ഉയരം വളരെ കുറഞ്ഞതും അംഗവൈകല്യമുള്ളതുമായ പ്രജയുണ്ടാകുന്ന ലക്ഷണത്തെ പറയുന്നു

സൗരശശാംകദിവാകരദൃഷ്‌ടേ
വാമനകോ മകരാന്ത്യവിലഗ്നേ
ധീനവമോദയഗൈശ്ച ദൃഗാണൈഃ
പാപയുതൈരഭുജാംഘ്രിശിരാഃ സ്യാത്

സാരം :-

മകരം രാശിയിലെ ഒടുവിലെ നവാംശകം ലഗ്നമായി വരികയും, ആ ലഗ്നത്തിലേയ്ക്ക് ശനി, ചന്ദ്രന്‍, ആദിത്യന്‍ എന്നീ മൂന്നു ഗ്രഹങ്ങളുടെ ദൃഷ്ടിയുണ്ടാവുകയും ചെയ്‌താല്‍, ജനിയ്ക്കുന്നത് വളരെ ഉയരം കുറഞ്ഞ പ്രജയായിരിക്കും. ഈ യോഗത്തില്‍ മകരത്തിലേയ്ക്ക് ശനി, ചന്ദ്രന്‍ എന്നീ ഗ്രഹങ്ങള്‍ മാത്രമാണ് നോക്കുന്നതെങ്കില്‍ അരയ്ക്കു മേല്പട്ടു മാത്രവും, ശനിസൂര്യന്മാര്‍ മാത്രമാണ് നോക്കുന്നതെങ്കില്‍ അരയ്ക്കു കീഴ്പ്പട്ടു മാത്രവും ദീര്‍ഘം കുറഞ്ഞ പ്രജയാണ് ജനിയ്ക്കുക എന്ന് ഒരു വിഭാഗവും കൂടി ഉണ്ടെന്നും ധരിയ്ക്കണം. നോക്കുന്നവരായ മൂന്നു ഗ്രഹങ്ങള്‍ക്ക്‌ ബലമുണ്ടെങ്കില്‍ മാത്രമേ കേവലം കൃശഗാത്രനാവുകയുള്ളുവെന്നും, ബലമില്ലെങ്കില്‍ ഉയരത്തിന് ഏതാണ്ടൊരു വികാരം മാത്രമേ ഉണ്ടാവുകയുള്ളുവെന്നും അറിയുക. അപ്രകാരം തന്നെ ലഗ്നം ഏതു ദ്രേക്കാണമാണോ അഞ്ചാംഭാവത്തില്‍ ആ ദ്രേക്കാണത്തില്‍ കുജരാഹുകേതു എന്നീ ഗ്രഹങ്ങളില്‍ രണ്ടെണ്ണം നില്‍ക്കുകയും ആ ദ്രേക്കാണത്തിലേയ്ക്ക് ശനി സൂര്യന്‍ ചന്ദ്രന്‍ എന്നീ ഗ്രഹങ്ങള്‍ നോക്കുകയും ചെയ്‌താല്‍ ജനിയ്ക്കുന്ന ശിശുവിന് കയ്യുകള്‍ ഉണ്ടാവുകയില്ല. അങ്ങനെതന്നെ ഒമ്പതാം ഭാവത്തിലെ ലഗ്നതുല്യദ്രേക്കാണത്തിലാണ് മേല്‍പറഞ്ഞവര്‍ നിന്ന് ശനി ചന്ദ്രന്‍ സൂര്യന്‍ എന്നീ മൂന്നു ഗ്രഹങ്ങളുടേയും ദൃഷ്ടിയുണ്ടാവുന്നതെങ്കില്‍ പ്രജയ്ക്ക് കാലുകള്‍ ഉണ്ടാകയില്ലെന്നും, ഉദയലഗ്നദ്രേക്കാണത്തിലാണ് മേല്‍പറഞ്ഞവിധം  സംഭവിയ്ക്കുന്നതെങ്കില്‍ ശിരസ്സുണ്ടാവുകയില്ലെന്നും പറയണം. ഈ യോഗങ്ങള്‍ക്ക് ലക്ഷണങ്ങള്‍ പരിപൂര്‍ണ്ണമായി കണ്ടാല്‍ മാത്രമേ ഫലവും ശരിക്കൊക്കുകയുള്ളു. അല്ലെങ്കില്‍ അതാത് അവയവങ്ങള്‍ക്ക് വൈകൃതാദികള്‍ മാത്രമേ ഉണ്ടാവുകയുള്ളുവെന്നും അറിയുക.