്നൈഃ ക്രമാത് തൈഃ
ഖേടൈഃ സര്‍വ്വൈഃ സാരനിഘ്നൈശ്ച കാര്യേ.

എന്ന് പ്രമാണമുണ്ട്.


ഓജരാശിയില്‍ ഓജരാശിനവാംശകത്തില്‍ നില്‍ക്കുന്നത് ബീജസ്ഫുടത്തിനും, യുഗ്മരാശിയില്‍ യുഗ്മനവാംശകത്തില്‍ നില്‍ക്കുന്നത് ക്ഷേത്രസ്ഫുടത്തിനും ബലകരമാകുന്നു. അഷ്ടമാധിപനും നപുംസകസ്ഫുടങ്ങളുടെ 5 - 7- 9 എന്നീ ഭാവങ്ങളില്‍ നില്‍ക്കുന്നത് ശുഭപ്രദവും, ശേഷം ഗ്രഹങ്ങള്‍ മേല്‍പറഞ്ഞ മൂന്നു ഭാവങ്ങളില്‍ നില്‍ക്കുന്നത് അശുഭ പ്രദവുമാകുന്നു.

ബീജസ്യ തസ്യ ബലമോജഗൃഹാംശയോഃ സ്യാത്
ക്ഷേത്രസ്യ യുഗ്മഭവനാംശകയോശ്ച തദ്വദ്
രന്ധ്രേശഷണ്ഢരഹിതൈഃ ശുഭലഗ്നനാഥൈര്‍-
വ്വിദ്യാത് ത്രികോണമദഗൈഃ ശുഭ, മന്യഥാന്യൈഃ 

എന്ന് പ്രമാണമുണ്ട്.  

ശത്രുവിന്‍റെയും ആഭിചാരകര്‍ത്താവിന്‍റെയും വാസദിക്ക്

ശത്രോര്‍ദിരിപുനാഥവൈരിഗൃഹയോരേകസ്യ വര്‍ണ്ണോക്തവല്‍
ബാധാരാശിതദീശയോരിതരദിഗ്വാച്യാ പ്രയോക്തുസ്തഥാ
പ്രാഗാദ്യേത്യമുനോദിതാ വിഹഗദിക്പ്രാഗാദിതോ രാശിദിക്
താസാം ദൂരസമീപമദ്ധ്യഗതതാജാദ്യാപ്തഭാംശൈസ്തയോഃ

സാരം :-

ശത്രുവിന്‍റെയും ആഭിചാരകര്‍ത്താവിന്‍റെയും വാസദിക്ക് അറിയുവാനുള്ള ന്യായത്തെയാണ് ഇവിടെ പറയുന്നത്. പ്രഷ്ടാവിന്‍റെ ശത്രുവിന്‍റെ ദിക്ക് ആറാം ഭാവത്തിന് ബാധകാധിപസംബന്ധമുണ്ടെങ്കില്‍ ആറാം ഭാവരാശിയുടെ ദിക്കാണെന്നും ആറാം ഭാവാധിപന് ബാധകാധിപസംബന്ധമുണ്ടെങ്കില്‍ ആറാം ഭാവാധിപന്‍റെ ദിക്കാണെന്നും പറയണം. രണ്ടു യോഗവുമുണ്ടെങ്കില്‍ പ്രാബല്യം നോക്കി പറയുകയോ അല്ലെങ്കില്‍ രാ രണ്ടുപേരുടേയും ദിക്കില്‍ വാസമുണ്ടെന്നും പറയുകയോ ചെയ്യാം. 

ആഭിചാരം ചെയ്തയാളിന്‍റെ ദിക്ക് ബാധാരാശിക്ക് ഷഷ്ഠാധിപസംബന്ധമുണ്ടെങ്കില്‍ ആ രാശിക്ക് പറഞ്ഞിട്ടുള്ള ദിക്കാണെന്നും , ബാധകാധിപന് ഷഷ്ഠാധിപസംബന്ധമുണ്ടെങ്കില്‍ ബാധകാധിപന്‍റെ ദിക്കാണെന്നും  ഈ രണ്ടുയോഗമുണ്ടെങ്കില്‍ രണ്ടുപേരുടേയും ദിക്കില്‍ വാസമുണ്ടെന്നും അതില്‍ പ്രാബല്യമുള്ള യോഗംകൊണ്ട് പറയാവുന്ന ദിക്കില്‍ സ്ഥിരവാസമുണ്ടെന്നും പറഞ്ഞുകൊള്ളുക.

ഗ്രഹങ്ങളുടെ ദിക്കറിയേണ്ടത് "പ്രാഗാദ്യാ രവിശുക്രലോഹിതതമഃസൌരേന്ദുവില്‍ സൂരയഃ" എന്ന ഭാഗം കൊണ്ടും, രാശികളുടെ ദിക്കറിയേണ്ടതു "പ്രാഗാദീശാഃ ക്രിയവൃഷനൃയുക്കര്‍ക്കടാസ്സത്രികോണാ" എന്ന ഭാഗം കൊണ്ടും ആണ്.

ശത്രുവിന്‍റെയും ആഭിചാരകര്‍മ്മകര്‍ത്താവിന്‍റെയും വാസം ദൂരെയാണോ സമീപമാണോ രണ്ടിനും മദ്ധ്യേയാണോ എന്നറിയാനുള്ള ക്രമം പറയപ്പെടുന്നു.

ശത്രുസ്ഥാനാധിപന്‍ (ആറാം ഭാവാധിപന്‍) ചരരാശിയില്‍ നില്‍ക്കുകയോ അംശകിക്കുകയോ ചെയ്‌താല്‍ ശത്രുവിന്‍റെ വാസം ദൂരെയാണെന്നും സ്ഥിരരാശിയില്‍ നില്‍ക്കുകയോ അംശകിക്കുകയോ ചെയ്‌താല്‍ അടുത്താണെന്നും ഉഭയരാശിയില്‍ നില്‍ക്കുകയോ അംശകിക്കുകയോ ചെയ്‌താല്‍ മദ്ധ്യഭാഗത്താണെന്നും പറയണം. അംശകത്തിനും രാശിക്കും ഭേദം വന്നാല്‍ ബലം പരീക്ഷിച്ചും നിശ്ചയിച്ചുകൊള്ളണം. ഇതുപോലെ തന്നെ ബാധകാധിപന്‍റെ ചരസ്ഥിരോഭയങ്ങളിലുള്ള സ്ഥിതിയേയും അംശകത്തേയും നോക്കി ആഭിചാരകര്‍മ്മകര്‍ത്താവിന്‍റെ വാസം ദൂരെയാണോ അടുത്താണോ മദ്ധ്യത്താണോ എന്നുള്ളത് ചിന്തിച്ചുകൊള്ളണം. 

ശത്രു ആരാണ്?

ശത്രുഃ പൃച്ഛകസംബന്ധി വാന്യോ വാ ദൂരഗോƒഥവാ
സമീപസഥോƒഥവേത്യാദി തദന്വിഹ വിചിന്ത്യതേ

സാരം :-

ശത്രുക്കള്‍ പ്രഷ്ടാവിന്‍റെ സ്വകീയജനങ്ങളാണോ അതല്ല യാതൊരു ബന്ധവുമില്ലാത്ത അന്യന്മാരാണോ എന്നും ശത്രു പാര്‍ക്കുന്നത് പ്രഷ്ടാവിന്‍റെ വാസസ്ഥാനത്തിനു സമീപത്താണോ അതല്ല അകലെയാണോ എന്നും ചിന്തിക്കുന്നതിനുള്ള വഴി ഇവിടെ കാണിക്കുന്നു.

****************************************

ശത്രുഃ സ്യാല്‍ സ്വജനശ്ചരേ സ്ഥിരഗൃഹേ ലഗ്നേ സുഹൃച്ഛാത്രവോ
ദ്വന്ദ്വേ സ്യാദിതരോƒഥവാ ഗൃഹപതൗ ഷഷ്ഠസ്ഥിതേബാന്ധവഃ
പുത്രേശേ തനയാദികോƒഥ മദപേ ഭാര്യാഥ ധര്‍മ്മാധിപേ
പിത്രാദ്യാ ഗുരവോ ഭവന്തി രിപവശ്ശാപോഥവൈഷാമിഹ

സാരം :-

ചരരാശി ലഗ്നമാണെങ്കില്‍ ശത്രുക്കള്‍ സ്വജനങ്ങളാണെന്നു പറയണം. സ്വജനങ്ങളെന്ന് പറയുന്നത് സ്വജാതിയില്‍പെട്ടവരേയും സ്വകുടുംബത്തില്‍പെട്ടവരെയും സംബന്ധിക്കുന്നത്.

സ്ഥിരരാശി ലഗ്നമായാല്‍ വിവാഹാദി സംബന്ധംമൂലം ബന്ധപ്പെട്ട ജനങ്ങളാണ് ശത്രുക്കളായത് എന്ന് പറയണം.

ഉഭയരാശി ലഗ്നമായാല്‍ യാതൊരു ബന്ധവുമില്ലാത്ത അന്യന്മാരാന് ശത്രുക്കളെന്നും പറയണം.

ഇനി മറ്റൊരു പ്രകാരത്തില്‍ ശത്രുക്കളെ വിചാരിപ്പാന്‍ പറയുന്നു.

നാലാം ഭാവാധിപന്‍ ആറാം ഭാവത്തില്‍ നിന്നാല്‍ അമ്മാവന്‍ മരുമകന്‍ മുതലായവരാണ് കാര്യവശാല്‍ ശത്രുക്കളെന്നു പറയണം. അഞ്ചാം ഭാവാധിപന്‍ ആറാം ഭാവത്തില്‍ നിന്നാല്‍ മക്കള്‍ മുതലായവരാണ് ശത്രുക്കളെന്നു പറയണം. ഏഴാം ഭാവാധിപന്‍ ആറാം ഭാവത്തില്‍ നിന്നാല്‍ ഭാര്യയാണ് ശത്രുക്കളെന്നു പറയണം. ഒന്‍പതാം ഭാവാധിപന്‍ ആറാം ഭാവത്തില്‍ നിന്നാല്‍ പിതാവ് ഗുരുക്കന്മാര്‍ മുതലായവര്‍ ശത്രുക്കളായിത്തീര്‍ന്നിട്ടുണ്ടെന്നോ അല്ലെങ്കില്‍ ശാപം സംഭവിച്ചിട്ടുണ്ടെന്നോ പറയണം.

******************************************

സഹവാസീ സ്ഥിരേ ലഗ്നേ ദ്വന്ദ്വഭേƒന്തികദേശഗഃ
ചരേ ദൂരഗതഃ ശത്രുഃ ജ്ഞേയഃ സ്നിഗ്ദ്ധജനോƒഥവാ

സാരം :-

ലഗ്നം സ്ഥിരരാശിയാണെങ്കില്‍ പ്രഷ്ടാവിന് ശത്രുവായിത്തീര്‍ന്നിട്ടുള്ളത് തന്നോട് ഒരുമിച്ചു പര്‍ക്കുന്ന ആളാണെന്നു പറയണം.

ഉഭയരാശി ലഗ്നമായാല്‍ തന്‍റെ അയല്‍പക്കക്കാരന്‍ ആണ് ശത്രു എന്നും പറയണം.

ലഗ്നം ചരരാശിയായാല്‍ ദൂരദേശവാസിയാണ് തന്‍റെ ശത്രുവെന്ന് പറയണം, അല്ലെങ്കില്‍ തന്നോട് സ്നേഹിച്ചിരുന്നവരാണെന്നും പറയാം. 

ഗര്‍ഭാധാനത്തിങ്കലെ ദ്വന്ദ്വധര്‍മ്മത്തെസ്സംബന്ധിച്ചുള്ള ചില വിശേഷത്തേയും ശൃംഗാരകോപാദിചേഷ്ടാ വിശേഷങ്ങളേയുമാണ് പറയുന്നത്

യഥാസ്തരാശിര്‍മ്മിഥുനം സമേതി
തഥൈവ വാച്യോ മിഥുനപ്രയോഗഃ
അസദ് ഗ്രഹാലോകിതസംയുതേസ്തേ
സരോഷ ഇഷ്ടൈസ്സവിലാസഹാസഃ

സാരം :-

സ്ത്രീപുരുഷന്മാരുടെ മിഥുനപ്രയോഗം ഗര്‍ഭാധാനലഗ്നത്തിന്‍റെയോ, അത് നിശ്ചയമില്ലെങ്കില്‍ പ്രശ്നലഗ്നത്തിന്‍റെയോ ഏഴാം ഭാവത്തിന്‍റെ സമ്പ്രദായത്തിലായിരിക്കുമെന്നാണ് പറയേണ്ടത്. ഇത് ഒന്നുകൂടി വ്യക്തമാക്കാം. ഏഴാം ഭാവം ചതുഷ്പാദ്രാശിയാണെങ്കില്‍ നാല്ക്കാലികളുടെ സമ്പ്രദായത്തിലും, മനുഷ്യരാശിയിലാണെങ്കില്‍ മനുഷ്യരെപ്പോലെയും, സരീസൃപരാശിയാണെങ്കില്‍ സരീസൃപങ്ങളുടെ മട്ടിലും ആയിരിയ്ക്കും മിഥുനപ്രയോഗമുണ്ടായിട്ടുള്ളതെന്നു പറയണം. ഏഴാം ഭാവം ഊര്‍ദ്ധ്വമുഖരാശിയാണെങ്കില്‍ ഉപരിവിഹരമാണെന്നും, അധോമുഖമാണെങ്കില്‍ വിപരീതമാണെന്നും, തിര്യങ്മുഖമാണെങ്കില്‍ ഇരുവരും ചരിഞ്ഞുമായിരിക്കുമെന്നും, ഏഴാം ഭാവം രാത്രിരാശിയാണെങ്കില്‍ മിഥുനപ്രയോഗം രാത്രിയിലും ദിനരാശിയാണെങ്കില്‍ പകലിലും, ആണെന്നും മറ്റുള്ള വിശേഷങ്ങളെക്കൂടി പറയാവുന്നതാണ്. സുരതപ്രശ്നത്തിലും ഏഴാംഭാവംകൊണ്ട് മേല്‍പറഞ്ഞ വിശേഷങ്ങളൊക്കെ പറയാം. "സൌമ്യഗ്രഹൈരന്വിതേ ദൃഷ്ടേ വാ മദഭേ വിലാസ സഹിതം പാപൈസ്തു തദ്രോഷയുക്" എന്ന പ്രമാണമുണ്ട്.

ഏഴാമേടത്തേയ്ക്ക് പാപന്മാരുടെ യോഗമോ ദൃഷ്ടിയോ ഉണ്ടെങ്കില്‍ ദമ്പതിമാര്‍ കോപത്തോടുകൂടിയും, ശുഭന്മാരുടെയോ ഏഴാം ഭാവാധിപന്‍റെയോ യോഗദൃഷ്ടികളുണ്ടെങ്കില്‍ സന്തോഷത്തോടും ശൃംഗാരരസപ്രധാനമായും, രണ്ടിന്‍റെയും യോഗമോ ദൃഷ്ടിയോ ഉണ്ടെങ്കില്‍ ഇടകലര്‍ന്നുമാണ് മിഥുനപ്രയോഗ ചെയ്തിട്ടുള്ളതെന്നും  പറയണം. 

ഏഴാം ഭാവത്തില്‍ നില്‍ക്കുന്നവന്‍, അതില്ലെങ്കില്‍ അവിടേയ്ക്ക് നോക്കുന്നവന്‍, ഇവരേക്കൊണ്ടാണ് മുന്‍ പറഞ്ഞ ഫലങ്ങള്‍ ചിന്തിയ്ക്കേണ്ടത്. അത് രണ്ടുമില്ലെങ്കില്‍ ഈ പറഞ്ഞ വിശേഷങ്ങളെല്ലാം വിചാരിയ്ക്കേണ്ടത് സപ്തമാധിപനെക്കൊണ്ടാകുന്നു. ആ ഗ്രഹം ഉച്ചസ്ഥാനാണെങ്കില്‍ പ്രയോഗസ്ഥലം കട്ടില്‍ മുതലായ ഉയര്‍ന്ന സ്ഥലത്തും, നീചസ്ഥനാണെങ്കില്‍ നിലത്തും ആണെന്ന് പറയണം. ആദിത്യന്‍റെ യോഗദൃഷ്ട്യാദികള്‍ ഏഴിലേയ്ക്കുണ്ടെങ്കില്‍ വിരിപ്പ് പുല്പായയും, ചന്ദ്രന്‍റെ എങ്കില്‍ മരപ്പടിയും, കുജന്‍റെ എങ്കില്‍ കരിമ്പടവും, ബുധമന്ദന്മാരുടെയെങ്കില്‍ തോലും, ഗുരുശുക്രന്മാരുടെ യോഗദൃഷ്ട്യാദികള്‍ ഏഴിലേയ്ക്കുന്ടെങ്കില്‍ വിരിപ്പ് വസ്ത്രാദികളുമായിരിയ്ക്കുന്നതാണ്. അങ്ങനെ തന്നെ ഏഴിലേയ്ക്ക് ശനിയുടെ അംശകമോ ദൃഷ്ടിയോ യോഗമോ ഉണ്ടാവുക, ആ ഭാവം ശനിക്ഷേത്രമാവുകയോ ജലരാശിയാവുകയോ ചെയ്ക, ഇതിലൊന്നുണ്ടായാല്‍ മിഥുനപ്രയോഗം ഇരുട്ടത്തായിരുന്നുവെന്നും, സൂര്യചന്ദ്രന്മാരുടെ യോഗദൃഷ്ട്യാദികള്‍ ഏഴിലേയ്ക്കുണ്ടായിരുന്നുവെങ്കില്‍ മിഥുനപ്രയോഗം വെളിച്ചത്തായിരുന്നുവെന്നും മറ്റും, ദേശം കാലം ജാതി അവസ്ഥ ഇതുകളെ ആലോചിച്ച് യുക്തിയ്ക്കനുസരിച്ച് ഫലങ്ങളെ പറയേണ്ടതാകുന്നു.  

ഗര്‍ഭഗ്രഹണയോഗ്യമായ ആര്‍ത്തവ ദര്‍ശനത്തിന്‍റെയും, ഗര്‍ഭാധാനത്തിന്‍റെയും കാലത്തേയാണ് പറയുന്നത്

കുജേന്ദുഹേതു പ്രതിമാസമാര്‍ത്തവം
ഗതേ തു പീഡര്‍ക്ഷമനുഷ്ണദീധിതൗ
അതോന്യഥാസ്ഥേ ശുഭപുംഗ്രഹേക്ഷിതേ
നരേണ സംയോഗമുപൈതി കാമിനീ.

സാരം :-

സ്ത്രീകള്‍ക്ക് മാസംതോറുമുണ്ടാകുന്ന ആര്‍ത്തവത്തിന് ചന്ദ്രകുജന്മാര്‍ ഹേതു ഭൂതന്മാരാകുന്നു. എങ്ങനെയെന്നാല്‍ ചന്ദ്രന്‍ രക്തകാരകനും, കുജന്‍ പിത്തകാരകനുമാണെന്ന് മുമ്പ് പറഞ്ഞിട്ടുണ്ടല്ലോ. പിത്തം രക്തത്തെ ക്ഷോഭിപ്പിയ്ക്കയാലാണ് സ്ത്രീകള്‍ക്ക് മാസംന്തോറും രക്തം ആര്‍ത്തവരൂപമായി പരിണമിയ്ക്കുന്നത്.

"ഏവം രക്തേ ക്ഷുഭിതേ പിത്തേന രജഃ പ്രവര്‍ത്തതേ സ്ത്രീഷു" എന്ന് പ്രമാണമുണ്ട്.

ആര്‍ത്തവകാലങ്ങളില്‍ രക്തത്തിന് ഗര്‍ഭം ധരിക്കത്തക്ക ശുദ്ധിയുണ്ടാവണമെങ്കില്‍, സ്ത്രീയുടെ ജാതകത്തില്‍ തന്നെ കുജചന്ദ്രന്മാര്‍ക്ക് യോഗം, ദൃഷ്ടി, ഷഡ്വര്‍ഗ്ഗം ഇതുകളില്‍ ഏതെങ്കിലും വിധത്തില്‍ ബന്ധമുണ്ടായിരിക്കണമെന്നും മുന്‍കൂട്ടിതന്നെ അറിയേണ്ടതാണ്.  ഈ ബന്ധം സ്ത്രീജാതകത്തില്‍ ഉണ്ടാകയും, ചന്ദ്രന്‍ സ്ത്രീ ജനിച്ച കൂറില്‍ നിന്ന് അപചയരാശിയില്‍ നില്‍ക്കുകയും ആ ചന്ദ്രന് ചൊവ്വയുടെ യോഗദൃഷ്ട്യാദിബന്ധങ്ങളില്‍ ഏതെങ്കിലും ഒന്ന് ഉണ്ടാവുകയും ചെയ്‌താല്‍ അപ്പോള്‍ ഉണ്ടാകുന്ന ആര്‍ത്തവദര്‍ശനം ഗര്‍ഭ ഗ്രഹണയോഗ്യമാകുന്നു. ഗര്‍ഭാധാനത്തില്‍ രക്തശുക്ലങ്ങളില്‍ രക്തം അധികമായാല്‍ സ്ത്രീപ്രജയും, ശുക്ലം അധികമായാല്‍ പുരുഷപ്രജയും, രക്തശുക്ലങ്ങള്‍ തുല്യങ്ങളായാല്‍ നപുംസകപ്രജയുമാണ് ജനിക്കുക.

രക്തേƒധികേ സ്ത്രീപുരുഷസ്തു ശുക്ലേ
നപുംസകേ ശോണിതശുക്ലസാമ്യേ

എന്ന് പ്രമാണമുണ്ട്.

ഇവിടെ ചന്ദ്രന്‍ അപചയസ്ഥിതികൊണ്ട് രക്തക്കുറവും, കുജ സംബന്ധകൊണ്ട് രക്തത്തിന് ഗര്‍ഭഗ്രഹണയോഗ്യമായ ശുദ്ധിയുമാണ്‌ വിവക്ഷിച്ചിട്ടുള്ളതെന്നും അറിയണം.

ഗര്‍ഭാധാനസമയത്തെ  ചന്ദ്രന്‍, പുരുഷന്‍ ജനിച്ച കൂറിന്‍റെ ഉപചയത്തില്‍ നില്‍ക്കുകയും ആ ചന്ദ്രന് വ്യാഴത്തിന്‍റെ യോഗദൃഷ്ട്യാദികളുണ്ടാവുകയും ചെയ്‌താല്‍ അപ്പോള്‍ ചെയ്യുന്ന ആധാനം ഗര്‍ഭക്ഷമമാകുന്നു. ഇവിടെ "കാമിനീ" എന്നും "നരന്‍" എന്നുമുള്ള ശബ്ദങ്ങളെ പ്രയോഗിച്ചിരിയ്ക്കയാല്‍ സ്ത്രീപുരുഷന്മാരുടെ ബാല്യം, വാര്‍ദ്ധക്യം, രോഗം ഇത്യാദികളെ സൂചനമാത്രംകൊണ്ട് പരിഹരിച്ചിട്ടുണ്ടെന്നും അറിയേണ്ടതാണ്.

വിവാഹപ്രശ്നത്തിങ്കല്‍ ആര്‍ത്തവാദികള്‍ നിമിത്തമുള്ള വിവാഹവിഘ്നത്തെ ഈ ശ്ലോകത്തിന്‍റെ പൂര്‍വ്വാര്‍ദ്ധംകൊണ്ടും, മുടക്കമില്ലാതെ വിവാഹം സാധിയ്ക്കുന്നതിന്‍റെ ലക്ഷണത്തെ ഉത്തരാര്‍ദ്ധംകൊണ്ടും സൂചിപ്പിച്ചിട്ടുണ്ട്. - കാമിനീനരേണ സംയോഗം ഉപൈതി - "സ്ത്രീ പുരുഷനോടുകൂടെ യോജിക്കുന്നു." എന്നതുകൊണ്ട്‌ വിവാഹം സാധിയ്ക്കുമെന്നതിനെ വ്യക്തമായിട്ടുമുണ്ടല്ലോ.

കുജേന്ദ്വിത്യാദിപദ്യാര്‍ദ്ധേനോക്തഃ കന്യാര്‍ത്തവാദിനാ
വിവാഹവിഘ്ന, സ്തത്സിദ്ധിഃ പരേണാര്‍ദ്ധേന പൃച്ഛതാം

എന്ന് പ്രമാണമുണ്ട്.

എങ്ങനെയെന്നാല്‍ പ്രശ്നലഗ്നത്തില്‍ നിന്ന് 2-4-5-8-9-12 എന്നീ ഭാവങ്ങളില്‍ ചന്ദ്രന്‍ നില്‍ക്കുകയും, ആ ചന്ദ്രന് ചൊവ്വയുടെ യോഗമോ ദ്ദൃഷ്ടിയോ (ചൊവ്വയല്ലാത്ത പാപന്മാരുടെയായാലും മതിയെന്നൊരു അഭിപ്രായവുമുണ്ട്.) ഉണ്ടാവുകയും ചെയ്‌താല്‍, ആര്‍ത്തവാദികള്‍ നിമിത്തം വിവാഹം മുടങ്ങുമെന്നും നേരെ മറിച്ച് പ്രശ്നലഗ്നം അതില്‍ നിന്ന് 3-6-7-10-11 എന്നീ ഭാവങ്ങളില്‍ ചന്ദ്രന്‍ നില്‍ക്കുകയും, ആ ചന്ദ്രന് ആദിത്യന്‍, ബുധന്‍, വ്യാഴം, ശുക്രന്‍ ഇവരില്‍ ഒന്നിന്‍റെ ദൃഷ്ടിയുണ്ടാവുകയും ചെയ്‌താല്‍ യാതൊരു വിഘ്നവും കൂടാതെ വിവാഹം സാധിയ്ക്കുമെന്നും പറയേണ്ടതാണ്.

ഗുരുരവിസൌമ്യൈര്‍ദൃഷ്ടഃ
സ്ത്രിസുതമദാƒƒയാരിഗഃ ശശീ ലഗ്നാദ്
ഭവതി തു വിവാഹകര്‍ത്താ
ത്രികോണകേന്ദ്രാശ്രിതൈഃ സൌമ്യൈഃ

എന്ന് പ്രമാണമുണ്ട്.


ആഭിചാരം ചെയ്യുന്നതിനുള്ള കാരണം കണ്ടുപിടിക്കുന്നത് എങ്ങനെ?

ഷഷ്ഠേശജാതിം ദ്വിഷതോƒഭിദധ്യാല്‍
കര്‍മ്മേശജാതിം ഖലു കര്‍മ്മകര്‍ത്തുഃ
ഹേതുഞ്ച ഷഷ്ഠേശസമാശ്രിതര്‍ക്ഷ - 
നാഥാനുരൂപം തമിഹാഭിധാസ്യേ


സാരം :-

ആറാം ഭാവാധിപനായ ഗ്രഹത്തിന് ഉചിതമായ ജാതിയില്‍പെട്ട ആളാണ്‌ ശത്രുവെന്നും പത്താം ഭാവാധിപനായ ഗ്രഹത്തിന്‍റെ ജാതിയില്‍പെട്ട ആളാണ്‌ ആഭിചാര കര്‍ത്താവെന്നും പറയണം.

ആറാം ഭാവാധിപന്‍ നില്‍ക്കുന്ന രാശിയുടെ അധിപന് അനുരൂപമായ ദ്രവ്യത്തെ ആസ്പദമാക്കിയാണ് ഈ ശത്രുത പ്രവര്‍ത്തിച്ചിട്ടുള്ളതെന്നും പറയണം. ആറാം ഭാവാധിപന്‍ നില്‍ക്കുന്ന രാശിനാഥന്മാരായ സൂര്യാദികളെക്കൊണ്ട് ഇന്നിന്ന പദാര്‍ത്ഥങ്ങളെ വിചാരിക്കണമെന്നു തന്നെ പറയുന്നു. അതാതു ഗ്രഹങ്ങളുടെ കാരകത്വമനുസരിച്ച് ചിന്തിച്ചു ദൈവജ്ഞന്‍മാര്‍ ബുദ്ധിമുട്ടണമെന്നില്ല എന്ന് സാരം.


**************************************

ഷഷ്ഠേശോ യദി ഭൌമവേശ്മനി ബുധൈര്‍ഹേതും മഹീത്യുച്യതേ
ബൌധേ കാഞ്ചനമാര്യഭേ പണഫലാന്യച്ഛസ്യ രൂപ്യം തഥാ
വാസോ ധാന്യചതുഷ്പദാശ്ച ശനിഭേ ചണ്ഡാലദാസായുധം
ചാന്ദ്രേ ഭാജനമംബു വാര്‍ക്കഭവനേ താമ്രം ച മൂലംഫലം

സാരം :-

ആറാം ഭാവാധിപന്‍ നില്‍ക്കുന്നതു ചൊവ്വാക്ഷേത്രത്തിലാണെങ്കില്‍ ഭൂമി നിമിത്തമാണ് ആഭിചാരം ചെയ്യാന്‍ ഇടയായതെന്നു പറയണം.

ആറാം ഭാവാധിപന്‍ ബുധന്‍റെ രാശിയില്‍ നിന്നാല്‍ ആഭിചാരകാരണം സ്വര്‍ണ്ണധനമാണെന്ന് പറയണം.

ആറാം ഭാവാധിപന്‍ വ്യാഴത്തിന്‍റെ ക്ഷേത്രത്തില്‍ നിന്നാല്‍ ആഭിചാരകാരണം പണമോ ഫലങ്ങളോ ആണെന്ന് പറയണം.

ആറാം ഭാവാധിപന്‍ ശുക്രന്‍റെ രാശികളിലാണെങ്കില്‍ ആഭിചാരകാരണം വെള്ളി, വസ്ത്രം, ധാന്യം, നാല്ക്കാലികള്‍ ഈവക പദാര്‍ത്ഥങ്ങളാണെന്നും പറയണം.

ആറാം ഭാവാധിപന്‍ ശനിക്ഷേത്രത്തിലായാല്‍ ആഭിചാരകാരണം അടിയാളായ ചണ്ഡാലന്മാര്‍, ദാസന്മാര്‍, എന്നിവയാണെന്ന് പറയണം.

ആറാം ഭാവാധിപന്‍ ചന്ദ്രക്ഷേത്രത്തില്‍ നിന്നാല്‍ ആഭിചാരകാരണം പാത്രമോ വെള്ളമോ എന്നിവ മൂലമാണെന്ന് പറയണം.

ആറാം ഭാവാധിപന്‍ ആദിത്യക്ഷേത്രത്തില്‍ നിന്നാല്‍ ചെമ്പ്, പാത്രം,  മൂലദ്രവ്യങ്ങള്‍ ഫലപദാര്‍ത്ഥങ്ങള്‍  ഈ വക വസ്തുക്കള്‍ നിമിത്തമായും ആഭിചാരം ചെയ്തിട്ടുണ്ടെന്നും പറയണം.

മേല്‍പറഞ്ഞ വസ്തുക്കളെ സംബന്ധിച്ച് ശത്രുക്കളുമായി മത്സരാദികളുണ്ടായി അതിനാല്‍ ശത്രുക്കളുടെ വിജയത്തിനു വേണ്ടിയും മറ്റും ആഭിചാരാദികള്‍ പ്രവര്‍ത്തിച്ചിരിക്കണം എന്ന് ഗ്രാഹ്യമാകുന്നു.


******************************************

ലഗ്നാദികേഷു ഭാവേഷു യത്രാസ്തേ ബാധകാധിപഃ
ഭാവമേനം നിമിത്തീകൃത്യാഭിചാരം വിനിര്‍ദ്ദിശേല്‍

സാരം :-

ബാധകാധിപന്‍ ലഗ്നം മുതലായ ഏതൊരു ഭാവത്തിലാണോ നില്‍ക്കുന്നത് ഈ ഭാവം കാരണമായിട്ടാണ് ആഭിചാരമുണ്ടായതെന്നു പറയണം.

ബാധകാധിപന്‍ രണ്ടാം ഭാവത്തില്‍ നിന്നാല്‍ ധനം കാരണമായും മൂന്നാം ഭാവത്തില്‍ നിന്നാല്‍ സഹോദരാദികള്‍ കാരണമായും ആഭിചാരമുണ്ടായതെന്നു ഇങ്ങിനെ മറ്റുഭാവങ്ങളെക്കൊണ്ടും  ചിന്തിച്ചുകൊള്ളണം.


*********************************************

ധാത്വാദിഭഖേടാനാമുദയേനാരാതിബാധകേശാഭ്യാം
ആശ്രിതഭാഭ്യാമഥവാ ധാത്വാദ്യാ ഹേതവശ്ചിന്ത്യാഃ - ഇതി ച

സാരം :-

ലഗ്നം, ലഗ്നത്തില്‍ നില്‍ക്കുന്ന ഗ്രഹങ്ങള്‍, ആറാം ഭാവാധിപന്‍, ആറാം ഭാവാധിപന്‍ നില്‍ക്കുന്ന രാശി, ബാധകാധിപന്‍, ബാധകാധിപന്‍ നില്‍ക്കുന്ന രാശി, ഇവകളെക്കൊണ്ടും ധാതുമൂലം, ജീവന്‍ ഈ പദാര്‍ത്ഥങ്ങളില്‍ ഏതിനെ ആസ്പദമാക്കിയാണ് ആഭിചാരം ചെയ്തിട്ടുള്ളതെന്നു ചിന്തിച്ചു പറയണം.

മേല്‍പറഞ്ഞ ലക്ഷണങ്ങള്‍ ഭിന്നരൂപങ്ങളായി വന്നാല്‍ അവയുടെ ബലാധിക്യം നോക്കി പറഞ്ഞുകൊള്ളണം.


വൃക്ഷങ്ങളുടെ ഉത്ഭവസ്ഥാനത്തേയും സംഖ്യ മുതലായതിനേയും പറയുന്നു

ശുഭോƒശുഭര്‍ക്ഷേ രുചിരം കുഭൂതലേ
കരോതി വൃക്ഷം വിപരീതമന്യഥാ
പരാംശകേ യാവതി വിച്യുതസ്സ്വകാ-
ത്ഭവന്തി തുല്യാസ്തരവസ്തഥാവിധാഃ

സാരം :-

പാപരാശിയില്‍ നില്‍ക്കുന്ന ശുഭഗ്രഹത്തേക്കൊണ്ട് കണ്ണിനും മനസ്സിനും അപ്രീതികരമായ സ്മശാനം മുതലായ സ്ഥലങ്ങളില്‍ നില്‍ക്കുന്ന ചമ്പകാദിമനോഹരവൃക്ഷങ്ങളെയാണ് വിചാരിക്കേണ്ടത്. നേരെ മറിച്ച് ശുഭരാശിയില്‍ പാപന്‍ നില്‍ക്കുന്നതായാല്‍ ദേവാലയാദിയായ ശുഭസ്ഥലങ്ങളില്‍ നില്‍ക്കുന്ന കാഞ്ഞിരമരം മുതലായ ദുഷ്ടവൃക്ഷങ്ങളേയും പറയണം.

ഇവിടെ രാശികള്‍ക്ക് ആധാരത്വവും, ഗ്രഹങ്ങള്‍ക്ക്‌ ആധേയത്വവുമാണല്ലോ കല്പിച്ചിട്ടുള്ളത്. ഈ ന്യായം സാമാന്യമായി എല്ലാ സ്ഥലത്തും വ്യാപിപ്പിയ്ക്കാവുന്നതാണ്. എങ്ങിനെയെന്നാല്‍ ജാതകത്തില്‍ ലഗ്നാധിപന്‍ പാപരാശിയിലാണ് നില്‍ക്കുന്നതെങ്കില്‍ പ്രായേണ അയാളുടെ വാസസ്ഥലം മനസ്സിനും കണ്ണിനും അപ്രീതികരമായ ദിക്കിലായിരിയ്ക്കുമെന്നും, ശുഭക്ഷേത്രത്തിലാണെങ്കില്‍ ദേവാലയം, ബ്രാഹ്മണഗൃഹം, രാജമന്ദിരം, ഉദ്യാനം ഇത്യാദി സന്തോഷപ്രദമായ സ്ഥലത്തായിരിക്കുമെന്നും വിചാരിയ്ക്കാം. 

ഏഴാം ഭാവാധിപന്‍ പാപനും അത് നില്‍ക്കുന്നത് ശുഭരാശിയിലുമാണെങ്കില്‍, ഭാര്യ നല്ല ഗൃഹത്തില്‍ ജനിച്ചവളും സൗന്ദര്യാദിഗുണങ്ങളില്ലാത്തവളുമായിരിയ്ക്കുമെന്നും, വിപരീതമായാല്‍ ഫലവും വിപരീതമായിരിയ്ക്കുമെന്നും ഊഹിയ്ക്കാം. രാശികള്‍ക്ക് ആധാരത്വം കല്പിച്ചതുകൊണ്ട്, ലഗ്നാധിപന്‍ നില്‍ക്കുന്നത് ചരരാശിയിലാണെങ്കില്‍ അയാള്‍ പ്രായേണ സഞ്ചാരശീലനും, സ്ഥിരരാശിയിലാണെങ്കില്‍ അധികം സഞ്ചരിയ്ക്കാതെ ഒരേ സ്ഥലത്ത് സ്ഥിരമായി താമസിയ്ക്കുന്നവനുമായിരിയ്ക്കുമെന്നും പറയണം.

പ്രശ്നവിഷയത്തിലാണെങ്കില്‍ ആരൂഢാധിപന്‍റെ സ്ഥിതി ശുഭക്ഷേത്രത്തിലായാല്‍ അമ്പലം, കൊട്ടാരം മുതലായ ഉല്‍കൃഷ്ടസ്ഥാനത്താണ് പ്രഷ്ടാവിന്‍റെ വാസമെന്നും, പാപരാശിയിലാണെങ്കില്‍ വാസഭൂമി നീചവ്യാപ്തമാണെന്നും മറ്റും പറയാവുന്നതാണ്.

ആരൂഢാധിപതിഃ ശുഭഗ്രഹഗൃഹേ പ്രശ്നേ യദി സ്യാദ് സ്ഥിതഃ
ക്ഷോണീശാമരമന്ദിരാദിഷു മനോജ്ഞേഷു സ്ഥിതിഃ പൃച്ഛതാം,
പാപക്ഷേത്രഗതഃ സചേദിഹ ഭവേത് മ്ലേച്ഛപ്രദേശേ സ്ഥിതിഃ.

എന്ന് പ്രമാണമുണ്ട്.

നഷ്ടപ്രശ്നത്തിങ്കല്‍ ചോരന്‍ (കള്ളന്‍ / മോഷ്ടാവ്) കൊണ്ടുപോയി വെച്ച ധനവും, അത് മുമ്പിരുന്നിരുന്ന സ്ഥലവും എന്ന് മാത്രമല്ല രാശിയ്ക്ക് ആധാരത്വവും ഗ്രഹങ്ങള്‍ക്ക്‌ ആധേയത്വവും കല്‍പിച്ചുകൊണ്ട്‌ മുമ്പ് പറഞ്ഞവിധം എല്ലാ സ്ഥലത്തും ഇതുകൊണ്ട് വിചാരിയ്ക്കാമെന്നു താല്പര്യം.

വൃക്ഷോല്പത്തി പ്രശ്നത്തിങ്കല്‍ ലഗ്നാധിപന്‍ നില്‍ക്കുന്ന രാശിയില്‍ നിന്ന് എത്രാമത്തെ രാശിയിലാണോ അതിന്‍റെ അംശകം നില്‍ക്കുന്നത് വൃക്ഷസംഖ്യ അത്രയായിരിയ്ക്കുമെന്നും, അവയില്‍ സ്ഥലരാശ്യംശകങ്ങളെക്കൊണ്ട് സ്ഥലവൃക്ഷങ്ങളേയും , ജലരാശ്യംശകങ്ങളെക്കൊണ്ട് ജലസമീപസ്ഥവൃക്ഷങ്ങളേയും വിചാരിയ്ക്കണമെന്നും അറിയുക. 

ഇതിനെ ഒന്നുകൂടി വ്യക്തമാക്കാം - ലഗ്നാധിപന്‍ നില്‍ക്കുന്നത് മിഥുനത്തിലും, അതിന്‍റെ അംശകം മീനത്തിലുമാണെന്നു വിചാരിയ്ക്കുക. അവിടെ വൃക്ഷസംഖ്യ പത്താണെന്നും, അവയില്‍ കര്‍ക്കിടകം, മകരം, കുംഭം, മീനം എന്നീ നാല് ജലരാശ്യംശകങ്ങളെക്കൊണ്ട് നാല് ജലവൃക്ഷങ്ങളേയും ബാക്കി ആറ് സ്ഥലരാശ്യംശകങ്ങളെക്കൊണ്ട് അത്ര സ്ഥലവൃക്ഷങ്ങളേയും ആണ് വിചാരിയ്ക്കേണ്ടതെന്നും താല്പര്യം. ഇവിടെ ഇന്നഗ്രഹമെന്നോ ഇന്ന രാശിയില്‍ നിന്ന് എന്നോ എന്നും മറ്റും സ്പഷ്ടമായി പറയാത്തതിനാല്‍ സംഖ്യ അറിയേണ്ടിടത്തൊക്കെയും ഈ വിധം വിചാരിയ്ക്കാമെന്നും സൂചിപ്പിക്കുന്നു. എങ്ങനെയെന്നാല്‍ ഫലദാതാവായ ഗ്രഹത്തിന്‍റെ അംശകം നില്‍ക്കുന്നത് അത് നില്‍ക്കുന്ന രാശിയില്‍ നിന്നോ ആ ഗ്രഹത്തിന്‍റെ ഉച്ചം, സ്വക്ഷേത്രം, നീചം ഇതുകളില്‍ നിന്നോ എത്രാമത്തെ രാശിയിലാണോ അത്ര സംഖ്യയേയോ അത്ര കാലത്തേയോ പറയാവുന്നതാണെന്നും  താല്പര്യം. ഇങ്ങനെ തന്‍റെ ഉച്ചം, നീചം, സ്വക്ഷേത്രം ഇത്യാദികളില്‍ നിന്ന് എത്രാം രാശിയിലാണോ ഫലദാതാവ് നില്‍ക്കുന്നത്, അതുകളെക്കൊണ്ടും കാലം, സംഖ്യ മുതലായതിനെ പറയാവുന്നതാണ്. കാലമാണ് പറയേണ്ടതെങ്കില്‍ ഫലദാതാവായ ഗ്രഹത്തിന്‍റെ അയനാദികാലം കൊണ്ട് മേല്‍പറഞ്ഞ സംഖ്യയെപ്പെരുക്കിയതു എത്രയാണൊ അത്രയാണ് പറയേണ്ടതും. ഇങ്ങനെ വിയോനിജന്മമെന്ന   മൂന്നാമദ്ധ്യായം കഴിഞ്ഞു. 

ഗ്രഹങ്ങളെകൊണ്ടുള്ള ജാതി വിഭാഗം പറയുന്നു

വിപ്രാവസുരസുരേഡ്യൗ ഭൗമാര്‍ക്കൗ ക്ഷത്രിയൗ ശശീ വൈശ്യഃ
ശൂദ്രസ്തു ബുധോ മന്ദശ്ചാന്തരവര്‍ണ്ണോ വരാഹമിഹിരമതേ

സാരം :-

വ്യാഴം, ശുക്രന്‍ ഇവരെക്കൊണ്ട് ബ്രാഹ്മണജാതിയെ പറയണം.

ആദിത്യന്‍, ചൊവ്വ ഇവരെക്കൊണ്ട് ക്ഷത്രിയ ജാതിയേയും പറയണം.

ചന്ദ്രനെക്കൊണ്ട് വൈശ്യജാതിയെ പറയണം

ബുധനെക്കൊണ്ട് ശൂദ്രജാതിയെ പറയണം.

ശനിയെക്കൊണ്ട് അവാന്തര ജാതികളെ പറയണം.

ഇങ്ങനെയാണ് വരാഹമിഹിരാചാര്യന്‍റെ അഭിപ്രായം. "ശൂദ്രസ്തു ബുധോ മന്ദഃ" എന്ന ഭാഗം കൊണ്ട് ബുധനും ശനിയും ശൂദ്രനാണെന്നുകൂടി ധ്വനിപ്പിചിരിക്കുന്നു.


*************************************

വിപ്രോത്തമഃ സ്യാദ്ഗുരരത്ര ശുക്രോ
വിപ്രാധമോƒന്യഗ്രഹരാശിയോഗാല്‍
ഭേദോƒനയോഃ സ്യാദഥ സര്‍വ്വഭൗമോ
ഭാനുഃ കുജോ മാണ്ഡലികശ്ച വേദ്യഃ

സാരം :-

വ്യാഴത്തെക്കൊണ്ട് ഉത്തമബ്രാഹ്മണനെ വിചാരിക്കണം.

ശുക്രനെക്കൊണ്ട് അധമബ്രാഹമണനെ വിചാരിക്കണം.

മേല്‍പറഞ്ഞവര്‍ക്ക് ഏതേതു രാശികളുടേയും ഏതേതു ഗ്രഹങ്ങളുടേയും സംബന്ധം സംഭവിക്കുന്നുവോ ആ രാശികളുടെ നിലയ്ക്കനുരൂപമായി ഉല്‍കൃഷ്ടതയേയും നികൃഷ്ടതയേയുംകൂടി ഗ്രഹിക്കേണ്ടതാണ്.

ആദിത്യനെക്കൊണ്ട് ചക്രവര്‍ത്തിയെ വിചാരിക്കണം.

ചൊവ്വയെക്കൊണ്ട് മണ്ഡലാധിപത്യമുള്ള രാജാവിനെയും ചിന്തിച്ചുകൊള്ളണം.


**********************************

ഭൂമിജോƒനുപവീതിഃ സ്യാദ്രാജതുല്യോƒഥബോധനഃ
വിദ്വാനനുപവീതി ച ദേവദാസ ഇതീര്യതാ.

സാരം :-

ചൊവ്വയെക്കൊണ്ട് ബ്രാഹ്മണ്യകൃത്യങ്ങളുണ്ടെങ്കില്‍ പൂണൂല്‍ ധരിക്കാത്ത രാജസമാനന്മാരായ ജനങ്ങളെ വിചാരിക്കണം.

ബുധനെക്കൊണ്ട് പൂണൂല്‍ ധരിക്കാത്ത അമ്പലവാസികളേയും വിദ്വാന്മാരെയും ചിന്തിച്ചുകൊള്ളണം.

മേല്‍പറഞ്ഞവരുടെ അനുഷ്ഠാനം ബ്രാഹ്മണരെപ്പോലെ ആയിരിക്കും. പൂണൂല്‍ മാത്രം ഇല്ലാതിരിക്കും.

********************************

ഉച്ചാദി നീചപര്യന്തസ്ഥാനഭേദാച്ഛനേരപി
ദേവദാസാദി ചണ്ഡാലപര്യന്താ ജാതയഃ സ്മൃതാഃ - ഇതി

സാരം :-

ശനിയ്ക്ക് ഉച്ചസ്ഥിതിയുണ്ടെങ്കില്‍ അമ്പലവാസികളേയും നീചസ്ഥിതിയാണുള്ളതെങ്കില്‍ ചണ്ഡാല (ഏറ്റവും നികൃഷ്ട വര്‍ഗ്ഗത്തില്‍പ്പെട്ടവ) ന്മാരേയും ഗ്രഹിക്കണം. ഇതൊഴിച്ചുള്ള രാശികളില്‍ നിന്നാല്‍ ശനിയുടെ ബലമനുസരിച്ച് അമ്പലവാസി മുതല്‍ ചണ്ഡാലന്‍ വരെയുള്ള മറ്റു ജാതികളെ ചിന്തിച്ചുകൊള്ളണം. ഇവിടേയും മറ്റു ഗ്രഹങ്ങളുടെ യോഗദൃഷ്ട്യാദി സംബന്ധങ്ങള്‍ വിസ്മരിക്കത്തക്കതല്ല. ഉച്ചത്തില്‍ നില്‍ക്കുന്ന ശനിയെക്കൊണ്ട് അമ്പലവാസിയെ പറയുമ്പോള്‍ മൂല ത്രികോണത്തില്‍ നില്‍ക്കുന്ന ശനിയെക്കൊണ്ട് അമ്പലവാസികളില്‍ നിന്ന് അല്പം താണ വര്‍ഗ്ഗക്കാരെ പറയണം. ബന്ധുക്ഷേത്രത്തിലും സ്വക്ഷേത്രത്തിലും നില്‍ക്കുന്ന ശനിയെക്കൊണ്ട് അതിലും താണവര്‍ഗ്ഗക്കാരെ ഇങ്ങിനെ ക്രമേണ യുക്തികൊണ്ട് ചിന്തിച്ചുകൊള്ളണം.



********************************

ജാതി ഭേദചിന്തയില്‍ മാധവീയ വചനത്തെക്കൂടി താഴെ പറയുന്നു.

വിപ്രാഹ്വയൌ ഗുരുസിതൗ നൃപതീ കുജാര്‍ക്കൗ
വൈശ്യശ്ശശീശശിസുതോ വൃഷലലോƒര്‍ക്കജോƒന്ത്യഃ - ഇതി

സാരം :-

ഗുരുശുക്രന്മാരെക്കൊണ്ട് ബ്രാഹ്മണരെയും, ആദിത്യനെക്കൊണ്ടും ചൊവ്വയെക്കൊണ്ടും ക്ഷത്രിയന്മാരെയും ചന്ദ്രനെക്കൊണ്ട് വൈശ്യനെയും ബുധനെക്കൊണ്ട് ശൂദ്രനെയും വിചാരിക്കണം. ശനിയെക്കൊണ്ട് ചണ്ഡാല വര്‍ഗ്ഗത്തില്‍പ്പെട്ട പറയന്‍ പുലയര്‍ മുതലായവരെ ചിന്തിക്കണം. ഇങ്ങനെ മാധവീയവചനം.


***********************************

ജാതിയെ വിചാരിക്കുന്നതിലേയ്ക്കായി കൃഷ്ണീയ വചനംകൂടി താഴെ ചേര്‍ക്കുന്നു.

വിപ്രൗ ഭൃഗുദേവഗുരു ക്ഷത്രിയ ഭാവൌ ദിവാകരോര്‍വ്വീജൗ
വൈശ്യൗബുധ ചന്ദ്രമാസൌ ശനൈശ്ചരഃ ശൂദ്രസംകരകൃല്‍

സാരം :-

വ്യാഴവും ശുക്രനും ബ്രാഹ്മണകാരകന്മാരാണ്.

ആദിത്യനും ചൊവ്വയും ക്ഷത്രിയകാരകന്മാരാണ്.

ചന്ദ്രനും ബുധനും വൈശ്യകാരകന്മാരാണ്.

ശനിയ്ക്ക് ശൂദ്രകാരകത്വവും സംകരകാരകത്വവും ഉണ്ട്. സങ്കരന്മാര്‍ എന്ന് പറയുന്നത് രണ്ട് വര്‍ഗ്ഗത്തില്‍പ്പെട്ട മാതാപിതാക്കന്മാരുടെ സന്തതികളെ ആണ്. ഉയര്‍ന്ന വര്‍ഗ്ഗങ്ങളില്‍ ഈവക ദോഷം സംഭവിക്ക നിമിത്തം ഭ്രഷ്ട് കല്പിച്ച് താഴ്ത്തുക നിമിത്തമാണ് സങ്കരന്മാരെന്ന നിലയില്‍ ഒട്ടധികം വര്‍ഗ്ഗക്കാരുണ്ടായതെന്ന് ഒരു പക്ഷമുണ്ട്. ഏതായാലും ശൂദ്രര്‍ മുതല്‍ കീഴ്പോട്ടുള്ളവരെ സാമാന്യേന ശനിയെക്കൊണ്ട് തന്നെയാണ് ചിന്തിക്കേണ്ടത്. ശനിയുടെ ബലാബലമനുസരിച്ച് അവരുടെ ഉല്‍കൃഷ്ടനികൃഷ്ടതയേയും ചിന്തിച്ചുകൊള്ളണം.


************************************

അര്‍ക്കസ്യ വിപ്രോ രാജാ വാ ശൂദ്രോ വാ മണ്ഡലാധിപഃ
ഇന്ദ്രോര്‍വ്വിപ്രോƒഥവാ വൈശ്യോ ഭൌമസ്യ ദ്വിജശൂദ്രകൌ

സൗമ്യസ്യ ശൂദ്രോ വൈശ്യോ വാശനേഃ ശൂദ്രോƒന്ത്യജോƒപിവാ
ജീവസ്യ വിപ്രഃ ശുക്രസ്യ ശൂദ്രോ വിപ്രോƒഥവാ സ്ത്രീയഃ

നിചാരിമൂഢഗൈരേതൈര്‍ നീചജാതിം വിനിര്‍ദ്ദിശേല്‍ - ഇതി.

സാരം :-

ആദിത്യനെക്കൊണ്ട് ബ്രാഹ്മണന്‍ രാജാവ് നാടുവാഴിയായ ശൂദ്രന്‍ ഇവരെ വിചാരിക്കണം. ആദിത്യന്‍ പ്രബലനാണെങ്കില്‍ (വ്യാഴക്ഷേത്രസ്ഥിതി മുതലായ സംബന്ധങ്ങളുണ്ടെങ്കില്‍ ബ്രാഹ്മണനേയും അതുപോലെ ബലവാനാണെങ്കില്‍ (സ്വക്ഷേത്രം ഉച്ചം മുതലായ ബന്ധങ്ങളുണ്ടെങ്കില്‍) രാജാവിനെയും ബന്ധുക്ഷേത്ര സ്ഥിതി മുതലായവയില്‍ സാമാന്യ ബലവാനാണെങ്കില്‍ ദേശാധിപനായ പ്രഭുവിനേയും ഗ്രഹിച്ചുകൊള്ളണം. 

ചന്ദ്രനെക്കൊണ്ട് ബ്രാഹ്മണനേയും വൈശ്യനേയും ഗ്രഹിക്കാം. ഇവരുടെ ഭേദവും ചന്ദ്രന്‍റെ ബലാബലമനുസരിച്ചുതന്നെ ചിന്തിച്ചുകൊള്ളണം. 

ചൊവ്വയെക്കൊണ്ട് ബ്രാഹ്മണരേയും ശൂദ്രരേയും വിചാരിക്കാം. ഗുരുശുക്രന്മാരുടെ ക്ഷേത്രത്തില്‍ നില്‍ക്കുന്ന ചൊവ്വയെക്കൊണ്ട് ദേശവാഴിയായ ശൂദ്രനെയും ശുക്രക്ഷേത്രത്തില്‍ നില്‍ക്കുന്ന ചൊവ്വയെക്കൊണ്ട് ബ്രാഹ്മണനേയും ബുധശനികളുടെ ക്ഷേത്രത്തില്‍ നില്‍ക്കുന്ന ചൊവ്വയെക്കൊണ്ട് ശൂദ്രനേയും വിചാരിക്കണം. ആദിത്യന്‍റെയും ചൊവ്വയുടെയും ക്ഷേത്രത്തില്‍ നില്‍ക്കുന്ന ചൊവ്വയെകൊണ്ട് അധമബ്രാഹ്മണരേയും വിചാരിച്ചുകൊള്ളണം. 

ബുധനെക്കൊണ്ട് ശൂദ്രനെയും വൈശ്യനെയും വിചാരിക്കണം. ഇവിടെയും ബലാബലം ചിന്തിച്ചുകൊള്ളണം.

ശനിയെക്കൊണ്ട് ശൂദ്രനേയും ചണ്ഡാലന്മാരെയും വിചാരിക്കണം. ഇതിന്‍റെ ന്യായം "ദേവദാസാദി ചണ്ഡാല പര്യന്തം" എന്ന ഭാഗം കൊണ്ട് പറഞ്ഞിട്ടുണ്ട്. 

വ്യാഴത്തെക്കൊണ്ട് ബ്രാഹ്മണനെത്തന്നെ ചിന്തിക്കണം. 

ശുക്രനെക്കൊണ്ട് ശൂദ്രനെയും ബ്രാഹ്മണനേയും അഥവാ സ്ത്രീകളേയും വിചാരിക്കാം. 

സൂര്യാദികളായ ഈ ഗ്രഹങ്ങള്‍ക്ക്‌ നീചശത്രുക്ഷേത്ര സ്ഥിതി മൌഢ്യം ഈവക ദോഷങ്ങളുണ്ടെങ്കില്‍ ആചാരങ്ങള്‍ക്കൊണ്ട് പതിതന്മാരായി നീചജന്മത്തിനു അര്‍ഹന്മാരായി തീര്‍ന്നിരിക്കുന്നു എന്ന് പറയണം. നീചസ്ഥിതിയുള്ള വ്യാഴത്തെക്കൊണ്ട് ശ്രേഷ്ഠമായ ബ്രാഹ്മണകുലത്തില്‍ ജനിച്ചു എങ്കിലും മദ്യപാനം മുതലായ നിന്ദ്യവൃത്തികളാല്‍ നികൃഷ്ടനായവനാണെന്നും പറയണം. ഇങ്ങനെ മറ്റുള്ള ഗ്രഹങ്ങളെക്കൊണ്ട് ചിന്തിച്ചുകൊള്ളാം. 

അന്തസ്സാരാദി വൃക്ഷങ്ങളില്‍ ഇന്നിന്നവയെ ഇന്നിന്ന ഗ്രഹത്തെക്കൊണ്ടാണ് വിചാരിയ്ക്കേണ്ടതെന്ന് പറയുന്നു

അന്തസ്സാരാന്‍ ജനയതി രവിര്‍ദുര്‍ഭഗാന്‍ സൂര്യസൂനുഃ
ക്ഷീരോപേതാംസ്തുഹിനകിരണഃ കണ്ടകാഢ്യാംശ്ച ഭൗമഃ
വാഗീശജ്ഞൗ സഫലവിഫലാന്‍ പുഷ്പവൃക്ഷാംശ്ചശുക്രഃ
സ്നിഗ്ദ്ധാനിന്ദുഃ കടുകവിടപാന്‍ ഭൂമിപുത്രശ്ച ഭൂയഃ

സാരം :-

ആദിത്യനെക്കൊണ്ട് ഉള്ളില്‍ കാതലുള്ള പ്ലാവ്, തേക്ക് മുതലായ വൃക്ഷങ്ങളേയും, ശനിയെക്കൊണ്ട് മനസ്സിനും കണ്ണിനും സുഖപ്രദമല്ലാത്ത പൊട്ടക്കാള, ചേര് മുതലായതിനേയും, ചന്ദ്രനെക്കൊണ്ട് പാല, കുങ്കുമം മുതലായ പാലുള്ള വൃക്ഷങ്ങളേയും, ചൊവ്വയെക്കൊണ്ട് മുരുക്ക്, പൂള മുതലായ മുള്ളുള്ളവയേയും, വ്യാഴത്തിനെക്കൊണ്ട് തെങ്ങ്, കവുങ്ങ് മുതലായ ഫലപ്രധാനവൃക്ഷങ്ങളേയും , ബുധനെക്കൊണ്ട് ഫലപ്രധാനമല്ലാത്ത പാതിരി, ചന്ദനം തുടങ്ങിയവയേയും, ശുക്രനെക്കൊണ്ട് ചമ്പകാദികളായ പുഷ്പപ്രധാന വൃക്ഷങ്ങളേയും, ആണ് പറയേണ്ടത്.

ഇതിനുപുറമേ ദേവതാരം മുതലായ സ്നിഗ്ദ്ധതയുള്ള വൃക്ഷങ്ങളെ ചന്ദ്രനെക്കൊണ്ടും, മുരിങ്ങ തുടങ്ങിയ എരിവുരസമുള്ള വൃക്ഷങ്ങളെ ചൊവ്വയെക്കൊണ്ടും വിചാരിയ്ക്കുകയും വേണം.

മുന്‍ശ്ലോകത്തിലെ ജലസ്ഥലാദി വിഭാഗങ്ങളേയും, ഇതുകൊണ്ട് പറഞ്ഞ വൃക്ഷകാരകത്വാദികളേയും മറ്റും വിചാരിച്ച്, ലഗ്നാംശകാധിപനെക്കൊണ്ട് വൃക്ഷവിശേഷങ്ങളുടെ ഉത്ഭവം, സംഖ്യ മുതലായതിനേയും പറയേണ്ടതാണ്.

ലഗ്നാംശകാധിപന്‍ ഊര്‍ദ്ധ്വമുഖരാശിയിലാണ് നില്‍ക്കുന്നതെങ്കില്‍ വൃക്ഷം വളരെ ഉയരുന്ന ജാതിയില്‍ പെട്ടതാണെന്നും, തിര്യങ്മുഖത്തിലാണെങ്കില്‍ പടര്‍ച്ചയുള്ള ജാതിയില്‍പെട്ടതാണെന്നും, അധോമുഖരാശിയിലാണെങ്കില്‍ ഉയരം കുറഞ്ഞ ജാതിയില്‍ പെട്ടതാണെന്നും ഊഹിയ്ക്കാവുന്നതാണ്. 

വൃക്ഷങ്ങളുടെ ജനനലക്ഷണം അവ ഉണ്ടായ സ്ഥലം മുതലായതിനെ പറയുന്നു

ഹോരേന്ദുസൂരിരവിഭിര്‍വ്വിബലൈസ്തരൂണാം
തോയേ സ്ഥലേ തരുഭവോംശകൃതഃ പ്രഭേദഃ
ലഗ്നാദ്ഗ്രഹസ്ഥലജലര്‍ക്ഷപതിസ്തു യാവാം-
സ്താവന്ത ഏവ തരവഃ സ്ഥലതോയജാതാഃ

സാരം :-

ലഗ്നം, ആദിത്യന്‍, ചന്ദ്രന്‍, വ്യാഴം എന്നീ നാലുഗ്രഹങ്ങള്‍ക്ക് ബലം തീരെ ഇല്ലെങ്കില്‍, അപ്പോള്‍ ജനിച്ചത് വൃക്ഷമാണെന്നും പറയണം.

ലഗ്നനവാംശകം ജലരാശിയിലാണെങ്കില്‍ ജലസമീപസ്ഥലങ്ങളായ വൃക്ഷങ്ങളുടേയും സ്ഥലരാശിയിലാണെങ്കില്‍ സ്ഥലവൃക്ഷങ്ങളുടേയും ഉത്ഭവത്തെയാണ് പറയേണ്ടത്.

"ഹോരേന്ദുസൂരിരവിഭിര്‍വ്വിബലൈസ്തരൂണാം ജന്മ" എന്ന ശബ്ദശക്തികൊണ്ട് മനുഷ്യരുടെ ജാതകത്തില്‍ ലഗ്നാര്‍ക്കചന്ദ്രഗുരുക്കള്‍ വിബലന്മാരായാല്‍ ആ ശിശു വൃക്ഷംപോലെ ജഡനായിരിയ്ക്കയേ ഉള്ളുവെന്നും അറിയണം.

ലഗ്നത്തിന്‍റെ അംശകാധിപന്‍ ലഗ്നത്തില്‍ ഉദിയ്ക്കുന്ന അംശകം തുടങ്ങി എത്രാമത്തെ അംശകത്തിലാണോ നില്‍ക്കുന്നത്, ആ അംശകസംഖ്യയോളം വൃക്ഷമാണ് ഉള്ളതെന്നും അവയില്‍ സ്ഥലരാശ്യംശകസംഖ്യയോളം സ്ഥലവൃക്ഷങ്ങളും ഉണ്ടെന്നു പറയേണ്ടതാകുന്നു. ഇതു ലഗ്നാംശകാധിപന് അധികം ബലമുള്ളപ്പോഴാണ് പറയേണ്ടത്. ലഗ്നരാശിയ്ക്കാണ് അധികം ബലമുള്ളതെങ്കില്‍ ലഗ്നാധിപന്‍ ലഗ്നനവാംശകത്തില്‍ നിന്ന് എത്രാമത്തെ നവാംശകത്തില്‍ നില്‍ക്കുന്നുവോ അത്ര സംഖ്യയെയാണ് പറയേണ്ടത്. ജലാത്മകങ്ങളും സ്ഥലാത്മകങ്ങളുമായ  അംശകങ്ങളെക്കൊണ്ട് ജലസ്ഥലവൃക്ഷങ്ങളേയും പറയേണ്ടതാകുന്നു. 

ഇവിടെ ഗ്രഹം എന്നതിന് ശുഭമോ അശുഭമോ ആയ ഫലദാതാവ് എന്നും അര്‍ത്ഥം വിചാരിയ്ക്കാം. 

രോഗപ്രശ്നത്തിങ്കല്‍ രോഗകര്‍ത്താവായ ഗ്രഹം ലഗ്നത്തില്‍ നിന്ന് എത്രാമത്തെ രാശിയിലാണോ നില്‍ക്കുന്നത്, ലഗ്നാധിപന്‍ സൂര്യനാണെങ്കില്‍ ആ സംഖ്യയോളം അയനവും, ചന്ദ്രനാണെങ്കില്‍ അത്ര ക്ഷണവും, ഇങ്ങനെ ക്രമേണ ശനിയാണ് ലഗ്നാധിപനെങ്കില്‍ അത്ര സംവത്സരവും കഴിഞ്ഞാല്‍ രോഗം വര്‍ദ്ധിയ്ക്കുമെന്നും, ശുഭഫലദാതാവിനെക്കൊണ്ട് രോഗശമനം മുതലായതുണ്ടാവുമെന്നും പറയാവുന്നതാണ്.

ലഗ്നാദ്യാവതി ഭേ പാപസ്താവത്യബദേƒഹ്നി മാസി വാ
പക്ഷേക്ഷണേƒയനേ വര്‍ത്തൗ ലഗ്നേശസ്യോചിതേ വൃഥാ.

എന്നും മറ്റും പ്രമാണമുണ്ട്. 

പക്ഷികളുടെ ജനനലക്ഷണത്തെ പറയുന്നു

ഖഗേ ദൃഗാണേ ബലസംയുതേന വാ
ഗ്രഹേണ യുക്തേ ചരഭാംശകോദയേ
ബുധാംശകേ വാ വിഹഗാ സ്ഥലാംബുജാ-
ശ്ശനൈശ്ചരേന്ദ്വീക്ഷണയോഗസംഭവാഃ

സാരം :-

1). ലഗ്നത്തില്‍ പക്ഷിദ്രേക്കാണം ആവുക; ആ ദ്രേക്കാണത്തില്‍ ബലമുള്ള ഒരു ഗ്രഹം നില്‍ക്കുക, 2). ലഗ്നത്തിന്‍റെ നവാംശകം ചരരാശിയില്‍ ആവുക; ആ അംശകത്തില്‍ ബലവാനായ ഒരു ഗ്രഹം നില്‍ക്കുക, 3). ലഗ്നത്തിന്‍റെ നവാംശകാധിപന്‍ ബുധനാവുക; ആ നവാംശകത്തില്‍ ബലവാനായ ഒരു ഗ്രഹം നില്‍ക്കുക, ഈ മൂന്നില്‍ ഏതെങ്കിലും ഒരു യോഗമുണ്ടാവുകയും അവിടേയ്ക്ക് ശനിയുടെ യോഗമോ ദൃഷ്ടിയോ ഉണ്ടാവുകയും ചെയ്‌താല്‍ കാക്ക, പരുന്ത് മുതലായ സ്ഥലപക്ഷികളുടെ ജനനത്തേയും, ശനിയ്ക്ക് പുറമേ ചന്ദ്രന്‍റെയും കൂടി യോഗമോ ദൃഷ്ടിയോ ഉണ്ടായാല്‍ കുളക്കോഴി മുതലായ ജലപക്ഷികളുടെ ജനനത്തേയും പറയാവുന്നതാണ്. 

നാല്‍ക്കാലികളുടെ ശരീരത്തിലെ നിറത്തെ (വര്‍ണ്ണത്തെ) പറയുന്നു.

ലഗ്നാംശകാത് ഗ്രഹയോഗേക്ഷണാദ്വാ
വര്‍ണ്ണാന്‍ വദേത് ബലയുക്താ ദ്വിയോനൗ
ദൃഷ്ട്യാ സമാനാം പ്രവദേച്ച സംഖ്യാം
രേഖാം വദേത് സ്മരസംസ്ഥൈശ്ച പൃഷ്ഠേ

സാരം :-

ലഗ്നാധിപനും ലഗ്നനവാംശകാധിപനും നല്ല ബലവാന്മാരാണെങ്കില്‍ ലഗ്നനവാംശകരാശിയുടെ വര്‍ണ്ണത്തെ (നിറത്തെ) യാണ് വിയോനിയ്ക്ക് പറയേണ്ടത്. അത് രണ്ടിനും ബലം കുറവാണെങ്കില്‍, ബലവാനായി ലഗ്നത്തിലേയ്ക്ക് നോക്കുന്ന ഗ്രഹത്തിന്‍റെ നിറമായിരിയ്ക്കയും ചെയ്യും. ലഗ്നത്തി ബലവാന്മാരായ ഒന്നിലധികം ഗ്രഹത്തിന്‍റെ ദൃഷ്ടിയുണ്ടെങ്കില്‍, അങ്ങനെ എത്ര ഗ്രഹം നോക്കുന്നുണ്ടോ അത്ര വര്‍ണ്ണമുണ്ടെന്നും പറയണം. ഇവിടെ ദൃഷ്ടിയോട് തുല്യമായ സംഖ്യയെ പറയാം എന്നും മാത്രം പറഞ്ഞിരിയ്ക്കകൊണ്ട്, ലഗ്നത്തിലേയ്ക്ക് എത്ര ഗ്രഹങ്ങള്‍ ബലാവാന്മാരായിട്ടു നോക്കുന്നുണ്ടോ ജനിച്ച വിയോനിസംഖ്യ അത്രയാണെന്നും വിചാരിയ്ക്കാം. പ്രജകളുടെ ആകൃതി സ്വഭാവം മുതലായ ഗുണദോഷങ്ങളേയും മറ്റും ചിന്തിയ്ക്കേണ്ടത്, നോക്കുന്ന ഗ്രഹങ്ങളേക്കൊണ്ടാകുന്നു. എവിടെ ഒക്കെയാണോ സംഖ്യ അറിയേണ്ടത് അവിടങ്ങളിലൊക്കെയും ഗ്രഹദൃഷ്ടികൊണ്ട് കണക്കാക്കാവുന്നതാകുന്നു. അഞ്ചിലേയ്ക്കുള്ള ദൃഷ്ടികൊണ്ട് പുത്രസംഖ്യയേയും, ഏഴിലേക്കുള്ളതുകൊണ്ട് ഭാര്യമാരുടെ എണ്ണത്തേയും കണക്കാക്കാമെന്നു താല്പര്യം. ഉച്ചം, വക്രം, മുതലായതുള്ളതും ദൃഷ്ടിയുള്ളതുമായ ഗ്രഹങ്ങളേക്കൊണ്ട് മുമ്മൂന്നു സംഖ്യയേയും, സ്വക്ഷേത്രസ്ഥിതി വര്‍ഗ്ഗോത്തമാംശകം സ്വക്ഷേത്രനവാംശകം മുതലായതുള്ളതിന്‍റെ ദൃഷ്ടികൊണ്ട് ഈ രണ്ടു സംഖ്യയേയും പറയേണ്ടതുമാണ്.

സ്വതുംഗവക്രോപഗതൈസ്ത്രിസംഗുണം
ദ്വിരുത്തമസ്വാംശഗൃഹത്രിഭാഗഗൈഃ

എന്നുണ്ട്.

ഏഴാം ഭാവത്തില്‍ നില്‍ക്കുന്ന ഗ്രഹത്തെക്കൊണ്ട് മുതുകത്തെ രേഖയേയും പറയണം. ഈ ഗ്രഹത്തിന് ഉച്ചസ്ഥിതി മുതലായതുണ്ടെങ്കില്‍ പുറത്തെ രേഖ വളരെ ഭംഗിയുള്ളതും ശുഭപ്രദവുമാണെന്നും, ബലമില്ലെങ്കില്‍ കാക്കപ്പുള്ളി മുതലായതാണെന്നും, ഏഴില്‍ ഒരു ഗ്രഹവുമില്ലെങ്കില്‍ പുറത്തു രേഖയൊന്നുമില്ലെന്നും, ഏഴില്‍ ഒന്നിലധികം ഗ്രഹങ്ങളുണ്ടെങ്കില്‍ അത്ര രേഖകളുണ്ടെന്നും മറ്റും യുക്തിയ്ക്കനുസരിച്ച് പറയാവുന്നതുമാണ്. 

ശത്രുവിന്‍റെയും ആഭിചാരകര്‍ത്താവിന്‍റെയും ജാതി നിര്‍ണ്ണയം

വര്‍ണ്ണോ യഃ ഷഷ്ഠരാശേസ്സ ഭവതി ഹി രിപോഃ ഷഷ്ഠരാശീശിതുര്‍വ്വാ
വാച്യോ ബാധാഖ്യരാശേരഥതദധിപതേര്‍വാപി വര്‍ണ്ണഃ പ്രയോക്തുഃ
വിപ്രഃ സ്യാന്മീനരാശിര്‍ദ്ധരണ പതിരജോ വൈശ്യ ഉക്ഷാനൃയുഗ്മം
ശൂദ്രഃ സ്യാത്തത്രികോണം പുനരിഹവിഹഗാ ഏവ വിപ്രാദിനോക്താഃ

സാരം :-

ആറാം ഭാവരാശിയുടേയോ ആറാം ഭാവാധിപന്‍റെയോ ജാതിയില്‍പെട്ടയാളാണ് ശത്രുവെന്ന് പറയണം. ബാധക സ്ഥാനരാശിയുടേയോ ബാധകാധിപന്‍റെയോ ജാതിയില്‍പെട്ടയാളാണ് ശത്രു കര്‍മ്മം പ്രവര്‍ത്തിച്ച മാന്ത്രികനെന്നു പറയണം.

മീനം രാശിയും അതിന്‍റെ ത്രികോണങ്ങളായ അഞ്ചും ഒന്‍പതും രാശികളും ബ്രാഹ്മണജാതികളാണ്. മേടവും അതിന്‍റെ അഞ്ചും ഒന്‍പതും രാശികളും ക്ഷത്രിയജാതികളാണ്. ഇടവവും അതിന്‍റെ അഞ്ചും ഒന്‍പതും രാശികളും വൈശ്യജാതികളാണ്. മിഥുനവും അതിന്‍റെ അഞ്ചും ഒന്‍പതും രാശികളും ശൂദ്രജാതികളാണ്. ഇങ്ങിനെ രാശികളുടെ ജാതി വിഭാഗം അറിയുക. ഗ്രഹങ്ങളുടെ ജാതി വിഭാഗം വിപ്രാദിത: ശുക്രഗുരു കുജാര്‍ക്കൗ  ഇത്യാദി ഹോരാപദ്യങ്ങള്‍ കൊണ്ടും ഗ്രഹിച്ചുകൊള്ളണം.

****************************

ബാധകാധിപസംബന്ധോ ദൃഷ്ട്യാ യോഗേന വായദി
ഷഷ്ഠഭസ്യ രിപോര്‍വ്വര്‍ണ്ണം ഷഷ്ഠരാശ്യുദിതം വദേല്‍

സാരം :-

ആറാം ഭാവത്തിന് ബാധകാധിപന്‍റെ ദൃഷ്ടിയോ യോഗമോ ഉണ്ടെങ്കില്‍ ശത്രുവിന്‍റെ ജാതി ആറാംഭാവരാശിയുടെ ജാതിയാകുന്നു.

******************************

ബാധകസ്ഥാനതന്നാഥയോഗദൃഷ്ട്യാദയോ യദി
ഷഷ്ഠേശസ്യ രിപോസ്തര്‍ഹി വര്‍ണ്ണഃഷഷ്ഠാധിപോദിതഃ

സാരം :-

ആറാം ഭാവാധിപനായ  ഗ്രഹത്തിന് ബാധകാധിപന്‍റെ ദൃഷ്ടിയോ യോഗമോ കേന്ദ്രമോ മറ്റോ ഉണ്ടെങ്കില്‍ ആറാം ഭാവാധിപന്‍റെ ജാതിയില്‍ ജനിച്ച ആളാണ്‌ പ്രഷ്ടാവിന്‍റെ ശത്രു എന്ന് പറയണം.

*******************************

ഷഷ്ഠാധിപതി സംബന്ധോ ബാധകസ്യ ഗ്രഹസ്യ ചേല്‍
യോഗാദിനാ പ്രയോക്തുഃ സ്യാദ്വര്‍ണ്ണോ ബാധകഭോദിതഃ
ബാധകേശസ്യ ചേല്‍ ഷഷ്ഠഷഷ്ഠേശേക്ഷാന്വയാദയഃ
ബാധകാധിപതേ വര്‍ണ്ണം പ്രയോക്തുസ്തര്‍ഹി നിര്‍ദ്ദിശേല്‍

സാരം :-

ബാധാരാശികൊണ്ടും ബാധകാധിപനെക്കൊണ്ടും ആഭിചാരകര്‍ത്താവിന്‍റെ ജാതിനിര്‍ദ്ദേശം ചെയ്യുന്നതിനുള്ള വിഭാഗം ഇവിടെ പറയപ്പെടുന്നു. ബാധാരാശിയ്ക്ക് ആറാം ഭാവാധിപന്‍റെ യോഗമോ ദൃഷ്ടിയോ കേന്ദ്രമോ ഉണ്ടെങ്കില്‍ ബാധാരാശിക്ക് പറഞ്ഞിട്ടുള്ള ജാതിയില്‍ ജനിച്ച ആളാണ്‌ ആഭിചാര കര്‍ത്താവെന്നും പറയണം. ബാധകാധിപന്‍റെ യോഗമോ ദൃഷ്ടിയോ കേന്ദ്രമോ ഉണ്ടെങ്കില്‍ ബാധകാധിപതിയുടെ ജാതിയില്‍ ജനിച്ച ആളാണ്‌ ആഭിചാരകര്‍ത്താവെന്നും പറയണം. ഇങ്ങനെ ശത്രുവിന്‍റെയും ആഭിചാരകര്‍ത്താവിന്‍റെയും ജാതി നിര്‍ണ്ണയം ചെയ്തുകൊള്ളുക.

വിയോനികളായ ജന്തുക്കളില്‍ നാല്‍ക്കാലികളുടെ ശരീരത്തിലെ രാശി വിഭാഗത്തെ പറയുന്നു

ക്രിയശ്ശിരോ വക്തഗളേ വൃഷോന്യേ
പാദാംസകം പൃഷ്ഠമുരോഥ പാര്‍ശ്വേ
കക്ഷിസ്ത്വപാനാംഘ്ര്യഥ മേഢ്രമുഷ്കൗ
സ്ഫിക് പുച്ഛമിത്യാഹ ചതുഷ്പദാംഗേ

സാരം :-

ശിരസ്സ്‌ മേടവും, മുഖവും കഴുത്തും ഇടവവും, കയ്യുകളും ചുമലും മിഥുനവും, പുറഭാഗം കര്‍ക്കിടകവും, മാറ് ചിങ്ങവും, രണ്ടു വാരിപ്രദേശങ്ങള്‍ (പാര്‍ശ്വങ്ങള്‍) കന്നിയും, വയറ് തുലാംരാശിയും, ഗുദം വൃശ്ചികവും, കാലു രണ്ടും ധനുവും, ലിംഗവും വൃഷണങ്ങളും (പശു, എരുമ മുതലായതിന് യോനി) മകരവും, ആസനങ്ങള്‍ കുംഭവും, വാല് മീനവുമാകുന്നുവെന്നാണ് ശാസ്ത്രകാരന്മാരുടെ അഭിപ്രായം. മേടം മുതല്‍ തുലാം വരെയുള്ള രാശികളെ ശരീരത്തിന്‍റെ വലത്തും മറ്റു രാശികളെ ശരീരത്തിന്‍റെ ഇടത്തും ഭാഗമായി കല്പിയ്ക്കേണ്ടതുമാണ്.

മേഷാദയസ്തുലാന്താഃ സവ്യേ ഭാഗേ ചതുഷ്പദാംഗേഷു
വാമേ ത്വനിമിഷഘടമൃഗകാര്‍മ്മുകഭവൃശ്ചികാശ്ചൈവ.

എന്നുണ്ട്.

രാശി രാശ്യധിപന്‍ ഇതുകള്‍ക്ക്‌ ബലവും ശുഭയോഗദൃഷ്ടികളും ഉള്ളത് ഏതേത് രാശിയ്ക്കാണോ ആ രാശിയുടെ അവയവങ്ങള്‍ക്ക് അരോഗതയും ബലവും പുഷ്ടി മുതലായതും ഉണ്ടാകുമെന്നും, രാശിയ്ക്കും രാശ്യധിപനും ബലഹീനത പാപയോഗദൃഷ്ടികള്‍ ഇത്യാദികളുണ്ടായാല്‍ ആ രാശ്യവയവത്തിന് രോഗം ബലഹീനത്വം മുതലായതുണ്ടാവുമെന്നും പറയേണ്ടതാണ്.

മനുഷ്യരുടെ അവയവവിഭാഗം പോലെത്തന്നെ ലഗ്നരാശി ശിരസ്സും, രണ്ടാംഭാവം മുഖവും, കഴുത്തുമായിട്ടുള്ള മുന്‍പറഞ്ഞ ക്രമത്തിലും അവയവവിഭാഗം ചെയ്തു ഫലചിന്ത ചെയ്യാവുന്നതാണ്.

കാള, പോത്ത്, മുതലായതിന്‍റെ ഭാരം വലിയ്ക്കുവാനുള്ള ശക്തി രണ്ടാംഭാവംകൊണ്ടും, കാലിന്‍റെ ബലാബലങ്ങള്‍ ഒമ്പതാംഭാവംകൊണ്ടും വിചാരിയ്ക്കാവുന്നതാണ്.

പശു, എരുമ മുതലായതിനുള്ള പാലിന്‍റെ ഗുണദോഷം വിചാരിയ്ക്കേണ്ടത് ഏഴാം ഭാവം കൊണ്ടാകുന്നു. ഏഴാം ഭാവത്തിനും തദധിപനും ബലമുണ്ടാവുകയും ആ ഭാവം ജലരാശിയാവുകയും അവിടേയ്ക്ക് ജലഗ്രഹങ്ങളായ ചന്ദ്രശുക്രന്മാരുടെ യോഗദൃഷ്ട്യാദികളുണ്ടാവുകയും ചെയ്‌താല്‍ പാല്‍ ധാരാളമുണ്ടാവുമെന്നും, നേരെ വിപരീതം ഏഴാം ഭാവം സ്ഥലരാശിയാവുക, അവിടെ ശുഷ്കഗ്രഹങ്ങളുണ്ടാവുക മുതലായവയുണ്ടായാല്‍ പാല്‍ തീരെ ഉണ്ടാവുകയില്ലെന്നും മറ്റും യുക്തിയ്ക്കനുസരിച്ച് പറയേണ്ടതാകുന്നു. 

വിയോനികളുടെ ജനനലക്ഷണം - 2

പാപാ ബലിനസ്സ്വഭാഗഗാഃ
പാരക്യേ വിബലാശ്ച ശോഭനാഃ
ലഗ്നഞ്ച വിയോനിസംജ്ഞകം
ദൃഷ്‌ട്വാത്രാപി വിയോനിമാദിശേത്

സാരം :-

പാപന്മാര്‍ ബലവാന്മാരായി തന്‍റെ നവാംശകത്തിലും, ശുഭന്മാര്‍ വിബലന്മാരായി അന്യനവാംശകത്തിലും നില്‍ക്കുകയും, ലഗ്നരാശി വിയോനിയായി വരികയും (ഈ യോഗത്തിലും "ചന്ദ്രോപഗദ്വിരസഭാഗസമാനരൂപം സത്വം വദേല്‍ " എന്നനുവര്‍ത്തിയ്ക്കണം) ചന്ദ്രന്‍ വിയോനിദ്വാദശാംശകത്തില്‍ നില്‍ക്കുകയും ചെയ്യുമ്പോഴും ഉണ്ടാകുന്ന ജനനം വിയോനിയുടേതാണെന്നും പറയണം. ഇവിടെയും ചന്ദ്രന്‍റെ ദ്വാദശാംശകത്തെ അനുസരിച്ചാണ് ഏതു സത്വമാണെന്ന് നിര്‍ണ്ണയിയ്ക്കേണ്ടത്. ഈ യോഗത്തിലും ലഗ്നം മനുഷ്യരാശിയായാല്‍ മനുഷ്യജനനമാണെന്നും പറയണം. പക്ഷെ ആ മനുഷ്യന്‍ വിയോനിതുല്യനായിരിയ്ക്കുമെന്നും പറയണം. 

വിയോനികളുടെ ജനനലക്ഷണം - 1

ക്രൂരഗ്രഹൈസ്സുബലിഭിര്‍വ്വിബലൈശ്ച സൗമ്യൈഃ
ക്ലീബേ ചതുഷ്ടയഗതേ തദവേക്ഷണാദ്വാ
ചന്ദ്രോപഗദ്വിരസഭാഗസമാനരൂപം
സത്ത്വം വദേദ്യദി ഭവേത് സ വിയോനിസംജ്ഞഃ

സാരം :-

പാപഗ്രഹങ്ങള്‍ വലിയ ബലവാന്മാരും ശുഭന്മാര്‍ ഒട്ടും ബലമില്ലാത്തവരുമായി വരികയും, നപുംസക ഗ്രഹങ്ങളായ ബുധമന്ദന്മാരില്‍ ഒന്ന് ലഗ്നകേന്ദ്രത്തില്‍ നില്‍ക്കുകയോ ലഗ്നത്തിലേയ്ക്ക് നോക്കുകയോ ചെയ്കയും, ജനനസമയത്തേയ്ക്കുണ്ടായ ചന്ദ്രന്‍ വിയോനിരാശി ദ്വാദശാംശകത്തില്‍  വരികയും ചെയ്യുമ്പോള്‍ ജനിയ്ക്കുന്നത് ഒരു വിയോനിയേ ആയിരിയ്ക്കയുള്ളു. ചന്ദ്രന്‍റെ ദ്വാദശാംശകം മേടത്തിലാണെങ്കില്‍ തത്സമാനാകൃതിയായ ആട്, ഒട്ടകം ഇത്യാദികളും, ഇടവത്തിലാണെങ്കില്‍ കാള, പശു, പോത്ത് തുടങ്ങിയവയുമായിരിയ്ക്കുമെന്നു പറയണം. ഇതുപ്രകാരം അതാത് രാശിസ്വഭാവമനുസരിച്ച് മറ്റു മൃഗങ്ങളേയും അറിയേണ്ടതാണ്. പാപന്മാര്‍ ബലവാന്മാരാവുക മുതലായ യോഗലക്ഷണങ്ങളൊക്കെയും ശരിയ്ക്കുണ്ടാവുകയും, എന്നാല്‍ തല്‍ക്കാലചന്ദ്രന്‍റെ ദ്വാദശാംശകം മാത്രം മനുഷ്യരാശിയിലാവുകയും ചെയ്‌താല്‍, ആകൃതികൊണ്ട് മനുഷ്യനായിരിയ്ക്കുമെങ്കിലും, ജ്ഞാനാദികളില്‍ മൃഗതുല്യനായിരിയ്ക്കുമെന്നും മറ്റും പറയാവുന്നതാണെന്നും ഒരു അഭിപ്രായമുണ്ട്. ഇവിടെ "സുബലിഭിഃ" എന്നും "വിബലൈഃ" എന്നും പറഞ്ഞിരിയ്ക്കയാല്‍: പാപന്മാര്‍ക്ക് അവരുടെ ബലപിണ്ഡത്തില്‍ ബലം ഏഴില്‍ കുറയാതെയും, ശുഭന്മാര്‍ക്ക് നാലില്‍ അധികമാവാതേയും ഇരിയ്ക്കണമെന്നാണ് സൂചിപ്പിയ്ക്കുന്നതും. ഈ യോഗത്തില്‍ ആദ്യമായി പറഞ്ഞതുതന്നെ പാപന്മാര്‍ ബലവാന്മാരും ശുഭന്മാര്‍ വിബലന്മാരുമായാല്‍ പ്രജ വിയോനിയായിരിയ്ക്കുമെന്നാണല്ലോ. ഇങ്ങനെ വരുമ്പോള്‍ " ഒരു ജനനമുണ്ടായി ശിശു എന്താണ് " എന്ന് ഒരാള്‍ ഒരു പ്രശ്നം ചെയ്തുവെന്ന് വെച്ചാല്‍ അവിടെ ശുഭന്മാര്‍ ബലവാന്മാരായി മനുഷ്യരാശിയില്‍ നില്‍ക്കുകയും പാപന്മാര്‍ക്ക് ശുഭന്മാരേക്കാള്‍ ബലം കുറഞ്ഞു വരികയും ചെയ്‌താല്‍, ജനിച്ച സത്വം മനുഷ്യനാണെന്നും പറയാവുന്നതാണ്‌. പ്രായേണ "ശുഭാബലിനോ മാനുഷചിന്താം തമാശ്രയേ കുര്യുഃ"- എന്നുണ്ട്. 

മഹാഭിചാരം, ക്ഷുദ്രാഭിചാരം

മഹാഭിചാരോ വക്തവ്യഃ ശുഭശ്ചേദ് ബാധകാധിപഃ
പാപശ്ചേല്‍ ക്ഷുദ്ര  ഏവ സ്യാദാഭിചാര ഇതി ദ്വിധാ

സാരം :-

മഹാഭിചാരമെന്നും ക്ഷുദ്രാഭിചാരമെന്നും ആഭിചാരം രണ്ടുവിധത്തിലാണ്. ബാധകാധിപന്‍ ശുഭഗ്രഹമാണെങ്കില്‍ പ്രഷ്ടാവിനുവേണ്ടി ശത്രുക്കള്‍ ചെയ്തിട്ടുള്ളത് മഹാഭിചാരമാണെന്നും ബാധകാധിപന്‍ പാപഗ്രഹമായാല്‍ ക്ഷുദ്രാഭിചാരമാണെന്നും പറയണം.

********************************


മഹാഭിചാര ഏഷ സ്യാദ്വൈരിഭിര്‍മാരണാദികം
യല്‍ കര്‍മ്മ ക്രിയതേ ക്ഷുദ്രോ യല്‍കീലാദി നിഖന്യതേ

സാരം :-

തന്‍റെ വിരോധികള്‍ തനിക്കുവേണ്ടി മന്ത്രവാദികളെക്കൊണ്ട് മാരണം ഉച്ചാടനം മുതലായവയെ ചെയ്യിക്കുന്നതിനെ മഹാഭിചാരമെന്നും ആണി തറയ്ക്കുക പൊടിതൂറ്റുക എന്നിങ്ങനെയുള്ള സ്ഥാപനങ്ങള്‍ ക്ഷുദ്രാഭിചാരമെന്നും പറയുന്നു. 

ഗ്രഹങ്ങളുടെ കാലബലത്തേയും നിസര്‍ഗ്ഗബലത്തേയും പറയുന്നു

നിശി ശശികുജസൗരാസ്സര്‍വ്വദാ ജ്ഞോഹ്നി ചാന്യേ
ബഹുലസിതഗതാഃ സ്യുഃ ക്രൂരസൗമ്യാഃ ക്രമേണ
ദ്വയനദിവസഹോരാമാസപൈഃ കാലവീര്യം
ശകുബുഗുശുചരാദ്യാ വൃദ്ധിതോ വീര്യവന്തഃ

സാരം :-

കാലബലം :- ഗ്രഹങ്ങള്‍ക്ക്‌ കാലബലം, 1). രാപ്പകലുകള്‍, 2). സിതകൃഷണപക്ഷങ്ങള്‍, 3). ദിവസാധിപത്യം, 4). മാസാധിപത്യം, 5). സംവത്സരാധിപത്യം, 6). കാലഹോരാധിപത്യം, ഇങ്ങനെ ആറ് പ്രകാരത്തിലുണ്ട്. ഇതിനെതന്നെ ഒന്നുകൂടി വ്യക്തമാക്കാം.

1). രാപ്പകലുകള്‍ :- ചന്ദ്രന്നും ചൊവ്വയ്ക്കും ശനിയ്ക്കും രാത്രി മധ്യത്തിലും സൂര്യനും വ്യാഴത്തിനും ശുക്രനും പകലിന്‍റെ മദ്ധ്യത്തിലുമാണ് പൂര്‍ണ്ണബലമുള്ളത്. ബുധന് രാത്രിയിലും പകലും പൂര്‍ണ്ണബലവുമുണ്ട്. എന്നാല്‍ പകല്‍മദ്ധ്യത്തില്‍ പൂര്‍ണ്ണബലമുള്ളവര്‍ക്ക് രാത്രിമദ്ധ്യത്തിലും ബലം ശൂന്യവുമാകുന്നു. ഇതിനു "ദിനരാത്രിബലം" എന്നും പറയാറുണ്ട്‌.

2). സിതകൃഷ്ണപക്ഷങ്ങള്‍ :- ചന്ദ്രനും, ബുധഗുരുശുക്രന്മാര്‍ക്കും വെളുത്ത പക്ഷത്തിന്‍റെ അവസാനത്തിലും, ശേഷം ഗ്രഹങ്ങള്‍ക്ക്‌ കറുത്ത പക്ഷത്തിന്‍റെ അവസാനത്തിലും ബലം പൂര്‍ണ്ണമാകുന്നു. നേരെ മറിച്ച് ശുഭന്മാര്‍ക്ക് കൃഷ്ണപക്ഷാവസാനത്തിലും പാപന്മാര്‍ക്ക് ശുക്ലപക്ഷാവസാനത്തിലും പക്ഷബലം ഒട്ടും ഇല്ലതാനും. ഇതിനെ "പക്ഷബലം" എന്നാണ്‌ പറയാറുള്ളത്.

3). ദിവസാധിപത്യം :- അതാത് ദിവസത്തിന്‍റെ അധിപന് അതാത് ദിവസത്തില്‍ ബലം അധികമുണ്ടാകുന്നതാണ്. ഇതിന് "ദിവസാധിപബലം എന്ന് പറയാം.

4). മാസാധിപത്യം :- വെളുത്ത പ്രതിപദം ഏതാഴ്ചയാണോ ആ ഗ്രഹമാണ് ആ ചാന്ദ്രമാസത്തിന്‍റെ അധിപന്‍, അതാത് മാസാധിപന്മാര്‍ക്ക് അതാത് മാസത്തില്‍ ബലം അധികമുണ്ട്. ഇതിന് "മാസാധിബലം" എന്ന് പറയാവുന്നതാണ്.

5). സംവത്സരാധിപത്യം :-  ചൈത്രമാസം തുടങ്ങുന്ന ദിവസം ഏതാണോ ആഴ്ച, ആ ഗ്രഹമാണ് പ്രഭവാദികളില്‍ ആ സംവത്സരത്തിന്‍റെ അധിപന്‍. അതാത് സംവത്സരാധിപന് അതാത് സംവത്സരത്തില്‍ ബലം അധികമുണ്ട്.

6). കാലഹോരാധിപത്യം :- കാലഹോരാധിപന് അതാത് കാല ഹോരയിലും ബലം വര്‍ദ്ധിയ്ക്കുന്നതാണ്.*

നിസര്‍ഗ്ഗബലത്തെ പറയുന്നു

എല്ലാറ്റിലും ബലം ചുരുങ്ങിയ ഗ്രഹം ശനിയും, അതിലധികം ബലമുള്ളത് ചൊവ്വയും, ഇങ്ങനെ ബുധന്‍, വ്യാഴം, ശുക്രന്‍, ചന്ദ്രന്‍, ഇവര്‍ ക്രമത്തില്‍ അധികമധികം ബലവാന്മാരും, നിസര്‍ഗ്ഗബലം എല്ലാറ്റിലും അധികമുള്ളത് ആദിത്യനുമാകുന്നു. ഗ്രഹങ്ങള്‍ക്ക്‌ ബലപിണ്ഡമുണ്ടാക്കി നോക്കുമ്പോള്‍ ബലം തുല്യമായി വന്നാല്‍ ഈ പറഞ്ഞ നിസര്‍ഗ്ഗബലം കൊണ്ടാണ് ബലാധിക്യം വിചാരിക്കേണ്ടത്. ബലപിണ്ഡംകൊണ്ട് ശുക്രചന്ദ്രന്മാരുടെ ബലം തുല്യമായി വന്നാല്‍, നിസര്‍ഗ്ഗബലം ശുക്രനേക്കാള്‍ ചന്ദ്രന് അധികമായാല്‍ ചന്ദ്രനെയാണ് ബലവാനായി വിചാരിയ്ക്കേണ്ടതെന്ന് താല്പര്യം.

ഗ്രഹങ്ങളുടെ ബലം വരുത്തുക മുതലായതെല്ലാം ആചാര്യന്മാര്‍ ഇവിടെ സംക്ഷേപമായിട്ടേ പറഞ്ഞിട്ടുള്ളൂ. അതിനെ ഇതിലധികം വിസ്തരിയ്ക്കുവാന്‍ നിവൃത്തിയില്ല. കുറേകൂടി വിസ്തരിച്ചറിയേണ്ടവര്‍ ശ്രീപതിപദ്ധതി, ജാതകപദ്ധതി തുടങ്ങിയ ഗ്രന്ഥങ്ങളെ ആശ്രയിയ്ക്കുകതന്നെ വേണം. ഗ്രഹങ്ങളുടെ ബലങ്ങളൊക്കെയും കലാസ്വരൂപത്തില്‍ വരുത്തി ഒന്നിച്ചു കൂട്ടിയതിനെ "ബലപിണ്ഡം" എന്നാണ് പറയുക. ബലവാനായ ഗ്രഹം ശുഭഫലവും ബലഹീനന്‍ അശുഭഫലവും ഉണ്ടാക്കുന്നതാണ്. വിബലഗ്രഹങ്ങള്‍ ഒരു ഫലവും ഉണ്ടാക്കുകയില്ലെന്നും ഒരു അഭിപ്രായമുണ്ട്. അപ്പോള്‍ ഫലാദേശവിഷയത്തിലേയ്ക്ക് ഗ്രഹങ്ങളുടെ ബലാബലജ്ഞാനം അത്യാവശ്യമാണെന്ന് സ്പഷ്ടമായല്ലോ. അതുകൊണ്ടാണ് ആചാര്യര്‍ ഗ്രന്ഥം ചുരുക്കിയിട്ടാണെങ്കിലും ബലാബലം പറയാനായി മൂന്നു ശ്ലോകം ഉപയോഗിച്ചത്.

കാലബലങ്ങളില്‍ മൂന്നാമത്തേത് മുതല്‍ പറഞ്ഞിട്ടുള്ളതൊക്കയും ബലം തുല്യമല്ല. ഒരു "പൂര്‍ണ്ണബലം" എന്ന് പറഞ്ഞാല്‍ 60 കലകള്‍ കൂടിയ ഒന്ന് എന്ന് അതിന് താല്പര്യവുമാണ്. ഇങ്ങനെ 60 എന്ന് കല്പിച്ചതും സൗകര്യത്തിന് വേണ്ടിയാണ്. സംവത്സരാധിപന് കാലും, (അറുപതിന്‍റെ കാലായ 15 കലകള്‍) മാസാധിപന് അരയും, ദിവസാധിപന് മുക്കാലും ബലവും, കാലഹോരാധിപന് ഒരു പൂര്‍ണ്ണബലവുമാണുള്ളത്.

പാദം സ്വവര്‍ക്ഷേƒഥ ദളം സ്വമാസേ
ദിനേ സ്വകീയേ ചരണോനരൂപം
രൂപം സ്വഹോരാസ്വിതി കാലവീര്യ-
മുക്തം ഹി ഹോരാനിപുണൈഃ പുരാണൈഃ.

എന്ന് പ്രമാണമുണ്ട്.

*****************************************

*. പകലിനെ 12 ഭാഗമാക്കിയാല്‍ ഒരംശത്തെയാണ്‌ "കാലഹോരാ" എന്ന് പറയുന്നത്. ഓരോ ദിവസത്തിലും ആദ്യത്തെ കാലഹോരാധിപന്‍ അതാത് ദിവസത്തിന്‍റെ അധിപനാകുന്നു. ഞായറാഴ്ചയാണെങ്കില്‍ ആദ്യത്തെ കാലഹോരാധിപന്‍ ആദിത്യനാണെന്നും പറയണം. അതുപോലെ മറ്റു ആഴ്ചകളേയും കണ്ടുകൊള്‍ക. രണ്ടാമത്തെ ഹോരമുതല്‍ ഓരോ ഹോരയുടേയും ആധിപത്യം ചോട് കഴിഞ്ഞ അധിപഗ്രഹത്തില്‍ നിന്നും ആറാമത്തെഗ്രഹത്തിന്നാകുന്നു. ഞായറാഴ്ച ആദ്യ ഹോരാധിപന്‍ സൂര്യനാണെന്ന് മുമ്പ് പറഞ്ഞുവല്ലോ. രണ്ടാമത്തെ കാലഹോരയുടെ അധിപന്‍ സൂര്യനില്‍ നിന്ന് ആറാമത്തെ ഗ്രഹമായ ശുക്രനും, മൂന്നാം ഹോരാധിപന്‍ ശുക്രനില്‍ നിന്നും ആറാമത്തേതായ ബുധനും - ഈ വിധമെന്നു സാരം. ഈ പറഞ്ഞത് പകലത്തെ കാലഹോരാധിപത്യക്രമമാണ്. ഇതുപോലെ രാത്രിയെ 12 ആക്കിയതില്‍ ഒരംശവും ഒരു കാലഹോരതന്നേയാകുന്നു. പക്ഷേ പകലത്തെ ആദ്യഹോരാധിപന്‍ ഏതാണോ, അതില്‍ നിന്ന് അഞ്ചാമത്തെ ഗ്രഹമാണ് രാത്രിയിലെ ആദ്യഹോരയുടെ അധിപന്‍ - ഞായറാഴ്ചയാണെങ്കില്‍ രാത്രിയിലെ ആദ്യഹോരാധിപന്‍ വ്യാഴമാണെന്ന് സാരം. രണ്ടാം ഹോര മുതല്‍ക്കുള്ള ആധിപത്യം പകലത്തെപ്പോലെതന്നെ അതാതിന്‍റെ ആറാമത്തെ ഗ്രഹത്തിനുമാകുന്നു.

ദിനദ്വാദശാംശോ മതഃ കാലഹോരാ
പതിസ്തസ്യ പൂര്‍വ്വസ്യ വാരാധിനാഥഃ
തതഃ ഷഷ്ഠഷഷ്ഠാഃ ക്രമേണേതരേഷാം.
നിശായാം തു വാരേശ്വരാത് പഞ്ചമാദ്യാഃ-
എന്ന് പ്രമാണമുണ്ട്.  

ശത്രുക്കള്‍ ആഭിചാരം ചെയ്തതാണ്‌ രോഗത്തിന് കാരണമെന്നും പറയണം


ബാധേശസ്യാരിഭേ വാ രിപുഭവനപതേര്‍ബാധകര്‍ക്ഷേ യദി സ്യാ-
ദ്യോഗോവാ ദര്‍ശനം വാ പുനരഥ ര്‍യദിവാതൗ മിഥഃക്ഷേത്രസംസ്ഥൗ
ബാധാധീശാരിനാഥാവപിയദിസഹിതൗപശ്യതോƒന്യോന്യ തോവാ
ശത്രോസ്തത്രാഭിചാരം വദതു ബഹുതയാ ലക്ഷണാനാം സ ഭൂയാന്‍

സാരം :-

രോഗം രണ്ടുവിധമാണെന്നും അവയില്‍ ഒന്ന് ബാധനിമിത്തവും മറ്റൊന്ന് ത്രിദോഷകോപം നിമിത്തവുമാണെന്നും മുന്‍പേ പറഞ്ഞുവല്ലോ. അവയില്‍ രോഗത്തിന് ഹേതുഭൂതമായ ബാധാവേശവും പലവിധത്തില്‍ സംഭവിക്കുന്നതാണ്. അവയില്‍ ശത്രുബാധാലക്ഷണത്തെ ഇവിടെ പറയുന്നു.

ബാധകാധിപന്‍ ആറാം ഭാവത്തില്‍ നില്‍ക്കുക അല്ലെങ്കില്‍ ആറാം ഭാവത്തില്‍ നോക്കുക, ആറാം ഭാവാധിപന്‍ ബാധകാധിപന്‍റെ ബാധാരാശി ഒഴിച്ചുള്ള രാശിയിലും ബാധകാധിപന്‍  ആറാം ഭാവാധിപന്‍റെ മറ്റു ക്ഷേത്രത്തില്‍ വന്നാലും അവര്‍ ഒരുമിച്ചു നിന്നാലും ആറാംഭാവാധിപനും ബാധകാധിപനും പരസ്പരം ദൃഷ്ടി ചെയ്താലും ശത്രുക്കള്‍ ആഭിചാരം ചെയ്തിട്ടുണ്ടെന്നും അതാണ്‌ രോഗത്തിന് കാരണമെന്നും പറയണം. മേല്‍പറഞ്ഞ ലക്ഷണങ്ങള്‍ ഒന്നിലധികമുണ്ടെങ്കില്‍ ആഭിചാരപ്രവൃത്തികളും അതിന്‍റെ സംഖ്യ അനുസരിച്ച് ഒന്നിലധികമുണ്ടെന്നു പറയണം.

ഗ്രഹങ്ങളുടെ ചേഷ്ടാബലം

ഉദഗയനേ രവിശീതമയൂഖൗ
വക്രസമാഗമഗാഃ പരിശേഷാഃ
വിപുലകരാ യുധി ചോത്തരസംസ്ഥാ - 
ശ്ചേഷ്ടിതവീര്യയുതാഃ പരികല്പ്യാഃ

സാരം :- 

ചേഷ്ടാബലം :- സൂര്യചന്ദ്രന്മാര്‍ക്ക് ഉത്തരായനത്തില്‍ (ഈ രണ്ടു ഗ്രഹങ്ങളും മകരാദി ആറ് രാശികളില്‍ സഞ്ചരിയ്ക്കുമ്പോള്‍) ആണ് ചേഷ്ടാബലം ഉള്ളത്.

കുജാദി അഞ്ചു ഗ്രഹങ്ങള്‍ക്ക്‌ ചേഷ്ടാബലം മൂന്നു വിധത്തിലുണ്ട്. അവ 1). വക്രഗതിയുള്ള കാലം 2). സമാഗമകാലം. 3). യുദ്ധത്തില്‍ വിജയമുണ്ടാവുന്ന കാലം ഇതുകളാകുന്നു.

**********************

കുജാദിഗ്രഹങ്ങള്‍ ചന്ദ്രനൊരുമിച്ച് ഒരേ രാശിയില്‍ നില്‍ക്കുന്ന കാലത്തെയാണ് സമാഗമം എന്ന് പറയുന്നത്.

കുജന്‍ മുതല്‍ ശനികൂടിയ അഞ്ചുഗ്രഹങ്ങള്‍ ഒരംശത്തിലധികം അകലെയല്ലാതെ വരുമ്പോഴാണ് യുദ്ധം എന്ന് പറയുന്നത്. യുദ്ധത്തില്‍ പരാജയമുണ്ടാവുന്നത് പ്രായേണ തെക്കുവശത്ത് നില്‍ക്കുന്ന ഗ്രഹത്തിനാകുന്നു. നമുക്ക് കാഴ്ചയില്‍തന്നെ തെക്കുവശത്തു നില്‍ക്കുന്ന ഗ്രഹം പ്രകാശം കുറഞ്ഞും, വിറയലോടുകൂടിയും, വടക്കുവശത്തുനില്‍ക്കുന്ന ഗ്രഹത്തെ ഭയപ്പെടുന്നപോലെയും ഇരിയ്ക്കും. എന്നാല്‍ ശുക്രന്‍ മാത്രം തെക്കുവശത്ത് നില്‍ക്കുമ്പോഴും വിജയിയാകാറുണ്ട്. "ദക്ഷിണസംസ്ഥഃ പുരുഷോ വേപഥുമാന്‍ പ്രാപ്യസന്നിവൃത്തോന്നു" എന്ന് തുടങ്ങി ഇതിനെക്കുറിച്ച് പ്രമാണവും ഉണ്ട്.  

ആറാം ഭാവാധിപനു ബലമധികമുണ്ടെങ്കില്‍ ബാധോപദ്രവംകൊണ്ടാണ് രോഗമുണ്ടായത്തെന്നും അഷ്ടമാധിപന് ബലമധികമുണ്ടെങ്കില്‍ വാതപിത്ത കഫാദികളായ ത്രിദോഷങ്ങളുടെ കോപം കൊണ്ടാണ് രോഗം ഉണ്ടായതെന്നും പറയണം.

വ്യാധീനാമീശ്വരോ ജ്ഞേയഃ ഷഷ്ഠപോ രന്ധ്രപസ്തഥാ
ബാധയാ സാബലേƒരീശേ രുക് ത്രിദോഷതഃ


സാരം :-

ആറാംഭാവാധിപനും അഷ്ടമാധിപനും രോഗകര്‍ത്താക്കന്മാരാണ്. ആറാം ഭാവം കൊണ്ടും അഷ്ടമംകൊണ്ടും രോഗത്തെ വിധിച്ചിട്ടുണ്ടല്ലോ. അവരില്‍ ആറാം ഭാവാധിപനു ബലമധികമുണ്ടെങ്കില്‍ ബാധോപദ്രവംകൊണ്ടാണ് രോഗമുണ്ടായത്തെന്നും അഷ്ടമാധിപന് ബലമധികമുണ്ടെങ്കില്‍ വാതപിത്ത കഫാദികളായ ത്രിദോഷങ്ങളുടെ കോപം കൊണ്ടാണ് രോഗം ഉണ്ടായതെന്നും പറയണം. 

ഗ്രഹങ്ങളുടെ സ്ഥാനബലം, ദിഗ്ബലം എന്നിവയെ പറയുന്നു

സ്വോച്ചസുഹൃത്സ്വദൃഗാണനവാംശൈഃ
സ്ഥാനബലം സ്വഗൃഹോപഗതേ ച
ദിക്ഷു ബുധാംഗിരസൗ രവിഭൗമൗ
സൂര്യസുതസിതശീതകരൗ ച.

സാരം :-

സ്ഥാനബലം :- ഗ്രഹങ്ങള്‍ക്ക്‌ ബലം വര്‍ദ്ധിയ്ക്കുന്ന സ്ഥാനങ്ങള്‍ അഞ്ചുണ്ട്. അവ ക്രമേണ അവനവന്‍റെ 1). ഉച്ചരാശി, 2). ബന്ധുക്ഷേത്രം, 3). സ്വദ്രേക്കാണം, 4). സ്വനവാംശം, 5). സ്വക്ഷേത്രം എന്നിവയാകുന്നു. ഈ അഞ്ചു സ്ഥാനങ്ങളില്‍ നില്‍ക്കുമ്പോഴും ഗ്രഹങ്ങള്‍ക്ക് സ്ഥാനബലം ഉണ്ടാകുന്നതാണ്.

ദിഗ്ബലം :- ദിക്കിനെ ആശ്രയിച്ചുണ്ടാകുന്ന ബലം ഒരേ പ്രകാരത്തിലല്ല ബുധനും വ്യാഴത്തിനും ലഗ്നഭാവത്തില്‍ നില്‍ക്കുമ്പോഴും, ആദിത്യകുജന്മാര്‍ക്ക് പത്താം ഭാവത്തില്‍ നില്‍ക്കുമ്പോഴും, ശനിയ്ക്ക് ഏഴാം ഭാവത്തില്‍  നില്‍ക്കുമ്പോഴും, ചന്ദ്രശുക്രന്മാര്‍ക്ക് നാലാം ഭാവത്തില്‍ നില്‍ക്കുമ്പോഴും ദിഗ്ബലം പൂര്‍ണ്ണമായിട്ടുള്ളത്.

ഗുരുബുധന്മാര്‍ക്ക് ഏഴാം ഭാവത്തിലും, സൂര്യകുജന്മാര്‍ക്ക് നാലാം ഭാവത്തിലും, ശനിയ്ക്ക് ലഗ്നത്തിലും, ചന്ദ്രശുക്രന്മാര്‍ക്ക് പത്താം ഭാവത്തിലും ദിഗ്ബലം ശൂന്യവുമാണ്. ഇതുക്കളുടെ മദ്ധ്യത്തില്‍ ബുധനാണെങ്കില്‍ ലഗ്നം - ഏഴ് ഇതുക്കള്‍ക്കിടയില്‍ - നില്‍ക്കുമ്പോള്‍ ത്രൈരാശികംകൊണ്ട് ബലത്തെ അറിയേണ്ടതുമാണ്. 

രോഗം ബാധാവേശം നിമിത്തം / വാതാദികളായ ദോഷങ്ങളുടെ കോപം നിമിത്തം ഉണ്ടായതാണെന്ന് പറയണം

ആരുഢേ പ്രബലേ വദന്തി സുധിയോ രോഗോത്ഭവം ബാധയാ
പ്രാഗ് ലഗ്നേ പ്രബലേ തഥാമയഗണാ വാച്യാസ്ത്രിദോഷോദ്ഭവാഃ
തദ്വല്‍ഷഷ്ഠപതൗ ബലിന്യപിഗദാന്‍ ബാധോദ്ഭവാന്‍ നിര്‍ദ്ദിശേ-
ദ്രന്ധറേശേ അതിബലേ ത്രിദോഷജനിതാ രോഗാ സ്യുരേവംദ്വിധാ.


സാരം :-

ആരൂഢോദയങ്ങളില്‍ വച്ച് ആരൂഢത്തിനാണ് ബലമെങ്കില്‍ പ്രഷ്ടാവിന്‍റെ രോഗം ബാധാവേശം നിമിത്തം ഉത്ഭവിച്ചതാണെന്ന് പറയണം. അതല്ല ലഗ്നത്തിനാണ് ബലമധികമെങ്കില്‍ വാതാദികളായ ദോഷങ്ങളുടെ കോപം നിമിത്തമായിട്ടു തന്നെ ഉണ്ടായതാണ് രോഗമെന്ന് പറയണം.

ആരൂഢലഗ്നങ്ങളുടെ ബലാബല ചിന്ത "ഹോരാസ്വാമി ഗുരുജ്ഞവീക്ഷിതയുതാ" ഇത്യാദി ഹോരാവചനങ്ങള്‍കൊണ്ട് അറിയേണ്ടതാണ് ഇതുപോലെതന്നെ ഷഷ്ഠാഷ്ടപന്മാരില്‍വച്ച് ഷഷ്ഠാധിപന്‍ ബലിയായിരുന്നാല്‍ രോഗകാരണം ബാധാവേശമാണെന്നും അഷ്ടമാധിപന്‍ ബലിയായിരുന്നാല്‍ ത്രിദോഷ കോപം കൊണ്ടാണെന്നും അറിയണം. ബാധോപദ്രവംകൊണ്ടും ത്രിദോഷങ്ങളുടെ വൈഷമ്യം കൊണ്ടും രോഗം രണ്ടുവിധമാകുന്നു. ഷഷ്ഠാഷ്ടമാധിപന്മാരുടെ ബലാബലമറിയേണ്ടത് "സ്വോച്ചസുഹൃല്‍സ്വദൃഗാണനവാംശൈഃ " ഇത്യാദി ഹോരാവചനങ്ങളെക്കൊണ്ടാണ്. 

ഗ്രഹങ്ങള്‍ക്കുള്ളതായ താല്കാലിക ബന്ധുശത്രുസ്വഭാവങ്ങളേയും, ബന്ധുശത്രുത്വാദികളെക്കൊണ്ട് അതിബന്ധുത്വാദി അഞ്ചുവിധത്തിലുള്ള അവസ്ഥാഭേദത്തേയും പറയുന്നു

അന്യോന്യസ്യ ധനവ്യയായസഹജവ്യാപാരബന്ധുസ്ഥിതാ-
സ്തത്കാലേ സുഹൃദഃ സ്വതുംഗഭവനേപ്യേകേരയസ്ത്വന്യഥാ
ദ്യേകാനുക്തഭപാന്‍ സുഹൃത്സമരിപൂന്‍സഞ്ചിന്ത്യ നൈസര്‍ഗ്ഗികാം
സ്താത്കലേനപുനഞ്ചതാനതിസുഹൃന്‍ മിത്രാദിഭിഃ കല്പയേത്

സാരം :-

ഏതു ഗ്രഹത്തിനും അത് നില്‍ക്കുന്ന രാശിയില്‍ നിന്ന് 2 - 3 - 4 - 10 - 11 - 12 ഈ ഭാവങ്ങളില്‍ നില്‍ക്കുന്ന ഗ്രഹങ്ങള്‍ അവിടവിടങ്ങളില്‍ നിന്ന് പോകുന്നതുവരെ ബന്ധുക്കളാകുന്നു. മറ്റു ഭാവങ്ങളില്‍ നില്‍ക്കുന്നവര്‍ ശത്രുക്കളുമാകുന്നു. അവനവന്‍റെ ഉച്ചരാശിയില്‍ നില്‍ക്കുന്നവനും തല്‍കാലബന്ധുവാണെന്ന് ചില ആചാര്യന്മാര്‍ക്ക് അഭിപ്രായമുണ്ട്. ഇങ്ങനെ നൈസര്‍ഗ്ഗികവും താല്കാലികവുമായ ബന്ധുശത്രുത്വാദികളെക്കൊണ്ട് ഗ്രഹങ്ങള്‍ 1). അതിബന്ധു, 2). ബന്ധു, 3). സമന്‍, 4). ശത്രു, 5). അതിശത്രു ഇങ്ങനെ അഞ്ചുവിധത്തില്‍ വരുന്നതാണ്. എങ്ങനെയെന്നാല്‍ നൈസര്‍ഗ്ഗികമായും താല്കാലികമായും ബന്ധുവായാല്‍ അതിബന്ധുവും, ഒരു വിധം ബന്ധുവും ഒരു വിധം സമനുമാകയാല്‍ ബന്ധുവും, ഒരു പ്രകാരത്തില്‍ ബന്ധുവും മറ്റൊരു പ്രകാരത്തില്‍ ശത്രുവുമായാല്‍ ശത്രുവും, രണ്ടു പ്രകാരത്തിലും ശത്രുവാകയാല്‍ അതിശത്രുവുമാകുമെന്ന് താല്പര്യം.

പ്രശ്നജാതകാദികളില്‍ ലഗ്നാധിപന് ഏതേതു ഭാവാധിപന്മാരാണോ ബന്ധുക്കളാകുന്നത് അതാതു ഭാവം കൊണ്ട് വിചാരിയ്ക്കുന്നവരൊക്കയും തനിയ്ക്ക് ബന്ധുക്കളാകുന്നതാണ്. 

ലഗ്നാധിപന് അഞ്ചാം ഭാവാധിപന്‍ ബന്ധുവാണെങ്കില്‍ തനിയ്ക്കു തന്‍റെ പുത്രന്‍ സഹായിയും ക്ഷേമകരനും അഞ്ചാം ഭാവാധിപന്‍ ശത്രുവായിവന്നാല്‍ പുത്രന്‍ ശത്രുവുമാകുമെന്നര്‍ത്ഥം. 

ലഗ്നാധിപന്‍റെ ശത്രുവായ ഗ്രഹം ധനസ്ഥാനത്ത് വന്നാല്‍ ശത്രുമൂലം ധനം നശിയ്ക്കുമെന്നും മറ്റും യുക്തിക്കനുസരിച്ച് പറയാവുന്നതാകുന്നു. 

കൈവിഷം കൊടുത്തത് കൊല്ലാനാണെന്നും അല്ലെങ്കില്‍ വശീകരണത്തിനാണെന്നും പറയണം

ലഗ്നേശാരീശസംബന്ധേ ഹിംസായൈ ഗരളാര്‍പ്പണം
ലഗ്നേƒശാസ്തേശസംബന്ധേ സ്യാദ്വശീകരണായ തല്‍

സാരം :-

ലഗ്നാധിപനും ആറാംഭാവാധിപനും തമ്മില്‍ യോഗം, ദൃഷ്ടി മുതലായ ബന്ധങ്ങളില്‍ ഏതെങ്കിലും ഉണ്ടെങ്കില്‍ കൈവിഷം കൊടുത്തത് കൊല്ലാനാണെന്നും

ലഗ്നാധിപനും ഏഴാം ഭാവാധിപനും തമ്മില്‍ യോഗദൃഷ്ടി മുതലായ സംബന്ധങ്ങളില്‍ ഏതെങ്കിലും ഉണ്ടെങ്കില്‍ വശീകരണത്തിനായിട്ടാണെന്നും പറയണം. (ശത്രുപ്രയുക്ത ലക്ഷണം ഉണ്ടെങ്കിലെ ഇതു ചിന്തിക്കാവു.)

വ്യാഴം, ശുക്രന്‍, ശനി എന്നീ ഗ്രഹങ്ങളുടെ ശത്രുമിത്രാദികള്‍

സൂരേസ്സൗമ്യസിതാവരീ രവിസുതോ മധ്യഃ പരേ ത്വന്യഥാ
സൗമ്യാര്‍ക്കീ സുഹൃദൗ സമൗ കുജഗുരു ശുക്രസ്യ ശേഷാവരീ
ശുക്രജ്ഞൗ സുഹൃദൗ സമസ്സുരഗുരുസ്സൗരസ്യ ചാന്യേരയോ
യേ പ്രോക്താസ്സുഹൃദസ്ത്രികോണഭവനാത്തേമീമയാകീര്‍ത്തിതാഃ

സാരം :-

വ്യാഴത്തിന് ബുധനും ശുക്രനും ശത്രുക്കളാകുന്നു. ശനി സമനുമാകുന്നു. മറ്റുള്ളവര്‍ മിത്രങ്ങളാകുന്നു.

ശുക്രന് ബുധനും ശനിയും സുഹൃത്തുക്കളാകുന്നു. ചൊവ്വയും വ്യാഴവും സമന്മാരാകുന്നു. ബാക്കിയുള്ളവര്‍ ശത്രുക്കളാകുന്നു.

ശനിയ്ക്ക് ശുക്രനും ബുധനും സുഹൃത്തുക്കളാകുന്നു. വ്യാഴം സമനാവുന്നു. ബാക്കിയുള്ളവര്‍ ശത്രുക്കളാകുന്നു.

ത്രികോണഭവനത്തെ ആശ്രയിച്ച് സുഹൃത്തുക്കളായി പറയപ്പെട്ടവര്‍ എന്നാല്‍ ഇപ്രകാരം വാഴ്ത്തപ്പെട്ടിരിക്കുന്നു. 

ആദിത്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍ എന്നീ ഗ്രഹങ്ങളുടെ ശത്രുമിത്രാദികള്‍

ശത്രു മന്ദസിതൗ സമശ്ശശിസുതോ മിത്രാണി ശേഷാ രവേ-
സ്തീക്ഷ്ണാംശുര്‍ഹിമരശ്മിജശ്ച സുഹൃദൗ ശേഷാസ്സമാശ്ശീതഗോഃ
ജീവേന്ദൂഷ്ണകരാഃ കുജസ്യ സുഹൃദോ ജ്ഞോരിസ്സിതാര്‍ക്കീ സമൗ
മിത്രേ സൂര്യസിതൗ ബുധസ്യ ഹിമഗുശ്ശത്രുസ്സമാശ്ചാപരേ

സാരം :-

ആദിത്യന് ശനിയും ശുക്രനും ശത്രുക്കളും ബുധന്‍ തുല്യനും ബാക്കിയുള്ളവര്‍ (ചന്ദ്രന്‍, ചൊവ്വ, വ്യാഴം ) മിത്രങ്ങളുമാകുന്നു.

ചന്ദ്രന് ആദിത്യനും ബുധനും സുഹൃത്തുക്കളും ബാക്കിയുള്ളവര്‍ തുല്യന്മാരുമാകുന്നു.

ചൊവ്വയ്ക്ക്‌ വ്യാഴം, ചന്ദ്രന്‍, ആദിത്യന്‍ എന്നിവര്‍ സുഹൃത്തുക്കളും ബുധന്‍ ശത്രുവും ശുക്രനും ശനിയും തുല്യരുമാകുന്നു.

ബുധന് ആദിത്യനും ശുക്രനും സുഹൃത്തുക്കളും ചന്ദ്രന്‍ ശത്രുവും മറ്റുള്ളവര്‍ സമന്മാരുമാകുന്നു. 

കൈവിഷം കൊടുത്തിട്ടുണ്ടെങ്കില്‍ അത് എന്തൊരു പദാര്‍ത്ഥത്തിലുള്‍പ്പെടുത്തിയാണെന്നറിവാനുള്ള ക്രമം പറയുന്നു.

ആരൂഢേ സിംഹരാശൗ കടുകരസയുതേ നാഗവല്ലീദലാദ്യേ
ഭൗമക്ഷേത്രേ തഥാജ്യേ മധുനിബുധഗ്രഹേ തക്രദധിനോഃസിതര്‍ക്ഷേ
ക്ഷീരേ വാ കാദളേ വാ  വിഷമമരഗുരോര്‍ധാമ്നി നിക്‌ഷ്യപ്യദത്തം
പൂപാദൗ മന്ദഗേഹേ ലവണരസവദി ദ്രവ്യ ഇന്ദോര്‍ദ്രവേ വാ.

സാരം :-

കൈവിഷം കൊടുത്തിട്ടുണ്ടെങ്കില്‍ അത് എന്തൊരു പദാര്‍ത്ഥത്തിലുള്‍പ്പെടുത്തിയാണെന്നറിവാനുള്ള ക്രമം പറയുന്നു.

ആരൂഢം (ലഗ്നം) ചിങ്ങം രാശിയായാല്‍ വെറ്റില മുതലായ എരിവ് രസപ്രധാനങ്ങളായ ദ്രവ്യങ്ങളില്‍ ചേര്‍ത്താണ് വിഷം കൊടുത്തതെന്ന് പറയണം.

മേടമോ വൃശ്ചികമോ ആരൂഢമായാല്‍ (ലഗ്നമായാല്‍) വിഷം നെയ്യില്‍ കലര്‍ത്തി കൊടുത്തുവെന്ന് പറയണം.

ഇടവമോ, തുലാമോ ആരൂഢമായാല്‍ (ലഗ്നമായാല്‍) തൈരിലോ, മോരിലോ കലര്‍ത്തിയാണ് വിഷം കൊടുത്തതെന്ന് പറയണം.

ധനുവോ മീനമോ ആരൂഢമായാല്‍ (ലഗ്നമായാല്‍) പാലിലോ പഴത്തിലോ വിഷം കലര്‍ത്തി കൊടുത്തുവെന്നും പറയണം.

മകരമോ കുംഭമോ ആരൂഢമായാല്‍ (ലഗ്നമായാല്‍) അപ്പം മുതലായ സാധനങ്ങളില്‍ വിഷം കലര്‍ത്തി കൊടുത്തിരിക്കുന്നുവെന്ന് പറയണം.

കര്‍ക്കിടകം രാശി ആരൂഢമായാല്‍ ഉപ്പുരസമുള്ള പദാര്‍ത്ഥത്തിലോ അല്ലെങ്കില്‍ ജലമയങ്ങളായ പദാര്‍ത്ഥങ്ങളിലോ കലര്‍ത്തിയാണ് വിഷം കൊടുത്തിരിക്കുന്നതെന്ന് പറയണം.

ഔഷധപ്രയോഗം കൊണ്ടും മന്ത്രോച്ചാരണം കൊണ്ടും വിഷമുണ്ടാക്കാവുന്നതാണ്. 

ശത്രുകൃതമല്ലാതെയും വിഷാഹാരം സംഭവിക്കാനെളുപ്പമുണ്ട്. പരസ്പര വിരുദ്ധങ്ങളായ ആഹാര സാധങ്ങളില്‍ നിന്നും കൂടാതെ വിഷജന്തുക്കളുടെ മലമൂത്രാദികളില്‍നിന്നും വിഷം അകത്തേയ്ക്ക് കടക്കാന്‍ എളുപ്പമുണ്ട്. ശത്രുദത്തയോഗമില്ലെങ്കില്‍ ഇതില്‍ ഏതാണെന്ന് ചിന്തിച്ചറിഞ്ഞ് അതിനും പരിഹാരം ചെയ്തുകൊള്ളണം.

ഗ്രഹങ്ങളുടെ നൈസര്‍ഗ്ഗിക ശത്രുമിത്രോദാസീനന്മാരെ പറയുന്നു

ജീവോ ജീവബുധൗ സിതേന്ദുതനയൗ
വ്യാര്‍ക്കാ വിഭൗമാഃ ക്രമാ-
ദ്വീന്ദ്വര്‍ക്കാ വികുജേന്ദ്വിനാശ്ച സുഹൃദഃ
കേഷാഞ്ചിദേവം മതം
സത്യോക്തേ സുഹൃദസ്ത്രികോണഭവനാത്
സ്വാത്മ്വാന്ത്യധീധര്‍മ്മപാഃ
സ്വോച്ചായുസ്സുഖപാശ്ച ലക്ഷണവിധേ -
ര്‍ന്നാന്യേ വിരോധാദിതി.

സാരം :-

ആദിത്യന് വ്യാഴവും, ചന്ദ്രന് ബുധനും വ്യാഴവും, ചൊവ്വയ്ക്ക്‌ ബുധനും ശുക്രനും, ബുധന് ആദിത്യന്‍ ഒഴിച്ച് മറ്റെല്ലാഗ്രഹങ്ങളും വ്യാഴത്തിന് ചൊവ്വ ഒഴികെ മറ്റുള്ളവരും, ശുക്രന് ആദിത്യചന്ദ്രന്മാര്‍ ഒഴിച്ചുള്ളവരും, ശനിയ്ക്ക് ബുധഗുരുശുക്രന്മാരും നൈസര്‍ഗ്ഗികബന്ധുക്കളാണെന്നാണ് ചില ആചാര്യന്മാരുടെ അഭിപ്രായം.

സത്യാചാര്യരുടെ അഭിപ്രായത്തില്‍ അവരവരുടെ മൂലത്രികോണരാശിയില്‍ നിന്ന് 2 -  4 - 5 - 8 - 9 - 12 ഈ രാശികളുടെ അധിപന്മാരും, ഉച്ചരാശ്യധിപനും നൈസര്‍ഗ്ഗികബന്ധുക്കളാണെന്നാണ്.

രണ്ടു രാശിയുടെ ആധിപത്യമുള്ള ഗ്രഹങ്ങളെ രണ്ടോ അതിലധികമോ പ്രാവശ്യം ബന്ധുത്വേന നിര്‍ദ്ദേശിച്ചുവെങ്കില്‍ ആ ഗ്രഹം ബന്ധുവും, ഒരിയ്ക്കല്‍ മാത്രം പറയപ്പെട്ടവന്‍ സമനും, പറയപ്പെടാത്ത ഗ്രഹം ശത്രുവുമാകുന്നു. എന്നാല്‍ ഏകരാശ്യാധിപത്യം മാത്രമുള്ള സൂര്യചന്ദ്രന്മാരെ ഒരിയ്ക്കല്‍ പറഞ്ഞാലും ബന്ധുവിന്‍റെ കൂട്ടത്തില്‍ കണക്കാക്കുകയും വേണം. ഇതിനെ ഒരു ഉദാഹരണ സഹിതം ഒന്നുകൂടി വ്യക്തമാക്കാം. സൂര്യന്‍റെ മൂലത്രികോണരാശി, ചിങ്ങവും, അതില്‍ നിന്ന് 2 - 4 - 5 - 8 - 9 - 12 ഈ രാശ്യധിപന്മാര്‍ ക്രമേണ ബുധന്‍, ചൊവ്വ, വ്യാഴം, വ്യാഴം, ചൊവ്വ, ചന്ദ്രന്‍ ഇവരും, സൂര്യന്‍റെ ഉച്ചരാശ്യധിപന്‍ കുജനുമാണല്ലോ. ഇവരില്‍ ചൊവ്വയെ രണ്ടു പ്രാവശ്യവും, വ്യാഴത്തെ രണ്ടു പ്രാവശ്യവും പറകയാല്‍ അവര്‍ ബന്ധുക്കളാണ്. ചന്ദ്രന് ആധിപത്യം ഒരു രാശിയുടെ മാത്രമാകയാല്‍ ചന്ദ്രനും ബന്ധുതന്നേയാണ്. ബുധനെ ഒരു പ്രാവശ്യം മാത്രം പറകയാല്‍ അത് സമനും, ശുക്രനേയും ശനിയേയും ഒരാവൃത്തിയും പറയായ്കയാല്‍ അത് രണ്ടും ശത്രുക്കളുമായി. "ശത്രുമന്ദസിതൗ സമഃ ശശിസുതോമിത്രാണി ശേഷാ രവേഃ " എന്നുണ്ട്. ശേഷം ഗ്രഹങ്ങളുടെ ശത്രുമിത്രാദികളേയും ഇപ്രകാരം അറിയേണ്ടതാകുന്നു. 

കൈവിഷം കണ്ടുപിടിക്കുന്നത് എങ്ങനെ?

മിത്രേ പുത്രേ സപ്തമേ വാഷ്ടമേ വാ
മാന്ദൗ വാഹൌ തിഷ്ഠതി ക് ഷ്വേളഭുക്തിഃ
തത്രസ്ഥേ ചാരീശ്വരേƒരിപ്രയുക്താ
വിജ്ഞാതവ്യാ സാ ന ചേദ്‌ ദൈവയോഗാല്‍


സാരം :-

ഗുളികനോ രാഹുവോ ഒരാള്‍ നാല് അഞ്ച് ഏഴ് എട്ട് ഈ ഭാവങ്ങളില്‍ ഏതെങ്കിലും ഒരു ഭാവത്തില്‍ നിന്നാല്‍ വിഷഭക്ഷണം സംഭവിച്ചിട്ടുണ്ടെന്നും, അത് രോഗഹേതുവായി തീര്‍ന്നിട്ടുണ്ടെന്നും പറയണം. മേല്‍പറഞ്ഞ ഭാവങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ ആറാംഭാവാധിപന്‍റെ സ്ഥിതികൂടി ഉണ്ടെങ്കില്‍ ശത്രുക്കള്‍ മനഃപൂര്‍വ്വം വിഷം കൊടുത്തതാണെന്നും പറയണം. ആറാം ഭാവാധിപനും ഗുളികനും കൂടി മേല്‍പറഞ്ഞ ഭാവങ്ങളില്‍ ഒന്നില്‍ നില്‍ക്കുന്നെങ്കില്‍ മാത്രമേ കൈവിഷത്തെ പറയാവു എന്നും പക്ഷമുണ്ട്. 

ഗ്രഹങ്ങളുടെ അയനാദികാലത്തിന്‍റെയും, മധുരാദിരസങ്ങളുടേയും ആധിപത്യത്തെ പറയുന്നു

അയനക്ഷണവാസരര്‍ത്തവോ
മാസോര്‍ദ്ധഞ്ച സമാ ച ഭാസ്കരാത്
കടുകലവണതിക്തമിശ്രിതാ
മധുരാമ്ലൗ ച കഷായ ഇത്യപി


സാരം :-

ആദിത്യന്  അയനത്തിന്‍റെയും ചന്ദ്രന് ക്ഷണത്തിന്‍റെ  (നാഴികയുടെ)യും, കുജന് ദിവസത്തിന്‍റെയും, ബുധന് ഋതുവിന്‍റെ (നാല് പക്ഷത്തിന്‍റെ) യും വ്യാഴത്തിന് മാസ (രണ്ടുപക്ഷ) ത്തിന്‍റെയും, ശുക്രന് ഒരു പക്ഷത്തിന്‍റെയും, ശനിയ്ക്ക് സംവത്സരത്തിന്‍റെയും ആധിപത്യമാണുള്ളത്. സൂര്യാദിഗ്രഹങ്ങളെക്കൊണ്ട് കാലം കണക്കാക്കേണ്ടിവരുമ്പോള്‍ ഈ വിധിപ്രകാരം വേണ്ടതാകുന്നു. ഒന്നുകൂടി വ്യക്തമാക്കാം. ഫലദാതാവായ ഗ്രഹം സൂര്യനാണെന്നും, അത് ആറാം അംശകം കഴിഞ്ഞ് ഏഴാമത്തെ അംശകത്തില്‍ നില്‍ക്കുന്നുവെന്നും വിചാരിയ്ക്കുക. അവിടെ ഫലപ്രാപ്തിയ്ക്ക് ആറ് അയനം (മൂന്നു സംവത്സരം) താമസിയ്ക്കേണ്ടി വരുമെന്ന് പറയണമെന്നു താല്പര്യം. ഇപ്രകാരം മറ്റു ഗ്രഹങ്ങള്‍ക്കും കണ്ടുകൊള്‍ക. "ഫലാപ്തിഃ കല്പ്യതേ യേന തസ്യ കാലോƒയനാദികഃ. തത്ഭുക്താംശകസംഖ്യാഘ്നഃ തത്സിദ്ധൗ സമുദീര്യതാം" എന്നുണ്ട്.

സൂര്യന്‍ എരിവിന്‍റെയും ചന്ദ്രന്‍ ഉപ്പുരസത്തിന്‍റെയും, കുജന്‍ കയ്പിന്‍റെയും, ബുധന്‍ ആറു രസങ്ങളുടേയും, ശുക്രന്‍ പുളിയുടേയും, ശനി ചവര്‍പ്പിന്‍റെയും അധിപന്മാരാകുന്നു. ഗുരുശുക്രന്മാരുടെ  രസം പറയുന്നേടത്ത് "മധുരാമ്ലൌ" എന്ന് ഒന്നിച്ച് പറകയാല്‍ അല്പം പുളി കലര്‍ന്ന മധുരം വ്യാഴത്തിനും, കുറച്ച് മധുരം ചേര്‍ന്ന പുളി ശുക്രനും വിചാരിയ്ക്കണമെന്നു ഒരു പക്ഷമുണ്ട്. ജാതകത്തിലെ ബലവാന്മാരായ ഗ്രഹങ്ങളുടെ രസങ്ങള്‍ ഇഷ്ടവും, വിബലന്മാരുടെ രസങ്ങള്‍ അനിഷ്ടവുമായിരിക്കും. ഇതുകൊണ്ട് ശേഷം ഭാഗവും ഊഹിച്ചുകൊള്‍ക.

ഭോജനപ്രശ്നത്തിങ്കല്‍ ആറാം ഭാവം കൊണ്ടാണ് കറികളെ വിചാരിക്കേണ്ടത്. ("ഷഷ്ഠേന കുര്യാദുപദംശചിന്താം" എന്നുണ്ട്) അവിടേയ്ക്കു ആദിത്യന്‍റെ യോഗദൃഷ്ടികളാണുള്ളതെങ്കില്‍ എരിവ് പ്രധാനമായിട്ടുള്ള മുളകോഷ്യം മുതലായതായിരുന്നു കറിയെന്നു വിചാരിയ്ക്കണം. ഇപ്രകാരം ആറിലേയ്ക്ക്‌ യോഗദൃഷ്ടികളുള്ളത് ചന്ദ്രന്‍റെയാണെങ്കില്‍, ചെറുപയറ് മുരിങ്ങ ഇല, എളവന്‍ വഴുതനങ്ങ ഇത്യാദികളെക്കൊണ്ട് ഉപ്പുമാത്രം ചേര്‍ത്തു ഓലന്‍ മുതലായതിനേയും, കുജന്‍റെയാണെങ്കില്‍ കൊടുമുളക് ചുവച്ചതോ കരിഞ്ഞതോ കയ്പ് പ്രധാനമായതോ ആയ കറിയേയും, ബുധന്‍റെയാണെങ്കില്‍ പല രസമുള്ളതിനേയും, വ്യാഴത്തിന്‍റെയാണെങ്കില്‍ മാങ്ങ, കുമ്പളങ്ങ വെള്ളരിയ്ക്ക മുതലായവയെകൊണ്ടുണ്ടാക്കിയ പുളിരസം പ്രധാനമായ കറികളേയും, ആറിലേയ്ക്ക്‌ യോഗദൃഷ്ടികളുള്ളത്  ശനിയുടെയാണെങ്കില്‍ നെല്ലിയ്ക്ക മുതലായ ചവര്‍പ്പ് പ്രധാനമായ കറികളേയുമാണ്‌ വിചാരിയ്ക്കേണ്ടാത്. ഒന്നിലധികം ഗ്രഹങ്ങളുടെ യോഗദൃഷ്ടികളുള്ള വിഷയത്തില്‍ ബലാധിക്യമുള്ളതിന്‍റെ രസം പ്രധാനവും, അതില്‍ ബലം കുറഞ്ഞവന്‍റെ രസം അനുരസവുമായി യുക്തിയ്ക്ക് തക്കവണ്ണം വിചാരിക്കണം. (ഗര്‍ഭാധാനാദി ഓരോ മാസങ്ങളുടെ അധിപന്മാരായ ഗ്രഹങ്ങളില്‍ ബലവാന്മാരുടെ രസം അതാതുമാസത്തില്‍ ഗര്‍ഭിണിയ്ക്ക് രുചികരമായിരിക്കുമെന്നും, വിബലന്മാരുടെ രസം അവരുടെ മാസത്തില്‍ അരുചിപ്രദമായിരിയ്ക്കുമെന്നും മറ്റും പറയേണ്ടതുണ്ട്.) 

നാവിന്‍ ദോഷം (കരിങ്കണ്ണ്) കണ്ടുപിടിക്കുന്നത് എങ്ങനെ?

ബാധകേശ്വരയുക്തോവാ ദൃഷ്ടോ വാ യദി വാക്പതിഃ
തര്‍ഹി രോഗം വദേല്‍ നൃണാം ജിഹ്വാദോഷസമുത്ഭവം



സാരം :-

രണ്ടാം ഭാവാധിപന് ബാധകാധിപതിയുടെ യോഗമോ ദൃഷ്ടിയോ ഉണ്ടെങ്കില്‍ നാവിന്‍ ദോഷം (കരിങ്കണ്ണ്) കൊണ്ട് രോഗമുണ്ടായതെന്ന് പറയണം. 

ബാധാവേശം സംഭവിച്ചത് ഏത് പ്രദേശത്ത് (സ്ഥലത്ത്) വച്ചാണെന്ന് കണ്ടുപിടിക്കുന്നത് എങ്ങനെ?

മേഷസ്യ ധാത്വാകരരത്നഭൂമിഃ
കുല്യാപ്രദേശോ ഭുജഗാലയശ്ച
പൂര്‍വ്വപ്രദേശോ വൃഷഭസ്യ പശ്ചാല്‍
കൃഷീവലക്ക്ഷേത്ര സുരമ്യഭൂമിഃ

സാരം :-

മേടം രാശി ബാധാസ്ഥാനമായാല്‍ സ്വര്‍ണ്ണം മുതലായ ധാതുദ്രവ്യങ്ങള്‍ വിളയുന്ന പ്രദേശത്തേയും കൈത്തോടുകള്‍ സര്‍പ്പക്കാവ് ഇങ്ങിനെയുള്ള സ്ഥലത്തുവച്ചാണ് ബാധാവേശം സംഭവിച്ചതെന്നു പറയണം.

ഇടവം രാശി ബാധകസ്ഥാനമായാല്‍ മേടം രാശിക്ക് പറഞ്ഞിട്ടുള്ള പ്രദേശവും കൃഷിക്കുപയുക്തമായ സ്ഥലവും നെല്‍കൃഷിസ്ഥലവും മനോഹരങ്ങളായ പ്രദേശങ്ങള്‍ ഇങ്ങിനെയുള്ള സ്ഥലത്തുവച്ചാണ് ബാധാവേശം സംഭവിച്ചതെന്നു പറയണം.

ബാധോപദ്രവമുണ്ടെങ്കില്‍ ബാധാരാശിക്ക് പറഞ്ഞിട്ടുള്ള സ്ഥലത്തുവച്ചാണ് ബാധാവേശം സംഭവിച്ചതെന്ന് ഗ്രാഹ്യമാണല്ലോ.


***************************

ഉദ്യാന ദേവാലയ നൃത്തഭൂമീര്‍
യമസ്യ രമ്യം പ്രവദന്തി തജ്ഞാഃ
ദേവാംഗനാവാസതടാകരമ്യം
ജലാന്തികം കര്‍ക്കടകസ്യ രാശേഃ


സാരം :-

മിഥുനം രാശി ബാധകസ്ഥാനമായാല്‍ പുഷ്പവനം ദേവാലയം നൃത്തസ്ഥലം മനസ്സിന് സന്തോഷകരമായ പ്രദേശം ഇങ്ങിനെയുള്ള സ്ഥലത്തുവച്ചാണ് ബാധാവേശം സംഭവിച്ചതെന്നു പറയണം.

കര്‍ക്കിടകം രാശി ബാധകസ്ഥാനമായാല്‍ ദേവസ്ത്രീകള്‍ ചേര്‍ന്ന് വിനോദിക്കുന്നതിന് ഉചിതങ്ങളായ തടാകങ്ങളുടെയും മറ്റും തീരപ്രദേശത്തുവച്ചാണ് ബാധാവേശം സംഭവിച്ചതെന്നു പറയണം.


****************************

സ്ഥാനം മൃഗേന്ദ്രസ്യ തു തുംഗദേശോ
ഗോക്ഷേത്രദേവദ്വിജവാസഭൂമിഃ
ദേവാലയാശ്വദീപമന്ദിരാബ്ധി
ക്ഷേത്രേഷു വാസോ വനിതാഗൃഹസ്യ.


സാരം :-

ചിങ്ങം രാശി ബാധകസ്ഥാനമായാല്‍ ഉയര്‍ന്നപ്രദേശം, ക്ഷേത്രം പശുക്കളും ബ്രാഹ്മണരും ദേവന്മാരും നിവസിക്കുന്ന സ്ഥലം ഇങ്ങനെയുള്ള പ്രദേശത്തുവച്ചാണ് ബാധാവേശം സംഭവിച്ചതെന്ന് പറയണം.

കന്നി രാശി ബാധകസ്ഥാനമായാല്‍ ദേവാലയം കുതിരപന്തി സമുദ്രതീരം കൃഷിഭൂമി ഇങ്ങിനെയുള്ള പ്രദേശത്തുവച്ചാണ് ബാധാവേശം സംഭവിച്ചതെന്ന് പറയണം.


*********************************

ജൂകസ്യ വീഥ്യാപണകാനനേഷു
കീടസ്യ വല്മീകതടാകയോശ്ച
ആരാമസേനാഗൃഹയുദ്ധഭൂമി-
സാലേഷു വാസോ നവമസ്യ രാശേഃ

സാരം :-

തുലാം രാശി ബാധകസ്ഥാനമായാല്‍ തെരുവുകള്‍ കച്ചവടസ്ഥലങ്ങള്‍ കാടുകള്‍ എന്നീ സ്ഥലങ്ങളില്‍ വച്ചാണ് ബാധാവേശം സംഭവിച്ചതെന്ന് പറയണം.

വൃശ്ചികം രാശി ബാധകസ്ഥാനമായാല്‍ പുറ്റുള്ള സ്ഥലം കുളം ചിറ മുതലായ ജലാശയങ്ങള്‍ തുടങ്ങിയ പ്രദേശങ്ങളില്‍ വച്ചാണ് ബാധാവേശം സംഭവിച്ചതെന്ന് പറയണം.

ധനു രാശി ബാധകസ്ഥാനമായാല്‍ പൂങ്കാവ് സൈന്യങ്ങള്‍ വസിക്കുന്ന സ്ഥലം യുദ്ധഭൂമി മതില്‍ക്കെട്ട് ഇങ്ങിനെയുള്ള സ്ഥലങ്ങളില്‍ വച്ചാണ് ബാധാവേശം സംഭവിച്ചതെന്ന് പറയണം.


************************************

നദീമുഖാരണ്യനിഷാദവാസേ-
ഷ്വേണസ്യ രാശേര്‍ഘടഭസ്യ തദ്വല്‍
ശുഭ്രാംബുപൂര്‍ണ്ണാമരമന്ദിരേഷു
ഝഷസ്യ വാസഃ കഥിതോ മുനീന്ദ്രൈഃ

സാരം :-

മകരം രാശി ബാധകസ്ഥാനമായാല്‍ നദികളും മറ്റും ചെന്ന് സമുദ്രത്തില്‍ ചേരുന്ന സംഗമസ്ഥാനം ആരണ്യം  (കാട്ടു പ്രദേശം) കാട്ടാളന്മാര്‍ പാര്‍ക്കുന്ന സ്ഥലം മുതലായ പ്രദേശങ്ങളില്‍ വച്ചാണ് ബാധാവേശം സംഭവിച്ചതെന്ന് പറയണം.

കുംഭം രാശി ബാധകസ്ഥാനമായാല്‍ മേല്‍പറഞ്ഞ മകരം രാശിയുടെ പ്രദേശത്തെ പറയണം.

മീനം രാശി ബാധകസ്ഥാനമായാല്‍ ചില ജലമയമായ കുഹരങ്ങളും വെള്ളം ധാരാളമുള്ള പ്രദേശങ്ങളും ക്ഷേത്രങ്ങള്‍ മുതലായ പ്രദേശങ്ങളില്‍ വച്ചാണ് ബാധാവേശം സംഭവിച്ചതെന്ന് പറയണം.


**************************************

വനം ക്ഷേത്രം പുരം കുല്യാശൈലഗ്രാമാപണാഃ ക്രമാല്‍
കൂപകാന്താരജലധിതടാകസരിതസ്ത്വജാല്‍

സാരം :-

മേടം രാശികൊണ്ട് വനം, ഇടവം രാശികൊണ്ട്  നെല്‍കൃഷിസ്ഥലം, മിഥുനം കൊണ്ട് രാജധാനി, കര്‍ക്കിടകം കൊണ്ട് ചെറിയതോട്, ചിങ്ങം കൊണ്ട് പര്‍വ്വതം, കന്നികൊണ്ട് ഗ്രാമം, തുലാം കൊണ്ട് കച്ചവടത്തെരുവ്, വൃശ്ചികം കൊണ്ട് കിണറ്, ധനു കൊണ്ട് കാട്, മകരം കൊണ്ട് സമുദ്രം, കുംഭം കൊണ്ട് കുളം, മീനം കൊണ്ട് നദി, ഇങ്ങിനെ രാശികളെക്കൊണ്ട് പ്രദേശങ്ങള്‍ ഗ്രഹിച്ചുകൊള്ളണം. 

ഗ്രഹങ്ങളുടെ ദൃഷ്ടിയെ പറയുന്നു

ത്രിദശത്രികോണചതുരശ്രസപ്തമാ-
നവലോകയന്തി ചരണാഭിവൃദ്ധിതഃ
രവിജാമരേഡ്യരുധിരാഃ പരേ ച യേ
ക്രമശോ ഭവന്തി കില വീക്ഷണേധികാഃ

സാരം :-

ശനിയ്ക്ക് അത് നില്‍ക്കുന്ന രാശിയില്‍ നിന്ന് 3 - 10 എന്നീ ഭാവങ്ങളിലേയ്ക്ക് പൂര്‍ണ്ണദൃഷ്ടിയുണ്ട്,

വ്യാഴത്തിന് 5 - 9 എന്നീ ഭാവങ്ങളിലേയ്ക്ക് പൂര്‍ണ്ണദൃഷ്ടിയുണ്ട്,

ചൊവ്വയ്ക്ക്‌ അത് നില്‍ക്കുന്ന രാശിയില്‍ നിന്ന് 4 - 8 എന്നീ ഭാവങ്ങളിലേയ്ക്ക് പൂര്‍ണ്ണദൃഷ്ടിയുണ്ട്.

പൂര്‍ണ്ണദൃഷ്ടി എന്നുവെച്ചാല്‍ 60 കലകളാകുന്നു.

ശനി ഒഴികെ മറ്റെല്ലാഗ്രഹങ്ങള്‍ക്കും അതാതു നില്‍ക്കുന്ന രാശിയില്‍ നിന്ന് 3 - 10 കളിലേയ്ക്കു കാലും, വ്യാഴം ഒഴികെയുള്ള ഗ്രഹങ്ങള്‍ക്ക്‌ 5 - 9 കളിലേയ്ക്കു അരയും, ചൊവ്വ ഒഴിച്ച് ബാക്കി ഗ്രഹങ്ങള്‍ക്ക്‌ 4 - 8 കളിലേയ്ക്കു മുക്കാലും ദൃഷ്ടിയാകുന്നു. ഏഴാം ഭാവത്തിലേയ്ക്ക് എല്ലാ ഗ്രഹങ്ങള്‍ക്കും പൂര്‍ണ്ണദൃഷ്ടിയുമുണ്ട്.

"രവിജാമരേഡ്യരുധിരന്മാരും പാപന്മാര്‍ യാവചിലരോ അവരും - ത്രിദശത്രികോണചതുരശ്രസപ്തമങ്ങളെ -  അവലോകനം ചെയ്യുന്നു" എന്നതിന് മറ്റൊരുപ്രകാരത്തിലും കൂടി അര്‍ത്ഥം വിചാരിയ്ക്കാം. രവിജനും പരനും (അതായത് സൂര്യനും ത്രിദശങ്ങളെ അവലോകനം ചെയ്യുന്നു. എന്നുവെച്ചാല്‍ ശനിയ്ക്ക് അത് നില്‍ക്കുന്ന സ്ഥാനത്തു നിന്ന് മൂന്നാംഭാവത്തിലേയ്ക്കും  ആദിത്യന് അത് നില്‍ക്കുന്ന സ്ഥാനത്തു നിന്ന് പത്തിലേയ്ക്കും  ദൃഷ്ടിയുണ്ടെന്നു താല്പര്യം. അപ്രകാരം വ്യാഴത്തിന് അഞ്ചിലേയ്ക്കും, വ്യാഴത്തിന്‍റെ പരനായ ബുധന് ഒമ്പതിലേയ്ക്കും, ചൊവ്വയ്ക്ക് നാലിലേയ്ക്കും, പരനായ ബുധന് എട്ടിലേയ്ക്കും പൂര്‍ണ്ണദൃഷ്ടിയുണ്ട്. സപ്തമത്തിലേയ്ക്ക് എല്ലാറ്റിനും പൂര്‍ണ്ണദൃഷ്ടിയുന്ടെന്നു മുമ്പ് പറഞ്ഞിട്ടുണ്ടല്ലോ. രവിജാമരേഡ്യരുധിരന്മാരും പരന്മാരും ചന്ദ്രനും ("ച" എന്നതുകൊണ്ട്‌ ചന്ദ്രനെയാണ് ഇവിടെ വിവക്ഷിച്ചിരിയ്ക്കുന്നത്. ശനി, വ്യാഴം, ചൊവ്വ ഇവരും, പരന്മാരെന്നാല്‍ ശനിയില്‍ നിന്ന് പരന്‍ സൂര്യന്‍ വ്യാഴത്തില്‍ നിന്ന് പരന്‍ ശുക്രന്‍, ചൊവ്വയുടെ പരന്‍ ബുധന്‍ ഇവരും, ചന്ദ്രനും ക്രമത്തില്‍ ക്രമത്തില്‍ നമുക്ക് അടുത്തടുത്താണ് സഞ്ചരിക്കുന്നതെന്ന് പറയണം. "ഭാനാമധശ്ശനൈശ്ചരസുരഗുരുഭൌമാര്‍ക്കശുക്രബുധചന്ദ്രാഃ" എന്ന് വചനവുമുണ്ട്.

ഗ്രഹങ്ങളുടെ സ്ഥാനം, വസ്ത്രം, ലോഹരത്നാദി ദ്രവ്യങ്ങള്‍, ഋതുക്കള്‍

ദേവാംബ്വഗ്നിവിഹാരകോശശയനക്ഷിത്യുത്കരാഃസ്യുഃക്രമാ-
ദ്വസ്ത്രം സ്ഥൂലമഭുക്തമഗ്നികഹതം മധ്യം ദൃഢം പാടിതം
താമ്രം സ്യാന്മണിഹേമയുക്തിരജതാന്യര്‍ക്കാച്ച മുക്തായസീ
ദ്രേക്കാണൈശ്ശിശിരാദയശ്ശശുരുചജ്ഞഗ്വാദിഷൂദ്യത്സുവാ.

സാരം :-

ദേവാലയം സൂര്യന്‍റെയും, വെള്ളമുള്ള സ്ഥലം ചന്ദ്രന്‍റെയും, ഹോമപ്പുര, അടുക്കള മുതലായ തീയ് ഉപയോഗിക്കുന്നേടം ചൊവ്വയുടേയും, കളിസ്ഥലം ബുധന്‍റെയും, ധനം സൂക്ഷിയ്ക്കുന്നേടം വ്യാഴത്തിന്‍റെയും, കിടപ്പുമുറി ശുക്രന്‍റെയും, അടിച്ചുവാരി ഇടുന്ന സ്ഥലം കുപ്പ ഇതുകള്‍ ശനിയുടേയും സ്ഥാനങ്ങളാകുന്നു. "സ്ഥാനങ്ങള്‍ " എന്ന് പറഞ്ഞതുകൊണ്ട് അവയുടെ സമീപപ്രദേശങ്ങളേയും ഗ്രഹിക്കേണ്ടതാണ്. ജാതകപ്രശ്നാദികളില്‍ ഗ്രഹങ്ങളെക്കൊണ്ട് സ്ഥാനം പറയേണ്ടിവരുന്നേടത്തെല്ലാം ഈ വിധിപ്രകാരം പറയേണ്ടതാകുന്നു.

തടിച്ച നൂലുകൊണ്ടുണ്ടാക്കിയ പുതപ്പ് മുതലായ വസ്ത്രങ്ങളുടെ ആധിപത്യം ആദിത്യനും, കോടിവസ്ത്രത്തിന്‍റെയും വെള്ളത്തില്‍ നനയ്ക്കുവാന്‍ വയ്യാത്ത പുഴുക്കൂട് പട്ട് മുതലായത്തിന്‍റെ ആധിപത്യം ചന്ദ്രനും, ( "ശശിനാദുകൂലപട്ടം " എന്നുണ്ട് ) കുറച്ചുഭാഗം  തീക്കത്തിയതിന്‍റെ കുജനും, വെള്ളത്തില്‍ നനച്ചതിന്‍റെ ബുധനും, സാധാരണ വസ്ത്രത്തിന്‍റെ വ്യാഴത്തിനും, നല്ല ഉറപ്പുള്ള വസ്ത്രത്തിന്‍റെ ശുക്രനും, കീറിപ്പൊളിഞ്ഞ വസ്ത്രങ്ങളുടെ ആധിപത്യം ശനിയ്ക്കുമാകുന്നു. ജാതകത്തില്‍ നാലാംഭാവംകൊണ്ടും നാലാം ഭാവാധിപനെക്കൊണ്ടും വസ്ത്രത്തെ വിചാരിക്കേണ്ടത്.

ആദിത്യന്‍ ചെമ്പിന്‍റെയും, ചന്ദ്രന്‍ വൈഢൂര്യം മുതലായ രത്നങ്ങളുടേയും, കുജന്‍ സ്വര്‍ണ്ണത്തിന്‍റെയും, ബുധന്‍ മുത്തുചിപ്പി, ഓട് ഇവയുടേയും, വ്യാഴം വെള്ളിയുടേയും, ശുക്രന്‍ മുത്തിന്‍റെയും, ശനി ഇരുമ്പിന്‍റെയും അധിപന്മാരാകുന്നു. (വ്യാഴത്തിന് ഏറ്റവും ബലമുണ്ടെങ്കില്‍ സ്വര്‍ണ്ണത്തിന്‍റെ ആധിപത്യമാണുള്ളതെന്നും ഒരു പക്ഷാന്തരമുണ്ട്). നഷ്ടപ്രശ്നത്തിങ്കല്‍ ലഗ്നത്തെ നോക്കുന്നവന്‍റെയോ, അതില്ലെങ്കില്‍ ലഗ്നാധിപനെ നോക്കുന്നവന്‍റെയോ, അതുമില്ലെങ്കില്‍ ഷഷ്ഠാധിപന്‍റെയോ ദ്രവ്യമാണ് പോയതെന്ന് പറയണം.

ശിശിരഋതുവിന്‍റെ അധിപന്‍ ശനിയും, വസന്തത്തിന്‍റെ ശുക്രനും, ഗ്രീഷ്മത്തിന്‍റെ ചൊവ്വയും, വര്‍ഷത്തിന്‍റെ ചന്ദ്രനും, ശരത്തിന്‍റെ ബുധനും, ഹേമന്തഋതുവിന്‍റെ അധിപന്‍ വ്യാഴവുമാണ്. ഗ്രഹങ്ങളെ ക്കൊണ്ട് കാലം പറയേണ്ടിവരുന്നേടത്ത് അതാതിന്‍റെ ഋതുക്കളിലാണ് അതാത് ഗ്രഹങ്ങളെക്കൊണ്ടുള്ള ഫലാനുഭവം പറയേണ്ടത്. ആദിത്യന്‍റെ ഋതുവും ഗ്രീഷ്മം തന്നെയാണ്. നഷ്ടജാതകപ്രശ്നത്തില്‍ തല്‍കാലോദയലഗ്നത്തിങ്കല്‍ ഒരു ഗ്രഹം നില്‍ക്കുന്ന പക്ഷം അതിന്‍റെയും, അതില്ലെങ്കില്‍ ലഗ്നദ്രേക്കാണാധിപന്‍റെയും ഋതുവിലാണ് ജനനമേന്നുപറയാം. " ഗ്രീഷ്മോര്‍ക്കലഗ്നേ കഥിതാസ്തു ശേഷൈ " എന്ന് നഷ്ടജാതകാദ്ധ്യായത്തില്‍ പറയുന്നതുമുണ്ട്. ജാതകപ്രശ്നാദികളില്‍ ബലവും ഇഷ്ടസ്ഥിതിയുമുള്ള ഗ്രഹത്തിന്‍റെ ഋതുവില്‍ സുഖവും ഇഷ്ടലാഭാദികളും, അനിഷ്ടസ്ഥിതി ബലഹാനി മുതലായതുള്ളതിന്‍റെ ഋതുവില്‍ വിപരീതഫലവും അനുഭവമാകുമെന്ന് പറയേണ്ടതാണ്. 

ശനി, രാഹു, കേതു എന്നീ ഗ്രഹങ്ങളുടെ ദേഹപ്രകൃതിയേയും, ധാതുക്കളുടെ ആധിപത്യത്തേയും പറയുന്നു

മന്ദോലസഃ കപിലദൃക്കൃശ്വദീര്‍ഗ്ഘഗാത്രഃ
സ്ഥൂലദ്വിജഃ പരുഷരോമകചോനിലാത്മാ
സ്നായ്വസ്ഥ്യസൃക്ത്വഗഥ ശുക്ലവസേ ച മജ്ജാ
മന്ദാര്‍ക്കചന്ദ്രബുധശുക്രസുരേഡ്യഭൗമാഃ

സാരം :-
ചടച്ചു ഉയരം കൂടിയ ശരീരവും വലിയ പല്ലുകളും പരുപത്ത രോമങ്ങളും അപ്രകാരമുള്ള  തലമുടിയും  വെള്ളികണ്ണുകളും ഉത്സാഹമില്ലായ്മയും വാതാധികമായ ദേഹസ്വഭാവവും ശനിയുടെ പ്രകൃതികളാകുന്നു. ഇവിടെ "മന്ദഃ" "അലസഃ" ഇത്യാദി പദങ്ങളെക്കൊണ്ട് ഏഷണികൂട്ടുക, ക്രൂരസ്വഭാവം, പരിഭ്രമശീലം, ദേഷ്യം, നേത്രവികാരം, കുണ്ടന്‍കണ്ണ്, വികൃതിതങ്ങളായ പല്ലുകള്‍, നീണ്ടുനില്‍ക്കുന്ന താടി മീശതലമുടി ഇതുകളും കൂടി ശനിയുടെ പ്രകൃതികളാണെന്ന്  വിചാരിക്കേണ്ടതാണ്. രാഹുവിന്‍റെ പ്രകൃതി ഏകദേശം ശനിയുടേതുപോലെയും കേതുവിന്‍റെത് ചൊവ്വയുടേതുപോലെയും ആകുന്നു.

പ്രശ്നജാതകാദികള്‍ ദേഹാദിപ്രകൃതികളെ പയേണ്ടുന്നിടത്തെല്ലാം ഗ്രഹങ്ങളെക്കൊണ്ട് ഈ പറഞ്ഞവിധം വിചാരിയ്ക്കേണ്ടതാണ്. ജാതകത്തില്‍ ലഗ്നാംശകാധിപന്‍റെയോ, ബലവാനായ ഗ്രഹം കേന്ദ്രത്തിലുണ്ടെങ്കില്‍ അതിന്‍റെയോ ദേഹപ്രകൃതിയായിരിയ്ക്കും ആ ശിശുവിനുണ്ടാവുക എന്ന് പറയാം. "ലഗ്നനവാംശപ തുല്യ തനുഃ സ്യാദ്വിര്യയുതഗ്രഹതുല്യതനുര്‍വ്വാ" എന്ന് അഞ്ചാം അദ്ധ്യായത്തില്‍ പറയുന്നുണ്ട്. അപ്രകാരം തന്നെ ഏഴാം ഭാവാധിപന്‍ അതിന്‍റെ നവാംശകാധിപന്‍ ഏഴിള്‍ നില്‍ക്കുന്ന ഗ്രഹം അവിടേയ്ക്ക് നോക്കുന്ന ഗ്രഹം ഇവരില്‍ ബലം ഏറിയതിന്‍റെ ദേഹപ്രകൃതിയായിരിക്കും ഭാര്യക്ക് എന്ന് പറയണം. സഹോദരാദി മറ്റു ഭാവങ്ങള്‍ക്കും ഇപ്രകാരം കണ്ടുകൊള്‍ക.

പ്രശ്നത്തിങ്കല്‍ ആരൂഢാധിപനേക്കൊണ്ട് (ലഗ്നാധിപനെ കൊണ്ട്) പ്രഷ്ടാവിന്‍റെയും പ്രകൃതിയെ വിചാരിയ്ക്കാവുന്നതാണ്. സ്ഥാനപ്രശ്നത്തിങ്കലും ഇതുകൊണ്ട് വിചാരിക്കാം. എങ്ങനെയെന്നാല്‍ ഗ്രഹങ്ങളുടെ ദേഹം കൊണ്ട് ഭൂമിയുടെ പ്രകൃതിയും ദന്തങ്ങളേക്കൊണ്ട് പാറ മുതലായതിനേയും, രോമങ്ങളെക്കൊണ്ട് ധാന്യാദികളേയും, തലമുടികൊണ്ട്‌ വൃക്ഷങ്ങളേയും, പിത്തപ്രകൃതിക്കൊണ്ട് ഉണങ്ങിവരണ്ട ഭൂമിയേയും, കഫപ്രകൃതികൊണ്ട് ജലമയമായ പ്രദേശത്തേയും, വാതപ്രകൃതിക്കൊണ്ട് കാറ്റ് അധികമുള്ളതോ കുറ്റി മുടിഞ്ഞതോ ആയ ഭൂമിയേയും മറ്റും വിചാരിക്കാം. ആരൂഢത്തില്‍ (ലഗ്നത്തില്‍) നില്‍ക്കുന്നവന്‍ അതില്ലെങ്കില്‍ ആരൂഢത്തിലേയ്ക്ക്  (ലഗ്നത്തിലേയ്ക്ക്) നോക്കുന്നവന്‍ ഇവരെക്കൊണ്ടാണ് സ്ഥലപ്രശ്നത്തിങ്കല്‍ ലക്ഷണം വിചാരിക്കേണ്ടത്. മൃഗാദിയായ മറ്റുള്ളവരുടെ ദേഹപ്രകൃതിയെ വിചാരിയ്ക്കേണ്ടതും മേല്‍പറഞ്ഞ വിധത്തിലാകുന്നു.

ഞെരമ്പു (സിര) കളുടേയും ധമനികളുടേയും അധിപതി ശനിയും, 

അസ്ഥിയുടെ അധിപന്‍ ആദിത്യനും, 

രക്തത്തിന്‍റെയും മാംസത്തിന്‍റെയും അധിപന്‍ ചന്ദ്രനും, 

ത്വക്കിന്‍റെയും രസധാതുവിന്‍റെയും അധിപന്‍ ബുധനും, 

ശുക്ലത്തിന്‍റെ അധിപന്‍ ശുക്രനും, 

വസയുടെ അധിപന്‍ വ്യാഴവും, 

മജ്ജയുടെ അധിപന്‍ കുജനുമാകുന്നു.

അതാതു ഗ്രഹങ്ങളുടെ ദേഹങ്ങള്‍ അവരവരുടെ ധാതുക്കള്‍ പ്രധാനമായിരിയ്ക്കുമെന്നും അറിയണം. പ്രശ്നത്തിങ്കല്‍ രോഗദാതാവായ ഗ്രഹത്തിന്‍റെ ധാതുകോപമായിരിക്കും രോഗഹേതുവെന്ന്‌ പറയാം. " ദുസ്ഥിതാസ്ഥ്യാദിധാതുസ്ഥോ രോഗിണാം രോഗ ഈര്യതാം " എന്ന് പ്രമാണമുണ്ട്. 

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.