വ്യാഴം, ശുക്രൻ, ശനി എന്നീ ഗ്രഹങ്ങളുടെ ധന സമ്പാദനത്തിനുള്ള കാരകത്വങ്ങൾ

ജീവാംശേ ദ്വിജവിബുധാകരാദിധർമ്മൈഃ
കാവ്യാംശേ മണിരജതാദിഗോമഹിഷ്യൈഃ
സൌരാംശേ ശ്രമവധഭാരനീചശില്പൈഃ
കർമ്മേശാദ്ധ്യുഷിതസമാനകർമ്മസിദ്ധിഃ

സാരം :-

മുൻശ്ലോകത്തിൽ പ്രസ്താവിച്ച പത്താം ഭാവാധിപന്റെ അംശകാധിപൻ വ്യാഴമായാൽ വേദശാസ്ത്രാദികളെ പഠിയ്ക്കുക പഠിപ്പിയ്ക്കുക, യാഗം ചെയ്യുക ചെയ്യിക്കുക, ദാനം ചെയ്യുക വാങ്ങുക ഇത്യാദികളായ ബ്രാഹ്മണരുടേയും ഗോബ്രാഹ്മണരക്ഷണം നീതിന്യായഭരണം തുടങ്ങിയ ക്ഷത്രിയരുടേയും, കൃഷി, കച്ചവടം ഗോരക്ഷ മുതലായ വൈശ്യരുടേയും ധർമ്മാനുഷ്ഠാനങ്ങളെക്കൊണ്ടും, അല്ലെങ്കിൽ മേൽപ്പറഞ്ഞ ബ്രാഹ്മണാദി മൂന്നു ജാതിയുടേയും സേവ, കാര്യസ്ഥത, ഭൃത്യപ്രവൃത്തി മുതലായതുകളേക്കൊണ്ടും, പൂജ, മന്ത്രജപം, പുഷ്പാഞ്ജലി, നമസ്കാരം മുതലായ ദേവവിഷയമായ പ്രവൃത്തികളെക്കൊണ്ടും, അതല്ലെങ്കിൽ ദേവസ്വം കാര്യസ്ഥത, ഭൃത്യപ്രവൃത്തി മുതലായവകൊണ്ടും ശാസ്ത്രാദിവിഷയമായും മന്ത്രോപദേശം ചെയ്ക മന്ത്രവാദം ഇത്യാദികൾ മൂലമായും ധനം ലഭിയ്ക്കുന്നതാണ്.

പത്താം ഭാവാധിപന്റെ അംശകാധിപൻ ശുക്രനായാൽ നവരത്നങ്ങൾ വെള്ളി ചെമ്പ് ഈയ്യം മുതലായതുകൾ ഇവകളെക്കൊണ്ടു കച്ചവടം തുടങ്ങിയ വ്യാപാരം ചെയ്തും, പശു ആട് എരുമ തുടങ്ങിയ പാലും നെയ്യും പ്രധാനമായ മൃഗങ്ങളെ വളർത്തി പാല് നെയ്യ് മുതലായതുകളെ കച്ചവടം ചെയ്തും, ആ വക മൃഗങ്ങൾക്കും പുറമേ കുതിര കഴുത പോത്ത് കാള ആദിയായി കൃഷിയ്ക്കുപയോഗിക്കപ്പെടുന്ന ജന്തുക്കളേയും കരി, നുകം മുതലായ കൃഷി ഉപകരണങ്ങളേയും (നാല്ക്കാലികളെ കെട്ടിവലിപ്പിയ്ക്കുന്ന വണ്ടി മുതലായതുകളേയും) വ്യാപരിച്ചും, കൃഷി ചെയ്തും ധനം സമ്പാദിയ്ക്കും. അതിന്നും പുറമേ സ്ത്രീകളുടെ ഭർത്തൃസ്ഥാനം സ്വീകരിയ്ക്കൽകൊണ്ടും പലതരം മരുന്നുകൾ അലങ്കാരസാധനങ്ങൾ അലങ്കാരവിദ്യ നൃത്തവാദ്യനാട്യാദി വിദഗ്ദ്ധന്മാർ ഇതുകൾ കാരണമായും ധനലാഭമുണ്ടാവുന്നതാണ്. "സ്ത്രീസംഘൈരൌഷധൈരലങ്കാരൈഃ" - എന്നുണ്ട്.

പത്താം ഭാവാധിപന്റെ അംശകാധിപൻ ശനിയായാൽ, വഴി നടക്കുക കല്ലു മുതലായ കഠിന പദാർത്ഥങ്ങളെ കുത്തി ഉടയ്ക്കുക മുതലായ തളർച്ചയെ ഉണ്ടാകുന്ന കഠിനപ്രവൃത്തികൾകൊണ്ടും, അടിയ്ക്കുക തുടങ്ങിയ ഹിംസാത്മക പ്രവൃത്തികൾകൊണ്ടും, ഭാരങ്ങൾ ചുമന്നും, കഴുത മുതലായവയെക്കൊണ്ട് ഭാരം ചുമപ്പിച്ചും പരമ്പ്, പായ,  വട്ടി മുതലായത് നെയ്തുണ്ടാക്കിയും, അവയെ കച്ചവടം ചെയ്തും, ആശാരി കരുവാൻ മുതലായവരുടെ പണികൾ ചെയ്തും, മോഷ്ടിക്കുക പൊളി പറയുക ഇത്യാദികളെക്കൊണ്ടും ധനം സമ്പാദിയ്ക്കും.

സൂര്യൻ ചന്ദ്രൻ ലഗ്നം ഇതുകളിൽ അധികബലമുള്ളതിന്റെ പത്താം ഭാവാധിപന്റെ നവാംശകാധിപന്നു മേൽപ്പറഞ്ഞ പ്രവൃത്തികളിൽ ഏതാണോ അതുകൊണ്ടാണ് ധനലാഭമുണ്ടാവുക എന്നും, ഇതിനു വിപരീതം പ്രവൃത്തിച്ചാൽ നഷ്ടത്തിന്നേ ഇട വരികയുള്ളുവെന്നും പറയേണ്ടതാണ്.

പ്രപഞ്ചത്തിൽ ധനസമ്പാദനാർത്ഥമുള്ള വ്യാപാരങ്ങളും അവയ്ക്കുള്ള പദാർത്ഥങ്ങളും എണ്ണിത്തീർക്കുകയല്ല മുഴുവൻ വിചാരിപ്പാനും കൂടി അസാധ്യമാകയാൽ അതുകളെല്ലാറ്റിന്റേയും കാരകത്വത്തെ സൂര്യാദിസപ്തഗ്രഹങ്ങളിൽ ഒതുക്കിപ്പറയുകയും അസാധ്യമാകുന്നു. അതിനാൽ മുകളിൽ പറഞ്ഞ കാരകത്വത്തിന്റെയൊക്കെ സാരം ഇപ്രകാരമാകുന്നു. മുമ്പ് ഗ്രഹയോനിഭേദം ദശാപ്രകരണം (ഗ്രഹയോനി അദ്ധ്യായം, ദശാപഹാരങ്ങൾ അദ്ധ്യായം) മുതലായ കഴിഞ്ഞ അദ്ധ്യായങ്ങളിലും, മുകളിൽ പറയാൻ പോകുന്നവയിലും സൂര്യാദിഗ്രഹങ്ങൾക്കു ഏതേതു പദാർത്ഥങ്ങളുടെയൊക്കെ കാരകത്വമാണോ പറഞ്ഞതും പറയാൻ പോകുന്നതും അതിലേതെങ്കിലും കാരണമായിട്ടാണ് ധനം ലഭിയ്ക്കുക എന്നേ ഈ പറഞ്ഞതിന്നർത്ഥമുള്ളൂ. അതുകൊണ്ട് ഈ വിഷയം പറയുക അതിപ്രയാസമാണെന്നു വന്നുവല്ലോ. ഊഹാപോഹക്ഷമമായ സൂക്ഷ്മബുദ്ധിയോടുകൂടി ഗ്രഹങ്ങളുടെ ബലാബലവിഭാഗാദികളേയും കാലദേശജാതിപരിതസ്ഥിത്യാദികളേയും വിചാരിച്ച് ഇന്നവനു ഇന്ന കാലങ്ങളിൽ ഇന്നിന്ന പ്രവൃത്തികളാണ് ധനസമ്പാദനത്തിനുപകരിയ്ക്കുക എന്നും, ഇന്ന കാലങ്ങളിൽ ഇന്നിന്നവർ പക്കൽനിന്ന് ഇന്നിന്ന തരത്തിലുള്ള ധനം ലഭിക്കുമെന്നും പറയേണ്ടതാണ്. 

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.