പാപഗ്രഹദൃഷ്ടനായ രാഹുവിന്റെ ദശാകാലം

പാപദൃഷ്ടിയുതോ രാഹുഃ കർമ്മനാശമുപദ്രവം
ഉദ്യോഗഭംഗം ദേഹാർത്തിം കുരുതേ നൃപപീഡനം.

സാരം :-

പാപഗ്രഹദൃഷ്ടനായ രാഹുവിന്റെ ദശാകാലം പ്രവൃത്തിക്കു (തൊഴിലിന്) ഹാനിയും പലവിധത്തിലുള്ള ഉപദ്രവങ്ങളും ഉദ്യോഗനാശവും ദേഹപീഡയും രാജകോപവും സംഭവിക്കുന്നതാണ്.

അഹംസ്പതിലക്ഷണം

"ചാന്ദ്രമാസൊദ്വിസംക്രാന്തിയുക്തോംഹസ്പതിരുച്യതെ" എന്ന നിയമപ്രകാരം അധിമാസം സംഭവിച്ചമാസത്തിനു തൊട്ടു മുന്നിലെ ചാന്ദ്രമാസത്തിലൊ അതിന്റെ മുന്നിലെ ചാന്ദ്രമാസത്തിലൊ രണ്ടു സൂര്യസംക്രമം സംഭവിച്ചാൽ ആ മാസം അംഹസ്പതിയാണ്. ഇതിന്റെ കീഴിലുള്ള അധിമാസമാണ് സംസർപ്പം. ഇതു അംഹസ്പതി സംസർപ്പമാസങ്ങൾ രണ്ടും ഋതു സംവത്സരഗണനയിൽ അന്തർഭവിച്ചവയാണ്. ഇവ രണ്ടും ഒരുമിച്ചു സംഭവിക്കുന്നവയുമാണ്. വളരെ കൊല്ലങ്ങൾക്ക് ശേഷം മാത്രമാണ് ഇവ സംഭവിക്കുന്നത്. ഇതുണ്ടായാൽ അതിന്റെ അടുത്തമാസം, അധിമാസം സംഭവിക്കും. ഇത് ആദ്യം സൂചിപ്പിച്ചതാണ്. അപ്പോൾ രണ്ടു സൂര്യസംക്രാന്തി സംഭവിക്കുന്ന ചാന്ദ്രമാസം അംഹസ്പതിയും; അതിനു കീഴിൽ സൂര്യസംക്രമം ഒന്നുമില്ലാതെ വരുന്ന ചാന്ദ്രമാസം സംസർപ്പവും; ഇതേവിധം അംഹസ്പതിക്കു മുമ്പ് സൂര്യസംക്രമം സംഭവിക്കാത്ത ചാന്ദ്രമാസം അധിമാസവുമാകുന്നു.

മേഷാദ്യൈകൈകരാശിസ്ഫുടഗതി ദിനകൃൽ
സംക്രമൈകൈകഗർഭാ
ശ്ചാന്ദ്രാ ശ്ചൈത്രാദിമാസാ ഇഹനയദുദരെ
സംക്രമസ്സോധീമാസഃ
സംസർപ്പസ്യാൽ സചാംഹസ്പതിരുപരിയദി
പ്രസ്തസംക്രാന്തിയുഗ്മഃ
തൗചാബ്ദത്ത്വംഗഭൂതൗ സഹസുചരിഭവൗ
സോധിമാസോത്രപശ്ചാൽ.

എന്നീ ശാസ്ത്രശ്ലോകത്തിൽ ഉൾകൊള്ളിച്ചിട്ടുള്ളത്‌.

ആയുർദായാനയനം

സത്യോക്തേ ഗ്രഹമിഷ്ടം ലിപ്താഃ കൃത്വാ ശതദ്വയേനാപ്തേ
മണ്ഡലഭാഗവിശുദ്ധേബ്ദാഃ സുശ്ശേഷാത്തു മാസാദ്യാഃ

സാരം :-

ആയുർദായാനയനം കണക്കാക്കുവാൻ സത്യാചാര്യന്റെ അഭിപ്രായത്തിൽ ഇഷ്ടഗ്രഹത്തെ ലിപ്തമാക്കിയിട്ട് (ഇലികളാക്കിയിട്ട്) അതിനെ ഇരുനൂറുകൊണ്ട് ഹരിച്ചാൽ കിട്ടുന്ന സംഖ്യയെ പന്ത്രണ്ടുകൊണ്ട് ഹരിച്ചാൽ വർഷം കിട്ടും. ശിഷ്ടമായി ലഭിച്ച സംഖ്യയിൽ നിന്ന് ഈ വിധം മാസം ദിനം എന്നിവയും കാണാവുന്നതാണ്.

താല്ക്കാലിക ഗ്രഹം 1 - 8 - 56 - 0 ഈ ഗ്രഹനിലയെ ഇലികളാക്കിയാൽ 2325 എന്ന് കിട്ടുന്നു. ഇതിനെ 200 കൊണ്ട് ഹരിച്ചാൽ 11 എന്ന് കിട്ടും. അത് വർഷമാകുന്നു. ശിഷ്ടം 125. ഈ സംഖ്യയെ 12 കൊണ്ട് ഗുണിയ്ക്കുക. അപ്പോൾ 1500. ഇതിനെ 200 കൊണ്ട് ഹരിച്ചാൽ 7 കിട്ടും. ശിഷ്ടം 100. ഇതിനെ 30 കൊണ്ട് ഗുണിയ്ക്കുമ്പോൾ 3000. 3000 ത്തിനെ 200 കൊണ്ട് ഹരിച്ചാൽ 15 കിട്ടും. ശിഷ്ടം ഇല്ല. അപ്പോൾ ഇഷ്ട ഗ്രഹത്തിന്റെ ആയുർദായാനയനം 11 വർഷം 7 മാസം 15 ദിവസം 0 മണിക്കൂർ.

ജീവശർമ്മാവിന്റെ പക്ഷപ്രകാരമുള്ള ദശാവർഷത്തേയും സത്യാചാര്യമതമായ അംശകദശയേയും പറയുന്നു

സ്വമതേവ കിലാഹ ജീവ ശർമ്മാ
ഗ്രഹദായം പരമായുഷഃ സ്വരാംശം
ഗ്രഹഭുക്തനവാംശരാശിതുല്യം
ബഹുസാമ്യം സമുപൈതി സത്യവാക്യം.

സാരം :-

മനുഷ്യർക്കു പറഞ്ഞ പരമായുസ്സിന്റെ ഏഴിലൊരംശമായ 17 സംവത്സരവും 1 മാസവും 22 ദിവസവും 8 നാഴികയും 34 വിനനാഴികയുമാണ് സൂര്യാദി ശനി പര്യന്തമുള്ള ഓരോ ഗ്രഹത്തിന്റേയും പരമോച്ചസ്ഥാനത്തിങ്കലുള്ള ദശാസംവത്സരങ്ങൾ. ഇവർ തന്നെ പരമനീചസ്തന്മാരായാൽ ഈ ദശാകാലങ്ങൾ, 8 സംവത്സരവും 6 മാസവും 26 ദിവസവും 4 നാഴികയും 17 വിനനാഴികയുമായി കുറയ്ക്കുകയും ചെയ്യും. ദശാസംവത്സരം ഈ വിധമാണെന്നാണ് തന്റെ അഭിപ്രായത്തെ മാത്രം ആധാരമാക്കിക്കൊണ്ട് ജീവശർമ്മാവെന്ന ആചാര്യൻ സ്വതന്ത്രമായി പറഞ്ഞിരിയ്ക്കുന്നത്. ആചാര്യന്റെ പക്ഷത്തിൽ ദശാസംവത്സരത്തിന്നു മാത്രം വിശേഷം പറകയാൽ, ഉച്ചനീചഹരണം മുതലായ ഹരണങ്ങളൊക്കയും ഈ ദശയ്ക്കും വേണമെന്നു വരുന്നുണ്ട്. ലഗ്നദശയും മുമ്പു പറഞ്ഞപ്രകാരം തന്നെ വരുത്തുകയും വേണം.

ഓരോ ഗ്രഹവും മേഷാദിയായിക്കണക്കാക്കുമ്പോൾ എത്ര വീതം അംശകം ഭുജിച്ചു (ഗമിച്ചു) കഴിഞ്ഞിട്ടുണ്ടോ അത്ര വീതം സംവത്സരം അതാതു ഗ്രഹങ്ങൾ ആയുസ്സിനെ പ്രദാനം ചെയ്യുന്നതും, സത്യാചാര്യ പക്ഷപ്രകാരമുള്ളതുമായ ആ അംശകദശയാകട്ടെ പ്രധാനികളായ പല ആചാര്യന്മാർക്കും സമ്മതവും, അഥവാ പല ജാതകത്തിലും പരീക്ഷിച്ചതിൽ ഒത്തുകണ്ടതുമാകുന്നു. എന്നുവെച്ചാൽ ഉച്ചനീചദശയ്ക്ക്, മുൻപ് ആരോപിച്ച ദോഷം ഇവിടെ വരുന്നതല്ലെന്നു താല്പര്യം. അതുമാത്രമല്ല, ഈ ദശകൊണ്ടു പരീക്ഷിച്ചുനോക്കിയതിൽ പല ജാതകങ്ങളിലും ഒത്തു വന്നതും, സുസമ്മതന്മാരായ പല ആചാര്യന്മാരുടെ ഗ്രന്ഥങ്ങളിലും സ്വീകരിച്ചു കാണുന്നതുമാകുന്നു. പല സ്ഥലത്തും സത്യാചാര്യമതത്തെ ബഹുമാനപുരസ്സരം പറഞ്ഞുകാണുന്നതിനാൽ ഗ്രന്ഥകർത്താവിന്നു സമ്മതവും ഒടുവിൽ പറഞ്ഞതാണെന്നറിക.

സൌകര്യത്തിനായി ഈ അംശകദശ വരുത്തുവാനുള്ള ക്രിയയും കൂടി ഇവിടെ കാണിയ്ക്കാം. ജനനസമയത്തേയ്ക്കുള്ള സൂര്യാദികളുടെ സ്ഫുടത്തെവെച്ച് രാശിയും തിയ്യതിയും ഇറക്കി ഇലിയാക്കി അതിനെ "ജ്ഞാനവീരനെ" (2400) കൊണ്ട് ഹരിയ്ക്കുക, കിട്ടിയ ഫലം ആവശ്യമില്ല. ശേഷത്തെ "നൃനഖ" നേക്കൊണ്ട് ഹരിച്ചാൽ കിട്ടുന്ന ഫലം സംവത്സരമാകുന്നു. ബാക്കിയെ 12 ലും, 30 ലും 60 ലും പെരുക്കി "നൃനഖ" നെക്കൊണ്ടുതന്നെ ഹരിച്ചാൽ ക്രമേണ മാസം ദിവസം നാഴിക ഇതുകളും കിട്ടും. ഇങ്ങനെ സൂര്യാദികളായ ഏഴു ഗ്രഹങ്ങളുടേയും ദശ വരുത്തുക. 

പാപഗ്രഹക്ഷേത്രത്തിൽ നിൽക്കുന്ന രാഹുവിന്റെ ദശാകാലം

പാപർക്ഷസംയുക്തഫണീന്ദ്രദായേ
ദേഹസ്യ കാർശ്യം സ്വജനസ്യ നാശം
ചോരാന്നൃപാദ്വാ ദ്വിഷതോ ഭയം ച
പ്രമേഹകാസക്ഷയമുത്രകൃഛ്റം

സാരം :-

പാപഗ്രഹക്ഷേത്രത്തിൽ നിൽക്കുന്ന രാഹുവിന്റെ ദശാകാലം ദേഹത്തിന് ചടവും ബന്ധുക്കൾക്ക് ഹാനിയും കള്ളന്മാരിൽ നിന്നും രാജാക്കന്മാരിൽ നിന്നും ശത്രുക്കളിൽ നിന്നും ഭയവും പ്രമേഹം, കാസം, ക്ഷയം, മൂത്രകൃഛ്റം മുതലായ രോഗങ്ങളെക്കൊണ്ട് ഉപദ്രവവും ഉണ്ടാകും.

പന്ത്രണ്ടാം ഭാവത്തിൽ നിൽക്കുന്ന രാഹുവിന്റെ ദശാകാലം

വ്യയഗതരാഹുദശായാം
ദേശഭ്രംശം മനോരുജം കുരുതേ
വിച്ഛന്നദാരതനയം
കൃഷിധനപശുധാന്യസമ്പദാം നാശം

സാരം :-

പന്ത്രണ്ടാം ഭാവത്തിൽ നിൽക്കുന്ന രാഹുവിന്റെ ദശാകാലം ദേശാന്തരസഞ്ചാരവും മനോദുഃഖവും മാനസികങ്ങളായ ഉന്മാദാദിരോഗങ്ങളുടെ ഉപദ്രവവും പുത്രകളത്രപീഡയും കൃഷിക്കും ധനധാന്യങ്ങൾക്കും പശുവൃഷഭാദികൾക്കും സമ്പത്തിനും ക്ഷയവും സംഭവിക്കും.

പതിന്നൊന്നാം ഭാവത്തിൽ നിൽക്കുന്ന രാഹുവിന്റെ ദശാകാലം

ആയഭാവഗതോ രാഹുസ്തൽപാകേ നൃപമാനനം
പുത്രദാരാർത്ഥഭൂക്ഷേത്രഗൃഹസമ്പൽസമൃദ്ധിഭാക്.

സാരം :-

പതിന്നൊന്നാം ഭാവത്തിൽ നിൽക്കുന്ന രാഹുവിന്റെ ദശാകാലം രാജാക്കന്മാരിൽ നിന്ന് സൽക്കാരങ്ങൾ ലഭിക്കുകയും വിവാഹം, പുത്രലാഭം, ധനാഭിവൃദ്ധി, ഭൂമിലാഭം, കൃഷിഗുണം, ഗൃഹനിർമ്മാണം, കുടുംബാഭിവൃദ്ധി പലപ്രകാരത്തിലുള്ള ഐശ്വര്യാഭിവൃദ്ധി എന്നിവകളുടെ അനുഭവവും ഫലമാകുന്നു.

പത്താം ഭാവത്തിൽ നിൽക്കുന്ന രാഹുവിന്റെ ദശാകാലം

മാനസ്ഥിതസ്യാപി ദശാവിപാകേ
രാഹോഃ പ്രവൃത്തിം ലഭതേ മനുഷ്യഃ
പുരാണധർമ്മശ്രവണൈശ്ച ഗംഗാ-
സ്നാനാദിഭിർവ്വാ സമുപൈതി പുണ്യം.

സാരം :-

പത്താം ഭാവത്തിൽ നിൽക്കുന്ന രാഹുവിന്റെ ദശാകാലം വിചാരിക്കുന്ന കാര്യത്തിന് സാദ്ധ്യവും പ്രവൃത്തിഗുണവും ഭാഗവതാദിമഹാപുരാണങ്ങളും ധർമ്മശാസ്ത്രങ്ങളും ഇതിഹാസങ്ങളും വായിച്ചുകേൾക്കുകയും ഗംഗാദിപുണ്യതീർത്ഥസ്നാനങ്ങൾ ചെയ്കയും തന്നിമിത്തം പുണ്യം സമ്പാദിക്കുകയും ചെയ്യും.

സൗമ്യര്‍ക്ഷഗശ്ചേൽ ഫലമേവമേവ
പാപർക്ഷഗശ്ചേദ്വിപരീതമേതൽ
പാപാന്വിതോ വാ യദി നഷ്ടപുത്ര-
ദാരാദികഃ പാപഗൃഹേƒഭിശസ്തഃ

സാരം :-

രാഹു പത്താം ഭാവത്തിൽ ശുഭരാശിയിൽ നിൽക്കുകയാണെങ്കിൽ മേൽപ്പറഞ്ഞ ശുഭഫലങ്ങൾ തന്നെ അനുഭവിക്കും.

പാപരാശിയിൽ പാപഗ്രഹത്തോടുകൂടി പത്താംഭാവത്തിൽ നിൽക്കുന്ന രാഹുവിന്റെ ദശാകാലം ഭാര്യാപുത്രാദികൾക്ക് നാശവും ലോകാപവാദവും തന്നിമിത്തം ഉണ്ടാവുന്ന ദൂഷ്യങ്ങളും മറ്റു അനിഷ്ടഫലങ്ങൾ തന്നെ അനുഭവിക്കുകയും ചെയ്യും.

അധിമാസലക്ഷണം

'സൂര്യസംക്രാന്തിരഹിതെ മലമാസോഭിധീയതെ". എന്നാണ് അധിമാസലക്ഷണം. മേഷാദിസൂര്യസ്ഫുടസംക്രമങ്ങൾ നിമിത്തമായി ചൈത്രാദിചാന്ദ്രമാസങ്ങളുടെ ആരംഭാവസാനങ്ങൾ സംഭവിക്കുന്നു. ഈ ചാന്ദ്രമാസങ്ങളിലെ ശുക്ലപ്രതിപദം മുതൽ അമാവാസി പര്യന്തമുള്ള ദിനങ്ങളിൽ സൂര്യസ്ഫുടസംക്രമം ഒന്നും തന്നെ സംഭവിക്കാതിരുന്നാൽ ആ ചൈത്രമാസത്തിനു അധിമാസമെന്നു പറയുന്നു.

ചൈത്രാദിചാന്ദ്രമാസങ്ങൾ

ശുക്ലപ്രതിപദം തുടങ്ങി 30 തിഥികളടങ്ങിയ ഇരുപത്തിഒമ്പതര സാവനദിവസമുള്ള ചാന്ദ്രമാസങ്ങളിൽ മേഷസംക്രമം സംഭവിക്കുന്ന ചാന്ദ്രമാസത്തിനാണ് ചൈത്രമാസമെന്ന് പറയുന്നത്. തുടർന്ന് ഓരോ മാസത്തിലും വരുന്ന സൗരമാസസംക്രമങ്ങളെ മാധ്യമമാക്കി ശകവർഷമാസങ്ങളെ ഗ്രഹിക്കണം. 

ചൈത്രം, വൈശാഖം, ജ്യേഷ്ഠം, ആഷാഢം, ശ്രാവണം, പ്രോഷ്ഠപദം, അശ്വിനം, കാർത്തികാ, മാർഗ്ഗശീഷം, പൗഷം, മാഘം, ഫാൽഗുനം എന്നിവയാണ് ശകവർഷമാസനാമങ്ങൾ.

ശുക്ലപ്രതിപദം മുതൽ അമാവാസ്യന്തമാണ് ചൈത്രാദിചാന്ദ്രമാസങ്ങളെന്നും, കൃഷ്ണപ്രദിപദം മുതൽ പൌർണ്ണമ്യന്തമാണ് ചൈത്രാദിചാന്ദ്രമാസമെന്നും രണ്ടുപക്ഷം നിലനിൽക്കുന്നുണ്ട്. ഇതിൽ ആദി പക്ഷമാണ് കേരളീയർ അംഗീകരിച്ചു വരുന്നത്. കേരളത്തിലെ ആചാരവിചാരങ്ങൾക്ക്‌ പവിത്രതയും ആഭിജാത്യവും പ്രധാനനിദാനങ്ങളാണ്. നർമ്മദാനദിക്കു തെക്കുഭാഗം സ്ഥിതിചെയ്യുന്ന ഭൃഗുരാമ ഭൂമിയുടെ സന്തതികളിൽ കുടികൊള്ളുന്ന സാംസ്കാരിക മഹിമ നർമ്മദാനദിക്കു വടക്കുഭാഗമുള്ള ഭൂവിഭാഗങ്ങളിലെ ജനങ്ങളിൽ കുറഞ്ഞു കാണാനിടവരുന്നുണ്ട്. ഇതു തന്നെയാണ് ഈ പക്ഷഭേദത്തിന്നും കാരണം. ഭാരത ഭൂഖണ്ഢത്തിലെ മറ്റൊരു നാട് ശിപ്രാനദീതീരത്ത് സ്വർഗ്ഗലാവണ്യം നിറഞ്ഞുനിൽക്കുന്ന ഉജ്ജയിനിയാണ്. ആ നാട്ടിലേയും ആചാരവിചാരങ്ങൾക്കും ആഭിജാത്യത്തിനും കേരള ഭൂമിയോട് സാദൃശ്യം കാണുന്നുണ്ട്. ശിപ്രാനദീതീരത്തെ മഹാകാളക്ഷേത്രനാഥന്റെ കാരുണ്യം കളിയാടുന്ന ഉജ്ജയിനിയും; നിളാനദിക്കരയിലെ തിരുനാവാക്ഷേത്രനാഥന്മാരുടെ തിരുകടാക്ഷംകൊണ്ട് കൗതുകം കുടികൊള്ളുന്ന ഭൃഗുരാമഭൂമിയും ജ്യോതിശ്ശാസ്ത്രവിചാരങ്ങളിൽ വിലപിടിപ്പുറ്റ സംഭാവന ഭാരതാംബയ്ക്ക് കാഴ്ചവെച്ചവരാണ്. അതിനാൽ അവരുടെ ചിന്ത നിത്യസത്യവും നിദാന്തസുന്ദരവുമായിരിക്കാനെ വഴിയുള്ളു. ഇവിടേ പറഞ്ഞ ചൈത്രാദിചാന്ദ്രമാസങ്ങളുടെ നിരൂപണത്തിന്നിടയാക്കിയ ശാസ്ത്രവശം താഴെ പറയുന്നു.

വിഷുവാഖ്യസ്സദാ ചൈത്രേജായതെ മേഷസംക്രമഃ
വൈശാഖെ വൃഷസംക്രാന്തി ജ്യേഷ്ഠേമിഥുനസംക്രമഃ
ആഷാഢെകർക്കിസംക്രാന്തി പ്രോച്യതെ ദക്ഷിണായനം.
ശ്രാവണെസിംഹസംക്രാന്തിഃ കാർത്തികെ വൃശ്ചികാഭിധഃ

മാർഗ്ഗശീർഷേതുധനുഷഃ പൗഷെമകര സംക്രമഃ
മകരാഖ്യാതു സംക്രാന്തിരുത്തരായണ സംജ്ഞിതാ
മാഘേചകുംഭസംക്രാന്തിഃ ഫാൽഗുനേമീനസംക്രമഃ

എന്നും

ചിത്രാദിതാരകാദ്വന്ദം യദാ പൂർണ്ണേന്ദുസായുതം
തദാചൈത്രാദയോമാസാസ്ത്രിഭി; ഷഷ്ഠാന്ത്യസപ്തമാ

എന്നും

ദശാന്തഃ പൌർണ്ണമാസാന്തഃ ചന്ദ്രമാസൊ ദ്വീധാമതഃ
ജാതിഭേദാദ്ദേശ ഭേദാത്തൗചമാസൗ വ്യവസ്ഥിതൗ.
നർമ്മദാ ദക്ഷിണെഭാഗെ ദർശാന്തൊ മാസഈഷ്യതെ
നർമ്മദോത്തരഭാഗേതു പൂർണ്ണിമാന്തഇതിസ്ഥിതിഃ

എന്നും

സ്പഷ്ടമായി തന്നെ നിലനിന്നുവരുന്നുണ്ട്. ഈ പറഞ്ഞ ചാന്ദ്രമാസങ്ങളിൽ ചൈത്രാദിയായ ഈ രണ്ടുമാസങ്ങൾ ചേർന്നു വസന്താദിയായി ആറു ഋതുക്കളും സംഭവിക്കുന്നു എന്നും കൂടി ഗ്രഹിക്കണം. ഈ ഋതുസംവത്സരങ്ങളെ കണക്കാക്കുമ്പോൾ അതിൽ അധിമാസം കൂട്ടാൻ പാടുള്ളതല്ല. അംഹസ്പതിയും സംസർപ്പവും ഋതുസംവത്സരങ്ങളിൽ അന്തർഭവിച്ചതാകയാൽ അവയെ കൂടി കണക്കാക്കുകയും വേണം.

ചക്രവർത്തിത്വം അനുഭവിക്കുന്നില്ലെന്നു മാത്രമല്ല അതിയായ ദാരിദ്രം അനുഭവിച്ചും കാണുന്നുണ്ട്

യസ്മിൻ യോഗേ പൂർണ്ണമായുഃ പ്രദിഷ്ടം
തസ്മിൻ പ്രോക്തം ചക്രവർത്തിത്വമന്യത്
പ്രത്യക്ഷോയം തേഷു ദോഷോപരോപി
ജീവന്ത്യായുഃ പൂർണ്ണമർത്ഥൈർവ്വിനാപി.

സാരം :-

ജനനസമയത്തു ഈ അദ്ധ്യായത്തിലെ ആറാം ശ്ലോകംകൊണ്ടു പറഞ്ഞ പൂർണ്ണായുർയ്യോഗമുണ്ടായാൽ പരമായുസ്സ് അനുഭവിയ്ക്കുമെന്നാണല്ലോ മായാദികൾ പറഞ്ഞിട്ടുള്ളത്. ആ  യോഗസമയത്തു ജനിച്ചാൽ ചക്രവർത്തിയായിത്തീരുമെന്നും അവർതന്നെ പറഞ്ഞിട്ടുണ്ട്. എന്നാൽ പരീക്ഷിച്ചുനോക്കിയാൽ ആ പരമായുർയ്യോഗത്തിൽ ജനിച്ചവർ പൂർണ്ണായുസ്സ് അനുഭവിച്ചും, ചക്രവർത്തിത്വം അനുഭവിയ്ക്കാതേയും കണ്ടുവരുന്നുണ്ട്. ചക്രവർത്തിത്വം അനുഭവിക്കുന്നില്ലെന്നു മാത്രമല്ല അതിയായ ദാരിദ്രം അനുഭവിച്ചും കാണുന്നുണ്ട്. ഇതാണ് മായാദികൾക്കു ദോഷം പറ്റിയെന്നു അജ്ഞന്മാർ ഘോഷിയ്ക്കുന്ന മറ്റൊരു വിഷയം. ടി. യോഗത്തിന്നുള്ള ചക്രവർത്തിത്വലക്ഷണം എന്തെന്നാൽ ബുധൻ ഒഴിച്ച് മറ്റു ആറു ഗ്രഹങ്ങളും ഉച്ചസ്ഥന്മാരായിരിയ്ക്കണമെന്നാണല്ലോ യോഗലക്ഷണത്തിൽ പറഞ്ഞിട്ടുള്ളത്. ജനനസമയത്ത് നാലിലധികം ഗ്രഹങ്ങൾ ഉച്ചസ്ഥന്മാരായാൽ അയാൾ രാജാവിനേക്കാൾ ഉയർന്നതായ ചക്രവർത്തിത്വമോ ദിവ്യത്വമോ അനുഭവിയ്ക്കുമെന്നാണ്.

"സുഖിനഃ പ്രകൃഷ്ടകർമ്മാ രാജപ്രതിരൂപകാശ്ച രാജാനഃ
ഏകദ്വിത്രിചതുർഭിർജ്ജായന്തേƒതഃ പരം ദിവ്യാഃ"

എന്നും മറ്റുമുള്ള പ്രമാണങ്ങളെക്കൊണ്ടു പറഞ്ഞിരിയക്കുന്നത്.

ഇതുകൊണ്ടും ഗ്രന്ഥകാരൻ മായാദികളെ ആക്ഷേപിയ്ക്കുകയല്ല ചെയ്തിട്ടുള്ളത്. പണ്ഡിതാഭിമാനികൾ മേൽപ്പറഞ്ഞവിധവും അറിവില്ലാതെ ആക്ഷേപിച്ചേയ്ക്കുമെന്നും, ശരിയായി ചിന്തിയ്ക്കുന്നതാകയാൽ ഇതിൽ ദോഷാരോപണത്തിനു വകയില്ലെന്നും കാണിപ്പാൻ മാത്രമാണ് ഈ ശ്ലോകവും എഴുതിയിരിയ്ക്കുന്നത്. ഇന്നിന്ന ഗ്രഹങ്ങൾ ഇന്നിന്ന നിലയില്‍ നിൽക്കണമെന്നു പറഞ്ഞിട്ടുള്ളതിൽ നിന്ന് ഒരു ഇലി കൂടി തെറ്റിയാൽ ചക്രവർത്തിത്വാദിയോഗഫലങ്ങൾ അനുഭവിയ്ക്കുന്നതല്ല. ചക്രവർത്തിത്വയോഗത്തിന്റെ അടുത്തുതന്നെ കേമദ്രുമം മുതലായ അശുഭഫലപ്രദങ്ങളായ യോഗങ്ങളുണ്ടായെന്നും വരാം. ആ സ്ഥിതിയ്ക്കു ചക്രവർത്തിത്വയോഗത്തിന്റെ അല്പം മുമ്പോ പിമ്പോ ജനിച്ചാൽ (കേമദ്രുമം മുതലായ അശോഭാനയോഗമുള്ളപ്പോൾ എന്ന് സാരം) വലുതായ ദാരിദ്രം തന്നെ അനുഭവിച്ചുവെന്നു വരാം. എന്നാൽ അതുകൊണ്ട് ആയുർവ്വിഷയത്തിൽ കുറച്ചു ദിവസമോ അഥവാ മാസം തന്നെയോ അല്ലാതെ അധികം കുറയുവാനും തരമില്ല. അപ്പോൾ പരമായുസ്സ് ചക്രവർത്തിത്വം മുതലായതു അനുഭവിയ്ക്കത്തക്ക യോഗസമയത്തു ജനിച്ച് ദീർഘായുസ്സനുഭവിച്ചും, ചക്രവർത്തിത്വത്തിനുപകരം ദരിദ്രനായും ജീവിച്ചുവന്നു മൂഢന്മാർക്കു പറയാനും വഴിയായി. ഇവിടേയും ഈ തത്ത്വങ്ങളൊന്നുമറിയാതെ ആക്ഷേപിയ്ക്കാനിടവരുമെന്നു കാണിക്കുകയാണ് ആചാര്യൻ ചെയ്തിട്ടുള്ളത്. അല്ലാതെ ദോഷാരോപണം ചെയ്യുകയല്ലെന്നും അറിയണം. മേൽ എഴുതിയ രണ്ടു ശ്ലോകങ്ങളു വരാഹമിഹിരാചാര്യരുടേതെല്ലെന്നും, പ്രക്ഷിപ്തങ്ങളാണെന്നും ചിലർ പറയുന്നുണ്ട്.                                                                                                     

ആയുർദ്ദായദശ മായാദികളുടെ അഭിപ്രായത്തിൽ

ആയുർദ്ദായം വിഷ്ണുഗുപ്തോപി ചൈവം
ദേവസ്വാമീ സിദ്ധസേനശ്ച ചക്രേ
ദോഷശ്ചൈഷാം ജായതേഷ്ടൗവരിഷ്ടം
ഹിത്വാ നായുർവ്വിംശതേസ്സ്യാദധസ്താത്.

സാരം :-

കേവലം മയയവനമണിന്ഥപരാശരാദികൾ മാത്രമല്ല, വിഷ്ണുഗുപ്തനും (ചാണക്യനും) ദേവസ്വാമിയും സിദ്ധസേനനും മായാദികളുടെ അഭിപ്രായത്തെ അനുസരിച്ചാണ് ആയുർദ്ദായദശ വരുത്തുവാൻ പറഞ്ഞിട്ടുള്ളത്. 

ഗുരുകുലക്ലിഷ്ടമതികളും, ഗുരൂപദേശം നിമിത്തം ശാസ്ത്രതത്ത്വത്തെ നല്ലപോലെ അറിഞ്ഞവരുമായ പണ്ഡിതശ്രേഷ്ഠന്മാർക്ക് സൂക്ഷ്മമായി ആലോചിച്ചാൽ ഈ പദ്ധതിയ്ക്ക് യാതൊരു സ്ഖലിതവും കാണാൻ കഴിയുകയില്ല. എന്നിരുന്നാലും പണ്ഡിതാഭിമാനികളും ഉത്താനബുദ്ധികളുമായവർക്കു ഈ മായാദികളുടെ പദ്ധതിയിൽ സ്വല്പം ഒരു തെറ്റുണ്ടെന്നു തോന്നുന്നതായി വരാം. അതും ഇവിടെ കാണിക്കുന്നു.

സദ്യോരിഷ്ടം, അരിഷ്ടം എന്നീ യോഗങ്ങളെക്കൊണ്ടു എട്ടു വയസ്സുതികയുന്നതുവരേയുള്ള മരണലക്ഷണത്തെ പറഞ്ഞു. അനന്തരം "രിഷ്ടയോഗാദികൾ" ഉണ്ടെങ്കിൽ കൂടി ദശായുസ്സിനെ അപേക്ഷിക്കേണ്ടതായിട്ടാണല്ലോ ഇരിയ്ക്കുന്നത്. മേൽപ്പറഞ്ഞ ദശാസംവത്സരങ്ങളാവട്ടെ ഹരണങ്ങളെക്കൊണ്ടു എത്രതന്നെ കുറഞ്ഞാലും എല്ലാറ്റിന്റെയും ദശകൾ ഒന്നിച്ചു കൂട്ടിയാൽ ഇരുപതു സംവത്സരത്തിൽ കുറയുന്നതല്ല. ആ സ്ഥിതിക്കു എട്ടു വയസ്സു കഴിഞ്ഞ് 20 വയസ്സിനകത്തു സംഭവിച്ചു കാണാറുള്ള മരണലക്ഷണങ്ങളെ എന്തുകൊണ്ടാണ് അറിയുക? അല്ലെങ്കിൽ ആ കാലത്തു മരണം ഉണ്ടാകരുതെന്നു വരുന്നതാണല്ലോ. ഇതാണ് മായാദികളുടെ പദ്ധതിക്കു ദോഷം പറ്റിയോ എന്നു തോന്നാവുന്ന വിഷയം.

എല്ലാവരുടേയും പദ്ധതികൾ എല്ലാ വിഷയത്തിലും ഒത്തു എന്നുവരുന്നതല്ല. പഞ്ചസിദ്ധാന്തകർത്താക്കന്മാരുടെ സ്ഥിതിതന്നെ നോക്കുക. ഗ്രഹഗണിതാദികളിൽ ഓരോ കാലത്തു ഓരോ വിധമാണ് ഒത്തുകാണുക. ആ കാരണത്തിൽ നിന്നാണ് പഞ്ചസിദ്ധാന്തകർത്താക്കന്മാരുടെ ആവിർഭാവം തന്നെ. അല്ലാതെ ബ്രഹ്മാവ്‌, സൂര്യൻ, രോമേശൻ, വസിഷ്ഠൻ മുതലായ സിദ്ധാന്തകർത്താക്കന്മാർക്കു പ്രാമാണ്യമില്ലായ്കയല്ല. അതേവിധത്തിൽ മായാദികളുടെ മേൽപ്പറഞ്ഞ പിണ്ഡദശയും സൂര്യനും പൂർണ്ണബലമുള്ളപ്പോഴേ ഒത്തുവരികയുള്ളു. "പിണ്ഡായുഃ പ്രബലേ രവൗ" എന്ന് പ്രമാണവും കാണുന്നുണ്ട്. സൂര്യനു ബലമില്ലാത്ത വിഷയത്തിൽ ലഗ്നദശ ജീവശർമ്മീയദശ ഇത്യാദികളെ ആശ്രയിയ്ക്കുകയാണ് വേണ്ടത്. അതിനെ കാണിപ്പാൻ വേണ്ടി മാത്രമാണ് ആചാര്യൻ അല്പം ആക്ഷേപസ്വരം പുറപ്പെടുവിച്ചുള്ളതെന്നും അറിയേണ്ടതാണ്. 

ഒമ്പതാം ഭാവത്തിൽ നിൽക്കുന്ന രാഹുവിന്റെ ദശാകാലം

രാഹോർദ്ദശായാം നവമസ്ഥിതസ്യ
ഗുരോഃ പിതുർവ്വാ മരണം ച കഷ്ടം
സ്നാനം സമുദ്രസ്യ സുതാർത്ഥനാശം
ക്ലേശം സമാപ്നോതി വിദേശവാസം.

സാരം :-

ഒമ്പതാം ഭാവത്തിൽ നിൽക്കുന്ന രാഹുവിന്റെ ദശാകാലം പിതാവ്, പിതൃവ്യൻ, ആചാര്യൻ മുതലായവർക്ക് രോഗമരണാദ്യരിഷ്ടകളും പുത്രനാശവും ധനഹാനിയും പലവിധത്തിൽ ഉള്ള ക്ലേശങ്ങളും പരദേശവാസവും സമുദ്രസ്നാനവും ഫലമാകുന്നു.

എട്ടാം ഭാവത്തിൽ നിൽക്കുന്ന രാഹുവിന്റെ ദശാകാലം

രാഹോർദ്ദശായാം നിധനസ്ഥിതസ്യ
രോഗം മൃതിം വാ തനയാർത്ഥനാശം
ചോരാഗ്നിഭൂപൈസ്സ്വകുലോത്ഭവൈശ്ച
ഭയം മൃഗൈർവ്വാ വനവാസദുഃഖം.

സാരം :-

എട്ടാം ഭാവത്തിൽ നിൽക്കുന്ന രാഹുവിന്റെ ദശാകാലം രോഗദുഃഖങ്ങളും ധനനഷ്ടവും കാര്യഹാനിയും തനിക്കോ പുത്രനോ മരണവും കള്ളന്മാരിൽനിന്നും സ്വജനങ്ങളിൽനിന്നും പശുവൃഷഭാദി മൃഗങ്ങളിൽനിന്നും ഉപദ്രവവും അഗ്നിഭയവും രാജഭയവും വനവാസം നിമിത്തം ഉള്ള ക്ലേശവും സംഭവിക്കും.

നാക്ഷത്രമാസം

അശ്വതി മുതലായ ഓരോ നക്ഷത്രമാനസമയമാണ് ഒരു നാക്ഷത്രദിവസം. ചന്ദ്രസ്ഫുടഗതിപ്രാകാരം എല്ലാനക്ഷത്രങ്ങളിലും സഞ്ചരിക്കുന്നതിന്നു വേണ്ട കാലമാണ് ഒരു നാക്ഷത്രമാസം. അതുകൊണ്ട് ഒരു നാക്ഷത്രമാസത്തിനു സാമന്യേന 27 സാവനദിവസം വരുന്നു. ഇങ്ങനെയുള്ള 12 നാക്ഷത്രമാസം ചേർന്ന ഒരു സംവത്സരത്തിനു 324 സാവനദിനം വരുന്നു. ശശിമണ്ഡലകാലംകൊണ്ട് കണക്കാക്കിയാൽ 323 സാവനദിവസം വരുമെന്ന് പറയുന്നുണ്ട്.

**********************************

സൗരംചാന്ദ്രംസാവനംച തഥാനാക്ഷത്രമേവച
ചാത്വാര്യേതാനി മാസാനികഥിതാനിമനീഷിഭിഃ
ഭാഗഭോഗോരവേ സൗരം ദിനം ചാന്ദ്രം തിഥിര്‍ഭവേൽ
സൂര്യോദയാൽ സാവനംസ്യാൽ നാക്ഷത്രം ഭഭ്രമേന്നതു
ത്രിംശദ്ദിനാനി മാസസ്സ്യാൽ മാസാദ്വാദശവത്സരം
സംക്രാന്ത്യന്തസ്സൗരമാസശ്ചാന്ദ്രശ്ചന്ദ്രാർക്കസംഗമഃ
സാവനഃ ഖാഗ്നിദിവസൊ നാക്ഷത്രശ്ശശിമണ്ഡലഃ

എന്നത് സാവനമാസം, സൗരമാസം, ചാന്ദ്രമാസം, നാക്ഷത്രമാസം എന്നീ നാല് മാസങ്ങളുടെ പ്രമാണമാണ്.

ചാന്ദ്രമാസം

പ്രഥമ ആദിയായ ഓരോ തിഥികളാണ് ഒരു ചാന്ദ്രദിനം. സൂര്യചന്ദ്രന്മാർ ഓരോ രാശിയിൽ തുല്യകലയിൽ നിൽക്കുന്നതു മുതൽ അടുത്തരാശിയിൽ സൂര്യചന്ദ്രന്മാർ തുല്യകലയിൽ വരുന്നതുവരെയുള്ള ദിനങ്ങളാണ് ഒരു ചാന്ദ്രമാസദിനങ്ങൾ. അപ്പോൾ ശുക്ലപ്രതിപദം തുടങ്ങി അമാവാസിപര്യന്തമുള്ള മുപ്പത് തിഥികളാണ് - ഇരുപത്തിഒമ്പതര സാവനദിവസമാണ് - ഒരു ചാന്ദ്രമാസദിനങ്ങളായി വരിക. ഇപ്രകാരമുള്ള 12 മാസം കൂടിയ ഒരു ചാന്ദ്രസംവത്സരത്തിനു 354 സാവനദിവസം വരും.

സൗരമാസം

സൂര്യസ്ഫുടഗതികൊണ്ടു സംഭവിക്കുന്നത് സൗരദിനം. മേഷസംക്രമം മുതൽ ഇടവസംക്രമം വരെയുള്ള ദിനങ്ങൾ ചേർന്നത് ഒരു മാസം. ഇടവസംക്രമം മുതൽ മിഥുനസംക്രമം വരെ രണ്ടാമത്തെ മാസം, ഇങ്ങനെ സംക്രമം മുതൽ സംക്രമം വരെയുള്ള ദിനങ്ങൾ ചേർന്നുണ്ടാകുന്ന മാസങ്ങൾക്കാണ് സൗരമാസങ്ങൾ എന്ന് പറയുന്നത്. ഈ സൗരമാസങ്ങൾക്ക് ഓരോന്നിനും സൂര്യസ്ഫുടഗതികൊണ്ട്  ദിനങ്ങൾക്കു ഏറ്റകുറവുകൾ സംഭവിക്കുന്നുണ്ട്. പന്ത്രണ്ടുമാസത്തിന്നും കൂടി ഒരു സംവത്സരത്തിനു മുന്നൂറ്റിഅറുപത്തിയഞ്ചെകാൽ സാവനദിവസം വരും. അതിനാൽ നാല് വർഷം കൂടുമ്പോൾ ഒരു വർഷത്തിനു ഒരു സാവന ദിവസം കൂടുതൽ വരുന്നതായിരിക്കും.

സാവനമാസം

ഉദയം മുതൽ പിറ്റേദിവസം ഉദയം വരെയുള്ള 60 നാഴികാ കാലമാണ് ഒരു സാവനദിനം. ഈ സാവനദിനം 30 കൂടിയത് ഒരു സാവനമാസം. 12 മാസം കൂടിയ 365 ദിവസം ഒരു സാവനസംവത്സരം.

ഷൾദോഷങ്ങൾ

അംഹസ്പതി, സംസർപ്പം, അധിമാസം, പകൽ ഗുരുശുക്രദർശനം, ഗുരുശുക്രന്മാരുടെ മൗഢ്യം, ഗുരുശുക്രന്മാരുടെ പരസ്പരദൃഷ്ടി എന്നിവ ഷൾദോഷങ്ങൾ ആകുന്നു. ഇവ ദിനമാസ കാര്യങ്ങളൊഴികെ മറ്റുള്ളവയിൽ വർജ്ജിക്കണം.

അംഹസ്പതി രധീമാസസ്സംസർപ്പൊ
ദൃശ്യതാഹ്നിഗുരുസിതയോഃ
മൗഢ്യം ദൃഷ്ടിശ്ചമിഥൊ വർജ്യാദിന
മാസകാര്യതോന്യത്ര

എന്നതാണ് മേൽപ്പറഞ്ഞതിന്നു നിയമം. ഒരു അധിമാസത്തിനു അംഹസ്പതി എന്നും ; രണ്ടാമത്തെ അധിമാസത്തിനു കേവലാധിമാസം എന്നും; മൂന്നാമത്തെ അധിമാസത്തിനു സംസർപ്പമെന്നും പറയുന്നു. ഇവ മൂന്നും അധിപമാസഭേദങ്ങളാണ്.

പരമായുസ്സിന്റെ ഗ്രഹസ്ഥിതി

അനിമിഷപരമാംശകേ വിലഗ്നേ
ശശിതനയേ ഗവി പഞ്ചവർഗ്ഗലിപ്തേ
ഭവതി ഹി പരമായുഷഃ പ്രമാണം
യദി സഹിതാസ്സകലാസ്സ്വതുംഗഭേഷു.

സാരം :-

ലഗ്നഭാവം മീനത്തിൽ ഒടുവിലത്തെ അംശകം പൂർണ്ണമായി (അതായത് 12 രാശി തികഞ്ഞു നിൽക്കുക എന്ന് സാരം) നിൽക്കുക, ഗ്രഹങ്ങളെല്ലാം തങ്ങളുടെ അത്യുച്ചസ്ഥാനത്തിലും, എന്നാൽ ബുധൻ മാത്രം ഇടവം രാശിയിൽ 25 ഇലിയും തികഞ്ഞു നിൽക്കുക - ഇതാണ് പരമായുസ്സിന്റെ ഗ്രഹസ്ഥിതി. ഈ ഗ്രഹസ്ഥിതി പ്രകാരം ദശ വരുത്തിയാൽ എട്ടു ദശകളിലും കൂടി 120 വർഷവും 5 ദിവസവും കിട്ടുന്നതാണ്.

മനുഷ്യരുടേയും മൃഗങ്ങളുടേയും ആയുസ്സ്

സമാഃ ഷഷ്ടിർദ്വിഘ്നാ മനുജകരിണാം പഞ്ച ച നിശാ
ഹയാനാം ദ്വാത്രിംശത്‌ ഖരകരഭയോഃ പഞ്ചകകൃതിഃ
വിരൂപാ സാ ത്വായുർവൃഷയോർദ്ദ്വാദശ ശുനാം
സ്മൃതഞ്ച്ഛാഗാദീനാം ദശകസഹിതാഃ ഷൾ ച പരമം.

സാരം :-

മനുഷ്യർക്കും ആനകൾക്കും പരമായുസ്സ് 120 സംവത്സരവും, 5 ദിവസവും; കുതിരകൾക്ക് 32 വയസ്സും, കഴുതകൾ, ഒട്ടകങ്ങൾ എന്നിവയ്ക്ക് 20 വർഷവും, പശു, കാള , പോത്ത് എന്നീ മൃഗങ്ങൾക്ക് 24 സംവത്സരവും, ശ്വാകൾക്ക് 12 കൊല്ലവും, ആട്, പൂച്ച, മുയൽ മുതലായ ജന്തുക്കൾക്ക് പരമായുസ്സ് 16 വയസ്സും ആകുന്നു.

പരമായുസ്സ് എന്ന് പറഞ്ഞതിന്നു "അതിലധികം ജീവിച്ചിരിയ്ക്കയില്ല" എന്നാണ് മനസ്സിലാക്കേണ്ടത്.

മനുഷ്യർക്ക്‌ പരമായുസ്സ് "നൂറ്റിരുപത്" എന്ന്  പറയേണ്ടതിനു പകരം - ഷഷ്ടിർദ്വിഘ്നാഃ "അറുപതിന്റെ ഇരട്ടി" - എന്ന് പറഞ്ഞിരിയ്ക്കയാൽ ഈ പറഞ്ഞ പരമായുസ്സ് കലിയുഗത്തിന്റെ ആദ്യത്തിലാണെന്നും, ക്രമത്തിൽ കുറഞ്ഞ് യുഗാവസാനത്തിൽ അത് 60 ആയിച്ചുരുങ്ങുമെന്നാണ് സൂചിപ്പിച്ചിട്ടുള്ളത്‌. കുതിര മുതലായ മറ്റു മൃഗങ്ങളുടെ പരമായുസ്സിനേയും മേൽപ്പറഞ്ഞപ്രകാരം വിചാരിയ്ക്കേണ്ടതാണ്.

"സ്മൃതം" എന്നതുകൊണ്ട്‌ മനുഷ്യർക്കു പറഞ്ഞപോലെത്തന്നെ പശുമാർജ്ജാരാദി ജന്തുക്കൾക്കും ആയുർദ്ദായം ഗണിച്ച് ആയുസ്സിനെ നിർണ്ണയിയ്ക്കാമെന്നാണ് സൂചിപ്പിച്ചിരിയ്ക്കുന്നത്. പക്ഷേ മുൻപറഞ്ഞതു 120 വയസ്സുള്ള മനുഷ്യരുടേതാകയാൽ ത്രൈരാശികം ചെയ്യേണമെന്നുമാത്രം ധരിയ്ക്കണം. അതെങ്ങനെയെന്നാൽ ഹരണമൊക്കെ കഴിഞ്ഞിരിയ്ക്കുമ്പോൾ ഒരു ദശ 15 സംവത്സരം എന്നു കിട്ടിയാൽ അത് 120 വയസ്സുള്ള മനുഷ്യന്റെതാകയാൽ 32 വയസ്സുള്ള കുതിരയ്ക്ക് എത്രയുണ്ടെന്നാണ് അറിയേണ്ടത്. അതിനു ആ 32 നെ 15 കൊണ്ട് പെരുക്കി 120 ൽ ഹരിച്ചാൽ മതി. അപ്പോൾ കിട്ടുന്നത് കുതിരയുടെ ദശാകാലമായി വരും. ഇപ്രകാരം എല്ലാ ഗ്രഹങ്ങളുടെ ദശയേയും ത്രൈരാശികം ചെയ്തു എല്ലാ മൃഗങ്ങളുടെ ആയുസ്സിനേയും ഗണിച്ചറിയാവുന്നതാകുന്നു. എന്നുമാത്രമല്ല ആ വക മൃഗാദികളുടെ കാര്യത്തിലും അതാതു ഗ്രഹങ്ങളുടെ ദശാകാലത്ത് ഗുണദോഷരൂപങ്ങളായ സകലഫലത്തിന്റെയും ദാതൃത്വവും അതാതു ഗ്രഹങ്ങൾക്കുതന്നെയാകുന്നുവെന്നും അറിയണം. 

ഏഴാം ഭാവത്തിൽ നിൽക്കുന്ന രാഹുവിന്റെ ദശാകാലം

കളത്രരാശിസ്ഥിതരാഹുദായേ
കളത്രനാശം സമുപൈതി ശീഘ്രം
വിദേശയാനം കൃഷിഭാഗ്യഹാനിം
വിഷം മൃതിം വാ ഖലു ഗുഹ്യരോഗം.

സാരം :-

ഏഴാം ഭാവത്തിൽ നിൽക്കുന്ന രാഹുവിന്റെ ദശാകാലം ഭാര്യയ്ക്ക് മരണവും അന്യദേശഗമനവും കൃഷിക്കും ഭാഗ്യാദ്യൈശ്വര്യങ്ങൾക്കും ഹാനിയും വിഷഭയവും ആർശസ്സ്, ഭഗന്ദരം, മൂത്രരോഗം മുതലായ ഗുഹ്യവ്യാധികളും അഥവാ മരണവും സംഭവിക്കും.

ആറാം ഭാവത്തിൽ നിൽക്കുന്ന രാഹുവിന്റെ ദശാകാലം

രാഹോർദ്ദശായാം രിപുരാശിഗസ്യ
ചോരാഗ്നിഭൂപൈർഭയമാപ്തനാശം
പ്രമേഹഗുല്മക്ഷയപിത്തരോഗം
ത്വഗ്രോഗദോഷം നിധനം ച വാ സ്യാൽ.

സാരം :-

ആറാം ഭാവത്തിൽ നിൽക്കുന്ന രാഹുവിന്റെ ദശാകാലം കള്ളന്മാരിൽ നിന്നും അഗ്നിയിൽ നിന്നും രാജാക്കന്മാരിൽ നിന്നും ഭയവും ആപ്തജനങ്ങൾക്ക്‌ നാശവും പ്രമേഹം ഗുല്മം ക്ഷയം പിത്തം ത്വഗ്രോഗം മുതലായ രോഗങ്ങളും അഥവാ മരണവും സംഭവിക്കും. ഇങ്ങനെ ആറാം ഭാവത്തിൽ നിൽക്കുന്ന രാഹുവിന് അനിഷ്ടദശാഫലങ്ങൾ പറഞ്ഞിട്ടുണ്ടെങ്കിലും പാപഗ്രഹങ്ങൾക്ക്‌ ആറാം ഭാവം ഇഷ്ടമാകയാൽ അക്കാലം ധനധാന്യവർദ്ധനം രാജപ്രസാദം ബന്ധുഗുണം കാര്യലാഭം മുതലായ അനേക ഗുണങ്ങൾകൂടി സംഭവിക്കുന്നതാണെന്നുള്ള പ്രമാണാന്തരവും ഇവിടെ സ്മരണീയമാകുന്നു.

നിത്യദോഷങ്ങൾ പറയുമ്പോൾ ശ്രദ്ധിക്കണം

നിത്യദോഷങ്ങൾ

ഉൽക്കാപാതം, ഉർവ്വീചലനം, ഉപരാഗം, ഗുളികോദയം, ഷഷ്ടാഷ്ടമാന്ത്യേന്ദു, സിതദൃക്, സായാഹ്നസന്ധ്യാദികൾ, സൂര്യസംക്രാന്തി, കേതുദയം, ശിവാരുതം, മൃത്യുയോഗം, അശുഭയോഗം, വിഷം, തിഥിദോഷങ്ങൾ, ലാടവൈധൃതങ്ങൾ, ഏകാർഗ്ഗളം, സാർപ്പമസ്തകം.

***************************************

ഉൽക്കാപാതം മുതൽ സാർപ്പമസ്തകം വരെയുള്ള ദോഷങ്ങൾ  എല്ലാ ശുഭകർമ്മങ്ങൾക്കും ഒഴിവാക്കി ശുഭമുഹൂർത്തം കുറിക്കണം. ഈ പറഞ്ഞവയിൽ ഉൽക്കാപതനം, ഭൂകമ്പം, ഗ്രഹണം, കേതുദയം, ശിവാരുതം, മേഘനിർഘോഷം ഇത്യാദികൾ നിത്യദോഷങ്ങളാകുന്നു. വിഷം, ഉഷ്ണം, വിഷ്ടി, ഗണ്ഡാന്തം, ലാടം, ഏകാർഗ്ഗളം, വൈധൃതം, ഗുളികൻ - സാർപ്പമസ്തകം എന്നിവ ദോഷങ്ങളാകുന്നു. ഇതിന്നു

വിഷോഷ്ണവിഷ്ടി ഗണ്ഡാന്തലാടൈ കാർഗ്ഗളവൈധൃതാഃ
ഗുളികോഹിശിരാശ്ചൈതെ നവദോഷാബലോത്തരാഃ

എന്ന് വിധിയുണ്ട്.

എന്നാൽ ഏകാർഗ്ഗളം എന്ന ദോഷം അപ്രധാനമെന്നു ചില ആചാര്യന്മാർക്ക് അഭിപ്രായമുണ്ട്. വിവാഹം, ചൌളം, ഉപനയനം ആദിയായ പ്രധാനകർമ്മങ്ങളൊഴികെ മറ്റെലാകർമ്മങ്ങൾക്കും പ്രായശ്ചിത്താദി ഉപചാരപൂർവ്വം സ്വീകരിക്കാമെന്നു പറയുന്നുണ്ട്. പക്ഷെ ഇതനുസരിച്ച് ആരുംതന്നെ ആചരിച്ചുവരുന്നതായി കാണുന്നില്ല. ഈശ്വരനിന്ദയും ശാസ്ത്രവിരോധവും വെച്ചുപുലർത്തുന്നവർപോലും സദാചാരം ദേശാചാരം ഭൂരിപക്ഷപരിഗണന അംഗീകരിച്ചു വരുന്നതായും കാണുന്നുണ്ട്.  എന്നാൽ ചില മുഹൂർത്ത വിധായകന്മാർ ഇവയെല്ലാം മറികടന്ന് ഖണ്ഡനമണ്ഡനാദ്യുപായങ്ങളുമായി ഒന്നിലും ഉറച്ചുനിൽക്കാതെ സന്ദർഭത്തിനൊത്ത് ഒപ്പിക്കുന്ന അവസ്ഥയും ആചരിച്ചു വരുന്നുണ്ട്. ഇവയൊന്നും ശാസ്ത്രത്തിനും സദാചാരത്തിനും യോജിച്ചതായി കാണുന്നില്ലെന്ന് പറയേണ്ടിയിരിക്കുന്നു.

മുഹൂർത്തമെന്നാൽ ശുഭകർമ്മയോഗ്യകാലം എന്നർത്ഥം. ഈ കാലത്തിന് ബ്രാഹ്മണവാക്യം ശുഭഗ്രഹോദയം ശുഭഗ്രഹദ്രേക്കാണാദിഷഡ്വർഗ്ഗം എന്നിവ മഹാഗുണങ്ങളാണ്.

എന്നതിന് :-

വിശിഷ്ട വിപ്രഭാഷിതം ശുഭഗ്രഹ സ്യചോദയഃ
തനോശ്ച സൗമ്യവർഗ്ഗതാത്രയോ മഹാ ഗുണസ്മൃതഃ

എന്ന ഋഷിവാക്യം ആദരണീയമാണ്. ശുഭഗ്രഹോദയകാലം മുഹൂർത്തത്തിനു ലഭിക്കുന്നില്ലെങ്കിൽ ശുഭപുഷ്കരോദയസമയം സ്വീകരിക്കാമെന്നാണ് വിധി. 'ശുഭോദയെ കർമ്മ കുര്യാദഥവാ ശുഭപുഷ്കരെ" എന്ന് വിധിയുണ്ട്. മേഷചിങ്ങധനുവിന് ഇരുപത്തിനാലാമത്തെ തിയ്യതിയും; ഇടവകന്നിമകരത്തിനു പതിനാലാമത്തെ തിയ്യതിയും; മിഥുനതുലാംകുംഭത്തിന് ഇരുപത്തിനാലാമത്തെ തിയ്യതിയും; കർക്കിവൃശ്ചികമീനത്തിനു ഏഴാമത്തെ തിയ്യതിയും ശുഭപുഷ്കരമാണ്. ഈ ത്രികോണരാശികൾക്ക് യഥാക്രമം 1 - 24 - 6 - 24 എന്നീ തിയ്യതികൾ നിന്ദ്യപുരസ്കരങ്ങളാണ്. ശുഭപുഷ്കരോദയകാലം ശുഭോദയതുല്യമാകയാൽ തത്സമയം ശുഭകർമ്മാനുഷ്ഠാനത്തിന് അത്യന്തം മുഖ്യമാകുന്നു. ശുഭപുഷ്കരങ്ങൾക്കെല്ലാം ഒരു തിയ്യതിമാത്രം ഓരോ മാസത്തിലും വരുന്നതുകൊണ്ടും 10 വിനനാഴികമാത്രം ആ മുഹൂർത്തകാലം നിൽക്കുന്നതുകൊണ്ടും സസൂക്ഷ്മം പുഷ്കരകാലമറിവാൻ പ്രയാസം നേരിടുന്നതുകൊണ്ടും ആരുംതന്നെ അതിനു പരിശ്രമിക്കുന്നതായിക്കാണുന്നില്ല.

ഭൂതത്വരസതത്വാംശാസ്സത്രികോണാജസാഗരെ
നിന്ദിതാപുഷ്കരാശ്ശസ്സമിന്മനുജിനാചലാഃ

എന്നതാണിന്റെ വിധി. 

സാർപ്പമസ്തകം

ഇതിന്നു അഹിശിരസ്സ് എന്നും പേരുണ്ട്. മുഹൂർത്തസമയത്തെ സൂര്യസ്ഫുടവും ചന്ദ്രസ്ഫുടവും ഒരുമിച്ചുകൂട്ടിയാൽ നിത്യയോഗസ്ഫുടം കിട്ടും. ആ നിത്യയോഗസ്ഫുടം നാളുകണ്ടാൽ കിട്ടുന്ന നക്ഷത്രം അനിഴം നാളായിരുന്നാൽ ആ നാളിന്റെ ഉത്തരാർദ്ധത്തിലാണ് സാർപ്പമസ്തകമെന്ന ദോഷം വരിക. ഈ അനിഴം നാള് വ്യതീപാതമെന്ന നിത്യയോഗത്തിലാണ് വരിക. അതിനാൽ വ്യതീപാത നിത്യയോഗത്തിൽ ഉത്തരാർദ്ധം സാർപ്പമസ്തകമെന്ന അഹിശിരസ്സ് ദോഷമുള്ളതാണെന്നറിക. ഇത് എല്ലാ മുഹൂർത്തങ്ങൾക്കും വർജ്ജിക്കണം. "ചന്ദ്രാർക്കയോഗെമൈത്രാന്ത്യദളംസ്യാൽസാർപ്പമസ്തകം" എന്ന് അതിനു നിയമം.

ദൃശ്യാർദ്ധഹരണക്രിയ

സാർദ്ധോദിതോദിതനവാംശഹതാത് സമസ്താദ്-
ഭാഗോഷ്ടയുക്തശതസംഖ്യ ഉപൈതി നാശം
ക്രൂരേ വിലഗ്നസഹിതേ വിധിനാ ത്വനേന
സൗമ്യേക്ഷിതേ ദളമതഃ പ്രളയം പ്രയാതി

സാരം :-

സൂര്യൻ, ചൊവ്വ, ശനി എന്നീ മൂന്ന് പാപഗ്രഹങ്ങളിൽ ഒരു പാപഗ്രഹം ലഗ്നത്തിലുണ്ടെങ്കിൽ മാത്രമേ ഈ ഹരണം ചെയ്യേണ്ടതുള്ളു. (രാഹു, കേതു, ക്ഷീണചന്ദ്രൻ എന്നീ ഗ്രഹങ്ങളുണ്ടായാൽ ഈ ഹരണം വേണ്ടതില്ല.)അതുണ്ടെങ്കിൽ സൂര്യാദി ഓരോ ഗ്രഹങ്ങളുടേയും ദശാസംവത്സരത്തെ രണ്ടേടത്തുവെച്ച്, ഒന്നിനെ ഉദയലഗ്നത്തിൽ ചെന്ന നവാംശകസംഖ്യകൊണ്ട് പെരുക്കി 108 ൽ ഹരിയ്ക്കുകയും, കിട്ടിയ ഫലം മറ്റേതിൽനിന്നു കളയുകയും ചെയ്ക; ലഗ്നത്തിൽ പാപഗ്രഹമുണ്ടെങ്കിൽ ഏഴു ഗ്രഹങ്ങൾ, ലഗ്നം, എന്നീ എട്ടു ദശകൾക്കും ഈ ഹരണം ചെയ്യണം. എന്നാൽ ക്ഷീണനല്ലാത്ത ചന്ദ്രൻ, പാപഗ്രഹസഹിതനല്ലാത്ത ബുധൻ, ഗുരുശുക്രന്മാർ ഇവരിലൊന്നിന്റെ സപ്തമദൃഷ്ടിയോ, വ്യാഴത്തിന്റെ ത്രികോണദൃഷ്ടിയെങ്കിലുമോ ലഗ്നത്തിലേയ്ക്കുണ്ടെങ്കിൽ മുമ്പ് 108 ൽ ഹരിച്ചുകിട്ടിയ ഫലത്തിന്റെ പകുതിമാത്രം കളഞ്ഞാൽ മതിയെന്നും അറിയുക. ഈ പറഞ്ഞതു ഏകദേശം മാത്രമാണ്. സൂക്ഷ്മക്രിയ താഴെ ചേർക്കുന്നു.

ദൃശ്യാർദ്ധഹരണവുംകൂടി ചെയ്തുവെച്ചിരിയ്ക്കുന്ന ദശയെ വേറെ രണ്ടേടത്തുവെച്ച്, അതിൽ ഒന്നിനെ ഇറക്കി നാഴികയാക്കി വെയ്ക്കുക. പിന്നെ ലഗ്നസ്ഫുടത്തെയും വെച്ച് രാശികളഞ്ഞ് തിയ്യതിയെ 30 ൽ പെരുക്കി ഇലിയിൽ കൂട്ടുക. അതുകൊണ്ട് മുമ്പുവെച്ച ദശനാഴികകളെ പെരുക്കി "അനന്തപുരം" കൊണ്ട് ഹരിയ്ക്കുകയും ചെയ്ക. കിട്ടിയ ഫലം നാഴികയാകുന്നു. അതിനെ യഥാക്രമം കയറ്റിയാൽ അതു വർഷാദിയായ ഫലമാണ്. അതിനെ വേറെ വെച്ചിരിയ്ക്കുന്ന ദശാസംവത്സരങ്ങളിൽ നിന്നു വാങ്ങുകയും വേണം. ലഗ്നത്തിലേയ്ക്കു ശുഭഗ്രഹദൃഷ്ടിയുണ്ടെങ്കിൽ "അനന്തപുരം" കൊണ്ട് ഹരിച്ച്‌ കിട്ടിയ ഫലത്തിന്റെ പകുതി മാത്രം ദശയിൽ നിന്നു കളഞ്ഞാൽ മതിയെന്നും ധരിയ്ക്കണം. ഇങ്ങനെയാണ് ക്രൂരോദയഹരണത്തിന്റെ സൂക്ഷ്മത്രൈരാശികം. ലഗ്നസ്ഥനായ പാപഗ്രഹം ഉച്ചസ്വക്ഷേത്രാദികളിലോ ശുഭ ഗ്രഹയോഗത്തോടുകൂടിയോ ആണെങ്കില്‍ കൂടിയും ക്രൂരോദയഹരണം ചെയ്യേണ്ടതാകുന്നു.

ക്രൂരോദയഹരണക്രിയയ്ക്ക് ഒരു പക്ഷാന്തരമുള്ളതും താഴെ ചേർക്കുന്നു. ദശയെ രണ്ടേടത്തുവെച്ച് ഒന്നിനെ മേടം രാശിയുടെ ആദ്യത്തെ നവാംശകം തുടങ്ങി ലഗ്നത്തിലെ ഉദയനവാംശകം വരേയുള്ള സംഖ്യകൊണ്ടു (ചിങ്ങത്തിൽ 10 തിയ്യതി തികഞ്ഞിട്ടാണ് ലഗ്നഭാവത്തിന്റെ സ്ഥിതിയെങ്കിൽ മേഷാദി നാലു രാശിയ്ക്കു മുപ്പത്താറും ലഗ്നത്തിനു മൂന്നുംകൂടി മുപ്പത്തൊമ്പതുകൊണ്ടു) പെരുക്കി 108  ൽ ഹരിച്ചുകിട്ടിയ സംവത്സരാദിഫലത്തെ വേറെ വെച്ചിരിയ്ക്കുന്ന ദശയിൽ നിന്ന് കളയുക. ഇങ്ങനെ ഹരണക്രിയ ചെയ്യണമെന്നാണ് രണ്ടാംപക്ഷക്കാരുടെ  അഭിപ്രായം. ഈ പക്ഷത്തിനു ശക്തിയായ ഒരു ദോഷമുണ്ട്. എന്തെന്നാൽ മീനത്തിന്റെ അന്ത്യംശകമായി ലഗ്നവും അതിൽ പാപഗ്രഹവും നിന്നാൽ ജനിച്ച ശിശു ഉടനെ മരിയ്ക്കണമെന്നു വരുന്നതാണല്ലോ. ഇങ്ങനെ ലഗ്നമായാൽ ഒരു ഗ്രഹത്തിനും ഒട്ടും ദശയുണ്ടാവില്ലെന്നും താൽപര്യം. ഹരണങ്ങളെക്കൊണ്ട് എത്രമാത്രം കുറഞ്ഞാലും എല്ലാ ഗ്രഹങ്ങളുടെയും ലഗ്നത്തിന്റേയും ദശകൾ തമ്മിൽ കൂട്ടിയാൽ 20 വർഷത്തിൽ കുറയുകയില്ലെന്നു ഈ അദ്ധ്യായത്തിലെ ഏഴാം ശ്ലോകംകൊണ്ടു പറയുകയും ചെയ്യുന്നു. ഇതു രണ്ടും തമ്മിൽ പരമവിരുദ്ധമാകയാൽ ആദ്യം പറഞ്ഞവിധം തന്നെ ഹരണം ചെയ്യുകയാണ് നിർദ്ദിഷ്ടമായ മാർഗ്ഗവും ഗ്രന്ഥകാരന്റെ അഭിപ്രായമെന്നു സ്പഷ്ടമാകുന്നു.

ഉദയാദുദയാന്തം ഒരു ദിവസം, അതു മുപ്പതും കൂടിയതു ഒരു മാസം, അത് 12 കൂടിയത് സംവത്സരം, ഇങ്ങനെയുള്ള സാവനവർഷങ്ങളാണ് ഇവിടെ ദശാസംവത്സരമായി കിട്ടിയിട്ടുള്ളത്; നമ്മൾ സാധാരണ കണക്കാക്കുന്നതു സൌരസംവത്സരവുമാണ്. അതിനാൽ ഇവിടെ കിട്ടിയിട്ടുള്ള ദശാസംവത്സരങ്ങളെ സൌരീകരണം ചെയ്യുന്നതാണ് ന്യായമായ മാർഗ്ഗം. അതിന്റെ ക്രിയയും ഇവിടെ പറയാം. സൂര്യാദി ഓരോ ഗ്രഹത്തിന്റേയും ഹരണങ്ങളൊക്കെ കഴിഞ്ഞിരിയ്ക്കുന്ന ദശ വെച്ച് അതിനെ 12 ലും 20 ലും പെരുക്കി ദിവസത്തിൽ കൂട്ടിവെയ്ക്കുക, അപ്പോൾ ദിവസത്തിനു ചോടെ ഒരു നാഴികാസ്ഥാനവും കൂടി ഉണ്ടായിരിയ്ക്കുമല്ലോ. ഇതിനെ "തത്സമ" (576) നെക്കൊണ്ടു പെരുക്കി "ധീജഗന്നൂപുരം" (210389) കൊണ്ടു ഹരിയ്ക്കുക. കിട്ടിയ ഫലം സൌരസംവത്സരമാകുന്നു. ബാക്കിയെ യഥാക്രമം 12 ലും 30 ലും 60 ലും പെരുക്കി "ധീജഗന്നൂപുരം" കൊണ്ടു ഹരിച്ചാൽ മാസദിവസനാഴികകളും  ഉണ്ടാവുന്നതാണ്. ഈ വിധം എല്ലാ ഗ്രഹങ്ങളുടേയും ലഗ്നത്തിന്റെ  ദശകളെ സൌരീകരണം ചെയ്യണം. ഈ ദശകൾ എട്ടും കൂടിയേടത്തോളം കാലമാണ് ആ ജാതനായ ശിശുവിന്റെ ആയുഷ്കാലമെന്നു അറിയേണ്ടതാണ്.

ദശയുടെ സംവത്സരാദികലകളെ കണക്കാക്കുന്നതു സാവനമായിട്ടാണ് വേണ്ടതെന്നും, സൌരമായിട്ടാണ് വേണ്ടതെന്നും മറ്റും ഓരോ ആചാര്യന്മാർ അഭിപ്രായപ്പെട്ടു കാണുന്നുണ്ട്. എന്നാൽ പ്രമാണംകൊണ്ട് തീർച്ചപ്പെടുത്തിയതായി കാണുന്നതുമില്ല. അതിനാൽ അവരവരുടെ ആചാര്യോപദേശത്തെ  അനുസരിയ്ക്കേണ്ടതാണെന്നു പറയുകയേ നിവൃത്തിയുള്ളു.

ജ്യോതിഷമാഗമശാസ്ത്രം വിപ്രതിപത്തൗ ന യോഗ്യമസ്മാകം
സ്വയമേവ വികല്പയിതും കിന്തു ബഹൂനാം മതം വക്ഷ്യേ.

എന്നും മറ്റും മാത്രമേ പൂർവ്വികന്മാർതന്നെ പറഞ്ഞു കാണുന്നുള്ളു.  

അഞ്ചാം ഭാവത്തിൽ നിൽക്കുന്ന രാഹുവിന്റെ ദശാകാലം

ബുദ്ധിഭ്രമം ഭോജനഹാനിമുച്ചൈർ-
വ്വിദ്യവിവാദം കലഹം ച ദുഃഖം
കോപം നരേന്ദ്രസ്യ സുതപ്രണാശം
രാഹോസ്സുതസ്ഥസ്യ ദശാവിപാകേ.

സാരം :-

അഞ്ചാം ഭാവത്തിൽ നിൽക്കുന്ന രാഹുവിന്റെ ദശാകാലം ബുദ്ധിഭ്രമവും മനോദുഃഖവും ഉപവാസവും അല്ലെങ്കിൽ ഭക്ഷണസുഖത്തിനു കുറവും വിദ്യാസംബന്ധമായ വാദപ്രതിവാദവും കലഹവും ദുഃഖവും രാജകോപവും പുത്രനാശവും മറ്റു അനിഷ്ടങ്ങൾ അനുഭവിക്കും.

നാലാം ഭാവത്തിൽ നിൽക്കുന്ന രാഹുവിന്റെ ദശാകാലം

ചതുർത്ഥരാശിസ്ഥിതരാഹുദായേ
മാതുർവ്വിനാശം ത്വഥവാ തദീയം
ക്ഷേത്രാർത്ഥനാശം നൃപതേഃ പ്രകോപം
കളത്രപാതിത്യമുപൈതി ദുഃഖം.

സാരം :-

നാലാം ഭാവത്തിൽ നിൽക്കുന്ന രാഹുവിന്റെ ദശാകാലം മാതാവിനോ മാതൃസംബന്ധികൾക്കോ മാതൃസാമ്യമുള്ളവർക്കോ നാശവും ഭൂമിക്കും കൃഷിക്കും ധനത്തിനും ഹാനിയും രാജകോപവും ഭാര്യാദൂഷണവും അനേകവിധത്തിലുള്ള ദുഃഖങ്ങളും സംഭവിക്കും.

ഏകാർഗ്ഗളം

മുഹൂർത്തസമയത്തിനു ഗണിച്ച സൂര്യസ്ഫുടം 12 ല്‍ നിന്നു കളഞ്ഞാൽ കിട്ടുന്ന സ്ഫുടം നാളുകണ്ട് കിട്ടിയ നാഴിക വിനനാഴികകൾ; ആ നക്ഷത്രത്തിന്റെ 2 - 7 - 10 - 11 - 14 - 16 - 18 - 20 എന്നീ നാളുകളിൽ മുഹൂർത്തം നിശ്ചയിക്കുന്നതെങ്കിൽ അതിൽ നിന്നു ഒഴിവാക്കി ബാക്കി നാഴിക വിനനാഴിക സമയം സർവ്വമുഹൂർത്തത്തിന്നും സ്വീകരിക്കാവുന്നതാണ്. ഈ നാളുകണ്ടുകിട്ടിയനാഴിക വിനനാഴികകളിലാണ് ഈ പറഞ്ഞ നക്ഷത്രങ്ങളിൽ ഏകാർഗ്ഗളദോഷം നിലനിൽക്കുന്നത്. ഇതിനു 

മണ്ഡലഹീനരവേസ്യാൽ രത്നാ - സന - നിത്യ -
പൂജ്യ - ഭയ - തുല്യേ

ദൈത്യ - നരർക്ഷെ തസ്മിൻ ആദൗനാഡീസ-
ഏകാർഗ്ഗളോ വർജ്യ

എന്നാണ് നിയമം. 

ലാടവൈധൃതങ്ങൾ

ഇവ രണ്ടും ചക്രാർദ്ധമെന്ന വ്യതീപാതദോഷമാണ്. ഇവക്കു ഗ്രഹണ സാദൃശ്യമുണ്ട്. അതിനാൽ സ്പർശ മധ്യമ മോഷമെന്ന മൂന്നവസ്ഥ സംഭവിക്കുന്നു. ഇവയിൽ സ്പർശ മോക്ഷ ബന്ധങ്ങൾ വരുന്ന നാളുകൾ മുഹൂർത്തങ്ങൾക്ക് വർജ്ജിക്കണം. ഇവയുടെ ഒന്നിന്റെ മാത്രം ബന്ധം വരുന്ന നാളിനാണ് ദന്താദൂന നക്ഷത്രമെന്നു പറയുന്നത്. സ്പർശവും മധ്യവും ഒരു നക്ഷത്രത്തിലും; മോക്ഷം അടുത്ത നക്ഷത്രത്തിലും സംഭവിച്ചാൽ മോക്ഷം സംഭവിച്ച നക്ഷത്രം ദന്താദൂനം, സ്പർശം ഒരു നക്ഷത്രത്തിലും; മധ്യമോക്ഷങ്ങൾ രണ്ടും മറ്റൊരു നക്ഷത്രത്തിലും സംഭവിച്ചാൽ സ്പർശനക്ഷത്രം ദന്താദൂനം. ഇങ്ങനെ രണ്ടു നക്ഷത്രത്തിലായി മാത്രമെ വ്യാതീപാതഗ്രഹണം വരൂ. ഇത് സമ്പൂർണ്ണം, സമധ്യം, അന്തരാഗതം, സ്പർശം, അസ്പർശം, അപമോചനം, സമോക്ഷം, അസംഭവം, എന്നിങ്ങനെ എട്ടുവിധം വരും. ഇത് ഗണിതവിധിപ്രകാരം സസൂക്ഷ്മം അറിയണം. ഇങ്ങനെ വ്യതീപാത നക്ഷത്രവും ഇതിന്റെ ഇരുപുറവുമിരിക്കുന്ന നക്ഷത്രങ്ങളും സർവ്വകർമ്മങ്ങൾക്കും വർജ്ജിക്കണമെന്നു ചിലർക്കഭിപ്രായമുണ്ട്.

ലാടവൈധൃതയോർ മധ്യംയദൃക്ഷെ തദ്വീവർജയേൽ
ദന്താദൂനം ചയസ്മിൻസ്യാൽ തദൃക്ഷം തുനശോഭനം.

എന്നതിന് ശാസ്ത്രവിധി.

ഇവിടെ വ്യതീപാതമറിയേണ്ടവിധി മാധാവാചാര്യസമ്മതമായത് എടുത്തുകാണിക്കുന്നു;- 5 രാശി 23 തിയ്യതി 30 നാഴിക. ഇവയിൽ നിന്ന് സൂര്യസ്ഫുടത്തിലെ രാശിയും തിയ്യതിയും നാഴികയും കളയുക. ശിഷ്ടം വരുന്നതിനെ നാളുകണ്ടാൽ അത് ഏതു നക്ഷത്രത്തിൽ വരുമോ അത് ചക്രാർദ്ധമെന്ന വ്യതീപാതമെന്നു പറയുന്നു. മറ്റു ചിലർ സൂര്യൻ നിൽക്കുന്ന നക്ഷത്രം മുതൽ പുണർതം എത്രാമത്തെ  നക്ഷത്രമായി വരുന്നോ പുണർതത്തിൽ നിന്നു അത്രാമത്തെ നക്ഷത്രത്തിലാണ് ചക്രാർദ്ധവ്യതീപാതം വരുന്നതെന്ന് പറയുന്നു. ഈ കല്പനകൾ വ്യതീപാതം ഗണിച്ചുതന്നെ അറിയേണ്ടതാകുന്നു. 

ദൃശ്യാർദ്ധഹരണത്തിന്റെ ക്രിയ

സർവ്വാർദ്ധത്രിചരണപഞ്ചഷഷ്ഠഭാഗാഃ
ക്ഷീയന്തേ വ്യയഭവനാദസത്സു വാമം
സത്സ്വര്‍ദ്ധം ഹ്രസതി തഥൈകരാശിഗാനാ-
മേകോംശം ഹരതി ബലീത്യഥാഹ സത്യഃ

സാരം :-

ലഗ്നത്തിൽ നിന്ന് പന്ത്രണ്ടാം ഭാവത്തിൽ ഒരു പാപഗ്രഹം നിൽക്കുന്നുണ്ടെങ്കിൽ അതിന്നു മുമ്പ് മൂന്നു ഹരണങ്ങളും കഴിച്ചുവെച്ചിരിയ്ക്കുന്ന ദശ മുഴുവനും കളയണം. ആ പന്ത്രണ്ടാം ഭാവത്തിൽ നിൽക്കുന്നത് ഒരു ശുഭഗ്രഹമാണെങ്കിൽ ആ ദശയുടെ പകുതി മാത്രമേ കളയുകയും വേണ്ടൂ. ഇങ്ങനെ ലഗ്നാൽ പന്ത്രണ്ടാം ഭാവത്തിൽ നിൽക്കുന്ന പാപഗ്രഹത്തിന്റെ ദശയുടെ പകുതിയും, ടി സ്ഥാനത്തു നിൽക്കുന്ന ശുഭഗ്രഹത്തിന്റെ ദശയുടെ നാലിലൊന്നും, പത്താം ഭാവത്തിലെ പാപഗ്രഹത്തിന്റെ ദശയുടെ മൂന്നിലൊന്നും, ശുഭഗ്രഹത്തിന്റെ ദശയുടെ ആറിലൊന്നും, ഒമ്പതാം ഭാവത്തിലെ പാപഗ്രഹത്തിന്റെ ദശയുടെ നാലിലൊന്നും, ടി സ്ഥാനത്തുള്ള ശുഭഗ്രഹത്തിന്റെ ദശയുടെ എട്ടിലൊന്നും, എട്ടാം ഭാവത്തിലെ പാപഗ്രഹത്തിന്റെ ദശയുടെ അഞ്ചിലൊന്നും, ടി സ്ഥാനത്തുള്ള ശുഭഗ്രഹത്തിന്റെ ദശയുടെ പത്തിലൊന്നും, ലഗ്നാൽ ഏഴാം ഭാവത്തിൽ നിൽക്കുന്ന പാപദശയുടെ ആറിലൊന്നും, അവിടെ നിൽക്കുന്ന ശുഭദശയുടെ പന്ത്രണ്ടിലൊന്നും മുൻവരുത്തി വെച്ച ദശയിൽ നിന്ന് കളയണം. മേൽപ്പറഞ്ഞ പന്ത്രണ്ടാം ഭാവം മുതലായ ഭാവങ്ങളിൽ ഒന്നിൽ തന്നെ ഒന്നിലധികം ഗ്രഹങ്ങൾ നിൽക്കുന്നുവെങ്കിൽ അവരിൽ ബലാധിക്യമുള്ളതിന്നു മാത്രമേ ഈ ദൃശ്യാർദ്ധഹരണം ചെയ്യേണ്ടൂ. മറ്റൊന്നിനും വേണ്ടതില്ലെന്നാണ് സത്യാചാര്യരുടെ അഭിപ്രായം. അതിനാൽ ഈ ഗ്രന്ഥകാരന്റെ അഭിപ്രായവും അതുതന്നെയാണുതാനും. പന്ത്രണ്ടാം ഭാവം, പതിനൊന്നാം ഭാവം മുതലായ ഭാവങ്ങളുടേയും അവയില്‍ നിൽക്കുന്ന ഗ്രഹങ്ങളുടേയും സ്ഫുടങ്ങൾ തുല്യകലകളായി വന്നാലത്തെ ക്രിയയാണ് മുൻപറഞ്ഞത്. തുല്യമല്ലാതെ വന്നാൽ ത്രൈരാശികം ചെയ്തേ സൂക്ഷ്മമാകയുള്ളു. അതു കൂടി താഴെ ചേർക്കുന്നു.

ലഗ്നസ്ഫുടത്തെ വെച്ച് അതിൽ നിന്ന് ഹരണം ചെയ്യേണ്ട ഗ്രഹത്തിന്റെ സ്ഫുടത്തെ വാങ്ങുക. അപ്പോൾ ശേഷിയ്ക്കുന്നത് ആറു രാശിയിൽ കുറയുമെങ്കിലേ ഈ ദൃശ്യാർദ്ധഹരണം ചെയ്യേണ്ടതുള്ളു. അങ്ങനെ ആറു രാശിയിൽ കുറയുമെന്ന് കണ്ടാൽ അതിനെ ഇറക്കി ഇലിയാക്കി വെയ്ക്കുക. അതു ഹാരകമാകുന്നു. "അന്നന്ദേയം" (1800) ഗുണകാരവുമാണ്. ഈ ഗുണകാരത്തേക്കാൾ ഹാരകം കുറയുമെങ്കിൽ "അന്നന്ദേയം" ഹാരകവും, മറ്റേതു ഗുണകാരവുമാകുന്നു. മുമ്പു മൌഢ്യഹരണവും കൂടി കഴിച്ചുവെച്ചിട്ടുള്ള ദശയെ രണ്ടേടത്തുവെച്ച് ഒന്നിനെ 12 ലും 30 ലും 60 ലും പെരുക്കി നാഴികയാക്കി മേൽപ്പറഞ്ഞ ഗുണകാരം കൊണ്ട് പെരുക്കി ഹാരകംകൊണ്ട് ഹരിയ്ക്കുക. കിട്ടിയ ഫലം നാഴികയാകുന്നു. അതിനെ 60 ലും 30 ലും 12 ലും കയറ്റിയാൽ മുകളിലേതു സംവത്സരവും, ചുവട്ടിലെ സ്ഥാനം ക്രമത്താലെ മാസം, ദിവസം, നാഴികകളും ആയി വരുന്നതാണ്. ഈ കിട്ടിയ വത്സരാദിഫലത്തെ വേറെ വെച്ചിരിയ്ക്കുന്ന ദശയിൽ നിന്ന് വാങ്ങുകയും ചെയ്ക. ഇത് പാപനായാലത്തെക്രിയയാകുന്നു. ശുഭന്റെ ഹരണമാണ് ചെയ്യുന്നതെങ്കിൽ ഇവിടെ ഹരിച്ചു കിട്ടിയ ഫലത്തിന്റെ പകുതിമാത്രം കളഞ്ഞാൽ മതിയെന്നും ധരിയ്ക്കുക. ഇതാണ് ദൃശ്യാർദ്ധഹരണത്തിന്റെ ക്രിയ.

മൂന്നാം ഭാവത്തിൽ നിൽക്കുന്ന രാഹുവിന്റെ ദശാകാലം

രാഹോർദ്ദശായാം സഹജസ്ഥിതസ്യ
മിത്രാർത്ഥദാരാത്മജസോദരാണാം
സൗഖ്യം കൃഷേർവ്വർദ്ധനമാധിപത്യം
വിദേശയാനം നരനാഥപൂജാം.

സാരം :-

മൂന്നാം ഭാവത്തിൽ നിൽക്കുന്ന രാഹുവിന്റെ ദശാകാലം ധനലാഭവും ബന്ധു, പുത്രൻ, സഹോദരൻ മുതലായ സ്വജനങ്ങൾക്ക് സുഖവും കൃഷിഗുണവും കുടുംബാധിപത്യവും അല്ലെങ്കിൽ രാജപ്രസാദവും അന്യദേശഗമനവും രാജാക്കന്മാരുടെ സൽക്കാരവും ലഭിക്കുകയും ചെയ്യും.

രണ്ടാം ഭാവത്തിൽ നിൽക്കുന്ന രാഹുവിന്റെ ദശാകാലം

രാഹോർദശായാം ധനഭാവഗസ്യ
രാജ്യം ച വിത്തം ഹരതേ വിശേഷാൽ
കുഭോജനം കുത്സിതരാജസേവാം
കോപാനൃതാന്തർവ്യസനം ച കുര്യാൽ

സാരം :-

രണ്ടാം ഭാവത്തിൽ നിൽക്കുന്ന രാഹുവിന്റെ ദശാകാലം രാജ്യനാശവും അർത്ഥഹാനിയും സ്ഥാനഭ്രംശവും സംഭവിക്കും. ഭക്ഷണം സുഖകരമായിരിക്കുകയില്ല. നിന്ദ്യമായ രാജാവിനെ ആശ്രയിക്കാനിടയാകും. കോപമേറിയിരിക്കും. അസത്യം പറയുന്നതിലും പ്രവർത്തിക്കുന്നതിനും മനോദുഃഖമേറിയിരിക്കുന്നതിനും സംഗതിവരും.

രിക്താഷ്ടമീവിഷ്ടികൾ

രിക്താതിഥികളും, അഷ്ടമിയും, വിഷ്ടിക്കരണവും ശുഭകർമ്മങ്ങൾക്ക്‌ വർജ്ജിക്കണം. രിക്താതിഥികളെന്നാൽ നന്ദാ - ഭദ്രാ - ജയാ - രിക്താ - പൂർണ്ണാ - എന്നും പ്രദിപദം മുതൽ പഞ്ചമിയോളവും, ഷഷ്ടി മുതൽ വീണ്ടും ദശമിയോളവും; വീണ്ടും ഏകാദശി മുതൽ വാവുവരേയും കണക്കാക്കുമ്പോൾ രിക്താവരുന്ന തിഥികളാണ് രിക്താദോഷമുള്ള തിഥികൾ. ഇതിൽ ഭദ്രക്കു പന്തം എന്നു പറഞ്ഞുവരന്നു. ഇപ്രകാരം രിക്താവരുന്ന തിഥികളായ പൂർവ്വാപരപക്ഷങ്ങളിലെ ചതുർത്ഥി നവമി ചതുർദശി തിഥികളും, രണ്ടു പക്ഷത്തിലേയും അഷ്ടമിയും എല്ലാ മുഹൂർത്തങ്ങൾക്കും വർജ്ജിക്കണം.

നന്ദാ ഭദ്രാ ജയാ രിക്താ പൂർണ്ണേതി തിഥയക്രമാൽ
മുഹുർ മുഹുർ വിപശ്ചിൽഭിഃ കഥിതാഃ പ്രഥമാദികാഃ
ചതുർദശ്യൗ ചതുർത്ഥ്യൗച നവമ്യൗ പാർവ്വണി തഥാ
അഷ്ടമ്യൗച വിശേഷണ വർജനിയാ ശുഭേഖിലെ

എന്നിങ്ങനെ ശാസ്ത്രവിധി.

പൂർവ്വപക്ഷത്തിൽ ചതുർത്ഥീ ഏകാദശി തിഥികളുടെ പൂർവ്വാർദ്ധത്തിലും അപരപക്ഷത്തിൽ തൃതീയ ദശമി തിഥികളുടെ ഉത്താരാർദ്ധത്തിലും സപ്തമിചതുർദശികളുടെ പൂർവ്വാർദ്ധത്തിലും 30 നാഴിക വിഷ്ടിക്കരണമാണ്. ഇതു മുഹൂർത്തങ്ങൾക്ക് വർജ്ജിക്കണം.

ശുക്ലാഷ്ടമീപഞ്ചദശ്യോഃ വിഷ്ടീരൂത്തരെ
ഏകാദശീചതുർത്ഥ്യോശ്ച കൃഷ്ണേതൽപ്രാക്തിഥീഷ്വപി

എന്നതിന് ശാസ്ത്രം. 

നീചഹരണം, ശത്രുക്ഷേത്രഹരണം, മൌഢ്യഹരണം, ലഗ്നദശാസംവത്സരം

നീചേതോർദ്ധം ഹ്രസതി ഹിതയോരന്തരസ്ഥേനുപാതോ
ഹോരാ ത്വംശപ്രതിമമപരേ രാശിതുല്യം വദന്തി
ഹിത്വാ വക്രം രിപുഗൃഹഗതൈർഹീയതേ സ്വത്രിഭാഗഃ
സൂര്യോച്ഛിന്നദ്യുതിഷു തു ദലം പ്രോജ്ഝ്യ ശുക്രാർക്കപുത്രൗ.

സാരം :-

സൂര്യാദിഗ്രഹങ്ങൾ പരമനീചസ്ഥന്മാരാണെങ്കിൽ മുമ്പ് അത്യുച്ചത്തിലേയ്ക്ക് പറഞ്ഞ സംവത്സരങ്ങളിൽ പകുതി വീതമേ ആയുസ്സിനെ കൊടുക്കുകയുള്ളു. തുലാം രാശിയിൽ 10 തിയ്യതി തികഞ്ഞു നിൽക്കുന്ന സൂര്യൻ ഒമ്പതരകൊല്ലവും, വൃശ്ചികം രാശിയിൽ 3 തിയ്യതി തികഞ്ഞു നിൽക്കുന്ന ചന്ദ്രൻ പന്ത്രണ്ടര സംവത്സരവും മാത്രമേ ആയുസ്സുണ്ടാക്കുകയുള്ളുവന്നു പറയണം. മറ്റുള്ളവർക്കും ഇതുപോലെ കണ്ടുകൊൾക. പരമോച്ചത്തിന്റേയും പരമനീചത്തിന്റേയും മദ്ധ്യസ്ഥന്മാർക്ക് ത്രൈരാശികം ചെയ്ത് അവരവരുടെ സംവത്സരങ്ങളെ ഉണ്ടാക്കേണ്ടതുമാണ്. അതിനെ താഴെ ചേർക്കുന്നു.

1). ജ്ഞാനീനൃപോനു, 2). അനംഗോനൃപഃ, 3). ആനന്ദം പ്രധാനം, 4). ജ്ഞാനീമാന്യേശഃ, 5). ജ്ഞാനേശോനംഗഃ, 6). ജ്ഞാനീസുരപൂജ്യഃ, 7). ജ്ഞാനീരസ്തു, ഈ ഏഴും ക്രമത്താലെ സൂര്യാദിഗ്രഹങ്ങളുടെ പരമോച്ചവാക്യങ്ങളാകുന്നു.

ജനനാദികാലത്തേയ്ക്കുള്ള സൂര്യാദിഗ്രഹങ്ങളുടെ സ്ഫുടം വെച്ച് അതുകളിൽ നിന്ന് അവരവരുടെ പരമോച്ചം വാങ്ങി, ശേഷം ആറു രാശിയിൽ അധികമുണ്ടെങ്കിൽ അതിനെ ഇറക്കി ഇലിയാക്കി വെയ്ക്കുക. ആറു രാശിയിൽ കുറയുമെങ്കിൽ അതിനെ 12 രാശിയിൽ നിന്ന് കളഞ്ഞ ബാക്കിയേയും ഇറക്കി, ഇലിയാക്കി വെയ്ക്കുക. ഈ ഇലികളെ അവരവരുടെ പരമോച്ചത്തിലേയ്ക്കു പറഞ്ഞ ദശാസംവത്സരംകൊണ്ട് പെരുക്കി അനന്തപുരം (21600) കൊണ്ട് ഹരിയ്ക്കുകയും ചെയ്ക. കിട്ടിയ ഫലം കൊല്ലമാകുന്നു. ബാക്കിയേ ക്രമത്താലെ 12 ലും 30 ലും 60 ലും പെരുക്കി അനന്തപുരംകൊണ്ടുതന്നെ ഹരിച്ചാൽ ക്രമേണ മാസം മുതൽ നാഴികയോളമുള്ള സംഖ്യകളെക്കിട്ടുകയും ചെയ്യും. ഇങ്ങനെ ഏഴു ഗ്രഹങ്ങൾക്ക്‌ സംവത്സരാദികളായ ദശകളെ വരുത്തുക.

ഇനി ലഗ്നദശ വരുത്തുവാൻ പറയുന്നു.

ഉദയലഗ്നത്തിന്റെ നവാംശകാധിപന് ലഗ്നാധിപനേക്കാൾ ബലം കൂടുമെങ്കിൽ ലഗ്നസ്ഫുടത്തെ വെച്ച് രാശി കളഞ്ഞ് തിയ്യതിയെ 60 ൽ ഇറക്കി ഇലിയിൽ കൂട്ടി അതിനെ നൃനഖ (200) നെക്കൊണ്ടാണ് ഹരിയ്ക്കേണ്ടത്. ഇവിടേയും ആദ്യം കിട്ടിയത് സംവത്സരവും ബാക്കിയെ 12 ലും, 30 ലും, 60 ലും പെരുക്കി 200 ല്‍ ഹരിച്ചാൽ മാസം മുതലായതും കിട്ടുന്നതാണ്. ഇതു ലഗ്നദശയാകുന്നു. ലഗ്നനവാംശകാധിപനേക്കാൾ ലഗ്നാധിപന് ബലം ഏറുമെങ്കിൽ ലഗ്നസ്ഫുടത്തിന്റെ രാശ്യാദികളെ ഇറക്കി ഇലിയാക്കി അന്നന്ദേയം (1800) കൊണ്ട് ഹരിച്ചു സംവത്സരവും, ശേഷംകൊണ്ട് മാസാദികളും മുമ്പു പറഞ്ഞപോലെ വരുത്തുക

രാശ്യാധിപനും നവാംശകാധിപനും ബലം തുല്യമായി വന്നാലും രണ്ടാമത് പറഞ്ഞ വിധമാണ് ലഗ്നദശയെ വരുത്തേണ്ടതെന്നും അറിയുക.

"അംശേശസ്യ ബലാധിക്യേƒംശതുല്യം, രാശിപസ്യ തു
ബലാധിക്യേ രാശിതുല്യം സാമ്യേപി സ്യാദ് ഭതുല്യതാ."

എന്ന് പ്രമാണവുമുണ്ട്.

ഇനി ഗ്രഹങ്ങളുടെ ശത്രുക്ഷേത്രഹരണം പറയാം

രണ്ടാമദ്ധ്യായത്തിലെ 15 ഉം 16 ഉം ശ്ലോകംകൊണ്ട് പറഞ്ഞതായ നൈസർഗ്ഗികവും താൽകാലികവുമായ വിധത്തിൽ വിചാരിച്ച് ശത്രുക്ഷേത്രസ്ഥിതിയുള്ള ഗ്രഹത്തിന് ശത്രുക്ഷേത്രഹരണം ചെയ്യണം. ചൊവ്വയ്ക്ക്‌ ശത്രുക്ഷേത്രഹരണം വേണ്ടതാനും. ശത്രുക്ഷേത്രഹരണമാകട്ടെ, മുമ്പ് ഉച്ചനീചഹരണം കഴിച്ചുവെച്ചുള്ള ദശയുടെ വർഷമാസാദികളെ വേറെ വേറെ രണ്ടിടത്തുവെച്ച് ഒന്നിനെ മൂന്നിൽ ഹരിച്ചുകിട്ടിയ ഫലത്തെ മറ്റേതിൽ നിന്ന് കളയുകയും ചെയ്ക. ഇങ്ങനെയാണ് ശത്രുക്ഷേത്രഹരണം ചെയ്യേണ്ടത്. ഇവിടെ ബന്ധുത്വശത്രുത്വവിചാരം ചെയ്യേണ്ടത് "ജീവോജീവബുധൌ" എന്നതുകൊണ്ട്‌ മാത്രമാണെന്നും ചിലരും, അതല്ല "സത്യോക്തേ സുഹൃദം" എന്നാ പ്രകാരമാണെന്ന് മറ്റു ചിലരും അഭിപ്രായപ്പെട്ടു കാണുന്നുണ്ട്.

ഇനി മൌഢ്യഹരണമാണ് പറയുന്നത്.

ചന്ദ്രാദിഗ്രഹങ്ങൾക്ക്‌ മൌഢ്യമുണ്ടെന്നു കണ്ടാൽ, മുൻപറഞ്ഞ ഉച്ചനീചഹരണവും, ശത്രുക്ഷേത്രഹരണവുമുണ്ടെന്നു കണ്ടാൽ അതും കഴിച്ചുവെച്ചിട്ടുള്ളതുകൊണ്ടാണ് ഈ ക്രിയ ചെയ്യേണ്ടത്. ആ ദശയെ വേറെ രണ്ടു ദിക്കിൽവെച്ച് ഒന്നിനെ രണ്ടിൽ ഹരിയ്ക്കുക; കിട്ടിയ ഫലം മറ്റേതിൽനിന്ന് കളയുകയും ചെയ്ക ഇങ്ങനെയാണ് മൌഢ്യഹരണം ചെയ്യേണ്ടത്. ശുക്രമന്ദന്മാർക്കു ഈ പറഞ്ഞ മൌഢ്യഹരണം ചെയ്യേണ്ടതില്ലെന്നും അറിയേണ്ടതാണ്.

ലഗ്നത്തിൽ നിൽക്കുന്ന രാഹുവിന്റെ ദശാകാലം

ലഗ്നഗതരാഹുദായേ
ബുദ്ധിവിഹീനം വിഷാഗ്നിശസ്ത്രഭയം
ബന്ധുവിനാശം ദുഃഖം
കുരുതേ രോഗം ച പരിഭവം സമരേ.

സാരം :-

ലഗ്നത്തിൽ നിൽക്കുന്ന രാഹുവിന്റെ ദശാകാലം ബുദ്ധിഹീനതയും വിഷം, അഗ്നി, ആയുധം എന്നിവയിൽ നിന്ന് ഭയവും ബന്ധുനാശവും പലവിധത്തിലുള്ള ദുഃഖവും രോഗാരിഷ്ടയും യുദ്ധത്തിൽ തോൽവിയും സംഭവിക്കും.

നീചത്തിലോ നീചഗ്രഹത്തോടുകൂടിയോ നിൽക്കുന്ന രാഹുവിന്റെ ദശാകാലം

രാഹുർന്നീചയുതഃ കുര്യാന്നീചഗ്രഹയുതോƒപി വാ
ഉദ്ബന്ധനം വിഷാദ്ഭീതിം ചോരഭൂപാഗ്നിശസ്ത്രതഃ

സാരം :-

നീചത്തിലോ നീചഗ്രഹത്തോടുകൂടിയോ നിൽക്കുന്ന രാഹുവിന്റെ ദശാകാലം ബന്ധനം വിഷഭയം കള്ളന്മാരിൽ നിന്നും അഗ്നിയിൽ നിന്നും ആയുധത്തിൽ നിന്നും രാജാവിൽ നിന്നും ഭയം മുതലായ അനിഷ്ടഫലങ്ങൾ സംഭവിക്കും.

സ്ഥിരംചകരണം

തിഥികരണനക്ഷത്രബന്ധങ്ങളോടുകൂടെയുള്ള മുഹൂർത്തദോഷങ്ങളെ പറയുന്നു.

കാരണങ്ങൾ രണ്ടുവിധം - ചരകരണം, സ്ഥിരകരണം

സ്ഥിരകരണങ്ങൾ എല്ലാ മുഹൂർത്തങ്ങൾക്കും വർജ്ജിക്കണം.

പൂർവ്വപക്ഷ പ്രതിപദത്തിന്റെ രണ്ടാമത്തെ പകുതിമുതൽക്കാണ് കരണം പരിഗണിക്കേണ്ടത്. "തിത്ഥ്യാർദ്ധം കരണം പ്രോക്തം" എന്ന് പ്രമാണമുണ്ട്.

പൂർവ്വപക്ഷ പ്രതിപദത്തിന്റെ രണ്ടാമത്തെ പകുതി (31 നാഴിക മുതൽ 60 നാഴികവരേയുള്ള ഭാഗം) ക്ക് സിംഹക്കരണം, ദ്വിതീയ ആദ്യപകുതി പുലിക്കരണം, രണ്ടാമത്തെ പകുതി പന്നിക്കരണം, തൃതീയ ആദ്യഭാഗം കഴുതക്കരണം, രണ്ടാം ഭാഗം ആനക്കരണം, ചതുർത്ഥി ആദ്യഭാഗം പശുക്കരണം, രണ്ടാമത്തെ ഭാഗം വിഷ്ടിക്കരണം, ഇങ്ങനെ പഞ്ചമി ആദ്യഭാഗം മുതൽ വീണ്ടും സിംഹക്കരണം മുതൽ ആവർത്തിയ്ക്കുക. അത് അപരപക്ഷം കഴിഞ്ഞ് പൂർവ്വപക്ഷത്തോളം എത്തണം. അങ്ങനെ ആവർത്തിച്ചുവരുമ്പോൾ അപരപക്ഷ ചതുർദ്ദശിയുടെ ആദ്യഭാഗം വിഷ്ടിക്കരണം വരും. അമാവാസി ആദ്യഭാഗം നാല്ക്കാലിക്കരണം, രണ്ടാമത്തെ ഭാഗം പാമ്പ് കരണം. പൂർവ്വപക്ഷ പ്രതിപദ ആദ്യഭാഗം പുഴുക്കരണം വരും. ഇതിൽ ശകുനി എന്ന പുള്ളും നാല്ക്കലിയും, പാമ്പും പുഴുവും സ്ഥിരകരണങ്ങളാണ്. കരണങ്ങളറിവാൻ എളുപ്പമാർഗ്ഗം താഴെ ചേർക്കുന്നു. ഹൃദിസ്ഥമാക്കാനും ഉപകരിക്കും.

പൂർവ്വപക്ഷം   1 - 30 + 31-60 (നാഴിക)

പ്രതിപദം            - പുഴു           = സിംഹം
ദ്വിതീയ                - പുലി         = പന്നി
തൃതീയ                - കഴുത         = കരി
ചതുർത്ഥി            - പശു          = വിഷ്ടി
പഞ്ചമി                 - സിംഹം    = പുലി
ഷഷ്ഠി                  - പന്നി         = കഴുത
സപ്തമി             - ആന            = പശു
അഷ്ടമി          - വിഷ്ടി        = സിംഹം
നവമി           - പുലി               = പന്നി
ദശമി            -  കഴുത            = കരി
ഏകാദശി      - പശു            = വിഷ്ടി
ദ്വാദശി          - സിംഹം        = പുലി
ത്രയോദശി        - പന്നി        = കഴുത
ചതുർദശി         - ആന          = പശു
പൌർണ്ണമി     - വിഷ്ടി       = സിംഹം
**************************************

അപരപക്ഷം 1 - 30 + 31-60 (നാഴിക)

1 ൽ    പുലി - പന്നി
2 ല്‍    കഴുത - കരി
3 ല്‍     പശു - വിഷ്ടി
4 ല്‍     സിംഹം - പുലി
5 ൽ      പന്നി - കഴുത
6 ൽ      ആന - പശു
7 ൽ      വിഷ്ടി - സിംഹം
8 ൽ      പുലി  - പന്നി
9 ൽ      കഴുത - കരി
10 ൽ     പശു - വിഷ്ടി
11 ൽ    സിംഹം - പുലി
12 ൽ     പന്നി - കഴുത
13 ൽ     ആന - പശു
 14 ൽ    വിഷ്ടി - പുള്ള് - ശകുനി
15 ൽ    ചതുഷ്പാത് - പാമ്പ്

ഇതിൽ കാണുന്ന സ്ഥിരകരണമുള്ള തിഥികൾ എല്ലാ മുഹൂർത്തങ്ങൾക്കും വർജ്ജിക്കണം.

ശുക്ലപ്രതിപദാന്ത്യർദ്ധാൽ കരണാനിപുനഃ പുനഃ
സിംഹവ്യാഘ്രവരാഹാശ്ച ഖരേഭപശു വിഷ്ടയഃ
സ്ഥിരകരണാന്യസിതചതുർദ്ദശ്യപരാർദ്ധാ-
ദീനിതത്രചത്വാരി
പ്രാഹുശ്ശകുനിചതുഷ്പാദ്വിരസന കിംസ്തുഘ്നനാമാനി


മലയാള ഭാഷയിൽ

പ്രതിപദമേൽമുറിമുതലായ്
സിംഹം പുലി പന്നി കഴുത കരിസുരഭി
വിഷ്ടിരിതിത്ഥം കൃഷ്ണചതുർ-
ദ്ദശീ പരദളംയാവൽ
പുള്ളും നാൽക്കാലികളും
പാമ്പും പുഴുവും ക്രമേണ എന്നേവം
കരണാനി വിഷ്ടി പുച്ഛം
ശുഭം തദന്തെ ത്രിനാഡികാമാത്രം.

പുഴു, പുള്ള് തഥാ പാമ്പും നാൽക്കാലീകരണം സ്ഥിരം നന്നെന്നാലും വിഷ്ടി പുച്ഛംകൊണ്ട് കാണ്മില കർമ്മസു.

എന്നുകൂടിക്കാണുകയാൽ വിഷ്ടിക്കരണം മുഹൂർത്തത്തിന് വർജ്ജിക്കന്നത് ഉത്തമം

ആയുസ്സിനെക്കുറിച്ച് ആചാര്യന്മാർ പറയുന്നു

മയയവനമണിന്ഥശക്തിപൂർവ്വൈര്‍-
ദ്ദിവസകരാദിഷു വത്സരാഃ പ്രദിഷ്ടാഃ
നവതിഥിവിഷമാശ്വിഭൂതരുദ്രാ
ദശസഹിതാ ദശ ച സ്വതുംഗഭേഷു.

സാരം :-

മേടം രാശിയിൽ 10 - നു തികഞ്ഞു നിൽക്കുന്ന സൂര്യൻ 19 വത്സരവും, ഇടവം രാശിയിൽ 3 - നു തികഞ്ഞു നിൽക്കുന്ന ചന്ദ്രൻ 25 വത്സരവും, മകരം രാശിയിൽ 28 - നു തികഞ്ഞു നിൽക്കുന്ന ചൊവ്വാ 15 വത്സരവും, കന്നി രാശിയിൽ 15 - നു തികഞ്ഞു നിൽക്കുന്ന ബുധൻ 12 വത്സരവും, കർക്കിടകത്തിൽ 5 - നു തികഞ്ഞു നിൽക്കുന്ന വ്യാഴം 15 വത്സരവും, മീനം രാശിയിൽ 27 - നു തികഞ്ഞു നിൽക്കുന്ന ശുക്രൻ 21 വത്സരവും, തുലാം രാശിയിൽ 20 - നു തികഞ്ഞു നിൽക്കുന്ന ശനി 20 സംവത്സരവും ആയുസ്സിനെ കൊടുക്കുമെന്നാണ് മയൻ, യവനൻ, മണിന്ഥൻ, പരാശാരൻ മുതലായ ആചാര്യന്മാർ പറഞ്ഞിരിയ്ക്കുന്നത്.* 

-------------------------------------------------------------------------

*. ഇവിടെ "ദശഭിഃ സഹിതാഃ" - പത്തുകളോടുകൂടിയ - "നവതിഥിവിഷയാശ്വിഭൂതരുദ്രാഃ - ദശചവത്സരാഃ  ഒമ്പതും, പതിനഞ്ചും, അഞ്ചും, രണ്ടും, അഞ്ചും പതിനൊന്നും, പത്തും സംവത്സരങ്ങൾ - എന്നിങ്ങനെ ഈ രണ്ടു പതനമാക്കിപ്പറഞ്ഞിരിയ്ക്കുന്നതിനാൽ സൂര്യാദികൾക്ക് പത്തൊമ്പതു മുതലായ സംവത്സരങ്ങൾ ഈ കലിയുഗത്തിന്റെ ആദ്യവിഷയമാണെന്നും, അവസാനത്തിൽ ആ സംവത്സരങ്ങളുടെ പകുതിവീതമേ ആയുസ്സുണ്ടാകയുള്ളുവെന്നും സൂചിപ്പിച്ചതായിട്ടു ചിലർക്ക് അഭിപ്രായമുണ്ട്. ഈ അദ്ധ്യായത്തിലെ അഞ്ചാം ശ്ലോകംകൊണ്ട് പരമായുസ്സ് പറയുന്നേടത്ത് " ദ്വിഘ്നാ ഷഷ്ടിഃ" എന്നതുകൊണ്ട്‌ ഈ പക്ഷത്തെ ഒന്നുകൂടി അനുവദിയ്ക്കുന്നതുമുണ്ട്. ഈ പറഞ്ഞ സംവത്സരങ്ങൾ ഈ കലിയുഗത്തിങ്കലേയ്ക്കാകുന്നു. ദ്വാപരയുഗത്തിൽ ഇതിലിരട്ടിയും, ത്രേതയുഗത്തിൽ മൂന്നിരട്ടിയും, കൃതയുഗത്തിൽ നാലിരട്ടിയും ഗ്രഹങ്ങൾ ആയുസ്സിനെ കൊടുക്കുമെന്ന് മറ്റു ചിലരും പറയുന്നുണ്ട്. കൃതയുഗത്തിൽ മയനും, ത്രേതയുഗത്തിൽ യവനും, ദ്വാപരയുഗത്തിൽ മണിന്ഥനും, കലിയുഗത്തിൽ പരാശരനും പ്രാധാന്യമേറുമെന്നതിനെ സൂചിപ്പിയ്ക്കാൻ വേണ്ടിയാണ് നാലാചാര്യന്മാരെപ്പറഞ്ഞിട്ടുള്ളതെന്നു വേറെ ചിലരും പറയുന്നു.

ഉച്ചത്തിലോ ഉച്ചഗ്രഹത്തോടുകൂടിയോ നിൽക്കുന്ന രാഹുവിന്റെ ദശാകാലം

ഉച്ചഗ്രഹയുതോ രാഹുരുച്ചരാശിഗതോƒപി വാ
സ്ത്രീപുത്രവിത്തരാജ്യശ്രീവസ്ത്രാഭരണസൌഖ്യകൃൽ.

സാരം :-

ഉച്ചത്തിലോ ഉച്ചഗ്രഹത്തോടുകൂടിയോ നിൽക്കുന്ന രാഹുവിന്റെ ദശാകാലം ഭാര്യാപുത്രാദികൾക്ക് സുഖവും ധനധാന്യസമൃദ്ധിയും ഐശ്വര്യവും രാജപ്രസാദവും രാജ്യലാഭവും വസ്ത്രാഭരണസിദ്ധിയും സുഖാനുഭവവുമുണ്ടാകും

രാഹുവിന്റെ ദശാകാലം

രാഹുശ്ചോരവിഷാരിശസ്ത്രഹുതഭുഗ്-
ഭൂപാലഭീതിംശിരഃ-
പാദാക്ഷ്യാസ്യരുജം സുഹൃൽസുതവധൂ-
നാശം ച ബുദ്ധിഭ്രമം
സ്ഥാനഭ്രംശധനക്ഷയാർത്ഥവിഹതീർ-
ന്നീചാവമാനം പരീ-
വാദം ഭൃത്യജനാമയം ച കുരുതേ
കുഷ്ഠാദ്യരിഷ്ടാമയം.

സാരം :-

രാഹുവിന്റെ ദശാകാലം കള്ളന്മാരിൽ നിന്നും വിഷത്തിൽ നിന്നും ശത്രുക്കളിൽ നിന്നും ആയുധങ്ങളിൽ നിന്നും അഗ്നിയിൽ നിന്നും രാജാവിൽ നിന്നും ഭയവും തല, കാൽ, കണ്ണ്, മുഖം, വായ, പല്ല്, നാവ് മുതലായ അംഗങ്ങളിൽ രോഗവും ബന്ധുക്കൾക്കും ഭാര്യാപുത്രാദികൾക്കും രോഗം, മരണം മുതലായ ആപത്തുകളും സ്വജനാരിഷ്ടയും ബുദ്ധിഭ്രമവും മനോദുഃഖവും സ്ഥാനഭ്രംശവും പല പ്രകാരത്തിൽ ധനനഷ്ടവും, ചെയ്തുവരുന്ന പ്രവൃത്തികൾക്കും കാര്യത്തിനും ഹാനിയും നീചജനങ്ങളിൽ നിന്ന് അപമാനം മുതലായ അനിഷ്ടങ്ങളും അപവാദവും ഭൃത്യജനങ്ങൾക്ക്‌ നാശവും ചൊറി, ചിരങ്ങ്, കുഷ്ഠം മുതലായ ത്വക്ക് രോഗങ്ങളും സംഭവിക്കും. 

രാഹു ഇങ്ങനെ അനിഷ്ടഫലത്തെ മാത്രം ചെയ്യുന്നവനാണെങ്കിലും ഇഷ്ടഭാവത്തിൽ ബലവാനായി രാഹു നിന്നാൽ അനേകവിധത്തിലുള്ള ശുഭഫലങ്ങളെ കൊടുക്കുകയും ചെയ്യും.

രാഹുദശാഫലങ്ങൾ


  1. രാഹുവിന്റെ ദശാകാലം 
  2. ഉച്ചത്തിലോ ഉച്ചഗ്രഹത്തോടുകൂടിയോ നിൽക്കുന്ന രാഹുവിന്റെ ദശാകാലം 
  3. നീചത്തിലോ നീചഗ്രഹത്തോടുകൂടിയോ നിൽക്കുന്ന രാഹുവിന്റെ ദശാകാലം 
  4. ലഗ്നത്തിൽ നിൽക്കുന്ന രാഹുവിന്റെ ദശാകാലം 
  5. രണ്ടാം ഭാവത്തിൽ നിൽക്കുന്ന രാഹുവിന്റെ ദശാകാലം 
  6. മൂന്നാം ഭാവത്തിൽ നിൽക്കുന്ന രാഹുവിന്റെ ദശാകാലം 
  7. നാലാം ഭാവത്തിൽ നിൽക്കുന്ന രാഹുവിന്റെ ദശാകാലം 
  8. അഞ്ചാം ഭാവത്തിൽ നിൽക്കുന്ന രാഹുവിന്റെ ദശാകാലം 
  9. ആറാം ഭാവത്തിൽ നിൽക്കുന്ന രാഹുവിന്റെ ദശാകാലം 
  10. ഏഴാം ഭാവത്തിൽ നിൽക്കുന്ന രാഹുവിന്റെ ദശാകാലം 
  11. എട്ടാം ഭാവത്തിൽ നിൽക്കുന്ന രാഹുവിന്റെ ദശാകാലം 
  12. ഒമ്പതാം ഭാവത്തിൽ നിൽക്കുന്ന രാഹുവിന്റെ ദശാകാലം 
  13. പത്താം ഭാവത്തിൽ നിൽക്കുന്ന രാഹുവിന്റെ ദശാകാലം 
  14. പതിന്നൊന്നാം ഭാവത്തിൽ നിൽക്കുന്ന രാഹുവിന്റെ ദശാകാലം 
  15. പന്ത്രണ്ടാം ഭാവത്തിൽ നിൽക്കുന്ന രാഹുവിന്റെ ദശാകാലം 
  16. പാപഗ്രഹക്ഷേത്രത്തിൽ നിൽക്കുന്ന രാഹുവിന്റെ ദശാകാലം 
  17. പാപഗ്രഹദൃഷ്ടനായ രാഹുവിന്റെ ദശാകാലം 
  18. ശുഭഗ്രഹദൃഷ്ടനായ രാഹുവിന്റെ ദശാകാലം 
  19. രാഹുദശയുടെ ആദ്യം / മദ്ധ്യം / അന്ത്യം 
  20. ഇഷ്ടരാശിയിൽ ബലവാനായി നിൽക്കുന്ന രാഹുവിന്റെ ദശാകാലം 
  21. രാഹു ഇഷ്ടരാശിയിലും ഇഷ്ടഭാവത്തിലും ശുഭഗ്രഹയോഗദൃഷ്ടികളോടുകൂടിയും നിന്നാൽ സ്വദശാകാലം 
  22. മേടം രാശിയിൽ നിൽക്കുന്ന രാഹുവിന്റെ ദശാകാലം 
  23. ഇടവം രാശിയിൽ നിൽക്കുന്ന രാഹുവിന്റെ ദശാകാലം 
  24. മിഥുനം രാശിയിൽ നിൽക്കുന്ന രാഹുവിന്റെ ദശാകാലം 
  25. കർക്കടകം രാശിയിൽ നിൽക്കുന്ന രാഹുവിന്റെ ദശാകാലം 
  26. ചിങ്ങം രാശിയിൽ നിൽക്കുന്ന രാഹുവിന്റെ ദശാകാലം 
  27. കന്നി രാശിയിൽ നിൽക്കുന്ന രാഹുവിന്റെ ദശാകാലം 
  28. തുലാം രാശിയിൽ നിൽക്കുന്ന രാഹുവിന്റെ ദശാകാലം 
  29. വൃശ്ചികം രാശിയിൽ നിൽക്കുന്ന രാഹുവിന്റെ ദശാകാലം 
  30. ധനു രാശിയിൽ നിൽക്കുന്ന രാഹുവിന്റെ ദശാകാലം 
  31. മകരം രാശിയിൽ നിൽക്കുന്ന രാഹുവിന്റെ ദശാകാലം 
  32. കുംഭം രാശിയിൽ നിൽക്കുന്ന രാഹുവിന്റെ ദശാകാലം 
  33. മീനം രാശിയിൽ നിൽക്കുന്ന രാഹുവിന്റെ ദശാകാലം 

ശിശു ഒരു സംവത്സരത്തിനകത്ത് മരിയ്ക്കുന്നതാണ്

ഭൌമേ വിലഗ്നേ ശുഭദൈരദൃഷ്‌ടേ
ഷഷ്ഠേƒഷ്ടമേ വാƒർക്ക സുതേന യുക്തേ
തൌ ചാർക്കസംസ്ഥൌ ശുഭദൃഷ്ടിഹീനൌ
ജാതസ്യ സദ്യഃ കുരുതഃ പ്രണാശം.

സാരം :-

1). ശുഭഗ്രഹങ്ങളുടെ ദൃഷ്ടി ലേശവുമില്ലാത്ത ചൊവ്വ ലഗ്നത്തിൽ നിൽക്കുകയും, ശനി 6 - 8 എന്നീ ഭാവങ്ങളിലൊന്നിൽ നിൽക്കുകയും ചെയ്ക; അല്ലെങ്കിൽ 2). മന്ദകുജന്മാർ മൌഢ്യമുള്ളവരായി ലഗ്നത്തിൽ നിൽക്കുകയും ഇവർക്ക് ശുഭഗ്രഹദൃഷ്ടി ഒട്ടുമില്ലാതിരിയ്ക്കുകയും ചെയ്ക - ജനനസമയത്ത് മേൽപ്പറഞ്ഞതിൽ ഒരു യോഗമുണ്ടായാൽ ആ ശിശു ഒരു സംവത്സരത്തിനകത്ത് മരിയ്ക്കുന്നതാണ്.

ഇവിടെ "തൌ ചാർക്കസംസ്ഥൌ" എന്ന പദങ്ങളെക്കൊണ്ട് (ഭൂതസംഖ്യയാ അർക്കശബ്ദത്തിന്നു പന്ത്രണ്ട് എന്നാണല്ലോ താല്പര്യം) കുജമന്ദന്മാർ ശുഭഗൃഹദൃഷ്ടിഹീനന്മാരായി ലഗ്നാൽ പന്ത്രണ്ടാം ഭാവത്തിൽ നിന്നാലും യോഗലക്ഷണമാവുമെന്നു ചിലർക്ക് അഭിപ്രായമുണ്ട്. "പാപേഷു ലഗ്നാഭി മുഖേഷു നശ്യേദവാപ്തവീര്യേഷ്വശുഭർക്ഷഗേഷു" എന്ന് പ്രമാണമുണ്ട്. 

മരണം ഉണ്ടാവുന്ന സമയം

യോഗേ സ്ഥാനം ഗതവതി ബലിന-
ശ്ചന്ദ്രേ സ്വം വാ തനുഗൃഹമഥവാ
പാപൈർദൃഷ്‌ടേ ബലവതി മരണം
വർഷസ്യാന്തഃ കില മുനിഗദിതം

സാരം :-

ജനനം മുതൽ ഒരു കൊല്ലത്തിനുള്ളിൽ ചന്ദ്രൻ  മേഷാദിമീനാന്തരമുള്ള രാശികളിൽ പതിമൂന്നിൽ ചില്വാനം ആവർത്തി സഞ്ചരിയ്ക്കുന്നതാണ്. മേൽപ്പറഞ്ഞ ഓരോ സദ്യോരിഷ്ടയോഗങ്ങളിലും യോഗകർത്താക്കന്മാരിൽ ബലവാനായ ഗ്രഹം ഏതു രാശിയിലാണോ നിൽക്കുന്നത് ആ രാശിയിലോ, അല്ലെങ്കിൽ ജനനസമയത്ത് നിൽക്കുന്ന രാശിയിലോ, അതുമല്ലെങ്കിൽ പ്രസവകാലത്തെ ഉദയലഗ്നത്തിലോ ജനനം മുതൽ ഒരു കൊല്ലത്തിന്നുള്ളിൽ ചാരവശാൽ ചന്ദ്രൻ ചെല്ലുമ്പോഴാണ് മരണമുണ്ടാവുക. എന്നാൽ ഈ പറഞ്ഞ മൂന്നു രാശികളിൽ ഓരോന്നിലും പതിമൂന്നീത തവണകളിലായി ഒരു സംവത്സരത്തിന്നുള്ളിൽ ആകെ 39 തവണ അവിടങ്ങളിൽ ചന്ദ്രൻ ചെല്ലുന്നതാണ്. അതിൽ ഏതു കൂറിലാണ് മരണം ഉണ്ടാവുക എന്നറിയാൻ താഴെ പറയുന്നു.

ആ 39 സ്ഥാനങ്ങളിൽ ചന്ദ്രൻ എപ്പോഴൊക്കെ ചെല്ലുമ്പോഴാണ് ആ ചന്ദ്രന് പാപഗ്രഹദൃഷ്ടിയുണ്ടാവുന്നത് അപ്പോഴും, അതും ഒന്നിലധികം പ്രാവശ്യം ഉണ്ടായാൽ പാപഗ്രഹദൃഷ്ടിയും ബലവും കൂടി ചന്ദ്രന് ഏതു  സ്ഥാനത്തു ഏതു സമയത്ത് ചെല്ലുമ്പോഴാണ് ഉണ്ടാവുന്നത്, ആ കൂറിൽ മരണവും തീർച്ചയായി സംഭവിയ്ക്കും.

മേൽപ്പറഞ്ഞ ഓരോ യോഗങ്ങളിലും അധികം ബലവാനായ ഗ്രഹം ജനനകാലത്ത് നിന്നിരുന്ന രാശിയിൽ പാപഗ്രഹദൃഷ്ടിയും പൂർണ്ണബലവുമുള്ള ചന്ദ്രൻ ചാരവശാൽ ചെല്ലുക, അല്ലെങ്കിൽ ജനിച്ച കൂറിൽ ചന്ദ്രൻ ചെല്ലുക അതുമല്ലെങ്കിൽ ജനനലഗ്നത്തിൽ ചന്ദ്രൻ ചെല്ലുക, ജനിച്ചതു മുതൽ ഒരു കൊല്ലത്തിന്നുള്ളിൽ വരുന്നതായ മേൽപ്പറഞ്ഞ മൂന്നിൽ ഒരു സമയത്താണ് മരണമുണ്ടാവുക എന്ന് സാരം.

"വർഷസ്യാന്തഃ കില മുനിഗദിതം" എന്ന ദിക്കിലെ " കില" ശബ്ദം അസ്വരസദ്യോതകമാണെന്നും ചിലർക്ക് അഭിപ്രായമുണ്ട്. സദ്യോരിഷ്ടം മുതലായ അരിഷ്ടയോഗങ്ങൾക്കൊക്കെത്തന്നെ അതാതിന്നു പറഞ്ഞ കാലങ്ങളിൽ മാത്രം മൃതിയെ ചിന്തിച്ചാൽ പോരെന്നും, ആ യോഗകർത്താക്കന്മാർക്ക് അധികാരപ്പെട്ട ദശാപഹാരാദികാലങ്ങളിലൊക്കയും യോഗഫലത്തെ ചിന്തിയ്ക്കേണ്ടതാണെന്നുമാണ് എന്നാണു ഇവരുടെ അഭിപ്രായം. 

ശിശു ഒരു വയസ്സിനുള്ളിൽ മൃതിപ്പെടുന്നതാണ്

സുതമദനവമാന്ത്യലഗ്നരന്ധ്രേ-
ഷ്വശുഭയുതോ മരണായ ശീതരശ്മിഃ
ഭൃഗുസുതശശിപുത്രദേവപൂജ്യൈ-
ര്യദി ബലിഭിർന്ന യുതോവലോകിതോ വാ.

സാരം :-

ലഗ്നം, ലഗ്നാൽ 5 - 7 - 8 - 9 -  12 എന്നീ ആറു ഭാവങ്ങളിലൊന്നിൽ ഒരു പാപഗ്രഹത്തോടുകൂടിയ  ചന്ദ്രൻ നിൽക്കുകയും, ആ ചന്ദ്രന് ബലവാന്മാരായ ഗുരുശുക്രബുധന്മാരിൽ ഒന്നിന്റേയും ദൃഷ്ടിയോ യോഗമോ ഇല്ലാതിരിയ്ക്കയും ചെയ്‌താൽ ശിശു ഒരു വയസ്സിനുള്ളിൽ മൃതിപ്പെടുന്നതാണ്. ബുധശുക്രഗുരുക്കളുടെ യോഗദൃഷ്‌ട്യാദികളിൽ ബുദ്ധന്റെത്തിനാണ് ശക്തി കുറയുക; അതിലധികം ശുക്രന്റെത്തിനും, എല്ലാറ്റിലും അധികം ഗുണഫലം കൊടുപ്പാനുള്ള ശക്തി ഗുരുവിന്റെത്തിനുമാകുന്നു. (വ്യാഴം)

"ലക്ഷം ദോഷാൻ ഹന്തി ദേവേദ്രപൂജ്യഃ
കേന്ദ്രം പ്രാപ്തോ ദൈത്യമന്ത്രീ തദർദ്ധം,
വീര്യോപേതഃ സോമപുത്രസ്തദർദ്ധം".

എന്ന പ്രമാണം മേൽപ്പറഞ്ഞതിനെ സാധൂകരിയ്ക്കുന്നതുമാണല്ലോ.

"സുത, മദ, നവമാ, ന്ത്യ, ലഗ്നരന്ധ്രേഷു" എന്നുള്ളേടത്ത് സുതാന്ത്യലഗ്നരന്ധ്രേഷു മദാന്ത്യലഗ്നരന്ധ്രേഷു നവമാന്ത്യലഗ്നരന്ധ്രേഷു ഇങ്ങനെ അന്വയിച്ചു ഈ യോഗം തന്നെ മൂന്നുവിധത്തിൽ കല്പിക്കാവുന്നതാണ്‌. ഇതിനെ ഒന്നുകൂടി വ്യക്തമാക്കാം. ലഗ്നാൽ അഞ്ചാം ഭാവത്തിലോ, അതിന്റെ അഞ്ചാംഭാവത്തിന്റെ 8 - 12 എന്നീ ഭാവങ്ങളിലോ പാപഗ്രഹയുക്തനും ഗുരുശുക്രബുധന്മാരുടെ യോഗദൃഷ്ടികളില്ലാത്തവനുമായ ചന്ദ്രൻ നിന്നാൽ സുതമരണവും (പുത്രമരണവും) ഇങ്ങനെ ലഗ്നാൽ ഏഴാം ഭാവത്തിലോ അതിന്റെ 8 - 12 എന്നീ ഭാവങ്ങളിലോ മേൽവിവരിച്ച പ്രകാരമുള്ള ചന്ദ്രൻ നിന്നാൽ ഭാര്യാമരണവും, അതുപ്രകാരം തന്നെ ലഗ്നാൽ ഒമ്പതാം ഭാവത്തിലോ അതിന്റെ 8 - 12 ഭാവങ്ങളിലോ അപ്രകാരമുള്ള ചന്ദ്രൻ നിന്നാൽ പിതൃമരണം അല്ലെങ്കിൽ ഗുരുമരണം എന്നിവ ഉണ്ടാവുമെന്ന് പറയണം.

ഈ അദ്ധ്യായത്തിൽ ഇതേവരെ കഴിഞ്ഞ ശ്ലോകങ്ങളിൽകൂടി പതിനൊന്നു ദിക്കിൽ യോഗകർത്താക്കന്മാർക്ക് ശുഭസംബന്ധമുണ്ടാവാതിരുന്നാലേ യോഗം പൂർണ്ണമാവുകയുള്ളുവെന്നു പറഞ്ഞിരിക്കുന്നു. "സ്വല്പം വൃത്തവിചിത്രം" എന്നിങ്ങനെ പ്രതിജ്ഞ ചെയ്ത സ്ഥിതിയ്ക്ക് ഇത് ഒട്ടും കഷ്ടിയല്ല. അതിനാൽ പ്രകൃതഗ്രന്ഥത്തിൽ അശുഭത്വേന പറഞ്ഞിട്ടുള്ള എല്ലാ യോഗങ്ങളിലും യോഗകർത്താക്കന്മാർക്ക് ശുഭഗ്രഹങ്ങളുടെ യോഗദൃഷ്ട്യാദികളുണ്ടായാൽ അവർക്ക് അശുഭഫലത്വം ചുരുങ്ങുകയും, തന്നിമിത്തം യോഗങ്ങൾക്ക് അപവാദം (ദോഷത്തിന്നു കുറവ്) സംഭവിയ്ക്കുകയും ചെയ്യുമെന്നും അറിയേണ്ടതാണ്. ഇതിന്നും പുറമേ ഇവയിൽ ചന്ദ്രനെ പ്രധാനമാക്കിപ്പറഞ്ഞ യോഗങ്ങളിലൊക്കയും ഈ ഗ്രന്ഥത്തിലെ ചാന്ദ്രയോഗാദ്ധ്യായത്തിലെ ശ്ലോകംകൊണ്ട് "കറുത്ത പക്ഷത്തിൽ പകലും വെളുത്ത പക്ഷത്തിൽ രാത്രിയിലും ജനനമായാൽ അയാൾക്ക് ചന്ദ്രനെക്കൊണ്ടുള്ള അരിഷ്ടയോഗങ്ങളൊന്നും അത്ര ഫലിക്കുകയില്ല" എന്ന് പറഞ്ഞിട്ടുള്ളതിനെകൂടി ആലോചിക്കേണ്ടതുമാകുന്നു.

ചൊവ്വാദശയിലെ ചന്ദ്രന്റെ അപഹാരകാലം

വിവിധധനസുതാപ്തിർപ്രയോഗോƒരിവർഗ്ഗൈര്‍-
വസനശയനഭൂഷാരത്നസമ്പൽപ്രസൂതിഃ
ഭവതി ഗുരുജനാർത്തിർഗുന്മപിത്തപ്രപീഡാ
ധരണിതനയവർഷം ശീതഗൗ സമ്പ്രയാതേ.

സാരം :-

ചൊവ്വാദശയിലെ ചന്ദ്രന്റെ അപഹാരകാലം പലപ്രകാരത്തിൽ ധനനാശം പുത്രജനനം എന്നിവ സംഭവിക്കുകയും ശത്രുവർഗ്ഗങ്ങൾക്ക് വേർപാടുണ്ടാവുകയും വിശേഷവസ്ത്രങ്ങൾ, കട്ടിൽ, കിടക്ക മുതലായ ശയനസാമഗ്രികൾ, ആഭരണങ്ങൾ, രത്നാദിശ്രേഷ്ഠവസ്തുക്കൾ എന്നിവയുടെ സമൃദ്ധിയും പിതാവ്, ആചാര്യൻ മുതലായ ഗുരുജനങ്ങൾക്ക് രോഗദുഃഖ്യാദ്യരിഷ്ടയും ഗുല്മരോഗം പിത്തരോഗം മുതലായ ഉപദ്രവങ്ങളും നിദ്രാലസ്യാദികളും ഫലമാകുന്നു.

ചന്ദ്രന് മാരകത്വാദിലക്ഷണമുണ്ടായിരുന്നാൽ തൽപരിഹാരമായി ദുർഗ്ഗാലക്ഷ്മീമന്ത്രജപവും വെളുത്ത പശുവിന്റെയും എരുമയുടേയും ദാനവും പ്രായശ്ചിത്തവും ചെയ്യണം.

സ്ത്രീകൾക്കും പുരുഷന്മാർക്കും ചൊവ്വാദശാന്ത്യം ദോഷഘട്ടമാകയാൽ മൃത്യുഞ്ജയാദി മറ്റു സൽക്കർമ്മങ്ങളും യഥാശക്തി ചെയ്യേണ്ടതാകുന്നു.

ചൊവ്വാദശയിലെ സൂര്യന്റെ അപഹാരകാലം

നരപതികൃതപൂജാ യുദ്ധലബ്ധപ്രഭാവഃ
പരിജനധനധാന്യശ്രീമദന്തഃപുരം ച
അതിവിലസിതവൃത്തിസ്സാഹസാവാപ്തലക്ഷ്മീ-
സ്ഥിമിരഭിദി കുജായുർദായസംഹാരിണി സ്യാൽ.

സാരം :-

ചൊവ്വാദശയിലെ സൂര്യന്റെ അപഹാരകാലം രാജപൂജയും യുദ്ധത്തിൽ പ്രതാപസിദ്ധിയും ഭൃത്യന്മാരോടും ധനധാന്യസമൃദ്ധിയോടും കൂടിയ അന്തഃപുരങ്ങളുടെ അനുഭവവും ഏറ്റവും സന്തോഷകരങ്ങളായ പ്രവൃത്തികളും വളരെ പണിപ്പെട്ട് ലഭിക്കുന്ന സമ്പത്തുകളും അപവാദവും ഗുരുദ്വേഷവും സ്വജനങ്ങൾനിമിത്തം ദുഃഖവും ഫലമാകുന്നു. ദോഷശാന്ത്യർത്ഥം സൂര്യനമസ്കാരം, സൂര്യശാന്തി മുതലായ സൽക്കർമ്മങ്ങൾ ചെയ്കയും വേണം.

ചൊവ്വാദശയിലെ ശുക്രന്റെ അപഹാരകാലം

യുധി ജനിതവിമാനോ വിപ്രവാസസ്സ്വദേശാ-
ദ്വസുഹൃതിരപി ചോരൈർവ്വാമനേത്രാപരാധഃ
പരിജനപരിഹാനിർജായതേ മാനവാനാ-
മപഹരതി യദായുർഭൗമജം ഭാർഗ്ഗവേന്ദ്രഃ

സാരം :-

ചൊവ്വാദശയിലെ ശുക്രന്റെ അപഹാരകാലം യുദ്ധത്തിൽ ജയവും തന്നിമിത്തം ബഹുമാനവും അന്യദേശവാസവും കള്ളന്മാർ നിമിത്തം ധനനഷ്ടവും ഭാര്യയ്ക്ക് അപരാധവും ഭൃത്യജനങ്ങൾക്ക്‌ നാശവും മറ്റു ദോഷങ്ങളും വസ്ത്രാദ്യലങ്കാരവും, സുഖവും, ധനം, സ്ത്രീസുഖം, ഭാര്യാവിരോധം, ബന്ധുക്കളിൽ നിന്നു ധനലാഭം മുതലായ ഗുണങ്ങളും ഫലമാകുന്നു. ദോഷശാന്ത്യർത്ഥം വെളുത്ത പശുവിനേയും എരുമയേയും ദാനം ചെയ്കയും ശാന്തിഹോമം കഴിപ്പിക്കുകയും വേണം.

ഒരു വയസ്സിനകത്തു ശിശു മരിയ്ക്കുന്നതാണ്

അസിതരവിശശാംകഭൂമിജൈർ-
വ്വ്യയനവമോദയനൈധനാശ്രിതൈഃ
ഭവതി മരണമാശു ദേഹിനാം
യദി ബലിനാ ഗുരുണാ ന വീക്ഷിതാഃ

സാരം :-

ലഗ്നാൽ പന്ത്രണ്ടാം ഭാവത്തിൽ ശനിയും ഒമ്പതാം ഭാവത്തിൽ സൂര്യനും ലഗ്നത്തിൽ ചന്ദ്രനും ആറാം ഭാവത്തിൽ ചൊവ്വയും നിൽക്കുക, ഈ നാലിന്നും ബലവാനായ വ്യാഴത്തിന്റെ ദൃഷ്ടിയില്ലാതേയും വരിക, എന്നാൽ ഒരു വയസ്സിനകത്തു ശിശു മരിയ്ക്കുന്നതാണ്. ബലഹീനനായ വ്യാഴത്തിന്റെ ദൃഷ്ടിയുണ്ടായാലും യോഗത്തിനു അപവാദമില്ലെന്നാണ് "ബലിനാ ഗുരുണാ ന വീക്ഷിതാ" എന്ന പദം കൊണ്ട് സൂചിപ്പിച്ചിരിയ്ക്കുന്നത്. ഇവിടെ "ദേഹിനാം മരണം ഭവതി" ദേഹമുള്ളവർക്ക് മരണം ഭവിയ്ക്കുന്നു എന്നു മാത്രം പറഞ്ഞിരിയ്ക്കയാൽ ഈ യോഗത്തെ എല്ലാ ഭാവങ്ങളിൽ നിന്നും ചിന്തിയ്ക്കാമെന്നും തോന്നുന്നുണ്ട്. ജാതകപ്രശ്നാദികളിൽ ലഗ്നാൽ അഞ്ചാം ഭാവത്തിന്റെ വ്യയനവാമാദിസ്ഥാനങ്ങളിൽ ശന്യാദിഗ്രഹങ്ങൾ നിന്നാൽ പുത്രമരണവും, ഏഴാം ഭാവത്തിന്റെ വ്യയാദിസ്ഥാനങ്ങളിൽ മാന്ദികൾ നിന്നാൽ ഭാര്യാനാശവും പറയാമെന്നു താല്പര്യം. ഇപ്രകാരം മറ്റു ഭാവങ്ങളേയും ഊഹിച്ചുകൊൾക.

പ്രസ്തുതയോഗത്തിൽ ലഗ്നം 8 - 9 - 12 എന്നീ ഭാവങ്ങളിൽ നിൽക്കുന്ന ചന്ദ്രാദിഗ്രഹങ്ങൾക്കു ഒക്കയും വ്യാഴദൃഷ്ടിയുണ്ടാവണമെങ്കിൽ, വ്യാഴം ലഗ്നാൽ അഞ്ചാം ഭാവത്തിൽ നിൽക്കുക വേണമെന്നും ധരിയ്ക്കേണ്ടതാണ്. എന്നാൽ അഞ്ച്, ഒമ്പത് എന്നീ ഭാവങ്ങളിലേയ്ക്ക് വ്യാഴത്തിനു പൂർണ്ണ ദൃഷ്ടിയും, എട്ടാം ഭാവത്തിലേയ്ക്ക് വ്യാഴത്തിനു മുക്കാൽ ദൃഷ്ടിയും വരുന്നതാണല്ലോ.

മാതാവും ശിശുവും ഉടനെ മരിയ്ക്കുന്നതാണ് / മാതാവും ശിശുവും മരിയ്ക്കുന്നത് ആയുധം ഏറ്റിട്ടായിരിയ്ക്കയും ചെയ്യും

അശുഭസഹിതേ ഗ്രസ്തേ ചന്ദ്രേ കുജേ നിധനാശ്രിതേ
ജനനിസുതയോർമൃത്യുർല്ലഗ്നേ രവൗ തു സ ശസ്ത്രജഃ
ഉദയതി രവൗ ശീതാംശൗ വാ ത്രികോണവിനാശഗൈർ-
ന്നിധനമശുഭൈർവ്വീര്യോപേതൈഃ ശുഭൈരയുതേക്ഷിതേ.

സാരം :-

ഗ്രഹണമുള്ള സമയത്തെ സൂര്യചന്ദ്രന്മാരേയാണ് ഗ്രസ്തന്മാർ എന്ന് പറയുന്നത്.

1). ഗ്രസ്തനും പാപയുക്തനുമായ ചന്ദ്രൻ ലഗ്നത്തിലും, ചൊവ്വ ലഗ്നാൽ എട്ടാം ഭാവത്തിലും നിൽക്കുമ്പോൾ പ്രസവിച്ചാൽ മാതാവും ശിശുവും താമസിയാതെ മരിയ്ക്കുന്നതാണ്. 2). അപ്രകാരംതന്നെ ചൊവ്വാ എട്ടാം ഭാവത്തിൽ നിൽക്കുമ്പോൾ ഗ്രസ്തനും പാപസഹിതനുമായ സൂര്യനാണ് ലഗ്നത്തിൽ നിൽക്കുന്നതെങ്കിൽ മാതാവും ശിശുവും മരിയ്ക്കുന്നത് ആയുധം ഏറ്റിട്ടായിരിയ്ക്കയും ചെയ്യും. "പാപയോഗത്തോടുകൂടിയ സൂര്യൻ ലഗ്നത്തിലും, ഒരു പാപഗ്രഹവും ചൊവ്വയും ചന്ദ്രനുംകൂടി ലഗ്നാൽ എട്ടാം ഭാവത്തിലും നിന്നാലും യോഗമായി" എന്നു ചിലർ വ്യാഖ്യാനിച്ചു കാണുന്നുണ്ട്. ഈ വിധമായാൽ "ഗ്രസ്തേ" എന്ന പദം അന്വയിയ്ക്കാതെ പോകുന്നതാകയാൽ അത് യുക്തമാണെന്നും തോന്നുന്നില്ല. 3). സൂര്യചന്ദ്രന്മാരിൽ ഒന്ന് ലഗ്നത്തിൽ നിൽക്കുകയും, അതിന്നു ബലവാന്മാരായ ശുഭഗ്രഹങ്ങളുടെ  യോഗമോ ദൃഷ്ടിയോ ഇല്ലാതിരിയ്ക്കയും, ബലവാന്മാരായ പാപഗ്രഹങ്ങൾ ലഗ്നാൽ 5 - 8 - 9 എന്നീ ഭാവങ്ങളിൽ നിൽക്കുകയും ചെയ്ക; ഈ സമയത്ത് ജനിച്ചാലും മാതാവും ശിശുവും ഉടനെ മരിയ്ക്കുന്നതാണ്. "വീര്യോ പേതൈഃ" എന്ന പദം "ഭിത്തിപ്രദീപന്യായേന" അശുഭന്മാരിലും ശുഭന്മാരിലും അന്വയിയ്ക്കേണ്ടതാകുന്നു. ബലവാന്മാരായ ശുഭഗ്രഹങ്ങളുടെ ദൃഷ്ടികൾ മേൽപ്പറഞ്ഞ മൂന്നു യോഗങ്ങളുടേയും അപവാദങ്ങളാണ്.

ചൊവ്വാദശയിലെ കേതുവിന്റെ അപഹാരകാലം

അശനി ഭയമസ്മാദഗ്നിശസ്ത്രപ്രപീഡാ
വിഗമനമഥ ദേശാദ്വിത്തനാശോƒഥവാ സ്യാൽ
അപഗമനമസുഭ്യോ യോഷിതോ വാ വിനാശഃ
പ്രവിശതി യദി കേതുഃ ക്രുരനേത്രായുരന്തം.

സാരം :-

ചൊവ്വാദശയിലെ കേതുവിന്റെ അപഹാരകാലം അവിചാരിതമായി ഇടിഭയമുണ്ടാവുകയും അഗ്നിയിൽ നിന്നോ ആയുധങ്ങളിൽ നിന്നോ ഉപദ്രവവും അന്യദേശഗമനവും അർത്ഥനാശവും തനിക്കോ ഭാര്യയ്ക്കോ മരണവും സ്വജനാരിഷ്ടയും ദുർജനവിരോധവും സംഭവിക്കുകയും ചെയ്യും. ദോഷശാന്ത്യർത്ഥം മൃത്യുഞ്ജയജപം ചെയ്യണം.

ചൊവ്വാദശയിലെ ബുധന്റെ അപഹാരകാലം

അരിഭയമുരുചോരോപദ്രവോƒർത്ഥപ്രണാശഃ
പശുഗജതുരഗാണാം വിപ്ലവോƒമിത്രയോഗഃ
നൃപകൃതപരിപീഡാ ശൂദ്രവൈരോത്ഭവാ വാ
ദിശതി വിശതി വിജ്ഞേ വിശ്വധാത്രീസുതായുഃ

സാരം :-

ചൊവ്വാദശയിലെ ബുധന്റെ അപഹാരകാലം ശത്രുഭയവും കള്ളന്മാരിൽ നിന്ന് ഉപദ്രവവും ധനഹാനിയും പശുക്കൾ, ആന, കുതിര, പോത്ത്, മുതലായവയ്ക്ക് നാശവും രാജകോപവും ശുദ്രജനവിരോധവും മറ്റു ദോഷാനുഭവവും അനുഭവിക്കും.

ബുധൻ ഇഷ്ടഭാവസ്ഥനാണെങ്കിൽ കച്ചവടക്കാരിൽ നിന്ന് ധനലാഭവും നൂതനഗൃഹനിർമ്മാണവും ചതുഷ്പാദ ദ്രവ്യലാഭവും കൃഷിഗുണവും ശത്രുപീഡയും മനോദുഃഖവും സംഭവിക്കുകയും ചെയ്യും.

ബുധന്റെ ദോഷശാന്ത്യർത്ഥം അശ്വദാനവും വിഷ്ണു സഹസ്രനാമജപവും ചെയ്കയും വേണം.

ഒരു വയസ്സു തികയുന്നതുവരെ മാത്രമേ ജീവിച്ചിരിയ്ക്കുകയുള്ളു / ശിശു ഒരു സംവത്സരത്തിനുള്ളിൽ മരിയ്ക്കുന്നതാണ്

രാശ്യന്തഗേ സദ്‌ഭിരവീക്ഷ്യമാണേ
ചന്ദ്രേ ത്രികോണപഗതൈശ്ച പാപൈഃ
പ്രാണൈഃ പ്രയാത്യാശു ശിശുർവ്വിയോഗ-
മസ്തേ ച പാപൈസ്തുഹിനാംശൂലഗ്നേ.

സാരം :-

ഏതെങ്കിലും രാശിയുടെ അവസാനത്തെ നവാംശകത്തിൽ (ഇവിടെ "രാശ്യന്തഗേ" എന്നതിന്നു കർക്കിടകം, വൃശ്ചികം, മീനം രാശികളിലോന്നു എന്ന് ഒരു അഭിപ്രായമുണ്ട്) ചന്ദ്രൻ നിൽക്കുകയും, ആ ചന്ദ്രന് ശുഭഗ്രഹങ്ങളുടെ ദൃഷ്ടി അശേഷം ഇല്ലാതിരിയ്ക്കയും, പാപഗ്രഹങ്ങളൊക്കെയും ലഗ്നാൽ അഞ്ചും ഒമ്പതും ഭാവങ്ങളിൽ നിൽക്കുകയും ചെയ്ക; ഈ യോഗജാതൻ ഒരു വയസ്സു തികയുന്നതുവരെ മാത്രമേ ജീവിച്ചിരിയ്ക്കുകയുള്ളു. ഇവിടെ പാപൈഃ എന്നതിന്നു പകരം " ശേഷൈഃ" എന്നും ചിലർ പഠിയ്ക്കുന്നുണ്ട്. അങ്ങനെ വരുമ്പോൾ ചന്ദ്രൻ ഒഴികെയുള്ള ഗ്രഹങ്ങളൊക്കയും ലഗ്നാൽ അഞ്ചും ഒമ്പതും ഭാവങ്ങളിൽ നിൽക്കേണമെന്നറിക. ചന്ദ്രൻ ലഗ്നത്തിലും, പാപഗ്രഹങ്ങളെല്ലാം ലഗ്നദ്രേക്കാണത്തിൽ നിന്നു പത്തൊമ്പതാം ദ്രേക്കാണത്തിലും നിൽക്കുക; ഈ സമയത്തു ജനിച്ച ശിശുവും ഒരു സംവത്സരത്തിനുള്ളിൽ മരിയ്ക്കുന്നതാണ്. ഈ യോഗത്തിലും ചന്ദ്രനു ശുഭഗ്രഹങ്ങളുടെ യോഗദൃഷ്ടികൾ ഇല്ലാതിരിയ്ക്കുകയും വേണം.

ശിശുവും മാതാവും ഉടനെ മരിയ്ക്കുന്നതാണ് / ശിശു ഒരു വയസ്സിലധികം ജീവിച്ചിരിക്കയില്ല

ലഗ്നേ ക്ഷീണേ ശശിനി നിധനം രന്ധ്രകേന്ദ്രേഷു പാപൈഃ
പാപാന്തസ്ഥേ നിധനഹിംബുകദ്യൂനയുക്തേ ച ചന്ദ്രേ
ഏവം ലഗ്നേ ഭവതി മദനച്ഛിദ്രസംസ്ഥൈശ്ച പാപൈർ-
മ്മാത്രാ സാർദ്ധം യദി ന ച ശുഭൈർവ്വീക്ഷിതശ്ശക്തിമദ്ഭിഃ.

സാരം :-

1). ക്ഷീണനായ ചന്ദ്രൻ ലഗ്നത്തിലും രണ്ടിലധികം പാപഗ്രഹങ്ങൾ ലഗ്നാൽ അഷ്ടമം ലഗ്നകേന്ദ്രം ഇതുകളിലായും നിൽക്കുക; അല്ലെങ്കിൽ, 2). പാപമദ്ധ്യസ്ഥിതനും ക്ഷീണനുമായ ചന്ദ്രൻ ലഗ്നാൽ 4 - 7 - 8 എന്നീ ഭാവങ്ങളിലൊന്നിൽ നിൽക്കുക - (മേൽപ്പറഞ്ഞ രണ്ടു യോഗങ്ങളുടേയും കർത്താവായ ചന്ദ്രന്നു ശുഭഗ്രഹങ്ങളുടെ യോഗദൃഷ്ടികൾ ഇല്ലാതിരിക്കയും വേണം). ഇങ്ങനെയുള്ള രണ്ടു യോഗങ്ങളിൽ വെച്ച് ഒന്നിൽ ജനിച്ച ശിശു ഒരു വയസ്സിലധികം ജീവിച്ചിരിക്കയില്ല. ഇവയിൽ ആദ്യത്തെ യോഗത്തിൽ 'രന്ധ്രകേന്ദ്രേഷു" എന്നതിന്നു "അഷ്ടമത്തിന്റെ കേന്ദ്ര" (ലഗ്നാൽ പണപരത്തിലെന്നർത്ഥം) ത്തിൽ പാപഗ്രഹങ്ങൾ നിൽക്കുകയാണ് വേണ്ടതെന്നും ഒരു അഭിപ്രായമുണ്ട്.

ഗ്രഹങ്ങൾക്ക്‌ പാപമദ്ധ്യസ്ഥിതിയും ശുഭമദ്ധ്യസ്ഥിതിയും രണ്ടു പ്രകാരത്തിലെ സംഭവിയ്ക്കുകയുള്ളു. അവ, 1). ഗ്രഹം നിൽക്കുന്ന ഭാവത്തിന്റെ പന്ത്രണ്ടും രണ്ടും ഭാവങ്ങളിലും 2). ഒരേ രാശിയിൽ തന്നെ ഗ്രഹത്തിന്റെ മുമ്പിലും പിന്നിലും ഗ്രഹങ്ങൾ നില്ക്കുക; ഇങ്ങനെയാകുന്നു മദ്ധ്യസ്ഥിതിയെ ചിന്തിക്കേണ്ടത്.

ക്ഷീണചന്ദ്രൻ പാപമദ്ധ്യസ്ഥിതനായിട്ടു ലഗ്നത്തിൽ നിൽക്കുക, ലഗ്നാൽ ഏഴും എട്ടും ഭാവങ്ങളിൽ രണ്ടിലധികം പാപഗ്രഹങ്ങളുണ്ടാവുക, യോഗകർത്താവും ലഗ്നസ്ഥനുമായ ചന്ദ്രന്നു ബലവാന്മാരായ ശുഭഗ്രഹങ്ങളുടെ യോഗദൃഷ്ടികൾ ഇല്ലാതിരിയ്ക്കയും ചെയ്ക; ഈ യോഗമുള്ളപ്പോഴാണ് പ്രസവമെങ്കിൽ ശിശുവും മാതാവും ഉടനെ മരിയ്ക്കുന്നതാണ്. ഈ ഒടുവിൽ പറഞ്ഞ യോഗത്തിൽ "പാപൈഃ" എന്നു ബഹുവചനം പറകയാൽ ചന്ദ്രന്റെ പാപമദ്ധ്യസ്ഥിതിയ്ക്കു ഗ്രഹയോനിഭേദപ്രകരണാദ്ധ്യായത്തിൽ സജ്ഞാമാത്രനിർദ്ദിഷ്ടന്മാരായ രാഹുകേതുക്കളേക്കൂടി സ്വീകരിയ്ക്കേണ്ടിവരുന്നതാണ്.

"ലഗ്നേ ക്ഷീണേ ശശിനി നിധനം രന്ധ്രകേന്ദ്രേഷു പാപൈഃ" എന്നതിനെ മൂന്നു യോഗമായിട്ടും ചിലർ വ്യാഖ്യാനിച്ചുകാണുന്നുണ്ട്. ഇവിടെ "ക്ഷീണേ" എന്നതിന്നു "പൃഷ്ഠോദയേ" എന്നാണ് അർത്ഥമെന്നും ധരിയ്ക്കുക. 1). ലഗ്നം പൃഷ്ഠോദയരാശിയാവുക, ചന്ദ്രൻ ലഗ്നാൽ അഷ്ടമത്തിലും (എട്ടാം ഭാവത്തിലും) നിൽക്കുക 2). ലഗ്നം പൃഷ്ഠോദയരാശിയാവുക, കേന്ദ്രത്തിലും എട്ടാം ഭാവത്തിലും പാപഗ്രഹങ്ങൾ നിൽക്കുക 3). ചന്ദ്രൻ ലഗ്നാൽ എട്ടാം ഭാവത്തിൽ നിൽക്കുക ലഗ്നകേന്ദ്രങ്ങളിലും എട്ടാം ഭാവത്തിലുമായി പാപഗ്രഹങ്ങളും നിൽക്കുക; ഇങ്ങനെ വ്യാഖ്യാനിയ്ക്കുന്നതനുസരിച്ച് പ്രമാണങ്ങളും കാണ്മാനുണ്ട്

ചൊവ്വാദശയിലെ ശനിയുടെ അപഹാരകാലം

ഉപരിപരിവിനാശഃ സ്വാത്മജസ്ത്രീഗുരുണാ-
മഗണിതവിപദന്തർദുഃഖമർത്‌ഥോപഹാനിഃ
വസുഹരണമരിഭ്യോ ഭീതിരുഷ്ണാനിലോത്ഥാ
ഭവതി കുജദശായാമർക്കജേ സമ്പ്രയാതേ.

സാരം :-

ചൊവ്വാദശയിലെ ശനിയുടെ അപഹാരകാലം ബന്ധുക്കൾക്കും സന്താനങ്ങൾക്കും ഗുരുക്കന്മാർക്കും ഭാര്യയ്ക്കും അടിക്കടി ആപത്തുകൾ നേരിടുകയും അവിചാരിതമായ ആപത്തുകളും മനോദുഃഖവും അർത്ഥനാശവും ശത്രുക്കൾനിമിത്തം ധനഹാനിയും സംഭവിക്കുകയും ഉഷ്ണവർദ്ധനംകൊണ്ടും വാതവികാരംകൊണ്ടും രോഗാദ്യുപദ്രവങ്ങളുണ്ടാവുകയും മറ്റു ദോഷാനുഭവവും ഫലമാകുന്നു.

ശനിയ്ക്ക് മാരകാധിപത്യമോ മാരകസ്ഥാനസ്ഥിതിയോ ഉണ്ടായിരുന്നാൽ ദോഷശാന്ത്യർത്ഥം മൃത്യുഞ്ജയമന്ത്രജപവും വിഷ്ണു സഹസ്രനാമജപവും കൃഷ്ണധേനുദാനവും മഹിഷീദാനവും ചെയ്കയും വേണം.

ചൊവ്വാദശയിലെ വ്യാഴത്തിന്റെ അപഹാരകാലം

ദ്വിജഗുരുസുരപൂജാതീർത്ഥപുണ്യാനുസേവാ
സതതമതിഥിപൂജാ പുത്രമിത്രാർത്ഥസിദ്ധിഃ
ശ്രവണരുഗതിമാത്രം ശ്ലേഷ്മരോഗോത്ഭവോ വാ
ഭവതി കുജദശാന്തസ്സംഗതേ വാഗധീശേ.

സാരം :-

ചൊവ്വാദശയിലെ വ്യാഴത്തിന്റെ അപഹാരകാലം ബ്രാഹ്മണരേയും ഗുരുക്കന്മാരേയും ദേവന്മാരേയും പൂജിക്കയും ഗംഗാദിപുണ്യതീർത്ഥങ്ങളിൽ സ്നാനം ചെയ്കയും എപ്പോഴും അതിഥികളെ സൽക്കരിക്കുകയും പുത്രഗുണം, ബന്ധുഗുണം, അർത്ഥസിദ്ധി എന്നിവ ലഭിക്കുകയും കർണ്ണരോഗമോ കഫജങ്ങളായ മറ്റു രോഗങ്ങളോ സംഭവിക്കുകയും പിന്നീട് ആരോഗ്യസുഖങ്ങളും കാര്യലാഭവും ജയവും ലഭിക്കുകയും ചെയ്യും.

വ്യാഴത്തിന്റെ മാരകത്വാദിദോഷശാന്ത്യർത്ഥം സ്വർണ്ണദാനവും ശിവസഹസ്രനാമജപവും മറ്റു സൽകർമ്മങ്ങളും ചെയ്കയും വേണം.

ശിശുവും ഒരു മാസമേ ജീവിച്ചിരിയ്ക്കുകയുള്ളു / ശിശു ഒരു വയസ്സിനകം മരിയ്ക്കുന്നതാണ് / ശിശു എട്ടു വയസ്സുവരെ ജീവിച്ചിരിയ്ക്കും /

ശശിന്യരിവിനാശഗേ നിധനമാശു പാപേക്ഷിതേ
ശുഭൈരഥ സമാഷ്ടകം ദലമതശ്ച മിശ്രൈഃ സ്ഥിതിഃ
അസത്ഭിരവലോകിതേ ബലിഭിരത്ര മാസം ശുഭേ
കളത്രസഹിതേഥ പാപവിജിതേ വിലഗ്നാധിപേ.

സാരം :-

ലഗ്നാൽ ആറാം ഭാവത്തിലോ എട്ടാം ഭാവത്തിലോ നിൽക്കുന്ന ചന്ദ്രനെ സൂര്യനും കുജനും ശനിയും നോക്കുകയും ബുധനും ശുക്രനും നോക്കാതിരിയ്ക്കുകയും ചെയ്‌താൽ ശിശു ഒരു വയസ്സിനകം മരിയ്ക്കുന്നതാണ്. ആറാം ഭാവത്തിലോ എട്ടാം ഭാവത്തിലോ നിൽക്കുന്ന ആ ചന്ദ്രനെത്തന്നെ ശുഭഗ്രഹങ്ങൾ മൂന്നും നോക്കുകയും പാപഗ്രഹങ്ങൾ മൂന്നും നോക്കാതിരിയ്ക്കുകയും ചെയ്‌താൽ ശിശു എട്ടു വയസ്സുവരെ ജീവിച്ചിരിയ്ക്കും. സമസംഖ്യന്മാരും സമാനബലവാന്മാരുമായ ശുഭഗ്രഹങ്ങളുടേയും പാപഗ്രഹങ്ങളുടേയും ദൃഷ്ടിയാണ് ആ ചന്ദ്രന്നുള്ളതെങ്കിൽ ശിശു നാലുവയസ്സുമാത്രം ജീവിച്ചിരിയ്ക്കുകയും ചെയ്യും. ഈ പറഞ്ഞതുകൊണ്ടുതന്നെ 2, 3, 5, 6 മുതലായ വയസ്സുവരെ ജീവിച്ചിരിയ്ക്കുവാൻ ഏതു വിധത്തിലാണ് ദൃഷ്ടിയുണ്ടാവേണ്ടതെന്നും മറ്റും ഊഹിച്ചുകൊൾക. തുല്യബലവാന്മാരായ രണ്ടു ശുഭഗ്രഹങ്ങളും ഒരു പാപഗ്രഹവുമാണ് ചന്ദ്രനെ നോക്കുന്നതെങ്കിൽ ആറു വയസ്സും, രണ്ടു പാപഗ്രഹങ്ങളും ഒരു ശുഭഗ്രഹവുമാണ് നോക്കുന്നതെങ്കിൽ രണ്ടു വയസ്സുവരേയുമാണ്‌ ജീവിച്ചിരിയ്ക്കുക. ഇപ്രകാരമാണ് ഊഹിയ്ക്കേണ്ട വഴിയെന്നും അറിയുക. "അനുപാതഃ കർത്തവ്യഃ പ്രോക്താദൂനഗ്രഹൈർദൃഷ്ടാഃ" എന്ന് പ്രമാണമുണ്ട്.

1. ലഗ്നാൽ ആറാം ഭാവത്തിലോ എട്ടാം ഭാവത്തിലോ ബുധഗുരുശുക്രന്മാരിൽ ഒരു ശുഭഗ്രഹം നിൽക്കുകയും അതിന്നു ഉച്ചസ്ഥന്മാരോ വക്രാദി ബലമുള്ളവരോ ആയ രണ്ടിലധികം പാപഗ്രഹങ്ങളുടെ ദൃഷ്ടി ഉണ്ടാവുകയും, ശുഭഗ്രഹദൃഷ്ടിയില്ലാതിരിയ്ക്കുകയും ചെയ്ക; 

അല്ലെങ്കിൽ.

2. അതേവിധം തന്നെ ലഗ്നാധിപൻ ഒരു പാപഗ്രഹവുമായി ഗ്രഹയുദ്ധത്തിൽ തോറ്റ് ലഗ്നാൽ ഏഴാം ഭാവത്തിൽ നിൽക്കുകയും, ആ ലഗ്നാധിപനെ വക്രോച്ചാദിബലയുക്തന്മാരായ പാപഗ്രഹങ്ങൾ നോക്കുകയും ചെയ്ക - മേൽപ്പറഞ്ഞ രണ്ടു യോഗത്തിൽ ജനിച്ച ശിശുവും ഒരു മാസമേ ജീവിച്ചിരിയ്ക്കുകയുള്ളു. ഇവിടെ "ബലിഭി" എന്നതിന്നു പ്രധാനമായി "വക്രമുളളവൻ" എന്നാണ് അർത്ഥമാക്കേണ്ടത്.

"ഗ്രഹദൃഷ്ടസ്യ ചന്ദ്രസ്യ സ്ഥിതിരഷ്ടമഷഷ്ഠയോഃ
ശുഭാനാം വക്രിഭിഃ പാപൈർദ്ദൃഷ്ടാനാം ചാത്ര സംസ്ഥിതിഃ

എന്നും പ്രമാണമുണ്ട്.

ശിശു ഒരു വയസ്സിലധികം ജീവിയ്ക്കുകയില്ല

ക്രൂരസംയുതശ്ശശീ സ്മരാന്ത്യമൃത്യുലഗ്നഗഃ
കണ്ടകാദ് ബഹിശ്ശുഭൈരനീക്ഷിതശ്ച മൃത്യുദഃ

സാരം :-

ലഗ്നത്തിലോ ലഗ്നാൽ 7, 8, 12 എന്നീ ഭാവങ്ങളിലോ ചന്ദ്രൻ ഏതെങ്കിലും ഒരു പാപഗ്രഹത്തോടുകൂടി നിൽക്കുകയും ആ ചന്ദ്രന് ശുഭഗ്രഹദൃഷ്ടി അശേഷം ഇല്ലാതിരിയ്ക്കുകയും ചെയ്ക, ലഗ്നകേന്ദ്രരാശികളിൽ ശുഭഗ്രഹങ്ങൾ ഇല്ലാതിരിയ്ക്കുക - ജനനസമയത്ത് ഈ യോഗമുണ്ടായാലും ആ ശിശു ഒരു വയസ്സിലധികം ജീവിയ്ക്കുകയില്ല.

ഇവിടെ " ശുഭൈഃ കണ്ടകാൽ ബഹിസ്ഥിതൈഃ, ശുഭൈഃ അവീക്ഷിതഃ" എന്നിങ്ങനെ ശുഭപദത്തെ "ഭിത്തിപ്രദീപ" ന്യായേന അന്വയിയ്ക്കേണ്ടതാണെന്നും അറിയണം. ഇങ്ങനെ അന്വയിച്ചില്ലെങ്കിൽ യോഗകർത്താവായ ചന്ദ്രന്നു കേന്ദ്രസ്ഥന്മാരായ ശുഭഗ്രഹങ്ങളുടെ ദൃഷ്ടിയുണ്ടാവുന്നതായാലും യോഗത്തിന്നു പൂർണ്ണതയുണ്ടെന്നു വരുമല്ലോ. ചന്ദ്രന്നു ശുഭഗ്രഹദൃഷ്ടിഉണ്ടാവരുതെന്ന്,

"വ്യയാഷ്ടസപ്തോദയഗേ ശശാങ്കേ
പാപൈഃ സമേതേ ശുഭദൃഷ്ടിഹീനേ;
കേന്ദ്രേഷു സൌമ്യഗ്രഹവർജ്ജിതേഷു
ജാതസ്യ സദ്യഃ കുരുതേ പ്രണാശം."

എന്ന് പ്രമാണവചനംകൊണ്ട് സിദ്ധിയ്ക്കുന്നുണ്ട്.

ഈ യോഗത്തിൽ ലഗ്നകേന്ദ്രത്തിൽ ശുഭഗ്രഹങ്ങൾ നിൽക്കുക, ചന്ദ്രന്നു ശുഭഗ്രഹദൃഷ്ടിയുണ്ടാവുക; ഇതു രണ്ടും അരിഷ്ടയോഗത്തിന്റെ അപവാദഹേതുക്കളാണെന്നും അറിയുക.

ഇവിടെ ക്രൂരശബ്ദത്തിനു കുജൻ (കുജന്നു ക്രൂരദൃക്ക് എന്നും മറ്റും സംജ്ഞകളുണ്ടല്ലോ) എന്നും, സംയുതശബ്ദത്തിന്നു ഒരു കലയായി നിൽക്കുക എന്നും അർത്ഥം കല്പിയ്ക്കേണ്ടതാണെന്നും ഒരു അഭിപ്രായമുണ്ട്. ചന്ദ്രനും കുജനും സമകലയായി മേൽപ്പറഞ്ഞ ലഗ്നസപ്തമാദി നാല് ഭാവങ്ങളിൽ ഒന്നിൽ നിന്നാൽ മാത്രമേ യോഗലക്ഷണത്തിന്നു പൂർണ്ണതയുള്ളുവെന്നാണ് അവരുടെ അഭിപ്രായം.

ചൊവ്വാദശയിലെ രാഹുവിന്റെ അപഹാരകാലം

ശാസ്ത്രാഗ്നിചോരരിപുഭുപഭയം വിഷാർത്തിഃ
കക്ഷ്യക്ഷിശീർഷജഗദോ ഗുരുബന്ധുഹാനിഃ
പ്രാണവ്യയോƒഥ യദി വാ വിപുലാപവാദോ
വക്രായുരന്തരഗതേ ഭുജഗാധിനാഥേ.

സാരം :-

ചൊവ്വാദശയിലെ രാഹുവിന്റെ അപഹാരകാലം ആയുധത്തിൽനിന്നോ അഗ്നിയിൽനിന്നോ കള്ളന്മാരിൽനിന്നോ ശത്രുക്കളിൽനിന്നോ രാജാവിൽനിന്നോ ഉപദ്രവവും വിഷഭയവും വയറ്റിലും കണ്ണിലും തലയിലും വ്യാധികൾ പിടിപ്പെടുകയും പിതാവ് ആചാര്യൻ മുതലായ ഗുരുജനങ്ങൾക്കും ബന്ധുക്കൾക്കും ഹാനിയും വലുതായിരിക്കുന്ന ആപത്തോ അപവാദമോ അഥവാ മരണംതന്നെയോ സംഭവിക്കുകയും ചെയ്യും.

മാരകലക്ഷണമുള്ള രാഹുവാണെങ്കിൽ ദോഷശാന്ത്യർത്ഥം മൃത്യുഞ്ജയജപഹോമങ്ങളും അജദാനവും നാഗദാനവും ചെയ്കയും വേണം.

ചൊവ്വാദശയിലെ സ്വാപഹാരകാലം

പിത്തോഷ്ണരുഗ് വ്രണഭയം സഹജൈർവ്വിയോഗം
ക്ഷേത്രപ്രവാദജനിതാർത്ഥവിഭൂതിസിദ്ധിഃ
ജ്ഞാത്യഗ്നിശത്രുനൃപചോരജനൈർവ്വിരോധോ
ധാത്രീസുതോ ഹരതി ചേച്ഛരദം സ്വകീയാം.

സാരം :-

ചൊവ്വാദശയിലെ സ്വാപഹാരകാലം (ചൊവ്വായുടെ അപഹാരകാലം) പിത്തവും ഉഷ്ണവുംകൊണ്ടുള്ള രോഗവും ദേഹത്തിൽ മുറിവ് വ്രണം മുതലായ ഉപദ്രവവും സഹോദരന്മാരുടെ വേർപാടും കൃഷിഭൂമികൾ സംബന്ധമായി വ്യവഹാരവും അതിൽനിന്ന് അർത്ഥലാഭാദ്യനുഭവവും ഐശ്വര്യവും അഗ്നി ബന്ധുക്കൾ ശത്രു കള്ളൻ രാജാവ് എന്നിവരിൽ നിന്ന് ഉപദ്രവവും മറ്റു ദോഷാനുഭവവും അനുഭവിക്കും. 

ചൊവ്വാ ഇഷ്ടഭാവസ്ഥനും ബലവാനുമാണെങ്കിൽ മേൽപ്പറഞ്ഞ ദോഷഫലങ്ങൾ സംഭവിക്കുന്നതല്ലെന്നും അറിഞ്ഞുകൊള്ളണം. 

ചൊവ്വായ്ക്ക് മാരകസംബന്ധം മുതലായ അനിഷ്ടലക്ഷണങ്ങളുണ്ടെങ്കിൽ സുബ്രഹ്മണ്യമന്ത്രജപവും അംഗാരകശാന്തിയും വൃഷഭദാനവും പ്രത്യേകം ചെയ്കയും വേണം.

ചൊവ്വാദശയിലെ അപഹാരഫലങ്ങൾ


  1. ചൊവ്വാദശയിലെ സ്വാപഹാരകാലം 
  2. ചൊവ്വാദശയിലെ രാഹുവിന്റെ അപഹാരകാലം 
  3. ചൊവ്വാദശയിലെ വ്യാഴത്തിന്റെ അപഹാരകാലം 
  4. ചൊവ്വാദശയിലെ ശനിയുടെ അപഹാരകാലം 
  5. ചൊവ്വാദശയിലെ ബുധന്റെ അപഹാരകാലം 
  6. ചൊവ്വാദശയിലെ കേതുവിന്റെ അപഹാരകാലം 
  7. ചൊവ്വാദശയിലെ ശുക്രന്റെ അപഹാരകാലം 
  8. ചൊവ്വാദശയിലെ സൂര്യന്റെ അപഹാരകാലം 
  9. ചൊവ്വാദശയിലെ ചന്ദ്രന്റെ അപഹാരകാലം 

ഒരു വയസ്സേ ജീവിച്ചിരിയ്ക്കയുള്ളു

ക്ഷീണേ ഹിമഗൗ വ്യയഗേ പാപൈരുദായാഷ്ടമഗൈഃ
കേന്ദ്രേഷു ശുഭാശ്ച ന ചേത് ക്ഷിപ്രം നിധനം പ്രവദേത്.

സാരം :-

ക്ഷീണനായ ചന്ദ്രൻ ലഗ്നാൽ പന്ത്രണ്ടാം ഭാവത്തിലും ആദിത്യകുജമന്ദന്മാരിൽ ഒരു പാപഗ്രഹം ലഗ്നത്തിലും ഒന്ന് എട്ടാം ഭാവത്തിലും നിൽക്കുകയും, കേന്ദ്രരാശികളിൽ ശുഭഗ്രഹങ്ങൾ ഇല്ലാതിരിയ്ക്കുകയും ചെയ്ക - ഈ യോഗജാതനും ഒരു വയസ്സേ ജീവിച്ചിരിയ്ക്കയുള്ളു. ശുഭഗ്രഹങ്ങൾ കേന്ദ്രരാശികളിലുണ്ടായാൽ ഈ യോഗത്തിന്റെ അപവാദലക്ഷണമായെന്നും അറിയേണ്ടതാണ്.

ശിശുവിന് ഒരു കൊല്ലം മാത്രമേ ആയുസ്സ് ഉണ്ടാകയുള്ളു

പാപാവുദയാസ്തഗതൗ ക്രൂരേണ യുതശ്ച ശശീ
ദൃഷ്ടശ്ച ശുഭൈർന്ന യദാ മൃത്യുശ്ച ഭവേദചിരാത്.

സാരം :-

ജനനസമയത്തു ലഗ്നത്തിലും ലഗ്നാൽ ഏഴാം ഭാവത്തിലും ഓരോ പാപഗ്രഹങ്ങൾ നിൽക്കുക; ഏതു ഭാവത്തിലായാലും ശരി ചന്ദ്രൻ ഒരു പാപഗ്രഹത്തിനോടുകൂടി നിൽക്കുകയും ആ ചന്ദ്രന് ശുഭഗ്രഹങ്ങളുടെ യോഗദൃഷ്ടികൾ ഇല്ലാതിരിയ്ക്കുകയും ചെയ്ക; ഇങ്ങനെ വന്നാൽ ജാതനായ ശിശുവിന് ഒരു കൊല്ലം മാത്രമേ ആയുസ്സ് ഉണ്ടാകയുള്ളു.

ഇവിടെ ചന്ദ്രന് ശുഭാഗ്രഹങ്ങളുടെ ദൃഷ്ടി ഉണ്ടാകാതിരിയ്ക്കണമെന്നേ മൂലംകൊണ്ട് പറഞ്ഞിട്ടുള്ളൂവെങ്കിലും " യോഗേ ദൃഷ്ടിഫലം വാച്യം ദൃഷ്‌ടൌ യോഗഫലം തഥാ " എന്ന് പ്രമാണം കാണുന്നതിനാൽ, ഏതു സ്ഥലത്തും യോഗമെന്നോ ദൃഷ്ടിയെന്നോ ഒന്നു പറഞ്ഞാൽ രണ്ടിനേയും സ്വീകരിയ്ക്കേണ്ടതാണെന്നു സിദ്ധിയ്ക്കുന്നു. അതിനാലാണ് ഇവിടെ ചന്ദ്രന്നു ശുഭഗ്രഹയോഗം ഉണ്ടാവരുത് എന്നു പറഞ്ഞത്.

മൌഢ്യമുള്ള ചൊവ്വായുടെ ദശാകാലം

അർക്കഗഭൌമദശായാം
മൃതിഭയശോകം സ്ത്രിയാ വിരോധം ച
രാജ്യച്യുതിം വിപക്ഷാ-
ദ്ദേശാദ്ദേശാന്തരം യാതി.

സാരം :-

മൌഢ്യമുള്ള ചൊവ്വായുടെ ദശാകാലം മരണമോ തത്തുല്യമായ മറ്റു ദുഃഖങ്ങളോ ഉണ്ടാവുകയും കളത്രവിരോധവും രാജ്യഭ്രംശവും ശത്രുഭയവും ദേശാന്തരസഞ്ചാരവും സംഭവിക്കുകയും ചെയ്യും. 

മിക്കവാറും ബലവാനും ഇഷ്ടഭാവാധിപനും ഇഷ്ടഭാവസ്ഥനുമായ ചൊവ്വായുടെ ദശകാലാം ശുഭഫലപ്രദമായിരിക്കുന്നതാണ്.

വക്രഗതിയോടുകൂടി നിൽക്കുന്ന ചൊവ്വായുടെ ദശാകാലം

വക്രാന്വിതസ്യ ഭൗമസ്യ ദശാകാലേ മഹാഭയം
ചോരാഗ്നിഭീതിമടനം വനവാസം പദച്യുതിം.

സാരം :-

വക്രഗതിയോടുകൂടി നിൽക്കുന്ന ചൊവ്വായുടെ ദശാകാലം വലുതായ ഭയവും കള്ളന്മാരിൽനിന്നും അഗ്നിയിൽ നിന്നും ഉപദ്രവവും സഞ്ചാരവും വനവാസവും സ്ഥാനഭ്രംശവും സംഭവിക്കും. വക്രയുതനായ ഗ്രഹത്തിന് ഉച്ചബലം ഉണ്ടെങ്കിലും ഇങ്ങനെയുള്ള അനിഷ്ടസംഭവങ്ങൾകൂടി മിക്കവാറും വരുന്നതായിട്ടാണ്‌ അനുഭവം.

ഉച്ചരാശിയിൽ നിന്ന് നീചാംശകം ചെയ്തു നിൽക്കുന്ന / നീചരാശിയിൽ നിന്ന് ഉച്ചാംശകം ചെയ്തു നിൽക്കുന്ന ചൊവ്വായുടെ ദശാകാലം

ഉച്ചസ്ഥോƒപി ധരാസൂനുനീചാംശകസമന്വിതഃ
തൽപാകേ ഭ്രാതൃമരണം നൃപവഹ്നിവിഷാദ്ഭയം.

ഭൂമിപുത്രസ്തു നീചസ്ഥോ യദി സ്വോച്ചാംശസംയുതഃ
തൽപാകേ ഭൂമിദാരാർത്ഥപുത്രമിത്രവിവർദ്ധനം.

സാരം :-

ഉച്ചരാശിയിൽ നിന്ന് നീചാംശകം ചെയ്തു നിൽക്കുന്ന ചൊവ്വായുടെ ദശാകാലം സഹോദരനോ സഹോദരിക്കോ മരണവും രാജകോപവും അഗ്നിഭയവും വിഷഭയവും സംഭവിക്കും.

നീചരാശിയിൽ നിന്ന് ഉച്ചാംശകം ചെയ്തു നിൽക്കുന്ന ചൊവ്വായുടെ ദശാകാലം ഭൂമിയും ധനവും ഭാര്യയും പുത്രന്മാരും ബന്ധുക്കളും മറ്റ് അനേകഗുണപ്രാപ്തിയും ഉണ്ടാകുന്നതാണ്.

ചൊവ്വാദശയുടെ ആദ്യത്തിൽ / മദ്ധ്യത്തിൽ / അന്ത്യത്തിൽ

ഭൗമദശായാമാദൌ
ലഭതേ വിവിധാർത്ഥമാനസമ്പത്തിം
മദ്ധ്യേ തു ചോരപാവക-
ഭൂപതിഭീതിം വിനിർദിശേന്മതിമാൻ.

അന്ത്യേ ഭ്രാതൃധനസ്ത്രീ-
സുതവിഹിതം ഗുല്മമൂത്രരോഗാർത്തിം
ഭൗമസ്സ്യൈവം ന ഭവേൽ
ഗോചരയുക്തസ്യ ശുഭഫലം വാ സ്യാൽ.

സാരം :-

ചൊവ്വാദശയുടെ ആദ്യത്തിൽ പല പ്രകാരേണ അർത്ഥ ലാഭവും അഭിമാനവും ഐശ്വര്യവും ലഭിക്കും.

ചൊവ്വാദശയുടെ മദ്ധ്യത്തിൽ കള്ളന്മാർ, അഗ്നി, രാജാവ് എന്നിവകളിൽ നിന്ന് ഭയവും മറ്റു ദോഷങ്ങളും അനുഭവിക്കും.

ചൊവ്വാദശയുടെ അന്ത്യത്തിൽ സഹോദരൻ, ധനം, ഭാര്യ, പുത്രൻ ഇത്യാദി സ്വജനങ്ങൾക്ക് ഹാനിയും ഗുരുവ്യാധിയും മൂത്രരോഗവും മറ്റ് ഉപദ്രവങ്ങളും സംഭവിക്കും. എന്നാൽ ചൊവ്വാ ഗോചരസ്ഥാനഗതനാണെങ്കിൽ മേൽപ്പറഞ്ഞ ദോഷഫലങ്ങൾ അനുഭവിച്ചില്ലെന്നും വരാം. വിശേഷിച്ചു ശുഭഫലാനുഭവവും വരാവുന്നതാണ്. എങ്കിലും മിക്കവാറും ചൊവ്വാദശയുടെ അന്ത്യം കഷ്ടമെന്നു ധരിച്ച് യഥാശക്തി ഈശ്വരസേവാദി സൽക്കർമ്മങ്ങൾ ചെയ്തുകൊൾകയും വേണം.

ശിശു ഒരു വയസ്സിനുള്ളിൽ മരിക്കും

ചക്രസ്യ പൂർവ്വേതരഭാഗഗേഷു
ക്രൂരേഷു സൗമ്യേഷു ച കീടലഗ്നേ
ക്ഷിപ്രം വിനാശം സമുപൈതി ജാതഃ
പാപൈർവ്വിലഗ്നാസ്തമയാഭിതശ്ചഃ

സാരം :-

ലഗ്നഭാവത്തിൽ ഉദിയ്ക്കുന്ന ഭാഗം തുടങ്ങി ചുവട്ടിലേയ്ക്കും, മുകളിലേയ്ക്കും തൊണ്ണൂറു തിയ്യതികൾ (90 തിയ്യതികൾ) വീതം (മുമ്മൂന്നു രാശികളെന്നു സാരം) രാശിചക്രത്തിന്റെ പൂർവ്വാർദ്ധവും, ശേഷം ആറു രാശികൾ രാശിചക്രത്തിന്റെ അപരാർദ്ധവുമാകുന്നു. വൃശ്ചികം രാശിയുടെ പത്താമത്തെ തിയ്യതിയാണ് ഉദിയ്ക്കുന്നതെന്നു വിചാരിക്കുക്ക. എന്നാൽ ചിങ്ങം രാശിയുടെ പത്താമത്തെ തിയ്യതിമുത്തൽ കുംഭം രാശിയുടെ പത്താമത്തെ തിയ്യതിവരെ പൂർവ്വാർദ്ധമാണെന്ന് സാരം. 

പാപഗ്രഹങ്ങളെല്ലാം രാശിചക്രത്തിന്റെ പൂർവ്വാദ്ധത്തിലും, ശുഭഗ്രഹങ്ങളെല്ലാം രാശിചക്രത്തിന്റെ അപരാർദ്ധത്തിലും നിൽക്കുക; ലഗ്നം, വൃശ്ചികം രാശിയാവുക - ഈ യോഗമുള്ള സമയത്തു ജനിച്ചാൽ ശിശു ഒരു വയസ്സിനുള്ളിൽ മരിയ്ക്കുന്നതാണ്. 

ജാതകപ്രശ്നാദികളിൽ എല്ലാറ്റിലും പാപഗ്രഹങ്ങളും ശുഭഗ്രഹങ്ങളും മേൽപ്പറഞ്ഞവിധം നിൽക്കുന്നതായാൽ അതു അത്യധികം അശുഭലക്ഷണവും കൂടിയാകുന്നു. - " മദ്ധ്യാഹ്നചതുർത്ഥിഭ്യാം പൂർവ്വാർദ്ധഗതാഃ ശുഭാ വിവൃദ്ധികരാഃ പാപാഃ കുര്യുർഹാനിം " - എന്ന് പ്രമാണമുണ്ട്.

ലഗ്നം ഏതു രാശിയായാലും വേണ്ടതില്ല 12 - 2 - 6 - 8 എന്നീ നാല് ഭാവങ്ങളിലും പാപഗ്രഹങ്ങൾ നിൽക്കുന്നതായാലും ശിശു ഒരു വയസ്സിനുള്ളിൽ മരിയ്ക്കുന്നതാണ്. ഇതുതന്നെ വെവ്വേറെ നാലു യോഗമായി കല്പിയ്ക്കാമെന്നും ഒരു അഭിപ്രായമുണ്ട്. എങ്ങനെയെന്നാൽ രണ്ടിലധികം പാപഗ്രഹങ്ങൾ 6, 12 എന്നീ ഭാവങ്ങളിലോ, 2, 8 എന്നീ ഭാവങ്ങളിലോ 6, 8 എന്നീ ഭാവങ്ങളിലോ, 2, 12 എന്നീ ഭാവങ്ങളിലോ നിൽക്കുക - എന്നു താല്പര്യം. ഇപ്രകാരമാണ് ഈ യോഗത്തെ നാലായി കല്പിയ്ക്കുന്നത്. ' പാപൈഃ ഷഡ്വ്യയഗൈസ്തഥാർത്ഥമൃതിഗൈ രന്ധ്രാരിഗൈഃ സ്വാന്ത്യഗൈഃ " എന്നും പ്രമാണമുണ്ട്.

മേൽപ്പറഞ്ഞ അരിഷ്ടയോഗകർത്താക്കന്മാർക്ക് ശുഭഗ്രഹയോഗദൃഷ്ട്യാദികളുണ്ടായാൽ അരിഷ്ടത്തിന്നു ശക്തി കുറയുമെന്നും അറിയേണ്ടതാണ്. ഈ അഭിപ്രായത്തെ ഗ്രന്ഥകാരൻ തന്നെ അരിഷ്ടാദ്ധ്യാത്തിൽ - " നിധനാരിധനവ്യവസ്ഥിതാഃ " - എന്ന ശ്ലോകം കൊണ്ട് സൂചിപ്പിച്ചിട്ടുണ്ട്. ഇവിടേയും അവിടേയും പറയുന്ന യോഗങ്ങൾക്ക് വലിയ അന്തരമൊന്നുമില്ല. ഇവിടെ മരണവും അവിടെ നേത്രനാശവുമാണ് യോഗഫലം പറയുന്നത്. 

ശിശു ഒരു വയസ്സിനകത്തു മരിയ്ക്കുന്നതാണ്

സന്ധ്യായാം ഹിമദീധിതിഹോരാ
പാപൈർഭാന്തഗതൈർന്നിധനായ
പ്രത്യേകം ശശിപാപസമേതൈഃ
കേന്ദ്രൈർവ്വാ സ വിനാശമുപൈതി.

സാരം :-

സൂര്യന്റെ ഉദയം അസ്തമയം ഇതിലൊരു സന്ധ്യാസമയത്ത് * ജനനമാവുക, ലഗ്നത്തിൽ ചന്ദ്രഹോരയാവുക, സൂര്യൻ, ചൊവ്വ, ശനി എന്നീ മൂന്നു ഗ്രഹങ്ങൾ ഏതു രാശിയിലായാലും ശരി അവർ നിൽക്കുന്നത് അവസാനത്തെ നവാംശകത്തിലായിരിക്കുകയും ചെയ്ക ഈ യോഗമുണ്ടായാൽ ജനിച്ച ശിശു ഒരു വയസ്സിനകത്തു മരിയ്ക്കുന്നതാണ്.

ചന്ദ്രഹോര മുതലായ ലക്ഷണങ്ങളൊന്നുമില്ലാതെ സന്ധ്യാദിഗ്ദാഹം, നിർഘാതം, ഭൂകമ്പം, ഗ്രഹണം മുതലായ രൌദ്രസമയങ്ങളിൽ ജനിച്ചാൽ തന്നെ സദ്യോമരണം അനുഭവിയ്ക്കുമെന്നും "ബൃഹൽസംഹിതാ" കാരൻ പറയുന്നുണ്ട്.

" സന്ധ്യായാം ദിഗ്ദാഹേƒനിലഘാതേ ച ഭൂമികമ്പനിർഘാതേ
ഗ്രഹണപരിവേഷകാല ജാതോപ്യത്പായുരത്യന്തം. "

എന്നാണ് അദ്ദേഹത്തിന്റെ വചനം. ദിഗ്ദാഹാദികളൊന്നും ഇവിടെ വിഷയമല്ലാത്തതിനാൽ അതുകളുടെ ലക്ഷണങ്ങളെ ഇവിടെ വിവരിക്കാത്തതാണ്. അതുകളെ " ബൃഹത്സംഹിത " മുതലായ ഗ്രന്ഥാന്തരങ്ങളിൽ നിന്നു അറിയേണ്ടതാണ്.

യോഗാന്തരത്തെപ്പറയുന്നു. ലഗ്നം 4, 7, 10 എന്നീ നാല് ഭാവങ്ങളിലായി ആദിത്യകുജന്മാരും ചന്ദ്രനും നിൽക്കുക (ഇവിടെ ഇന്നിന്ന ഭാവങ്ങളിൽ ഇന്നിന്ന ഗ്രഹങ്ങൾ ഉണ്ടായിരിയ്ക്കുമെന്നേ ഉള്ളുവെന്നും അറിയേണ്ടതാണ്.) ഈ യോഗമുണ്ടായാലും ഒരു വയസ്സിനുള്ളിൽ ശിശു മരിയ്ക്കുന്നതാണ്. ഇതുമല്ലാതെ "പ്രത്യേകം (ഏകംപ്രതി എന്നു താല്പര്യം) ശശി പാപസമേതൈഃ" എന്നതുകൊണ്ട്‌ കേന്ദ്രരാശികളിൽ ഏതിലെങ്കിലും ഒരു ഭാവത്തിൽ ഒരു പാപഗ്രഹവും ചന്ദ്രനും ഒരുമിച്ച് നിൽക്കുന്നതായാൽ ആ ഭാവഫലത്തിന് നാശമുണ്ടാവുമെന്നു പറയാവുന്നതാണ്. അതായത് ലഗ്നത്തിൽ ചന്ദ്രനും ഒരു പാപഗ്രഹവും കൂടി നിന്നാൽ രോഗം യശോനാശം സുഖനാശം ദേഹനാശം മുതലായ ഫലങ്ങളെ അനുഭവിക്കുമെന്നും പറയണം. ഇതുപോലെ പാപസഹിതനായ ചന്ദ്രൻ ചതുർത്ഥം മുതലായ മറ്റു കേന്ദ്രരാശിഭാവങ്ങളിൽ നിന്നാൽ ആ ഭാവങ്ങളെക്കൊണ്ടു വിചാരിയ്ക്കാവുന്ന ഫലങ്ങളും നശിയ്ക്കുമെന്നു പറയണം. ഇങ്ങനെയിരിക്കെ കേവലം പാപഗ്രഹം മാതമാണ് ലഗ്നാദികളിൽ നിൽക്കുന്നതെങ്കിൽ വിശേഷിച്ച് പറയേണ്ടതുമില്ലല്ലോ.

" പാപൈർല്ലഗ്നോപഗതൈഃ ശരീരപീഡാം വിനിർദ്ദിശേത്‌ 
കലഹം സുഖസംസ്ഥൈഃ സുഖനാശം ഗൃഹഭേദം ബന്ധുവിഗ്രഹം ച വദേത് "

" അസ്തേ ഗമനവിരോധം കർമ്മസ്ഥൈഃ കർമ്മണാമപി വിനാശഃ "

എന്നും മറ്റും പ്രമാണവുമുണ്ട്.

പാപഗ്രഹങ്ങൾ (ആദിത്യകുജമന്ദന്മാർ) മൂന്നും ചന്ദ്രനും കേന്ദ്രരാശികളിൽ നിന്നാൽ മതി, കേന്ദ്രരാശികളിൽ നാലിലുമായി നിൽക്കണമെന്നില്ല, എന്നാലും യോഗലക്ഷണമായി എന്നും ചില ജ്യോതിഷ ആചാര്യന്മാർ അഭിപ്രായപ്പെട്ടു കാണുന്നുണ്ട്.

********************************************************

*. സൂര്യന്റെ അർദ്ധാസ്തമയം തുടങ്ങി നക്ഷത്രങ്ങൾ തെളിയുന്നതുവരെ അസ്തമയസന്ധ്യയും, നക്ഷത്രങ്ങളുടെ പ്രഭ മങ്ങിത്തുടങ്ങിയതു മുതൽ സൂര്യന്റെ അർദ്ധോദയം വരെ ഉദയസന്ധ്യയുമാകുന്നു.

അർദ്ധാസ്തമയാദൂർദ്ധ്വം വ്യക്തീഭൂതാ ന താരകാ യാവത് 
താവത് സായംസന്ധ്യാ, പ്രാതസ്സന്ധ്യാതു താരാണാം 
തേജഃ പരിഹാനിമുഖാദ് ഭാനോരർദ്ധോദയോ യാവത്.

എന്നും പ്രകൃതഗ്രന്ഥകാരൻ തന്നെ തന്റെ " ബൃഹത്സംഹിതാ " എന്ന ഗ്രന്ഥത്തിൽ സന്ധ്യാലക്ഷണത്തെ പറഞ്ഞിട്ടുണ്ട്.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.