ഗുരുവായി സ്വീകരിച്ചുകൂടാത്തവർ എങ്ങനെയുള്ളവരാണ്?

ധനാദിവിഷയങ്ങളിൽ അത്യാഗ്രഹം ഉള്ള ഒരാളെ ഒരിക്കലും ഗുരുവായി സ്വീകരിച്ചു കൂടാത്തതാകുന്നു. ഉണ്ടുമതിയായവനോട് ഉരുള ചോദിക്കണമെന്ന പഴമൊഴി ഇവിടെ സാർത്ഥകമാണ്. പിന്നെ ഗുരുവിന്റെ മറ്റൊരു വിശേഷണം മന്ത്രയന്ത്രതന്ത്രാദ്യവിക്രയി എന്നതാകുന്നു. പണത്തിനുവേണ്ടി മന്ത്രം യന്ത്രം തുടങ്ങിയവ വില്പന നടത്താത്ത ആളായിരിക്കണം ഗുരു. അതായത് വശ്യം, മാരണം, സ്തംഭനം, ഉച്ചാടനം, ശാന്തി, പൗഷ്ടികം എന്നീ ഷഡ്കർമ്മങ്ങളിൽ ആദ്യം പറഞ്ഞ നാല് മാന്ത്രികപ്രയോഗങ്ങൾ ഒരിക്കലും നടത്തരുത്. ശാന്തി, പൗഷ്ടികം തുടങ്ങിയ കർമ്മങ്ങൾ അത്യാവശ്യമെങ്കിൽ ഗുരുവിന് ചെയ്യാം. എന്നാൽ ധനാദിവിഷയങ്ങളോടുള്ള ആഗ്രഹത്തോടുകൂടിയാവരുത്. മുൻപ് പറഞ്ഞ വശ്യം, മാരണം, സ്‌തംഭനം, ഉച്ചാടനം എന്നിവ ദേവതമാരെക്കൊണ്ട് ദാസ്യവൃത്തി ചെയ്യിക്കുന്ന തരത്തിലുള്ളതാണ്. പണത്തിനുവേണ്ടിയോ അല്ലാതെയോ ഒരിക്കലും ഈ വിധം പ്രവൃത്തികൾ ഗുരു ചെയ്യരുത്. ഗുരു വിമത്സരനായിരിക്കണം. അതായത് ധനത്തിനോ സ്ഥാനമാനാദികൾക്കോവേണ്ടി മത്സരിക്കുന്ന ഒരു വ്യക്തിയേയും ഗുരുവായി സ്വീകരിച്ചുകൂടാത്തതാകുന്നു. അങ്ങനെയുള്ളവർ ആദ്ധ്യാത്മികതയുടെ ഏഴ് അയലത്തുപോലും എത്താത്തവരാണ്. അത്തരക്കാരെ ഗുരുവായി സ്വീകരിച്ചകൂടാത്തതാണെന്ന് പറയേണ്ടതില്ലല്ലോ.

അവധൂതന്മാരെ ഗുരുവായി സ്വീകരിച്ചുകൂടാ എന്ന് പറഞ്ഞല്ലോ. അങ്ങനെയാണെങ്കിൽ ഗുരു ഏത് ആശ്രമത്തിൽ ചരിക്കുന്നവൻ ആയിരിക്കണം?

താന്ത്രികമതത്തിൽ ഗുരു ഗൃഹസ്ഥാശ്രമി ആയിരിക്കണം. ശാംഭവീശംഭുരൂപത്തിലുള്ള ഗുരുവിന്റെ പാദുകങ്ങളെയാണ് ശിഷ്യൻ ശിരസ്സിൽ ധരിയ്ക്കുന്നത്. അതിനാൽ ഗുരു ദീക്ഷിതനായാൽ മാത്രം പോരാ ദീക്ഷിതയായ സഹധർമ്മിണി കൂടെ ഉണ്ടായിരിക്കണം.