രാശിചക്രം

12 രാശികളുള്ളതിൽ ഓരോ രാശിക്കും ചില അക്ഷരങ്ങളെ നൽകിയിരിക്കുന്നു. സാധകന്റേയും, ദേവതയുടേയും നാമാക്ഷരങ്ങൾ വരുന്ന രാശികൾ നോക്കുക. സാധകന്റെ നാമാക്ഷരരാശിയിൽ നിന്നും ദേവതയുടെ നാമാക്ഷരരാശി 6 / 8 / 12 രാശിയായി വരരുത്. ആ ദേവതയുടെ മന്ത്രം ജപിച്ചാൽ അനിഷ്ടഫലം അനുഭവമാകും. 1, 2, 4, 5, 7, 9, 10, 11, രാശികൾ വന്നാൽ നല്ലതാണ്. ഓരോ രാശിയുടെ അക്ഷരങ്ങൾ താഴെ കൊടുക്കുന്നു.

രാശി                   നാമാക്ഷരങ്ങൾ

1). മേടം           - അ, ആ, ഇ, ഈ

2). ഇടവം         - ഉ, ഊ, ഋ

3). മിഥുനം        - ൽ

4). കർക്കിടകം  - ഏ, ഐ

5). ചിങ്ങം          - ഒ, ൗ

6). കന്നി            - ശ, ഷ, സ, ഹ, ക്ഷ

7). തുലാം           - ക, ഖ, ഗ, ഘ, ങ

8). വൃശ്ചികം       - ച, ഛ, ജ, ഝ, ഞ

9). ധനു              - ട, ഠ, ഡ, ഢ, ണ

10). മകരം         - ത, ഥ, ദ, ധ, ന

11). കുംഭം          - പ, ഫ, ബ, ഭ, മ

12). മീനം           - യ, ര, ല, വ

കുലാകുലചക്രം

ദേവതയുടെ പേരിന്റെ ആദ്യാക്ഷരവും, സാധകന്റെ പേരിന്റെ ആദ്യാക്ഷരവും താഴെ പറയുന്ന രീതിയിൽ ഒരേ വർഗ്ഗത്തിലോ, മിത്രാക്ഷരമായോ വന്നാൽ ആ ദേവതയുടെ മന്ത്രം സാധന ചെയ്യാം. ഈ ചക്രത്തിൽ അക്ഷരങ്ങളെ വായു, അഗ്നി, ഭൂമി, ജലം, ആകാശം എന്ന് 5 ഭൂതങ്ങളെ തരം തിരിച്ചിരിക്കുന്നു. ഇവയിൽ സാധകന്റേയും ദേവതയുടേയും പേരിലെ ആദ്യ അക്ഷരം ഒന്നാകുകയോ, ഒരേ വിഭാഗത്തിൽ വരുകയോ, പരസ്പരം മിത്രങ്ങളായ ഭൂതങ്ങളുടെ അക്ഷരം ആകുകയോ ചെയ്‌താൽ സാധകൻ ആ ദേവതയെ ഉപാസിക്കാം. 

മിത്ര ഭൂതങ്ങൾ = ജലവും ഭൂമിയും, അഗ്നിയും വായുവും

ശത്രുഭൂതങ്ങൾ = വായുവും ഭൂമിയും, അഗ്നിയും ഭൂമിയും


സാധകമന്ത്രാനുകൂല്യം

വിവാഹത്തിനുമുമ്പേ വധൂവരന്മാരുടെ നക്ഷത്രപൊരുത്തം നോക്കുന്നതുപോലെ സാധകനും, സാധകൻ ജപിക്കാൻ പോകുന്ന മന്ത്രത്തിനും തമ്മിൽ പൊരുത്തമുണ്ടോ എന്ന് നോക്കണം. ഇതിന് പല രീതികളും മന്ത്രശാസ്ത്രഗ്രന്ഥങ്ങളിൽ നിർദ്ദേശിച്ചിട്ടുണ്ട്.

1). കുലാകുലചക്രം

2). രാശിചക്രം

3). നക്ഷത്രചക്രം

ദീക്ഷാഗ്രഹണസമ്പ്രദായം

ശ്രേഷ്ഠനായ ഗുരുവിൽ നിന്നും മന്ത്രദീക്ഷ ലഭിക്കുന്നത് നാല് തരത്തിലാണ്.

1). ശക്തിപാതം

2). സ്പർശദീക്ഷ

3). ദൃഗ്‌ദീക്ഷ

4). ധ്യാനദീക്ഷ.

ശക്തിപാതം :- മന്ത്രസിദ്ധി വരുത്തിയിട്ടുള്ള ഗുരുവിലുള്ള മന്ത്രശക്തി അദ്ദേഹത്തിൽനിന്നും ശിഷ്യനിലേക്കു പകരുന്നതാണ് ശക്തിപാതം. ഒരു വിളക്ക് മറ്റൊരു വിളക്കിലേക്ക് പ്രകാശം പകരുന്നതുപോലെയാണ് ശക്തിപാതം. ശിഷ്യൻ നിരക്ഷരനാണെങ്കിലും, യോഗാഭ്യാസം അറിയുകയില്ലെങ്കിലും ശിഷ്യന് മന്ത്രദീക്ഷ ലഭിക്കുന്നു. ഈ സമ്പ്രദായത്തിൽ ഗുരു ശിഷ്യനെ ആലിംഗനം ചെയ്ത് ശിരസ്സിൽ മുകർന്ന് മന്ത്രശക്തിയെ ശിഷ്യനിലേക്ക് പകരുന്നു. ആ സമയം ഗുരുവിന്റെ ദേഹം വിറക്കുകയും, പരമാനന്ദം അനുഭവമാകുകയും, കണ്ണുകളിൽ ആനന്ദബാഷ്പം നിറയുകയും, വിയർപ്പും രോമാഞ്ചവും അനുഭവപ്പെടുകയും ചെയ്യും. ഈ സമയം ശിഷ്യനും അനിർവചനീയമായ ആനന്ദാനുഭൂതി അനുഭവമാകും. ഗുരുവിന്റേയും ശിഷ്യന്റേയും അനുഭവങ്ങളെ വിവരിച്ചിരിക്കുന്നത് ഇങ്ങനെയാണ്.

ദേഹപാതസ്തഥാ കംപഃ പരമാനന്ദശ്ച ഹർഷണം
സ്വേദോ രോമാഞ്ച ഇത്യേതദ്‌ ശക്തിപാതസ്യ ലക്ഷണം

സ്പർശദീക്ഷ :- സ്പർശദീക്ഷ മറ്റൊരു തരത്തിലുള്ള മന്ത്രദീക്ഷാദാന സമ്പ്രദായമാണ്. ഈ സമ്പ്രദായത്തിൽ ഗുരു സ്വസ്പർശനത്തിൽ കൂടി ശിഷ്യനിൽ മന്ത്ര ശക്തിയെ പകർത്തുന്നു. സ്പർശദീക്ഷയെ ഇങ്ങനെ വിവരിച്ചിരിക്കുന്നു.

യഥാ പക്ഷീ സ്വപക്ഷാഭ്യാം ശിശൂൻ സംവർധയേത് ശനൈഃ
സ്പർശദീക്ഷോപദേശസ്തു താദൃശഃ കഥിതഃ പ്രിയേ

ദൃഗ്‌ദീക്ഷ :- ഈ സമ്പ്രദായത്തിൽ ഗുരു സ്വന്തം നോട്ടം കൊണ്ടുതന്നെ തന്റെ മന്ത്രശക്തിയെ ശിഷ്യന് നൽകുന്നു.

സ്വാപത്യാനി യഥാ കൂർമ്മോ വീക്ഷണേനൈവ പോഷയേത്
ദൃഗ്‌ദീക്ഷാഖ്യോപദേശസ്തു താദൃശഃ കഥിതഃ പ്രിയേ

ധ്യാനദീക്ഷ / വേധദീക്ഷ :- ഈ സമ്പ്രദായത്തിൽ ഗുരു ധ്യാനത്തിൽകൂടി തന്നെ മന്ത്രശക്തിയെ ശിഷ്യനിലേക്ക് പകരുന്നു. 

യഥാ മത്സ്യോ സ്വതനയാൻ ധ്യാനമാത്രേണ പോഷയേത്
വേധദീക്ഷോപദേശസ്തു മനസഃ സ്യാത്തഥാവിധഃ

മന്ത്രസിദ്ധിപ്രാപ്തിവിധി

മന്ത്രസിദ്ധി രണ്ടുതരത്തിൽ നേടാം

1). സിദ്ധമന്ത്രനായ ഗുരുവിന്റെ മേൽനോട്ടത്തിലും നിർദ്ദേശത്തിലും മന്ത്രസാധന ചെയ്യുക.

2). ഗുരുവിൽ നിന്നും ശക്തിപാതം, സ്പർശദീക്ഷ, ദൃഗ്‌ദീക്ഷ, ധ്യാനദീക്ഷ എന്നിവയിൽ ഏതെങ്കിലും ഒരു വഴിയിൽ ദീക്ഷസ്വീകരിച്ച് മന്ത്രസാധന ചെയ്യുക.

ക്ഷുദ്രസിദ്ധികൾ

ക്ഷുദ്രസിദ്ധികൾ അഞ്ച് തരത്തിലാണ്

1). ത്രികാലജ്ഞത

2). അദ്വന്ദ്വത

3). പരചിത്താഭിജ്ഞത

4). പതിഷ്ടംഭം

5). അപരാജയം


ത്രികാലജ്ഞാനം :- മന്ത്രസാധനയുടെ ഫലമായി സാധകന് ത്രികാലജ്ഞാനം ലഭിക്കുകയും അതിന്റെ ഫലമായി ഏതൊരു വ്യക്തിയുടേയും വർത്തമാനഭൂതഭാവിഫലങ്ങൾ മനസ്സിലാക്കാനുള്ള കഴിവ് ലഭിക്കുന്നു.

അദ്വന്ദ്വത :- ഈ കഴിവ് ലഭിച്ച സാധകൻ മഴ, വെയിൽ, തണുപ്പ് ഇവയാൽ ബാധിക്കപ്പെടുന്നില്ല എന്നു മാത്രമല്ല അവയെ നിയന്ത്രിക്കാനുള്ള കഴിവും നേടുന്നു.

പരചിത്താഭിജ്ഞത :- അന്യർ മനസ്സിൽ എന്ത് ചിന്തിക്കുന്നു എന്നും, എന്ത് ചിന്തിക്കും എന്നും മുൻകൂട്ടി അറിയാനുള്ള കഴിവ്.

പതിഷ്ടംഭം :- വിഷം, അഗ്നി, വായു, സൂര്യൻ,  ചൂട്, മുതലായവയെ അതിജീവിക്കാനുള്ള കഴിവ് സാധകന് ലഭിക്കുന്നു.

അപരാജയം :- വാദങ്ങളിലും തർക്കങ്ങളിലും മറ്റും എപ്പോഴും ജയിക്കുക. ചുരുക്കി പറഞ്ഞാൽ മന്ത്രസാധനകൊണ്ട് ലഭിക്കുന്ന സിദ്ധികൾക്ക് ഒരു കണക്കുമില്ല. അവ സാധകനെ അലൗകികനും അമാനുഷനുമായ പുരുഷനാക്കി തീർക്കുന്നു.

ഗൗണസിദ്ധികൾ

ഗൗണസിദ്ധികൾ 10 തരത്തിലാണ്.

1). അനൂർമി

2). ദൂരശ്രവണസിദ്ധി

3). ദൂരദർശിനസിദ്ധി

4). മനോജവസിദ്ധി

5). കാമരൂപസിദ്ധി

6). പരകായപ്രവേശസിദ്ധി

7). സ്വഛന്ദമരണസിദ്ധി

8). ദേവക്രീഡാനുദർശനം

9). യഥാസങ്കല്പസിദ്ധി

10). അപ്രതിഹതഗതി


അനൂർമിസിദ്ധി :- വിശപ്പ്, ദാഹം, ദുഃഖം, മോഹം, വാർദ്ധക്യം, മരണം എന്നിവയെ കീഴടക്കാനുള്ള കഴിവ്.

ദൂരശ്രവണസിദ്ധി :- ഒരേ സ്ഥാനത്ത് ഇരുന്നുകൊണ്ട് തന്നെ വളരെ ദൂരെയുള്ള ശബ്ദങ്ങൾ കേട്ട് ഗ്രഹിക്കുവാനുള്ള കഴിവ്

ദൂരദർശനസിദ്ധി :- ഒരേ സ്ഥലത്ത് ഇരുന്നുകൊണ്ട് തന്നെ വളരെ ദൂരെ കണ്ണിനപ്പുറം നടക്കുന്ന കാര്യങ്ങൾ കാണാനുള്ള കഴിവ്. (ഈ സിദ്ധികൊണ്ടാണ് സഞ്ജയൻ മഹാഭാരതയുദ്ധം ദൂരെ ഇരുന്നുകൊണ്ട് തന്നെ കാണുകയും ധൃതരാഷ്ട്രർക്ക് വിവരിച്ചുകൊടുക്കുകയും ചെയ്തത്).

മനോജവസിദ്ധി :- മനസ്സിന്റെ വേഗത്തിൽ ഏത് സ്ഥലത്തും എത്താനുള്ള കഴിവ്.

കാമരൂപസിദ്ധി :- തനിക്ക് ഇഷ്ടമുള്ള രൂപം ധരിക്കാനുള്ള ശക്തി.

പരകായപ്രവേശം :- സ്വന്തം ശരീരമുപേക്ഷിച്ച് മറ്റൊരു ശരീരത്തിൽ പ്രവേശിക്കാനുള്ള കഴിവ്.

സ്വഛന്ദമരണം :- തനിക്ക് വേണമെന്നു തോന്നുമ്പോൾ മാത്രം മരിക്കുക. മരണത്തിൽപോലും നിയന്ത്രണം നേടുക. (മഹാഭാരതത്തിലെ ഭീഷ്മപിതാമഹൻ ഈ സിദ്ധിനേടിയിരുന്നു).

ദേവക്രീഡാനുദർശനം :- മാംസദൃഷ്ടിക്ക് അദൃശ്യരായ ദേവന്മാരുടെ ക്രീഡകൾ കാണാൻ കഴിയുക.

യഥാസങ്കല്പസിദ്ധി :- താൻ നിശ്ചയിക്കുന്ന എല്ലാ കാര്യങ്ങളും നേടിയെടുക്കുക.

അപ്രതിഹതഗതി :- ഏത് സ്ഥലത്തും പോകുന്നതിന് ഒരു തടസ്സവും അനുഭവപ്പെടാതിരിക്കുക.

അഷ്ടസിദ്ധികൾ

മന്ത്രസാധനയുടെ മുഖ്യസിദ്ധികൾ എട്ട് വിധം ആണ് പറയപ്പെടുന്നത്.

1). അണിമാ

2). മഹിമാ

3). ഗരിമാ

4). ലഘിമാ

5). പ്രാപ്തി

6). പ്രാകാമ്യം

7). ഈശിത്വം

8). വശിത്വം

മേൽപ്പറഞ്ഞ എട്ട് സിദ്ധികളുടെ ലഘുവിവരണം താഴെ കൊടുക്കുന്നു.

അണിമാ - ശരീരത്തിനെ ഏറ്റവും ചെറുതാക്കുക

മഹിമാ - ശരീരത്തിനെ ഏറ്റവും വലുതാക്കുക. 

ഹനുമാൻ സീതയെ അന്വേഷിച്ച് സമുദ്രത്തിന്റെ മുകളിൽ കൂടി പറക്കുമ്പോൾ തന്നെ വിഴുങ്ങാനായി വായ് പൊളിച്ച് വന്ന സുരസ എന്ന രാക്ഷസിയുടെ മുമ്പാകെ ആദ്യം മഹിമ സിദ്ധി ഉപയോഗിച്ച് ശരീരം ബൃഹദാകൃതി സ്വീകരിക്കുകയും, തുടർന്ന് അണിമാ ശക്തി സ്വീകരിച്ച് സൂക്ഷ്മരൂപനായി രാക്ഷസിയുടെ വായിൽ പ്രവേശിച്ച് ചെവിയിൽ കൂടി പുറത്ത് വരുകയും ചെയ്തു. ഹനുമാന് അഷ്ടസിദ്ധികളും ലഭിച്ചിരുന്നു.

ലഘിമാ - ശരീരത്തിന്റെ ഭാരം തീരെ കുറക്കുക

ഗരിമാ - ശരീരത്തിനെ വളരെ ഭാരക്കൂടുതൽ ഉള്ളതാക്കുക.

പ്രാപ്തി - ഇന്ദ്രിയങ്ങളെ പൂർണ്ണമായി നിയന്ത്രണത്തിൽ കൊണ്ടുവരുക.

പ്രാകാമ്യം - അന്യലോകങ്ങളിൽ നടക്കുന്ന കാര്യങ്ങളെ സ്വന്തം കണ്ണുകൊണ്ട് കാണുക.

ഈശിത്വം - എല്ലാത്തിനേയും ജയിക്കാനുള്ള കഴിവ്

വശിത്വം - മായാമോഹാദികൾ പ്രയോഗിച്ച് ലോകത്തെ മുഴുവുൻ വശീകരിക്കാനുള്ള കഴിവ്.

മന്ത്രസിദ്ധികൾ

അതിതീവ്രമായ മന്ത്രസാധന ചെയ്തുകഴിഞ്ഞാൽ സാധകന് പലതരത്തിലുള്ള പ്രയോജനങ്ങൾ സിദ്ധിക്കുന്നു. ഇവയെ മന്ത്രസിദ്ധി എന്ന് പറയുന്നു. മന്ത്രസിദ്ധികൾ പ്രധാനമായി മൂന്ന് തരത്തിലാണ്.മന്ത്രസാധന ആരംഭിക്കാൻ നല്ല സമയം

കാലത്തിന്റെ ഓരോ നിമിഷത്തിനും അതിന്റേതായ പ്രത്യേകതയുണ്ട്. ഓരോ നിമിഷവും ചിലകാര്യങ്ങൾക്ക് അനുകൂലവും ചില കാര്യങ്ങൾക്ക് പ്രതികൂലവുമായിരിക്കും. ഈ അടിസ്ഥാനത്തിൽ മന്ത്രസാധനക്കും അനുകൂലമായ സമയങ്ങൾ ഉണ്ട്. ആ സമയത്ത് മന്ത്രകാരകനായ ഗ്രഹവും, ജാതകന്റെ ഉപാസനക്കുള്ള കഴിവും, ആ സമയത്തുള്ള പ്രകൃതിയും ഉപാസനക്ക് അനുകൂലമായിരിക്കും. താഴെ അത്തരത്തിൽപ്പെട്ട ചില മന്ത്രജപമുഹൂർത്തങ്ങൾ കൊടുക്കുന്നു.

1). വ്യാഴാഴ്ചയും പൂയം നക്ഷത്രവും ചേർന്ന് വരുന്ന ദിവസം (ഇതിന് സിദ്ധിയോഗം എന്ന് പറയുന്നു)

2). ഞായറാഴ്ചയും പൂയം നക്ഷത്രവും ചേർന്ന് വരുന്നതും നല്ലതാണ്.

3). ചില മാസങ്ങളിൽ ഉപാസന തുടങ്ങാൻ നല്ലതാണ്.

മാസങ്ങൾ = ചൈത്രം (മേടം), വൈശാഖം (ഇടവം), ശ്രാവണം (ചിങ്ങം), ഭാദ്രപദം (കന്നി), മാഘം (കുംഭം), ഫാൽഗുനം (മീനം).

മന്ത്രജപത്തിന്റെ രഹസ്യസ്വഭാവം

മന്ത്രജപം രഹസ്യസ്വഭാവം ഉള്ളതാണ്. അതുകൊണ്ട് അതിന്റെ രഹസ്യസ്വഭാവം സൂക്ഷിക്കണം. രഹസ്യമായി പറയുന്നു എന്ന അർത്ഥം ഉള്ള മത്രി  ധാതുവിൽ നിന്നാണ് മന്ത്ര ശബ്ദം ഉണ്ടായിട്ടുള്ളത്. മറ്റുള്ളവരുടെ മുമ്പാകെ മന്ത്രം ജപിക്കരുത്. മന്ത്രോപദേശം തന്ന ഗുരുവിന്റെ മുമ്പാകെ മന്ത്രം ജപിക്കാം.

മന്ത്രജപനിയമങ്ങൾ

യോഗ്യനായ ഗുരുവിൽ നിന്നും മന്ത്രദീക്ഷ നേടി മന്ത്രജപം ആരംഭിച്ചു കഴിഞ്ഞാൽ പിന്നെ നിയതമായ ക്രമങ്ങൾ പാലിക്കണം

ദിവസവും 1000 ആവൃത്തി വീതം ഒരു മാസം ജപിച്ചാൽ മാത്രമേ മന്ത്രം ജാഗരിതം ആകുകയുള്ളു.

മന്ത്രജപത്തിന് മുമ്പും പിമ്പും ശരീരമനഃശുദ്ധിക്കായി 3 വീതം പ്രാണായാമങ്ങൾ ചെയ്യണം.

1000 ആവൃത്തി ജപിച്ചുകഴിഞ്ഞാൽ മന്ത്രത്തിനെ ഇഷ്ടദേവതക്ക് സമർപ്പിക്കണം. ഇഷ്ടദേവത പുരുഷനാണെങ്കിൽ വലതുകൈയിലും, സ്ത്രീ ആണെങ്കിൽ ഇടത് കൈയിലും സമർപ്പിക്കണം.

അനുഷ്ഠാനത്തിന് 5 ഭാഗങ്ങൾ ഉണ്ട്

1). ജപം

2). ഹോമം

3). തർപണം

4). അഭിഷേകം

5). അന്നദാനം

കഴിവും സൗകര്യമുള്ളവർ 1000 പ്രാവശ്യം ജപിച്ചതിനുശേഷം അതിന്റെ പത്തിലൊന്ന് ഹോമവും, ഹോമത്തിന്റെ പത്തിലൊന്ന് തർപണവും, തർപണത്തിന്റെ പത്തിലൊന്ന് അഭിഷേകവും, അഭിഷേകത്തിന്റെ പത്തിലൊന്ന് അതിഥിഭോജനവും നടത്തണം.

മന്ത്രജപഭേദങ്ങൾ

മന്ത്രം ജപിക്കുന്നതിന് 3 രീതികളുണ്ട്.

1). ഉപാംശു

2). വാചികം

3). മാനസം

1). ഉപാംശു - ഈ ജപരീതിയിൽ ചുണ്ടുകൾ അനങ്ങുമെങ്കിലും ജപശബ്ദം ജപിക്കുന്ന സാധകന് മാത്രമേ കേൾക്കാൻ സാധിക്കുകയുള്ളു.

2). വാചികം - സ്പഷ്ടമായ ഉച്ചാരണത്തോടുകൂടി ശ്രോതാക്കൾ കേൾക്കത്തക്കവിധത്തിൽ ജപിക്കുന്നത്.

3). മാനസം - ചുണ്ടും നാക്കും അനങ്ങാതെ മന്ത്രത്തിന്റെ അർത്ഥത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ട് ജപിക്കുക.

മന്ത്രാനുഷ്ഠാനത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മന്ത്രജപത്തിന് തിരഞ്ഞെടുക്കേണ്ട സ്ഥലം ശുദ്ധവും, സ്വച്ഛവും, സാത്ത്വികവും, കോലാഹലമില്ലാത്തതും ആയിരിക്കണം. സാധാരണയായി നദീതീരം, ഗുഹകൾ, പർവ്വതശിഖരങ്ങൾ, ഉദ്യാനങ്ങൾ, തുളസിത്തറ, കൂവളമരത്തിനു താഴെ, ഗോശാല, ഗുരുഗ്രഹം, ദേവാലയം, വീട്ടിലെ ഏകാന്തസ്ഥാനം ഇവ മന്ത്രസാധനക്ക് തിരഞ്ഞെടുക്കാവുന്നതാണ്.

ഭക്ഷണരീതി

മന്ത്രാനുഷ്ഠാനം സഫലമാകണമെങ്കിൽ ഭക്ഷണരീതിയിൽ സാധകൻ ശുചിത്വം സൂക്ഷിക്കുകയും ഭോജനദോഷങ്ങൾ ഒഴിവാക്കുകയും വേണം. ആഹാരം മിതമാക്കുക, ഒരു പ്രാവശ്യം മാത്രം ഭക്ഷണം കഴിക്കുക, ജീവിക്കുന്നതിനുവേണ്ടി ഭക്ഷിക്കുക എന്നല്ലാതെ ഭക്ഷിക്കുന്നതിനുവേണ്ടി ജീവിക്കാതിരിക്കുക.

ഭോജനദോഷങ്ങൾ താഴെ പറയുന്നവയാണ്

1). ജാതിദോഷം

2). ആശ്രയദോഷം

3). നിമിത്തദോഷം

ജാതിദോഷം

ഉള്ളി, വെളുത്തുള്ളി തുടങ്ങിയ മാദകങ്ങളും അഭക്ഷ്യങ്ങളുമായ പദാർത്ഥങ്ങൾ ഈ വിഭാഗത്തിൽ പെടും.

ആശ്രയദോഷം

ദുഷ്ടസ്ഥാനങ്ങളിൽ സൂക്ഷിച്ചുവെച്ചിട്ടുള്ള ആഹാരം, മദ്യഷാപ്പുകളിലെ ആഹാരം, ഇന്നത്തെ ജീവിതത്തിൽ ഫ്രിജിലും മറ്റും അനേക ദിവസങ്ങളോളം സൂക്ഷിച്ചുവെക്കുന്ന ഭക്ഷണപദാർത്ഥവും ഇത്തരത്തിൽ പെടും

നിമിത്ത ദോഷം

ആഹാരം ശുദ്ധമാണെങ്കിലും അതിനെ പട്ടി മുതലായ നിഷിദ്ധ ജന്തുക്കൾ സ്പർശിക്കുന്നത്.

സ്ത്രീകളുമായുള്ള ബന്ധം നിയന്ത്രിക്കുക

ശരീരത്തിൽ സുഗന്ധദ്രവ്യങ്ങൾ പൂശാതിരിക്കുക

സ്നാനം, ജപം, ധ്യാനം, തുടങ്ങിയ നിത്യകർമ്മങ്ങൾ അനുഷ്ഠിക്കുക.

കുളിക്കാതേയും, നഗ്നനായും, ശിരസ്സിൽ വസ്ത്രം മൂടിക്കൊണ്ടും സാധന ചെയ്യരുത്.

ജപിക്കുന്ന സമയത്ത് സംസാരിക്കാതിരിക്കുക. ജപസമയത്ത് സംസാരിക്കേണ്ടിവന്നാൽ സംസാരിച്ചതിനുശേഷം ആചമനം ചെയ്തിട്ട് വീണ്ടും അംഗന്യാസം കഴിച്ച് ജപത്തിലേർപ്പെടുക.

ജപിക്കുന്ന സമയത്ത് മലമൂത്രവിസർജനം ചെയ്യണമെന്നു തോന്നിയാൽ അതിനെ തടയരുത്. അപ്പോൾ മലമൂത്രവിസർജനം കഴിച്ചിട്ട്, കൈകാൽ കഴുകി ആചമനവും, അംഗന്യാസവും ചെയ്തിട്ട് വീണ്ടും ജപം തുടങ്ങുക.

ജപിക്കുമ്പോൾ മൂരിനിവരുക, കോട്ടുവായ ഇടുക, തുമ്മുക, ചൊറിയുക, നഖം മുറിക്കുക, ഗുഹ്യഭാഗങ്ങളെ സ്പർശിക്കുക, സംസാരിക്കുക എന്നിവ അരുത്.

ജപം അതീവ വേഗത്തിലും തീരെ മന്ദഗതിയിലും ആകരുത്.

മന്ത്രങ്ങങ്ങളെ നീട്ടി ജപിക്കരുത്

മന്ത്രം ജപിക്കുമ്പോൾ തല ആട്ടുക, അർത്ഥവും മന്ത്രം തന്നേയും മറക്കുക, മന്ത്രം എഴുതി വായിക്കുക എന്നിവ അരുത്.

നിത്യവും ജപിക്കുന്ന മന്ത്രസംഖ്യ ഒന്നുതന്നെ ആയിരിക്കണം. കൂട്ടുകയും കുറക്കുകയും ചെയ്യരുത്.

നിലത്ത് കിടന്നുറങ്ങി ശീലിക്കണം. ഇഴ ജന്തുക്കൾ, എലി, മുതലായവയുടെ ശല്യം ഉണ്ടാകുമെങ്കിൽ വെറും കട്ടിലിൽ കിടന്ന് ശീലിക്കണം.

ബ്രഹ്മചര്യം പാലിക്കണം

സത്സംഗവും, ഗുരുശുശ്രൂഷയും ശീലിക്കണം

വേണ്ടാതെ സംസാരിക്കരുത്

ത്രികാലസ്നാനം കഴിക്കാമെങ്കിൽ നല്ലത്

പാപകർമ്മത്യാഗം (പാപകർമ്മങ്ങൾ 10 തരത്തിലുണ്ട്.
( ഹിംസ, സ്തേയം = മോഷണം, അന്യതാകാമം = ആഗ്രഹിക്കാൻ പാടില്ലാത്തത് ആഗ്രഹിക്കൽ, പൈശൂന്യം = നിഷിദ്ധകർമ്മാചരണം, പരുഷം = കടുത്തവാക്ക് പറയൽ, അന്യതം = കള്ളം പറയൽ, സംഭിന്നാലാപം = അസംബന്ധം പറയൽ, വ്യാപാദം = മറ്റുള്ളവർക്ക് ആപത്കരമായ പ്രവൃത്തി ചെയ്യൽ, അഭിധ്യാ = പരോത്കർഷാസഹിഷ്ണുത, ദൃഗ്‌വിപര്യം =ശാസ്ത്ര വിരുദ്ധചിന്ത.)

നിത്യപൂജ

ദാനധർമ്മങ്ങൾ അനുഷ്ഠിക്കൽ

ഇഷ്ടദേവപ്രാർത്ഥന

സത്യനിഷ്ഠ

നല്ലതെന്ന് ശാസ്ത്രവും സമൂഹവും അംഗീകരിച്ചിട്ടുള്ളതും തനിക്ക് നല്ലതെന്ന് തോന്നുന്നതുമായ കാര്യങ്ങൾ ചെയ്യുക

എന്നും  ഉറങ്ങുന്നതിന് മുമ്പ് താൻ അന്ന് ചെയ്ത പ്രവൃത്തികളുടെ നന്മതിന്മകളെ വിലയിരുത്തുക

മന്ത്രസാധന ചെയ്യുന്ന സമയത്ത് മനസ്സിനെ ഏകാഗ്രമായി സൂക്ഷിക്കുക, സംഭാഷണങ്ങളിൽ ഏർപ്പെടാതെ ഇരിക്കുക

പുല, വാലായ്മ തുടങ്ങിയവ വന്നാലും മന്ത്രജപം മുടക്കണമെന്നില്ല

താൻ മന്ത്രസാധനക്കുപയോഗിക്കുന്ന ഇരിപ്പിടവും, താൻ ഉറങ്ങുന്ന ഭൂമി ഭാഗവും അന്യർ ഉപയോഗിക്കാതെ നോക്കണം.

ഉറങ്ങി എഴുന്നേറ്റ ഉടനെ തന്നെ മന്ത്രജപം തുടങ്ങരുത്

വെയിലത്ത് ഇരുന്ന് ജപിക്കരുത്

കാലുകൾ നീട്ടി ഇരുന്ന് മന്ത്രസാധന ചെയ്യരുത്

ജപിച്ച സംഖ്യയുടെ 1 / 10 സംഖ്യ മന്ത്രം ജപിച്ച് ഹോമം ചെയ്യണം. അതിന്റെ 1 / 10 അന്നദാനം ചെയ്യണം

വ്യഗ്രതാലസ്യസംതാപക്രോധപാദപ്രസാരണം
അന്യഭാഷാം പരേക്ഷാം ച ജപകാലേ ത്യജേത് സുധീഃ
സ്ത്രീശൂദ്രഭാഷണം നിന്ദാം താംബൂലം ശയനം ദിവാ
പ്രതിഗ്രഹം നൃത്യഗീതേ കൗടില്യം വർജയേത് സദാ

ഭൂശയ്യാം ബ്രഹ്മചര്യം ച  ത്രികാലം ദേവതാർച്ചനം
നൈമിത്തികാർചനം ദേവസ്തുതിം വിശ്വാസമാശ്രയേത്
പ്രത്യഹം പ്രത്യഹം താവത് നൈവ ന്യൂനാധികം ക്വചിത്
ഏവം ജപിച്ചു സമാപ്യാന്തേ ദശാംശം ഹോമമാചരേത്.

മാനസമന്ത്രജപം

മന്ത്രസിദ്ധി വരുത്തിക്കഴിഞ്ഞ സാധകന് മുൻപറഞ്ഞ നിയമങ്ങൾ ഒന്നും തന്നെ ബാധകമല്ല. നല്ല സാധകൻ നിൽക്കുമ്പോഴും നടക്കുമ്പോഴും ഉറങ്ങുമ്പോഴും ഉണർന്നിരിക്കുമ്പോഴും എല്ലാ അവസ്ഥകളിലും മന്ത്രജപം തുടർന്നുകൊണ്ടിരിക്കുന്നു.

ദീപം - വിളക്ക്

വിളക്കിന് പൂജയിൽ വലിയ പ്രാധാന്യം കല്പിച്ചിരിക്കുന്നു. ദീപം ദേവതാ സ്വരൂപമാണ്. പൂജയിൽ വിളക്കിലാണ് അഭീഷ്ടദേവതയെ ആവാഹിച്ച് പൂജിക്കുന്നത്. ദീപത്തിന് ഭാരതീയസംസ്കാരവുമായി അഭേദ്യബന്ധമുണ്ട്. ഭാരതത്തിൽ വിളക്ക് സൂക്ഷിക്കാത്ത വീടുകൾ കാണുകയില്ല. ബൃഹത്സംഹിത, പ്രശ്നമാർഗ്ഗം എന്നീ ഗ്രന്ഥങ്ങളിൽ ദീപത്തിന്റെ മഹത്ത്വത്തെപ്പറ്റി പ്രതിപാദിച്ചിട്ടുണ്ട്. ദീപത്തിൽ കൂടി പ്രകടമാകുന്നത് അഗ്നിയാണ്. ഭാരതീയർ വിവാഹാദി പ്രധാന കർമ്മങ്ങളെല്ലാം തന്നെ അഗ്നിസാക്ഷിയായിട്ടാണ് നടത്തുന്നത്. അഗ്നി സ്പർശിക്കുന്നതോടുകൂടി എല്ലാ വസ്തുക്കളും പവിത്രമാകുന്നു. ഈ അഗ്നിതന്നെയാണ് ഹോമകുണ്ഡത്തിൽ ഹോമിക്കുന്ന ദ്രവ്യത്തെ ദേവന്മാർക്ക് എത്തിച്ചുകൊടുക്കുന്നത്. ദീപം ഐശ്വര്യത്തിന്റേയും എല്ലാ നല്ല ഗുണങ്ങളുടെയും പ്രതീകമാണ്. യഥാർത്ഥ ഭാരതീയർ പ്രഭാതത്തിലും പ്രദോഷത്തിലും ഗൃഹത്തിൽ ദീപം ജ്വലിപ്പിക്കുന്നു. അഗ്നി സൂര്യന്റെ പ്രതിനിധിയാണ്. വീട്ടിനകത്ത് ജ്വലിക്കുന്ന ദീപത്തിൽകൂടി അവിടെ സൂര്യസാന്നിധ്യമാണ് വരുന്നത്. ഇങ്ങനെ വിളക്കിന്റെ മുമ്പാകെ ചെയ്യുന്ന ക്രിയകൾ സൂര്യന്റെ മുമ്പാകെ ചെയ്യുന്നവയായി തീരുന്നു. ദീപങ്ങൾ ചെറുതും വലുതുമായുണ്ട്. വലിയ വിളക്കിനെ നിലവിളക്ക് എന്ന് പറയുന്നു. എല്ലാ പവിത്ര ചടങ്ങുകൾക്കും ദീപം സാക്ഷിയാണ്. കൂടാതെ വിളക്ക് ദൈവീക ശക്തിയുടെ മാധ്യമമാണ്. അഷ്ടമംഗലപ്രശ്നത്തിലും മറ്റു പ്രശ്നങ്ങളിലും ദീപലക്ഷണം കൊണ്ട് തന്നെ ശുഭാശുഭഫലങ്ങൾ പറയുവാൻ സാധിക്കും.

സർവപ്രശ്നനേഷു സർവേഷു കർമ്മസ്വപി വിശേഷതഃ
പ്രസാദേനൈവ ദീപസ്യ ഭവിഷ്യത് പലം ആദിശേത്

ജ്വല ഇടത് വശത്തായി ചുറ്റരുത് അതിൽ നിന്നും തീപ്പൊരി പറക്കരുത്. എണ്ണയുണ്ടെങ്കിൽ കെട്ടുപോകരുത്. ദീപജ്വാല വിറക്കരുത്. രണ്ട് ജ്വലയായി കാണരുത്. ജ്വാലക്ക് നല്ല നീളം ഉണ്ടായിരിക്കണം. ജ്വാലക്ക് സ്വർണ്ണനിറമായിരിക്കണം. ജ്വാലയുടെ ഗതി പ്രദക്ഷിണമായിരിക്കണം. ഇങ്ങനെയുള്ള ദീപം ഐശ്വര്യത്തെ സൂചിപ്പിക്കുന്നു. 

വിളക്കിൽ എണ്ണക്കായി നെയ്യ്, എള്ളെണ്ണ, വെളിച്ചെണ്ണ എന്നിവ ഉപയോഗിക്കാം. വിളക്കിൽ തിരികളിടുന്നത് പ്രത്യേകം ശ്രദ്ധിക്കണം. ഒറ്റ തിരി ഇടരുത്. രണ്ടു തിരികളോ 5 തിരികളോ ഇടാം. നാല് തിരികൾ നാലു ദിക്ക് നോക്കിയും അഞ്ചാമത്തെ തിരി ഈശാനകോണ് നോക്കിയും ഇടണം. ദീപം കത്തിക്കുന്നത് ആദ്യം ഈശാന കോണിലെ തിരി ആയിരിക്കണം, പിന്നീട് പ്രദക്ഷിണമായി കിഴക്ക്, തെക്ക്, പടിഞ്ഞാറ്, വടക്ക് കത്തിക്കണം. 

ദീപം സാധകനെ പ്രതിനിധീകരിക്കുന്നു. ദീപത്തിലെ തട്ട് വ്യക്തിയുടെ ശരീരം, ദീപത്തിലെ തിരി ആത്മാവ്, ജ്വാല ആയുസ്സ്, നിർമലമായ വിളക്ക് സുഖം എന്നിവയെ സൂചിപ്പിക്കുന്നു. 

വിളക്കിൽ അനുകൂലമായി തട്ടുന്ന വായു മിത്രത്തിനെയും, പ്രതികൂലമായി തട്ടുന്ന കാറ്റ് ശത്രുവിനെയും സൂചിപ്പിക്കുന്നു. ഇങ്ങനെ വിളക്ക് പ്രശ്നത്തിൽ പ്രഷ്ടാവിന്റെ സുഖദുഃഖങ്ങളെ സൂചിപ്പിക്കുന്നു. ദീപത്തിന്റെ നമസ്കരിക്കാനുള്ള ഒരു ശ്ലോകം താഴെ പറയുന്നു.

ഐം ഹ്രീം ശ്രീം ദീപദേവി മഹാദേവി ശുഭം ഭവതു മേ സദാ
യാവത് പൂജാസമാപ്തിഃ സ്യാത് താവത് പ്രജ്വല സുസ്ഥിരാ
ശുഭം ഭവതു കല്യാണം ആയുരാരോഗ്യവർധനം
നമഃ ശത്രുവിനാശായ ദീപജ്യോതി നമോ നമഃ.

ദശപുഷ്പങ്ങൾ

കേരളത്തിൽ ദശപുഷ്പങ്ങൾക്ക് വലിയ പ്രാധാന്യം നൽകിയിട്ടുണ്ട്. ഇതിലെ ഓരോ പുഷ്പത്തിനും ഓരോ ദേവതയുമായിട്ടാണ് ബന്ധം. 

താഴെ ദശപുഷ്പങ്ങളുടെ പേരുകളും അവക്ക് ബന്ധമുള്ള ദേവതയുടെ പേരും കൊടുക്കുന്നു

കറുക - ഗണപതി

വിഷ്ണുക്രാന്തി - ശ്രീകൃഷ്‌ണൻ

പൂവാംകുറുന്തൽ - ഇന്ദിരാദേവി

നിലപ്പന - ഭൂമിദേവി

കയ്യുണ്ണി - പഞ്ചഭണ്ഡാരി

മുക്കുറ്റി - പാർവതീദേവി

തിരുതാളി - ഇന്ദിരാദേവി

ഉഴിഞ്ഞ - ഇന്ദ്രാണി

ചെറൂള - യമധർമ്മൻ

മുയൽചെവിയൻ - ചിത്തജ്ഞൻ

എന്നിവയാണ് ദശപുഷ്പങ്ങൾ

ദശപുഷ്പങ്ങൾക്ക് പൂജാപ്രാധാന്യത്തോടൊപ്പം ഔഷധഗുണവുമുണ്ട്. ഒരു പക്ഷേ ഔഷധഗുണം കൊണ്ടായിരിക്കാം ദശപുഷ്പങ്ങൾക്ക് പൂജയിലും പ്രാധാന്യം ലഭിച്ചത്.

മിഥുനസംക്രമദിവസം ദശപുഷ്പങ്ങൾ വീട്ടിന്റെ നടയിൽ നടാറുണ്ട്.

കർക്കിടകമാസത്തിൽ നിത്യവും പൂജാമുറിയിൽ ദശപുഷ്പങ്ങൾ വിളക്കിന്റെ മുമ്പിൽ വെക്കാറുണ്ട്.

ദശപുഷ്പങ്ങൾ അരച്ച് പൊട്ടു തൊടുക, ദശപുഷ്പങ്ങൾ അരച്ച് മോരിൽ കലക്കി കുടകപ്പാലയുടെ കുമ്പിളിൽ കലക്കി കുടിക്കുക തുടങ്ങിയ ആചാരങ്ങളും നിലവിലുണ്ട്.

ധനുമാസത്തിലെ തിരുവാതിര ദിവസം അർദ്ധരാത്രി സ്ത്രീകൾ തലയിൽ ദശപുഷ്പം ചൂടാറുണ്ട്.

പൂജാസാമഗ്രികളും നിവേദ്യവും വെക്കേണ്ടസ്ഥാനം

പൂജക്ക്‌ വേണ്ട സാമഗ്രികൾ - പുഷ്പഗന്ധാദികൾ - ദേവതയുടെ മുൻപാകെത്തന്നെ വെക്കണം. 

വിളക്ക് ദേവതയുടെ വലത് ഭാഗത്തു വെക്കണം.

സാമ്പ്രാണി ദേവതയുടെ ഇടതുഭാഗത്തും വെക്കണം. 

നിവേദ്യം ദേവതയുടെ വലതുഭാഗത്തു തന്നെ വെക്കണം. 

ശിവന് നിവേദിക്കുന്നവ ഭക്തന്മാർക്ക് നൽകാമെങ്കിലും ശിവലിംഗത്തിൽ ചാർത്തിയ ഫലപുഷ്പാദികൾ ഭക്തന്മാർക്ക് വിതരണം ചെയ്യരുത് എന്ന് അഭിപ്രായമുണ്ട്.

സൂര്യൻ - സ്വീകാര്യപുഷ്പങ്ങൾ

സൂര്യന് സ്വീകാര്യ പുഷ്പങ്ങൾ - എരുക്ക്, ചെമ്പരത്തി, കണവീരം, വില്വം, താമര, വാകപുഷ്പം, കുശപുഷ്പം, ശമി, കൂവളം,

താഴെ പറയുന്ന പുഷ്പങ്ങൾ സൂര്യന് നിഷിദ്ധങ്ങളാണ്. ഗുംജാ, ഉമ്മത്ത്, കാംചി, ഗിരികർണിക, തകരം, ആമ്രാതം (മാമ്പൂ)

ചുരുക്കത്തിൽ ഒരു ദേവതക്ക് നിഷേധിക്കാത്തതും മണവും നിറവും ഉള്ള എല്ലാ പൂക്കളെക്കൊണ്ടും ആ ദേവതയെ പൂജിക്കാം. 

പൂജയിൽ പൊതുവേ വർജ്യങ്ങളായ പുഷ്പങ്ങൾ

രവിക്ക് കൂവള ഇല, ഗണപതിക്ക് തുളസി, വിഷ്ണുവിന് അക്ഷതം, ദേവിക്ക് കറുകപ്പുല്ല്, വിഷ്ണുവിന് എരുക്ക്, ശിവൻ താഴംപൂ, മാലതി ഇവ ഒഴിവാക്കണം.

വിഷ്ണു - സ്വീകാര്യപുഷ്പങ്ങൾ

വിഷ്ണുവിന് തുളസിയാണ് ശ്രേഷ്ഠം. അതിൽ തന്നെയും വെളുത്ത തുളസിയാണ് കൂടുതൽ ഉത്തമം. തുളസി വാടിയതായാലും ദോഷമില്ല. 

താഴെ പറയുന്ന പൂക്കൾ വിഷ്ണുപൂജക്ക് ഉത്തരോത്തരം ശ്രേഷ്ഠമാണ്. അപാമാർഗ്ഗം (കടലാടി), ഭൃംഗരജസ്സ്, ഖദിരം (കരിങ്ങാലി), ശമി, ദർഭ, ദമനകം, താമരയും അത്യന്തം പ്രിയമാണ്. താമര വാടിയതാണെങ്കിലും ദോഷം ഇല്ല എന്ന് അഭിപ്രായമുണ്ട്. 

താഴെ പറയുന്ന പുഷ്പങ്ങൾ വിഷ്ണുവിന് നിഷിദ്ധങ്ങളാണ്. അർകം (എരുക്ക്), ഉമ്മത്ത്, ഗുരുകർണിക, കണ്ടകാരി, കുടജം (കുടകപ്പാല), ശാല്മലി (ഇലവ്), ഗിരീഷം (വാക), കപിത്ഥം, ലാംഗുലി, ശിഗ്രു, കോവിദാരം, ന്യഗ്രോധം, ഉദുംബരം, പ്ലക്ഷം, കപീതനം, കോവിദാരം.

ദേവിക്ക് - സ്വീകാര്യപുഷ്പങ്ങൾ

ശിവനുപയോഗിക്കുന്ന എല്ലാ പുഷ്പങ്ങളും ഇലകളും ദേവിക്ക് ഉപയോഗിക്കാം


പരമേശ്വരൻ - സ്വീകാര്യപുഷ്പങ്ങൾ

ഭൂമിയിലും ജലത്തിലും ഉണ്ടാകുന്ന മിക്കവാറും എല്ലാ പുഷ്പങ്ങളും ശിവപൂജക്ക് ഉപയോഗിക്കാം, പക്ഷേ താഴം പൂവ് ശിവപൂജക്ക് ഉപയോഗിക്കരുത്. 

താഴെ പറയുന്ന പുഷ്പങ്ങളും ശിവന് നിഷിദ്ധങ്ങളാണ്.

(കടമ്പ്, പലാശം, കേതകം, ശിരീഷം, തിന്ത്രിണി, ബകുളം, കപിത്ഥം, ഗുഞ്ജം, ബിഭീതകം, കാർപാസം, ശ്രീപർണി, ശാല്മലി, ദാഡിമം, ധാതകി, അതിമുക്തം, കുന്ദം, മദന്തിക, സർജം, ബന്ധുകം).

കൂവളത്തിലയാണ് ശിവപൂജക്ക് ഏറ്റവും ഉത്തമം.

ഗണപതിക്ക് - സ്വീകാര്യപുഷ്പങ്ങൾ

തുളസി ഒഴികെ മറ്റെല്ലാ പുഷ്പങ്ങളും ഗണപതിയുടെ പൂജക്ക് ഉപയോഗിക്കാം. പക്ഷേ, ഏറ്റവും നല്ലത് കറുകയാണ്. അതിൽതന്നെയും വെളുത്ത കറുകയാണ് ഗണപതി പൂജക്ക് ഉത്തമം. കറുകയിൽ 3 / 5 ഇതളുകൾ ഉണ്ടായിരിക്കണം. ഇത്തരത്തിൽ 21 അങ്കുരങ്ങൾ സമർപ്പിക്കണം.

ഹരിതാഃ ശ്വേതവർണ്ണാ വാ പഞ്ച ത്രി പത്രസംയുതാഃ
ദൂർവാംകുരാ മയാ ദത്താ ഏകവിംശതി സമ്മിതാഃ

ഗണപതിയെ തുളസികൊണ്ട് പൂജിക്കരുത് എന്ന് മന്ത്രശാസ്ത്രഗ്രന്ഥങ്ങളിൽ അനുശാസിക്കുന്നു. (ന തുളസ്യാ ഗണാധിപം)

പൂജാപുഷ്പങ്ങൾ

പൂജക്ക് പ്രധാനമായും പുഷ്പങ്ങളാണ് ഉപയോഗിക്കുന്നത്. 

ദേവചൈതന്യത്തെ സ്വാംശീകരിക്കാൻ പുഷ്പങ്ങൾക്ക് വിശേഷ ശക്തിയുണ്ട്. 

പൂജ കഴിഞ്ഞ് പുഷ്പങ്ങൾ പ്രസാദമായി വാങ്ങി ചെവിയിലോ ശിരസ്സിലോ വെക്കുമ്പോൾ ദേവന്റെ ചൈതന്യശക്തി പ്രസാദം ധരിയ്ക്കുന്നവരിലും വന്നുചേരുന്നു. ഉദാഹരണമായി തുളസിക്ക് ശുദ്ധീകരണശക്തി കൂടുതലായി ഉള്ളതുകൊണ്ട് ചെവിയിൽ തുളസി ധരിച്ചാൽ അത് ശിരസ്സിലെ ഇന്ദ്രിയങ്ങളേയും ആജ്ഞാ ചക്രത്തേയും ശുദ്ധിചെയ്യുന്നു. പക്ഷേ എല്ലാ പുഷ്പങ്ങളും എല്ലാ ദേവതകൾക്കും സ്വീകാര്യമല്ല.

പൂജാമൂർത്തികളുടെ സ്വഭാവം

വീട്ടിൽ വെച്ച് പൂജിക്കുന്ന മൂർത്തിയുടെ പൊക്കം 2 ഇഞ്ച് മുതൽ ഒരു ചാൺ അഥവാ 9 ഇഞ്ച് ആകാം. (ചിലർ വീട്ടിൽ ചിത്രപൂജയേ ആകാവൂ എന്നും മൂർത്തിപൂജ പാടില്ലെന്നും അഭിപ്രായപ്പെടുന്നു). 

ഒരു  ദേവതയെ മാത്രമായി വീട്ടിൽ പൂജിക്കരുത്. പല ദേവതകളുടെ മൂർത്തികളും ചിത്രങ്ങളും വെക്കണം. ഒരിക്കലും 2 ശിവലിംഗങ്ങൾ, 2 ശംഖുകൾ, 2 സൂര്യന്മാർ, 2 സാളഗ്രാമങ്ങൾ, 3 ഗണപതി, 3 ശക്തികൾ എന്നിവ വെച്ച് പൂജിക്കരുത്. പൊട്ടിയ പ്രതിമ പൂജിക്കരുത്.

ജപമാല

ജപിച്ച മന്ത്രങ്ങളുടെ സംഖ്യ കണക്കാക്കുന്നതിന് കരമാലപോലെ തന്നെ മണിമാലയും ഉപയോഗിക്കാം. 

രുദ്രാക്ഷമണി, ശംഖ്, താമരക്കിഴങ്ങ്, മുത്ത്, സ്ഫടികം, രത്നം, സ്വർണ്ണമണി, പവിഴം, വെള്ളിമണി, ദർഭയുടെ വേര് മുറിച്ചുണ്ടാക്കിയ മണികൾ, തുളസിയുടെ വേര് മുറിച്ച് രൂപപെടുത്തിയ മണികൾ തുടങ്ങിയവയെക്കൊണ്ട് മണിമാലകൾ (ജപമാല) ഉണ്ടാക്കാം.

മാലയെ ജപത്തിന് ഉപയോഗിക്കുന്നതിന് മുമ്പ് മന്ത്രം കൊണ്ട് സംസ്കരിക്കണം. അതിന് മാലയെ 9 അരയാലിലകൊണ്ടോ, 9 പേരാലിലകൊണ്ടോ വൃത്താകൃതിയിൽ ഇല ഉണ്ടാക്കി അതിൽ വെച്ച് പഞ്ചഗവ്യം കൊണ്ട് അഭിഷേകം ചെയ്യണം. (വാഴയിലയുമാകാം). പിന്നീട് ശുദ്ധജലം കൊണ്ട് കഴുകണം. എന്നിട്ട് ചന്ദനം, അകിൽ കർപൂരം ഇവയുടെ ചൂർണ്ണം കൊണ്ട് തുടക്കണം. പിന്നീട് പ്രാണ പ്രതിഷ്ഠ ചെയ്യണം. എന്നിട്ടേ മാല ജപത്തിന് ഉപയോഗിക്കാവു. ജപിക്കുമ്പോൾ മാലയെ ആരും കാണാത്ത തരത്തിൽ സഞ്ചിക്കകത്തിട്ട് നെഞ്ചിനു നേരെ പിടിച്ച് ജപിക്കണം. ഭൂതരാക്ഷസവേതാളസിദ്ധഗന്ധർവചാരണന്മാർ മാലയുടെ ശക്തിയെ ബാധിക്കാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. വിരലുകളിലെ എല്ലുകളെ മാലയാക്കിയും ജപിക്കാനുള്ള നിർദ്ദേശങ്ങൾ മന്ത്രശാസ്ത്രത്തിലുണ്ട്. 

ശത്രുനാശകാര്യങ്ങൾക്ക് താമരക്കിഴങ്ങ് മാലയും, പാപനാശത്തിന് ദർഭവേരിന്റെ മണികളും, അഭീഷ്ടസിദ്ധിക്ക് വെള്ളമുത്തുകൾകൊണ്ടുള്ള മാലയും, ധനലാഭത്തിന് പവിഴമാലയും ഉപയോഗിക്കാം. 

സുഖഭോഗത്തിനും മോക്ഷത്തിനും രക്തചന്ദനം കൊണ്ടുള്ള മാല, വിഷ്ണുമന്ത്രത്തിന് തുളസീമാല, ഗണപതി മന്ത്രത്തിന് ആനക്കൊമ്പ് മാല, ത്രിപുരാമന്ത്രത്തിന് രുദ്രാക്ഷമാല, താരാമന്ത്രത്തിന് ശംഖ് മാല എന്നിവ ഉപയോഗിക്കാം.

സാമ്പത്തികകാര്യങ്ങൾക്ക് 27 മണികളുള്ള മാല, മാരണ കാര്യങ്ങൾക്ക് 15 മണികളുള്ള മാല, കാമസിദ്ധിക്ക് 54 മണികളുള്ള മാല, 108 മണികളുള്ള മാല ഇവ ഉപയോഗിക്കാം.

ജപമാലയുടെ മണികൾ എണ്ണാൻ പ്രത്യേക വിരലുകൾ ഉപയോഗിക്കണം. 

ശാന്തി, പുഷ്ടി, സ്തംഭനം, വശീകരണം എന്നിവയ്ക്ക് തള്ളവിരലിന്റെ അഗ്രഭാഗം കൊണ്ട് മണികൾ നീക്കണം. 

ആകർഷണകാര്യങ്ങളിൽ തള്ളവിരലും മോതിരവിരലും ചേർത്ത് മണികൾ നീക്കണം.

വിദ്വേഷണകർമ്മത്തിൽ തള്ളവിരൽ, ചൂണ്ടുവിരൽ എന്നിവ ചേർത്തും, മാരണ കാര്യങ്ങളിൽ തള്ളവിരൽ ചെറുവിരൽ എന്നിവ ചേർത്തും മണികൾ നീക്കണം. 

മണികൾ നീക്കുമ്പോൾ മാലയുടെ നടുക്കുള്ള മധ്യമണികടന്നു പോകരുത്. മധ്യമണിയിൽ നിന്നും മാല തിരിച്ചു ജപിക്കണം. ജപിക്കുമ്പോൾ മാല കൈയ്യിൽ നിന്നും താഴെ വീഴരുത്.


ജപസംഖ്യ കണക്കാക്കൽ

മന്ത്രസിദ്ധി വരുത്താൻ മന്ത്രങ്ങൾ ലക്ഷാധികം ആവൃത്തി ജപിക്കേണ്ടതായി വരും. ഇത് ഒരു ദിവസം കൊണ്ട് സാധിക്കുന്നതല്ലാത്തതുകൊണ്ട് പല ദിവസങ്ങളായി ജപിച്ച് സാധിക്കേണ്ടതായി വരും. അപ്പോൾ ഓരോ ദിവസവും ജപിച്ചുതീരുന്ന മന്ത്രങ്ങളുടെ സംഖ്യ കണക്കാക്കേണ്ടിവരും. ഇത് പലതരത്തിൽ കണക്കാക്കാം.

മന്ത്രം 100 ആവൃത്തി ജപിച്ചുതീരുമ്പോൾ ഒരു പൂവോ, ധാന്യമോ മാറ്റി വെക്കാം. ഇല്ലെങ്കിൽ സ്വന്തം വിരലുകളിലെ പർവങ്ങളെക്കൊണ്ട് എണ്ണുന്ന ഒരു സമ്പ്രദായമുണ്ട്. ഇതിന് " കരമാല " എന്ന് പറയുന്നു.

മോതിരവിരലിന്റെ രണ്ടാമത്തെ പർവം മുതൽ എണ്ണം തുടങ്ങി ചെറുവിരലിലെ 3 പർവങ്ങൾ, മോതിരവിരലിലെ അഗ്രഭാഗം, നടുവിരലിന്റെ അഗ്രഭാഗം, ചൂണ്ടുവിരലിന്റെ 3 പർവങ്ങൾ (ആകെ 10) ഇതിന് " കരമാല " എന്ന് പറയുന്നു.


ജപസമയത്ത് അരുതാത്ത കാര്യങ്ങൾ

മന്ത്ര ജപത്തിൽ ഏകാഗ്രതക്കാണ് പ്രാമുഖ്യം. ഏകാഗ്രത ഇല്ലാത്ത ജപം വ്യർത്ഥമാണ്.അതുകൊണ്ട് ജപസമയത്ത് മറ്റ് ശാരീരികമോ മാനസികമോ ആയ പ്രവർത്തനങ്ങളിലേർപ്പെടരുത്. കോട്ടുവായ, മൂരി നിവരൽ, ഉറക്കം, തുമ്മൽ, തുപ്പൽ, ഭയം, ചൊറിയൽ, കോപം, സംഭാഷണം, കൈ കാൽ നീട്ടൽ, മന്ത്രധ്വനിയല്ലാതെ മറ്റ് ശബ്ദം പുറപ്പെടുവിക്കൽ, ഈശ്വരേതരചിന്ത ഇവയിൽ ഏർപ്പെടരുത്. 

**********************

പ്രസിദ്ധ ഹിന്ദി കവിയായ കബീർദാസ് പറഞ്ഞിരിക്കുന്നത് നോക്കുക.

മാലാ തോ കർ മേം ഫിരൈ ജീഭ് ഫിരൈ മുഖ് മാഹിം
മനുവാ ദഹും ദിസി ഫിരൈ യഹ് തോ സുമിരൻ നാഹിം.

മാല കൈയ്യിൽ തിരിയുന്നു. നാക്ക് വായ്ക്കകത്ത് തിരിയുന്നു. മനസ്സ് പത്ത് ദിക്കുകളിലും സഞ്ചരിക്കുന്നു. ഇത് (ശരിയായ) നാമജപം അല്ല 

പഞ്ചശുദ്ധി

ജപം ആരംഭിക്കുന്നതിനു മുമ്പേ പഞ്ചശുദ്ധി വരുത്തണം.

1). ആത്മശുദ്ധി

2). സ്ഥാനശുദ്ധി

3). മന്ത്രശുദ്ധി

4). ദ്രവ്യശുദ്ധി

5). ദേവശുദ്ധി

മേൽപ്പറഞ്ഞിവയാണ് പഞ്ചശുദ്ധികൾ

പൂജ ചെയ്യേണ്ടത് ആര്?

മനുഷ്യൻ ആഗ്രഹിച്ചാലും ഇല്ലെങ്കിലും വിശ്വസിച്ചാലും ഇല്ലെങ്കിലും അയാൾക്കും അയാളുടെ വംശജർക്കും ഒരു പ്രത്യേക ദിവ്യശക്തിയുമായി അഭേദ്യമായ ബന്ധം ഉണ്ടായിരിക്കും. ആ ദിവ്യശക്തിയെ നിലനിർത്തേണ്ടതും വളർത്തേണ്ടതും അയാളുടെ കടമയാണ്. ഈ ദിവ്യശക്തിയെ നിലനിർത്തിക്കൊണ്ടു വന്നാൽ അയാളുടെ ജീവിതം സുഖകരമായിരിക്കും. ആ ദിവ്യ ശക്തി എല്ലാത്തരം ക്ലേശങ്ങളിൽ നിന്നും അയാളെ സംരക്ഷിച്ചുകൊണ്ടിരിക്കും. ഈ ദിവ്യശക്തിയെ സംരക്ഷിയ്ക്കുകയും വർദ്ധിപ്പിക്കുകയും ചെയ്യുന്ന ക്രിയയാണ് പൂജ. 

പൂജയിൽ ഭാരതീയരുടെ വ്യക്തിഗതസംസ്കാരത്തിന്റെ പരമമായ വികാസം കാണാം. ശരീരശാസ്ത്രപ്രകാരവും വൈദ്യശാസ്ത്രപ്രകാരവും മനഃശാസ്ത്രപ്രകാരവും ചിട്ടപ്പെടുത്തിയ ജീവിത ശൈലിയാണ് പൂജ. പൂജയിലേർപ്പെടുമ്പോൾ മനുഷ്യന് ശാരീരികവും, മാനസികവും, ബുദ്ധിപരവും ആത്മീയവുമായ നിർവൃതി ലഭിക്കുന്നു. ജീവിതത്തെ സുഖശാന്തിപൂർണ്ണമാക്കാനുള്ള എല്ലാ കഴിവുകളും സാധകനിൽ സ്വയം വന്നു ചേരുന്നു.

പൂജ, ജാതി, മത, സ്ത്രീ, പുരുഷ, ബാല, വൃദ്ധഭേദമില്ലാതെ എല്ലാവർക്കും ചെയ്യാം, ചെയ്യേണ്ടതുമാണ്. പൂജ സകാമമായാലും (തന്റെ ഏതെങ്കിലും ആഗ്രഹസാധ്യത്തിനും) അഥവാ നിഷ്കാമമായും (ലോകനന്മക്കുവേണ്ടിയും) ചെയ്യാം. പൂജാസങ്കല്പം അതനുസരിച്ച് ചൊല്ലണം. മന്ത്രമഹോദധി, മന്ത്രമഹാർണ്ണവം, തുടങ്ങിയ ഗ്രന്ഥങ്ങളിലും കർമ്മകാണ്ഡഗ്രന്ഥങ്ങളിലും പൂജ കൊണ്ട് സിദ്ധിക്കുന്ന ഫലങ്ങൾ വിവരിച്ചിട്ടുണ്ട്. 

പൂജ എന്നാൽ നാമജപം ആണ് എന്ന് ഒരു ധാരണ വന്നിട്ടുണ്ട്. ഇത് ശരിയല്ല.

നാമജപം പൂജാവിധിയുടെ ഒരു ഭാഗം മാത്രമേ ആകുന്നുള്ളു. നാമജപം കൂടാതെ പൂജയിൽ മറ്റ് പലകാര്യങ്ങളും കൂടി ഉണ്ട്. അവ കൂടി പഠിച്ച് പൂജ ചെയ്യണം. ഇതു കാരണം മനനശക്തയും ധ്യാനശക്തിയും, ഇച്ഛാശക്തിയും, ജ്ഞാന ശക്തിയും ക്രിയാശക്തിയും വികസിക്കുകയും, വ്യക്തി പ്രകൃതി ദത്തമായ എല്ലാ ശക്തികളും വികസിച്ച കാമക്രോധലോഭമദമാത്സര്യാദികൾ തീണ്ടാത്ത സ്വകർമ്മപരായണനായ സാത്ത്വികനായിത്തീരുകയും ചെയ്യും. ഒരു സമൂഹത്തിൽ സാത്ത്വികവ്യക്തികൾ കൂടുമ്പോൾ ആ സമൂഹം പരമോന്നതിയെ പ്രാപിക്കും. ഈ ദൃഷ്ടികോണത്തിൽ കൂടി നോക്കുമ്പോൾ പൂജ സമൂഹോന്നതിക്കുള്ള മാർഗ്ഗം കൂടിയാണ്.

മാനസികമന്ത്രജപം

മന്ത്രസിദ്ധി ലഭിച്ചുകഴിഞ്ഞ സാധകന് ഏതു സമയത്ത് വേണമെങ്കിലും ഉണർന്നിരിക്കുമ്പോഴെല്ലാം - ഇരിക്കുമ്പോഴും നടക്കുമ്പോഴും - മന്ത്രജപം ആകാം. അവരെ മന്ത്ര ജപത്തിന് പറയുന്ന ദോഷങ്ങൾ ബാധിക്കുകയില്ല.

അശുചിർവാ ശുചിർവാപി ഗച്ഛൻ തിഷ്ഠൻ സ്വപന്നപി
മന്ത്രൈകശരണോ വിദ്വാൻ മനസൈവം സമഭ്യസേത്
ന ദോഷോ മാനസേ ജാപേ സർവദേശേപി സർവദാ
ജപനിഷ്ഠോ ദ്വിജശ്രേഷ്ഠോഖിലം യജ്ഞഫലം ലഭേത്.

സംപുടശബ്ദങ്ങൾ

മന്ത്രം കൊണ്ട് നേടാൻ ഉദ്ദേശിക്കുന്ന ഫലത്തിന്റെ സ്വഭാവമനുസരിച്ച് പലേ മന്ത്രങ്ങൾക്കും പലേ സംപുടങ്ങളാണ് (അനുബന്ധങ്ങൾ) ചേർക്കേണ്ടത്. 

സംപുടങ്ങൾ താഴെ പറയുന്നവയാണ്. 

സ്വാഹാ, നമഃ, വൗഷ്ട്, ഹും, ഫട്, ഹും ഫട്, വഷട്. 

വശീകരണം, ആകർഷണം, യജ്ഞം ഇവയുടെ മന്ത്രങ്ങളിൽ " സ്വാഹാ " ചേർക്കുന്നു. 

ശാന്തികർമ്മങ്ങളിലും പൂജാദികാര്യങ്ങളിലും " നമഃ " ചേർക്കുന്നു. 

സംമോഹനം, ഉദ്ദീപനം, മൃത്യംജയം, പുഷ്ടികാര്യങ്ങൾ ഇവയിൽ " വൗഷ്ട് " ചേർക്കുന്നു. 

മാരണം, ഛേദനം പോലെയുള്ള കാര്യങ്ങളിൽ " ഫട് " ചേർക്കുന്നു. 

ഗ്രഹദോഷശാന്തി മന്ത്രങ്ങൾ " ഹും ഫട് " ചേർക്കുന്നു. 

ലാഭപ്രാപ്തിക്കു വേണ്ടിയും, ഉദ്ദീപനകാര്യങ്ങൾക്കും " വഷട് " പ്രയോഗിക്കുന്നു.

പ്രണവമന്ത്രം - ഓം എന്നതാണ് പ്രണവമന്ത്രം

സാധാരണയായി എല്ലാ മന്ത്രങ്ങൾക്കും മുമ്പേ പ്രണവ മന്ത്രം ചേർത്ത് (സംപുടം ചെയ്ത്) ജപിക്കണം എന്നതാണ് നിയമം. പക്ഷേ വാഗ് ബീജമായ ഐം, കാമബീജമായ ക്ലീം, ശക്തിബീജമായ ഹ്രീം, ശ്രീ ബീജമായ ശ്രീം ഇവയ്ക്കു മുമ്പേ ഓം പ്രണവമന്ത്രം ചേർക്കേണ്ടതില്ല. ഈ ബീജാക്ഷരങ്ങളെത്തന്നെ പ്രണവമായി കണക്കാക്കാം. 

സന്ധ്യാവന്ദനത്തിലും പ്രാണായാമത്തിലുമുപയോഗിക്കുന്ന പ്രണവമന്ത്രത്തിന്റെ പൂർണ്ണരൂപം താഴെ കാണും പ്രകാരമാണ്.

ഓം ഭുഃ ഓം ഭുവഃ ഓം സ്വഃ ഓം മഹഃ ഓം ജനഃ ഓം തപഃ ഓം സത്യം തത്സവിതുഃ വരേണ്യം ഭർഗ്ഗോ ദേവസ്യ ധീമഹി ധിയോ യോനഃ പ്രചോദയാത്. ഓം ആപഃ ജ്യോതീരസഃ അമൃതം ബ്രഹ്മ ഭൂർ ഭുവഃ സ്വഃ ഓം.

മന്ത്രകാര്യത്തിനുള്ള ആസനങ്ങൾ

ശാന്തി, വശ്യം, സ്തംഭനം, ദ്വേഷണം, ഉച്ചാടനം, മാരണം എന്ന ഷട്കർമ്മങ്ങൾക്ക് പ്രത്യേകം ആസനങ്ങളിൽ ഇരുന്ന് വേണം ജപിക്കാൻ.

പദ്മം സ്വസ്തികവികടേ കുക്കുടം വജ്രഭേദകേ
ശാന്ത്യാദിഷു പ്രകുർവീത ക്രമാദാസനമുത്തമം.


 1. ശാന്തികാര്യത്തിന് - പത്മാസനം
 2. വശ്യകർമ്മത്തിന് - സ്വസ്തികാസനം
 3. സ്തംഭനത്തിന് - വികടാസനം
 4. വിദ്വേഷണത്തിന് - കുക്കുടാസനം
 5. ഉച്ചാടനത്തിന് - വജ്രാസനം
 6. മാരണത്തിന് - ഭദ്രാസനം

മന്ത്രദേവത

ഓരോ മന്ത്രത്തിനും ഓരോ അധിഷ്ഠാനദേവതയുണ്ട്. മന്ത്രത്തിന്റെ ഘടനയെ പൊതുവേ കൽപൂരത്തിന്റെ ഘടനയുമായി താരതമ്യപ്പെടുത്താം. കാറ്റത്ത് തുറന്ന് വെച്ചിരുന്നാൽ കൽപൂരം അദൃശ്യമാകുന്നു. പക്ഷേ ആ അദൃശ്യഘടകങ്ങളെ കാറ്റിൽ പോകാതെ ശേഖരിച്ച് തിരിച്ച് എടുത്താൽ കർപൂരം പൂർണ്ണരൂപത്തിൽ തിരിച്ചു കിട്ടുന്നു. അദൃശ്യമായ കർപൂരം രൂപപ്പെടുന്നതുപോലെയാണ് ദേവതാരൂപം മന്ത്രമായി രൂപപ്പെടുന്നത്. ഈ പ്രക്രിയ അനുസരിച്ചാണ് സാധകന് പഞ്ചാക്ഷരമന്ത്രത്തിൽ ശിവരൂപവും, ശ്രീവിദ്യാമന്ത്രത്തിൽ ദേവീരൂപവും പ്രകടമാകുന്നത്. ചില സാധകന്മാർ പൂജാസമയത്ത് പൂജാ സാമഗ്രികളെല്ലാം ശൂന്യമായ അന്തരീക്ഷത്തിൽ നിന്ന് തന്നെ സംഭരിച്ച് പൂജ നടത്തുന്ന അദ്‌ഭുത സിദ്ധികളും നാം കണ്ടിട്ടുള്ളതാണ്.

മന്ത്രദേവതകൾ

മന്ത്രങ്ങളുടെ സംഖ്യ നാലുകോടി ഉണ്ട് എന്ന് കണക്കാക്കപ്പെടുന്നു. അപ്പോൾ ഒരു മന്ത്രത്തിന് ഒരു ദേവത എന്ന കണക്കിൽ ദേവതകളുടെ സംഖ്യയും നാല് കോടി ഉണ്ടാകും. എന്നാലും ഈ മന്ത്രങ്ങളുടെ അധിഷ്ഠാനദേവതകളെ താഴെ പറയുന്ന തരത്തിൽ 15 ആയി നിശ്ചയിച്ചിരിക്കുന്നു.

 1. രുദ്രൻ 
 2. മംഗളൻ
 3. ഗരുഡൻ 
 4. ഗന്ധർവ്വൻ 
 5. യക്ഷൻ 
 6. രക്ഷസ്സ് 
 7. ഭുജംഗം 
 8. കീലക 
 9. പിശാച് 
 10. ഭൂതം 
 11. ദൈത്യൻ 
 12. ഇന്ദ്രൻ 
 13. സിദ്ധൻ 
 14. വിദ്യാധരൻ 
 15. അസുരൻ 

മന്ത്രം എന്നാൽ എന്ത്?

ആവർത്തിച്ചാവർത്തിച്ചുള്ള ചിന്തനം കൊണ്ടും മനനം കൊണ്ടും സാധകനായ വ്യക്തിക്ക് അഭീഷ്ടലാഭം നൽകുന്ന ധ്വനിവിശേഷത്തെ മന്ത്രം എന്ന് പറയുന്നു. മാനനാത് മന്ത്രഃ എന്ന് യാസ്കമഹർഷി നൽകിയ  വ്യുത്പത്തി. മത്രി രഹസ്യഭാഷണേ എന്ന ധാതുവിൽ നിന്നും മന്ത്രശബ്ദത്തിന്റെ നിഷ്പത്തി പറയാം. ഇപ്പോൾ രഹസ്യമായി പറയുന്നത് മന്ത്രം എന്ന് അർത്ഥം കിട്ടുന്നു. മന്ത്രത്തിന്റെ മറ്റൊരു നിർവചനം നോക്കുക.

മനനം വിശ്വവിജ്ഞാനം ത്രാണം സംസാരബന്ധനാത്
യതഃ കരുതി സംസിദ്ധിം മന്ത്ര ഇത്യുച്യതേ തതഃ

സാരം :-

ലൗകിക ബന്ധനങ്ങളിൽ നിന്ന് മുക്തി നൽകുകയും, ചിന്തിക്കുന്നതുകൊണ്ട് ലോകത്തിനെപ്പറ്റിയുള്ള അറിവു നൽകുകയും, സംസാരബന്ധനത്തിൽനിന്നും മോചനം നൽകുകയും എല്ലാത്തരം സിദ്ധികളേയും നൽകുന്നത് മന്ത്രം. 

ശിവൻ പർവ്വതിക്ക് മന്ത്രത്തിനെപ്പറ്റിയുള്ള വിവരണം നൽകുന്നത് ഇപ്രകാരമാണ്.

മനനാത് ത്രാണനാച്ചൈവദ്രൂപസ്യൈവ ബോധനാത്
മന്ത്ര ഇത്യുച്യതേ സമ്യക്മദധിഷ്ഠാനതഃ പ്രിയേ

സാരം :-

പ്രിയപ്പെട്ട പാർവ്വതി, മനനം കൊണ്ടും ത്രാണനം കൊണ്ടും എന്റെ സ്വരൂപത്തെത്തന്നെ ബോധിപ്പിക്കുന്നതും, എന്നെത്തന്നെ ആശ്രയിച്ചിരിക്കുന്നതുമായതിനെ മന്ത്രം എന്ന് പറയുന്നു. ശ്രീ പരമേശ്വരൻ ശ്രീ പാർവ്വതിക്കുപദേശിക്കുന്നത്.

ലളിതാസഹസ്രനാമഭാഷ്യത്തിലും ആചാര്യൻ മന്ത്രത്തെ നിർവചിച്ചിരിക്കുന്നത് നോക്കുക. ഗവേഷണം കൊണ്ട് ആത്മാവിനെ ഉത്തേജിപ്പിക്കുന്നതും, ലോകത്തിനെ ഉന്നതിയിലേക്ക് നയിക്കാൻ കഴിവുള്ളതുമാണ് മന്ത്രം. ഗുരു നൽകുന്ന രഹസ്യ ഉപദേശത്തേയും മന്ത്രം എന്ന് പറയാം. ചുരുക്കിപ്പറഞ്ഞാൽ മന്ത്രം ദേവതാ സ്വരൂപമാണ്.

മന്ത്രം നാദബ്രഹ്മത്തിന്റെ സ്വരൂപമാണ്. മന്ത്രദ്രഷ്ടാക്കളായ ഋഷികൾ നിരന്തരസാധനയിലൂടെ പ്രത്യക്ഷീകരിച്ച അദൃശ്യ ദേവതാ ശക്തിയെ ബീജാക്ഷരങ്ങളിൽ കൂടി മന്ത്ര രൂപം നൽകി, ലോകോപകാരത്തിനുവേണ്ടി ഉപദേശിച്ചിട്ടുള്ളവയാണ് മന്ത്രങ്ങൾ. 

ഒരു ചത്രത്തിൽ നിറംകൊണ്ട് ദേവതയുടെ രൂപത്തെ ചിത്രകാരൻ പ്രത്യക്ഷപ്പെടുത്തുന്നതുപോലെ തന്നെയാണ് നാദം അഥവാ ധ്വനിയിൽ കൂടി മന്ത്രദ്രഷ്ടാക്കൾ ദേവതാ രൂപത്തെ ആലേഖനം ചെയ്തിരിക്കുന്നത്. രണ്ടിലും മാധ്യമത്തിന്റെ വ്യത്യാസം മാത്രമേ ഉള്ളു. ഒന്നിൽ നിറം മാധ്യമമാകുമ്പോൾ മറ്റൊന്നിൽ ധ്വനി മാധ്യമമാകുന്നു. 

ഒരു സാധകൻ ലൗകിക ചിന്തയെല്ലാം ഉപേക്ഷിച്ച് യമനിയമാസനപ്രാണായാമപ്രത്യാഹാരധാരണാധ്യാന സമാധികളാകുന്ന അഷ്ടാംഗയോഗമനുസരിച്ച് സാധന ചെയ്ത് മന്ത്രസിദ്ധി വരുത്തുമ്പോൾ അയാൾക്കും മന്ത്രദ്രഷ്ടാക്കൾ ദർശിച്ച അതേ ദേവതാ രൂപം തന്നെ അനുഭവഗോചരമാകും. ഇത്തരത്തിൽ മന്ത്രമെന്നു പറയുന്നത് മന്ത്രസിദ്ധി വരുത്തിയവർക്ക് മാത്രം ദർശിക്കാൻ കഴിയുന്ന, ദേവതയുടെ ധ്വന്യാത്മക രൂപമാണ്. ഒരു നിശ്ചിതലയം ആരോഹാവരോഹങ്ങൾ, ഇവയോടുകൂടി യോഗശാസ്ത്രം നിർദ്ദേശിക്കുന്ന ക്രമമനുസരിച്ച് (യമനിയമപ്രാണായാമപ്രത്യാഹാരധാരണാധ്യാനസമാധികൾ) ഉത്തമനായ ഗുരുവിന്റെ മേൽനോട്ടത്തിൽ നിശ്ചിത മന്ത്രസംഖ്യ ആവർത്തിച്ചുകഴിയുമ്പോൾ സാധകന് സിദ്ധി വരുകയും മന്ത്രത്തിൽ ദേവതാരുപം ദൃശ്യമാകുകയും ചെയ്യുന്നു എന്ന് മന്ത്രശാസ്ത്രം അനുശാസിക്കുന്നു.

പന്ത്രണ്ടാം ഭാവം ഫലങ്ങൾ

പന്ത്രണ്ടാം ഭാവം ഫലങ്ങൾ

പാപം വ്യയഞ്ച പതനം നിരയം വാമമംബകം
സ്ഥാനഭ്രംശഞ്ച വൈകല്യം ദ്വാദശേന വിചിന്തയേല്‍.

സാരം :-
  പാപം, ചിലവ്, വീഴ്ച, നരകഗതി, ഇടത്തെ കണ്ണ്, സ്ഥാനഭ്രുഷ്ടത, അവയവങ്ങളുടെ വികലത എന്നിവ പന്ത്രണ്ടാം ഭാവം കൊണ്ട് വിചാരിക്കേണ്ടതാണ്. കൂടാതെ കാല്, ക്ഷയം, ദാരിദ്രം, ശയനം, ഇത്യാദികളെ കൂടിയും പന്ത്രണ്ടാം ഭാവം കൊണ്ട് വിചാരിക്കേണ്ടതാണ്. 

പതിനൊന്നാം ഭാവം ഫലങ്ങൾ

പതിനൊന്നാം ഭാവം ഫലങ്ങൾ
സര്‍വ്വാഭീഷ്ടാഗമോ ജ്യേഷ്ഠഭ്രാതാ ജാതാ നിജാത്മജാഃ
വാമകര്‍ണ്ണോƒര്‍ത്ഥലാഭശ്ച ചിന്ത്യാ ഹ്യേകാദശേന തേ.

സാരം :-

എല്ലാവിധത്തിലുമുള്ള തന്റെ അഭീഷ്ടങ്ങളുടെ പ്രാപ്തിയും, ജ്യേഷ്ഠസഹോദരീ സഹോദരന്മാരും, ഉണ്ടായിട്ടുള്ള പുത്രന്മാരും, ദ്രവ്യലാഭവും, ഇടത്തെ ചെവി എന്നിവ പതിനൊന്നാം ഭാവം കൊണ്ട് ചിന്തിക്കേണ്ടതാണ്. കൂടാതെ വരവുകൊണ്ടുള്ള ഫലം, ഐശ്വര്യവിഭവം, സംസാരബന്ധം, മനസ്സ് തൃപ്തി, ശ്രവണഗുണം മുതലായവയും പതിനൊന്നാം ഭാവം കൊണ്ട് തന്നെ വിചാരിക്കേണ്ടതാണ്. 

പത്താം ഭാവം ഫലങ്ങൾ

പത്താം ഭാവം ഫലങ്ങൾ
ദേവാലയനഗരസഭാമാര്‍ഗ്ഗാലയദാസ സര്‍വ്വകര്‍മ്മാണി
ആജ്ഞാലംബനമേതല്‍ സര്‍വ്വം ചിന്ത്യം ഹി ദശമേന

സാരം :-
   ദേവാലയം, നഗരം, സഭാ, വഴിയമ്പലം, ഭൃത്യന്മാര്‍,  എല്ലാവിധത്തിലുമുള്ള കര്‍മ്മങ്ങള്‍, കല്പനാശക്തി, ആശ്രയം ഇവയെല്ലാം പത്താംഭാവം കൊണ്ട് വിചാരിക്കേണ്ടതാണ്. കൂടാതെ വാസസ്ഥാനം, ഈര്‍ഷ്യ, ജയം യാഗാദികര്‍മ്മങ്ങള്‍, സല്ക്കീര്‍ത്തി, ആകാശം, ജീവിതരീതി, തൊഴില്, അന്യദേശഗമനം ഇത്യാദികളും പത്താം ഭാവം കൊണ്ട് തന്നെ വിചാരിക്കേണ്ടതാണ്.

ഒന്‍പതാം ഭാവം ഫലങ്ങൾ

ഒന്‍പതാം ഭാവം ഫലങ്ങൾ
ഭാഗ്യധര്‍മ്മദയാപുണ്യതപ്സ്താതസുതാന്മജാഃ
ദാനോപാസനസൗശീല്യഗുരവോ നവമാദമീ.

സാരം :-
    ഭാഗ്യം, ധര്‍മ്മം, ദയ, പുണ്യം, തപസ്സ് അഥവാ, വ്രതാനുഷ്ടാനം മുതലായ കര്‍മ്മങ്ങള്‍, പിതാവ്, മക്കളുടെ മക്കള്‍, ദാനം മന്ത്രജപംകൊണ്ടും മറ്റുമുള്ള ദേവോപാസനം, സ്വഭാവനന്മ, ഗുരുക്കന്മാര്‍ എന്നിവയെല്ലാം ഒന്‍പതാം ഭാവം കൊണ്ട് വിചാരിക്കണം. കൂടാതെ സദാചാരം ഇഷ്ടദേവത പൂര്‍വ്വപുണ്യം വംശശുദ്ധി ഔഷധം ഇവയും ഒന്‍പതാംഭാവം കൊണ്ട് തന്നെയാണ് വിചാരിക്കേണ്ടത്.

എട്ടാം ഭാവം ഫലങ്ങൾ

എട്ടാം ഭാവം ഫലങ്ങൾ

സര്‍വ്വ പ്രണാശോ വിപദോƒപവാദോഹേതു പ്രദേശൗമരണസ്യാദാസഃ
മഠാദികം വേശ്മഗദാശ്ച വിഘ്നാ വിചിന്തനീയാഃ പുനരഷ്ടമേന

സാരം :-
എല്ലാ പദാര്‍ത്ഥങ്ങളുടെയും നാശത്തെക്കുറിച്ച് അഷ്ടമം കൊണ്ടാണ് ചിന്തിക്കേണ്ടത്. അതുപോലെ തന്നെ ആപത്തുകള്‍, അന്യജനങ്ങളില്‍ നിന്ന് കാരണമില്ലാതെ നിന്ദകള്‍, മരണത്തിനുള്ള ഹേതു, മരണം സംഭവിക്കുന്ന പ്രദേശത്തിന്റെ അവസ്ഥ, ഭൃത്യന്മാര്‍, വെളിയിലുള്ള ഉപഗ്രഹങ്ങള്‍, രോഗങ്ങള്‍, കാര്യവിഘ്നങ്ങള്‍ ഇവയെല്ലാം അഷ്ടമഭാവം കൊണ്ട് വിചാരിക്കേണ്ടതാണ്. കൂടാതെ സ്ത്രീകളുടെ വിവാഹ നിലനില്‍പ്പും ആശുചിയും പരിഭവവും ദുഃഖവും ഛിദ്രവുംമറ്റും കൂടി എട്ടാം ഭാവം കൊണ്ട് ചിന്തിക്കേണ്ടതാണ്. "മാംഗള്യരന്ധ്രമലിനാധിപരാഭവായുഃക്ലേശാപവാദ മരണാശുചിവിഘ്നദാസാന്‍ " എന്ന ഭാഗം കൊണ്ട് സൂചിപ്പിക്കുന്നു.

ഏഴാം ഭാവം ഫലങ്ങൾ

ഏഴാം ഭാവം ഫലങ്ങൾ
വിവാഹ മദനാലോകഭാര്യാഭര്‍ത്തൃസമാഗമാഃ
ശയ്യാസ്ത്രീസത്മനഷ്ടാര്‍ത്ഥമൈഥുനനാന്യപി സപ്തമാല്‍

സാരം :-
   വിവാഹം, കാമവിശേഷം, ദര്‍ശനം, ഭാര്യാ, ഭര്‍ത്താവ്, പോകുക, വരിക, ശയനസാധനങ്ങള്‍ ഭാര്യയുടെ വീട്, നഷ്ടപ്പെട്ട വസ്തുക്കള്‍, സംഭോഗം ഇവയെല്ലാം ഏഴാം ഭാവം കൊണ്ട് വിചാരിച്ചറിയേണ്ടതാണ്. പുരുഷനെ കുറിച്ച് ചിന്തിക്കുമ്പോള്‍ ഏഴാം ഭാവം കൊണ്ട് ഭാര്യയേയും, സ്ത്രീയെ കുറിച്ച് പ്രശ്നം ചിന്തിക്കുമ്പോള്‍ ഏഴാം ഭാവം കൊണ്ട് ഭര്‍ത്താവിനേയും അതുപോലെ തന്നെ അവരുടെ ഭവനത്തേയും വിചാരിച്ച് കൊള്ളണം.  കൂടാതെ ജനസമൂഹത്തെയും മാര്‍ഗ്ഗവിശേഷത്തെയും മറ്റുംകൂടി ഏഴാം ഭാവം കൊണ്ട് ചിന്തിക്കേണ്ടതാണ്. (ജാമിത്രചിത്തോര്‍ത്ഥമദാസ്തകാമാന്‍ ദ്യൂനോര്‍ദ്ധ്വലോകാന്‍പാതിമാര്‍ഗ്ഗ ഭാര്യാഃ " എന്ന വചനം കാണുന്നു.

ആറാം ഭാവം ഫലങ്ങൾ

ആറാം ഭാവം ഫലങ്ങൾ

തസ്കരാരാതി വിഘ്നാധിവ്യാധയശ്ചതനുക്ഷിതിഃ
മരണം വാരിശസ്ത്രേണ ചിന്തനീയം ഹി ഷഷ്ഠതഃ

സാരം :-
   കള്ളന്മാരെ, ശത്രുക്കളെ, വിഘ്നങ്ങളെ മനോദുഃഖത്തെ രോഗങ്ങളെ ശരീരത്തിലുള്ള ഒടിവ് ചതവ് മുതലായ പരിക്കുകളെ ശത്രുവിന്റെ ആയുധാദികളില്‍ നിന്നുള്ള ഈവകകളെയെല്ലാം ആറാം ഭാവം കൊണ്ടാണ് വിചാരിക്കേണ്ടത്. ജാതി വര്‍ഗ്ഗത്തേയും കടത്തേയും യുദ്ധത്തേയും ദുഷ്കൃതത്തേയും ഭയത്തേയും അപമാനത്തേയുംകൂടി ഈ ഭാവം കൊണ്ട് വിചാരിക്കേണ്ടതാണ്. "ഋണാസ്ത്രചോരക്ഷതരോഗശത്രുന്‍ ജ്ഞാത്യാജിദുഷ്കൃത്യഘഭിത്യവജ്ഞാഃ " എന്ന വചനം കാണുന്നു.

അഞ്ചാം ഭാവം ഫലങ്ങൾ

അഞ്ചാം ഭാവം ഫലങ്ങൾ

പ്രജ്ഞാ മേധാ പ്രതിഭാ വിവേകശക്തിഃ പുരാതനം പുണ്യം
മന്ത്രാമാതൃതനൂജാഃ പഞ്ചമതസ്സൗമനസ്യമപി ചിന്ത്യം

സാരം :-
         ബുദ്ധിയും ധാരണാശക്തിയും പ്രതിഭയും - പ്രതിഭ അപ്പഴപ്പോള്‍ വേണ്ടവിധം യുക്തിയുക്തമായ വിധത്തില്‍ ഉന്മേഷത്തെ ജനിപ്പിക്കുന്ന ബുദ്ധിയുടെ ഒരു വിശേഷഗുണമാകുന്നു. ഗുണദോഷങ്ങളെ തിരിച്ചറിവാനുള്ള സാമര്‍ത്ഥ്യം പൂര്‍വ്വജന്മങ്ങളില്‍ സമ്പാദിച്ചിട്ടുള്ള പുണ്യഫലങ്ങളുടെ നില, കാര്യാലോചനമന്ത്രിമാര്‍, പുത്രന്മാര്‍ സുശീലതാ എന്നിവയെല്ലാം അഞ്ചാംഭാവം കൊണ്ട് വിചാരിക്കേണ്ടതാണ്. രാജചിഹ്നവും നികുതിയും, ഭാവികാര്യവും അടുത്ത ജന്മസ്ഥിതി മുതാലയവയും വയറും ചെവിയും ഓര്‍മ്മയുംകൂടി അഞ്ചാം ഭാവം കൊണ്ട് വിചാരിക്കേണ്ടതാണ്. " രാജാംഗം സചിവകരാന്മധീഭവിഷ്യല്‍ ജ്ഞാനാസൂന്‍സുതജശ്ചരശ്രുതിസ്മൃതീ " എന്ന വചനം കാണുന്നു.

നാലാം ഭാവം ഫലങ്ങൾ

നാലാം ഭാവം ഫലങ്ങൾ
മാതാ സുഹൃന്മാതുലഭാഗിനിനേയൌ
ക്ഷേത്രം സുഖം വാഹനമാസനഞ്ച
ലാളിത്യമംഭശ്ശയനഞ്ച വൃദ്ധിഃ
പശ്വാദികം വേശ്മ ഗൃഹാല്‍ ചതുര്‍ത്ഥാല്‍

സാരം  :-
  മാതാവ്, ബന്ധുക്കള്‍, മാതുലന്മാര്‍, മരുമക്കള്‍, കൃഷിഭൂമി അഥവാ ദേവാലയം, സുഖം, വാഹനം അതായത് ആന, കുതിര, തേര് മുതലായവ, പീഠം, കസേര മുതലായ ആസനങ്ങള്‍, പരിശുദ്ധത, ശയനസാധനം, അഭിവൃദ്ധി, പശുക്കള്‍ മുതലായ നാല്‍ക്കാലികള്‍, തന്റെ ഗൃഹം ഇവകളെക്കുറിച്ചും നാലാം ഭാവംകൊണ്ട് ചിന്തിക്കേണ്ടതാണ്. കൂടാതെ ഈ ഭാവം കൊണ്ട് തന്നെ രാജ്യത്തേയും മഹിഷത്തെയും സുഗന്ധവസ്ത്ര ഭൂഷണാദികളേയും പാതാളത്തേയും സമുദ്രം നദി ഇവകളേയും ചിന്തിക്കേണ്ടതാണ്. "ഗേഹം ക്ഷേത്രം മാതുലം ഭാഗിനേയം ബന്ധും മിത്രം വാഹനം മാതരഞ്ചരാജ്യം ഗോമഹിഷ സുഗന്ധവസ്ത്രഭൂഷാ പാതാളം ഹിബുകസുഖാംബുസേതുനദ്യാ " എന്ന വചനം കൊണ്ട് കാണുന്നു.

മൂന്നാം ഭാവം ഫലങ്ങൾ

മൂന്നാം ഭാവം ഫലങ്ങൾ
ധൈര്യം വീര്യശ്ച ദുര്‍ബുദ്ധിഃ സഹോദരപരാക്രമൌ
ദക്ഷകര്‍ണ്ണസഹായൌ ച ചിന്തനീയാസ്തൃതീയതഃ

സാരം :-
ധൈര്യത്തേയും ഉത്സാഹാദിയേയും ദുര്‍ബുദ്ധിയേയും, സഹോദരന്മാരേയും, പരാക്രമത്തെയും വലത്തെ ചെവിയേയും, സഹായത്തേയും മൂന്നാം ഭാവം കൊണ്ട് ചിന്തിക്കേണ്ടതാണ്. കൂടാതെ മാറിടത്തെയും, സൈന്യബലത്തെയും മൂന്നാം ഭാവംകൊണ്ടുതന്നെ വിചാരിക്കേണ്ടതാണ്. " ദുശ്ചില്‍ക്കോരോദക്ഷ കര്‍ണ്ണാംശ്ചസേനാം ധൈര്യം ശൌര്യം വിക്രമംഭ്രാതരഞ്ച" ഇത്യാദി വചനം കൊണ്ട് കാണുന്നു.

രണ്ടാം ഭാവം ഫലങ്ങൾ

രണ്ടാം ഭാവം ഫലങ്ങൾ
കര്‍ത്തവ്യമഖിലം വിത്തം വാണീ ചക്ഷുശ്ച ദക്ഷിണം
വിദ്യാ ച വിവിധാപ്യേതല്‍ സര്‍വ്വം ചിന്ത്യം ദ്വിതീയതഃ

സാരം :-

താന്‍ ഭരിക്കേണ്ട എല്ലാറ്റിനേയും ധനത്തേയും വാക്കിനേയും വലത്തെ  കണ്ണിനേയും ബഹുമുഖങ്ങളായ വിദ്യകളേയും രണ്ടാം ഭാവം കൊണ്ട് ചിന്തിക്കേണ്ടതാണ്.

മനസ്സ് അന്നപാനാദി, എഴുത്ത്കുത്ത് മുതലായ സംഗതികള്‍ ഇവകളുംകൂടി രണ്ടാം ഭാവംകൊണ്ട് വിചാരിക്കേണ്ടതാണ്. " വിത്തം വിദ്യാസ്വാന്നപാനാദിഭുക്തിം ദാക്ഷാക്ഷ്യാസംപത്രികാവാക് കുടുംബം" എന്നുള്ള വചനം കൊണ്ട് കാണുന്നു.

ലഗ്നഭാവം (ഒന്നാം ഭാവം) ഫലങ്ങൾ

ലഗ്നഭാവം (ഒന്നാം ഭാവം) ഫലങ്ങൾദേഹസ്യ സൌഷ്ഠവം സ്വാസ്ഥ്യം സ്ഥിതിഃ  ശ്രേയോ യശസ്സുഖം

ജയോ വപുശ്ച തല്‍ സര്‍വ്വം ചിന്തനീയം വിലഗ്നതഃ

സാരം :-
ലഗ്നാധിയായ പന്ത്രണ്ട് ഭാവങ്ങള്‍ക്കൊണ്ട് പ്രഷ്ടാവിന്റെ ഇന്നിന്ന സംഗതികളെയാണ് ചിന്തിക്കേണ്ടത് എന്ന് പറയുന്നു.

ഇവിടെ ലഗ്നഭാവം കൊണ്ട് ശരീരത്തിന്റെ നന്മയേയും ആരോഗ്യത്തേയും ദേഹത്തിന്റെ അവസ്ഥയേയും ശ്രേയസ്സിനേയും കീര്‍ത്തിയേയും, സുഖാവസ്ഥയേയും, ലഗ്നത്തിന്റെ പ്രവൃത്തി മുതലായ കര്‍മ്മങ്ങളിലുള്ള ജയത്തേയും വിചാരിക്കണം. കൂടാതെ മാഹാത്മ്യത്തേയും ശിരസ്സിനേയും ആ ജന്മത്തിലുള്ള അവസ്ഥകളേയുംകൂടി ലഗ്നം കൊണ്ട് വിചാരിക്കേണ്ടതാണ്. "ലഗ്നം ഹോരാകല്യദേഹോദയാഖ്യംരൂപം ശീര്‍ഷം വര്‍ത്തമാനഞ്ചജന്മ" ഇത്യാദി അനേക വചനങ്ങള്‍ ഭാവാദിധേയങ്ങളായി കാണുന്നു. 

ഗുരുവിന് മറ്റുള്ളവരിൽ നിന്ന് ദാനധനം സ്വീകരിക്കാമോ?

ഗുരു സ്വന്തം ശിഷ്യന്മാരിൽനിന്നല്ലാതെ ആരാധകരിൽ നിന്നോ മറ്റ് വ്യക്തികളിൽനിന്നോ യാതൊരു ധനവും ദാനമായി സ്വീകരിക്കാൻ പാടുള്ളതല്ല. ശിഷ്യന്മാരിൽനിന്നു അവരുടെ സമർപ്പണം പരിമിതമായ രീതിയിൽ സ്വീകരിക്കാം. എന്നാൽ ശിഷ്യൻ ഒരിക്കലും ഒഴിഞ്ഞ കൈയുമായി ഗുരുവിനെ സമീപിക്കരുത് എന്ന് പ്രമാണവും ഉണ്ട്.

ഗുരുവിനെക്കുറിച്ച് മറ്റാരെങ്കിലും ദുഷിച്ചുപറഞ്ഞാൽ?

ഒരുവൻ ഗുരുവായി സ്വീകരിച്ച വ്യക്തി ലോകത്തിൽ എല്ലാവർക്കും ഗുരുവല്ല. ചിലപ്പോൾ അവരുടെ ദൃഷ്ടിയിൽ ഈ വ്യക്തി ഒരു ലൗകികനായിരിക്കാം. അതിനാൽ ആരെങ്കിലും ഗുരുവിനെ നിന്ദിച്ചുകൊണ്ട് സംസാരിക്കുന്നത് കേട്ടാൽ ശിഷ്യൻ ചെവിപൊത്തി വഴിമാറിപ്പോകുകയാണ് വേണ്ടത്. ആ നിന്ദാവചനം ഒരിയ്ക്കലും ചെവിക്കൊള്ളരുത്. അവിവേകിയായി കലഹിക്കയും അരുത്.

ഗുരുവിന് തെറ്റുപറ്റിയാൽ ശിഷ്യന് ചോദ്യം ചെയ്യാമോ?

ശിഷ്യൻ എപ്പോഴും ഗുരുവിങ്കൽ സമർപ്പിതമായ മനസ്സുള്ളവനായിരിക്കണം. എന്നാൽ ഗുരു ശാസ്ത്രവിരുദ്ധമായി മോഹവശാലോ മറ്റോ ആചരിച്ചുപോയാൽ വിവേകിയും ശാസ്ത്രം പഠിച്ചവനുമായ ശിഷ്യന് അക്കാര്യം ശാസ്ത്രദിശാ ബോധ്യപ്പെടുത്താവുന്നതാണ്.

ശിഷ്യന്മാരുടെ ദുരിതം മുഴുവൻ ഗുരു ഏറ്റെടുക്കുമോ?

ശിഷ്യന്മാരുടെ ദുരിതങ്ങളുടെ പങ്ക് ഗുരു ഏറ്റെടുക്കേണ്ടിവരും. സ്വന്തം തപഃശക്തി കൊണ്ട് അതിനെ ദഹിപ്പിക്കുകയാണ് ഗുരു ചെയ്യുന്നത്. എന്നാൽ സാമ്പ്രദായിക ഗുരുക്കന്മാർ ശിഷ്യന്റെ ദുരിതങ്ങൾക്ക് പരിഹാരം നിർദ്ദേശിക്കുകയോ പരിഹാരകർമ്മങ്ങൾ ചെയ്യുകയോ അല്ല ചെയ്യേണ്ടത്. ശിഷ്യനിൽ ആത്മവിശ്വാസം ഉണർത്തിയെടുത്ത് എല്ലാവിധ ദുരിതങ്ങളെയും അതിജീവിക്കാനുള്ള കരുത്ത് ഉണ്ടാക്കിയെടുക്കുകയാണ് വേണ്ടത്. അതിജീവനത്തിന്റ മാർഗ്ഗമാണ് ശക്ത്യുപാസന. ശിഷ്യന്റെ പ്രാണശക്തിയെ ഉണർത്തിയെടുത്ത് പ്രതിബന്ധങ്ങളെ നേരിടാനുള്ള തന്റേടം ഉണ്ടാക്കുകയാണ് ചെയ്യേണ്ടത്. അതാണ് ശ്രീമദ് ഭഗവദ്ഗീതയുടെ സന്ദേശവും. :- "ഉദ്ധേരേദാത്മ നാത്മാനം"

ഗുരുവിന് ശിഷ്യന്മാരെക്കുറിച്ചുള്ള സങ്കല്പമെന്തായിരിയ്ക്കണം?

ശിഷ്യന്മാർ ഗുരുവിന്റെ ഉപഗ്രഹങ്ങളായി വർത്തിക്കണമെന്ന് ഒരിയ്ക്കലും ഗുരു ആഗ്രഹിച്ചുകൂടാത്തതാകുന്നു. കേവലം ഒരു അനുയായിവൃന്ദത്തെ ഉണ്ടാക്കിയെടുക്കുകയല്ല ഗുരു ചെയ്യേണ്ടത്. മറിച്ച് ശിഷ്യന്റെ വ്യക്തിത്വം അംഗീകരിച്ച് ശിഷ്യൻ തന്നെക്കാൾ യോഗ്യനായിത്തീരണം എന്നതാണ് ഗുരു ആഗ്രഹിക്കേണ്ടത്. സ്വതന്ത്ര വ്യക്തിത്വങ്ങളെ വാർത്തെടുക്കുകയാണ് ഗുരു ചെയ്യേണ്ടത്.

ഗുരുവിന് അഹിതമായ കാര്യം ചെയ്‌താൽ?

ശിവൻ കോപിച്ചാൽ ഗുരു രക്ഷിച്ചുകൊള്ളും. എന്നാൽ ഗുരു കോപിച്ചാൽ ആരും രക്ഷിക്കാനുണ്ടാവില്ല എന്നാണ് കുലാർണ്ണവ വചനം. ഈ തത്വം മനസ്സിലാക്കിയവർ ആരുംതന്നെ ഗുരുവിന് അഹിതം പ്രവർത്തിക്കയില്ല. അങ്ങിനെയുള്ളവർ കുലഭ്രഷ്ടരായി മാറും. ഗുരുവിനെയും മന്ത്രത്തെയും പരിത്യജിച്ചാൽ രൗരവം എന്ന നരകത്തിൽ പതിയ്ക്കുമെന്ന് കുലാർണ്ണവതന്ത്രം മുന്നറിയിപ്പ് തരുന്നു.

ശിഷ്യന് ആരെയൊക്കെ നമസ്കരിയ്ക്കാം?

ഏകഗുരുവിനെമാത്രം നമസ്കരിക്കാനാണ് തന്ത്രശാസ്ത്രത്തിൽ പ്രമാണം. എന്നാൽ ലോകാചാരത്തിന് വേണ്ടി മാതാപിതാക്കന്മാരുടെ കാൽ തൊട്ടുവന്ദിക്കാവുന്നതാണ്. സ്വന്തം പിതാവിനേക്കാൾ മഹത്വം ഗുരുവിന് സങ്കല്പിച്ചിരിക്കണം. സ്വമാതാവ്, ഭാര്യാമാതാവ്, ജ്യേഷ്ഠപത്നി, ഗുരുപത്നി എന്നിവരിൽ നിന്നും ഗുരുത്വം സമ്പാദിച്ചിരിക്കണം. ഗുരുപത്നിയെ നമസ്കരിക്കാം. എന്നാൽ കാലിൽ സ്പർശിക്കാൻ പാടുള്ളതല്ല.

ഒരു ഗുരുവിനെ സ്വീകരിച്ച് പിന്നീട് അദ്ദേഹം അനഭിമതനാണെന്ന് തോന്നിയാൽ മറ്റൊരാളെ ഗുരുവായി സ്വീകരിക്കാമോ?

സാധാരണയായി പരശിഷ്യന്മാരെ ഒരു ഗുരുവും സ്വീകരിക്കാൻ പാടില്ലാത്തതാകുന്നു. എന്നാൽ ഗുരു പൂർണ്ണദീക്ഷ നൽകുന്നതിന് മുമ്പ് മരണപ്പെട്ടാൽ ശിഷ്യന് മറ്റൊരു ഗുരുവിനെ സ്വീകരിക്കാവുന്നതാണ്. അതേപോലെ ഗുരു പരിമിതപ്രജ്ഞനാണെന്ന് ബോധ്യപ്പെട്ടാൽ ആദ്യഗുരുവിന്റെ അനുജ്ഞയോടെ മറ്റൊരു ഗുരുവിനെ സ്വീകരിക്കാവുന്നതാണ്. രണ്ടുമൂന്നു പ്രാവശ്യം അനുജ്ഞ ചോദിച്ചിട്ടും ഗുരു സ്വാർത്ഥതകൊണ്ട് അനുവദിച്ചില്ലെങ്കിൽ ശിഷ്യന് സ്വമേധയാ പൂർണ്ണപ്രജ്ഞനായ ഗുരുവിനെ സ്വീകരിക്കുന്നതിൽ തെറ്റില്ല. തേൻ ആഗ്രഹിച്ച വണ്ട് ഒരു പുഷ്പത്തിൽ നിന്നും മറ്റൊരു പുഷ്പത്തിലേയ്ക്ക് പോകുന്നതുപോലെ ജ്ഞാനാർത്ഥിയായ ശിഷ്യന് മറ്റൊരു ഗുരുവിനെ സ്വീകരിക്കാവുന്നതാണ്.

ഒരാൾക്ക് എത്ര ഗുരുക്കന്മാരെ സ്വീകരിക്കാം?

ഏകഗുരുപാസ്‌തിരസംശയഃ എന്നാണ് പ്രമാണം. ഇതനുസരിച്ച് ദീക്ഷാഗുരു ഒരാൾ മാത്രമേ ഉണ്ടാവുകയുള്ളു. എന്നാൽ ദീക്ഷയ്ക്ക് മുമ്പായി മറ്റേതെങ്കിലും വിദ്യയിൽ മറ്റാരെയെങ്കിലും ഗുരുവായി സ്വീകരിച്ചിട്ടുണ്ടെങ്കിൽ അവരെ കാരണഗുരുവായി കണക്കാക്കി ബഹുമാനിക്കണം. അതേമാതിരി ഗുരുപത്നിയെയും ഗുരുപുത്രനെയും, ഗുരുജ്യേഷ്ഠനെയും, ജ്യേഷ്ഠോപാസകനെയും ബഹുമാനിക്കേണ്ടതാണ്. ഗുരുപത്നിയെ ഗുരുവിന് തുല്യമായി മാനിക്കണം. ദീക്ഷാഗുരുവിന്റെ പാദുകം മാത്രമേ ശിരസ്സിൽ സ്മരിക്കാൻ പാടുള്ളതുള്ളൂ.

ശിഷ്യൻ ഗുരുവിനെ എങ്ങനെ ഉപചരിയ്ക്കണം?

ശിഷ്യൻ ഗുരുവിനെ മനുഷ്യനായിക്കരുതാതെ സാക്ഷാൽ പരമശിവനാണെന്ന് ഭാവിച്ച് ഉപചരിക്കണം. ഗുരുശിഷ്യന്മാർ ഒരേ ഗ്രാമത്തിൽ ആണെങ്കിൽ ശിഷ്യൻ ഗുരുവിനെ ദിവസവും ചെന്ന് കാണണം. ഗുരുവിന്റെ ആവശ്യങ്ങൾ നിറവേറ്റിക്കൊടുക്കണം. ദൂരമനുസരിച്ച് ആഴ്ചയിൽ ഒരിക്കൽ മാസത്തിൽ ഒരിക്കൽ എന്ന നിലയിൽ ശിഷ്യൻ ഗുരുവിനെ സന്ദർശിച്ചിരിക്കണം. വളരെ ദൂരെയുള്ളവർ വർഷത്തിൽ ഒരിക്കലെങ്കിലും ഗുരുവിനെ സന്ദർശിച്ചിരിക്കണം. ധനാദിവിഷയങ്ങൾ സകലതും ഗുരുവിന് സമർപ്പിക്കണം. എന്നാൽ തത്വജ്ഞാനിയായ ഗുരു അമിതമായി ഒന്നുംതന്നെ പരിഗ്രഹിക്കയില്ല. തനിയ്ക്ക് പ്രിയപ്പെട്ട ധനം മുഴുവനും ഗുരുവിന് സമർപ്പിച്ച് സന്തതിപരമ്പരയെ വിഛേദിക്കരുത് എന്നൊരു പരാമർശം തൈത്തിരീയോപനിഷത്തിലും ഉണ്ടല്ലോ.

ഗുരു ശിഷ്യനെ തിരഞ്ഞെടുക്കേണ്ടത് എങ്ങനെയാണ്?

ശിഷ്യൻ അന്തഃകരണ ശുദ്ധിയുള്ളവനും ഗുരു മന്ത്രദേവതമാരിൽ ഭക്തിയുള്ളവനുമായിരിക്കണം.

ഗുരുവിന് സുലഭനായിരിക്കണം. അതായത് ഗുരുവിന്റെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് നിറവേറ്റുന്നവനായിരിക്കണം ശിഷ്യൻ. ശിഷ്യൻ സുന്ദരനായിരിക്കണം. എന്നുവെച്ചാൽ ശരീരയോഗ്യത ഉള്ളവനായിരിക്കണം എന്നർത്ഥം. ഗുരുവിനുവേണ്ടി ശരീരവും ധനവും വഹിക്കുന്നവനായിരിക്കണം. ആശയദാർഢ്യം ഉള്ളവനായിരിക്കണം. കുലാഭിമാനവും, ജാത്യാഭിമാനവും, വിദ്യാഭിമാനവും ഗുരുവിന്റെ സമീപത്ത് വെടിഞ്ഞിരിക്കണം.

ഞാൻ സ്വയം പണ്ഡിതനാണെന്നും, ഉന്നതകുലജാതനാണെന്നും അഭിമാനിക്കുന്നവൻ, ഷണ്ഡൻ, ധനസ്‌ത്രീ വിഷയങ്ങളിൽ ശുദ്ധിയില്ലാത്തവൻ, പരശിഷ്യൻ, ചുമർ, തൂൺ, വാതിൽ എന്നിവയിൽ മറഞ്ഞുനിന്ന് സംസാരിക്കുന്നവൻ, കൈകൊണ്ട് വായ്മറച്ച് സംസാരിക്കുന്നവൻ, വാചാലൻ, അംഗവിഹീനൻ, രോഗി, അമിതമായി ഉപചാരം കാണിയ്ക്കുന്നവൻ, വിധി നിഷേധങ്ങളെ മാനിയ്ക്കാത്തവൻ, ശരീരം കൊണ്ട് ചേഷ്ടകൾ കാണിക്കുന്നവർ തുടങ്ങിയവരെ ശിഷ്യനായി സ്വീകരിക്കാൻ പറ്റില്ല. ഇതിൽ കൂടുതൽ ശിഷ്യലക്ഷണം ഗുരുക്കന്മാർ കുലാർണ്ണവതന്ത്രത്തിൽ പറയപ്പെട്ടത് സസൂക്ഷ്മം വിശകലനം ചെയ്തുകൊള്ളട്ടെ.

ഗുരു ശബ്ദത്തിന്റെ നിർവ്വചനം എന്ത്?

ഗുരുശബ്ദത്തിന്റെ നിർവ്വചനം കുളാർണ്ണവതന്ത്രത്തിലാണ് വ്യക്തമാക്കിയിരിക്കുന്നത്. 'ഗു' ശബ്ദം അന്ധകാരത്തെയും 'രു' ശബ്ദം അതിന്റെ നിരോധനത്തെയും സൂചിപ്പിക്കുന്നു. അതിനാൽ അജ്ഞാനാന്ധകാരത്തെ നിരോധിച്ച് ജ്ഞാനപ്രകാശം പ്രസരിപ്പിക്കുകയാണ് ഗുരു ചെയ്തുകൊണ്ടെയിരിക്കുന്നത്. മൂന്ന് കണ്ണുകളില്ലാത്ത ശിവനും നാലുകൈകളില്ലാത്ത വിഷ്ണുവും, നാല് മുഖങ്ങളില്ലാത്ത ബ്രഹ്‌മാവും തന്നെയാണ് ഗുരു എന്ന് അറിഞ്ഞുകൊള്ളണം. ശ്രീഗുരുവിൽ ത്രിമൂർത്തി തത്വങ്ങൾ ഇഴുകിച്ചേർന്നിരിക്കുന്നു എന്നർത്ഥം. സകലദേവതാമയനാണ് ശ്രീഗുരു. നെറ്റിയിലെ കണ്ണും ചന്ദ്രക്കലയും മറച്ചുവെച്ചുകൊണ്ട് സാക്ഷാൽ പരമശിവൻ തന്നെ നല്ല ശിഷ്യന്മാരെ അനുഗ്രഹിക്കാൻ വേണ്ടി രഹസ്യമായി ഗുരുരൂപത്തിൽ വിഹരിക്കുന്നു എന്ന് പറയപ്പെടുന്നു. ശിഷ്യന്മാർ ഗുരുവിനെ ഈ തരത്തിൽ സങ്കല്പിക്കേണ്ടതാണ്.

സംന്യാസധർമ്മത്തെക്കുറിച്ച് വിശദീകരിക്കാമോ?

ലൗകികമായ സുഖഭോഗങ്ങളും സമ്പത്തും ബന്ധങ്ങളും എല്ലാം പരിത്യജിച്ച് അഷ്ടശ്രാദ്ധം നിർവ്വഹിച്ച് വിരാജഹോമം നടത്തി കവിയും കമണ്ഡലവും യോഗദണ്ഡും മാത്രം സ്വീകരിച്ച് ലോകസംഗ്രഹാർത്ഥം ചരിക്കുന്ന സർവ്വസംഗപരിത്യാഗമാണ് സംന്യാസധർമ്മം.

കാമക്രോധലോഭമോഹമദമാത്സര്യങ്ങൾ എല്ലാം വർജ്ജിച്ച് മനോജയം സാധിച്ച വ്യക്തിയായിരിക്കണം സംന്യാസി. സംന്യാസിക്ക് ആരോടും പകയോ വിദ്വേഷമോ ഉണ്ടാവരുത്. സംന്യാസിക്ക് ആരോടും പ്രത്യേക അടുപ്പവും ഉണ്ടാവരുത്. സദാ പരബ്രഹ്മഭാവനയുള്ള സംന്യാസി ഒരിക്കലും കോപിക്കുവാൻ പാടുള്ളതല്ല. 

കാമം, ക്രോധം, ലോഭം തുടങ്ങിയവ ജ്ഞാനരത്നത്തെ അപഹരിക്കുന്ന കള്ളന്മാരാണെന്ന് ശ്രീശങ്കരാചാര്യർ പ്രസ്താവിച്ചിരിക്കുന്നു. സ്ഥാനമാനാദികൾക്കുവേണ്ടി ഒരിക്കലും മത്സരിക്കാനോ കലഹിക്കാനോ പാടുള്ളതല്ല സംന്യാസി. സംന്യാസി മറ്റുള്ളവരിൽ നിന്ന് യാതൊരു പാരിതോഷികവും സ്വീകരിക്കുവാനും പാടുള്ളതല്ല. സമലോഷ്ടാശ്‌മകാഞ്ചനഃ എന്നാണല്ലോ. മൺ കട്ടയും കല്ലും സ്വർണ്ണവും എല്ലാം ഒരേതരത്തിൽ കാണാൻ കഴിയുന്നവനായിരിക്കണം സംന്യാസി. 

സംന്യസിച്ചുകഴിഞ്ഞാൽ ഗൃഹസ്ഥ ഉചിതമായ കർമ്മങ്ങളിൽ ഒന്നും തന്നെ ഇടപെടാൻ പാടുള്ളതല്ല. അതായത്, വിവാഹം, ഉദ്ഘാടനം, കെട്ടിടത്തിന് തറക്കല്ലിടൽ തുടങ്ങിയവയൊന്നും പാടില്ല എന്നർത്ഥം. എന്തുകൊണ്ടെന്നാൽ ഇതൊക്കെയും കാമശാസ്ത്രത്തിന്റെ ഭാഗമാണ്. സർവ്വകാമനകളും പരിത്യജിച്ച സംന്യാസി ഇതൊക്കെയും വർജ്ജിക്കേണ്ടതാണ്. വ്യക്തികളോടോ സംഘടനകളോടോ പ്രത്യേക വിധേയത്വം ഒന്നും ഉണ്ടാവരുത്. ഏകാകിയായി വേദാന്തചിന്തയിൽ മുഴുകി പരബ്രഹ്മ ധ്യാന നിഷ്ഠനായി കഴിയുന്ന സംന്യാസി ജിജ്ഞാസുക്കൾക്ക് തത്വാർത്ഥബോധനം നടത്തേണ്ടതാണ്. 

ഒരാൾ സംന്യസിച്ചുകഴിഞ്ഞാൽ തന്നോടൊപ്പം പൂർവ്വികരിൽ ഏഴ് തലമുറ ശുദ്ധീകരിക്കപ്പെടുമത്രെ. എന്നാൽ സംന്യാസ നിഷ്ഠയിൽനിന്നും വ്യതിചലിച്ചാൽ തന്നോടൊപ്പം ഏഴ് തലമുറ നരകം അനുഭവിക്കേണ്ടി വരുമെന്നും ശ്രുതികൾ അനുശാസിക്കുന്നു.

ഗുരുവിന് പ്രത്യേകം വേഷവിധാനങ്ങൾ ആവശ്യമുണ്ടോ? കാവി വസ്ത്രം ധരിക്കാമോ?

കൗളസമ്പ്രദായത്തിൽ ഗുരുവിന് പ്രത്യേക വേഷവിധാനങ്ങൾ ഒന്നും ഇല്ല. മാന്യമായ ഏത് വേഷവും ധരിക്കാം. എന്നാൽ മറ്റുള്ളർക്ക് തിരിച്ചറിയാൻവേണ്ടി പാരമ്പര്യരീതിയിലുള്ള വേഷവിധാനങ്ങൾ ധരിക്കാവുന്നതാണ്. കൗളൻ കാവിവേഷം ധരിക്കുന്നത് വേദാന്ത സംന്യാസത്തെ അനുകരിക്കലാണ്. കൗളന് അതിന്റെ ആവശ്യമില്ല. കൗളന്റെ ഈ അനുകരണഭ്രമം തന്നിലുള്ള അധമത്വബോധത്തെ സ്ഫുരിപ്പിക്കുന്നതാകുന്നു. ഇത് വേദാന്ത സംന്യാസിമാരെ വഞ്ചിക്കുന്ന തരത്തിലുമാകുന്നു. സാധനയുടെ ഏറ്റവും ഉയർന്ന സോപാനത്തിൽ വിരാജിക്കുന്ന കൗളസാധകന്മാർ ഇത്തരം അധമബോധം കൈവരിക്കേണ്ടതില്ല. അതാണ് സുസ്ഥിര ആശയം എന്ന പദംകൊണ്ട് നേരത്തെ വിവക്ഷിച്ചിട്ടുള്ളത്. സംന്യാസിയ്ക്ക് രുദ്രാക്ഷമാല മാത്രമേ ധരിക്കാൻ പാടുള്ളുവെങ്കിൽ കൗളന് രുദ്രാക്ഷവും, രത്‌നവും, സ്വർണ്ണവും എല്ലാം ധരിയ്ക്കാം.

ഗുരുവായി സ്വീകരിച്ചുകൂടാത്തവർ എങ്ങനെയുള്ളവരാണ്?

ധനാദിവിഷയങ്ങളിൽ അത്യാഗ്രഹം ഉള്ള ഒരാളെ ഒരിക്കലും ഗുരുവായി സ്വീകരിച്ചു കൂടാത്തതാകുന്നു. ഉണ്ടുമതിയായവനോട് ഉരുള ചോദിക്കണമെന്ന പഴമൊഴി ഇവിടെ സാർത്ഥകമാണ്. പിന്നെ ഗുരുവിന്റെ മറ്റൊരു വിശേഷണം മന്ത്രയന്ത്രതന്ത്രാദ്യവിക്രയി എന്നതാകുന്നു. പണത്തിനുവേണ്ടി മന്ത്രം യന്ത്രം തുടങ്ങിയവ വില്പന നടത്താത്ത ആളായിരിക്കണം ഗുരു. അതായത് വശ്യം, മാരണം, സ്തംഭനം, ഉച്ചാടനം, ശാന്തി, പൗഷ്ടികം എന്നീ ഷഡ്കർമ്മങ്ങളിൽ ആദ്യം പറഞ്ഞ നാല് മാന്ത്രികപ്രയോഗങ്ങൾ ഒരിക്കലും നടത്തരുത്. ശാന്തി, പൗഷ്ടികം തുടങ്ങിയ കർമ്മങ്ങൾ അത്യാവശ്യമെങ്കിൽ ഗുരുവിന് ചെയ്യാം. എന്നാൽ ധനാദിവിഷയങ്ങളോടുള്ള ആഗ്രഹത്തോടുകൂടിയാവരുത്. മുൻപ് പറഞ്ഞ വശ്യം, മാരണം, സ്‌തംഭനം, ഉച്ചാടനം എന്നിവ ദേവതമാരെക്കൊണ്ട് ദാസ്യവൃത്തി ചെയ്യിക്കുന്ന തരത്തിലുള്ളതാണ്. പണത്തിനുവേണ്ടിയോ അല്ലാതെയോ ഒരിക്കലും ഈ വിധം പ്രവൃത്തികൾ ഗുരു ചെയ്യരുത്. ഗുരു വിമത്സരനായിരിക്കണം. അതായത് ധനത്തിനോ സ്ഥാനമാനാദികൾക്കോവേണ്ടി മത്സരിക്കുന്ന ഒരു വ്യക്തിയേയും ഗുരുവായി സ്വീകരിച്ചുകൂടാത്തതാകുന്നു. അങ്ങനെയുള്ളവർ ആദ്ധ്യാത്മികതയുടെ ഏഴ് അയലത്തുപോലും എത്താത്തവരാണ്. അത്തരക്കാരെ ഗുരുവായി സ്വീകരിച്ചകൂടാത്തതാണെന്ന് പറയേണ്ടതില്ലല്ലോ.

അവധൂതന്മാരെ ഗുരുവായി സ്വീകരിച്ചുകൂടാ എന്ന് പറഞ്ഞല്ലോ. അങ്ങനെയാണെങ്കിൽ ഗുരു ഏത് ആശ്രമത്തിൽ ചരിക്കുന്നവൻ ആയിരിക്കണം?

താന്ത്രികമതത്തിൽ ഗുരു ഗൃഹസ്ഥാശ്രമി ആയിരിക്കണം. ശാംഭവീശംഭുരൂപത്തിലുള്ള ഗുരുവിന്റെ പാദുകങ്ങളെയാണ് ശിഷ്യൻ ശിരസ്സിൽ ധരിയ്ക്കുന്നത്. അതിനാൽ ഗുരു ദീക്ഷിതനായാൽ മാത്രം പോരാ ദീക്ഷിതയായ സഹധർമ്മിണി കൂടെ ഉണ്ടായിരിക്കണം.

ഗുരുവിന്റെ ലക്ഷണം എന്ത്?

കുലാർണ്ണവതന്ത്രം പതിമൂന്നാം ഉല്ലാസത്തിലാണ് ഗുരുവിന്റെ ലക്ഷണം വിസ്തരിച്ച് പറയുന്നത്. ഗുരു സുന്ദരനും സുലഭനും സ്വച്ഛനും ആയിരിക്കണമെന്നാണ് ആദ്യമായി പറയുന്നത്. അതായത് ശാരീരിക യോഗ്യത ഉള്ള ആളായിരിക്കണമെന്ന് അർത്ഥം. ഈ ശാരീരിക യോഗ്യതയിൽ തുടങ്ങി മാനസികവും ധിഷണാപരവും ആത്മീയവും ആയ യോഗ്യതകൾ വഴിയേ വിവരിക്കുന്നു.

മരണപ്പെട്ട (സമാധിയായ) ഒരാളെ ഒരിക്കലും ഗുരുവായി അംഗീകരിച്ചുകൂടാത്തതാകുന്നു. അതുകൊണ്ടാണ് സുലഭൻ എന്ന വാക്ക് ഉപയോഗിച്ചത്. സമാധിയായ ഒരു യോഗീശ്വരനെ നമുക്ക് ബഹുമാനിക്കാം ആരാധിക്കാം. എന്നാൽ ഗുരുവായി അംഗീകരിക്കണമെങ്കിൽ ശിഷ്യന് സംശയനീവൃത്തി വരുത്തുന്ന ആളായിരിക്കണം. ജീവിച്ചിരിക്കുന്ന ഒരാൾക്കുമാത്രമേ അത് സാധിക്കുകയുള്ളു. അതേപോലെ ദൂരദേശസ്ഥിതനായും സാമൂഹ്യമായ സ്ഥാനമാനാദികൾകൊണ്ട് അപ്രാപ്യമായ അവസ്ഥ കൈവരിച്ചതുമായ ഒരാളെ ഗുരുവായി സ്വീകരിച്ചു കൂടാത്തതാകുന്നു. ശിഷ്യന് സർവ്വവിധ സംശയങ്ങളും ചോദിക്കുവാനും അരികത്തിരുന്ന് ശുശ്രൂഷിക്കാനും പറ്റിയ വ്യക്തിയായിരിക്കണം ഗുരു. ശിഷ്യന്റെ സർവ്വവിധ സംശയങ്ങളെയും ശാസ്ത്രദൃഷ്ട്യാ ദൂരീകരിക്കാൻ ഗുരുവിന് കഴിഞ്ഞിരിക്കണം.

അതുപോലെ അവദൂതന്മാരെയും ഗുരുവായി സ്വീകരിച്ചുകൂടാത്തതാകുന്നു. എന്തെന്നാൽ നിത്യാനന്ദരസം അനുഭവിച്ചുകൊണ്ടിരിക്കുന്ന അവധൂതന്മാർ ശാസ്ത്രതത്വ വ്യാഖ്യാനം നടത്തുവാൻ തൽപരരായിരിക്കയില്ല. അവരെയും എപ്പോഴും ആദരിക്കേണ്ടതാണ്. താന്ത്രികഭാഷയിൽ പറഞ്ഞാൽ ഗുരു തരുണോല്ലാസവാൻ ആയിരിക്കണം. അതായത് ജപപൂജാഹോമാദികൾ നടത്തിക്കൊണ്ടും കുലശാസ്ത്രങ്ങളെ അനുസന്ധാനം ചെയ്തുകൊണ്ടും നവംനവങ്ങളായ ആശയങ്ങളാൽ സമാശിഷ്ടചിത്തനായി ശാസ്ത്രതത്വ വ്യാഖ്യാന തൽപരനായി ജീവിതം നയിക്കുന്ന വ്യക്തിയായിരിക്കണം ഗുരു.

വൈദികമായ നിർവചനത്തിൽ ഗുരു തപഃസ്വാധ്യായഃ നിരതനായിരിയ്ക്കണം. തപസ്സ് എന്നാൽ നിത്യസാധന തന്നെ. സ്വാദ്ധ്യായം എന്നാൽ വേദപഠനം എന്ന് അർത്ഥം. അതായത് വേദമോ വേദാംഗങ്ങളായ മറ്റ് ശാസ്ത്രങ്ങളോ വായിക്കുകയും നിർവ്വചിക്കുകയും ചെയ്യുന്ന ആളായിരിക്കണം ഗുരു.

വൈഷ്ണവമായ കാഴ്ചപ്പാടിൽ ഗുരു ആചാര്യനും വേദസമ്പന്നനും വിഷ്ണുഭക്തനും, വിമത്സരനും, മന്ത്രജ്ഞനും, മന്ത്രാർത്ഥദനും, ഗുരുഭക്തനും ആയിരിക്കണമെന്ന് പറഞ്ഞിരിക്കുന്നു. ഇവിടെയും ഗുരുവിന് മന്ത്രം മാത്രം അറിഞ്ഞാൽ പോര സദാസമയവും തത്വാർത്ഥങ്ങളെ വ്യാഖ്യാനിക്കുന്നതിൽ തൽപരനുമായിരിക്കണമെന്നും പറയപ്പെടുന്നു.

ബഹുതന്ത്രവിദ്, സുസ്ഥിരാശയഃ, ഭ്രമസംശയ നാശകഃ എന്നൊക്കെയാണ് മറ്റ് താന്ത്രിക നിർവ്വചനങ്ങൾ. ധാരാളം തന്ത്രങ്ങളെ അറിയുകയും അവയെ വ്യാഖ്യാനിക്കാൻ സാധിക്കുകയും വേണം ഗുരു. മറ്റ് വ്യക്തികളുടെയോ സംഘടനകളുടേയോ താൽപര്യത്തിനുവേണ്ടി സ്വന്തം ആശയത്തിൽനിന്ന് വ്യതിചലിക്കരുത് എന്നാണ് സുസ്ഥിരാശയഃ എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത്. ശിഷ്യന്റെ ഭ്രമവും സംശയവും ദൂരീകരിക്കുന്ന വ്യക്തിയും ആയിരിക്കണം ഗുരു.

ഒരു സമ്പ്രദായവും പാരമ്പര്യവുമുള്ള ആളായിരിക്കണം ഗുരു. പരമശിവൻ തൊട്ടുതുടങ്ങുന്ന ഗുരുപരമ്പരയിലെ ഏതെങ്കിലും ഒരു കണ്ണിയുമായി കോർത്തിണക്കപ്പെടണം. അതായത് ഗുരുവിന് സ്വഗുരു, പരമഗുരു, പരമേഷ്ടിഗുരു എന്നിങ്ങനെയുള്ള പാരമ്പര്യം ഉണ്ടായിരിക്കണം. അതായത് ഒരു ഗുരുവിൽ ദീക്ഷ സ്വീകരിച്ച് സമർപ്പിത ഭാവത്തോടെ ശിഷ്യനായി ജീവിച്ച ഒരാൾക്കു മാത്രമേ ശരിയായ ഗുരുവാകാൻ സാധിക്കായുള്ളൂ.

നിഷിദ്ധ ഗുരുക്കന്മാർ ആരൊക്കെയാണ്?

കുലാർണ്ണവതന്ത്രത്തിൽ നിഷിദ്ധ ഗുരുക്കന്മാരുടെ ലക്ഷണം കൂടി പറയുന്നുണ്ട്. ശിഷ്യന്മാരുടെ ധനം അപഹരിക്കുന്ന ഗുരുക്കന്മാർ ധാരാളമുണ്ടെന്നും ശിഷ്യന്മാരുടെ ദുഃഖം അപഹരിക്കുന്ന ഗുരുക്കന്മാർ വിരളമാണെന്നും പറഞ്ഞിരിക്കുന്നു.

തന്ത്രശാസ്ത്രത്തിന്റെ അടിസ്ഥാനതത്വം

പഞ്ചതത്വങ്ങൾകൊണ്ടാണ് ഈ പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. പഞ്ചതത്വങ്ങൾ എന്നത് ഭൂമി, ജലം, അഗ്നി, വായു, ആകാശം എന്നിവ ആകുന്നു. "പൃഥിവിസലിലം തേജോ വായുരാകാശമേവച" എന്നാണിതിന്റെ സംസ്കൃതം. ഓരോ ജീവന്റെയും പാദം മുതൽ മുട്ടുവരെ ഭൂമി തത്വവും, മുട്ടുമുതൽ ഇളിവരെ ജലതത്വവും, ഇളിമുതൽ വയറ് (ഉദരം) വരെ അഗ്നിതത്വവും, ഉദരം മുതൽ നെഞ്ച് വരെ വായുതത്വവും, നെഞ്ചുമുതൽ ശിരസുവരെ ആകാശതത്വവുമാകുന്നു. ഇത് ശിവസ്വരൂപത്തിൽ നമുക്ക് ദർശിക്കാം. ശിവസ്വരൂപത്തിന്റെ പശ്ചാത്തലത്തിൽ കാണുന്ന കൈലാസം ഭൂമി തത്വമാകുന്നു. കപർദ്ദം എന്ന ജടയിൽനിന്നും ഒഴുകുന്ന ഗംഗ ജലതത്വമാകുന്നു. മൂന്നാം തൃക്കണ്ണ് അഗ്നിസ്വരൂപവും, ജടയുടെ അടിയിലുള്ള മൂർദ്ധാവ് വായുതത്വവും, ശിവശിരസ്സിന് മുകൾഭാഗം ആകാശതത്വവുമാകുന്നു.

ഇപ്രകാരം പഞ്ചഭൂതസ്വരൂപമായ ദേവിദേവന്മാരെ പൂജിക്കുന്നതിലൂടെ പാപസംഹാരവും ധർമ്മാർത്ഥകാമമോക്ഷങ്ങളും ലഭിക്കുമെന്നും അതിലൂടെ ജന്മസാഫല്യവും, മനഃശാന്തിയും ലഭിക്കും എന്നുമാണ് തന്ത്രശാസ്ത്രത്തിന്റെ അടിസ്ഥാനതത്വം. ശൈവം, വൈഷ്ണവം, ശാക്തേയം, ഗാണപത്യം, സൗരം (സൂര്യനെ സംബന്ധിക്കുന്നത്) എന്നിങ്ങനെ തന്ത്രശാഖകൾ നിരവധിയാണ്. തന്ത്രശാസ്ത്രം ഒരു ശാസ്ത്രശാഖയല്ല, പ്രത്യുത അനേകം ശാസ്ത്രങ്ങളുടെ ഒരു നിധിയാണ്. മന്ത്രങ്ങൾ, പൂജാവിധികൾ, ക്ഷേത്രനിർമ്മിതി, ബിംബം, പ്രതിഷ്ഠ, ശീവേലി, കലശപൂജ, എന്നിങ്ങനെ ക്ഷേത്ര സംബന്ധമായ നിരവധി കാര്യങ്ങൾ തന്ത്രത്തിൽ വിവരിക്കുന്നുണ്ട്. കുളാർണ്ണവം, പ്രപഞ്ചസാരം, തന്ത്രസാരം, രുദ്രയാമളം,, വാമകേശ്വരതന്ത്രം, മഹാനിർവ്വാണതന്ത്രം, തന്ത്രസമുച്ചയം, പരശുരാമകല്പസൂത്രം, മന്ത്രമഹോദധി, നിത്യോത്സവം തുടങ്ങി അനേകം തന്ത്രശാസ്ത്രഗ്രന്ഥങ്ങൾ പ്രചാരത്തിലുണ്ട്.

ഗുരു

ആഗമങ്ങളിൽ നിന്നുണ്ടായ തന്ത്രശാസ്ത്രം ഇഹങ്ങളിലും പരത്തിലും ഐശ്വര്യവും നന്മയും ലഭ്യമാക്കുന്നു. ആഗമസിദ്ധാന്തങ്ങളിൽ പരബ്രഹ്മസ്വരൂപനായ ശിവഭഗവാനെ പരമഗുരുവായി അംഗീകരിക്കുന്നു. സകലതിലും പ്രാണനായി അഥവാ ജീവനായി സ്ഥിതിചെയ്യുന്ന സർവ്വവ്യാപിയും സർവ്വജ്ഞനുമായ ശ്രീപരമേശ്വരൻ ഓരോരുത്തരിലും ജീവനായി സ്ഥിതിചെയ്യുന്നു. പ്രപഞ്ചത്തിലെ ആദ്യഗുരു മഹാദേവനായ ദക്ഷിണാമൂർത്തി ആകുന്നു. ദക്ഷിണാമൂർത്തി ജ്ഞാനത്തിന്റെ ആകാരരൂപം ആകുന്നു. ഗുരുവന്ദനവും ഗുരുപൂജയും സർവ്വശുഭകാര്യങ്ങൾക്കും മുൻപ് ചെയ്യണം. സ്വശരീരവും പുരുഷാർത്ഥങ്ങളും എന്നുവേണ്ട പ്രാണൻപോലും ഗുരുവിനായി സമർപ്പിക്കണമെന്ന് തന്ത്രശാസ്ത്രം പറയുന്നു. ജ്ഞാനത്തിന്റെ മൂർത്തരൂപമായ ഗുരു അഗ്നിസ്വരൂപനാണ്.

ഗുരവേ സർവ്വലോകാനാം ഭിഷജേ ഭവരോഗിണാം
നിധയേ സർവ്വ വിദ്യാനാം ദക്ഷിണാമൂർത്തയേനമഃ           എന്നും 

ഓം സദാശിവസമാരംഭാം ശങ്കരാചാര്യമദ്ധ്യമാം
അസ്മദാചാര്യ  പര്യന്താം വന്ദേഗുരുപരമ്പരാം.

എന്നുള്ള ശ്ലോകങ്ങൾ ആദിഗുരുവും അഗ്നിനേത്രനുമായ സദാശിവഭഗവാനെയാണ് പ്രകീർത്തിക്കുന്നത്. അറിവിന്റെ അഗ്നിസ്ഫുലിംഗങ്ങളാണ് സദാശിവമൂർത്തിയുടെ മൂന്നാം കണ്ണിൽനിന്നും പ്രവഹിക്കുന്നത്. തന്ത്രശാസ്ത്രപ്രകാരം പൂജയിൽ ദേവതയുടെയോ ദേവന്റെയോ വലതുഭാഗത്തും ന്യാസത്തിൽ പൂജകന്റെ ശിരസിലുമാകുന്നു ഗുരുവിന്റെ സ്ഥാനം. തന്ത്രസമുച്ചയപ്രകാരം ഗുരുവിനെ ശിരസിലും ഗണേശ്വരനെ മൂലാധാരത്തിലും ന്യസിക്കണം എന്നാണ് പ്രമാണം. തന്ത്രത്തിൽ ഗുരുവിനെ ശിവഭഗവാനായികണ്ടു പൂജിക്കണം എന്നുപറഞ്ഞുവല്ലോ. ഇതിനെ സാധൂകരിക്കുന്നതും ശാരദാ തിലകത്തിൽ ഉള്ളതുമായ ഒരു ശ്ലോകം വിവരിക്കാം.

ശ്വേതാംബരം ശ്വേത വിലേപപുഷ്പം
മുക്താവിഭൂഷം മുദിതം ദ്വിനേത്രം
വാമാങ്കപീഠസ്ഥിത ദിവ്യശക്തിം
മന്ദസ്മിതം പൂർണ്ണ കൃപാനിധാനം

പാലിന്റെ, വെള്ളിയുടെ, മഞ്ഞിന്റെ, മുത്തിന്റെ, ഭസ്മത്തിന്റെ ശ്വേത (വെളുത്ത) നിറമുള്ളവനും (ദക്ഷിണാമൂർത്തിഭാവത്തിൽ ഇരിക്കുമ്പോൾ ധരിക്കുന്ന) സ്ഫടികമാല ധരിച്ചവനും, ഇടതുവശത്ത് പരാശക്തിയായ (ദിവ്യശക്തിം) പാർവ്വതി ദേവിയെ ഇരുത്തിയിരിക്കുന്നവനും പൂർണ്ണകൃപാനിധിയുമായ ആദിഗുരു ദക്ഷിണാമൂർത്തി ശിവഭഗവാനെ വന്ദിക്കുന്നു എന്നാണ് ഈ ഗുരുവന്ദനത്തിന്റെ അർത്ഥം. എന്നാൽ വൈദികമായ ഗുരുസങ്കല്പം ഇതിൽ നിന്നും വ്യത്യസ്തമാണ്.

ഗുരുഃബ്രഹ്മാ ഗുരുഃവിഷ്ണു ഗുരുഃവിഷ്ണു ഗുരുഃദേവോ മഹേശ്വരാഃ
ഗുരുഃസാക്ഷാൽ പരബ്രഹ്മഃ തസ്മൈ ശ്രീഗുരവേനമഃ

ഒരു ഗുരുവിന് ശിഷ്യന്മാരുണ്ടായിരിക്കണം, ഒരു വിദ്യ അവർക്ക് ഉപദേശിച്ചുകൊടുക്കണം. ദക്ഷിണാമൂർത്തിയുടെ ശിഷ്യന്മാർ സനകൻ, സനന്ദൻ സനാതനൻ സനൽക്കുമാരൻ എന്നിവരും ദക്ഷിണാമൂർത്തിഗുരു അവർക്ക് ഉപദേശിച്ചുകൊടുക്കുന്ന വിദ്യ ബ്രഹ്മവിദ്യയും ആകുന്നു.

ആഗമങ്ങൾ

ഭഗവാൻ പരമശിവന്റെ പഞ്ചമുഖങ്ങളിൽ നിന്നുണ്ടായ ശാസ്ത്രമാണ് തന്ത്രശാസ്ത്രം. 

തന്ത്രം രണ്ടുവിധത്തിലുണ്ട്. വാമതന്ത്രം എന്നും ദക്ഷിണതന്ത്രമെന്നും അവ അറിയപ്പെടുന്നു. 

സത്വഗുണപ്രധാനരായ മനുഷ്യർക്കുവേണ്ടി പഞ്ചദേവ ഉപാസന വിവരിച്ചിരിക്കുന്നതാണ് ദക്ഷിണതന്ത്രം.

തമോഗുണ പ്രകൃതികളായ മനുഷ്യർക്കുവേണ്ടിയുള്ളതാണ് വാമതന്ത്രം.

തന്ത്രശാസ്ത്രത്തിന്റെ ഉത്ഭവം ആഗമങ്ങളിൽ നിന്നും ആകുന്നു. 

ആഗമങ്ങൾ കാരണം, കാമിതം, ചിന്തം, വടുലം, വ്യാമളം, കലോത്തരം, ശുഭ്രം, മകുടം എന്നിവ ആണ്. 

ശിവപാർവ്വതീ സംഭാഷണമാണ് ആഗമങ്ങൾ. 

ക്ഷേത്രത്തിലെ പൂജാദികളായ ആഭ്യന്തരകർമ്മങ്ങൾ ശാസ്ത്രാനുസരണം നിശ്ചയിച്ചു നടത്തുന്ന സമ്പ്രദായമാണ് തന്ത്രം. ഭാരതീയ തത്വശാസ്ത്രങ്ങളിലെ ഒരു ശാഖയാണ് തന്ത്രം. പൂജാക്രമവും പൂജാവിധികളെപ്പറ്റിയുമുള്ള ആധികാരിക നിയമങ്ങളാണ് തന്ത്രശാസ്ത്രത്തിന്റെ ഉള്ളടക്കം. നിരുക്തപ്രകാരം "തനുവിസ്താരേ ഇതിതന്ത്ര" എന്നാണ് തന്ത്രനാമത്തിന് അർത്ഥം. അതായത് ശരീരംകൊണ്ട് വിസ്തരിക്കപ്പെടുന്നതിനാൽ (പഞ്ചദേവ ഉപാസനയും പൂജകളും) തന്ത്രം എന്ന് പേരുണ്ടായി.

ആഗമഃ പഞ്ചമോവേദഃ കൗലസ്തു പഞ്ചമാശ്രമഃ
ശ്രുതിശ്ച വൈദികി താന്ത്രികീചൈവദ്വിവിധാ
കീർത്തിതാ ഇതി ശ്രുതിഃ

എന്ന ശ്ലോകം ആഗമസിദ്ധാന്തങ്ങളാണ് തന്ത്രത്തിന്റെ ഉത്ഭവസ്ഥാനം എന്നതിന് തെളിവാണ്. പഞ്ചമവേദമായ ആഗമങ്ങളെ വൈദികമെന്നും താന്ത്രികമെന്നും രണ്ടായിതിരിച്ചിരിക്കുന്നു. യാഗങ്ങളും യജ്ഞങ്ങളും പൂജകളും താന്ത്രികരീതിയിലാണ് നടത്തപ്പെടുന്നത്. ആദ്യകാലങ്ങളിൽ വൈദികപണ്ഡിതന്മാർ തന്ത്രശാഖയെ അംഗീകരിച്ചിരുന്നില്ല. അവൈദികം എന്ന് പറഞ്ഞ് തന്ത്രശാഖയെ പുച്ഛിരുന്നു. കാലക്രമേണ വേദ ശാഖയ്ക്ക് പ്രസക്തി നഷ്ടപ്പെട്ടപ്പോൾ വൈദിക ശ്രേഷ്ഠന്മാർ എന്ന് അവകാശപ്പെട്ടിരുന്നവർ താന്ത്രികമാർഗ്ഗത്തിലേക്ക് കടന്നുവന്നു. സാമ്പത്തിക ചെലവ് കുറഞ്ഞതും സാധാരണക്കാർക്ക് പ്രയോജനകരവും വേഗത്തിൽ ഈശ്വരാനുഗ്രഹം ലഭിക്കാൻ പര്യാപ്തവും ആയതിനാൽ സാധാരണ ജനങ്ങൾ വൈദികമാർഗ്ഗത്തെക്കാൾ താന്ത്രികമാർഗ്ഗത്തിന് പ്രചാരവും പ്രോത്സാഹനവും നല്കി. അങ്ങനെ വൈദികമാർഗ്ഗക്കാരായ ബ്രാഹ്മണർ താന്ത്രിക രീതിയിലേക്ക് കുറേശ്ശേ വരുകയും രണ്ടുംകൂടി ചേർത്ത് മിശ്രം എന്നൊരു ശാഖ ഉണ്ടാക്കുകയും ചെയ്തു. വൈദികമന്ത്രങ്ങൾ താന്ത്രികശാഖയിലേക്ക് മിശ്രണം ചെയ്യപ്പെട്ടതോടെ തന്ത്രകർമ്മങ്ങളുടെ അവകാശികളായി (തന്ത്രിമാർ) ബ്രാഹ്മണാരായ വൈദികർ മാറി. മാത്രവുമല്ല ഷോഡശ സംസ്കാരം ചെയ്ത ബ്രാഹ്മണർക്കു മാത്രമേ തന്ത്രിസ്ഥാനം പാടുള്ളൂ എന്ന സ്ഥിതിയും ഉണ്ടായി. എന്നാൽ മഹാനിർവ്വാണതന്ത്രപ്രകാരം കലിയുഗത്തിൽ ബ്രാഹ്മണ്യത്തിനു പ്രസക്തി ഇല്ലായെന്നും കേവലം യജ്ഞോപവീതം (പൂണൂൽ) ധരിക്കുന്നതുകൊണ്ടുമാത്രം ബ്രാഹ്മണത്വം ഉണ്ടാകില്ല എന്നും ഉള്ള സ്ഥിതിപരക്കെ പ്രചാരത്തിൽ വന്നു. ഷോഡശ സംസ്ക്കാരത്തെക്കാൾ ഗുരുവിൽനിന്നും അറിവ് (ദീക്ഷ) സ്വീകരിക്കുന്ന ആർക്കും തന്ത്രത്തിന് അവകാശമുണ്ടെന്ന് കലിയുഗത്തിൽ വ്യവസ്ഥ ഉണ്ടായി. ഈ വ്യവസ്ഥയിൽ ജാതിയോ മതമോ വർഗ്ഗമോ ആയിട്ടുള്ള വ്യത്യാസങ്ങൾ ഒന്നുമില്ല. 

കുളാർണ്ണവതന്ത്രപ്രകാരം

ഗതം ശൂദ്രസ്യ ശുദ്രത്വം വിപ്രസ്യാപിചവിപ്രതാ
ദീക്ഷാ സംസ്ക്കാര സമ്പന്നോ ജാതിഭേദേന വിദ്യതേ

ജാതി വർഗ്ഗ വർണ്ണ ഭേദമല്ല പ്രത്യുത യോഗ്യതയും ആത്മശുദ്ധിയുമാണ് ഒരു ശിഷ്യന്റെ ലക്ഷണം എന്നാണ് ഈ വരികളുടെ അർത്ഥം.

തന്ത്രശാസ്ത്രം

ഈശ്വരാരാധനയേയും മന്ത്രജപത്തേയും പൂജാവിധാനങ്ങളേയും കുറിച്ചു പ്രതിപാദിക്കുന്ന ശാസ്ത്രമാണ് "തന്ത്രശാസ്ത്രം". മന്ത്രാരാധനയിൽ ശ്രദ്ധിക്കുന്നവർ അതിന്റെ ശാസ്ത്രീയമായ തന്ത്രത്തെക്കുറിച്ച് അറിഞ്ഞിരിക്കണം. ശാസ്ത്രം എന്നതിന് ഇവിടെ അർത്ഥം "ശാസിക്കപ്പെട്ടത്" അഥവാ "ആചാര്യന്മാരാൽ നിർദ്ദേശിക്കപ്പെട്ടത്" എന്നാണ്. ഇത്തരം അറിവുകൾ ആഗമങ്ങളിൽ നിന്നുമാണ് ഉണ്ടായത്. അവയെ ശ്രുതി, സ്മൃതി, പുരാണം, തന്ത്രം എന്നിപ്രകാരം നാലായി തിരിച്ചിരിക്കുന്നു. ആരാധന, സാധന, സിദ്ധികൾ, ധ്യാനം തുടങ്ങിയവയെ കുറിച്ചാണ് തന്ത്രത്തിൽ വിവരിക്കുന്നത്. തനു എന്നാൽ ശരീരം. ശരീരം കൊണ്ടു ചെയ്യുന്നതാകയാൽ തന്ത്രം എന്നു പേരുണ്ടായി. ബീജാക്ഷരങ്ങളോ മന്ത്രാക്ഷരങ്ങളോ പ്രത്യേകം ഉച്ചാരണ രീതിയോടെ ചൊല്ലി (ഉച്ചരിച്ച്) അതിനുയോജിക്കുന്ന ക്രിയകൾ ചെയ്ത് ജീവിതസൗഭാഗ്യവും സമൃദ്ധിയും സമാധാനവും നേടി എടുക്കുകയും, അതിനോടൊപ്പം മുൻജന്മ സുകൃതവും ലഭിക്കുന്നതിനുള്ള മാർഗ്ഗമായിട്ടാണ് ആചാര്യന്മാർ തന്ത്രശാസ്ത്രത്തെ വിശേഷിപ്പിക്കുന്നത്.

പൂജാതത്വം

അഥാഖിലേശാർച്ചനമുച്യതേƒധുനാ
പുമർത്ഥസർവ്വസ്വവിധായി യജ്വനാം.
തദീയ സംസ്ഥാപന കർമ്മ യത് കൃതേ
സമീരിതം സ്വാഗമസാരസംഗ്രഹാത്.

സാരം :-

ധർമ്മാർത്ഥകാമമോക്ഷങ്ങളായ പുരുഷാർത്ഥചതുഷ്ടയ പ്രാപ്തിയാണ് പൂജാതത്വമെന്ന് - പൂജയുടെ ലക്ഷ്യം - ഫലം എന്ന് സമർത്ഥിയ്ക്കുന്നു.

ശാന്തിക്കാർക്കുള്ള നിർദ്ദേശങ്ങൾ

1. പൂജമുഴുവൻ പഠിച്ച് കൃത്യമായും ഭക്തിപൂർവ്വവും ചെയ്യുക. സമയനിഷ്ഠ പാലിയ്ക്കുക.

2. അതാത് ദേവന്റെ ധ്യാനവും വന്ദനശ്ലോകങ്ങളും സ്തോത്രങ്ങളും സൂക്തങ്ങളും പഠിയ്ക്കുക.

3. പൂജിയ്ക്കുന്ന ദേവീദേവന്മാരെ ഉപാസിയ്ക്കുക.

4. രണ്ടുനേരവും സന്ധ്യാവന്ദനാദികൾ മുട്ടാതെ ചെയ്യുക.

5. ശുദ്ധാശുദ്ധങ്ങൾ പരിപാലിച്ച് ക്ഷേത്രത്തിന്റെ പരിപാവനത നിലനിർത്തുക. ശ്രീകോവിലും തിടപ്പിള്ളിയും ശുചിയാക്കിവെയ്ക്കുക.

6. ജ്യോതിഷം, മന്ത്രവാദം മുതലായ വിദ്യകൾ പഠിച്ച് ഗുരുപദേശത്തോടെ മാത്രം കൈകാര്യം ചെയ്യുക.

7. ക്ഷേത്രാചാരങ്ങളെക്കുറിച്ച് പഠിയ്ക്കുക. കൃത്യനിഷ്ഠ പാലിയ്ക്കുക.

8. ബ്രാഹ്മണർക്ക് വിധിച്ച കർമ്മങ്ങളും വിദ്യകളും ഭയഭക്തി ബഹുമാനപൂർവ്വം പരദേവതോപാസനയിലൂടെ മാത്രം ചെയ്യുക.

9. ബ്രാഹ്മണരുടെ ആചാരാനുഷ്ഠാനങ്ങൾ പഠിയ്ക്കുകയും ആചരിയ്ക്കുകയും ചെയ്യുക.

10. നീതിസാരം, നീതിശതകം, സുഭാഷിതങ്ങൾ എന്നിവ പഠിച്ച് സജ്ജനസംസർഗ്ഗത്തിലൂടെ ഉത്തമപുരുഷന്മാരായിത്തീരുക - സമൂഹത്തിന്റെ ആചാര്യന്മാരായിത്തീരുക - ആചാര്യപദവി നേടുക.

11. സർവ്വോപരി ബ്രാഹ്മണനായി ജീവിയ്ക്കുക. ബ്രാഹ്മണ്യം നിലനിർത്തുക.

-----------------------------------------

പായസം, അപ്പം മുതലായ നൈവേദ്യങ്ങൾ നല്ലരീതിയിൽ കൃത്യമായി തയ്യാർ ചെയ്യുക.

സ്മരണസ്വരൂപ

അയം സർവ്വേഷ്ടദാതാ മേ സർവ്വാനിഷ്ടനിവാരകഃ
സർവ്വോൽകൃഷ്‌ടോƒയമേവൈകസ്തദീയോƒഹം സ മേ പതിഃ

സാരം :-

തന്റെ ഇഷ്ടദേവൻ അഭീഷ്ടങ്ങളെല്ലാം തരുന്നവനും, സകല അഹിതങ്ങളും നശിപ്പിയ്ക്കുന്നവനും, മറ്റു ദേവന്മാരെക്കാൾ ശ്രേഷ്ഠനും, നിത്യനും, ഞാൻ അദ്ദേഹത്തിനുള്ളവനും, ആ ദേവൻ എന്റെ രക്ഷിതാവും ആകുന്നു എന്നു വിചാരിയ്ക്കണം.

ഉത്ഥാനവിധി (ഉണർന്നാൽ ചെയ്യേണ്ട ആദ്യത്തെ പ്രവൃത്തി)

സ്തുത്വാ വിഷ്ണുഃ സമുത്ഥായ കൃതശൗചോ യഥാവിധി,
ധൗതദന്തഃ സാമാചമ്യ സ്നാനം കുര്യാധ്വിധാനതഃ

സാരം :-

സർവ്വവ്യാപകനായ (വിഷ്ണു - സർവ്വവ്യാപകൻ) ഈശ്വരനെ വിചാരിച്ച് എഴുന്നേറ്റ് വിധിപ്രകാരം ശൗചം ചെയ്യണം. പിന്നീട് പല്ലുതേച്ച് ആചമിച്ച് യഥാവിധി സ്നാനാദി കർമ്മങ്ങളും ചെയ്യണം.

ഉത്ഥാനകാലം (ബ്രാഹ്മമുഹൂർത്തം)

രാത്രേഃ പശ്ചിമയാമസ്യ മുഹൂർത്തോ യസ്തൃതീയകഃ,
സ ബ്രാഹ്മ ഇതി വിജ്ഞേയോ വിഹിതഃ സ ച ബോധനേ.

സാരം :-

രാത്രിയുടെ ഒടുവിലത്തെ യാമത്തിന്റെ മൂന്നാമത്തെ മുഹൂർത്തത്തിനു ബ്രാഹ്മമുഹൂർത്തമെന്നുപോരാകുന്നു (ഉദയത്തിന് 5 നാഴിക മുമ്പേ - 2 മണിക്കൂർ മുമ്പേ). ഈ സമയത്തിന് പൂജകൻ എഴുന്നേൽക്കണം.

ബ്രാഹ്മണരുടെ നിത്യാനുഷ്ഠാനങ്ങൾ

നിത്യം സ്നാത്വാ ശുചിഃ കുര്യാദ്ദേവർഷി പിതൃതർപ്പണം,
ദേവതാഭ്യർച്ചനം ചൈവ സന്ധ്യാവന്ദനമേവ ച

സാരം :-

നിത്യവും കുളിച്ച് (രണ്ടുനേരവും) ശുചിയായിട്ട് ദേവന്മാർക്കും ഋഷിമാർക്കും പിതൃക്കൾക്കും തർപ്പണം ചെയ്യണം. സന്ധ്യാവന്ദനം ചെയ്യുകയും ഇഷ്ടദേവതയെ പൂജിയ്ക്കുകയും വേണം. പരദേവതോപാസനയും സന്ധ്യാവന്ദനവും ചെയ്തു ഒരു സുദിനത്തിനായി പ്രാർത്ഥിയ്ക്കുക.

ആദിത്യമംബികാം വിഷ്ണും ഗണനാഥം മഹേശ്വരം
പഞ്ചദേവാൻ ഭജേന്നിത്യം സർവ്വാഭീഷ്ടാർത്ഥസിദ്ധയേ.

സാരം :-

സൂര്യൻ, ഭഗവതി, വിഷ്ണു, ഗണപതി, ശിവൻ എന്നീ അഞ്ചു ദേവന്മാരേയും എല്ലാ അഭീഷ്ടങ്ങളും സാധിയ്ക്കുവാനായിട്ട് നിത്യവും ഭജിയ്ക്കണം. സാധിയ്ക്കുമെങ്കിൽ സമീപ ക്ഷേത്രത്തിൽ ദർശനം നടത്തുക. ഏതെങ്കിലും ഒരു കുറിതൊടുക. സമീപത്തു ക്ഷേത്രമില്ലാത്തവർ ഗൃഹത്തിൽ ചുരുങ്ങിയരീതിയിൽ പൂജാമുറി ഒരുക്കി രണ്ടുസന്ധ്യക്കും കൃത്യ സമയത്തും വിളക്കുവെച്ച് പ്രാർത്ഥിയ്ക്കുക.

മന്ത്രങ്ങൾ, സൂക്തങ്ങൾ എന്നിവ ജപിയ്ക്കുകയോ, സ്തോത്രങ്ങൾ ചൊല്ലുകയോ ആകാം. സന്ധ്യാസമയത്ത് പരിശുദ്ധമായ സ്ഥലത്ത് ഒരു നിലവിളക്ക് കത്തിച്ചുവെയ്ക്കുക

ആചാരമാഹാത്മ്യം

ആചാരഃ പരമോ ധർമ്മഃ ശ്രുത്യുക്ത സ്മാർത്ത ഏവ ച,
തസ്മാദസ്മിൻ സദാ യുക്തോ നിത്യം സ്യാദാത്മവാൻ ദ്വിജഃ.

സാരം :-

വേദോക്തവും സ്മൃതിപ്രോക്തവുമായ കുലധർമ്മത്ത ആചരിയ്ക്കുന്നതാകുന്നു ഏറ്റവും വലിയ ധർമ്മം. അതിനാൽ ആത്മജ്ഞാനിയായ ബ്രാഹ്മണൻ സദാ അതിൽ ഏർപ്പെട്ടിരിയ്ക്കണം.

ആചാരഃ പരമാ വിദ്യാ ആചാരഃ പരമാഗതിഃ,
സദാചാരവതാം പുംസാം സർവ്വത്രാപ്യഭയം ഭവേത്.

സാരം :-

സദാചാരമാകുന്നു ഏറ്റവും വലിയ വിദ്യ. ആചാരമാണ് ശ്രേഷ്ഠമായ മാർഗ്ഗം. സദാചാരയുക്തന്മാരായ മനുഷ്യർക്ക് എല്ലാദിയ്ക്കിലും അഭയമുണ്ടാകും. (ദുരാചാരങ്ങളായ മദ്യപാനം, മാംസഭക്ഷണം മുതലായവ ഒഴിവാക്കുക).