ഗര്‍ഭിണിയും ഗര്‍ഭസ്ഥശിശുവും പ്രസവത്തിനു മുമ്പ് മരിയ്ക്കുന്നതാണ്

ക്രൂരൈശ്ശശിനശ്ചതുര്‍ത്ഥഗൈര്‍-
ല്ലഗ്നാദ്വാ നിധനാശ്രിതേ കുജേ
ബന്ധ്വന്ത്യഗയോഃ കുജാര്‍ക്കയോഃ
ക്ഷീണേന്ദൗ നിധനായ പൂര്‍വ്വവത്.

സാരം :-

ആധാനസമയത്തെ ചന്ദ്രന്‍റെ നാലാമേടത്ത് ഒരു പാപനും അഷ്ടമത്തില്‍ ചൊവ്വയും നില്‍ക്കുകയും, ആ ചന്ദ്രന് ശുഭദൃഷ്ടിയില്ലാതെ വരികയും ചെയ്‌താല്‍ പ്രസവത്തിന് മുമ്പ് ഗര്‍ഭിണിയും, അപ്രകാരം തന്നെ ലഗ്നത്തില്‍ നിന്നും നാലില്‍ പാപനും, അഷ്ടമത്തില്‍ കുജനും നില്‍ക്കുകയും ലഗ്നത്തിന് ശുഭദൃഷ്ടിയില്ലാതിരിയ്ക്കയും ചെയ്‌താല്‍ പ്രജയും (ഗര്‍ഭസ്ഥശിശു) മരിയ്ക്കുന്നതാണ്. ലഗ്നവും ചന്ദ്രനും ഒന്നായി വന്നിട്ടാണ് ഈ ലക്ഷണങ്ങള്‍ ഉണ്ടാവുന്നതെങ്കില്‍ സ്ത്രീയും പ്രജയും മരിയ്ക്കുന്നതാണ്. ലഗ്നാല്‍ നാലില്‍ കുജനും പന്ത്രണ്ടില്‍ ആദിത്യനും നില്‍ക്കുക, ചന്ദ്രന്‍ എവിടെ നിന്നാലും വേണ്ടില്ല, ക്ഷീണനായിരിയ്ക്കുക, ലഗ്നത്തിനും ചന്ദ്രനും ശുഭദൃഷ്ടിയില്ലാതിരിയ്ക്കയും ചെയ്ക, ഈ യോഗമുണ്ടായാലും ഗര്‍ഭിണിയും ഗര്‍ഭസ്ഥശിശുവും പ്രസവത്തിനു മുമ്പ് മരിയ്ക്കുന്നതാണ്.