ഗര്‍ഭത്തിനും ഗര്‍ഭിണിയ്ക്കും പുഷ്ടിയും സുഖവുമുണ്ടാകുന്നതാണ് /// ഭാവി ചിന്തിക്കുന്ന ക്രമം

ശശാംകലഗ്നോപഗതൈശ്ശുഭഗ്രഹൈ-
സ്ത്രികോണജായാര്‍ത്ഥസുഖാസ്പദസ്ഥിതൈഃ
തൃതീയലാഭര്‍ക്ഷഗതൈശ്ച പാപകൈ-
സ്സുഖീ തു ഗര്‍ഭോ ഗുരൂണാ നിരീക്ഷിതഃ

സാരം :-

ഗുരുബുധശുക്രന്മാര്‍ ചന്ദ്രനിലോ ലഗ്നത്തിലോ രണ്ടിലും കൂടിയോ നില്‍ക്കുക; അല്ലെങ്കില്‍ ചന്ദ്രനില്‍ നിന്നോ ലഗ്നത്തില്‍ നിന്ന് രണ്ടില്‍ നിന്നും കൂടിയോ 2 - 4 - 5 - 7 - 9 - 10 ഈ സ്ഥാനങ്ങളില്‍ നില്‍ക്കുക ; അപ്രകാരം തന്നെ പാപഗ്രഹങ്ങള്‍ ചന്ദ്രനില്‍ നിന്നോ ലഗ്നത്തില്‍ നിന്നോ രണ്ടില്‍ നിന്നും കൂടിയോ 3 - 11 ഈ സ്ഥാങ്ങളിലും നില്‍ക്കുക; ഈ സമയത്ത് ആധാനലഗ്നത്തിന് സൂര്യന്‍റെ ദൃഷ്ടി* ഉണ്ടാവുകയും ചെയ്ക - ഇങ്ങനെയുള്ള സമയത്ത് ഗര്‍ഭാധാനം ചെയ്‌താല്‍ ആ ഗര്‍ഭത്തിനും ഗര്‍ഭിണിയ്ക്കും പുഷ്ടിയും സുഖവുമുണ്ടാകുന്നതാണ്.

ഈ ശ്ലോകംകൊണ്ട് ഭാവിവിചാരം ചെയ്യുന്നതിന്‍റെ ക്രമവും കൂടി ചൂചിപ്പിച്ചിട്ടുണ്ട്. എങ്ങനെയെന്നാല്‍  - ശശാങ്കലഗ്നോപഗതൈഃ - എന്ന് പറഞ്ഞതുകൊണ്ട് ലഗ്നത്തില്‍ നിന്നും ചന്ദ്രനില്‍നിന്നും ഭാവി വിചാരം ചെയ്യാമെന്ന് സൂചിപ്പിച്ചു.

ആദ്യമായി ജീവാത്മാവിന്‍റെ ആധാരഭൂതമായ ദേഹത്തെയാണ് ചിന്തിയ്ക്കേണ്ടത്. ദേഹമില്ലെങ്കില്‍ തല്‍സംബന്ധികളായ മറ്റ് ഭാവങ്ങളുമുണ്ടാവുകയില്ലല്ലോ, ദേഹസത്ഭാവത്തിന് ജീവന്‍ കാരണമാകയാല്‍ ആയുര്‍ഭാവത്തെ ദേഹചിന്തയോടുകൂടിത്തന്നെ ചിന്തിയ്ക്കണമെന്ന് വരും. തദനന്തരം 5 - 9 എന്നീ ഭാവങ്ങളെ ചിന്തിയ്ക്കണം. അഞ്ചാം ഭാവം കൊണ്ട് സന്താനത്തേയും ഒന്‍പതാം ഭാവംകൊണ്ട് ഭാഗ്യത്തേയുമാണ് ഇവിടെ വിവക്ഷിച്ചിട്ടുള്ളത്. - സര്‍വ്വം വിഹായചിന്ത്യം ഭാഗ്യര്‍ക്ഷാ പ്രാണിനാം വിശേഷേണ - എന്നുണ്ട്. മനുഷ്യന് പ്രവൃത്തികളിലും സുഖദുഃഖങ്ങളില്‍പോലും തുല്യനിലയില്‍ പങ്കുകൊള്ളേണ്ടവള്‍ ഭാര്യയാകയാല്‍ സപ്തമത്തെയാണ് (ഏഴാം ഭാവത്തെ) പിന്നെ ചിന്തിയ്ക്കേണ്ടത്. എല്ലാ പ്രവൃത്തികള്‍ക്കും ധനം കാരണമാകകൊണ്ട് പിന്നെ വിചാരിയ്ക്കേണ്ടത് ധനഭാവമായ രണ്ടാം ഭാവത്തെയാകുന്നു. സകലജീവികളുടേയും പ്രവൃത്തി സുഖത്തിനാകയാല്‍ തദനന്തരം സുഖത്തെത്തന്നെ (നാലാം ഭാവം) വിചാരിയ്ക്കണം. സുഖത്തിന്‍റെ മൂലം കര്‍മ്മമാകയാല്‍ പിന്നെ വിചാരിയ്ക്കേണ്ടത് കര്‍മ്മഭാവമാണെന്ന് (പത്താം ഭാവം) സിദ്ധമായി. ഈ ക്രമമനുസരിച്ച് മറ്റു ഭാവങ്ങളേയും വിചാരിക്കേണ്ടതാണ്.