പ്രസവിച്ച ഗൃഹത്തിന്‍റെ ലക്ഷണത്തേയും അതിന് നാലുഭാഗത്തുമുള്ള ഗൃഹങ്ങളുടെ സംഖ്യാലക്ഷണാദികളേയുമാണ് ഇനി പറയുന്നത്

ജീര്‍ണ്ണം സംസ്കൃതമര്‍ക്കജേ, ക്ഷിതിസുതേ ദഗ്ദ്ധം, നവം ശീതഗൗ
കാഷ്ഠാഢ്യം നദൃഢം രവൗ, ശശിസുതേ ചാനേകശില്‍പ്പ്യുത്ഭവം
രമ്യം ചിത്രയുതം നവഞ്ച ഭൃഗുജേ, ജീവേ ദൃഢം മന്ദിരം
ചക്രസ്‌ഥൈശ്ച യഥോപദേശരചനാന്‍ സാമന്തപൂര്‍വ്വാന്‍ വദേത്

സാരം :-
പ്രസവകാലോദയലഗ്നത്തിന്‍റെ നാലാം ഭാവത്തില്‍ നില്‍ക്കുന്നവന്‍, അവിടേയ്ക്ക് നോക്കുന്നവന്‍, നാലാംഭാവാധിപന്‍ ഇവരില്‍ അധികം ബലമുള്ളതിനെക്കൊണ്ടോ, ഇവരില്‍ ബലമുള്ളതില്ലെങ്കില്‍ ഗ്രഹങ്ങളില്‍ വെച്ച് ഉച്ചാദിബലയുക്തനായതിനെകൊണ്ടോ ആണ് ഗൃഹത്തിന്‍റെ ഗുണദോഷം വിചാരിക്കേണ്ടത്. ലഗ്നത്തിലോ ഏഴിലോ നില്‍ക്കുന്നവരെക്കൊണ്ടാണ് ഗൃഹചിന്ത ചെയ്യേണ്ടതെന്നും ഒരു പക്ഷാന്തരമുണ്ട്. അങ്ങനെ വിചാരിയ്ക്കുമ്പോള്‍ ഗൃഹകാരകന്‍ ശനിയാണെങ്കില്‍ പഴയ പുര തല്‍ക്കാലം കേടുപാടുകള്‍ തീര്‍ത്ത് പുത്തനാക്കിയതും, കുജനാണെങ്കില്‍ ഏതാനും ഭാഗം കത്തിയതും, ചന്ദ്രനാണെങ്കില്‍ പുതുതായി പണി ചെയ്തതും, ആദിത്യനാണെങ്കില്‍ ഉഴിഞ്ഞു വൃത്തിയാക്കാതെ മരങ്ങളേക്കൊണ്ട് എപ്പ് മുതലായത് വേണ്ടവിധം ചെയ്യാതെ നിര്‍മ്മിച്ചതും, ബുധനാണെങ്കില്‍ ചില ശില്പവിദഗ്ധന്മാരെക്കൊണ്ട് അനേകം കരകൌശലപ്പണികളോട് കൂടി നിര്‍മ്മിച്ചതും, ശുക്രനാണെങ്കില്‍ ഏറ്റവും മനോഹരമായി പലവിധ ചിത്രപ്പണികളോടുകൂടിയതായി പുതുതായി നിര്‍മ്മിച്ചതും, ഗൃഹകാരകാന്‍ വ്യാഴമാണെങ്കില്‍ നല്ല ഉറപ്പുള്ള മരത്തിന്‍റെ കാതലുകൊണ്ട് വേണ്ടവിധം വൃത്തിയായിച്ചെത്തി ഏപ്പുകളും മറ്റും വേണ്ടതുപോലെ ചേര്‍ത്തു പണിചെയ്തതുമായ ഗൃഹമാണെന്ന് പറയണം.*

ഗൃഹകാരകന്‍ ഉച്ചസ്ഥനാണെങ്കില്‍ ഗൃഹം നല്ല ഉയരമുള്ളതും അല്ലെങ്കില്‍ ദേവഗൃഹം രാജഗൃഹം മുതലായതും, നീചസ്ഥനാണെങ്കില്‍ ഉയരം വളരെ കുറഞ്ഞതും, അല്ലെങ്കില്‍ തന്നേക്കാള്‍ വളരെ താഴ്ന്നവരായ നീചന്മാരുടേയോ ഗൃഹം ആയിരുന്നുവെന്നും പറയുക. ഉച്ചനീചാദ്യന്തരസ്ഥന്മാരാണ് കാരകന്മാരെങ്കില്‍ ന്യായമനുസരിച്ച് ഊഹിയ്ക്കുകയും വേണം.

ഗൃഹങ്ങള്‍ക്കൊന്നിന്നും ഒട്ടും ബലവും യോഗദൃഷ്ടികളുമില്ലെങ്കില്‍ നാലാംഭാവം ലഗ്നം ഇതുകളില്‍ ബലമുള്ള രാശികൊണ്ടാണ് ഗൃഹസ്വരൂപചിന്ത ചെയ്യേണ്ടത്. ഇങ്ങനെ രാശികൊണ്ട് ഗൃഹവിചാരം ചെയ്യുമ്പോള്‍ മേടം രാശിയ്ക്ക് ഫലം കുജനെപ്പോലെയും തുലാത്തിന് ശുക്രനെപ്പോലെയും, ഇടവം, മിഥുനം, കന്നി, ധനു, മീനം ഈ അഞ്ചിനും ബുധനെപ്പോലെയും കര്‍ക്കിടകത്തിന് വ്യാഴത്തെപ്പോലെയും, ചിങ്ങത്തിന് തൊഴുത്തും, വൃശ്ചികത്തിന് ചന്ദ്രനെപ്പോലെയും, മകരത്തിന് വട്ടത്തിലുള്ള ഭവനവും, കുംഭത്തിന് പാമ്പിന്‍ കാവും ആണെന്ന് പറയണം. ഉഭയരാശികളെക്കൊണ്ട് ഗൃഹവിചാരം ചെയ്യുന്നതില്‍ ഒരു പക്ഷാന്തരവും കൂടിയുണ്ട്. മിഥുനത്തിനു സാക്ഷാല്‍ ഭവനത്തിന്‍റെ അഗ്നികോണില്‍ പണിചെയ്തുവരാറുള്ള തൊഴുത്തും, കന്നിയ്ക്ക് നിരൃതി കോണിലെ നെല്‍പ്പുരയും, ധനുവിന് വായുകോണിലെ ഉരല്‍പ്പുരയും, മീനത്തിന് ഈശാനകോണിലെ അടുക്കളയുമായിട്ടും വിചാരിക്കാവുന്നതാണ്.

"സ്വേശോക്തം വാണിഗാദ്യയോരപി ഗൃഹം ഗോദ്വന്ദ്വഭാനാംവിദോ
ഗോഷ്ഠാഗാരമിനാലയസ്യ ശശി വേശ്മാളേ, ര്‍ഗ്ഗുരോഃ കര്‍ക്കിണഃ
വൃത്തം നക്രഗൃഹം, ഘടസ്യ ഫണിനോ ധാമോƒഭയാനാം പുനര്‍-
ദ്ധാന്യോലുഖലപാകഗോഗൃഹമപി സ്വാശാസു കന്യാദിതഃ"

എന്ന് പ്രമാണമുണ്ട്.

ഏതു ഗൃഹത്തെക്കൊണ്ടാണോ സുതികാഗൃഹത്തെ വിചാരിച്ചത്, അതിന്‍റെ കേന്ദ്രസ്ഥന്മാരും ബലവാന്മാരുമായ മറ്റു ഗൃഹങ്ങളെക്കൊണ്ട് സുതികാഗൃഹത്തിന്‍റെ ഏറ്റവും അടുത്തുള്ള ഭവനങ്ങളേയും, പണപരസ്ഥന്മാരെക്കൊണ്ട് അതിന് പുറമേയുള്ള ഗൃഹങ്ങളേയും, സുതികാഗൃഹകാരന്‍റെ ആപോക്ലിമസ്ഥന്മാരെക്കൊണ്ട് അതിനും പുറത്തുള്ള ഗൃഹങ്ങളേയും പറയണം. ഗൃഹങ്ങള്‍ പഴയതോ പുതുതോ എന്നും മറ്റുമുള്ള ലക്ഷണങ്ങള്‍ മുന്‍പറഞ്ഞപ്രകാരം തന്നെ അതാതു ഗ്രഹങ്ങളെക്കൊണ്ട് ചിന്തിയ്ക്കയും വേണം. ഇതിനെ ഒന്നുകൂടി വ്യക്തമാക്കാം. സുതികാഗൃഹകാരകന്‍റെ പത്താം ഭാവത്തില്‍ കുജന്‍ ബലവാനായി നില്‍ക്കുന്നുണ്ടെന്ന് വിചാരിക്കുക. എന്നാല്‍ പ്രസവഗൃഹത്തിന്‍റെ തെക്കുഭാഗത്ത്‌ ഏറ്റവും അടുത്തായി കുറച്ചുഭാഗം കത്തി ദഹിച്ച ഒരു ഭവനമുണ്ടെന്നു പറയണം. ഇങ്ങനെ സുതികാഗൃഹകാരകന്‍റെ ഒന്നിച്ചും അതിന്‍റെ 4 - 7 എന്നീ ഭാവങ്ങളിലും ബലവാന്മാരായ ഗ്രഹങ്ങള്‍ നിന്നാല്‍ ക്രമേണ പ്രസവഗൃഹത്തിന്‍റെ കിഴക്കും വടക്കും പടിഞ്ഞാറും ഭാഗങ്ങളില്‍ അതാത് സ്ഥാനത്ത് നില്‍ക്കുന്ന ഗ്രഹങ്ങള്‍ക്കനുരൂപങ്ങളായ ഭാവനങ്ങളേയും പറയേണ്ടതാണ്.

സുതികാഗൃഹത്തിന്‍റെ ചുറ്റുമുള്ള ഗൃഹങ്ങളെ പറയുന്നേടത്ത് വേറെയും പക്ഷാന്തരമുണ്ട്. ഇവരുടെ പക്ഷപ്രകാരം സുതികാഗൃഹകാരകന്‍റെ കേന്ദ്രത്തില്‍ നില്‍ക്കുന്ന ബലവാന്മാരായ ഗ്രഹങ്ങളെക്കൊണ്ടാണ് മറ്റു ഉപഭവനങ്ങളെ വിചാരിക്കേണ്ടതെന്നാകുന്നു. ഈ പക്ഷത്തില്‍ ഉപഭവനങ്ങളുടെ ദിക്കിനെ വിചാരിക്കേണ്ടത് രണ്ടാമദ്ധ്യായത്തിലെ അഞ്ചാം ശ്ലോകം കൊണ്ട് പറഞ്ഞപ്രകാരവുമാകുന്നു. മുന്‍ പറഞ്ഞപ്രകാരം ഭവനങ്ങളുടെ ജീര്‍ണ്ണത്വം മുതലായ ഗുണദോഷങ്ങളെ അതാതു ഗ്രഹങ്ങളെക്കൊണ്ടും, സുതികാഗൃഹത്തിന്‍റെ ഏറ്റവും അടുത്ത ഭവനങ്ങള്‍ മുതലായവയെ സുതികാഗൃഹകാരകന്‍റെ കേന്ദ്രാദിസ്ഥാനസ്ഥിതന്മാരെക്കൊണ്ടും പറയണമെന്നറിക. ഉച്ചസ്ഥന്മാരും വക്രമുള്ളവരുമായ ഗ്രഹങ്ങളെക്കൊണ്ട് മൂന്നുവീതവും, വര്‍ഗ്ഗോത്തമാംശകസ്വക്ഷേത്രം സ്വക്ഷേത്രനവാംശകം ഇത്യാദികളില്‍ നില്‍ക്കുന്നവരെക്കൊണ്ട് ഈരണ്ട് വീതവും ഭവനങ്ങളെ ചിന്തിയ്ക്കയും വേണം.

ലഗ്നാധിപനും സമീപഗ്രഹസൂചകമായ ഗ്രഹവും തമ്മില്‍ ബന്ധുക്കളാണെങ്കില്‍ സമീപഗ്രഹത്തില്‍ താമസിയ്ക്കുന്നവരും തന്‍റെ കുടുംബങ്ങളും തമ്മില്‍ ബന്ധുക്കളും, സമന്മാരാണെങ്കില്‍  സമന്മാരും, ശത്രുക്കളാണെങ്കില്‍ ശത്രുക്കളുമാണെന്ന് പറയണം. സുതികാഗ്രഹത്തിന്‍റെ സമീപഭവനങ്ങളെ ഏതേതു ഗ്രഹങ്ങളെക്കൊണ്ടാണോ ചിന്തിച്ചത് അതാത് ഗ്രഹങ്ങളുടെ ജാതിക്കാരാണ് അതാത് ഭവനങ്ങളില്‍ താമസിയ്ക്കുന്നതെന്നും പറയാവുന്നതാണ്.

സുതികാഗ്രഹത്തിന്‍റെ ചുറ്റുപാടുമുളള ഭവനങ്ങളെ പറയുന്നേടത്ത് വേറെ പക്ഷവും കൂടി ഉള്ളതിനെ വിവരിയ്ക്കുന്നു. ഇടവം തുടങ്ങി ചിങ്ങം കൂടിയ നാല് രാശികള്‍ക്ക് മേടം രാശിയും, വൃശ്ചികം മുതല്‍ കുംഭം  കൂടിയ നാല് രാശികള്‍ക്ക് മിഥുനവും, മീനം, മേടം, കന്നി, തുലാം ഈ നാലിനും ഇടവവും. "വീഥി" രാശികളാകുന്നു. ഇപ്രകാരം ലഗ്നഭാവത്തിന്‍റെ വീഥി രാശിയെ ഒരു ലഗ്നമെന്നു കല്പിയ്ക്കുക. എന്നിട്ട് അതിന്‍റെ കേന്ദ്രത്തില്‍ നില്‍ക്കുന്ന ഗ്രഹങ്ങളെക്കൊണ്ട് സുതികാഗൃഹത്തിന്‍റെ ചുറ്റുപാടുമുള്ള ഭവനങ്ങളെ കല്പിയ്ക്കാം. ഇവിടേയും ഗ്രഹങ്ങളുടെ ദിക്കിനെ പറയേണ്ടത് രണ്ടാമദ്ധ്യായത്തിലെ അഞ്ചാം ശ്ലോകം കൊണ്ടാകുന്നു. മേല്‍പറഞ്ഞപ്രകാരം തന്നെ അതാത് ഭവനങ്ങളില്‍ താമസിയ്ക്കുന്നവരുടെ ജാതി അവരും ഇവരുമായിട്ടുള്ള ബന്ധുശത്രുത്വാദി വിശേഷങ്ങള്‍, ഭവനത്തിന്‍റെ ഗുണദോഷങ്ങള്‍ മുതലായതൊക്കെയും അതാതു ഗ്രഹത്തിന്നനുരൂപമായ വിധം പറയാവുന്നതാണ്. ഈ വീഥി രാശിയുടെ കേന്ദ്രത്തില്‍ ആരുമില്ലെങ്കില്‍ ആ വീഥിരാശ്യധിപന്‍റെ ദിക്കിലാണ് ഭവനമെന്നും പറയണം. ലഗ്നാല്‍ അഷ്ടമത്തില്‍ വീഥി ഏതാണോ - പ്രാഗാദീശാ- എന്നോ - പ്രാച്യാദിഗൃഹേ - എന്നോ പറഞ്ഞിട്ടുള്ള ആ രാശിയുടെ ദിക്കിലാണ് മരണത്തെ പറയേണ്ടത്. ഈ വീഥിരാശി മേടമാണെങ്കില്‍ കാട്ടിലും, ഇടവമാണെങ്കില്‍ കൃഷിഭൂമിയിലും, മിഥുനമാണെങ്കില്‍ ഗ്രാമം കിടപ്പുമുറി ഇത്യാദിസ്ഥലങ്ങളിലുമാണ് മരണമുണ്ടാവുക എന്ന് താല്പര്യം. ഈ പറഞ്ഞതുകൊണ്ട് വീഥിരാശിയായാലും ഏതാണ് മരണസ്ഥലമെന്ന് ഊഹിയ്ക്കേണ്ടതാകുന്നു. മരണസ്ഥാനമായിപ്പറഞ്ഞ ഈ വീഥിരാശിയില്‍ ജലഗ്രഹം നിന്നാല്‍ മരണം വെള്ളത്തിലോ ജലസമീപത്തോ ആണെന്നും, ആഗ്നേയഗ്രഹം നിന്നാല്‍ അഗ്നി, അഗ്നിസമീപം ഇവിടങ്ങളിലും ആയിരിയ്ക്കും മരണമുണ്ടാവുക എന്നും പറയാവുന്നതാണ്. ഇപ്രകാരം മറ്റു ഗ്രഹങ്ങള്‍ നിന്നാലത്തെ ഫലവും ഊഹിച്ചുകൊള്‍ക.

-----------------------------------------------------------------
* മേല്‍പറഞ്ഞവരുടെ ഗൃഹസ്വരൂപകാരകത്വത്തെക്കുറിച്ച് വേറെയും ചില പക്ഷാന്തരമുണ്ട്. ആദിത്യകുജന്മാര്‍ക്ക് അടുക്കളപ്പുരയുടേയും, ചന്ദ്രന് ദേവഗൃഹം രാജഗൃഹം മുതലായ ദിവ്യഭവനങ്ങളുടേയും, ബുധന് ചിത്രലേഖനം കണക്കെഴുത്ത് മുതലായതിനുള്ള ഗൃഹത്തിന്‍റെയും, വ്യാഴത്തിന് വേദശാസ്ത്രാദി പാഠശാലയുടേയും, ശുക്രന് ജീര്‍ണ്ണിച്ച ഗൃഹത്തിന്‍റെയും, ശനിക്ക്‌ തൊഴുത്തിന്‍റെയും, രാഹുവിന് മറപ്പുരയുടേയും കാരകത്വമാണുള്ളതെന്നാണ് അവരുടെ മതം.

"ഭൌമസ്യ പാകശാല മന്യേ പാഠ്യം ഗൃഹം വദന്തി ഗുരോഃ,
സൗമ്യസ്യ ലേഖ്യഗൃഹം ഭാനോരപി പാകശാലേതി
ഇന്ദോര്‍വ്വേശ്മ തു ദിവ്യം ദൈത്യഗുരോര്‍ജ്ജീര്‍ണ്ണമുച്യതേ വോ
ഗോശാലാ രവിസൂനോ, രാഹോര്‍വ്വര്‍ച്ചോഗൃഹം ബ്രുവതേ"

എന്ന് പ്രമാണമുണ്ട്.

ഈ ഗൃഹകാരകത്തില്‍തന്നെ വേറെയും ചില പക്ഷാന്തരങ്ങളുണ്ട്‌. വിസ്താരഭയത്താല്‍ അതുകളെ ഇവിടെ ചേര്‍ക്കുന്നില്ല.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.