ലഗ്നാധിപനായ ഗ്രഹം വേറൊരു ദുഃസ്ഥാനത്തിന്റെ അധിപൻകൂടിയായാലും

യത്ഭാവേഷ്വശുഭോപി വോദയപതി-
സ്തത്ഭാവവൃദ്ധിം ദിശേൽ-
ദുഃസ്ഥാനാധിപതിസ്സ ചേദ്യദി തനോഃ
പ്രാബല്യമന്യസ്യ ന
അത്രോദാഹരണം കുജേ സുതഗതേ
സിംഹേ ഝഷേ വാസ്ഥിതേ
പുത്രാപ്തിം ശുഭവീക്ഷിതേ ഝടിതി തൽ-
പ്രാപ്തിം വദന്ത്യുത്തമാഃ

സാരം :-

പാപഗ്രഹമായിരുന്നാലും ലഗ്നാധിപനായ ഗ്രഹം നിൽക്കുന്ന ഭാവത്തിന് അഭിവൃദ്ധിയുണ്ടാകും. ഈ ലഗ്നാധിപനായ ഗ്രഹം വേറൊരു ദുഃസ്ഥാനത്തിന്റെ അധിപൻകൂടിയായാലും താൻ നിൽക്കുന്ന ഭാവത്തിന് ദോഷം സംഭവിക്കുന്നതല്ല. അവിടെ ലഗ്നാധിപത്യം തന്നെ പ്രധാനഫലമായിരിക്കുന്നതും ദുഃസ്ഥാനാധിപത്യം അപ്രധാനമായിരിക്കുന്നതുമാണെന്ന് സാരം.

ലഗ്നാധിപത്യത്തോടുകൂടിയ ചൊവ്വാ ആറോ എട്ടോ ഭാവങ്ങളുടെ അധിപനായിട്ടു പുത്രസ്ഥാനമായ ചിങ്ങത്തിലോ മീനത്തിലോ നിന്നാൽ സന്താനഗുണമല്ലാതെ ദോഷം സംഭവിക്കുന്നതല്ല. മേൽപ്രകാരം നിൽക്കുന്ന ചൊവ്വയ്ക്ക്‌ ശുഭഗ്രഹദൃഷ്ടികൂടെയുണ്ടായിരുന്നാൽ ഏറ്റവും വേഗത്തിൽത്തന്നെ പുത്രന്മാർ ജനിക്കുമെന്നും പറഞ്ഞുകൊൾകയും വേണം. ഈ പറഞ്ഞ ഉദാഹരണം തന്നെ മറ്റു ഭാവങ്ങളുടെ നിരൂപണവിഷയത്തിലും യോജിപ്പിച്ചു ഫലം പറഞ്ഞുകൊൾകയും വേണം.

ലഗ്നാധിപനായ ഗ്രഹം ഏത് ഭാവത്തിൽ നിന്നാലും / ഭാവാധിപനായ ഗ്രഹത്തോടുകൂടി ചേർന്നാലും / ദുഃസ്ഥാനത്തിൽ നിൽക്കുന്നുവോ / ബലഹീനൻകൂടിയായാൽ / ബലവാനായാൽ

ഭാവസ്യോദയപാശ്രിതസ്യ കുശലം
തത്ഭാവപേനോദയ-
സ്വാമീ തഷ്ഠതി സംയുതോƒപി കലയേൽ
തത്ഭാവജാതം ഫലം
ദുഃസ്ഥാനേ വിപരീതമേതദുദിതം
ഭാവേശ്വരേ ദുർബ്ബലേ
ദോഷോƒതീവ ഭവേദ് ബലേന സഹിതേ
ദോഷാല്പതാ ജല്പിതാ.

സാരം :-

ലഗ്നാധിപനായ ഗ്രഹം ഏത് ഭാവത്തിൽ നിന്നാലും ആ ഭാവഫലം ശുഭമായിരിക്കും.

ലഗ്നാധിപനായ ഗ്രഹം ഏത് ഭാവാധിപനായ ഗ്രഹത്തോടുകൂടി ചേർന്നാലും ആ ഭാവത്തിന്റെ ഫലം ശുഭമായിരിക്കും. എന്നാൽ ലഗ്നാധിപനായ ഗ്രഹം ഏതു ഭാവാധിപനായ ഗ്രഹത്തോടുകൂടി ദുഃസ്ഥാനത്തിൽ നിൽക്കുന്നുവോ ആ ഭാവം അശുഭമായിരിക്കുന്നതാണ്. അവിടെ ഭാവാധിപനായ ഗ്രഹം ബലഹീനൻകൂടിയായാൽ ഏറ്റവും ദോഷവും, ഭാവാധിപനായ ഗ്രഹം ബലവാനായാൽ അല്പദോഷവും സംഭവിക്കുന്നതുമാകുന്നു.

ചിങ്ങത്തിൽ നിൽക്കുന്ന ചന്ദ്രന്റെ ദശാകാലം

സിംഹസ്ഥേന്ദുദദശായാം
ജ്ഞാതിധനാപ്തിം മനോരഥം ലഭതേ
സ്വജനശ്രേഷ്ഠോ മതിമാൻ 
വികലാംഗോ നാതിപുത്രവാൻ ഭവതി.

സാരം :-

ചിങ്ങം രാശിയിൽ നിൽക്കുന്ന ചന്ദ്രന്റെ ദശാകാലം ബന്ധുക്കളിൽ നിന്ന് ധനലാഭവും ഇഷ്ടസാദ്ധ്യവും ഉണ്ടാവുകയും സ്വജനപ്രധാനിയാകയും ബുദ്ധിമാനാകയും അംഗവൈകല്യമുള്ളവനാകയും വളരെ പുത്രന്മാരില്ലാത്തവനാകയും ഫലം

കർക്കിടകത്തിൽ നിൽക്കുന്ന ചന്ദ്രന്റെ ദശാകാലം

പാകേ കുളീരഗേന്ദോഃ
ധനധാന്യക്ഷേത്രലാഭഭാഗ്ഭവതി
ജ്യോതിർജ്ഞാനകലാജ്ഞോ
ഗുഹ്യരുഗാർത്തോ വനാദ്രിദുർഗ്ഗചരഃ

സാരം :-

കർക്കിടകം രാശിയിൽ നിൽക്കുന്ന ചന്ദ്രന്റെ ദശാകാലം ധനധാന്യങ്ങളും കൃഷിഭൂമിയും ലഭിക്കുകയും ജ്യോതിഷത്തിലും കലാവിദ്യകളിലും പരിചയം സിദ്ധിക്കുകയും ആർശസ്സ്, ഭഗന്ദരം മുതലായ ഗുഹ്യവ്യാധികൾ പിടിപെടുകയും കാട്, മല, കോട്ട മുതലായ ദുർഗ്ഗമമാർഗ്ഗങ്ങളിൽ സഞ്ചരിക്കയും ഫലമാകുന്നു.

ഭാവത്തിന് നാശത്തെത്തന്നെ പറയണം - ദോഷഫലത്തിന് ന്യൂനത (കുറവ്) സംഭവിക്കും

ഭാവാധിശേ ച ഭാവേ സതി ബലരഹിതേ
ച ഗ്രഹേ കാരകാഖ്യേ
പാപാന്തസ്ഥേ ച പാപൈരരിഭിരപി സമേ-
തേക്ഷിതേ നാന്യഖേടൈഃ
പാപൈസ്തദ്ബന്ധുമൃത്യുവ്യയഭവനതൈ-
സ്തത്ത്രികോണസ്ഥിതൈർവ്വാ
വാച്യാ തത്ഭാവഹാനിഃ സ്ഫുടമിഹ ഭവതി
ദ്വിത്രിസംവാദഭാവാൽ.

സാരം :-

ഭാവത്തിനും ഭാവാധിപതിയായ ഗ്രഹത്തിനും കാരകഗ്രഹത്തിനും ബലമില്ലാതിരിക്കുക. ഇവർക്ക് പാപന്മാരുടെ മദ്ധ്യത്തിൽ സ്ഥിതിവരിക, പാപഗ്രഹങ്ങളുടെയോ ശത്രുഗ്രഹങ്ങളുടെയോ യോഗദൃഷ്ടികൾ സംഭവിക്കുക, നാലാം ഭാവം എട്ടാം ഭാവം പന്ത്രണ്ടാം ഭാവം എന്നീ ഭാവങ്ങളിലോ ത്രികോണ രാശികളിലോ പാപഗ്രഹങ്ങൾ നിൽക്കുക, ഇങ്ങനെയുള്ള ലക്ഷണങ്ങൾ പലതും തികഞ്ഞുവന്നാൽ നിശ്ചയമായും ആ ഭാവത്തിന് നാശത്തെത്തന്നെ പറയണം. മേൽപ്പറഞ്ഞവയ്ക്ക് ശുഭഗ്രഹങ്ങളുടെ യോഗദൃഷ്ട്യാദി സംബന്ധം ഉണ്ടായാൽ മേൽപ്പറഞ്ഞ ദോഷഫലത്തിന് ന്യൂനത (കുറവ്) സംഭവിക്കും. ഗ്രഹങ്ങളുടേയും ഭാവത്തിന്റെയും ബലാബലത്തിന്റെ അടിസ്ഥാനത്തിൽ  എല്ലാ ശുഭാശുഭഫലങ്ങളെയും നിരൂപിച്ചു നിർണ്ണയിച്ചുകൊൾകയും വേണം.

ഭാവത്തിനു ഹാനിയുണ്ടെന്നും - ഭാവം അനുഭവാർഹവും ശുഭഫലവുമായിരിക്കുകയും ചെയ്യും

യത്ഭാവനാഥോ രിപുരന്ധ്രരിപ്ഫേ
ദുഃസ്ഥാനപോ യത്ഭവനസ്ഥിതോ വാ
തത്ഭാവനാശം കഥയന്തി തൽജ്ഞാഃ
ശുഭേക്ഷിതസ്തത്ഭവനസ്യ സൗഖ്യം.

സാരം :-

ഭാവാധിപനായ ഗ്രഹം ആറാം ഭാവം, എട്ടാം ഭാവം, പന്ത്രണ്ടാം ഭാവം എന്നീ ഭാവങ്ങളിൽ നിൽക്കുകയും, ആറാം ഭാവം, എട്ടാം ഭാവം, പന്ത്രണ്ടാം ഭാവം എന്നീ ഭാവങ്ങളുടെ അധിപന്മാരായ ഗ്രഹങ്ങൾ ഭാവത്തിൽ നിൽക്കുകയും ചെയ്യുക. എന്നാൽ ആ ഭാവത്തിന് ഹാനിയുണ്ടെന്നു പറയണം. 

ശുഭദൃഷ്ടിയുള്ള ഭാവം അനുഭവാർഹവും ശുഭഫലവുമായിരിക്കുകയും ചെയ്യും. 

മിഥുനം രാശിയിൽ നിൽക്കുന്ന ചന്ദ്രന്റെ ദശാകാലം

മിഥുനഗതേന്ദുദശായാം
സ്ഥാനാൽ സ്ഥാനാന്തരം വ്രജതി ജാതഃ
ദ്വിജദേവാശ്രിതകാര്യോ
മതിമാൻ ധനവസ്ത്രഭോഗസമ്പന്നഃ

സാരം :-

മിഥുനം രാശിയിൽ നിൽക്കുന്ന ചന്ദ്രന്റെ ദശാകാലം സ്ഥാനാന്തരപ്രാപ്തിയും ദേവന്മാരെയും ബ്രാഹ്മണരെയും ആശ്രയിച്ചിട്ടുള്ള കാര്യസിദ്ധിയുമുണ്ടാവുകയും ബുദ്ധിവർദ്ധനവും ധനം വസ്ത്രം സ്ത്രീഭോഗം സുഖം എന്നിവയുടെ പ്രാപ്തിയും ഫലമാകുന്നു.

ഇടവം രാശിയിൽ നിൽക്കുന്ന ചന്ദ്രന്റെ ദശാകാലം

സോച്ചഗതസ്യ ഹിമാംശോർ-
ദശാവിപാകേ നരേന്ദ്രരാജ്യാപ്തിഃ
ബഹുരത്നസുതസമൃദ്ധിഃ
സ്ത്രീണാം വശഗോ ഗജാശ്വസമ്പത്തിഃ.

മൂലക്ഷേത്രഗതേന്ദോർ-
ദശാവിപാകേ നരോ വിദേശരതഃ
ക്രയവിക്രയാദ്ധനാപ്തിഃ
സ്വജനദ്വേഷീ കഫാനിലാർത്തശ്ച.

വയസോ മദ്ധ്യമകാലേ
ചന്ദ്രദശായാം മഹാസുഖീ ധനവാൻ
ദ്വിജദേവമന്ത്രിഭൂപൈ-
സ്സമ്പന്നോ യുവതിവല്ലഭോ ഭവതി.

പൂർവ്വാർദ്ധേ സമ്പന്നോ
മാതൃവിയോഗം കരോതി പാപയുതഃ
പശ്ചാദർദ്ധേ വൃഷഭേ
ജനകവിയോഗം ശശി കുരുതേ.

സാരം :-

പരമോച്ചത്തിൽ (ഇടവം രാശിയിൽ ആദ്യത്തെ മൂന്നു തിയ്യതി) നിൽക്കുന്ന ചന്ദ്രന്റെ ദശാകാലം രാജപ്രാപ്തിയും രാജപ്രസാദവും സമ്പത്തും സന്താനവും വർദ്ധിക്കുകയും സ്ത്രീകളുടെ സുഖസംഭോഗവും ഗജാശ്വാദിവാഹന സമൃദ്ധിയും ഫലമാകുന്നു.

പരമോച്ചം കഴിഞ്ഞു നിൽക്കുന്ന ചന്ദ്രന്റെ ദശാകാലം (മൂലക്ഷേത്രത്തിൽ നിൽക്കുന്ന ചന്ദ്രന്റെ ദശാകാലം) അന്യദേശഗമനവും ക്രയവിക്രയങ്ങളിൽ നിന്ന് ധനലാഭവും സ്വജനവിരോധവും കഫവാതകോപവും അനുഭവിക്കും.

ചന്ദ്രദശയുടെ മദ്ധ്യത്തിൽ ഏറ്റവും ധനവും സുഖവും ലഭിക്കുകയും ദേവന്മാരിൽനിന്നും ബ്രാഹ്മണരിൽനിന്നും മന്ത്രിമാരിൽനിന്നും രാജാവിൽനിന്നും സമ്പത്തു ലഭിക്കുകയും സ്ത്രീസുഖമനുഭവിക്കുകയും ചെയ്യും.

ഇടവം രാശിയുടെ ആദ്യാർദ്ധത്തിൽ പാപഗ്രഹത്തോടുകൂടി നിൽക്കുന്ന ചന്ദ്രന്റെ ദശാകാലം മാതൃവിയോഗം അനുഭവിക്കും. 

ഇടവം രാശിയുടെ അന്ത്യാർദ്ധത്തിൽ പാപഗ്രഹത്തോടുകൂടി നിൽക്കുന്ന ചന്ദ്രന്റെ ദശാകാലം പിതാവിന്റെ വിയോഗവും സംഭവിക്കയും ചെയ്യും. 

ഭാവത്തിന് നാശം സംഭവിക്കും - വലിയ ഗുണഫലത്തെയൊന്നും ചെയ്യുകയില്ല

ലഗ്നാദിഭാവാദ്രിപുരരന്ധ്രറിപ്ഫേ
പാപഗ്രഹാസ്തത്ഭവനാദിനാശം
സൗമ്യസ്തു നാത്യന്തഫലപ്രദാഃ സ്യുർ-
ഭാവാദികാനാം ഫലമേവമാഹുഃ.

സാരം :-

ലഗ്നാദികളായ ഭാവങ്ങളുടെ 6 - 8 - 12  എന്നീ ഭാവങ്ങളിൽ പാപഗ്രഹങ്ങൾ നിന്നാൽ ആ ഭാവത്തിന് നാശം സംഭവിക്കും.

ലഗ്നാദികളായ ഭാവങ്ങളുടെ 6 - 8 - 12  എന്നീ ഭാവങ്ങളിൽ ശുഭഗ്രഹങ്ങൾ നിന്നാൽ ആ ഭാവത്തിന് വലിയ ഗുണഫലത്തെയൊന്നും ചെയ്യുകയില്ല.

ഭാവനാശത്തെ - ഭാവപുഷ്ടിയെ ചെയ്യുന്നതാണ്

നാശസ്ഥാനഗതോ ദിവാകരകരൈർ-
ല്ലപ്തസ്തു യത്ഭാവപോ
നീചാരാതിഗൃഹം ഗതോ യദി ഭവേൽ
സൗമ്യൈരയുക്തേക്ഷിതഃ
തത്ഭാവസ്യ വിനാശനം വിതനുതേ
താദൃഗ്വിധോƒന്യോƒസ്തിചേ-
ത്തത്ഭാവോƒപി ഫലപ്രദോ ന ഹി ശുഭ-
ശ്ചേന്നാശമുഗ്രഗ്രഹഃ.

സാരം :-

ഭാവാധിപനായ ഗ്രഹത്തിന്റെ അഷ്ടമസ്ഥിതി (എട്ടാം ഭാവസ്ഥിതി), മൗഢ്യം, നീചരാശിയിലോ ശത്രുക്ഷേത്രത്തിലോ ഉള്ള സ്ഥിതി, ശുഭഗ്രഹങ്ങളുടെ യോഗദൃഷ്ട്യഭാവം (ശുഭഗ്രഹങ്ങളുടെ യോഗദൃഷ്ടികൾ ഇല്ലാതിരിക്കുക), പാപഗ്രഹസംബന്ധം എന്നിവയെല്ലാം ഭാവനാശത്തെ ചെയ്യുന്നതാണ്. 

ഭാവാധിപനായ ഗ്രഹത്തിന്റെ ഇഷ്ടഭാവസ്ഥിതി, ബലം മുതലായവയെല്ലാം ഭാവപുഷ്ടിയെ ചെയ്യുന്നതാണ്.

എല്ലാ ഭാവത്തിലും ശുഭഗ്രഹങ്ങൾ ഭാവപുഷ്ടിപ്രദന്മാരാണെന്ന് അറിഞ്ഞുകൊൾകയും വേണം.

മേടം രാശിയിൽ നിൽക്കുന്ന ചന്ദ്രന്റെ ദശാകാലം

മേഷാശ്രിതചന്ദ്രദശാ
സത്രീസുതസൌഖ്യം വിശേഷകർമ്മരതിം
സഹജവിനാശം ദുഃഖം
സദ്വ്യയശീലം ശിരോരുജം ജനയേൽ.

സാരം :- 

മേടം രാശിയിൽ നിൽക്കുന്ന ചന്ദ്രന്റെ ദശാകാലം കളത്രപുത്രസുഖവും വിശേഷകർമ്മങ്ങളിൽ താൽപര്യവും സഹോദരഹാനിയും ദുഃഖവും നല്ലകാര്യങ്ങളിൽ ധനം ചെലവുചെയ്യുകയും ശിരോരോഗമുണ്ടാവുകയും ചെയ്യും.

ചന്ദ്രദശയുടെ ആദ്യം - മദ്ധ്യകാലം - അന്ത്യം

ചന്ദ്രദശായാമാദൌ
നരപതിസമ്മാനകീർത്തിസൌഖ്യാനി
മദ്ധ്യേ സ്ത്രീസുതനാശം
ഗൃഹധനസൌഖ്യാംബരാണ്യന്തേ.

സാരം :-

ചന്ദ്രദശയുടെ ആദ്യം രാജസമ്മാനവും യശസ്സും സുഖവും അനുഭവിക്കും.

ചന്ദ്രദശയുടെ മദ്ധ്യകാലം കളത്രപുത്രാരിഷ്ടയും അനുഭവിക്കും.

ചന്ദ്രദശയുടെ അന്ത്യം ഗൃഹത്തിനും ധനത്തിനും സുഖത്തിനും പുഷ്ടിയും വിശേഷവസ്ത്രലാഭങ്ങളും അനുഭവിക്കും.

ഭാവത്തിന് ശുഭാനുഭവം - ഹാനിയും - ഗുണദോഷസമ്മിശ്രം

തത്തദ്ഭാവത്രികോണ ധനസുഖമദനേ
ചാസ്പദേ സൗമ്യയുക്തേ
പാപാനാം ദൃഷ്ടിഹീനേ ഭവനപസഹിതേ
പാപഖേടൈരയുക്തേ
ഭാവാനാം പുഷ്ടിമാഹുസ്സകല ശുഭകരീ-
മന്യഥാ ചേൽ പ്രണാശം
മിശ്രം മിശ്രൈർവ്വിഹംഗൈസ്സകലമപി തഥാ
മൂർത്തിഭാവാദികാനാം.

സാരം :-

ലഗ്നാദികളായ ഭാവങ്ങളുടെ 1,4,5,7,9,10 എന്നീ ഭാവങ്ങളിൽ ശുഭഗ്രഹങ്ങൾ നിൽക്കുക, ഭാവാധിപനായ ഗ്രഹത്തിന്റെ യോഗദൃഷ്ട്യാദിസംബന്ധം ഉണ്ടായിരിക്കുക, പാപഗ്രഹസംബന്ധമില്ലാതെ വരിക ഇങ്ങനെയായാൽ ആ ഭാവത്തിന് ശുഭാനുഭവമുണ്ടാകും. ഇതിന് വിപരീതമായാൽ ഭാവത്തിനു ഹാനിയും ശുഭാശുഭസമ്മിശ്രയോഗമാണെങ്കിൽ ഗുണദോഷസമ്മിശ്രഫലാനുഭവവും ഉണ്ടായിരിക്കുകയും ചെയ്യും. 

ഭാവം പുഷ്ടികരമായിരിക്കും

ഭാവാസ്സർവ്വേ ശുഭപതിയുതാ വീക്ഷിതാ വാ ശുഭേശൈ
സ്തത്തദ്ഭാവാസ്സകലഫലദാഃ ദൃഗ്യോഗഹീനാഃ
പാപാസ്സർവ്വേ ഭവനപതയശ്ചേദിഹാഹുസ്തഥൈവം
ഖേടൈസ്സർവ്വൈഃ ശുഭഫലമിദം നീചമൂഢാരിഹീനൈ.

സാരം :-

എല്ലാ ഭാവങ്ങളും ശുഭഗ്രഹങ്ങളുടെയോ ഭാവാധിപനായ ഗ്രഹത്തിന്റെയോ യോഗദൃഷ്ടികളോടുകൂടിയിരിക്കുകയും ഭാവാധിപനല്ലാത്ത പാപഗ്രഹങ്ങളുടെ യോഗദൃഷ്ടികളില്ലാതെയിരിക്കുകയും ചെയ്‌താൽ ആ ഭാവം പുഷ്ടികാരവും സ്വോക്തഫലപ്രദവുമായിരിക്കും. നീചം, മൌഢ്യം, ശത്രുക്ഷേത്രം എന്നിവകൂടാതെ ഭാവാധിപനായ ഗ്രഹം ഇഷ്ടഭാവത്തിലിരിക്കുകയും ചെയ്‌താൽ ഭാവം പുഷ്ടിപ്രദമായിരിക്കും. 

നീചാംശകം ചെയ്ത ചന്ദ്രന്റെ ദശാകാലം

നീചാംശയുക്തസ്യ ദശാ പദാക്ഷി-
രുജാർത്തിമുച്ചൈർവ്വിവിധാർത്ഥഹാനിം
പരാജയാലസ്യകുഭോജനാനി
പ്രാപ്നോതി നിദ്രാം ഖലഭൂപസേവാം.

സാരം :-

ഏതു രാശിയിൽ നിന്നാലും നീചാംശകം ചെയ്ത ചന്ദ്രന്റെ ദശാകാലം പാദരോഗം, നേത്രരോഗം മുതലായ രോഗങ്ങളെക്കൊണ്ട് ഏറ്റവും ഉപദ്രവവും പലപ്രകാരത്തിൽ ദ്രവ്യനാശവും, തുടങ്ങുന്ന കാര്യങ്ങളിൽ പരാജയവും അല്ലെങ്കിൽ ശത്രുക്കളോടു തോൽക്കുകയും അലസത (മടി) വർദ്ധിക്കുകയും ദുഷ്ടഭോജനവും ഉറക്കമേറിയിരിക്കയും ദുഷ്ടനായ രാജാവിനെ സേവിക്കുകയും ചെയ്യും.

ഉച്ചരാശ്യംശകസഹിതനായ ചന്ദ്രന്റെ ദശാകാലം

ഉച്ചാംശഗതസ്യ ദശാ
ദദാതി സൌഖ്യം മഹത്തരം ചെന്ദോഃ
നാനാവിധധനലാഭം
ഭൂപതിമാനം ച ദേഹപുഷ്ടിം ച.

സാരം :-

ഏതു രാശിയിൽ നിന്നാലും ഉച്ചരാശ്യംശകസഹിതനായ ചന്ദ്രന്റെ ദശാകാലം വലുതായ സൌഖ്യവും പലവിധത്തിലുള്ള ധനലാഭവും രാജബഹുമാനവും ദേഹപുഷ്ടിയും സിദ്ധിക്കും.

ശകടയോഗത്തിൽ ജനിക്കുന്നവൻ

ഷഷ്ഠാഷ്ടമഗതശ്ചന്ദ്രസ്ഥാനാദ്ദേവപുരോഹിതഃ
കേന്ദ്രാദിതരഗോ ലഗ്നാദ്യോഗശ്ശകടസംജ്ഞിതഃ

സാരം :-

ചന്ദ്രൻ നിൽക്കുന്ന രാശിയുടെ ആറാം ഭാവം, എട്ടാം ഭാവം എന്നീ ഭാവങ്ങളിൽ വ്യാഴം നിൽക്കുകയും ആ വ്യാഴം നിൽക്കുന്ന രാശി ലഗ്നം നാലാം ഭാവം, ഏഴാം ഭാവം, പത്താം ഭാവം എന്നീ ഭാവങ്ങളല്ലാതെ വരികയും ചെയ്‌താൽ ശകടയോഗം അനുഭവിക്കും. ഇവിടെ " ഷഷ്ഠാഷ്ടവ്യയഗശ്ചന്ദ്രാൽ " എന്നുള്ള പാഠാന്തരമനുസരിച്ച് ചന്ദ്രൻ നിൽക്കുന്ന രാശിയുടെ പന്ത്രണ്ടാംഭാവംകൂടി കണക്കാക്കാമെന്നുണ്ട്.

രാജവംശോത്ഭവോ വാപി നിസ്സ്വശ്ശകടയോഗജഃ
ക്ലേശായാസവശാന്നിത്യം സന്തപ്തഃ ക്ഷിതിപപ്രിയഃ

സാരം :-

ശകടയോഗത്തിൽ ജനിക്കുന്നവൻ രാജകുലത്തിൽ ജനിച്ചവനായിരുന്നാലും കേവലം ദരിദ്രനായും ദുഃഖവും ആയാസവും നിമിത്തം എപ്പോഴും പീഡിതഹൃദയനായും രാജസേവകനായും ഭവിക്കും.

ഉച്ചാദിവിശേഷയോഗഫലത്തിൽ ജനിക്കുന്നവൻ

ജനയതി നൃപമേകോƒപ്യുച്ചഗോ മിത്രദൃഷ്ടഃ
പ്രചുരധനസമേതം മിത്രയോഗാച്ച സിദ്ധം
വിധനവിസുഖമൂഢവ്യാധിതാബന്ധതപ്താ
വധുദുരിതസമേതാശ്ശത്രുനീചർക്ഷഗേഷു.

സാരം :-

ബന്ധുഗ്രഹത്തിന്റെ ദൃഷ്ടിയോടുകൂടി ഒരു ഗ്രഹം പരമോച്ചത്തിൽ നിന്നാൽ രാജാവായി ഭവിക്കും.

ഉച്ചസ്ഥനായ ഗ്രഹത്തിന് ബന്ധുഗ്രഹയോഗം സംഭവിച്ചാൽ ഏറ്റവും ധനവാനായിരിക്കും.

ഒന്നുമുതൽ ഏഴുവരെ ഉള്ള ഗ്രഹങ്ങൾ ശത്രുക്ഷേത്രത്തിലോ നീചത്തിലോ നിന്നാൽ നിർദ്ധനത്വം, അസുഖത, മൂഢത്വം, രോഗപീഡിതത്വം, ബന്ധനം നിമിത്തം ഉള്ള ദുഃഖം, പലപ്രകാരത്തിലുള്ള ദുഃഖം, വധദുഷ്കൃതം എന്നീ ഏഴു ഫലങ്ങൾ ക്രമേണ അനുഭവിക്കുകയും ചെയ്യും.

കുലസമകുലമുഖ്യബന്ധുപൂജ്യാ
ധനിസുഖിഭോഗിനൃപാസ്വഭൈകവൃദ്ധ്യാ
പരവിഭവസുഹൃൽസ്വബന്ധുപോഷ്യാ
ഗണപബലേശനൃപാശ്ച മിത്രഭേഷു.

ഒന്നുമുതൽ ഏഴുവരെയുള്ള ഗ്രഹങ്ങൾ സ്വക്ഷേത്രത്തിൽ നിന്നാൽ ക്രമേണ കുലസമൻ, കുലമുഖ്യൻ, ബന്ധുപൂജ്യൻ, ധനവാൻ, സുഖി, ഭോഗമുള്ളവൻ, രാജാവ് എന്നീ ഏഴു ഫലങ്ങളും അനുഭവിക്കും.

ഒന്നുമുതൽ ഏഴുവരെയുള്ള ഗ്രഹങ്ങൾ ബന്ധുക്ഷേത്രത്തിൽ നിന്നാൽ പരാശ്രയജീവനം, സുഹൃദാശ്രയജീവനം, ജ്ഞാനികളെ ആശ്രയിച്ചുള്ള ജീവനം, സഹോദരാശ്രയജീവനം, സംഘത്തിന്റെ നായകത്വം, സേനാനായകത്വം, രാജത്വം എന്നീ ഏഴു ഫലങ്ങളും അനുഭവിക്കുന്നതാകുന്നു. 

ചക്രവർത്തിയോഗത്തിൽ ജനിക്കുന്നവൻ

നീചസ്ഥിതോ ജന്മനി യോ ഗ്രഹഃ സ്യാൽ
തദ്രാശിനാഥോപി തദുച്ചനാഥഃ
സ ചന്ദ്രലഗ്നാദ്യദി കേന്ദ്രവർത്തീ
രാജാഭവേദ്ധാർമ്മിക ചക്രവർത്തി.

സാരം :-

ജനനസമയം യാതൊരു ഗ്രഹം നീചരാശിയിൽ നിൽക്കുന്നുവോ ആ നീചരാശിയുടെ അധിപനായ ഗ്രഹമോ അവന്റെ ഉച്ചരാശിയുടെ അധിപനായ ഗ്രഹമോ ചന്ദ്രൻ നിൽക്കുന്ന രാശിയിൽ നിന്ന് 1-4-7-10 എന്നീ കേന്ദ്രരാശികളിൽ നിന്നാൽ ധാർമ്മികനായ ചക്രവർത്തിയായി ഭവിക്കും. 

നീചേ യസ്തസ്യ നീചോച്ചഭേശൌ ദ്വാവേക ഏവ വാ
കേന്ദ്രസ്ഥശ്ചേച്ചക്രവർത്തീ ഭൂപസ്സ്യാദ് ഭൂപവന്ദിതഃ

സാരം :-

നീചത്തിൽ നിൽക്കുന്ന ഗ്രഹത്തിന്റെ രാശ്യാധിപനായ ഗ്രഹമോ അതിന്റെ ഉച്ചരാശിയുടെ അധിപനായ ഗ്രഹമോ ഇവർ രണ്ടുപേരുമോ ലഗ്നത്തിന്റെയോ ചന്ദ്രൻ നിൽക്കുന്ന രാശിയുടെയോ കേന്ദ്രരാശിസ്ഥാനങ്ങളിൽ നിന്നാൽ രാജാധിരാജനായ ചക്രവർത്തിയായി ഭവിക്കും.

ശുഭഗ്രഹദൃഷ്ടനായ ചന്ദ്രന്റെ ദശാകാലം

പാകേ ശശാങ്കസ്യ ശുഭേക്ഷിതസ്യ
പരോപകാരം മഹതീം ച കീർത്തിം
ഇഷ്ടാർത്ഥബന്ധ്വാഗമഭൂപമാനം
ജലക്രിയാവസ്ത്രമനോവിലാസം.

സാരം :-

ശുഭഗ്രഹദൃഷ്ടനായ ചന്ദ്രന്റെ ദശാകാലം പരോപകാരം ചെയ്കയും വലിയ കീർത്തി ലഭിക്കുകയും വിചാരിക്കുന്ന കാര്യങ്ങൾ സാധിക്കുകയും ബന്ധുക്കളുടെ സമാഗമവും രാജസമ്മാനവും സിദ്ധിക്കുകയും ജലസംബന്ധമായ പ്രവൃത്തിയിലേർപ്പെടുകയും വിശേഷവസ്ത്രങ്ങളും മനസ്സന്തോഷവും ലഭിക്കുകയും ചെയ്യും.

ശുഭഗ്രഹസഹിതനായ ചന്ദ്രന്റെ ദശാകാലം

ചന്ദ്രസ്യ സൌമ്യഗ്രഹസംയുതസ്യ
പ്രാപ്തൌ ദശായാശ്ശുഭകർമ്മലാഭം
ഗോഭൂകൃഷിദ്രവ്യവിഭൂഷണാനി
തീർത്ഥാഭിഷേകം ഗണികാരതിം ച.

സാരം :-

ശുഭഗ്രഹസഹിതനായ ചന്ദ്രന്റെ ദശാകാലം ശുഭകർമ്മസിദ്ധിയും പശുക്കളും കൃഷിയും ഭൂസ്വത്തും ആഭരണങ്ങളും ലഭിക്കുകയും പുണ്യതീർത്ഥസ്നാനവും വേശ്യാസ്ത്രീസംഗമവും ഉണ്ടാകും.

രാജയോഗത്തിൽ ജനിക്കുന്നവൻ

ത്ര്യാദ്യൈസ്സ്വഗൃഹോച്ചഗതൈർ-
ബ്ബലിഭിർവ്വിഹഗൈർന്നൃപാ നൃപാന്വയജാഃ
പഞ്ചഭിരുച്ചസമേതൈ-
ര്യപ്യന്ന്യകുലോത്ഭവാഃ സ്യുരവനീശാഃ

സാരം :-

മൂന്നോ നാലോ ഗ്രഹങ്ങൾ ഉച്ചത്തിലോ സ്വക്ഷേത്രത്തിലോ ബലവാന്മാരായി നിന്നാൽ രാജയോഗം അനുഭവിക്കും.

രാജയോഗം രാജകുലത്തിൽ ജനിച്ചവർക്കുമാത്രമേ സാധാരണയായി ചിന്തിക്കേണ്ടതുള്ളു. അഞ്ചു ഗ്രഹങ്ങൾ അത്യുച്ചത്തിൽ നിന്നാൽ അന്യകുലത്തിൽ ജനിച്ചവർക്കും രാജത്വവും രാജഭരണയോഗവും സിദ്ധിക്കും. 

ദൈന്യഖലമഹായോഗത്തിൽ ജനിക്കുന്നവൻ

അന്യോന്യം ഭവനസ്ഥയോർവ്വിഹഗയോർ-
ല്ലഗ്നാദിരിപ്ഫാന്തിമം
ഭാവാധീശ്വരയോഃ ക്രമേണ കഥിതാഃ
ഷഡ്ഷഷ്ഠിയോഗാ ബുധൈഃ
ത്രിംശംദ്ദൈന്യമുദീരിതം വ്യയരിപു-
ച്ഛിദ്രാധിനാഥോർത്ഥിതാ-
സ്ത്വഷ്ടൗ ശൗര്യപതേഃ ഖലാ നിഗദിതാഃ
ശേഷാ മഹാഖ്യാഃ സ്മൃതാഃ

സാരം :-

ലഗ്നം മുതൽ പന്ത്രണ്ടാംഭാവം വരെയുള്ള ഭാവങ്ങളുടെ അധിപന്മാരായ ഗ്രഹങ്ങൾ പരസ്പരം രാശി പകർന്നു നിന്നാൽ ക്രമമായി അറുപത്താറുയോഗങ്ങളുണ്ടാകും. ഇവയിൽ 6 - 8- 12 എന്നീ ഭാവാധിപന്മാരായ ഗ്രഹങ്ങളെക്കൊണ്ടുണ്ടാകുന്ന മുപ്പതുയോഗങ്ങളെ " ദൈന്യയോഗങ്ങൾ " എന്ന് പറയുന്നു. മൂന്നാം ഭാവാധിപനായ ഗ്രഹത്തെക്കൊണ്ടുണ്ടാകുന്ന എട്ട് യോഗങ്ങളെ " ഖലയോഗങ്ങൾ " എന്ന് പറയുന്നു. മറ്റു ഭാവങ്ങളുടെ അധിപന്മാരായ ഗ്രഹങ്ങളെക്കൊണ്ടുണ്ടാകുന്ന ഇരുപത്തെട്ടുയോഗങ്ങളെ " മഹായോഗം " എന്ന് പറയുന്നു.

മേൽപ്പറഞ്ഞവയെ താഴെ ഒന്നുകൂടി വ്യക്ത്യമായി പറയാം.

ദൈന്യയോഗങ്ങൾ

ആറാം ഭാവാധിപനായ ഗ്രഹം 7-8-9-10-11-1-2-3-4-5 എന്നീ ഭാവങ്ങളിൽ നിൽക്കുകയും മേൽപ്പറഞ്ഞ ഭാവാധിപനായ ഗ്രഹം ആറാം ഭാവത്തിൽ നിൽക്കുമ്പോൾ ഉണ്ടാകുന്ന യോഗം 10

എട്ടാം ഭാവാധിപനായ ഗ്രഹം 9-10-11-6-1-2-3-4-5-7 എന്നീ ഭാവങ്ങളിൽ നിൽക്കുകയും മേൽപ്പറഞ്ഞ ഭാവാധിപനായ ഗ്രഹം എട്ടാം ഭാവത്തിൽ നിൽക്കുകയും ചെയ്യുമ്പോൾ ഉണ്ടാകുന്ന യോഗം 9.

പന്ത്രണ്ടാം ഭാവാധിപനായ ഗ്രഹം 1-2-3-4-5-6-7-8-9-10 എന്നീ ഭാവങ്ങളിൽ നിൽക്കുകയും മേൽപ്പറഞ്ഞ ഭാവാധിപനായ ഗ്രഹം പന്ത്രണ്ടാം ഭാവത്തിൽ നിൽക്കുകയും ചെയ്യുമ്പോൾ ഉണ്ടാകുന്ന യോഗം 11.

ആകെ ദൈന്യയോഗം 30.

ഖലയോഗങ്ങൾ

മൂന്നാം ഭാവാധിപനായ ഗ്രഹം 1-2-3-4-5-6-7-9-10-11 എന്നീ ഭാവങ്ങളിൽ നിൽക്കുകയും മേൽപ്പറഞ്ഞ ഭാവാധിപനായ ഗ്രഹം മൂന്നാം ഭാവത്തിൽ നിൽക്കുമ്പോൾ ഉണ്ടാകുന്ന ഖലയോഗം ആകെ എട്ടാകുന്നു. (8).

മഹായോഗങ്ങൾ

ലഗ്നാധിപനായ ഗ്രഹം 2-4-5-7-9-10-11 എന്നീ ഭാവങ്ങളിൽ നിൽക്കുകയും മേൽപ്പറഞ്ഞ ഭാവാധിപനായ ഗ്രഹം ലഗ്നത്തിലും നിൽക്കുമ്പോൾ യോഗം 7.

രണ്ടാം ഭാവാധിപനായ ഗ്രഹം 4-5-7-9-10-11 എന്നീ ഭാവങ്ങളിൽ നിൽക്കുമ്പോൾ മേൽപ്പറഞ്ഞ ഭാവാധിപനായ ഗ്രഹം രണ്ടാം ഭാവത്തിൽ നിൽക്കുമ്പോൾ ഉണ്ടാകുന്ന യോഗം 6.

നാലാം ഭാവാധിപനായ ഗ്രഹം 5-7-9-10-11 എന്നീ ഭാവങ്ങളിൽ നിൽക്കുകയും മേൽപ്പറഞ്ഞ ഭാവാധിപനായ ഗ്രഹം നാലാം ഭാവത്തിൽ നിൽക്കുമ്പോൾ ഉണ്ടാകുന്ന യോഗം 5.

അഞ്ചാം ഭാവാധിപനായ ഗ്രഹം 7-9-10-11 എന്നീ ഭാവങ്ങളിൽ നിൽക്കുമ്പോൾ മേൽപ്പറഞ്ഞ ഭാവാധിപനായ ഗ്രഹം  അഞ്ചാം ഭാവത്തിൽ നിൽക്കുമ്പോൾ യോഗം 4

ഏഴാം ഭാവാധിപനായ ഗ്രഹം 9-10-11 എന്നീ ഭാവങ്ങളിൽ നിൽക്കുമ്പോൾ മേൽപ്പറഞ്ഞ ഭാവാധിപനായ ഗ്രഹം ഏഴാം ഭാവത്തിൽ നിൽക്കുമ്പോൾ യോഗം 3.

ഒമ്പതാം ഭാവാധിപനായ ഗ്രഹം 10 - 11 എന്നീ ഭാവങ്ങളിൽ നിൽക്കുമ്പോൾ മേൽപ്പറഞ്ഞ ഭാവാധിപനായ ഗ്രഹം ഒമ്പതാം ഭാവത്തിൽ നിൽക്കുമ്പോൾ യോഗം 2.

പത്താം ഭാവാധിപനായ ഗ്രഹം പതിനൊന്നിലും പതിനൊന്നാം ഭാവാധിപനായ ഗ്രഹം പത്താം ഭാവത്തിലും നിൽക്കുമ്പോൾ യോഗം 1.

മേൽപ്പറഞ്ഞ കണക്കുപ്രകാരം ആകെ മഹായോഗം ഇരുപത്തേഴുവരും.

ദൈന്യഖലമഹായോഗഫലങ്ങൾ 

മൂർഖഃ സ്യാദപവാദകോ ദുരിതകൃ-
ന്നിത്യം സപത്നാർദ്ദിതഃ
ക്രൂരോക്തിഃ കില ദൈന്ന്യജശ്ചലമതിഃ
പ്രച്ഛിന്നകാര്യോദ്യമഃ
ഉദ്വൃത്തശ്ച ഖലേ കദാചിദഖിലം
ഭാഗ്യം ലാഭേതാഖിലം
സൌമ്യോക്തിശ്ചകദാചിദേവമശുഭം
ദാരിദ്ര്യദുഃഖാദികം.

സാരം :- 

ദൈന്ന്യയോഗത്തിൽ ജനികുന്നവൻ മൂർഖനായും അപവാദിയായും ദുഷ്കൃതങ്ങളെ ചെയ്യുന്നവനായും നിയമേന ശത്രുക്കളാൽ പീഡിതനായും ക്രൂരമായി സംസാരിക്കുന്നവനായും സ്ഥിരബുദ്ധിയില്ലാത്തവനായും കാര്യങ്ങൾ തുടങ്ങുമ്പോൾതന്നെ മുടങ്ങുന്നവനായും ഭവിക്കും.

ഖലയോഗത്തിൽ ജനിക്കുന്നവൻ സമാധാനമില്ലാത്തവനായും ചിലപ്പോൾ ഭാഗ്യം വർദ്ധിച്ചവനായും ചിലപ്പോൾ ഭാഗ്യദോഷിയായും ചിലസമയം നല്ലവാക്കും ചിലപ്പോൾ ക്രൂരവാക്കും പറയുന്നവനായും ദാരിദ്രവും ദുഃഖവും ഇടകലർന്ന് അനുഭവിക്കുന്നവനായും ഭവിക്കും.

ശ്രീകടാക്ഷനിലയഃ പ്രഭുരാഢ്യ-
ശ്ചിത്രവസ്ത്രകനകാഭരണാഢ്യഃ
പാർത്ഥിവാപ്തബഹുമാന സമജ്ഞോ
യാനവിത്തസുതവാൻ മഹദാഖ്യേ.

സാരം :-

മഹായോഗത്തിൽ ജനിക്കുന്നവൻസകലസമ്പത്തുക്കളും പ്രഭുത്വവും പൂജ്യത്വവും ഉള്ളവനായും വിശേഷവസ്ത്രാഭരണങ്ങളുള്ളവനായും രാജാവിങ്കൽനിന്നു ലഭിക്കപ്പെട്ട ബഹുമാനത്തോടും കീർത്തിയോടുംകൂടിയവനായും വാഹനങ്ങളും ധനധാന്യങ്ങളും പുത്രന്മാരും ഉള്ളവനായും ഭവിക്കും.

പാപഗ്രഹദൃഷ്ടനായ ചന്ദ്രന്റെ ദശാകാലം

പാപേക്ഷിതസ്യൈവനിശാകരസ്യ
ദശാവിപാകെ വിഫലം സ്വകർമ്മ
കോപാധികം കുത്സിതഭോജനം ച
മാതുർവ്വിയോഗം ത്വഥവാ തദീയം.

സാരം :-

പാപഗ്രഹദൃഷ്ടനായ ചന്ദ്രന്റെ ദശാകാലം സകലകർമ്മങ്ങൾക്കും വിഫലതയും കോപാധിക്യവും നിന്ദ്യഭോജനവും മാതാവിനോ തത്തുല്യമായ ജനത്തിനോ ഹാനി സംഭവിക്കയും ചെയ്യും.

പാപഗ്രഹസഹിതനായ ചന്ദ്രന്റെ ദശാകാലം

പാപാന്വിതസ്യാമൃതദീധിതേശ്ച
പാകേƒഗ്നിചോരക്ഷിതിപാലകോപൈഃ
ദുഃഖം സുതസ്ത്രീസുഖബന്ധുഹാനിം
വിദേശയാനാം ത്വശുഭാദികർമ്മം.

സാരം :-

പാപഗ്രഹസഹിതനായ ചന്ദ്രന്റെ ദശാകാലം അഗ്നി, കള്ളന്മാർ, രാജാവ് എന്നിവരിൽ നിന്നു ദുഃഖവും ഭാര്യാപുത്രാദികൾക്കും ബന്ധുക്കൾക്കും സുഖത്തിനും ഹാനി സംഭവിക്കുകയും അന്യദേശവാസവും അശുഭകർമ്മത്തിനു സംഗതിയാവുകയും ചെയ്യും.

വിരിഞ്ചയോഗത്തിൽ ജനിക്കുന്നവൻ

സുഹൃൽസ്വതുംഗസ്വർക്ഷസ്ഥാ യദി കണ്ടകകോണഗാഃ
വിരിഞ്ചയോഗഃ പുത്രേശവാദീശദിവസേശജാഃ.

സാരം :-

അഞ്ചാം ഭാവാധിപനായ ഗ്രഹവും വ്യാഴവും ശനിയും കേന്ദ്രരാശിയിലോ ത്രികോണരാശിയിലോ ഉച്ചം സ്വക്ഷേത്രം ബന്ധുക്ഷേത്രം എന്നീ രാശികളിലെവിടെയെങ്കിലും നിന്നാൽ വിരിഞ്ചയോഗം അനുഭവിക്കും.

ബ്രഹ്മജ്ഞാനീ വൈദികവേദോക്തവിധാതാ
ദീർഘായുഃശ്രീ പുത്രകളത്രാധികകീർത്തിഃ
ശിഷ്യോപേതോ ബ്രാഹ്മകലാവാൻ വിജിതാക്ഷഃ
ക്ഷോണീനാഥശ്ശോഭനഭാഷീ ച വിരിഞ്ചേ.

സാരം :-

വിരിഞ്ചയോഗത്തിൽ ജനിക്കുന്നവൻ ബ്രഹ്മജ്ഞാനിയായും വൈദികവൃത്തിയോടുകൂടിയവനായും വേദോക്തത്തെ വേണ്ടവിധം അനുഷ്ഠിക്കുന്നവനായും ദീർഘായുസ്സും ഐശ്വര്യവും ധനവും പുത്രന്മാരും ഭാര്യയും യശസ്സും വളരെ ശിഷ്യന്മാരും ഉള്ളവനായും ബ്രഹ്മതേജസോടുകൂടിയവനായും പഞ്ചേന്ദ്രിയങ്ങളെ ജയിച്ചവനായും വളരെ ഭൂസ്വത്തോ രാജത്വമോ ഉള്ളവനായും നല്ല ഭംഗിയിൽ സംസാരിക്കുന്നവനായും ഭവിക്കും.

ശ്രീകണ്ഠയോഗത്തിൽ ജനിക്കുന്നവൻ

കേന്ദ്രത്രികോണഭാവസ്ഥാസ്സുഹൃൽസ്വർക്ഷോച്ചസംസ്ഥിതാഃ
യോഗഃ ശ്രീകണ്ഠസംജ്ഞോയം ലഗ്നേശ ശശിഭാസ്കരാഃ

സാരം :-

ലഗ്നാധിപനായ ഗ്രഹവും ചന്ദ്രനും സൂര്യനും കേന്ദ്രരാശിയിലോ ത്രികോണരാശിയിലോ നിൽക്കുകയും ആ രാശികൾ മേൽപ്പറഞ്ഞ ഗ്രഹങ്ങളുടെ  ഉച്ചമോ സ്വക്ഷേത്രമോ ബന്ധുക്ഷേത്രമോ ആയി വരികയും ചെയ്‌താൽ ശ്രീകണ്ഠയോഗം അനുഭവിക്കും.

വിഭൂതിരുദ്രാക്ഷധരോ മഹാത്മാ
ശൈവവ്രതീ സാധുജനോപകാരീ
നിർമ്മത്സരോƒന്ന്യേഷു മതേഷു ഹൃഷ്ടഃ
ശ്രീകണ്ഠയോഗേ മനുജോƒതിതേജാഃ  

ഹരിഹരബ്രഹ്മയോഗത്തിൽ ജനിക്കുന്നവൻ

അർത്‌ഥേശാദ്ധനനിധവ്യയേഷു സൗമ്യാഃ
കാമേശാച്ശൂഭസുഖരന്ധ്രഗാശ്ച തദ്വൽ
വേശ്മേശാൽ ഖസുഖഭവേഷുസൂരിശുക്ര-
ക്ഷ്മാപുത്രാ ഹരിഹരവിധ്യഭിഖ്യയോഗാഃ

സാരം :-

രണ്ടാം ഭാവാധിപനായ ഗ്രഹം നിൽക്കുന്ന രാശിയുടെ 2 - 8 - 12 എന്നീ ഭാവങ്ങളിൽ ശുഭഗ്രഹങ്ങൾ നിന്നാൽ ഹരിയോഗം അനുഭവിക്കും.

ഏഴാം ഭാവാധിപനായ ഗ്രഹം നിൽക്കുന്ന രാശിയുടെ 9- 4- 8 എന്നീ ഭാവങ്ങളിൽ ശുഭഗ്രഹങ്ങൾ നിന്നാൽ ഹരയോഗം അനുഭവിക്കും.

നാലാം ഭാവാധിപനായ ഗ്രഹം നിൽക്കുന്ന രാശിയുടെ 4 - 10 - 11 എന്നീ ഭാവങ്ങൾ വ്യാഴവും ശുക്രനും ചൊവ്വയും നിന്നാൽ ബ്രഹ്മയോഗം അനുഭവിക്കും.

നിഖില നിഗമവിദ്യാപാരഗസ്തത്വവേദീ
സകലഗുണസമേതശ്ചാരുഭാഷീ ച കാമീ
വിജിതവിമതവർഗ്ഗസ്സർവ്വജീവോപകർത്താ
ഹരിഹരവിധിയോഗേ പുണ്യകർമ്മാ ച ജാതഃ.

സാരം :-

ഹരിഹരബ്രഹ്മയോഗത്തിൽ ജനിക്കുന്നവൻ സകല നിഗമങ്ങളുടേയും സാരത്തെ അറിയുന്നവനായും എല്ലാ ഗുണങ്ങളും ഉള്ളവനായും മനോഹരമായി പറയുന്നവനായും കാമിയായും ശത്രുസംഘത്തെ ജയിക്കുന്നവനായും സകല ജീവികൾക്കും ഉപകാരത്തെ ചെയ്യുന്നവനായും പുണ്യങ്ങളെ ചെയ്യുന്നവനായും ഭവിക്കും.

ക്ഷീണചന്ദ്രന്റെ ദശാകാലം

ക്ഷീണേന്ദുദായേ സകലം വിഹീനം
രാജ്യാർത്ഥഭൂപുത്രകളത്രമിത്രം
ഉന്മാദചിത്തം സ്വജനൈർവ്വിരോധ-
മൃണത്വമായാതി കുശീലവൃത്തിം.

സാരം :-

ക്ഷീണചന്ദ്രന്റെ ദശാകാലം രാജ്യത്തിനും ധനത്തിനും ഭൂമിക്കും കളത്രപുത്രാദിമിത്രജനങ്ങൾക്കും ഹാനി സംഭവിക്കുകയും ബുദ്ധിഭ്രമം (ഉന്മാദം) ഉണ്ടാവുകയും സ്വജനവിരോധവും കടവും ദുശ്ശീലവും ദുർവൃത്തിയും ധനഹാനിയും സംഭവിക്കുകയും ചെയ്യും.

പൂർണ്ണചന്ദ്രന്റെ ദശാകാലം

പൂർണ്ണേന്ദുപാകേ പരിപൂർണ്ണസിദ്ധിം
വിദ്യാവിനോദാങ്കിതരാജപൂജാം
സ്ത്രീപുത്രമിത്രാർത്ഥമനോവിലാസം
വിശേഷതശ്ശോഭനകർമ്മലാഭം.

സാരം :-

പൂർണ്ണചന്ദ്രന്റെ ദശാകാലം എല്ലാകാര്യങ്ങൾക്കും പരിപൂർണ്ണതയും സാദ്ധ്യവും ഉണ്ടാവുകയും വിദ്യാഗുണവും കീർത്തിമുദ്രയും രാജബഹുമാനവും സിദ്ധിക്കുകയും ഭാര്യയ്ക്കും പുത്രനും ശ്രേയസ്സും ധനപുഷ്ടിയും മനഃസന്തോഷവും ശുഭകാര്യങ്ങളുടെ പ്രാപ്തിയും അനുഭവിക്കും.

സരസ്വതീയോഗത്തിൽ ജനിക്കുന്നവൻ

സോച്ചസ്വർക്ഷസുഹൃൽഗൃഹേ സുരഗുരൗ
കേന്ദ്രത്രികോണാർത്ഥഗൈർ-
വ്വാഗീശേന്ദുജഭാർഗ്ഗവൈരിഹ സര-
സ്വത്യാഖ്യയോഗോ ഭവേൽ
വിഖ്യാതസ്സുകവിസ്സുപുത്രദയിതോ
നിശ്ശേഷശാസ്ത്രേഷ്വലം
നിഷ്ണാതോ നിപുണോ ധനീ നിഖിലവ-
ന്ദ്യോƒസ്മിൻ സ്വയം വാക്പതിഃ

സാരം :-

വ്യാഴം ഉച്ചത്തിലോ സ്വക്ഷേത്രത്തിലോ ബന്ധുക്ഷേത്രത്തിലോ ബലവാനായി നിൽക്കുക. ബുധനും വ്യാഴവും ശുക്രനും ലഗ്നം 2-4-5-7-9-10 എന്നീ ഭാവങ്ങളിലെവിടെയെങ്കിലും ഒരുമിച്ചോ പ്രത്യേകമായോ നിൽക്കുക എന്നാൽ സരസ്വതീയോഗം അനുഭവിക്കും.

സരസ്വതീയോഗത്തിൽ ജനിക്കുന്നവൻ പ്രസിദ്ധനായും സൽക്കവിതാകർത്താവായും നല്ല ഭാര്യാപുത്രന്മാരോടുകൂടിയവനായും സകലശാസ്ത്രങ്ങളിലും നിപുണനായും സാമർത്ഥ്യശാലിയായും ധനവാനായും സകലജനാരാധ്യനായും ബൃഹസ്പതിതുല്യനായും ഭവിക്കും.

ഗൗരീയോഗത്തിൽ ജനിക്കുന്നവൻ

കേന്ദ്രത്രികോണഭവനേസ്വ ഗൃഹോച്ചഗേƒബ്ജേ
ദൃഷ്ടേƒമരേന്ദ്രഗുരുണാ ഭവതീഹ ഗൗര്യാം
ആഢ്യോƒവനീശസുഹൃദർത്ഥയുതോഭിരൂപ-
സ്സൽപുത്രവാൻ വിജയതേƒഖിലതോƒഭിജാതഃ 

സാരം :-

കേന്ദ്രരാശിയിലോ ത്രികോണരാശിയിലോ ചന്ദ്രൻ വ്യാഴദൃഷ്ടിയോടുകൂടി സ്വക്ഷേത്രമോ ഉച്ചമോ വഹിച്ചു നിന്നാൽ ഗൗരീയോഗം അനുഭവിക്കും.

ഗൗരീയോഗത്തിൽ ജനിക്കുന്നവൻ പ്രഭുവായും രാജബന്ധുവായും അനേകഗൃഹപരിച്ഛദങ്ങളും നല്ല പുത്രന്മാരും സൗന്ദര്യവും ആഭിജാത്യവും ഉള്ളവനായും എല്ലായിടത്തും ജയം സിദ്ധിക്കുന്നവനായും ഭവിക്കും.

ചന്ദ്രന്റെ അവരോഹിണീയായ ദശാകാലം

നിശാകരസ്യാപ്യരോഹകാലേ
സ്ത്രീപുത്രമിത്രാംബര സൌഖ്യഹാനിം
മനോവികാരം സ്വജനൈർവ്വിരോധം
ചോരാഗ്നിഭൂപൈഃ പതനം തടാകേ.

സാരം :-

ചന്ദ്രന്റെ അവരോഹിണീയായ ദശാകാലം ഭാര്യക്കും പുത്രനും ബന്ധുവിനും സുഖത്തിനും ഹാനി സംഭവിക്കുകയും ഓരോവികാരങ്ങളുണ്ടാവുകയും സ്വജനവിരോധം സംഭവിക്കുകയും കള്ളന്മാരിൽനിന്നും അഗ്നിയിൽനിന്നും രാജാവിൽ നിന്നും ഭയം നേരിടുകയും വെള്ളത്തിൽ വീഴുകയും ചെയ്യും.

ചന്ദ്രന്റെ ആരോഹിണീയായ ദശാകാലം

ആരോഹിണീ ചന്ദ്രദശാ യദി സ്യാൽ
സ്ത്രീപുത്രവിത്താംബരസൌഖ്യകീർത്തിം
കരോതി രാജ്യം ദ്വിജദേവപൂജാം
കുഷ്യർത്ഥസിദ്ധിം ക്രമശ്ശുഭാപ്തീം

സാരം :-

ചന്ദ്രന്റെ ആരോഹിണീയായ ദശാകാലം കളത്രസുഖം, പുത്രസുഖം, ധനലാഭം, വസ്ത്രലാഭം, സുഖം, കീർത്തി, രാജ്യപ്രാപ്തി, ദേവബ്രാഹ്മണപൂജ, കൃഷികാര്യഗുണം, ശുഭപ്രാപ്തി എന്നീ ഇഷ്ടഫലങ്ങൾ അനുഭവിക്കും. 

ചന്ദ്രന് പക്ഷബലം ഏറുന്തോറും മേൽപ്പറഞ്ഞ ഫലങ്ങൾ പുഷ്ടങ്ങളായിരിക്കുകയും ചെയ്യും.

അവതാരയോഗത്തിൽ ജനിക്കുന്നവൻ

ചരേ ലഗ്നേ കേന്ദ്രേ ഗുരുഭൃഗുജയാസ്തുംഗഭവനേ
തഥാ ഭൗമേ ജാതോഭവതി വിജിതാത്മാധികയശാഃ
ശുഭക്ഷേത്രേ തീർത്ഥേ നിരതിരതികാമീ നിഗമവിൽ
കവിഃ കാലജ്ഞാനീ നൃപതിരവതാരാഹ്വയ ഇഹ.

സാരം :-

ലഗ്നം ചരരാശിയായിരിക്കുകയും വ്യാഴവും ശുക്രനും കേന്ദ്രരാശികളിൽ നിൽക്കുകയും ചൊവ്വ ഉച്ചസ്ഥനായും കേന്ദ്രരാശിസ്ഥനായും വരികയും ചെയ്‌താൽ അവതാരയോഗം അനുഭവിക്കും.

അവതാരയോഗത്തിൽ ജനിക്കുന്നവൻ ആത്മജയവും അധികമായ യശസ്സും ഉള്ളവനായും പുണ്യക്ഷേത്രദർശനത്തിലും പുണ്യതീർത്ഥ സ്നാനത്തിലും താൽപര്യമുള്ളവനായും ഏറ്റവും കാമിയായും വേദവേദാന്താദിശാസ്ത്രജ്ഞനായും കവിയായും കാലജ്ഞാനിയായും രാജാവായും ഭവിക്കും.

ശശിമംഗളയോഗത്തിൽ ജനിക്കുന്നവൻ

ശശിമംഗളസംയോഗോ യസ്യ ജന്മനി വിദ്യതേ
വിമുഞ്ചതി ന തം ലക്ഷ്മീർല്ലജ്ജാ കുലവധൂമിവ.

സാരം :-

ജനനസമയം ചന്ദ്രനും ചൊവ്വയും ഒരു രാശിയിലായി നിന്നാൽ ശശിമംഗളയോഗം അനുഭവിക്കും.

ശശിമംഗളയോഗത്തിൽ ജനിക്കുന്നവൻ ജീവാവസാനം വരെ സമ്പത്തുള്ളവനായിരിക്കും.

ചന്ദ്രന്റെ ആരോഹിണീയും അവരോഹിണീയും

ശുക്ലപ്രതിപൽപ്രഭൃതേ-
രിന്ദോരാരോഹിണീ ദശാ ജ്ഞേയാ
കൃഷ്ണപ്രഥമാരംഭാ-
ന്മാസാന്തം ചാവരോഹിണീ ഭവതി.

സാരം :-

ശുക്ലപ്രതിപദം മുതൽ പൌർണ്ണമാസ്യവസാനംവരെയുള്ള തിഥികളിൽ ജനിക്കുന്നവന് ചന്ദ്രദശ ആരോഹിണീ ആകുന്നു.

കൃഷ്ണപ്രദിപദം മുതൽ അമാവാസ്യന്തം വരെയുള്ള തിഥികളിൽ ജനിക്കുന്നവന് ചന്ദ്രദശ അവരോഹിണീയായും ആകുന്നു.

*****************************

ചന്ദ്രന് പക്ഷബലവും ശേഷം ഗ്രഹങ്ങൾക്ക്‌ ഉച്ചാദിസ്ഥാനബലവും പ്രധാനമായിരിക്കും. 

സമക്ഷേത്രത്തിൽ നിൽക്കുന്ന ചന്ദ്രന്റെ ദശാകാലം

ദശാവിപാകേ സമരാശിഗസ്യ
കലാനിധേഃ കാഞ്ചനഭൂമിലാഭം
കിഞ്ചിൽ സുഖം ബാന്ധവരോഗപീഡാം
വിദേശയാനാം ലഭതേ മനുഷ്യഃ

സാരം :-

സമക്ഷേത്രത്തിൽ നിൽക്കുന്ന ചന്ദ്രന്റെ ദശാകാലം സ്വർണ്ണവും ഭൂമിയും അല്പമായ സുഖവും ലഭിക്കയും ബന്ധുക്കൾക്ക്‌ രോഗദുഃഖാദ്യുപദ്രവങ്ങളുണ്ടാവുകയും അന്യദേശവാസമനുഭവിക്കുകയും ചെയ്യും.

കലാനിധിയോഗത്തിൽ ജനിക്കുന്നവൻ

യോഗഃ കലാനിധിരയം ബുധശുക്രദൃഷ്ട-
യുക്തേ ഗുരൌ സ്വസുതഭേ ബുധഭാർഗ്ഗവാംശേ
കാമീ ഗുണീ നരപതിർബ്ബല വാഹനാഢ്യോ
വിദ്വാൻ വിഭൂർവ്വിഗതരോഗഭയോ ജിതാരിഃ

സാരം :-

ബുധന്റെയോ ശുക്രന്റെയോ രാശ്യംശങ്ങളുടെ രണ്ടാം ഭാവത്തിൽ ബുധശുക്രന്മാരുടെ യോഗദൃഷ്ടികളോടുകൂടി വ്യാഴം നിന്നാൽ കലാനിധിയോഗം അനുഭവിക്കും.

കലാനിധിയോഗത്തിൽ ജനിക്കുന്നവൻ കാമിയായും ഗുണവാനായും സൈന്യങ്ങളും വാഹനങ്ങളും ഉള്ള രാജാവായും വിദ്വാനായും സമർത്ഥനായും രോഗവും ഭയവും ശത്രുക്കളും ഇല്ലാത്തവനായും ഭവിക്കും. 

പാരിജാതയോഗഫലം

വിലഗ്നനാഥസ്ഥിതരാശിനാഥ-
സ്ഥാനേശ്വരോ വാപി തദുച്ചനാഥഃ
കേന്ദ്രത്രികോണോപഗതോ യദി സ്യാൽ
സ്വതുംഗഗോ വാ ഖലു പാരിജാതഃ

സാരം :-

ലഗ്നാധിപനായ ഗ്രഹം നിൽക്കുന്ന രാശിയുടെ അധിപനാൽ ആശ്രിതമായ രാശിയുടെ അധിപനോ തദുച്ചനാഥനോ കേന്ദ്രത്രികോണരാശികളിൽ ഉച്ചരാശിയിൽ നിന്നാൽ പാരിജാതയോഗം അനുഭവിക്കും.

മദ്ധ്യാന്ത്യസൗഖ്യഃ ക്ഷിതിപാലവന്ദ്യോ
യുദ്ധപ്രിയോ വാരണവാജിമുഖ്യഃ
സ്വധർമ്മകർമ്മാഭിരതോ ദയാലു-
ര്യോഗേ നൃപഃ സ്യാദിഹ പാരിജാതേ.

സാരം :-

പാരിജാതയോഗത്തിൽ ജനിക്കുന്നവൻ ജീവിതകാലത്തിന്റെ മദ്ധ്യത്തിലും അന്ത്യത്തിലും സുഖമനുഭവിക്കുന്നവനായും രാജപ്രിയനായും യുദ്ധാഭിലാഷിയായും ഗജതുരഗാദിവാഹനങ്ങളോടുകൂടിയവനായും സ്വധർമ്മങ്ങളിലും കാര്യങ്ങളിലും തൽപരനായും ദയയുള്ളവനായും രാജഭോഗങ്ങളെ അനുഭവിക്കുന്നവനായും ഭവിക്കും. 

അതിബന്ധുരാശിയിൽ നിൽക്കുന്ന ചന്ദ്രന്റെ ദശാകാലം

തുഷാരഭാനോരതിമിത്രരാശിം
ഗതസ്യദായേ തത്വിസൗഖ്യമേതി
വിദ്യാവിനോദം ച നരേന്ദ്രപൂജാം
ക്ഷേത്രാർത്ഥദാരാത്മജകാമലാഭം.

സാരം :-

അതിബന്ധുരാശിയിൽ നിൽക്കുന്ന ചന്ദ്രന്റെ ദശാകാലം അധികമായ സൗഖ്യവും വിദ്യാവിനോദവും രാജസമ്മാനവും ഭൂസ്വത്തുക്കളും ധനവും ലഭിക്കയും കളത്രലാഭവും പുത്രലാഭം ഇഷ്ടകാര്യസാദ്ധ്യം എന്നിവയും അനുഭവിക്കും.

നീചത്തിൽ (വൃശ്ചികം രാശിയിൽ) നിൽക്കുന്ന ചന്ദ്രന്റെ ദശാകാലം

നീചസ്ഥിതസ്യ ഹി ദശാ വിപദം മഹാർത്തിം
ക്ലേശാർത്ഥദുഃഖവനവാസമഹാഭയം ച
കാരാഗൃഹം നിഗളമേത്യരി ചോരപീഡാം
രാജ്ഞോ ഭയം സുതവധൂവിരഹം പ്രവാസം.

സാരം :-

നീചത്തിൽ (വൃശ്ചികം രാശിയിൽ) നിൽക്കുന്ന ചന്ദ്രന്റെ ദശാകാലം അനേകവിധത്തിലുള്ള ആപത്തും രോഗദുഃഖങ്ങളും ക്ലേശവും വനവാസവും മരണഭയവും കാരാഗൃഹവും ബന്ധനവും ശത്രുക്കളിൽനിന്നും കള്ളന്മാരിൽ നിന്നും രാജാവിൽനിന്നും ഭയവും കളത്രപുത്രവിരഹവും അന്യദേശവാസവും സംഭവിക്കും.

മേൽപ്പറഞ്ഞ ഫലങ്ങൾ പരമനീചത്തിൽ നിൽക്കുന്നത് ചന്ദ്രനുള്ളതാണ്.

കുസുമയോഗത്തിൽ ജനിക്കുന്നവൻ

സ്ഥിരേ ലഗ്നേ കേന്ദ്രേ ഭൃഗുജനുഷി കോണേ ശശധരോ
നഭസ്യാർക്കൗ യോഗഃ കുസുമ ഇഹ ജാതോഥ മനുജഃ
ഉദാരസ്തേജസ്വീ നൃപതികുലമുഖ്യഃ പൃഥുയശാഃ
സുഖീ ഭോഗീ രാജ്ഞാമപി ച ദയിതഃ സ്യാൽ ഗുണനിധിഃ

സാരം :-

ലഗ്നം സ്ഥിരരാശിയായിരിക്കുകയും ശുക്രൻ കേന്ദ്രരാശിയിലും ചന്ദ്രൻ ത്രികോണരാശിയിലും ശനി പത്താം ഭാവത്തിലും നിൽക്കുകയും ചെയ്‌താൽ കുസുമയോഗം അനുഭവിക്കും.

കുസുമയോഗത്തിൽ ജനിക്കുന്നവൻ ദാനശീലവും തേജസ്സും ഉള്ളവനായും രാജവംശത്തിൽ പ്രധാനിയായും ഏറ്റവും യശസ്വിയായും സുഖവും ഭോഗവും ഉള്ളവനായും രാജാക്കന്മാർക്ക് ഇഷ്ടനായും ഗുണവാനായും ഭവിക്കും.

ലക്ഷ്മീയോഗത്തിൽ ജനിക്കുന്നവൻ

കേന്ദ്രകോണഗതൌ ശുക്രഭാഗ്യേശൗ സ്വർക്ഷതുംഗകൌ
യദി ഭൂരിബലേƒംഗേശേ ലക്ഷ്മീയോഗ ഉദാഹൃതഃ

സാരം :-

ഒമ്പതാം ഭാവാധിപനായ ഗ്രഹവും ശുക്രനും സ്വക്ഷേത്രത്തിലോ ഉച്ചത്തിലോ കേന്ദ്രത്രികോണരാശിഭാവങ്ങളിലോ നിൽക്കുകയും ലഗ്നാധിപനായ ഗ്രഹം ബലയുക്തനായിരിക്കുകയും ചെയ്‌താൽ ലക്ഷ്മീയോഗം അനുഭവിക്കും.

ഗുണാഭിരാമോ ബഹുദേശനാഥോ
വിദ്യായശോരാശിരനംഗരൂപഃ
ദിഗന്തിവിശ്രാന്തനൃപാലവന്ദ്യ-
രാജാധിരാജഃ ശുഭദാരപുത്രഃ.

സാരം :-

ലക്ഷ്മീയോഗത്തിൽ ജനിക്കുന്നവൻ ഗുണാഭിരാമനായും അനേകദേശങ്ങളുടെ നാഥനായും വിദ്യയും യശസ്സും കാമദേവനോടുതുല്യമായ സൗന്ദര്യവും ഉള്ളവനായും സകലരാജാക്കന്മാരാലും വന്ദിക്കപ്പെടുന്ന ചക്രവർത്തിയായും നല്ല ഭാര്യയും പുത്രന്മാരും ഉള്ളവനായും ഭവിക്കും.

പരമോച്ചത്തിൽ / ഉച്ചത്തിൽ നിൽക്കുന്ന ചന്ദ്രന്റെ ദശാകാലം

അത്യുച്ചസംസ്ഥസ്യ നിശാകരസ്യ
ദശാവിപാകേ കുസുമാംബരം ച
മഹത്ത്വമാപ്നോതി കളത്രലാഭം
ധനം തനൂജം ച മനോവിലാസം.

ഉച്ചസ്ഥിതസ്യാപി നിശാകരസ്യ
ദശാവിപാകേ സുതദാരവിത്തം
മൃഷ്ടാന്നപാനാംബരഭൂഷണാനി
വിദേശയാനാം സ്വജനൈർവ്വിരോധം.

സാരം :-

പരമോച്ചത്തിൽ നിൽക്കുന്ന ചന്ദ്രന്റെ ദശാകാലം വിശേഷകുസുമങ്ങളും വസ്ത്രങ്ങളും ഉന്നതിയും ലഭിക്കയും കളത്രലാഭവും പുത്രസിദ്ധിയും ധനാഗമനവും മനസ്സന്തോഷവും ലഭിക്കുകയും ചെയ്യും.

ഉച്ചരാശിയായ ഇടവം രാശിയിൽ നിൽക്കുന്ന ചന്ദ്രന്റെ ദശയിൽ പുത്രകളത്രലാഭവും ഇഷ്ടമായ അന്നപാനങ്ങളും വസ്ത്രാഭരണങ്ങളും ലഭിക്കുകയും അന്യദേശാഗമനവും സ്വജനവിരോധവും സംഭവിക്കുകയും ചെയ്യും. 

ഉച്ചസ്ഥനായ ഏതെങ്കിലും ഗൃഹത്തോടുകൂടി നിൽക്കുന്ന ചന്ദ്രന്റെ ദശാകാലം

കേനാപിതുംഗസ്ഥവിയച്ചരേണ
യുക്തസ്യ ചന്ദ്രസ്യ ദശാവിപാകേ
മനഃപ്രസാദം മദനാഭിരാമം
സ്ത്രീപുത്രഭൃത്യാദിവിനോദഗോഷ്ഠീം.

സാരം :-

ഉച്ചസ്ഥനായ ഏതെങ്കിലും ഗൃഹത്തോടുകൂടി നിൽക്കുന്ന ചന്ദ്രന്റെ ദശാകാലം മനഃപ്രസാദവും കാമഭോഗവും ഭാര്യ, പുത്രൻ, ഭൃത്യർ മുതലായവരിൽനിന്നു സന്തോഷവും വിനോദവും സഭയിൽ മാന്യതയും സംഭവിക്കും.

ഖഡ്ഗയോഗത്തിൽ ജനിക്കുന്നവൻ

ഭാഗ്യേശേ ധനഭാവസ്ഥേ ധനേശേ ഭാഗ്യഭാവഗേ
ലഗ്നേശേ കേന്ദ്രകോണസ്ഥേ ഖഡ്ഗയോഗ ഇതീരിതഃ

സാരം :-

ഒമ്പതാം ഭാവാധിപനായ ഗ്രഹം രണ്ടാം ഭാവത്തിൽ നിൽക്കുകയും രണ്ടാം ഭാവാധിപനായ ഗ്രഹം ഒമ്പതാം ഭാവത്തിൽ നിൽക്കുകയും ലഗ്നാധിപനായ ഗ്രഹം കേന്ദ്രത്രികോണരാശികളിലും നിൽക്കുകയും ചെയ്‌താൽ ഖഡ്ഗയോഗം അനുഭവിക്കും.

വേദാർത്ഥശാസ്ത്രനിഖിലാഗമതത്വയുക്തി-
ബുദ്ധിപ്രതാപബലവീര്യസുഖാനുരക്തഃ
നിർമ്മത്സരോ ഭവതി ഭൂരിയശാസ്സുശീലഃ
ഖഡ്ഗേ ക്രിയാസു കുശലഃ കുശലീ കൃതജ്ഞഃ

സാരം :-

ഖഡ്ഗയോഗത്തിൽ ജനിക്കുന്നവൻ വേദശാസ്ത്രാദികളിലും തത്വചിന്തയിലും യുക്തിയിലും അനുരക്തനായും സാമർത്ഥ്യവും ബുദ്ധിയും പ്രതാപവും ബലവും പരാക്രമവും സുഖവും ഉള്ളവനായും നിർമ്മത്സരനായും ഏറ്റവും കീർത്തിമാനായും സത്സ്വഭാവിയായും കാര്യങ്ങളിൽ നിപുണനായും ക്ഷേമയുക്തനായും ഉപകാരസ്മരണയുള്ളവനായും ഭവിക്കും.

കൂർമ്മയോഗത്തിൽ ജനിക്കുന്നവൻ

കളത്രപുത്രാദിഗൃഹേഷു സൗമ്യാ-
സ്സ്വർക്ഷോച്ചമിത്രാംശകരാശിയാതാഃ
തൃതീയലാഭോദയഗാശ്ച പാപാ-
സ്തഥാ യദി സ്യാദിഹ കൂർമ്മയോഗഃ.

സാരം :-

ഏഴാം ഭാവം, അഞ്ചാം ഭാവം, ആറാം ഭാവം എന്നീ ഭാവങ്ങളിൽ ശുഭഗ്രഹങ്ങൾ ഉച്ചക്ഷേത്രമോ സ്വക്ഷേത്രമോ ബന്ധുക്ഷേത്രമോ വഹിച്ചു നിൽക്കുകയും ലഗ്നത്തിലും മൂന്നാം ഭാവത്തിലും പതിനൊന്നാം ഭാവത്തിലും പാപഗ്രഹങ്ങൾ ഉച്ചക്ഷേത്രം സ്വക്ഷേത്രം ബന്ധുക്ഷേത്രം എന്നിവയിൽ നിൽക്കുകയും ചെയ്‌താൽ കൂർമ്മയോഗം അനുഭവിക്കും.

വിഖ്യാതകീർത്തിർന്നരനാഥഭോഗീ
ധർമ്മാധികസ്സത്വഗുണപ്രധാനഃ
ധീരസ്സുഖീ വാഗുപകാരകർത്താ
കൂർമ്മോത്ഭവോ മാനവനായകസ്സ്യാൽ.

സാരം :-

കൂർമ്മയോഗത്തിൽ ജനിക്കുന്നവൻ ഏറ്റവും യശസ്വിയായും രാജഭോഗങ്ങളെ അനുഭവിക്കുന്നവനായും ധർമ്മിഷ്ഠനായും സത്വഗുണപ്രധാനിയായും  ധീരനായും സുഖിയായും വാക്കുകൊണ്ട് അന്യന്മാർക്ക് ഉപകാരത്തെ ചെയ്യുന്നവനായും രാജാവായും ഭവിക്കും.

ചന്ദ്രന്റെ ദശാകാലം

ഇന്ദോഃ പ്രാപ്യ ദശാം ഫലാനി കരുതേ
മന്ത്രദ്വിജാത്യുത്ഭവാ-
നിക്ഷുക്ഷീരവികാരവസ്ത്രകുസുമ-
ക്രീഡാതിലാന്നശ്രമൈഃ
നിദ്രാലസ്യ മൃദുദ്വിജാമരരതി-
സ്ത്രീജന്മമേധാവിതാ
കീർത്ത്യർത്‌ഥോപചയക്ഷയം ച ബലിഭിർ-
വ്വൈരം സ്വപക്ഷേണ ച.

സാരം :-

ചന്ദ്രന്റെ ദശാകാലം ലൌകികമോ വൈദികമോ ആയ മന്ത്രങ്ങളിൽനിന്നും ത്രൈവർണ്ണികന്മാരിൽനിന്നും അർത്ഥലാഭം മുതലായ ഫലങ്ങൾ സിദ്ധിക്കും. ശർക്കര പഞ്ചസാര കരിമ്പ്‌ നെയ്യ് തയിർ പാൽ വിശേഷവസ്ത്രങ്ങൾ പുഷ്പങ്ങൾ ക്രീഡ എള്ള് ഭക്ഷണസാധനങ്ങൾ എന്നിവയുടെ ലാഭവും അർത്ഥസിദ്ധിയും മേൽപ്പറഞ്ഞവയെ സംബന്ധിച്ച പ്രവൃത്തിയും ലഭിക്കും. 

ദശാനാഥനായ ചന്ദ്രൻ അശുഭഫലകർത്താവാണെങ്കിൽ നിദ്രയും അലസതയും ഉണ്ടാകയും ക്ഷമാശീലവും ദേവപൂജയിലും ബ്രാഹ്മണാരാധനയിലും താൽപര്യവും, സ്ത്രീസന്താനലബ്ധിയും ബുദ്ധിവർദ്ധനവും സിദ്ധിക്കയും യശസ്സിനും ധനത്തിനും ഹാനിയും സംഭവിക്കുകയും ബലവാന്മാരായ ജനങ്ങളോടും ബന്ധുക്കളോടും വിരോധം ജനിക്കുകയും ഫലമാകുന്നു.

ചന്ദ്രന്റെ ഇഷ്ടാനിഷ്ടസ്ഥിതിയും ബലാബലങ്ങളും ശുഭാശുഭലക്ഷണങ്ങളും നിരൂപിച്ച് ചന്ദ്രദശാഫലം ശുഭമെന്നോ അശുഭമെന്നോ ശുഭാശുഭസമ്മിശ്രമെന്നോ നിശ്ചയിച്ച് പറഞ്ഞുകൊൾകയും വേണം.

മത്സ്യയോഗത്തിൽ ജനിക്കുന്നവൻ

ലഗ്നാംബുരന്ധ്രാസ്പദഗേഷ്വസൽസു
ഗ്രഹേ സുതസ്ഥേ യദി മത്സ്യയോഗഃ
ബലീസുരൂപോ ഗുണവാൻ ദയാലു-
സ്സ്യാൽക്കാലവിൽ ഖ്യാതിയുതോതിവിദ്യഃ

സാരം :-

ലഗ്നം നാലാം ഭാവം എട്ടാം ഭാവം പത്താം ഭാവം എന്നീ ഭാവങ്ങളിലായി എല്ലാ പാപഗ്രഹങ്ങളും നിൽക്കുകയും ഏതെങ്കിലും ഒരു ഗ്രഹം (ശുഭഗ്രഹം) അഞ്ചാം ഭാവത്തിലും നിൽക്കുകയും ചെയ്‌താൽ മത്സ്യയോഗം അനുഭവിക്കും.

മത്സ്യയോഗത്തിൽ ജനിക്കുന്നവൻ ബലവും സൗന്ദര്യവും സൽഗുണങ്ങളും ദയാശീലവും ഉള്ളവനായും കാലജ്ഞനായും കീർത്തിമാനായും വിദ്യയുള്ളവനായും ഭവിക്കും

ശാരദയോഗത്തിൽ ജനിക്കുന്നവൻ

യോഗശ്ശാരദസംജ്ഞിതസ്സുതഗതേ
കർമ്മാധിപേ ചന്ദ്രജേ
കേന്ദ്രസ്ഥേ ധനനായകേ നിജഗൃഹേ
തുംഗേഥവാ ഭാസ്വരേ 
ജീവേ ശീതരുചസ്ത്രികോണഗൃഹഗേ
സൗമ്യത്രികോണ കുജേ
ലാഭേ വാ യദി ദേവമിന്ത്രിണി ബുധാ-
ദ്യോഗോƒപ്യയം പൂർവ്വവൽ.

സാരം :-

പത്താം ഭാവാധിപനായ ഗ്രഹം അഞ്ചാം ഭാവത്തിലും ബുധൻ കേന്ദ്രരാശിയിലും ബലവാനായ രണ്ടാംഭാവാധിപനായ ഗ്രഹം സ്വക്ഷത്രത്തിലോ ഉച്ചത്തിലോ ഒരു രാശിയിലും നിന്നാൽ ശാരദയോഗം അനുഭവിക്കും.

ചന്ദ്രൻ നിൽക്കുന്ന രാശിയുടെ അഞ്ചാം ഭാവത്തിലോ ഒമ്പതാം ഭാവത്തിലോ വ്യാഴം നിൽക്കുകയും ബുധൻ നിൽക്കുന്ന രാശിയുടെ അഞ്ചാം ഭാവത്തിലോ ഒമ്പതാം ഭാവത്തിലോ ചൊവ്വ (കുജൻ) നിൽക്കുകയും ബുധൻ നിൽക്കുന്ന രാശിയുടെ പതിനൊന്നാം ഭാവത്തിൽ വ്യാഴം നിൽക്കുകയും ചെയ്‌താൽ ശാരദയോഗം അനുഭവിക്കും.

സ്ത്രീപുത്രബന്ധുസുഖരൂപഗുണാനുഭാവോ
ഭൂപപ്രിയോ ഗുരുമഹീസുരദേവഭക്തഃ
വിദ്യാവിനോദരതിശീലതപോബലാഢ്യോ
ജാതസ്സ്വധർമ്മനിരതോ ഭുവി ശാരദാഖ്യേ.

സാരം :-

ശാരദയോഗത്തിൽ ജനിക്കുന്നവൻ നല്ല ഭാര്യാപുത്രന്മാരും ബന്ധുക്കളും സുഖവും സൗഭാഗ്യവും സൽഗുണങ്ങളും ഉള്ളവനായും രാജപ്രിയനായും ഗുരുക്കന്മാരിലും ബ്രാഹ്മണരിലും ദേവന്മാരിലും ഭക്തിയുള്ളവനായും വിദ്യാവിനോദവും രതിസുഖവും തപസ്സും ബലവും സ്വധർമ്മാനുഷ്ഠാനവും ഉള്ളവനായും ഭവിക്കും. 

ശ്രീനാഥയോഗത്തിൽ ജനിക്കുന്നവൻ

ഭാഗ്യാധീശ്വരഭാർഗ്ഗവാമൃതകരാഃ
കേന്ദ്രത്രികോണാശ്രിതാ-
സ്സോച്ചേ ബന്ധുഗൃഹേ സ്വഭേ യദി ഗതാഃ
ശ്രീനാഥയോഗസ്തദാ
കാമേശേ ഖഗതേ സ്വതുംഗസഹിതേ
ഭാഗ്യേശയുക്തേ നഭോ-
നാഥേ വാ നൃപതിർമ്മഹേന്ദ്രേസദൃശ-
ശ് ശ്രീകാന്തഭക്തസ്സുഖീ.

സാരം :-

ഒമ്പതാം ഭാവാധിപനായ ഗ്രഹവും ശുക്രനും ചന്ദ്രനും കേന്ദ്രത്രികോണരാശികളിൽ ഉച്ചമോ സ്വക്ഷേത്രമോ ബന്ധുക്ഷേത്രമോ വഹിച്ചു നിന്നാൽ ശ്രീനാഥയോഗം അനുഭവിക്കും.

ഏഴാം ഭാവാധിപനായ ഗ്രഹം പത്താം ഭാവത്തിൽ ഉച്ചത്തിൽ നിൽക്കുകയും പത്താം ഭാവാധിപനായ ഗ്രഹം ഒമ്പതാം ഭാവാധിപനായ ഗ്രഹത്തോടുകൂടി ഇഷ്ടഭാവത്തിൽ ബലവാനായി നിൽക്കുകയും ചെയ്‌താൽ ശ്രീനാഥയോഗം അനുഭവിക്കും.

ശ്രീനാഥയോഗത്തിൽ ജനിക്കുന്നവൻ രാജാവോ ഇന്ദ്രതുല്യനോ ആയും വിഷ്ണുഭക്തനായും ഭവിക്കും.

മൃദംഗയോഗത്തിൽ ജനിക്കുന്നവൻ

ഉച്ചഗ്രഹാംശാധിപതൌ തു കേന്ദ്ര-
ത്രികോണഗേ സ്വോച്ചനിയർക്ഷയുക്തേ
യോഗോ മൃദംഗസ്തനുപേ ബലിഷ്ഠേ
ജാതസ്സുരൂപസ്സുയശാ നൃപശ്ച.

സാരം :-

ഉച്ചത്തിൽ നിൽക്കുന്ന ഗ്രഹത്തിന്റെ നവാംശകനാഥനായ ഗ്രഹം ഉച്ചത്തിൽ നിൽക്കുന്ന ഗ്രഹത്തിന്റെ കേന്ദ്രത്രികോണരാശിഭാവത്തിൽ ഉച്ചസ്ഥനായോ സ്വക്ഷേത്രഗതനായോ വരികയും ലഗ്നാധിപനായ ഗ്രഹം ബലവാനായി ഇഷ്ടഭാവത്തിൽ നിൽക്കുകയും ചെയ്‌താൽ മൃദംഗയോഗം അനുഭവിക്കും.

മൃദംഗയോഗത്തിൽ ജനിക്കുന്നവൻ സുരൂപതയും കീർത്തിയും രാജത്വവുമുള്ളവനായിത്തീരുകയും ചെയ്യും.

ശരഭയോഗത്തിൽ ജനിക്കുന്നവൻ

ശുക്രകേന്ദ്രസ്ഥിതേ ചന്ദ്രേ യോഗശ്ശരഭസംജ്ഞിതഃ
തസ്മിൻജാതസ്തുദീർഘായുരനന്തഗുണവിത്തവാൻ അഥവാ-

യോഗേശരഭേജാതോ
വൈരാകരവംശനികരനാശകരഃ
ശാന്തസ്വഭാവയുക്തോ
ഗുണവാൻസുകൃതീമഹാധനോമതിമാൻ.

സാരം :-

ശരഭയോഗത്തിൽ ജനിക്കുന്നവൻ ശത്രുവംശത്തെ നിശേഷം നശിപ്പിക്കുന്നവനായും ശാന്തസ്വഭാവമുള്ളവനായും ഗുണവാനായും പുണ്യവാനായും വലിയധനവും ബുദ്ധിയും വിദ്വത്ത്വവും ഉള്ളവനായും ഭവിക്കും. 

ചന്ദ്രൻ നിൽക്കുന്ന രാശിയുടെ കേന്ദ്രരാശിയിലായി ശുക്രൻ നിന്നാൽ ശരഭയോഗം അനുഭവിക്കും.

ശരഭയോഗത്തിൽ ജനിക്കുന്നവൻ ദീർഘായുസ്സായും അനേകഗുണങ്ങളും ധനവും ഉള്ളവനായും ഭവിക്കും.

ഭേരീയോഗത്തിൽ ജനിക്കുന്നവൻ

ഖേടേഷു ലഗ്നമദനവ്യയവിത്തഗേഷു
ഭേരീ ഭവേൽ ബലയുതേ ഗഗനാധിനാഥേ
യദ്വാ ഗുരുസ്തനുപതിർഭൃഗുജശ്ച കേന്ദ്ര-
ഭാവസ്ഥിതൗ ബലയുതേ യദി ഭാഗ്യനാഥേ.

സാരം :-

ലഗ്നം ഏഴാം ഭാവം പന്ത്രണ്ടാം ഭാവം രണ്ടാം ഭാവം എന്നീ ഭാവങ്ങളിൽ ഗ്രഹങ്ങൾ നിൽക്കുകയും പത്താം ഭാവാധിപനായ ഗ്രഹം ബലവാനായി ഇഷ്ടഭാവത്തിൽ നിൽക്കുകയും ചെയ്‌താൽ ഭേരീയോഗം അനുഭവിക്കും.

ലഗ്നാധിപനായ ഗ്രഹവും ശുക്രനും വ്യാഴത്തിന്റെ കേന്ദ്രരാശികളിൽ നിൽക്കുകയും ഒമ്പതാം ഭാവാധിപനായ ഗ്രഹം ബലത്തോടുകൂടി ഇഷ്ടഭാവത്തിൽ വരികയും ചെയ്‌താൽ ഭേരീയോഗം അനുഭവിക്കും.

ദീർഘായുർനൃപതിരരോഗഭീർവ്വരിഷ്ഠഃ
ക്ഷിത്യർത്ഥാത്മജദയിതാന്ന്വിതഃ പ്രതീതഃ
ഭേരീജോ ബഹുസുഖവിക്രമപ്രഭാവ-
സ്വാചാരോ ഭവതി മഹാകുലോ വിദഗ്ദ്ധഃ

സാരം  :-

ഭേരീയോഗത്തിൽ ജനിക്കുന്നവൻ ദീർഘായുസ്സായും രാജാവായും ആരോഗ്യവും നിർഭയത്വവും ശ്രേഷ്ഠതയും ഉള്ളവനായും ഭൂസ്വത്തും മറ്റു ഗൃഹോപകരങ്ങളും പുത്രന്മാരും ഭാര്യയും പ്രസിദ്ധിയും ഉള്ളവനായും ഏറ്റവും സുഖിയായും പരാക്രമവും പ്രഭാവവും സദാചാരവും കുലശ്രേഷ്ഠതയും വൈദഗ്ദ്ധ്യവും ഉള്ളവനായും ഭവിക്കും.

ചന്ദ്രദശാഫലങ്ങൾ


  1. ചന്ദ്രന്റെ ദശാകാലം 
  2. പരമോച്ചത്തിൽ / ഉച്ചത്തിൽ നിൽക്കുന്ന ചന്ദ്രന്റെ ദശാകാലം  
  3. ഉച്ചസ്ഥനായ ഏതെങ്കിലും ഗൃഹത്തോടുകൂടി നിൽക്കുന്ന ചന്ദ്രന്റെ ദശാകാലം 
  4. നീചത്തിൽ (വൃശ്ചികം രാശിയിൽ) നിൽക്കുന്ന ചന്ദ്രന്റെ ദശാകാലം 
  5. അതിബന്ധുരാശിയിൽ നിൽക്കുന്ന ചന്ദ്രന്റെ ദശാകാലം 
  6. സമക്ഷേത്രത്തിൽ നിൽക്കുന്ന ചന്ദ്രന്റെ ദശാകാലം 
  7. ചന്ദ്രന്റെ ആരോഹിണീയും അവരോഹിണീയും 
  8. ചന്ദ്രന്റെ ആരോഹിണീയായ ദശാകാലം 
  9. ചന്ദ്രന്റെ അവരോഹിണീയായ ദശാകാലം 
  10. പൂർണ്ണചന്ദ്രന്റെ ദശാകാലം 
  11. ക്ഷീണചന്ദ്രന്റെ ദശാകാലം 
  12. പാപഗ്രഹസഹിതനായ ചന്ദ്രന്റെ ദശാകാലം 
  13. പാപഗ്രഹദൃഷ്ടനായ ചന്ദ്രന്റെ ദശാകാലം 
  14. ശുഭഗ്രഹസഹിതനായ ചന്ദ്രന്റെ ദശാകാലം 
  15. ശുഭഗ്രഹദൃഷ്ടനായ ചന്ദ്രന്റെ ദശാകാലം 
  16. ഉച്ചരാശ്യംശകസഹിതനായ ചന്ദ്രന്റെ ദശാകാലം 
  17. നീചാംശകം ചെയ്ത ചന്ദ്രന്റെ ദശാകാലം 
  18. ചന്ദ്രദശയുടെ ആദ്യം - മദ്ധ്യകാലം - അന്ത്യം 
  19. മേടം രാശിയിൽ നിൽക്കുന്ന ചന്ദ്രന്റെ ദശാകാലം 
  20. ഇടവം രാശിയിൽ നിൽക്കുന്ന ചന്ദ്രന്റെ ദശാകാലം 
  21. മിഥുനം രാശിയിൽ നിൽക്കുന്ന ചന്ദ്രന്റെ ദശാകാലം 
  22. കർക്കിടകത്തിൽ നിൽക്കുന്ന ചന്ദ്രന്റെ ദശാകാലം 
  23. ചിങ്ങത്തിൽ നിൽക്കുന്ന ചന്ദ്രന്റെ ദശാകാലം 
  24. കന്നി രാശിയിൽ നിൽക്കുന്ന ചന്ദ്രന്റെ ദശാകാലം 
  25. തുലാം രാശിയിൽ നിൽക്കുന്ന ചന്ദ്രന്റെ ദശാകാലം 
  26. വൃശ്ചികം രാശിയിൽ (നീചരാശിയിൽ) നിൽക്കുന്ന ചന്ദ്രന്റെ ദശാകാലം 
  27. ധനുരാശിയിൽ നിൽക്കുന്ന ചന്ദ്രന്റെ ദശാകാലം 
  28. മകരം രാശിയിൽ നിൽക്കുന്ന ചന്ദ്രന്റെ ദശാകാലം 
  29. കുംഭം രാശിയിൽ നിൽക്കുന്ന ചന്ദ്രന്റെ ദശാകാലം 
  30. കുംഭം രാശിയിൽ വർഗ്ഗോത്തമാംശകം ചെയ്തു നിൽക്കുന്ന ചന്ദ്രന്റെ ദശാകാലം 
  31. മീനം രാശിയിൽ നിൽക്കുന്ന ചന്ദ്രന്റെ ദശാകാലം 
  32. വർഗ്ഗോത്തമാംശകം ചെയ്തു നിൽക്കുന്ന ചന്ദ്രന്റെ ദശാകാലം  
  33. രണ്ടാം ഭാവത്തിൽ നിൽക്കുന്ന ചന്ദ്രന്റെ ദശാകാലം 
  34. മൂന്നാം ഭാവത്തിൽ നിൽക്കുന്ന ചന്ദ്രന്റെ ദശാകാലം 
  35. നാലാം ഭാവത്തിൽ നിൽക്കുന്ന ചന്ദ്രന്റെ ദശാകാലം 
  36. ആറാം ഭാവത്തിൽ നിൽക്കുന്ന ചന്ദ്രന്റെ ദശാകാലം 
  37. ഏഴാം ഭാവത്തിൽ നിൽക്കുന്ന ചന്ദ്രന്റെ ദശാകാലം 
  38. എട്ടാം ഭാവത്തിൽ നിൽക്കുന്ന ചന്ദ്രന്റെ ദശാകാലം 
  39. ഒമ്പതാം ഭാവത്തിൽ നിൽക്കുന്ന ചന്ദ്രന്റെ ദശാകാലം 
  40. പത്താം ഭാവത്തിൽ നിൽക്കുന്ന ചന്ദ്രന്റെ ദശാകാലം 
  41. പതിനൊന്നാം ഭാവത്തിൽ നിൽക്കുന്ന ചന്ദ്രന്റെ ദശാകാലം 
  42. പന്ത്രണ്ടാം ഭാവത്തിൽ നിൽക്കുന്ന ചന്ദ്രന്റെ ദശാകാലം 
  43. മൗഢ്യമുള്ള ചന്ദ്രന്റെ ദശാകാലം 

സൂര്യദശയിലെ ശുക്രന്റെ അപഹാരകാലം

ശിരോരുജാ ജഠരഗദാർത്തിപീഡനം
കൃഷിക്രിയാഗൃഹധനധാന്ന്യവിച്യുതിഃ
സുതസ്ത്രിയോരസുഖമതീവ ദേഹിനാം
ഭൃഗോസ്സുതേ ചരതി ഭവേദ്രവേർദശാം.

സാരം :-

സൂര്യദശയിലെ ശുക്രന്റെ അപഹാരകാലം ശിരോരോഗം ഉദരരോഗം എന്നിവ നിമിത്തം ഉപദ്രവവും കൃഷിക്കും ഗൃഹത്തിനും ധനധാന്യങ്ങൾക്കും ഹാനിയും ഭാര്യയ്ക്കും പുത്രനും അസുഖവും ദുഷ്ടസ്ത്രീരതിയും ജലജങ്ങളായ ദ്രവ്യങ്ങളുടെ ലാഭവും ശുഷ്കവാദങ്ങളും ഭവിക്കും.

ശുക്രന് മാരകലക്ഷണമുണ്ടെങ്കിൽ തൽപരിഹാരമായി മൃത്യുഞ്ജയവും രുദ്രവും ജപിക്കയും മഹിഷീദാനവും ശുക്ലഗോദാനവും ചെയ്കയും വേണം.

സൂര്യദശയിലെ കേതുവിന്റെ അപഹാരകാലം

സുഹൃദ്വ്യയസ്സ്വജനകുടുംബവിഗ്രഹോ
രിപോർജയം ധനഹരണം പദച്യുതി
ഗുരോർഗദശ്ചരണശിരോരുഗുച്ചകൈ-
ശ്ശിഖീ യദാ വിശതി ദശാം വിവസ്വതഃ

സാരം :-

സൂര്യദശയിലെ കേതുവിന്റെ അപഹാരകാലം സ്വജനകലഹവും കുടുംബച്ഛിദ്രവും ശത്രുഭയവും ധനനഷ്ടവും സ്ഥാനഭ്രംശവും സംഭവിക്കുകയും പിത്രാദിഗുരുജനങ്ങൾക്ക് രോഗാദ്യനിഷ്ടങ്ങൾ നേരിടുകയും പാദരോഗവും ശിരോരോഗവും സംഭവിക്കുകയും ചെയ്യും. സൂര്യദശയിൽ കേതുവിന്റെ അപഹാരകാലം ഏറ്റവും കഷ്ടവും മൃത്യുസമാനദുഃഖകരവുമായിരിക്കും.

കേതുവിന് മാരകദോഷമുണ്ടെങ്കിൽ മഹാമൃത്യുഞ്ജയജപവും അജദാനവും ദുർഗ്ഗാമന്ത്രജപവും പ്രത്യേകം ചെയ്തുകൊൾകയും വേണം. 

സൂര്യദശയിൽ ബുധന്റെ അപഹാരകാലം

വിവർച്ചികാപിടകസകുഷ്ഠകാമിലാ
വികത്ഥനം ജഠരകടിപ്രപീഡനം
മഹീക്ഷയസ്ത്രിഗദഭയോ ഭവേത്തദാ
വിധോസ്സുതേ വിശതി രവേരഥാബ്ദകം.

സാരം :-

സൂര്യദശയിൽ ബുധന്റെ അപഹാരകാലം ചൊറി, ചിരങ്ങ്, ചുണങ്ങ്, കുരു, കുഷ്ഠം മുതലായ രോഗങ്ങളും കാമിലയും അരക്കെട്ടിലും വയറ്റിലും വ്യാധിയും ഭൂനാശവും സന്നിപാതജമായ ഉപദ്രവവും ബന്ധുപീഡയും ഇടയ്ക്കിടെ സുഖവും ഫലമാകുന്നു.

ബുധന് മാരകദോഷമുണ്ടെങ്കിൽ വിഷ്ണുസഹസ്രനാമജപവും അന്നദാനവും രജതപ്രതിമാദാനവും പ്രായശ്ചിത്തമായി ചെയ്കയും വേണം.

ശംഖയോഗത്തിൽ ജനിക്കുന്നവൻ

മിഥഃ കേന്ദ്രഗൌ പുത്രമിത്രാധിനാഥൗ
ബലിന്ന്യംഗനാഥേ ഭവേച്ഛംഖയോഗഃ
ശുഭേശേ ച ലഗ്നാസ്പദേശൗ ചരസ്ഥൗ
തപഃകർമ്മപൗ കേന്ദ്രകോണേശയുക്തൌ.

സാരം :-

നാലാം ഭാവം അഞ്ചാം ഭാവം എന്നീ ഭാവങ്ങളുടെ അധിപന്മാരായ ഗ്രഹങ്ങൾ അന്യോന്യകേന്ദ്രരാശികളിൽ നിൽക്കുകയും ലഗ്നാധിപനായ ഗ്രഹം ബലവാനായി ഇഷ്ടഭാവത്തിൽ നിൽക്കുകയും ചെയ്താൽ ശംഖയോഗം അനുഭവിക്കും.

ഭാഗ്യാധിപനായ (ഒമ്പതാം ഭാവാധിപനായ ഗ്രഹം) ഗ്രഹം ബലവാനായി ഇഷ്ടഭാവത്തിൽ നിൽക്കുകയും ലഗ്നാധിപനായ ഗ്രഹവും പത്താം ഭാവാധിപനായ ഗ്രഹവും ചരരാശിസ്ഥന്മാരായിരിക്കുകയും ചെയ്‌താൽ ശംഖയോഗം അനുഭവിക്കും.

ഒമ്പതാം ഭാവം പത്താം ഭാവം എന്നീ ഭാവങ്ങളുടെ അധിപന്മാരായ ഗ്രഹങ്ങൾ ലഗ്നം നാലാം ഭാവം അഞ്ചാം ഭാവം ഏഴാം ഭാവം എന്നീ ഭാവങ്ങളുടെ അധിപന്മാരായ ഗ്രഹങ്ങളോടുകൂടി ഇഷ്ടഭാവത്തിൽ ബലവാന്മാരായി നിൽക്കുകയും ചെയ്‌താൽ ശംഖയോഗം അനുഭവിക്കും.


ശംഖേ ജാതോ ഭോഗയുക്തോ ദയാലു-
സ്ത്രീപുത്രാർത്ഥക്ഷേത്രവാൻ പുണ്യകർമ്മാ
ശാസ്ത്രജ്ഞാനാചാരവാൻ ഭൂമിനാഥോ
ജീവേന്നൂനം വത്സരാണാമശീതിഃ

സാരം :-

ശംഖയോഗത്തിൽ ജനിക്കുന്നവൻ ഭോഗസുഖവും എല്ലാവരിലും ദയാശീലവും ഭാര്യാപുത്രന്മാരും ധനവും ഭൂസ്വത്തുക്കളും ഉള്ളവനായും പുണ്യകർമ്മങ്ങളെ ചെയ്യുന്നവനായും ശാസ്ത്രജ്ഞനായും സദാചാരപരനായും രാജാവായും എണ്‍പതു സംവത്സരം ജീവിച്ചിരിക്കുന്നവനായും ഭവിക്കും.

അഖണ്ഡസാമ്രാജ്യയോഗത്തിൽ ജനിക്കുന്നവൻ

ധർമ്മേശലാഭേശധനേശ്വരാണാ-
മേകാപി ശീതദ്യുതികേന്ദ്രവർത്തീ
സ്വപഞ്ചലാഭാധിപതിർഗുരുശ്ചേ-
ദഖണ്ഡസാമ്രാജ്യപതിർഭവേൽസഃ

സാരം :-

ഒമ്പതാം ഭാവാധിപനായ ഗ്രഹമോ പതിനൊന്നാം ഭാവാധിപനായ ഗ്രഹമോ രണ്ടാം ഭാവാധിപനായ ഗ്രഹമോ ചന്ദ്രൻ നിൽക്കുന്ന രാശിയുടെ കേന്ദ്രരാശിയിൽ ബലവാനായി നിൽക്കുകയും രണ്ടാം ഭാവത്തിന്റെയോ അഞ്ചാം ഭാവത്തിന്റെയോ പതിനൊന്നാം ഭാവത്തിന്റെയോ ആധിപത്യം വ്യാഴത്തിനു വരികയും ചെയ്‌താൽ അഖണ്ഡസാമ്രാജ്യം എന്ന യോഗം സംഭവിക്കും. ഫലം സാമ്രാജ്യാധിപത്യം തന്നെയെന്നും അറിഞ്ഞുകൊൾക. 

സൂര്യദശയിലെ ശനിയുടെ അപഹാരകാലം

ധനാഹതിസ്സുതവിരഹഃ സ്ത്രീയോ രുജാ
ഗുരുവ്യയം സപദി പരിച്ഛദച്യുതിഃ
മലാക്തതാ ഭവതി മരുൽകഫാമയോ
രവേർദശാം വിശതി വിവസ്വതസ്സുതേ.

സാരം :-

സൂര്യദശയിലെ ശനിയുടെ അപഹാരകാലം ധനനാശവും പുത്രന്റെ വേർപാടും ഭാര്യയ്ക്ക് രോഗവും പലവിധത്തിലുള്ള വ്യയം (ചെലവു) വർദ്ധിക്കുകയും സ്ഥാനഭ്രംശവും മലിനതയും വാതകഫജങ്ങളായ രോഗങ്ങളും സകലജനവിരോധവും മടിയും ചോരഭയവും രാജകോപവും മറ്റും അനിഷ്ടങ്ങളേറിയിരിക്കും. 

ശനിക്ക്‌ മാരകലക്ഷണമുണ്ടെങ്കിൽ തദ്ദോഷപരിഹാരാർത്ഥം മൃത്യുഞ്ജയ ജപവും കൃഷണഗോദാനവും മഹിഷീദാനവും പ്രത്യേകം ചെയ്കയും വേണം.

സൂര്യദശയിലെ വ്യാഴത്തിന്റെ അപഹാരകാലം

രിപുക്ഷയോ വിവിധധനാപ്തിരന്വഹം
സുരാർച്ചനം ദ്വിജഗുരുബന്ധുപൂജനം
ശ്രവശ് ശ്രമോ ഭവതി ച യക്ഷ്മരോഗതാ
ബൃഹസ്പതൗ  വിശതി വിവസ്വതോ ദശാം.

സാരം :-

സൂര്യദശയിലെ വ്യാഴത്തിന്റെ അപഹാരകാലം ശത്രുനാശം, പലവിധത്തിലുള്ള ധനലാഭം, ദേവന്മാരെയും ബ്രാഹ്മണരെയും ഗുരുക്കന്മാരേയും പൂജിക്കുക, ബന്ധുക്കളിൽനിന്നും സമ്മാനം ലഭിക്കുക, പുത്രഗുണം, സൽകർമ്മസിദ്ധി മുതലായ ഗുണങ്ങളും കർണ്ണരോഗം, ക്ഷയരോഗം മുതലായ ചില അനിഷ്ടങ്ങളും സംഭവിക്കും.

വ്യാഴത്തിനു മാരകലക്ഷണമുണ്ടെങ്കിൽ കപിലധേനുദാനം സ്വർണ്ണദാനം ശ്രീരുദ്രജപം മുതലായ സൽക്കർമ്മങ്ങളും ചെയ്യണം.

ബുധയോഗത്തിൽ ജനിക്കുന്നവൻ

ലഗ്നേജ്യോർഗുരുകണ്ടകേ ഹിമകര-
ശ്ചന്ദ്രാദഹിർവ്വിത്തഗ-
ശ്ശൌര്യസ്ഥാനഗതൗ ച ഭാനുരുധിരൗ
യോഗോ ബുധഃ കീർത്തിതഃ
രാജശ്രീബ്ബുധയോഗജോƒതുലബലഃ
പ്രഖ്യാതനാമാ വിഭു-
ശ്ശാസ്ത്രജ്ഞാനരതഃ ക്രിയാസു ചതുരോ
ധീമാനശത്രുർഭവേൽ.

സാരം :-

ലഗ്നത്തിൽ വ്യാഴവും വ്യാഴം നിൽക്കുന്ന രാശിയുടെ കേന്ദ്രരാശിയിൽ ചന്ദ്രനും ചന്ദ്രൻ നിൽക്കുന്ന രാശിയുടെ രണ്ടാം ഭാവത്തിൽ രാഹുവും രാഹുനിൽക്കുന്ന രാശിയുടെ മൂന്നാം ഭാവത്തിൽ സൂര്യകുജന്മാരും നിന്നാൽ ബുധയോഗം സംഭവിക്കും.

ബുധയോഗത്തിൽ ജനിക്കുന്നവൻ രാജാവിനെപ്പോലെയുള്ള ശ്രീയും ഏറ്റവും ബലാധിക്യവും പ്രസിദ്ധിയും പ്രഭുത്വവും വ്യാകരണാദി ശാസ്ത്രജ്ഞാനവും കർമ്മകുശലതയും ബുദ്ധിശക്തിയും ഉള്ളവനായും ശത്രുക്കളില്ലാത്തവനായും ഭവിക്കും.

മരുദ്യോഗത്തിൽ ജനിക്കുന്നവൻ

ശുക്രാൽ കോണഗതോ ഗുരുസ്സുരഗുരോഃ
പുത്രേ ശശീ ശീതഗോഃ
കേന്ദ്രസ്ഥാനസമാശ്രിതോ ദിനകരോ
യോഗോ മരുത്സംജ്ഞകഃ.
വാഗ്മീ തജ്ജനിതോ വിശാലഹൃദയഃ
സ്ഥൂലോദരശ്ശാസ്ത്രവിൽ
സമ്പന്നഃ ക്രയവിക്രയേഷു കുശലോ
രാജാഥവാ തത്സമഃ

സാരം :-

ശുക്രൻ നിൽക്കുന്ന രാശിയുടെ അഞ്ചാം ഭാവത്തിലോ ഒമ്പതാം ഭാവത്തിലോ വ്യാഴവും വ്യാഴം നിൽക്കുന്ന രാശിയുടെ അഞ്ചാം ഭാവത്തിൽ ചന്ദ്രനും ചന്ദ്രൻ നിൽക്കുന്ന രാശിയുടെ കേന്ദ്രരാശിയിൽ സൂര്യനും നിൽക്കുക. എന്നാൽ മരുദ്യോഗം സംഭവിക്കും.

മരുദ്യോഗത്തിൽ ജനിക്കുന്നവൻ വാഗ്മിയായും വിശാലഹൃദയനായും തടിച്ച വയറുള്ളവനായും ശാസ്ത്രജ്ഞനായും ധനവാനായും ക്രയവിക്രയങ്ങളിൽ സമർത്ഥനായും രാജാവോ രാജതുല്യനോ ആയും ഭവിക്കും.

സൂര്യദശയിലെ രാഹുവിന്റെ അപഹാരകാലം

രിപൂദയോ ധനഹൃതിരാപദുദ്ഗമോ
വിഷാദ്ഭയം വിഷയവിമൂഢതാ പുനഃ
ശിരോദ്യശോരധികരുഗേവ ദേഹിനാ-
മഹൗ ഭവേദഹിമകരായുരന്തരേ.

സാരം :-

സൂര്യദശയിലെ രാഹുവിന്റെ അപഹാരകാലം ശത്രുക്കളേറിയിരിക്കയും ആപത്തുകളും അനർത്ഥവും ധനഹാനിയും വിഷഭയവും വിഷയവ്യാമോഹവും ഉണ്ടാവുകയും ശിരോരോഗം നേത്രരോഗം മുതലായ രോഗദുഃഖങ്ങളും ബന്ധുപീഡയും സ്ഥാനഭ്രംശവും മരണഭയവും മറ്റ് അനിഷ്ടങ്ങളും സംഭവിക്കുകയും ചെയ്യും.

രാഹു മാരകകർത്താവാണെങ്കിൽ ദുർഗ്ഗാമന്ത്രജപവും അജദാനവും കൃഷ്ണമഹിഷീദാനവും പ്രായശ്ചിത്തം ചെയ്യണം.

സൂര്യദശയിലെ കുജന്റെ അപഹാരകാലം

രുജാഗമഃ പദവിരാഹോƒരിപീഡനം
വ്രണോത്ഭവസ്സ്വകുലജനൈർവ്വിരോധിതാ
മഹീഭൃതോ ഭവതി ഭയം ധനച്യുതി
ര്യദാ കുജോ ഹരതി തദാർക്കവത്സരം.

സാരം :-

സൂര്യദശയിലെ കുജന്റെ അപഹാരകാലം രോഗോപദ്രവവും, സ്ഥാനഭ്രംശം, ശത്രുക്കളിൽ നിന്ന് ഉപദ്രവം, മുറിവ്, വ്രണം, സ്വജനവിരോധം, രാജകോപം, ധനനഷ്ടം എന്നീ അനിഷ്ടഫലങ്ങൾ സംഭവിക്കും. സ്വർണ്ണരത്നാദിലാഭങ്ങളും പ്രഭുത്വവും രാജപ്രസാദവും മറ്റു ഗുണങ്ങളും സിദ്ധിക്കുകയും ചെയ്യും.

കുജന് (ചൊവ്വയ്ക്ക്‌) മാരകത്വലക്ഷണമുണ്ടെങ്കിൽ തൽപരിഹാരമായി സുബ്രഹ്മണ്യമന്ത്രജപവും വൃഷഭദാനവും അംഗാരകശാന്തിയും ചെയ്തുകൊൾകയും വേണം.

ഇന്ദ്രയോഗത്തിൽ ജനിക്കുന്നവൻ

ചന്ദ്രാദസ്തഗതഃ കുജോƒവനിസുതാ-
ദസ്തേ ശനിസ്സൂര്യജാ-
ദസ്തേ ദൈത്യഗുരുസ്സിതാന്മദനഗോ
ജീവോ യദീന്ദ്രാഹ്വയഃ
ഖ്യാതശ്ചേന്ദ്രഭവസ്സുശീലഗുണവാൻ
ഭൂപോഥവാ തത്സമോ
വാഗ്മീ വിത്തവിചിത്രഭൂഷണയശാ
ഭൂരിപ്രതാപാന്വിതാഃ.

സാരം :-

ചന്ദ്രൻ നിൽക്കുന്ന രാശിയുടെ ഏഴാം ഭാവത്തിൽ ചൊവ്വയും ചൊവ്വ നിൽക്കുന്ന രാശിയുടെ ഏഴാം ഭാവത്തിൽ ശനിയും ശനി നിൽക്കുന്ന രാശിയുടെ ഏഴാം ഭാവത്തിൽ ശുക്രനും ശുക്രൻ നിൽക്കുന്ന രാശിയുടെ ഏഴാം ഭാവത്തിൽ വ്യാഴവും നിൽക്കുകയും ചെയ്‌താൽ "ഇന്ദ്രയോഗം" സംഭവിക്കും.

ഇന്ദ്രയോഗത്തിൽ ജനിക്കുന്നവൻ പ്രസിദ്ധനായും സൌശീല്യവും സൽഗുണങ്ങളും ഉള്ളവനായും രാജാവോ രാജ തുല്യനോ ആയും വാഗ്മിയായും ധനവും വിശേഷവസ്ത്രാഭരണങ്ങളും യശസ്സും ഏറ്റവും പ്രതാപവും ഉള്ളവനായും ഭവിക്കും.

ഭാസ്കരയോഗത്തിൽ ജനിക്കുന്നവൻ

ഭാനോരർത്ഥഗതോ ബുധശ്ശശിസുതാ-
ല്ലാഭേ സ്ഥിതശ്ചന്ദ്രമാ-
ശ്ചന്ദ്രാൽ കോണഗതഃ പുരന്ദരഗുരു-
ര്യോഗസ്തദാഭാസ്കരഃ
ശ്ശാസ്ത്രാർത്ഥവിദ്രൂപവാൻ
ഗാന്ധർവ്വശ്രുതി വിത്തവാൻ ഗണിതവി-
ദ്ധീരസ്സമർത്ഥോ ഭവേൽ.

സാരം :-

സൂര്യൻ നിൽക്കുന്ന രാശിയുടെ രണ്ടാം ഭാവത്തിൽ ബുധനും ബുധൻ നിൽക്കുന്ന രാശിയുടെ പതിനൊന്നാം ഭാവത്തിൽ ചന്ദ്രനും ചന്ദ്രൻ നിൽക്കുന്ന രാശിയുടെ അഞ്ചാം ഭാവത്തിലോ ഒമ്പതാം ഭാവത്തിലോ വ്യാഴവും നിന്നാൽ ഭാസ്കരയോഗം അനുഭവിക്കും.

ഭാസ്കരയോഗത്തിൽ ജനിക്കുന്നവൻ ശൌര്യവും പ്രഭുത്വവും സൌന്ദര്യവും ഉള്ളവനായും വ്യാകരണാദിശാസ്ത്രങ്ങളും സംഗീതവും വേദവും ജ്യോതിശ്ശാസ്ത്രവും അറിയുന്നവനായും ധനവാനായും ധീരനായും സാമർത്ഥ്യമുള്ളവനായും ഭവിക്കും.

സൂര്യദശയിലെ ചന്ദ്രന്റെ അപഹാരകാലം

രിപുക്ഷയോ വ്യസനശമോ ധനാഗമഃ
കൃഷിക്രിയാ ഗൃഹകരണം സുഹൃദ്യുതിഃ
ക്ഷയാനിലപ്രതിഹതിരർക്കദായകം
ശശീ യദാ ഹരതി ജലോത്ഭവാ രുജഃ

സാരം :-

സൂര്യദശയിലെ ചന്ദ്രന്റെ അപഹാരകാലം ശത്രുക്കൾക്കും ദുഃഖങ്ങൾക്കും ശമനവും ധനലാഭവും കൃഷികാര്യങ്ങൾക്ക് അഭിവൃദ്ധിയും നൂതനഗൃഹനിർമ്മാണവും ബന്ധുക്കളോടുള്ള ചേർച്ചയും ഉണ്ടാകും.

ചന്ദ്രൻ ദോഷയുക്തനാകയാൽ ക്ഷയം, വായുകോപം നിർദോഷം മുതലായ രോഗങ്ങളും സംഭവിക്കും.

ചന്ദ്രൻ മാരകലക്ഷണയുക്തനായാൽ വെളുത്ത പശുവിനേയും മഹിഷിയെയും ദാനം ചെയ്കയും സൂര്യചന്ദ്രശാന്തികൾ നടത്തിക്കയും വേണം.

സൂര്യദശയിൽ സ്വാപഹാരകാലം (സൂര്യന്റെ അപഹാരകാലം)

മഹീശ്വരാദുപലഭതേƒധികം യശോ
വനാചലസ്ഥലവസതിം ധനാഗമം
ജ്വരോഷ്ണരുഗ്ജനകവിയോഗജം ഭയം
നിജാം ദശാംപ്രവിശതി തീക്ഷ്‌ണദീധിതൗ.

സാരം :-

സൂര്യദശയിൽ സ്വാപഹാരകാലം (സൂര്യന്റെ അപഹാരകാലം) രാജാവിങ്കൽനിന്ന് വലിയ സൽക്കാരങ്ങളും യശസ്സും ലഭിക്കയും കാട്ടിലും കുന്നിലും താമസിക്കാനിടയാവുകയും ധനലാഭവും പ്രതാപവും സിദ്ധിക്കുകയും ചെയ്യും.

സൂര്യൻ അനിഷ്ടപ്രദനാണെങ്കിൽ ജ്വരം, ഉഷ്ണരോഗം എന്നിവ സംഭവിക്കുകയും പിതാവിന് ഹാനിയോ അല്ലെങ്കിൽ പിതൃവിയോഗം നിമിത്തം ദുഃഖമോ ഉണ്ടാവുകയും ചെയ്യും.

സൂര്യന് മാരകസംബന്ധമുണ്ടെങ്കിൽ തദ്ദോഷപരിഹാരാർത്ഥം മൃത്യുഞ്ജയജപ (ഹോമവും) സൂര്യശാന്തിയും പ്രത്യേകം ചെയ്തുകൊൾകയും വേണം.

ദുര്യോഗയോഗഫലങ്ങൾ 2

ഛിദ്രാരിവ്യയനായകാസ്സുബലിനഃ
കേന്ദ്രത്രികോണാശ്രിതാഃ
ലഗ്നവ്യോമചതുർത്ഥഭാഗ്യപതയോ
രന്ധ്രാരിരിപ്ഫസ്ഥിതാഃ
നിർവ്വീര്യാഃ വിഗതപ്രഭാ യദി തദാ
ദുര്യോഗ ഏവ സ്മൃത-
സ്തദ്വ്യസ്തേ സതി യോഗവാൻ നരപതിർ-
ഭൂപസ്സുഖീ ധാർമ്മികഃ

സാരം :-

എട്ടാം ഭാവം, ആറാം ഭാവം, പന്ത്രണ്ടാം ഭാവം എന്നീ ഭാവങ്ങളുടെ അധിപന്മാരായ ഗ്രഹങ്ങൾ ബലവാന്മാരായി കേന്ദ്രത്രികോണഭാവങ്ങളിൽ നിൽക്കുകയും ലഗ്നം, നാലാം ഭാവം, ഒമ്പതാം ഭാവം, പത്താം ഭാവം എന്നീ ഭാവങ്ങളുടെ അധിപന്മാരായ ഗ്രഹങ്ങൾ ആറാം ഭാവം, എട്ടാം ഭാവം, പന്ത്രണ്ടാം ഭാവം എന്നീ ദുഃസ്ഥാനങ്ങളിലെവിടെയെങ്കിലും ബലവും രശ്മിയും ഇല്ലാതെ നിൽക്കുകയും ചെയ്‌താൽ അതും ഒരു " ദുര്യോഗം (ദുര്യോഗയോഗഫലം) " തന്നെയാകുന്നു. ഈ ദുര്യോഗയോഗഫലത്തിനു മുമ്പുപറഞ്ഞ ദുര്യോഗയോഗഫലം തന്നെ നിർദ്ദേശ്യമാകുന്നു. ഇതിനു വിപരീതമായി നിന്നാൽ യോഗവും നരനാഥത്വവും ഉള്ളവനായും ഭൂസ്വത്തിന്റെ ഉടമസ്ഥനായും സുഖിയായും ധാർമ്മികനായും ഭവിക്കുകയും ചെയ്യും. 

വിമലയോഗത്തിൽ ജനിക്കുന്നവൻ

കിഞ്ചിദ്വ്യയോ ഭൂരിധനാഭിവൃദ്ധിം
പ്രയാത്യയം സർവ്വജനാനുകൂല്യം
സുഖീ സ്വതന്ത്രോ മഹനീയവൃത്തിർ-
ഗ്ഗുണൈഃ പ്രതീതോ വിമലോത്ഭവസ്സ്യാൽ.

സാരം :-

വിമലയോഗത്തിൽ ജനിക്കുന്നവൻ അല്പമായ ചെലവും വളരെ വരവും ഉള്ളവനായും എല്ലാ ജനങ്ങളുടേയും ആനുകൂല്യസുഖവും സ്വാതന്ത്ര്യവും ശ്രേഷ്ഠമായ വൃത്തിയും ഉള്ളവനായും ഗുണങ്ങളെക്കൊണ്ട് പ്രസിദ്ധനായും ഭവിക്കും.

സൂര്യദശയിലെ അപഹാരങ്ങൾ


  1. സൂര്യദശയിൽ സ്വാപഹാരകാലം (സൂര്യന്റെ അപഹാരകാലം) 
  2. സൂര്യദശയിലെ ചന്ദ്രന്റെ അപഹാരകാലം 
  3. സൂര്യദശയിലെ കുജന്റെ അപഹാരകാലം 
  4. സൂര്യദശയിലെ രാഹുവിന്റെ അപഹാരകാലം  
  5. സൂര്യദശയിലെ വ്യാഴത്തിന്റെ അപഹാരകാലം 
  6. സൂര്യദശയിലെ ശനിയുടെ അപഹാരകാലം 
  7. സൂര്യദശയിൽ ബുധന്റെ അപഹാരകാലം 
  8. സൂര്യദശയിലെ കേതുവിന്റെ അപഹാരകാലം 
  9. സൂര്യദശയിലെ ശുക്രന്റെ അപഹാരകാലം 
മേൽപ്പറഞ്ഞപ്രകാരമാണ് സൂര്യദശയിലെ അപഹാരഫലങ്ങൾ. 

മാരകലക്ഷണമെന്നത് രണ്ടാം ഭാവത്തിലേയും ഏഴാം ഭാവത്തിലേയും ഗ്രഹങ്ങളുടെ സ്ഥിതി, ആധിപത്യം, അഷ്ടമാധിപത്യം, അഷ്ടമസ്ഥിതി തദ്ഭാവാധിപന്മാരായ ഗ്രഹങ്ങളുടെ യോഗം മുതലായവയാകുന്നു.

ഓരോ ദശകളിലും അപഹാരങ്ങളിലും ഗോചരങ്ങളിലും മറ്റും ഗ്രഹങ്ങൾ സ്ഥാനംപിഴച്ചു നിന്നാൽ പ്രത്യേകം ചെയ്യേണ്ട ചില വിധികളുംകൂടി (ദോഷപരിഹാരം) ഇവിടെ പ്രസ്താവിച്ചിരിക്കുന്നു.

ദിഗ്വീര്യയുക്തനായ, ചേഷ്ടാബലയുക്തനായ സൂര്യന്റെ ദശാകാലം

ദുഗ്വീര്യയുക്തേ ദിവസേശ്വരേതു
ദിഗന്തരാക്രാന്തനാദിസൌഖ്യം
അത്യന്തചേഷ്ടാബലസംയുതേƒസ്മിൻ
സ്വചേഷ്ടിതാർത്ഥാഗമലാഭമേതി.

സാരം :-

ദിഗ്വീര്യയുക്തനായ സൂര്യന്റെ ദശാകാലം നാനാദേശങ്ങളിൽ നിന്ന് പലപ്രകാരേണ ധനവും സുഖവും ലഭിക്കും. 

ചേഷ്ടാബലയുക്തനായ സൂര്യന്റെ ദശാകാലം സ്വപ്രവൃത്തി നിമിത്തം അർത്ഥലാഭവും കാര്യസിദ്ധിയുമുണ്ടാകും.

സ്ഥാനബലപൂർണ്ണനായ സൂര്യന്റെ ദശാകാലം

സൂര്യേ സ്ഥാനബലാന്ന്വിതേ കൃഷിധനം
ഗോഭൂമിയാനാംബരം
സൌഖ്യം ഭൂപതിമാനനം പരധനൈ-
സ്സംയുജ്യതേ കാന്തിമാൻ
തൽപാകേ ശയനാംബരാദി ലഭതേ
സർവ്വോപകാരശ്രയം
കീർത്തിം ഭൂഷണമിഷ്ടബന്ധുസഹിതം
തീർത്ഥാഭിഷേകം മഹൽ.

സാരം :-

സ്ഥാനബലപൂർണ്ണനായ സൂര്യന്റെ ദശാകാലം കൃഷിയിൽ  ധനവും പശുക്കളും ഭൂമിയും വസ്ത്രങ്ങളും സുഖവും രാജസമ്മാനവും ലഭിക്കയും പരദ്രവ്യലാഭം ഉണ്ടാവുകയും കാന്തിമാനാകയും കിടക്കയും വിശേഷവസ്ത്രങ്ങളും ലഭിക്കയും എല്ലാവർക്കും ഉപകാരിയാകയും കീർത്തിയും അലങ്കരണസാധനങ്ങളും സിദ്ധിക്കുകയും ബന്ധുഗുണങ്ങളുണ്ടാവുകയും പുണ്യതീർത്ഥസ്നാനവും ഫലം.

നീചരാശിയിലാണെങ്കിലും ഉച്ചനവാംശകരാശിയിൽ നിൽക്കുന്ന സൂര്യന്റെ ദശാകാലം

ഉച്ചാംശകയുതോ ഭാനുർന്നീചസ്ഥോപി മഹൽ സുഖം
കരോതി രാജ്യലാഭഞ്ച ദശാന്തേ വിപദസ്തഥാ.

സാരം :-

നീചരാശിയിലാണെങ്കിലും ഉച്ചനവാംശകരാശിയിൽ നിൽക്കുന്ന സൂര്യന്റെ ദശാകാലം വലിയ സുഖവും രാജ്യലാഭവും സിദ്ധിക്കും.സൂര്യദശയുടെ അവസാനത്തിൽ അനേകം ആപത്തുക്കളും സംഭവിക്കുന്നതാണ് 

ഉച്ചരാശിയിലാണെങ്കിലും നീചനവാംശരാശിയിൽ നിൽക്കുന്ന സൂര്യന്റെ ദശാകാലം

സോച്ചസ്ഥേƒപി ദിനേശോ
നീചാംശേ ചേൽ കളത്രധനഹാനിഃ
സ്വകുലജബന്ധുവിരോധഃ
പിത്രാദീനാം തഥൈവ മുനിവാക്യം.

സാരം :-

ഉച്ചരാശിയിലാണെങ്കിലും നീചനവാംശരാശിയിൽ നിൽക്കുന്ന സൂര്യന്റെ ദശാകാലം ഭാര്യയ്ക്കും ധനത്തിനും ഹാനിയും പിതാവ്, സ്വഗോത്രജന്മാരായ  മറ്റു ജനങ്ങൾ, ബന്ധുക്കൾ മുതലായവരുടെ വിരോധവും സംഭവിക്കുന്നതാണ്.

ദരിദ്രയോഗത്തിൽ ജനിക്കുന്നവൻ

ഋണഗ്രസ്ത ഉഗ്രോ ദരിദ്രാഗ്രഗണ്യോ
ഭവേൽ കർണ്ണരോഗീ ച സൌഭ്രാത്രഹീനഃ
അകാര്യപ്രവൃത്തസ്തഥാഭാസഭാഷീ
പരപ്രേഷ്യവൃത്തിർദരിദ്രാഖ്യയോഗേ.

സാരം :-

ദരിദ്രയോഗത്തിൽ ജനിക്കുന്നവൻ വളരെ കടം ഉള്ളവനായും ക്രൂരനായും ഏറ്റവും ദരിദ്രനായും കർണ്ണരോഗിയായും നല്ല സഹോദരന്മാരില്ലാത്തവനായും അകാര്യങ്ങളിൽ പ്രവർത്തിക്കുന്നവനായും ആഭാസമായി സംസാരിക്കുന്നവനായും അന്യന്മാരുടെ ഭൃത്യപ്രവൃത്തിയെ ചെയ്യുന്നവനായും ഭവിക്കും.

ദുര്യോഗയോഗത്തിൽ ജനിക്കുന്നവൻ

ശരീരപ്രയാസൈഃ കൃതം കർമ്മയത്ത-
ദ് വ്രജേന്നിഷ്ഫലത്വം ലഘുത്വം ജനേഷു
ജനദ്രോഹകാരീ സ്വകുക്ഷിംഭരസ്സ്യാൽ
കുകർമ്മാ പ്രവാസീ ച ദുര്യോഗജാതഃ

സാരം :-

ദുര്യോഗയോഗത്തിൽ ജനിക്കുന്നവൻ ശരീരംകൊണ്ട് പണിപ്പെട്ടു ചെയ്യുന്ന എല്ലാ പ്രവൃത്തികളും നിഷ്ഫലമായി തീരുന്നവനായും ജനങ്ങളിൽ വച്ച് ഏറ്റവും നിസ്സാരനായും അന്യജനങ്ങളെ ദ്രോഹിക്കുന്നവനായും തന്റെ വയറുമാത്രം ഭരിക്കുന്നവനായും കുത്സിതകർമ്മങ്ങളെ ചെയ്യുന്നവനായും അന്യദേശവാസിയായും ഭവിക്കും.

നിർഭാഗ്യയോഗത്തിൽ ജനിക്കുന്നവൻ

പിത്രാർജ്ജിതക്ഷേത്രഗൃഹാദിനാശകൃൽ
സാധൂൻ ഗുരൂൻ നിന്ദതി ധർമ്മവർജ്ജിതഃ
പ്രത്നാതിജീർണ്ണാംബരഭൃച്ച ദുർഗ്ഗതോ
നിർഭാഗ്യയോഗേ ബഹുദുഃഖഭാങ്നരഃ.

സാരം :-

നിർഭാഗ്യയോഗത്തിൽ ജനിക്കുന്നവൻ പിതാവിനാൽ സമ്പാദിക്കപ്പെട്ട ഭൂസ്വത്തും ഭവനവും നശിപ്പിക്കുന്നവനായും സജ്ജനങ്ങളെയും ഗുരുക്കന്മാരേയും നിന്ദിക്കുന്നവനായും ധർമ്മവും ആചാരവും ഉപേക്ഷിച്ചവനായും പഴയതും കീറിയതുമായ വസ്ത്രങ്ങളെ ധരിക്കുന്നവനായും ദുർഗ്ഗതിയും അനേകവിധത്തിലുള്ള ദുഃഖങ്ങളും അനുഭവിക്കുന്നവനായും ഭവിക്കും.

സരളയോഗത്തിൽ ജനിക്കുന്നവൻ

ദീർഘായുഷ്മാൻ ദൃഢമതിരഭയഃ
ശ്രീമാൻ വിദ്യാസുതധനസഹിതഃ
സിദ്ധാരംഭോ ജിതരിപുരബലോ
വിഖ്യാതാഖ്യഃ പ്രഭവതി സരളേ.

സാരം :-

സരളയോഗത്തിൽ ജനിക്കുന്നവൻ ദീർഘായുസ്സും ഉറപ്പുള്ള ബുദ്ധിയും നിർഭയത്വവും ശ്രീയും വിദ്യയും പുത്രന്മാരും ധനവും ഉള്ളവനായും തുടങ്ങുന്ന കാര്യങ്ങളെല്ലാം സാധിക്കുന്നവനായും ശത്രുക്കളെ ജയിക്കുന്നവനായും കളങ്കമില്ലാത്തവനായും കീർത്തിമാനായും ഭവിക്കും.

സൂര്യദശയുടെ ആദ്യത്തിൽ, മദ്ധ്യത്തിൽ, അന്ത്യത്തിൽ

ആദൗ സൂര്യദശായാം
ദുഃഖം പിതൃരോഗമർത്ഥനാശം ച
മദ്ധ്യേ പശുധനഹാനിം
വിദ്യാർത്ഥമഹത്ത്വമന്ത്യേ ച.

സാരം :-

സൂര്യദശയുടെ ആദ്യത്തിൽ ദുഃഖവും പിതാവിന് രോഗവും അർത്ഥനാശവും സംഭവിക്കും.

സൂര്യദശയുടെ മദ്ധ്യത്തിൽ പശ്വാദികൾക്കും ധനത്തിനും ഹാനിയും സംഭവിക്കും

സൂര്യദശയുടെ അന്ത്യത്തിൽ വിദ്യാഗുണവും അർത്ഥസിദ്ധിയും മഹത്ത്വവും സംഭവിക്കും.

പന്ത്രണ്ടാം ഭാവത്തിൽ നിൽക്കുന്ന സൂര്യന്റെ ദശാകാലം

ഭാനോർദ്വാദശഗസ്യ ചേദ്യദി ദശാ
ക്ലേശാർത്ഥനാശപ്രദാ
സ്ത്രീബന്ധ്വാത്മജഭൂവിനാശമഥവാ
പിത്രോർവ്വിനാശം കലിം
സ്ഥാനാൽ സ്ഥാനപരിഭ്രമം വിഷഭയം
രാജ്ഞാം ഭയം പാദരുഗ്-
വിദ്യാവാദവിനോദഗോഷ്ഠികലഹം
ഗോവാജി സംപീഡനം.

സാരം :-

പന്ത്രണ്ടാം ഭാവത്തിൽ നിൽക്കുന്ന സൂര്യന്റെ ദശാകാലം ക്ലേശവും അർത്ഥനാശവും സംഭവിക്കുകയും മാതാപിതാക്കന്മാർക്കോ ഭാര്യ, ബന്ധു, പുത്രൻ, ഭൂമി എന്നിവർക്കോ നാശം നേരിടുകയും കലഹവും, സ്ഥാനചലനവും വിഷഭയവും രാജകോപവും പാദരോഗവും വിദ്യാവാദവും വിനോദവും യുദ്ധവും പശു കാള കുതിര മുതലായവയ്ക്ക് ഹാനിയും സംഭവിക്കും.

ദുഷ്കൃതിയോഗത്തിൽ ജനിക്കുന്നവൻ

സ്വപത്നീവിയോഗം പരസ്ത്രീരതീച്ഛാ
ദുരാലോകമദ്ധ്വന്യസഞ്ചാരവൃത്തിഃ
പ്രമേഹാദിഗുഹ്യാർത്തിമുർവ്വീശപീഡാം
വദേദ്ദുഷ്കൃതൗ ബന്ധുധിക്കാരശോകം.

സാരം :-

ദുഷ്കൃതിയോഗത്തിൽ ജനിക്കുന്നവൻ സ്വഭാര്യാവിയോഗവും പരസ്ത്രീരതിയും ഉള്ളവനായും നികൃഷ്ടമായ ദൃഷ്ടിയോടുകൂടിയവനായും വഴിനടക്കുന്നവനായും സഞ്ചാരപ്രിയനായും പ്രമേഹം, ഭഗന്ദരം, അർശസ്സ് മുതലായ ഗുഹ്യവ്യാധികളെക്കൊണ്ടു പീഡിതനായും രാജകോപത്താൽ  ദുഃഖിതനായും ബന്ധുക്കളാൽ നിരസിക്കപ്പെടുകനിമിത്തം ക്ലേശിക്കുന്നവനായും ഭവിക്കും.

ഹർഷയോഗത്തിൽ ജനിക്കുന്നവൻ

സുഖഭോഗഭാഗ്യദൃഢഗാത്രസംയുതോ
നിഹതാഹിതോ ഭവതി പാപഭീരുകഃ
പ്രഥിതഃ പ്രധാനജനവല്ലഭോ ധന-
ദ്യുതിമിത്രകീർത്തിസുതവാംശ്ച ഹർഷജഃ

സാരം :-

ഹർഷയോഗത്തിൽ ജനിക്കുന്നവൻ സുഖവും ഭാഗ്യവും ഭോഗവും ദൃഢശരീരവും ഉള്ളവനായും ശത്രുക്കളെ ഹനിക്കുന്നവനായും പാപങ്ങളെ ഭയപ്പെടുന്നവനായും പ്രസിദ്ധനായും പ്രധാന ജനങ്ങളുടെ നാഥനായും ധനവും കാന്തിയും ബന്ധുക്കളും യശസ്സും പുത്രന്മാരും ഉള്ളവനായും ഭവിക്കും.

പതിനൊന്നാം ഭാവത്തിൽ നിൽക്കുന്ന സൂര്യന്റെ ദശാകാലം

ആയസ്ഥിതസ്യാംശുമതോ ദശായാം
ബഹ്വർത്ഥലാഭം ശുഭകർമ്മസിദ്ധിം
ഉദ്യോഗലാഭം സുതദാരസൗഖ്യം
മനസ്സുഖം യാനവിഭൂഷണാപ്തിം.

സാരം :-

പതിനൊന്നാം ഭാവത്തിൽ നിൽക്കുന്ന സൂര്യന്റെ ദശാകാലം പലവിധത്തിൽ അർത്ഥലാഭവും സൽകർമ്മസിദ്ധിയും ഉദ്യോഗം സിദ്ധിക്കുകയും കളത്രപുത്രസുഖവും മനസ്സന്തോഷവും വാഹനങ്ങളും അലങ്കാരദ്രവ്യങ്ങളും ലഭിക്കയും ചെയ്യും.

പത്താം ഭാവത്തിൽ നിൽക്കുന്ന സൂര്യന്റെ ദശാകാലം

കർമ്മസ്ഥിതസ്യാപി രവേർദശായാം
രാജ്യാർത്ഥലാഭം സമുപൈതി ധൈര്യം
ഉദ്യോഗസിദ്ധിം യശസാ സമേതം
ജയം വിവാദേ നൃപമാനനം ച.

സാരം :-

പത്താം ഭാവത്തിൽ നിൽക്കുന്ന സൂര്യന്റെ ദശാകാലം രാജ്യലാഭവും കാര്യസിദ്ധിയും ധൈര്യവും ഉണ്ടാവുകയും ഉത്സാഹങ്ങൾ ഫലിക്കുകയും കീർത്തിമുദ്ര ലഭിക്കുകയും വ്യവഹാരകാര്യങ്ങളിൽ ജയം സിദ്ധിക്കുകയും രാജപ്രസാദം സംഭവിക്കുകയും ഫലമാകുന്നു.

എട്ടാം ഭാവത്തിൽ നിൽക്കുന്ന സൂര്യന്റെ ദശാകാലം

രന്ധ്രസ്ഥഭാനോരപി വാ ദശായാം
ദേഹസ്യ കഷ്ടം വിവിധൈശ്ച രോഗൈഃ
ചാതുർത്ഥികം നേത്രവികാരകാസം
ജ്വരാതിസാരം ദ്വപദച്യുതിം ച.

സാരം :-

എട്ടാം ഭാവത്തിൽ നിൽക്കുന്ന സൂര്യന്റെ ദശാകാലം പല പ്രകാരത്തിലുള്ള രോഗങ്ങളെക്കൊണ്ട് ദേഹക്ലേശവും വിശേഷിച്ചു ചാതുർത്ഥികജ്വരം, നേത്രരോഗം, കാസം, ജ്വരാതിസാരം എന്നീ രോഗങ്ങൾ സംഭവിക്കുകയും സ്ഥാനഭ്രംശവും ഫലമാകുന്നു.

ഏഴാം ഭാവത്തിൽ നിൽക്കുന്ന സൂര്യന്റെ ദശാകാലം

ദാരാന്വിതസ്യ ദ്യുമണേർദശായാം
ദാരാമയം വാ മരണം വിയോഗം
കുഭോജനം ഗോരസഹാനിമദ്ധ്വ-
ശ്രമം സമന്താൽ സമുപൈതിദുഃഖം.

സാരം :-

ഏഴാം ഭാവത്തിൽ നിൽക്കുന്ന സൂര്യന്റെ ദശാകാലം ഭാര്യയ്ക്ക് രോഗമോ മരണമോ വിരഹമോ സംഭവിക്കുകയും സുഖഭോജനത്തിനും, നെയ്യ്, തയിർ, പാൽ മുതലായ ഗോരസങ്ങൾക്കും ഹാനിയും വെറുതെ സഞ്ചരിച്ച് ഖേദിക്കുകയും ദുഃഖം ഏറിയിരിക്കുകയും ചെയ്യും.

പാമരയോഗത്തിൽ ജനിക്കുന്നവൻ

ദുഃഖജീവ്യനൃതവാഗവിവേകീ
വഞ്ചകോ മൃതസുതോപ്യനപത്യഃ
നാസ്തികോƒല്പകുജനം ഭജതേƒസൌ
ഘസ്മരോ ഭവതി പാമരയോഗേ.

സാരം :-

പാമരയോഗത്തിൽ ജനിക്കുന്നവൻ കൃഛ്റജീവിയായും കളവു പറയുന്നവനായും അവിവേകിയായും വഞ്ചിക്കുന്നവനായും പുത്രമരണമോ സന്താനഹീനതയോ ഉള്ളവനായും  ദൈവവിശ്വാസവും മതനിഷ്ഠതയും ഇല്ലാത്തവനായും നിസ്സാരന്മാരും നിന്ദ്യന്മാരും ആയ ജനങ്ങളെ ആശ്രയിക്കുന്നവനായും അധികം ഭക്ഷിക്കുന്നവനായും ഭവിക്കും.

കുഹൂയോഗത്തിൽ ജനിക്കുന്നവൻ

മാതൃവാഹനസുഹൃൽസുഖഭൂഷാ-
ബന്ധുഭിർവ്വിരഹിതഃ സ്ഥിതിശൂന്ന്യഃ
സ്ഥാനമാശ്രിതമനേന ഹതം സ്യാൽ
കുസ്ത്രീയാമഭിരതഃ കില കുഹ്വാം.

സാരം :-

കുഹൂയോഗത്തിൽ ജനിക്കുന്നവൻ മാതാവ്, വാഹനം, ബന്ധുക്കൾ, സുഖം, ആഭരണം എന്നിവകളോട് വേർപെട്ടവനായും ഒരു നിലയും ലഭിക്കാത്തവനായും തന്നാൽ ആശ്രിതമായ സ്ഥാനത്തിന് ഹാനി സംഭവിപ്പിക്കുന്നവനായും കുത്സിതസ്ത്രീകളിൽ തല്പരനായും ഭവിക്കും.

ആറാം ഭാവത്തിൽ നിൽക്കുന്ന സൂര്യന്റെ ദശാകാലം

ദശാവിപാകേ ധനഹാനിമേതി
ഷഷ്ഠസ്ഥഭാനോരതിദുഃഖജാലം
ഗുല്മക്ഷയോദ്ഭൂതരുജാർത്തിരുച്ചൈർ-
മൂത്രാദികൃഛ്റം ത്വഥവാ പ്രമേഹം.

സാരം :-

ആറാം ഭാവത്തിൽ നിൽക്കുന്ന സൂര്യന്റെ ദശാകാലം ധനനാശവും പല പ്രകാരേണ ദുഃഖാനുഭവവും ഗുല്മം, ക്ഷയം, മൂത്രകൃഛ്റം, പ്രമേഹം മുതലായ രോഗങ്ങളെക്കൊണ്ട് അരിഷ്ടയും ഫലമാകുന്നു.

നാലാം ഭാവത്തിൽ നിൽക്കുന്ന സൂര്യന്റെ ദശാകാലം

സുഖസ്ഥിതസ്യാപി രവേർദ്ദശായാം
ഭോഗാർത്ഥഭൂഭൃത്യകളത്രഹാനിം
ക്ഷേത്രപ്രണാശം സ്വപദച്യുതിം വാ
യാനച്യുതിം ചോരവിഷാഗ്നിശസ്ത്രൈഃ

സാരം :-

നാലാം ഭാവത്തിൽ നിൽക്കുന്ന സൂര്യന്റെ ദശാകാലം ഭോഗസുഖവും ധനവും ഭൂമിയും കൃഷിയും ഭൃത്യനും ഭാര്യയും നാശത്തെ പ്രാപിക്കയും സ്ഥാനഭ്രംശമോ വാഹനാദികളിൽ നിന്ന് പതനമോ സംഭവിക്കുകയും കള്ളൻ, വിഷം, അഗ്നി, ആയുധം എന്നിവയിൽ നിന്ന് ഉപദ്രവം സംഭവിക്കുകയും ചെയ്യും.

മൃതിയോഗത്തിൽ ജനിക്കുന്നവൻ

അരിപരിഭൂതസ്സഹജവിഹീനോ
മനസിവിലജ്ജോ ഹരബലവിത്തഃ
അനുചിതകർമ്മാ ശ്രമപരിഖിന്നോ
വികൃതഗുണസ്സ്യാദിഹകൃതിയോഗേ.

സാരം :-

മൃതിയോഗത്തിൽ ജനിക്കുന്നവൻ ശത്രുക്കളാൽ പരാജിതനായും സഹോദരന്മാരും ലജ്ജയും ബലവും ധനവും ഇല്ലാത്തവനായും അനുചിതമായ പ്രവൃത്തികളെ ചെയ്യുന്നവനായും അതൃദ്ധ്വാനംകൊണ്ട് തളർന്നവനായും വിപരീതഗുണമുള്ളവനായും ഭവിക്കും.

നിസ്സ്വയോഗത്തിൽ ജനിക്കുന്നവൻ

സുവചനശൂന്ന്യോ വിതഥകുടുംബഃ
കുജനസമാജഃ കുദശനനേത്രഃ
മതിസുതവിദ്യാവിഭവവിഹീനോ
രിപുഹൃതവിത്തഃ പ്രഭവതി നിസ്സ്വേ.

സാരം :-

നിസ്സ്വയോഗത്തിൽ ജനിക്കുന്നവൻ നല്ല വാക്കുകളെ പറയാത്തവനായും നിഷ് പ്രയോജനമായ കുടുംബത്തോടുകൂടിയവനായും ദുർജ്ജനങ്ങളുടെ കൂട്ടുകെട്ടുകളുള്ളവനായും കുത്സിതമായ പല്ലുകളും കണ്ണുകളും ഉള്ളവനായും ബുദ്ധിയും പുത്രന്മാരും വിദ്യയും വിഭവങ്ങളും ഇല്ലാത്തവനായും ശത്രുക്കളാൽ അപഹരിക്കപ്പെട്ട ധനത്തോടുകൂടിയവനായും ഭവിക്കും.

മൂന്നാം ഭാവത്തിൽ നിൽക്കുന്ന സൂര്യന്റെ ദശാകാലം

ഭാനോർവ്വിക്രമസംസ്ഥസ്യ ദശാ ധൈര്യം മഹൽസുഖം
നൃപമാനനമർത്ഥാപ്തി ഭ്രാതൃവൈരം പിപത്തഥാ.

സാരം :-

മൂന്നാം ഭാവത്തിൽ നിൽക്കുന്ന സൂര്യന്റെ ദശാകാലം ധൈര്യവും മഹത്തായ സുഖവും ഉണ്ടായിരിക്കുകയും രാജപ്രസാദവും അർത്ഥസിദ്ധിയും സഹോദരവിരോധവും അഥവാ സഹോദരഹാനിയും ഫലമാകുന്നു.

രണ്ടാം ഭാവത്തിൽ നിൽക്കുന്ന സൂര്യന്റെ ദശാകാലം

പുത്രോല്പത്തിവിപത്തിമത്ര കുരുതേ
ഭാനോർദ്ധനസ്ഥസ്യ വാ
ക്ലേശം ബന്ധുവിയോഗദുഃഖകലഹം
ക്രോധം ച വാഗ്ദൂഷണം
സ്ത്രീനാശം ധനനാശനം നൃപഭയം
ഭൂപുത്രയാനാംബരം
സർവ്വം നാശമുപൈതി തത്ര ശുഭയുഗ്
വാച്യം ന ചൈതൽ ഫലം.

സാരം :-

രണ്ടാം ഭാവത്തിൽ നിൽക്കുന്ന സൂര്യന്റെ ദശാകാലം ക്ലേശവും ബന്ധുവിരഹവും ദുഃഖവും കലഹവും കോപവും വാഗ്ദോഷവും ഭാര്യയ്ക്കും ധനത്തിനും നാശവും രാജകോപവും ഭൂമി, പുത്രൻ, വാഹനം വസ്ത്രം എന്നിവയ്ക്ക് ഹാനിയും സംഭവിക്കുന്നതായിരിക്കും.

സൂര്യൻ രണ്ടാം ഭാവത്തിൽ ശുഭഗ്രഹ സംബന്ധത്തോടുകൂടി നിന്നാൽ മേൽപ്പറഞ്ഞ ദോഷഫലങ്ങൾ സംഭവിക്കുകയില്ല.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.