ആര്യാവര്‍ത്തത്തിലെ വിവാഹരീതി

കന്യക ഋതുമതിയായ ശേഷം മൂന്നുകൊല്ലം കഴിയുന്നതുവരെ ഭര്‍ത്താവിനെ അന്വേഷിച്ചുകൊണ്ടിരിക്കുകയും അതിനുശേഷം അനുരൂപനായ പുരുഷനെ ഭര്‍ത്താവായി വരിക്കുകയും ചെയ്യണമെന്ന്‌ മഹര്‍ഷി മനു പറയുന്നു. ആര്‍ത്തവം മാസംതോറുമാണ്‌. മൂന്നാണ്ടുകൊണ്ട്‌ മുപ്പത്താറു പ്രാവശ്യം രജസ്വലയായതിനുശേഷം കന്യക വിവാഹിതയാകുകയാണുചിതം. മുമ്പല്ല. ആണും പെണ്ണും മരണപര്യന്തം അവിവാഹിതരായിരിക്കട്ടെ. പക്ഷേ അസദൃശര്‍-അന്യോന്യം ചേര്‍ച്ചയില്ലാത്ത ഗുണകര്‍മ സ്വഭാവങ്ങളോടു കൂടിയവര്‍ തമ്മില്‍ വിവാഹം ഒരിക്കലും പാടില്ല. പ്രായം തികയുന്നതിനു മുമ്പോ ചേര്‍ച്ചയില്ലാത്തവര്‍ തമ്മിലോ വിവാഹം ചെയ്യുന്നത്‌ ശരിയല്ലെന്ന്‌ ഇതുകൊണ്ടു സിദ്ധിക്കുന്നു. വിവാഹം അച്ഛനമ്മമാരുടെ ഇഷ്ടം പോലെയോ കുട്ടികളുടെ ഇഷ്ടം പോലെയോ വേണ്ടതെന്നു ചോദിച്ചാല്‍ കുട്ടികളുടെ ഇഷ്ടമനുസരിച്ച്‌ വിവാഹം നടത്തുന്നതാണ്‌ ഉത്തമമെന്നു പറയാം. അച്ഛനമ്മമാര്‍ക്ക്‌ സമ്മതമാണെങ്കിലും കുട്ടികളുടെ സമ്മതമില്ലാതെ വിവാഹം നടത്തുന്നതു നല്ലതല്ല. പരസ്പര സംതൃപ്തിയോടുകൂടി വിവാഹം ചെയ്യുന്ന ദമ്പതിമാര്‍ക്ക്‌ പരസ്പര വിരോധം വളരെക്കുറച്ചു മാത്രമേ ഉണ്ടാവുകയുള്ളൂ. സന്താനങ്ങള്‍ അധികം നന്നായിരിക്കുകയും ചെയ്യും. അസംതൃപ്തിയോടു കൂടി നടത്തുന്ന വിവാഹം സദാ ദുഃഖപ്രദമാവുകയേ ഉള്ളൂ. വിവാഹത്തിന്റെ ഫലം അനുഭവിക്കേണ്ടവര്‍ വധൂവരന്മാരാണ്‌. മാതാപിതാക്കന്മാരല്ല. പരസ്പരം സ്നേഹമുണ്ടായാല്‍ സുഖവും വിരോധമുണ്ടായാല്‍ ദുഃഖവും ഭാര്യാഭര്‍ത്താക്കന്മാര്‍ക്കു മാത്രമേ ഉള്ളൂ. ഭര്‍ത്താവ്‌ ഭാര്യയോടും ഭാര്യ ഭര്‍ത്താവിനോടും സ്നേഹപൂര്‍വ്വം വര്‍ത്തിക്കുന്ന കുലത്തില്‍ സുഖവും ലക്ഷ്മിയും കീര്‍ത്തിയും നിവസിക്കുന്നു. പരസ്പരവിരോധവും കലഹവും ഉള്ളിടത്ത്‌ ദുഃഖവും ദാരിദ്ര്യവും ദുഷ്കീര്‍ത്തിയും കുടിയേറുന്നു. അതിനാല്‍ ആര്യാവര്‍ത്തത്തില്‍ പരമ്പരയായി നടന്നുവരുന്ന സ്വയംവരരീതിയാണ്‌ ഉത്തമം. വിവാഹിതരാകുവാന്‍ ആഗ്രഹിക്കുന്ന സ്ത്രീപുരുഷന്മാരുടെ വിദ്യ, വിനയം, സ്വഭാവം, രൂപം, വയസ്‌, ബലം, കുലം, ശരീരത്തിന്റെ വലുപ്പം തുടങ്ങിയ എല്ലാ അംശങ്ങളും പരസ്പരം യോജിക്കണം. യോജിപ്പില്ലെങ്കില്‍ വിവാഹത്തില്‍ ഒട്ടും സുഖം ഉണ്ടാവുകയില്ല. അതുപോലെ ബാല്യവിവാഹവും സുഖപ്രദമല്ല. ഏതൊരു പുരുഷന്‍ ഉപനയനം കഴിഞ്ഞവനും ബ്രഹ്മചര്യമനുഷ്ഠിച്ച്‌ ഉത്തമശിക്ഷണവും വിദ്യാഭ്യാസവും നേടിയവനും ഭംഗിയുള്ള വസ്ത്രം ധരിച്ചവനും ബ്രഹ്മചാരിയും പൂര്‍ണയൗവനത്തെ പ്രാപിച്ചവനുമായ ശേഷം വിദ്യാഭ്യാസം ചെയ്ത്‌ ഗൃഹസ്ഥാശ്രമത്തില്‍ പ്രവേശിക്കുന്നുവോ അവന്‍ തന്നെ വിദ്യയാകുന്ന രണ്ടാം ജന്മത്തില്‍ പ്രശസ്തനായി ശ്രേയസ്സുള്ളവനും മംഗളപ്രദനുമായി ഭവിക്കുന്നു. ശരിയായ ധ്യാനയുക്തമായ വിജ്ഞാനത്താല്‍ വിദ്യാഭിവൃദ്ധിയെ ഇച്ഛിക്കുന്നവരും ധൈര്യമുള്ളവരുമായ വിദ്വാന്മാര്‍ അവനെയാണ്‌ ഉന്നതപദവിയില്‍ പ്രതിഷ്ഠിക്കുന്നത്‌. ബ്രഹ്മചര്യം അനുഷ്ഠിച്ച്‌ വിദ്യയും ശിക്ഷണവും സമ്പാദിക്കാതെയോ ബാല്യാവസ്ഥയിലോ വിവാഹം ചെയ്യുന്ന സ്ത്രീ പുരുഷന്മാര്‍ തീരെ അധഃപതിച്ച്‌ സജ്ജനങ്ങള്‍ക്ക്‌ ആദരവില്ലാതെയായിത്തീരുന്നു. ആരും കറന്നിട്ടില്ലാത്ത പശുക്കളെപ്പോലെ ബാല്യാവസ്ഥാരഹിതരും സകല സത്പ്രവൃത്തികളിലും സമര്‍ഥരും കൗമാരദശയെ അതിക്രമിച്ചവരും ഏറ്റവും പുതിയ ശിക്ഷണങ്ങളാലും അവസ്ഥകളാലും പരിപൂര്‍ണകളും ആയിരിക്കുന്ന പൂര്‍ണയൗവനത്തോടുകൂടിയ സ്ത്രീകള്‍ ബ്രഹ്മചര്യാദി വ്രതങ്ങളോടു കൂടിയ പൂര്‍ണവിദ്വാന്മാരുടെ അദ്വിതീയമായും വിശാലമായും ശാസ്ത്രാധ്യയനം കൊണ്ടു സംസ്കരിച്ച ബുദ്ധിയില്‍ രമിക്കുന്നു എന്ന ഭാവാര്‍ഥത്തെ ഗ്രഹിച്ചവളായും തരുണനായ ഭര്‍ത്താവിനെപ്രാപിക്കുകയും ചെയ്ത്‌ ഗര്‍ഭം ധരിക്കട്ടെ. ബാല്യകാലത്ത്‌ ഒരിക്കലും പുരുഷനെ മനസാപോലും സ്മരിക്കരുത്‌. എന്തെന്നാല്‍, ഇഹലോകത്തിലും പരലോകത്തിലും സുഖമുളവാക്കുന്ന കര്‍മം ഇതൊന്നുമാത്രമാണ്‌. ബാല്യവിവാഹം കൊണ്ട്‌ പുരുഷന്മാര്‍ക്കുണ്ടാകാവുന്നതിലും നാശം സ്ത്രീകള്‍ക്കുണ്ടാകും. എങ്ങനെ വേഗം അത്യന്തം പരിശ്രമിക്കുന്നവരും വീര്യസേചനം ചെയ്യുന്നതില്‍ സമര്‍ഥരും പൂര്‍ണയൗവനത്തോടുകൂടിയവരുമായ പുരുഷന്മാര്‍ യൗവനയുക്തകളും മനസിനിണങ്ങിയവരുമായ ഭാര്യമാരെ പ്രാപിച്ചിട്ട്‌, നൂറു വര്‍ഷമോ അധികമോ കാലം ആനന്ദമനുഭവിച്ച്‌, പുത്രപൗത്രാദികളോടുകൂടി വസിക്കുന്നതുപോലെ സ്ത്രീപുരുഷന്മാര്‍ സദാ വര്‍ത്തിക്കണം.

മുമ്പുള്ള ഋതുക്കളും വാര്‍ധക്യത്തെ ഉണ്ടാക്കുന്നവയായ ഉഷസും രാത്രിയും പകലും ശരീരങ്ങളുടെ ശോഭയെ ദൂരീകരിച്ചു ദൗര്‍ബല്യത്തെയും വാര്‍ദ്ധക്യത്തേയും ഉണ്ടാക്കിയിരുന്നതുപോലെ സ്ത്രീയും പുരുഷനും നല്ലവണ്ണം നിശ്ചയിച്ച്‌, ബ്രഹ്മചര്യപൂര്‍വ്വം വിദ്യയേയും ശിക്ഷണത്തേയും ശരീരശക്തിയേയും ആത്മബലത്തേയും സമ്പാദിച്ച്‌, യൗവനം പ്രാപിച്ചതിനുശേഷം മാത്രമേ വിവാഹം ചെയ്കയുള്ളൂ. ഇതിന്‌ വിപരീതമായ വിവാഹം വേദവിരുദ്ധമാകയാല്‍ ഒരിക്കലും സുഖപ്രദമാവുകയില്ല. ഋഷിമാരും മുനിജനങ്ങളും രാജാക്കന്മാരും മഹാരാജാക്കന്മാരും മറ്റുശ്രേഷ്ഠന്മാരും ഇങ്ങനെ ബ്രഹ്മചര്യത്തോടുകൂടി വിദ്യാഭ്യാസം ചെയ്തശേഷം മാത്രം സ്വയംവരസമ്പ്രദായത്തില്‍ വിവാഹം ചെയ്തുപോന്ന കാലത്ത്‌ ഈ രാജ്യം അഭ്യുദയത്തെ പ്രാപിച്ചുവന്നു. ബ്രഹ്മചര്യപൂര്‍വ്വം വിദ്യാഭ്യാസമില്ലാതാവുകയും മാതാപിതാക്കന്മാരുടെ ഇഷ്ടാനുസരണം വിവാഹം ചെയ്യാനും തുടങ്ങിയ കാലം മുതല്‍ക്ക്‌ ഈ ആര്യാവര്‍ത്ത ദേശത്തിന്റെ അധഃപതനം ക്രമമായി തുടങ്ങി. അതിനാല്‍ ഈ ദുഷ്ടസമ്പ്രദായം ത്യജിച്ച്‌, നല്ലവര്‍ സ്വയംവരരീതി സ്വീകരിക്കണം. ഈ വിവാഹം വര്‍ണാനുക്രമത്തിലും വര്‍ണാനുക്രമം ഗുണ-കര്‍മ-സ്വഭാവങ്ങളെ അനുസരിച്ചുള്ളതുമായിരിക്കണം. അബ്രാഹ്മണരുടെ മക്കള്‍ക്ക്‌ ഒരിക്കലും ബ്രാഹ്മണരാകുവാന്‍ സാധിക്കുകയില്ലേ എന്നു ചോദിച്ചാല്‍ അബ്രാഹ്മണരുടെ മക്കള്‍ക്കും ബ്രാഹ്മണരാകാന്‍ സാധിക്കുമെന്നാ ണ്‌ ഉത്തരം. അനേകം പേര്‍ അങ്ങനെ മുന്‍കാലത്ത്‌ ബ്രാഹ്മണരായിട്ടുണ്ട്‌. ഇപ്പോള്‍ ബ്രാഹ്മണരാകുന്നുമുണ്ട്‌; മേലില്‍ ബ്രാഹ്മണരാവുകയും ചെയ്യും. ഛാന്ദോഗ്യോപനിഷത്തില്‍, അച്ഛന്റെ ജാതി ഏതാണെന്നറിഞ്ഞുകൂടാത്ത ജാബാലഋഷിയും മഹാഭാരതത്തില്‍ ക്ഷത്രിയ ജാതിയില്‍ ജനിച്ച വിശ്വാമിത്രന്‍ ചണ്ഡാള ജാതിയില്‍ പിറന്ന മാതംഗമുനി എന്നിവരും ബ്രാഹ്മണരായവരാണെന്നു പറഞ്ഞിട്ടുണ്ട്‌. വിദ്വാന്മാരും സത്സ്വഭാവികളുമായവര്‍ തന്നെയാണ്‌ ബ്രാഹ്മണരായിരിക്കാന്‍ യോഗ്യര്‍. പഠിപ്പും സ്വഭാവഗുണവുമില്ലാത്ത മൂഢന്മാര്‍ ശൂദ്രരാണ്‌. ഭാവിയിലും അങ്ങനെതന്നെ.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.