തന്ത്രശാസ്ത്രം

ഈശ്വരാരാധനയേയും മന്ത്രജപത്തേയും പൂജാവിധാനങ്ങളേയും കുറിച്ചു പ്രതിപാദിക്കുന്ന ശാസ്ത്രമാണ് "തന്ത്രശാസ്ത്രം". മന്ത്രാരാധനയിൽ ശ്രദ്ധിക്കുന്നവർ അതിന്റെ ശാസ്ത്രീയമായ തന്ത്രത്തെക്കുറിച്ച് അറിഞ്ഞിരിക്കണം. ശാസ്ത്രം എന്നതിന് ഇവിടെ അർത്ഥം "ശാസിക്കപ്പെട്ടത്" അഥവാ "ആചാര്യന്മാരാൽ നിർദ്ദേശിക്കപ്പെട്ടത്" എന്നാണ്. ഇത്തരം അറിവുകൾ ആഗമങ്ങളിൽ നിന്നുമാണ് ഉണ്ടായത്. അവയെ ശ്രുതി, സ്മൃതി, പുരാണം, തന്ത്രം എന്നിപ്രകാരം നാലായി തിരിച്ചിരിക്കുന്നു. ആരാധന, സാധന, സിദ്ധികൾ, ധ്യാനം തുടങ്ങിയവയെ കുറിച്ചാണ് തന്ത്രത്തിൽ വിവരിക്കുന്നത്. തനു എന്നാൽ ശരീരം. ശരീരം കൊണ്ടു ചെയ്യുന്നതാകയാൽ തന്ത്രം എന്നു പേരുണ്ടായി. ബീജാക്ഷരങ്ങളോ മന്ത്രാക്ഷരങ്ങളോ പ്രത്യേകം ഉച്ചാരണ രീതിയോടെ ചൊല്ലി (ഉച്ചരിച്ച്) അതിനുയോജിക്കുന്ന ക്രിയകൾ ചെയ്ത് ജീവിതസൗഭാഗ്യവും സമൃദ്ധിയും സമാധാനവും നേടി എടുക്കുകയും, അതിനോടൊപ്പം മുൻജന്മ സുകൃതവും ലഭിക്കുന്നതിനുള്ള മാർഗ്ഗമായിട്ടാണ് ആചാര്യന്മാർ തന്ത്രശാസ്ത്രത്തെ വിശേഷിപ്പിക്കുന്നത്.