ഭാവങ്ങളെ ദേവപ്രശ്നത്തില്‍ എങ്ങനെ പറയാം?

ഭാവേഷു ലഗ്നാദിഷു യത്ര സൌമ്യാ-
സ്തദുക്തസാന്നിദ്ധ്യമുഖാഭിവൃദ്ധി
പാപസ്ഥിതി൪യ്യത്ര തദീരിതാനാം
വാച്യൈവ ഹാനി൪ബഹുദൂഷണം വാ

സാരം :-

ലഗ്നം കൊണ്ട് സാന്നിദ്ധ്യാദികളും രണ്ടാം ഭാവംകൊണ്ട് നിധികോശാദികളുമാണല്ലോ ദേവപ്രശ്നത്തില്‍ പറഞ്ഞിട്ടുള്ളത്. ലഗ്നാദികളായ ഈ ഭാവങ്ങളില്‍ പാപഗ്രഹങ്ങള്‍ വന്നാല്‍ ആ ഭാവംകൊണ്ട് വിചാരിക്കേണ്ട ചൈതന്യം മുതലായ ഫലങ്ങള്‍ക്ക് ഹാനിയോ മറ്റു പലതരത്തിലുള്ള ദൂഷണങ്ങളോ ഉണ്ടെന്നു പറയണം. ലഗ്നാദികളായ ഏതൊരു ഭാവത്തില്‍ ശുഭഗ്രഹങ്ങള്‍ വരുന്നുവോ, ചൈതന്യം മുതലായ തല്‍ഭാവഫലങ്ങള്‍ക്ക് പുഷ്ടിയും ശോഭനഫലങ്ങളും ഉണ്ടെന്നു ചിന്തിച്ചറിയേണ്ടതാണ്.


"കഥയതി വിപരീതം രിഃഫഷഷ്ഠാഷ്ടമേഷു"


എന്ന വചനമനുസരിച്ച് മേല്‍പറഞ്ഞ ക്രമത്തിന് ഒരു വ്യത്യാസം ഉണ്ടെന്നു ദ്രഹിക്കണം. ശുഭഗ്രഹങ്ങള്‍ ശോഭനഫലത്തെ പുഷ്ടിപ്പെടുത്തുകയും പാപഗ്രഹങ്ങള്‍ ശുഭഫലത്തെ ഹനിക്കുകയും ചെയ്യും. പന്ത്രണ്ടാം ഭാവം ദേവപ്രശനത്തില്‍ ധനനാശഭാവമാണല്ലോ. പന്ത്രണ്ടാം ഭാവത്തില്‍ ശുഭഗ്രഹം വന്നാല്‍ ധനനാശത്തെ ഇല്ലാതാക്കുകയും പാപഗ്രഹം വന്നാല്‍ ധനനാശത്തെ വ൪ദ്ധിപ്പിക്കുകയും ചെയ്യും. അതുകൊണ്ട് ശുഭഗ്രഹങ്ങള്‍ എല്ലാ ഭാവങ്ങളേയും ഒന്നുപോലെ പുഷ്ടിവരുത്തുമെന്നും പാപഗ്രഹങ്ങള്‍ എല്ലാ ഭാവങ്ങളേയും ഒന്നുപോലെ നശിപ്പിക്കുമെന്നും ധരിക്കരുത്. 

പതിനൊന്നാം ഭാവം, പന്ത്രണ്ടാം ഭാവം ദേവപ്രശ്നത്തില്‍

സുകൃതം ച ധനായാനമപ്യായേന വിചിന്തയേല്‍
ധനനാശവ്യയാചാ൪യ്യാശ്ചിന്ത്യാസ്യു൪വ്യയരാശിനാ- ഇതി

സാരം :-

പുണ്യം, ഐശ്വര്യം എന്നിവ പതിനൊന്നാം ഭാവംകൊണ്ടാണ് ദേവപ്രശനത്തില്‍ അറിയേണ്ടത്. അതുപോലെ ധനലാഭത്തിന്‍റെ സ്ഥിതിയും പതിനൊന്നാം ഭാവം കൊണ്ടുതന്നെ അറിയണം. 

ധനത്തിന്‍റെ നാശവും ചെലവും പന്ത്രണ്ടാം ഭാവംകൊണ്ടു വേണം ദേവപ്രശനത്തില്‍ ചിന്തിക്കേണ്ടത്. അതുപോലെ ക്ഷേത്രത്തിലെ തന്ത്രിമാരെ സംബന്ധിച്ചുള്ള ശുഭാശുഭങ്ങളും പന്ത്രണ്ടാം ഭാവംകൊണ്ടുതന്നെ ദേവപ്രശ്നത്തില്‍ ചിന്തിച്ചറിയണം.


***********************************************



പതിനൊന്നാം ഭാവം ദേവപ്രശ്നത്തില്‍


1). ക്ഷേത്രമഹത്വം

2). ധനവൃദ്ധി

3). ആഗ്രഹപൂ൪ത്തി

4). ഭക്തന്മാരുടെ വഴിപാടുകള്‍

5). വരവ്

6). ധനസമ്പാദ്യം

7). മതപരമായ മഹത്വം

8). അന്നദാനം

9). പുരോഗതി

10). തൃപ്തി



പന്ത്രണ്ടാം ഭാവം ദേവപ്രശ്നത്തില്‍

1). ചെലവുകള്‍

2). വൈദീകകാര്യത്തിനു വേണ്ടിയുള്ള ചെലവ്

3). ദു൪വ്യയം

4). തന്ത്രി

5). മുഖ്യശാന്തി

6). പാപം

7). ശാപം

8). പൊട്ടലുകള്‍

9). ക്ഷേത്രത്തിലെ കെട്ടിടങ്ങള്‍ക്ക് ക്ഷയം

ഒന്‍പതാം ഭാവം, പത്താം ഭാവം ദേവപ്രശ്നത്തില്‍

ധ൪മ്മേണ പുണ്യം ക്ഷേത്രേശാശ്ചാഥ ക൪മ്മാണി ക൪മ്മണാ
നിത്യാന്യപ്യുത്സവാദീനി ചിന്ത്യാ ദേവലകാ അപി


സാരം :-

പുണ്യം അഭിവൃദ്ധിപ്പെട്ടിരിക്കുന്നുവോ, അതോ പുണ്യം ക്ഷയിച്ചുവോ എന്നും, ഊരാളന്മാരായ അധികാരികളുടെ ശുഭാശുഭങ്ങളെയും ഒന്‍പതാം ഭാവംകൊണ്ട് ദേവപ്രശ്നത്തില്‍ ചിന്തിച്ചറിയണം.

പൂജ മുതലായ നിത്യക൪മ്മങ്ങളും ഉത്സവം മുതലായ വാ൪ഷിക ക൪മ്മങ്ങളും തൃപ്തികരമാണോ അല്ലയോ എന്നും, മാലകെട്ടു മുതലായവ ചെയ്യുന്ന അമ്പലവാസികളുടെ ശുഭാശുഭങ്ങളും പത്താം ഭാവംകൊണ്ടാണ് ദേവപ്രശ്നത്തില്‍ ചിന്തിക്കേണ്ടത്.


***********************************************************



ഒന്‍പതാം ഭാവം ദേവപ്രശ്നത്തില്‍

1). ക്ഷേത്രത്തിലെ സത്പ്രവ൪ത്തനങ്ങള്‍

2). ക്ഷേത്രപുരോഗതി

3). ഭാഗ്യം

4). ധാ൪മ്മിക പ്രവ൪ത്തനങ്ങള്‍

5). ഹോമയാഗാദികള്‍

6). വേദമന്ത്രജപം

7). ഭക്തന്മാ൪

8). പൂ൪വ്വകാലമഹിമ

9). ക്ഷേത്രസമിതി

10). ക്ഷേത്രഭരണാധികാരികള്‍

11). പ്രധാന ഭരണാധികാരി

12). ധാനധ൪മ്മങ്ങള്‍

13). സദ്യ

14). അനുഗ്രഹങ്ങള്‍



പത്താം ഭാവം ദേവപ്രശ്നത്തില്‍

1). നിത്യപൂജകള്‍

2). വിവിധതരം പൂജകള്‍

3). ഉത്സവങ്ങള്‍

4). പ്രധാന പൂജാരി

5). ഗ൪ഭഗൃഹം

6). മറ്റു പൂജാരിമാ൪

7). ഗ്രാമവും ഗ്രാമവാസികളും

8). ക്ഷേത്രമാഹാത്മ്യം

9). ക്ഷേത്രത്തിലെ പാചകക്കാ൪

10). ക്ഷേത്രത്തിലെ നിത്യക൪മ്മപൂജാദികള്‍

11). മാസപൂജകള്‍

12). വാ൪ഷിക പൂജകള്‍

13). വഴിപാടുകള്‍

14). ദിവ്യപൂജകള്‍

15). ആള്‍ക്കൂട്ടം

16). ക്ഷേത്രവഴികള്‍

17). ദേവതാപ്രീതി

18). ദേവതാകോപം

19). ക്ഷേത്രപ്രശസ്തി

20). ദേവസേവാരീതികള്‍

21). താളവാദ്യക്കാ൪

22). സ്വരവാദ്യക്കാ൪

23). ക്ഷേത്രാചാരങ്ങള്‍

24). ശീവേലി ബിംബത്തെ ശിരസ്സില്‍ എടുക്കുന്നവന്‍

25). ക്ഷേത്രത്തെ ആശ്രയിച്ചു കഴിയുന്നവ൪

26). പൂക്കെട്ടുകാ൪

27). തൂപ്പുക്കാ൪

28). സംഗീതവാദ്യക്കാ൪

29). ക്ഷേത്രചരിത്രം

30). സ൪ക്കാ൪ സഹായം

31). നവീകരണക൪മ്മങ്ങള്‍

32). ക്ഷേത്ര നി൪മ്മാണ മാതൃകകള്‍ 

എട്ടാം ഭാവം ദേവപ്രശ്നത്തില്‍

സാന്നിദ്ധ്യസ്യ നിവേദസ്യ തഥാ പരിജനസ്യ ച
കാര്യമഷ്ടമഭാവേന ഗുണദോഷനിരൂപണം.


സാരം :-

ദേവസാന്നിദ്ധ്യം, നിവേദ്യസാധനങ്ങള്‍, പരിചാരകന്മാ൪ എന്നിവരുടെ ഗുണദോഷഫലങ്ങളെ  ദേവപ്രശ്നത്തില്‍ ചിന്തിക്കേണ്ടത് എട്ടാം ഭാവംകൊണ്ടുവേണം. 


*************************************************



എട്ടാം ഭാവം ദേവപ്രശ്നത്തില്‍

1). മൂലപ്രതിഷ്ഠയുടെ ശക്തി

2). നിവേദ്യത്തിന്‍റെ പര്യാപ്തതയും അപര്യാപ്തതയും

3). ദേവതൃപ്തി

4). അമ്പലവാസികളല്ലാത്ത ജോലിക്കാ൪

5). അപകടങ്ങള്‍

6). മരണം

7). തീപിടുത്തം

8). കാലാന്തരത്തില്‍ വന്ന പ്രതിഷ്ഠകള്‍

9). അഷ്ടബന്ധം

10). ബിംബപീഠത്തിന്‍റെ സ്ഥിതി

11). യോഗ്യതകളും അയോഗ്യതകളും

12). ദേവതാശാപവും കോപവും

13). വഴിപാടുകള്‍

14). പ്രതിമയുടെ (പ്രതിഷ്ഠയുടെ , വിഗ്രഹത്തിന്‍റെ, ബിംബത്തിന്‍റെ) സ്ഥിതി.

ആറാം ഭാവം, ഏഴാം ഭാവം ദേവപ്രശ്നത്തില്‍

അശുദ്ധിഃ ശത്രവശ്ചോരാശ്ചിന്തനീയാ ഹി ശത്രുണാ
ചിന്ത്യം ജനപദോ ദ്യൂനരാശിനാ ഭൂഷണാനി ച

സാരം :-

അശുദ്ധി, ശത്രുക്കള്‍, കള്ളന്മാ൪ ഇവയെപ്പറ്റി ആറാം ഭാവംകൊണ്ടാണ് വിചാരിച്ചറിയേണ്ടത്.

ദേശങ്ങള്‍, പൊതുജനങ്ങള്‍, തിരുവാഭരണങ്ങള്‍ ഇവയെപ്പറ്റി ചിന്തിക്കേണ്ടത് ഏഴാം ഭാവംകൊണ്ടാണ്.


************************************************************



ആറാം ഭാവം ദേവപ്രശ്നത്തില്‍

1). ബിംബദോഷം

2). ശത്രുപീഡ

3). മോഷണം

4). ആഭിചാരം, ക്ഷുദ്രപ്രയോഗം

5). ചവറുകള്‍

6). മറ്റുക്ഷേത്രങ്ങളുമായുള്ള മത്സരം

7). കലഹങ്ങള്‍

8). ചൈതന്യനാശം



ഏഴാം ഭാവം ദേവപ്രശ്നത്തില്‍

1). ഭക്തന്മാ൪

2). തീ൪ത്ഥാടക൪

3). ക്ഷേത്രമാഹാത്മ്യം

4). ഊരാളന്മാരുടെ ഭക്തി

5). ഗ്രാമവാസികളുടെ അവസ്ഥ

6). ദേവന്‍റെ ആഭരണങ്ങള്‍

7). സ്വത്ത്

8). അലങ്കാരം

9). അലങ്കാരരീതി

10). ദേവസ്തുതിപാടല്‍

11). ഭൂസ്വത്ത്

12). വിളക്കുകള്‍

13). നിലവിളക്ക്

14). പൂജാപാത്രങ്ങള്‍

15). മണി

16). ദീപപാത്രങ്ങള്‍

17). മന്ത്രപുഷ്പങ്ങള്‍

18). തോട്ടം

19). പാട്ടുകള്‍

20). നൃത്തം

21). സ്തുതിപാഠക൪ ചെയ്യുന്ന സ്തുതി

22). പട്ടുവസ്ത്രങ്ങള്‍ 

23). രത്നങ്ങള്‍ 

24). ക്ഷേത്രത്തിന്‍റെ മുന്‍ഭാഗം

25). ഗേറ്റ്

26). ചുവ൪ചിത്രങ്ങള്‍ 

മൂന്നാം ഭാവം, നാലാം ഭാവം, അഞ്ചാം ഭാവം ദേവപ്രശ്നത്തില്‍

ചിന്തനീയാസ്തൃതീയേന നിവേദ്യപരിചാരകാഃ
പ്രാസാദമണ്ഡപാദീന്യപ്യുപവേശ്മാനി വാഹനം
ക്ഷേത്രപ്രദേശമഖിലം ചതു൪ത്ഥേന വിചിന്തയേല്‍
സാന്നിദ്ധ്യമപി ബിംബഞ്ച പഞ്ചമേനാപി ചിന്ത്യതാം.

സാരം :-

ദേവപ്രശ്നത്തില്‍ മൂന്നാം ഭാവംകൊണ്ടുവേണം നിവേദ്യസാധനങ്ങളേയും പരിചാരകന്മാരെപ്പറ്റിയും ചിന്തിച്ചു പറയേണ്ടതാണ്. 

ദേവപ്രശ്നത്തില്‍ നാലാം ഭാവംകൊണ്ടുവേണം ശ്രീകോവില്‍, പ്രാ൪ത്ഥനാമണ്ഡപം, വല്യമ്പലം, ചുറ്റമ്പലം, ബലിക്കപ്പുര ഇവകളെപ്പറ്റിയും, മറപ്പള്ളി (തിടപ്പള്ളി), ഊട്ടുപുര, കൊട്ടാരം മുതലായ ഉപഗ്രഹങ്ങളെപ്പറ്റിയും ഉപദേവന്മാരുടെ കോവിലുകളെപ്പറ്റിയും ചിന്തിക്കണം. അതുപോലെതന്നെ വാഹനം മതിലിനുള്ളിലുള്ള ക്ഷേത്രസങ്കേതസ്ഥലം, ഇവയെപ്പറ്റിയും ദേവപ്രശ്നത്തില്‍ നാലാം ഭാവംകൊണ്ട് പറയേണ്ടതാണ്. വിശേഷിച്ച് ക്ഷേത്രപ്രദേശാഖിലം എന്ന് പറഞ്ഞതുകൊണ്ടു ദേവസ്വമായ മറ്റുള്ള ഭൂമികളെപ്പറ്റിയും ഈ നാലാം ഭാവംകൊണ്ടുതന്നെ ചിന്തിക്കേണ്ടതാണ്.

ദേവപ്രശനത്തില്‍ അഞ്ചാം ഭാവംകൊണ്ടു ദേവസാന്നിദ്ധ്യവും ബിംബവും ചിന്തിക്കേണ്ടതാണ്. മുമ്പേ ലഗ്നംകൊണ്ട് ദേവസാന്നിദ്ധ്യത്തെ വിചാരിക്കണമെന്നു പറഞ്ഞിട്ടുണ്ട്. അതുപോലെ തന്നെ ദേവസാന്നിദ്ധ്യം അഞ്ചാം ഭാവംകൊണ്ടും വിചാരിക്കാവുന്നതാണ്. രണ്ടു ഭാവം കൊണ്ടുള്ള ചിന്തയ്ക്ക് ഐക്യം വരുമ്പോള്‍ ഫലത്തിന് ദാ൪ഢ്യം ഉണ്ടാകുമല്ലോ. അപ്രകാരം ബിംബത്തിന്‍റെ ശുഭാശുഭങ്ങളെപ്പറ്റി ചിന്തിക്കേണ്ടതും അഞ്ചാം ഭാവംകൊണ്ടുതന്നെയാണ്.

****************************************************************


മൂന്നാം ഭാവം ദേവപ്രശ്നത്തില്‍

1). നിവേദ്യവസ്തുക്കള്‍

2). നിവേദ്യം തയ്യാറാക്കുന്നവ൪

3). അടുക്കളജോലിക്കാ൪

4). മറ്റു ജോലിക്കാ൪

5). സഹായ ശാന്തിക്കാ൪ (കീഴ്ശാന്തിക്കാ൪)

6). നിവേദ്യപാത്രങ്ങള്‍

7). മടപ്പള്ളി (തിടപ്പള്ളി)  - നിവേദ്യം പാചകം ചെയ്യുന്ന സ്ഥലം.

8). അടുക്കള

9). നിവേദ്യത്തിനുപയോഗിക്കുന്ന അരി

10). നിവേദ്യസാധനങ്ങള്‍ വരുന്ന രീതി

11). നാഗസ്വരവാദ്യക്കാ൪

12). പൂജക്കാ൪

13). തൂപ്പുകാ൪

14). ക്ഷേത്രജോലിക്കാരുടെ ജാതി



നാലാം ഭാവം ദേവപ്രശ്നത്തില്‍

1). ക്ഷേത്രത്തിന്‍റെ പൊതുവേയുള്ള നന്മതിന്മകള്‍

2). ഉപദേവാലയങ്ങള്‍

3). ശ്രീകോവില്‍ - ഗ൪ഭഗൃഹം

4). മണ്ഡപം

5). അടുക്കള

6). ഊട്ടുപുര

7). മതില്‍കെട്ട്

8). പണപ്പുര

9). ഹോമപ്പുര

10). ബലിപീഠം

11). ക്ഷേത്രത്തിലെ ആന

12). രഥം

13). പല്ലക്ക്

14). കൊടി - ധ്വജം

15). ദേവവാഹനം

16). നാടകശാല

17). മുന്‍വാതില്‍

18). രഥപ്പുര

19. നാല്‍ക്കാലി സ്വത്ത്

20). മാനേജ൪

21). ക്ഷേത്രക്കുളം

22). ക്ഷേത്രകിണ൪

23). ക്ഷേത്രത്തിലെ അലങ്കാരണങ്ങള്‍

24). ഭൂസ്വത്ത്

25). ക്ഷേത്രം നില്‍ക്കുന്ന പ്രദേശം



അഞ്ചാം ഭാവം ദേവപ്രശ്നത്തില്‍

1). ദേവസാന്നിദ്ധ്യം

2). ദേവപ്രഭാവം

3). പ്രതിമ (ബിംബം, വിഗ്രഹം, പ്രതിഷ്ഠ)

4). പ്രതിഷ്ഠയുടെ സംഖ്യ

5). ഉപദേവന്മാ൪

6). മന്ത്രജപം

7). ഉപദേവബിംബങ്ങള്‍

8). ബലിമൂ൪ത്തി

9). ബലിക്കല്ല്

10). ധ്വജദേവത

11). ധ്വജം

12). ചൈതന്യം

13). മലമൂത്രം മുതലായ മാലിന്യങ്ങള്‍

14). ബിംബനി൪മ്മാണ വസ്തു - ലോഹം, തടി, മണ്ണ് മുതലായവ

15). ക്ഷേത്ര പ്രതിഷ്ഠ

16). ബിംബത്തിന്‍റെ ചരസ്ഥിരസ്വഭാവം

17). പ്രതിഷ്ഠാചരിത്രം 

ഒന്നാം ഭാവം (ലഗ്നഭാവം), രണ്ടാം ഭാവം ദേവപ്രശ്നത്തില്‍

സാന്നിദ്ധ്യക്ഷേത്രബിംബാനി ത്രീണി ലഗ്നേന ചിന്തയേല്‍
നിധികോശധനായാനം രക്ഷകാന൪ത്ഥരാശിനാ

സാരം :-

ദേവപ്രശ്നത്തില്‍ ഒന്നാം ഭാവം (ലഗ്നഭാവം)

ദേവസാന്നിദ്ധ്യത്തിന് കുറവുണ്ടോ എന്നും മറ്റുമുള്ള അനിഷ്ട ഫലങ്ങളും സാന്നിദ്ധ്യം നി൪ദ്ദോഷമായും പരിപൂ൪ണ്ണമായും ഉണ്ടോ എന്നുള്ള ശോഭനഫലങ്ങളും തല്‍സംബന്ധമായ മറ്റു ചിന്തകളും ലഗ്നംകൊണ്ടാണ് (ഒന്നാം ഭാവംകൊണ്ടാണ്) ചെയ്യേണ്ടത്. അതുപോലെ ശ്രീകോവില്‍, ഗ൪ഭഗൃഹം ഇവയ്ക്കു കേട്, അംഗവൈകല്യം, അഗ്നി മുതലായവയെക്കൊണ്ടുള്ള അനിഷ്ടം ഇത്യാദിദോഷങ്ങളും ബലം, ഭംഗി മുതലായ നി൪ദ്ദോഷാവസ്ഥകളും, അതുപോലെ ബിംബത്തിന്‍റെ (വിഗ്രഹത്തിന്‍റെ, പ്രതിഷ്ഠയുടെ)  ശുഭാശുഭത്വങ്ങളും ലഗ്നഭാവംകൊണ്ടുതന്നെ ചിന്തിച്ചു കൊള്ളണം.


1). ബിംബത്തിന്‍റെ പൊതുവെയുള്ള സ്ഥിതി.

2). സുസ്ഥിതിയും ദുസ്ഥിതിയും

3). ബിംബദേവത

4). ബിംബത്തിന്‍റെ അവസ്ഥ

5). ക്ഷേത്രത്തിലെ കെട്ടിടങ്ങള്‍ - സമുച്ചയം.

6). ദേവബിംബത്തിന്‍റെ അവയവങ്ങള്‍

7). ബിംബത്തിന്‍റെ ഭംഗി

8). ബിംബത്തിന്‍റെ അംഗഭംഗം

9). ബിംബം ഉറപ്പിക്കാന്‍ ഉപയോഗിക്കുന്ന അഷ്ടബന്ധം


ദേവപ്രശ്നത്തില്‍ രണ്ടാം  ഭാവം


ദേവപ്രശ്നത്തില്‍ രണ്ടാം ഭാവം കൊണ്ട് നിധി, ഭണ്ഡാരം, ധനാഗമം, രക്ഷകന്മാ൪ മുതലായവയെ ചിന്തിക്കണം.


1). ക്ഷേത്രത്തിലെ ധനം

2). ക്ഷേത്ര ഭണ്ഡാരം.

3). ക്ഷേത്ര ഭണ്ഡാരത്തില്‍ സൂക്ഷിച്ചിട്ടുള്ള വസ്തുക്കള്‍.

4). ക്ഷേത്രപാലകന്മാരും പരിചാരകരും

5). ക്ഷേത്രഭരണാധികാരികള്‍

6). പൂജാസാധനങ്ങള്‍

7). ഹുണ്ടിക

8). ദേവന്‍റെ സ്വത്തുക്കള്‍

9). ദേവന്‍റെ സംരക്ഷണം

10). ദേവന്‍റെ ദൃഷ്ടി

ക്ഷേത്രത്തിലെ പ്രതിഷ്ഠ (ബിംബം, വിഗ്രഹം) ഏതു ദേവന്‍റെതാണെന്ന് കണ്ടുപിടിക്കുന്നത് എങ്ങിനെ?

മാ൪ത്താണ്ഡോദയദൃഷ്ടികേന്ദ്രഗതയഃ
സിംഹസ്യലഗ്നസ്ഥിതിഃ
ശ്ശംഭോഃ സന്നിധിസൂചകാഃ ശിശിരഗോ
ശ്ചൈതേ കുളീരോദയഃ
ദു൪ഗ്ഗായാസ്തു കുജാലയോഭയദൃശഃ
സ്കന്ദസ്യ കാള്യാസ്തഥാ
ശാസ്തുശ്ചാ൪ക്കഭൂവോ ഹരേഃ ശശിഭുവഃ
സ൪വ്വേശ്വരാണാം ഗുരോഃ

സാരം :-

ചില ദേവപ്രശ്നചിന്തയില്‍ ദേവഭേദം കൂടി അറിയേണ്ടിവരും. ഏറിയ കാലമായി ജീ൪ണ്ണിച്ചുകിടന്നാല്‍ വീണ്ടും ഉദ്ദരിക്കുമ്പോള്‍ പൂ൪വികബോധം ഇല്ലെന്നു വരാം. ചിലടത്തു പരമാ൪ത്ഥം ദൈവജ്ഞനില്‍ (ജ്യോതിഷിയില്‍) നിന്ന് തന്നെ അറിയണമെന്നുള്ള വിചാരംകൊണ്ട് പറഞ്ഞില്ലെന്നു വരാം. അഗ്നിനെയുള്ള ഘട്ടങ്ങളില്‍ ഏതു ദേവനാണെന്നു ചിന്തിച്ചുപറയണമെന്നുള്ള രീതിയാണ് താഴെ പറയുന്നത്.

ചിങ്ങം രാശി ആരുഢം (ലഗ്നം) വരിക, അവിടെ സൂര്യന്‍റെ യോഗമോ ദൃഷ്ട്യോ കേന്ദ്രസ്ഥിതിയോ ഉണ്ടായിരിക്കുക എന്നാല്‍ ഇവിടുത്തെ ദേവന്‍ "ശിവനാണെന്ന്" പറയണം.

ക൪ക്കിടകം ആരുഢമായി വരിക, ചന്ദ്രന്‍റെ യോഗമോ ദൃഷ്ടിയോ കേന്ദ്രമോ ഉണ്ടായിരിക്കുക ഇങ്ങനെ വന്നാല്‍ ഇവിടുത്തെ ദേവത "ദു൪ഗ്ഗാഭഗവതി" ആണെന്ന് പറയണം.

ചൊവ്വാക്ഷേത്രമായ മേടം ആരുഢമായി വരിക, ചൊവ്വയുടെ യോഗമോ ദൃഷ്ടിയോ കേന്ദ്രമോ ഉണ്ടായിരിക്കുക എന്നാല്‍ ദേവന്‍ "സുബ്രഹ്മണ്യനാണെന്ന്" പറയണം.

ചൊവ്വാക്ഷേത്രമായ വൃശ്ചികം ആരുഢമായി വരിക, ചൊവ്വയുടെ യോഗമോ ദൃഷ്ടിയോ കേന്ദ്രമോ ഉണ്ടായിരിക്കുക എന്നാല്‍ ദേവത "ഭദ്രകാളി" ആണെന്ന് പറയണം.

ശനിക്ഷേത്രമായ മകരം, കുംഭം എന്നീ രാശികള്‍ ആരുഢമായി വരിക, ശനിയുടെ യോഗമോ ദൃഷ്ടിയോ കേന്ദ്രമോ ഉണ്ടായിരിക്കുക എന്നാല്‍ ദേവന്‍ "ശാസ്താവ്" ആണെന്ന് പറയണം.

ബുധന്‍റെ രാശികളായ മിഥുനം, കന്നി എന്നീ രാശികള്‍ ആരുഢമായി വരിക, ബുധന്‍റെ യോഗമോ ദൃഷ്ടിയോ കേന്ദ്രമോ ഇവ ഉണ്ടായിരിക്കുക എന്നാല്‍ ദേവന്‍ "വിഷ്ണു" ആണെന്ന് പറയണം.

ധനു, മീനം എന്നീ രാശികള്‍ ആരുഢമായി വരിക, വ്യാഴത്തിന്‍റെ യോഗമോ ദൃഷ്ടിയോ കേന്ദ്രമോ ഇവ ഉണ്ടായിരിക്കുക എന്നാല്‍ എല്ലാ "ദേവന്മാരുടെയും" സാന്നിദ്ധ്യം പറയാവുന്നതാണ്.

ശുക്രനെക്കൊണ്ട് ദേവനി൪ണ്ണയം ഇവിടെ ചെയ്തുകാണുന്നില്ല. എങ്കിലും ഇടവം, തുലാം എന്നീ രാശികള്‍ ആരുഢമായി വരിക, ശുക്രന്‍റെ യോഗമോ ദൃഷ്ടിയോ കേന്ദ്രമോ ഉണ്ടായിരിക്കുക എന്നാല്‍ "അന്നപൂ൪ണ്ണേശ്വരിയേയോ ലക്ഷ്മിയേയോ" പറഞ്ഞുകൊള്ളണം.



വ്യാഴത്തെക്കൊണ്ട് എല്ലാ ദേവന്മാരെയും വ്യാഴം നില്‍ക്കുന്ന രാശിഭേദം അനുസരിച്ച് ചിന്തിച്ചുകൊള്ളണം.

ഒരു ഭാവത്തിന് ഒന്നിലധികം ഗ്രഹങ്ങളുടെ സംബന്ധം ഉണ്ടായാല്‍ ഏതു ഗ്രഹത്തിനും ബലം കൂടുതലുണ്ടോ ദേവനെ ആ ഗ്രഹത്തെക്കൊണ്ടാണ് നിശ്ചയിക്കേണ്ടത്.

ഒരു ശ്രീകോവിലില്‍ തന്നെ രണ്ടോ മൂന്നോ പ്രതിഷ്ഠ ഉണ്ടായെന്നു വരാം. വ൪ഗ്ഗോത്തമത്വം, ഉച്ചം, വക്രം മുതലായവ കൊണ്ട് അവയും ചിന്തിച്ചുകൊള്ളണം.


എല്ലാ ദേവന്മാരുടേയും പേര് ഇവിടെ പറഞ്ഞിട്ടില്ലെങ്കിലും ശൈവം, വൈഷ്ണവം, ശാക്തേയം എന്നീ മൂന്നു വിഭാഗങ്ങളെ ആശ്രയിച്ച് എല്ലാ ദേവന്മാരേയും യുക്തികൊണ്ട് ചിന്തിച്ചുപറഞ്ഞുകൊള്ളണം.

ദേവപ്രശ്നം എന്താണ്?

ക്ഷേത്രാദീരിതപഞ്ചതാദികമവിജ്ഞാതം കിമപ്യസ്തി ചേ-
ദ്വൈകല്യാദി ച പൂജനോത്സവവിധൗ ചൂ൪ണ്ണാദി വാ൪യ്യാഹിതം
സാന്നിദ്ധ്യാപഹൃദ൪ത്ഥലാഭവിഗമൌ വാ ജ്ഞാതുമിത്യാദികം
ദേവപ്രശ്ന ഉദീരിതോന്യദപി തത്തദ്ഭാവജാതം ഫലം.

സാരം :-

ക്ഷേത്രത്തില്‍ വച്ച് ജനനമോ മരണമോ മറ്റേതെങ്കിലും ഒന്നു സംഭവിച്ചതായി അറിയാന്‍ നിവൃത്തിയില്ലാതെ വരുന്ന ഘട്ടങ്ങളിലും പൂജ ഉത്സവം മുതലായവ മുടങ്ങിപ്പോകുകയോ അവയ്ക്ക് വല്ല വൈപരീത്യം സംഭവിക്കുമ്പോഴോ, ദേവസാന്നിദ്ധ്യം നശിക്കുന്നതിനുവേണ്ടി ശത്രുക്കളില്‍ നിന്ന് ക്ഷുദ്രാഭിചാരാദികള്‍ സംഭവിച്ചിട്ടുണ്ടോ എന്ന് സംശയം വരുമ്പോഴും ദേവസ്വത്തിന്‍റെ ലാഭം നാശം ഇവയെപ്പറ്റി അദൃശ്യമായ വല്ല അനുഭവങ്ങളും മറ്റും സംഭവിക്കുമ്പോഴും മറ്റു ദേവനെ സംബന്ധിക്കുന്നതും തല്‍സംബന്ധമായി രക്ഷാദികളെ സംബന്ധിക്കുന്നതുമായ ഏതെങ്കിലും സംഗതികള്‍ പ്രത്യക്ഷജ്ഞാനത്തിനു വിധേയമല്ലാതെ വരുമ്പോഴുമാണ് ദേവപ്രശ്നത്തിന്‍റെ ആവശ്യം നേരിടുന്നത്. ദേവനേയും ദേവനെ സംബന്ധിച്ച മറ്റു ബാഹ്യവസ്തുക്കളെയും ദേവപ്രധാനമായി ചിന്തിച്ചറിയുന്ന പ്രശ്നമാണ് "ദേവപ്രശ്നം" എന്ന് പറയപ്പെടുന്നത്. 

ശുഭമുഹൂ൪ത്തത്തില്‍ വേണം വിഗ്രഹ പ്രതിഷ്ഠ (ബിംബപ്രതിഷ്ഠ) നടത്തേണ്ടത്

നി൪ദ്ദോഷേ സഗുണെ മുഹൂ൪ത്തസമയേ പൂ൪വ്വം പ്രതിഷ്ഠാ തതഃ
പൂജാ ചാനുദിനം യഥാവിധി തഥാ പ്രത്യബ്ദമപ്യുത്സവഃ
ദോഷേ സത്യുദിതാ ച നിഷ്കൃതിരഥോ ജീ൪ത്തൗ പുന൪ബിംബയോ൪
ജ്ജീ൪ണ്ണോദ്ധാരവിധിശ്ച സത്വരമമീ സാന്നിദ്ധ്യസമ്പല്‍പ്രദാഃ

സാരം :-

ആദ്യം തന്നെ ദോഷങ്ങളൊന്നുമില്ലാത്തതും ഗുണലക്ഷണങ്ങളോടു കൂടിയതുമായ ശുഭമുഹൂ൪ത്തത്തില്‍ വേണം വിഗ്രഹ പ്രതിഷ്ഠ (ബിംബപ്രതിഷ്ഠ) നടത്തേണ്ടത്. പിന്നീട് വിഘ്നം കൂടാതെ നിത്യം വിധിപോലെ പൂജയും വത്സരം തോറും ക്രമപ്രകാരമുള്ള ഉത്സവവും ഭക്തിയോടുകൂടി ചെയ്തുകൊള്ളണം. ബിംബം, ക്ഷേത്രം ഇതുകള്‍ക്ക് ജീ൪ണ്ണമൊ മറ്റു കേടുകളൊ ഉണ്ടായാല്‍ വിധിപ്രകാരം ജീ൪ണ്ണോദ്ധാരവും ചെയ്തുകൊള്ളണം. ഇങ്ങനെ ചെയ്‌താല്‍ ദേവസാന്നിദ്ധ്യവും തന്മൂലം ഐശ്വര്യവും വ൪ദ്ധിക്കപ്പെടും.

ദേവചൈതന്യത്തിനു വൈകല്യം സംഭവിക്കും

ജീ൪ണ്ണോദ്ധൃതിം സ്ഥാപിതമന്ത്രബിംബ
ഗൃഹാദിജീ൪ത്തൗ സപദീതി കു൪യ്യാല്‍
ദുഃസ്ഥോƒന്യഥാ ചേദ്വിപദേ തഥാ ചേല്‍
സുസ്ഥോƒത്ര ദേവോ യദി സമ്പദേ സ്യാല്‍ - ഇതി

സാരം :- 

മന്ത്രവിധിപ്രകാരം സ്ഥാപിച്ചിട്ടുള്ള ബിംബത്തിനൊ അതിന്നാധാരമായ ശ്രീകോവിലിനൊ മറ്റു ഉപാലയങ്ങള്‍ക്കൊ വല്ല കേടുപാടുകളും കണ്ടാല്‍  ഉടന്‍തന്നെ വിധിപ്രകാരം ജീ൪ണ്ണോദ്ധാരം നടത്തേണ്ടതാണ്. അല്ലെങ്കില്‍ ദേവചൈതന്യത്തിനു വൈകല്യം സംഭവിക്കും. ആ ചൈതന്യദോഷംകൊണ്ട് ദേവരക്ഷകന്മാ൪ക്കും നാട്ടിനും ആപത്തുക്കള്‍ സംഭവിക്കതന്നെ ചെയ്യും. ദോഷങ്ങള്‍ക്ക് നിവാരണങ്ങള്‍ ചെയ്‌താല്‍ രക്ഷാധികാരികള്‍ക്കും നാട്ടിനും ശ്രേയസ്സ് സംഭവിക്കയും ചെയ്യും.

പ്രാസാദത്തിനു കേടുണ്ടായാല്‍ ബിംബത്തിനും ബിംബത്തിനു കേടുണ്ടായാല്‍ പ്രാസാദത്തിനും ദോഷം ബാധിക്കപ്പെടും

പ്രാസാദോƒ൪ച്ചാ ച വിശ്വശിതുരിഹ വപുഷീ
സ്ഥൂലസൂക്ഷ്മേ യതോƒതോഅ-
ത്രാധാരാധേയഭാവാദിതരതതരഭവോഅ-
ദോഷോƒത്രൈകസ്ഥിതേƒപ്യാചരതു തദുഭയോ-
ശ്ശോധനം സ്ഥാനസംസ്ഥേ
തദ്വത്തച്ശോനാദ്യം യദി ന പരകൃതാ-
വസ്രുതോക്ഷാ സ്ഥലേലം

സാരം :-

ശ്രീകോവില്‍ ദേവന്‍റെ സ്ഥൂലമായ ദേഹവും ബിംബം സൂക്ഷ്മമായ ദേഹവുമാകുന്നു. ശ്രീകോവില്‍ ആധാരവും ബിംബം ആധേയവുമാണ്. ആധാരാധേയങ്ങളില്‍ ഒന്നിന് ദോഷം സംഭവിച്ചാല്‍ മറ്റേതിനും ആ ദോഷം പകരുമെന്നുള്ളതു പ്രസിദ്ധമാണല്ലോ. പ്രാസാദത്തിനു (ശ്രീകോവില്‍)  കേടുണ്ടായാല്‍ ബിംബത്തിനും ബിംബത്തിനു കേടുണ്ടായാല്‍ പ്രാസാദത്തിനും ആ ദോഷം ബാധിക്കപ്പെടും. ആകയാല്‍ ഇവയില്‍ ഏതെങ്കിലും ഒന്നിന് കേടുവന്നാല്‍ രണ്ടിനും ശുദ്ധിമുതലായ പരിഹാരങ്ങള്‍ ചെയ്യേണ്ടതാണ്.

എന്നാല്‍ ബിംബത്തിനും പ്രാസാദത്തിനും (ശ്രീകോവില്‍)  അല്ലാതെ മതില്‍ക്കകത്തും മറ്റു ക്ഷേത്രപ്രവേശങ്ങളിലും അശുദ്ധി മുതലായ ദോഷങ്ങള്‍ സംഭവിച്ചാല്‍ ഖനനം, ഹരണം, ദാഹപൂരണഗോനിവാസനം, വിപ്രോച്ഛിഷ്ടം ഗവ്യം ഈ പറഞ്ഞ സപ്തശുദ്ധി ആചരിക്കേണ്ടതാണ്. ഇങ്ങനെ സ്ഥലദോഷമില്ലെങ്കില്‍ കലശാഭിഷേകത്തിന്‍റെ അവശിഷ്ടകലശം കൊണ്ട് പ്രോക്ഷണം നടത്തിയാല്‍ സ്ഥലശുദ്ധിവരും.

ദേവസാന്നിദ്ധ്യത്തിനു ഹാനികരങ്ങളായ കാരണങ്ങള്‍

ക്ഷേത്രേ മൃതി൪ജ്ജനനമങ്കണമണ്ഡപാദൗ
മൂത്രാസൃഗാദിപതനം പതിതാദിവേശഃ
സോലൂകഗൃദ്ധ്രകരടശ്വഖരോഷ്ട്രകോല
ക്രോഷ്ടൃക്ഷഡുണ്ഡുഭപുരസ്സരഗ൪ഭവേശഃ

ഛത്രാകനാകുമധുകാദിസമുദ്ഗമോƒ൪ച്ചാ
സ്വേദപ്രരോദസഹിതാനി തഥാ പ്രദാഹഃ
ബിംബസ്യ പാതചലനാദിരഥാംഗഭംഗഃ
പൂജാവിലുപ്തിരപി ചാസതി ദിഷ്ടദോഷേ

ക്ഷൂദ്രാന്യമന്ത്രയജനം പ്രതിഷിദ്ധദുഷ്ട
പുഷ്പാദിപൂജനമഥോ മരിചാദിലേപഃ
ഏതാനി തന്ത്രകഥിതാനി നിമിത്തകാനി
ജ്ഞേയാനി തത്ര ഗുരുലാഘവഭേദവന്തി


സാരം :-

ക്ഷേത്രത്തില്‍വെച്ചു ജനനവും മരണവും സംഭവിക്കുക, ക്ഷേത്രശബ്ദംകൊണ്ട് പുറമതിലിനുള്ളില്‍ ഉള്ള പ്രദേശത്തെത്തേയാണ്‌ വിവക്ഷിച്ചിരിക്കുന്നത്. അങ്കണം, മണ്ഡപം, ബലിപ്പുര, ചുറ്റമ്പലം, വല്യമ്പലം മുതലായ ഉപാലയങ്ങളിലും മദ്ധ്യഹാരയ്ക്ക് അകത്തുള്ള അങ്കണപ്രദേശത്തും മലമൂത്ര വിസ൪ജ്ജനാദികള്‍ സംഭവിക്കുക, ഭ്രഷ്ടന്മാരായവ൪ പാഷണ്ഡന്മാ൪ മുതലായവ൪ പുലയുള്ളവ൪ പ്രവേശിക്കുക, ഊമന്‍, കഴുകന്‍, കാക്ക, പട്ടി, കഴുത, ഒട്ടകം, പന്നി, കുരങ്ങ്, കാടന്‍, ചേര മുതലായ ക്ഷുദ്രജന്തുക്കള്‍ ഗ൪ഭഗൃഹത്തിലുള്ളില്‍ പ്രവേശിക്കുക, ശ്രീകോവിലില്‍ കുമിള്, പുറ്റ്, തേന്‍കൂട് മുതലായവ ഉണ്ടാകുക, ബിംബത്തിന് വിയ൪പ്പ്, കരച്ചില്‍, ചിരി ഇവയുടെ ലാഞ്ചനമുണ്ടാകുക (താന്ത്രിവര്യന്മാ൪ക്ക് ഈ വക ലക്ഷണങ്ങള്‍ കണ്ടറിയാന്‍ കഴിയും). ബിംബത്തിനു ചൂടേല്‍ക്കുക, ഇളകുക, വീഴുക, അംഗങ്ങള്‍ മുറിഞ്ഞോ പൊട്ടിയോ കേടുപറ്റുക, കാരണം കൂടാതെ പൂജ മുതലായ ക൪മ്മങ്ങള്‍ മുടക്കുക, നിഷേദിക്കപ്പെട്ട നീചമന്ത്രങ്ങളെക്കൊണ്ടും അതാതു ദേവന്മാ൪ക്ക് ഉചിതമല്ലാത്ത മന്ത്രങ്ങളെക്കൊണ്ടും പൂജിക്കുക, അതുപോലെ തന്നെ ഓരോ ദേവന്മാരുടേയും പൂജാതികളില്‍ നിഷേധിച്ചിട്ടുള്ള നിന്ദ്യപുഷ്പങ്ങങ്ങളെക്കൊണ്ട് പൂജിക്കുക (പൂജാ൪ഹമല്ലാത്ത പുഷ്പങ്ങളെക്കൊണ്ട് പൂജിക്കരുത്). കുരുമുളകരച്ചു ബിംബത്തില്‍ തേയ്ക്കുക, ഈ പറകപ്പെട്ടിട്ടുള്ള അനിഷ്ടങ്ങളും ശാസ്ത്രാന്തരങ്ങളില്‍ ഇതുപോലെ നിഷിദ്ധങ്ങളായി മറ്റു കല്പിചിട്ടുള്ളവയും ദേവചൈതന്യത്തിനു ഹാനിവരുത്തുന്ന കാരണങ്ങളാണെന്നു അറിയേണ്ടതാണ്. ഈ പറഞ്ഞ അനിഷ്ടനിമിത്തങ്ങളില്‍ ചിലത് കഠിനങ്ങളും ചിലത് നിസ്സാരങ്ങളും ആണ്. ആ വക ഭേദങ്ങള്‍ താന്ത്രികന്മാരില്‍ നിന്നും മറ്റു തന്ത്ര ശാസ്ത്രങ്ങളില്‍ നിന്നും അറിഞ്ഞുകൊള്ളേണ്ടവയാണ്. 

ചൈതന്യഹാനികരങ്ങളായവ സംഭവിച്ചാല്‍ ഉടന്‍തന്നെ അതിനു പരിഹാരം ചെയ്യേണ്ടതാണ്

ദേവഃ സ്വഭക്തജനതാനുജിഘൃക്ഷയാ൪ച്ചോ
പാധൗ തഥാ നിയതസന്നിധിമാദധാനേ
ശ്രേയോ ദുരാസദതയാ തദപാസനാ൪ത്ഥം
സ്യാച്ചേന്നിമിത്തമഥ നിഷ്കൃതിമാദധീത

സാരം :-

ദേവന്‍ തന്‍റെ ഭക്തന്മാരെ അനുഗ്രഹിക്കുന്നതിനു എപ്പോഴും ബിംബമാകുന്ന ഉപാധിയില്‍ അദൃശ്യമായ ചൈതന്യത്തെ ചെയ്തുകൊണ്ടിരിക്കും. ഈ ചൈതന്യസാന്നിദ്ധ്യം ഭക്തന്മാ൪ക്ക് ശോഭനത്തിനു കാരണമായിത്തീരുന്നു. ഈ ദേവസാന്നിദ്ധ്യത്തിനു കുറവുവരാന്‍ തക്കവണ്ണം വല്ല സംഗതികളുമുണ്ടായാല്‍ ശുഭത്തിനു പകരം അശുഭം സംഭവിക്കാന്‍ ഇടവരും. അങ്ങിനെ വല്ല ചൈതന്യഹാനികരങ്ങളായവ സംഭവിച്ചാല്‍ ഉടന്‍തന്നെ അതിനു പരിഹാരം ചെയ്യേണ്ടതാണ്.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.