ഭർത്തൃമരണം, സ്വമരണം, അല്പസന്താനരാശികൾ

ക്രൂരേഷ്ടമേ വിധവതാ നിധനേശ്വരോംശേ
യസ്യ സ്ഥിതോ വയസി തസ്യ സമേ പ്രദിഷ്ടാ
സൽസ്വാർത്ഥഗേഷു മരണം സ്വയമേവ തസ്യാഃ
കന്യാളിഗോഹരിഷു ചാല്പസുതത്വമിന്ദൌ.

സാരം :-

സ്ത്രീജാതകത്തിൽ ലഗ്നചന്ദ്രന്മാരിൽ ബലം അധികമുള്ളതിന്റെ എട്ടാം ഭാവത്തിൽ ഒരു പാപഗ്രഹം നിന്നാൽ എട്ടാം ഭാവാധിപന്റെ നവാംശകാധിപന്റെ നൈസർഗ്ഗികകാലത്ത് * അഥവാ എട്ടാം ഭാവാധിപന്റെ നവാംശകനാഥന്റെ  ദശാപഹാരാദി കാലങ്ങളിൽ ആ സ്ത്രീ വൈധവ്യം അനുഭവിയ്ക്കുന്നതാണ്. ഇവിടെ "ക്രൂരേ" എന്നു പറഞ്ഞിട്ടുള്ളതിനാൽ ലഗ്നദ്രേക്കാണം മുതൽ ഇരുപത്തിരണ്ടാം ദ്രേക്കാണത്തിൽ പാപഗ്രഹം നില്ക്കണമെന്നു ചിലരും, കുജനു "ക്രൂരദൃക്" എന്നു സംജ്ഞയുണ്ടാകയാൽ എട്ടാം ഭാവത്തിൽ ചൊവ്വ നില്ക്കണമെന്നു ചിലരും വാദിയ്ക്കുന്നു. എന്നാൽ ഈ വാദങ്ങൾക്കൊന്നും അസംഗത്യമില്ലെങ്കിലും യഥാശ്രുതവും ശരിയുമായ അർത്ഥമനുസരിയ്ക്കുന്നതായാൽ ഒരു പാപഗ്രഹം എട്ടാം ഭാവത്തിൽ നിന്നാൽ വൈധവ്യലക്ഷണമാകുന്നതാണെന്നും അറിയണം. ഇവിടെ കുറച്ചുകൂടി ചിന്തിയ്ക്കേണ്ടതുണ്ട്. സ്ത്രീജാതകത്തിൽ തന്റേയും ഭർത്താവിന്റേയും ആയുസ്സിനെ ചിന്തിയ്ക്കേണ്ടത് എട്ടാം ഭാവംകൊണ്ടാണെന്നും ഒന്നാമദ്ധ്യായത്തിലെ പതിനഞ്ചാം ശ്ലോകകങ്ങളെക്കൊണ്ട് യഥാക്രമം പറഞ്ഞിട്ടുണ്ടല്ലോ. ഈ സ്ഥിതിയ്ക്കു എട്ടാം ഭാവത്തിൽ നിൽക്കുന്ന പാപഗ്രഹം വൈധവ്യകാരൻ മാത്രമല്ല, അതു തന്റെ മരണകാരകൻ കൂടിയാണെന്നും വരുന്നുണ്ട്. അപ്പോൾ ഭർത്താവിന്റെ ജാതകവശാൽ ദീർഘായുസ്സനുഭവിയ്ക്കാൻ പൂർണ്ണലക്ഷണമുണ്ടാവുകയും, ഭാര്യുടെ ജാതകത്തിൽ എട്ടാം ഭാവത്തിൽ എട്ടാം ഭാവാധിപനല്ലാത്ത ഒരു പാപഗ്രഹം (എട്ടാം ഭാവാധിപനായ പാപഗ്രഹം എട്ടാം ഭാവത്തിൽ നിന്നാൽ വൈധവ്യത്തെ ചെയ്യുക ഇല്ലെന്നു മാത്രമല്ല, അതു തന്റേയും ഭർത്താവിന്റേയും ആയുസ്സിനു വലിയ ഗുണവാനും കൂടിയാണെന്നു പ്രത്യേകിച്ചു പറയേണ്ടതുമില്ലല്ലോ) നില്ക്കുകയും ചെയ്‌താൽ അവിടെ ഭാര്യാമരണമാണ് സംഭവിയ്ക്കുക എന്നും അറിയണം. വിവാഹവിഷയത്തിൽ സ്ത്രീപുരുഷജാതകങ്ങളിലെ യോഗ്യതകളെ ചിന്തിയ്ക്കുമ്പോൾ ആ രണ്ട് ജാതകങ്ങളിലേയും കേടുകൾക്ക് സാമ്യമുണ്ടാവേണ്ടതിനും പുറമേ അതുകളിലെ ആയുർബ്ബലം കുറഞ്ഞതിനു ആദ്യം നാശം സംഭവിയ്ക്കുന്നതുമാണെന്നും അറിയേണ്ടതുണ്ട്.

ഇനി മേൽപ്പറഞ്ഞ വൈധവ്യയോഗത്തിന്റെ ഒരു പ്രതിബന്ധലക്ഷണമാണ് പറയുന്നത്. സ്ത്രീജാതകത്തിൽ എട്ടാം ഭാവത്തിൽ ഒരു പാപഗ്രഹവും രണ്ടാം ഭാവത്തിൽ ഒരു ശുഭഗ്രഹവും നിന്നാൽ ഭർത്താവ് മരിയ്ക്കുന്നതിനു മുമ്പ് ഭാര്യ മരിയ്ക്കുന്നതാണ്.

സ്ത്രീജാതകത്തിൽ ഇടവം രാശിയിലോ ചിങ്ങം രാശിയിലോ കന്നി രാശിയിലോ വൃശ്ചികം രാശിയിലോ ചന്ദ്രൻ നിന്നാൽ അവൾക്കു പുരുഷസന്താനം തന്നെകുറച്ചുമാത്രമേ ഉണ്ടാവുകയുള്ളൂ. ഇവിടെ " ച " ശബ്ദംകൊണ്ടു ലഗ്നത്തേയും ഗ്രഹിയ്ക്കേണ്ടതാണ്. ഇടവം, ചിങ്ങം കന്നി വൃശ്ചികം ഇവയിൽ ഒരു രാശി ലഗ്നമായാലും അല്പപുത്രത്വം അനുഭവിയ്ക്കുമെന്നും പറയണം.

സ്ത്രീജാതകത്തിൽ പ്രസവം അഞ്ചാം ഭാവംകൊണ്ടും സന്തത്യനുഭവം ഒമ്പതാംഭാവംകൊണ്ടുമാണ് വിചാരിയ്ക്കേണ്ടതെന്നും മറ്റുമുള്ള വിശേഷവിധികളെ ഗ്രന്ഥാന്തരങ്ങളിൽ നിന്നു മനസ്സിലാക്കുകയും വേണം. "സഞ്ചിന്ത്യഃ പ്രസവസ്തു പഞ്ചമഗൃഹാത്ഭാഗ്യേ തനൂജശ്രിയം" എന്ന പ്രമാണവുമുണ്ട്.

-------------------------------------------------------------

* ഗ്രഹങ്ങളുടെ നൈസർഗ്ഗികകാലത്തെ എട്ടാം അദ്ധ്യായത്തിലെ ഒമ്പതാം ശ്ലോകത്തിന്റെ പൂർവ്വാർദ്ധംകൊണ്ടും പറഞ്ഞിട്ടുണ്ട്. 

സ്ത്രീജാതകത്തിലെ ലഗ്നഭാവംകൊണ്ടു ചിന്തിയ്ക്കേണ്ടതായ വിശേഷങ്ങളേയാണ് പറയുന്നത്

ഈർഷ്യാന്വിതാ സുഖപരാ ശശിശുക്രലഗ്നേ
ജ്ഞേന്ദ്വോഃ കലാസു നിപുണാ സുഖിതാ ഗുണാഢ്യാ
ശുക്രജ്ഞയോസ്തു രുചിരാ സുഭഗാ കലാജ്ഞാ
ത്രിഷ്വപ്യനേകവസുസൌഖ്യഗുണാ ശുഭേഷു.

സാരം :-

ചന്ദ്രശുക്രന്മാർ ഒരുമിച്ചു ലഗ്നഭാവത്തിൽ നിന്നാൽ അവൾ ക്ഷമ ഇല്ലാത്തവളും സുഖാനുഭവത്തിങ്കൽ താല്പര്യയുക്തയുമായിരിയ്ക്കും.

ചന്ദ്രബുധന്മാരാണ് ലഗ്നത്തിൽ നിൽക്കുന്നതെങ്കിൽ അവൾ സകല കലാവിദ്യകളിലും അതിസാമർത്ഥ്യമുള്ളവളും സകല സുഖത്തേയും നല്ലപോലെ അനുഭവിയ്ക്കുന്നവളും സൌന്ദര്യസൌശീല്യാദി സകല ഗുണസമ്പന്നയുമായിരിയ്ക്കും.

ബുധശുക്രന്മാരാണ് ലഗ്നത്തിൽ നിൽക്കുന്നതെങ്കിൽ സകലജനങ്ങൾക്കും വിശേഷിച്ചു ഭർത്താവിനും അതിപ്രിയയും തികഞ്ഞ സൌന്ദര്യത്തോടുകൂടിയവളും കലാവിദ്യകളിൽ സമർത്ഥയുമായിരിയ്ക്കും.

ചന്ദ്രൻ ബുധൻ ശുക്രൻ എന്നീ മൂന്നു ഗ്രഹങ്ങളും ഒരുമിച്ചു ലഗ്നത്തിൽ നിന്നാൽ ആ സ്ത്രീ പലതരത്തിലുള്ള അനവധി ധനത്തോടും പലവിധസുഖങ്ങളോടും അനേകം ഗുണങ്ങളോടും കൂടിയവളുമായിരിയ്ക്കുകയും ചെയ്യും. 

കർക്കടകം രാശിയിൽ നിൽക്കുന്ന ശുക്രന്റെ ദശാകാലം

കർക്കിസ്ഥശുക്രദായേ തു സുഖംനൂതനമന്ദിരം
വിദ്യാജയം മാതൃസൗഖ്യമുദ്വാഹം വാ ശുഭം ക്വചിൽ.

സാരം :-

കർക്കടകം രാശിയിൽ നിൽക്കുന്ന ശുക്രന്റെ ദശാകാലം സുഖവും നൂതനഗൃഹവും വിദ്യയും വിജയവും വിവാഹവും മാതാവിനു സുഖവും ഇടയ്ക്കിടെ ചില അനിഷ്ടഫലങ്ങളും ഉണ്ടാകും.

മിഥുനം രാശിയിൽ നിൽക്കുന്ന ശുക്രന്റെ ദശാകാലം

യുഗ്മസ്ഥശുക്രദായേ തു ഭ്രാതൃബന്ധുവധൂസുഖം
വിദ്യാവിത്തവിനോദാത്മവിജ്ഞാനം വിനിർദ്ദിശേൽ.

സാരം :-

മിഥുനം രാശിയിൽ നിൽക്കുന്ന ശുക്രന്റെ ദശാകാലം സഹോദരന്മാർക്കും ബന്ധുക്കൾക്കും ഭാര്യയ്ക്കും സുഖവും വിദ്യാഗുണവും ധനലാഭവും വിനോദശീലവും ആത്മബോധവും ശില്പകലകളിൽ ജ്ഞാനവും മറ്റു ശുഭങ്ങളനുഭവിക്കും.

ഇടവം രാശിയിൽ നിൽക്കുന്ന ശുക്രന്റെ ദശാകാലം

വൃഷസ്ഥ ശുക്രദായേƒർത്ഥവൃഷസ്ത്രീകീർത്തി സൗഖ്യവാൻ
വിദ്യാവിവാദേ വിജയം രാജപൂജാം ച വിന്ദതി.

സാരം :-

ഇടവം രാശിയിൽ നിൽക്കുന്ന ശുക്രന്റെ ദശാകാലം ധനവും പശുവൃഷഭാദികളും ഭാര്യയും കീർത്തികളും ഉണ്ടാകും. ഏറ്റവും സുഖം അനുഭവിക്കും. വിദ്യാവിഷയമായ വാദപ്രതിവാദത്തിൽ ജയവും രാജാക്കന്മാരിൽനിന്നും സംഭാവനകളും ലഭിക്കും.

പുരുഷന്റെ കൈനഖങ്ങൾ

അധികം പരക്കാത്തതും വീർക്കാത്തതും ഇളംചുവപ്പു നിറത്തിൽ മിനുസമുള്ളതുമായ നഖങ്ങൾ ശുഭകരമാകുന്നു.

വീർത്തതും ചുവന്നതുമായ നഖങ്ങളുള്ളവൻ അധികാരമുള്ള ഉദ്യോഗസ്ഥനാകുന്നു.

പരന്നതും ചുവന്നതുമായ നഖങ്ങൾ ധനപ്രമത്തതയുടേയും അധികാരക്കൊതിയുടേയും അടയാളമാകുന്നു.

വട്ടനഖമുള്ള പുരുഷൻ ജന്മനാ വ്യഭിചാരകനായിരിക്കും. അതായത് വ്യഭിചാരസന്താനമാണെന്നു ചുരുക്കം.

കറുപ്പുനിറത്തോടുകൂടി വട്ടനഖമുള്ള പുരുഷൻ കാമചാരിയും ധനദുർവിനിയോഗം ചെയ്യുന്നവനുമാകുന്നു.

അഗ്രം വീതികൂടിയും ചുവട് വീതികുറഞ്ഞതുമായ നഖമുള്ളവൻ ദുഷ്ടനും അവിവേകിയുമാകുന്നു.

മുക്കോണാകൃതിയിൽ നഖങ്ങളുള്ളവൻ അഹങ്കാരിയായിരിക്കും.

ഇരുണ്ട രേഖകളാലങ്കിതമായ നഖങ്ങളുള്ളവൻ ക്ഷയരോഗിയും ചിന്താകുലനുമാകുന്നു.

നഖങ്ങൾ വലതുവശത്തേക്കു ചരിഞ്ഞതാണെങ്കിൽ അവൻ കോപിഷ്ഠനായിരിക്കും.

നഖങ്ങൾ ഇടതുവശത്തേയ്ക്കു ചരിഞ്ഞതാണെങ്കിൽ ദരിദ്രനുമായിരിക്കും.

മാംസത്തിലേക്കു രണ്ടുഭാഗവും വളഞ്ഞു കയറി മദ്ധ്യം ഉയർന്നിരിക്കുന്ന നഖങ്ങൾ അഹങ്കാരിയായ പുരുഷനുണ്ടായിരിക്കും. 

സ്ത്രീയുടെ കൈനഖങ്ങൾ

ചുവന്നതും മൃദുവുമായ നഖങ്ങളുള്ളവൾ ധനികയും വിദ്യാസമ്പന്നയുമാകുന്നു.

പരന്നതും ചുവന്നതുമായ നഖമുള്ളവൾ വ്യഭിചാരിണിയായിരിക്കും.

ഏറ്റവും ചെറിയ ചുവന്ന നഖമുള്ളവൾ ഭർത്തൃമതിയും സുശീലയുമാണ്‌.

രണ്ടുവശവും മാംസത്തിലേയ്ക്കു താഴ്ന്നതും ചുവന്നതുമായ നഖമുള്ളവൾ കഠിനഹൃദയവും ധനികയും ധർമ്മം ചെയ്യാത്തവളുമാകുന്നു.

പരന്നതും, ചുവന്നതും പരുപരുത്തതുമായ നഖമുള്ളവൾ ഭർത്തൃമതിയെങ്കിലും വ്യഭിചാരദോഷമനുഭവിക്കും.

തേൻ നിറമുള്ള നഖങ്ങളാണെങ്കിലവൾ സർക്കാർ ഉദ്യോഗസ്ഥയാകുന്നു.

മുകളിൽ വീതികൂടി താഴെ വീതികുറഞ്ഞ നഖമുള്ളവൾ ഭർത്തൃമതിയും സ്നേഹസമ്പന്നയുമായിരിക്കും.

മുക്കോണാകൃതിയിൽ നഖമുള്ളവൾ ദുഷ്ടയും ദരിദ്രയുമാകുന്നു.

കറുത്തതും പരന്നതുമായ നഖം നിത്യദാരിദ്ര്യലക്ഷണമാണത്രെ. 

ഭർത്താവ് അതികാമിയും ദേഹത്തിനും വാക്കിനും മനസ്സിനും മാർദ്ദവമുള്ളവനുമായിരിയ്ക്കും / സൌന്ദര്യം / അതികഠിനമായ ദേഹത്തോടും ക്രൂരസ്വഭാവത്തോടും കൂടിയവനും അനവധി പണി എടുക്കുന്നവനുമായിരിയ്ക്കുന്നതാണ്

മദനവശഗതേ മൃദുശ്ച ചാന്ദ്രേ
ത്രിദശഗുരോർഗ്ഗുണവാൻ ജിതേന്ദ്രിയശ്ച
അതിമൃദുരതികർമ്മകൃച്ച സൌരേ
ഭവതി ഗൃഹേസ്തമയസ്ഥിതേംശകേ വാ.

സാരം :-

ഏഴാംഭാവം ചന്ദ്രക്ഷേത്രമാവുകയോ ഏഴാം ഭാവത്തിൽ ചന്ദ്രനവാംശകം വരികയോ ചെയ്‌താൽ ഭർത്താവ് അതികാമിയും ദേഹത്തിനും വാക്കിനും മനസ്സിനും മാർദ്ദവമുള്ളവനുമായിരിയ്ക്കും.

ഏഴാംഭാവം വ്യാഴക്ഷേത്രമാവുകയോ ഏഴാം ഭാവത്തിൽ വ്യാഴത്തിന്റെ നവാംശകം വരികയോ ചെയ്‌താൽ ഭർത്താവ് സൌന്ദര്യം സൌശീല്യം വിദ്യ അറിവ് സത്യം ദയ ഇത്യാദി ഗുണങ്ങളുള്ളവനും, ജിതേന്ദ്രിയനുമായിരിയ്ക്കും.

ഏഴാംഭാവം സൂര്യക്ഷേത്രമാവുകയോ ഏഴാം ഭാവത്തിൽ സൂര്യന്റെ നവാംശകം ഉണ്ടാവുകയോ ചെയ്‌താൽ അവളുടെ ഭർത്താവ് അതികഠിനമായ ദേഹത്തോടും ക്രൂരസ്വഭാവത്തോടും കൂടിയവനും അനവധി പണി എടുക്കുന്നവനുമായിരിയ്ക്കുന്നതാണ്.

ഏഴാം ഭാവത്തിൽ ബലമുള്ള ഗ്രഹങ്ങളൊന്നും ഇല്ലെങ്കിൽ മേൽപ്പറഞ്ഞ ഫലങ്ങളെ ചിന്തിയ്ക്കേണ്ടതുള്ളൂ. ഗ്രഹങ്ങളുണ്ടെങ്കിൽ അവരെക്കൊണ്ടാണ് ഫലം പറയേണ്ടത്. ഏഴാം ഭാവത്തിൽ ബലവാന്മാരായ ഗ്രഹങ്ങളൊന്നും ഇല്ലാതെ വരിക, ഏഴാംഭാവത്തിനു ബലവും ഏഴാം ഭാവത്തിൽ ഏതെങ്കിലും ഗ്രഹങ്ങളുടെ അംശകവുമുണ്ടാവുക, ഇങ്ങനെ വന്നാൽ ആ ഏഴാംഭാവരാശിയ്ക്കും അവിടെയുള്ള നവാംശകത്തിനു (ഇവരണ്ടിനും) പറഞ്ഞ ഫലങ്ങളൊക്കയും പറയേണ്ടതുമാണ്. 

ഭർത്താവ് ഒരറിവുമില്ലാത്തവനും വൃദ്ധനുമായിരിയ്ക്കും / ബഹുസ്ത്രീസക്തനും ദേഷ്യക്കാരനുമായിരിയ്ക്കും / അതിസൗന്ദര്യശാലിയും സകല ജനപ്രിയനുമായിരിയ്ക്കുന്നതാണ് / വിദ്വാനും കൌശലപ്പണികളിൽ അറിവും സാമർത്ഥ്യമുള്ളവനും ആയിരിയ്ക്കും

വൃദ്ധോ മൂർഖഃ സൂര്യജർക്ഷേംശകേ വാ
സ്ത്രീലോലഃ സ്യാൽ ക്രോധനശ്ചാവനേയേ
ശൌക്രേ കാന്തോതീവ സൌഭാഗ്യയുക്തോ
വിദ്വാൻ ഭർത്താ നൈപുണജ്ഞശ്ച ബൌധേ.

സാരം :-

ഏഴാംഭാവം ശനിക്ഷേത്രമാവുകയോ ഏഴാംഭാവത്തിൽ ശനിയുടെ നവാംശകം വരികയോ ചെയ്‌താൽ അവളുടെ ഭർത്താവ് ഒരറിവുമില്ലാത്തവനും വൃദ്ധനുമായിരിയ്ക്കും.

ഏഴാംഭാവം കുജക്ഷേത്രമാവുകയോ ഏഴാംഭാവത്തിൽ ചൊവ്വയുടെ നവാംശകമുണ്ടാവുകയോ ചെയ്‌താൽ ഭർത്താവ് ബഹുസ്ത്രീസക്തനും ദേഷ്യക്കാരനുമായിരിയ്ക്കും.

ഏഴാംഭാവം ശുക്രക്ഷേത്രമാവുകയോ ഏഴാം ഭാവത്തിൽ ശുക്രന്റെ നവാംശകം ഉണ്ടാവുകയോ ചെയ്‌താൽ ഭർത്താവ് അതിസൗന്ദര്യശാലിയും സകല ജനപ്രിയനുമായിരിയ്ക്കുന്നതാണ്.

ഏഴാംഭാവം ബുധക്ഷേത്രമാവുകയോ ഏഴാം ഭാവത്തിൽ ബുധന്റെ നവാംശകം വരികയോ ചെയ്‌താൽ ഭർത്താവ് വിദ്വാനും കൌശലപ്പണികളിൽ അറിവും സാമർത്ഥ്യമുള്ളവനും ആയിരിയ്ക്കും. 

മേടം രാശിയിൽ നിൽക്കുന്ന ശുക്രന്റെ ദശാകാലം

മേഷസ്ഥശുക്രദായേ തു ധനഭാഗ്യാന്വിതഃ പൂമാൻ
ഗ്രാമദേശപുരാധീശോ ബഹുസ്ത്രീസുഖഭാഗ്ഭവേൽ.

സാരം :-

മേടം രാശിയിൽ നിൽക്കുന്ന ശുക്രന്റെ ദശാകാലം ധനവും ഭാഗ്യവും ഗ്രാമദേശനഗരങ്ങളുടെ നേതൃത്വവും ബഹുസ്ത്രീസംഭോഗസുഖവും സംഭവിക്കും.

മൗഢ്യമുള്ള ശുക്രന്റെ ദശാകലാം

ദായേ ശുക്രസ്യ മൂഢസ്യ സ്ത്രീനാശം ഗൃഹജീർണ്ണതാം
സഹജാനാം ക്ഷയിം ദുഃഖം വിവാദം നിസ്സ്വതാം വ്രജേൽ.

സാരം :-

മൗഢ്യമുള്ള ശുക്രന്റെ ദശാകലാം വാസഗൃഹത്തിനു ജീർണ്ണതയും ഭാര്യയ്ക്കും സഹോദരന്മാർക്കും നാശവും വ്യവഹാരവും കലഹവും ദുഃഖവും ധനനാശവും ദാരിദ്ര്യവും സംഭവിക്കും.

വക്രഗതിയുള്ള ശുക്രന്റെ ദശാകാലം

ശുക്രസ്യ വക്രിണോ ദായേ ശുഭവസ്ത്രവിഭൂഷണം
ഉദ്വാഹം രാജസമ്മാനം വാഹനാരോഹണം സുഖം.

സാരം :-

വക്രഗതിയുള്ള ശുക്രന്റെ ദശാകാലം വെണ്‍പട്ടുകളും വിശേഷാലങ്കാരങ്ങളും വിവാഹവും രാജസമ്മാനവും പല്ലക്ക് മുതലായ വാഹനങ്ങളുടെ ലബ്ധിയും സുഖവും ഉണ്ടാകും.

പുരുഷന്റെ കൈപ്പത്തികളും വിരലുകളും

നീണ്ടു വടിവായതും മാംസളവുമായ കൈപ്പത്തികളോടുകൂടിയവൻ ഭാഗ്യവാനും ധനികനുമായിരിക്കും.

വിരലുകൾ നീണ്ടുനിവർന്നതും താമരപ്പൂവിന്റെ നിറവുമുള്ള കൈപ്പത്തിയോടുകൂടിയ പുരുഷൻ ധർമ്മനിരതനും സുഖിമാനുമാകുന്നു.

കയ്യിൽ ആറുവിരലുകളുള്ളവൻ ഭാഗ്യവാനും എന്നാൽ കാമചാരിയുമായിരിക്കും.

ആറാമത്തെ വിരൽ തള്ളവിരലിനോടു ചേർന്നുനിന്നാലവൻ സഖിമാനുമാകുന്നു. 

ആറാമത്തെ വിരൽ ചെറുവിരലിൽ ചേർന്നുനിന്നാൽ ദാരിദ്രമനുഭവിക്കും.

ഉരുണ്ട വിരലുകളും ചതുരാകൃതിയിലുള്ള കൈപ്പത്തിയുമുള്ളവൻ മോഷ്ടാവാകുന്നു.

കനംകുറഞ്ഞതും പരന്ന വിരലുകളോടുകൂടിയതുമായ കൈപ്പത്തികൾ ഉള്ളയാൾ കലാകാരനാണ്.

തേനിന്റെ നിറമാണ് കൈപ്പത്തിക്കെങ്കിൽ അവൻ ധനികനും എന്നാൽ കൂലികൊടുക്കുവാൻ വിമുഖനുമായിരിക്കും.

ചതുരാകൃതിയിൽ കൈപ്പത്തികളുള്ളവൻ നിന്ദ്യനും ദരിദ്രനുമാകുന്നു.

മുക്കോണാകൃതിയാണ് കൈത്തലത്തിനുള്ളതെങ്കിലവൻ തസ്ക്കരപ്രമാണിയായിരിക്കും.

വാനരത്തിന്റെ കൈപോലെ ഒതുങ്ങിയതും ശുഷ്ക്കിച്ചതുമായ കൈപ്പത്തിയും വിരലുകളുമുള്ളവൻ നിത്യദരിദ്രനാകുന്നു.

അഗ്രം കൂർത്ത വിരലുകളുള്ളവൻ കലാകാരനും കവിയുമാകുന്നു. 

അഗ്രം ചതുരാകൃതിയിലുള്ള വിരലുകളോടുകൂടിയവൻ ഗർവ്വിഷ്ഠനാകുന്നു.

ചൂണ്ടുവിരലും നടുവിരലും ഒരേ നീളമായിരുന്നാലവൻ സുഖിമാനും വാചാലനുമായിരിക്കും.

തള്ളവിരൽ പുറകോട്ടു വളഞ്ഞിരിക്കുന്നത് ദാരിദ്രലക്ഷണമത്രെ.

ചൂണ്ടുവിരലിന്റേയും മോതിരവിരലിന്റേയും നീളം ഒന്നായിരിക്കുന്നതാണ് ശരിയായ ലക്ഷണം. ഇതിന് വിപരീതമായി ഏതെങ്കിലും വിരൽ നീളം കുറഞ്ഞിരുന്നാൽ അശുഭവും ദാദ്രിദ്രലക്ഷണവുമാകുന്നു.

ചെറുവിരൽ ചെറുതായിരിക്കുന്നത് കള്ളം പറയുന്നവന്റെ ലക്ഷണമാകുന്നു.

തള്ളവിരലൊഴിച്ച് ബാക്കി നാലുവിരലുകളും ഒരേ നീളമായിരുന്നാലത് ദുഷ്ടന്മാരുടേയും കുബുദ്ധികളുടേയും ലക്ഷണമായിരിക്കും.

വിരലുകൾ ചേർത്തുവച്ചാൽ ചുവട്ടിൽ ഇടയുണ്ടെങ്കിലയാൾ സഹൃദയനും വലിയ ചിലവുകാരനുമാകുന്നു.

വിരലുകളുടെ മടക്ക് അധികം തടിച്ചിരിക്കുന്നതു ദാരിദ്ര്യലക്ഷണമാണ്. 

സ്ത്രീയുടെ കൈപ്പത്തികളും വിരലും

നീണ്ടു നിവർന്ന വിരലുകളും താമരപ്പൂവിന്റെ നിറവുമുള്ള കൈപ്പത്തിയോടുകൂടിയവൾ ഉത്തമിയും സുഭഗയും സുശീലയും ധനികയുമാകുന്നു.

കയ്യിൽ ആറുവിരലുള്ള സ്ത്രീ ഭാഗ്യവതിയാണെങ്കിലും വ്യഭിചാരദോഷം നിമിത്തം വ്യാകുലചിത്തയായിത്തീരും.

ആറാമത്തെ വിരൽ തള്ളവിരലിനോടു ചേർന്നതാണെങ്കിൽ അവൾ ദരിദ്രയും സന്താനഭാഗ്യമുള്ളവളുമാകുന്നു.

ആറാമത്തെ വിരൽ ചെറുവിരലിനോടു ചേർന്നതാണെങ്കിൽ അവൾ ഭർത്തൃമതിയും ധനികയുമായിരിക്കും.

നടുക്കു കുഴിയാതെ മാംസളമായ കൈപ്പത്തികളുള്ളവൾ വ്യഭിചാരിണിയാകുന്നു.

തേനിന്റെ നിറമുള്ള കൈപ്പത്തിയോടു കൂടിയവൾ അധികാരമുള്ള ഉദ്യോഗത്തിലിരിക്കുമെങ്കിലും സന്താനദുഃഖമനുഭവിക്കും.

നീളംകുറഞ്ഞ തള്ളവിരലുള്ളവൾ ദരിദ്രയും അഹങ്കാരിണിയുമാകുന്നു.

ശരിയായ തള്ളവിരലും നീളം കുറഞ്ഞ മറ്റുവിരലുകളുമുള്ളവൾ വ്യഭിചാരിണിയും ധനികയുമാകുന്നു.

തിങ്ങി മാംസളമായ വിരലുകളോടു കൂടിയ കൈപ്പത്തികളുള്ളവൾ ധനം വാരിക്കൂട്ടുമെങ്കിലും ദരിദ്രയായി ജീവിതമവസാനിപ്പിക്കും.

അടിവശം അകന്ന വിരലുകളാലങ്കിതമായ കൈപ്പത്തികളുള്ളവൾ ധനികയല്ലെങ്കിലും സുഖമായി ജീവിക്കുന്നവളും ദാനധർമ്മങ്ങൾ ചെയ്യുന്നവളുമാകുന്നു.

മുക്കോണാകൃതിയിൽ കൈപ്പത്തിയുള്ള സ്ത്രീ അഹങ്കാരിണിയും ആരേയും വകവയ്ക്കാത്തവളുമാകുന്നു.

ചതുരക്കൈയുള്ളവൾ ധനികയും വ്യഭിചാരിണിയുമാകുന്നു.

തുമ്പുകൂർത്ത വിരലുകളോടുകൂടിയ കൈപ്പത്തിയുള്ള സ്ത്രീ കലാകോവിദയും സുഖമനുഭവിക്കുന്നവളുമായിരിക്കും.

തള്ളവിരലൊഴികെ ബാക്കി നാലു വിരലുകളും ഒരേ നീളത്തിൽ നില്ക്കുന്ന കൈപ്പത്തിയുള്ളവൾ നിത്യദരിദ്രയും അനവധി സന്താനങ്ങളുടെ മാതാവുമായിരിക്കും.

ചൂണ്ടുവിരലും നടുവിരലും മാത്രം ഒരേ നീളമായിരുന്നാൽ അവൾ രാഷ്ട്രീയപ്രവർത്തകയാകുന്നു. 

അവളും അവളുടെ മാതാവും വ്യഭിചാരിണികളായിത്തീരുന്നതാണ് / അവൾ യോനിരോഗത്തോടു കൂടിയവളാവും

സൌരാരർക്ഷേ ലഗ്നഗേ സേന്ദുശുക്രേ
മാത്രം സാർദ്ധം ബന്ധകീ പാപദൃഷ്‌ടേ
കൌജേംശേƒസ്തേ സൌരിണാ വ്യാധിയോനി-
ശ്ചാരുശ്രോണീവല്ലഭാ സദ്‌ഗ്രഹാംശേ.

സാരം :-

മേടം വൃശ്ചികം മകരം കുംഭം എന്നീ നാലു രാശികളിൽ ഒന്നു ലഗ്നമാവുക, ലഗ്നത്തിൽ പാപഗ്രഹങ്ങളുടെ ദൃഷ്ടിയോടുകൂടി ശുക്രനും ചന്ദ്രനും നില്ക്കുകയും ചെയ്ക; സ്ത്രീജാതകത്തിൽ ഈ ലക്ഷണമുണ്ടായാൽ അവളും അവളുടെ മാതാവും വ്യഭിചാരിണികളായിത്തീരുന്നതാണ്.

ലഗ്നാൽ ഏഴാം ഭാവത്തിന്റെ നവാംശകാധിപൻ കുജനാവുകയും ഈ നവാംശകത്തിന് ശനിദൃഷ്ടി ഉണ്ടാവുകയും ചെയ്ക; ഈ യോഗലക്ഷണമാണ് സ്ത്രീജാതകത്തിലുള്ളതെങ്കിൽ അവൾ യോനിരോഗത്തോടു കൂടിയവളാവും; നേരെ മറിച്ച് ഏഴാം ഭാവത്തിന്റെ നവാംശകാധിപൻ ശുഭനാവുക ഈ നവാംശകത്തിനു ശുഭഗ്രഹങ്ങളുടെ ദൃഷ്ടിയോഗാദികളുണ്ടാവുകയും ചെയ്‌താൽ, അവൾ രോഗാദികളൊന്നും ഇല്ലാത്ത മനോഹരയോനിയോടുകൂടിയവളും ഭർത്തൃപ്രീതികാരിണിയുമായിത്തീരുകയും ചെയ്യും.

വൈധവ്യം, ഭർത്താവിനാൽ ഉപേക്ഷിയ്ക്കപ്പെടുക, പരപുരുഷഗാമിത്വം എന്നീ ഫലങ്ങളെ പറയുന്നു

അഗ്നേയൈർവ്വിധവാസ്തരാശിസഹിതൈർ-
മ്മിശ്രൈഃ പുനർഭൂർഭവേൽ
ക്രൂരേ ഹീനബലേസ്തഗേ സ്വപതിനാ
സൌമ്യേക്ഷിതേ പ്രോജ്ഝിതാ
അന്യോന്യാംശഗയോസ്സിതാവനിജയോ-
രന്യപ്രസക്താംഗനാ
ദ്യൂനേ വാ യദി ശീതരശ്മിസഹിതേ
ഭർത്തുസ്തദാനുജ്ഞയാ.

സാരം :-

ആഗ്നേയഗ്രഹങ്ങളായ സൂര്യൻ ചൊവ്വ കേതു എന്നീ മൂന്നു ഗ്രഹങ്ങളും ഏഴാം ഭാവത്തിൽ നിന്നാൽ വൈധവ്യമനുഭവിയ്ക്കും. ഇവിടെ ആഗ്നേയശബ്ദത്തിനു പാപൻ എന്നും ചിലർ വ്യാഖ്യാനിച്ചു കാണ്മാനുണ്ട്.

മേൽപറഞ്ഞ ആഗ്നേയന്മാരും ശുഭഗ്രഹങ്ങളും ഒരുമിച്ചു ഏഴാം ഭാവത്തിൽ നിന്നാൽ അവൾ ആദ്യഭർത്താവിനെ ഉപേക്ഷിച്ചു മറ്റൊരുവനെ ഭർത്തൃത്വേന സ്വീകരിയ്ക്കുന്നതാണ്.

ബലഹീനനും ശുഭഗ്രഹദൃഷ്ടിയോടുകൂടിയവനുമായ ഒരു പാപഗ്രഹം ഏഴാം ഭാവത്തിൽ നിന്നാൽ അവളുടെ ഭർത്താവ് മരിയ്ക്കുകയില്ല; ഭർത്താവ് അവളെ ഉപേക്ഷിയ്ക്കുകയാണ് ചെയ്യുക.

നില്ക്കുന്നതു ഏതു ഭാവത്തിലായാലും വേണ്ടതില്ല. ജനനസമയത്തു ഇടവക്കാലോ തുലാക്കാലോ അംശകമായി ചൊവ്വയും മേടക്കാലോ വൃശ്ചികക്കാലോ അംശകമായി ശുക്രനും നിന്നാൽ പുരുഷന്മാരിൽ ആസകതിയോടു കൂടിയവളാവും.

ചന്ദ്രൻ ചൊവ്വ ശുക്രൻ എന്നീ മൂന്നു ഗ്രഹങ്ങളുംകൂടി ഏഴാം ഭാവത്തിൽ നിന്നാൽ, അവൾ ഭർത്താവിന്റെ അനുവാദത്തോടുകൂടിത്തന്നെ പരപുരുഷഗാമിനിയാകുന്നതാണ്. 

സദ്യകഴിക്കാനും പഠിക്കണം

നീചത്തിൽനിന്ന് ഉച്ചാംശകം ചെയ്ത ശുക്രന്റെ ദശാകാലം

ഉച്ചാംശയുക്തശ്ശുക്രോപി നീചരാശിസമന്വിതഃ
കൃഷിഗോഭൂമിവാണിജ്യധനധാന്യാഭിവൃദ്ധികൃൽ.

സാരം :-

നീചത്തിൽനിന്ന് ഉച്ചാംശകം ചെയ്ത ശുക്രന്റെ ദശാകാലം കൃഷിയും ഭൂമിയും ധനധാന്യങ്ങളും പശുക്കളും കച്ചവടവും മറ്റു ഇഷ്ടഫലാനുഭവം ഉണ്ടാവുകയും ചെയ്യും.

ഉച്ചത്തിൽ നിന്ന് നീചാംശകം ചെയ്ത ശുക്രന്റെ ദശാകാലം

ഉച്ചക്ഷേത്രോƒപി നീചാംശയുക്തശ്ശുക്രോƒതികഷ്ടദഃ
കരോതി രാജ്യനാശം ച സ്ഥാനനാശം സുഹൃൻമൃതിം.

സാരം :-

ഉച്ചത്തിൽ നിന്ന് നീചാംശകം ചെയ്ത ശുക്രന്റെ ദശാകാലം ഏറ്റവും കഷ്ടഫലമാകുന്നു അക്കാലം രാജ്യനാശം സ്ഥാനനാശം ബന്ധുമരണം ഇവയെല്ലാം സംഭവിക്കും.

ശുഭഗ്രഹദൃഷ്ടനായ ശുക്രന്റെ ദശാകാലം

ശുഭേക്ഷിതസ്യാസുരപൂജിതസ്യ
ദശാഗമേ ധാന്യധനാബരാണി
ജനാധിപത്യം സുഭഗത്വസൗഖ്യം
കളത്രമിത്രാത്മജയോഗമേതി.

സാരം :-

ശുഭഗ്രഹദൃഷ്ടനായ ശുക്രന്റെ ദശാകാലം ധനധാന്യങ്ങളും വസ്ത്രങ്ങളും ജനങ്ങളുടെ ആധിപത്യവും സുഭഗതയും സുഖവും ഭാര്യാപുത്രാദിബന്ധുക്കളോടുള്ള ചേർച്ചയും ഫലമാകുന്നു.

പുരുഷന്റെ കൈത്തണ്ടകൾ

മുട്ടുമുതൽ ക്രമമായി കൈപ്പത്തിവരെ വണ്ണം കുറഞ്ഞും ഉരുണ്ടും കട്ടിയുള്ള മാംസത്തോടുകൂടിയുമിരിക്കുന്ന കൈത്തണ്ടകളുള്ള പുരുഷൻ ബലവാനും സുഖിമാനുമാകുന്നു.

ഇത്തരം കൈത്തണ്ടകളിൽ ഞരമ്പുകളെഴുന്നു നിന്നാൽ അവൻ തന്റേടിയും അദ്ധ്വാനശീലനുമായിരിക്കും.

പരന്ന കൈത്തണ്ടകളുള്ളവൻ വ്യഭിചാരകനും ധനികനുമായിരിക്കും.

കൈത്തണ്ടകളിൽ ചുരുണ്ട രോമാവലിയോടുകൂടിയവൻ കോപിഷ്ഠനും ധനികനുമാകുന്നു.

മേലോട്ടു തിരിഞ്ഞിരിക്കുന്ന രോമാവലിയോടുകൂടിയ കൈത്തണ്ടകളുള്ളവൻ കപടബുദ്ധിമാനും മടിയനുമാകുന്നു.

കൈത്തണ്ടകളിൽ ചെമ്പിച്ച രോമങ്ങളാണുള്ളതെങ്കിലവൻ ദരിദ്രനാകുന്നു. 

സ്ത്രീയുടെ കൈത്തണ്ടകൾ

മുകളിൽ നിന്ന് കീഴോട്ട് വണ്ണം കുറഞ്ഞ് ഉരുണ്ടും ഞരമ്പുകൾ തെളിയാതെയും മാംസളവുമായിരിക്കുന്ന കൈത്തണ്ടകൾ ഉത്തമസ്ത്രീയ്ക്കുണ്ടായിരിക്കും. അവൾ സുഭഗയും ധനികയും സുശീലയുമാകുന്നു.

മുകളിൽനിന്ന് കീഴോട്ട് വണ്ണം കുറഞ്ഞും പരന്നും ഞരമ്പുകൾ തെളിയാതെ മാംസളമായിരിക്കുന്ന കൈത്തണ്ടയുള്ളവൾ അധികാരമുള്ള ഉദ്യോഗസ്ഥയാകുന്നു.

മാംസളമായും ഉരുണ്ടും ഞരമ്പുകൾ തെളിഞ്ഞുമിരിക്കുന്ന കൈത്തണ്ട ജന്മനാ വ്യഭിചാരിണികൾക്കു മാത്രമേ കാണുകയുള്ളൂ.

ഞരമ്പുകൾ തെളിഞ്ഞ പരന്ന കൈത്തണ്ടയുള്ള സ്ത്രീ അഹങ്കാരമില്ലാത്തവളും ദരിദ്രയുമാകുന്നു.

മുകളിൽ മുതൽ താഴെവരെ ഒരേവണ്ണമുള്ള കൈത്തണ്ടകളോടുകൂടിയവൾ വ്യഭിചാരിണിയാകുന്നു. 

ഏഴാം ഭാവംകൊണ്ടു ഭർത്തൃചിന്ത ചെയ്യേണ്ടതിലുള്ള വിശേഷവിധിയേയാണ് പറയുന്നത്

ശൂന്യേ കാപുരുഷോƒബലേസ്തഭവനേ
സൌമ്യഗ്രഹാവീക്ഷിതേ
ക്ലീബോസ്തേ ബുധമന്ദയോശ്ചരഗൃഹേ
നിത്യം പ്രവാസാന്വിതഃ
ഉൽസൃഷ്ടാ തരണൌ കുജേ തു വിധവാ
ബാല്യേസ്തരാശിസ്ഥിതേ
കന്യൈവാശുഭവീക്ഷിതേƒർക്കതനയേ
ദ്യൂനേ ജരാം ഗച്ഛതി.

സാരം :-

ഏഴാം ഭാവത്തിൽ ഒരു ഗ്രഹവുമില്ലാതേയും, ഏഴാം ഭാവത്തിനു ബലവും ശുഭദൃഷ്ടിയുമില്ലാതേയും വന്നാൽ അവളുടെ ഭർത്താവ് ഒരു നിന്ദിതപുരുഷനാകുമെന്നു പറയണം. ഏഴാം ഭാവത്തിൽ ഗ്രഹങ്ങളൊന്നും ഇല്ലെങ്കിലും ഏഴാംഭാവത്തിനു ബലമോ ശുഭഗ്രഹദൃഷ്ടിയോ ഉണ്ടായാൽ ഈ യോഗഫലത്തിനു ശക്തി കുറയുമെന്നും അറിയേണ്ടതാണ്.

ഏഴാം ഭാവത്തിൽ ബുധനോ ശനിയോ നിന്നാൽ അവളുടെ ഭർത്താവ് പുരുഷാകൃതിയുക്തനും പുംസ്ത്വ - ബീജബല - വിഹീനനുമായിരിയ്ക്കുന്നതാണ്.

ഏഴാം ഭാവം ചരരാശിയാണെങ്കിൽ ഭർത്താവ് സദാ വിദേശവാസിയും സഞ്ചാരിയുമാവും. ഏഴാം ഭാവം ഉഭയരാശിയായാൽ ഭർത്താവ് ഒന്നിച്ചും വളരെ അകലെയുമല്ലാതെ വസിയ്ക്കുന്നവനും ഏഴാം ഭാവം സ്ഥിരരാശിയാണെങ്കിൽ ഭർത്താവ് ഒരുമിച്ചുതന്നെ താമസിയ്ക്കുന്നവനുമായിരിയ്ക്കുമെന്നും അറിയണം.

ഏഴാം ഭാവത്തിൽ പാപഗ്രഹദൃഷ്ടിയോടുകൂടിയ സൂര്യൻ നിന്നാൽ ഭർത്താവ് ഉപേക്ഷിയ്ക്കുന്നതാണ്.

ഏഴാം ഭാവത്തിൽ പാപഗ്രഹദൃഷ്ടിയോടുകൂടിയ ചൊവ്വ (കുജൻ) നിന്നാൽ ബാല്യ - വിവാഹം കഴിഞ്ഞ ഉടനെ - കാലത്തുതന്നെ വിധവയായിത്തീരും.

പാപഗ്രഹദൃഷ്ടിയോടുകൂടിയ ശനി ഏഴാം ഭാവത്തിൽ നിന്നാൽ അവൾ കന്യകയായിട്ടുതന്നെ ജരാനരകളേയും വാർദ്ധക്യവും പ്രാപിയ്ക്കുന്നതാകുന്നു.

ഇതിലെ " അശുഭവീക്ഷിതേ " എന്ന പദം " തരണൌ " "കുജേ " എന്നീ രണ്ടു ദിക്കിലേയ്ക്കും അന്വയിയ്ക്കാതേയാണ് അധികം ആളുകളും വ്യാഖ്യാനിച്ചു കാണുന്നത്. അപ്രകാരമായാൽ കുറച്ച് പൂർവ്വാപരവിരോധം നേരിടുമോ എന്നു ശങ്കിയ്ക്കുന്നു. എന്തെന്നാൽ അടുത്ത ശ്ലോകത്തിൽ " ആഗ്നേയൈർവ്വിധവാസ്തരാശി സഹിതൈ " എന്നുള്ളേടത്തു ഏഴാംഭാവത്തിൽ മൂന്നിൽ കുറയാതെ ആഗ്നേയഗ്രഹങ്ങൾ നിന്നാലാണ് വൈധവ്യമനുഭവിയ്ക്കുക എന്നും പ്രകൃതശ്ലോകത്തിൽ ചൊവ്വ (കുജൻ) മാത്രം ഏഴാം ഭാവത്തിൽ നിന്നാൽ വൈധവ്യമനുഭവിയ്ക്കുമെന്നും ആണ് പറഞ്ഞിട്ടുള്ളത്‌. ചൊവ്വ ആഗ്നേയഗ്രഹമാണ്. അപ്പോൾ പ്രകൃതശ്ലോകത്തിൽ കുജൻ - ഒരു ആഗ്നേയൻ - മാത്രം ഏഴാം ഭാവത്തിൽ നിന്നാൽ ഭർത്തൃമരണമെന്നും അടുത്ത ശ്ലോകത്തിൽ മൂന്ന് ആഗ്നേയഗ്രഹങ്ങൾ ഏഴാം ഭാവത്തിൽ നിന്നാൽ ഭർത്തൃമരണമെന്നും ആണല്ലോ വന്നുകൂടിയത്; ഇതാണ് പൂർവ്വാപരവിരോധം എന്നു മുകളിൽ കാണിച്ചതിന്റെ താല്പര്യം. ഈ വിരോധം നിമിത്തമാണ് ഇവിടെ " അശുഭവീക്ഷിതേ " എന്ന പദം " കുജേ " എന്നേടത്തേയ്ക്കും മറ്റും അന്വയിച്ചിട്ടുള്ളതെന്നും അറിയണം. 

പുരുഷവേഷധാരിണി

ദൃക്സംസ്ഥാവസിതസിതൌ പരസ്പരാംശേ
ശൌക്രേ വാ യദി ഘടരാശിസംഭവോംശഃ
സ്ത്രീഭിഃ സ്ത്രീമദനവിഷാനലം പ്രദീപ്തം
സംശാന്തിം നയതി നരാകൃതിസ്ഥിതാഭിഃ

സാരം :-

1). ശുക്രന്റെ നവാംശകം ശനിക്ഷേത്രത്തിലും ശനിയുടെ നവാംശകം ശുക്രക്ഷേത്രത്തിലും വരികയും ശുക്രമന്ദന്മാർ പരപരസപ്തമസ്ഥരാവുകയും ചെയ്ക; 2). ശുക്രമന്ദന്മാർ പരസ്പരസപ്തമസ്ഥരാവുക ഇടവം രാശിയോ തുലാം രാശിയോ ലഗ്നവും ലഗ്നത്തിനു കുംഭക്കാലംശകമാവുകയും ചെയ്ക; സ്ത്രീജാതകത്തിൽ മേൽക്കാണിച്ച യോഗങ്ങളിൽ ഒന്നുണ്ടായാൽ അവൾ പുരുഷവേഷധാരിണികളും ദ്വന്ദ്വധർമ്മത്തിങ്കൽ പുരുഷന്മാരെ അനുകരിയ്ക്കുവാൻ സാമർത്ഥ്യമുള്ളവരുമായ സ്ത്രീകളെക്കൊണ്ട്, വ്യാമോഹം, അസഹ്യമായ അന്തർദ്ദാഹം ഇത്യാദി കർത്തൃത്വം നിമിത്തം വിഷതുല്യവും അഗ്നിസമാനവുമായ കാമവികാരശക്തിയെ ശമിപ്പിയ്ക്കുന്നതുമാകുന്നു.

മേൽപ്പറഞ്ഞ യോഗങ്ങളിൽ ഒന്നുരണ്ടു പക്ഷാന്തരങ്ങളും കൂടിയുണ്ട്. അവ 1). ശനിശുക്രന്മാർ പരസ്പരക്ഷേത്രനവാംശകസ്ഥന്മാരും പരസ്പരസപ്തമസ്ഥന്മാരുമാവുക; 2). ഇടവം തുലാം ഇവയിലൊന്നു ലഗ്നവും ലഗ്നത്തിനു കുംഭക്കാലംശകമാവുക; ഇതാണ് ഒരു അഭിപ്രായം. ഇടവം തുലാം ഇവയിലൊന്നു ലഗ്നവും ലഗ്നത്തിനു കുംഭക്കാലംശകമാവുക; ശുക്രമന്ദന്മാർ പരസ്പരക്ഷേത്രാംശകസ്ഥന്മാരും പരസ്പരസപ്തമസ്ഥന്മാരായിരിയ്ക്കുകയും ചെയ്ക; ഇതാണ് മറ്റൊരു അഭിപ്രായം. മേൽക്കാണിച്ചതിൽ ഒന്നാമത്തേതു ഭട്ടോൽപ്പലം വിവരണം എന്നീ വ്യാഖ്യാതാക്കന്മാരുടേയും, രണ്ടാമത്തേത് സാരാവലിയിലേതുമാകയാൽ അവയും ത്യാജ്യങ്ങളെന്നും പറഞ്ഞുകൂടാത്തതുമാണ്. 

ശുഭഗ്രഹസഹിതനായ ശുക്രന്റെ ദശാകാലം

ശുഭാന്വിതസ്യാപി ഭൃഗോർദ്ദശായാം
സൗഭാഗ്യമിത്രാത്മജധാന്യലാഭം
നരേന്ദ്രപൂജാം ഗജവാജിരാജി
പ്രവാളമുക്താമണിയാനമേതി.

സാരം :-

ശുഭഗ്രഹസഹിതനായ ശുക്രന്റെ ദശാകാലം സൌഭാഗ്യവും പുത്രന്മാരും ബന്ധുക്കളും ധനധാന്യങ്ങളും ഉണ്ടാകും. രാജപൂജ, ആന, കുതിര മുതലായ വാഹനങ്ങളുടെ കൂട്ടം, പവിഴം, മുത്ത് മുതലായ രത്നങ്ങൾ എന്നിവയുടെ ലാഭവും സംഭവിക്കും.

പാപഗ്രഹദൃഷ്ടനായ ശുക്രന്റെ ദശാകാലം

പാപേക്ഷിതസ്യോശനസോ ദശായാം
മാനാർത്ഥഹാനിം സുപൈതി ദുഃഖം
സ്ത്രിയാ വിരോധം സ്വപദച്യുതിം ച
രോഗാദ്യരിഷ്ടം നിജകർമ്മനാശം.

സാരം :-

പാപഗ്രഹദൃഷ്ടനായ ശുക്രന്റെ ദശാകാലം മാനത്തിനും കാര്യത്തിനും ധനത്തിനും ഹാനിയും പലപ്രകാരത്തിലുള്ള ദുഃഖവും സ്ത്രീയുടെ (ഭാര്യയുടെ) വിരോധവും സ്ഥാനഭ്രംശവും വിദേശവാസവും രോഗാദ്യരിഷ്ടയും സ്വകർമ്മത്തിന് (തൊഴിൽ) നാശവും സംഭവിക്കും.

പാപഗ്രഹസഹിതനായ ശുക്രന്റെ ദശാകാലം

ഭൃഗോർദശായാമശുഭാന്വിതസ്യ
സ്ഥാനച്യുതിം ബന്ധുജനൈർവ്വിരോധം
ആചാരഹാനിം കലഹപ്രിയം ച
കൃഷ്യർത്ഥഭ്രമ്യാത്മജദാരനാശം.

സാരം :-

പാപഗ്രഹസഹിതനായ ശുക്രന്റെ ദശാകാലം സ്ഥാനഭ്രംശവും ബന്ധുജനങ്ങളോടു വിരോധവും ആചാരാനുഷ്ഠാനങ്ങൾക്ക് ഹാനിയും കലഹത്തിലും വിവാദത്തിലും താൽപര്യവും കൃഷിക്കും ഭൂമ്യാദിധനത്തിനും നാശവും പുത്രനാശവും കളത്രമരണവും സംഭവിക്കും.

പുരുഷന്റെ കൈമുട്ടുകൾ

മാംസളവും മുഴകളില്ലാത്തതുമായ കൈമുട്ടുകൾ ബലവാന്റെതാകുന്നു.

മാംസളമായും രണ്ടുവശവും മുഴകളോടുകൂടിയുമിരിക്കുന്ന കൈമുട്ടുകൾ ധനികന്റെയും സഹൃദയന്റെതുമായിരിക്കും.

പരന്ന കൈമുട്ടുകളുള്ള പുരുഷൻ കാമചാരിയാകുന്നു.

കൂർത്തിരിക്കുന്ന കൈമുട്ടുകളുള്ളവൻ മടിയനും ദരിദ്രനുമായിരിക്കും.

ഉരുണ്ടതും എല്ലുന്തിയതുമായ കൈമുട്ടുകൾ സർക്കാർ ഉദ്യോഗസ്ഥന്റെ ലക്ഷണമാണ്. 

സ്ത്രീയുടെ കൈമുട്ടുകൾ

മടക്കിയാൽ എല്ലുകളുന്താതെ മാംസളമായിരിക്കുന്ന കൈമുട്ടുകൾ ഉത്തമിയും ധനികയും വിദ്യാസമ്പന്നയുമായ സ്ത്രീയുടേതാകുന്നു.

രണ്ടുവശവും മുഴയുള്ള കൈമുട്ടുകൾ അഹങ്കാരലക്ഷണമാകുന്നു.

പരന്ന മാംസളമായ കൈമുട്ടുകൾ ഉള്ള സ്ത്രീ ഭർത്താവുണ്ടെങ്കിലും ധനാർത്തിനിമിത്തം വ്യഭിചരിക്കുന്നവളാണ്.

കൂർത്തതും എല്ലുകളുന്താത്തതും മാംസളവുമായ കൈമുട്ടുകളുള്ളവൾ രാഷ്ട്രീയകാര്യങ്ങൾ കൈകാര്യം ചെയ്ത് ജയിൽ ശിക്ഷയനുഭവിക്കും. 

ത്രിംശാംശകഫലം പറയുമ്പോൾ ശ്രദ്ധിക്കണം

ശശിലഗ്നസമായുക്തൈഃ ഫലം ത്രിംശാംശകൈരിദം
ബലാബലവികല്പേന തയോരുക്തം വിചിന്തയേൽ.

സാരം :-

മുകളിൽ മൂന്നു ശ്ലോകംകൊണ്ടു പറഞ്ഞ ത്രിംശാംശകഫലത്തെ ജനനസമയത്തെ ലഗ്നചന്ദ്രന്മാരിൽ ബലം അധികമുള്ളതുകൊണ്ടാണ് പറയേണ്ടത്. മാത്രമല്ല, ത്രിംശാംശകാധിപൻ ബലപൂർണ്ണനാണെങ്കിൽ മാത്രമേ ഫലം പൂർണ്ണമായും അനുഭവയോഗ്യമാകയുള്ളൂവെന്നും ത്രിംശാംശകാധിപനു ബലം തീരെ ഇല്ലെങ്കിൽ അത്യല്പം മാത്രമേ അനുഭവിയ്ക്കയുള്ളൂവെന്നും മറ്റും "ബലാബലവികല്പേന" എന്നതുകൊണ്ടു സൂചിപ്പിച്ചിട്ടുണ്ടെന്നും അറിയണം.

ജനനസമയത്തെ ലഗ്നചന്ദ്രന്മാരുടെ സ്ഫുടത്തെ ഒരുമിച്ചു കൂട്ടിയാലുണ്ടാവുന്ന ത്രിംശാംശകംകൊണ്ടാണു ഈ ത്രിംശാംശകഫലം പറയേണ്ടതെന്നു "ശശിലഗ്നസമായുക്തൈഃ" എന്നതുകൊണ്ട്‌ സൂചിപ്പിച്ചിട്ടുണ്ടെന്നും ഒരു അഭിപ്രായം കൂടിയുണ്ട്. 

ചന്ദ്രൻ സൂര്യൻ വ്യാഴം ശനി എന്നീ ഗ്രഹങ്ങളുടെ ക്ഷേത്രങ്ങളിലെ ത്രിംശാംശകഫലത്തെയാണ് പറയുന്നത്

സ്വച്ഛന്ദാ പതിഘാതിനീ ബഹുഗുണാ
ശില്പിന്യസാധ്വീന്ദുഭേ-
ന്രാചാരാ കുലടാƒർക്കഭേ നൃപവധൂഃ
പുംശ്ചേഷ്ടിതാƒഗമ്യഗാ
ജൈവേ നൈകഗുണാല്പരത്യതിഗുണാ
വിജ്ഞാനയുക്താ സതീ
ദാസീ നീചരതാർക്കിഭേ പതിരതാ
ദുഷ്ടാƒപ്രജാ ചാംശകൈഃ

സാരം :-

ലഗ്നമോ ചന്ദ്രനോ കർക്കടകം രാശിയിൽ കുജത്രിംശാംശകത്തിൽ നിന്നാൽ ആർക്കും കീഴ്പ്പെടാതെ ഇഷ്ടംപോലെ നടക്കുന്നവളും, ശനിത്രിംശാംശകത്തിൽ നിന്നാൽ ഭർത്താവിനെ കൊല്ലുന്നവളും വ്യാഴത്രിംശാംശകത്തിൽ നിന്നാൽ അനേകം ഗുണങ്ങളുള്ളവളും, ബുധത്രിംശാംശകത്തിൽ നിന്നാൽ കൌശലപ്പണികളിൽ ആസക്തിയോടുകൂടിയവളും, ശുക്രത്രിംശാംശകത്തിൽ നിന്നാൽ വ്യഭിചാരിണിയുമാകുന്നതാണ്.

ലഗ്നമോ ചന്ദ്രനോ ചിങ്ങം രാശിയിൽ കുജത്രിംശാംശകത്തിൽ നിന്നാൽ പുരുഷന്മാരുടെ ആചാരംപോലെയുള്ള ആചാരത്തോടുകൂടിയവളും, ശനിത്രിംശാംശകത്തിൽ നിന്നാൽ വ്യഭിചാരിണിയും വ്യാഴത്രിംശാംശകത്തിൽ നിന്നാൽ രാജപത്നിയും, ബുധത്രിംശാംശകത്തിൽ നിന്നാൽ പുരുഷന്മാരുടെ പ്രവൃത്തികളെപ്പോലെ പ്രവർത്തിക്കുന്നവളും, ശുക്രത്രിംശാംശകത്തിൽ നിന്നാൽ അഗമ്യപുരുഷഗാമിനിയുമാകുന്നതാണ്.

ലഗ്നമോ ചന്ദ്രനോ വ്യാഴക്ഷേത്രത്തിൽ കുജത്രിംശാംശകത്തിൽ നിന്നാൽ സൌന്ദര്യസൌശീല്യാദ്യനേകഗുണങ്ങളുള്ളവളും, ശനിത്രിംശാംശകത്തിൽ നിന്നാൽ കാമവികാരത്തിനു ശക്തി കുറഞ്ഞവളും, വ്യാഴത്രിംശാംശകത്തിൽ നിന്നാൽ അനേകം സൽഗുണങ്ങളുള്ളവളും, ബുധത്രിംശാംശകത്തിൽ നിന്നാൽ ധർമ്മാചാരതല്പരയും അഥവാ കാവ്യനാടകാലങ്കാരാദികൾ കലാവിദ്യകൾ ശാസ്ത്രപുരാണേതിഹാസാദികൾ ഇവയിലൊക്കെ അറിവുള്ളവളും, ശുക്രത്രിംശാംശകത്തിൽ നിന്നാൽ പതിവ്രതയുമായിരിയ്ക്കുകയും ചെയ്യും.

ലഗ്നമോ ചന്ദ്രനോ ശനിക്ഷേത്രത്തിൽ കുജത്രിംശാംശകത്തിൽ നിന്നാൽ ദാസ്യപ്രവൃത്തിയെ ആചരിയ്ക്കേണ്ടിവരുന്നവളും, ശനിത്രിംശാംശകത്തിൽ നിന്നാൽ തന്നേക്കാൾ താണ വർഗ്ഗത്തിൽപ്പെട്ട പുരുഷന്മാരിൽ ആസക്തിയോടുകൂടിയവളും, വ്യാഴത്രിംശാംശകത്തിൽ നിന്നാൽ നിന്നാൽ പതിവ്രതയും, അഥവാ ഭർത്താവിനു ഇഷ്ടയും, ബുധത്രിംശാംശകത്തിൽ നിന്നാൽ അധർമ്മനിരതയും അഥവാ പരപുരുഷഗാമിനിയും, ശുക്രത്രിംശാംശകത്തിൽ നിന്നാൽ വന്ധ്യയുമാവുകയും ചെയ്യും. 

പന്ത്രണ്ടാം ഭാവത്തിൽ നിൽക്കുന്ന ശുക്രന്റെ ദശാകാലം

വ്യയഗതഭൃഗുജദശായാം
ലഭതേ ധനധാന്യസൗഖ്യസമ്പത്തിം
സ്ഥാനച്യുതിം ച ബന്ധു-
ക്ലേശം മാതുർവ്വിയോഗദുഃഖം ച.

സാരം :-

പന്ത്രണ്ടാം ഭാവത്തിൽ നിൽക്കുന്ന ശുക്രന്റെ ദശാകാലം ധനധാന്യങ്ങളും സുഖവും സമ്പത്തും ലഭിക്കും. എങ്കിലും സ്ഥാനഭ്രംശം, ബന്ധുക്ലേശം, മാതാവിന് രോഗാദ്യരിഷ്ട അല്ലെങ്കിൽ മരണം എന്നിവയും ദുഃഖവും സംഭവിക്കുകയും ചെയ്യും.

പതിനൊന്നാം ഭാവത്തിൽ നിൽക്കുന്ന ശുക്രന്റെ ദശാകാലം

അച്ഛസ്യ ലാഭോപഗതസ്യ ദായേ
സുഗന്ധമാല്യാംബരരാജപൂജാം
പുത്രാർത്ഥസൗഖ്യം ക്രയവിക്രയം ച
കൃഷിക്രിയാകാവ്യകലാവിലാസം.

സാരം :-

പതിനൊന്നാം ഭാവത്തിൽ നിൽക്കുന്ന ശുക്രന്റെ ദശാകാലം സൗരഭ്യമുള്ള ദ്രവ്യങ്ങളും മാലകളും വസ്ത്രങ്ങളും രാജസമ്മാനവും ലഭിക്കുകയും പുത്രന്മാരും സമ്പത്തും ഉണ്ടാവുകയും സുഖമനുഭവിക്കുകയും കൊടുക്കവാങ്ങലിൽ കൃഷികാര്യങ്ങളിൽനിന്നും മറ്റും അർത്ഥലാഭവും കാവ്യരചനയിലും കലാവിദ്യകളിലും സാമർത്ഥ്യവും ലഭിക്കുകയും ചെയ്യും.

പത്താം ഭാവത്തിൽ നിൽക്കുന്ന ശുക്രന്റെ ദശാകാലം

ഖഗസ്യ ശുക്രസ്യ ദശാവിപാകേ
ദിഗന്തവിശ്രാന്തയശഃപ്രതാപം
വിദ്യാർത്ഥഭാഗ്യം പൃഥിവീശപൂജാം
സിദ്ധിം ക്രിയായാഃ കൃഷികർമ്മസൗഖ്യം.

സാരം :-

പത്താം ഭാവത്തിൽ നിൽക്കുന്ന ശുക്രന്റെ ദശാകാലം ഭൂമണ്ഡലം മുഴുവൻ വ്യാപിക്കപ്പെട്ട കീർത്തിയും പ്രതാപവും ലഭിക്കും. വിദ്യ, ധനം, ഭാഗ്യം, എന്നിവ വളരെ വർദ്ധിക്കും. രാജാക്കന്മാരിൽ നിന്നു വലിയ സൽക്കാരങ്ങൾ സിദ്ധിക്കും. എല്ലാ പ്രവൃത്തികളിലും ഫലവും ജയവും കൃഷികാര്യങ്ങളിൽ വൈദഗ്ദ്ധ്യവും സുഖവും ഉണ്ടാകും.

പുരുഷന്റെ കക്ഷം

രണ്ടു വശങ്ങളിലും മാംസം തള്ളിനില്ക്കുന്നതും രോമാവൃതവുമായ കക്ഷങ്ങളുള്ള പുരുഷൻ ബലവാനും സ്നേഹസമ്പന്നനുമാകുന്നു.

കക്ഷം കുഴിവില്ലാതെയിരുന്നാലവൻ അതിബലവാനാകുന്നു.

മാംസം തള്ളിക്കാണാതെ കുഴിഞ്ഞിരിക്കുന്ന കക്ഷമുള്ള പുരുഷൻ ദരിദ്രനും കാമശീലനുമായിരിക്കും.

കക്ഷത്തിലെ വിയർപ്പിന് താമരപ്പൂവിന്റെയോ പനിനീരിന്റെയോ മണമുള്ളവൻ ഭാഗ്യവാനും ധനികനുമായിരിക്കും.

ഉപ്പിന്റെയോ ഗോമൂത്രത്തിന്റെയോ മണമാണ് കക്ഷത്തിലെ വിയർപ്പിനെങ്കിലവൻ ദരിദ്രനാകുന്നു.

എപ്പോഴും വിയർക്കുന്ന കക്ഷങ്ങളുള്ള പുരുഷൻ ചിന്താകുലനും വിവേകിയുമായിരിക്കും. 

സ്ത്രീയുടെ കക്ഷം

കരമുയർത്തിയാൽ മാംസം തള്ളിനില്ക്കുന്ന കക്ഷമുള്ളവൾ ഉത്തമയും ധനികയുമാകുന്നു.

കുഴിഞ്ഞ കക്ഷമുള്ള വനിത നിത്യദരിദ്രയായിരിക്കും

കുഴിഞ്ഞ കക്ഷം നിറയെ രോമാവലികളുണ്ടെങ്കിൽ അവൾ അധികാരഗർവ്വുള്ളവളും ധനികയുമാകുന്നു.

കുഴിവില്ലാത്തതും രോമാവലികളോടുകൂടിയതുമായ കക്ഷമുള്ളവൾ ധനികയും ഭർത്തൃമതിയും എന്നാൽ പുത്രദുഃഖമനുഭവിക്കുന്നവളുമാകുന്നു.

കക്ഷത്തിലെ വിയർപ്പിന് താമരപ്പൂവിന്റെ മണമുള്ള സ്ത്രീ അത്യുത്തമയും ധനികയുമാകുന്നു.

മോരിന്റെ ഗന്ധമാണ് കക്ഷത്തിനുള്ളതെങ്കിൽ അവൾ ഭർത്താവു വാഴാത്തവളും വ്യഭിചാരിണിയുമാകുന്നു.

ഉപ്പിന്റെ മണമാണ് കക്ഷത്തിനെങ്കിൽ അവൾ നിത്യദാരിദ്രമനുഭവിക്കുന്നവളാണ്.

ഗോമൂത്രത്തിന്റെ ഗന്ധമുള്ള കക്ഷത്തോടുകൂടിയവൾ കള്ളിയും വ്യഭിചാരിണിയുമാകുന്നു.

ശുക്രബുധന്മാരുടെ ക്ഷേത്രങ്ങളിലെ ത്രിംശാംശകഫലത്തെയാണ് പറയുന്നത്

ദുഷ്ടാ പുനർഭൂസ്സുഗുണാ കലാജ്ഞാ
ഖ്യാതാ ഗുണൈശ്ചാസുരപൂജിതർക്ഷേ
സ്യാൽ കാപടീ ക്ലീബസമാ സതീ ച
ബൌധേ ഗുണാഢ്യാ പ്രവികീർണ്ണകാമാ.

സാരം :-

ലഗ്നമോ ചന്ദ്രനോ ശുക്രക്ഷേത്രത്തിൽ കുജത്രിംശാംശകത്തിൽ നിന്നാൽ ഭർത്താവുമായി സദാ കലഹിക്കുകയാൽ ഭർത്താവിനു അഹിതമായ അഥവാ വ്യഭിചാരിണിയും, ശുക്രക്ഷേത്രത്തിൽ ശനി ത്രിംശാംശകത്തിൽ നിന്നാൽ പുനർഭൂവും, (ഒരുവനെ വിവാഹം ചെയ്തതിനു ശേഷം മറ്റൊരുവന്റെ ഭാര്യയായിത്തീരുന്നവളേയാണ് പുനർഭൂ എന്നു പറയുന്നത്) ഗുരുത്രിംശാംശകത്തിൽ നിന്നാൽ അനേകം സൽഗുണങ്ങളുള്ളവളും, ബുധത്രിംശാംശകത്തിൽ നിന്നാൽ കൊട്ട് പാട്ട് നർത്തനം ചിത്രമെഴുത്ത് ഇത്യാദി കലാവിദ്യകളിൽ സാമർത്ഥ്യയുക്തയും, ശുക്രത്രിംശാംശകത്തിൽ നിന്നാൽ സൌന്ദര്യസൌശീല്യാദി ലോകോത്തരഗുണങ്ങളാൽ ലോകപ്രസിദ്ധയും ആകുന്നതാണ്.

ലഗ്നമോ ചന്ദ്രനോ ബുധക്ഷേത്രത്തിൽ കുജത്രിംശാംശകത്തിൽ നിന്നാൽ കപടത്തിങ്കൽ സദാ ആസക്തിയോടുകൂടിയവളും, ശനിത്രിംശാംശകത്തിൽ നിന്നാൽ നപുസകതുല്യയും; - പ്രസവിച്ചു സന്താനമുണ്ടാകാത്തവൾ എന്ന് സാരം -  വ്യാഴ ത്രിംശാംശകത്തിൽ നിന്നാൽ പതിവ്രതയും, ബുധത്രിംശാംശകത്തിൽ നിന്നാൽ അനേകം സൽഗുണങ്ങളുള്ളവളും, ശുക്രത്രിംശാംശകത്തിൽ നിന്നാൽ കാമവികാരത്തിന്റെ അസ്ഥിരത നിമിത്തം സകല പുരുഷന്മാരിലും ആഗ്രഹത്തോടു കൂടിയവളും ആയിത്തീരുന്നതാണ്. 

കന്യകയായി ഇരിക്കുമ്പോൾ തന്നെ ദാസിയായിത്തീരും / വ്യഭിചാരിണി

കന്യൈവ ദുഷ്ടാ വ്രജതീഹ ദാസ്യം
സാധ്വീ സമായാ കുചരിത്രയുക്താ
ഭൂമ്യാത്മജർക്ഷേ ക്രമശോംശകേഷു
വക്രാർക്കിജീവേന്ദുജഭാർഗ്ഗവാണാം.

സാരം :-

ലഗ്നമോ ചന്ദ്രനോ (ലഗ്നചന്ദ്രന്മാരിൽ ബലം അധികമുള്ളതുകൊണ്ടാണ് ഈ ത്രിംശാംശകഫലം പറയേണ്ടതെന്നു ഈ അദ്ധ്യായത്തിലെ ആറാം ശ്ലോകംകൊണ്ടു പറയുന്നതുമുണ്ട്) കുജക്ഷേത്രത്തിൽ കുജന്റെ ത്രിംശാംശകത്തിൽ നിന്നാൽ അവൾ കന്യകയായി ഇരിയ്ക്കുമ്പോൾ തന്നെ വ്യഭിചാരിണിയും, അവ - ലഗ്നചന്ദ്രന്മാരിൽ - കുജക്ഷേത്രത്തിൽ ശനിത്രിംശാംശകത്തിൽ നിന്നാൽ കന്യകയായി ഇരിക്കുമ്പോൾ തന്നെ ദാസിയായിത്തീരുന്നവളും, കുജക്ഷേത്രത്തിൽ വ്യാഴത്രിംശാംശകത്തിൽ നിന്നാൽ പതിവ്രതയും, കുജക്ഷേത്രത്തിൽ ബുധത്രിംശാംശകത്തിൽ നിന്നാൽ കപടത്തോടുകൂടിയവളും, കുജക്ഷേത്രത്തിൽ ശുക്രത്രിംശാംശകത്തിൽ നിന്നാൽ കുത്സിതമായ ചാരിത്ര - പാതിവ്രത്യ - ത്തോടുകൂടിയവളും ആകുന്നതാണ്. 

ഒമ്പതാം ഭാവത്തിൽ നിൽക്കുന്ന ശുക്രന്റെ ദശാകാലം

ഭാഗ്യഗസ്യ മഹാഭാഗ്യം ഭാർഗ്ഗവസ്യ ദശാഗമേ
നരേന്ദ്രദത്തസൗഭാഗ്യം യശശ്ശ്രേയഃശ്രിയോജ്വലം.

സാരം :-

ഒമ്പതാം ഭാവത്തിൽ നിൽക്കുന്ന ശുക്രന്റെ ദശാകാലം മഹത്തരമായ ഭാഗ്യവും മഹാരാജപ്രസാദംകൊണ്ടു ലഭിക്കപ്പെട്ട സമ്പത്തുകളും കീർത്തിയും സുഖവും ഐശ്വര്യംകൊണ്ടുള്ള പ്രകാശവും സിദ്ധിക്കും.

എട്ടാം ഭാവത്തിൽ നിൽക്കുന്ന ശുക്രന്റെ ദശാകാലം

ശുക്രസ്യ ദായേ നിധനസ്ഥിതസ്യ
ശാസ്ത്രാഗ്നിചോരാർത്തിരനർത്ഥജാലം
ക്വചിൽ സുഖം കിഞ്ചിദുപൈതി വിത്തം
ക്വചിന്നരേന്ദ്രാപ്തയശഃപ്രതാപം.

സാരം :-

എട്ടാം ഭാവത്തിൽ നിൽക്കുന്ന ശുക്രന്റെ ദശാകാലം ആയുധമേറ്റും തീപൊള്ളിയും കള്ളന്മാർ ഉപദ്രവിച്ചും പലവിധത്തിലുള്ള ദുഃഖങ്ങൾ അനുഭവിക്കുകയും അനർത്ഥങ്ങൾ സംഭവിക്കുകയും ചെയ്യും. എന്നാൽ ചിലപ്പോൾ സുഖവും ചിലപ്പോൾ ധനലാഭവും അഥവാ രാജപ്രസാദവും അതിൽനിന്ന് യശസ്സും പ്രതാപവും ലഭിക്കുകയും ചെയ്യുന്നതാണ്. എങ്കിലും മിക്കവാറും അനിഷ്ടഫലത്തിന് പ്രാബല്യമിരിക്കുമെന്നും അറിഞ്ഞുകൊള്ളുക.

ഏഴാം ഭാവത്തിൽ നിൽക്കുന്ന ശുക്രന്റെ ദശാകാലം

കളത്രസംസ്ഥസ്യ കവേർദ്ദശായാം
കളത്രനാശം യദി വാ വിവാഹം
പ്രമേഹഗുല്മാദിരുജം പ്രവാസം
പ്രഭഗ്നവിത്താത്മജബന്ധുരാജ്യം.

സാരം :-

ഏഴാം ഭാവത്തിൽ നിൽക്കുന്ന ശുക്രന്റെ ദശാകാലം കളത്രനാശവും അഥവാ വിവാഹവും, പ്രമേഹവും ഗുല്മം മുതലായ രോഗങ്ങളെക്കൊണ്ട് ഉപദ്രവവും അന്യദേശവാസവും രാജ്യനാശവും ധനഹാനിയും ബന്ധുക്കൾക്കും പുത്രന്മാർക്കും നാശവും സംഭവിക്കും.

പുരുഷന്റെ തോൾ

മാംസളമായും കീഴ്പോട്ടു മടിയാതെ ഉന്നതമായുമിരിക്കുന്ന തോളുകളുള്ള പുരുഷൻ വിവേകിയും സുഖിമാനുമാകുന്നു.

എല്ലുന്തിനില്ക്കുന്ന തോളുകളുള്ളവൻ വാചാലനും അധികാരമുള്ള ഉദ്യോഗസ്ഥനുമായിരിക്കും.

പരന്നതും മാംസളവുമായ തോൾ അധികാര ദുർവ്വിനിയോഗം ചെയ്യുന്ന പുരുഷന്മാർക്കുണ്ടായിരിക്കും.

മുൻവശവും പിൻവശവും തടിച്ച മാംസഭാഗങ്ങളോടുകൂടിയ തോളുകളുള്ളവൻ ബലവാനും അദ്ധ്വാനശീലനുമായിരിക്കും. 

സ്ത്രീയുടെ തോൾ

മുകളിൽ എല്ലുന്താതെ മാംസളമായി മടിഞ്ഞുകിടക്കുന്ന തോളുകളോടുകൂടിയവൾ ഉത്തമിയും സുഖമനുഭവിക്കുന്നവളും ധനികയുമായിരിക്കും.

മാംസളമായി ഉയർന്നു നിൽക്കുന്ന തോളുകളുള്ള സ്ത്രീ അധികാരമുള്ള ജോലി നോക്കുന്നവളും സന്താനസൗഭാഗ്യമില്ലാത്തവളുമാകുന്നു.

മുകളിൽ  എല്ലുന്തി മാംസളമല്ലാത്ത തോളുകളോടു കൂടിയ സ്ത്രീ സാധുശീലയും ദരിദ്രയും ആയിരിക്കും.

പരന്ന മാംസളമായ തോളുള്ളവൾ വ്യഭിചാരിണിയും ധനികയുമാകുന്നു. 

സ്ത്രീകളുടെ സ്വഭാവാദ്യവസ്ഥകളെ പറയുന്നു / സ്ത്രീയുടെ ദേഹപ്രകൃതിയും സ്വഭാവാദിമറ്റവസ്ഥകളും പുരുഷന്മാരുടേതുപോലെ ആയിരിയ്ക്കുന്നതാണ്

യുഗ്മേഷുലഗ്നശശിനോഃ പ്രകൃതിസ്ഥിതാ സ്ത്രീ
സച്ഛീലഭൂഷണയുതാ ശുഭദൃഷ്ടയോശ്ച
ഓജസ്ഥയോശ്ച പുരുഷാകൃതിശീലയുക്താ
പാപാ ച പാപയുതവീക്ഷിതയോർഗ്ഗുണോനാ.

സാരം :-

ഉദയലഗ്നം ഏതെങ്കിലുമൊരു യുഗ്മരാശിയാവുക, ചന്ദ്രൻ ഒരു യുഗ്മരാശിയിൽ നില്ക്കുകയും ചെയ്ക; സ്ത്രീജാതകവശാൽ ഈ ലക്ഷണമുണ്ടായാൽ സ്ത്രീകൾക്കനുരൂപമായ ദേഹപ്രകൃതി മൃദുഭാഷിത്വാദി മറ്റവസ്ഥകൾ ഇത്യാദികളൊക്കെ അവൾക്കുണ്ടായിരിയ്ക്കുന്നതാണ്.

മേൽപറഞ്ഞവിധം ചന്ദ്രലഗ്നങ്ങൾ യുഗ്മരാശിയിൽ വരിക ഇവ രണ്ടിനും ശുഭഗ്രഹങ്ങളുടെ യോഗമോ ദൃഷ്ടിയോ ഉണ്ടാവുകയും ചെയ്ക ഈ ലക്ഷണമുണ്ടായാൽ, മുൻപറഞ്ഞ ഗുണങ്ങൾക്കും പുറമേ അവൾ സൽസ്വഭാവത്താൽ അലംകൃതയുമായിരിയ്ക്കുന്നതാണ്. അഥവാ മുൻപറഞ്ഞ ഗുണങ്ങൾക്കു പുറമേ സൽസ്വഭാവത്തോടും പലവിധ ആഭരണങ്ങളോടും കൂടി ഇരിയ്ക്കുന്നതാണ്.

ചന്ദ്രനും ലഗ്നവും ഓജരാശിസ്ഥിതങ്ങളായാൽ അവളുടെ ദേഹപ്രകൃതിയും സ്വഭാവാദിമറ്റവസ്ഥകളും പുരുഷന്മാരുടേതുപോലെ ആയിരിയ്ക്കുന്നതാണ്.

ചന്ദ്രലഗ്നങ്ങൾ ഓജരാശിയിൽ തന്നെ വരിക, ഇവ രണ്ടിനും പാപഗ്രഹങ്ങളുടെ യോഗമോ ദൃഷ്ടിയോ ഉണ്ടാവുകയും ചെയ്ക; സ്ത്രീജാതകവശാൽ ഈ ലക്ഷണമുണ്ടായാൽ ദേഹപ്രകൃതിയും സ്വഭാവാദിമറ്റവസ്ഥകളും പുരുഷന്മാരുടേതുപോലെ ആകുന്നതിനും പുറമേ അവൾ ശീലഗുണം ഒട്ടും തന്നെ ഇല്ലാത്തവളും പാപകർമ്മങ്ങളെ ആചരിക്കുന്നവളുമായിത്തീരുന്നതാണ്.

ലഗ്നചന്ദ്രന്മാരുടെ ഓജയുഗ്മത്വാദിസ്ഥിതി അവയെക്കുറിച്ചു ശുഭഗ്രഹങ്ങളുടേയോ പാപഗ്രഹങ്ങളുടേയോ ദൃഷ്ടിയോഗാദികൾ ഇവയെക്കൊണ്ടൊക്കെ സ്ത്രീകളുടെ മറ്റു അവസ്ഥകളേയും ചിന്തിച്ചു പറയുകയും ചെയ്യാം.

സ്ത്രീജാതകവശാൽ സ്ത്രീകൾക്കനുഭവയോഗ്യങ്ങളല്ലാത്ത ഫലങ്ങളെ അവരവരുടെ ഭർത്താക്കന്മാരിലാണു പറയേണ്ടത്, / സ്ത്രീജാതകവശാൽ പറയാവുന്ന വിശേഷ ഫലങ്ങളേയാണു പറയുന്നത്

യദ്യൽ ഫലം നരഭവേ ക്ഷമമംഗനാനാം
തത്തദ്വദേൽ പയിഷു വാ സകലം വിധേയം
താസാന്തു ഭർത്തൃമരണം നിധനേ വപുസ്തു
ലഗ്നേന്ദുഗം സുഭഗതാസ്തമയേ പതിശ്ച.

സാരം :-

ഇതിനു മുമ്പ് പുരുഷന്മാരെ ഉദ്ദേശിച്ചു പറഞ്ഞ ഫലങ്ങളിൽ സ്ത്രീകൾക്കു അനുഭവയോഗ്യങ്ങളായ ഫലങ്ങളെ ഒക്കെ സ്ത്രീജാതകവശാൽ അവർ - സ്ത്രീകൾക്കു പറയാവുന്നതാണ്. സ്ത്രീജാതകവശാൽ ആ ഫലങ്ങളിൽ സ്ത്രീകൾക്കനുഭവയോഗ്യങ്ങളല്ലാത്തവയെ ഒക്കെ അവരവരുടെ ഭർത്താക്കന്മാരിലാണു പറയേണ്ടത്. ഇതിനെ ഒന്നുകൂടി സ്പഷ്ടമാക്കാം. സ്ത്രീജാതകപ്രകാരം നോക്കുമ്പോൾ വൃഷണനാശത്തിനു യോഗമുണ്ടെന്നു വിചാരിയ്ക്കുക; ഈ ഫലം സ്ത്രീകൾക്കനുഭവയോഗ്യമല്ലാത്തതിനാൽ ഇതു അവളുടെ ഭർത്താവ് അനുഭവിയ്ക്കേണ്ടിവരുമെന്നാണ് പറയേണ്ടത്. ഇതുപോലെ മറ്റു ഫലങ്ങളിലും കണ്ടുകൊൾക. അഥവാ സ്ത്രീജാതകപ്രകാരമുള്ള സകല ശുഭാശുഭഫലങ്ങളും അവരവരുടെ ഭർത്താക്കന്മാരിൽ അനുഭവയോഗ്യമായി പറയുകയും ചെയ്യാം.

ഇനി സ്ത്രീജാതകവശാൽ മാത്രം ചിന്തിയ്ക്കാവുന്ന വിശേഷ ഫലങ്ങളേയാണ് പറയുന്നത്. സ്ത്രീകൾക്കു ഭർത്തൃമരണത്തെ - ഭർത്താവിന്റെ ആയുസ്സിന്റെ ഗുണദോഷത്തെ - ചിന്തിയ്ക്കേണ്ടത് എട്ടാം ഭാവം കൊണ്ടും, ദേഹത്തിന്റെ സൌന്ദര്യാദി ഗുണദോഷങ്ങളെ ചിന്തിയ്ക്കേണ്ടതു ലഗ്നഭാവം ചന്ദ്രാധിഷ്ഠിതരാശി ഇതുകളെക്കൊണ്ടും, സൌഭാഗ്യത്തേയും - അന്യന്മാർക്കു ഇഷ്ടയാവുക എന്ന അവസ്ഥയേയും - ഭർത്താവിനെ ദേഹസ്വരൂപാദി ഗുണദോഷങ്ങളേയും ചിന്തിയ്ക്കേണ്ടതും ഏഴാം ഭാവംകൊണ്ടുമാകുന്നു. 

ആറാം ഭാവത്തിൽ നിൽക്കുന്ന സൂര്യന്റെ ദശാകാലം

ശുക്രസ്യ ദായേ രിപുസംസ്ഥിതസ്യ
ധാന്ന്യാത്മഭ്രാതൃധനപ്രണാശം
ഗുഹ്യാമയം വൈരിനൃപാഗ്നിചോരൈർ-
ഭയം ച വിന്ദത്യഖിലാർത്ഥനാശം.

സാരം :-

ആറാം ഭാവത്തിൽ നിൽക്കുന്ന സൂര്യന്റെ ദശാകാലം ധനധാന്യങ്ങൾക്കും പുത്രനും സഹോദരനും നാശവും മൂത്രാശയം, മലാശയം ഇവ സംബന്ധിച്ചുള്ള രോഗങ്ങളും ശത്രുക്കളിൽനിന്നും കള്ളന്മാരിൽ നിന്നും തീയിൽനിന്നും രാജാവിൽനിന്നും ഭയവും പലവിധത്തിൽ കാര്യനാശവും സംഭവിക്കും.

അഞ്ചാം ഭാവത്തിൽ നിൽക്കുന്ന ശുക്രന്റെ ദശാകാലം

സുതസ്ഥിതസ്യശുക്രസ്യ ദശാ സുതസുഖപ്രദാ
രാജാ വാ തത്സമോ വാ സ്യാദ്യശസ്വീ സകലപ്രിയഃ

സാരം :-

അഞ്ചാം ഭാവത്തിൽ നിൽക്കുന്ന ശുക്രന്റെ ദശാകാലം പുത്രന്മാരും സുഖവും ഉണ്ടാകും. രാജാവോ രാജതുല്യനോ ആയിത്തീരുകയും ഏറ്റവും യശസ്സുള്ളവനാകയും എല്ലാവർക്കും ഇഷ്ടനായിരിക്കുകയും ചെയ്യും.

നാലാം ഭാവത്തിൽ നിൽക്കുന്ന ശുക്രന്റെ ദശാകാലം

ഭൃഗോർദ്ദശായാം ഹിബുകസ്ഥിതസ്യ
രാജ്യം മഹൽ സൌഖ്യമുപൈതി യാനം
ക്രിയാഫലം ഗോകൃഷിവിത്തസമ്പൽ-
പ്രാപ്തിം പ്രതാപാന്ന്വിതകീർത്തിജാലം.

സാരം :-

നാലാം ഭാവത്തിൽ നിൽക്കുന്ന ശുക്രന്റെ ദശാകാലം രാജ്യഭോഗവും വാഹനങ്ങളും സുഖവും എല്ലാ പ്രവൃത്തികളിലും ഫലപ്രാപ്തിയും പശുക്കളും കൃഷിയും ധനസമ്പത്തും ലഭിക്കുകയും പ്രതാപവും കീർത്തിയും ഒരുപോലെ വർദ്ധിക്കുകയും ചെയ്യും.

പുരുഷന്റെ കഴുത്ത്

മൂന്നുമുതൽ നാലിഞ്ചുവരെ നീളമുള്ള കഴുത്തുള്ള പുരുഷൻ ഉത്തമനും പ്രാസംഗികനുമായിരിക്കും.

നാലിഞ്ചിൽ അധികം നീളമാണ് കഴുത്തിനുള്ളതെങ്കിലവൻ കോപിഷ്ഠനായിരിക്കും.

കുറുകിയ കഴുത്ത് ധനമഹിമയെ കാണിക്കുമെങ്കിലും അവൻ ദാനധർമ്മാദികൾ ചെയ്യുകയില്ല.

നീളം കുറഞ്ഞും വണ്ണംകൂടിയുമിരിക്കുന്ന കഴുത്തുള്ളവൻ വ്യഭിചാരകനാകുന്നു.

രണ്ടുവശവും ഞരമ്പുകളെഴുന്നുനില്ക്കുന്ന കഴുത്തുള്ള പുരുഷൻ ദരിദ്രനും കോപിഷ്ഠനുമാകുന്നു.

മേൽഭാഗം കൊണ്ട് മുൻപോട്ട് തള്ളി വളഞ്ഞ കഴുത്ത് അഹങ്കാരിയുടെ ലക്ഷണമാണ്. 

സ്ത്രീയുടെ കഴുത്ത്

ഉത്തമമായ കഴുത്തിന്റെ നീളം മൂന്നിഞ്ചാണ്. മൂന്നിഞ്ചു നീളവും ഞരമ്പുകൾ തെളിയാത്തതുമായ കഴുത്തുള്ളവൾ അത്യന്തം സുഭഗയും ഭർത്തൃമതിയും ധനികയുമാകുന്നു.

ഇത്തരം കഴുത്തിൽ ഞരമ്പുകൾ തെളിഞ്ഞു കണ്ടാൽ അവൾ വ്യഭിചാരിണിയും ധനികയുമാകുന്നു.

ഉത്തമമായ കഴുത്തിൽ വലതുഭാഗം തിരിഞ്ഞു പോകുന്ന പിരിയുണ്ടെങ്കിൽ അവൾ അത്യുത്തമിയും ഉൽകൃഷ്ടകുലജാതയുമാകുന്നു.

മൂന്നിനുമേൽ നാലിഞ്ചുവരെ നീളമുള്ള കഴുത്തുള്ളവൾ ഗവണ്‍മെന്റ് ഉദ്യോഗം വഹിക്കുന്ന സ്ത്രീയായിരിക്കും.

നാലിനുമേൽ അഞ്ചിഞ്ചുവരെ നീളം കഴുത്തിനുണ്ടായിരുന്നാൽ ആ സ്ത്രീ അടക്കമില്ലാത്തവളും വിദ്യാസമ്പന്നയുമാകുന്നു.

മൂന്നിഞ്ചിനു താഴെ കഴുത്തുള്ളവൾ ജന്മനാ ദരിദ്രയും വ്യഭിചാരദോഷമുള്ളവളുമാകുന്നു. 

അപ്രിയഭാഷിത്വം അപസ്മാരം ക്ഷയം ഈ ദോഷങ്ങളും ഭൃത്യത്വവും അനുഭവിയ്ക്കേണ്ടതിനുള്ള ലക്ഷണങ്ങളേയാണ് ഇനി പറയുന്നത്

പരുഷവചനോപസ്മാരാർത്തഃ ക്ഷയീ ച നിശാപതൌ
സരവിതനയേ വക്രാലോകം ഗതേ പരിവേഷഗേ
രവിയമകുജൈസ്സൌമ്യാദൃഷ്ടൈർന്നഭസ്ഥലമാശ്രിതൈർ-
ഭൃതകമനുജാഃ പൂർവ്വോദ്ദിഷ്ടൈർവ്വരാധമമദ്ധ്യമാഃ

സാരം :-

ജനനസമയത്തെ ചന്ദ്രനു 1). ശനിയുടെ യോഗമുണ്ടാവുക 2). ചൊവ്വയുടെ ദൃഷ്ടിയുണ്ടാവുക 3). ധൂമാദി പഞ്ചദോഷങ്ങളിൽ പരിവേഷം എന്ന ദോഷത്തോടുകൂടുക * ചന്ദ്രനു മേൽപറഞ്ഞ മൂന്നു ദോഷങ്ങളുമുണ്ടായാൽ അയാൾ സദാ അപ്രിയഭാഷിയും അപസ്മാരയുക്തനും രാജയക്ഷ്മാവോടു കൂടിയവനുമായിരിയ്ക്കുന്നതാണ്. ചന്ദ്രനു മുൻപറഞ്ഞ മൂന്നു ദോഷങ്ങളിൽ രണ്ടെണ്ണമേ ഉള്ളൂവെങ്കിൽ മേൽപ്പറഞ്ഞ പരുഷഭാഷിത്വാദി ഫലങ്ങളിൽ  രണ്ടെണ്ണവും ഒരു ദോഷമാണുള്ളതെങ്കിൽ ഒരു ഫലം മാത്രവുമാണ് അനുഭവിയ്ക്കുക എന്നും അറിയുകയും വേണം. "പരിവേഷം" എന്നതിനു ചന്ദ്രമണ്ഡലത്തിന്റെ ചുറ്റുപാടും ചില സമയം കണ്ടുവരാറുള്ള വൃത്താകാരമായ പ്രഭാവിശേഷം എന്നാണ് അർത്ഥമെന്നും ഒരു അഭിപ്രായമുണ്ട്.

ലഗ്നചന്ദ്രന്മാരിൽ ബലം അധികമുള്ളതിന്റെ പത്താംഭാവത്തിൽ സൂര്യനും ചൊവ്വയും ശനിയും നില്ക്കുക; ഇവർക്കു ഒരു ശുഭഗ്രഹത്തിന്റെ എങ്കിലും ദൃഷ്ടി ഇല്ലാതേയുമിരിയ്ക്കുക; ഈ യോഗസമയത്തു ജനിച്ചവൻ ഭൃത്യനായിത്തീരുന്നതാണ്. മേൽപ്പാറഞ്ഞ മൂന്നു പാപഗ്രഹങ്ങളിൽ ഒരു പാപഗ്രഹം മാത്രം ശുഭഗ്രഹദൃഷ്ടിയോടുകൂടാതെ പത്താം ഭാവത്തിൽ നിന്നാൽ ഭൃത്യശ്രേഷ്ഠനും, അങ്ങിനെ രണ്ടു പാപഗ്രഹങ്ങൾ നിന്നാൽ മദ്ധ്യമഭൃത്യനും, മൂന്നു പാപഗ്രഹങ്ങളും അങ്ങിനെ നിന്നാൽ ഭൃത്യന്മാരിൽ അധമനുമായിത്തീരുന്നതാണ്. 

ഭൃത്യത്വപ്രാപ്തിയെക്കുറിച്ചു ഇനിയും രണ്ടു അഭിപ്രായമുണ്ട്. 1). ആദിത്യകുജമന്ദന്മാരിൽ ഒരുഗ്രഹം മാത്രം ശുഭഗ്രഹദൃഷ്ടിവിഹീനനായി പത്താം ഭാവത്തിൽ നിന്നാൽ നിത്യവൃത്യർത്ഥം ഭൃത്യനായിത്തീരുമെന്നും അങ്ങിനെ മേൽപ്പറഞ്ഞ പാപഗ്രഹങ്ങളിലെ രണ്ടു പാപഗ്രഹങ്ങൾ പത്താം ഭാവത്തിൽ ശുഭഗ്രഹദൃഷ്ടിവിഹീനനായി  നിന്നാൽ ദാസ്യപ്രവൃത്തിയ്ക്കുവേണ്ടി വല്ലവരും വിലയ്ക്കുവാങ്ങുമെന്നും, മൂന്നു പാപഗ്രഹങ്ങളും പത്താം ഭാവത്തിൽ ശുഭഗ്രഹദൃഷ്ടിവിഹീനനായി നിന്നാൽ ഭൃത്യവംശത്തിൽ ജനിയ്ക്കുകയും ഭൃത്യനായിത്തീരുകയും ചെയ്യുമെന്നും ആണ് ഇവർ പറയുന്നത്.  "പൂർവ്വോദ്ദിഷ്ടൈ" എന്നതിനു ഈ അദ്ധ്യായത്തിലെ പതിനാലാം ശ്ലോകത്തിൽ പറഞ്ഞപോലെ എന്നാണ് അർത്ഥമെന്നും കല്പിച്ചിട്ടാണ് ഇവർ ഈ അർത്ഥം പറയുന്നതെന്നും അറിയണം. ഇതാണ് ഒരു അഭിപ്രായം. 2). "പൂർവ്വോദ്ദിഷ്ടൈർവ്വരാധമമദ്ധ്യമാഃ എന്നതിനു, സൂര്യൻ മാത്രം പത്താം ഭാവത്തിൽ ശുഭഗ്രഹദൃഷ്ടിവിഹീനനായി നിന്നാൽ ഭൃത്യശ്രേഷ്ഠനും, ശനിമാത്രം പത്താം ഭാവത്തിൽ ശുഭഗ്രഹദൃഷ്ടിവിഹീനനായി നിന്നാൽ ഭൃത്യന്മാരിൽ അധമനും, ചൊവ്വ മാത്രം പത്താം ഭാവത്തിൽ ശുഭഗ്രഹദൃഷ്ടിവിഹീനനായി നിന്നാൽ മദ്ധ്യമഭൃത്യനുമാകുന്നതാണ് എന്നാണ് അർത്ഥം. ഇതാണ് മറ്റൊരു അഭിപ്രായം. ഈ അഭിപ്രായങ്ങൾക്കു അസാധുത്വമുണ്ടെന്നു മൂലശ്ലോകത്തിന്റെ നില നോക്കിയാൽ തോന്നുന്നതുമില്ലെന്നും അറിയുക.

--------------------------------------------------------
* ധൂമം വ്യതീപാതം പരിവേഷം ഇന്ദ്രചാപം കേതു ഇങ്ങനെ അഞ്ചു ദോഷങ്ങളുണ്ട്. അതിൽ മൂന്നാമത്തേതാണ് പരിവേഷം. ജനനസമയത്തേയ്ക്ക് തല്ക്കാലിച്ചുണ്ടാക്കിയ സൂര്യസ്ഫുടത്തിൽ നാലു രാശിയും 13 തിയ്യതിയും കൂട്ടിയാൽ ധൂമത്തിന്റേയും 12 രാശിയിൽ നിന്ന് ഈ ധൂമത്തെ കളഞ്ഞാൽ അത് വ്യതീപാതത്തിന്റേയും ഈ വ്യതീപാതത്തിൽ ആറു രാശി കൂട്ടിയാൽ പരിവേഷത്തിന്റേയും സ്ഫുടങ്ങളാകുന്നതാണ്. "ധൂമോ വേദഗൃഹൈസ്ത്രയോദശഭിരപ്യംശൈഃ സമേതേ രവൌ സ്യാത്തസ്മിൻ വ്യതീപാതകോവിഗളിതേ ചക്രാദഥാസ്മിൻ യുതേ - ഷൾഭിർഭൈഃ പരിവേഷഃ" എന്ന് പ്രമാണവചനവുമുണ്ട്. 

ബന്ധനം അനുഭവിക്കേണ്ടിവരുന്നതാണ്

വ്യയസുതധനധർമ്മഗൈരസൌമ്യൈ-
ഭവനസമാനനിബന്ധനം വികല്പ്യം
ഭുജഗനിഗളപാശഭൃദ്ദൃഗാണൈർ-
ബ്ബലവദസൌമ്യനിരീക്ഷിതൈശ്ചതദ്വൽ.

സാരം :-

1). ലഗ്നാൽ രണ്ട് അഞ്ച് ഒമ്പത് പന്ത്രണ്ട് എന്നീ നാലുഭാവങ്ങളിലും ബലഹീനന്മാരായ പാപഗ്രഹങ്ങൾ നില്ക്കുകയും ഇവർക്കു ശുഭഗ്രഹങ്ങളുടെ യോഗദൃഷ്ട്യാദികളില്ലാതേയുമിരിയ്ക്കുക; അല്ലെങ്കിൽ 2). ലഗ്നഭാവത്തിനു നല്ല ബലമുണ്ടാവുക ലഗ്നദ്രേക്കാണം സർപ്പദാരിയോ, നിഗള - ചങ്ങല - ധാരിയോ പാശധാരിയോ ആയിരിയ്ക്കുകയും * ഇതിലേയ്ക്കു ബലവാന്മാരായ പാപഗ്രഹങ്ങളുടെ ദൃഷ്ടി ഉണ്ടാവുകയും ചെയ്ക; ജാതകത്തിൽ മേൽകാണിച്ച രണ്ടു യോഗങ്ങളിൽ ഒന്നുണ്ടായാൽ ബന്ധനം അനുഭവിക്കേണ്ടിവരുന്നതാണ്. മേഷാദിരാശികളുടെ സ്വരൂപത്തെ ഒന്നാമദ്ധ്യായത്തിലെ അഞ്ചാം ശ്ലോകം കൊണ്ടു പറഞ്ഞിട്ടുണ്ടല്ലോ. അവയിൽ ലഗ്നരാശിസത്വത്തെ ഏതു പ്രകാരമാണോ ബന്ധിയ്ക്കുമാറുള്ളത്, അതേവിധമുള്ള ബന്ധനമാണ് അനുഭവിയ്ക്കേണ്ടിവരിക എന്നും പറയണം. ഇതിനെ ഒന്നുകൂടി വ്യക്തമാക്കാം. മേടം ഇടവം ധനുവിന്റെ അന്ത്യദ്രേക്കാണം മകരത്തിന്റെ ആദ്യദ്രേക്കാണം ഇവയിലൊന്നാണ് ലഗ്നമെങ്കിൽ പശു മുതലായ നാല്ക്കാലികളെ കെട്ടുന്നതുപോലെ കയറുകൊണ്ടും മിഥുനം കന്നി തുലാം കുംഭം ധനുവിന്റെ ആദ്യത്തെ രണ്ടു ദ്രേക്കാണങ്ങൾ ഇവയിലൊന്നാണു ലഗ്നമെങ്കിൽ ചങ്ങല ആമം ഇത്യാദികളെക്കൊണ്ടും കർക്കടകം ചിങ്ങം മീനം മകരത്തിന്റെ രണ്ടും മൂന്നും ദ്രേക്കാണങ്ങൾ ഇവയിലൊന്നാണു ലഗ്നമെങ്കിൽ കോട്ട, ജയിൽ ഇത്യാദി ദുർഗ്ഗങ്ങളിലും വൃശ്ചികമാണു ലഗ്നമെങ്കിൽ നിലവറ മുതലായി ഭൂമിയുടെ ഉൾഭാഗത്തും ആണ് ബന്ധിയ്ക്കപ്പെടുക എന്നു സാരം.

ലഗ്നം അതിന്റെ നവാംശകം ഇവയിൽ ബലം അധികമുള്ള ചരരാശിയാണെങ്കിൽ തന്റെ ദിക്കിൽ നിന്നു വളരെ അകലെയും, ഉഭയരാശിയിലാണെങ്കിൽ മാർഗ്ഗമദ്ധ്യത്തിങ്കലും, സ്ഥിരരാശിയാണെങ്കിൽ സ്വദേശത്തുമാണ് ബന്ധിയ്ക്കപ്പെടുക എന്നും വിചാരിയ്ക്കാം. മുൻപറഞ്ഞ രണ്ടു യോഗങ്ങളിൽ ഒന്നാമത്തേതിൽ രണ്ടാംഭാവം മുതലായ നാലു സ്ഥാനങ്ങളിൽ നില്ക്കുന്ന പാപഗ്രഹങ്ങളിൽ അധികവിബലൻ രണ്ടിൽ നില്ക്കുന്നവനാണെങ്കിൽ രാജദൂഷണവും, അഞ്ചിൽ നില്ക്കുന്നവനാണ് അധികവിബലനെങ്കിൽ പുത്രനും, ഒമ്പതിൽ നില്ക്കുന്ന പാപഗ്രഹമാണെങ്കിൽ അച്ഛൻ ഗുരു മുതലായവരും, ലഗ്നാൽ പന്ത്രണ്ടിൽ നില്ക്കുന്ന പാപഗ്രഹമാണ് അധികവിബലനെങ്കിൽ കടം, വേശ്യാസ്ത്രീ, ഇവയിലൊന്നും ആണ് ബന്ധനത്തിനു കാരണമെന്നു പറയുകയും ചെയ്യാം.

ലഗ്നാൽ 3 - 5 - 7 - 9 ഇത്യാദി ഭാവങ്ങളെ ലഗ്നസ്ഥാനത്തു കല്പിച്ചു സഹോദരൻ പുത്രൻ ഭാര്യ പിതാവ് ഇത്യാദി സ്വബന്ധുക്കൾക്കും മേൽപ്പറഞ്ഞപ്രകാരം ബന്ധനത്തെ പറയാവുന്നതുമാണ്.

------------------------------------------------

* ദ്രേക്കാണങ്ങളുടെ ആകൃതിയേയും അവയുടെ സർപ്പധാരിത്വാദി വിശേഷങ്ങളേയും പ്രകൃതഗ്രന്ഥത്തിലെ ഇരുപത്തിയഞ്ചാം അദ്ധ്യായംകൊണ്ടു പറയുന്നുണ്ട്. 

ദന്തവൈകൃത്യം, കഷണ്ടി, കണ്ണിനു കാഴ്ചക്കുറവ്, ബഹുരോഗിത്വം, അംഗവൈകല്യം എന്നിവയുടെ ലക്ഷണങ്ങളെ പറയുന്നു

വികൃതദശനഃ പാപൈർദൃഷ്‌ടേ വൃഷാജഹയോദയേ
ഖലതിരശുഭക്ഷേത്രേ ലഗ്നേ ഹയേ വൃഷഭേപി വാ
നവമസുതഗേ പാപൈർദൃഷ്‌ടേ രവാവദൃഢേക്ഷണോ
ദിനകരസുതേ നൈകവ്യാധിഃ കുജേ വികലഃ പുമാൻ.

സാരം :-

മേടം ഇടവം ധനു ഇതിൽ ഒരു രാശി ഉദയലഗ്നമാവുക, ആ ലഗ്നത്തിലേയ്ക്കു പാപഗ്രഹങ്ങൾ നോക്കുകയും ചെയ്ക; ജാതകത്തിൽ ഈ യോഗമുണ്ടായാൽ അയാളുടെ പല്ലിനു വൈകൃത്യമുണ്ടാവുന്നതാണ്.

മേടം ചിങ്ങം വൃശ്ചികം മകരം കുംഭം ധനു ഇടവം എന്നീ ഏഴു രാശികളിൽ ഒന്നു ലഗ്നമാവുക, ഈ ലഗ്നത്തിലേയ്ക്കു പാപഗ്രഹങ്ങളുടെ ദൃഷ്ടി ഉണ്ടാവുകയും ചെയ്ക; ജാതകത്തിൽ ഈ യോഗമുണ്ടായാൽ അയാൾക്കു കഷണ്ടി ഉണ്ടാവുന്നതാണ്.

മേടം ഇടവം ധനു എന്നീ രാശികളിലൊന്ന് ലഗ്നമായി അതിലേയ്ക്ക് പാപഗ്രഹദൃഷ്ടി ഉണ്ടായാൽ കഷണ്ടിയും ദന്തവൈകൃത്യവുമുണ്ടാവുമെന്നും ചിങ്ങം വൃശ്ചികം മകരം കുംഭം ഇതിൽ ഒന്നിൽ ലഗ്നവും അതിലേയ്ക്കു പാപഗ്രഹദൃഷ്ടിയുണ്ടായാൽ കഷണ്ടി മാത്രവുമാണ് ഉണ്ടാവുക എന്നും മുൻപറഞ്ഞതുകൊണ്ടു വന്നുവെന്നും അറിയുക.

ലഗ്നാൽ അഞ്ചാം ഭാവത്തിലോ ഒമ്പതാം ഭാവത്തിലോ പാപഗ്രഹദൃഷ്‌ടനായ സൂര്യൻ നിന്നാൽ കണ്ണുകൾക്കു സൂക്ഷ്മമായി കാണത്തക്ക കാഴ്ച ശക്തി ഉണ്ടാകയില്ല, അഥവാ നേത്രരോഗിയായിത്തീർന്നുവെന്നും വരാം.

ലഗ്നാൽ അഞ്ചാം ഭാവത്തിലോ ഒമ്പതാം ഭാവത്തിലോ പാപഗ്രഹദൃഷ്ടനായ ശനി നിന്നാൽ എല്ലായ്പ്പോഴും പലവിധരോഗങ്ങളെ അനുഭവിക്കേണ്ടി വരുന്നതാണ്.

ലഗ്നാൽ അഞ്ചാം ഭാവത്തിലോ ഒമ്പതാം ഭാവത്തിലോ പാപഗ്രഹദൃഷ്ടനായ ചൊവ്വ നിന്നാൽ അംഗവൈകല്യമുണ്ടാവുകയും ചെയ്യും. 

മൂന്നാം ഭാവത്തിൽ നിൽക്കുന്ന ശുക്രന്റെ ദശാകാലം

തൃതീയരാശിസ്ഥിതശുക്രദായേ
ധൈര്യം മഹോത്സാഹമദീനസത്വം
ചിത്രാംബരാലങ്കരണാഗ്ര്യയാനം
സഹോദരാണാം സകലം ശുഭം ച.

സാരം :-

മൂന്നാം ഭാവത്തിൽ നിൽക്കുന്ന ശുക്രന്റെ ദശാകാലം ധൈര്യവും അത്യുത്സാഹവും ഉറച്ച മനഃസ്ഥിതിയും ഉണ്ടായിരിക്കും. വിശേഷ വസ്ത്രാഭരണങ്ങളും ശ്രേഷ്ഠങ്ങളായ വാഹനങ്ങളും ലഭിക്കും. സഹോദരന്മാർക്ക് എല്ലാ പ്രകാരത്തിലും ശ്രേയസ്സുണ്ടാവുകയും ചെയ്യും.

രണ്ടാം ഭാവത്തിൽ നിൽക്കുന്ന ശുക്രന്റെ ദശാകാലം

ധനഗതശുക്രദശായാം
പ്രബന്ധരചനാം കരോതി ധനലാഭം
അശനസുഖം വാക്പടുതാം
പരോപകാരം നരേശസമ്മാനം.

സാരം :-

രണ്ടാം ഭാവത്തിൽ നിൽക്കുന്ന ശുക്രന്റെ ദശാകാലം ഗദ്യപദ്യാത്മകങ്ങളായ ഗ്രന്ഥങ്ങളെ (കവിതകളെ) നിർമ്മിക്കുക, പലപ്രകാരേണ ധനം ലഭിക്കുക, സുഖഭോജനം, വാക്സാമർത്ഥ്യം, അന്യന്മാർക്ക് ഉപകാരം ചെയ്യുക, രാജാക്കന്മാരിൽനിന്നു സമ്മാനം വാങ്ങുക ഇവയെല്ലാം സംഭവിക്കും.

ലഗ്നത്തിൽ നിൽക്കുന്ന ശുക്രന്റെ ദശാകാലം

ലഗ്നഗതസ്യോശനസഃ
പാകേ നീരോഗതാ നൃപാൽ പൂജാം
മണിഗോദ്യുതിധനകൃഷിസുഖ-
മഹോദ്യമാർത്ഥാൻ പരോപകാരം ച.

സാരം :-

ലഗ്നത്തിൽ നിൽക്കുന്ന ശുക്രന്റെ ദശാകാലം ആരോഗ്യവും രാജസമ്മാനവും രത്നലാഭവും ചതുഷ്പാദ്രവ്യാഭിവൃദ്ധിയും കാന്തിയും ധനവും കൃഷിയും സുഖവും ഏറ്റവും ഉത്സാഹവും കാര്യസിദ്ധിയും പരോപകാരശീലവും ഫലമാകുന്നു.

പുരുഷന്റെ താടി

താഴത്തെച്ചുണ്ടിന്റെ അടിവശം കുഴിഞ്ഞും മാംസളമായും രോഗാവൃതമായുമിരിക്കുന്ന പുരുഷന്റെ താടി ശുഭലക്ഷണമാണ്. ഇതിന്റെ മദ്ധ്യഭാഗത്തുമാത്രമേ രോമാവലിയുള്ളുവെങ്കിലവൻ ദരിദ്രനാകുന്നു.

നീണ്ടതാടിയുള്ള പുരുഷൻ കലാകാരനാകുന്നു. വട്ടത്താടി വ്യഭിചാരലക്ഷണമാകുന്നു.

പരന്നതും എന്നാൽ മാംസളവുമായ താടിയുള്ളവൻ ധനികനായിരിക്കും.

ഇടവും വലവും അസ്ഥികൾ മുഴച്ചുകാണുന്ന താടിയുള്ളവൻ ദുഷ്ടനും ധനികനുമായിരിക്കും.

താടിയുടെ നടുവിൽ ചുഴി യുള്ളവൻ ധർമ്മിഷ്ഠനും വാചാലനുമാകുന്നു.

നീണ്ട് മേലോട്ടുയർന്നു നില്ക്കുന്ന താടിയോടുകൂടിയവൻ കലാകാരനും ദരിദ്രനുമാകുന്നു. 

സ്ത്രീയുടെ താടി

വായടയ്ക്കുമ്പോൾ താഴത്തെ ചുണ്ടിന്റെ അടിവശം കുഴിഞ്ഞും താടിയെല്ലുകൾ മുഴച്ചുകാണാതേയും മാംസളമായിരിക്കുന്ന താടിയോടു കൂടിയവൾ ഉത്തമിയും ശരീരസൗഖ്യമുള്ളവളും ധനസ്ഥിതിയുള്ളവളുമാകുന്നു.

അപ്രകാരമുള്ള താടി അല്പം നീണ്ടിരിക്കുന്നവൾ അടക്കമില്ലാത്തവളും പുരുഷന്മാരെ ഭരിക്കുവാൻ പ്രാപ്തയുമായിരിക്കും.

ചുണ്ടിന്റെ അടിവശം കുഴിവില്ലാതെ താടിയുള്ളവൾ ഭർത്താവിനോടു സ്നേഹമുള്ളവളും പുത്രഭാഗ്യമുള്ളവളുമായിരിക്കും.

രണ്ടുവശവും തടിച്ച താടിയുള്ളവൾ വ്യഭിചാരിണിയും ദരിദ്രയുമാകുന്നു.

മുൻവശം പരന്ന താടിയോടുകൂടിയ സ്ത്രീ നിത്യദാരിദ്രമനുഭവിക്കുന്നതാകുന്നു.

കീഴോട്ടു തൂങ്ങിയ താടിയുള്ളവൾ പുരുഷന്മാരെ വകവയ്ക്കാത്തവളും കള്ളിയുമായിരിക്കും. 

ദാസത്വം അനുഭവിപ്പാനുള്ള യോഗലക്ഷണങ്ങൾ

രാശ്യംശപോഷ്ണകരശീതകരാമരേഡ്യൈർ-
ന്നീചാധിപാംശകഗതൈരരിഭാഗഗൈർവ്വാ
ഏഭ്യോല്പമദ്ധ്യബഹുഭിഃ ക്രമശഃ പ്രസൂതാ
ജ്ഞേയാഃ സ്യുരഭ്യുപഗമക്രയഗർഭദാസാഃ.

സാരം :-

1). ലഗ്നാധിപൻ, 2). ലഗ്നനവാംശകാധിപൻ, 3). സൂര്യൻ, 4). ചന്ദ്രൻ, 5). വ്യാഴം - ഈ അഞ്ചു ഗ്രഹങ്ങൾക്കും അവരവരുടെ ശത്രുക്ഷേത്രത്തിൽ നവാംശകം വരികയോ അല്ലെങ്കിൽ ആ അഞ്ചു ഗ്രഹങ്ങളുടേയും നവാംശകാധിപന്മാർ അവരവരുടെ നീചരാശ്യധിപന്മാരാവുകയോ സൂര്യനെക്കുറിച്ചാണ് ചിന്തിയ്ക്കുന്നതെങ്കിൽ (സൂര്യന്റെ നവാംശകാധിപൻ ശുക്രനാവുക എന്നു സാരം) ചെയ്ക; ജാതകത്തിൽ ഈ യോഗമുണ്ടായാൽ അയാൾ ദാസത്വം അനുഭവിയ്ക്കേണ്ടി വരുന്നതാകുന്നു.

മേൽകാണിച്ച അഞ്ചു ഗ്രഹങ്ങളിൽ ഒന്നോ രണ്ടോ ഗ്രഹങ്ങൾ മേൽപറഞ്ഞ വിധം - ശത്രുക്ഷേത്രനവാംശകത്തിലോ നീചരാശ്യധിപനവാംശകത്തിലോ - നിന്നാൽ അയാൾ സ്വതവേ ദാസനല്ലെങ്കിലും ഉപജീവനാർത്ഥം ദാസ്യവൃത്തിയെ സ്വീകരിക്കുകയാൽ ദാസനാവും. മൂന്നോ  നാലോ ഗ്രഹങ്ങൾ അതേവിധം നിന്നാൽ അയാളെ ആരെങ്കിലും ദാസ്യവൃത്തിയ്ക്കു വേണ്ടി വിലയ്ക്കു വാങ്ങും. അഞ്ചു ഗ്രഹങ്ങളും മുൻപറഞ്ഞവിധം നിന്നാൽ അയാളും അയാളുടെ അച്ഛൻ അമ്മ മുതലായ പൂർവ്വികന്മാർ കൂടിയും ദാസന്മാരും ദാസവംശ്യന്മാരുമാണെന്നും പറയുകയും വേണം. 

വാതരോഗിയായിത്തീരുന്നതാണ് / ഭ്രാന്തുപിടിക്കുമെന്നറിയണം

സംസ്പൃഷ്ടഃ പവനേന മന്ദയുതേ
ദ്യൂനേ വിലഗ്നേ ഗുരൌ
സോന്മാദോവനിജേ സ്ഥിതേസ്തഭവനേ
ജീവേ വിലഗ്നാശ്രിതേ
തദ്വൽ സൂര്യസുതോദയേƒവനിസുതേ
ധർമ്മാത്മജദ്യൂനഗേ
ജാതോ വാ സസഹസ്രരശ്മിതനയേ
ക്ഷീണേ വ്യയേ ശീതഗൌ.

സാരം :-

ഉദയലഗ്നത്തിൽ വ്യാഴവും ലഗ്നാൽ ഏഴാം ഭാവത്തിൽ ശനിയും നില്ക്കുന്ന സമയത്താണ് ജനിച്ചതെങ്കിൽ അയാൾ വാതരോഗിയായിത്തീരുന്നതാണ്.

1). ലഗ്നത്തിൽ വ്യാഴവും ലഗ്നാൽ ഏഴാം ഭാവത്തിൽ ചൊവ്വയും നില്ക്കുക; 2). ലഗ്നത്തിൽ ശനിയും ലഗ്നാൽ അഞ്ചാം ഭാവത്തിലോ ഏഴാം ഭാവത്തിലോ ഒമ്പതാം ഭാവത്തിലോ ചൊവ്വയും  നില്ക്കുക; 3). ക്ഷീണനായ ചന്ദ്രൻ ശനിയോടുകൂടി ലഗ്നാൽ പന്ത്രണ്ടാം ഭാവത്തിൽ നില്ക്കുക; ജനനസമയത്തു മേൽകാണിച്ച മൂന്നു യോഗങ്ങളിൽ ഒന്നുണ്ടായാൽ അയാൾക്കു ഭ്രാന്തുപിടിക്കുമെന്നറിയണം.

അഞ്ചാം ഭാവത്തിലോ ഒമ്പതാം ഭാവത്തിലോ നിൽക്കുന്ന ശുക്രന്റെ ദശാകാലം

ത്രികോണസ്ഥാനഗശ്ശുക്രഃ കരോതി നൃപസൽക്കൃതിം
യജ്ഞകർമ്മസുഖം കാർത്തിം ഗുരോഃ പിത്രോശ്ച ശോഭനം.

സാരം :-

അഞ്ചാം ഭാവത്തിലോ ഒമ്പതാം ഭാവത്തിലോ നിൽക്കുന്ന ശുക്രന്റെ ദശാകാലം രാജസമ്മാനവും യാഗാദിപുണ്യകർമ്മാനുഷ്ഠാനവും സുഖവും കീർത്തിയും ലഭിക്കുകയും ഗുരുജനങ്ങൾക്കും മാതാപിതാക്കന്മാർക്കും ശുഭപ്രാപ്തിയും ഫലമാകുന്നു.

അഞ്ചാം ഭാവത്തിൽ നിൽക്കുന്ന ശുക്രന്റെ ദശാകാലം

ത്രികോണസംസ്ഥസ്യ ഭൃഗോർദശായാം
വിദ്യാധനപ്രാപ്തിനരേന്ദ്രപൂജാം
പ്രവാളമുക്താമണിശംഖശുക്തി-
ഗോഭൂമിയാനാംബരലാഭമേതി.

സാരം :-

അഞ്ചാം ഭാവത്തിൽ നിൽക്കുന്ന ശുക്രന്റെ ദശാകാലം വിദ്യയും ധനവും ഉണ്ടാകും. രാജക്കന്മാരിൽ നിന്നു സൽക്കാരങ്ങളും സമ്പത്തും ലഭിക്കും. പവിഴം മുത്തുമണി, ശംഖ് മുതലായ രത്നങ്ങളും പശുക്കളും ഭൂമിയും വാഹങ്ങളും വസ്ത്രങ്ങളും ലഭിക്കും.

ലഗ്നത്തിലോ നാലാം ഭാവത്തിലോ ഏഴാം ഭാവത്തിലോ പത്താം ഭാവത്തിലോ നിൽക്കുന്ന ശുക്രന്റെ ദശാകാലം

കേന്ദ്രം ഗതസ്യ ഹി ദശാ ഭൃഗുനന്ദനസ്യ
യാനാംബരദ്യുതിവിഭൂഷണവിത്തഭോഗാൻ
രാജ്യാർത്ഥലാഭകൃഷിവാഹനശസ്ത്രശൈല-
ദുർഗ്ഗാധിയാനവനവാസജലാവഗാഹം.

സാരം :-

ലഗ്നത്തിലോ നാലാം ഭാവത്തിലോ ഏഴാം ഭാവത്തിലോ പത്താം ഭാവത്തിലോ നിൽക്കുന്ന ശുക്രന്റെ ദശാകാലം വിദേശഗമനവും വസ്ത്രലാഭവും കാന്തിയും ആഭരണങ്ങളും ധനവും ഭോഗസുഖവും രാജ്യലാഭവും കാര്യസിദ്ധിയും കൃഷിഗുണവും ഗജതുരഗാദിവാഹനങ്ങളും ലഭിക്കുകയും ശസ്ത്രപ്രയോഗവും വനപർവ്വതാദിദുർഗ്ഗമപ്രദേശങ്ങളിൽ ഗമനവും ജലമജ്ജനവും അഥവാ തീർത്ഥസ്നാനപുണ്യങ്ങളും സംഭവിക്കുകയും ചെയ്യും.

പുരുഷന്റെ വായ്‌

വായ്‌പൊളിച്ചാലൊറ്റ നോട്ടത്തിൽ താമരപ്പൂ പോലെ ശോഭയുള്ളവൻ സുഖിമാനും ധനികനും വാചാലനുമാകുന്നു.

കറുത്ത നിറമാണ് വായ്ക്കുള്ളതെങ്കിലവൻ അധാർമ്മികനും ദരിദ്രനുമായിരിക്കും.

കടകളകന്നതും വീതികുറഞ്ഞതുമായ വായുള്ള പുരുഷൻ ദരിദ്രനാകുന്നു.

വായ്ക്ക് താമരപ്പൂവിന്റെ മണമുളളവൻ സുഖിമാനും ധനികനും എന്നാൽ വ്യഭിചാരകനുമാകുന്നു.

ഉപ്പുമണമുള്ള വായോടുകൂടിയ പുരുഷൻ ദരിദ്രനും സഹൃദയനുമായിരിക്കും. 

സ്ത്രീയുടെ വായ്‌

ചുണ്ടും നാക്കും പല്ലും ലക്ഷണയുക്തമായിട്ടുള്ളതും തുറന്നാൽ ഒറ്റനോട്ടത്തിൽ വിടർന്ന താമരപ്പൂപോലെ തോന്നുന്നതും താമരപ്പൂവിന്റെ സുഗന്ധമുള്ളതുമായ വായുള്ളവൾ ഉത്തമിയും സുശീലയും ധനികയുമാകുന്നു.

ഇത്തരം വായിൽ ഉപ്പിന്റെ ഗന്ധമാണുള്ളതെങ്കിൽ അവൾ ദരിദ്രയും വിധവയും ആകുന്നു.

വായ്‌ തുറന്നാൽ ഇരുണ്ടനിറവും മത്സ്യത്തിന്റെയോ മൂത്രത്തിന്റെയോ മണവുമുണ്ടെങ്കിൽ അവൾ വ്യഭിചാരിണിയും ദരിദ്രയുമായിരിക്കും.

വലിയ വായുള്ളവൾ ദരിദ്രയും സംഭാഷണപ്രിയയും കലഹപ്രിയയുമായിരിക്കും.

ചെറിയ വായുള്ളവൾ വിദ്യാസമ്പന്നയും ബുദ്ധിമതിയുമാകുന്നു. നീണ്ടവായ്‌ ദാരിദ്രലക്ഷണം. 

പിശാചാവേശം / കണ്ണിനു കാഴ്ച ഉണ്ടാവുകയില്ല

ഉദയത്യുഡുപേƒസുരാസ്യഗേ
സപിശാചോƒശുഭയോസ്ത്രികോണയോഃ
സോപപ്ലവമണ്ഡലേ രവാ-
വുദയസ്ഥേ നയനാപവർജ്ജിതഃ

സാരം :-

ജനനം ചന്ദ്രഗ്രഹണസമയത്താവുക; ഉദയലഗ്നത്തിൽ ചന്ദ്രനും ലഗ്നാൽ അഞ്ചും ഒമ്പതും ഭാവങ്ങളിൽ ഓരോ പാപഗ്രഹവും നില്ക്കുകയും ചെയ്ക; ജാതകത്തിൽ ഈ യോഗമുണ്ടായാൽ അയാൾക്കു പിശാചുബാധ എല്ക്കും. അല്ലെങ്കിൽ പിശാചുകളുടെ സ്വഭാവംപോലെയുള്ള സ്വഭാവത്തോടുകൂടിയവനാവും.

ജനനം സൂര്യഗ്രഹണസമയത്താവുക; ലഗ്നത്തിൽ സൂര്യനും അഞ്ചും ഒമ്പതും ഭാവങ്ങളിൽ ഓരോ പാപഗ്രഹവും നില്ക്കുകയും ചെയ്ക; ഈ യോഗസമയത്താണ് ജനനമെങ്കിൽ അയാളുടെ രണ്ടു കണ്ണിനും തീരെ കാഴ്ച ഉണ്ടാവുകയില്ല. 

ചെവി കേൾക്കാതേയാവുമെന്നും പറയുക /--- പല്ലിന്റെ വൈകൃതത്തെക്കുറിച്ച് പറയുക

നവമായതൃതീയധീയുതാ
ന ച സൌമ്യൈരശുഭാ നിരീക്ഷിതാഃ
നിയമാച്ഛ്രവണോപഘാതദാ
രദവൈകൃത്യകരാശ്ച സപ്തമേ.

സാരം :-

ലഗ്നാൽ മൂന്ന് അഞ്ച് ഒമ്പത് പതിനൊന്ന് എന്നീ നാലു ഭാവങ്ങളിലും ശുഭഗ്രഹദൃഷ്ടിയോടുകൂടാത്തവരായ പാപഗ്രഹങ്ങൾ നിന്നാൽ അയാളുടെ രണ്ടു ചെവിയും കേൾക്കാതേയാവുമെന്നും പറയുക. മേൽപ്രകാരം ശുഭഗ്രഹദൃഷ്ടിയോടും കൂടാതെ പാപഗ്രഹങ്ങൾ മൂന്നും ഒമ്പതും ഭാവങ്ങളിൽ മാത്രമാണെങ്കിൽ വലത്തെ ചെവിയും അഞ്ചും പതിനൊന്നും ഭാവങ്ങളിൽ മാത്രമാണെങ്കിൽ ഇടത്തെ ചെവിയുമാണ് നശിയ്ക്കുക എന്നും മറ്റും ചിന്തിച്ചു പറയുകയും ചെയ്യാം. ഈ യുക്തി അഞ്ചാമദ്ധ്യായത്തിലെ ഇരുപത്തിനാലാം ശ്ലോകംകൊണ്ടു പറഞ്ഞ അംഗന്യാസവിധികൊണ്ടു സിദ്ധിച്ചിട്ടുള്ളതുമാണ്.

ലഗ്നാൽ ഏഴാം ഭാവത്തിൽ ശുഭദൃഷ്ടിയോടുകൂടാത്ത പാപഗ്രഹങ്ങൾ പല്ലുകൾക്ക്, എന്തെങ്കിലുമൊരു വൈകൃത്യമുണ്ടായിരിയ്ക്കുന്നതാണ്. ഏഴാം ഭാവത്തിനു ശുഭയോഗമോ ദൃഷ്ടിയോ ആണ് ഉള്ളതെങ്കിൽ പല്ലിന്നു ഭംഗി മുതലായ ഗുണങ്ങളുണ്ടാവുമെന്നും പറയാം. പ്രായേണ മുഖത്തെസ്സംബന്ധിച്ച ഗുണദോഷങ്ങളെ ചിന്തിയ്ക്കേണ്ടതു ഏഴാംഭാവംകൊണ്ടാണെന്നു മേൽപറഞ്ഞുകൊണ്ടു ആചാര്യൻ ഇവിടെ സൂചിപ്പിച്ചിട്ടുണ്ടെന്നും അറിയുക. 

സ്വക്ഷേത്രത്തിൽ നിൽക്കുന്ന ശുക്രന്റെ ദശാകാലം

സ്വഗൃഹഗതഭൃഗുജദായേ
ലഭതേ സ്ത്രീപുത്രമിത്രധനശൌര്യം
നിത്യോത്സാഹസുഖോദയ-
പരോപകാരക്രിയാമഹത്ത്വം ച.

സാരം :-

സ്വക്ഷേത്രത്തിൽ നിൽക്കുന്ന ശുക്രന്റെ ദശാകാലം ഭാര്യയും പുത്രനും ബന്ധുവും ധനവും ശൌര്യവും ഉണ്ടാകുകയും എപ്പോഴും ഉത്സാഹവും സുഖവും ഏറിയിരിക്കുകയും അഭിവൃദ്ധിയും പരോപകാരബുദ്ധിയും സമ്പത്തും പ്രവൃത്തികളിൽ വിജയവും ലഭിക്കുകയും ചെയ്യും.

മൂലത്രികോണരാശിയിൽ നിൽക്കുന്ന ശുക്രന്റെ ദശാകാലം

മൂലത്രികോണസംസ്ഥിത-
ശുക്രദശായാം മഹാധിപത്യം ച
ക്രയവിക്രയേഷു ധാർഷ്ട്യം
ലഭതി യശോർത്ഥം വിധിജ്ഞതാം വീര്യം.

സാരം :-

മൂലത്രികോണരാശിയിൽ നിൽക്കുന്ന ശുക്രന്റെ ദശാകാലം മഹത്തായ അധികാരസിദ്ധിയും ക്രയവിക്രയകാര്യങ്ങളിൽ സാമർത്ഥ്യവും യശസ്സും ധനവും വീര്യവും ലഭിക്കുകയും വിധിജ്ഞനാകയും ചെയ്യും.

അവരോഹിണിയായ ശുക്രന്റെ ദശാകാലം

ഭൃഗോസ്സുതസ്യാപ്യവരോഹകാലേ
പ്രചണ്ഡവേശ്യാഗമനം ച
സ്ത്രീപുത്രബന്ധ്വാർത്തിമനോവികാരം
ഹൃച്ശൂലരോഗം മദനാർത്തിമേതി.

സാരം :-

അവരോഹിണിയായ ശുക്രന്റെ ദശാകാലം വേശ്യാസംഗമവും ധനലാഭവും ഭാര്യാപുത്രാദിബന്ധുക്കൾക്ക് ദുഃഖവും മനോവികാരവും ഹൃദ്രോഗവും ഉദരരോഗവും കാമവികാരവും സംഭവിക്കും.

പുരുഷന്റെ നാക്ക്

അഗ്രഭാഗം വീതികുറഞ്ഞതും കനംകുറഞ്ഞതും ഇളം ചുവപ്പുനിറമുള്ളതുമായ നാക്ക് ശുഭകരമായിരിക്കും.

വീതിയും കനവുമുള്ള നാക്ക് കാമചാരിയുടെ ലക്ഷണമാകുന്നു.

തടിച്ചതും. വീതികുറഞ്ഞതും കറുപ്പുനിറവുമുള്ള നാക്കോടുകൂടിയ പുരുഷൻ ഗർവ്വിഷ്ഠനായിരിക്കും.

നടുക്ക് മൂന്നുവരകളും ഇളംചുവപ്പും നിറവും കനം കുറഞ്ഞതും അഗ്രഭാഗം കൂർത്തതുമായ നാക്കോടുകൂടിയവൻ പ്രാസംഗികനും കവിയുമാകുന്നു.

നാക്കിൽ പരുപരുപ്പില്ലാത്തവൻ പറഞ്ഞാലനുസരിക്കാത്തവനാണ്.

നീളംകൂടിയതും കനംകുറഞ്ഞതുമായ നാക്കുള്ളവൻ ധനികനും അധാർമ്മികനുമാകുന്നു. 

സ്ത്രീയുടെ നാക്ക്

ഇളം ചുവപ്പുനിറത്തോടുകൂടിയതും കനം കുറഞ്ഞതും അഗ്രഭാഗം വീതികുറഞ്ഞതുമായ നാക്ക് ഐശ്വര്യവതിയായ സ്ത്രീയുടേതാണ്. ഇവൾ ധനികയും വിദ്യാസമ്പന്നയുമാകുന്നു.

ഇത്തരം നാക്കിൽ നെടുകെ മൂന്നു വരയുണ്ടെകിൽ അവൾ രാജ്യം ഭരിക്കാൻ പ്രാപ്തിയുള്ളവളും സുഖലോലുപയുമാകുന്നു.

ഇളംമഞ്ഞ നിറത്തിൽ നാക്കുള്ളവൾ കഠിനഹൃദയയും വ്യഭിചാരിണിയുമാകുന്നു.

കരിനാക്കുള്ളവൾ കലഹപ്രിയയും കള്ളിയും അഹങ്കാരിണിയുമായിരിക്കും.

നാക്ക് വീതികുറഞ്ഞ് തടിച്ചിരിക്കുന്നവൾ ദരിദ്രയാണെങ്കിലും സഹൃദയത്വമുള്ളവളാകുന്നു.

അഗ്രം നല്ലവണ്ണം കൂർത്ത നാക്കുള്ളവൻ കലാകോവിദയും വ്യഭിചാരിണിയുമായിരിക്കും. 

കണ്ണിന്റെ അനിഷ്ടലക്ഷണഫലങ്ങൾ

നിധനാരിധനവ്യയസ്ഥിതാ
രവിചന്ദ്രാരയമാ യഥാ തഥാ
ബലവദ് ഗ്രഹദോഷകാരണാ-
ന്മനുജാനാം ജനയന്ത്ര്യനേത്രതാം.

സാരം :-

സൂര്യൻ ചന്ദ്രൻ ചൊവ്വ ശനി എന്നീ നാലു ഗ്രഹങ്ങൾ ലഗ്നാൽ എട്ട് ആറ് രണ്ട് പന്ത്രണ്ട് എന്നീ നാലു ഭാവങ്ങളിൽ നില്ക്കുക (ഇവിടെ നില്ക്കുന്നതിനു ക്രമമൊന്നും വേണമെന്നില്ല. മേൽപറഞ്ഞ നാലു ഗ്രഹങ്ങൾ മേൽപറഞ്ഞ നാലു ഭാവങ്ങളിലും നില്ക്കണമെന്നേ ഉള്ളൂ) എന്നാൽ ഇവരിൽവെച്ചു ഏതേതു ഗ്രഹങ്ങൾക്കൊക്കെയാണോ അധികം ബലമുള്ളത്, * വാതപിത്തകഫങ്ങളിൽ ഈ ബലവാന്മാരുടെ ദോഷകോപം നിമിത്തമായി, ഇവരുടെ ദശാപഹാരാദി കാലങ്ങളിൽ കണ്ണുകൾ പോകുമെന്നും പറയേണ്ടതാണ്. മേൽപറഞ്ഞ സൂര്യാദി നാലു ഗ്രഹങ്ങൾ ആറും പന്ത്രണ്ടും ഭാവങ്ങളിൽ മാത്രം നിന്നാൽ ഇടത്തെ കണ്ണും രണ്ടും എട്ടും ഭാവങ്ങളിൽ മാത്രം നിന്നാൽ വലത്തെ കണ്ണും ആണ് നശിക്കുക എന്നും മറ്റും യുക്തിയുക്തമായി ഇവിടെ ചിന്തിയ്ക്കുകയും ചെയ്യാം. സൂര്യകുജന്മാർക്കു പിത്തിന്റെയും ചന്ദ്രശുക്രന്മാർക്കു കഫവാതങ്ങളുടേയും വ്യാഴത്തിനു കഫത്തിന്റേയും ശനിയ്ക്കു വാതത്തിന്റേയും ബുധനു വാതപിത്തകഫങ്ങൾ മൂന്നിന്റേയും ആണ് ആധിപത്യമുള്ളതെന്ന് മുൻ രണ്ടാം അദ്ധ്യായത്തിലെ എട്ടു മുതൽ നാലു ശ്ലോകംകൊണ്ട് പറഞ്ഞിട്ടുണ്ട്.

----------------------------------
* ഗ്രഹങ്ങളുടെ ബലം രണ്ടാം അദ്ധ്യായത്തിലെ പതിനേഴു മുതൽ മൂന്നു ശ്ലോകംകൊണ്ട് പറഞ്ഞിട്ടുണ്ട്. 

കുഷ്ഠരോഗിയായിത്തീരുന്നതാണ്

ചന്ദ്രേƒശ്വിമദ്ധ്യഝഷകർക്കിമൃഗാജഭാഗേ
കുഷ്ഠീ സമന്ദരുധിരേ തദവേക്ഷിതേ വാ
യാതൈസ്ത്രികോണമളികർക്കിവൃഷൈർമൃഗേ ച
കുഷ്ഠ്യേവ പാപസഹിതൈരവലോകിതൈർവ്വാ.

സാരം :-

ചന്ദ്രൻ ധനുരാശിയുടെ മദ്ധ്യദ്രേക്കാണത്തിലോ അല്ലെങ്കിൽ മീനക്കാലോ കർക്കടകക്കാലോ മകരക്കാലോ മേടക്കാലോ അംശകമായിട്ടോ നില്ക്കുകയും ഈ ചന്ദ്രനു കുജമന്ദന്മാരിൽ ഒരു ഗ്രഹത്തിന്റെ യോഗമോ ദൃഷ്ടിയോ ഉണ്ടാവുകയും ചെയ്ക; ഈ യോഗലക്ഷണമുള്ളപ്പോൾ ജനിച്ചവൻ കുഷ്ഠരോഗിയായിത്തീരുന്നതാണ്.

ഇടവം, കർക്കടകം വൃശ്ചികം മകരം എന്നീ നാലു രാശികളിൽ ഒന്നു ലഗ്നാൽ അഞ്ചാംഭാവമോ ഒമ്പതാംഭാവമോ ആയി വരികയും അതിനു പാപഗ്രഹത്തിന്റെ യോഗമോ ദൃഷ്ടിയോ ഉണ്ടാവുകയും ചെയ്ക; ഈ യോഗലക്ഷണമുള്ളപ്പോൾ ജനിച്ചാലും കുഷ്ഠരോഗിയായിത്തീരുന്നതാണ്.

ആരോഹിണിയായ ശുക്രന്റെ ദശാകാലം

ആരോഹിണീ ശുക്രദശാ പ്രപന്നാ
ധാന്യാംബരാലംകൃതികാന്തിപൂജാം
പ്രവൃത്തിസിദ്ധിം സ്വജനൈർവ്വിരോധം
മാത്രാദിനാശം പരദാരസംഗം.

സാരം :-

ആരോഹിണിയായ ശുക്രന്റെ ദശാകാലം ധാന്യങ്ങളും വസ്ത്രങ്ങളും അലങ്കാരങ്ങളും കാന്തിയും സൽക്കാരങ്ങളും ലഭിക്കുകയും ചെയ്യുന്ന തൊഴിലിന് ഫലപ്രാപ്തിയും മറ്റ് ഗുണങ്ങളും ബന്ധുക്കളുടെ വിരോധവും മാതാവിനോ മാതൃതുല്യകൾക്കോ നാശവും പരസ്ത്രീസംഗമവും മറ്റും ദോഷങ്ങളുമുണ്ടാകും.

അതിശത്രുക്ഷേത്രത്തിൽ നിൽക്കുന്ന ശുക്രന്റെ ദശാകാലം

അത്യരിക്ഷേത്രഗസ്യാച്ഛദശാ ദാരാർത്ഥപുത്രഹൃൽ
നേത്രരുഗ് ഗ്രഹണീഗുല്മദേഹാരിഷ്ടപ്രവാസകൃൽ.

സാരം :-

അതിശത്രുക്ഷേത്രത്തിൽ നിൽക്കുന്ന ശുക്രന്റെ ദശാകാലം ധനത്തിനും ഭാര്യാപുത്രാദികൾക്കും ഹാനിയും നേത്രരോഗം, ഗ്രഹണി, ഗുന്മം, മുതലായ രോഗങ്ങളെക്കൊണ്ടു ദേഹാരിഷ്ടയും അന്യദേശവാസവും സംഭവിക്കും.

ശത്രുക്ഷേത്രത്തിൽ നിൽക്കുന്ന ശുക്രന്റെ ദശാകാലം

ശത്രുക്ഷേത്രദശായാം
ശുക്രസ്യ സുതാർത്ഥദാരഹാനിസ്സ്യാൽ
ഭൂപതികോപരുജാർത്തിഃ
ക്ലേശം രിപുചോരജന്യമഘർമ്മ.

സാരം :-

ശത്രുക്ഷേത്രത്തിൽ നിൽക്കുന്ന ശുക്രന്റെ ദശാകാലം ധനത്തിനും പുത്രനും ഭാര്യയ്ക്കും ഹാനിയും രാജകോപവും രോഗദുഃഖാദ്യരിഷ്ടയും ശത്രുക്കളിൽ നിന്നും കള്ളന്മാരിൽ നിന്നും ഉപദ്രവവും പാപകർമ്മവും ആശൌചകർമ്മാനുഭവവും ഫലമാകുന്നു.

പുരുഷന്റെ പല്ല്

താഴെയും മുകളിലും പതിനാറുവീതം കുടമുല്ലമൊട്ടിന്റെ മുഴുപ്പിൽ ഏറ്റക്കുറച്ചിലില്ലാതെ പരന്ന പല്ലുകളോടുകൂടിയ പുരുഷൻ ബലവാനും സംതൃപ്തനുമാകുന്നു.

ഇത്തരം പല്ലുകളുടെ ഇട ചുവന്ന മാംസംകൊണ്ടാവൃതമാണെങ്കിലവൻ ധനികനും തേൻ നിറമുള്ള മാംസമാണെങ്കിൽ സ്ത്രീജിതനുമാകുന്നു.

ഈ മാതിരി പല്ലുകളുടെ ഇട അല്പം അകന്നിരിക്കുന്ന പുരുഷൻ ധർമ്മനിരതനും സ്ഫുടമായി സംസാരിക്കുന്നവനുമാകുന്നു.

മുൻവശത്തെ രണ്ടുപല്ലുകൾ മാത്രം അകന്നിരുന്നാൽ അവൻ സുഖിമാനും അധികാരസമ്പന്നനും സൗശീലമുള്ളവനുമായിരിക്കും.

മുൻവശം താഴെയും മുകളിലും ഈരണ്ടു പല്ലുകളകന്നിരിയ്ക്കുന്നവൻ ഗവണ്‍മെന്റു ഉദ്യോഗമുള്ളവനും അധികാരദുർമ്മോഹിയുമാകുന്നു.

അണപ്പല്ലുകളൊഴികെ ബാക്കി പല്ലുകളകന്നും രണ്ടുവരിയിലും പതിനാലുവീതം പല്ലുകളുള്ള പുരുഷൻ അഹങ്കാരിയും ദുർബ്ബലനുമാകുന്നു.

വീതികൂടിയതും ഇളം ചുവപ്പുനിറമുള്ളതുമായ പല്ലുകൾ കാമചാരിയുടെ ലക്ഷണമാണ്. ഇതു കറുത്തിരുന്നാലവൻ കള്ളനും അധികപ്രസംഗിയുമാകുന്നു.

നീളം കുറഞ്ഞതും ഇരുണ്ടതുമായ പല്ലുള്ളവൻ ധനികനാകുന്നു.

മുൻവശം മുകളിൽ രണ്ടു തേറ്റപ്പല്ലുണ്ടെങ്കിലാ പുരുഷൻ ദുഷ്ടനും ധനികനും ധർമ്മവിലോപനുമാകുന്നു.

രണ്ടുവരിയിലും മുൻവശത്തെ നന്നാലു പല്ലുകൾ വെളിയിൽ നീണ്ടിരുന്നാലവൻ അവിവേകിയാകുന്നു.

കോന്തംപല്ലുകളോ ഇടംപല്ലുകളോ ഉള്ള പുരുഷൻ ഗർവ്വിഷ്ഠനും ധനികനുമായിരിക്കും. 

സ്ത്രീയുടെ പല്ല്

കുടമുല്ലമൊട്ടിന്റെ വലിപ്പത്തിൽ പരന്ന്, ഏറ്റക്കുറച്ചിലില്ലാതെയും പരന്ന മാംസഭാഗത്താൽ അരികുമൂടിയും നിൽക്കുന്ന പല്ലുള്ളവൾ അഹങ്കാരമില്ലാത്തവളും ധനികയും ഭർത്തൃഭക്തിയുള്ളവളുമാകുന്നു.

ഈ മാതിരി പല്ല് മുഴുവൻ വീതികൂടിയതാണെങ്കിൽ അവൾ വ്യഭിചാരിണിയാകുന്നു.

ഇത്തരം പല്ല് നേരെ രണ്ടെണ്ണം മാത്രം വീതികൂടിയിരുന്നാലവൾ വിദ്യാസമ്പന്നയും ധനികയുമാകുന്നു.

ഈ ജാതിയുള്ള പല്ല് ഇളംമഞ്ഞനിറമുള്ളതായിരുന്നാലവൾ ധനികയും ഭർത്തൃസുഖം കുറഞ്ഞവളുമായിരിക്കും.

മുകളിലത്തെ നിരയിലുള്ള പല്ല് അകൽച്ചകൂടാതെ ഭംഗിയായും താഴത്തെ നിരയിലുള്ളവ അല്പം അകന്നുമിരിക്കുന്നവൾ വിദ്യാഭ്യാസരംഗത്ത് അധികാരമുള്ള ഉദ്യോഗം ഭരിക്കുന്നവളും പൊതുജനസമ്മതിയാർജ്ജിക്കുന്നവളുമായിരിക്കും.

താഴത്തെ വരി പല്ല് നിരപ്പായ മുകളിലത്തെ വാരി പല്ല് അകന്നുമിരിക്കുന്നവൾ ധനികയും, ലുബ്ധയും പുത്രദുഃഖമനുഭവിക്കുന്നവളും ധർമ്മം കൊടുക്കാത്തവളുമാകുന്നു.

രണ്ടുനിരകളിലും ഇടംപല്ലുള്ള സ്ത്രീ സുശീലയും എന്നാൽ ലുബ്ധയും ഭർത്തൃസുഖം കുറഞ്ഞവളും അധികം സന്താനങ്ങളുള്ളവളുമാകുന്നു.

മുകളിലത്തെ നിരയിൽ മുൻവശത്ത് നാലുപല്ലുകൾ കഴിഞ്ഞ് രണ്ടുവശവും തേറ്റപോലെ അല്പം നീണ്ട പല്ലുള്ളവൾ കൊലക്കുറ്റത്തിന് ശിക്ഷയനുഭവിച്ചവളോ ശിക്ഷയനുഭവിക്കുന്നവളോ ആകുന്നു.

മുകളിലത്തെ നേരെയുള്ള നാലുപല്ലുകൾ നീണ്ടുപൊങ്ങിയിരുന്നാൽ അവൾക്ക് ഭർത്തൃസുഖം കുറവായിരിക്കും.

ചുണ്ടുകൾ പൂട്ടുമ്പോൾ മുകളിലത്തെ നിരപല്ല് പുറത്തു കാണത്തക്കവിധം നീണ്ടതായിരുന്നാൽ അവൾ ഭർത്താവിനെ ഉപേക്ഷിച്ചവളോ വിധവയോ ആയിരിക്കും.

കോന്തം പല്ലുകൾ ഐശ്വര്യക്കുറവിന്റെ ലക്ഷണമാകുന്നു. 

ശ്വാസരോഗങ്ങൾക്കും രാജയക്ഷ്മാവ്, പ്ലീഹ, വിദ്രധി, ഗുന്മൻ രോഗങ്ങൾക്കും ശോഷത്തിനും കാർശ്യത്തിനമുള്ള ലക്ഷണങ്ങളേയാണ് ഇനി പറയുന്നത്

അന്തശ്ശശിന്യശുഭയോർമ്മദഗേ പതംഗേ
ശ്വാസക്ഷയപ്ലിഹകവിദ്രധി ഗുൽമഭാജഃ
ശോഷീ പരസ്പരഗൃഹാംശകയോ രവീന്ദ്വോഃ
ക്ഷേത്രേƒഥവാ യുഗപദേകഗയോഃ കൃശോ വാ.

സാരം :-

ലഗ്നാൽ ഏഴാം ഭാവത്തിൽ സൂര്യൻ നിൽക്കുക ചന്ദ്രൻ (ചന്ദ്രന്റെ സ്ഥിതി ഏതു ഭാവത്തിലായാലും വേണ്ടതില്ല) പാപമദ്ധ്യസ്ഥനുമാവുക; ഈ യോഗലക്ഷണമുള്ളപ്പോൾ ജനിച്ചവന് തമകാദി ശ്വാസരോഗങ്ങൾ രാജയക്ഷ്മാവ് പ്ലീഹ വിദ്രധി ഗുന്മൻ എന്നിവയിൽ ഏതെങ്കിലും ഒന്നോ അധികമോ രോഗങ്ങൾ അനുഭവിയ്ക്കേണ്ടി വരുന്നതാണ്. ഇന്നിന്ന രോഗങ്ങളൊക്കെയാണ് അനുഭവിയ്ക്കേണ്ടിവരിക എന്നും മറ്റും ചന്ദ്രന്റെ രാശ്യംശകയോഗേക്ഷണാദികളെക്കൊണ്ടു തീർച്ചയാക്കുകയും വേണം. ചന്ദ്രന്റെ സ്ഥിതി ശനിക്ഷേത്രത്തിലാണെങ്കിൽ ശ്വാസരോഗവും, വ്യാഴക്ഷേത്രത്തിലാണെങ്കിൽ ക്ഷയവും, ബുധക്ഷേത്രത്തിലാണെങ്കിൽ പ്ലീഹയും, ചൊവ്വയുടെ ക്ഷേത്രത്തിലാണെങ്കിൽ വിദ്രധിയും, ശുക്രക്ഷേത്രത്തിലാണെങ്കിൽ ഗുന്മനുമാണ് ഉണ്ടാവുക എന്നും ചിലർ പറഞ്ഞുകാണുന്നുണ്ട്.

ഒന്നുകിൽ കർക്കടകം രാശിയിൽ സൂര്യനും ചിങ്ങം രാശിയിൽ ചന്ദ്രനും നില്ക്കുക, അല്ലെങ്കിൽ സൂര്യൻ കർക്കടകക്കാലംശകത്തിലും ചന്ദ്രൻ ചിങ്ങക്കാലംശകത്തിലും നില്ക്കുക; മുകളിൽ രണ്ടുവിധം പറഞ്ഞതിൽ ഒരു ലക്ഷണമുള്ളപ്പോൾ ജനിച്ചവനു ശോഷം എന്ന രോഗമുണ്ടാവും. രസാദിധാതുക്ഷയം നിമിത്തം ഉണ്ടാകുന്ന ശരീരകാർശ്യത്തിനാണ് ശോഷം എന്നിവിടെ പറഞ്ഞതെന്നും അറിയുക.

സൂര്യചന്ദ്രന്മാർ ഒരുമിച്ചു ഒന്നുകിൽ കർക്കടകം രാശിയിൽ അല്ലെങ്കിൽ ചിങ്ങം രാശിയിൽ നിൽക്കുക; ഈ യോഗസമയത്തു ജനിച്ചാൽ അയാളുടെ ശരീരം ഉയരവും വണ്ണവും നന്നേ കുറഞ്ഞു കൃശമായിരിയ്ക്കുന്നതാകുന്നു. 

വാതവ്യാധി, ഗുഹ്യരോഗം, ശ്വിത്രം, അംഗവൈകല്യം എന്നിവയെ പറയുന്നു

പാപാലോകിതയോസ്സിതാവനിജയോ-
രസ്തസ്ഥയോർവ്വാതരുക്
ചന്ദ്രേ കർക്കടവൃശ്ചികാംശകഗതേ
പാപൈർയ്യുതേ ഗുഹ്യരുക്
ശ്വിത്രീ രിഃഫധനസ്ഥയോരശുഭയോ-
ശ്ചന്ദ്രോദയേസ്തേ രവൌ
ചന്ദ്രേ ഖേƒവനിജേസ്തഗേ ച വികലോ
യദ്യർക്കജോ വേസിഗഃ

സാരം :-

ലഗ്നാൽ ഏഴാം ഭാവത്തിൽ കുജശുക്രന്മാർ നില്ക്കുകയും ഇവർക്കു പാപഗ്രഹങ്ങളുടെ ദൃഷ്ടി ഉണ്ടാവുകയം ചെയ്ക; ഈ യോഗസമയത്തു ജനിച്ചവനു വാതരോഗമുണ്ടാവുന്നതാണ്. പലവിധ വാതരോഗങ്ങളിൽ രക്തവാതമുണ്ടാവുന്നതിനാണ് ഇവിടെ അധികം യുക്തിയുള്ളതെന്നും പാപഗ്രഹദൃഷ്ടിയ്ക്കു രാഹുകേതുക്കളെ കൂടി ഗ്രഹിയ്ക്കേണ്ടിവരുമെന്നും അറിയുകയും വേണം.

പാപഗ്രഹയോഗത്തോടുകൂടിയ ചന്ദ്രനു കർക്കടകം രാശിയിലോ അല്ലെങ്കിൽ വൃശ്ചികം രാശിയിലോ നവാംശകം വരിക, ഈ യോഗസമയത്തു ജനിച്ചവന് വിദ്രഥി മൂലക്കുരു ഭഗന്ദരം ഇത്യാദികളിൽ ഏതെങ്കിലും ഒരു ഗുഹ്യരോഗമുണ്ടാവുന്നതാണ്.

ഉദയലഗ്നത്തിൽ ചന്ദ്രനും ലഗ്നാൽ രണ്ടും പന്ത്രണ്ടും ഭാവങ്ങളിൽ പാപഗ്രഹങ്ങളും ലഗ്നാൽ ഏഴാം ഭാവത്തിൽ സൂര്യനും നിൽക്കുക; ഈ യോഗസമയത്തു ജനിച്ചവനു ശ്വിത്രം എന്ന രോഗമുണ്ടാവുന്നതാണ്. ദേഹം മുഴുവനും സകലരോമങ്ങളും വെളുക്കുന്നതിനാണ് ശ്വിത്രമെന്നു പറയുക.

ലഗ്നാൽ പത്താം ഭാവത്തിൽ ചന്ദ്രനും ഏഴാം ഭാവത്തിൽ ചൊവ്വയും സൂര്യന്റെ (സൂര്യൻ ഏതുഭാവത്തിൽ നിന്നാലും വേണ്ടതില്ല) രണ്ടാം ഭാവത്തിൽ ശനിയും നില്ക്കുക. ഈ യോഗസമയത്തു ജനിച്ചവനു അംഗവൈകല്യമുണ്ടാവുന്നതാണ്. 

സമക്ഷേത്രത്തിൽ നിൽക്കുന്ന ശുക്രന്റെ ദശാകാലം

സമർക്ഷഗസ്യാപി സിതസ്യ ദായേ
പ്രമേഹഗുന്മാക്ഷിഗുദപ്രരോഗഃ
കിഞ്ചിൽ സുഖം ഭൂപതിവഹ്നിചോരൈർ-
ഭയം സ്വനാമാങ്കിതഗദ്യപദ്യം.

സാരം :-

സമക്ഷേത്രത്തിൽ നിൽക്കുന്ന ശുക്രന്റെ ദശാകാലം അല്പമായ സുഖവും രാജപ്രകോപവും അഗ്നിയിൽ നിന്നും കള്ളന്മാരിൽ നിന്നും ഉപദ്രവവും പ്രമേഹം, ഗുന്മം, നേത്രരോഗം, അർശോരോഗം എന്നിവകളെക്കൊണ്ടു പീഡയും സ്വന്തംപേരിൽ ഉണ്ടാക്കിയ കവിതകൾക്ക് പ്രചാരം സിദ്ധിക്കുകയും ഫലമാകുന്നു.

ബന്ധുക്ഷേത്രത്തിൽ നിൽക്കുന്ന ശുക്രന്റെ ദശാകാലം

മിത്രഗൃഹശുക്രദായേ
പരോപകാരീ കലാവിധിജ്ഞശ്ച
പൂഗാരാമകൃഷിക്രമ-
ഭൂഷാംബരമാക് ചിരോദ്ധ്യതാർത്ഥശ്ച.

സാരം :-

ബന്ധുക്ഷേത്രത്തിൽ നിൽക്കുന്ന ശുക്രന്റെ ദശാകാലം പരോപകാരത്തെ ചെയ്കയും നൃത്തഗീതാദികലകളെയും അനുഷ്ഠാനങ്ങളെയും അറിയുകയും കമുകിൻതോട്ടം, കൃഷി എന്നീ കാര്യങ്ങളിൽ താല്പര്യമുണ്ടാവുകയും വസ്ത്രങ്ങളും ആഭരണങ്ങളും ലഭിക്കുകയും വളരെക്കാലംക്കൊണ്ട് കാര്യങ്ങൾ ക്രമപ്പെടുത്തുകയും ഫലമാകുന്നു.

അതിബന്ധുക്ഷേത്രത്തിൽ നിൽക്കുന്ന ശുക്രന്റെ ദശാകാലം

അതിസുഹൃദസുരേഡ്യദശാ-
കാലേ നൃപമാനനം സുഖം ലഭതേ
ഗജതുരഗഗോധനാർത്ഥാൻ
കൃഷിധാന്ന്യാപ്തിം കളത്രപുത്രാംശ്ച.

സാരം :- 

അതിബന്ധുക്ഷേത്രത്തിൽ നിൽക്കുന്ന ശുക്രന്റെ ദശാകാലം രാജസമ്മാനവും സുഖാഭിവൃദ്ധിയും, ആന, കുതിര, പശുവൃഷഭങ്ങൾ, ധനം, കാര്യം, കൃഷി, ധാന്യങ്ങൾ എന്നിവയുടെ ലാഭവും വിവാഹവും പുത്രപ്രാപ്തിയും ഉണ്ടാകും.

പുരുഷന്റെ ചുണ്ടുകൾ

മുകളിൽ കറുത്തു കരുത്തുള്ള രോമങ്ങളോടുകൂടിയ ഓഷ്ഠവും കോവൽപ്പഴത്തിന്റെ നിറവും മാർദ്ദവവുമുള്ള അധരവും പുരുഷന് ലക്ഷണയുക്തമാകുന്നു. ഇത്തരം ചുണ്ടുള്ളവൻ ധർമ്മനിരതനും ധനികനുകായിരിക്കും.

മുകൾചുണ്ടല്പം മലർന്നിരുന്നാലവൻ സംഭാഷണചതുരനാകുന്നു.

നല്ലവണ്ണം പരന്ന ചുണ്ടുകളുള്ള പുരുഷൻ കാമചാരിയാകുന്നു.

അധരം നല്ലവണ്ണം മലർന്നും, ഓഷ്ഠം തടിച്ചുമിരുന്നാൽ അവൻ സുഖിമാനും വിവേകിയുമായിരിക്കും.

ചുണ്ടിന്റെ നിറം പാണ്ഡുരമായിരുന്നാൽ ആ പുരുഷൻ രാഷ്ട്രീയവിധ്വംസകനും.

ചുണ്ടിന്റെ നിറം കറുത്തിരുന്നാൽ കപടമുള്ളവനുമായിരിക്കും.

അടച്ച ഓഷ്ഠാധരങ്ങൾ ചെറുപുന്നയിലപോലെയോ ചെറുനാരകത്തിലപോലെയോ ആകൃതിസാമ്യമുള്ളതാണെങ്കിലവൻ ധനികനും വ്യവസായപ്രമുഖനുമായിരിക്കും. 

അധരങ്ങളുടെ രണ്ടരികും വീതികുറഞ്ഞു തൂങ്ങിയും മദ്ധ്യം വീതികൂടിയുമിരുന്നാൽ ആ പുരുഷൻ രാജ്യം ഭരിക്കുന്നവനാകുന്നു.

പവിഴത്തിന്റെ നിറത്തോടുകൂടിയ നേരിയ ചുണ്ടുകളുള്ളവൻ ശാന്തശീലനും ധനികനുമാകുന്നു.

കറുത്തതും നേരിയതുമായ ചുണ്ടുകളുള്ള പുരുഷൻ അദ്ധ്വാനിച്ച് ജീവിതം നയിക്കുന്നവനും, ബുദ്ധിജീവിയുമായിരിക്കും. 

സ്ത്രീയുടെ ചുണ്ടുകൾ

ചെറുപുന്നതളിരിന്റെ ആകൃതിയും ഇളം ചുവപ്പുനിറവും നനവും ഉള്ള ചുണ്ടുകളാണ് ലക്ഷണശാസ്ത്രപ്രകാരം ഉത്തമമായിട്ടുള്ളത്. ഇത്തരം ചുണ്ടുകളുള്ള സ്ത്രീ സുശീലയും, സുഭഗയും, ധനികയും വിദ്യാസമ്പന്നയുമാകുന്നു.

പരന്നതും മാംസളവുമായ ചുണ്ട് അത്യന്തം ഉൽകൃഷമാണെങ്കിലും ഇത്തരം ചുണ്ട് ജന്മനാ വ്യഭിചാരിണിയായവൾക്ക് മാത്രമേ കാണുകയുള്ളൂ.

മൃദുരേഖകളാലങ്കിതവും നനവുള്ളതുമായ ചുണ്ടുള്ളവൾ അധികാരമുള്ള ഉദ്യോഗം ഭരിക്കുന്നതാണ്.

വീതികുറഞ്ഞു കോവൽപഴംപോലെ ചുവന്ന ചുണ്ടുള്ളവൾ സുശീലയും വിദ്യാസമ്പന്നയും കുലീന യുമാകുന്നു.

കോവൽപഴം പോലെ ചുവന്ന് വീതിയുള്ള ചുണ്ടുള്ളവൾ വ്യഴിചാരിണിയും ധനികയും ഈശ്വരഭക്തയുമാകുന്നു.

കൂട്ടിയടച്ചാൽ താഴത്തെ ചുണ്ട് അല്പം മലർന്നിരിക്കുന്ന സ്ത്രീ സ്വഭാവമഹിമയിലും ദാനധർമ്മങ്ങളിലും ഉൽകൃഷ്ടയാകുന്നു. താഴത്തെ ചുണ്ട് തടിച്ചതും മുകളിലത്തെ ചുണ്ട് മൃദുവുമായവൾ അഹങ്കാരവും അധികാരപ്രമത്തതയും നിറഞ്ഞവളാകുന്നു.

മദ്ധ്യഭാഗം തടിച്ചതും അഗ്രഭാഗങ്ങൾ നേരിയതുമായ ചുണ്ടുള്ളവൾ വ്യഭിചാരിണിയും, ദരിദ്രയും, ഈശ്വരഭക്തയുമാകുന്നു.

മേൽചുണ്ട് തടിച്ചതും കീഴ്ച്ചുണ്ട്‌ കനംകുറഞ്ഞുമിരിക്കുന്നവൾ വാഗ്ധാടിയും സമ്പത്തുമുള്ളവളാണ്.

സാധാരണയിലധികം നീളമുള്ള ചുണ്ടുകളോടു കൂടിയവൾ കള്ളിയും സംഭാഷണചാതുര്യവുമുള്ളവളാകുന്നു.

കറുത്തു തടിച്ച ചുണ്ടുള്ളവൾ വ്യഭിചാരിണിയും കുട്ടികളുണ്ടാകാത്തവളുമാകുന്നു.

കറുത്തതെങ്കിലും മൃദുവായ ചുണ്ടുള്ളവൾ സുശീലയും ധനമില്ലെങ്കിലും ഉള്ളതുകൊണ്ട് സംതൃപ്തയായി കഴിയുന്നവളുമാകുന്നു.

ചുണ്ടിൽ പരുപരുപ്പുള്ള സ്ത്രീ ദുഃഖിതയും ദരിദ്രയുമാകുന്നു.

എപ്പോഴും അധരം (കീഴ്ച്ചുണ്ട്) നക്കിക്കൊണ്ടിരിക്കുന്നവൾ കാമചാരിണിയാകുന്നു. 

വംശനാശം, കൌശലപ്പണികൊണ്ടു ദിവസവൃത്തി കഴിയ്ക്കേണ്ടിവരിക, ദാസീപുത്രത്വം, നീചകർമ്മകർത്തൃത്വം എന്നീ ഫലങ്ങളെ പറയുന്നു

വംശച്ഛേത്താ ഖമദസുഖഗൈശ്ചന്ദ്രദൈത്യേഡ്യപാപൈഃ
ശില്പീ ത്ര്യംശേ ശശിസുതയുതേ കേന്ദ്രസംസ്ഥാർക്കിദൃഷ്ടേ
ദാസ്യാം ജാതോ ദിതിസുതഗുരൌ രിഃഫഗേ സൌരഭാഗേ
നീചോർക്കേന്ദ്വോർമ്മദനഗതയോർദൃഷ്‌ടയോഃ സൂര്യജേന.

സാരം :-

ലഗ്നാൽ പത്താംഭാവത്തിൽ ചന്ദ്രനും ഏഴാം ഭാവത്തിൽ ശുക്രനും നാലാം ഭാവത്തിൽ പാപഗ്രഹങ്ങളും നിൽക്കുക. ഈ യോഗലക്ഷണമുള്ളപ്പോഴാണ് ജനിച്ചതെങ്കിൽ അയാളുടെ വംശം അവിടെ നിന്നു മുകളിലേയ്ക്കു വർദ്ധിയ്ക്കുന്നതല്ല. ഔരസപുത്രൻ ഉണ്ടാകയില്ലെന്നു മാത്രമല്ല ദത്തൻ കൃത്രിമൻ ക്രീതൻ ഇത്യാദികളായ ഒരു വിധത്തിലുള്ള പുത്രന്മാർ ഉണ്ടാകാതെ വംശനാശം വരുന്നതാണെന്നു താല്പര്യം.

ലഗ്നദ്രേക്കാണത്തിൽ നിൽക്കുന്ന ബുധനെ ലഗ്നകേന്ദ്രത്തിൽ നില്ക്കുന്ന ശനി നോക്കുക. കുറച്ചുകൂടി വ്യക്തമാക്കാം. ലഗ്നം ഇടവം രാശിയിൽ മദ്ധ്യദ്രേക്കാണമാണെന്നും ഇടവം രാശിയിൽ രണ്ടാം ദ്രേക്കാണത്തിൽ ബുധൻ നില്ക്കുന്നുണ്ടെന്നു വിചാരിയ്ക്കുക. എന്നാൽ ചിങ്ങത്തിന്റെയോ വൃശ്ചികത്തിന്റെയോ മദ്ധ്യദ്രേക്കാണത്തിൽ ശനി നിന്നുകൊണ്ടു ബുധനെ നോക്കണമെന്നു താലപര്യം. അതിനാണ് "ത്ര്യംശേ" എന്നിവിടെ പറഞ്ഞിട്ടുള്ളത്. ഈ യോഗസമയത്തു ജനിച്ചവൻ തനിയ്ക്കുണ്ടായിരുന്ന സർവ്വസ്വവും നശിയ്ക്കുകയാൽ കൌശലപ്പണികളെകൊണ്ടും മറ്റും ഉപജീവനം കഴിയ്ക്കേണ്ടിവരുന്നതാണ്.

ലഗ്നാൽ പന്ത്രണ്ടാംഭാവത്തിൽ ശനിയുടെ ദ്രേക്കാണത്തിൽ ശുക്രൻ നിന്നാൽ അയാൾ ദാസീപുത്രനാണെന്നു പറയണം. അയാളുടെ മാതാവ് അജീവനാന്തം ദാസ്യപ്രവൃത്തി ചെയ്തു ഉപജീവനം കഴിയ്ക്കേണ്ടി വരുന്നവളാണെന്നു സാരം.

ലഗ്നാൽ ഏഴാം ഭാവത്തിൽ സൂര്യചന്ദ്രന്മാർ നില്ക്കുക അവരെ ശനി നോക്കുകയും ചെയ്ക. ഈ യോഗസമയത്തു ജനിച്ചവൻ എപ്പോഴും അനുചിതകർമ്മത്തെ അനുഷ്ഠിയ്ക്കുന്നവനായിരിയ്ക്കുകയും ചെയ്യും. 

വയസ്സായത്തിനുശേഷം വയസ്സായ സ്ത്രീയെ വിവാഹം ചെയ്യും /-- അയാൾ പരസ്ത്രീസക്തനായിത്തീരുന്നതിനു പുറമേ അയാളുടെ ഭാര്യയും വ്യഭിചാരിണിയായിത്തീരുന്നതാകുന്നു

അസിതകുജയോർവ്വർഗ്ഗേƒസ്തസ്ഥേ സിതേ തദവേക്ഷിതേ
പരയുവതിഗസ്തൌ ചേൽ സേന്ദുസ്ത്രീയാ സഹ പുംശ്ചലഃ
ഭൃഗുജശശിനോരസ്തേƒഭാര്യോ നരോ വിസുതോപി വാ
പരിണതതനൂ നൃസ്ത്ര്യോർദൃഷ്ടൌ ശുഭൈഃ പ്രമദാപതീ.

സാരം :-

ജനനസമയത്തു കുജമന്ദന്മാരുടെ ഷഡ്വർഗ്ഗത്തിൽ കുജമന്ദന്മാരുടെ പൂർണ്ണദൃഷ്ടിയോടുകൂടിയ ശുക്രൻ ലഗ്നാൽ ഏഴാം ഭാവത്തിൽ നിന്നാൽ അയാൾ പരസ്ത്രീകളിൽ ആസക്തിയോടുകൂടിയവനായിത്തീരുന്നതാണ്.

ചന്ദ്രൻ കുജൻ ശനി എന്നീ ഗ്രഹങ്ങൾ മൂന്നുപേരും ഒരുമിച്ചു ലഗ്നത്തിലും കുജമന്ദന്മാരുടെ ഷഡ്വർഗ്ഗസ്ഥനായ ശുക്രൻ ലഗ്നാൽ ഏഴാം ഭാവത്തിലും നിൽക്കുക, പുരുഷജാതകത്തിൽ ഈ യോഗമുണ്ടായാൽ അയാൾ പരസ്ത്രീസക്തനായിത്തീരുന്നതിനു പുറമേ അയാളുടെ ഭാര്യയും വ്യഭിചാരിണിയായിത്തീരുന്നതാകുന്നു.

ചന്ദ്രശുക്രന്മാർ ഒരുമിച്ചു ഒരു രാശിയിൽ നില്ക്കുക അതിന്റെ ഏഴാം ഭാവത്തിൽ കുജമന്ദന്മാരുമൊരുമിച്ചു നില്ക്കുക ഈ യോഗസമയത്തു ജനിച്ചവനു ഭാര്യതന്നെ ഉണ്ടാകയില്ല; അഥവാ പുരുഷപ്രയത്നശക്തികൊണ്ടു ഭാര്യ ഉണ്ടായാൽ കൂടി അയാൾക്കു പുത്രൻ ഉണ്ടാകയില്ലെന്നു തീർച്ചയുമാണ്‌.

ഒരു സ്ത്രീഗ്രഹവും ഒരു പുരുഷഗ്രഹവും ഒരുമിച്ചു ഒരു രാശിയിൽ നില്ക്കുക., അതിന്റെ ഏഴാം ഭാവത്തിൽ കുജമന്ദന്മാരും നിൽക്കുക. ഈ കുജമന്ദന്മാർക്കു ശുഭഗ്രഹങ്ങളുടെ ദൃഷ്ടി ഉണ്ടാവുകയും ചെയ്ക; ഈ യോഗലക്ഷണമുള്ളപ്പോൾ ജനിച്ച പുരുഷനു വളരെ വയസ്സായത്തിനു ശേഷം മാത്രമേ വിവാഹം കഴിയ്ക്കുവാൻ സംഗതി വരികയുള്ളൂ എന്നു മാത്രമല്ല ആ വിവാഹം മൂലം ലഭിയ്ക്കുന്ന ഭാര്യ വളരെ വൃദ്ധയുമായിരിയ്ക്കുന്നതാണ്.

മേൽപറഞ്ഞ നാലുയോഗങ്ങളിൽ ഒന്നാമത്തേതിൽ ശുക്രനു കുജമന്ദന്മാരിൽ ഒരുവന്റെ മാത്രം വർഗ്ഗസ്ഥിതിയും ഒരുവന്റെ ദൃഷ്ടിയുമുണ്ടായാൽ മതി എന്നും ഒരു അഭിപ്രായമുണ്ട്. 

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.