ക്ഷേത്രങ്ങളും വിഗ്രഹാരാധനയും

ക്ഷേത്രം എന്ന വാക്കിന് സ്ഥലം എന്നാണര്‍ത്ഥം. സാധാരണ ഹൈന്ദവരുടെ ഇടയില്‍ ആരാധനകേന്ദ്രം എന്ന അര്‍ത്ഥത്തില്‍ അറിയപ്പെടുന്നവയാണ് ക്ഷേത്രങ്ങള്‍. അതിപുരാതനകാലംമുതല്‍ക്കേ ഭാരതത്തില്‍ അങ്ങോളമിങ്ങോളം ക്ഷേത്രങ്ങള്‍ നിര്‍മ്മിച്ചു ആരാധിച്ചുപോന്നിരുന്നു. അന്നെല്ലാം ഭരണാധികാരികള്‍ ക്ഷേത്രങ്ങളുടെ നിലനില്പിനുവേണ്ടി വളരെ അധികം ശ്രദ്ധിച്ചിരുന്നു. പക്ഷേ ക്ഷേത്രങ്ങളില്‍ പലതും നാട്ടുകാരുടേയോ വലിയ പ്രഭുക്കന്മാരുടേയോ വകയായിരുന്നു. ഒരു കരയ്ക്കു ഒന്നും അതിലധികവും ക്ഷേത്രങ്ങളുണ്ടായിരുന്നു. കരപ്രധാനിമാരുടേ ആജ്ഞാനുവര്‍ത്തികളായിരുന്ന കരക്കാര്‍ ക്ഷേത്രസങ്കേതങ്ങളെ കേന്ദ്രമാക്കി സംഘടിക്കുകയും അങ്ങിനെ മതപരമായും ആത്മീയപരമായുമുള്ള പുരോഗതിക്കുവേണ്ടി പ്രയത്നിച്ചുവരികയുമാണുണ്ടായിട്ടുള്ളത്. കേരളത്തിന്റെ സ്ഥിതിയും ഇതില്‍ ഒട്ടും വ്യത്യസ്തമായിരുന്നില്ല. അഥവാ കേരളത്തിലുള്ളിടത്തോളം ക്ഷേത്രങ്ങള്‍ മറുനാടുകളില്‍ ഉണ്ടായിരുന്നില്ലെന്നു പറയുന്നതായിരിക്കും കുറേക്കൂടി ശരി.
ദക്ഷിണേന്‍ഡ്യയില്‍ ചേര, ചോള പാണ്ഡ്യരാജാക്കന്മാര്‍ ദേവാലയങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ അതീവതാല്പര്യവും പ്രകടിപ്പിച്ചുപോന്നിരുന്നു. അവിടെക്കാണുന്ന ക്ഷേത്രങ്ങള്‍ കലാനിലയങ്ങളായിരുന്നു. കല്ലിലും തടിയിലും ചെയ്തിട്ടുള്ള കൊത്തുപണികള്‍ അവരുടെ കലാവിരുതിന്റെ ഉറവിടങ്ങള്‍തന്നെയായിരുന്നു. ഉത്തരേന്‍ഡ്യയിലും ക്ഷേത്രനിര്‍മ്മാണത്തിലും ക്ഷേത്രസംരക്ഷണത്തിലും അന്നത്തെ ഭരണാധികാരികള്‍ ബന്ധശ്രദ്ധരായിരുന്നു. ദക്ഷിണേന്ത്യയെ അപേക്ഷിച്ച് കുറവാണെങ്കിലും ഉത്തരേന്ത്യയിലെ ക്ഷേത്രങ്ങളും കലാശില്പങ്ങള്‍ തന്നെയായിരുന്നു. വിദേശിയാക്രമണം ഉത്തരേന്‍ഡ്യക്കാരെ വല്ലാതെ വിഷമിപ്പിച്ചിട്ടുണ്ട്. കൂടാതെ മുഗള്‍ ഭരണകാലവും ക്ഷേത്രങ്ങളുടെ നിലനില്പിനെ സാരമായി ബാധിച്ചിട്ടുണ്ട്. കേരളത്തിലും ടിപ്പുവിന്റെ ആക്രമണത്തോടെ ചില ക്ഷേത്രധ്വംസനങ്ങള്‍ ഉണ്ടായിട്ടുണ്ട്. അന്നുള്ളവര്‍ ആത്മീയമായും മാനസികമായും കലാപരമായും വിദ്യാഭ്യാസപരമായും ഉള്ള അഭ്യുന്നതിക്ക് ക്ഷേത്രങ്ങളെ അഭയം പ്രാപിച്ചുപോന്നു.

ക്രൈസ്തവര്‍, മുസ്ലീങ്ങള്‍, ജൂതന്മാര്‍, സിക്കുക്കാര്‍, പാര്‍സികള്‍ തുടങ്ങി ഒട്ടധികം മതക്കാര്‍ അധിവസിക്കുന്ന ഭാരതത്തില്‍ ഏതെങ്കിലും മതക്കാരില്‍പ്പെട്ടവര്‍ തങ്ങളുടെ മതത്തേയോ ആരാധനാകേന്ദ്രങ്ങളേയോ ദുക്ഷിച്ചു സംസാരിച്ചതായി കേട്ടുകേള്‍വിപോലുമില്ല. അഭിപ്രായഭിന്നത എവിടയുണ്ടായകാം. അതു സ്വാഭാവികം മാത്രമാണ്. അവ നമ്മുടെ സംഘടനയ്ക്കുള്ളില്‍ പറഞ്ഞു പരിഹരിക്കാവുന്നതേയുള്ളു. പരിഹരിക്കപ്പെടേണ്ടവയുമാണ്. അവിടെയാണ് നമ്മുടെ ക്ഷേത്രങ്ങളില്‍ പണ്ടുണ്ടായിരുന്നതും ഇപ്പോള്‍ ഇല്ലാതായിരിക്കുന്നതുമായ സംഘടനാരാഹിത്യം സ്പഷ്ടമായി കാണുന്നത്. ക്ഷേത്രങ്ങളെ കേന്ദ്രമാക്കി സംഘടിച്ചിരുന്നുവെങ്കില്‍ ഒരു വ്യക്തിക്ക് ഇത്തരം കാര്യങ്ങള്‍ പറയുവാന്‍ കാണുമായിരുന്നുവോ എന്ന് ഒന്നാലോചിച്ചു നോക്കണം.

നമ്മുടെ ഭരണത്തില്‍നിന്നും സര്‍ക്കാര്‍ അധീനതയില്‍ ചേര്‍ന്നപ്പോള്‍ ക്ഷേത്രങ്ങള്‍ നമ്മുടേതല്ലെന്നും നമുക്ക് ക്ഷേത്രവുമായി യാതൊരു ബന്ധവുമില്ലെന്നും ചിലരെങ്കിലും ധരിച്ചുകാണും. ഇപ്പോള്‍ ആ നില മാറി വീണ്ടും ക്ഷേത്രഭരണം ഹിന്ദുക്കളുടെ കയ്യില്‍ നിക്ഷിപ്തമായിരിക്കുകയാണ്. അതിനാല്‍ ക്ഷേത്രത്തിന്റെ നിലനില്പിനും പരിശുദ്ധിക്കും വേണ്ടിയും ഹിന്ദുക്കളുടെ ആത്മീയവും കലാപരവും വിദ്യാഭ്യാസപരവുമായ ഉന്നതിക്കുവേണ്ടിയും ഹിന്ദുക്കള്‍ ക്ഷേത്രങ്ങളെ കേന്ദ്രമാക്കി സംഘടിക്കുകയും ക്ഷേത്രത്തിന്റെ പരിശുദ്ധിക്കോ നിലനില്പിനോ താന്താങ്ങളുടെ ഉന്നതിക്കോ ക്ഷേത്രങ്ങളില്‍ കാണുന്ന ആചാരങ്ങളോ അനുഷ്ഠാനങ്ങളോ അപര്യപ്തമെന്നു കണ്ടാല്‍ ആ സംഘടനമൂലം അവയെ നിര്‍മ്മാര്‍ജ്ജനംചെയ്തു ശരിയായ നടപടി കൈക്കൊള്ളേണ്ടതുമാണ്.

ഇന്ന് ക്ഷേത്രങ്ങളോടനുബന്ധിച്ച് നടത്തിവരുന്ന മതപാഠശാലകളും ഗീതാക്ലാസ്സുകളും കുറേക്കൂടെ വിശാലമായ അടിസ്ഥാനത്തില്‍ നടത്തുന്നപക്ഷം ആയത് ഓരോ ഹിന്ദുവിനും പ്രയോജപ്പെടുന്നതും തന്നിമിത്തം മതപരമായും ആത്മീയമായും കൂടുതല്‍ ജ്ഞാനം സമ്പാദിക്കാന്‍ കാരണമാകുന്നതും ആണ്. ക്ലാസുകളില്‍ സംഘടനയില്‍പ്പെട്ടുവരുടെ ഹാജര്‍ നിര്‍ബന്ധമാക്കേണ്ടതുമാണ്.

വിഗ്രഹാരാധനയെപ്പറ്റി ഹൈന്ദവരും ഇതരമതസ്ഥരും പലപ്പോഴും എതിരായ അഭിപ്രായം പുറപ്പെടുവിപ്പിച്ചു കേട്ടിട്ടുണ്ട്. അവര്‍ പറയുന്നതെന്താണെന്ന് അവര്‍ക്കുതന്നെ നിശ്ചയമില്ല.

വിതണ്ഡാവാദത്താല്‍ എതിരാളിയെ തോല്‍പിക്കുക എന്നതില്‍ കവിഞ്ഞ് ഈ വക വാദങ്ങളില്‍ വലിയ വിലയൊന്നും കല്പിക്കുവാന്‍ ഇല്ലതന്നെ. പഠിപ്പുള്ളവരെന്നും അറിവുള്ളവരെന്നും അറിയപ്പെട്ടുപോരുന്നവര്‍തന്നെ വിഗ്രഹാരാധനയെപ്പറ്റിയും ക്ഷേത്രങ്ങളെപ്പറ്റിയും അവജ്ഞയോടെ സംസാരിക്കാറുണ്ട്, ക്ഷേത്രങ്ങളും വിഗ്രഹാരാധനയും ഹിന്ദുക്കള്‍ക്കു മാത്രമുള്ളതല്ല. എല്ലാവയെപ്പറ്റി ആരും ഒന്നും പറഞ്ഞുകാണുന്നില്ല. കാരണം അവര്‍ ആരാധനാകേന്ദ്രങ്ങളെ കേന്ദ്രീകരിച്ചുള്ള സംഘടനകളില്‍പ്പെട്ടവരാണ്. ആത്മീയമായും മതപരമായും വിദ്യാഭ്യാസപരമായും കലാപരമായുമുള്ള എല്ലാ ഉത്കര്‍ഷത്തിനും നിദാനം ആരാധനാകേന്ദ്രങ്ങളാണ്. കേരളത്തിലും പണ്ട് ഹിന്ദുക്കള്‍ ക്ഷേത്രവുമായി അഭേദ്യമായ ബന്ധം പുലര്‍ത്തിപ്പോന്നിരുന്നതായി ‘ക്ഷേത്രസന്നിധിയിലെ ജനക്കൂട്ടംകൂടി’ ദേശകാര്യങ്ങളും രാജ്യകാര്യങ്ങളും മറ്റും ജനകീയസമ്പ്രദായത്തില്‍ നിര്‍വ്വഹിച്ചുപോന്നിരുന്നതില്‍ നിന്നും മനസ്സിലാക്കാവുന്നതാണ്. ആ പഴയ നിലയില്‍ ഹിന്ദുക്കള്‍ ഒന്നായിച്ചെന്നു ചേര്‍ന്നാല്‍ മാത്രമേ നമ്മുടെ ആരാധനാകേന്ദ്രങ്ങള്‍ക്കൊണ്ടുള്ള മുഴുവന്‍ പ്രയോജനവും നമുക്ക് സിദ്ധിക്കയുള്ളൂ.

ഹിന്ദുക്കള്‍ വിഗ്രഹാരാധനക്കാരാണെന്നുള്ളതാണ് മറ്റൊരാക്ഷേപം, യഥാര്‍ത്ഥത്തില്‍ വിഗ്രഹാരാധന ശരിയോ തെറ്റോ എന്നുള്ളതല്ല അവരുടെ ആക്ഷേപത്തിന്റെ അടിസ്ഥാനതത്ത്വം. അവരും വാസ്തവത്തില്‍ വിഗ്രഹാരാധകരാണ്.

പ്രാര്‍ത്ഥിക്കുമ്പോള്‍ മനസ്സില്‍ ഒരു രൂപം നിശ്ചയമായും സങ്കല്പിക്കാതെ പറ്റില്ല. അതു മനോഹരമായ ഒരു വിഗ്രഹമായാല്‍ എന്താണ് തെറ്റുള്ളത്. ഏതേതു ദേവന്മാരെ ഉപാസിക്കുന്നുവോ അതാതു ദേവന്മാരെ മനസ്സില്‍ ഉറപ്പിക്കുന്നതിന് ധ്യാതാവ് വിഗ്രഹങ്ങളെ ആശ്രയിക്കുന്നത്. ആരുംതന്നെ ‘എന്റെ കല്ലേ’ എന്റെ മരമേ’ അല്ലെങ്കില്‍ ‘കൃഷ്ണന്റെ വിഗ്രഹമേ’ എന്നൊന്നും സങ്കല്പിക്കയോ പ്രാര്‍ത്ഥിക്കുകയോ ചെയ്യുമെന്നു തോന്നുന്നില്ല. ഈശ്വരന്‍ സര്‍വ്വവ്യാപിയും നിരാകാരനുമാണെന്ന് ആരാധകന് നേരത്തേന്നെ അറിയാവുന്നതും അവന്‍ വിഗ്രഹത്തെ ദേവന്റെ പ്രതിരൂപമായിമാത്രം കരുതിവരുന്നതും തന്നിമിത്തം സങ്കല്പത്തിന് വിഗ്രഹങ്ങള്‍ അവന് സഹായകമായി ഭവിക്കുന്നതുമാണ്. മറ്റു ചിലര്‍ പറയുന്നത് ഈശ്വരന്‍ അന്തര്‍യ്യാമിയാണ്. നാം തന്നെയാണ് ഈശ്വരന്‍. എല്ലാത്തിലും ഈശ്വരനെ ദര്‍ശിക്കണം. ക്ഷേത്രത്തിനുള്ളില്‍ നട്ടിരിക്കുന്ന ശിലയിലല്ല ഈശ്വരനുള്ളത് എന്നും മറ്റുമാണ്. ഇതു ഒരു വൃദ്ധന്‍ ശൈശവത്തേയും യൗവ്വനത്തേയും തെറ്റെന്നു പറയുന്നതിന് തുല്യമാണ്.

‘യേ യഥാ മാം പ്രപദ്യന്തേ
താം സ്തഥൈവ ഭജാമ്യഹം’

എന്നാണ് ഭഗവാന്‍ ഗീതയില്‍ പറഞ്ഞിട്ടുള്ളത്. അതിനാല്‍ വിഗ്രഹാരാധകനെ വിഗ്രഹധാരിയായി അനുഗ്രഹിക്കാനും ഭഗവാനു കഴിയും. വിഗ്രഹങ്ങള്‍ കൂടാതെ തന്നെ ആരാധനയ്ക്കു സാധിക്കുന്നവര്‍ ആ മാര്‍ഗ്ഗം ഉപയോഗിച്ചു കൊള്ളട്ടെ. അല്ലാതെ വിഗ്രഹം കൂടാതെ സങ്കല്പിക്കാന്‍ ശക്തിയില്ലാത്തവന്‍ വിഗ്രഹത്തെ ആശ്രയിക്കുന്നപക്ഷം അതിനെ എതിര്‍ക്കുന്നതും ആക്ഷേപിക്കുന്നതും തെറ്റാണ്. വിഗ്രഹാരാധനയില്‍കൂടെയല്ലാതെ സാധാരണക്കാരന് ആദ്ധ്യാത്മിക ഉന്നതി കൈവരുന്നതല്ലെന്നുള്ളതിന് ശ്രീരാമകൃഷ്ണദേവന്‍തന്നെ ഒന്നാംതരം തെളിവാണ്. വിഗ്രഹാരാധനയെപ്പറ്റി സ്വാമി വിവേകാനന്ദന്‍ അദ്ദേഹത്തിന്റെ ചിക്കാഗോപ്രസംഗത്തില്‍ വളരെ അധികം പറയുന്നുണ്ട്. കൂടാതെ ഒരു പാതിരി വിഗ്രഹങ്ങളെപ്പറ്റി വളരെ അധികം ഭത്സിച്ചിട്ട് ‘നിങ്ങളുടെ വിഗ്രഹത്തെ ഈ വടികൊണ്ട് അടിച്ചാല്‍ അതു എന്തുചെയ്യും. എന്നു ചോദിച്ചതായും അതിനു മറുപടിയായി ‘നിങ്ങളുടെ ദൈവത്തെ ഞാന്‍ നിന്ദിച്ചാല്‍ അതു എന്തുചെയ്യും’ എന്നൊരു മറുചോദ്യം ചോദിച്ചപ്പോള്‍ ‘നീ മരിക്കുമ്പോള്‍ എന്റെ വിഗ്രഹവും നിന്നെ ശിക്ഷിക്കും’ എന്ന് ഒരു ഹിന്ദു തിരിച്ചടിച്ചതായും വിവേകാനന്ദസ്വാമി പറഞ്ഞിട്ടുണ്ട്.

വിഗ്രഹാരാധനയെപ്പറ്റിയും ക്ഷേത്രോപാസനയെപ്പറ്റിയും ഓരോരുത്തര്‍ പറഞ്ഞുപരത്തിയ തെറ്റിദ്ധാരണ ജാതിപരമായ നിന്ദ്യവും വിനാശകരവുമായ സ്ഥിതിവിശേഷങ്ങളും അഭ്യസ്തവിദ്യരെന്നറിയപ്പെടുന്ന ചില പാശ്ചാത്യപ്രേമികളുടെ പെരുമാറ്റങ്ങളും നമ്മെ ക്ഷേത്രങ്ങളുമായി ബഹുദൂരം അകറ്റി നിര്‍ത്തുന്നതിന് കാരണമായിതീര്‍ന്നിട്ടുണ്ട്. മറ്റെല്ലാ തുറകളിലുമെന്നപോലെ ക്ഷേത്രങ്ങളിലും ശാന്തിക്കാരുടേയോ കഴകക്കാരുടേയോ മറ്റു സില്‍ബന്ധികളുടേയോ കൊള്ളരുതായ്കകൊണ്ട് എന്തെങ്കിലും ക്രമക്കേടുകള്‍ ഉണ്ടായിക്കൂടെന്നില്ല. അതിന് അങ്ങിനെയുള്ള അഴിമതിക്കാരെ കണ്ടുപിടിച്ചു മാതൃകാപരമായി ശിക്ഷിക്കാവുന്നതും അനാചാരങ്ങളോ അന്ധവിശ്വാസങ്ങളോ ക്ഷേത്രത്തിനുള്ളിലെ ക്രിയാദികളിലോ പെരുമാറ്റങ്ങളിലോ കാണുന്നപക്ഷം ആയവ നിര്‍മ്മാര്‍ജ്ജനം ചെയ്തു. ക്ഷേത്രസങ്കേതങ്ങളെ പരിശുദ്ധമാക്കാവുന്നതും ആണെന്നിരിക്കെ അതിനൊന്നിന്നും മുതിരാതെ ക്ഷേത്രങ്ങള്‍ നശിച്ചേ അന്ധവിശ്വാസം കുറയൂ എന്നും മറ്റും പറയുന്നത് വെറും ബുദ്ധിശൂന്യതമാത്രമാണ്. അതിനാല്‍ ക്ഷേത്രങ്ങളുമായി കൂടുതല്‍ ബന്ധം സ്ഥാപിക്കാനും അങ്ങിനെ നമ്മുടെ സംഘടനയെ വളര്‍ത്താനും തദ്വാരാ ആത്മീയവും ഭൗതികവുമായ എല്ലാ ശ്രേയസ്സുകളും കൈവരിക്കാനും എല്ലാ ഹിന്ദുക്കളും തയ്യാറാകണമെന്നുള്ള അപേക്ഷയോടുകൂടി തല്ക്കാലം നിര്‍ത്തുന്നു.

ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.