കാഹളയോഗത്തിൽ ജനിക്കുന്നവൻ

ലഗ്നേശാക്രാന്തഭേശാശ്രിതഭവനപതൗ
സ്വേർച്ചഭേ കേന്ദ്രകോണേ
ഹോരേശേ വാ ബലാഢ്യേ ഹിബുകശുഭപയോ-
സ്തദ്വന്ന്യോന്ന്യകേന്ദ്രേ
സ്വർക്ഷോച്ചസ്ഥേƒംബുനാഥേ ഗഗനപതിയുതാ-
ലോകിതേ കാഹളാഖ്യ-
സ്തസ്മിൻ വർദ്ധിഷ്ണുരാര്യസ്സുമതിരതിശുഭ-
സ്സാഹസീ സ്യാൽ പ്രതാപീ

സാരം :-

ലഗ്നാധിപനായ ഗ്രഹം നിൽക്കുന്ന രാശിയുടെ അധിപനായ ഗ്രഹം നിൽക്കുന്ന രാശിയുടെ നാഥനായ ഗ്രഹം, തന്റെ ഉച്ചത്തിലോ സ്വക്ഷേത്രത്തിലോ കേന്ദ്രത്രികോണഭാവങ്ങളിൽ നിന്നാൽ " കാഹളയോഗം ".

ലഗ്നാധിപനായ ഗ്രഹം ബലവാനായി ഇഷ്ടഭാവത്തിൽ നിൽക്കുകയും നാലാം ഭാവാധിപനായ ഗ്രഹവും ഒമ്പതാം ഭാവാധിപനായ ഗ്രഹവും പരസ്പരകേന്ദ്രരാശികളിലായി വരികയും ചെയ്‌താൽ " കാഹളയോഗം ".

നാലാം ഭാവാധിപനായ ഗ്രഹം ഉച്ചത്തിലോ സ്വക്ഷേത്രത്തിലോ നിൽക്കുകയും പത്താം ഭാവാധിപനായ ഗ്രഹത്തിന്റെ യോഗമോ ദൃഷ്ടിയോ ഉണ്ടായിരിക്കുകയും ചെയ്‌താൽ " കാഹളയോഗം ".

മേൽപ്പറഞ്ഞ മൂന്നും കാഹളയോഗഭേദങ്ങളാകുന്നു.

കാഹളയോഗത്തിൽ ജനിക്കുന്നവൻ ഉത്തരോത്തരം അഭിവൃദ്ധിയോടുകൂടിയവനായും പൂജ്യനായും ബുദ്ധിമാനായും ഏറ്റവും നന്മയുള്ളവനായും സാഹസിയായുംതേജസ്വസിയായും ഭവിക്കും.