സഹോദരഭാവഫലം

അയുഗ്മരാശൌ യദി കാരകേശോ
ഗുർവ്വർക്കഭൂസൂനുനിരീക്ഷിതശ്ചേൽ
ഓജോഗൃഹസ്സ്യാദ്യദി വിക്രമാഖ്യഃ
പുംഭ്രാതരസ്ത്വംശവശാത്ഭവേയുഃ

സാരം :-

സഹോദരകാരകനായ ചൊവ്വയും മൂന്നാം ഭാവാധിപനായ ഗ്രഹവും ഓജരാശിയിൽ നിൽക്കുകയും അംശകിക്കുകയും ചെയ്ക; പുരുഷഗ്രഹങ്ങളായ സൂര്യൻ, ചൊവ്വ, വ്യാഴം എന്നീ ഗ്രഹങ്ങളുടെ ദൃഷ്ടിയുണ്ടാവുക; മൂന്നാം ഭാവം ഓജരാശിയായി വരിക എന്നീ ലക്ഷണങ്ങളുണ്ടായാൽ സഹോദരന്മാരുണ്ടാകുമെന്നും യുഗ്മരാശിസ്ഥിത്യംശകങ്ങളെക്കൊണ്ടും സ്ത്രീഗ്രഹയോഗദൃഷ്ടികളെക്കൊണ്ടും സഹോദരിമാർ ഉണ്ടാകുമെന്നും പറഞ്ഞുകൊള്ളണം.


ഭ്രാതൃപേ കാരകേ വാപി ശുഭയുക്തനിരീക്ഷിതേ
ഭാവേ വാ ബല സംപൂർണ്ണ ഭാതൃണാം വർദ്ധനം ഭവേൽ.

സാരം :-

മൂന്നാം ഭാവാധിപനായ ഗ്രഹവും ചൊവ്വയും ശുഭഗ്രഹങ്ങളുടെ യോഗദൃഷ്ടികളോടുകൂടി ഇഷ്ടഭാവത്തിൽ നിൽക്കുകയും മൂന്നാം ഭാവത്തിന് ബലമുണ്ടായിരിക്കുകയും ചെയ്‌താൽ സഹോദരാഭിവൃദ്ധി ഉണ്ടാകുമെന്ന് പറയണം.


വിക്രമേ ബുധസംയുക്തേ തദീശേ ശശിസംയുതേ
കാരകേ മന്ദസംയുക്തേ ഭഗിന്യേകാഗ്രതോ ഭവേൽ.

സാരം :-

മൂന്നാം ഭാവത്തിൽ ബുധൻ നിൽക്കുകയും മൂന്നാം ഭാവാധിപനായ ഗ്രഹം ചന്ദ്രനോടുകൂടിയും ചൊവ്വ ശനിസംയുക്തനായും നിന്നാൽ ഒരു ജ്യേഷ്ഠസഹോദരി മാത്രമേ ഉണ്ടായിരിക്കയുള്ളു എന്ന് പറയണം.


കാരകേ രാഹുസംയുക്തേ വിക്രമേശേƒരിനീചഗേ
പശ്ചാൽസഹോദരാഭാവഃ പൂർവ്വതസ്ത്രിതയം ഭവേൽ.

സാരം :-

ചൊവ്വയ്ക്ക്‌ രാഹുയോഗമുണ്ടാവുകയും മൂന്നാം ഭാവാധിപനായ ഗ്രഹത്തിന് ശത്രുക്ഷേത്രത്തിലോ നീചത്തിലോ സ്ഥിതിയും സംഭവിച്ചാൽ കനിഷ്ഠസഹോദരസ്ഥാനം ഇല്ലാതെയിരിക്കുകയും മൂന്ന് ജ്യേഷ്ഠസഹോദരങ്ങൾ ഉണ്ടായിരിക്കുകയും ചെയ്യും.


ഭ്രാതൃഭാവാധിപേ കേന്ദ്രേ കാരകേ തൽത്രികോണഗേ
ഗുരുണാ സഹിതേ സ്വോച്ചേ സ്യുർദ്വാദശ സഹോദരാഃ

സാരം :-

കേന്ദ്രരാശിയിൽ നിൽക്കുന്ന മൂന്നാം ഭാവാധിപനായ ഗ്രഹത്തിന്റെ അഞ്ചാം ഭാവത്തിലോ ഒമ്പതാം ഭാവത്തിലോ ഉച്ചരാശിയിൽ വ്യാഴത്തിനോടുകൂടി ചൊവ്വയും നിന്നാൽ പന്ത്രണ്ടു സഹോദരങ്ങളുണ്ടായിരിക്കും.


വ്യയേശസഹിതേ ഭൗമേ ഗുരുണാ സംയുതേƒപി വാ
ഭാതൃഭേശശിസംയുക്തേസപ്തസംഖ്യാസ്തുസോദരാഃ

സാരം :-

ചൊവ്വ പന്ത്രണ്ടാം ഭാവധിപനായ ഗ്രഹത്തിനോടോ വ്യാഴത്തിനോടോ കൂടി നിൽക്കുകയും മൂന്നാം ഭാവത്തിൽ ചന്ദ്രൻ വരികയും ചെയ്‌താൽ ഏഴുസഹോദരങ്ങളുണ്ടാകുമെന്നു പറയണം.

************************

സഹോദരീസഹോദരന്മാരുടെ ഗുണദോഷഫലങ്ങളെ മേൽപ്പറഞ്ഞപ്രകാരം പറഞ്ഞുകൊള്ളണം.