ചൂണ്ടുവിരൽ വളച്ചുവച്ചാൽ അതിന്റെ നീളവും സമൃദ്ധമായ കറുത്ത രോമങ്ങളുമുള്ള പുരികങ്ങൾ ഉത്തമമാകുന്നു. ഇവൻ ശാന്തശീലനും ധർമ്മിഷ്ഠനുമായിരിക്കും.
എഴുന്നു നിൽക്കുന്ന രോമങ്ങളോടുകൂടിയ പുരികങ്ങളുള്ളവൻ ക്രുദ്ധനും കാമാചാരിയുമായിരിക്കും.
പുരികങ്ങളുടെ രോമം വാലിങ്കലേയ്ക്കു തിരിഞ്ഞിരിക്കുന്നതാണുത്തമമായിട്ടുള്ളത്. ഈ രോമങ്ങൾ എതിർവശത്തേയ്ക്കു തിരിഞ്ഞിരുന്നാലവൻ കള്ളനും അധികപ്രസംഗിയുമായിരിക്കും.
കുറ്റിരോമമുള്ള പുരികങ്ങൾ ദരിദ്രലക്ഷണമായിരിക്കും.
പുരികങ്ങളിലെ രോമം കീഴോട്ടു തിരിഞ്ഞിരുന്നാലവൻ ആയുഷ്കാലതടവുകാരനായി ജയിലിൽ കിടക്കുന്നതാണ്.
പുരികങ്ങളിലെ രോമം മേലോട്ടു തിരിഞ്ഞിരുന്നാലവൻ അക്രമിയും വിദ്യാഭ്യാസമുള്ളവനും ധനികനുമാകുന്നു.
പുരികങ്ങളുടെ ഇടയിൽ കൂട്ടിമുട്ടുന്ന രോമാവലിയോടുകൂടി വലിയ പുരികങ്ങളുള്ള പുരുഷൻ ധനികനും കോപിഷ്ഠനുമാകുന്നു.
ചില പുരികങ്ങളിൽ ഒരു ചാണ്വരെ നീളമുള്ള രോമങ്ങളിടയ്ക്കിടയ്ക്കുണ്ടായിരിക്കും. ഇങ്ങനെയുള്ളവൻ ഗ്രന്ഥകാരനും സഹൃദയനുമാകുന്നു.
ഉയർന്നു നില്ക്കുന്ന വലിയ രോമാവലിയോടുകൂടിയതും നീളമുള്ളതുമായ പുരികമുള്ളവൻ ധനികനും ധർമ്മം ചെയ്യുന്നവനും കോപിഷ്ഠനുമാണ്.
നേരിയതും നീളം കുറഞ്ഞതുമായ പുരികമുള്ള പുരുഷൻ കാമചാരിയാകുന്നു.
വീതികൂടിയ പുരികങ്ങളോടുകൂടിയ പുരുഷൻ സന്താനങ്ങൾ നിമിത്തം ക്ലേശമനുഭവിക്കും.
പുരികങ്ങളിലെ രോമം കനംകുറഞ്ഞ് പൂടപോലെയും ചെമ്പിച്ചുമിരുന്നാൽ അവൻ നിത്യദരിദ്രനായിരിക്കും.
പുരികങ്ങളിൽ രോമമില്ലാത്ത പുരുഷൻ അവിവേകിയും ദരിദ്രനുമായിരിക്കും.
വളവില്ലാത്ത നിവർന്ന പുരികമുള്ളവൻ കാമാചാരിയും അദ്ധ്വാനശീലനുമായിരിക്കും.
പുരികങ്ങളുടെ തല കീഴോട്ടു വളഞ്ഞിരുന്നാൽ വിദ്യാസമ്പന്നനാകുന്നു.