ദ്വിതീയഭാവഫലം

അർദ്ധസ്വാമിനി മുഖ്യഭാവജുഷി സൽ-
സ്വർത്ഥേ കുടുംബശ്രിയാ
സർവ്വോൽകൃഷ്ടഗുണോ ധനീ ച സുമുഖ-
സ്സ്യാദ്ദുരദർശീ നരഃ
സംബന്ധേ സവിതുർദ്വിതീയപതിനാ
ലോകോപകാരക്ഷമാം,
വിദ്യാമർത്ഥമവാപ്നുയാദഥശനേഃ
ക്ഷുദ്രാല്പവിദ്യാരതഃ

ജൈവേ വൈദികധർമ്മശാസ്ത്രനിപുണോ
നൌധേƒർത്ഥശാസ്ത്രേ പടുഃ
ശൃംഗാരോക്തിപടുർഭൃഗോർഹിമരുചേഃ
കിഞ്ചിൽ കാലാവിദ്ഭവേൽ
കൗജേ ക്രൂരകലാപടുശ്ച പിശുനോ
രാഹൗ സ്ഥിതേ ലോഹളഃ
കേതൌ ഭ്രശ്യദളീകവാഗ്ധഗതൈഃ
പാപൈശ്ച മൂഢോ നരഃ.

സാരം :-

രണ്ടാം ഭാവാധിപനായ ഗ്രഹം ഇഷ്ടഭാവത്തിൽ ശുഭഗ്രഹസംബന്ധത്തോടുകൂടി നിൽക്കുക, രണ്ടാം ഭാവത്തിൽ ശുഭഗ്രഹങ്ങളുടെ യോഗമുണ്ടായിരിക്കുക, എന്നാൽ കുടുംബൈശ്വര്യവും സർവ്വോൽകൃഷ്ടഗുണപുഷ്ടിയും ധനവും  സുമുഖതയും വിദ്യാഗുണവും പാണ്ഡിത്യവും വാഗ്മിത്വവും ഉള്ളവനായിരിക്കും.

ബുധൻ ബലവാനായി ഇഷ്ടഭാവത്തിൽ നിൽക്കുന്നതും വിദ്യാകരംതന്നെയാണ്.

രണ്ടാം ഭാവാധിപനായ ഗ്രഹത്തിന് സൂര്യന്റെ സംബന്ധമുണ്ടായാൽ ലോകോപകാരപ്രദമായ വിദ്യയും തത്വശാസ്ത്രവും ധനവും സിദ്ധിക്കും.

രണ്ടാം ഭാവാധിപനായ ഗ്രഹത്തിന് ശനിയുടെ സംബന്ധമുണ്ടായാൽ നിന്ദ്യവും നിസ്സാരവുമായ  വിദ്യമാത്രമുണ്ടാകും.

രണ്ടാം ഭാവാധിപനായ ഗ്രഹത്തിന് വ്യാഴത്തിന്റെ സംബന്ധമുണ്ടായാൽ വേദം, സ്മൃതി, ഉപനിഷത്തുക്കൾ, മന്ത്രതന്ത്രപ്രയോഗങ്ങൾ വേദാംഗങ്ങൾ മുതലായ വിദ്യകളിൽ വിദഗ്ദ്ധനായിരിക്കും.

രണ്ടാം ഭാവാധിപനായ ഗ്രഹത്തിന് ബുധന്റെ സംബന്ധമുണ്ടായാൽ അർത്ഥശാസ്ത്രങ്ങളിൽ പണ്ഡിതനായിരിക്കും.ബുധനെക്കൊണ്ട് സാഹിത്യം, ഗണിതം മുതലായ വിദ്യകളെ പറയണം.

രണ്ടാം ഭാവാധിപനായ ഗ്രഹത്തിന് ശുക്രന്റെ സംബന്ധമുണ്ടായാൽ ശൃംഗാരവിഷയമായ വാത്സ്യായനാദിതന്ത്രത്തിലും (കാമശാസ്ത്രത്തിലും) നൃത്തഗീതകലകളിലും സാമർത്ഥ്യമുള്ളവനായി ഭവിക്കും.

രണ്ടാം ഭാവാധിപനായ ഗ്രഹത്തിന് ചന്ദ്രന്റെ സംബന്ധമുണ്ടായാൽ കലാവിദ്യകളിൽ അല്പമായ പരിജ്ഞാനമുള്ളവനായിരിക്കും.

രണ്ടാം ഭാവാധിപനായ ഗ്രഹത്തിന് ചൊവ്വയുടെ സംബന്ധമുണ്ടായാൽ ക്രൂരങ്ങളായ കലാവിദ്യകളിൽ നൈപുണ്യം സിദ്ധിക്കും.

രണ്ടാം ഭാവാധിപനായ ഗ്രഹത്തിന് രാഹുവിന്റെ സംബന്ധമുണ്ടായാൽ കൊഞ്ഞയോടുകൂടിയോ വക്രമായോ സംസാരിക്കുകയും ചെയ്യും.

രണ്ടാം ഭാവാധിപനായ ഗ്രഹത്തിന് കേതുവിന്റെ സംബന്ധമുണ്ടായാൽ ഗൽഗദമായും അസത്യമായും പറയുന്നവനായും ഭവിക്കും.


ഇവിടെ ഗ്രന്ഥാന്തരങ്ങളിലുള്ള ചില വിശേഷലക്ഷണങ്ങളെ താഴെ പറയുന്നു .

നാലാം ഭാവത്തിലെ ശുക്രനെക്കൊണ്ട് സംഗീതശാസ്ത്രത്തെ പറയണം.

നാലാം ഭാവത്തിലെ ബുധനെക്കൊണ്ട് ജ്യോതിശ്ശാസ്ത്രത്തെ പറയണം.

അഞ്ചാം ഭാവത്തിൽ സൂര്യനും ബുധനും രാഹുവും കൂടി നിന്നാൽ ജ്യോതിശാസ്ത്രത്തെ പറയണം.

രണ്ടാം ഭാവത്തിൽ സൂര്യനും ബുധനും കൂടി നിന്നാൽ ജ്യോതിശാസ്ത്രത്തെ പറയണം.

രണ്ടാം ഭാവത്തിൽ സൂര്യനും ചൊവ്വയും കൂടി നിന്നാൽ തർക്കശാസ്ത്രത്തെ പറയണം.

അഞ്ചാം ഭാവത്തിൽ സൂര്യനും ബുധനും ശനിയും കൂടി നിന്നാൽ വേദാന്തശാസ്ത്രത്തെ പറയണം.

കേന്ദ്രത്രികോണലാഭരാശികളിൽ സൂര്യനും ബുധനും നിന്നാൽ ഗണിതശാസ്ത്രത്തെ പറയണം.

രണ്ടാം ഭാവത്തിൽ വ്യാഴം നിന്നാൽ വേദവേദാന്തശാസ്ത്രത്തെ പറയണം.

രണ്ടാം ഭാവാധിപനായ ഗ്രഹവും ബുധനും വ്യാഴവും ബലവാന്മാരായി കേന്ദ്രത്രികോണരാശികളിലോ ദ്വിതീയലാഭരാശികളിലോ നിന്നാൽ സകല കലാനൈപുണ്യവും അനുഭവിക്കും.

രണ്ടാം ഭാവത്തിൽ ശനി നിന്നാൽ ചൗര്യശാസ്ത്രത്തെ പറയണം.

രണ്ടാം ഭാവത്തിൽ ഗുളികൻ നിന്നാൽ ചൗര്യശാസ്ത്രത്തെ പറയണം.

രണ്ടാം ഭാവത്തിൽ രാഹു നിന്നാൽ ഗൂഢാർത്ഥജ്ഞാനവൈദഗ്ദ്ധ്യം ഉണ്ടാകും.

അഞ്ചാം ഭാവത്തിൽ രാഹു നിന്നാൽ ഗൂഢാർത്ഥജ്ഞാനവൈദഗ്ദ്ധ്യം ഉണ്ടാകും.

രണ്ടാം ഭാവത്തിൽ ശുക്രൻ നിന്നാൽ കവിത്വവും കാവ്യനാടകാലങ്കാരജ്ഞാനം ഉണ്ടാകും.

രണ്ടാം ഭാവത്തിൽ പാപരാശിയിൽ ശനിദൃഷ്ടിയോടുകൂടി ചൊവ്വ നിൽക്കുകയോ ബുധന് ചൊവ്വയുടെ സംബന്ധം വരികയോ ചെയ്‌താൽ രസതന്ത്രശാത്രത്തെ പറയണം.

രണ്ടാം ഭാവത്തിൽ സൂര്യനും ബുധനും കൂടി നിന്നാൽ വൈദ്യശാസ്ത്രത്തെ പറയണം.

ഇംഗ്ലീഷ് വിദ്യാഭ്യാസത്തെ ശനിരാഹുക്കളെക്കൊണ്ട് വിചാരിക്കേണ്ടതാണെന്നും അഭിപ്രായമുണ്ട്.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.