ഗര്‍ഭത്തിലുള്ള പ്രജ സ്ത്രീയോ പുരുഷനോ എന്നും, എത്ര പ്രജയുണ്ടെന്നും അറിയാന്‍ പറയുന്നു

ഓജര്‍ക്ഷേ പുരുഷാംശകേഷു ബലിഭിര്‍ല്ലഗ്നാര്‍ക്കഗുര്‍വ്വിന്ദുഭിഃ
പുഞ്ജന്മ പ്രവദേച്ഛമാംശകഗതൈര്യുഗ്മേഷു തൈര്യോഷിതഃ
ഗുര്‍വ്വര്‍ക്കൗ വിഷമേ നരം ശശിസിതൗ വക്രശ്ച യുഗ്മേ സ്ത്രിയം
ദ്വ്യംഗസ്ഥ ബുധവീക്ഷണാച്ച യമളൗ കുര്‍വ്വന്തി പക്ഷേസ്വകേ

സാരം :-

ആധാനലഗ്നം, ആദിത്യന്‍, ചന്ദ്രന്‍, വ്യാഴം ഈ നാലും ബലവാന്മാരായി മേടം, മിഥുനം തുടങ്ങിയ ഓജരാശികളിലെ ഓജനവാംശകത്തില്‍ നിന്നാല്‍ പുരുഷപ്രജയും, മേല്‍പറഞ്ഞ നാലും ബലവാന്മാരായി ഇടവം, കര്‍ക്കിടകം തുടങ്ങിയ യുഗ്മരാശികളിലെ യുഗ്മ നവാംശകത്തില്‍ നിന്നാല്‍ സ്ത്രീപ്രജയുമായിരിയ്ക്കുമെന്നും പറയണം.

മേല്‍പറഞ്ഞ ആധാനലഗ്നം, ആദിത്യന്‍, ചന്ദ്രന്‍, വ്യാഴം എന്നിവയുടെ രാശ്യംശകങ്ങള്‍ക്ക് ഓജയുഗ്മങ്ങളില്‍ സങ്കര്യം വന്നാല്‍ പറയേണ്ടതാണ് ഇനി കാണിയ്ക്കുന്നത്. ആദിത്യന്‍, ചൊവ്വ, വ്യാഴം ഇവര്‍ മൂന്നും ലഗ്നാല്‍ ഓജഭാവങ്ങളിലാണ് നില്‍ക്കുന്നതെങ്കില്‍ പ്രജ പുരുഷനാണെന്നും, ചന്ദ്രന്‍, ശുക്രന്‍, ചൊവ്വ ഇവര്‍ ലഗ്നാല്‍ യുഗ്മരാശികളിലാണ് നില്‍ക്കുന്നതെങ്കില്‍ സ്ത്രീയാണെന്നും പറയാം. ലഗ്നം, ആദിത്യന്‍, ചന്ദ്രന്‍, വ്യാഴം ഈ നാലും കന്നി, മീനം നവാംശകങ്ങളില്‍ നില്‍ക്കുകയും, ബുധന്‍റെ ദൃഷ്ടി ഉണ്ടാവുകയും ചെയ്‌താല്‍ പ്രസവിയ്ക്കുന്നത് രണ്ടു സ്ത്രീപ്രജയെ ആയിരിയ്ക്കുമെന്നും, അപ്രകാരം തന്നെ ബുധദൃഷ്ടിയോടുകൂടിയ ലഗ്നം, ആദിത്യന്‍, ചന്ദ്രന്‍, വ്യാഴം ഈ നാലും മിഥുനധനുനവാംശകങ്ങളില്‍ നിന്നാല്‍ രണ്ടു പുരുഷപ്രജയെ  പ്രസവിയ്ക്കുന്നതാണെന്നും പറയണം. മേല്‍പറഞ്ഞ യോഗകര്‍ത്താക്കന്മാര്‍ക്ക് നല്ല ബലമുണ്ടെങ്കില്‍ പ്രജകള്‍ക്കു ദീര്‍ഘായുസ്സും പുഷ്ടിയും മറ്റും ഉണ്ടാകുമെന്നും നീചസ്ഥിതി ശത്രുക്ഷേത്രസ്ഥിതി യുദ്ധത്തില്‍ പരാജയം മൌഢ്യം മുതലായ വിബലത്വമാണുള്ളതെങ്കില്‍ മൃതപ്രജയോ അല്പായുസ്സോ രോഗിയോ ആയിരിയ്ക്കും ശിശുവെന്നും അറിയേണ്ടതാണ്.