ദീപം - വിളക്ക്

വിളക്കിന് പൂജയിൽ വലിയ പ്രാധാന്യം കല്പിച്ചിരിക്കുന്നു. ദീപം ദേവതാ സ്വരൂപമാണ്. പൂജയിൽ വിളക്കിലാണ് അഭീഷ്ടദേവതയെ ആവാഹിച്ച് പൂജിക്കുന്നത്. ദീപത്തിന് ഭാരതീയസംസ്കാരവുമായി അഭേദ്യബന്ധമുണ്ട്. ഭാരതത്തിൽ വിളക്ക് സൂക്ഷിക്കാത്ത വീടുകൾ കാണുകയില്ല. ബൃഹത്സംഹിത, പ്രശ്നമാർഗ്ഗം എന്നീ ഗ്രന്ഥങ്ങളിൽ ദീപത്തിന്റെ മഹത്ത്വത്തെപ്പറ്റി പ്രതിപാദിച്ചിട്ടുണ്ട്. ദീപത്തിൽ കൂടി പ്രകടമാകുന്നത് അഗ്നിയാണ്. ഭാരതീയർ വിവാഹാദി പ്രധാന കർമ്മങ്ങളെല്ലാം തന്നെ അഗ്നിസാക്ഷിയായിട്ടാണ് നടത്തുന്നത്. അഗ്നി സ്പർശിക്കുന്നതോടുകൂടി എല്ലാ വസ്തുക്കളും പവിത്രമാകുന്നു. ഈ അഗ്നിതന്നെയാണ് ഹോമകുണ്ഡത്തിൽ ഹോമിക്കുന്ന ദ്രവ്യത്തെ ദേവന്മാർക്ക് എത്തിച്ചുകൊടുക്കുന്നത്. ദീപം ഐശ്വര്യത്തിന്റേയും എല്ലാ നല്ല ഗുണങ്ങളുടെയും പ്രതീകമാണ്. യഥാർത്ഥ ഭാരതീയർ പ്രഭാതത്തിലും പ്രദോഷത്തിലും ഗൃഹത്തിൽ ദീപം ജ്വലിപ്പിക്കുന്നു. അഗ്നി സൂര്യന്റെ പ്രതിനിധിയാണ്. വീട്ടിനകത്ത് ജ്വലിക്കുന്ന ദീപത്തിൽകൂടി അവിടെ സൂര്യസാന്നിധ്യമാണ് വരുന്നത്. ഇങ്ങനെ വിളക്കിന്റെ മുമ്പാകെ ചെയ്യുന്ന ക്രിയകൾ സൂര്യന്റെ മുമ്പാകെ ചെയ്യുന്നവയായി തീരുന്നു. ദീപങ്ങൾ ചെറുതും വലുതുമായുണ്ട്. വലിയ വിളക്കിനെ നിലവിളക്ക് എന്ന് പറയുന്നു. എല്ലാ പവിത്ര ചടങ്ങുകൾക്കും ദീപം സാക്ഷിയാണ്. കൂടാതെ വിളക്ക് ദൈവീക ശക്തിയുടെ മാധ്യമമാണ്. അഷ്ടമംഗലപ്രശ്നത്തിലും മറ്റു പ്രശ്നങ്ങളിലും ദീപലക്ഷണം കൊണ്ട് തന്നെ ശുഭാശുഭഫലങ്ങൾ പറയുവാൻ സാധിക്കും.

സർവപ്രശ്നനേഷു സർവേഷു കർമ്മസ്വപി വിശേഷതഃ
പ്രസാദേനൈവ ദീപസ്യ ഭവിഷ്യത് പലം ആദിശേത്

ജ്വല ഇടത് വശത്തായി ചുറ്റരുത് അതിൽ നിന്നും തീപ്പൊരി പറക്കരുത്. എണ്ണയുണ്ടെങ്കിൽ കെട്ടുപോകരുത്. ദീപജ്വാല വിറക്കരുത്. രണ്ട് ജ്വലയായി കാണരുത്. ജ്വാലക്ക് നല്ല നീളം ഉണ്ടായിരിക്കണം. ജ്വാലക്ക് സ്വർണ്ണനിറമായിരിക്കണം. ജ്വാലയുടെ ഗതി പ്രദക്ഷിണമായിരിക്കണം. ഇങ്ങനെയുള്ള ദീപം ഐശ്വര്യത്തെ സൂചിപ്പിക്കുന്നു. 

വിളക്കിൽ എണ്ണക്കായി നെയ്യ്, എള്ളെണ്ണ, വെളിച്ചെണ്ണ എന്നിവ ഉപയോഗിക്കാം. വിളക്കിൽ തിരികളിടുന്നത് പ്രത്യേകം ശ്രദ്ധിക്കണം. ഒറ്റ തിരി ഇടരുത്. രണ്ടു തിരികളോ 5 തിരികളോ ഇടാം. നാല് തിരികൾ നാലു ദിക്ക് നോക്കിയും അഞ്ചാമത്തെ തിരി ഈശാനകോണ് നോക്കിയും ഇടണം. ദീപം കത്തിക്കുന്നത് ആദ്യം ഈശാന കോണിലെ തിരി ആയിരിക്കണം, പിന്നീട് പ്രദക്ഷിണമായി കിഴക്ക്, തെക്ക്, പടിഞ്ഞാറ്, വടക്ക് കത്തിക്കണം. 

ദീപം സാധകനെ പ്രതിനിധീകരിക്കുന്നു. ദീപത്തിലെ തട്ട് വ്യക്തിയുടെ ശരീരം, ദീപത്തിലെ തിരി ആത്മാവ്, ജ്വാല ആയുസ്സ്, നിർമലമായ വിളക്ക് സുഖം എന്നിവയെ സൂചിപ്പിക്കുന്നു. 

വിളക്കിൽ അനുകൂലമായി തട്ടുന്ന വായു മിത്രത്തിനെയും, പ്രതികൂലമായി തട്ടുന്ന കാറ്റ് ശത്രുവിനെയും സൂചിപ്പിക്കുന്നു. ഇങ്ങനെ വിളക്ക് പ്രശ്നത്തിൽ പ്രഷ്ടാവിന്റെ സുഖദുഃഖങ്ങളെ സൂചിപ്പിക്കുന്നു. ദീപത്തിന്റെ നമസ്കരിക്കാനുള്ള ഒരു ശ്ലോകം താഴെ പറയുന്നു.

ഐം ഹ്രീം ശ്രീം ദീപദേവി മഹാദേവി ശുഭം ഭവതു മേ സദാ
യാവത് പൂജാസമാപ്തിഃ സ്യാത് താവത് പ്രജ്വല സുസ്ഥിരാ
ശുഭം ഭവതു കല്യാണം ആയുരാരോഗ്യവർധനം
നമഃ ശത്രുവിനാശായ ദീപജ്യോതി നമോ നമഃ.

ദശപുഷ്പങ്ങൾ

കേരളത്തിൽ ദശപുഷ്പങ്ങൾക്ക് വലിയ പ്രാധാന്യം നൽകിയിട്ടുണ്ട്. ഇതിലെ ഓരോ പുഷ്പത്തിനും ഓരോ ദേവതയുമായിട്ടാണ് ബന്ധം. 

താഴെ ദശപുഷ്പങ്ങളുടെ പേരുകളും അവക്ക് ബന്ധമുള്ള ദേവതയുടെ പേരും കൊടുക്കുന്നു

കറുക - ഗണപതി

വിഷ്ണുക്രാന്തി - ശ്രീകൃഷ്‌ണൻ

പൂവാംകുറുന്തൽ - ഇന്ദിരാദേവി

നിലപ്പന - ഭൂമിദേവി

കയ്യുണ്ണി - പഞ്ചഭണ്ഡാരി

മുക്കുറ്റി - പാർവതീദേവി

തിരുതാളി - ഇന്ദിരാദേവി

ഉഴിഞ്ഞ - ഇന്ദ്രാണി

ചെറൂള - യമധർമ്മൻ

മുയൽചെവിയൻ - ചിത്തജ്ഞൻ

എന്നിവയാണ് ദശപുഷ്പങ്ങൾ

ദശപുഷ്പങ്ങൾക്ക് പൂജാപ്രാധാന്യത്തോടൊപ്പം ഔഷധഗുണവുമുണ്ട്. ഒരു പക്ഷേ ഔഷധഗുണം കൊണ്ടായിരിക്കാം ദശപുഷ്പങ്ങൾക്ക് പൂജയിലും പ്രാധാന്യം ലഭിച്ചത്.

മിഥുനസംക്രമദിവസം ദശപുഷ്പങ്ങൾ വീട്ടിന്റെ നടയിൽ നടാറുണ്ട്.

കർക്കിടകമാസത്തിൽ നിത്യവും പൂജാമുറിയിൽ ദശപുഷ്പങ്ങൾ വിളക്കിന്റെ മുമ്പിൽ വെക്കാറുണ്ട്.

ദശപുഷ്പങ്ങൾ അരച്ച് പൊട്ടു തൊടുക, ദശപുഷ്പങ്ങൾ അരച്ച് മോരിൽ കലക്കി കുടകപ്പാലയുടെ കുമ്പിളിൽ കലക്കി കുടിക്കുക തുടങ്ങിയ ആചാരങ്ങളും നിലവിലുണ്ട്.

ധനുമാസത്തിലെ തിരുവാതിര ദിവസം അർദ്ധരാത്രി സ്ത്രീകൾ തലയിൽ ദശപുഷ്പം ചൂടാറുണ്ട്.

പൂജാസാമഗ്രികളും നിവേദ്യവും വെക്കേണ്ടസ്ഥാനം

പൂജക്ക്‌ വേണ്ട സാമഗ്രികൾ - പുഷ്പഗന്ധാദികൾ - ദേവതയുടെ മുൻപാകെത്തന്നെ വെക്കണം. 

വിളക്ക് ദേവതയുടെ വലത് ഭാഗത്തു വെക്കണം.

സാമ്പ്രാണി ദേവതയുടെ ഇടതുഭാഗത്തും വെക്കണം. 

നിവേദ്യം ദേവതയുടെ വലതുഭാഗത്തു തന്നെ വെക്കണം. 

ശിവന് നിവേദിക്കുന്നവ ഭക്തന്മാർക്ക് നൽകാമെങ്കിലും ശിവലിംഗത്തിൽ ചാർത്തിയ ഫലപുഷ്പാദികൾ ഭക്തന്മാർക്ക് വിതരണം ചെയ്യരുത് എന്ന് അഭിപ്രായമുണ്ട്.

സൂര്യൻ - സ്വീകാര്യപുഷ്പങ്ങൾ

സൂര്യന് സ്വീകാര്യ പുഷ്പങ്ങൾ - എരുക്ക്, ചെമ്പരത്തി, കണവീരം, വില്വം, താമര, വാകപുഷ്പം, കുശപുഷ്പം, ശമി, കൂവളം,

താഴെ പറയുന്ന പുഷ്പങ്ങൾ സൂര്യന് നിഷിദ്ധങ്ങളാണ്. ഗുംജാ, ഉമ്മത്ത്, കാംചി, ഗിരികർണിക, തകരം, ആമ്രാതം (മാമ്പൂ)

ചുരുക്കത്തിൽ ഒരു ദേവതക്ക് നിഷേധിക്കാത്തതും മണവും നിറവും ഉള്ള എല്ലാ പൂക്കളെക്കൊണ്ടും ആ ദേവതയെ പൂജിക്കാം. 

പൂജയിൽ പൊതുവേ വർജ്യങ്ങളായ പുഷ്പങ്ങൾ

രവിക്ക് കൂവള ഇല, ഗണപതിക്ക് തുളസി, വിഷ്ണുവിന് അക്ഷതം, ദേവിക്ക് കറുകപ്പുല്ല്, വിഷ്ണുവിന് എരുക്ക്, ശിവൻ താഴംപൂ, മാലതി ഇവ ഒഴിവാക്കണം.

വിഷ്ണു - സ്വീകാര്യപുഷ്പങ്ങൾ

വിഷ്ണുവിന് തുളസിയാണ് ശ്രേഷ്ഠം. അതിൽ തന്നെയും വെളുത്ത തുളസിയാണ് കൂടുതൽ ഉത്തമം. തുളസി വാടിയതായാലും ദോഷമില്ല. 

താഴെ പറയുന്ന പൂക്കൾ വിഷ്ണുപൂജക്ക് ഉത്തരോത്തരം ശ്രേഷ്ഠമാണ്. അപാമാർഗ്ഗം (കടലാടി), ഭൃംഗരജസ്സ്, ഖദിരം (കരിങ്ങാലി), ശമി, ദർഭ, ദമനകം, താമരയും അത്യന്തം പ്രിയമാണ്. താമര വാടിയതാണെങ്കിലും ദോഷം ഇല്ല എന്ന് അഭിപ്രായമുണ്ട്. 

താഴെ പറയുന്ന പുഷ്പങ്ങൾ വിഷ്ണുവിന് നിഷിദ്ധങ്ങളാണ്. അർകം (എരുക്ക്), ഉമ്മത്ത്, ഗുരുകർണിക, കണ്ടകാരി, കുടജം (കുടകപ്പാല), ശാല്മലി (ഇലവ്), ഗിരീഷം (വാക), കപിത്ഥം, ലാംഗുലി, ശിഗ്രു, കോവിദാരം, ന്യഗ്രോധം, ഉദുംബരം, പ്ലക്ഷം, കപീതനം, കോവിദാരം.

ദേവിക്ക് - സ്വീകാര്യപുഷ്പങ്ങൾ

ശിവനുപയോഗിക്കുന്ന എല്ലാ പുഷ്പങ്ങളും ഇലകളും ദേവിക്ക് ഉപയോഗിക്കാം


പരമേശ്വരൻ - സ്വീകാര്യപുഷ്പങ്ങൾ

ഭൂമിയിലും ജലത്തിലും ഉണ്ടാകുന്ന മിക്കവാറും എല്ലാ പുഷ്പങ്ങളും ശിവപൂജക്ക് ഉപയോഗിക്കാം, പക്ഷേ താഴം പൂവ് ശിവപൂജക്ക് ഉപയോഗിക്കരുത്. 

താഴെ പറയുന്ന പുഷ്പങ്ങളും ശിവന് നിഷിദ്ധങ്ങളാണ്.

(കടമ്പ്, പലാശം, കേതകം, ശിരീഷം, തിന്ത്രിണി, ബകുളം, കപിത്ഥം, ഗുഞ്ജം, ബിഭീതകം, കാർപാസം, ശ്രീപർണി, ശാല്മലി, ദാഡിമം, ധാതകി, അതിമുക്തം, കുന്ദം, മദന്തിക, സർജം, ബന്ധുകം).

കൂവളത്തിലയാണ് ശിവപൂജക്ക് ഏറ്റവും ഉത്തമം.

ഗണപതിക്ക് - സ്വീകാര്യപുഷ്പങ്ങൾ

തുളസി ഒഴികെ മറ്റെല്ലാ പുഷ്പങ്ങളും ഗണപതിയുടെ പൂജക്ക് ഉപയോഗിക്കാം. പക്ഷേ, ഏറ്റവും നല്ലത് കറുകയാണ്. അതിൽതന്നെയും വെളുത്ത കറുകയാണ് ഗണപതി പൂജക്ക് ഉത്തമം. കറുകയിൽ 3 / 5 ഇതളുകൾ ഉണ്ടായിരിക്കണം. ഇത്തരത്തിൽ 21 അങ്കുരങ്ങൾ സമർപ്പിക്കണം.

ഹരിതാഃ ശ്വേതവർണ്ണാ വാ പഞ്ച ത്രി പത്രസംയുതാഃ
ദൂർവാംകുരാ മയാ ദത്താ ഏകവിംശതി സമ്മിതാഃ

ഗണപതിയെ തുളസികൊണ്ട് പൂജിക്കരുത് എന്ന് മന്ത്രശാസ്ത്രഗ്രന്ഥങ്ങളിൽ അനുശാസിക്കുന്നു. (ന തുളസ്യാ ഗണാധിപം)

പൂജാപുഷ്പങ്ങൾ

പൂജക്ക് പ്രധാനമായും പുഷ്പങ്ങളാണ് ഉപയോഗിക്കുന്നത്. 

ദേവചൈതന്യത്തെ സ്വാംശീകരിക്കാൻ പുഷ്പങ്ങൾക്ക് വിശേഷ ശക്തിയുണ്ട്. 

പൂജ കഴിഞ്ഞ് പുഷ്പങ്ങൾ പ്രസാദമായി വാങ്ങി ചെവിയിലോ ശിരസ്സിലോ വെക്കുമ്പോൾ ദേവന്റെ ചൈതന്യശക്തി പ്രസാദം ധരിയ്ക്കുന്നവരിലും വന്നുചേരുന്നു. ഉദാഹരണമായി തുളസിക്ക് ശുദ്ധീകരണശക്തി കൂടുതലായി ഉള്ളതുകൊണ്ട് ചെവിയിൽ തുളസി ധരിച്ചാൽ അത് ശിരസ്സിലെ ഇന്ദ്രിയങ്ങളേയും ആജ്ഞാ ചക്രത്തേയും ശുദ്ധിചെയ്യുന്നു. പക്ഷേ എല്ലാ പുഷ്പങ്ങളും എല്ലാ ദേവതകൾക്കും സ്വീകാര്യമല്ല.

പൂജാമൂർത്തികളുടെ സ്വഭാവം

വീട്ടിൽ വെച്ച് പൂജിക്കുന്ന മൂർത്തിയുടെ പൊക്കം 2 ഇഞ്ച് മുതൽ ഒരു ചാൺ അഥവാ 9 ഇഞ്ച് ആകാം. (ചിലർ വീട്ടിൽ ചിത്രപൂജയേ ആകാവൂ എന്നും മൂർത്തിപൂജ പാടില്ലെന്നും അഭിപ്രായപ്പെടുന്നു). 

ഒരു  ദേവതയെ മാത്രമായി വീട്ടിൽ പൂജിക്കരുത്. പല ദേവതകളുടെ മൂർത്തികളും ചിത്രങ്ങളും വെക്കണം. ഒരിക്കലും 2 ശിവലിംഗങ്ങൾ, 2 ശംഖുകൾ, 2 സൂര്യന്മാർ, 2 സാളഗ്രാമങ്ങൾ, 3 ഗണപതി, 3 ശക്തികൾ എന്നിവ വെച്ച് പൂജിക്കരുത്. പൊട്ടിയ പ്രതിമ പൂജിക്കരുത്.

ജപമാല

ജപിച്ച മന്ത്രങ്ങളുടെ സംഖ്യ കണക്കാക്കുന്നതിന് കരമാലപോലെ തന്നെ മണിമാലയും ഉപയോഗിക്കാം. 

രുദ്രാക്ഷമണി, ശംഖ്, താമരക്കിഴങ്ങ്, മുത്ത്, സ്ഫടികം, രത്നം, സ്വർണ്ണമണി, പവിഴം, വെള്ളിമണി, ദർഭയുടെ വേര് മുറിച്ചുണ്ടാക്കിയ മണികൾ, തുളസിയുടെ വേര് മുറിച്ച് രൂപപെടുത്തിയ മണികൾ തുടങ്ങിയവയെക്കൊണ്ട് മണിമാലകൾ (ജപമാല) ഉണ്ടാക്കാം.

മാലയെ ജപത്തിന് ഉപയോഗിക്കുന്നതിന് മുമ്പ് മന്ത്രം കൊണ്ട് സംസ്കരിക്കണം. അതിന് മാലയെ 9 അരയാലിലകൊണ്ടോ, 9 പേരാലിലകൊണ്ടോ വൃത്താകൃതിയിൽ ഇല ഉണ്ടാക്കി അതിൽ വെച്ച് പഞ്ചഗവ്യം കൊണ്ട് അഭിഷേകം ചെയ്യണം. (വാഴയിലയുമാകാം). പിന്നീട് ശുദ്ധജലം കൊണ്ട് കഴുകണം. എന്നിട്ട് ചന്ദനം, അകിൽ കർപൂരം ഇവയുടെ ചൂർണ്ണം കൊണ്ട് തുടക്കണം. പിന്നീട് പ്രാണ പ്രതിഷ്ഠ ചെയ്യണം. എന്നിട്ടേ മാല ജപത്തിന് ഉപയോഗിക്കാവു. ജപിക്കുമ്പോൾ മാലയെ ആരും കാണാത്ത തരത്തിൽ സഞ്ചിക്കകത്തിട്ട് നെഞ്ചിനു നേരെ പിടിച്ച് ജപിക്കണം. ഭൂതരാക്ഷസവേതാളസിദ്ധഗന്ധർവചാരണന്മാർ മാലയുടെ ശക്തിയെ ബാധിക്കാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. വിരലുകളിലെ എല്ലുകളെ മാലയാക്കിയും ജപിക്കാനുള്ള നിർദ്ദേശങ്ങൾ മന്ത്രശാസ്ത്രത്തിലുണ്ട്. 

ശത്രുനാശകാര്യങ്ങൾക്ക് താമരക്കിഴങ്ങ് മാലയും, പാപനാശത്തിന് ദർഭവേരിന്റെ മണികളും, അഭീഷ്ടസിദ്ധിക്ക് വെള്ളമുത്തുകൾകൊണ്ടുള്ള മാലയും, ധനലാഭത്തിന് പവിഴമാലയും ഉപയോഗിക്കാം. 

സുഖഭോഗത്തിനും മോക്ഷത്തിനും രക്തചന്ദനം കൊണ്ടുള്ള മാല, വിഷ്ണുമന്ത്രത്തിന് തുളസീമാല, ഗണപതി മന്ത്രത്തിന് ആനക്കൊമ്പ് മാല, ത്രിപുരാമന്ത്രത്തിന് രുദ്രാക്ഷമാല, താരാമന്ത്രത്തിന് ശംഖ് മാല എന്നിവ ഉപയോഗിക്കാം.

സാമ്പത്തികകാര്യങ്ങൾക്ക് 27 മണികളുള്ള മാല, മാരണ കാര്യങ്ങൾക്ക് 15 മണികളുള്ള മാല, കാമസിദ്ധിക്ക് 54 മണികളുള്ള മാല, 108 മണികളുള്ള മാല ഇവ ഉപയോഗിക്കാം.

ജപമാലയുടെ മണികൾ എണ്ണാൻ പ്രത്യേക വിരലുകൾ ഉപയോഗിക്കണം. 

ശാന്തി, പുഷ്ടി, സ്തംഭനം, വശീകരണം എന്നിവയ്ക്ക് തള്ളവിരലിന്റെ അഗ്രഭാഗം കൊണ്ട് മണികൾ നീക്കണം. 

ആകർഷണകാര്യങ്ങളിൽ തള്ളവിരലും മോതിരവിരലും ചേർത്ത് മണികൾ നീക്കണം.

വിദ്വേഷണകർമ്മത്തിൽ തള്ളവിരൽ, ചൂണ്ടുവിരൽ എന്നിവ ചേർത്തും, മാരണ കാര്യങ്ങളിൽ തള്ളവിരൽ ചെറുവിരൽ എന്നിവ ചേർത്തും മണികൾ നീക്കണം. 

മണികൾ നീക്കുമ്പോൾ മാലയുടെ നടുക്കുള്ള മധ്യമണികടന്നു പോകരുത്. മധ്യമണിയിൽ നിന്നും മാല തിരിച്ചു ജപിക്കണം. ജപിക്കുമ്പോൾ മാല കൈയ്യിൽ നിന്നും താഴെ വീഴരുത്.


ജപസംഖ്യ കണക്കാക്കൽ

മന്ത്രസിദ്ധി വരുത്താൻ മന്ത്രങ്ങൾ ലക്ഷാധികം ആവൃത്തി ജപിക്കേണ്ടതായി വരും. ഇത് ഒരു ദിവസം കൊണ്ട് സാധിക്കുന്നതല്ലാത്തതുകൊണ്ട് പല ദിവസങ്ങളായി ജപിച്ച് സാധിക്കേണ്ടതായി വരും. അപ്പോൾ ഓരോ ദിവസവും ജപിച്ചുതീരുന്ന മന്ത്രങ്ങളുടെ സംഖ്യ കണക്കാക്കേണ്ടിവരും. ഇത് പലതരത്തിൽ കണക്കാക്കാം.

മന്ത്രം 100 ആവൃത്തി ജപിച്ചുതീരുമ്പോൾ ഒരു പൂവോ, ധാന്യമോ മാറ്റി വെക്കാം. ഇല്ലെങ്കിൽ സ്വന്തം വിരലുകളിലെ പർവങ്ങളെക്കൊണ്ട് എണ്ണുന്ന ഒരു സമ്പ്രദായമുണ്ട്. ഇതിന് " കരമാല " എന്ന് പറയുന്നു.

മോതിരവിരലിന്റെ രണ്ടാമത്തെ പർവം മുതൽ എണ്ണം തുടങ്ങി ചെറുവിരലിലെ 3 പർവങ്ങൾ, മോതിരവിരലിലെ അഗ്രഭാഗം, നടുവിരലിന്റെ അഗ്രഭാഗം, ചൂണ്ടുവിരലിന്റെ 3 പർവങ്ങൾ (ആകെ 10) ഇതിന് " കരമാല " എന്ന് പറയുന്നു.


വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.