ഉച്ചസ്ഥിതിയും ബന്ധുഗ്രഹദൃഷ്ടിയും അല്ലെങ്കിൽ ബന്ധുഗ്രഹയോഗവും ഉള്ള ഒരു ഗ്രഹം ജാതകത്തിലുണ്ടായാലത്തേയും, ശത്രുക്ഷേത്രത്തിലോ നീചത്തിലോ ഗ്രഹങ്ങൾ നിന്നാലത്തേയും ഫലം പറയുന്നു

ജനയതി നൃപമേകോപ്യുച്ചഗേ മിത്രദൃഷ്ടഃ
പ്രചുരധനസമേതം മിത്രയോഗാച്ച സിദ്ധം
വിധനവിസുഖമൂഢവ്യാധിതാ ബന്ധതപ്താ
വധദുരിതസമേതാശ്ശത്രുനീചർക്ഷഗേഷു.

സാരം :-

ജനനസമയത്തു ഏതെങ്കിലും ഒരു ഗ്രഹം ഉച്ചത്തിൽ നിൽക്കുകയും അതിനുതന്നെ ഒരു ബന്ധുഗ്രഹത്തിന്റെ ദൃഷ്ടിയുണ്ടാവുകയും ചെയ്‌താൽ അയാൾ രാജാവാകും. ആ ഉച്ചസ്ഥനായ ഗ്രഹത്തിനു തന്റെ ഒരു ബന്ധുഗ്രഹത്തിന്റെ യോഗമാണ് ഉള്ളതെങ്കിൽ അയാൾ വലിയ ധനികനും സകലജനപൂജ്യനും പ്രസിദ്ധനുമാവുകയും ചെയ്യും. ഈ പറഞ്ഞതുകൊണ്ടു ഗ്രഹങ്ങൾക്കുള്ള പരസ്പരബന്ധങ്ങളിൽ അന്യോന്യയോഗത്തേക്കാൾ ദൃഷ്ടിയ്ക്കാണു പ്രാധാന്യമെന്നുകൂടി ഗ്രന്ഥകർത്താവു ഇവിടെ സ്പഷ്ടമാക്കിയെന്നും അറിയണം.

ജനനസമയത്തു ശത്രുക്ഷേത്രത്തിലോ നീചരാശിയിലോ ഒരു ഗ്രഹം നിന്നാൽ അയാൾ ദരിദ്രനും, അങ്ങനെ ശത്രുക്ഷേത്രത്തിലോ നീചത്തിലോ രണ്ടു ഗ്രഹങ്ങൾ നിന്നാൽ എപ്പോഴും ചിന്ത നിമിത്തം സുഖഹീനനും, അതേ വിധം മൂന്നു ഗ്രഹങ്ങൾ നിന്നാൽ യാതൊരറിവുമില്ലായ്ക നിമിത്തം മൂർഖനും, നാലു ഗ്രഹങ്ങൾ നിന്നാൽ രോഗങ്ങൾ നിമിത്തം നിശ്ചേഷ്ടനും, അഞ്ചു ഗ്രഹങ്ങൾ നിന്നാൽ ഭാര്യാപുത്രാദിബന്ധുക്കൾ നിമിത്തമായി സന്തപ്തഹൃദയനും, ആറു ഗ്രഹങ്ങൾ അങ്ങിനെ നിന്നാൽ സകലരുടേയും താഡനാദികൾക്കു പാത്രീഭൂതനും, ഏഴു ഗ്രഹങ്ങളും ജനനസമയത്ത് ശത്രുക്ഷേത്രത്തിലോ നീചത്തിലോ നിന്നാൽ ബ്രഹ്മഹത്യാ, സുരാപാനം മുതലായ മഹാപാപങ്ങളെ ചെയ്യുന്നവനുമാകുന്നതാണ്. 

ഏഴു ഗ്രഹങ്ങളും നീചന്മാരാവുക എന്നതു അസംഭവമാണ്. എങ്കിലും മുമ്പ് അസംഭവങ്ങളായ നാഭസയോഗാദികളെ പറഞ്ഞതുപോലെ ഇവിടേയും പൂർവ്വശാസ്ത്രാനുസാരേണ പറഞ്ഞതാണെന്നു സമാധാനിയ്ക്കയും വേണം. 

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.