രണ്ടു പ്രവ്രജ്യായോഗമാണ് പറയുന്നത്

സുരഗുരുശശിഹോരാസ്വാർക്കിദൃഷ്ടാസു ധർമ്മേ
ഗുരുരഥ നൃപതീനാം യോഗജസ്തീർത്ഥകൃൽ സ്യാൽ
നവമഭവനസംസ്ഥേ മന്ദഗേƒന്യൈരദൃഷ്‌ടേ
ഭവതി നരപയോഗേ ദീക്ഷിതഃ പാർത്ഥിവേന്ദ്രഃ

സാരം :-

1). ധനു മീനം കർക്കടകം ഇതിലൊന്ന് ഉദയലഗ്നമാവുക, ആ ലഗ്നത്തിലേയ്ക്കു ശനി നോക്കുക, ലഗ്നത്തിൽ നിന്നു ഒമ്പതാം ഭാവത്തിൽ വ്യാഴം നിൽക്കുകയും ചെയ്ക, ഈ യോഗവും വേറെ ഒരു രാജയോഗവുമുള്ള സമയത്തു ജനിച്ചാൽ അയാൾ രാജാധികാരത്തെ അനുഭവിയ്ക്കുന്നവനായാൽ കൂടി പ്രവ്രജ്യാദീക്ഷയെ പ്രാപിയ്ക്കയും പ്രവ്രജിതന്മാർക്കു അദ്ധ്യയനയോഗ്യങ്ങളായ ശാസ്ത്രഗ്രന്ഥങ്ങളെ നിർമ്മിയ്ക്കുകയും ചെയ്യും. ഇവിടെ മുൻപറഞ്ഞ പ്രവ്രജ്യായോഗമല്ലാതെ രാജയോഗമില്ലെങ്കിൽ പ്രവ്രജിതനാവുകയല്ലാതെ മേൽപറഞ്ഞവിധമുള്ള ശാസ്ത്രഗ്രന്ഥനിർമ്മാണപ്രാപ്തി ഉണ്ടാവില്ല. ഇവിടെ ലഗ്നാധിപൻ ശനി വ്യാഴം ഇവരാണ് യോഗകർത്താക്കന്മാരെന്നും, അവരിൽ ബലാധികന്റെ ദശാദികാലങ്ങളിൽ അവന്നുമുമ്പു പറഞ്ഞ അവസ്ഥയെ പ്രാപിക്കുമെന്നും അറിയണം.

"സുരഗുരുശശിഹോരാസു" എന്ന മൂലശ്ലോകത്തിനു വ്യാഴം ചന്ദ്രൻ ലഗ്നം എന്നാണ് അർത്ഥമെന്നു ഭട്ടോൽപലവ്യാഖ്യാതാവും മറ്റും പറഞ്ഞു കാണുന്നുണ്ട്. ഈ പറഞ്ഞ മൂന്നിന്നും ശനി ദൃഷ്ടിയും ഒമ്പതാം ഭാവത്തിൽ വ്യാഴസ്ഥിതിയുമുണ്ടാവുകയാണ് യോഗലക്ഷണമെന്നാണിവർ പറയുന്നതെന്നു സാരം. ഇതിന്നും അസാംഗത്യമില്ലെങ്കിലും ആദ്യം പറഞ്ഞ അർത്ഥം വിവരണാദിവ്യാഖ്യാതാക്കന്മാരാൽ പറയപ്പെടുന്നതും അതു നിർദ്ദിഷ്ടവുമാണെന്നും തോന്നുന്നുണ്ട്.

2). ലഗ്നാൽ ഒമ്പതാം ഭാവത്തിൽ ശനി നിൽക്കുക; ആ ശനിയെ വേറെ ഒരു ഗ്രഹവും നോക്കാതെയും ഇരിയ്ക്കുക; അപ്പോൾ വേറെ ഒരു രാജയോഗം ഉണ്ടാവുകയും ചെയ്ക - ഇങ്ങനെയുള്ളപ്പോഴാണ് ജനനമെങ്കിൽ അയാൾ രാജാധിപത്യമുള്ള രാജാവാകയും, അങ്ങനെ രാജാവായാൽ കൂടി ശനിയുടെ ദശാദികാലങ്ങളിൽ പ്രവ്രജിതനായിത്തീരുകയും, ശനിയ്ക്കു മുൻപറഞ്ഞ അവസ്ഥയെ പ്രാപിയ്ക്കയും ചെയ്യും. ജനനസമയത്ത് രാജയോഗമില്ലെങ്കിൽ പ്രവ്രജിതൻ മാത്രമേ ആകയുള്ളൂവെന്നും, ഈ അദ്ധ്യായത്തിൽ പറഞ്ഞ സകല പ്രവ്രജ്യായോഗങ്ങൾക്കും യുദ്ധത്തിൽ തോൽവി മൌഢ്യം അന്യഗ്രഹദൃഷ്ടി ഇത്യാദികളൊക്കെ അപവാദങ്ങളാണെന്നും അറികയും വേണം.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.