വൈഡൂര്യ രത്ന ധാരണ വിധി

വൈഡൂര്യം ധരിക്കണമെന്ന് ഉറച്ചുകഴിഞ്ഞാല്‍ അത് അംഗീകൃത വ്യാപാരികളില്‍ നിന്ന് മാത്രം വാങ്ങിക്കുക. ദോഷഫലം ഒരിക്കലും ചെയ്യുകയില്ലായെന്ന് ഒരു ജ്യോതിഷിയുടെ ഉറപ്പ് ലഭിച്ചതിനുശേഷം മാത്രമേ വൈഡൂര്യം ധരിക്കാവു. രത്നങ്ങള്‍ക്ക് പൊതുവേ ക്ഷിപ്രഫലദാന ശേഷിയുണ്ട്.

പലതരം ആഭരണമായി രത്നങ്ങള്‍ ധരിക്കാമെങ്കിലും മോതിരങ്ങള്‍ക്കാണ് കൂടുതല്‍ ഫലദാന ശേഷിയുള്ളത്‌. ദോഷഫലങ്ങള്‍ ഉണ്ടോയെന്ന് അറിയാന്‍ പതിനാല് ദിവസം രത്നം അതേനിറത്തിലുള്ള  പട്ടുതുണിയില്‍ പൊതിഞ്ഞ് കൈയില്‍ കെട്ടിനൊക്കി പരീക്ഷിക്കുന്നത് ഉത്തമമായിരിക്കും. പതിനാല് ദിവസത്തിനകം ഗുണഫലങ്ങള്‍ അനുഭവപ്പെടുന്നു എങ്കില്‍ വൈഡൂര്യം ധരിക്കാന്‍ തീ൪ച്ചപ്പെടുത്താം.

മോതിരത്തില്‍ ധരിക്കേണ്ട വൈഡൂര്യത്തിന് 4 കാരറ്റിനുമേല്‍ ഭാരമുണ്ടായിരിക്കണം. വൈഡൂര്യം പഞ്ചലോഹത്തില്‍ വൈകുന്നേരം 6 മണിക്കും 8 മണിക്കും ഇടയില്‍ മോതിരത്തില്‍ ഘടിപ്പിക്കണം. അശ്വതി, മകം, മൂലം എന്നീ കേതുവിന്‍റെ നക്ഷത്രങ്ങള്‍ വരുന്ന ദിവസം വേണം വൈഡൂര്യം ഘടിപ്പിക്കുവാന്‍. രത്നം വിരലിനെ സ്പ൪ശിക്കുംവിധം വേണം മോതിരം നി൪മ്മിക്കാന്‍. അതിനുശേഷം വെളുത്ത പട്ടിലോ, ചാരനിറമുള്ള പട്ടിലോ പൊതിഞ്ഞ് വൈഡൂര്യ മോതിരം കേതുവിന്‍റെ യന്ത്രത്തിനുമുമ്പില്‍ വെച്ച് കേതുവിന്‍റെ മന്ത്രം ജപിച്ച് ശക്തി പകരണം. ഷോഡശോപചാരപൂജ നടത്തി ദാനധ൪മ്മങ്ങള്‍ നടത്തി മോതിരം ചൊവ്വാഴ്ച ദിവസമോ, അശ്വതി, മകം, മൂലം എന്നീ നക്ഷത്രങ്ങള്‍ വരുന്ന ദിനങ്ങളിലോ വലതുകൈയുടെ മോതിര വിരലില്‍ ധരിക്കണം. വൈഡൂര്യത്തിന്‍റെ ദോഷഹരണ കാലാവധി 5 വ൪ഷമാണ്. അതിനുശേഷം പുതിയ രത്നം പുതിയ പഞ്ചലോഹത്തില്‍ ഘടിപ്പിച്ച് ധരിക്കണം. പഴയമോതിരം പൂജാമുറിയില്‍ വെയ്ക്കുകയോ മറ്റാ൪ക്കെങ്കിലും ദാനം ചെയ്യുകയോ ചെയ്യാം.

വൈഡൂര്യത്തോടൊപ്പം മാണിക്യം, മുത്ത്, പവിഴം, മഞ്ഞപുഷ്യരാഗം എന്നീ രത്നങ്ങള്‍ ധരിക്കരുത്. മറ്റു രത്നങ്ങള്‍ പരീക്ഷിച്ചു നോക്കിയതിനു ശേഷം മാത്രം ധരിക്കുക.