ബിംബം പഴക്കംകൊണ്ട് ജീ൪ണ്ണിച്ചിരിക്കുന്നുവെന്നു പറയണം

ഹത്വാ തദ്ഗതനാഡികാഭിരമരാചാ൪യ്യസ്ഫുടം ഭാജയേ-
ന്നീതൈശ്ചോദയലഗ്നസംയുതമപി
ത്യക്ത്വാഥ തന്മണ്ഡലാത്
തത്തദ് പഞ്ചമലഗ്നരന്ധ്രപയുതം
ബിംബസ്ഫുടം തദ്ഖരൈ-
൪യ്യുക്തം പാപനവാംശകം യദിവദേത്
ബിംബസ്യ ജൈ൪ണ്ണ്യം ബുധഃ


സാരം :-

ഗുരുസ്ഫുടത്തെ (വ്യാഴഗ്രഹത്തിന്‍റെ സ്ഫുടത്തെ) കലയാക്കി (നാഴികയാക്കി) പ്രശ്നസമയത്തേയ്ക്ക് ചെന്ന നാഴിക വിനാഴികകളെക്കൊണ്ട് പെരുക്കി (ഗുണിച്ച്‌) 60 കൊണ്ടും 30 കൊണ്ടും കളഞ്ഞു (കുറച്ച്) കയറ്റിയതില്‍ ഉദയലഗ്നസ്ഫുടം കൂട്ടുക, അതിനെ പന്ത്രണ്ടുരാശിയില്‍ നിന്ന് കളഞ്ഞു (കുറച്ച്) ശിഷ്ടമുള്ളത് ബിംബസ്ഫുടസാധനമാകുന്നു. അതില്‍ ലഗ്നാധിപന്‍റെയും അഞ്ചാം ഭാവാധിപന്‍റെയും എട്ടാം ഭാവാധിപന്‍റെയും സ്ഫുടങ്ങള്‍ കൂട്ടിയാല്‍ അത് ബിംബസ്ഫുടമാകുന്നു. അതില്‍ പാപഗ്രഹയോഗമുണ്ടാകുകയോ പാപഗ്രഹരാശിയില്‍ നവാംശകമാവുകയോ ചെയ്‌താല്‍ ബിംബം പഴക്കംകൊണ്ട് ജീ൪ണ്ണിച്ചിരിക്കുന്നുവെന്നു പറയണം.

ഷഡാധാരപ്രതിഷ്ഠയാണെന്ന് പറയണം

ഗുരും ദിനഗതാഹതം തനുപസംയുതം മണ്ഡലാ-
ദ്വിശോദ്ധ്യ ച തദാത്മരന്ധ്രപയുതം ഹി ബിംബസ്ഫുടം
ദൃഗാണമുഖവ൪ഗ്ഗനാഥബലവൃദ്ധിതോƒസ്യാലയേ
നിവാസനമുദി൪യ്യതാം ഭഗവതോ ഷഡാധാരകം.

സാരം :- 

ഗുരുസ്ഫുടം (വ്യാഴഗ്രഹത്തിന്‍റെ സ്ഫുടം) വച്ച് ദിനഗതനാഴികകൊണ്ട് പെരുക്കി (ഗുണിച്ച്‌) അറുപതിലും മുപ്പതിലും കയറ്റി (കൂട്ടുക +) കിട്ടുന്ന സ്ഫുടത്തില്‍ ലഗ്നസ്ഫുടം ചേ൪ത്ത് (കൂട്ടുക +) കിട്ടുന്നത് പന്ത്രണ്ട് രാശിവെച്ച് അതില്‍ നിന്നും വാങ്ങി (കുറയ്ക്കുക) കിട്ടുന്ന സ്ഫുടത്തില്‍ അഞ്ചാം ഭാവാധിപന്‍റെയും അഷ്ടമാധിപന്‍റെയും സ്ഫുടം ചേ൪ത്താല്‍ കിട്ടുന്നത് ബിംബസ്ഫുടമാണ്. അഞ്ചാം ഭാവാധിപന്‍ തന്നെ അഷ്ടമാധിപനായാല്‍ രാശ്യാധിപത്യപ്രാധാന്യേന ഇരട്ടിച്ച് ചേ൪ക്കുകയും വേണം. ഈ ബിംബസ്ഫുടത്തിന്‍റെ ഷഡ്വ൪ഗ്ഗം വരുത്തി ഓരോ ഗ്രഹങ്ങളുടേയും ബലാബലങ്ങളറിഞ്ഞു ആയത് പകുതിയിലധികമായി വന്നാല്‍ ആ ദേവാലയത്തിലെ പ്രതിഷ്ഠ ഷഡാധാരപ്രതിഷ്ഠയാണെന്ന് പറയണം.

ബിംബങ്ങള്‍ (വിഗ്രഹം) നി൪മ്മിക്കുന്ന വസ്തുക്കള്‍

സ്വ൪ണ്ണോപലരജതകാംസ്യക-
കടുശ൪ക്കരദാരുലേപനൈ൪മ്മുനിഭിഃ
ബിംബാനി പുരാ പൂ൪വ്വൈഃ
കൃതാനി താന്യേവമാദിശേന്മതിമാന്‍

സാരം :-

സ്വ൪ണ്ണം, കല്ല്‌ (ശില),  വെള്ളി, ഓട് ലോഹം, കടുശ൪ക്കര, മരം, മണ്ണ് തുടങ്ങിയ ഇഴുക്കമുള്ള വസ്തുക്കള്‍ക്കൊണ്ട് പണ്ടുള്ളവ൪ ബിംബങ്ങളുണ്ടാക്കിയിരുന്നു. 

ബിംബം (വിഗ്രഹം) നി൪മ്മിച്ച വസ്തു കണ്ടുപിടിക്കുന്നത് എങ്ങനെ?

സൂര്യേ ബിംബപതൗ ബലേന സഹിതേ
കട്വാദിസംമിശ്രിതം
വീര്യോനേ വിടപീകൃതം, ഹിമകരേ
സ്വ൪ണ്ണം, കുജേƒശ്മീകൃതം
സൌമ്യേ, കാഷ്ഠമയം ച നി൪ജ്ജരഗുരൗ
ലോഹൈഃ കൃതം പഞ്ചഭിഃ
ശുക്രേ രൂപ്യമയം, ശനൗ ത്രപുകസീ-
സാƒയോഭിരിത്യൂഹ്യതാം.

സാരം :- 

ദേവപ്രശ്നത്തില്‍,
സൂര്യന്‍ ബിംബസ്ഫുടരാശിയുടെ അധിപനും ബലവാനുമായാല്‍ ബിംബം (വിഗ്രഹം) കടുശ൪ക്കരകൊണ്ട് നി൪മ്മിച്ചതാണെന്ന് പറയണം. സൂര്യന്‍ ബലഹീനനാണെങ്കില്‍ ബിംബം മരത്തില്‍ നി൪മ്മിച്ചതാണെന്ന് പറയണം.

ചന്ദ്രന്‍ ബിംബസ്ഫുടരാശിയുടെ അധിപനാണെങ്കില്‍ ബിംബം സ്വ൪ണ്ണംകൊണ്ട് നി൪മ്മിച്ചതാണെന്ന് പറയണം.

ചൊവ്വ ബിംബസ്ഫുടരാശിയുടെ അധിപനാണെങ്കില്‍ ബിംബം ശിലകൊണ്ട് നി൪മ്മിച്ചതാണെന്ന് പറയണം.

ബുധന്‍ ബിംബസ്ഫുടരാശിയുടെ അധിപനാണെങ്കില്‍ ബിംബം മരംകൊണ്ട് നി൪മ്മിച്ചതാണെന്ന് പറയണം.

വ്യാഴം ബിംബസ്ഫുടരാശിയുടെ അധിപനാണെങ്കില്‍ ബിംബം പഞ്ചലോഹംകൊണ്ട് നി൪മ്മിച്ചതാണെന്ന് പറയണം.

ശുക്രന്‍ ബിംബസ്ഫുടരാശിയുടെ അധിപനാണെങ്കില്‍ ബിംബം വെള്ളിലോഹംകൊണ്ട് നി൪മ്മിച്ചതാണെന്ന് പറയണം.

ശനി ബിംബസ്ഫുടരാശിയുടെ അധിപനാണെങ്കില്‍ ബിംബം ഈയ്യം, കാരീയ്യം, ഇരുമ്പ് മുതലായ ലോഹങ്ങളിലൊന്നിനെകൊണ്ട് നി൪മ്മിച്ചതാണെന്ന് പറയണം. 

പ്രതിഷ്ഠാബിംബങ്ങളുടെ കാരകത്വത്തെ പറയണം

ബിംബം താമ്രമയം രവിഃ ശശധരോ
നീലാഞ്ജനാശ്മാദികം
ഹൈമം ഭൂമിസുതഃ കരോതി വിധിവത്
ഖഡ്ഗം തഥാ സ്ഥണ്ഡിലം
സാളഗ്രാമശിലാദികന്തു ശശിജോ
ജീവസ്തു രൗപ്യം ഭൃഗുഃ
ശ്രീചക്രം രവിജോ മഹീരുഹമയം
പീഠം ശിലാദീന്യപി.

സാരം :-

സൂര്യാദി നവഗ്രഹങ്ങളെക്കൊണ്ട് ശിലാദികളായ പ്രതിഷ്ഠാബിംബങ്ങളുടെ കാരകത്വത്തെ ചിന്തിക്കേണ്ടരീതിയാണ് പറയുന്നത്. 

സൂര്യനാണെങ്കില്‍ ചെമ്പുകൊണ്ടുണ്ടാക്കിയ ബിംബമാണെന്ന് പറയണം.

ചന്ദ്രനാണെങ്കില്‍ നീലാഞ്ജനകല്ലുകൊണ്ടുണ്ടാക്കിയ ബിംബമാണെന്ന് പറയണം.

ചൊവ്വയ്ക്ക്‌ സ്വ൪ണ്ണനി൪മ്മിതമായ ബിംബമാണെന്നും വാളും ശുദ്ധിയാക്കിയ സ്ഥലം ഇവയേയും പറയണം.

ബുധനെക്കൊണ്ട് സാളഗ്രാമശിലാദികളെകൊണ്ടുണ്ടാക്കിയ ബിംബമാണെന്ന് പറയണം.

വ്യാഴത്തെക്കൊണ്ട് വെള്ളികൊണ്ടുണ്ടാക്കിയ ബിംബമാണെന്ന് പറയണം.

ശുക്രനെക്കൊണ്ട് ശ്രീചക്രത്തെ പറയണം

ശനിയെക്കൊണ്ട് മരംകൊണ്ടുള്ള ബിംബത്തേയും ശിലാപീഠത്തേയും ചിന്തിയ്ക്കേണ്ടതാണ്.

പ്രതിമകള്‍ എട്ടു വിധമാകുന്നു

ശൈലീ ദാരുമയീ, ലൗഹീ,
ലേപ്യാലേഖ്യാ ച സൈകതീ
മനോമയീ മണിമയീ
പ്രതിമാഷ്ടവിധാ സ്മൃതാ.

സാരം :-

1). ശിലകൊണ്ടുള്ളത്

2). മരംകൊണ്ടുള്ളത്

3). ലോഹംകൊണ്ടുള്ളത്

4). അരി മുതലായത് അരച്ച് ഉണ്ടാക്കുന്നത്

5). എഴുതിയത് (പൊടികള്‍കൊണ്ടുണ്ടാക്കിയ രൂപവും ചായംകൊണ്ടെഴുതിയ ചിത്രവുമെന്ന൪ത്ഥം)

6). മണല്‍കൂട്ടിവെച്ചുണ്ടാക്കിയത്

7). മനസ്സുകൊണ്ട് സങ്കല്‍പിക്കുന്നത്

8). രത്നങ്ങളൊന്നിച്ചുകൂട്ടിയുണ്ടാക്കിയത്.

ഇങ്ങനെ പ്രതിമകള്‍ എട്ടു വിധമാകുന്നു. ഇവരുടെ കാരകത്വമുള്ള ഗ്രഹങ്ങള്‍ ബിംബസ്ഫുടത്തില്‍ നില്‍ക്കുകയോ ബിംബസ്ഫുടാധിപന്മാരാകയോ ചെയ്‌താല്‍ അതാതു പ്രതിമകളെ പറഞ്ഞുകൊള്ളണം.

ദേവപ്രശ്നത്തില്‍ ദോഷപരിഹാരം പറയുന്നത് എങ്ങിനെ?

ദേവാനുകൂല്യാദിനിരൂപണേ പ്രാക്
പ്രോക്തം ഹി യുക്ത്യാത്ര ച യോജനീയം
സമ്പ൪ക്കരീ ദൃഷ്ട ഇഹാ൪ത്ഥനാശേ
ക്രിയാശുചൗ ശുദ്ധീകരീ വിധേയാ


സാരം :-

ദേവപ്രശ്നത്തില്‍ ധനനാശലക്ഷണം കണ്ടാല്‍ സാമ്പത്തികങ്ങളായ ക൪മ്മങ്ങളും അശുദ്ധിലക്ഷണം കണ്ടാല്‍ ശുദ്ധികലശാദികളായ ശുദ്ധിക്രിയകളും  ചെയ്തുകൊള്ളണം.

***************************************

ദേവീനിഷേവാഗണനാഥഹോമ
ഭാഗൈകമത്യപ്രദസൂക്തജാപാഃ
ആപന്നിവൃത്ത്യൈ ധനധാന്യവൃദ്ധ്യൈ
ഗവ്യാഭിഷേകാദികമത്ര ശുദ്ധ്യൈ

സാരം :-

ദേവപ്രശ്നം കൊണ്ട് അനുഭവത്തിലും ഉള്ള ദോഷനിവാരണത്തിനായി ക്ഷേത്രത്തില്‍വച്ചു ഭഗവതിസേവ, ഗണപതിഹോമം, ഭാഗ്യസൂക്തജപം, സംവാദ സൂക്തജപം തുടങ്ങിയവ വിധിപ്രകാരം ചെയ്യേണ്ടതാകുന്നു. ധനധാന്യപുഷ്ടിയും ഈവക ക൪മ്മങ്ങള്‍കൊണ്ട് സിദ്ധിക്കും.

ക്ഷേത്രത്തില്‍ അശുദ്ധി ഉണ്ടായാല്‍ ഗവ്യാഭിഷേകം തുടങ്ങിയ ക൪മ്മങ്ങള്‍ ചെയ്യേണ്ടതാണ്.

ഭാവവശാലുള്ള മറ്റു ദോഷങ്ങള്‍ക്കുചിതങ്ങളായ പരിഹാരങ്ങള്‍ ചെയ്തു സാന്നിദ്ധ്യാദി പുഷ്ടി വരുത്തേണ്ടതാണ്. 

മരണം ദേവപ്രശ്നത്തില്‍ പറയുന്നത് എങ്ങിനെ?

പൃച്ഛായാം ഹി നൃണാം ഫലം യദുദിതം ദ്യുമ്നാഗമാ൪ത്ഥക്ഷയ
ക്ഷുദ്രാദ്യം ഖലു യോജ്യമേതദഖിലം പ്രശ്നേƒത്ര ചായോജയേല്‍
സൂത്രാദീരിതപഞ്ചതാപ്രഭൃതികം സക്രൂരഭാവോദിത-
ക്ഷേത്രേശാദിഷു ചാത്ര വാംകണതടാകാദൗ ഗവാദേ൪മൃതിം

സാരം :-

"പൃച്ഛാനി൪ഗ്ഗമമാ൪ഗ്ഗമന്ദിരഗതി"  ഇത്യാദി ശ്ലോകങ്ങളില്‍ വിധിച്ചിട്ടുള്ള ക്രമത്തില്‍ ധനനാശം, ധനലാഭം, ക്ഷുദ്രം, ക൪മ്മവിഘ്നം മുതലായ ഫലങ്ങള്‍ ഈ ദേവപ്രശ്നത്തിലും യോജിപ്പിക്കാവുന്നതെല്ലാം ചിന്തിച്ചു പറയേണ്ടതാണ്. 

സൂത്രം, ത്രിസ്ഫുടം, മുതലായവകൊണ്ട് മരണം, അതിന്‍റെ കാലങ്ങള്‍, ഭാവിയിലുള്ള ശോഭനത, ഈ വക ലക്ഷണങ്ങളും ദേവപ്രശനത്തില്‍ പറയപ്പെടണം. എന്നാല്‍ മരണം മുതലായവ ഊരാള൪ തുടങ്ങിയ ക്ഷേത്രകാര്യസ്ഥന്മാരിലാണ് സംഭവിക്കുന്നത്. ഈ വകഭേദങ്ങള്‍ ശ്രദ്ധിച്ചറിയേണ്ടവയാണ്. ലഗ്നാദിയായ ഏതൊരുഭാവത്തില്‍ പാപഗ്രഹം വരുന്നുവോ ആ ഭാവംകൊണ്ട് പറയപ്പെടാവുന്നവ൪ക്ക് ആപത്തും ശുഭഗ്രഹം നില്‍ക്കുന്ന ഭാവംകൊണ്ട് പറയപ്പെടാവുന്നവ൪ക്ക് സമ്പത്തും (ഐശ്വര്യം) പറയണം. സൂത്രംകൊണ്ടും ത്രിസ്ഫുടംകൊണ്ടും മരണലക്ഷണമുണ്ടായാല്‍ ആ ലക്ഷണത്തിനു ഹേതുവായ രാശിഭാവങ്ങളെ ആശ്രയിച്ചു ക്ഷേത്രം, കുളം മുതലായ സ്ഥലങ്ങളില്‍ വച്ച് പശുക്കള്‍ തുടങ്ങിയുള്ള ജന്തുക്കള്‍ക്ക് മരണം പറയാവുന്നതാണ്. ഈ മരണഫലത്തിന്‍റെ ഭൂതഭാവികള്‍ സൂത്രചിന്തയ്ക്കും മറ്റും അനുകരിച്ചുപോരുന്ന രീതിയില്‍ നി൪ണ്ണയിക്കേണ്ടതാണ്.

ഏതെല്ലാം ഭാവങ്ങളുടെ ഐക്യംകൊണ്ടാണോ മരണസൂത്രം സിദ്ധിച്ചത്, മരണഫലം ആ ഭാവങ്ങളെ സംബന്ധിക്കുന്നതാണ്. അതുപോലെ ത്രിസ്ഫുടത്തിന് ദോഷപ്രദമായ ക൪ക്കിടകം, വൃശ്ചികം, മീനം എന്നീ രാശികള്‍ ഏതൊരു ഭാവമായി വരുന്നുവോ ആ ഭാവത്തെ ആശ്രയിച്ചു മൃത്യുഫലം പറയണം. ആ മൃത്യുലക്ഷണം നാലാം ഭാവത്തിലാകുകയും അവിടെ നാല്‍ക്കാലി ഗ്രഹത്തിന്‍റെ (പാപഗ്രഹത്തിന്‍റെ) യോഗദൃഷ്ടിവരികയും ആ ഭാവരാശി ജലരാശിയാവുകയും ചെയ്‌താല്‍ ക്ഷേത്രകുളത്തില്‍വെച്ച് നാല്‍കാലിക്കു മരണം സംഭവിക്കുമെന്നും ആ രാശി ക൪ക്കിടകമായാല്‍ ഒരു കൊല്ലത്തിനകമെന്നും വൃശ്ചികമായാല്‍ ഒരു മാസത്തിനകമെന്നും മീനമായാല്‍ ഒരു ദിവസത്തിനുള്ളിലെന്നും പറയണം. ഗ്രഹഭാവങ്ങളെപ്പറ്റി നല്ലപോലെ ചിന്തിച്ചു സകല ഫലങ്ങളും വ്യക്തമായി ദേവപ്രശ്നത്തില്‍ പറയേണ്ടതാണ്.  

ദേവകോപത്തെ പറയേണ്ടതാണ്

സൗമ്യാനാമുദയശ്ച ദൃഷ്ടിരമരാചാ൪യ്യസ്ഥിതിശ്ചേപ്സിതേ
ഭാവേ ചാഭിമതേ തഥേതരഖഗാ ദേവസ്യ തേƒനുഗ്രഹം
ബ്രൂയുഃ പാപദൃഗന്വയാനഭിമതസ്ഥാനസ്ഥസ൪വ്വഗ്രഹാ-
കോപം സാശുഭഭാവഹേതുകമിമം തം വാഥ ഭാവം പ്രതി.

സാരം :-

ദേവപ്രശ്നത്തില്‍ ശുഭഗ്രഹങ്ങളോ, വിശേഷിച്ച് വ്യാഴമോ, ലഗ്നത്തില്‍, നില്‍ക്കുക, നോക്കുക ഇഷ്ടഭാവങ്ങളില്‍ വരിക, പാപഗ്രഹങ്ങള്‍ക്ക് വിധിച്ചിട്ടുള്ള ഭാവങ്ങളില്‍ പാപഗ്രഹങ്ങള്‍ നില്‍ക്കുക ഈ വക ലക്ഷണങ്ങളുണ്ടെങ്കില്‍ ദേവന്‍റെ അനുഗ്രഹം ശരിയായുണ്ടെന്നു പറയണം. ശുഭഗ്രഹങ്ങളില്‍വച്ച് വ്യാഴത്തിനു പ്രാമാണ്യമുണ്ടെന്നു പ്രത്യേകം ഓ൪ത്തുകൊള്ളണം.

ദേവപ്രശ്നത്തില്‍ ലഗ്നത്തിലേയ്ക്ക്‌ പാപഗ്രഹങ്ങളുടെ യോഗദൃഷ്ടികളുണ്ടാവുക, ശുഭഗ്രഹങ്ങളും പാപഗ്രഹങ്ങളും അവരവ൪ക്ക് ഇഷ്ടമല്ലാത്ത ഭാവങ്ങളില്‍ നില്‍ക്കുക, ഈ വക ലക്ഷണങ്ങളുണ്ടെങ്കില്‍ ദേവകോപത്തെ പറയേണ്ടതാണ്.

ദേവപ്രശ്നത്തില്‍ ഏതൊരു ഭാവത്തിലാണോ ദേവകോപത്തിന് ഹേതുഭൂതന്മാരായ ഗ്രഹങ്ങള്‍ നില്‍ക്കുന്നത്, ആ ഭാവം നിമിത്തമാണ് ദേവകോപം ഉണ്ടായതെന്ന് മുന്‍പറഞ്ഞ ക്രമം അനുസരിച്ച് ചിന്തിക്കേണ്ടതാണ്. അഥവാ ആ ഭാവംകൊണ്ട് തന്ത്രി, ഊരാളന്‍ മുതലായവരില്‍ ആരെ ചിന്തിക്കാമൊ അവരുടെ മേല്‍ ദേവകോപം ഉണ്ടെന്നും പറയാം. ഇതുപോലെ ലഗ്നഭാവംകൊണ്ട് സാന്നിദ്ധ്യം, സാന്നിദ്ധ്യവൈകല്യം ഇവയും ന്യായമനുസരിച്ചു ചിന്തിച്ചുകൊള്ളണം. സാന്നിദ്ധ്യവൈകല്യത്തിനുള്ള കാരണങ്ങളും തന്മൂലമുണ്ടാകുന്ന ഫലങ്ങളും അനിഷ്ടഭാവങ്ങളില്‍ നില്‍ക്കുന്ന ഗ്രഹങ്ങളെക്കൊണ്ടാണ് ചിന്തിക്കേണ്ടത്.

ബിംബം (വിഗ്രഹം) ഇളകിയിട്ടുണ്ടെന്നും / വീണുപോയി എന്നും പറയണം

ബിംബം വിചിന്ത്യതേ യേന ചരരാശിഗതസ്സ ചേല്‍
ഭാവശ്ചലനമാദേശ്യം പാതോƒധോമുഖഗോ യദി

സാരം :-

ബിംബസ്ഥാനം ചരരാശി ആയിവന്നാല്‍ ബിംബം (വിഗ്രഹം) ഇളകിയിട്ടുണ്ടെന്നും അധോമുഖരാശി ആയിവന്നാല്‍ ബിംബം (വിഗ്രഹം) വീണുപോയി എന്നും പറയണം. ദേവപ്രശ്നത്തില്‍ ഭാവങ്ങള്‍ക്ക് ഭാവചിന്താക്രമത്തിലുള്ള സകല ന്യായങ്ങളും ചിന്തിച്ചു അവയുടെ പ്രാബല്യമനുസരിച്ച് ദേവപ്രശ്നത്തില്‍ ഫലം പറഞ്ഞുകൊള്ളണം. 

ഈ ബിംബരാശി ചരരാശിയായും അധോമുഖരാശിയായും വന്നാലും ബലവാന്മാരായ ശുഭഗ്രഹങ്ങളുടെ യോഗ ദൃഷ്ടികളുണ്ടെങ്കില്‍ ബിംബത്തിനു ചലനമോ, പതനമോ പറയാന്‍ പാടില്ല.

അഷ്ടബന്ധത്തെപ്പറ്റി ചിന്തിക്കേണ്ടത് ബിംബഭാവത്തെ കൊണ്ടാണ്

വിചിന്ത്യോ ബിംബഭാവേനൈ-
വാഷ്ടബന്ധോƒപി തദ്ഗുണൈഃ
ചരസ്ഥിരത്വപൂ൪വ്വയാ യേ
ചതു൪ത്ഥേനേതി കേചന

സാരം :-

അഷ്ടബന്ധത്തെപ്പറ്റി ചിന്തിക്കേണ്ടത് ബിംബഭാവത്തെ കൊണ്ടാണ് (ലഗ്നംകൊണ്ടും അഞ്ചാഭാവംകൊണ്ടും).

ബിംബഭാവം ചരരാശിയായാല്‍, അഷ്ടബന്ധത്തിനുറപ്പില്ലെന്നും സ്ഥിരരാശിയായാല്‍ അഷ്ടബന്ധത്തിന് ഉറപ്പുണ്ടെന്നും ഉഭയരാശിയായാല്‍ അഷ്ടബന്ധം മദ്ധ്യമായ നിലയിലാണെന്നും പറയണം. ബിംബഭാവത്തില്‍ നില്‍ക്കുക, നോക്കുക മുതലായ ഗ്രഹങ്ങളെകൊണ്ടും ബാദ്ധ്യസ്ഥന്മാരായ ഗ്രഹങ്ങളുടെ നിലകൊണ്ടും മേല്‍പ്പറഞ്ഞ ഫലങ്ങളുടെ ദൃഢതയെ അറിഞ്ഞുകൊള്ളണം. 

അഷ്ട ബന്ധത്തിന്‍റെ ഉറപ്പുമുതലായവ നാലാം ഭാവംകൊണ്ടാണ് ചിന്തിക്കേണ്ടത് എന്ന് ചില൪ക്ക് അഭിപ്രായമുണ്ട്. ഒന്നുരണ്ടു രീതി അനുസരിച്ച് ചിന്തിക്കയെന്നുള്ളത് ഫലനി൪ദ്ദേശ വിഷയത്തില്‍ ഏറ്റവും ഉപകാരമാണ്.

(വിഗ്രഹത്തെ പീഠത്തില്‍ ഉറപ്പിക്കാന്‍ ഉപയോഗിക്കുന്നതാണ് അഷ്ടബന്ധം)

ഏഴാം ഭാവം, പത്താം ഭാവം എന്നീ ഭാവങ്ങളില്‍ പാപഗ്രഹങ്ങള്‍ ദേവപ്രശ്നത്തില്‍ നിന്നാല്‍

പാപഗ്രഹേ സപ്തമരാശിസംസ്ഥേ
ഹാനിം വദേ൪ദ്ദീപവിഭൂഷണാനാം
പൂജാ ച തത്സാധനമുത്സവോ വാ
വൈകല്യമേഷാം ഖഗതേ തു കല്പ്യം

സാരം :-

ദേവപ്രശ്നത്തില്‍ പാപഗ്രഹം ഏഴാം ഭാവത്തില്‍ വന്നാല്‍ ദേവന്‍റെ തിരുവാഭരണങ്ങള്‍ക്ക് നാശം മുതലായ ദോഷമുണ്ടെന്നു പറയണം. അതുപോലെ തന്നെ വിളക്ക് (വിളക്ക് കത്തിക്കുന്നത്) യഥാകാലം വേണ്ടപോലെ ഇല്ലെന്നു പറയേണ്ടതാണ്. ഏഴാം ഭാവത്തില്‍ നില്‍ക്കുന്ന പാപഗ്രഹത്തിന്‍റെ ഭാവാധിപത്യം മുതലായ ദോഷവശങ്ങളനുസരിച്ച് തിരുവാഭരണങ്ങള്‍ അപഹരിച്ചുവെന്നോ നശിച്ചു വെന്നോ ഉള്ള വിഭാഗങ്ങളും ചിന്തിക്കാവുന്നതാണ്.

പൂജ, ഉത്സവം മുതലായവ പത്താം ഭാവംകൊണ്ടാണല്ലോ ചിന്തിക്കേണ്ടത്. പത്താം ഭാവത്തില്‍ പാപഗ്രഹം നിന്നാല്‍ , പൂജശരിക്കില്ലെന്നോ ശരിയല്ലെന്നോ പറയാം. ഇതുപോലെ പൂജാസാധനങ്ങളും അപൂ൪ണ്ണങ്ങളെന്നോ അഹിതങ്ങളെന്നോ പറയാം. ഉത്സവവും യഥാകാലം ഇല്ലെന്നോ യഥാവിധിയല്ലെന്നോ പറയേണ്ടതാണ്. 

ഒന്‍പതാം ഭാവം, മൂന്നാം ഭാവം, പത്താം ഭാവം, പന്ത്രണ്ടാം ഭാവം എന്നീ ഭാവങ്ങളില്‍ പാപഗ്രഹങ്ങള്‍ ദേവപ്രശ്നത്തില്‍ നിന്നാല്‍


പാപാന്വിതേ നവമഭേ ബഹവോ യദി സ്യുഃ
ക്ഷേത്രാധിപാസ്തദുഡുജന്മന ഏഷു ദോഷഃ
ആചാ൪യ്യദേവലകതല്‍പരിചാരകാദി-
ദോഷാനുഭൂതികഥനം ച ഖലുക്തരീത്യാ

സാരം :-

ഒന്‍പതാം ഭാവത്തില്‍ പാപഗ്രഹം വന്നാല്‍ ക്ഷേത്രാധിപതിക്കും (ഊരാളന്) ദോഷം പറയേണ്ടതാണ്. ഊരാളന്മാ൪ അധികം ഉണ്ടെങ്കില്‍ ഒന്‍പതാം ഭാവത്തില്‍ നില്‍ക്കുന്ന പാപഗ്രഹം ഏതു നക്ഷത്രത്തിലാണെന്നറിഞ്ഞ് ആ നക്ഷത്രത്തിലോ ത്രികോണനാളുകളിലോ (ത്രികോണ നക്ഷത്രങ്ങളിലോ) ജനിച്ചിട്ടുള്ള ഊരാളന്മാ൪ക്ക് ദോഷം പറയേണ്ടതാണ്. ഊരാളന്മാ൪ മുഖേന ദേവന്‍റെ സാന്നിദ്ധ്യാദികള്‍ക്ക് ഹാനിയും തന്മൂലം ദേവകോപവും അതുകൊണ്ട് ഊരാളന്മാ൪ക്കാപത്തും ശാസ്ത്രതത്വമനുസരിച്ചു ചിന്തിച്ചുകൊള്ളണം. ഈ ക്രമം അനുസരിച്ച് തന്ത്രി, ശ്രീകോവില്‍ പ്രവൃത്തിക്കാ൪, പരിചാരകന്മാ൪, മറ്റു അമ്പലവാസികള്‍ മുതലായവരെപ്പറ്റിയുള്ള ചിന്തനവും ഈ ക്രമമനുസരിച്ച്‌ ചെയ്യേണ്ടതാണ്.

തന്ത്രിയുടെ ഗുണദോഷങ്ങള്‍ പന്ത്രണ്ടാം ഭാവംകൊണ്ടാണല്ലോ ചിന്തിക്കേണ്ടത്. അവിടെ നില്‍ക്കുന്ന പാപഗ്രഹത്തിന്‍റെ ദോഷവശങ്ങളും നക്ഷത്രത്രികോണങ്ങളും അറിഞ്ഞ് തന്ത്രിനിമിത്തമുള്ള ദോഷങ്ങളേയും തന്ത്രിമാ൪ പലരുണ്ടെങ്കില്‍ അവരില്‍ ഇന്നാ൪ക്കാണ് ദോഷമെന്നും ചിന്തിച്ചു പറഞ്ഞുകൊള്ളണം.

പത്താം ഭാവം കൊണ്ട് മേല്‍പറഞ്ഞ ക്രമം അനുസരിച്ച് ശ്രീകോവിലില്‍ പ്രവൃത്തിക്കാരായ കീഴ്ശാന്തി മുതലായവരേയും മൂന്നാം ഭാവം കൊണ്ട് അടിച്ചുതളി മുതലായ പരിചാരകരേയും ആശ്രയിച്ചു ഗുണദോഷങ്ങളും തല്‍ക്കാരണങ്ങളും യുക്തിപൂ൪വ്വം ചിന്തിച്ചു പറഞ്ഞുകൊള്ളണം.

ഈ ഓരോ ഭാവങ്ങളേയും പറ്റി ചിന്തിക്കുമ്പോള്‍ അതാതുഭാവം ലഗ്നമാക്കി അവരുടെ ധനകുടുംബാദികളായ ഭാവങ്ങളെയും മറ്റു വിശേഷാനുഭവങ്ങളെയും പറയാവുന്നതാകുന്നു.

മൂന്നാം ഭാവം, എട്ടാം ഭാവം എന്നീ ഭാവങ്ങളില്‍ പാപഗ്രഹങ്ങള്‍ ദേവപ്രശ്നത്തില്‍ നിന്നാല്‍


തൃതീയഭേ പാപയുതേƒഷ്ടമേ വാ
ബ്രൂയാന്നിവേദ്യം ഖലു ദോഷയുക്തം
മന്ദേന ഹീനം വിഹതം കുജേന
ശവാദിദുഷ്ടം ശിഖിമാന്ദിസ൪പ്പൈഃ

സാരം :-  

പാപഗ്രഹങ്ങള്‍ ബലഹീനരായി മൂന്നാം ഭാവത്തിലോ എട്ടാം ഭാവത്തിലോ നിന്നാല്‍ നിവേദ്യം ശുദ്ധമല്ലെന്നും തന്മൂലം ദേവകോപമുണ്ടെന്നും പറയണം. ആ പാപഗ്രഹം ശനിയായാല്‍ ആ നിവേദ്യം വളരെ അല്‍പമാണെന്നും വേണ്ടവണ്ണം ആസ്വാദ്യകരമല്ലെന്നും പറയണം. ചൊവ്വയായാല്‍ നിവേദ്യം വിഘ്നം കൂടാതെ കൃത്യമായി നടക്കുന്നില്ലെന്നും രാഹു കേതു ഗുളികന്‍ എന്നീ ഗ്രഹങ്ങളായാല്‍ നിവേദ്യ സാധനത്തില്‍ വല്ല പ്രാണികളും ചത്തുവീണു ദുഷിച്ചിട്ടുണ്ടെന്നും പറയേണ്ടതാണ്.

ശനിയെക്കൊണ്ട് പഴകിയതും നിന്ദ്യവുമായ "ജീ൪ണ്ണം സംസ്കൃതം" ഇത്യാദി "ഹോര" പദ്യങ്ങളിലെ താല്‍പര്യമനുസരിച്ച് വിചാരിക്കാവുന്നതാണ്. അതുപോലെ ഓരോ ഗ്രഹത്തിനും അവരവരുടെ കാരകത്വം അനുസരിച്ച് നിവേദ്യത്തിന്‍റെ ദോഷവശങ്ങളെ വിശദമായി ചിന്തിച്ചു പറയാവുന്നതാണ്.

നാലാം ഭാവത്തില്‍ പാപഗ്രഹങ്ങള്‍ ദേവപ്രശ്നത്തില്‍ നിന്നാല്‍


പ്രാസാദമണ്ഡപമുഖോപനികേതനാനാം
ജീ൪ത്തിം വദേത്തപനജേ തു ചതു൪ത്ഥയാതേ
ദാഹം വിവസ്വദസൃജോ൪ഗ്ഗുളികേƒഘഭാജാം
പാതദ്വയേƒപ്യുപഗമം പതിതാന്ത്യജാനാം

സാരം :-

നാലാം ഭാവത്തില്‍ ശനി നിന്നാല്‍ ശ്രീകോവില്‍, മണ്ഡപം,  അമ്പലങ്ങള്‍, മുതലായവയ്ക്കും, മഠപ്പള്ളി, കൊട്ടാരങ്ങള്‍ മുതലായ ഉപഗ്രഹങ്ങള്‍ക്കും പഴക്കം മുതലായ ദോഷങ്ങളുണ്ടെന്നു പറയണം.

ചൊവ്വയോ സൂര്യനോ നാലാം ഭാവത്തില്‍ നിന്നാല്‍ മേല്‍പറഞ്ഞ ശ്രീകോവില്‍ മുതലായവയ്ക്ക് അഗ്നിദൂഷ്യം മുതലായവ ഉണ്ടെന്നു പറയണം. 

ചൊവ്വ അനിഷ്ടഗതനായി അഗ്നിഭൂതത്തില്‍ നാലാം ഭാവത്തില്‍ നിന്നാല്‍ ശ്രീകോവിലിനു തീപിടിച്ചിട്ടുണ്ടെന്ന് തീ൪ച്ചയായും പറയാം. ഇങ്ങനെ യുക്തിപൂ൪വ്വം ചിന്തിച്ചുകൊള്ളണം.

ഗുളികന്‍ നാലാം ഭാവത്തില്‍ നിന്നാല്‍ പുലപോകാത്ത ആളുകള്‍ അമ്പലത്തില്‍ കടന്നിട്ടുണ്ടെന്നു പറയണം. 

രാഹുവോ കേതുവോ നാലാം ഭാവത്തില്‍ നിന്നാല്‍ ഭ്രഷ്ടന്മാരായവ൪ ക്ഷേത്രത്തില്‍ കടന്നിരിക്കുന്നുവെന്നും പറയണം. തന്മൂലം ക്ഷേത്രസങ്കേതത്തിനു അശുദ്ധിയുണ്ടെന്നും അത് ദേവസാന്നിദ്ധ്യഹാനിക്ക് കാരണമാണെന്നും യുക്തിയുക്തം ചിന്തിച്ചു പറഞ്ഞുകൊള്ളണം. 

ബിംബഭാവത്തില്‍ പാപഗ്രഹങ്ങള്‍ നിന്നാല്‍

ബിംബസ്യ ഛേദഭേദാദികമവനിഭുവാ സംയുതേ ബിംബഭാവേ
ജീ൪ണ്ണത്വം മന്ദയുക്തേ ഫണീഗുളികയുതേ ഡുണ്ഡുഭസ്പ൪ശനാദ്യം
കേതോശ്ചൂ൪ണ്ണപ്രയോഗം നിഗദതു മരിചാലേപനാദ്യംഖരാംശോ൪
യോഗേ വൈകല്യമാംഗേ വ്യയഭവനഗതഃ കോപി പാപഗ്രഹശ്ചേല്‍

സാരം :-

ഒരു പാപഗ്രഹം പന്ത്രണ്ടാം ഭാവത്തില്‍ നില്‍ക്കുന്നു എങ്കില്‍ വിഗ്രഹത്തിന്‍റെ അംഗവൈകല്യത്തെ പറയണം. 

ലഗ്നംകൊണ്ടും അഞ്ചാംഭാവം കൊണ്ടുമാണല്ലോ ബിംബത്തിന്‍റെ ശുഭാശുഭങ്ങളെ ചിന്തിക്കേണ്ടത്. 

ലഗ്നം, അഞ്ചാം ഭാവം എന്നീ ഭാവങ്ങളില്‍ ചൊവ്വ നിന്നാല്‍ ബിംബത്തിന് ഒടിവ്, പൊട്ടല്‍, മുതലായ വൈകല്യങ്ങളുണ്ടെന്ന് പറയണം.

'ഛേദഭേദാദികം' എന്നുള്ള ആദിശബ്ദപ്രയോഗംകൊണ്ടു ബിംബത്തിന് അഗ്നിസംബന്ധമായ ദൂഷ്യം, ശത്രുജനകമായ ദോഷം, അശുദ്ധി മുതലായവയും ചൊവ്വയെക്കൊണ്ട്  വിചാരിക്കാവുന്നതാണ്. ഇതുപോലെ ചൊവ്വയുടെ മറ്റു ഭാവാധിപത്യത്തെ ആശ്രയിച്ചും ബിംബത്തിന്‍റെ ദൂഷ്യങ്ങള്‍ ചിന്തിക്കേണ്ടതാണ്. 

ബിംബഭാവത്തില്‍ ലഗ്നം, അഞ്ചാം ഭാവം എന്നീ ഭാവങ്ങളില്‍) ശനി വന്നാല്‍ ബിംബത്തിനു വളരെ പഴക്കമുണ്ടെന്നും പുതുക്കേണ്ടതാണെന്നും പറയണം. പഴക്കം നിമിത്തം കേടുണ്ടോ ഇല്ലയോ എന്നു ശനിയുടെ ബലാബലംകൊണ്ടും ശനിയോട് ചേ൪ന്നു നില്‍ക്കുകയും നോക്കുകയും ചെയ്യുന്ന ഗ്രഹങ്ങളെക്കൊണ്ടും ചിന്തിച്ചുകൊള്ളേണ്ടതാണ്.

പതനം, അശുദ്ധി, നിന്ദ്യസാധനസംസ൪ഗ്ഗം, ക൪മ്മവിഘ്നംമൂലമുള്ള ദോഷം, ബന്ധനം മുതലായ ദോഷങ്ങളേയും മറ്റും ശനികൊണ്ട് ചിന്തിക്കാവുന്നതാണ്‌. 

ബിംബഭാവത്തില്‍ (ലഗ്നം, അഞ്ചാം ഭാവം എന്നീ ഭാവങ്ങളില്‍) രാഹുവോ ഗുളികനോ നിന്നാല്‍ ചേര മുതലായ ക്ഷുദ്രജന്തുക്കള്‍ ബിംബത്തില്‍ സ്പ൪ശിച്ചിട്ടുണ്ടെന്നു പറയണം.

കേതു ബിംബഭാവത്തില്‍ (ലഗ്നം, അഞ്ചാം ഭാവം എന്നീ ഭാവങ്ങളില്‍) നിന്നാല്‍ ശത്രുക്കളാല്‍ ക്ഷുദ്രസംബന്ധങ്ങളായ ചൂ൪ണ്ണപ്രയോഗം സാന്നിദ്ധ്യനാശത്തെ ഉദ്ദേശിച്ചു ബിംബത്തില്‍ ലേപനം ചെയ്യുകയോ മറ്റോ ഉണ്ടായിട്ടുണ്ടെന്നും പറയണം.

സൂര്യന്‍ ബിംബഭാവത്തില്‍ (ലഗ്നം, അഞ്ചാം ഭാവം എന്നീ ഭാവങ്ങളില്‍) വന്നാല്‍ കുരുമുളകരച്ച് ബിംബത്തില്‍ ലേപനം ചെയ്തു തന്മൂലം സാന്നിദ്ധ്യാദികള്‍ ക്ഷയിച്ചിരിക്കുന്നു എന്നും പറയണം.

പന്ത്രണ്ടാം ഭാവത്തില്‍ ഏതെങ്കിലും ഒരു പാപഗ്രഹം വന്നാല്‍ ബിംബത്തിനു അംഗവൈകല്യംമുണ്ടെന്നു തീ൪ച്ചയായും പറയേണ്ടതാണ്. 

എന്നാല്‍ ഉച്ചം, സ്വക്ഷേത്രം, മൂലക്ഷേത്രം മുതലായി പ്രാബല്യമുള്ള രാശികളില്‍ നില്‍ക്കുന്ന ഗ്രഹങ്ങളെക്കൊണ്ട് ചിന്തിക്കുന്ന ദോഷങ്ങള്‍ അല്പങ്ങളും 

നീചം, ശത്രുക്ഷേത്രസ്ഥിതി മുതലായ അനിഷ്ടാവകാശമുള്ള ഗ്രഹങ്ങളെക്കൊണ്ട് ചിന്തിക്കുന്ന ഗുണങ്ങള്‍ അല്പങ്ങളുമാണ്.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.