ഗ്രഹങ്ങളുടെ കാലബലത്തേയും നിസര്‍ഗ്ഗബലത്തേയും പറയുന്നു

നിശി ശശികുജസൗരാസ്സര്‍വ്വദാ ജ്ഞോഹ്നി ചാന്യേ
ബഹുലസിതഗതാഃ സ്യുഃ ക്രൂരസൗമ്യാഃ ക്രമേണ
ദ്വയനദിവസഹോരാമാസപൈഃ കാലവീര്യം
ശകുബുഗുശുചരാദ്യാ വൃദ്ധിതോ വീര്യവന്തഃ

സാരം :-

കാലബലം :- ഗ്രഹങ്ങള്‍ക്ക്‌ കാലബലം, 1). രാപ്പകലുകള്‍, 2). സിതകൃഷണപക്ഷങ്ങള്‍, 3). ദിവസാധിപത്യം, 4). മാസാധിപത്യം, 5). സംവത്സരാധിപത്യം, 6). കാലഹോരാധിപത്യം, ഇങ്ങനെ ആറ് പ്രകാരത്തിലുണ്ട്. ഇതിനെതന്നെ ഒന്നുകൂടി വ്യക്തമാക്കാം.

1). രാപ്പകലുകള്‍ :- ചന്ദ്രന്നും ചൊവ്വയ്ക്കും ശനിയ്ക്കും രാത്രി മധ്യത്തിലും സൂര്യനും വ്യാഴത്തിനും ശുക്രനും പകലിന്‍റെ മദ്ധ്യത്തിലുമാണ് പൂര്‍ണ്ണബലമുള്ളത്. ബുധന് രാത്രിയിലും പകലും പൂര്‍ണ്ണബലവുമുണ്ട്. എന്നാല്‍ പകല്‍മദ്ധ്യത്തില്‍ പൂര്‍ണ്ണബലമുള്ളവര്‍ക്ക് രാത്രിമദ്ധ്യത്തിലും ബലം ശൂന്യവുമാകുന്നു. ഇതിനു "ദിനരാത്രിബലം" എന്നും പറയാറുണ്ട്‌.

2). സിതകൃഷ്ണപക്ഷങ്ങള്‍ :- ചന്ദ്രനും, ബുധഗുരുശുക്രന്മാര്‍ക്കും വെളുത്ത പക്ഷത്തിന്‍റെ അവസാനത്തിലും, ശേഷം ഗ്രഹങ്ങള്‍ക്ക്‌ കറുത്ത പക്ഷത്തിന്‍റെ അവസാനത്തിലും ബലം പൂര്‍ണ്ണമാകുന്നു. നേരെ മറിച്ച് ശുഭന്മാര്‍ക്ക് കൃഷ്ണപക്ഷാവസാനത്തിലും പാപന്മാര്‍ക്ക് ശുക്ലപക്ഷാവസാനത്തിലും പക്ഷബലം ഒട്ടും ഇല്ലതാനും. ഇതിനെ "പക്ഷബലം" എന്നാണ്‌ പറയാറുള്ളത്.

3). ദിവസാധിപത്യം :- അതാത് ദിവസത്തിന്‍റെ അധിപന് അതാത് ദിവസത്തില്‍ ബലം അധികമുണ്ടാകുന്നതാണ്. ഇതിന് "ദിവസാധിപബലം എന്ന് പറയാം.

4). മാസാധിപത്യം :- വെളുത്ത പ്രതിപദം ഏതാഴ്ചയാണോ ആ ഗ്രഹമാണ് ആ ചാന്ദ്രമാസത്തിന്‍റെ അധിപന്‍, അതാത് മാസാധിപന്മാര്‍ക്ക് അതാത് മാസത്തില്‍ ബലം അധികമുണ്ട്. ഇതിന് "മാസാധിബലം" എന്ന് പറയാവുന്നതാണ്.

5). സംവത്സരാധിപത്യം :-  ചൈത്രമാസം തുടങ്ങുന്ന ദിവസം ഏതാണോ ആഴ്ച, ആ ഗ്രഹമാണ് പ്രഭവാദികളില്‍ ആ സംവത്സരത്തിന്‍റെ അധിപന്‍. അതാത് സംവത്സരാധിപന് അതാത് സംവത്സരത്തില്‍ ബലം അധികമുണ്ട്.

6). കാലഹോരാധിപത്യം :- കാലഹോരാധിപന് അതാത് കാല ഹോരയിലും ബലം വര്‍ദ്ധിയ്ക്കുന്നതാണ്.*

നിസര്‍ഗ്ഗബലത്തെ പറയുന്നു

എല്ലാറ്റിലും ബലം ചുരുങ്ങിയ ഗ്രഹം ശനിയും, അതിലധികം ബലമുള്ളത് ചൊവ്വയും, ഇങ്ങനെ ബുധന്‍, വ്യാഴം, ശുക്രന്‍, ചന്ദ്രന്‍, ഇവര്‍ ക്രമത്തില്‍ അധികമധികം ബലവാന്മാരും, നിസര്‍ഗ്ഗബലം എല്ലാറ്റിലും അധികമുള്ളത് ആദിത്യനുമാകുന്നു. ഗ്രഹങ്ങള്‍ക്ക്‌ ബലപിണ്ഡമുണ്ടാക്കി നോക്കുമ്പോള്‍ ബലം തുല്യമായി വന്നാല്‍ ഈ പറഞ്ഞ നിസര്‍ഗ്ഗബലം കൊണ്ടാണ് ബലാധിക്യം വിചാരിക്കേണ്ടത്. ബലപിണ്ഡംകൊണ്ട് ശുക്രചന്ദ്രന്മാരുടെ ബലം തുല്യമായി വന്നാല്‍, നിസര്‍ഗ്ഗബലം ശുക്രനേക്കാള്‍ ചന്ദ്രന് അധികമായാല്‍ ചന്ദ്രനെയാണ് ബലവാനായി വിചാരിയ്ക്കേണ്ടതെന്ന് താല്പര്യം.

ഗ്രഹങ്ങളുടെ ബലം വരുത്തുക മുതലായതെല്ലാം ആചാര്യന്മാര്‍ ഇവിടെ സംക്ഷേപമായിട്ടേ പറഞ്ഞിട്ടുള്ളൂ. അതിനെ ഇതിലധികം വിസ്തരിയ്ക്കുവാന്‍ നിവൃത്തിയില്ല. കുറേകൂടി വിസ്തരിച്ചറിയേണ്ടവര്‍ ശ്രീപതിപദ്ധതി, ജാതകപദ്ധതി തുടങ്ങിയ ഗ്രന്ഥങ്ങളെ ആശ്രയിയ്ക്കുകതന്നെ വേണം. ഗ്രഹങ്ങളുടെ ബലങ്ങളൊക്കെയും കലാസ്വരൂപത്തില്‍ വരുത്തി ഒന്നിച്ചു കൂട്ടിയതിനെ "ബലപിണ്ഡം" എന്നാണ് പറയുക. ബലവാനായ ഗ്രഹം ശുഭഫലവും ബലഹീനന്‍ അശുഭഫലവും ഉണ്ടാക്കുന്നതാണ്. വിബലഗ്രഹങ്ങള്‍ ഒരു ഫലവും ഉണ്ടാക്കുകയില്ലെന്നും ഒരു അഭിപ്രായമുണ്ട്. അപ്പോള്‍ ഫലാദേശവിഷയത്തിലേയ്ക്ക് ഗ്രഹങ്ങളുടെ ബലാബലജ്ഞാനം അത്യാവശ്യമാണെന്ന് സ്പഷ്ടമായല്ലോ. അതുകൊണ്ടാണ് ആചാര്യര്‍ ഗ്രന്ഥം ചുരുക്കിയിട്ടാണെങ്കിലും ബലാബലം പറയാനായി മൂന്നു ശ്ലോകം ഉപയോഗിച്ചത്.

കാലബലങ്ങളില്‍ മൂന്നാമത്തേത് മുതല്‍ പറഞ്ഞിട്ടുള്ളതൊക്കയും ബലം തുല്യമല്ല. ഒരു "പൂര്‍ണ്ണബലം" എന്ന് പറഞ്ഞാല്‍ 60 കലകള്‍ കൂടിയ ഒന്ന് എന്ന് അതിന് താല്പര്യവുമാണ്. ഇങ്ങനെ 60 എന്ന് കല്പിച്ചതും സൗകര്യത്തിന് വേണ്ടിയാണ്. സംവത്സരാധിപന് കാലും, (അറുപതിന്‍റെ കാലായ 15 കലകള്‍) മാസാധിപന് അരയും, ദിവസാധിപന് മുക്കാലും ബലവും, കാലഹോരാധിപന് ഒരു പൂര്‍ണ്ണബലവുമാണുള്ളത്.

പാദം സ്വവര്‍ക്ഷേƒഥ ദളം സ്വമാസേ
ദിനേ സ്വകീയേ ചരണോനരൂപം
രൂപം സ്വഹോരാസ്വിതി കാലവീര്യ-
മുക്തം ഹി ഹോരാനിപുണൈഃ പുരാണൈഃ.

എന്ന് പ്രമാണമുണ്ട്.

*****************************************

*. പകലിനെ 12 ഭാഗമാക്കിയാല്‍ ഒരംശത്തെയാണ്‌ "കാലഹോരാ" എന്ന് പറയുന്നത്. ഓരോ ദിവസത്തിലും ആദ്യത്തെ കാലഹോരാധിപന്‍ അതാത് ദിവസത്തിന്‍റെ അധിപനാകുന്നു. ഞായറാഴ്ചയാണെങ്കില്‍ ആദ്യത്തെ കാലഹോരാധിപന്‍ ആദിത്യനാണെന്നും പറയണം. അതുപോലെ മറ്റു ആഴ്ചകളേയും കണ്ടുകൊള്‍ക. രണ്ടാമത്തെ ഹോരമുതല്‍ ഓരോ ഹോരയുടേയും ആധിപത്യം ചോട് കഴിഞ്ഞ അധിപഗ്രഹത്തില്‍ നിന്നും ആറാമത്തെഗ്രഹത്തിന്നാകുന്നു. ഞായറാഴ്ച ആദ്യ ഹോരാധിപന്‍ സൂര്യനാണെന്ന് മുമ്പ് പറഞ്ഞുവല്ലോ. രണ്ടാമത്തെ കാലഹോരയുടെ അധിപന്‍ സൂര്യനില്‍ നിന്ന് ആറാമത്തെ ഗ്രഹമായ ശുക്രനും, മൂന്നാം ഹോരാധിപന്‍ ശുക്രനില്‍ നിന്നും ആറാമത്തേതായ ബുധനും - ഈ വിധമെന്നു സാരം. ഈ പറഞ്ഞത് പകലത്തെ കാലഹോരാധിപത്യക്രമമാണ്. ഇതുപോലെ രാത്രിയെ 12 ആക്കിയതില്‍ ഒരംശവും ഒരു കാലഹോരതന്നേയാകുന്നു. പക്ഷേ പകലത്തെ ആദ്യഹോരാധിപന്‍ ഏതാണോ, അതില്‍ നിന്ന് അഞ്ചാമത്തെ ഗ്രഹമാണ് രാത്രിയിലെ ആദ്യഹോരയുടെ അധിപന്‍ - ഞായറാഴ്ചയാണെങ്കില്‍ രാത്രിയിലെ ആദ്യഹോരാധിപന്‍ വ്യാഴമാണെന്ന് സാരം. രണ്ടാം ഹോര മുതല്‍ക്കുള്ള ആധിപത്യം പകലത്തെപ്പോലെതന്നെ അതാതിന്‍റെ ആറാമത്തെ ഗ്രഹത്തിനുമാകുന്നു.

ദിനദ്വാദശാംശോ മതഃ കാലഹോരാ
പതിസ്തസ്യ പൂര്‍വ്വസ്യ വാരാധിനാഥഃ
തതഃ ഷഷ്ഠഷഷ്ഠാഃ ക്രമേണേതരേഷാം.
നിശായാം തു വാരേശ്വരാത് പഞ്ചമാദ്യാഃ-
എന്ന് പ്രമാണമുണ്ട്.