ദൈവജ്ഞന്‍ ജ്യോതിഷ പ്രവചനം ആരംഭിക്കേണ്ടത് എങ്ങനെ?

ജ്യോതിഷ സിദ്ധാന്തങ്ങള്‍ പഠിച്ചതിനുശേഷം ജ്യോതിഷന്‍ (ദൈവജ്ഞന്‍) ആകാന്‍ ആഗ്രഹിക്കുന്ന വ്യക്തി ശാസ്ത്രം അനുസരിച്ച് ഗുരുവില്‍ നിന്ന് മന്ത്രോപദേശം സ്വീകരിക്കണം. അതുപോലെ തന്‍റെ ഉപാസ്യദേവതയെ ജപഹോമാദികളെക്കൊണ്ട് സന്തോഷിപ്പിക്കണം. എന്തുകൊണ്ടെന്നാല്‍ സിദ്ധമന്ത്രനായ ദൈവജ്ഞന് മാത്രമേ ജാതകഫലം അറിയാനും വിശ്വാസ്യമായ രീതിയില്‍ അത് പറയാനും സാധിക്കുകയുള്ളൂ.

അതുപോലെ ആദിത്യാദി ഗ്രഹങ്ങളേയും മേടം മുതലായ പന്ത്രണ്ടു രാശികളേയും  ബലി, പൃഷ്പം, ഹോമം, ഗന്ധം മുതലായവയെക്കൊണ്ട് പൂജിക്കുകയും അതുപോലെ ഗുരുപൂജയും ചെയ്തിട്ട് വേണം ജ്യോതിശാസ്ത്ര പ്രവചനം ആരംഭിക്കേണ്ടത്.

മുകളില്‍ പറഞ്ഞ അനുശാസനം അനുസരിച്ച് ജ്യോതിഷം കൈകാര്യം ചെയ്യുന്നതിന് മുമ്പേ ഗുരുവിന്‍റെ അനുഗ്രഹം തേടണം. വിശേഷിച്ചും പ്രശ്നം കൈകാര്യം ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ ഗുരുവില്‍ നിന്ന് കവിടി വാങ്ങുക എന്നൊരു ചടങ്ങ് അനുഷ്ഠിച്ചു വരുന്നു. അതിനുശേഷം ചിലര്‍ മൂകാംബികയിലോ മറ്റ് അഭീഷ്ട ദേവതാ സന്നിധിയിലോ കവിടി വെച്ച് അനുഗ്രഹം നേടി ജ്യോതിഷം കൈകാര്യം ചെയ്യാന്‍ തുടങ്ങുന്നു.