നാമകരണം

നാമാഹ്നി ദ്വാദശേ തഃ പരമശുഭ മഹഃ
പൂർവ്വമിഷ്ടം, തുരീയോ
ഭാഗഃ കൗഷീതകാനാ മിഹ ദശമനിശി
ത്യാ ജ്യതേത്രാപരാഹ്നഃ
ചിത്രാശുർപ്പേന്ദ്ര പൂർവ്വാശ്വ്യഹിയമശിഖിനോ
ജൈണജുകാ നിശാദ്യ
ത്ര്യംശൗ ഭൗമാർക്കിവാരൗ വ്യയവീഹഗമൃതി
സ്ഥാസൃജൊ ജന്മഭംച

സാരം :-

പിറന്നതിന്റെ പന്ത്രണ്ടാം (12) ദിവസം നാമകരണത്തിനു ശുഭം. ഇതിന്റെ പൂർവ്വദിനം നാമകരണത്തിന് ഇഷ്ടം. ഇതിൽനിന്നു പരം നാമകരണത്തിന് അശുഭം. കൗഷീതകർക്കു ദശമനിശി നാലാം ഭാഗം നാമകരണത്തിന് ഇഷ്ടം. അപരാഹ്നം നാമകരണത്തിന് ത്യജ്യം. ചിത്രാ ശൂർപ്പ ഇന്ദ്ര പൂർവ്വശ്വ്യഹിയമശിഖികളും അജ ഏണ ജുകങ്ങളും നിശാദ്യത്ര്യംശവും വ്യയ വിഹഗമൃതിസ്ഥാസൃക്കുകളും ജന്മഭവും  ത്യാജ്യം.

നാമകരണക്രിയ ജനിച്ച ദിവസത്തിന്റെ പന്ത്രണ്ടാം ദിവസം ചെയ്യണം. പതിമൂന്നാം ദിവസം നാമകരണക്രിയ ചെയ്യരുത്. പതിനൊന്നാം ദിവസം നാമകരണക്രിയ ചെയ്യുന്നതിൽ തെറ്റില്ല. ബ്രാഹ്മണർക്ക് നാമകരണത്തിനു പന്ത്രണ്ടാം ദിവസം തന്നെയാണ് മുഖ്യം. ക്ഷത്രിയാദികൾക്കു ഷോഡശാദി ദിനാചാരങ്ങൾ മുഖ്യമായിക്കാണുന്നില്ലെന്നു പറയുന്നു. എന്നിരുന്നാലും ക്ഷത്രിയരും പന്ത്രണ്ടാം ദിവസം തന്നേയാണ് നാമകരണം ചെയ്തുവരുന്നത്.

ദ്വാദശെഷോഡശെവിംശെ ദ്വാത്രിംശെ ക്രമശോദിനെ
നാമകുര്യാൽ ദ്വിജാദീനാം വിപ്രസൈകാദശേ പിവാ
വർജ്യം ത്രയോദശദിനം സർവ്വേഷാം നാമകർമ്മണി.

എന്ന് നിയമം

ദിവസത്തിന്റെ പകർച്ച രാത്രി മൂന്നാം യാമത്തിലാണാരംഭിക്കുന്നത്. ഇതിന്നു സർവ്വകർമ്മങ്ങൾക്കും ആദിഭൂതത്വവും പ്രാതസ്നാനാദിയോഗ്യതയും അപരരാത്രനാമ പ്രാധാന്യവും ഉള്ളതുകൊണ്ട് ദിനമാനം അപരരാത്രാദപരരാത്രം എന്നു കണക്കാക്കുന്ന പക്ഷവും; ഉദയാദുദയാന്തരമെന്നു ദിനമാനത്തെ കണക്കാക്കുന്ന പക്ഷവും പതിമൂന്നാം ദിവസം വർജിക്കുകതന്നെ വേണം.

ഇവിടെപറഞ്ഞ വൈദികമായ നിയമത്തെ - രാത്രിയുടെ മൂന്നാമത്തെ യാമാരംഭം അഹസ്സു പകരുന്നുവെന്ന തത്വത്തെ - സർവ്വകർമ്മങ്ങൾക്കും ആദിഭൂതത്വം എന്ന തത്വസംഹിതയെ മാനിച്ചുകൊണ്ടുതന്നേയാവണം ഇന്നു ലോകമെങ്ങും ആദരിച്ചുവരുന്ന ദിനപരിണാമം; ഗീനിച്ച് സമയനിഷ്ഠ ഉണ്ടായതെന്നും മാനിക്കപ്പെടേണ്ടിയിരിക്കുന്നു.

കൗഷീതന്മാർക്കു പത്താമത്തെ ദിവസം രാത്രിയുടെ നാലാമത്തെ യാമത്തിൽ നാമകരണം ചെയ്യാമെന്നുണ്ട്. ഇത് ബാധൂലന്മാർക്കും ആപസ്തംബർക്കും ബാധകംതന്നേയാണ്.

നാമധേയം ദശമ്യാം തു ദ്വാദാശ്യാം വാ സ്യകാരയേൽ
പുണ്യേതിഥൗ മുഹൂർത്തേവം നക്ഷത്രേ വാ ഗുണാന്വിതെ
മംഗല്യം ബ്രാഹ്മണസ്യസ്യാൽ ക്ഷത്രിയസ്യബലാന്വിതം
വൈശ്യസ്യ ധനസംയുക്തം ശൂദ്രസ്യതു ജുഗുപ്സിതം

എന്ന് വിധിയുണ്ട്.

രാത്രികാലങ്ങളിൽ നാമകരണം ചെയ്യുന്ന സദാചാരം ഭൃഗുരാമഭൂമിയിൽ (കേരളത്തിൽ) ഒരാചാരമായി അംഗീകരിക്കപ്പെട്ടതായി കാണുന്നില്ല. അതുകൊണ്ടാവാം ശങ്കരസ്മൃതി എന്ന ഗ്രന്ഥം ഈ പക്ഷത്തെ ഉൾകൊള്ളാതിരുന്നതെന്നും ഊഹിക്കപ്പെടേണ്ടിയിരിക്കുന്നു.

"ശൂദ്രസ്യതു ജുഗുപ്സിതം" എന്നു എടുത്തു പറഞ്ഞിരിക്കയാൽ ശൂദ്രൻ മുതൽക്കുള്ള ഹൈന്ദവജനതക്ക് നാമകരണം നികൃഷ്ടമാണെന്നല്ലേ കാണിച്ചിരിക്കുന്നത് മനുസ്മൃതി. ബ്രാഹ്മണാചാരം എത്ര പവിത്രമായാലും ഈ അശുദ്ധിനീങ്ങാത്ത പന്ത്രണ്ടാമത്തെ ദിവസത്തിലെ നാമകരണം ശൂദ്രനു ജുഗുപ്സിതമെന്നു പറഞ്ഞിരിക്കുന്നതിൽ ശൂദ്രൻ ബ്രാഹ്മണനേക്കാൾ പരിശുദ്ധനെന്നു മനു സ്മരിക്കുന്നു. പുണ്യാഹശുദ്ധി ശുദ്ധിയല്ലെന്നും പ്രസവാനന്തരമുണ്ടാകേണ്ട അവയവ ശുദ്ധിക്കു ഒരു നക്ഷത്രമാസം തന്നെ കഴിയണമെന്നും ആ ശുദ്ധിയാണ്‌ പ്രകൃതിദത്തമായ ശുദ്ധിയെന്നും മനു അനുസ്മരിക്കുന്നു. അപ്പോൾ പ്രകൃതിദത്തമായ നൈസർഗ്ഗികശുദ്ധി അംഗീകരിക്കുന്ന വിഭാഗത്തിനു മന്ത്രസിദ്ധികൊണ്ടു ശുദ്ധീകരിക്കുന്ന ശുദ്ധി ജുഗുപ്സിതം തന്നെ.

നാമകരണ വർജ്യങ്ങളായ നക്ഷത്രങ്ങളും രാശികളും

ചിത്ര, വിശാഖം, തൃക്കേട്ട, പൂരം, പൂരാടം, പുരോരുട്ടാതി, അശ്വതി, ആയില്യം, ഭരണി, കാർത്തിക എന്നീ നക്ഷത്രങ്ങൾ നാമകരണത്തിന് വർജിക്കണം. ശിഷ്ടം വരുന്ന 17 നക്ഷത്രങ്ങൾ നാമകരണത്തിന് ശുഭങ്ങളാകുന്നു.

നമ്നി മിത്രോത്തരാജദ്വിവിഷ്ണുത്ര്യനിലപൂഷണഃ
ആർദ്രാത്രി പിതൃരക്ഷോർക്കാശ്ശസ്താസ്സപ്തോത്തരാദശ

എന്ന് വിധി

മേടം, തുലാം, മകരം എന്നീ രാശിസമയങ്ങൾ നാമകരണത്തിന് കൊള്ളരുത്. ശിഷ്ടം 9 രാശികളും നാമകരണത്തിനു സ്വീകാര്യങ്ങളാണ്. ഇതിൽ സ്ഥിരരാശികൾ നാമകരണത്തിനു സർവ്വോത്തമങ്ങളും; ഉഭയരാശികൾ നാമകരണത്തിനു ഉത്തമങ്ങളും; കർക്കിടകം രാശി നാമകരണത്തിന് മധ്യവുമാകുന്നു.

രാശയശ്ച സ്ഥിരാശ്രേഷ്ഠാദ്വിസ്വഭാവാശുഭൈര്യുതാഃ
ശ്രേഷ്ഠാനേഷ്ടാസ്തഥാശേഷാ അപിയുക്താശുഭഗ്രഹൈഃ

എന്ന് വിധിയുണ്ട്.

ആഴ്ചകളിൽ ചൊവ്വയും ശനിയും നാമകരണത്തിനു വർജിക്കണം. ശേഷം 5 ദിനങ്ങളും നാമകരണത്തിനു ഉത്തമങ്ങളാണ്. മുഹൂർത്തസമയത്തെ ഗ്രഹസ്ഥിതിവശാൽ മുഹൂർത്തലഗ്നത്തിന്റെ പന്ത്രണ്ടാം ഭാവത്തിൽ എല്ലാ ഗ്രഹങ്ങളേയും നാമകരണത്തിനു വർജിക്കണം. എട്ടാം ഭാവത്തിൽ ചൊവ്വ നിൽക്കരുത്. നാമകരണമുഹൂർത്തലഗ്നത്തിൽ സൂര്യൻ നിൽക്കരുത്. നാമകരണമുഹൂർത്തലഗ്നത്തിൽ ചന്ദ്രൻ നിന്നാൽ ദോഷമില്ല. കുട്ടിയുടെ ജന്മനക്ഷത്രം നാമകരണത്തിനു വർജിക്കണം. അനുജന്മ നക്ഷത്രം സ്വീകരിക്കാം.

ജന്മർക്ഷം വർജ്യമിത്യുക്തം മധ്യശ്ചന്ദ്രോദയോത്രതു
രന്ധ്രെമൃതിപ്രദോ ഭൗമൊ വർജ്യാസ്സർവ്വേഗ്രഹാ വ്യയെ

എന്ന് വിധി

ഇപ്രകാരം മേൽപറയപ്പെട്ട ദോഷങ്ങളും നിത്യദോഷങ്ങളും കർത്തൃദോഷങ്ങളും നാമകരണത്തിന് വർജിക്കണം. ദിനകാര്യമാകയാൽ ഷൾദോഷം നാമകരണത്തിന് വർജ്യമല്ല. പന്ത്രണ്ടാം ദിവസം ദിനകാര്യമെന്ന നിയമംകൊണ്ട് ശുഭമെന്നിരുന്നാലും വാരതാരപക്ഷതിഥി രാശികളിൽ ഭൂരിഭാഗവും ശുഭമല്ലെന്നു കണ്ടാൽ നാമകാരണം നടത്തരുത്. അപ്പോൾ വിധിപരദിവസം നീക്കി ഇതിൽ പറഞ്ഞിരിക്കുന്ന ഒരു ശുഭദിവസം മുഹൂർത്തംക്കുറിച്ച് നാമകരണം ചെയ്യണം. അച്ഛനമ്മമാരുള്ള കുട്ടികൾക്ക് അവർ ബന്ധപ്പെടാതെ ബന്ധുക്കൾ നാമകരണം നടത്തരുത്. വിശേഷാൽ

ഉച്ചസ്ഥിതേന വിഹഗേന യുതേഥ ദൃഷ്ടെ
ലഗ്നേകൃതം ഭവതി നാമ ഭൂവിപ്രസിദ്ധം
നീചസ്ഥിതേന വികലം സുഹൃദൃക്ഷഗേന
ലോക പ്രിയം പരമപീത്യവദൽ വസിഷ്ഠഃ

എന്ന വിധം ഗ്രഹസ്ഥിതിയുണ്ടാകുന്നത് നാമകരണത്തിനു ഏറ്റവും ശുഭം.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.