പ്രശ്നകാല നിമിത്തങ്ങള്‍

നിമിത്തങ്ങള്‍ എന്ന് പറയുന്നത് മുന്‍കൂട്ടി ഫലശൂചന  നല്‍കുന്ന കാഴ്ചകളെയാണ്. പ്രശ്നം വെക്കുന്ന സമയത്ത് പ്രശ്നഫലത്തിന്‍റെ അനുകൂലതയും പ്രതികൂലതയും സൂചിപ്പിക്കുന്ന ഇത്തരത്തിലുള്ള നിമിത്തങ്ങള്‍ ഉണ്ടാകാറുണ്ട്. ഇത്തരം നിമിത്തങ്ങള്‍ ദൂതദൈവജ്ഞസമാഗമസമയത്തും പ്രശ്നത്തിനുവേണ്ടി വീട്ടില്‍ നിന്ന് പുറപ്പെടുമ്പോഴും മാര്‍ഗമധ്യത്തിലും പ്രശ്നം വെക്കുന്ന സമയത്തും കാണുന്നുണ്ടോ എന്ന് ദൈവജ്ഞന്‍ ശ്രദ്ധിക്കണം.

പ്രശ്നസമയത്ത് 'ഹാഹാ' 'അയ്യോ' തുടങ്ങിയ അപശബ്ദങ്ങള്‍ കേള്‍ക്കുക, തുമ്മുക, വീഴുക, കൊടിക്കൂറകള്‍ മുറിയുക, വസ്ത്രം, കുട, ചെരുപ്പ് ഇവയ്ക്കു കേടു പറ്റുക, നാശനഷ്ടങ്ങളുമായി ബന്ധപ്പെടുന്ന വാക്കുകള്‍ കേള്‍ക്കുക, ക്രൂരങ്ങളായ പക്ഷിമൃഗാദികളുടെ ശബ്ദം കേള്‍ക്കുക, വിളക്ക് അണയുക, പൂര്‍ണ്ണ കുംഭം വീണ് ഉടയുക ഇതെല്ലാം പ്രശ്നത്തിന്നനുകൂലമല്ലാത്ത നിമിത്തങ്ങളാണ്.

പ്രശ്നം വയ്ക്കുന്ന സമയം ദൈവജ്ഞന്‍റെ ഇടതു ഭാഗത്ത് പൂച്ച, ഓന്ത്, മൂങ്ങ, ഉടുമ്പ് തുടങ്ങിയവയെ കാണുക, ഗൗളി ചിലക്കുന്നത് കേള്‍ക്കുക ഇത് നാശത്തിനു കാരണമാകും. വലതുഭാഗത്ത് നിന്ന് ആരെങ്കിലും തുമ്മുന്നതും നല്ല നിമിത്തമല്ല.

പ്രശ്ന സമയത്ത് പന്നി, ഉടുമ്പ്, പാമ്പ്, മുയല്‍, അരണ ഇവയെ കാണുന്നതോ ഇവയുടെ ശബ്ദം കേള്‍ക്കുന്നതോ നല്ലതല്ലെങ്കിലും ആരെങ്കിലും ഇവയുടെ പേര് പറയുന്നത് നല്ലതാണ്. പക്ഷെ കുരങ്ങ്, കരടി ഇവയുടെ സ്ഥിതി വിപരീതമാണ്. അതായത് ഇവയെ കാണുന്നത് നല്ലതാണെങ്കിലും ഇവയുടെ കരച്ചില്‍ കേള്‍ക്കുന്നത് നല്ലതല്ല.

ഇതില്‍ നിന്ന് വ്യത്യസ്തമായി പ്രശ്നസമയത്ത് ആന, കുതിര, കാള എന്നിവയെ കാണുകയോ കരച്ചില്‍ കേള്‍ക്കുകയോ ചെയ്യുന്നത് നല്ലതാണ്.

പ്രശ്നസമയത്ത് വീണ, ഓടക്കുഴല്‍, മൃദംഗം, ശംഖ്, പെരുമ്പറ, ചെണ്ട ഇവയുടെ ശബ്ദങ്ങള്‍, മംഗളഗീതം, സ്ത്രീ, വേശ്യ, തൈര്, അക്ഷതം, കരിമ്പ്‌, കറുകപുല്ല്, ചന്ദനം, പൂര്‍ണ്ണകുംഭം, പുഷ്പം, മാല, ഫലം, കന്യക, മണി, വിളക്ക്, താമര ഇവയെല്ലാം കാണുന്നത് നല്ല നിമിത്തങ്ങളാണ്.

പൃഛകന്‍ പ്രശ്നം ചോദിക്കുന്ന സമയത്ത് പ്രശ്ന ഫലത്തിന്‍റെ നാശത്തെ സൂചിപ്പിക്കുന്ന ഏതെങ്കിലും  വസ്തു അയാളുടെ അടുക്കല്‍ കണ്ടാല്‍ പ്രശ്നഫലം ഇല്ലാതാകുമെന്നും പ്രശ്നഫലത്തിന്‍റെ വൃദ്ധിയെ സൂചിപ്പിക്കുന്ന വസ്തു കണ്ടാല്‍ പ്രശ്നഫലം നന്നായി വരുമെന്നും പറയണം. മുകളില്‍ പറഞ്ഞ നിമിത്തങ്ങളെല്ലാം പ്രാചീനകാലത്തുള്ളവയാണ്. ഇന്നത്തെ ചുറ്റുപാടില്‍ പല പുതിയ നിമിത്തങ്ങളും കണ്ടെന്നു വരാം. അവയില്‍ മനസ്സിന് ഇഷ്ടപ്പെടുന്നവയെ ശുഭനിമിത്തങ്ങളെന്നും മനസ്സിന് ഇഷ്ടപ്പെടാത്തവയെ അശുഭനിമിത്തങ്ങളെന്നും കണക്കാക്കിക്കൊള്ളണം.

പരുത്തി, മരുന്ന്, ധാന്യം, ഉപ്പ്, ജന്തുക്കളെ ഉപദ്രവിക്കാനുപയോഗിക്കുന്നവല, ഭസ്മം, തീക്കനല്‍, ഇരുമ്പ്, മോര്, സര്‍പ്പം, പഴുപ്പ്, പൊട്ടല്‍, മറ്റുള്ളവരുടെ സേവകന്‍ എന്നിവ കാണുന്നത് അശുഭമാണ്.

ഉപ്പന്‍ പക്ഷി, കീരി, കടുവ, ഇവയെ ദൈവജ്ഞന്‍റെ വലതു ഭാഗത്തായി കാണുന്നത് നല്ലതാണ്.

പന്നി, സര്‍പ്പം, കുറുക്കന്‍, മാന്‍, ആട്, ആനക്കുട്ടി ഇവയെ ദൈവജ്ഞന്‍റെ ഇടതുഭാഗത്ത് കാണുന്നത് ശുഭപ്രദമാണ്. ഇവയെ വലതു ഭാഗത്ത് കാണുന്നത് നല്ലതല്ല.

ഉടുമ്പ്, ചേര, ഓന്ത്, പൂച്ച, ദുര്‍ജനങ്ങള്‍, ദുഷ്ടജന്തുക്കള്‍ ഇവയെ ദൈവജ്ഞന്‍റെ ഇടതുഭാഗത്തും വലതുഭാഗത്തും കാണരുത്. കഴുത, ഒട്ടകം, പോത്ത് ഇവയില്‍ കയറിവരുന്ന മനുഷ്യരേയും കാണരുത്.

പച്ചമാംസം, മദ്യം, നെയ്യ്, തേന്‍, അലക്കിയ വസ്ത്രം, ചന്ദനക്കൂട്ട്, രത്നം, ആന, കൊടി, കുതിരകള്‍, രാജാവ്, നിലയും വിലയുമുള്ള മനുഷ്യന്‍, ദേവപ്രതിമ, വെളുത്തനിറമുള്ള ചാമരം, മധുരവും പ്രിയപ്പെട്ടതുമായ അന്നപാനാദികള്‍, ശവശരീരം, രണ്ടു ബ്രാഹ്മണര്‍, കത്തുന്ന തീയ് ഇവയെല്ലാം ശുഭനിമിത്തങ്ങളാണ്.

പ്രശ്നസമയത്ത് പൃഛകന്‍റെ മുഖത്ത് വികാരം പ്രകടമാകുക, കൊട്ടുവാ ഇടുക, നഖങ്ങള്‍ കൂട്ടി ഉരസുക, മുഖരോമം മുറിക്കുക, തലമുടി പിടിച്ചു വലിക്കുക, മുറിക്കുക, സംസാരിക്കുന്ന വാക്കുകള്‍ മുറിയുക, കയ്യില്‍ ഇരിക്കുന്ന സാധനങ്ങള്‍ താഴെ വീഴുക, വസ്തുക്കളെ കാലുകൊണ്ട്‌ തട്ടിമാറ്റുക, ദൂരെ എറിയുക, ഏതിനെയെങ്കിലും പിളര്‍ക്കുക ഇവ കണ്ടാല്‍ നാശസൂചകമാണ്.

ദൈവദ്യശാസ്ത്രത്തിലും ഇതുപോലെ തന്നെ രോഗിയുടെ വിശേഷിച്ചും വിഷബാധയേറ്റ രോഗിയുടെ ദൂതന്‍ രോഗവിവരവുമായി വൈദ്യനെ സമീപിക്കുന്ന സമയത്ത് കാണുന്ന നിമിത്തങ്ങളെ അടിസ്ഥാനമാക്കി രോഗത്തിന്‍റെ സാധ്യാസാധ്യത കല്പിക്കാന്‍ സാധിക്കുമെന്ന് സുശ്രുതം, ചരകം തുടങ്ങിയ വൈദ്യഗ്രന്ഥങ്ങളില്‍ പ്രതിപാദിച്ചിട്ടുണ്ട്. ഗവേഷണ താല്പര്യം ഉള്ളവര്‍ ആ ഗ്രന്ഥങ്ങള്‍ കൂടി നോക്കുക.

സൂക്ഷ്മമായി ആലോചിച്ചാല്‍ നിമിത്തങ്ങളിലും ശകുനങ്ങളിലും അടങ്ങിയിരിക്കുന്ന തത്ത്വം ഒന്നുതന്നെയാണ്. നിമിത്തങ്ങളെ പൊതുവേ പ്രശ്നങ്ങളുമായി ബന്ധപ്പെടുത്തിപ്പറയുമ്പോള്‍ ശകുനങ്ങളെ യാത്രയുമായി ബന്ധപ്പെടുത്തുന്നു എന്ന വ്യത്യാസമേ ഉള്ളു.

പൃഛകന്‍ ദൈവജ്ഞഗൃഹത്തില്‍ ചെന്ന് പ്രശ്നം വെക്കുമ്പോള്‍ അവിടെ നിമിത്തങ്ങളാണ് ഫലസൂചന നല്‍കുന്നത്. അവിടെ ശകുനങ്ങള്‍ക്ക് സാധ്യതയില്ല. ശകുനങ്ങള്‍ ചിന്തിക്കേണ്ടി വരുന്നത് ദൈവജ്ഞന്‍ പ്രശ്നക്രിയക്കായി പൃഛകഗൃഹത്തിലേയ്ക്ക് പുറപ്പെടുമ്പോഴാണ്.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.