പൃഛകസ്ഥിതി

ദൈവജ്ഞസന്നിധിയില്‍ പൃഛകന്‍ വന്നു നില്‍ക്കുന്ന ദിക്കും, കിഴക്ക്, തെക്കുകിഴക്ക്‌, തെക്ക്, തെക്കുപടിഞ്ഞാറ്, പടിഞ്ഞാറ്, വടക്കുപടിഞ്ഞാറ്, വടക്ക്, വടക്കുകിഴക്ക്‌ എന്നീ എട്ടു ദിക്കുകളില്‍ ഒരു ദിക്ക് ഭാവിഫലത്തെ സൂചിപ്പിക്കുന്നു.

സ്ത്രീകളെ സംബന്ധിച്ച പ്രശ്നമാണെങ്കില്‍ ദൂതന്‍ കോണ്‍ ദിക്കുകളില്‍ നിന്നാല്‍ തെക്കുകിഴക്ക്‌, തെക്കുപടിഞ്ഞാറ്, വടക്കുപടിഞ്ഞാറ്, വടക്കുകിഴക്ക്‌ എന്നിവടങ്ങളില്‍ ഭാവിഫലം ശുഭമായിരിക്കും. ദൈവജ്ഞന്‍ തന്‍റെ ചുറ്റുമുള്ള പ്രദേശത്തെ മനസ്സുകൊണ്ട് 8 ആയി വിഭജിച്ചു കൊള്ളണം.

പുരുഷനെ സംബന്ധിച്ച പ്രശ്നമാണെങ്കില്‍ പൃഛകന്‍ തെക്കുദിക്കില്‍ വന്ന് നില്‍ക്കുകയോ തെക്കുദിക്കിനോട് ആഭിമുഖ്യം കാണിക്കുകയോ ചെയ്‌താല്‍ പൃഛകന്‍റെ ആയുസ്സിന് ഹാനികരമാണെന്ന് പറയണം.

ദൈവജ്ഞനോട് തന്‍റെ ആഗമനോദ്ദേശ്യം പറയുമ്പോള്‍ പൃഛകനോ ദൂതനോ ഇടതുകാല്‍ മുന്നോട്ടു വെച്ചിട്ടാണ് സംസാരിക്കുന്നതെങ്കില്‍ ശുഭമാണ്. വലതു കാലാണ് മുന്നോട്ട് വച്ചിട്ടുള്ളതെങ്കില്‍ അശുഭമാണ്. പൃഛകന്‍ ശരീരം വളയാതെ ഉയര്‍ന്ന ഇരിപ്പിടത്തില്‍ ദൈവജ്ഞന്നഭിമുഖമായിരുന്നാല്‍ ശുഭഫലമായിരിക്കും. ചോദ്യം ചോദിക്കുമ്പോള്‍ ഇരുന്ന സ്ഥാനത്തുനിന്ന് എഴുന്നേല്‍ക്കുന്നതും ചോദ്യം ചോദിച്ചിട്ട് ഇരിയ്ക്കുന്നതും നല്ല ലക്ഷണങ്ങളാണ്.

പൃഛകന്‍ ദൈവജ്ഞന്‍റെ ദൃഷ്ടിയില്‍ പെട്ടശേഷം എത്ര സ്ഥലത്ത് നിന്ന് നിന്ന് വന്നുവോ അത്രയും ദിവസങ്ങള്‍ കഴിഞ്ഞ് കാര്യം നടക്കും.