വിയോനികളായ ജന്തുക്കളില്‍ നാല്‍ക്കാലികളുടെ ശരീരത്തിലെ രാശി വിഭാഗത്തെ പറയുന്നു

ക്രിയശ്ശിരോ വക്തഗളേ വൃഷോന്യേ
പാദാംസകം പൃഷ്ഠമുരോഥ പാര്‍ശ്വേ
കക്ഷിസ്ത്വപാനാംഘ്ര്യഥ മേഢ്രമുഷ്കൗ
സ്ഫിക് പുച്ഛമിത്യാഹ ചതുഷ്പദാംഗേ

സാരം :-

ശിരസ്സ്‌ മേടവും, മുഖവും കഴുത്തും ഇടവവും, കയ്യുകളും ചുമലും മിഥുനവും, പുറഭാഗം കര്‍ക്കിടകവും, മാറ് ചിങ്ങവും, രണ്ടു വാരിപ്രദേശങ്ങള്‍ (പാര്‍ശ്വങ്ങള്‍) കന്നിയും, വയറ് തുലാംരാശിയും, ഗുദം വൃശ്ചികവും, കാലു രണ്ടും ധനുവും, ലിംഗവും വൃഷണങ്ങളും (പശു, എരുമ മുതലായതിന് യോനി) മകരവും, ആസനങ്ങള്‍ കുംഭവും, വാല് മീനവുമാകുന്നുവെന്നാണ് ശാസ്ത്രകാരന്മാരുടെ അഭിപ്രായം. മേടം മുതല്‍ തുലാം വരെയുള്ള രാശികളെ ശരീരത്തിന്‍റെ വലത്തും മറ്റു രാശികളെ ശരീരത്തിന്‍റെ ഇടത്തും ഭാഗമായി കല്പിയ്ക്കേണ്ടതുമാണ്.

മേഷാദയസ്തുലാന്താഃ സവ്യേ ഭാഗേ ചതുഷ്പദാംഗേഷു
വാമേ ത്വനിമിഷഘടമൃഗകാര്‍മ്മുകഭവൃശ്ചികാശ്ചൈവ.

എന്നുണ്ട്.

രാശി രാശ്യധിപന്‍ ഇതുകള്‍ക്ക്‌ ബലവും ശുഭയോഗദൃഷ്ടികളും ഉള്ളത് ഏതേത് രാശിയ്ക്കാണോ ആ രാശിയുടെ അവയവങ്ങള്‍ക്ക് അരോഗതയും ബലവും പുഷ്ടി മുതലായതും ഉണ്ടാകുമെന്നും, രാശിയ്ക്കും രാശ്യധിപനും ബലഹീനത പാപയോഗദൃഷ്ടികള്‍ ഇത്യാദികളുണ്ടായാല്‍ ആ രാശ്യവയവത്തിന് രോഗം ബലഹീനത്വം മുതലായതുണ്ടാവുമെന്നും പറയേണ്ടതാണ്.

മനുഷ്യരുടെ അവയവവിഭാഗം പോലെത്തന്നെ ലഗ്നരാശി ശിരസ്സും, രണ്ടാംഭാവം മുഖവും, കഴുത്തുമായിട്ടുള്ള മുന്‍പറഞ്ഞ ക്രമത്തിലും അവയവവിഭാഗം ചെയ്തു ഫലചിന്ത ചെയ്യാവുന്നതാണ്.

കാള, പോത്ത്, മുതലായതിന്‍റെ ഭാരം വലിയ്ക്കുവാനുള്ള ശക്തി രണ്ടാംഭാവംകൊണ്ടും, കാലിന്‍റെ ബലാബലങ്ങള്‍ ഒമ്പതാംഭാവംകൊണ്ടും വിചാരിയ്ക്കാവുന്നതാണ്.

പശു, എരുമ മുതലായതിനുള്ള പാലിന്‍റെ ഗുണദോഷം വിചാരിയ്ക്കേണ്ടത് ഏഴാം ഭാവം കൊണ്ടാകുന്നു. ഏഴാം ഭാവത്തിനും തദധിപനും ബലമുണ്ടാവുകയും ആ ഭാവം ജലരാശിയാവുകയും അവിടേയ്ക്ക് ജലഗ്രഹങ്ങളായ ചന്ദ്രശുക്രന്മാരുടെ യോഗദൃഷ്ട്യാദികളുണ്ടാവുകയും ചെയ്‌താല്‍ പാല്‍ ധാരാളമുണ്ടാവുമെന്നും, നേരെ വിപരീതം ഏഴാം ഭാവം സ്ഥലരാശിയാവുക, അവിടെ ശുഷ്കഗ്രഹങ്ങളുണ്ടാവുക മുതലായവയുണ്ടായാല്‍ പാല്‍ തീരെ ഉണ്ടാവുകയില്ലെന്നും മറ്റും യുക്തിയ്ക്കനുസരിച്ച് പറയേണ്ടതാകുന്നു.