ശിശുവിന്‍റെ പിതാവിനെ സംബന്ധിച്ച വിശേഷത്തെയാണ് പറയുന്നത്

ക്രൂരര്‍ക്ഷഗതാവശോഭനൗ സൂര്യാദ് ദ്യൂനനവാത്മജസ്ഥിതൗ
ബദ്ധസ്തു പിതാ വിദേശഗഃ സ്വേ വാ രാശിവശാത്തഥാ പഥി.

സാരം :-

പ്രസവകാലോദയലഗ്നം ഏത് രാശിയിലായാലും വേണ്ടതില്ല, അപ്പോള്‍ സൂര്യന്‍ നില്‍ക്കുന്ന രാശിയുടെ 5 - 7 - 9 എന്നീ മൂന്ന് ഭാവങ്ങളിലായി രണ്ടു പാപന്മാര്‍ - (ഇവിടെ അശോഭനൗ എന്ന ദ്വിവചനംകൊണ്ട് കുജമന്ദന്മാരേയാണ് സൂചിപ്പിച്ചിട്ടുള്ളതെന്നും അറിയേണ്ടതാണ്. രാഹുകേതുക്കള്‍ക്ക് ഇത്ര പ്രാധാന്യമില്ലല്ലോ) - നില്‍ക്കുകയും, ആ പാപന്മാര്‍ നില്‍ക്കുന്ന രാശി പാപരാശിയാവുകയും ചെയ്‌താല്‍ ശിശുവിന്‍റെ പിതാവ് പ്രസവസമയത്ത് ബന്ധനത്തിലായിരുന്നുവെന്ന് പറയണം. ഇവിടെ സൂര്യന്‍ ചരരാശിയിലാണ് നില്‍ക്കുന്നതെങ്കില്‍ വിദേശത്തിലും, ഉഭയത്തിലാണെങ്കില്‍ മാര്‍ഗ്ഗമദ്ധ്യത്തിലും, സ്ഥിരരാശിയിലാണെങ്കില്‍സമീപത്തുമാണ് പിതാവ് ബന്ധനായിട്ടിരിയ്ക്കുന്നതെന്നും പറയണം.

ഈ യോഗത്തില്‍ സൂര്യന്‍ നീചത്തിലോ ശത്രുക്ഷേത്രത്തിലോ മറ്റോ ആണ് നില്‍ക്കുന്നതെങ്കില്‍ പിതാവ് തടവില്‍ കിടക്കുകയാണെന്നും, നേരെ മറിച്ച് സൂര്യന്‍റെ സ്ഥിതി ഉച്ചസ്വക്ഷേത്രാദിശുഭസ്ഥാനങ്ങളിലാണെങ്കില്‍ ഏതെങ്കിലും ഒരു ഉല്‍കൃഷ്ടകാര്യവശാല്‍ മാത്രം ബന്ധനാണെന്നും പറയേണ്ടതാണ്. "കാര്യാദാവൃണതശ്ച ബന്ധനമിന പ്രാബല്യദൗര്‍ബ്ബല്യതഃ" എന്നുണ്ട്. സര്‍പ്പം, കയറ്, ചങ്ങല എന്നിവയെ ധരിച്ചുകൊണ്ടുള്ള ദ്രേക്കാണത്തിലാണ് സൂര്യന്‍ നില്‍ക്കുന്നതെങ്കില്‍ അക്രമപ്രവൃത്തി കടം എന്നിവയെക്കൊണ്ടും, സൂര്യന്‍റെ നില്പ് അങ്ങിനെയല്ലെങ്കില്‍ കാര്യവശാലുമാണ് ബന്ധനായിരിയ്ക്കുക എന്ന് ഒരു പക്ഷവും കൂടിയുണ്ട്.

ഇവിടെ പിതൃകാരകനായ സൂര്യനെക്കൊണ്ട്, യോഗം കല്പിച്ചതുപോലെ മറ്റു കാരകഗ്രഹങ്ങളേക്കൊണ്ടും, ഭാവരാശി ഭാവാധിപന്‍ എന്നിവകളെക്കൊണ്ടും മേല്‍പറഞ്ഞവിധം യോഗം കല്പിച്ച് അതാതാളുകളുടേയും ബന്ധനത്തെപറയാവുന്നതാണ്. ഇതു ഒന്നുകൂടി വിവരിയ്ക്കാം. ഭ്രാതൃകാരകനായ കുജന്‍റെ 5 - 7 - 9 എന്നീ ഭാവങ്ങളില്‍ പാപരാശിയില്‍ രണ്ടുപാപന്മാര്‍ നിന്നാല്‍ ഭ്രാതാവ് ബന്ധനായിരുന്നുവെന്ന് പറയാവുന്നതാണ്. ഇവിടേയും കുജന്‍ നിന്ന രാശിയുടെ ചരത്വാദികളെക്കൊണ്ട് ബന്ധനായ ഭ്രാതാവിന്‍റെ ദൂരസമീപ്യാദികളേയും, കുജന്‍റെ ബലാബലങ്ങളെക്കൊണ്ട് ബന്ധനത്തിന്‍റെ ഉല്‍കൃഷ്ടാപകൃഷ്ടത്വാദികളേയും മറ്റും ഊഹിച്ചുകൊള്ളണം. "ഇദം സ്വകാരകവശാദ്യോജ്യം" എന്ന് പ്രമാണമുണ്ട്.

ഈ യോഗത്തെ പ്രശ്നാദികളിലും ഭാവഭാവാധികാരകന്മാരേക്കൊണ്ടും വിചാരിക്കാവുന്നതാണ്.  എങ്ങിനെയെന്നാല്‍ പ്രശ്നലഗ്നത്തിന്‍റെ 5 - 7 - 9 എന്നീ ഭാവങ്ങളില്‍ പാപരാശിയില്‍ പാപന്മാര്‍ നിന്നാല്‍ പ്രഷ്ടാവ് ബന്ധനാണെന്നും ലഗ്നാധിപന്‍ ലഗ്നരാശി ഇതുകളുടെ ബലാബലങ്ങളെക്കൊണ്ട് ബന്ധനത്തിന്‍റെ ഉല്‍കൃഷ്ടത്വാപകൃഷ്ടത്വാദികളേയും  യുക്തിയ്ക്കുതക്കവണ്ണം പറയേണ്ടതാണ്. ഇവിടെ ചന്ദ്രന്‍ പാപനാണെങ്കില്‍ കര്‍ക്കടകവും, ബുധന്‍ പാപസഹിതനാണെങ്കില്‍ മിഥുനം കന്നി എന്നീ രാശികളും പാപരാശികളാണെന്നറിക.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.