ഗ്രഹങ്ങൾ അവരവർക്ക് ആധിപത്യമുള്ള ഭൂതഗുണത്തേയും ദശാപഹാരാദി കാലങ്ങളിൽ സൂചിപ്പിയ്ക്കുമെന്നു പറയുന്നു.

ഛായാം മഹാഭൂതകൃതാഞ്ച സർവ്വേ-
ഭിവ്യഞ്ജയന്തി സ്വദശാമവാപ്യ
ക്വംബ്വഗ്നിവായ്വംബരജാൻ ഗുണാംശ്ച
നാസാസ്യദൃക്ത്വക്ശ്രവണാനുമേയാൻ.

സാരം :-

സൂര്യൻ അഗ്നിമയനാകയാൽ അഗ്നിയുടേയും, ചന്ദ്രൻ ജലമയനാകയാൽ ജലത്തിന്റെയും അധിപന്മാരാകുന്നു. മറ്റു ഗ്രഹങ്ങളുടെ ഭൂതാധിപത്യം രണ്ടാമദ്ധ്യായത്തിലെ ആറാം ശ്ലോകംകൊണ്ട് പറഞ്ഞിട്ടുണ്ടല്ലോ.

എല്ലാ ഗ്രഹങ്ങളും അവരവരുടെ ദശാപഹാരാദികാലങ്ങളിൽ അവരവർക്കു ആധിപത്യമുള്ള ഭൂതത്തിന്റെ കാന്തിയെ ദേഹത്തിൽ സ്പഷ്ടമായിത്തന്നെ സൂചിപ്പിയ്ക്കുന്നതാകുന്നു. ദേഹവർണ്ണത്തെ അതിക്രമിച്ചു വർത്തിയ്ക്കത്തക്ക ഒരു കാന്തവിശേഷത്തെ ആകുന്നു ഇവിടെ ഛായാപദംകൊണ്ടു നിർദ്ദേശിച്ചിരിയ്ക്കുന്നത്. 'വർണ്ണമാക്രമതിച്ഛായാ" എന്നുണ്ട്.

ഛായ എന്നത് അനുരൂപമായ കാന്തിവിശേഷമാണെങ്കിലും ആയതിന്നും വർണ്ണാദികളെ കല്പിയ്ക്കേണ്ടി വരുന്നതാണ്. മഹാഭൂതങ്ങളുടെ ഛായാസ്വരൂപങ്ങൾ ഇങ്ങനെയാണ് പറയപ്പെട്ടിരിയ്ക്കുന്നത്. മേഘംപോലെ കറുത്തും അല്ലെങ്കിൽ വെളുത്തും നിർമ്മലമായും മിനുപ്പോടുകൂടിയുമിരിയ്ക്കുന്നതു ഭൂമിയുടെ ഛായയാകുന്നു. വൈഡൂര്യരത്നം പോലെയും അത്യന്തം നിർമ്മലമായും നല്ലവണ്ണം മിനുത്തതുമായ ഛായ ജലത്തിന്റെയും, ചുവന്ന വർണ്ണത്തിൽ തീക്കത്തും പോലെ പ്രഭയുള്ളതും കാണ്മാൻ കൌതുകമുള്ളതുമായ ഛായ അഗ്നിയുടേയും, ഒന്നുകിൽ കറുപ്പും നൈർമ്മല്യവുമുള്ളത് അല്ലെങ്കിൽ ഭസ്മംപോലെ രൂക്ഷമായും പ്രഭ മങ്ങിയും ഇരിയ്ക്കുന്നത് വായുവിന്റേയും, നീലിമയോടും മിനുപ്പോടും നൈർമ്മല്യത്തോടും കൂടിയതും ആകാശത്തിന്റേയും ഛായകളാകുന്നു.

ഖാദീനാം പഞ്ച പഞ്ചാനാം ഛായാ വിവിധലക്ഷണാഃ
നാഭസീ നിർമ്മലാ നീലാ സസ്നേഹാ സപ്രഭൈവ ച
വാതാജാ രുചിരാ ശ്യാമാ ഭസ്മരൂക്ഷാ ഹതപ്രഭാ
വിശുദ്ധരക്താ ത്വാഗ്നേയീ ദീപ്താഭാ ദർശനപ്രിയാ
ശുദ്ധവൈഡൂര്യവിമലാ സുസ്നിഗ്ദ്ധാ തോയജാ ശുഭാ
സ്ഥിരാ സ്നിഗ്ദ്ധാ ഘനശ്യാമാ ശുദ്ധാ ശ്വേതാ ച പാർത്ഥിവീ"

എന്നും മറ്റും പ്രമാണങ്ങളുണ്ട്‌.

അപ്രകാരം തന്നെ ഗ്രഹങ്ങൾ, അവരവരുടെ ഭൂതങ്ങളുടെ ഗന്ധരസാദിഗുണങ്ങളെ അതാതു ഇന്ദ്രിയങ്ങൾ വഴിയായി അനുഭവപ്പെടുത്തുകയും ചെയ്യുന്നു. ഇതിനെ ഒന്നുകൂടി വ്യക്തമാക്കാം. ബലവാനായ ബുധന്റേയോ അങ്ങനെയുള്ള ബുധന്റെ യോഗദൃഷ്ടികളോ ബലമുള്ള മിഥുനം, കന്നി എന്നീ രാശികളിൽ സ്ഥിതിയോ ഉള്ള മറ്റേതെങ്കിലും ഗ്രഹത്തിന്റേയോ ദശാപഹാരാദികളിൽ കസ്തൂരി ചന്ദനാദികളായ സുഗന്ധദ്രവ്യങ്ങളുടെ ലാഭവും സുഗന്ധദ്രവ്യാനുഭവത്തിങ്കൽ താല്പര്യവും പറയാവുന്നതാണ്. ബുധൻ വിബലനാണെങ്കിൽ സുഗന്ധദ്രവ്യങ്ങളുടെ നാശാദികളും അതുകളുടെ അനുഭവത്തിങ്കൽ വിരക്തി മുതലായതും പറയാവുന്നതാണെന്നു താല്പര്യം. ഇങ്ങനെ മറ്റെല്ലാ ഗ്രഹങ്ങൾക്കും കണ്ടുകൊൾക. 

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.