ഗര്‍ഭം ധരിച്ചാല്‍ പ്രസവകാലംവരേയുള്ള പത്തുമാസങ്ങളിലെ അധിപഗ്രഹങ്ങളേയും തല്‍ഫലങ്ങളേയും പറയുന്നു

കലലഘനാംകുരാസ്ഥിചര്‍മ്മാംഗജചേതനദാ-
സ്സിതകുജജീവസൂര്യചന്ദ്രാര്‍ക്കിബുധാഃ പരതഃ
ഉദയപചന്ദ്രസൂര്യനാഥാഃ ക്രമശോ ഗദിതാ
ഭവതി ശുഭാശുഭഞ്ച മാസാധിപതേ സദൃശം.

സാരം :-

ഗര്‍ഭാദാനം ചെയ്‌താല്‍ ആ ഗര്‍ഭത്തിന്‍റെ ആധിപത്യം, ആദ്യത്തെ മാസത്തില്‍ ശുക്രനും, രണ്ടാം മാസത്തില്‍ കുജനും, മൂന്നാം മാസത്തില്‍ വ്യാഴത്തിനും, നാലാം മാസത്തില്‍ സൂര്യനും, അഞ്ചാം മാസത്തില്‍ ചന്ദ്രനും, ആറാം മാസത്തില്‍  ശനിയ്ക്കും, ഏഴാം മാസത്തില്‍ ബുധനുമാകുന്നു.

ശുക്രന്‍ തന്‍റെ ആധിപത്യകാലമായ ആദ്യത്തെ മാസത്തില്‍ ഗര്‍ഭത്തിലെ ശുക്ലശോണിതങ്ങളെ കൂട്ടിക്കലര്‍ത്തുകയും, കുജന്‍ രണ്ടാം മാസത്തില്‍ ആര്‍ദ്രമായ ശുക്ലശോണിതങ്ങളെ കട്ടിയാക്കുകയും, വ്യാഴം കരചരണാദി അവയവങ്ങളെ ഉണ്ടാക്കുകയും (മൂന്നാം മാസത്തിലാണ് സ്ത്രീപുരുഷഭേദം തീര്‍ച്ചപ്പെടുക.) സൂര്യന്‍ അസ്ഥിയേയും, ചന്ദ്രന്‍ തൊലിയേയും, ശനി വിരല്‍, നഖം, രോമം, മുതലായവയേയും, ബുധന്‍ സുഖദുഃഖാദിജ്ഞാനങ്ങളേയും ഉണ്ടാക്കുകയും ചെയ്യുന്നു. 

എട്ടാം മാസത്തിലെ അധിപന്‍ ഗര്‍ഭാധാനലഗ്നാധിപനും (അത് നിശ്ചയമില്ലെങ്കില്‍ പ്രശ്നലഗ്നാധിപനും) ഒമ്പതാം മാസത്തിന്‍റെ അധിപന്‍ ചന്ദ്രനും, പത്താം മാസത്തിന്‍റെ അധിപന്‍ സൂര്യനുമാകുന്നു. 

ആധാനകാലത്ത് ശത്രുനീചാദ്യനിഷ്ടസ്ഥാനങ്ങളില്‍ നില്‍ക്കുന്ന ഗ്രഹങ്ങള്‍ അവയുടെ ആധിപത്യകാലത്ത് ദോഷഫലത്തേയും, ഉച്ചം, ബന്ധുക്ഷേത്രം മുതലായ ഇഷ്ടസ്ഥാനങ്ങളില്‍ നില്ക്കുന്നവ ശുഭഫലത്തേയും ഉണ്ടാക്കുന്നതാണ്.