വൃക്ഷങ്ങളുടെ ജനനലക്ഷണം അവ ഉണ്ടായ സ്ഥലം മുതലായതിനെ പറയുന്നു

ഹോരേന്ദുസൂരിരവിഭിര്‍വ്വിബലൈസ്തരൂണാം
തോയേ സ്ഥലേ തരുഭവോംശകൃതഃ പ്രഭേദഃ
ലഗ്നാദ്ഗ്രഹസ്ഥലജലര്‍ക്ഷപതിസ്തു യാവാം-
സ്താവന്ത ഏവ തരവഃ സ്ഥലതോയജാതാഃ

സാരം :-

ലഗ്നം, ആദിത്യന്‍, ചന്ദ്രന്‍, വ്യാഴം എന്നീ നാലുഗ്രഹങ്ങള്‍ക്ക് ബലം തീരെ ഇല്ലെങ്കില്‍, അപ്പോള്‍ ജനിച്ചത് വൃക്ഷമാണെന്നും പറയണം.

ലഗ്നനവാംശകം ജലരാശിയിലാണെങ്കില്‍ ജലസമീപസ്ഥലങ്ങളായ വൃക്ഷങ്ങളുടേയും സ്ഥലരാശിയിലാണെങ്കില്‍ സ്ഥലവൃക്ഷങ്ങളുടേയും ഉത്ഭവത്തെയാണ് പറയേണ്ടത്.

"ഹോരേന്ദുസൂരിരവിഭിര്‍വ്വിബലൈസ്തരൂണാം ജന്മ" എന്ന ശബ്ദശക്തികൊണ്ട് മനുഷ്യരുടെ ജാതകത്തില്‍ ലഗ്നാര്‍ക്കചന്ദ്രഗുരുക്കള്‍ വിബലന്മാരായാല്‍ ആ ശിശു വൃക്ഷംപോലെ ജഡനായിരിയ്ക്കയേ ഉള്ളുവെന്നും അറിയണം.

ലഗ്നത്തിന്‍റെ അംശകാധിപന്‍ ലഗ്നത്തില്‍ ഉദിയ്ക്കുന്ന അംശകം തുടങ്ങി എത്രാമത്തെ അംശകത്തിലാണോ നില്‍ക്കുന്നത്, ആ അംശകസംഖ്യയോളം വൃക്ഷമാണ് ഉള്ളതെന്നും അവയില്‍ സ്ഥലരാശ്യംശകസംഖ്യയോളം സ്ഥലവൃക്ഷങ്ങളും ഉണ്ടെന്നു പറയേണ്ടതാകുന്നു. ഇതു ലഗ്നാംശകാധിപന് അധികം ബലമുള്ളപ്പോഴാണ് പറയേണ്ടത്. ലഗ്നരാശിയ്ക്കാണ് അധികം ബലമുള്ളതെങ്കില്‍ ലഗ്നാധിപന്‍ ലഗ്നനവാംശകത്തില്‍ നിന്ന് എത്രാമത്തെ നവാംശകത്തില്‍ നില്‍ക്കുന്നുവോ അത്ര സംഖ്യയെയാണ് പറയേണ്ടത്. ജലാത്മകങ്ങളും സ്ഥലാത്മകങ്ങളുമായ  അംശകങ്ങളെക്കൊണ്ട് ജലസ്ഥലവൃക്ഷങ്ങളേയും പറയേണ്ടതാകുന്നു. 

ഇവിടെ ഗ്രഹം എന്നതിന് ശുഭമോ അശുഭമോ ആയ ഫലദാതാവ് എന്നും അര്‍ത്ഥം വിചാരിയ്ക്കാം. 

രോഗപ്രശ്നത്തിങ്കല്‍ രോഗകര്‍ത്താവായ ഗ്രഹം ലഗ്നത്തില്‍ നിന്ന് എത്രാമത്തെ രാശിയിലാണോ നില്‍ക്കുന്നത്, ലഗ്നാധിപന്‍ സൂര്യനാണെങ്കില്‍ ആ സംഖ്യയോളം അയനവും, ചന്ദ്രനാണെങ്കില്‍ അത്ര ക്ഷണവും, ഇങ്ങനെ ക്രമേണ ശനിയാണ് ലഗ്നാധിപനെങ്കില്‍ അത്ര സംവത്സരവും കഴിഞ്ഞാല്‍ രോഗം വര്‍ദ്ധിയ്ക്കുമെന്നും, ശുഭഫലദാതാവിനെക്കൊണ്ട് രോഗശമനം മുതലായതുണ്ടാവുമെന്നും പറയാവുന്നതാണ്.

ലഗ്നാദ്യാവതി ഭേ പാപസ്താവത്യബദേƒഹ്നി മാസി വാ
പക്ഷേക്ഷണേƒയനേ വര്‍ത്തൗ ലഗ്നേശസ്യോചിതേ വൃഥാ.

എന്നും മറ്റും പ്രമാണമുണ്ട്.