പ്രവ്രജ്യായോഗത്തിന്റെ സാമാന്യലക്ഷണത്തേയും അതിന്റെ ഫലസ്വരൂപത്തേയുമാണ്‌ പറയുന്നത്

ഏകസ്ഥൈശ്ചതുരാദിഭിർബ്ബലയുതൈർ-
ജ്ജാതാഃ പൃഥഗീര്യഗൈ-
ശ്ശാക്യാജീവകഭിക്ഷുവൃദ്ധ ചരകാ
നിർഗ്രന്ഥിവന്യാശനാഃ
മാഹേയജ്ഞഗുരുക്ഷപാകരസിത-
പ്രാഭാകരീനൈഃ ക്രമാൽ
പ്രവ്രജ്യാ ബലിഭിസ്സമാഃ പരജിതൈ-
സ്തൽസ്വാമിഭിഃ പ്രച്യുതിഃ

സാരം :-

ജനനസമയത്തു മൌഢ്യം നീചസ്ഥിതി മുതലായവയൊന്നുമില്ലാതേയും സാമാന്യം ബലവാന്മാരുമായ നാലോ അഞ്ചോ ആറോ ഏഴോ ഗ്രഹങ്ങൾ ഒരു രാശിയിൽ നിന്നാൽ അതിനെ പ്രവ്രജ്യായോഗമെന്നു പറയുന്നു. അതിന്റെ ഫലം സ്വജനസ്വഗൃഹദേശാദികളെ ഉപേക്ഷിച്ച് അവിടവിടെ സഞ്ചരിച്ചുകാലം കഴിയ്ക്കയുമാകുന്നു.

ഈ യോഗജാതൻ യോഗകർത്താക്കന്മാരിൽവെച്ച് അധികം ബലമുള്ളവന്റെ അവസ്ഥയെ പ്രാപിയ്ക്കും. ഈ അവസ്ഥകൾ ഏതൊക്കെ എന്നാൽ, ടി യോഗകർത്താക്കന്മാരിൽ അധികബലവാൻ കുജനാണെങ്കിൽ യോഗജാതൻ ശാക്യനാവുന്നതാണ്. രക്തവസ്ത്രം ധരിച്ച് ശാക്യമതത്തെ ബഹുമാനിച്ച്  അനുസരിയ്ക്കുന്നവരേയാണ്‌ ശാക്യന്മാരെന്നു പറയുന്നത്. അധികബലവാൻ ബുധനാണെങ്കിൽ ആ ജീവകന്റെ അവസ്ഥയെ പ്രാപിക്കും. പ്രാണനാണ്‌ ആത്മാവെന്നു വാദിയ്ക്കയും * വലിയ വേദാന്തിയാണെന്നഭിമാനിച്ച് ഉദരപൂർത്ത്യർത്ഥം ജ്ഞാനോപദേശം ചെയ്കയും, കാവിവസ്ത്രം ധരിച്ചും പീലിക്കെട്ട് കയ്യിലെടുത്തു നടക്കുകയും, മറ്റും ചെയ്യുന്നവരേയാണ് ആ ജീവകന്മാരെന്നു പറയുന്നത്. ബലവാൻ വ്യാഴമാണെങ്കിൽ പരമഹംസൻ കുടീചകൻ പരിവ്രാജകൻ അവധൂതൻ മുതലായ ഉത്തമസംന്യാസികളിൽ ഒരുവന്റെ അവസ്ഥയെ പ്രാപിയ്ക്കും. ബലവാൻ ചന്ദ്രനാണെങ്കിൽ, ശൈവം വൈഷ്ണവം മുതലായ ആഗമങ്ങളിൽ പണ്ഡിതന്മാരും, ജടാധാരികളും, അന്യന്മാർക്കു മന്ത്രോപദേശം ചെയ്തു സഞ്ചരിയ്ക്കുന്നവരും ആയ വൃദ്ധന്മാരുടെ അവസ്ഥയെ പ്രാപിയ്ക്കും. ബലവാൻ ശുക്രനാണെങ്കിൽ ശംഖുചക്രഗദാദി മുദ്രകളെ ധരിച്ചും ഹംസയോഗം അഭ്യസിച്ചും ചികിത്സയിൽ നൈപുണ്യം സമ്പാദിച്ചും സഞ്ചരിയ്ക്കുന്ന പാഷണ്ഡന്മാരിൽ ഒരു വർഗ്ഗമായ ചരകന്റെ അവസ്ഥയെ പ്രാപിയ്ക്കും. യോഗകർത്താക്കന്മാരിൽ ബലവാൻ ശനിയാണെങ്കിൽ, നിർഗ്രന്ഥിയുടെ അവസ്ഥയെ പ്രാപിയ്ക്കുന്നതാണ്. ബ്രാഹ്മണാദി ജാതിമതഭേദമോ ബ്രഹ്മചര്യം മുതലായ ആശ്രമഭേദമോ ധർമ്മാധർമ്മപ്രതിപത്തിയോ ആചാരവ്യത്യാസമോ വസ്ത്രാച്ഛാദനമോ ഒന്നുമില്ലാതെ അവധൂതന്മാരായി സ്വേച്ഛാനുസരണം സഞ്ചരിയ്ക്കുന്ന പരമജ്ഞാനികളേയാണു നിർഗ്രന്ഥികൾ എന്നു പറയുന്നത്. പ്രവ്രജ്യായോഗകർത്താക്കന്മാരിൽ ആദിത്യനാണു ബലാധിക്യമുള്ളതെങ്കിൽ കാട്ടിലുണ്ടാകുന്ന ഫലമൂലാദികളെ ഭക്ഷിച്ച് കാട്ടിൽതന്നെ തപസ്സുചെയ്തു താമസിയ്ക്കുന്ന വന്യാശനന്മാരുടെ അവസ്ഥയെ പ്രാപിയ്ക്കും.

പ്രവ്രജ്യായോഗകർത്താക്കന്മാരാായ ഗ്രഹങ്ങളിൽ രണ്ടുപേർ ബലപൂർണ്ണന്മാരായിട്ടുണ്ടെങ്കിൽ ആ രണ്ടിന്റെ അവസ്ഥയും യോഗജാതനുണ്ടാകുന്നതാണ്. മാത്രമല്ല പൂർണ്ണബലവാന്മാരായ ഗ്രഹങ്ങൾ എത്ര പേരുണ്ടോ അവർക്കൊക്കയും കാരകത്വമുള്ള അവസ്ഥകളെ ഒക്കയും അയാൾ പ്രാപിയ്ക്കുന്നതാകുന്നു. ഈ ഫലങ്ങളുടെ അനുഭവം അതാതു ഗ്രഹത്തിന്റെ ദശാപഹാരാദി കാലങ്ങളിലായിരിയ്ക്കയും ചെയ്യും.

ഈ ബലപൂർണ്ണനായ യോഗകർത്താവായ ഗ്രഹം ജനനസമയത്തു വേറെ ഒരു ഗ്രഹത്തോടു യുദ്ധത്തിൽ തോറ്റവനാണെങ്കിൽ ആദ്യം സ്വഗൃഹത്യാഗം ചെയ്തു പ്രവ്രജ്യാവസ്ഥയെ പ്രാപിയ്ക്കും. പിന്നെ ടി അവസ്ഥയിൽ നിന്നു ഭ്രംശിയ്ക്കുകയും ചെയ്യുന്നതാണ്. ഏതു ഗ്രഹത്തോടാണോ പരാജയമുണ്ടായത് അതിന്റെ ദശാപഹാരാദികാലങ്ങളിൽ അതിനു ആധിപത്യമുള്ള ദേശത്തുവെച്ചാണ് ഭ്രംശം സംഭവിയ്ക്കുക എന്നും അറിയണം.

"ക്രമാൽ" എന്ന പദംകൊണ്ടു പ്രവ്രജ്യയുടെ അനുഭവകാലത്തെക്കുറിച്ച് മറ്റൊരു വിധത്തിൽകൂടി വ്യാഖ്യാനിച്ചു കാണ്മാനുണ്ട്. ലഗ്നം തുടങ്ങി നാലു ഭാവത്തിനുള്ളിലുള്ളവരെക്കൊണ്ടാണ് യോഗമെങ്കിൽ ജീവിതകാലത്തിന്റെ ആദ്യത്രിഭാഗത്തിലും, അഞ്ചാം ഭാവം തുടങ്ങി നാലു ഭാവത്തിലുള്ളവരെക്കൊണ്ടാണെങ്കിൽ ജീവിതത്തിന്റെ മദ്ധ്യത്രിഭാഗങ്ങളിലും, ബാക്കി ഭാവങ്ങളിലുള്ളവരെക്കൊണ്ടാണെങ്കിൽ ജീവിതത്തിന്റെ അന്ത്യത്രിഭാഗത്തിലുമാണ് യോഗഫലം അനുഭവിയ്ക്കുക.ഗ്രഹങ്ങുടെ കാരകത്വമനുസരിച്ച് യോഗപ്രാപ്തിയ്ക്കുള്ള കാരണം ചിന്തിയ്ക്കാവുന്നതാണ്. എങ്ങിനെയെന്നാൽ യോഗകർത്താക്കന്മാരിൽ ബലവാൻ സൂര്യനാണെങ്കിൽ പിതാവോ രാജാവോ കാരണമായും, ചന്ദ്രനാണെങ്കിൽ മാതാവോ രാജ്ഞിയോ കാരണമായും, കുജനാണെങ്കിൽ ഭ്രാതാക്കളോ ശത്രുക്കളോ കാരണമായും, ശനിയാണ് ബലാധികനെങ്കിൽ തനിയ്ക്കുതന്നെ  ഉത്ഭവിച്ച വൈരാഗ്യം കാരണമായുമാണ് യോഗഫലം അനുഭവപ്പെടുക. മറ്റു ഗ്രഹങ്ങളുടെ കാരകത്വത്തേയും ഇപ്രകാരം ഊഹിച്ചു കാരണം പറയേണ്ടതാണ്.

"ഏകസ്ഥൈശ്ചതുരാദിഭിർബ്ബലയുതൈർജ്ജാതാഃ പൃഥഗ്വീര്യഗൈഃ"

എന്ന അംശംകൊണ്ടും വേറെ ഒരു വിധത്തിലുള്ള അർത്ഥത്തെകൂടി സൂചിപ്പിച്ചതായി വിവരണവ്യാഖ്യാതാവ് പറയുന്നുമുണ്ട്. അതു ഇപ്രകാരമാണ്. ഉദയലഗ്നത്തിൽനിന്നു നാലിൽ ചൊവ്വയോ അഞ്ചിൽ ബുധനോ ആറിൽ വ്യാഴമോ ഏഴിൽ ചന്ദ്രനോ എട്ടിൽ ശുക്രനോ ഒമ്പതിൽ ശനിയോ പത്തിൽ സൂര്യനോ നിൽക്കുക. എന്നാൽ പ്രവ്രജ്യായോഗത്തിന്റെ ലക്ഷണമായി. മേൽകാണിച്ച കുജാദികളിൽ ഏതെങ്കിലും ഒന്നുമാത്രം മൌഢ്യം നീചസ്ഥിതി മുതലായതൊന്നുമില്ലാതേയും ബലവാനുമായി ആ ഗ്രഹത്തിനു മുകളിൽ പറഞ്ഞ ഭാവത്തിൽ നിന്നാൽ യോഗവുമാവുമെന്നു സാരം. ഈ അർത്ഥത്തെ ഈ അദ്ധ്യായത്തിലെ നാലാം ശ്ലോകത്തിൽ "നവമഭവനസംസ്ഥൈർമന്ദഗേന്യൈരദൃഷ്‌ടേ" എന്ന അംശംകൊണ്ടു മൂലകർത്താവു സമ്മതിച്ചിട്ടുണ്ട്. ഇങ്ങിനെ ആയാലും ഫലത്തിനു വ്യത്യാസമില്ല.

---------------------------------------------------
* ആത്മാവ് ദേഹമാണെന്നും പ്രാണനാണെന്നും ഇന്ദ്രിയങ്ങളാണെന്നും ബുദ്ധിയാണെന്നും പല അഭിപ്രായങ്ങളുണ്ട്‌.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.