നീചഹരണം, ശത്രുക്ഷേത്രഹരണം, മൌഢ്യഹരണം, ലഗ്നദശാസംവത്സരം

നീചേതോർദ്ധം ഹ്രസതി ഹിതയോരന്തരസ്ഥേനുപാതോ
ഹോരാ ത്വംശപ്രതിമമപരേ രാശിതുല്യം വദന്തി
ഹിത്വാ വക്രം രിപുഗൃഹഗതൈർഹീയതേ സ്വത്രിഭാഗഃ
സൂര്യോച്ഛിന്നദ്യുതിഷു തു ദലം പ്രോജ്ഝ്യ ശുക്രാർക്കപുത്രൗ.

സാരം :-

സൂര്യാദിഗ്രഹങ്ങൾ പരമനീചസ്ഥന്മാരാണെങ്കിൽ മുമ്പ് അത്യുച്ചത്തിലേയ്ക്ക് പറഞ്ഞ സംവത്സരങ്ങളിൽ പകുതി വീതമേ ആയുസ്സിനെ കൊടുക്കുകയുള്ളു. തുലാം രാശിയിൽ 10 തിയ്യതി തികഞ്ഞു നിൽക്കുന്ന സൂര്യൻ ഒമ്പതരകൊല്ലവും, വൃശ്ചികം രാശിയിൽ 3 തിയ്യതി തികഞ്ഞു നിൽക്കുന്ന ചന്ദ്രൻ പന്ത്രണ്ടര സംവത്സരവും മാത്രമേ ആയുസ്സുണ്ടാക്കുകയുള്ളുവന്നു പറയണം. മറ്റുള്ളവർക്കും ഇതുപോലെ കണ്ടുകൊൾക. പരമോച്ചത്തിന്റേയും പരമനീചത്തിന്റേയും മദ്ധ്യസ്ഥന്മാർക്ക് ത്രൈരാശികം ചെയ്ത് അവരവരുടെ സംവത്സരങ്ങളെ ഉണ്ടാക്കേണ്ടതുമാണ്. അതിനെ താഴെ ചേർക്കുന്നു.

1). ജ്ഞാനീനൃപോനു, 2). അനംഗോനൃപഃ, 3). ആനന്ദം പ്രധാനം, 4). ജ്ഞാനീമാന്യേശഃ, 5). ജ്ഞാനേശോനംഗഃ, 6). ജ്ഞാനീസുരപൂജ്യഃ, 7). ജ്ഞാനീരസ്തു, ഈ ഏഴും ക്രമത്താലെ സൂര്യാദിഗ്രഹങ്ങളുടെ പരമോച്ചവാക്യങ്ങളാകുന്നു.

ജനനാദികാലത്തേയ്ക്കുള്ള സൂര്യാദിഗ്രഹങ്ങളുടെ സ്ഫുടം വെച്ച് അതുകളിൽ നിന്ന് അവരവരുടെ പരമോച്ചം വാങ്ങി, ശേഷം ആറു രാശിയിൽ അധികമുണ്ടെങ്കിൽ അതിനെ ഇറക്കി ഇലിയാക്കി വെയ്ക്കുക. ആറു രാശിയിൽ കുറയുമെങ്കിൽ അതിനെ 12 രാശിയിൽ നിന്ന് കളഞ്ഞ ബാക്കിയേയും ഇറക്കി, ഇലിയാക്കി വെയ്ക്കുക. ഈ ഇലികളെ അവരവരുടെ പരമോച്ചത്തിലേയ്ക്കു പറഞ്ഞ ദശാസംവത്സരംകൊണ്ട് പെരുക്കി അനന്തപുരം (21600) കൊണ്ട് ഹരിയ്ക്കുകയും ചെയ്ക. കിട്ടിയ ഫലം കൊല്ലമാകുന്നു. ബാക്കിയേ ക്രമത്താലെ 12 ലും 30 ലും 60 ലും പെരുക്കി അനന്തപുരംകൊണ്ടുതന്നെ ഹരിച്ചാൽ ക്രമേണ മാസം മുതൽ നാഴികയോളമുള്ള സംഖ്യകളെക്കിട്ടുകയും ചെയ്യും. ഇങ്ങനെ ഏഴു ഗ്രഹങ്ങൾക്ക്‌ സംവത്സരാദികളായ ദശകളെ വരുത്തുക.

ഇനി ലഗ്നദശ വരുത്തുവാൻ പറയുന്നു.

ഉദയലഗ്നത്തിന്റെ നവാംശകാധിപന് ലഗ്നാധിപനേക്കാൾ ബലം കൂടുമെങ്കിൽ ലഗ്നസ്ഫുടത്തെ വെച്ച് രാശി കളഞ്ഞ് തിയ്യതിയെ 60 ൽ ഇറക്കി ഇലിയിൽ കൂട്ടി അതിനെ നൃനഖ (200) നെക്കൊണ്ടാണ് ഹരിയ്ക്കേണ്ടത്. ഇവിടേയും ആദ്യം കിട്ടിയത് സംവത്സരവും ബാക്കിയെ 12 ലും, 30 ലും, 60 ലും പെരുക്കി 200 ല്‍ ഹരിച്ചാൽ മാസം മുതലായതും കിട്ടുന്നതാണ്. ഇതു ലഗ്നദശയാകുന്നു. ലഗ്നനവാംശകാധിപനേക്കാൾ ലഗ്നാധിപന് ബലം ഏറുമെങ്കിൽ ലഗ്നസ്ഫുടത്തിന്റെ രാശ്യാദികളെ ഇറക്കി ഇലിയാക്കി അന്നന്ദേയം (1800) കൊണ്ട് ഹരിച്ചു സംവത്സരവും, ശേഷംകൊണ്ട് മാസാദികളും മുമ്പു പറഞ്ഞപോലെ വരുത്തുക

രാശ്യാധിപനും നവാംശകാധിപനും ബലം തുല്യമായി വന്നാലും രണ്ടാമത് പറഞ്ഞ വിധമാണ് ലഗ്നദശയെ വരുത്തേണ്ടതെന്നും അറിയുക.

"അംശേശസ്യ ബലാധിക്യേƒംശതുല്യം, രാശിപസ്യ തു
ബലാധിക്യേ രാശിതുല്യം സാമ്യേപി സ്യാദ് ഭതുല്യതാ."

എന്ന് പ്രമാണവുമുണ്ട്.

ഇനി ഗ്രഹങ്ങളുടെ ശത്രുക്ഷേത്രഹരണം പറയാം

രണ്ടാമദ്ധ്യായത്തിലെ 15 ഉം 16 ഉം ശ്ലോകംകൊണ്ട് പറഞ്ഞതായ നൈസർഗ്ഗികവും താൽകാലികവുമായ വിധത്തിൽ വിചാരിച്ച് ശത്രുക്ഷേത്രസ്ഥിതിയുള്ള ഗ്രഹത്തിന് ശത്രുക്ഷേത്രഹരണം ചെയ്യണം. ചൊവ്വയ്ക്ക്‌ ശത്രുക്ഷേത്രഹരണം വേണ്ടതാനും. ശത്രുക്ഷേത്രഹരണമാകട്ടെ, മുമ്പ് ഉച്ചനീചഹരണം കഴിച്ചുവെച്ചുള്ള ദശയുടെ വർഷമാസാദികളെ വേറെ വേറെ രണ്ടിടത്തുവെച്ച് ഒന്നിനെ മൂന്നിൽ ഹരിച്ചുകിട്ടിയ ഫലത്തെ മറ്റേതിൽ നിന്ന് കളയുകയും ചെയ്ക. ഇങ്ങനെയാണ് ശത്രുക്ഷേത്രഹരണം ചെയ്യേണ്ടത്. ഇവിടെ ബന്ധുത്വശത്രുത്വവിചാരം ചെയ്യേണ്ടത് "ജീവോജീവബുധൌ" എന്നതുകൊണ്ട്‌ മാത്രമാണെന്നും ചിലരും, അതല്ല "സത്യോക്തേ സുഹൃദം" എന്നാ പ്രകാരമാണെന്ന് മറ്റു ചിലരും അഭിപ്രായപ്പെട്ടു കാണുന്നുണ്ട്.

ഇനി മൌഢ്യഹരണമാണ് പറയുന്നത്.

ചന്ദ്രാദിഗ്രഹങ്ങൾക്ക്‌ മൌഢ്യമുണ്ടെന്നു കണ്ടാൽ, മുൻപറഞ്ഞ ഉച്ചനീചഹരണവും, ശത്രുക്ഷേത്രഹരണവുമുണ്ടെന്നു കണ്ടാൽ അതും കഴിച്ചുവെച്ചിട്ടുള്ളതുകൊണ്ടാണ് ഈ ക്രിയ ചെയ്യേണ്ടത്. ആ ദശയെ വേറെ രണ്ടു ദിക്കിൽവെച്ച് ഒന്നിനെ രണ്ടിൽ ഹരിയ്ക്കുക; കിട്ടിയ ഫലം മറ്റേതിൽനിന്ന് കളയുകയും ചെയ്ക ഇങ്ങനെയാണ് മൌഢ്യഹരണം ചെയ്യേണ്ടത്. ശുക്രമന്ദന്മാർക്കു ഈ പറഞ്ഞ മൌഢ്യഹരണം ചെയ്യേണ്ടതില്ലെന്നും അറിയേണ്ടതാണ്.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.