ലഗ്നാധിപനായ ഗ്രഹം വേറൊരു ദുഃസ്ഥാനത്തിന്റെ അധിപൻകൂടിയായാലും

യത്ഭാവേഷ്വശുഭോപി വോദയപതി-
സ്തത്ഭാവവൃദ്ധിം ദിശേൽ-
ദുഃസ്ഥാനാധിപതിസ്സ ചേദ്യദി തനോഃ
പ്രാബല്യമന്യസ്യ ന
അത്രോദാഹരണം കുജേ സുതഗതേ
സിംഹേ ഝഷേ വാസ്ഥിതേ
പുത്രാപ്തിം ശുഭവീക്ഷിതേ ഝടിതി തൽ-
പ്രാപ്തിം വദന്ത്യുത്തമാഃ

സാരം :-

പാപഗ്രഹമായിരുന്നാലും ലഗ്നാധിപനായ ഗ്രഹം നിൽക്കുന്ന ഭാവത്തിന് അഭിവൃദ്ധിയുണ്ടാകും. ഈ ലഗ്നാധിപനായ ഗ്രഹം വേറൊരു ദുഃസ്ഥാനത്തിന്റെ അധിപൻകൂടിയായാലും താൻ നിൽക്കുന്ന ഭാവത്തിന് ദോഷം സംഭവിക്കുന്നതല്ല. അവിടെ ലഗ്നാധിപത്യം തന്നെ പ്രധാനഫലമായിരിക്കുന്നതും ദുഃസ്ഥാനാധിപത്യം അപ്രധാനമായിരിക്കുന്നതുമാണെന്ന് സാരം.

ലഗ്നാധിപത്യത്തോടുകൂടിയ ചൊവ്വാ ആറോ എട്ടോ ഭാവങ്ങളുടെ അധിപനായിട്ടു പുത്രസ്ഥാനമായ ചിങ്ങത്തിലോ മീനത്തിലോ നിന്നാൽ സന്താനഗുണമല്ലാതെ ദോഷം സംഭവിക്കുന്നതല്ല. മേൽപ്രകാരം നിൽക്കുന്ന ചൊവ്വയ്ക്ക്‌ ശുഭഗ്രഹദൃഷ്ടികൂടെയുണ്ടായിരുന്നാൽ ഏറ്റവും വേഗത്തിൽത്തന്നെ പുത്രന്മാർ ജനിക്കുമെന്നും പറഞ്ഞുകൊൾകയും വേണം. ഈ പറഞ്ഞ ഉദാഹരണം തന്നെ മറ്റു ഭാവങ്ങളുടെ നിരൂപണവിഷയത്തിലും യോജിപ്പിച്ചു ഫലം പറഞ്ഞുകൊൾകയും വേണം.