രോഗം ശമിച്ചു അവൾ / അവൻ ദീർഘായുസ്സായി ഭവിക്കുമെന്നും പറയണം

ദേവേ ദക്ഷിണഭാഗഗേƒഥ പുരുഷേ രോഗാതുരേ ദക്ഷിണേ
സ്ഥിത്വാ പൃച്ഛതി പൃച്ഛകേƒഥ പുരുഷോ ജീവത്യരോഗശ്ചിരം
വാമായാം തു രുജാകുലീകൃതതനൗ വാമാശ്രിതേ ചേശ്വരേ
വാമേ പൃച്ഛതി ചേദ്ദൃഢം ഗതഗദാ വാമാ ചിരം ജീവതി.

സാരം :-

പുരുഷൻ രോഗത്തിൽ കിടക്കുമ്പോൾ ആ രോഗകാര്യത്തെപ്പറ്റി ചോദിപ്പാനായി വേറൊരു പുരുഷൻ വലതുഭാഗത്തു നിന്നു ചോദിക്കയും അപ്പോഴത്തെ ശ്വാസം വലതുഭാഗത്തിലായി വരികയും ചെയ്‌താൽ രോഗം ശമിച്ച് അയാൾ സുഖത്തോടുകൂടി ദീർഘായുസ്സായി ഭവിക്കുമെന്നും സ്ത്രീ രോഗാവസ്ഥയിൽ ഇരിക്കുമ്പോൾ ആ രോഗത്തെപ്പറ്റി ചോദിച്ചറിവാനായി ഒരു സ്ത്രീതന്നെ ഇടത്തുഭാഗത്തു ചെന്നുനിന്നു ചോദിക്കയും അപ്പോൾ ശ്വാസം ഇടത്തുവശത്തായിരിക്കയും ചെയ്‌താൽ രോഗിണിയുടെ . 

ശ്വാസം ഇടത്തെ നാഡിയിൽകൂടി പുറപ്പെടുന്ന സമയം നോക്കിവേണം ഏതെങ്കിലും കാര്യസാദ്ധ്യത്തിനായി എവിടെ എങ്കിലും പുറപ്പെടേണ്ടത്

നിർഗമേ തു ശുഭദാ ഭവേദിഡാ പിംഗലാ തു ശുഭദാ പ്രവേശനേ
യോഗസാധനവിധൗ തു മധ്യമാ ശംസ്യതേ ന തു പരേഷു കർമസു.

സാരം :-

ശ്വാസം ഇടത്തെ നാഡിയിൽകൂടി പുറപ്പെടുന്ന സമയം നോക്കിവേണം ഏതെങ്കിലും കാര്യസാദ്ധ്യത്തിനായി എവിടെ എങ്കിലും പുറപ്പെടേണ്ടത്.

വലത്തെ നാഡിയിൽകൂടി ശ്വാസം പുറപ്പെടുന്ന സമയം നോക്കിവേണം കാര്യസാദ്ധ്യത്തിൽ ഉദ്ദിഷ്ടമായ സ്ഥാനത്ത് പ്രവേശിക്കേണ്ടത്.

ഇങ്ങനെ യാത്രചെയ്കയും പ്രവേശിക്കയും ചെയ്‌താൽ അതു സഫലമായിത്തീരുന്നതാണ്. രണ്ടു നാസാരന്ധ്രങ്ങളിലും സ്വല്പമായും അപ്പോൾ മദ്ധ്യേ ഊർദ്ധ്വമുഖിയായി പുറപ്പെടുന്ന ശ്വാസത്തെയാണ് സുഷുമ്ന എന്നു പറയുന്നത്. ഇത് ഈ യോഗം പരിശീലിക്കുന്നവർ അറിയേണ്ടതാണ്. മറ്റുള്ള കർമ്മങ്ങൾക്ക്‌ ഈ നാഡി ഉപയോജ്യമല്ല. നാഡികളുടെ ഗതിഭേദങ്ങൾ യോഗികൾക്കു മാത്രമേ നല്ലപോലെ അറിവാൻ കഴിയൂ.

രാമായണ പ്രശ്നോത്തരി - 6

79. ദശരഥൻ പരിവാരസമേതം അയോദ്ധ്യയിൽ തിരിച്ചെത്തിയശേഷം ഭരതശത്രുഘ്നന്മാർ എവിടെക്കായിരുന്നു പോയത്?
കേകയരാജ്യം

80. ഭരതന്റെ മാതുലന്റെ പേരെന്ത്?
യുധാജിത്ത്

81. മഹാവിഷ്ണു മനുഷ്യനായി അവതരിച്ചത് പ്രധാനമായും ആരുടെ പ്രാർത്ഥനയെ മാനിച്ചായിരുന്നു?
ബ്രഹ്മാവ്‌

82. ശ്രീരാമാവതാരം ഉണ്ടായത് ഏത് യുഗത്തിലായിരുന്നു?
ത്രേതായുഗം

83. ശ്രീരാമന്ന് രാഘവൻ എന്നപേർ ലഭിച്ചത് ആരുടെ വംശത്തിൽ ജനിച്ചതിനാലായിരുന്നു?
രഘു

84. ആദ്ധ്യാത്മരാമായണത്തിൽ രണ്ടാമത്തെ കാണ്ഡം ഏത്?
അയോദ്ധ്യാകാണ്ഡം

85. സീതാദേവിയോടുകൂടി അയോദ്ധ്യയിൽ വസിക്കുന്ന ശ്രീരാമനെ ദർശിക്കാൻ എത്തിയ മഹർഷി ആരായിരുന്നു?
ശ്രീ നാരദൻ

86. ശ്രീ നാരദമഹർഷി ശ്രീരാമനെ സന്ദർശിച്ചത് എന്തുകാര്യം ഓർമ്മിപ്പിക്കുവാനായിരുന്നു?
അവതാരോദ്ദേശം

87. ദശരഥൻ യുവരാജാവായി അഭിഷേകം ചെയ്യുവാൻ ഉദ്ദേശിച്ചത് ആരെയായിരുന്നു?
ശ്രീരാമൻ

88. ശ്രീരാമാഭിഷേകത്തിനുള്ള ഒരുക്കങ്ങൾ ചെയ്യുവാൻ ദശരഥൻ ചുമതലപ്പെടുത്തിയത് ആരെയായിരുന്നു?
സുമന്ത്രർ

89.  "ഹസ്ത്യശ്വപത്തിരഥാദിമഹാബലം" ഇത് ഏതു പേരിൽ അറിയപ്പെടുന്നു?
ചതുരംഗപ്പട

90. രാമാഭിഷേകം മുടക്കുവാൻ ദേവന്മാർ സമീപിച്ചത് ആരെയായിരുന്നു?
സരസ്വതി

91. രാമാഭിഷേകം മുടക്കുവാൻ കൈകേയിയെ പ്രലോഭിച്ചത് ആരായിരുന്നു?
മന്ഥര

92. ദശരഥൻ കൈകേയിക്ക് വരങ്ങൾ കൊടുത്ത സന്ദർഭം ഏതായിരുന്നു?
ദേവാസുരയുദ്ധം

93. യുദ്ധഭൂമിയിൽവെച്ച് ദശരഥന്റെ രഥത്തിന് എന്ത് സംഭവിച്ചു?
ചക്രത്തിന്റെ കീലം നഷ്ടപ്പെട്ടു

94. യുദ്ധഭൂമിയിൽ വെച്ചു ദശരഥന്റെ രഥചക്രത്തിന്റെ കീലം നഷ്ടപ്പെട്ടപ്പോൾ കൈകേയി ആ സ്ഥാനത്ത് എന്തായിരുന്നു വെച്ചത്?
സ്വന്തം ചെറുവിരൽ

95. കൈകേയി, ദശരഥനിൽ നിന്ന് തനിക്ക് ലഭിച്ച വരങ്ങൾകൊണ്ട് നിർദ്ദേശിച്ചത് എന്തെല്ലാം കാര്യങ്ങളായിരുന്നു?
ഭരതന് രാജ്യഭാരം, ശ്രീരാമന് വനവാസം

96. രാമാഭിഷേകം മുടങ്ങിയെന്നു കണ്ടപ്പോൾ ഏറ്റവും ക്ഷോഭിച്ചത് ആരായിരുന്നു?
ലക്ഷ്മണൻ

97. ശ്രീരാമന്റെ വനവാസകാലം എത്ര വർഷമായിരുന്നു?
പതിനാല് 

ഇഡ, പിംഗല, സുഷുമ്ന

ഇഡാ വാമാ ഭവേന്നാഡീ സോമസ്യാർക്കസ്യ ദക്ഷിണാ
പിംഗലാഖ്യ സുഷുമ്നാഖ്യാ മധ്യമാഗ്നേരുദീരിതാ.

സാരം :-

മൂക്കിന്റെ ഇടത്തെ ദ്വാരത്തെ ഇഡ എന്നും അതിന്റെ ദേവത ചന്ദ്രൻ എന്നും പറയപ്പെടുന്നു. 

മൂക്കിന്റെ വലത്തെ ദ്വാരത്തെ പിംഗല എന്ന് പറയും. അതിന്റെ ദേവത സൂര്യനാകുന്നു. 

മൂക്കിന്റെ നടുവിൽകൂടിയുള്ള ശ്വാസഗതിക്കു സുഷുമ്ന എന്ന് പറയും അതിന്റെ ദേവത അഗ്നിയാകുന്നു.

രാമായണ പ്രശ്നോത്തരി - 5

68. സീതാ സ്വയംവരം കഴിഞ്ഞ് അയോദ്ധ്യയിലേക്കു മടങ്ങുമ്പോൾ ശ്രീരാമാദികളെ നേരിട്ടത് ആരായിരുന്നു?
പരശുരാമൻ

69. പരശുരാമന്റെ വംശം ഏതായിരുന്നു?
ഭൃഗുവംശം

70. പരശുരാമന്റെ മാതാപിതാക്കന്മാർ ആരായിരുന്നു?
രേണുക, ജമദഗ്നി

71. പരശുരാമൻ ആരുടെ അവതാരമായിരുന്നു?
മഹാവിഷ്ണു

72. പരശുരാമന്റെ പ്രധാന ആയുധം എന്തായിരുന്നു?
പരശു (വെണ്മഴു)

73. പരശുരാമൻ ആരുടെ ശിക്ഷ്യനായിരുന്നു?
പരമശിവൻ

74. പരശുരാമനാൽ വധിക്കപ്പെട്ട പ്രസിദ്ധനായ രാജാവ് ആരായിരുന്നു?
കാർത്തവീര്യാർജ്ജുനൻ

75. പരശുരാമനാൽ ഇരുപത്തിയൊന്നുവട്ടം കൊന്നൊടുക്കപ്പെട്ടത് ഏത് വംശക്കാരായിരുന്നു?
ക്ഷത്രിയവംശം

76. പരശുരാമൻ തപസ്സുചെയ്തുകൊണ്ടിരിക്കുന്നത് എവിടെയാണ്?
മഹേന്ദ്രപർവ്വതം

77. പരശുരാമനിലുണ്ടായിരുന്ന ഏത് ദേവാംശമാണ് ശ്രീരാമനിലേയ്ക്ക് പകർത്തപ്പെട്ടത്?
വൈഷ്ണവാംശം

78. പരശുരാമൻ ശ്രീരാമന് നൽകിയ ചാപം ഏതായിരുന്നു?
വൈഷ്ണവചാപം

ഭൂമിരൂപമായോ ജലരൂപമായോ ഇരിക്കുന്ന ശ്വാസം ഏതൊരുഭാഗത്തുകൂടിയാണ് സഞ്ചരിക്കുന്നത്

ഭാഗേ യത്ര മരുൽസ്ഥിതിഃ പുനരിഹ ക്ഷോണ്യാം ജലേ വാ യദാ
ഭാഗേ തത്ര തദേക്ഷ്യതേ യദി പുമാൻ ജ്യോതിർവിദാ കശ്ചന
ദീർഘായുർഗുണവൽകളത്രതനയഃ പുഷ്യദ്ധനശ്ചാധികം
വിജ്ഞേയഃ സ തഥാ സ്ത്രീയോƒപി വിപരീതേƒതഃ ഫലം ചാന്യഥാ.

സാരം :-

ജ്യോതിഷക്കാരൻ ഫലജിജ്ഞാസുവായ ഒരുവനെക്കണ്ടാലുടനെ ശ്വാസപരീക്ഷചെയ്തു ശ്വാസത്തിന്റെ നാഡീഭേദത്തെയും ഭൂതഭേദത്തെയും അറിഞ്ഞിട്ടു വായു ജലഭൂതമോ പൃഥിവീഭൂതമോ ആയിരുന്നാൽ, ആ മനുഷ്യനെ കണ്ടതു വായുവുള്ളഭാഗത്താണെന്നും വന്നാൽ ആ പൃച്ഛകൻ ധനസമൃദ്ധിയോടുകൂടി ഗുണമുള്ള ഭാര്യമാരോടും പുത്രന്മാരോടും ഒരുമിച്ചു ദീർഘായുസ്സായിട്ടിരിക്കും എന്നറിയണം. സ്ത്രീകളായാലും നല്ല ഭർത്താവിനോടും പുത്രന്മാരോടും ഒരുമിച്ചു ധനസമൃദ്ധിയോടുകൂടി ദീർഘായുസ്സായിരിക്കുമെന്നു പറയണം. ഇതിനു വിപരീതമായാൽ, എന്നാൽ വായു അഗ്നിമയമോ വായുമയമോ ആകാശമയമോ ആയിരിക്കയും വായുവില്ലാത്ത ഭാഗത്തുള്ള പൃച്ഛകനെ കാണുകയും ചെയ്‌താൽ അവൻ ദരിദ്രനായി ഭാര്യാനാശം, പുത്രനാശം ഇതുകളനുഭവിച്ചു നശിച്ചുപോകുമെന്നും പറയണം. സ്ത്രീയാണ് എങ്കിലും ഇതുപോലെ ഊഹിച്ചു ഫലം പറഞ്ഞുകൊള്ളുക. 

രാമായണ പ്രശ്നോത്തരി - 4

52. ശ്രീരാമനാൽ ശാപമോക്ഷം നൽകപ്പെട്ട മുനിപത്നി ആരായിരുന്നു?
അഹല്യ

53. അഹല്യയുടെ ഭർത്താവായ മഹർഷി ആരായിരുന്നു?
ഗൗതമൻ

54. അഹല്യയെ കബളിപ്പിക്കാൻ ചെന്ന ദേവൻ ആരായിരുന്നു?
ദേവേന്ദ്രൻ

55. അഹല്യ ഗൗതമശാപത്താൽ ഏതു രൂപത്തിലായിത്തീർന്നു?
ശില

56. അഹല്യയുടെ പുത്രൻ ആരായിരുന്നു?
ശതാനന്ദൻ

57. അഹല്യ ശാപവിമുക്തയായ ശേഷം രാമലക്ഷ്മണന്മാരെ വിശ്വാമിത്രൻ കൂട്ടിക്കൊണ്ടുപോയത് എവിടേക്കായിരുന്നു?
മിഥിലാപുരി

58. മിഥിലയിലെ രാജാവ് ആരായിരുന്നു?
ജനകൻ

59. വിശ്വാമിത്രൻ രാമലക്ഷ്മണന്മാരെ മിഥിലയിലേക്കു കൂട്ടിക്കൊണ്ടുപോയത് എന്ത് ദർശിക്കുവാനായിരുന്നു?
ശൈവചാപം

60. ജനകമഹാരാജാവിന്റെ പുത്രിയുടെ പേരെന്തായിരുന്നു?
സീത

61. ജനകമഹാരാജാവിന് പുത്രിയെ ലഭിച്ചത് എവിടെ വെച്ചായിരുന്നു?
ഉഴവുചാൽ

62. സീതാദേവിയെ വിവാഹം ചെയ്യുവാൻ വീര പരീക്ഷയായി ജനകൻ നിശ്ചയിച്ചത് എന്തായിരുന്നു?
ശൈവചാപഭഞ്ജനം

63. വസിഷ്ഠന്റെ പത്നി ആരായിരുന്നു?
അരുന്ധതി

64. ലക്ഷ്മണൻ വിവാഹം ചെയ്ത കന്യകയുടെ പേരെന്തായിരുന്നു?
ഊർമ്മിള

65. ഭരതന്റെ പത്നിയുടെ പേരെന്ത്?
മാണ്ഡവി

66. ശത്രുഘ്നന്റെ പത്നിയുടെ പേരെന്ത്?
ശ്രുതകീർത്തി

67. സീതയായി ജനിച്ചത് ഏത് ദേവിയായിരുന്നു?
മഹാലക്ഷ്മി

ശ്വാസം അറിഞ്ഞ് നഷ്ടദ്രവ്യം ഇരിക്കുന്ന സ്ഥാനം പറയേണ്ടതാണ്

ഭൂമൗ നിഖാതമവനേരുദയേ ജലേƒപാം
വാതസ്യ ധൂമവതി ഖസ്യ തഥോർധ്വദേശേ
ഭൂപൃഷ്ഠഗം ഹുതഭൂജഃ ഖലു വസ്തു നഷ്ടം
ബ്രൂയാൽ കൃതേഹ യദി നഷ്ടപദാർത്ഥചിന്താ.

സാരം :-

ദൈവജ്ഞനോട്‌ മോഷണപ്രശ്നത്തെക്കുറിച്ചു ചോദിക്കയാണെങ്കിൽ അപ്പോഴത്തെ ശ്വാസം അറിഞ്ഞ് നഷ്ടദ്രവ്യം ഇരിക്കുന്ന സ്ഥാനം പറയേണ്ടതാണ്. എങ്ങിനെ എന്നാൽ അപ്പോഴത്തെ ശ്വാസം പൃഥിവിഭൂതമാണെങ്കിൽ ഭൂമിയിൽ കുഴിച്ചിട്ടിരിക്കുന്നു എന്നും ജലഭൂതമാണെങ്കിൽ വെള്ളത്തിനടിയിൽ വെച്ചിരിക്കുന്നു എന്നും വായു ഭൂതമായാൽ പുക ഏൽക്കുന്ന പ്രദേശത്തു ഇരിപ്പുണ്ടെന്നും ആകാശഭൂതമായാൽ വൃക്ഷാദികളുടേയോ മറ്റൊ മുകളിൽ ഉണ്ടെന്നും അഗ്നിഭൂതമായാൽ ഭൂമിയുടെ മുകളിൽ തന്നെ ഇരുപ്പുണ്ടെന്നും പറയാം.

************************************

ഐന്ദ്ര്യാദ്യാസ്തു ദിശോ ജ്ഞേയാഃ
പൃഥിവ്യദ്യുദയൈഃ ക്രമാൽ
ആകാശോദയതോ മദ്ധ്യം
നഷ്ടം തത്രൈവ വാ സ്ഥിതം

സാരം :-

നഷ്ടദ്രവ്യത്തെപ്പറ്റി ചോദിക്കുമ്പോൾ ശ്വാസം പൃഥിവിഭൂതമായിരുന്നാൽ കിഴക്കേദിക്കിലാണെന്നും ജലഭൂതമായാൽ തെക്കേദിക്കിലെന്നും അഗ്നിഭൂതമായാൽ പടിഞ്ഞാറെന്നും വായുഭൂതമായാൽ വടക്കെന്നും ആകാശഭൂതമായാൽ മദ്ധ്യപ്രദേശത്താണെന്നും പറയണം.

കഴിഞ്ഞ പദ്യംകൊണ്ട് പൃഥിവീഭൂതമായ ശ്വാസംകൊണ്ട് ഭൂമിയിൽ കുഴിച്ചിട്ടിരിക്കുന്നുവെന്നും ഈ പദ്യംകൊണ്ടു അതു കിഴക്കേ ദിക്കിലാണെന്നും വന്നു. അങ്ങിനെ ക്രമമായി വിചാരിച്ചുകൊള്ളുക.

രാമായണ പ്രശ്നോത്തരി - 3

32. ദശരഥപുത്രന്മാരിൽ മഹാവിഷ്ണുവിന്റെ അധികാംശംകൊണ്ട് ജനിച്ചത് ആരായിരുന്നു?
ശ്രീരാമൻ

33. ശ്രീരാമന്റെ മാതാവ് ആരായിരുന്നു?
കൗസല്യ

34. ശ്രീരാമൻ അവതരിച്ച നക്ഷത്രവും തിഥിയും ഏതെല്ലാമായിരുന്നു?
നക്ഷത്രം - പുണർതം, തിഥി - നവമി

35. ശ്രീരാമന്റെ അവതാരസമയത്ത് എത്രഗ്രഹങ്ങൾ ഉച്ചസ്ഥിതിയിലായിരുന്നു?
അഞ്ച്

36. മഹാവിഷ്ണുവിന്റെ കയ്യിലുള്ള ശംഖിന്റെ പേരെന്ത്?
പാഞ്ചജന്യം

37. മഹാവിഷ്ണുവിന്റെ ശംഖിന്റെ അംശം ദശരഥപുത്രന്മാരിൽ ആരായിട്ടായിരുന്നു ജനിച്ചത്?
ഭരതൻ

38. ആദിശേഷന്റെ അംശം ദശരഥപുത്രന്മാരിൽ ആരായിട്ടായിരുന്നു ജനിച്ചത്?
ലക്ഷ്മണൻ

39. ശത്രുഘ്നനായി അവതരിച്ചത് മഹാവിഷ്ണുവിന്റെ ഏത് ആയുധത്തിന്റെ അംശമായിരുന്നു?
ചക്രം (സുദർശനം)

40. കൈകേയിയുടെ പുത്രൻ ആരായിരുന്നു?
ഭരതൻ

41. ദശരഥപുത്രന്മാരിൽ ഏറ്റവും ഇളയവൻ ആരായിരുന്നു?
ശത്രുഘ്നൻ

42. ദശരഥപത്നിമാരിൽ ഇരട്ടക്കുട്ടികളെ പ്രസവിച്ചത് ആരായിരുന്നു?
സുമിത്ര

43. സുമിത്രയുടെ പുത്രന്മാർ ആരെല്ലാമായിരുന്നു?
ലക്ഷ്മണശത്രുഘ്നന്മാർ

44. ദശരഥപുത്രന്മാരുടെ ജാതകർമ്മം, നാമകരണം തുടങ്ങിയ സംസ്കാരങ്ങൾ നടത്തിയത് ആരായിരുന്നു?
വസിഷ്ഠൻ

45. യാഗരക്ഷയ്ക്കായി രാമലക്ഷ്മണന്മാരെ തന്റെ കൂടെ അയയ്ക്കുവാൻ ദശരഥനോട്‌ അഭ്യർത്ഥിച്ചത് ആരായിരുന്നു?
വിശ്വാമിത്രൻ

46. വിശപ്പും ദാഹവും അറിയാതിരിക്കാനായി വിശ്വാമിത്രൻ രാമാലക്ഷ്മണന്മാർക്ക് ഉപദേശിച്ച മന്ത്രങ്ങൾ ഏവ?
ബല, അതിബല

47. ശ്രീരാമനാൽ ആദ്യമായി വധിയ്ക്കപ്പെട്ട രാക്ഷസി ആരായിരുന്നു?
താടക

48. താടക മുജ്ജന്മത്തിൽ ആരായിരുന്നു?
യക്ഷി

49. വിശ്വാമിത്രന്റെ യാഗം മുടക്കുവാൻ എത്തിയ രാക്ഷസന്മാർ ആരെല്ലാമായിരുന്നു?
മാരീചൻ, സുബാഹു

50. വിശ്വാമിത്രന്റെ യാഗം മുടക്കുവാൻ എത്തിയ രാക്ഷസന്മാരിൽ ശ്രീരാമനാൽ വധിക്കപ്പെട്ടവൻ ആരായിരുന്നു?
സുബാഹു

51. വിശ്വാമിത്രൻ യാഗം നടത്തിയ ആശ്രമപ്രദേശത്തിന്റെ പേരെന്തായിരുന്നു?
സിദ്ധാശ്രമം

ശ്വാസം അഗ്നിഭൂതമായാൽ / വായുഭൂതമാണെങ്കിൽ / ആകാശഭൂതമായാൽ

വഹ്നിർവാരിഭയായുധക്ഷതിശരീരാരുർഗൃഹപ്ലോഷണം
പാതം വാ ശിശുകാദികസ്യ ദഹനേ കുര്യാദ്ഭജേതേശ്വരം
വായുശ്ചോരഭയം പലായനമപി സ്ഥാനം വിസൃജ്യാത്മനോ
ദന്ത്യശ്വാദ്യധിരോഹണം ച വിതരേദ്വ്യോമോദയശ്ചേൽ പുനഃ

മന്ത്രാദേരൂപദേശലബ്ധിരസകൃദ്ദേവപ്രതിഷ്ഠാപനം
ദീക്ഷാ വ്യാധിസമുദ്ഭവശ്ച നിതരാം പീഡാ തനൗ സന്തതം
വിജ്ഞേയം ഖലു ഭൂതപഞ്ചകഫലം നാഡ്യോഃ സമം ചോഭയോഃ
ശ്വാസഃ സംഹതദീർഗ്ഘ ഇഷ്ട ഉദിതഃ ശിര്യച്ഛിഖോ നേഷ്ടദഃ

സാരം :-

ശ്വാസം അഗ്നിഭൂതമായാൽ ശത്രുഭയവും ആയുധങ്ങളെക്കൊണ്ട് മുറിവും ഗൃഹത്തിനും കുട്ടികൾ മുതലായവർക്കും അഗ്നിബാധ പതനം അന്യദേശഗമനം ഇവയും ഫലമാകുന്നു. ഈ ദോഷനിവൃത്തിക്കായി ഈശ്വരനെ ഭജിക്കണം.

ശ്വാസം വായുഭൂതമാണെങ്കിൽ കള്ളന്മാരിൽനിന്നു ഭയപ്പെട്ട് തന്റെ വീടുവിട്ട് മറ്റൊരുദിക്കിൽ പോകുകയും ആന കുതിര മുതലായ വാഹനങ്ങളിൽ കയറുവാൻ ഇടവരികയും ചെയ്യും.

ആകാശഭൂതമായ ശ്വാസമാണെങ്കിൽ മന്ത്രങ്ങൾ മുതലായവയുടെ ഉപദേശങ്ങൾ സിദ്ധിക്കുന്നതിനും ദേവനെ പ്രതിഷ്ഠിപ്പാനും ശരീരമായി ദുഃഖിപ്പാനും ദീക്ഷ എടുപ്പാനും ഇടവരുന്നതാണ്. ഇങ്ങിനെ ഭൂതങ്ങളെപ്പറ്റി പറഞ്ഞവ ഇഡ പിംഗലാ എന്നുള്ള നാഡീവിശേഷം പറയ്കയാൽ രണ്ടു നാഡികളും ഒന്നുപോലെ എന്നു അറിയണം. ശ്വാസം ചിതറിപ്പുറപ്പെടുന്നത് അശുഭവും തടിച്ചുനീണ്ടു പുറപ്പെടുന്നത് ശുഭവുമാകുന്നു. 

രാമായണ പ്രശ്നോത്തരി - 2

15. ദശരഥമഹാരാജാവിന്റെ മൂലവംശമേത്?
സൂര്യവംശം

16. ദശരഥമഹാരാജാവിന്റെ പിതാവ് ആരായിരുന്നു?
അജമഹാരാജാവ്

17. ദശരഥ മഹാരാജാവ് വാണിരുന്ന രാജ്യത്തിന്റെ പേരെന്ത്?
കോസലം

18. ദശരഥ മഹാരാജാവിന്റെ രാജ്യത്തിന്റെ തലസ്ഥാനം ഏതായിരുന്നു?
അയോദ്ധ്യ

19. സൂര്യവംശത്തിന്റെ കുലഗുരു ആരായിരുന്നു?
വസിഷ്ഠൻ

20. ദശരഥ മഹാരാജാവിന്റെ മന്ത്രിമാരിൽ പ്രധാനി ആരായിരുന്നു?
സുമന്ത്രർ

21. ദശരഥമഹാരാജാവിന്റെ പത്നിമാർ ആരെല്ലാമായിരുന്നു?
കൗസല്യ, കൈകേയി, സുമിത്ര

22. ദശരഥന്റെ പുത്രിയുടെ പേരെന്തായിരുന്നു?
ശാന്ത

23. ദശരഥപുത്രിയായ ശാന്തയെ വളർത്തുപുത്രിയായി നൽകിയത് ആർക്കായിരുന്നു?
രോമപാദൻ

24. ദശരഥപുത്രിയായ ശാന്തയെ വിവാഹം ചെയ്തത് ആരായിരുന്നു?
ഋഷ്യശൃംഗമഹർഷി

25. കൈകേയി ഏതു രാജ്യത്തിലെ രാജാവിന്റെ പുത്രിയായിരുന്നു?
കേകയം

26. പുത്രന്മാർ ഉണ്ടാകാനായി ദശരഥൻ എന്ത് കർമ്മമാണ് അനുഷ്ഠിച്ചത്?
പുത്രകാമേഷ്ടി

27. ദശരഥന് പുത്രലബ്ധിക്കുള്ള ഉപായം ഉപദേശിച്ചത് ആരായിരുന്നു?
വസിഷ്ഠൻ

28. ഏതു നദിയുടെ തീരത്തുവെച്ചായിരുന്നു പുത്രകാമേഷ്ടി നടത്തപ്പെട്ടത്?
സരയൂനദി.

29. പുത്രകാമേഷ്ടി നടത്തപ്പെട്ടത് ആരുടെ കാർമ്മികത്വത്തിൽ കീഴിലായിരുന്നു?
ഋഷ്യശൃംഗമഹർഷി

30. പുത്രകാമേഷ്ടി സമാപിച്ചപ്പോൾ അഗ്നികുണ്ഡത്തിൽ നിന്ന് ഉയർന്നുവന്നത് ആരായിരുന്നു?
വഹ്നിദേവൻ

31. പുത്രകാമേഷ്ടി സമാപിച്ചപ്പോൾ ഹോമകുണ്ഡത്തിൽ നിന്ന് ഉയർന്നുവന്ന വഹ്നിദേവൻ ദശരഥന് നൽകിയത് എന്തായിരുന്നു?
പായസം.

വെളുത്ത പ്രതിപദത്തുന്നാൾ ഇടത്തെ നാസികയിൽക്കൂടി ഭൂമിഭൂതമായ / ജലഭൂതമായ ശ്വാസം ഉണ്ടായാൽ

പക്ഷേƒച്ഛേ ഖലു പക്ഷതൗ ക്ഷിതിരിഡായാതോന്നമന്മന്ദിര-
പ്രാകാരാദിഗൃഹപ്രവേശനകരീ പട്ടാഭിക്ഷേകപ്രദാ
കുര്യാദന്യപീഷ്ടകർമ സലിലം വാമസ്ഥമേവം ശുഭം
കൂപാദേ രചനം കരഗ്രഹണമംബൂത്ഥം ച കുര്യാദ്ഭയം.

സാരം :-

വെളുത്ത പ്രതിപദത്തുന്നാൾ ഇടത്തെ നാസികയിൽക്കൂടി ഭൂമിഭൂതമായ ശ്വാസം ഉണ്ടായാൽ ഉയർന്ന മാളിക മുതലായ കെട്ടിടങ്ങളിൽ പ്രവേശിപ്പാനും പട്ടാഭിഷേകം മുതലായ ഇഷ്ടകർമ്മങ്ങൾ സാധിപ്പാനും എന്നുവേണ്ട മറ്റുള്ള ഏത് അഭീഷ്ടകാര്യങ്ങൾ സാധിക്കുന്നതിനും ഇടവരുന്നതാണ്. അന്നേദിവസം ഇടത്തെ നാസികയിൽക്കൂടി ജലഭൂതമായ ശ്വാസം വന്നാൽ ഉൽകൃഷ്ടങ്ങളായ ശുഭങ്ങളനുഭവിക്കുന്നതിനും വിശേഷിച്ച് കുളം കിണറ് മുതലായ കുഴിപ്പിക്കുക, വിവാഹം ചെയ്യുക മുതലായ കർമ്മങ്ങളും അനുഭവിക്കുന്നതിനും സംഗതി വരും ആ ജലഭൂതമായ ശ്വാസം വലതുവശം കൂടി സഞ്ചരിച്ചാൽ വെള്ളത്തിൽ നിന്നു ഭയവും ഉണ്ടാകും.

രാമായണ പ്രശ്നോത്തരി - 1

1. ആദികാവ്യം എന്ന പേരിൽ അറിയപ്പെടുന്ന ഇതിഹാസം ഏത്?
വാല്മീകി രാമായണം

2. ആദികവി എന്ന പേരിൽ അറിയപ്പെടുന്ന മഹർഷി ആര്?
വാല്മീകി മഹർഷി

3. സാധാരണയായി കർക്കിടകമാസത്തിൽ കേരളത്തിൽ പാരായണം ചെയ്യപ്പെടുന്ന ഗ്രന്ഥം ഏത്?
ആദ്ധ്യാത്മരാമായണം കിളിപ്പാട്ട്

4. ആദ്ധ്യാത്മരാമായണം കിളിപ്പാട്ട് രചിച്ചതാര്?
തുഞ്ചത്ത് എഴുത്തച്ഛൻ

5. ആദ്ധ്യാത്മരാമായണം കിളിപ്പാട്ടിൽ ആദ്യത്തെ കാണ്ഡത്തിന്റെ പേരെന്ത്?
ബാലകാണ്ഡം

6. ആദ്ധ്യാത്മരാമായണം കിളിപ്പാട്ട് തുടങ്ങുന്നത് ഏതു പദങ്ങളോടു കൂടിയാണ്?
ശ്രീരാമ! രാമ! രാമ!

7. ആദ്ധ്യാത്മരാമായണം ആർ തമ്മിലുള്ള സംവാദമായിട്ടാണ് രചിക്കപ്പെട്ടിട്ടുള്ളത്‌?
ഉമാ മഹേശ്വരന്മാർ

8. ആദ്ധ്യാത്മരാമായണം മൂലം ഏതു ഭാഷയിലാണ്?
സംസ്കൃതം

9. വാല്മീകി രാമായണം മൂലം ഏതു ഭാഷയിലാണ്?
സംസ്കൃതം

10. വാല്മീകിക്ക് രാമായണം ഉപദേശിച്ചത് ആരായിരുന്നു?
ശ്രീനാരദമഹർഷി

11. വാല്മീകി ഏതു നദിയിൽ സ്നാനത്തിനു പോയപ്പോളായിരുന്നു കാട്ടാളൻ ക്രൗഞ്ചപക്ഷിയെ വധിച്ചത് കാണാനിടയായത്?
തമസാനദി

12. വാല്മീകി ആദ്യമായി രചിച്ച ശ്ലോകം തുടങ്ങുന്നത് എങ്ങനെയാണ്?
"മാ നിഷാദ"

13. വാല്മീകി രാമായണത്തിൽ എത്ര കാണ്ഡങ്ങളുണ്ട്‌?
ഏഴ് എണ്ണം

14. വാല്മീകി രാമായണത്തിൽ എത്ര ശ്ലോകങ്ങളുണ്ട്?
24,000 എണ്ണം 

ശ്വാസഗതികൊണ്ട് പഞ്ചഭൂതങ്ങളെ കണ്ടുപിടിക്കാം

മേദിന്യാഃ ഖലു ഷോഡശാംഗുല, മപാം ദൈർഘ്യം ദിനേശാംഗുലം
വഹ്നേർദന്തിമിതാംഗുലം മരുത ഏതദ്ദ്വൂനമഗ്ന്യംഗുലം
ആകാശസ്യ ച വേദ്യമേതദുദിതം ഭൂമ്യാദിഭൂതാത്മക-
സ്വീയശ്വാസഗതിപ്രമാണമുഭയോരേതത്സമം ഘ്രാണയോഃ

സാരം :-

ശ്വാസപരീക്ഷ ചെയ്യുമ്പോൾ നാസാഗ്രത്തിൽ നിന്ന് 16 അംഗുലം മുതൽ മേൽപോട്ട് ശ്വാസം ഗമിക്കുന്നു എങ്കിൽ അത് പൃഥിവീഭൂതമെന്നറിയണം. 

12 അംഗുലം മുതൽ മേല്പോട്ട് ശ്വാസത്തിന് ദൈർഘ്യമുണ്ടെങ്കിൽ ആ ശ്വാസം ജലഭൂതമാണെന്നറിയണം. 

ശ്വാസദൈർഘ്യം 8 അംഗുലം മുതൽ മേല്പോട്ട്12 അംഗുലത്തിനു താഴെയാണെങ്കിൽ ആ ശ്വാസം അഗ്നിഭൂതമാണെന്നറിയണം. 

6 അംഗുലത്തിനു മേൽ 8 അംഗുലത്തിനു താഴെയാണ് ശ്വാസദൈർഘ്യമെങ്കിൽ വായുഭൂതമെന്നറിയണം.

ശ്വാസദൈർഘ്യം 3 അംഗുലത്തിനു മേൽ 6 അംഗുലത്തിനു താഴെയാണെങ്കിൽ അത് ആകാശഭൂതമാണെന്നറിയണം. 

3 അംഗുലത്തിന് കുറഞ്ഞ് ശ്വാസഗതി ഉണ്ടാകുന്നതല്ല.

പൃഥിവി മുതലായ ഈ ശ്വാസങ്ങൾക്ക് ഇടംവലം ആശ്രയിച്ച് യാതൊരു ഭേദവുമില്ല. ഏതുവശത്തുകൂടി ആയാലും അതുകൾക്കുള്ള ദൈർഘ്യം ഉണ്ടായിരിക്കണം എന്നു മാത്രമേയുള്ളു. 

ആഴ്ചക്രമം അനുസരിച്ചുള്ള ശ്വാസഗതിയുടെ ഫലഭേദങ്ങളെയാണ് പറയുന്നത്

ശ്വാസസ്യ പ്രതികൂലതാ യദി ദിനേ ഭാനോർവപുർവേദനാ
ശീതാംശോഃ കലഹഃ കുജസ്യ മരണം ദൂരപ്രയാണം വിദഃ
രാജ്യാപദ്ധിഷണസ്യ ശുക്രദിവസേന കാര്യസ്യ കസ്യാപി നോ
സിദ്ധിർമന്ദദിനേ * സ്വവീര്യകൃഷിനാശേളാവിവാദാദയഃ

സാരം :-

ഞായറാഴ്ച വായു വിപരീതഗതിയായി വന്നാൽ ശരീരത്തിന് വേദനയുണ്ടാകും.

തിങ്കളാഴ്ച ശ്വാസം വിപരീതമായി വന്നാൽ കലഹം ഉണ്ടാകും.

ചൊവ്വാഴ്ച ശ്വാസം വിപരീതമായാൽ മരണം ഉണ്ടാകും

ബുധനാഴ്ച ശ്വാസം വിപരീതമായാൽ അന്യദേശസഞ്ചാരം ഉണ്ടാകും.

വ്യാഴാഴ്ച ശ്വാസം വിപരീതമായാൽ രാജ്യത്തിൽ ആപത്ത് ഉണ്ടാകും.

വെള്ളിയാഴ്ച ശ്വാസം വിപരീതമായാൽ സകല കാര്യങ്ങൾക്ക് തടസ്സം ഉണ്ടാകും.

ശനിയാഴ്ച ശ്വാസം വിപരീതമായാൽ കൃഷിനഷ്ടം മുതലായ സ്വന്തംകാര്യങ്ങൾക്കു നാശം സംഭവിക്കും.

ശ്വാസഗതിയുടെ ഗുണദോഷഫലങ്ങൾ നിർണ്ണയിക്കേണ്ടത് ആഴ്ചകളേയും പൃഥിവി മുതലായ ഭൂതവിശേഷങ്ങളേയും പക്ഷഭേദത്തേയും മറ്റും ആശ്രയിച്ചു വേണ്ടതാണ്. ഒരു വിധത്തിൽ ദോഷവും മറ്റൊരു വിധത്തിൽ ഗുണവുമായി കണ്ടാൽ ദോഷഗുണങ്ങൾ സമാനമായും ഏതൊന്നിന് ആധിക്യമുണ്ടോ അവ അനുഭവയോഗ്യങ്ങളായും വിചാരിച്ചുകൊള്ളണം.

------------------------------

* സ്വകീയ (പാ. ഭേ.)

-------------------------------------------------------------------------------

വായുർഭാനുദിനാഷ്ടകേ യദി ചരേദ്വാമേ ഗുരോഃ പഞ്ചതാ
വ്യാധിർവാ സുമഹാംസ്തഥൈവ ഹിമഗോർവാരാഷ്ടകേ ദക്ഷിണേ
പുത്രാപൽ ക്ഷിതിജസ്യ ബന്ധനമരേർവാമേ വിദോ ദക്ഷിണേ
മൃത്യുഃ സ്വസ്യ നിരന്തരം സുരഗുരോർമൃത്യുർഗുരോഃ സംഭവേൽ.

സാരം :-

എട്ടു ഞായറാഴ്ച ദിവസം ഇടവിടാതെ ഇടതുഭാഗത്തുകൂടി വായു സഞ്ചരിക്കായാണെങ്കിൽ അച്ഛൻ അമ്മാവൻ മുതലായ ഗുരുജനങ്ങൾക്കു മരണമോ വല്ല മഹാരോഗങ്ങളോ ഉണ്ടാകും.

എട്ടു തിങ്കളാഴ്ച ഇടവിടാതെ വലത്തുഭാഗംകൂടി ശ്വാസം സഞ്ചരിയ്ക്കയാണെങ്കിൽ പുത്രനു രോഗദുരിതം മുതലായ ആപത്തു വരുമെന്നറിയണം. 

എട്ടു ചൊവ്വാഴ്ച മുടങ്ങാതെ ഇടതുഭാഗത്തുകൂടി വായുസഞ്ചാരമുണ്ടായാൽ ശത്രുക്കൾ നിമിത്തം ഇരിപ്പാനിടവരുമെന്നറിയണം.

എട്ടു ബുധനാഴ്ച ഇടവിടാതെ വായു വലതുഭാഗമായി സഞ്ചരിച്ചാൽ തനിക്കു മരണം ഭവിക്കും.

എട്ടു വ്യാഴാഴ്ച വലതുഭാഗംകൂടി മുടങ്ങാതെ വായു സഞ്ചരിച്ചാൽ തന്റെ ആചാര്യന് മരണം സംഭവിക്കും.

------------------------------------------------------------------------

ശുക്രസ്യാവനിഹേതുർധനക്ഷയോ ദക്ഷിണേ ശനേർവാമേ
യദി ചരതി മാതരിശ്വാ ഭാര്യാനാശോ നിവാസനാശോ വാ.

സാരം :-

എട്ടു വെള്ളിയാഴ്ച ഇടവിടാതെ വായുവിന്റെ ഗതി വലതുഭാഗം കൂടിയാണെങ്കിൽ ഭൂമിനിമിത്തം ദ്രവ്യനാശം സംഭവിക്കും.

എട്ടു ശനിയാഴ്ച ഇടതുവശമായി വായു സഞ്ചരിക്കയാണെങ്കിൽ ഭാര്യാനാശം സംഭവിക്കും. അല്ലെങ്കിൽ വാസഭവനത്തിനു നാശം സംഭവിക്കും.

കഴിഞ്ഞ രണ്ടു ശ്ലോകംകൊണ്ട് പറയപ്പെട്ടതു തന്നേമാത്രം സംഭവിക്കുന്നതാണ്. അല്ലാതെ എട്ടു ദിവസത്തെ തൽക്കാലശ്വാസപരീക്ഷണം ചെയ്ത് പൃച്ഛകന്റെ ഗുണദോഷഫലം പറയുക എന്നുള്ളത് സംഭവ്യമല്ലല്ലോ. 

അവരവരുടെ വാരങ്ങളിൽ അവരവർക്കു വിധിക്കപ്പെട്ട രീതിയിൽ ശ്വാസസഞ്ചാരമുണ്ടായാൽ / ശ്വാസം വിപരീതമായി സഞ്ചരിച്ചാൽ

സർവേഷാമപി വാസരേഷു പവനേƒഭീഷ്ടേ വപുഃസ്വസ്ഥതാ
ലാഭോർഥസ്യ ച മൃഷ്ടഭോജനമിതീഷ്ടാനാം ഭവോƒഥാന്യഥാ
ശ്വാസശ്ചേദഹിതോ ന മൃഷ്ടമശനം നാർഥാഗമോ വിഗ്രഹഃ
സർവൈർന്നോ ശയനം സുഖേന ച സുഖം വിണ്മോക്ഷണാദിഷ്വപി.

സാരം :-

പാപവാരത്തിലും ശുഭവാരത്തിലും ശ്വാസഗതിക്കു ചില ഭേദങ്ങൾ വിധിച്ചിട്ടുണ്ടല്ലോ. അവരവരുടെ വാരങ്ങളിൽ അവരവർക്കു വിധിക്കപ്പെട്ട രീതിയിൽ ശ്വാസസഞ്ചാരമുണ്ടായാൽ ശരീരസുഖം ദ്രവ്യലാഭം ഭക്ഷണസുഖം മുതലായ ഇഷ്ടകാര്യങ്ങൾ സിദ്ധിക്കുന്നതാണ്. അനിഷ്ടങ്ങൾ അനുഭവിക്കുന്നതല്ല. ശ്വാസം വിപരീതമായി സഞ്ചരിച്ചാൽ അന്ന് ഭക്ഷണസൌഖ്യം, ശയനം, മലവിസർജ്ജനം മുതലായവയ്ക്ക് ഒരിക്കലും സുഖമുണ്ടാകുന്നതല്ല. എല്ലാവരോടും കലഹത്തിനിടവരികയും ചെയ്യും. തൽക്കാലശ്വാസംകൊണ്ടു പ്രഷ്ടാവിന്റെ നിയതഫലങ്ങളും പ്രാതഃശ്വാസംകൊണ്ട് ദൈവജ്ഞന്റെ അന്നത്തെ ഫലങ്ങളുമാണ് ചിന്തിയ്ക്കേണ്ടത്.

ശ്വാസഗതിയുടെ സാമാന്യലക്ഷണമാണ് പറയുന്നത്

വാരേഷ്വിന്ദുബുധാംഗിരോഭൃഗുഭുവാം വാമേ ചരൻ മാരുതോ
ഭൗമാർക്കാർക്കിദിനേഷു ദക്ഷിണഗതോ നൃണാമഭീഷ്ടഃ സ്മൃതഃ
സൗമ്യാനാം ദിവസേഷു ദക്ഷിണഗതോƒനിഷ്ടോƒസതാം വാമഗോ
വക്ഷ്യന്തേ മരുതോഃ ശുഭാശുഭദയോർഭേദാഃ *ഫലാനാമഥ.

സാരം :-

തിങ്കൾ, ബുധൻ, വ്യാഴം, വെള്ളി എന്നീ ആഴ്ചകളിൽ ഇടതുവശത്തുകൂടിയും ഞായർ ചൊവ്വ ശനി എന്നീ ആഴ്ചകളിൽ വലത്തുവശത്തുകൂടിയും ശ്വാസം സഞ്ചരിക്കുന്നതു ശുഭഫലപ്രദമാകുന്നു. ഇതിനു വിപരീതമായി തിങ്കൾ, ബുധൻ, വ്യാഴം, വെള്ളി വലത്തുഭാഗത്തും ഞായർ ചൊവ്വ ശനി ഇടത്തുഭാഗത്തും ശ്വാസം സഞ്ചരിയ്ക്കയാണെങ്കിൽ അനിഷ്ടംതന്നെയാണ്. ഇത് ശ്വാസഗതിയുടെ സാമാന്യലക്ഷണമാണ്. 

--------------------------------------------

* ഫലാനാമിഹ (പാ. ഭേ)

ദൈവജ്ഞൻ ദിവസവും രാവിലെ എഴുന്നേറ്റ് ശ്വാസഗതി പരീക്ഷിക്കണം

കാര്യം ശ്വാസപരീക്ഷണം പ്രതിദിനം ബുദ്ധ്വാ പ്രഭാതാഗമേ
തസ്യേഡാദിഗതിർധരാപ്രഭൃതിസഞ്ചാരശ്ച വിജ്ഞായതാം
തേനാത്മീയശുഭാശുഭം ഹി സകലം ജ്ഞേയം പുനഃ പൃച്ഛതാം
തൽകാലാത്മസമീരണേന ച തഥാ നഷ്ടാദികം ചോച്യതാം.

സാരം :-

ദൈവജ്ഞൻ ദിവസവും രാവിലെ എഴുന്നേറ്റ് ശ്വാസഗതി പരീക്ഷിക്കണം. ശ്വാസം ഇഡാ പിംഗലാ സുഷുമ്ന എന്നിങ്ങനെ മൂന്നു നാഡികളിൽ കൂടിയാണ് ഗതി ചെയ്യുന്നത്. കൂടാതെ പൃഥിവി, ആപ്പ്, തേജ്ജസ്സ്, വായു, ആകാശം എന്നിങ്ങനെ പഞ്ചഭൂതരൂപങ്ങളായിട്ടും ഗതിചെയ്യുന്നു. ഇവയിൽ ഏതിലാണെന്നറിഞ്ഞിട്ട് അതുകൊണ്ട് തന്റെ (ദൈവജ്ഞന്റെ) ആ ദിവസത്തെ ശുഭാശുഭങ്ങളെല്ലാം അറിയേണ്ടതാണ്. പ്രഷ്ടാവ് വന്നു ചോദിക്കുന്ന സമയം ശ്വാസം പരീക്ഷിച്ചറിഞ്ഞു പ്രഷ്ടാവിന്റെ സകല ശുഭാശുഭങ്ങളേയും പറയണം. മോഷണപ്രശ്നത്തിൽ മോഷണദ്രവ്യം ഇന്ന ദിക്കിലാണെന്നും മറ്റുമുള്ള ചില ലക്ഷണങ്ങളും പറയപ്പെടണം.

ദൈവജ്ഞൻ പ്രശ്നം നടത്താൻ പാടില്ലാത്ത സ്ഥലങ്ങൾ

മഹാവനേ ശ്മശാനാന്തേ, നിമ്നോച്ച, ശൂന്യമന്ദിരേ
ഗൃഹേ ചാർത്തജനേ, പ്രേതക്രിയാദ്യശുഭകർമണി,

ജലാഗ്നിശുഷ്കവൃക്ഷാന്തേ, തഥൈവേന്ദ്രിയചേതസാ-
മനിഷ്ടദേ പ്രദേശേ ച പ്രഷ്ടാ നാപ്നോത്യഭീപ്സിതം.

സാരം :-

കൊടുംകാട്, ചുടുകാട് അതിന്റെ സപീമപ്രദേശം കുന്നും കുഴിയുമായിരിക്കുന്ന സ്ഥലം ജനങ്ങളുടെ സഞ്ചാരമില്ലാത്ത ശൂന്യമായ വീട് മരണരോഗാദികളാൽ ദുഃഖിതന്മാരായ ജനങ്ങളോടു കൂടിയ വീട്, പ്രേതക്രിയ ക്ഷൌരം മുതലായ അശുഭകർമ്മങ്ങൽ ചെയ്യുന്ന സ്ഥലം വെള്ളം അഗ്നി ;ഉണങ്ങിയ മരണം ഇതുകളുടെ സമീപം പഞ്ചേന്ദ്രിയങ്ങൾക്കും മനസ്സിനും ഇല്ലാത്ത പ്രദേശം ഇങ്ങിനെയുള്ള സ്ഥലത്ത്വച്ച് ദൈവജ്ഞനോട് ആവശ്യം ചോദിച്ചാൽ പ്രശ്നത്തിലന്തർഭവിച്ച സംഗതി ലഭിക്കുന്നതല്ല. 

ശുഭസ്ഥലങ്ങളിൽവച്ചു പൃച്ഛകൻ ദൈവജ്ഞനോട്‌ ആഗ്രഹത്തെ പറയുകയാണെങ്കിൽ ആഗ്രഹനിവൃത്തി വരുമെന്നു നിശ്ചയമായും പറയണം

ഫലപ്രസൂനസംപൂർണ്ണമഹീരുഹസമാകുലേ,
സ്നിഗ്ധഭൂമിതലേ, രത്നകാഞ്ചനാദിസമന്വിതേ

പഞ്ചേന്ദ്രിയമനഃപ്രീതികരേ, ഗോമയവാരിണാ
തൽക്ഷണപ്രോക്ഷിതക്ഷോണീതലേ, സമവസുന്ധരേ,

മംഗല്യകർമ്മസംയുക്തേ, മംഗലസ്ത്രീസമാകുലേ,
മന്ദിരേ പുത്രഭാര്യാദിഹൃഷ്ടപുഷ്ടജനാശ്രിതേ

യഃ പൃച്ഛതീദൃശേ ദേശേ *സാപ്നോത്യഭിമതം ധ്രുവം.

സാരം :-

പുഷ്പങ്ങളും ഫലങ്ങളും ധാരളമുള്ള വൃക്ഷങ്ങൾ ഉള്ള പ്രദേശവും നല്ലപോലെമിനുസപ്പെട്ട സ്ഥലവും സ്വർണ്ണം രത്നം വെള്ളി മുതലായ ഉത്തമദ്രവ്യങ്ങളുള്ള പ്രദേശവും കാണുന്നതിനും കേൾക്കുന്നതിനും മണക്കുന്നതിനും ആസ്വദിക്കുന്നതിനും സ്പർശിക്കുന്നതിനും മനഃസന്തോഷത്തെ വർദ്ധിപ്പിക്കുന്ന ഉപകരണങ്ങളോടുകൂടിയ പ്രദേശവും അപ്പോൾ ചാണകം മെഴുകി ശുദ്ധിവരുത്തിയ സ്ഥലവും താഴ്ച ഉയർച്ചകൂടാതെ നിരപ്പോടു കൂടിയ പ്രദേശവും വിവാഹം മുതലായ ശുഭകർമ്മങ്ങൾ നടന്നുകൊണ്ടിരിക്കുന്നതും ശുഭഭൂയിഷ്ഠകളായ സ്ത്രീകളുള്ളതും മക്കൾ ഭാര്യമാർ മുതലായ ഇഷ്ടജനങ്ങളാൽ സന്തുഷ്ടമായിരിക്കുന്നതും ആയ വീടും ഇങ്ങനെയുള്ള ശുഭസ്ഥലങ്ങളിൽവച്ചു പൃച്ഛകൻ ദൈവജ്ഞനോട്‌ ആഗ്രഹത്തെ പറയുകയാണെങ്കിൽ ആഗ്രഹനിവൃത്തി വരുമെന്നു നിശ്ചയമായും പറയണം.

-----------------------------------
* പ്രാപ്നോത്യഭിമതം (പാ. ഭേ.)

പ്രശ്നമുഹൂർത്തിലെ ശുഭാശുഭത്തെ പറയുന്നു

ബാലാന്നവർജ്യതാരാസു ഗണ്ഡാന്തോഷ്ണവിഷേഷു ച
അഷ്ടമീവിഷ്ടിരിക്താസു സ്ഥിരേഷു കരണേഷു ച

തിഥിനക്ഷത്രരാശ്യംശസന്ധൗ ച ഗുളികോദയേ
ചക്രാർധേ ഗ്രഹണേ സാർപശിരസ്യേകാർഗളേ തഥാ.

മൃത്യുദഗ്ധാദിയോഗേഷു പാപദൃഷ്‌ട്യുദയേഷു ച
ത്രയോദശ്യാം പ്രദോഷേ ച നിശീഥേ രവിദർശനേ

സംക്രാന്തൗ ച തഥാ പ്രഷ്ടുർവിപൽപ്രത്യരയോർവധേ
അഷ്ടമേ ച തഥാ രാശൗ ജന്മാഷ്ടമഗതേ വിധൗ.

ഇത്യാദിദുഷ്ടകാലേഷു പ്രശ്നഃ സ്യാദശുഭപ്രദഃ

സാരം :-

ഭരണി, കാർത്തിക തിരുവാതിര ആയില്യം മകം പൂരം വിശാഖം തൃക്കേട്ട മൂലം പൂരാടം പൂരോരുട്ടാതി എന്നീ പതിനൊന്നു നക്ഷത്രങ്ങൾ ചോറുണിന് നിഷേധിച്ചവയാണ്.

അശ്വതി മകം മൂലം എന്നീ നക്ഷത്രങ്ങളുടെ ഒന്നാം പാദവും ആയില്യം തൃക്കേട്ട രേവതി എന്നീ നക്ഷത്രങ്ങളുടെ ഒടുവിലത്തെ പാദവും നക്ഷത്രഗണ്ഡാന്തവും കർക്കടകം ചിങ്ങം വൃശ്ചികം ധനു മീനം മേടം എന്നീ രാശികളുടെ സന്നിധിയിൽ ഓരോ നാഴിക രാശിഗണ്ഡാന്തവും പഞ്ചമി, ഷഷ്ഠി ദശമി ഏകാദശി വാവ് പ്രതിപദം എന്നീ പക്ഷങ്ങളുടെ സന്ധിയിലും ഈ രണ്ടു നാഴിക തിഥിഗണ്ഡാന്തവുമാകുന്നു. പക്ഷേ നക്ഷത്രഗണ്ഡാന്തത്തെ മാത്രമേ സാധാരണയായി ഇപ്പോൾ വിചാരിച്ചു വരാറുള്ളു.

അശ്വതി രോഹിണി പുണർതം മകം എന്നീ നക്ഷത്രങ്ങൾക്ക് ഏഴര നാഴികയ്ക്ക് മേൽ ഏഴര നാഴികയും ഭരണി മകയിരം പൂയം പൂരം ചിത്തിര എന്നീ നക്ഷത്രങ്ങൾക്ക് 55 നാഴികയ്ക്ക്മേൽ 5 നാഴികയും കാർത്തിക തിരുവാതിര ആയില്യം ഉത്രം ചോതി എന്നീ നക്ഷത്രങ്ങൾക്ക് 21 നാഴികയ്ക്ക് മേൽ 9 നാഴികയും വിശാഖം മൂലം തിരുവോണം പൂരോരുട്ടാതി എന്നീ നക്ഷത്രങ്ങൾക്ക് ആദ്യം എട്ടു നാഴികയും അനിഴം പൂരാടം അവിട്ടം ഉത്രട്ടാതി എന്നീ നക്ഷത്രങ്ങൾക്ക് 52 നാഴികയ്ക്കുമേൽ 8 നാഴികയും തൃക്കേട്ട, ഉത്രാടം, ചതയം രേവതി എന്നീ നക്ഷത്രങ്ങൾക്ക് 20 നാഴികയ്ക്കുമേൽ 10 നാഴികയും ഉഷ്ണകാലമാകുന്നു.

അശ്വതി മുതൽ 27 നക്ഷത്രങ്ങൾക്ക് ക്രമേണ 50, 24, 30, 40, 14,11, 30, 20, 32, 30, 20, 18, 22, 20, 14, 14, 10, 14, 20, 24, 20, 10, 10, 18, 16, 24, 30 ഈ നാഴികയ്ക്കുമേൽ നന്നാലുനാഴിക വിഷകാലമാകുന്നു. അഷ്ടമി നിഷിദ്ധപക്കമാകുന്നു.

സിതപക്ഷത്തിലെ ചതുർത്ഥി ഏകാദശി ഇതുകളുടെ ഉത്തരാർദ്ധവും അഷ്ടമി വാവ് ഇവയുടെ പൂർവ്വാർദ്ധവും കറുത്തപക്ഷത്തിലെ തൃതീയ ദശമി ഇവയുടെ ഒടുവിലത്തെ അർദ്ധവും സപ്തമി പതിനാല് ഇവയുടെ പൂർവാർദ്ധവും വിഷ്ടിക്കരണമാകുന്നു. ചതുർത്ഥിനവമി ചതുർദ്ദശി ഈ പക്കങ്ങൾ രിക്തയാകുന്നു.

കറുത്തപക്ഷത്തിലെ പതിനാലിന്റെ അന്ത്യാർദ്ധവും കറുത്തവാവും വെളുത്ത പ്രതിപദത്തിന്റെ പൂർവാർദ്ധവും സ്ഥിരക്കരണമാകുന്നു. പക്കങ്ങളുടെ ആദ്യവസാനങ്ങളിൽ ഓരോ നാഴിക തിഥിസന്ധിയും നക്ഷത്രങ്ങളുടെ ആദ്യവസാനങ്ങളിൽ ഓരോ നാഴിക നക്ഷത്രസന്ധിയും രാശികളുടെ ആദ്യവസാനങ്ങളിൽ 10 വിനാഴിക വീതം രാശിസന്ധിയും നവാംശങ്ങളുടെ ആദ്യവസാനങ്ങളിൽ ഓരോ വിനാഴിക അംശകസന്ധിയും സന്ധികളാകുന്നു.

ഗുളികോദയരാശി അശുഭകാലമാകുന്നു. ഗുളികനാഴിക സുപ്രസിദ്ധങ്ങളാകയാൽ ഇവിടെ കാണിക്കുന്നില്ല. ഗുളികോദയത്തിനു ശേഷമുള്ള ഗുളികോദയരാശിയും വിഷോഷ്ണങ്ങൾക്കു ശേഷമുള്ള രാശിഭാഗവും നിന്ദ്യങ്ങളല്ല.

ചക്രാർദ്ധം, ലാടവും വൈധൃതവും തട്ടുന്ന നക്ഷത്രം മുഴുവൻ വർജ്ജിക്കേണ്ടതാണ്. ഇത് ഗണിതം കൊണ്ടറിഞ്ഞുകൊള്ളണം.

സൂര്യഗ്രഹണവും ചന്ദ്രഗ്രഹണവും അതായത് ചന്ദ്രഗ്രഹണം മുതൽ മൂന്നു ദിവസവും സൂര്യ ഗ്രഹണം മുതൽ 5 ദിവസവും ഗ്രഹണവശാൽ ദോഷകാലമാകുന്നു. ഗ്രഹണത്തിന് മുൻപും വർജ്ജിക്കണമെന്നില്ല. ഇതിനെപ്പറ്റി പല മതാന്തരങ്ങളുണ്ട്. വിസ്തരഭയം നിമിത്തം അവയ കാണിക്കുന്നില്ല.

ചന്ദ്രാർക്കയോഗത്തിൽ വ്യതീപാതമെന്ന നിത്യയോഗത്തിന്റെ ഉത്തരാർദ്ധത്തെ സാർപ്പമസ്തകമെന്ന് പറയുന്നു.

സൂര്യസ്ഫുടത്തെ 12 രാശിയിൽ നിന്നു വാങ്ങി നാളുകണ്ടാൽ വരുന്ന നാളിലും അതിന്റെ 2-7-10-11-14-16-18-20 ഈ നാളുകളിലും കണ്ട നക്ഷത്രത്തിൽ എത്ര നാഴിക ചെന്നിട്ടുണ്ടോ അത്ര നാഴികവരെയുള്ള കാലം ഏകാർഗ്ഗളമാകുന്നു.

ആഴ്ചകൾ - മൃത്യുയോഗം - ദഗ്ദ്ധയോഗം - അശുഭയോഗം
ഞായർ        -          മകം           -     ദ്വാദശി         - ഭരണി
തിങ്കൾ          -      വിശാഖം     -    ഏകാദശി     - ചിത്തിര
ചൊവ്വാ       -  തിരുവാതിര  -     പഞ്ചമി         - ഉത്രാടം
ബുധൻ         -       മൂലം            -     ദ്വിതീയ          - അവിട്ടം
വ്യാഴം          -    ചതയം          -     ഷഷ്ടി               - തൃക്കേട്ട
വെള്ളി        -   രോഹിണി     -     അഷ്ടമി           - പൂരാടം
ശനി              -    ഉത്രാടം            -      നവമി            - രേവതി


ഞായറാഴ്ച മുതൽ മകം മുതലുള്ള നക്ഷത്രങ്ങളും ചേർന്നാൽ മൃത്യുയോഗവും ദ്വാദശി തുടങ്ങി ഈ കാണിച്ചിട്ടുള്ള പക്കങ്ങൾ ചേർന്നാൽ ദഗ്ദ്ധയോഗവും ഭരണി മുതലുള്ള ഈ നക്ഷത്രങ്ങൾ ചേർന്നാൽ അശുഭയോഗവുമാകുന്നു.

ഈ യോഗങ്ങൾക്ക് പകലിന്റെ എട്ടിൽ ഒരു ഭാഗം വർജ്ജ്യമാകുന്നു. ശാസ്ത്രാന്തരങ്ങളിൽ യോഗങ്ങൾക്ക് ഒട്ടധികം കാണ്‍മാനുണ്ട്. അവയെ മിക്കവാറും ഇപ്പോൾ ആചരിച്ചുവരായ്കയാൽ ഇവിടെ എടുത്തു കാണിക്കുന്നില്ല.

പാപോദയരാശിയും പാപദൃഷ്ടിയുള്ള രാശിയും വർജ്ജ്യമാകുന്നു.

ത്രയോദശിയിലെ സന്ധ്യാസമയം ഉൽകൃഷ്ടവും ഈശ്വരകർമ്മത്തിന് ഉചിതവുമാകയാൽ ആ സമയവും പ്രശ്നത്തിന് ശുഭമല്ല.

അർദ്ധരാത്രിയിലുള്ള 2 നാഴിക അഭിജിന്മുഹൂർത്തമാകയാൽ ആ സമയവും നിന്ദ്യമാകുന്നു. രാത്രി മുഴുക്കെ നിഷിദ്ധമാകുന്നു. വിശേഷിച്ച് രാത്രിയിലെ 8 - മത്തെ മുഹൂർത്തം ഏറ്റവും നിന്ദ്യമെന്നു സാരം.

ആദിത്യോദയരാശിയുടെ ഏഴാമത്തെ രാശി പാട്ടുരാശിയാണ്. ആ രാശിയും നിന്ദ്യമാണ്.

ആദിത്യസംക്രമത്തിന്റെ മുൻപിലും പിൻപിലും 16 നാഴിക വീതം ബിംബസംക്രമകാലമാകയാൽ ആ സമയം വർജ്ജിക്കേണ്ടതാണ്.

പ്രഷ്ടാവിന്റെ 3,5,7 എന്നീ നക്ഷത്രങ്ങളും അഷ്ടമരാശിക്കൂറും ജനനകാലത്തിൽ ചന്ദ്രൻ നിൽക്കുന്ന രാശിയുടെ എട്ടാമത്തെ രാശിയിൽ ചന്ദ്രൻ നിൽക്കുമ്പോഴും ശുഭമല്ല. ആദിശബ്ദംകൊണ്ട് മുഹൂർത്തശാസ്ത്രങ്ങളിൽ നിഷേധിക്കപ്പെട്ട ഭൂകമ്പം മുതലായ മറ്റു ദോഷങ്ങളും പ്രശ്നത്തിന് വർജ്ജിക്കേണ്ടവയാണെന്ന് സൂചിപ്പിച്ചിരിക്കുന്നു. ദോഷഗണനങ്ങൾ ബഹുലങ്ങളാണെന്ന് മാത്രമല്ല ദേശഭേദാൽ അല്പാല്പം ഭിന്നങ്ങളുമാണ്. അവയെ സവിസ്തരം പ്രതിപാദിക്ക എന്നുവച്ചാൽ ഈ ഘട്ടം ക്രമത്തിലധികം ദീർഘിച്ചെന്നു വന്നേക്കാം. അതിനാൽ ആ കൃത്യത്തിലേയ്ക്ക് തുനിയുന്നില്ല. മേല്പറഞ്ഞ നിഷിദ്ധകാലങ്ങളിലും മറ്റും ഉണ്ടായ പ്രശ്നം അശുഭമായിത്തീരുന്നതാണ്. പ്രഷ്ടാവ് മിക്കവാറും കാലനിർണ്ണയം ചെയ്യാതെ ആണല്ലോ പ്രശ്നത്തിന് ചെല്ലാറുള്ളത്. അപ്പോൾ മേല്പറഞ്ഞ ഏതൊരു ദോഷമാണോ സംബന്ധിക്കുന്നത് അതിനെ ആശ്രയിച്ചു ഫലം പറഞ്ഞുകൊള്ളണമെന്നാണ് ഇതിന്റെ സാരം. അല്ലാതെ മുഹൂർത്തം നോക്കി പ്രശ്നത്തിനു ചെയ്യുകയെന്നുള്ളത് സാധാരണ സുസാദ്ധ്യമല്ലല്ലോ.


**********************************

ഇത്യാദിദോഷരഹിതേ കാലേƒമൃതഘടീഷു ച
ശുഭാനാമുദയേ ദൃഷ്‌ടൗ മുഹൂർത്തേഷു ശുഭേഷു ച
സിദ്ധാമൃതാദിയോഗേഷു പൃച്ഛാഭീഷ്ടഫലപ്രദാ.

സാരം :-

മേൽ വിവരിച്ച ദോഷങ്ങളും ഭൂകമ്പം കേതുദയം കൊള്ളിമീൻ വീഴുക മുതലായ ദോഷങ്ങളും കൂടാത്ത സമയം ദൈവജ്ഞനോട്‌ അഭീഷ്ടം ചോദിച്ചാൽ ചോദ്യം ശുഭകരമായി പരിണമിക്കുമെന്ന് അറിയണം. കൂടാതെ അമൃതഘടി ശുഭോദയം ശുഭദൃഷ്ടി ശുഭമുഹൂർത്തം സിദ്ധയോഗം അമൃതയോഗം മുതലായ യോഗങ്ങൾ ഈ കാലങ്ങളും പ്രശ്നത്തിനു നല്ലവയാകുന്നു.

അശ്വതി മുതലായ നക്ഷത്രങ്ങളുടെ വിഷനാഴിക മുൻപേ പറഞ്ഞുവല്ലോ. അതിനുശേഷം നാലുനാഴിക അമൃതഘടികയാകുന്നു.

ചന്ദ്രൻ, ബുധൻ, വ്യാഴം, ശുക്രൻ, എന്നിവ ശുഭഗ്രഹങ്ങളാകുന്നു. ബലഹീനനായ ചന്ദ്രൻ, പാപനോടുകൂടിയ ബുധൻ സൂര്യൻ കുജൻ ശനി രാഹു കേതു ഗുളികൻ എന്നീ ഗ്രഹങ്ങൾ പാപഗ്രഹങ്ങളുമാകുന്നു. മേല്പറഞ്ഞ ശുഭഗ്രഹങ്ങളുടെ ഉദയവും (അവർ നില്ക്കുന്ന രാശിയും) അവരുടെ ദൃഷ്ടിയും (അവർ നോക്കുന്ന രാശിയും ) പ്രശ്നത്തിന് ശുഭമാണ്. ഒരു ദിവസം ആകെ 30 മുഹൂർത്തമാകുന്നു. ഒരു മുഹൂർത്തം രണ്ടു നാഴിക വരും. അപ്പോൾ രാത്രിയും പകലും 15 മുഹൂർത്തം വീതമാണല്ലോ ഉള്ളത്. ദിനരാത്രിപ്രമാണം അനുസരിച്ച് ഈ നാഴികയ്ക്ക് അല്പം ഭേദം വന്നേക്കാം. പകലുള്ള 15 മുഹൂർത്തങ്ങൾക്ക് തിരുവാതിര ആയില്യം അനിഴം മകം അവിട്ടം പൂരാടം ഉത്രാടം അഭിജിത്ത് രോഹിണി തൃക്കേട്ട വിശാഖം മൂലം ചതയം പൂരം ഉത്രം ഇങ്ങിനെ 15 നക്ഷത്രങ്ങളും രാത്രിയിലുള്ള 15 മുഹൂർത്തങ്ങൾക്ക് തിരുവാതിര പൂരോരുട്ടാതി ഉത്രട്ടാതി രേവതി അശ്വതി ഭരണി കാർത്തിക രോഹിണി മകയിരം പുണർതം പൂയം തിരുവോണം അത്തം ചിത്തിര ചോതി എന്നിങ്ങനെ ക്രമത്താലെ പതിനഞ്ചു നക്ഷത്രങ്ങളുമാകുന്നു. ഇവയിൽ ഊണ്‍നാളിനു വിധിച്ചിട്ടുള്ള നക്ഷത്രങ്ങളുടെ മുഹൂർത്തങ്ങൾ ശുഭമുഹൂർത്തങ്ങളാകുന്നു. അതാതു നക്ഷത്രങ്ങളുടെ ദേവതകൾതന്നെ അതാതു മുഹൂർത്തങ്ങളുടേയും ദേവതകളാകുന്നു. മേല്പറഞ്ഞ ശുഭമുഹൂർത്തം പ്രശ്നത്തിനു അഭീഷ്ടകരമാകുന്നു.

ഞായറാഴ്ചയോട് ഉത്രം ഉത്രാടം ഉത്രട്ടാതി പൂരാടം രേവതി തിരുവോണം എന്നീ നക്ഷത്രങ്ങളും തിങ്കളാഴ്ചയോട് പുണർതം ചോതി അവിട്ടം ചതയം എന്നീ നക്ഷത്രങ്ങളും ചൊവ്വാഴ്ചയോട് അനിഴം ഭരണി രേവതി എന്നീ നക്ഷത്രങ്ങളും ബുധനാഴ്ചയോട് മകയിരം അനിഴം ഉത്രം ഉത്രാടം രോഹിണി എന്നീ നക്ഷത്രങ്ങളും വ്യാഴാഴ്ചയോട് അനിഴം അശ്വതി ചോതി പുണർതം പൂയം എന്നീ നക്ഷത്രങ്ങളും വെള്ളിയാഴ്ചയോട് ഉത്രം അത്തം ചിത്തിര മൂലം രേവതി അശ്വതി എന്നീ നക്ഷത്രങ്ങളും ശനിയാഴ്ചയോട് രോഹിണി കാർത്തിക ചോതി വിശാഖം അനിഴം ചതയം എന്നീ നക്ഷത്രങ്ങളും വരുന്നതു സിദ്ധയോഗമാകുന്നു. സിദ്ധയോഗത്തിനു മതാന്തരങ്ങളുണ്ട്. അവ ബഹുലങ്ങളാകയാൽ ഇവിടെ കാണിക്കുന്നില്ല. ഈ യോഗസമയം പകലിന്റെ എട്ടിലൊരുഭാഗം പുലരുന്നതുവരെയാകുന്നു. ആ സമയം പ്രശ്നത്തിന് വിശേഷമാകുന്നു.

ഞായാറാഴ്ചയോട് പൂയം മൂലം അത്തം എന്നീ നക്ഷത്രങ്ങളും തിങ്കളാഴ്ചയോട് ചിത്തിരയുടെ പകുതിയും തിരുവോണം മകയിരം എന്നീ നക്ഷത്രങ്ങളും ചോവ്വാഴ്ചയോട് ഉത്രട്ടാതി അശ്വതി ഉത്രം രോഹിണി എന്നീ നക്ഷത്രങ്ങളും ബുധനാഴ്ചയോട് പഞ്ചമി സപ്തമി ഉത്രാടം കാർത്തിക അനിഴം എന്നീ പക്കങ്ങളും നക്ഷത്രങ്ങളും വ്യാഴാഴ്ചയോട് ത്രയോദശി പുണർതം പൂരാടം രേവതി എന്നീ പക്കങ്ങളും നക്ഷത്രങ്ങളും വെള്ളിയാഴ്ചയോട് പ്രതിപദം ഷഷ്ഠി ഏകാദശി ഉത്രം ചതയം ചോതി എന്നീ പക്കങ്ങളും നാളുകളും ശനിയാഴ്ചയോട് ദ്വിതീയ സപ്തമി ദ്വാദശി അവിട്ടം രോഹിണി ചോതി എന്നീ പക്കങ്ങളും നാളുകളും യോജിച്ചുവന്നാൽ അമൃതയോഗമാകുന്നു. ഇതിന്റെ കാലവും പകലിന്റെ എട്ടിലൊരുഭാഗം പുലരുന്നതുവരെ ആകുന്നു. ആദിശബ്ദം കൊണ്ട് മറ്റുള്ള ശുഭയോഗങ്ങളും ഗ്രാഹ്യങ്ങളാകുന്നു. അവ മുഹൂർത്തശാസ്ത്രങ്ങളിൽ സ്പഷ്ടങ്ങളാണ്. അവകളെ ഇവിടെ ഉദ്ധരിച്ചു വ്യാഖ്യാനം ദീർഘിപ്പിക്കണമെന്നു വിചാരിക്കുന്നില്ല.

പൃച്ഛാസമയത്ത് ദൈവജ്ഞനു സമാധാനമുണ്ടായിരിക്കണം

ദൈവജ്ഞസാവധാനത്വേ പ്രഷ്ടുശ്ച പ്രശ്നസൗഷ്ഠവം
ഇഷ്ടദ്രവ്യശ്രുതീക്ഷേ ച സമ്യഗിഷ്ടോപലബ്ധയേ. ഇതി

സാരം :-

പൃച്ഛാസമയത്ത് ദൈവജ്ഞനു സമാധാനമുണ്ടായിരിക്കണം. പൃച്ഛകൻ ശരിയായി വണക്കത്തോടുകൂടി വേണം ദൈവജ്ഞനോട് കാര്യം പറയേണ്ടത്. അപ്പോൾ ശുഭപദാർത്ഥങ്ങളെപ്പറ്റി പറയുന്നതു കേൾക്കുകയോ അതുകളെ കാണുകയോ വേണം. ഇങ്ങനെ എല്ലാമുണ്ടായാൽ പൃച്ഛകന്റെ ആഗ്രഹം സുഖേന സാധിക്കുമെന്നു പറയണം.

പൃച്ഛകൻ ദൈവജ്ഞനെ കണ്ടു കാര്യം പറയുമ്പോൾ

ദൈവജ്ഞസാവധാനത്വേ പ്രഷ്ടുശ്ച പ്രശ്നസൗഷ്ഠവേ
സതി പ്രശ്നേഷു സർവേഷു ശുഭാപ്തിർവചനം തഥാ.

സാരം :-

പൃച്ഛകൻ ദൈവജ്ഞനെ കണ്ടു കാര്യം പറയുമ്പോൾ ദൈവജ്ഞൻ കാര്യാന്തരങ്ങളാൽ ഇളക്കംകൂടാതെ സമാധാനചിത്തനായിരിക്കണം. പൃച്ഛകൻ മര്യാദയായിട്ടു ക്രമപ്രകാരം ചോദിക്കയും വേണം. ഇങ്ങനെ ആയാൽ ആയുസ്സ് വിവാഹം സന്താനം മുതലായവയെ അഭിമുഖീകരിച്ചുള്ള ഏതു പ്രശ്നങ്ങളിലും ശുഭഫലം തന്നെ ഉണ്ടാവും.

ഫലം പറയുന്നതിനുള്ള ക്രമം

പൃച്ഛാനിർഗമമാർഗമന്ദിരഗതിപ്രശ്നക്രിയാസംഭവം
സൂത്രത്രിസ്ഫുടജാഷ്ടമംഗലഫലാരൂഢോദയേന്ദൂദ്ഭവം
ആയുഃ ഖേടവശാച്ച ജാതകവശാത്സഞ്ചിന്ത്യ ഭാവാൻ പരാൻ
ദേവാനാമനുകൂലതാദി ച വദേദ് ബാധാഭിചാര്യാദ്യപി. ഇതി.

സാരം :-

പൃച്ഛാസമയത്തിൽ ധരിക്കേണ്ടവ കഴിഞ്ഞ ശ്ലോകംകൊണ്ടു പറഞ്ഞുകഴിഞ്ഞല്ലോ. ആ വക ലക്ഷണങ്ങളെക്കൊണ്ടും പുറപ്പെടുമ്പോൾ തല്ക്കാലം സംഭവിക്കുന്ന നിമിത്താദികളെക്കൊണ്ടും വഴിയിൽവെച്ചു കാണുന്ന ശകുനം മുതലായവയെ ആശ്രയിച്ചും പൃച്ഛകഗ്രഹത്തിങ്കൽ പ്രവേശിക്കുമ്പോൾ അനുഭവപ്പെടുന്ന ലക്ഷണങ്ങളെക്കൊണ്ടും ചക്രമെഴുത്തു മുതലായ പ്രശ്നകർമ്മത്തിന്റെ ഉപകരണസാധനങ്ങളെ (സ്വർണ്ണദീപതാംബൂലാദികളെ) ക്കൊണ്ടും സൂത്രം ത്രിഫുടം അഷ്ടമംഗലം ആരൂഢം ഉദയം ചന്ദ്രൻ ഇതുകളിൽ നിന്നും ഗ്രഹങ്ങളുടെ സ്ഥിതിഭേദംകൊണ്ടും ജാതകഫലത്താലും ആയുസ്സിനെ ചിന്തിച്ചു നിശ്ചയിക്കണം. ആയുർവിഷയം പ്രധാനമായിട്ടാണ് ഈ പ്രശ്നമാർഗ്ഗത്തിന്റെ പുറപ്പാട്. അതുകൊണ്ടാണ് പൃച്ഛാനിർഗ്ഗമനാദികളെക്കൊണ്ട് ആയുസ്സിനെ അറിയണം എന്നു പറഞ്ഞത്. വിവാഹപ്രശ്നം സന്താനപ്രശ്നം മുതലായതിനും സമയാദികളെ യുക്തിപോലെ ചിന്തിക്കാവുന്നതാണ്‌. കൂടാതെ ദ്വാദശഭാവങ്ങളെയും ഈശ്വരാനുകൂല്യത്തെയും ധർമ്മ ദൈവവിചാരത്തേയും ആഭിചാരം ബാധാചിന്ത മുതലായവയേയും വഴിപോലെ ആലോചിച്ചിട്ടു പറയേണ്ടതാണ്. ഫലം പറയുന്നതിനുള്ള ക്രമം ഇപ്രകാരമാണ്.

പൃച്ഛകൻ ദൈവജ്ഞനോടു തന്റെ ആവശ്യത്തെ പറയുമ്പോൾ ദൈവജ്ഞൻ സമയം മുതലായവയെ മനസ്സുവച്ചറിയണം

ദൈവജ്ഞേന സമാഹിതേന സമയോ ദേശഃ സ്വവായുർദശാ
പ്രഷ്ടുഃ സ്പർശനമാശ്രിതർക്ഷഹരിതൗ പ്രശ്നാക്ഷരാണി സ്ഥിതിഃ
ചേഷ്ടാ ഭാവവിലോകനേ ച വസനാദ്യന്യച്ച തൽകാലജം
പൃച്ഛായാഃ സമയേ തദേതഖിലം ജ്ഞേയം ഹി വക്തും ഫലം.

സാരം :-

പൃച്ഛകൻ ദൈവജ്ഞനോടു തന്റെ ആവശ്യത്തെ പറയുമ്പോൾ ദൈവജ്ഞൻ സമയം മുതലായവയെ മനസ്സുവച്ചറിയണം. അതിനാൽ ദൈവജ്ഞൻ വാലെ സമാധാനചിത്തനായിരുന്നു കൊള്ളേണ്ടതാണ്. അപ്പോൾ ശ്രദ്ധിച്ചറിയേണ്ടവയെ താഴെ പറയുന്നു.

1). സമയം

2). പൃച്ഛകൻ വന്നു ചോദിച്ച ദേശം.

3). ജ്യോതിഷക്കാരന്റെ ശ്വാസഗതി

4). അവസ്ഥ. എന്നാൽ മനസ്സുകൊണ്ടോ ശരീരംകൊണ്ടോ ദൈവജ്ഞനും ദൂതനും ചെയ്യുന്ന വ്യാപാരം.

5). പ്രഷ്ടാവ് സ്പർശിച്ചിരിക്കുന്ന സാധനം

6). പൃച്ഛകൻ നിൽക്കുന്ന രാശി

7). കിഴക്ക് മുതലായ ഏത് ദിക്കിൽ പൃച്ഛകൻ നിൽക്കുന്നുവെന്ന്.

8). ചോദ്യത്തിന് ഉപയോഗിച്ച അക്ഷരങ്ങൾ

9). പൃച്ഛകൻ ഏതുമാതിരി നിൽക്കുന്നുവെന്ന്.

10). പൃച്ഛകൻ കയ്യ് കാല് മുതലായ അവയവങ്ങളെക്കൊണ്ടു എടുക്കുന്ന വ്യാപാരം.

11). പൃച്ഛകന്റെ പ്രസാദം ദുഃഖം മുതലായ ഭാവവിശേഷം.

12). പൃച്ഛകൻ എവിടേയ്ക്ക് നോക്കിയിരുന്നുവെന്നത്.

13). ഉടുത്തിരിക്കുന്ന വസ്ത്രത്തിന്റെ നിറം അവസ്ഥ മുതലായവ

14). കടകം കുണ്ഡലം മുതലായ പൃച്ഛകൻ ധരിച്ച വസ്തുക്കൾ.

15). തൽക്കാലത്തിലുണ്ടാകുന്ന ലക്ഷണങ്ങൾ എന്നാൽ വേണുവീണാദിശബ്ദങ്ങൾ ഉപശ്രുതികൾ വിലാപപ്രലാപാദികൾ ഇതുകളാകുന്നു അറിയേണ്ടവ

രാശികളിൽവെച്ച് ഏതൊരു രാശിയിൽ സ്ഥിതിചെയ്തിട്ടാണോ പ്രഷ്ടാവ് പ്രശ്നം ചോദിക്കുന്നത് (ആരൂഢം)

ഐന്ദ്ര്യാം മേഷവൃഷാ, വഗ്നികോണേ മിഥുനഭം സ്ഥിതം,
യാമ്യാം കർക്കടസിംഹൗ സ്തോ, മൈശാന്യാം ദിശി കന്യകാ,

വാരുണ്യാം തു തുലാകീടൗ, വായുകോണേ ധനുസ്ഥിതിഃ,
സൗമ്യാം മൃഗഘടൗ സ്യാതാ, മൈശാന്യാം ദിശി മീനഭം

ഭൂമിചക്രമിതി പ്രോക്തം വിഷ്വഗ്ദൈവവിദഃ സ്ഥിതം
തത്ര യത്ര സ്ഥിതഃ പ്രഷ്ടാ *പൃച്ഛത്യാരൂഢഭം ഹി തൽ.

ആരൂഢത്വാൽ പൃച്ഛകേന രാശിരാരൂഢ ഉച്യതേ
തസ്മിൻ സമ്യക്പരിജ്ഞാതേ സർവം തേനൈവ ചിന്ത്യതാം.

തസ്മിന്നനിശ്ചിതേ ചക്രം വിലിഖ്യാസ്മിൻ സുപൂജിതേ
പ്രഷ്ടാ സ്വർണ്ണേന യം രാശിം സ്പൃശേദാരൂഢ ഏവ സഃ.

സാരം :-

മേടവും ഇടവവും കിഴക്കേദിക്കിലും മിഥുനം അഗ്നികോണിലും കർക്കടകവും ചിങ്ങവും തെക്കേദിക്കിലും കന്നിരാശി നിരൃതികോണിലും തുലാവും വൃശ്ചികവും പടിഞ്ഞാറേ ദിക്കിലും ധനുരാശി വായുകോണിലും മകരവും കുംഭവും വടക്കും മീനംരാശി ഈശകോണിലും ഇങ്ങനെ പ്രശ്നകാരന്റെ ചുറ്റുമായി രാശിചക്രം സ്ഥിതിചെയ്യുന്നു. ഇതുകൊണ്ട് പന്ത്രണ്ടു രാശികൾ സിദ്ധമായല്ലോ. ഫലമറിവാനായിവന്ന ആൾ ഈ രാശികളിൽവെച്ച് ഏതൊരു രാശിയിൽ സ്ഥിതിചെയ്തിട്ടാണോ ചോദിക്കുന്നത്, ആ രാശിയെ ആരൂഢമെന്നു കല്പിക്കണം. പൃച്ഛകൻ ആരോഹിച്ചതുകൊണ്ടാണ് അതിനെ അതിനെ ആരൂഢമെന്നു പറയുന്നത്. ഇങ്ങനെ ആരൂഢരാശി പൂർണ്ണമായി അറിയുവാൻ കഴിയുമെങ്കിൽ അതിനെ ആസ്പദമാക്കി സകലഫലങ്ങളും വിചാരിക്കാവുന്നവയാണ്. ഈ രാശിക്കും ലഗ്നമെന്നു പറയാം. സ്ഥിതികൊണ്ട് ആരൂഢരാശി നിർണ്ണയിക്കാൻ നിവൃത്തിയില്ലാതെ വന്നാൽ വിധിപ്രകാരം രാശിചക്രം വരച്ചു ഗ്രഹപൂജ മുതലായതു ചെയ്തു പ്രഷ്ടാവിനെക്കൊണ്ടു സ്വർണ്ണം വയ്പിക്കണം. വേറെ ഒരാളെക്കൊണ്ട് സ്വർണ്ണം രാശിചക്രത്തിൽ വയ്പിക്കയുമാകാം. ഈ രാശി ആരൂഢമാകുന്നു.

------------------------------------

* രാശിരാരൂഢഭം (പാ. ഭേ)

ഫലം അറിയണം എന്നുള്ള മോഹംകൊണ്ടു ജ്യോതിഷക്കാരന്റെ അടുക്കെ വന്നവൻ

അപൃച്ഛതഃ പൃച്ഛതോ വാ ജിജ്ഞാസോര്യസ്യ കസ്യചിൽ
ഹോരാകേന്ദ്രത്രികോണേഭ്യഃ ശുഭാശുഭഫലം വദേൽ.

വസിഷ്ഠവചനാദസ്മാജ്ജിജ്ഞാസോരപ്യപൃച്ഛതഃ
ദർശനേ ദൈവവിദ്ബ്രൂയാദാരൂഢേന ശുഭാശുഭം.

സാരം :- 

ഫലം അറിയണം എന്നുള്ള മോഹംകൊണ്ടു ജ്യോതിഷക്കാരന്റെ അടുക്കെ വന്നവൻ ജ്യോതിഷക്കാരനോടു ചോദിച്ചാലാകട്ടെ ചോദിച്ചില്ലെങ്കിലാകട്ടെ ഏതായാലും ജ്യോതിഷക്കാരൻ ജിജ്ഞാസയുള്ളവനോടു ലഗ്നത്തേയും കേന്ദ്രങ്ങളേയും ത്രികോണങ്ങളേയും ആലോചിച്ചു ശുഭഫലത്തേയും അശുഭഫലത്തേയും പറയണം. എന്നു വസിഷ്ഠമഹർഷി പറഞ്ഞിട്ടുണ്ട്. അതുഹേതുവായിട്ടു മുൻപു പറഞ്ഞ നിഷേധമുണ്ടെങ്കിലും അവൻ മോഹമുള്ളവൻ ചോദിച്ചില്ലെങ്കിലും അവനെ കണ്ടാൽ ജ്യോതിഷക്കാരൻ ആരൂഢംകൊണ്ടു ശുഭാശുഭഫലങ്ങളെ പറഞ്ഞുകൊടുക്കണം. ഇവിടെ ഹോരാകേന്ദ്രത്രികോണേഭ്യഃ എന്നതു ല്യബ്ളോപേകർമണി പഞ്ചമീ; ഫലം പറയുന്നതിൽ ഹോരാകേന്ദ്രത്രികോണങ്ങൾക്ക് ആധികാവകാശമുണ്ടായാൽ അതുകളെ വിശേഷിച്ചു കാണിച്ചുവെന്നു മാത്രമേ ഉള്ളു. അതിനെ ഇതരോ പലക്ഷണത്വേന കല്പിച്ചാൽ മതി. ഹോരാ = ലഗ്നം കേന്ദ്രാന്തർഭൂതമാണെങ്കിലും ചതുർത്ഥസപ്തമദശമാപേക്ഷയാ പ്രാധാന്യമുണ്ടാകയാൽ വേറെ കാണിച്ചതാകുന്നു. ഭാവേഷ്വേഷു ഹി മുഖ്യതാ തു വപുഷഃ എന്നു വചനവുമുണ്ട്.

ദൈവജ്ഞനോടു വിധിപ്രകാരം ആവശ്യപ്പെടാതെ ഫലം പറഞ്ഞുപോകരുത്

നാപൃഷ്ടഃ കസ്യചിദ്ബ്രൂയാന്നാƒന്യായേന ച പൃച്ഛതഃ
പരമാർത്ഥഫലജ്ഞാനം യതോ നൈവേഹ സിദ്ധ്യതി. ഇതി.

സാരം :-

ദൈവജ്ഞനോടു വിധിപ്രകാരം ആവശ്യപ്പെടാതെ ഫലം പറഞ്ഞുപോകരുത്. യാദൃച്ഛികമായി ദൈവജ്ഞനെ കാണുമ്പോഴോ പരീക്ഷിക്കാൻ വേണ്ടിയോ ന്യായമല്ലാതെ ചോദിച്ചവനോടും ഫലം പറയരുത്. എന്തെന്നാൽ ഈ അവസരത്തിൽ യഥാർത്ഥഫലം ഉദിക്കുന്നതല്ല.

ദൈവജ്ഞന്റെ സമീപത്തു ചെന്ന് എന്തെങ്കിലും ഒരു കാഴ്ചദ്രവ്യം കൊടുത്ത് ആഗ്രഹത്തെ പറയണം

തിഥൗ ശുഭായാം ശുഭദേƒനുകൂലേ
താരേ ദിനേ ഭാനുശുഭഗ്രഹാണാം
പ്രഷ്ടേപ്സിതം പ്രാഭൃതദാനതുഷ്ടം
ജ്യോതിർവിദം പ്രാതരൂപേത്യ പൃച്ഛേൽ.

സാരം :-

ഫലം അറിയേണ്ട ആൾ ചതുർത്ഥി, നവമി പതിന്നാല് സ്ഥിരകരണം വിഷ്ടി മുതലായ ദോഷങ്ങളില്ലാത്ത തിഥിയും ഊണിനു വിലക്കിയിട്ടുള്ള നക്ഷത്രങ്ങളും പ്രഷ്ടാവിന്റെ മൂവഞ്ചേഴാം നാളുകളും ചൊവ്വാ ശനി എന്നീ ആഴ്ചകളും ഒഴിച്ച് രാവിലെ ദൈവജ്ഞന്റെ സമീപത്തു ചെന്ന് എന്തെങ്കിലും ഒരു കാഴ്ചദ്രവ്യം കൊടുത്ത് ആഗ്രഹത്തെ പറയണം. അടുത്തുചെന്നു വേണം പറയേണ്ടത്. ഉപേത്യ എന്നു പറഞ്ഞതുകൊണ്ടു ദൂരത്തുനിന്നു വിളിച്ചു ചോദിക്കരുതെന്നു വരുന്നു. പൃച്ഛകൻ അനുഷ്ഠിക്കേണ്ടതിനെക്കുറിച്ച് ദൈവജ്ഞൻ പഠിക്കുന്ന ഗ്രന്ഥത്തിൽ പറഞ്ഞിട്ടാവശ്യമുണ്ടോ എന്ന് ശങ്കിക്കുന്നു എങ്കിൽ പൃച്ഛകന്റെ ധർമ്മകൃത്യം ഇപ്രകാരം ആണെന്നും ഇതിനു വിപരീതമായി വന്നുപോയാൽ അതിനെ അനുസരിച്ച് ഫലങ്ങൾ പറയേണ്ടതാണെന്നും ഗ്രാഹ്യമാകുന്നു.

ജ്യോതിഷക്കാരന്റെ സമീപത്തിൽ ആരെങ്കിലും വരുന്നതു കണ്ടാൽ

ആലോകേ ഖലു യസ്യകസ്യചിദസാവായാതി യൽ കിഞ്ചന
പ്രഷ്ടും മാം പ്രതി നൂനമിത്യവഹിതസ്തന്ന്യസ്തദൃഷ്ടിർദൃഢം
തച്ചേഷ്ടാദികമാകലയ്യ സകലം തൽകാലജാതം പുനർ - 
ജാനീയാത്സദസന്നിമിത്തമപി ച ശ്വാസസ്ഥിതിംചാത്മനഃ

സാരം :-

ജ്യോതിഷക്കാരന്റെ സമീപത്തിൽ ആരെങ്കിലും വരുന്നതു കണ്ടാൽ തന്നോട് ഏതോ ചോദിച്ചറിവാനാണ് ഇയാൾ വരുന്നതെന്നുകരുതി അയാളുടെ ദർശനം, സ്പർശനം, സ്ഥിതി മുതലായവ നല്ലപോലെ നോക്കി മനസ്സിലാക്കണം. യദൃച്ഛാസംഭവങ്ങളായ ഉപശ്രുതി, ഉപദർശനം മുതലായ അന്യനിമിത്തങ്ങളെയും ധരിച്ചുകൊള്ളണം. കൂടാതെ തൽസമയത്തിലുള്ള തന്റെ ശ്വാസഗതിയേയും അറിയണം.

ജ്യോതിഷക്കാരൻ ദിവസേന ചെയ്യേണ്ടുന്ന കർമ്മത്തെ പറയുന്നു

ഉത്ഥായോഷസി ദേവതാം ഹൃദി നിജാം ധ്യാത്വാ വപുശ്ശോധനം
കൃത്വാ സ്നാനപുരസ്സരം സലിലവിക്ഷേപാദികർമാഖിലം
കൃത്വാ മന്ത്രജപാദികം ച വിധിവൽ പഞ്ചാംഗവീക്ഷയാം തഥാ
ഖേടാനാം ഗണനം ച ദൈവവിദഥ സ്വസ്ഥാന്തരാത്മാ ഭവേൽ.

സാരം :-

ദൈവജ്ഞൻ (ജ്യോതിഷക്കാരൻ) അതിരാവിലെ എഴുന്നേറ്റ് തന്റെ ഇഷ്ടദേവതയെ ഭക്തിയോടുകൂടി ധ്യാനിക്കണം. പിന്നീട് മലമൂത്രവിസർജ്ജനം ചെയ്ത് ആചമനാദി ക്രിയകളോടുകൂടി സ്നാനംചെയ്ത് ദേഹശുദ്ധി വരുത്തണം. പിന്നീടു സന്ധ്യാവന്ദനം മുതലായ നിത്യാനുഷ്ഠാനങ്ങൾ ചെയ്ത് മന്ത്രജപാദികളായ ആന്തരകർമ്മങ്ങളും കഴിഞ്ഞ് പഞ്ചാംഗം വച്ച് ഗ്രഹങ്ങളേയും ഗണിച്ച് യാതൊരു മനോവികാരങ്ങളും കൂടാതെ നിശ്ചഞ്ചലചിത്തനായി ഇരിക്കണം. 

ശനിദോഷപരിഹാരം

അസിതതിലാഞ്ജനലോദ്ധ്റബലാഭി-
ശ്ശതകുസുമാഫലലാജയുതാഭിഃ
രവിതനയേ കഥിതം വിഷമസ്ഥേ
ദുരിതഹൃദാപ്ലവനം മുനിമുഖ്യഃ

സാരം :-

കാരെള്ള്, അഞ്ജനക്കല്ല്, പാച്ചോറ്റിത്തൊലി, കുറുന്തോട്ടി, ശതകുപ്പ, ജാതിക്ക, മലര്, എന്നീ ദ്രവ്യങ്ങളെക്കൊണ്ടുണ്ടാക്കിയ സ്നാനജലം ശനിയുടെ ദോഷത്തെ പരിഹരിക്കും. 

ശുക്രദോഷപരിഹാരം

ഏലയാ ത്രിഫലയാ സമന്ന്വിതൈർ-
വാരിഭിസ്സഫലമൂലകുങ്കുമൈഃ
സ്നാനതോ ഭൃഗുസുതോപപാദിതം
വൈകൃതം വിലയമേത്യസംശയം.

സാരം :-

ഏലത്തിരി, ത്രിഫല, ഇരുവേലി, കുങ്കുമപ്പൂവ്, ജാതിക്കാ, പുഷ്കരമൂലം എന്നിവകളെകൊണ്ടുണ്ടാക്കിയ സ്നാനജലം ശുക്രദോഷപരിഹാരമാകുന്നു.

വ്യാഴദോഷപരിഹാരം

മാലതീകുസുമശുഭ്രസർഷപൈഃ
പല്ലവൈശ്ച മദയന്തികോത്ഭവൈഃ
മിശ്രമംബു മധുകേന ച സ്ഫുടം
വൈകൃതം ഗുരുകൃതം നികൃന്തതി.

സാരം :-

പിച്ചകപ്പൂവ്, വെണ്‍കടുക്, വള്ളിമുല്ലയുടെ ഇല, ഇരട്ടിമധുരം, എന്നിവകളെക്കൊണ്ടുള്ള സ്നാനം വ്യാഴത്തിന്റെ ദോഷത്തെ പരിഹരിക്കുന്നതാകുന്നു. 

ബുധദോഷപരിഹാരം

ഗോമയാക്ഷതഫലൈസ്സരോചനൈഃ
ക്ഷേമശുക്തിഭവമൂലഹേമഭിഃ
സ്നാനമുക്തമിദമത്ര ഭൂഭൃതാം
ബോധനാƒശുഭവിനാശനം ബുധൈഃ

സാരം :-

ചാണകം, അക്ഷതം (നെല്ലും അരിയും), ജാതിക്കാ, ഗോരോചന, കാട്ടുകച്ചോലം, ചെമ്പകപ്പൂവ്, മുത്ത്, പുഷ്കരമൂലം, സ്വർണ്ണം എന്നിവകളെക്കൊണ്ട് വിധിപ്രകാരം ചെയ്യുന്ന സ്നാനം ബുധദോഷഹരമാകുന്നു. 

കുജദോഷപരിഹാരം

വില്വചന്ദനബലാരുണപുഷ്പൈർ-
ഹിംഗുളൂകഫലിനീബകുളൈശ്ച
സ്നാനമത്ഭിരിഹ മംസിയുതാഭിർ-
ഭൌദോഷവിനിവാരണമേതൽ.

സാരം :-

കൂവളം, ചന്ദനം, (രക്തചന്ദനം), കുറുന്തോട്ടി, കൊന്നപ്പൂവ്, ചായില്യം, ഞാഴൽപൂവ്, ഇലഞ്ഞിപ്പൂവ്, ജടാമാഞ്ചി എന്നിവകളെകൊണ്ടുണ്ടാക്കിയ ജലംകൊണ്ടു സ്നാനം ചെയ്യുന്നതു കുജദോഷഹരമാകുന്നു. 

ചന്ദ്രദോഷപരിഹാരം

പഞ്ചഗവ്യഗജദന്തവിമിശ്രൈ-
ശ്ശംഖശുക്തികുമുദസ്ഫടികൈശ്ച
ശീതരശ്മികൃതദോഷനിവൃത്ത്യൈ
സ്നാനമേതദുദിതം നൃപതീനാം.

സാരം :-

ചന്ദ്രദോഷവൃത്തിക്ക് പഞ്ചഗവ്യം, ആനയുടെ പല്ല്, ശംഖ്, മുത്തുച്ചിപ്പി, ആമ്പൽപൂവ്, സ്ഫടികം, എന്നീ ഇനങ്ങളെക്കൊണ്ടുണ്ടാക്കിയ സ്നാനജലം ഉപയോഗിച്ചുകൊണ്ടുള്ള പഞ്ചഗവ്യം എന്നതു പശുവിന്റെ മൂത്രം, ചാണകനീർ, തയിർ, നെയ്യ് എന്നിവ ഒന്നിച്ചു ചേർത്തതാകുന്നു. "ഗോമൂത്രം താമ്രവർണ്ണായാഃ ശ്വേതായാശ്ചൈവ ഗോമയം; പയഃ, കാഞ്ചനവർണ്ണായാ നീലായാശ്ച തഥാദധി, ഘൃതന്തു കൃഷ്ണ വർണ്ണായാസ്സർവ്വം കാപിലമേവ വാ; അലാഭേസർവ്വണ്ണാനാം പഞ്ചഗവ്യേഷ്വയം വിധിഃ. ഗോമയാദ്ദ്വിഗുണം മൂത്രം മുത്രാൽ സപ്തഗുണം പയഃ ദധി തൽത്രിഗുണം പ്രോക്തം മൂത്രമാത്രം ഘൃതം തഥാ " ഇത്യാദി പ്രമാണങ്ങളും ഇവിടെ സ്മരണീയങ്ങളാകുന്നു. 

സൂര്യദോഷപരിഹാരം

മനശ്ശിലൈലാസുരദാരുകുങ്കമൈ-
രുശീരയഷ്ടീമധുപത്മകാന്വിതൈഃ
സതാമ്രപുഷ്പെർവ്വിഷമസ്ഥിതേ രവൗ
ശുഭാവഹം സ്നാനമുദാഹൃതം ബുധൈഃ

സാരം :-

സൂര്യന്റെ പ്രീതിക്കുള്ള സ്നാനൗഷധങ്ങളാണ് ഈ ശ്ലോകത്തിൽ പറഞ്ഞിട്ടുള്ളത്. മനയോല, ഏലത്തരി, ദേവതാരം, കുങ്കുമം, രാമച്ചം, ഇരട്ടിമധുരം, പതിമുകം, ചെമ്പരത്തി മുതലായ ചുവന്ന പുഷ്പങ്ങൾ ഇതുകളെക്കൊണ്ടു സ്നാനജലം ഉണ്ടാക്കണമെന്നു. സാരം. ഈ സ്നാനജലം രാജാക്കന്മാർ, പ്രഭുക്കന്മാർ മുതലായവർക്കാണ് പ്രത്യേകം വിധിച്ചിട്ടുള്ളതെങ്കിലും മറ്റുള്ളവർക്കും സ്വീകാര്യംതന്നെയാണ്. 

മീനലഗ്നവിചാരം

മീനലഗ്നഭുവഃ പാപാശ്ശനി ശുക്രാർക്കസോമജാഃ
ശുഭൗ കുജേന്ദു ഗുർവ്വാരൗ യോഗദൗ ഹന്തി നോ കുജഃ.

സാരം :-

മീനലഗ്നത്തിൽ ജനിച്ചവനു ദ്വാദശൈകാദശനാഥനായ ശനിയും വിക്രമാഷ്ടമാധിപനായ ശുക്രനും ഷഷ്ഠാധിപനായ സൂര്യനും കേന്ദ്രമാരകാധിപനായ ബുധനും പാപന്മാരാകുന്നു. ത്രികോണാധിപന്മാരായ ചന്ദ്രനും ചൊവ്വയും ശുഭന്മാരാണ്. ഭാഗ്യകർമ്മാധിപന്മാരായ കുജന്റെയും വ്യാഴത്തിന്റേയും സംബന്ധം രാജയോഗപ്രദമാകുന്നു. ദ്വിതീയമാരകാധിപനാണെങ്കിലും മീനലഗ്നജാതനു കുജൻ മാരകനല്ല. പാപന്മാരായ ശനി ശുക്രരവിബുധന്മാർ തന്നെ മാരകലക്ഷണാനുസരണം മരണഫലത്തെ ചെയ്യുമെന്നും അറിഞ്ഞുകൊള്ളണം. 

കുംഭലഗ്നവിചാരം

കുംഭജസ്യാര്യചന്ദ്രാരഃ പാപാശ്ശുക്രശ്ശുഭസ്സ്വയം
രാജയോഗകരൗ കാവ്യകുജൗ ഹന്തീഹ നോ ഗുരുഃ

ഘ്നന്തി ചന്ദ്രാദയഃ പാപാസ്സമൗ സൗമ്യശനൈശ്വരൗ
സൂര്യശ്ച യോഗദശ്ചേതി കേചിദാഹുഃ പുരാവിദഃ

സാരം :-

കുംഭലഗ്നത്തിൽ ജനിച്ചവന് വ്യാഴവും ചന്ദ്രനും ചൊവ്വയും പാപന്മാരാകുന്നു. ശുക്രൻ മാത്രം ശുഭനാണെങ്കിലും കുജശുക്രസംബന്ധം രാജയോഗപ്രദമാണ്. വ്യാഴം ദ്വിതീയാധിപത്യം കൊണ്ടു മാരകമാണെങ്കിലും മരണഫലത്തെ ചെയ്യുന്നതല്ല. ചന്ദ്രൻ മുതലായ മറ്റു പാപന്മാർക്കാണ് മരണകർത്തൃത്വമുള്ളത്. ശനിക്ക്‌ ലഗ്നാധിപത്യവും ദ്വാദശാധിപത്യവും ബുധനു പഞ്ചമാഷ്ടമാധിപത്യവും ഉള്ളതുകൊണ്ട് ശുഭാശുഭസമത്വം കല്പിക്കാം. എന്നാൽ അന്യഗ്രഹസാഹചര്യംകൊണ്ട് ഈ ഫലത്തിന് അല്പം ആധിക്യന്യൂനതകളും സംഭവിക്കാവുന്നതാണ്. ഇവിടെ സൂര്യൻ മാരകസ്ഥാനാധിപനാണെങ്കിലും യോഗകർത്താവാണെന്നു ചില ആചാര്യന്മാർക്കഭിപ്രായമുണ്ട്. 

മകരലഗ്നവിചാരം

മൃഗലഗ്നഭുവസ്സാക്ഷാൽ ഭൃഗുജോ രാജയോഗദഃ
പാപാ കുജാര്യശശീനഃ ശുഭൗ ശുക്രശശാങ്കജൗ.

സബുധോƒതിശുഭശ് ശുക്രസ്സ്വയം ഹന്തി ന സൂര്യജഃ
തല്ലക്ഷണാന്നിഹന്താരോ ഭവന്തി കുജപൂർവ്വകാഃ.

സാരം :-

മകരലഗ്നത്തിൽ ജനിച്ചവന് ശുക്രൻ ഏറ്റവും ശുഭനും രാജയോഗപ്രദനുമാണ്. ബുധനും സാമാന്യശുഭദൻതന്നെ. ബുധശുക്രന്മാരുടെ യോഗം ഏറ്റവും ശുഭമാകുന്നു. ചൊവ്വയ്ക്കും വ്യാഴത്തിനും ചന്ദ്രനും ഉത്തരോത്തരം പാപത്വം കൂടിയിരിക്കും. ഇവർക്ക് മാരകലക്ഷണം കൂടിയുണ്ടായാൽ മരണത്തെത്തന്നെ ചെയ്യുന്നതുമാണ്. ശനി ദ്വിതീയമാരകാധിപനാണെങ്കിലും ലഗ്നാധിപൻകൂടിയാകയാൽ താനേതന്നെ മാരകനായിരിക്കുന്നതല്ല. സൂര്യൻ അഷ്ടമാധിപനാണെങ്കിലും സൂര്യചന്ദ്രന്മാർക്ക് അഷ്ടമാധിപത്യദോഷം ഇല്ലെന്നുള്ള പ്രമാണപ്രകാരം മാരകനല്ലാത്തതും മദ്ധ്യമഫലപ്രദനായിരിക്കുന്നതുമാണ്. 

ധനുലഗ്നവിചാരം

പാപസ്യാശുഭശ്ശുക്രഃ ശുഭൗ രുതിരഭാസ്കരൗ
തപനോƒതിശുഭോയോഗശ്ശുഭസ്സ്യാൽ സൗമ്യസൂര്യയോഃ
ഭൃഗപുത്രാദയഃ പാപാ ഘ്നന്തി മന്ദോƒത്ര മാരകഃ
ന ഹന്തി രന്ധ്രനാഥോƒപി ശശീ മദ്ധ്യഫലപ്രദഃ

സാരം :-

ധനുലഗ്നത്തിൽ ജനിച്ചവന് ശുക്രൻ ഏറ്റവും അശുഭനും പാപനുമാകുന്നു. സൂര്യനും ചൊവ്വയും ശുഭന്മാരാണ്. ഇവിടെ ചൊവ്വ പന്ത്രണ്ടാംഭാവാധിപൻകൂടിയാകയാൽ സൂര്യനോളം ശുഭത്വമില്ല. സൂര്യൻ ഏറ്റവും ശുഭൻ തന്നെ. കേന്ദ്രാധിപനാണെങ്കിലും ബുധന് സൂര്യനോടുള്ള യോഗം രാജയോഗപ്രദമാണ്. ശുക്രൻ അതിപാപിതന്നെ. ദ്വിതീയതൃതീയാധിപനായ ശനിക്കും മാരകത്വമുണ്ട്. ലഗ്നചതുർത്ഥാധിപനായ വ്യാഴത്തിന് പാപത്വം വളരെ കുറവാണ്. അഷ്ടമാധിപനാണെങ്കിലും ചന്ദ്രൻ മാരകനല്ലെന്നും സമഫലപ്രദനാണെന്നും അറിഞ്ഞുകൊല്ലുകയും വേണം. " നരന്ധ്രേശത്വദോഷസ്തു സൂര്യാചന്ദ്രമസോരിഹ " എന്നു പ്രമാണവുമുണ്ട്. 

വൃശ്ചികലഗ്നവിചാരം

ബുധാരകവയഃ പാപാസ്സുധാംശുരതിശോഭനഃ
സൂര്യാചന്ദ്രമസൗ യോഗകാരകൗ കീടജന്മനഃ

ന നിഹന്തി ഗുരുഃ പാപാ ഘ്നന്തി സൗമ്യാദയസ്ത്രയഃ
രാജയോഗപ്രദാവത്ര ഭാഗ്യസ്ഥൗ ധിഷണോഡുപൗ.

സാരം :-

വൃശ്ചികലഗ്നത്തിൽ ജനിച്ചവന് ബുധനും ചൊവ്വയും ശുക്രനും പാപന്മാരാകുന്നു. ചന്ദ്രൻ യോഗകർത്താവും ഏറ്റവും ശുഭനുമാണ്. നവമാധിപനായ ചന്ദ്രന്റേയും ദശമാധിപനായ സൂര്യന്റേയും യോഗദൃഷ്ട്യാദിസംബന്ധം വിശേഷാൽ ശുഭത്തെചെയ്യുന്നതാണ്. മാരകാധിപനാണെങ്കിലും വ്യാഴം മൃത്യുപ്രദനല്ല. ബുധകുജശുക്രന്മാർതന്നെ മാരകന്മാരാകുന്നു. വ്യാഴവും ചന്ദ്രനും ഒരുമിച്ച് ഒമ്പതാംഭാവത്തിൽ നിൽക്കുന്നത് രാജയോഗമാണ്. ഇവിടെ സൂര്യന്റെ ശുഭത്വം തുച്ഛമാകുന്നു. തൃതീയചതുർത്ഥാധിപനായിരിക്കുന്ന ശനി സമഫലപ്രദനുമാണ്. 

തുലാലഗ്നവിചാരം

ജൂകജസ്യാര്യസൂര്യാരാഃ പാപാശ്ശനിബുധൗ ശുഭൗ
രാജയോഗകരൗ ജ്ഞേയൗ ചന്ദ്രചന്ദ്രസുതാവുഭൗ.

കുജോ ന ഹന്തി ജീവാദ്യാഃ പരേ മാരകസംജ്ഞകാഃ
ഗുരുര്യോഗപ്രദശ്ശുക്രോ മാരകശ്ചേതി കേചന.

സാരം :-

തുലാലഗ്നത്തിൽ ജനിച്ചവനു വ്യാഴവും സൂര്യനും ചൊവ്വയും പാപന്മാരാകുന്നു. ശനിബുധന്മാർ ശുഭന്മാരായിരിക്കും. എങ്കിലും ബുധനേക്കാൾ യോഗകർത്തൃത്വവും ശുഭത്വവും ശനിക്കുതന്നെയാണ്. കർമ്മാധിപനായ ചന്ദ്രന്റെയും നവമാധിപനായ ബുധന്റെയും യോഗം രാജയോഗമാകുന്നു. തുലാലഗ്നജാതനു ദ്വിതീയസപ്തമമാരകാധിപനാണെങ്കിലും ചൊവ്വ മരണത്തെ ചെയ്കയില്ല. വിക്രമഷഷ്ഠാധിപനായ വ്യാഴവും പതിനൊന്നാംഭാവാധിപനായ സൂര്യനും അശുഭന്മാർ തന്നെ. ഇവിടെ വ്യാഴത്തേക്കാൾ സൂര്യന് ദോഷം കുറയും ചില ആചാര്യന്മാരുടെ അഭിപ്രായത്തിൽ യോഗപ്രദനാണെന്നുണ്ട്, എട്ടാം ഭാവാധിപനായ ശുക്രനും മാരകൻ തന്നെയാണെന്നു ചിലർക്ക് അഭിപ്രായമുണ്ട്. മറ്റ് ഗ്രഹയോഗങ്ങൾകൊണ്ടും ഇഷ്ടാനിഷ്ടസ്ഥിതികൊണ്ടും ഈ ഫലങ്ങളെ നിർണ്ണയിക്കേണ്ടതാന്. 

കന്നിലഗ്നവിചാരം

കുജജീവേന്ദവഃ പാപാശ്ശുക്ര ഏകഃ ശുഭോ മതഃ
ഭാർഗ്ഗവേന്ദുസുതാവേവ ഭവേതാം യോഗകാരകൗ.
ന ഹന്തി കവിരന്ന്യേതു മാരകാഖ്യാഃ കുജാദയഃ
കന്ന്യാഭവശ്ചതുർത്ഥസ്ഥൗ ഗുരുശുക്രൗ തു യോഗദൗ.

സാരം :-

കന്നിലഗ്നത്തിൽ ജനിച്ചവന് ചൊവ്വയും വ്യാഴവും ചന്ദ്രനും പാപന്മാരാകുന്നു. ത്രികോണാധിപനായ ശുക്രൻ മാത്രം ശുഭനും യോഗപ്രദനുമാണ്. ബുധനും ശുക്രനും യോഗകാരകന്മാർ തന്നെ. ദ്വിതീയാധിപനാണെങ്കിലും കന്നിലഗ്നത്തിൽ ജനിച്ചവനു ശുക്രൻ മാരകനാകുന്നതല്ല. വിക്രമാധിപനായ കുജനും കേന്ദ്രാധിപനായ വ്യാഴവും പന്ത്രണ്ടാം ഭാവാധിപനായ സൂര്യനും മാരകന്മാർതന്നെ. ഇവിടെ ചൊവ്വയ്ക്ക്‌ പാപത്വം ഏറിയിരിക്കും. വ്യാഴവും പാപൻ തന്നെ . ചന്ദ്രന്റെ പാപത്വം ഇതിലും കുറഞ്ഞതാണ്. ശനി ത്രികോണാധിപനാണെങ്കിലും ഷഷ്ഠാധിപൻകൂടിയാകയാൽ ശുഭാശുഭത്വം സമമാണെന്നുമുണ്ട്. ബുധൻ കേന്ദ്രാധിപനാണെങ്കിലും മറ്റു ഗ്രഹങ്ങളെ അപേക്ഷിച്ച് ദോഷം കുറവായതുകൊണ്ടും കർമ്മലഗ്നാധിപനായതുകൊണ്ടും ശുഭനാക്കി പറഞ്ഞിട്ടുള്ളതാകുന്നു. അതുകൊണ്ടാണ് ഭാർഗ്ഗവേന്ദുസുതന്മാരുടെ യോഗകാരകത്വത്തെക്കുറിച്ച് പ്രത്യേകം പറഞ്ഞിട്ടുള്ളത്. നാലാം ഭാവത്തിൽ ഒരുമിച്ച് നിൽക്കുന്ന ഗുരുശുക്രന്മാരും യോഗകർത്താക്കന്മാരായിരിക്കുമെന്ന് ചില ആചാര്യന്മാർ പറയുന്നുണ്ട്. 

ചിങ്ങലഗ്നവിചാരം

പാപൗ ബുധസിതൗ ഭൗമഃ ശുഭോഘ്നന്തി ബുധാദയഃ
പ്രഭവേദ്യോഗമാത്രേണ ന ശുഭം കുജശുക്രയോഃ

സാരം :-

ചിങ്ങലഗ്നത്തിൽ ജനിച്ചവന് പതിനൊന്നാംഭാവാധിപനായ ബുധനും വിക്രമകർമ്മാധിപനായ ശുക്രനും പാപന്മാരാകുന്നു. കേന്ദ്രത്രികോണാധിപനായ കുജൻ മാത്രം യോഗകർത്താവാകുന്നു. ബുധാദികൾ പാപന്മാരും മാരകന്മാരുമാകുന്നു. ത്രികോണാധിപനായ കുജന്റെയും കേന്ദ്രാധിപനായ ശുക്രന്റെയും യോഗമാത്രംകൊണ്ട് ശുഭം സംഭവിക്കുന്നില്ല. ബുധൻ ദ്വിതീയാധിപനാകയാൽ മാരകനും പാപനുമാകുന്നു. പന്ത്രണ്ടാം ഭാവാധിപനായ ചന്ദ്രനും ശുഭനല്ല. ത്രികോണാധിപത്യം ഉണ്ടെങ്കിലും അഷ്ടമാധിപനായ വ്യാഴം  അനിഷ്ടഫലപ്രദനാകുന്നു. അതുപോലെതന്നെ കേന്ദ്രാധിപത്യമുണ്ടെങ്കിലും ഷഷ്ഠാധിപനായ ശനിയും അനിഷ്ടൻ തന്നെ. എങ്കിലും വ്യാഴവും ശനിയും മിക്കവാറും സമഫലപ്രദന്മാരായിരിക്കുന്നതാണ്.

കർക്കടകലഗ്നവിചാരം

ഭാർഗ്ഗവേന്ദുസുതൗ പാപൗ ഭൂസുതാംഗിരസൗ ശുഭൗ
ഏക ഏവ ഭവേൽ സാക്ഷാദ് ഭൂമിജോ യോഗകാരകഃ

നിഹന്താ രവിരന്ന്യൗ തു പാപിനൗ മാരകാഹ്വയൗ
ക്വചിദ്വ്യയാർത്ഥഗഃ ശുക്രോ യോഗദശ്ചേതി കേചന.

സാരം :-

കർക്കിടകം രാശി ലഗ്നത്തിൽ ജനിച്ചവന് കേന്ദ്രലാഭാധിപനായ ശുക്രനും വിക്രമവ്യയാധിപനായ ബുധനും പാപന്മാരാകുന്നു. കുജനും വ്യാഴവും ശുഭാന്മാർതന്നെ. എന്നാൽ വ്യാഴത്തിനു ഷഷ്ഠാധിപത്യം കൂടിയുള്ളതുകൊണ്ട് ശുഭത്വത്തിനു ന്യൂനതയുണ്ട്. ചൊവ്വാ അങ്ങനെയല്ല. കേന്ദ്രത്രികോണാധിപനാകയാൽ ഏറ്റവും ശുഭനും യോഗകാരകനുമാണ്. ദ്വിതീയാധിപനായ സൂര്യൻ മാരകനാകുന്നു. ശനിക്കും ചന്ദ്രനും പാപത്വവും മാരകത്വവുമുണ്ട്. എങ്കിലും ശനിചന്ദ്രന്മാർ മിക്കവാറും സമഫലപ്രദന്മാർതന്നെയാണ്. 

കർക്കിടകലഗ്നത്തിൽ ജനിച്ചവന് പന്ത്രണ്ടിലോ രണ്ടിലോ നിൽക്കുന്ന ശുക്രനും യോഗപ്രദനാണെന്ന് ചില ആചാര്യന്മാർ നിർണ്ണയിച്ചിട്ടുണ്ട്.

മിഥുനലഗ്നവിചാരം

പാപാഃ കുജാര്യസൂര്യജ്ഞാഃ ശുക്ര ഏകശ്ശുഭോ മതഃ
ശനിനാ ഗുരുസംയോഗശ്ചിന്ത്യോ മേഷഭുവോ യഥാ.

നാലം ശനിർന്നിഹന്തും തല്ലക്ഷണാൽ പാപിനസ്ത്വലം
കിം തു യോഗപ്രദസ്സൗമ്യോ ബലീ ചേദിതി കേചന.

ധനനാഥോƒപി ശീതാംശുർമ്മാരകോ ന ഭവേദിഹ
ജ്യേഷ്ഠഭ്രാതുർവ്വിരോധസ്സ്യാൽ ബുധോ മീനഗതോ യദി.

സാരം :-

മിഥുനലഗ്നത്തിൽ ജനിച്ചവന് ആറാം ഭാവാധിപനും എട്ടാം ഭാവാധിപനുമായ ചൊവ്വയും കേന്ദ്രാധിപനായ വ്യാഴവും ബുധനും വിക്രമാധിപനായ സൂര്യനും പാപഗ്രഹങ്ങളാണ്. ത്രികോണാധിപനായ ശുക്രൻ മാത്രം ശുഭനാകുന്നു. എന്നാൽ ശുക്രൻ പന്ത്രണ്ടാം ഭാവാധിപൻകൂടിയാകയാൽ അനിഷ്ടരാശിസ്ഥിതിയും പാപരോഗവും മറ്റും ഉള്ളപക്ഷം പാപഫലത്തെക്കൂടെ ചെയ്കയും ചെയ്യും. ശനിവ്യാഴസംബന്ധം മേടലഗ്നത്തിൽ പറഞ്ഞതുപോലെത്തന്നെ ഇവിടേയും വിചാരിച്ചുകൊള്ളണം. ശനി എട്ടാം ഭാവാധിപനാണെങ്കിലും ഒമ്പതാം ഭാവാധിപൻകൂടിയാകയാൽ മാരകനായിരിക്കുകയില്ല. മിക്കവാറും ശനിയ്ക്ക് ശുഭാശുഭത്വം തുല്യമായിരിക്കും. കുജാദികൾതന്നെ മിഥുനലഗ്നജാതനു മാരകന്മാരാകുന്നു. ബുധൻ കേന്ദ്രാധിപനാകയാൽ പാപനാണെങ്കിലും ലഗ്നാധിപത്യം ഉള്ളതുകൊണ്ട് ശുഭഗൃഹസംബന്ധാദികൾകൊണ്ടും ചിലപ്പോൾ യോഗപ്രദനായിത്തീരുമെന്ന ചില അഭിപ്രായമുണ്ട്. "കർമ്മലഗ്നഗതപാകദശായാം " ഇത്യാദി പ്രമാണവ്യാഖ്യാനം ഈ അഭിപ്രായത്തെ ദൃഢീകരിക്കുന്നു. ദ്വിതീയമാരകനാഥനായ ചന്ദ്രന് ഇവിടെ മാരകത്വമില്ല. രാശിസ്ഥിതി, ഗ്രഹസംബന്ധം ഇതുകളെ അനുസരിച്ച് ചന്ദ്രൻ ശുഭാശുഭഫലങ്ങളെ ചെയ്യും. 

മിഥുനലഗ്നത്തിൽ ജനിച്ചവനു പത്താം ഭാവത്തിൽ (മീനം രാശിയിൽ) ബുധൻ നിന്നാൽ ജ്യേഷ്ഠസഹോദരന്റെ വിരോധമുണ്ടാകുമെന്നുമുണ്ട്. 2, 7, 12 എന്നീ ഭാവങ്ങളിൽ നിൽക്കുന്ന കേതു മാരകനാകുന്നു. രാഹുവിനോടുകൂടി രണ്ടാം ഭാവത്തിൽ (കർക്കിടകം രാശിയിൽ) വ്യാഴം നിന്നാൽ രാഹുദശയിലെ വ്യാഴ അപഹാരകാലം മരണം തന്നെ സംഭവിക്കാനിടയുണ്ട്. മിഥുനലഗ്നവിചാരം

വിവാഹനിശ്ചയം ചെയ്ത് വിവാഹത്തിനു നിർദ്ദോഷമായ മുഹൂർത്തം പറയേണ്ടതാണ്

പ്രശ്നലഗ്നാദ്വിചാര്യൈവം ശുഭേഷു ശകുനാദിഷു
വിവാഹാർത്ഥം വിധേയഃ സ്യാന്മുഹൂർത്തോപി ശുഭപ്രദഃ

സാരം :-

ആരൂഢലഗ്നാദിഭാവങ്ങളെക്കൊണ്ടു വേണ്ടവണ്ണം വിവാഹപ്രശ്നം ചിന്തിച്ചാൽ വിവാഹം ശോഭനമാണെന്നു തെളിയുകയും ശകുനം മുതലായ താല്ക്കാലികസംഭവങ്ങളെല്ലാം ശുഭമായിട്ടു കണ്ടാലും പിന്നീടു വിവാഹനിശ്ചയം ചെയ്ത് വിവാഹത്തിനു നിർദ്ദോഷമായ മുഹൂർത്തം പറയേണ്ടതാണ്.

ആ ദിക്കിൽനിന്നും ലഭിക്കുന്ന വരനാണു തന്റെ മകളുടെ ഭർത്താവായി തീരാൻ പോകുന്നതെന്നു ധൈര്യമായി പറയണം

തഥൈവ രാശിചക്രസ്യ യത്രാരൂഢം ച ലഗ്നഭം
തസ്യം ദിശി സ്ഥിതം വിദ്യാജ്ജാമാതരമസംശയം. ഇതി.

സാരം :-

സ്ഥിരരാശിചക്രത്തിൽ ആരൂഢത്തിനും ലഗ്നത്തിനും ഏതൊരു ദിക്കാണോ സിദ്ധിച്ചത് ആ ദിക്കിൽനിന്നും ലഭിക്കുന്ന വരനാണു തന്റെ മകളുടെ ഭർത്താവായി തീരാൻ പോകുന്നതെന്നു ധൈര്യമായി പറയണം. എന്റെ മകളെ വിവാഹം ചെയ്യുന്നതു ഏതു ദിക്കുകാരനായിരിക്കുമെന്നു ചോദിക്കുമ്പോഴാണ്‌ ഇതു യോജിക്കുന്നത്. മകന്റെ വിവാഹം ഏതു ദിക്കിൽനിന്നാണ് എന്നു ചോദിക്കുമ്പോഴും ഈ ലക്ഷണം അനുസരിച്ച് വധുവിന്റെ ദിക്കും പറയാവുന്നതാണ്.

ചന്ദ്രാഭിലാഷരാശി എങ്ങനെ കണ്ടുപിടിക്കാം?

ഖഖാഷ്ടഹൃതശിഷ്ടൗ ദ്വൗ ത്ര്യംകഘ്നൗ കലിതൗ വിധൂ
ഖഖനേത്രഹൃതാവിച്ഛാവേലേ രാശികലാദികേ.

സാരം :-

പ്രശ്നത്തിൽ തല്ക്കാലചന്ദ്രസ്ഫുടത്തിന്റെ രാശിയും ഭാഗയും ഇറക്കി ഇലിയാക്കി 800 കൊണ്ട് ഹരിച്ചാൽ ശേഷിക്കുന്നതിനെ രണ്ടിടത്തുവച്ച് ഒന്നിനെ മൂന്നിൽ പെരുക്കി 200 ൽ ഹരിച്ചുകിട്ടുന്നതു രാശിയും ശേഷത്തെ 30 ലും 60 ലും പെരുക്കി 200 ൽ ഹരിച്ചുകിട്ടുന്ന ഫലം തിയതിയും ഇലിയും ആകുന്നു. ഇങ്ങനെ കിട്ടിയാൽ സ്ഫുടം ചന്ദ്രാഭിലാഷസ്ഫുടമാകുന്നു. ഇത് ഏതു രാശിയിലാണോ അത് ചന്ദ്രാഭിലാഷരാശിയാണെന്നറിയണം.

വിവാഹപ്രശ്നംകൊണ്ടു വിവാഹം എപ്പോൾ നടക്കുമെന്നു പറയാനുള്ള ക്രമത്തേയാണ് പറയുന്നത്

ചന്ദ്രേദ്വാദശഭാഗത്രികോണഗേന്ദൗ വിവാഹസംസിദ്ധിഃ
ചന്ദ്രാഭിലാഷഭേ വാ ലഗ്നദ്യൂനേശസംശ്രിതാംശർക്ഷേ. 

സാരം :-

വിവാഹപ്രശ്നംകൊണ്ടു വിവാഹം എപ്പോൾ നടക്കുമെന്നു പറയാനുള്ള ക്രമത്തേയാണ് ഈ ശ്ലോകംകൊണ്ടു പറയുന്നത്. പ്രശ്നകാലത്തെ ചന്ദ്രന്റെ ദ്വാദശാംശകം ഏതൊരു രാശിയിലാണ് ആ രാശിയിലോ അതിന്റെ അഞ്ചാം രാശിയിലോ ഒൻപതാം രാശിയിലോ ചന്ദ്രാഭിലാഷരാശിയിലോ ആരൂഢത്തിന്റെ ഏഴാംഭാവനാഥൻ നിൽക്കുന്ന നവാംശകരാശിയിലോ ചന്ദ്രൻ വരുന്നകാലത്തു വിവാഹം നടക്കാൻ ഇടവരുമെന്ന് പറയണം.

കൂറും ദിക്കും അനുകൂലമായ വിധത്തിൽ അന്വേഷിച്ചു വേണം വിവാഹം ചെയ്യിക്കേണ്ടത്

യാദൃശ്യാഃ കഥനം നിരീക്ഷണമുത പ്രശ്നേ കുമാര്യാ ഭവേ
ത്താദൃശ്യാഃ കരസംഗ്രഹോƒത്ര ഘടതേ ഹ്യാകാരവർണ്ണാദിഭിഃ
ആരൂഢോദയനാഥയോർബലവതഃ കാഷ്ഠാശ്രിതാ കന്യകാ
ഗ്രാഹ്യാരൂഢഭസംഭവാ ച സുധിയാ സന്താനസംസിദ്ധയേ. ഇതി.

സാരം :-

നിറം ആകൃതി സ്വഭാവം എന്നിവകൊണ്ട് ഏതൊരു തരത്തിലുള്ള കന്യകയെ പ്രശ്നസന്ദർഭത്തിൽ കാണുന്നതിനോ അല്ലെങ്കിൽ ആ കന്യകയുടെ കഥകളെയോ മറ്റോ പറഞ്ഞുകേൾക്കുന്നതിനോ അല്ലെങ്കിൽ ആ കന്യകയുടെ ശബ്ദം കേൾക്കുന്നതിനോ ഇടവന്നാൽ നിറം, ആകൃതി സ്വഭാവം എന്നിവ ആ കന്യകയോടു തുല്യമായ വിധം യോജിപ്പുള്ള കന്യകയെ വിവാഹം ചെയ്യാൻ സാധിക്കുമെന്നു പറയണം. 

ഇതു വധുവിനെ ഉദ്ദേശിക്കാതെ വരനെ കർത്താവാക്കി ചെയ്യുന്ന വിവാഹപ്രശ്നത്തിനാണ് യോജിക്കുന്നത്. ലഗ്നാധിപതി, ആരൂഢാധിപതി ഈ രണ്ടു ഗ്രഹങ്ങളിൽ വച്ച് ആർക്കാണോ ബലം കൂടുതലുള്ളത് ആ ഗ്രഹത്തിന് "പ്രാഗാദ്യാ രവിശുക്രലോഹിതതമ " എന്നാദിയായ വചനപ്രകാരം ഏതൊരു ദിക്കുവരുമോ ആ ദിക്കിൽനിന്നു വിവാഹം ചെയ്യുന്നതും ആരൂഢരാശി ഏതാണോ ആ കൂറിൽ ജനിച്ച വധുവിനെ വിവാഹം ചെയ്യുന്നതും സന്താന പ്രാപ്തിക്കും ഐശ്വര്യത്തിനും ഏറ്റവും ശോഭനമാണ്. അതിനാൽ കൂറും ദിക്കും അനുകൂലമായ വിധത്തിൽ അന്വേഷിച്ചു വേണം വിവാഹം ചെയ്യിക്കേണ്ടത്. അല്ലെങ്കിൽ പുത്രഭാഗ്യാദ്യനുഭവങ്ങൾക്ക് വൈകല്യമുണ്ടാകുമെന്ന് സാരം.

വധുവിനു വരന്റെമേൽ വളരെ അനുരാഗമുണ്ടായിരിക്കും / ഭർത്താവിന് ഭാര്യയുടെ മേൽ വളരെ അനുരാഗമുണ്ടായിരിക്കും

മിത്രസ്ഥഃ സ്ത്രീഗ്രഹോ ലഗ്നം പുംരാശിം യദി പശ്യതി
പുരുഷേ സ്ത്രീ സ്നേഹിതാ സ്യാദ്വിപരീതമതോന്യഥാ. ഇതി.

സാരം :-

സ്ത്രീ ഗ്രഹങ്ങൾ ചന്ദ്രനും ശുക്രനുമാണ്. ഇവരിൽ ഒരാൾ ബന്ധു രാശിയിൽ നിന്നു ലഗ്നത്തില്ലേക്ക് നോക്കണം. ലഗ്നം ഓജരാശിയായിരിക്കുകയും വേണം. ഇങ്ങിനെ വന്നാൽ വധുവിനു വരന്റെമേൽ വളരെ അനുരാഗമുണ്ടായിരിക്കും. 

സൂര്യൻ, ചൊവ്വ, വ്യാഴം എന്നീ ഗ്രഹങ്ങൾ പുരുഷഗ്രഹങ്ങളാണ്. ഇവരിൽ ഒരാൾ ലഗ്നത്തിലേയ്ക്ക് നോക്കണം. ലഗ്നം യുഗ്മരാശിയായിരിക്കയും വേണം. ഇങ്ങിനെ വന്നാൽ ഭർത്താവിന് ഭാര്യയുടെ മേൽ വളരെ അനുരാഗമുണ്ടായിരിക്കും. ഇങ്ങനെയാണ് പ്രശ്നരത്നത്തിന്റെ അഭിപ്രായം.

നല്ലകുലത്തിൽ നിന്ന് സൗന്ദര്യമുള്ള സ്ത്രീയെ വിവാഹം ചെയ്യാനിടവരുമെന്നും സ്ത്രീധനം വളരെ കിട്ടുമെന്നും പറയണം

ഭാര്യാധിപേ ബലാഢ്യേ
പ്രോദ്വാഹഃ ശോഭനോ ധനോപേതഃ
നീചാരിഗേ ദരിദ്രാന്ന 
ധനാപ്തിസ്ത്രീ ന രൂപഗുണയുക്താ.

സാരം :-

ഏഴാം ഭാവനാഥന് നല്ല ബലമുണ്ടെങ്കിൽ നല്ലകുലത്തിൽ നിന്ന് സൗന്ദര്യമുള്ള സ്ത്രീയെ വിവാഹം ചെയ്യാനിടവരുമെന്നും സ്ത്രീധനം വളരെ കിട്ടുമെന്നും പറയണം. 

ഏഴാം ഭാവാധിപതി നീചരാശിയിലോ ശത്രുരാശിയിലോ നിന്നാൽ വിവാഹം ദരിദ്ര കുടുംബത്തിൽ നിന്നായിരിക്കും. വധുവിന് സൗന്ദര്യവും സൗശീല്യവും ഉണ്ടായിരിക്കുകയില്ല. സ്ത്രീധനമൊന്നും കിട്ടുകയില്ല. ഇതു പുരുഷജാതകംകൊണ്ട് ചിന്തിക്കാനാണ് ഏറ്റവും യോജിക്കുന്നത്.

പ്രസവിക്കയില്ല / ജനിക്കുന്ന സന്താനങ്ങളെ അമ്മതന്നെ നശിപ്പിക്കുമെന്നു പറയണം

വന്ധ്യാ വാ മൃതപുത്രാ വാ ഭവേൽ പാപേഷു പഞ്ചമേ
നീചാരാതിഗൃഹസ്ഥേഷു പുത്രഹന്ത്രീ ഭവേത്സ്വയം. ഇതി.

സാരം :-

ഒന്നിലധികം പാപഗ്രഹങ്ങൾ അഞ്ചാം ഭാവത്തിൽ നിന്നാൽ പ്രസവിക്കയില്ല. അഥവാ പ്രസവിച്ചാൽ തന്നെ സന്താനങ്ങൾ നശിച്ചുപോകും. അഞ്ചാം ഭാവത്തിൽ നിൽക്കുന്ന പാപഗ്രഹങ്ങൾ നീചരാശിയിലോ ശത്രുരാശിയിലോ നിന്നാൽ ജനിക്കുന്ന സന്താനങ്ങളെ അമ്മതന്നെ നശിപ്പിക്കുമെന്നു പറയണം. ഈ ഫലങ്ങൾ അഞ്ചാം ഭാവത്തിലേയ്ക്ക് വ്യാഴമോ മറ്റു ശുഭഗ്രഹങ്ങളോ നോക്കുന്നുണ്ടെങ്കിൽ പറയരുത് എന്ന് ഹോരാതത്വം സ്പഷ്ടമാക്കിയിട്ടുണ്ട്.

വധുവിന് വ്യഭിചാരശീലമുണ്ടായിരിക്കും. അല്ലെങ്കിൽ ജനിക്കുന്ന സന്താനങ്ങളെല്ലാം മരിച്ചുപോകും

പഞ്ചമർക്ഷേ യദാ പാപഃ ശത്രുദൃഷ്ടഃ സ്വനീചഗഃ
കുലടാ സാ ഭവേൽ കന്യാ മൃതപുത്രാഥവാ ഭവേൽ. ഇതി.

സാരം :-

ഒരു പാപഗ്രഹം നീചരാശിയായ അഞ്ചാം ഭാവത്തിൽ നിൽക്കണം. ആ പാപഗ്രഹത്തിന്റെ ശത്രുവായ ഗ്രഹം  ആ പാപഗ്രഹത്തിനെ നോക്കുകയും വേണം. ഈ യോഗമുണ്ടായാൽ വധുവിന് വ്യഭിചാരശീലമുണ്ടായിരിക്കും. അല്ലെങ്കിൽ ജനിക്കുന്ന സന്താനങ്ങളെല്ലാം മരിച്ചുപോകും. ഈ യോഗമുണ്ടായാൽ വ്യഭിചാരം സന്താനനാശം എന്നീ രണ്ടുഫലങ്ങളും അനുഭവിക്കുമെന്നും അഭിപ്രായമുണ്ട്. ഇങ്ങനെ ബൃഹസ്പതിയുടെ അഭിപ്രായം.

ദമ്പതികൾക്കു മരണം സംഭവിക്കുമെന്നു പറയണം

ലഗ്നേ പാപഗ്രഹൈര്യുക്തേ നീചശത്രുഗൃഹസ്ഥിതൈഃ
അഷ്ടമേ സപ്തമേ ചൈവ ദമ്പത്യോർമരണം ഭവേൽ.

സാരം :-

പാപഗ്രഹങ്ങൾ നീചരാശിയിലോ, ശത്രുരാശിയിലോ നില്ക്കണം. അത് ലഗ്നം ഏഴ്, എട്ട് എന്നീ ഭാവങ്ങളിലായിരിക്കുകയും വേണം. ഇങ്ങനെ വന്നാൽ ദമ്പതികൾക്കു മരണം സംഭവിക്കുമെന്നു പറയണം. 

ഇവിടെ മരണത്തിനു കാലനിർണ്ണയം ചെയ്തുകാണുന്നില്ല. ലഗ്നം, ഏഴ്, എട്ട് എന്നീ ഭാവങ്ങളിൽ നിൽക്കുന്ന പാപഗ്രഹങ്ങളിൽവച്ചു ഏറ്റവും ബലഹീനനായ ഗ്രഹത്തിന്റെ ദശാപഹാര കാലങ്ങളോ, യോജിച്ചുവരുന്ന ദോഷചാരകാലങ്ങളോ മരണകാലമെന്നു ചിന്തിച്ചുകൊള്ളണം. ദമ്പതികൾക്കു ദീർഘജീവിതം ദുർല്ലഭമാണെന്നാണ് ഈ വാക്യത്തിന്റെ തത്വം.

വിവാഹത്തിനുശേഷം ദമ്പതികൾക്കു ശുഭഫലം അനുഭവിക്കാനിടവരുമെന്നു പറയണം

ലഗ്നേƒസ്തേ നിധനേ സുതേ ച നവമേ സത്സ്വാമിയുക്തേക്ഷിതേ
പാപാദൃഷ്ടയുതേ വിവാഹസമയേ പ്രശ്നേ ശുഭം പുംസ്ത്രിയോഃ
അസ്മാച്ചേദ്വിപരീതതാ ന മതിമാൻ പാണിഗ്രഹം കാരയേ -
ല്ലഗ്നേന്ദൂ ശുഭദൗ ശുഭാംശകഗതൗ പാപാംശഗൗ മൃത്യുദൗ. ഇതി.

സാരം :-

ലഗ്നം, അഞ്ച്, ഏഴ്, എട്ട്, ഒൻപത്, എന്നീ ഭാവങ്ങൾക്കു ഭാവനാഥന്റെയോ, ശുഭഗ്രഹങ്ങളുടെയോ യോഗമോ ദൃഷ്ടിയോ ഉണ്ടായിരിക്കുക, ഈ ഭാവങ്ങളുടെ അധിപന്മാരല്ലാത്ത പാപഗ്രഹങ്ങളുടെ യോഗവും ദൃഷ്ടിയും ഇല്ലാതെ വരിക ഇങ്ങനെ വന്നാൽ വിവാഹത്തിനുശേഷം ദമ്പതികൾക്കു ശുഭഫലം അനുഭവിക്കാനിടവരുമെന്നു പറയണം. 

മേൽപറഞ്ഞ ലഗ്നാദികളായ അഞ്ചു ഭാവങ്ങൾക്കും പാപഗ്രഹങ്ങളുടെ യോഗമോ, ദൃഷ്ടിയോ അഥവാ രണ്ടുമോ വരികയും ഈ ഭാവങ്ങളുടെ അധിപന്റെയും ശുഭന്മാരുടെയും യോഗദൃഷ്ടികൾ സംഭവിക്കാതെയും വന്നാൽ ബുദ്ധിമാനായ പ്രശ്നക്കാരൻ (ജ്യോതിഷി) ആ വധൂവരന്മാരെക്കൊണ്ടുള്ള വിവാഹത്തിന് അനുവദിക്കരുത്. 

ലഗ്നചന്ദ്രന്മാർ ശുഭനവാംശകത്തിൽ നിന്നാൽ ദമ്പതികൾക്കു ശോഭനഫലങ്ങളും പാപനവാംഷശകങ്ങളിൽ നിന്നാൽ പാപഫലങ്ങളും സംഭവിക്കുമെന്നു പറയണം. "ദുഃഖദൗ ' എന്നുള്ള പാഠഭേദം സ്വീകരിക്കുമ്പോൾ ലഗ്നചന്ദ്രന്മാർ പാപനവാംശകങ്ങളിൽ നിന്നാൽ ദുഃഖഫലം സംഭവിക്കുമെന്നു അറിഞ്ഞുകൊള്ളണം.

ഏറ്റവും വേഗം വിവാഹം നടക്കുമെന്നുപറയണം

ജാമിത്രോപചയാർഥഗോ രജനികൃത്സൗമ്യേക്ഷിതോ ലഗ്നഗാ
വീണാകുംഭവധൂതുലാശ്ച മദഗൗ ശുക്രോഡുപൗ വാംഗഗൗ
ആരൂഢാദഥവോദയാന്മദഗതാ ജീവേന്ദുഭൂഭാർഗവാ
യദ്വാ കേന്ദ്രഗതാ അമീ നിഗദിതാഃ ക്ഷിപ്രം വിവാഹപ്രദാഃ

സാരം :-

വിവാഹപ്രശ്നത്തിൽ ഉദയലഗ്നമെന്നു പറഞ്ഞാലും ആരൂഢമെന്നു പറഞ്ഞാലും ഉദയത്തേയും ആരൂഢത്തേയും ഗ്രഹിക്കേണ്ടതാണ്.

ഉദയാരൂഢങ്ങളിൽ നിന്നു രണ്ട്, മൂന്ന്, ആറ്, ഏഴ്, പത്ത്, പതിനൊന്ന്, എന്നീ ഭാവങ്ങളിൽ ചന്ദ്രൻ ശുഭഗ്രഹദൃഷ്ടിയോടുകൂടി വരികയോ ചന്ദ്രനും ശുക്രനും ലഗ്നത്തിലോ ഏഴാം ഭാവത്തിലോ നിൽക്കുകയും ഈ ലഗ്നം മിഥുനം, കന്നി, തുലാം, കുംഭം എന്നീ രാശികളിൽ ഒന്നായിവരികയും ചെയ്താലും ബുധൻ, വ്യാഴം, ശുക്രൻ, എന്നീ ഗ്രഹങ്ങൾ ഏഴാം ഭാവത്തിലോ കേന്ദ്രരാശികളിലോ നിന്നാലും ഏറ്റവും വേഗം വിവാഹം നടക്കുമെന്നുപറയണം. 

മൂന്നാമത്തെ യോഗത്തിൽ കേന്ദ്രഗന്മാരെന്നും മദഗതന്മാരെന്നും പ്രത്യേകം പറഞ്ഞിരിക്കുന്നതുകൊണ്ട് വ്യാഴം, ബുധൻ, ശുക്രൻ, എന്നീ ഗ്രഹങ്ങൾ മറ്റു കേന്ദ്രങ്ങളിൽ നില്ക്കുന്നതിനേക്കാൾ ഏഴാം ഭാവത്തിൽ നിൽക്കുന്നതാണ് യോഗത്തിനു പ്രാബല്യമെന്നു ധരിക്കേണ്ടതാണ്.

സൌന്ദര്യവതിയായ സ്ത്രീയെ വിവാഹം ചെയ്യാൻ സാധിക്കുമെന്നു പറയണം

കേന്ദ്രത്രികോണോപഗതാഃ സ്മരർക്ഷം
ശുഭസ്യ സൗമ്യാഃ പ്രവിലോകയന്തി
യദാ തദാസൗ ലഭതേ സുരൂപാം
ജായാം വിരൂപാമപി പാപധിഷ്ണ്യേ. ഇതി.

സാരം :-

ശുഭഗ്രഹങ്ങൾ ലഗ്നം നാല് അഞ്ച് ഏഴ് ഒൻപത്, പത്ത് എന്നീ ഭാവങ്ങളിൽ നിൽക്കണം. ഏഴാം ഭാവം ശുഭഗ്രഹത്തിന്റെ ക്ഷേത്രമായിരിക്കണം. അവിടെ ശുഭഗ്രഹങ്ങൾ നോക്കുകയും വേണം. ഈ യോഗമുണ്ടായാൽ സൌന്ദര്യവതിയായ സ്ത്രീയെ വിവാഹം ചെയ്യാൻ സാധിക്കുമെന്നു പറയണം. ഈ യോഗത്തിൽ പാപഗ്രഹക്ഷേത്രം ഏഴാം ഭാവമായാൽ ഭാര്യയ്ക്കു സൗന്ദര്യം ഉണ്ടായിരിക്കുന്നതല്ല. ഈ ഭാഗവും പുരുഷജാതകംകൊണ്ടുള്ള ഭാര്യാചിന്തയ്ക്കു യുക്തമായിട്ടുള്ളതാണ്.

പെട്ടെന്നു വിവാഹലാഭമുണ്ടാകുമെന്നു പറയണം

ലഗ്നേ യദി സ്യാദ്യുവതിത്രിഭാഗസ്തത്രാപി ച സ്യാദ്യദി യോഷിദംശഃ
ദൃഷ്ടസ്സിതേനാമൃതരോചിഷാ ച ഭവേത്തദാസൗ വനിതാപ്തികാരീ.

സാരം :-

ലഗ്നം സ്ത്രീദ്രേക്കാണമായിരിക്കണം യുഗ്മരാശിയിൽ അംശകിക്കയും വേണം. ചന്ദ്രന്റേയും ശുക്രന്റേയും പൂർണ്ണദൃഷ്ടിയും വേണം. ഇങ്ങനെ വന്നാൽ പെട്ടെന്നു വിവാഹലാഭമുണ്ടാകുമെന്നു പറയണം. ഈ യോഗം പുരുഷജാതകം കൊണ്ടുള്ള ചിന്തയ്ക്കു ഏറ്റവും യുക്തമായിട്ടുള്ളതാണ്.

ഒരു രാശിയുടെ മൂന്നിലൊരുഭാഗമാണല്ലോ ദ്രേക്കാണമെന്നു പറയുന്നത്.

വധൂവരന്മാർ തമ്മിൽ വിവാഹം ചെയ്യാൻ സാധിക്കുമെന്നു പറയണം

യുഗ്മർക്ഷഗോ ദാനവരാജപൂജ്യഃ 
സുധാമയൂഖോപി യദാംഗനാംശേ
വീര്യാന്വിതൗ ലഗ്നമവേക്ഷമാണൗ
കുമാരികാ ലാഭകരൗ പ്രദിഷ്ടൗ.

സാരം :-

യുഗ്മരാശിയിൽ യുഗ്മനവാംശകത്തിൽ ചന്ദ്രനും ശുക്രനും ബലവാന്മാരായി നിൽക്കണം. ലഗ്നത്തിലേയ്ക്കുനോക്കുകയും വേണം. ഇങ്ങനെ വന്നാൽ വിവാഹപ്രശ്നത്തിനു ഹേതുവായ വധൂവരന്മാർ തമ്മിൽ വിവാഹം ചെയ്യാൻ സാധിക്കുമെന്നു പറയണം.

"കുമാരികാ ലാഭകരൗ " എന്നു പറഞ്ഞതുകൊണ്ട് പുരുഷനാൽ നിർദ്ദിഷ്ടയായ സ്ത്രീയെ വിവാഹം ചെയ്യാൻ സാധിക്കുമെന്നും പുരുഷജാതകാൽ ഈ യോഗമുണ്ടെങ്കിൽ കാലം തെറ്റാതെ തന്നെ വിവാഹം ചെയ്യാൻ സംഗതി ഉണ്ടെന്നും പറയണം. പ്രശ്നത്തിൽ ഈ യോഗമുണ്ടായാൽ പെട്ടെന്ന് വിവാഹം നടക്കുമെന്നു പറയണം.

വിവാഹത്തിനുശേഷം ദമ്പതികൾക്കു ഐശ്വര്യവൃദ്ധി ഉണ്ടാകുമെന്നു പറയണം

ലഗ്നാദുപചയർക്ഷസ്ഥൗ ശുക്രാസ്തേശൗ സമൃദ്ധിദൗ
വിവാഹോത്തരകാലേ തു സുതാദാവപ്യയം നയം. ഇതി.

സാരം :-

ശുക്രനും ഏഴാം ഭാവാധിപതിയും മൂന്ന്, ആറ്, പത്ത്, പതിനൊന്ന് എന്നീ ഭാവങ്ങളിൽ നിന്നാൽ വിവാഹത്തിനുശേഷം ദമ്പതികൾക്കു ഐശ്വര്യവൃദ്ധി ഉണ്ടാകുമെന്നു പറയണം. ഉപചയഭാവങ്ങളൊഴികെ മറ്റു ഭാവങ്ങളിൽ നിന്നാൽ ഭാവികാലം ഗുണമല്ലെന്ന് അർത്ഥാൽ കിട്ടുമെങ്കിലും കേന്ദ്രത്രികോണങ്ങളിലും പെട്ട മറ്റുഭാവങ്ങൾ ഇഷ്ടങ്ങളാണെനും എട്ട്, പന്ത്രണ്ട്, എന്നീ ഭാവങ്ങൾ കേവലം അനിഷ്ടമാണെന്നും ഉള്ള ഭേദം പ്രത്യേകം ഗ്രഹിക്കേണ്ടതാണ്. 

ഇതുപോലെ അഞ്ചാംഭാവാധിപതിയോ പുത്രകാരകനായ വ്യാഴമോ മൂന്ന്, ആറ്, പത്ത്, പതിനൊന്ന്, എന്നീ ഭാവങ്ങളിൽ എവിടെയെങ്കിലും നിന്നാൽ പുത്രലാഭാത്തിനുശേഷം ഐശ്വര്യമുണ്ടാകുമെന്നും പറയണം. 

മേൽ പറഞ്ഞവണ്ണം മറ്റു ഭാവങ്ങളിൽ നിന്നാൽ യഥാന്യായം ഭേദത്തെ കല്പിക്കേണ്ടതാണ്. ഫലദാതാക്കന്മാരായ രണ്ടു ഗ്രഹങ്ങളിൽ വച്ചു ഒരാൾ ഉപചയത്തിലും മറ്റെയാൾ അനുപചയത്തിലും നിന്നാൽ ബലാധിക്യമുള്ള ഗ്രഹം ഫലദാതാവായാൽ ബലാബലം ചിന്തിച്ചു ഫലം പറഞ്ഞുകൊള്ളണം.

ഇതുപോലെ മൂന്നാം ഭാവനാഥനെക്കൊണ്ടും സഹോദരകാരകനെക്കൊണ്ടും സഹോദരലാഭത്തിനുശേഷമുള്ള ശുഭാശുഭങ്ങളെയും ചിന്തിക്കാവുന്നതാണ്‌.

ഏറ്റവും വേഗം വിവാഹം നടക്കുമെന്നു പറയണം

ദ്രവ്യദ്വന്ദ്വമപീതരേതരസമാബദ്ധം യദി പ്രേക്ഷ്യതേ
ദമ്പത്യോശ്ച യദൃച്ഛയേക്ഷണസമായാനാദികം വാ തദാ
ഊർണ്ണാസൂത്രനിബദ്ധപാണിചരണസ്യാവേക്ഷണം ഗാനിനാ-
മായാനഞ്ച കരഗ്രഹായ കളഭദ്രവ്യേക്ഷണഞ്ചാചിരാൽ. ഇതി.

സാരം :-

വിവാഹപ്രശ്നസമയത്ത് യാദൃച്ഛികമായി രണ്ടു പദാർത്ഥങ്ങൾ തമ്മിൽ ചേർന്ന് (പിണഞ്ഞ്) ഇരിയ്ക്കുന്നത് കാണുക. ഭാര്യാഭർത്താക്കന്മാർ ഒരുമിച്ചവിടെ വരിക, അല്ലെങ്കിൽ അവരെ കാണാനിടവരിക, കരിമ്പടച്ചരട് കൈയിലും കാലിലും ബന്ധിച്ചിട്ടുള്ള ആരെയെങ്കിലും ഒരാളെ കാണുക. പാട്ടുകാരോ, പാടികൊണ്ടോ ആരോ വരിക, ചന്ദനം മുതലായ കുറിക്കൂട്ടിനുതകുന്ന സാധനങ്ങളെ കാണുക. ഈ വക ലക്ഷണങ്ങൾ ഉണ്ടായാൽ ഏറ്റവും വേഗം വിവാഹം നടക്കുമെന്നു പറയണം. 

വിവാഹം പെട്ടെന്നു കഴിയുമെന്നു പറയേണ്ടതാണ്

വിക്രേതും സമുപാനയേദ്യദി തദാ കുണ്ഡീം വിഹായേതരൽ
പാത്രം ലോഹമയം സപുച്ഛമുകുരാലോകശ്ച തുംബേക്ഷണം
ആലോകഃ കളധൗതനിർമ്മിതപദാർത്ഥാനാം ദൃഗാമർശനം
തത്രോദ്വർത്തിതസൂപവീതദൃഗമീ ക്ഷിപ്രം വിവാഹപ്രദാഃ

സാരം :-

വിവാഹപ്രശ്നകാലത്ത് കിണ്ടി ഒഴിച്ച് ലോഹംകൊണ്ടുള്ള മറ്റേതെങ്കിലും പത്രങ്ങൾ വില്ക്കുന്നതിനായി കൊണ്ടുവരിക, വാൽകണ്ണാടി, തുമ്പപ്പൂവ്, വെള്ളികൊണ്ടുചെയ്യപ്പെട്ട പദാർത്ഥങ്ങൾ, ഇവയെ കാണാൻ ഇടവരുന്നതും തേച്ചുകുളിച്ചു നല്ല പൂണുനൂൽ ധരിച്ച പുരുഷനെ കാണുന്നതും കൈകൊണ്ടു കണ്ണിൽ തൊടുന്നതും കാണാനിടവന്നാൽ പെട്ടെന്നു വിവാഹം കഴിയുമെന്നു പറയേണ്ടതാണ്. " ഉദ്വർത്തിതസൂപവീതധൃക് " എന്നതിന് പൂണൂനൂൽ മേല്പോട്ട് ഇളകി ധരിച്ച ആൾ എന്നു മനസ്സിലാക്കാം. ഉപനയനത്തിനു ശേഷമാണ് വിവാഹം. അതുകൊണ്ടാണ് ഉപവീതസ്പർശനാദികൾ വിവാഹത്തിന്റെ പൂർവ്വരൂപമായി കരുതുന്നത്.

വിവാഹത്തിനുദ്ദേശിച്ചിരിക്കുന്ന കന്യകയ്ക്കു ദോഷമുണ്ടെന്നു പറയണം

വാസോവിശ്ലഥനം പുംസഃ കസ്യചിദ്യോഷിതോƒഥവാ
വിവാഹപ്രശ്നസമയേ യദി ദുഷ്ടൈവ കന്യകാ.

സാരം :-

വിവാഹപ്രശ്നാരംഭസമയത്ത് ഏതോ പുരുഷന്റേയോ സ്ത്രീയുടേയോ ധരിച്ചിരിക്കുന്ന വസ്ത്രം പെട്ടെന്ന് അഴിഞ്ഞുപോകാൻ ഇടവരികയും അതു പ്രാശ്നികൻ കാണുകയും ചെയ്‌താൽ വിവാഹത്തിനുദ്ദേശിച്ചിരിക്കുന്ന കന്യകയ്ക്ക് ദോഷം സംഭവിച്ചുപോയി. അതായത് പരസംസർഗ്ഗമുള്ള സ്ത്രീയാണ് എന്നു പറയണം. ഇതുപോലെ സ്ത്രീകളുടെ മാറുമറച്ചിരിക്കുന്ന വസ്ത്രം പെട്ടെന്നു താഴെ വീണുപോയാലും ഈ ഫലം തന്നെ പറയാം. 

വിവാഹം പെട്ടെന്നു തന്നെ നടക്കുമെന്നു പറയണം

ആനീതിർവസനസ്യ വിക്രയകൃതേ ധൗതം കരേ തന്നവം
കട്യാം ബിഭ്രത ആഗമശ്ച നിതരാമിഷ്ടസ്യ പൃച്ഛാവിധൗ
ജന്തോർവാ മിഥുനേക്ഷണഞ്ച നചിരാദുദ്വാഹദം പൃച്ഛതാം
സ്ത്രീദോഷം ഖനനം ക്ഷിതോഃ ക്രകചശബ്ദോ വാ സമാവേദയേൽ.

സാരം :-

വിവാഹപ്രശ്നാരംഭസന്ദർഭത്തിൽ അവിടെ വസ്ത്രങ്ങൾ വില്പാനായി കൊണ്ടു വരികയോ, ഒരാൾ കോടിവസ്ത്രമുടുത്തും അലക്കിയ വസ്ത്രം കൈയിൽ ധരിച്ചും അവിടെ വരികയോ ഏതെങ്കിലും പ്രാണികൾ സംയോഗം ചെയ്യുന്നതു കാണുകയോ ചെയ്യാനിടവന്നാൽ വിവാഹം പെട്ടെന്നു തന്നെ നടക്കുമെന്നു പറയണം. ഇവിടെ കോടി വസ്ത്രം ധരിച്ചു വരുന്നയാൾ ദൈവജ്ഞന്റേയോ പ്രഷ്ടാവിന്റേയോ ഇഷ്ടനായിരിക്കണം. അഥവാ ഇഷ്ടശബ്ദംകൊണ്ടു രോഗാദികളാലും അംഗ വൈകല്യങ്ങളാലും മനഃപ്രീതിക്കു ഹാനിവരാത്തയാൾ എന്നും ഗ്രഹിക്കാവുന്നതാണ്. പ്രശ്നസമയത്ത് ആരെങ്കിലും ഭൂമി കുഴിക്കുകയോ, മരമറുക്കുന്ന ശബ്ദം കേൾക്കുകയോ ചെയ്യാനിടവന്നാൽ സ്ത്രീ ദുഷ്ടയാണെന്ന് അറിയേണ്ടതാണ്.

തീണ്ടാരിനിമിത്തം വിവാഹം വിഘ്നപ്പെടുമെന്നു പറയണം

* പാരന്തീതരലോഹിതാർത്തവസമാലോകേ ച കണ്‌ഡൂയന - 
പ്രേക്ഷായാമസൃഗീക്ഷണേ ച ഭവിതാ വിഘ്നോ രജോനിർഗമാൽ
ആവാരശ്രവണേ ലുലായഗജയോ ** രക്താർത്തവാലോകനേ
രേഖായാം യദി ചക്രമദ്ധ്യരചിതാംഭോജേ ന്യസേദ്വാപണം.

വിശ്ലേഷേ കരയോഃ കയോരപി ശവാലോകേ മൃതിപ്രേക്ഷണേ
വ്യാഹന്യേത കരഗ്രഹഃ കലഹവാഗോകർണ്ണനേപി ധ്രുവം
ആശൂദ്വാഹവിധായി ലക്ഷണമിദം യൽ പ്രോച്യതേƒതഃപരം
തത്തല്ലക്ഷ്ണദർശനേ തു കഥയേത്തത്തൽ ഫലം നിശ്ചയാൽ.

സാരം :-

പ്രശ്ന സന്ദർഭത്തിൽ ചുവന്ന പുഷ്പങ്ങളോ, ചോരയോ കാണുന്നതും ചൊറിയുന്നതും കാണാനിടവന്നാലും തീണ്ടാരിനിമിത്തം വിവാഹം വിഘ്നപ്പെടുമെന്നു പറയണം. 

പാതിരിപ്പൂ മിക്കവാറും ചുവന്നതാണെങ്കിലും ഈ പൂവുകണ്ടാൽ വിവാഹം വിഘ്നപ്പെടുമെന്നു പറയാൻ പാടില്ല.

വാസന്തി പാതിരിയാണെന്ന് വൃദ്ധദൈവജ്ഞന്മാർ വിശ്വസിച്ചുപോരുന്നു. പോത്ത്, ആന ഇവയുടെ ശബ്ദം കേൾക്കുക, ചുവന്നനിറമുള്ള പുഷ്പം കാണാനിടവരിക, രാശിചക്രരേഖയിലോ, ചക്രത്തിന്റെ നടുക്കു നാലു ദളങ്ങളായി കല്പിയ്ക്കുന്ന പത്മത്തിലോ ദൂതൻ സ്വർണ്ണം വയ്ക്കുക, രണ്ടുപേർ കൈകോർത്തു പിടിച്ചുനിന്നിട്ട് കൈവിട്ടു പിരിയുക, ശവമോ മരിയ്ക്കുന്നതോ കാണുക, കലഹവാക്കുകൾ കേൾക്കുക ഈ വക ലക്ഷണങ്ങളുണ്ടായാൽ വിവാഹം ഏതെങ്കിലും കാരണവശാൽ മുടങ്ങാനിടവരുമെന്നു പറയണം. ഇവിടെ ചുവന്ന നിറത്തിലുള്ള ഏതു പുഷ്പം കണ്ടാലും വിവാഹവിഘ്നം സംഭവിക്കും.

-------------------------------------------

* വാസന്തീതര,

** ഗജയോരർക്കാർത്ത

പുനർവിവാഹ നിമിത്തങ്ങൾ

സ്ത്രീഭ്യാം യുക്തേന പുംസാ പരിണതനൃയുജാ ഗോവൃഷാഭ്യാമുഭാഭ്യാ -
മാരബ്ധപ്രശ്നകൃത്യാ പുനരുപയമനശ്ലാഘിവാചാ തഥൈതൈഃ
ദൈവാൽ പ്രശ്നോപയാതൈഃ പുനരുപയമനം പൃച്ഛതഃ കീർത്തനീയം
കഥ്യന്തേ ലക്ഷണാന്യപ്യുപയമനവിരോധീനി പുഷ്പോദ്ഗമാദ്യൈഃ.

സാരം :-

വിവാഹപ്രശ്ന സന്ദർഭത്തിൽ വിവാഹപ്രശ്ന സ്ഥലത്ത് ഒരു പുരുഷൻ രണ്ടു സ്ത്രീകളോടുകൂടി വരികയോ, അല്ലെങ്കിൽ യൌവനം കഴിഞ്ഞ ഭാര്യാഭർത്താക്കന്മാർ വരികയോ, ഒരു പശുവും ഒരു കാളയും കൂടി വരികയോ ചെയ്താലും ചക്രലേഖനം മുതലായ ദൂത്യകർമ്മങ്ങൾ രണ്ടുപേർ കൂടി നിർവഹിച്ചാലും പുനർ വിവാഹത്തിനനുകൂലങ്ങളായ വാക്കുകൾ ആരെങ്കിലും പറയുന്നതു കേൾക്കാനിടവന്നാലും ഇവിടെ പുനർവിവാഹത്തിന് ഇടവരുമെന്നു പറയണം. ഈ വക ലക്ഷണങ്ങൾ യാദൃച്ഛികമായി സംഭവിക്കേണ്ടതാണ്. മനഃപൂർവ്വം വരുത്തിക്കൂട്ടുന്ന നിമിത്തങ്ങൾകൊണ്ട് ഫലം പറയരുതെന്ന് ഇതുകൊണ്ടു സൂചിപ്പിക്കുന്നു.

"ഗോവൃഷാഭ്യാമുഭാദ്യാ " മെന്ന ഭാഗംകൊണ്ട് ഏകഭാര്യാനിഷ്ഠയില്ലാത്ത മറ്റു ജന്തുക്കൾ വന്നാലും ബഹുഭാര്യാപരമായ പുരുഷൻ വന്നാലും പുനർവിവാഹം വേണ്ടിവരുമെന്നു പറയാം. 

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.