ശ്രേഷ്ഠനായ ഗുരുവിൽ നിന്നും മന്ത്രദീക്ഷ ലഭിക്കുന്നത് നാല് തരത്തിലാണ്.
1). ശക്തിപാതം
2). സ്പർശദീക്ഷ
3). ദൃഗ്ദീക്ഷ
4). ധ്യാനദീക്ഷ.
ശക്തിപാതം :- മന്ത്രസിദ്ധി വരുത്തിയിട്ടുള്ള ഗുരുവിലുള്ള മന്ത്രശക്തി അദ്ദേഹത്തിൽനിന്നും ശിഷ്യനിലേക്കു പകരുന്നതാണ് ശക്തിപാതം. ഒരു വിളക്ക് മറ്റൊരു വിളക്കിലേക്ക് പ്രകാശം പകരുന്നതുപോലെയാണ് ശക്തിപാതം. ശിഷ്യൻ നിരക്ഷരനാണെങ്കിലും, യോഗാഭ്യാസം അറിയുകയില്ലെങ്കിലും ശിഷ്യന് മന്ത്രദീക്ഷ ലഭിക്കുന്നു. ഈ സമ്പ്രദായത്തിൽ ഗുരു ശിഷ്യനെ ആലിംഗനം ചെയ്ത് ശിരസ്സിൽ മുകർന്ന് മന്ത്രശക്തിയെ ശിഷ്യനിലേക്ക് പകരുന്നു. ആ സമയം ഗുരുവിന്റെ ദേഹം വിറക്കുകയും, പരമാനന്ദം അനുഭവമാകുകയും, കണ്ണുകളിൽ ആനന്ദബാഷ്പം നിറയുകയും, വിയർപ്പും രോമാഞ്ചവും അനുഭവപ്പെടുകയും ചെയ്യും. ഈ സമയം ശിഷ്യനും അനിർവചനീയമായ ആനന്ദാനുഭൂതി അനുഭവമാകും. ഗുരുവിന്റേയും ശിഷ്യന്റേയും അനുഭവങ്ങളെ വിവരിച്ചിരിക്കുന്നത് ഇങ്ങനെയാണ്.
ദേഹപാതസ്തഥാ കംപഃ പരമാനന്ദശ്ച ഹർഷണം
സ്വേദോ രോമാഞ്ച ഇത്യേതദ് ശക്തിപാതസ്യ ലക്ഷണം
സ്പർശദീക്ഷ :- സ്പർശദീക്ഷ മറ്റൊരു തരത്തിലുള്ള മന്ത്രദീക്ഷാദാന സമ്പ്രദായമാണ്. ഈ സമ്പ്രദായത്തിൽ ഗുരു സ്വസ്പർശനത്തിൽ കൂടി ശിഷ്യനിൽ മന്ത്ര ശക്തിയെ പകർത്തുന്നു. സ്പർശദീക്ഷയെ ഇങ്ങനെ വിവരിച്ചിരിക്കുന്നു.
യഥാ പക്ഷീ സ്വപക്ഷാഭ്യാം ശിശൂൻ സംവർധയേത് ശനൈഃ
സ്പർശദീക്ഷോപദേശസ്തു താദൃശഃ കഥിതഃ പ്രിയേ
ദൃഗ്ദീക്ഷ :- ഈ സമ്പ്രദായത്തിൽ ഗുരു സ്വന്തം നോട്ടം കൊണ്ടുതന്നെ തന്റെ മന്ത്രശക്തിയെ ശിഷ്യന് നൽകുന്നു.
സ്വാപത്യാനി യഥാ കൂർമ്മോ വീക്ഷണേനൈവ പോഷയേത്
ദൃഗ്ദീക്ഷാഖ്യോപദേശസ്തു താദൃശഃ കഥിതഃ പ്രിയേ
ധ്യാനദീക്ഷ / വേധദീക്ഷ :- ഈ സമ്പ്രദായത്തിൽ ഗുരു ധ്യാനത്തിൽകൂടി തന്നെ മന്ത്രശക്തിയെ ശിഷ്യനിലേക്ക് പകരുന്നു.
യഥാ മത്സ്യോ സ്വതനയാൻ ധ്യാനമാത്രേണ പോഷയേത്
വേധദീക്ഷോപദേശസ്തു മനസഃ സ്യാത്തഥാവിധഃ