ഭാവത്തിന് നാശത്തെത്തന്നെ പറയണം - ദോഷഫലത്തിന് ന്യൂനത (കുറവ്) സംഭവിക്കും

ഭാവാധിശേ ച ഭാവേ സതി ബലരഹിതേ
ച ഗ്രഹേ കാരകാഖ്യേ
പാപാന്തസ്ഥേ ച പാപൈരരിഭിരപി സമേ-
തേക്ഷിതേ നാന്യഖേടൈഃ
പാപൈസ്തദ്ബന്ധുമൃത്യുവ്യയഭവനതൈ-
സ്തത്ത്രികോണസ്ഥിതൈർവ്വാ
വാച്യാ തത്ഭാവഹാനിഃ സ്ഫുടമിഹ ഭവതി
ദ്വിത്രിസംവാദഭാവാൽ.

സാരം :-

ഭാവത്തിനും ഭാവാധിപതിയായ ഗ്രഹത്തിനും കാരകഗ്രഹത്തിനും ബലമില്ലാതിരിക്കുക. ഇവർക്ക് പാപന്മാരുടെ മദ്ധ്യത്തിൽ സ്ഥിതിവരിക, പാപഗ്രഹങ്ങളുടെയോ ശത്രുഗ്രഹങ്ങളുടെയോ യോഗദൃഷ്ടികൾ സംഭവിക്കുക, നാലാം ഭാവം എട്ടാം ഭാവം പന്ത്രണ്ടാം ഭാവം എന്നീ ഭാവങ്ങളിലോ ത്രികോണ രാശികളിലോ പാപഗ്രഹങ്ങൾ നിൽക്കുക, ഇങ്ങനെയുള്ള ലക്ഷണങ്ങൾ പലതും തികഞ്ഞുവന്നാൽ നിശ്ചയമായും ആ ഭാവത്തിന് നാശത്തെത്തന്നെ പറയണം. മേൽപ്പറഞ്ഞവയ്ക്ക് ശുഭഗ്രഹങ്ങളുടെ യോഗദൃഷ്ട്യാദി സംബന്ധം ഉണ്ടായാൽ മേൽപ്പറഞ്ഞ ദോഷഫലത്തിന് ന്യൂനത (കുറവ്) സംഭവിക്കും. ഗ്രഹങ്ങളുടേയും ഭാവത്തിന്റെയും ബലാബലത്തിന്റെ അടിസ്ഥാനത്തിൽ  എല്ലാ ശുഭാശുഭഫലങ്ങളെയും നിരൂപിച്ചു നിർണ്ണയിച്ചുകൊൾകയും വേണം.