വിവാഹ സംസ്കാരം

ആച്യാരാനുവാദപ്രകാരം ഗുരുകുലത്തിൽ നിന്ന് സ്വഗൃഹത്തിലേക്ക് മടങ്ങിവന്ന ബ്രഹ്മചാരി തന്റെ ഗുണകർമ്മങ്ങൾക്ക് അനുയോജ്യയും ലക്ഷണയുക്തയുമായ കന്യകയെ വിവാഹം ചെയ്യണമെന്ന് മനുസ്മൃതി തുടങ്ങിയ ധർമ്മശാസ്ത്രങ്ങളിൽ വിധിച്ചിട്ടുണ്ട് .

വിവാഹമെന്നത് സ്ത്രീപുരുഷ്ന്മാർ തമ്മിലുള്ള ഒരു ജീവിതകരാറല്ല, ധർമ്മാചരണത്തിനും ആദ്ധ്യാത്മികസാധനക്കുമിടയിൽ ഉണ്ടാകാവുന്ന വിടവുകളുടെ സംയോജനമാകുന്നു. കർത്തവ്യകർമ്മങ്ങളുടെ പൂർത്തീകരണത്തിന് വിധിച്ചിട്ടുള്ള യജ്ഞമാകുന്നു. അക്കാരണത്താൽ പരമാർത്ഥിക ലക്ഷ്യത്തോടുകൂടിയ ജീവിതത്തിൽ ധർമ്മം ക്രമം തെറ്റാതെ ആചരിക്കുവാൻ സ്ത്രീയും പുരുഷനും അന്യോന്യം സഹകരിക്കുന്നതിന്റെ ഹരിശ്രീ ആണ് വിവാഹ സംസ്കാരം. തികച്ചും ദീർഘവീക്ഷണത്തോടും സദുദ്ദേശത്തോടും കൂടി നിർവഹിക്കേണ്ടുന്ന പവിത്രസംസ്കാരമാണിത്. ബ്രഹ്മചര്യാശ്രമാന്തരം ഗൃഹസ്ഥാശ്രമത്തിലേക്ക് പ്രവേശിക്കുന്നതിന്റെ പ്രാഥമിക ശുഭകർമ്മമായി വിവാഹം വിധിച്ചിരിക്കുന്നു. ധർമ്മപോഷണവും സത്സന്താനലാഭവുമാണ് ഇതിന്റെ വിശിഷ്ടപ്രയോജനം.

സ്ത്രീയുടെ ഉള്ളിലുള്ള ചൈതന്യം ശക്തിയായിട്ടും പുരുഷന്റെ ഉള്ളിലുള്ള ചൈതന്യം ശിവനായിട്ടും പരിഗണിക്കുന്നു. യഥാർത്ഥത്തിൽ ശിവനും ശക്തിയും തമ്മിലുള്ള സംയോഗമാണ് വിവാഹം.

ബ്രാഹ്മം, ദൈവം, ആർഷം, പ്രജാപത്യം, ആസുരം, ഗാന്ധർവ്വം, രാക്ഷസം , പൈശാചം എന്നിങ്ങനെ എട്ട് വിധത്തിലുള്ള വിവാഹരീതികളെ പറ്റി ശാസ്ത്രങ്ങളിൽ പരാമർശിച്ചു കാണുന്നുണ്ട്.

ബ്രാഹ്മം

വിധിപ്രകാരമുള്ള ബ്രഹ്മചാര്യവ്രതത്തോടുകൂടി സമ്പാദിക്കപ്പെട്ടിട്ടുള്ള പൂർണ്ണ വൈദുഷ്യം, ധാർമികത്വം സൗശീല്യം എന്നിവയോടുകൂടിയ വധൂവരന്മാർക്ക് പരസ്പരം പ്രീതിയോടുകൂടി നടത്തുന്ന വിവാഹമാണ് ബ്രാഹ്മം.

ദൈവവിവാഹം

വലിയ യാഗം നടക്കുന്ന അവസരങ്ങളിൽ ഋത്വിക്കിന്റെ കർമ്മം നടത്തുന്ന യാജകനെ ജാമാതാവായി വരിച്ച് പുത്രിയെ കന്യാദാനം ചെയ്യുന്നതിനെ ദൈവവിവാഹം എന്നു പറയുന്നു.

ആർഷം

വധുവിന്റെ സ്വഭാവഗുണം മാത്രം നോക്കി അവളെ സഹധർമ്മിണിയായി സ്വീകരിക്കുന്നതിനെ ആർഷം എന്നു പറയുന്നു

പ്രജാപത്യം

ധർമ്മത്തിന്റെ അഭിവൃദ്ധിയെ പരമപ്രയോജനമായി കരുതിചെയ്യുന്ന വിവാഹത്തിന് പ്രജാപത്യം എന്നുപറയുന്നു,

ആസുരം

വരനോ വധുവിനോ കുറെ ധനം കൊടുത്ത് നടത്തുന്ന വിവാഹത്തിന് ആസുരം എന്നു പറയുന്നു.

ഗാന്ധർവ്വം

വിവാഹത്തിനുള്ള സമയത്തെയും നിയമത്തെയും അനുസരിക്കാതെ വധൂ -വരന്മാർക്കിരുവർക്കും തമ്മിൽ ഉളവാകുന്ന കാമമോ അനുരാഗമോ കൊണ്ട് പരസ്പരം ഭാര്യാ - ഭർത്താക്കന്മാരായി വരിക്കുന്നതിനെ ഗാന്ധർവ്വം എന്നു പറയുന്നു.

രാക്ഷസം 

ബലാൽക്കാരേണയോ കപടം പ്രയോഗിച്ചിട്ടോ കന്യകയെ ഭാര്യയാക്കുന്ന സമ്പ്രദായമാണ് രാക്ഷസം.

പൈശാചികം

ഉറങ്ങികിടക്കുമ്പോഴും മറ്റും ബലാൽക്കാരമായി ( കന്യകയുടെ സമ്മതമില്ലാതെ ) തട്ടികൊണ്ടുപോകുന്നത് പൈശാചികം.

ഇതിൽ സാമാന്യമായും ലഘുവായും നടത്താവുന്ന പ്രജാപത്യ വിവാഹക്രമത്തെ പരിചയപ്പെടുത്താം.

“ഋതുമഗ്നേ പ്രഥമം ജജ്ഞേഋതേ 
സത്യം പ്രതിഷ്ഠിതം യദീയം 
കുമാര്യഭിജാതാ തദിയമിഹ 
പ്രതിപദ്യതാം യത്സത്യം തദ് ദൃശ്യതാം"

എന്ന അശ്വലായൻ ഗൃഹ്യസൂത്രപ്രകാരം യുവതി - യുവാക്കന്മാർക്ക് പരസ്പരം കണ്ട് സംസാരിക്കുന്നതിനും അങ്ങനെ പരസ്പരധാരണക്ക് ശേഷം ഗുരുജനങ്ങളുടെ അനുമതിയോടുകൂടി വിവാഹലോചന നടത്തുന്നതിനും സാധിക്കും .

വരൻ വധുവിന്റെ കഴുത്തിൽ താലികൊട്ടുമ്പോൾ ചെല്ലുന്ന മന്ത്രം .. 

"ഓം മംഗള ദേവതഃ പ്രിയതാം"

സുമംഗല്യം എന്നത്തേക്കും യശസ്ക്കരമായിട്ടിരിക്കുവാൻ ദേവന്മാർ സന്തോഷപൂർവ്വം അനുഗ്രഹിക്കട്ടെ ..

വധൂവർന്മാർ പരസ്പരം മാലയിടുമ്പോൾ ചൊല്ലുന്ന മന്ത്രം .... 

"മമ ഹൃദയേ ഹൃദയം തേ അസ്തു 
മമ ചിത്തേ ചിത്തമസ്തുതെ "

എന്റെ ഹൃദയത്തിൽ അങ്ങയുടെ ഹൃദയം ലയിക്കട്ടെ എന്റെ ചിത്തത്തിൽ അങ്ങയുടെ ചിത്തം ഐക്യപ്പെടട്ടെ.

വധുപിതാവ് വധുവിന്റെ വലം കൈപിടിച്ച് വരന്റെ വലംകൈക്കകത്ത് വെച്ചുകൊടുക്കുമ്പോൾ ചൊല്ലുന്നമന്ത്രം.

"സഹധർമ്മശ്ചര്യതാം 
ഇഹേമാവിന്ദ്രസംനുദ ചക്രവാകേവ ദമ്പതീ" 

സഹധർമ്മത്തെ നീ ആചരിച്ചാലും .... ഹേ ഇന്ദ്രാ !!! ഈ ദമ്പതികളെ ചക്രവാളങ്ങളെ പോലെ അത്ര ഹൃദയംഗമമായി യോജിപ്പിച്ചാലും.

ഇനി വധുവരന്മാർ പരസ്പരം ചൊല്ലുന്ന മറ്റൊരു മന്ത്രം നോക്കാം

'സമഞ്ജന്തു വിശ്വേദേവഃ 
സംആപോ ഹൃദയാനിനൗ 
സംമാതിരിശ്വാ സംധാതാ 
സമുദേഷ്ടീദധാതുനൗ '

സകലദേവന്മാരും ആപസ്സും ഞങ്ങളുടെ ഹൃദയങ്ങളെ സമ്യക്കാകും വണ്ണം ബന്ധിപ്പിക്കട്ടെ ദേവതകൾ ഞങ്ങളെ സമ്പൂർണ്ണമായി യോജിപ്പിക്കട്ടെ.

‘കുങ്കുമാധാരണശേഷം വരൻ വധുവിനെ നോക്കി ചൊല്ലുന്ന മന്ത്രാർത്ഥം നോക്കം ... സൗഭാഗ്യത്തിനായി ഞാൻ ഭവതിയുടെ കരം ഗ്രഹിക്കുന്നു. ഭർത്താവായ എന്നോട് കൂടി വാർദ്ധക്യാവസാനം വരെ ജീവിക്കുക. ആര്യമാ സവിതാദിദേവതകൾ എന്റെ ഗൃഹനായികയായിരിക്കുന്നതിനായി ഭവതിയെ നൽകി . ഞാൻ സാമവേദമാണ് ഭവതി ഋഗ്വേദവും, ഞാൻ ആകാശവും ഭവതി പൃഥ്വിയുമാണ്. അച്ഛനും അമ്മക്കും സഹോദരങ്ങൾക്കും സഹോദരികൾക്കും സാമ്രാജ്ഞിയായി ഗൃഹത്തിൽ വാഴുക..’

വേണ്ടവിധം പരിഗണിക്കപ്പെടാതെ പല സംസ്കാരകർമ്മങ്ങളും മറഞ്ഞുകൊണ്ടിരിക്കുന്നുവെങ്കിലും വിവാഹം പലയിടങ്ങളിലും പരിഷ്കൃതമായോ പ്രാകൃതമായോ നടന്നുകൊണ്ടിരിക്കുന്നു. അർത്ഥ - കാമങ്ങളുടെ അതിമോഹം അതിലും കാണാം.

ബ്രഹ്മചര്യാശ്രമാവസാനം കിശോരാവസ്തയിൽ ഒരു തീർത്ഥാടനം ചെയ്തിരിക്കണമെന്നുണ്ട് . ഈ ദേശാടനത്തിൽ ഗൃഹജീവിതത്തിന്റെ വിവിധമാതൃകകൾ നേരിട്ട് കണ്ടറിയുവാൻ വിവാഹതിനാകാൻപോകുന്ന ആ യുവാവിന് സാധിക്കുന്നു. സന്താനം, ചാരിത്രം, കുലം, കർമ്മം എന്നിവ വിവാഹസംസ്ക്കാരത്താൽ രക്ഷിക്കപ്പെടുന്നു. സുനിയമിതമായ വിവാഹപദ്ധതി സ്ത്രീ - പുരുഷ്ന്മാരുടെ സാമൂഹികവും ആദ്ധ്യാത്മികവുമായ സമ്മേളനമാണ്. അത് സമുദായത്തെ താങ്ങുന്ന തൂണാണ്. ഈ സംസ്കാരം കൊണ്ട് കാമവും ധർമ്മമായി തീരുന്നു. ധർമ്മശാസ്ത്രങ്ങളിലെല്ലാം തന്നെ വിവാഹത്തെ യജ്ഞമായി കരുതി ആചരിക്കുവാനുള്ള നിയമങ്ങൾ നിദ്ദേശിച്ചിട്ടുണ്ട്.

വേദമന്ത്രത്താൽ തന്നെ വധുവും വരനും പരസ്പരം സംബോധന ചെയ്യുന്നതു കാണാം. അതിന്റെ മന്ത്രാർത്ഥം നോക്കാം .

വരൻ - ഹേ വധൂ! നിന്റെ അന്തഃകരത്തെയും ആത്മാവിനെയും എന്റെ കർമ്മത്തിനനുകൂലമായി ധരിക്കുന്നു. എന്റെ ചിത്തത്തിനനുകൂലമാവിധം നിന്റെ ചിത്തവും ഭവിക്കട്ടെ. എന്റെ വാക്കുകളെ മുഖ്യശ്രദ്ധാപൂർവ്വം ഗ്രഹിക്കുക. പ്രജാപതിയായ പരമാത്മാ ഉത്തമകാര്യാർത്ഥം നമ്മെ യോജിപ്പിച്ചിരിക്കുന്നു.

വധു - പ്രിയ സ്വാമി! അങ്ങയുടെ ഹൃദയും ആത്മാവും അന്തഃകരണവും എന്റെ ഹിതത്തിനായി ഞാൻ ധരിക്കുന്നു, എന്റെ ചിത്തവൃത്തിക്കനുകൂലമായി അങ്ങയുടെ ചിത്തം പ്രവർത്തനനിരതമാകട്ടെ . മിതഭാഷണത്തിലൂടെ അങ്ങയെ ഗ്രഹിക്കുവാൻ ആഗ്രഹിക്കുന്ന എന്റെ വാക്കുകൾ അങ്ങ് ശ്രദ്ധാപൂർവ്വം ശ്രവിച്ചാലും. അങ്ങയെ പ്രജാപതിയായ പരമാത്മാ എന്റെ അധീനതയിൽ ഏൽപ്പിച്ചിരിക്കുന്നു. എന്നെ അങ്ങക്കും അധീനപ്പെടുത്തിയിരിക്കുന്നു. നാം പരസ്പര ധാരണയോടുകൂടി ജീവിതസാഫല്യം നേടട്ടെ.
ഇങ്ങനെ സംസ്കാരകർമ്മത്തിന്റെ ഓരോ മന്ത്രവും അർത്ഥപൂർണ്ണവ്വും ഉപദേശ പ്രദവുമാണെന്നുകാണാം

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.